വൈഗ
❤വൈഗ❤
* * * * *
ഓഫീസ് മുറിയിൽ ഫോണിന്റെ റിസീവർ പിടിച്ച് അല്പസമയം മനസ്സ് ശൂന്യമായി നിന്ന് പോയി വൈഗ.
"വൈഗാ ... എന്തു പറ്റി ..?"
ചുറ്റുമുള്ളവർ തിരക്കുന്നത് കേൾക്കാതെ അബോധാവസ്ഥയിൽ എന്ന പോലെ വൈഗ റിസീവർ താഴെ വച്ചു .
'അച്ഛൻ മരണപ്പെട്ടിരിക്കുന്നു.. '
ശ്വാസം നിലച്ചത് പോലെ ; കേട്ടത് ഉൾക്കൊള്ളാനാവാതെ ചലനമറ്റതു പോലെ വൈഗ കസേരയിൽ തളർന്നിരുന്നു .
സിറ്റിയിലെ പ്രൈവറ്റ് കമ്പനിയിൽ ആർക്കിടെക്റ്റാണ് ഇരുപത്തിനാലുകാരിയായ വൈഗ . അച്ഛനും , അമ്മയും , വൈഗയും അനിയത്തിമാരായ ഭദ്രയും , അമ്പിളിയും ഉൾപ്പെടുന്ന സന്തോഷവും ദുഖവും ഒരു പോലെ പങ്കിടുന്ന കുടുംബം . അച്ഛൻ റെയിൽവേ ഉദ്യോഗസ്ഥനാണ് . പഠിക്കാൻ മിടുക്കിയായ വൈഗ ; ഗവൺമെന്റ് എഞ്ചിനീയറിങ് കോളേജിൽ നിന്ന് സിവിൽ ബിരുദം നേടി .
ചെറിയ പ്രണയത്തിനൊടുവിൽ , അച്ഛന്റെ അകന്ന ബന്ധത്തിൽ പെട്ട രോഹിത് എന്ന എം.ബി.എക്കാരനുമായി വൈഗയുടെ വിവാഹം ; അച്ഛൻ സന്തോഷകരമായി നടത്തി . അമ്മയും , രോഹിതും , മൂന്നു സഹോദരിമാരും അവരുടെ പ്രാരാബ്ദങ്ങളുമായി കഴിയുന്ന കുടുംബമായിരുന്നു രോഹിത്തിന്റേത് .
കുടുംബത്തെ ഉന്നമനത്തിലെത്തിക്കാൻ , പല ബിസ്സ്നസ്കളും പരീക്ഷിച്ചു രോഹിത് ; ഒരു സുഹൃത്തു മുഖേനെ ബോംബെക്ക് ട്രെയിൻ കയറിയിട്ട് നാലു മാസം തികയുന്നു . പിന്നീട് , രോഹിതിനെക്കുറിച്ച് ഒരു വിവരവുമില്ല . അമ്മയും , സഹോദരിമാരും കണ്ണീരും നേർച്ചയുമായി ദൈവത്തിനു മുന്നിലാണ് . വൈഗ , പല സുഹൃത്തുക്കൾ മുഖേന രോഹിതിനെ അന്വേഷിക്കുന്നു .
എപ്പോഴും ഫലം നിരാശ മാത്രമാണ് .
വിഷമഘട്ടങ്ങളിൽ താങ്ങും തണലുമായിരുന്ന അച്ഛന്റെ പെട്ടെന്നുള്ള വിയോഗം ; വൈഗയുടെ തലക്കു മീതെ വട്ടമിട്ടു പറക്കുന്ന പ്രതിസന്ധികളുടെ കഴുകന്മാരുടെ കരിനിഴലുകളെ സമ്മാനിച്ചു . കാറ്റിലും കോളിലും അടിപതറാത്ത ആറ്റുവഞ്ചി പോൽ പ്രതിസന്ധികളെ ഭേദിച്ച് മുന്നേറാൻ 'വൈഗ' മനസ്സിനെ പാകപ്പെടുത്തി..
