കുഞ്ഞുമനസ്സിലെ നോവ്

കുഞ്ഞു മനസ്സിലെ നോവ്
★★★★★★★★★★

മൂന്നാമതും ഉമ്മയാവാനുള്ള തയ്യാറെടുപ്പിൽ ശരീരം തളർന്നിരുന്നു.. പാതിരാത്രി ഒട്ടും ഉറക്കം വന്നില്ല... നടുവേദന വല്ലാതെ വേട്ടയാടുന്നു.. ഓക്കാനം വരുന്നത് പോലെ... ഇക്ക നല്ല ഉറക്കിലാണ്.. എന്തായാലും ഒന്നും പറഞ്ഞു ഉറക്കം കളയേണ്ട പാവത്തിന്റെ.. പകൽ മുഴുവൻ വെയിലത്തു പണിയെടുത്തു വരുന്നതല്ലേ... ഞാൻ വിളിച്ചില്ല... ആദിൽ മോൻ നല്ല ഉറക്കിലാണ്.. ഞാൻ മെല്ലെ എഴുന്നേറ്റിരുന്നു.. അൽപ്പം വെള്ളം കുടിക്കാൻ ജഗ്ഗ് നോക്കിയപ്പോൾ ഇത്തിരിയെ ഉണ്ടായിരുന്നുള്ളൂ..

അടുക്കളയിൽ പോയി വെള്ളം കുടിച്ചു വരുന്ന വഴി 5ആം ക്ലാസ്സിൽ പഠിക്കുന്ന സറീന മോളുടെ മുറിയിൽ കയറി.. പാവം .. എന്തോ അസ്സൈന്മെന്റ് ഉണ്ടെന്ന് പറഞ്ഞിട്ട്‌ ഉറങ്ങാൻ താമസിച്ചു എന്നു തോന്നുന്നു.. മേശമേൽ വലിച്ചിട്ട പുസ്തകങ്ങളൊക്കെ അടുക്കിവെക്കുന്നതിനിടയിലാണ് ഒരു കുത്തി വരച്ചിട്ട നോട്ട് ശ്രദ്ധയിൽ പെട്ടത്..

"സെറീനയുടെ കൂട്ടുകാരി " എന്നെഴുതിയ മോളുടെ ഡയറി... വായിക്കണോ... ഒരു സംശയത്തിൽ തുറന്നതും പകച്ചു പോയി.. ഒറ്റ പേജിൽ അവളെഴുതിയത് കണ്ട് വീണ്ടും തളർച്ച തോന്നി..

" ഉമ്മ വീണ്ടും ഒരു ഉമ്മയാവാൻ പോവുകയാ.. ഞാൻ വളരെ ഹാപ്പിയാ.. പക്ഷെ ഉമ്മാക്ക് എന്നോട് ഓരോ ദിവസവും അകൽച്ച കൂടിക്കൂടി വരുന്നത് സഹിക്കാൻ വയ്യ ചങ്ങാതീ... ആദിൽ മോൻ വന്നപ്പോഴും ഞാൻ വളരെ ഹാപ്പി ആയിരുന്നു..  എങ്കിലും എനിക്ക് ആരുമില്ലാത്ത പോലെ.. ഉമ്മാക്ക് സ്നേഹിക്കാൻ ഇപ്പോൾ അവരൊക്കെ ഉണ്ടല്ലോ... ഒരിക്കൽ ആദിൽ മോൻ ഇത്തിരി ആപ്പിയിട്ടപ്പോൾ ഉമ്മ എന്നോട് അത് വാരാൻ പറഞ്ഞപ്പോൾ എനിക്ക് നല്ലോണം സങ്കടമായി ചങ്ങാതീ...  പിന്നൊരിക്കൽ എന്റെ മുന്നിൽ നിന്ന് അവൻ വീണപ്പോൾ ഉമ്മ കുറെ വഴക്കു പറഞ്ഞു.. ഉമ്മാക്ക് ഇപ്പോൾ എന്നെ തീരെ ഇഷ്ടമില്ല.. ഞാൻ തനിച്ചാ.. തനിച്ച്... "

ആ അക്ഷരങ്ങളിൽ അവളുടെ കണ്ണീർ പടർന്നിട്ടാവണം അത് കലങ്ങിയിട്ടുണ്ട്. കൂട്ടത്തിൽ എന്റെ രണ്ടു തുള്ളി കണ്ണീർ അതിലേക്ക് പകർന്നു കൊണ്ട് ഞാൻ ഒരു പേപ്പർ എടുത്തെഴുതി...

