കനലെരിഞ്ഞ വാചാലതകള്‍..!3

കനലെരിഞ്ഞ വാചാലതകള്‍..!
__________________________
അഗ്നിജ്വാല-3

       ഇനിയെന്‍റെ രാപകലുകളില്‍ ചിത്തഭ്രമങ്ങള്‍ക്ക് തിരിയെരിയിക്കുന്ന യാമങ്ങളുണ്ടാവും.. കോമ്പല്ലു മുളച്ച് ആര്‍ത്തട്ടഹസിക്കുന്ന സ്വപ്നങ്ങളോട് വൃഥാ വാചാലനാവുന്ന കറുത്ത രൂപം പോലെ...!

     ഇനിയെനിക്ക് ദിശകളില്ല.. പ്രതീക്ഷകളും പ്രത്യാശകളും.. അവ കാറ്റിന്‍റെ താളത്തിനനുസൃതമായി അലതല്ലട്ടെ..
മുന്‍പില്‍ നീണ്ടു പരന്നു കിടക്കുന്ന മിഥ്യയാണ്.. കാടും കാട്ടാറുകളും വഴിധാരകളും കോണ്‍ക്രീറ്റ് പാടങ്ങളും വെയിലും മഴയും മഞ്ഞും ഇനിയെന്‍റെ കാഴ്ചപ്പാടില്‍ മിഥ്യരൂപങ്ങളാണ്.. എന്‍റെ കാഴ്ചപ്പാടില്‍ മാത്രം..!

      ഉള്‍വലിഞ്ഞ മുള്‍വേലികളെയും ഭേധിച്ച്..!
തട്ടിക്കളിക്കാന്‍ ഉതകുന്ന കെട്ടുപന്തുപോലെ തോന്നിയതുകൊണ്ടാവാം.. മുറിവേറ്റ ഹൃദയം ഒരുമാത്ര കൂടി ഉരുണ്ടുവീണ് തുടങ്ങിയത്..!

      എന്‍റെ ലക്ഷ്യങ്ങളിലേക്കിനി ദൂരങ്ങളില്ല.. നിമിഷത്തിന്‍റെ തൊട്ടടുത്ത മിടിപ്പ് പോലും ഞാന്‍ പ്രാപ്തമാക്കുന്നുണ്ട്...

      തിരൂര്‍ ബസ്റ്റാന്‍റ് വരെ നടന്ന് ഒരു രാത്രി വണ്ടിയില്‍ കയറി തലചായ്ച്ചിരുന്നു..
പുറത്ത് നല്ല തണുത്ത കാറ്റുണ്ട്.. അമാവാസിയും കടലാര്‍ദ്രതകളും പോരാടുകയാവാം..

    രാവ്..!

     പട്ടണത്തിന്‍റെ ഹൃദയാന്തരീക്ഷം സ്വര്‍ണ്ണവെളിച്ചം നല്‍കി തിളങ്ങുന്നുണ്ട്..
ഒറ്റപ്പെട്ടു കടക്കുന്ന തെരുവുവിളക്കുകളുടെ മഞ്ഞവെളിച്ചം സൃഷ്ടിച്ചെടുത്ത നിഴല്‍രൂപങ്ങളെയും വിജനമായ ജങ്ഷനുകളും തുളഞ്ഞ് കയറി ബസ് തിരികെ ജന്മനാട്ടിലേക്ക് ചക്രം തിരിക്കുമ്പോള്‍ ഇനിയൊരു ഓര്‍മകളും അവശേഷിക്കരുതേ എന്ന് നിശ്ചയപ്പെടുത്തിയിരുന്നു...

        ഓര്‍മകളങ്ങിനെയല്ലേ... ഒന്നും ചികഞ്ഞെടുക്കാന്‍ പ്രാപ്തമാക്കി താഴിട്ട് പൂട്ടരുത്.. അവയെ വെറുതെ വിടണം.. അവ വൃഥാ മൃതിയിലലിഞ്ഞില്ലാതാവട്ടെ... ചികഞ്ഞെടുക്കേണ്ടവ മാത്രമല്ലേ ഓര്‍ക്കേണ്ടതായുള്ളൂ..!