രണ്ട് അനിയത്തിമാരുടെ പഠനം , അസുഖബാധിതയായ അമ്മയുടെ ചികിത്സ , വീടു പണിയാനായി കോപ്പറേറ്റീവ് ബാങ്കിൽ നിന്നെടുത്ത ലോൺ , വീട്ടു ചിലവുകൾ തുടങ്ങി എല്ലാം ഉത്തരവാദിത്വങ്ങളുടെ ഭാണ്ഡക്കെട്ടുകൾ ചുമലിൽ ചുമക്കുമ്പോൾ മനസ്സിൽ ഒരു ചോദ്യചിഹ്നമായി രോഹിതിന്റെ കുടുംബം . 'വൈഗ' എന്ന ജീവിതത്തിന്റെ പോർക്കളത്തിൽ പോരാടുന്ന സ്ത്രീയെ കൂടുതൽ ബുദ്ധിമുട്ടിക്കേണ്ടെന്ന് കരുതി ; രോഹിതിന്റെ അമ്മ തൊഴിലുറപ്പ് പണിയിലും , മൂത്ത സഹോദരി തയ്യൽ പണിയിലും ശ്രദ്ധ കേന്ദ്രീകരിച്ചു . അവരുടെ കുടുംബഭാരവും വൈഗയുടെ ചുമലിൽ ചാർത്താതെ അവളുടെ വിഷമത്തിനു രോഹിതിന്റെ കുടുംബം നേരിയ ശമനം നൽകി .
കുടുംബത്തിനു വേണ്ടി വൈഗ , രാപകലില്ലാതെ ഓഫീസിലും വീട്ടിലുമായി കെട്ടിടങ്ങളുടെ പ്ലാനുകൾ വരച്ചു . ഭദ്രയും , അമ്പിളിയും വീട്ടിൽ കുട്ടികൾക്ക് ട്യൂഷനെടുത്തും , വൈഗയുടെ നിശ്ചയദാർഢ്യതയുടെ ശക്തിയും ആ കുടുംബത്തെ മുന്നോട്ട് നീക്കി ..
കാലം ആർക്കു മുന്നിലും കാത്തുനിൽക്കാതെ ശരവേഗം പോൽ ഓടി അകന്നു .
രണ്ട് വർഷത്തിനു ശേഷം ;
വൈഗ , അനുജത്തി ഭദ്രയുടെ വിവാഹം അച്ഛന്റെയും ജേഷ്ട്ടത്തിയുടെയും സ്ഥാനത്ത് ഉത്തരവാദിത്വത്തോടെ നിറവേറ്റി . രോഹിതിന്റെ മൂത്ത സഹോദരിയെ ഒരാൾ സ്വികരിക്കാൻ തയ്യാറായി ; രജിസ്റ്ററായി അവരുടെ വിവാഹം നടന്നു .
ചെറിയ രീതിയിൽ ഉണ്ടായിരുന്ന
വൈഗയുടെ കമ്പനി നല്ല രീതിയിൽ മെച്ചപ്പെട്ടു . 'വൈഗ' ഓഫീസ്സിലെ മികച്ച സീനിയർ സ്റ്റാഫായി മാറി . അഭിപ്രായങ്ങൾക്കും , നിർദ്ദേശങ്ങൾക്കുമായി ജൂനിയേഴ്സ്
വൈഗയെ സമീപിക്കുന്നു . ഓഫീസ്സ് തിരക്കുകൾ വീടിന്റെ ലോൺ കൃത്യമായി അടഞ്ഞു പോകുന്നു . അമ്പിളിയുടെ പഠനം , അമ്മയുടെ ചികിത്സ ഒന്നിന്നും ഒരു കുറവും വരുത്താതെ 'ഏതോ ലോകത്ത് നിന്ന് ഇതൊക്കെ കണ്ടു നമ്മോടപ്പം ജീവിക്കാൻ ആഗ്രഹിച്ച അച്ഛൻ സന്തോഷിക്കുന്നുണ്ടാവും' എന്ന നിർവൃതിയിൽ വൈഗ മനസ്സിനെ അടക്കി നിർത്തുമ്പോഴും ഉള്ളിൽ കനലെരിയുന്ന വേദനയാൽ ഒരു ചോദ്യം ബാക്കി ആകുന്നു ..
'രോഹിത് ' എവിടെയാണ് ?
രോഹിത് ഒപ്പമുണ്ടായ നിമിഷങ്ങൾ , സന്തോഷ വേളകൾ വീണുടഞ്ഞ സ്ഫടിക പാത്രത്തെ 'വൈഗ ' വീണ്ടും അടുക്കി വെക്കാൻ പലപ്പോഴായി ശ്രമിച്ചു കൊണ്ടേയിരുന്നു . പലരുടെയും ചോദ്യശരങ്ങൾ കാരമുള്ള് പോൽ മനസ്സിൽ അഴ്‌ന്നിറങ്ങുമ്പോഴും ഉള്ളിൽ ഒരു നറുനിലാവിന്റെ വെട്ടവുമായി രോഹിതിന്റെ ; പ്രതീക്ഷയുടെ ഇത്തിരി വെട്ടം വൈഗയുടെ മനസ്സിൽ ഒളിമങ്ങാതെ കത്തികൊണ്ടിരുന്നു ...