"പൊന്നു സെറി മോളെ... ഉമ്മാക്ക് മോൾ വയറ്റിലുണ്ടായിരുന്നപ്പോൾ എല്ലാവരും തന്ന സ്നേഹം ഇപ്പോൾ ആരും തരുന്നില്ലെടാ.. മോൾ വയറ്റിലുണ്ടായിരുന്നപ്പോൾ മോളുടെ ഉപ്പ ഒരായിരം വട്ടം വയറിൽ തൊട്ടു നോക്കിയിട്ടുണ്ടാകും.. മോൾ അനങ്ങുന്നുണ്ടോ ചവിട്ടുന്നുണ്ടോ എന്നൊക്കെ നോക്കാൻ.. മോളുടെ ശബ്ദം കേൾക്കാൻ ഉപ്പ ചെവി ചേർത്തു വെക്കും.. എന്നിട്ട് നുണ പറയും..മോൾ ഉപ്പാ എന്നു വിളിച്ചെന്ന്... ഒരു ഉമ്മയായ സുഖം എനിക്ക് ആദ്യം കിട്ടിയത് എന്റെ സെറി മോളിൽ നിന്നാ..മോൾ വയറിനുള്ളിൽ കയറിയിരിപ്പുണ്ടെന്ന് ആദ്യമായി അറിഞ്ഞ നിമിഷം, ലോകത്തെ ഏതൊരു സ്ത്രീയെയും പോലെ ഞാനും ആ അനുഭൂതി തിരിച്ചറിഞ്ഞിരുന്നു.. പച്ചമാങ്ങയ്ക്ക് രുചി തോന്നിയതും മറ്റു ഭക്ഷണങ്ങൾക്ക് രുചിയില്ല എന്നു തോന്നിയതും അപ്പോഴാ...
എന്നെ ആദ്യമായി ഉമ്മാ എന്ന് വിളിച്ചത് എന്റെ മോളാ..മോൾ വന്നപ്പോഴാണ് ഞാൻ സന്തോഷം കൊണ്ട് കരഞ്ഞത്.. ഞാനാദ്യമായി പൊടിക്കുഞ്ഞിനെ സ്പർശിച്ചത് എന്റെ മോൾ വന്നപ്പോഴാ... ആദ്യമായി മുലയൂട്ടിയതും കൂടെ കിടത്തി താലോലിച്ചു ഉറക്കിയതും  എന്റെ മോളെയാ..  അങ്ങനെ മോൾക്ക് ഒരുപാട് അവാർഡ് തരാനുണ്ട്... അങ്ങനെയുള്ളപ്പോൾ സെറി മോളുടെ സ്ഥാനം ഉമ്മാക്ക് എങ്ങനെയാണെന്ന് പറഞ്ഞു തരണോ???
Love you സെറി മോളെ.. ചക്കരയുമ്മ..

●●എന്ന് മോളുടെ ഉമ്മ...●●

പിറ്റേന്ന് അവൾ സ്‌കൂളിൽ പോകുമ്പോൾ അവളുടെ ചുംബനങ്ങൾ കൊണ്ട് എന്റെ അധരങ്ങൾ ചുവന്നിരുന്നു..
_____________
Sahla. C
◆◆◆◆◆◆

Comments

Popular posts from this blog

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്

🍁ഓർമ്മപൂക്കൾ🍁ഫുൾ പാർട്ട്🍁