      പിന്നീട് ഞാന്‍ കരഞ്ഞിരുന്നില്ല.. കണ്ണീരു വീഴ്ത്തിയിരുന്നില്ല... വിജനതീരത്ത് ഏതോ യാമത്തില്‍ ആര്‍ത്തട്ടഹസിച്ച പ്രതിധ്വധികളോടൊപ്പം എന്‍റെ സഹനങ്ങളും
ഇച്ഛാശക്തികളും പ്രണയാഭിലാഷങ്ങളും ആത്മതേജസ്സും  ധൂളികളായ് ചിതറിത്തെറിച്ചിരുന്നു.. ഓരോ രാവും പകലിനോട് പരിഭവം പറയുന്ന യാമങ്ങളില്‍ അമാവാസിയുടെ അന്ധകാരം വിധിയോടുള്ള പ്രതിഷേധം പോലെ കാര്‍ക്കിച്ചു തുപ്പുമ്പോള്‍ അവ പുനര്‍ജ്ജനിച്ചേക്കാം..!

       അന്ന് കടലിരമ്പത്തിന് സടകുടഞ്ഞലറുന്ന സിംഹഗര്‍ജ്ജനത്തിന്‍റെ ശൗര്യമുണ്ടാവും..
കരിങ്കല്‍പടവുകളിലാഞ്ഞടിക്കുന്ന തിരകളിലോരോന്നിലും വിധിയോടുള്ള അമര്‍ഷമുണ്ടാവും...!

        അറബിത്തിരയുടെ കളിത്തോഴന് വേണ്ടി ജലകണങ്ങളാവിര്‍ഭവിക്കുന്ന പ്രതിഷേധമാവുമത്...!!!

       ഇരുട്ട്...! കൂരാകൂരിരുട്ടാണ്...!
ഇരുട്ടിലേക്കമര്‍ന്നലിയാന്‍ വേണ്ടി ബസ്സിന്‍റെ സീലിംഗ് ലൈറ്റ് എല്ലാം അണഞ്ഞിട്ടുണ്ട്... നിദ്രയുടെ വകഭേതങ്ങള്‍ ചിന്താഗ്രാഹ്യത്തിന്‍റെ ആജ്ഞാടിസ്ഥാനത്തില്‍ വട്ടമിട്ട് പറക്കുന്നുണ്ട്.. ഓരോ മണ്‍രൂപത്തിന്‍റെ ജിവാത്മാവിലേക്ക് ഒന്നെന്ന കണക്കെ ഊര്‍ന്നിറങ്ങുമ്പോള്‍ നിര്‍വികാരമായ നാന്ദിയോടെ ഞാനവയിലേക്ക് കണ്ണുമിഴിച്ചിരുന്നു.. ഇന്നവയും എന്നിലന്യമാണ്...

        മുഖത്ത് തട്ടിക്കുടഞ്ഞ് പോവുന്ന പാതിരാകാറ്റിനോടൊത്ത് എന്‍റെ ഭൂതകാലവും മറ്റൊരു ധൂളിയായ്.. അലക്ഷ്യമായ് വ്യതിചലിക്കുന്നുണ്ടാവും..

        എങ്ങും വിജനമാണ്.. ഗ്രാമം ഉറങ്ങുകയാവാം. മണിക്കൂറുകളെ ഭേധിച്ച് ഇരുണ്ടയാമങ്ങളെ തുളച്ചു പായുന്ന ബസ്സിന്‍റെ ഊര്‍ജ്ജസ്വലത ആവോളം നമിച്ചു..!

         ആത്മസമര്‍പ്പണത്തിന്‍റെ അഗ്രഹാരത്തിനിന്ന് ആചാര്യനില്ല..
മനസാക്ഷിയുടെ സിഹാസനത്തില്‍ പിന്നീട് തലയുയര്‍ത്തിയത് പ്രഭുവായിരുന്നു.. ചിന്താ ഭേധങ്ങളാല്‍ നിഭിഢമായ രാവണപ്രഭു...!

        വീട്ടിലെത്തിയതും ഒന്നമര്‍ന്ന് നിശ്വസിച്ചു.. വീടുറങ്ങിയിരുന്നു.. പക്ഷെ.. ഉറങ്ങാത്ത രണ്ടു ജന്മങ്ങളുണ്ടവിടെ..
എന്നെ പ്രതീക്ഷിച്ച്.. എന്‍റെ തിരിച്ചുവരവ് പ്രതീക്ഷിച്ച് ആ ഇരുട്ടിലേക്ക് കണ്ണുനട്ടിരിക്കുന്ന എന്‍റെ ഉപ്പയും ഉമ്മയും..!

