അവിവാഹിതന്റെ_പ്രതികാരം
. #അവിവാഹിതന്റെ_പ്രതികാരം
"മാനോ... നല്ല കുട്ട്യല്ലേ വേഗം കുളിച്ചു മാറ്റി മ്മാന്റെ കൂടെ വാ... കുട്ടിമോന്റെ വീട്ടാർക്ക് അന്നെ കാണാഞ്ഞിട്ട് വല്ലാത്ത പരാതി... അതൊന്ന് തീർത്തിട്ട് വരാം "
ഒറ്റയ്ക്ക് പോയ ഗോവ ട്രിപ്പ് 3g ആയ ശേഷം വീട്ടിൽ തിരിച്ചെത്തി നന്നായൊന്ന് ഉറങ്ങുന്നതിനിടക്കാണ് ഉമ്മാന്റെ വിളി....
"ന്നെ വിളിക്കണ്ട... ഞാനിപ്പോ എങ്ങോട്ടേക്കും ഇല്ല്യ ഇങ്ങക്ക് വേണേൽ ഇങ്ങള് പൊയ്‌ക്കോളി "
എന്ന് ലേശം ദേഷ്യത്തിൽ പറഞ്ഞപ്പോഴേക്കും ഉമ്മ ഉമ്മാന്റെ ടോണും മാറ്റി...
"കല്യാണത്തിന്റെ അന്ന് വൈകുന്നേരം പോയതല്ലേ നായീ ഇയ്യ്... ന്നട്ട് നാല് ദിവസം കഴിഞ്ഞല്ലേ കേറി വന്നത്... എണീക്കെടാ കുരുപ്പേ... ഇമ്മാതിരി തോന്ന്യാസം ആയി നടന്നാൽ പച്ച വെള്ളം ന്റെ കയ്യോണ്ട് കിട്ടൂല ട്ടോ "
എന്ന് പറഞ്ഞു ഉമ്മ കലി തുള്ളാൻ തുടങ്ങിയതോടെ ഉള്ളില് നിറഞ്ഞ ദേഷ്യവും സങ്കടവും ഒക്കെക്കൂടി അണപൊട്ടി ഒഴുകി...
"ഏട്ടനായ ഞാനിവിടെ പൊര നറഞ്ഞു നിക്കുമ്പോ അനിയനെ പിടിച്ചു കെട്ടിക്കാൻ ഇങ്ങളോടാരെലും പറഞ്ഞോ.. "
എന്ന് ചോദിച്ചപ്പോഴേക്കും ഉമ്മ ഒരു നിമിഷത്തേക്കൊന്നു സ്റ്റക്കായി..
ആ ഗ്യാപ്പിൽ ഞാൻ മെല്ലെ എണീറ്റു ബാത്റൂമിലേക്ക് നടക്കാൻ തുടങ്ങുമ്പോളെക്കും ഉമ്മ വൈത്താലെ കൂടി...
"അയിന് അനക്ക് പെണ്ണ് കിട്ടാത്തത് ന്റെ കുഴപ്പം കൊണ്ടാണോ... പഠിക്കാൻ വിട്ടപ്പോ മാവിന് കല്ലെറിയാൻ പോയിട്ടല്ലേ "
എന്ന് ഉമ്മ തിരിച്ചു ചോദിച്ചപ്പോൾ ചെറുതായിട്ടൊന്നു ചമ്മിപ്പോയെങ്കിലും...
"അതെന്താ കൂലിപ്പണിക്കാർക്കും കല്പണിക്കാർക്കും ഒന്നും ഇന്നാട്ടില് പെണ്ണ് കിട്ടൂലെ... ഇങ്ങളെ എളേ മോനെപ്പോലെ സർക്കാർ ജോലി ഉള്ള മന്ദബുദ്ധികൾക്കെ കിട്ടൂ "
എന്ന് ചോദിച്ചപ്പോൾ ഉമ്മ സംശയിച്ചു നിൽക്കാതെ...