ഒരു ദിവസം , ഉച്ചഭക്ഷണം കഴിക്കുമ്പോൾ ഓഫീസിലെ ജയന്തി , വൈഗയോട് തിരക്കി .
"എന്തിനാണ് സ്വന്തം ജീവിതം ഇല്ലാതാക്കിക്കൊണ്ട് കുടുംബത്തിനു വേണ്ടി കഷ്ടപ്പെടുന്നത് ..?
നമ്മൾ എന്നും കൊടുക്കുന്നവരും , അവർ വാങ്ങുന്നവരുമായി മാറും ..
നീ എന്റെ ജീവിതം കണ്ടോ ..?
പണം കയ്യിലുള്ളപ്പോൾ ബന്ധുക്കളും , കൂട്ടുകാരുമുണ്ടായിരുന്നു .
ഇന്ന് ചേട്ടനു വയ്യ .. കാശുമില്ല .. തിരിഞ്ഞു നോക്കാൻ ആരുമില്ല .. "
വൈഗ , ഭംഗിയായി പുഞ്ചിരിച്ചു .
" ഞാൻ ചിലവാക്കിയതൊന്നും പാഴായിട്ടില്ല ജയന്തി ചേച്ചി . '
അങ്ങനെ പാഴാകി പോകും എന്നുള്ള ഭയവും വൈഗയ്ക്ക് ഇല്ലാ'..
അച്ഛന്റെ കടങ്ങൾ മുഴുവൻ വീട്ടി .. ഭദ്രയെ നല്ല നിലയിൽ വിവാഹം ചെയ്തയച്ചു ..അമ്പിളിയുടെ പഠനം മുന്നോട്ട് പോകുന്നു .. രോഹിതിന്റെ കുടുംബത്തെ എന്നാലാകും വിധം സഹായിക്കുന്നു .. അമ്മയെ ചികിൽസിക്കുന്നു എന്റെ ഈ ജന്മത്തിൽ ഒത്തിരി ഉത്തരവാദിത്വങ്ങൾ ഇനിയും പൂർത്തീകരിക്കേണ്ടിയിരിക്കുന്നു .. ഓരോന്നായി നിറവേറുന്നു .. സന്തോഷമേയുള്ളൂ ചേച്ചീ ... "
"പ്രാരാബ്ധങ്ങളിൽ നാം തളരുമ്പോൾ നമ്മെ ആശ്രയിക്കുന്നവരും തളരുന്നു ..
ആ തളരുന്ന ഓരോ വ്യക്തികളും നാളെത്തെ ഓരോ കുടുംബമാണ് .. നാളെത്തെ സമൂഹമാണ്.. കടമകൾ നിറവേറ്റണ്ടത് പ്രതിഫലമോ പദവിയോ കാംക്ഷിച്ചു ആവരുത് .. അത് നമുക്ക് നിരാശ മാത്രമേ സമ്മാനിക്കൂ .. ചേച്ചി ... "
"നിന്നെ പോലെ ഉള്ളവരെയാണ് നാടിനും വീടിനും കുടുംബത്തിനും ആവശ്യം മോളേ ...' അച്ഛൻ മരിക്കുമ്പോൾ , ഭർത്താവ് തളരുമ്പോൾ , പ്രതിസന്ധിയിൽ പതറുന്ന ഓരോ സ്ത്രീക്കും പ്രചോദനമാണ് 'വൈഗ' ദൈവം നിനക്ക് നല്ലത് മാത്രമേ വരുത്തുകയുള്ളു ... "
അന്ന് , വീട്ടിലെത്തിയ വൈഗയെ കാത്തിരുന്നത് ഒരു സന്തോഷ വാർത്തയായിരുന്നു . അച്ഛൻ സർവീസിൽ ഉള്ളപ്പോൾ മരിച്ചത് കൊണ്ട് , റെയിൽവേ വൈഗക്ക് അവളുടെ വിദ്യാഭ്യാസത്തിനു അനുയോജ്യമായ ജോലി കൊടുത്തിരിക്കുന്നു .
'സതേൺ സോൺ ജൂനിയർ എഞ്ചിനീയർ നിയമനം '
ഒരു നിമിഷം വൈഗ , ദൈവത്തിനു മുൻപിൽ കണ്ണടച്ച് നിന്ന് പ്രാർത്ഥിച്ച് സന്തോഷക്കണ്ണീർ തൂകി .