"ഷാഹീ... എന്താ ഇത്ര വൈകിയേ...! രാവിലെ രണ്ട് വറ്റ് തിന്ന് ഇറങ്ങിയതല്ലേ ഇയ്യ്.. എന്തേലും കഴിച്ചീനോ.. ആകെ വല്ലാണ്ടായിരിക്ക്ണല്ലോ.. അട്ക്കളേല്‍ ചോറ് വിളമ്പി വെച്ചിട്ടുണ്ട്.. അതെടുത്ത് കഴിക്ക്..."

"എനിക്ക് വിശപ്പില്ല ഉമ്മാ.. വല്ലാത്ത ക്ഷിണമുണ്ട്.. ഒന്ന് കിടക്കണം.. ഇങ്ങള്‍ പോയി കിടന്നോളീം.."

"അങ്ങനെ പറഞ്ഞാലെങ്ങനാ.. എന്തേലും  കഴിച്ചിട്ട് മതി ഉറക്കം.. ഇങ്ങനെ ക്ഷീണിച്ചാലെങ്ങനാ.. നാളെ ഓഫീസില്‍ പോവാനുള്ളതല്ലേ..."

         ഇന്നെന്നില്‍ ബാക്കിയുള്ളത് നിര്‍വികാരത മാത്രമാണ്.. അതൊരിക്കവും ജന്മം നല്‍കിയ ആ പാവങ്ങള്‍ അറിയാനിടവരുത്തരുതെന്ന് വെച്ച് ഇത്തിരി കഴിച്ചു.. വീടുറങ്ങി.. ഇരുട്ടും പരന്നു...!

         അര്‍ദ്ധ നഗ്നനായ് ആ രാവിന്‍റെ നിസ്വനങ്ങളെ കൂട്ടുപിടിച്ച് വീടിന്‍റെ പിറകുവശത്തേക്കു നടന്നു... ഇരുട്ടില്‍ തപ്പിത്തടഞ്ഞുകിട്ടിയ വലിയൊരു പാത്രം കൊണ്ട് കെട്ടിവെച്ച വാട്ടര്‍ടാങ്കില്‍ നിന്നും വെള്ളം തലയിലേക്കൊഴിച്ചുകൊണ്ടിരുന്നു..!

         ഊര്‍ന്നിറങ്ങുന്നുണ്ടവ..! ക്ഷണമില്ലാത്ത അതിഥികളെപ്പോലെ എന്‍റെ രോമകൂപങ്ങളിലും നഗ്നതകളിലും ഇച്ഛാശക്തിയില്ലാത്ത ഭ്രാന്തന്‍റെ ഇംഗിതങ്ങളുടെ ബാക്കിപത്രമന്വോഷിക്കുകയാവാം അവ..!

           പാതിരാക്കാറ്റിന്‍റെ ശക്തമായ ധ്രുതചലനത്തില്‍ അര്‍ദ്ധനഗ്നതയില്‍ നിന്ന് പൂര്‍ണ്ണനഗ്നതയിലെത്തിയപ്പോഴും അന്ധകാരത്തിന്‍റെ കറുത്ത മൂടുപടം ഒരുമറയായ് എന്നെ പുണര്‍ന്നുകൊണ്ടിരുന്നു..

        ഇനി നിശ്വാസമാണ്..!
ഈര്‍പ്പം തുടച്ചുകൊണ്ട് മുറിയില്‍ കയറി വാതിലടച്ച് രാത്രിനിസ്കാരത്തിന്‍റെ പായവിരിച്ച് കേണപേക്ഷിച്ചു..

"ഇനിയൊരു പ്രണയത്തിന്‍റെ കരിനിഴലുപോലും എന്നെ പുണരല്ലെ റബ്ബേ...
ഒരുപക്ഷെ.. അങ്ങനെയൊന്നുണ്ടായാല്‍ അതിന്‍റെ പരിസമാപ്തി ഈ ഭ്രാന്തന്‍റെ മരണമാവും......."
.
.
(എരിഞ്ഞമരുകയാണ്..!)
_______________________
ഷാഹില്‍ കൊടശ്ശേരി

Comments

Popular posts from this blog

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്

🍁ഓർമ്മപൂക്കൾ🍁ഫുൾ പാർട്ട്🍁