"കിട്ടൂല.. ആയിലെന്താപ്പൊത്ര സംശയം. ? ഇയ്യ് കൊറേ പെണ്ണ് കാണാൻ പോയിട്ടെന്തായി "
എന്നും പറഞ്ഞു എളിയിൽ കയ്യുംകുത്തി ഞമ്മളെ നോക്കി വല്ലാതൊന്നു പുച്ഛിച്ചുകളഞ്ഞു.. അത് ഞമ്മക്കിഷ്ടപ്പെട്ടില്ല...
"ഏട്ടന് പെണ്ണ് കിട്ടീലെന്ന് കരുതി അനിയനെ പിടിച്ചു കെട്ടിച്ചത് ഒരുമാതിരി ഒലക്കമ്മലെ പരിപാടിയാണ് "
എന്ന് പറഞ്ഞു ഉമ്മാനെ സമ്മർദ്ധത്തിലാക്കാൻ നോക്കിയെങ്കിലും നടന്നില്ല..
"ഓനൊരു പെണ്ണിനെ ഇഷ്ടപ്പെട്ടു ഓൻ ഓളെ വാപ്പാനോട് നേരിട്ട് പോയി ചോയിച്ചപ്പോ മൂപ്പര് കെട്ടിച്ചു കൊടുക്കാം ന്ന് പറഞ്ഞു.. അയിന് ഞാനെന്തു ചെയ്യാനാ "
എന്നും ചോദിച്ചു കൈമലർത്തിയപ്പോൾ നിസ്സഹായനായിപ്പോയ ഞാൻ...
"ന്നാലും ഇങ്ങക്ക് ഒരു നോ പറഞ്ഞു നോക്കാമായിരുന്നു "
മുഖത്ത് ലേശം സങ്കടം വരുത്തി അതും പറഞ്ഞു വേഗം ബാത്‌റൂമിൽ കേറി വാതിലടച്ചു ഞാൻ അകത്തിരുന്നു കരയുകയാവും എന്നൊരു ഫീൽ ഉണ്ടാക്കിക്കൊടുത്തു...
അഥവാ മൂപ്പത്തിക്ക് അതോർത്ത് ഇച്ചിരി സങ്കടം തോന്നുന്നുണ്ടെങ്കിൽ തോന്നിക്കോട്ടേന്ന്... ഹല്ല പിന്നെ..
കുളി കഴിഞ്ഞു പുറത്തിറങ്ങിയപ്പോഴേക്കും അപ്പുറത്തെ റൂമിൽ നിന്നും ഇണക്കിളികളുടെ പൊട്ടിച്ചിരിയും വളകിലുക്കവുമൊക്കെ കേട്ടപ്പോൾ ഒന്നൂടെ കലി കയറി...
ആ പന്നികൾ മനപ്പൂർവം ആളെ ആക്കാൻ വേണ്ടി ഒച്ച ഉണ്ടാക്കുന്നതാണോ എന്നൊരു സംശയം....
"അധികം ഒച്ചപ്പാടും ബഹളവുമൊന്നും വേണ്ടാ... ഇവിടെ മറ്റുള്ളോർക്കും ജീവിക്കണം "
എന്ന് കുറച്ചുറക്കെ മുറിയുടെ വാതിലിലേക്ക് നോക്കി വിളിച്ചു പറഞ്ഞ ഉടനേ അകത്തുനിന്നും റിപ്ലൈ വന്നു....
"അയിന് ഞങ്ങള് ഞങ്ങടെ റൂമിൽ ഇരുന്നാണ് ഒച്ച ഉണ്ടാക്കുന്നത് അല്ലാതെ അന്റെ തലേൽ ഇരുന്നിട്ടല്ലാ " ന്ന്...
അതും കേട്ട് ചമ്മി ഇരിക്കുന്നതിനിടക്ക് ഉമ്മാന്റെ വക
"അനക്കിത് എന്തിന്റെ സൂക്കേടാ മാന്വോ"
ന്നും ചോദിച്ചു തലക്കിട്ടൊരു കൊട്ടും കിട്ടി....
ഇതൊക്കെ ബ്ലഡി കൺട്രി ഫാദർ വരുത്തിവച്ച എടെങ്ങേറാണ്...