റെയിൽവേയിൽ ജോലി ലഭിച്ച ശേഷം ; വൈഗ , പ്രായം അലട്ടുന്ന രോഹിതിന്റെ അമ്മയോട് 'തൊഴിലുറപ്പ് പണിക്ക് പോകേണ്ട ' എന്ന് പറഞ്ഞു . പ്രതിസന്ധിയിൽ തളരാത്ത ഒരു സ്ത്രീയുടെ കരങ്ങളിൽ രണ്ട് കുടുംബങ്ങൾ ; വൈഗയുടെ തണലിൽ അവർ സുരക്ഷിതരായിരുന്നു . വൈഗ , രോഹിതിന്റെ രണ്ടാമത്തെ സഹോദരിയുടെ വിവാഹം , റെയിൽവേയിലെ ഒരു ഉദ്യോഗസ്ഥനുമായി സന്തോഷത്തോടെ നടത്തി .
കാലം കടപുഴകി ഒഴുകുമ്പോഴും രോഹിതിന്റെ അമ്മയുടെ കണ്ണുനീര് ; ആത്മനൊമ്പരം ഉള്ളിൽ ഒതുക്കിയ വൈഗ എന്ന പച്ചയായ സ്ത്രീയുടെ വേദന ഒന്ന് മാത്രം ..
'രോഹിത് ????'
എല്ലാം കുടുംബത്തിന് വേണ്ടി അർപ്പിക്കുമ്പോഴും ഉള്ളിൽ ആത്മസംഘർഷത്തിന്റെ കരിനിഴൽ വൈഗയെ വേട്ടയാടുന്നു ...
രോഹിതിനെ ; എല്ലാ സ്ഥലങ്ങളിലും , പരിചയക്കാരിലും വൈഗ തിരക്കിക്കൊണ്ടിരുന്നു . ഓരോ ഇടവേളകളിലും പത്രപരസ്യങ്ങൾ നൽകി . റെയിൽവേയിൽ പ്രമോഷനടക്കം , ഇന്ത്യയിലൊട്ടാകെ വൈഗ ജോലി ചെയ്തു .
അഞ്ച് വർഷങ്ങൾക്ക് ശേഷം , സ്വന്തം നാട്ടിൽ തന്നെ വൈഗ ട്രാൻസ്ഫറായി എത്തി .
ഒരു വൈകുന്നേരം , ജോലി കഴിഞ്ഞ് വീട്ടിലെത്തിയ വൈഗ ; വീൽചെയറിലാരോ വീടിന്റെ ഉമ്മറത്ത് ഇരിക്കുന്നത് കണ്ടു . എങ്ങോ കണ്ടു മറന്ന മുഖം അല്ല ! പ്രതിസന്ധിയിലും തളരാതെ മുന്നേറുമ്പോഴും ദൈവങ്ങൾക്കൊപ്പം മനസ്സിൽ കൊത്തി വെച്ച രൂപം..ആയിരം ചോദ്യശരങ്ങൾ മിന്നൽ പിണർപ്പായി മനസ്സിനെ കീറി മുറിച്ചപ്പോഴും തിരിച്ചു വരില്ല എന്ന് കൂടെ പിറപ്പുകൾ പോലും പറഞ്ഞിട്ടും മനസ്സിൽ ആർക്കു വേണ്ടിയാണോ വിധവ വേഷം കെട്ടിയതു ആ ആൾ .. അയാൾക്ക് ചുറ്റും പരിചയമില്ലാത്ത നാല് ആളുകൾ .. അവർക്ക് ഒപ്പം അമ്പിളിയും ..
" ആരാ ...? "
വൈഗയുടെ ശബ്ദം കേട്ട് വീൽ ചെയറിലിരുന്ന ആൾ തലയെത്തിച്ച് വൈഗയെ ബഹുമാനത്തോടെ നോക്കി .
" രോഹിത് ...
എവിടെ ആയിരുന്നു ഇത്രയും കാലം ..?
ഇതെന്താ നിങ്ങൾ ഈ രൂപത്തിൽ ..? അമ്മയേയും പെങ്ങൾ കുട്ടികളേയും മറന്നോ നിങ്ങൾ ..? എന്നെ..
എന്നെയും മറന്നോ നിങ്ങൾ ..?"