ആ കള്ളപ്പന്നി കുട്ടിമോനെ പഠിപ്പിച്ചതും ഓനു പണി ആക്കിക്കൊടുത്തതും ഒക്കെ പ്രയാസിയായ മൂപ്പരാണ്.....
ന്നോടും പറഞ്ഞിരുന്നു പഠിക്കാൻ... പക്ഷേ ആധുനികവിദ്യാഭ്യാസസംബ്രദായവുമായി യോജിച്ചു പോകാൻ പറ്റില്ല എന്ന തിരിച്ചറിവ് ഞമ്മളെയൊരു കൂലിപ്പണിക്കാരൻ ആക്കി മാറ്റി എന്ന് മാത്രം...
"മൂപ്പരെങ്ങാനും ഇല്ലായിരുന്നെങ്കിൽ
"സ്വന്തം ഭാവി പോലും വേണ്ടെന്ന് വച്ചു കൂലിപ്പണിക്കിറങ്ങിയാണ് അന്നെ ഞമ്മള് പഠിപ്പിച്ചു ഈ നിലയിൽ എത്തിച്ചത് "
എന്നൊക്കെ പറഞ്ഞു ഓനെ ഒന്ന് ഇരുത്താമായിരുന്നു....
ഇതിപ്പൊ ആ പന്നിക്ക് മ്മളെ കാണുമ്പോൾ ബഹുമാനം ഇല്ലെന്നത് പോട്ടെ ന്ന് വെക്കാം... ഓനെക്കാൾ ഒരു വയസ്സിന് മൂത്തതാണ് എന്ന് പോലും ചിന്തിക്കാറില്ലാന്ന്....
***********
വണ്ടി സ്റ്റാർട്ട് ചെയ്ത ഉടനേ തന്നെ ഉമ്മ വന്ന് മുൻസീറ്റിൽ കയറിയിരുന്നു.....
കുറേ നേരം കഴിഞ്ഞാണ് കെട്ട്യോനും കെട്ട്യോളും ഒരുങ്ങിക്കെട്ടി പുറത്തേക്കിറങ്ങി വന്നത്...
കുട്ടിമോൻ ഭാര്യവീട്ടിലേക്ക് പോകുമ്പോൾ ലേശം ഡീസന്റ് ലുക്ക് കിട്ടാൻ വേണ്ടി പുള്ളിഷർട്ട് ഒക്കെ ഇട്ടു ഇന്സൈഡ് ചെയ്തു പഴംപൊരിക്ക് റബ്ബർബാൻഡ് ഇട്ടപോലെ ഒരു ബെൽറ്റും കെട്ടിയിട്ടുണ്ട്..
നല്ല കട്ടി സ്വർണ്ണം ഒക്കെ ഇട്ടു കുളൂസിൽ അണിഞ്ഞൊരുങ്ങി ഇറങ്ങിയ ഓളെ മോന്ത ആദ്യായിട്ടാണ് നേരെ ഒന്ന് കണ്ടത്... അത് കണ്ടപ്പോൾ ചിരി ആണ് വന്നത്... മാങ്ങാണ്ടി പോലെ ഒരു സൈഡിലേക്ക് വളഞ്ഞിരിക്കുന്നോ എന്നൊരു സംശയം..
"അല്ലുമ്മാ... ഇന്നാട്ടിൽ ഇത്ര തോനെ മൊഞ്ചത്തിമാര് ഉണ്ടായിട്ടും ഈ മാങ്ങാണ്ടിമോറുള്ള പെണ്ണിനെ മാത്രേ ഇങ്ങളെ മോന് കിട്ടീള്ളോ "
എന്ന് ചോദിച്ചപ്പോഴേക്കും ഉമ്മ ചൂടായി...
"ചെലക്കല്ലെടാ "
ന്ന് പറഞ്ഞെങ്കിലും മ്മള് വിട്ടില്ല...
"അല്ല.. ഓനെ സംബന്ധിച്ചിടത്തോളം ഇതും ഒരു ലോട്ടറിയാണ് "
എന്ന് പറഞ്ഞു തീരുമ്പോഴേക്കും രണ്ടാളും വന്ന് വണ്ടീൽ കേറി...