ഭൂമിയിൽ ഇറ്റിറ്റ് വീണ വൈഗയുടെ കണ്ണ് നീർ തുള്ളികൾക്ക് ചുടു രക്തത്തിന്റെ തിളക്കവും ചൂടും ഉണ്ടായിരുന്നു ..
വൈഗ , എന്തിനെന്നറിയാതെ കോപം കൊണ്ട് ജ്വലിച്ചു .
വൈഗയുടെ ശബ്ദം കേട്ട് അമ്പിളി ഭയന്നു ..
"വൈഗാ ....."
രോഹിതിന്റെ വികാരധീനമായ ശബ്ദത്തിനു മുൻപിൽ , വൈഗയുടെ കോപം കണ്ണീരിൽ അലിഞ്ഞില്ലാതെയായി ..
വൈഗ , രോഹിതിന്റെ കൈകൾ തലോടി ..
"എവിടെയായിരുന്നു രോഹിത് ...?
എന്താണ് രോഹിതിന് പറ്റിയത് ..?"
ഓരോ സന്ധ്യ മയങ്ങുമ്പോഴും കഴിഞ്ഞ അഞ്ചു വർഷം ഉമ്മറത്ത് ഒരു വിളിക്കായ് കാതോർക്കും ..
'വൈഗേ... എന്ന ഒരു വിളക്കായ് .
"വൈഗേ...'"
" അന്ന് ഞാൻ , ബോംബെയിൽ വച്ച് കയറിയ ബസ്സ് ഒരു അപകടത്തിൽ പെട്ടു . മലയാളിയായി ഞാൻ മാത്രമേ ബസ്സിൽ ഉണ്ടായിരുന്നുള്ളൂ ..
പൂനെയിൽ വച്ച് ബസ്സ് കൊക്കയിലേക്ക് മറിഞ്ഞ് ഭൂരിഭാഗം ആളുകളും മരിച്ചു . എന്നെ , ആരൊക്കെയോ ചേർന്ന് രക്ഷപ്പെടുത്തി .. ഊരും പേരും അറിയാത്ത നല്ലവരായ ആദിവാസികളുടെ ചികിത്സയിലായിരുന്നു കുറേ കാലം ..
ഓർമ്മ തിരിച്ച് കിട്ടിയപ്പോൾ ഒരു സുഹൃത്ത് വഴി ടൗണിലെത്തി .. നിന്റെ പത്രപരസ്യം ബോംബയിലെ മലയാളികൾ എല്ലാ പ്രാദേശിക ഭാഷയിലും അച്ചടിച്ചിരുന്നു .. ഈ മാർവാഡി സുഹൃത്തുക്കൾ മലയാളികൾ മുഖേന എന്നെ ഇവിടെ എത്തിച്ചു .. "
വൈഗ , മാർവാഡികളെ കൈകൂപ്പി തൊഴുതു .
"വൈഗാ .. ഞാനില്ലാത്തപ്പോൾ എന്റെ കുറവറിയിക്കാതെ നീ നമ്മുടെ കുടുംബം സംരക്ഷിച്ചു .. നന്ദി പറയാൻ പോലും ഞാൻ അർഹനല്ല .. "
വൈഗാ , രോഹിതിന്റെ വായ് പൊത്തി .
"എന്റെ കടമകൾ പൂർത്തിയായിട്ടില്ല .രോഹിത് കടൽത്തീരത്ത് കൂടി കഥകൾ പറഞ്ഞ് , തിരമാലകളോട് കിന്നരിച്ച് കൈകോർത്ത് നടക്കണ്ടേ നമുക്ക് .. ഓർമ്മകൾ മരിക്കാത്ത പാടവരമ്പത്ത് കൂടെ കർക്കിടക മഴ ഒരുമിച്ച് നനയണ്ടേ നമുക്ക്.. "
മരച്ചില്ലകൾക്കിടയിലൂടെ പടിഞ്ഞാറ് അസ്തമിക്കാനൊരുങ്ങുന്ന അസ്തമയ സൂര്യനെ നോക്കി "വൈഗ" മനസ്സറിഞ്ഞു പുഞ്ചിരിച്ചു.. പിന്നിട്ട നാൾവഴികളിൽ അസ്തമിച്ചു പോയ സ്വപ്നങ്ങളെ ഹൃദയം കണ്ണ് നീർ പേമാരിയായി പുറം തള്ളിയപ്പോൾ രോഹിത് , വൈഗയെ തന്നിലേക്ക് വലിച്ചടുപ്പിച്ച് മുത്തങ്ങളാൽ പുൽകി ..
Femina Mohamed
Comments
Post a Comment