"ഇജ്ജ് മുണ്ടാതെ വണ്ടി എടുക്കാൻ നോക്ക് "
എന്നും പറഞ്ഞു ഉമ്മ കണ്ണുരുട്ടിക്കാണിച്ചപ്പോൾ പിന്നൊന്നും പറയാൻ നിന്നില്ല.....
ശാദിയയുടെ വീടെത്തുന്നത് വരെ ഞാനും ഉമ്മയും അധികം സംസാരിച്ചിരുന്നില്ല...
പക്ഷേ പുറകിലിരുന്നുള്ള ഇണക്കിളികളുടെ അടക്കിപ്പിടിച്ചുള്ള സംസാരവും ഒരുമാതിരി ആളെ ആക്കുന്നതുപോലെയുള്ള ഇളിയും തോണ്ടലും മാന്തലും ഒക്കെ ഗ്ലാസിലൂടെ പാർത്തുനോക്കി കണ്ടപ്പോൾ ഉള്ളത് പറയാലോ ഞമ്മക്ക് നല്ലോണം കുരു പൊട്ടി...
പോണ പോക്കിൽ വണ്ടി കൊണ്ടുപോയി വല്ല പാണ്ടിലോറിക്കും കട്ട വച്ചാലോ എന്ന് വരെ തോന്നിയതാണ്... പിന്നെ കൂട്ടത്തിൽ ഞാനുംകൂടി പത്തിരി ആവുന്ന സീനായതുകൊണ്ട് തൽക്കാലം വേണ്ടെന്ന് വച്ചു.....
വണ്ടി വീട്ടിലേക്ക് കയറാത്തതുകൊണ്ട് റോഡരികിൽ സൈഡാക്കി കുറച്ചു നടന്നിട്ട് വേണം പോകാൻ...
"ഇങ്ങള് പോയി വന്നൊളി... ഞാൻ വണ്ടീലുണ്ടാവും "
എന്ന് പറഞ്ഞെങ്കിലും ഉമ്മ കേട്ടില്ല..
അങ്ങോട്ട് എങ്ങനെ കേറിച്ചെല്ലും എന്നോർത്ത് മടിച്ചു നിന്ന എന്നെ ഉമ്മ പിടിച്ചുവലിച്ചാണ് കൊണ്ടുപോയത്...
അവിടെ എത്തിയപ്പോഴേക്കും ഓളും ഉമ്മയും അകത്തേക്ക് പോയി...
ഞാനും കുട്ടിമോനും അവിടുത്തെ കോലായിൽ നായി തൊട്ട കലം പോലെ അടുത്തടുത്തെങ്കിലും വല്ലാത്തൊരു അകൽച്ചയോടെ ഇരിപ്പുറപ്പിച്ചു.....
അതിനിടക്ക് ഓളെ ഉപ്പയും ഉമ്മയും ഒക്കെ പരിചയപ്പെടാൻ വന്നു....
"ഏട്ടനാണെങ്കിലും കണ്ടാൽ അനിയനാണെന്നേ തോന്നൂ "
എന്നായിരുന്നു എല്ലാരും പരിചയപ്പെടാൻ വന്ന ഉടനേ പറഞ്ഞത്......
ഇത് കേട്ട് കുട്ടിമോന്റെ കുരു പൊട്ടിയ മോന്തമ്മലേക്ക് നോക്കുമ്പോൾ കിട്ടുന്ന വല്ലാത്തൊരു ആത്മനിർവൃതിയും നുകർന്നു കുറച്ചു കഴിഞ്ഞപ്പോഴേക്കും അടുത്ത ചോദ്യം വന്നുതുടങ്ങി
"എന്താ.. ചെയ്യുന്നത്.. " ന്ന്...
അയിനുള്ള മറുപടി പറഞ്ഞത് കുട്ടിമോനാണ്...
"കാണാൻ ഉള്ള ലുക്കെ ഉള്ളൂ... ആളൊരു മണ്ടനാണ്... അതോണ്ട് കൂലിപ്പണിക്ക് പോണു " ന്ന്...
അതോടെ എനിക്കും വല്ലാണ്ടെ കുരു പൊട്ടിയെങ്കിലും ഓന്റെ ഭാര്യവീട് ആയതുകൊണ്ട് ഒന്നും മിണ്ടിയില്ല
പക്ഷേ അതിന് മറുപടി പറഞ്ഞത് ഓന്റെ അമ്മോശൻ തന്നെ ആണ്.....
"അല്ല .. ഈ കൂലിപ്പണിക്ക് എന്താപ്പൊ ഇത്ര കുറവ്... ഞാനും ഗൾഫുകാരൻ ആവുന്നതിനു മുൻപ് ഒരു കൂലിപ്പണിക്കാരൻ ആയിരുന്നു "
എന്നും പറഞ്ഞു മൂപ്പര് ഞമ്മളെ സപ്പോർട്ട് ചെയ്തു...
അതോടെ കുട്ടിമോൻ വീണ്ടും ചമ്മി..
നല്ല ബിരിയാണിയും നെയ്മീൻ പൊരിച്ചതും അടിച്ചു കൈ കഴുകാൻ പുറത്തേക്കിറങ്ങിയപ്പോഴാണ് അവിടുന്ന് മുങ്ങാനുള്ള ചാൻസ് കിട്ടിയത്....
അരും കാണാതെ മെല്ലെ കാറിനടുത്ത് പോയി ഒരു സിഗരറ്റിനു തീ കൊടുത്തു നന്നായൊന്ന് ആഞ്ഞ് വലിച്ചു.....
"അല്ല... ഇങ്ങള് വായിനോക്കി ഇവിടെവരെ എത്ത്യോ "
എന്ന ചോദ്യം കേട്ട് ഞെട്ടി കയ്യിലെ സിഗരറ്റ് എറിഞ്ഞു നല്ല കുട്ടിയായി തിരിഞ്ഞു നോക്കിയപ്പോൾ കണ്ട കാഴ്ച്ചയിൽ കണ്ണ് രണ്ടും പുറത്തേക്ക് തള്ളിപ്പോയി....
നല്ല കിളിച്ചുണ്ടൻ മാമ്പഴം പോലൊരു പെണ്ണൊരുത്തി... നിരതെറ്റിയ മൊഞ്ചുള്ള പല്ലും കാണിച്ചു മക്കനയൊക്കെ ഇട്ട് മ്മളെ നോക്കി വല്ലാത്തൊരു ചിരിയും ചിരിച്ചങ്ങനെ നിൽക്കുന്നു....
ഇതാരാപ്പോ. ? എന്ന അമ്പരപ്പായിരുന്നു ന്റെ മുഖത്ത്...
ഓളാണെങ്കിൽ അതൊന്നും ശ്രദ്ധിക്കാതെ...
"ഇങ്ങനെ വലിച്ചു നടന്നാൽ ഇങ്ങളെ ശ്വാസകോശം സ്പോഞ്ചാവില്ലേ മനുഷ്യാ "
എന്നും ചോദിച്ചു അവൾ ഒന്നൂടി അടുത്തേക്ക് വന്നതോടെ നെഞ്ചിടിപ്പ് കൂടി... തൊണ്ട വറ്റി വരളാൻ തുടങ്ങി....
ഒന്നും പറയാൻ പറ്റാത്ത വല്ലാത്തൊരു അവസ്ഥയിലായിപ്പോയി...
"അല്ല... ആരാ.. എന്താ.. എനിക്ക് ആളെ മനസ്സിലായില്ല "
എന്ന് ഒരുവിധം ഒപ്പിച്ചു പറഞ്ഞപ്പോൾ...
"ആളെയൊക്കെ വൈകാതെ മനസ്സിലായിക്കോളും... ഞാൻ ഇങ്ങളെ ഒരു ഫാൻ ആണ് "
എന്ന് പറഞ്ഞു നാണത്തിൽ കുതിർന്നൊരു ചിരി പാസാക്കി.....
ആ ചിരി കണ്ടതോടെ ഉടലോടെ സ്വർഗ്ഗത്തിൽ എത്തിയ വല്ലാത്തൊരു ഫീൽ ആയിരുന്നു...
"ഇങ്ങള് ഫേസ്ബുക്കിൽ എഴുതുന്ന വരികളുണ്ടല്ലോ... അതൊക്കെ എവിടുന്ന് വരുന്നു മനുഷ്യാ "
എന്നുകൂടി ചോദിച്ചതോടെ ഞാനങ്ങു പൊങ്ങിപ്പൊങ്ങി ആകാശത്തെത്തി...
ന്നാലും ഞാനെഴുതി ഞാൻ മാത്രം വായിക്കുന്ന ആണ്ടിലൊ സംക്രാന്തിക്കോ ഒന്നോ രണ്ടോ ലൈക്കും കമന്റും കിട്ടുന്ന വരികൾക്കും ആരാധകരുണ്ടല്ലോ എന്നറിഞ്ഞപ്പോൾ ഈ ലോകം മൊത്തം പിടിച്ചടക്കിയ പ്രതീതിയായിരുന്നു..
"അല്ലാന്ന് ഇങ്ങക്ക് ലൈൻ ഒക്കെ ഉണ്ടോ "
എന്നും ചോദിച്ചു ഓള് ഞമ്മളെ മുഖത്ത് നോക്കി ഒരു കള്ളച്ചിരി ചിരിച്ചു...
അപ്പോഴേക്കും അല്പസ്വല്പം ആത്മവിശ്വാസമൊക്കെ തിരിച്ചുകിട്ടിയ ഞാൻ ധൈര്യം സംഭരിച്ചുകൊണ്ട്...
"ഇതുവരെ ഇല്ല... അനക്ക് വേണേൽ ഒരു കൈ നോക്കിക്കോ "
എന്നങ്ങോട്ട് ചാമ്പി..
അത് പറഞ്ഞതേ ഓർമ്മയുള്ളൂ
"നല്ല ആളാ... ഇയ്യ് ഞാൻ വരുന്ന ദിവസം തന്നെ മുങ്ങി... ലേ "
എന്ന ചോദ്യം കേട്ടാണ് പുറകിലേക്ക് തിരിഞ്ഞു നോക്കിയത്....
നോക്കുമ്പോൾ ശാദിയ... ഓള് മാത്രമല്ല ഉമ്മയും മറ്റേ കോന്തനും എല്ലാരും ഉണ്ട്...
"അത് പിന്നെ ഇത്താത്താ... ഇന്ന് ഒരു എക്സാം ഉണ്ടായിരുന്നു "
എന്ന് പറഞ്ഞു മൊഞ്ചത്തി തല ചൊറിയാൻ തുടങ്ങിയതോടെയാണ് കാര്യങ്ങളുടെ കിടപ്പുവശം പിടികിട്ടിയത്....
കുട്ടിമോന്റെ കെട്ട്യോൾക്ക് ഒരു അനിയത്തി ഉണ്ടെന്ന് പറഞ്ഞിരുന്നു... ആ സാധനമാണ് ഈ സാധനം എന്ന തിരിച്ചറിവിൽ ആകെ ചമ്മി ചമ്മന്തിയായി ആരുടേയും മുഖത്ത് നോക്കാൻ നിൽക്കാതെ കാറിൽ കയറി അഭയം പ്രാപിക്കുകയല്ലാതെ വേറെ രക്ഷയില്ലായിരുന്നു....
ഏട്ടത്തിയും അനിയത്തിയും ഏട്ടത്തിയുടെ പുത്യാപ്ലയും തമ്മിൽ എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു....
അതിനിടക്ക് ഉമ്മ അവരോട് പറഞ്ഞു കാറിൽ വന്നിരുന്നു...
"അനക്ക് ആ കുട്ടീനെ നേരത്തെ അറിയോ "
എന്ന് ചോദിച്ചപ്പോൾ...
"ഇല്ലെന്ന് പറഞ്ഞെങ്കിലും "
"അത് ശാദിമോളെ അനിയത്തിക്കുട്ടി ആണ്... പറഞ്ഞു വരുമ്പോൾ അനക്കും ഓള് അനിയത്തി ആയി വരും "
എന്ന് പറഞ്ഞു അടിമുടി ഒന്ന് നോക്കി വല്ലാണ്ടെ ആക്കിക്കളഞ്ഞു.....
കാറിൽ കയറിയ ഉടനേ കെട്ട്യോനും കെട്ട്യോളും മ്മളെത്തന്നെ കൂർപ്പിച്ചു നോക്കുന്നുണ്ടായിരുന്നു...
അവരുടെയൊക്കെ ഭാവം കണ്ടാൽ തോന്നും വഴിയെ പോയ ആ കുട്ടിയെ ഞാൻ അങ്ങോട്ട് ചെന്ന് തോണ്ടി നോക്കിയിട്ടാണ് വണ്ടിയിൽ കയറി ഇരിക്കുന്നതെന്ന്...
ന്നാലും എന്തോ ഒരു നാണക്കേട് പോലെ മനസ്സിൽ തോന്നായ്കയും ഇല്ല...
എവിടെയോ എന്തോ ഒരു മിസ്റ്റേക്ക്...
അന്നത്തെ ദിവസം അങ്ങനെ കഴിഞ്ഞുപോയി....
പിറ്റേന്ന് പണി കഴിഞ്ഞു വീട്ടിലേക്ക് കയറിച്ചെന്ന ഉടനേ ഉമ്മറത്ത് തന്നെ എന്തോ വലിയ ചർച്ചയുടെ ബാക്കിപത്രമെന്നോണം മ്മളെയും കാത്തിരിക്കുന്ന കെട്ട്യോനെയും കെട്ട്യോളെയും മ്മളെ ഉമ്മാനെയും കണ്ടതോടെ മനസ്സിൽ എന്തെന്നില്ലാത്ത ഒരു ഞെട്ടൽ....
അരുതാത്തതെന്തോ സംഭവിക്കാൻ പോകുന്നുവെന്ന് മനസ്സിലിരുന്ന് ആരോ പറയുന്നതുപോലെ....
"ന്നാലും ന്റെ കുട്ടി മ്മാനോട് പോലും ഇക്കാര്യം പറയാതെ ഒളിച്ചുവച്ചത് ന്തിനാ "
എന്ന് ചോദിച്ചുകൊണ്ട് കള്ളക്കണ്ണീരും ഒലിപ്പിച്ചു ഉമ്മ അടുത്തേക്ക് ഓടി വന്നപ്പോഴും കാര്യം എന്താണെന്ന് തിരിഞ്ഞില്ല....
"അനക്കൊരു വാക്ക് നേരത്തെ പറഞ്ഞൂടേയ്‌നോ... ഇഞ്ഞി ഇത് നടക്കൂല.. ന്റെ കുട്ടി ഓളെ മറക്കണം "
എന്ന് പറഞ്ഞു ഉമ്മ കയ്യിൽ മുറുക്കി ഒരു പിടുത്തമായിരുന്നു....
അപ്പോഴും കാര്യം പിടികിട്ടാത്ത ഞാൻ ഉമ്മറത്തിരുന്നു ഞമ്മളെത്തന്നെ തുറിച്ചു നോക്കുന്ന കെട്ട്യോനെയും കെട്ട്യോളെയും ദയനീയമായി ഒന്ന് നോക്കി...
"ഇങ്ങള് ആരെ കാര്യാ.. ഇപ്പറയുന്നത് "
എന്ന് ചോദിച്ചപ്പോൾ ഉമ്മ വിതുമ്പിക്കൊണ്ട്...
"ശാദിമോളെ അനിയത്തിന്റെ കാര്യം... ഇയ്യും ഓളും തമ്മിൽ ഒരു കൊല്ലമായി പ്രണയത്തിലാണെന്ന് ഓള് ശാദിനെ വിളിച്ചു പറഞ്ഞല്ലോ "
എന്ന ഉമ്മാന്റെ ലാസ്റ്റ് മറുപടിയോടെയാണ് കാര്യങ്ങളുടെ കിടപ്പുവശം ഏകദേശം കത്താൻ തുടങ്ങിയത്..
തലേന്ന് നടന്ന കാര്യങ്ങൾ മൊത്തം ഒന്ന് ഓടിച്ചു നോക്കി സംഗതി ഒന്ന് ഉറപ്പുവരുത്തിയ ശേഷം......
"ഇല്ല... ഇങ്ങള് എന്തൊക്കെ പറഞ്ഞിട്ടും കാര്യമില്ല... എനിക്ക് ഓളെ മറക്കാൻ പറ്റൂല... ഞാൻ ചത്താലും മറക്കൂല "
എന്നങ്ങോട്ട് ചാമ്പി...
അതോടെ കെട്ട്യോനും കെട്ട്യോളും ചാടിത്തുള്ളി അകത്തേക്ക് കയറിപ്പോയി....
ഉമ്മ അവസാന അപേക്ഷ എന്നോണം
"ന്നാലും ന്റെ മാന്വോ.. അനിയന്റെ കെട്ട്യോളെ അനിയത്തിനെ ഏട്ടൻ കെട്ടാ ന്നൊക്കെ പറഞ്ഞാൽ... ആള്ക്കാര് കേട്ടാൽ മോശാണ്... അനക്കിത് ഓന്റെ കല്യാണത്തിനു മുന്നേ പറഞ്ഞൂടേയ്‌നോ. ? "
എന്ന് ചോദിച്ചപ്പോൾ...
"അപ്പോൾ പറയാൻ സൗകര്യമില്ലായിരുന്നു...
അല്ലേലും ഏട്ടൻ നിൽക്കുമ്പോൾ അനിയനെ പിടിച്ചു കെട്ടിക്കുന്നതൊന്നും അത്ര മോശം ഏർപ്പാടല്ലാത്ത സ്ഥിതിക്ക് ഇതും വല്യ മോശമുള്ള ഏർപ്പാടല്ല ".
എന്ന് പറഞ്ഞു അകത്തേക്ക് കയറാൻ തുടങ്ങുന്നതിനിടക്കാണ് പുറകിൽ നിന്നും ഉമ്മാന്റെ അടുത്ത ചോദ്യം...
"അല്ല... ഓളെ പേര് ചോയ്ക്കാൻ ഞാൻ മറന്നു... ന്താ മോനേ ആ കുട്ടീന്റെ പേര് "
പടച്ച റബ്ബേ... കുടുങ്ങീലോ.... അപ്പോഴാണ് ഓളെ പേര് പോലും ഞമ്മക്കറിയൂല്ലല്ലോ എന്നുള്ള കാര്യം പിടികിട്ടിയത്...
പിന്നൊന്നും നോക്കീല...
"ഓളെ പേര് മത്തങ്ങ "
എന്നും പറഞ്ഞു അടുത്ത ചോദ്യം വരുന്നതിന് മുന്നേ മെല്ലെ ഓടി റൂമിൽ കയറി വാതിലടച്ചു.....
അതിനിടക്ക്... ഓളെ പേര് "ഷാഹിന" എന്നാണെന്ന് കുട്ടിമോന്റെ കെട്ട്യോൾ ഉമ്മാനോട് പറയുന്നുണ്ടായിരുന്നു....
ന്താ ലേ... മൊഞ്ചത്തിമാര് ജീവിതത്തിലേക്ക് കടന്നുവരുന്ന ഓരോ വഴികളെ....
മ്മളെ മൊഞ്ചത്തി ഷാഹിനാന്റെ കാര്യം എന്താവുമോ എന്തോ...
എന്തായാലും വരുന്നിടത്ത് വച്ചു കാണാം എന്ന് മനസ്സിലുറപ്പിച്ചു ഞമ്മള് ഓളെ അങ്ങോട്ട് മനസ്സിലിട്ടു പ്രേമിച്ചു കൊന്നു കൊലവിളിച്ചു അവിവാഹിതനായ മ്മളോട് ചെറ്റത്തരം ചെയ്ത വീട്ടുകാർക്കിട്ട് എട്ടിന്റെ പണി കൊടുക്കാൻ തന്നെ തീരുമാനിച്ചു.....
ന്നാലും ആ ഒരു കൊല്ലം എവിടുന്നു വന്നോ ആവോ....
ഓളെ നേരിട്ട് കണ്ടു ഒന്ന് വിശദമായി ചോദ്യം ചെയ്യാനുണ്ട് 😁😁
Saleelbinqasim
Comments
Post a Comment