പ്രേമവും പ്രേതവും (99)
#പ്രേമവും #പ്രേതവും #സംഭവകഥ
ഫുൾ പാർട്ട്
".. എടാ... മഹിക്കുട്ടാ...നീയിങ്ങനെ തുടങ്ങിയാൽ എന്റെയും നിന്റെയും Mbbs മോഹം ഇവിടെ അസ്തമിക്കും.. നീയിപ്പോൾ തന്നെ ഒരൽപ്പം ഓവറാ..."
നീതു ചിണുങ്ങിക്കൊണ്ട് അവളുടെ മടിയിൽ കിടന്ന മഹേഷിന്റെ നീട്ടി വളർത്തിയ മുടിയിഴയിൽ തലോടിക്കൊണ്ട് വീണ്ടും പറഞ്ഞു...
"മഹീ... നിനക്കറിയാല്ലോ... എന്റെ അച്ചൻ അറിയപ്പെടുന്ന ഒരു കാറ്ററിംഗ് ബിസിനസ്സ്കാരനാണെന്ന് ,ഞാൻ ഡോക്ടറാകണമെന്ന് മറ്റാരേക്കാളും ഏറെ മോഹിക്കുന്നതും എന്റെ അച്ചനാണ്, പഠനം ഉഴപ്പിയാൽ അച്ചനെന്നെ സാമ്പാറ് കഷണങ്ങൾക്കൊപ്പം അരിഞ്ഞ് വേവിക്കും... "
അവൾ ഒരോരോ പരിഭവങ്ങൾ പറഞ്ഞു കൊണ്ടും അവന്റെ സ്നേഹലാളനകൾ എറ്റു കൊണ്ടും ചെനയെന്ന മഹാരാജ്യത്തെ ഏറ്റവും മനോഹരമായ മഞ്ഞ് മൂടിയ ഹിമാലയൻ താഴ്വരകളുടെ അതിർത്തിയിയോട് ചേർന്ന വിശാലമായ മെഡിക്കൽ കോളേജ് ക്യാമ്പസിന്റെ വിജനമായ കോണിൽ അവരുടെ പ്രണയം ആഘോഷിച്ചുകൊണ്ടിരുന്നു.
മഹേഷ് എന്ന പത്തൊൻപത്കാരൻ തിരുവനന്തപുരം നിവാസിയായ പ്രവാസി വ്യവസായിയുടെ ഏകമകനാണ് .നീതു എന്ന സുന്ദരി (യഥാർത്ഥ നാമമല്ല) എറണാകുളത്തെ കാറ്ററിംഗ് ബിസിനസ്സ്കാരന്റെ ഇളയ മകളും. അവർ ആതുര സേവന രംഗത്ത് അറിയപ്പെടണമെന്ന് മോഹിച്ച് ലക്ഷങ്ങൾ മുടക്കി ചെനയിലെ ഏറ്റവും വലുതും അത്യാധുനികവുമായ ആ ക്യാമ്പസിൽ എത്തപ്പെട്ടതാണ്.
കൗമാരത്തിൽ നിന്നും യൗവനത്തിലേക്കുള്ള പടിവാതിലിലാണ് ഇരുവരും, മഹേഷ് നീണ്ട് മെലിഞ്ഞ നിഷ്ക്കളങ്ക
മുഖമുള്ള ഒരു ഫ്രീക്കൻ, നീതു ഒരൽപ്പം കൂടി തടിച്ച്, അളന്ന് തിട്ടപ്പെടുത്തിയ അഴകളവോടും നാടൻ മുഖ ഭാവങ്ങളും, പരിഭവങ്ങളോടും കൂടിയ ഒരു സുന്ദരി. ഇരുവരുടെയും പ്രണയം ക്യാമ്പസ് മുഴുവൻ പാട്ടാണ് .പoനത്തിന്റെ രണ്ടാം വർഷമായതും ഇരുവരിലും അവർ പോലുമറിയാതെ പ്രണയത്തിന്റെ കനം കൂടിയ മാസ്മരിക വലയം അവരുടെ ഹൃദയങ്ങളെ കൂടുതൽ മുറുക്കി കൊണ്ടിരുന്നു...
വിശാലമായ ക്യാമ്പസിനുള്ളിലെ മോർച്ചറി മുറിയിൽ പ്രൊഫസർ മനുഷ്യ ശരീരത്തിലെ അവയവ ഘടനകളെക്കുറിച്ച് വിദ്യാർത്ഥികളോട് വിവരിക്കവേ നീതു മഹിയു ടെ ചെവിയിൽ മെല്ലെ പറഞ്ഞു...
"എനിക്ക് നിന്റെ പച്ച ശരീരത്തെ ഒന്നു കീറി മുറിച്ച് പഠിക്കണം.. "
"ങ്ങേ... അത് എന്തിന് ? "
അവൻ ജിജ്ഞാസ പൂണ്ടു ചോദിച്ചു..
"നിനക്ക് ഹൃദയമുണ്ടോ എന്നറിയാൻ,ആ ഹൃദയത്തിന്റെ ആഴങ്ങളിൽ ഞാൻ നൽകിയ ചുംബനങ്ങളുടെ സ്പന്ദനം കേൾക്കുന്നുണ്ടോ എന്നറിയാൻ..."..
അവനത് കേട്ട് മെല്ലെ ചിരിച്ചു... അവളുടെ വിരലുകൾ ആരും കാണാതെ അവന്റെ കരതലം കൊണ്ട് വരിഞ്ഞു മുറുക്കി. അവളുടെ കണ്ണുകളിൽ തിരയിളക്കം. പ്രൊഫസർ വ്യത്യസ്തങ്ങളായ Heart beats നെക്കുറിച്ച് വിവരിച്ചതൊന്നും ഇരുവരും കേട്ടില്ല. അവരുടെ ഹൃദയങ്ങൾക്ക് പരസ്പരം കേൾക്കാവുന്ന പ്രണയ സ്പന്തനം മാത്രം അവർ കേട്ടു കൊണ്ടിരുന്നു...
"ഇന്ന് വെകിട്ട് ക്യാമ്പസ് അതിർത്തിയിലെ താഴ്വവരയിൽ വരണം നീ.. ഞാനൊരു മനോഹരമായ സ്ഥലം കണ്ടെത്തിയിട്ടുണ്ട്.. "
അവളത് കേട്ട് തലയാട്ടി.അൽപ്പ സമയം എന്തോ ചിന്തിച ശേഷം, അവന്റെ തുടയിൽ നുളളികൊണ്ട് പറഞ്ഞു.
"മഹീ.. കുസൃതിയൊന്നും കാട്ടരുതേ നീ.."..
മനോഹരമായ ഒരു താഴ്വവരയായിരുന്നു ആ ക്യാമ്പസിന്റെ അതിർത്തി പങ്കിട്ടിരുന്നത്.വിജനമായ പാതകൾക്ക് ഇരുവശവും ഇടവിട്ട് നിൽക്കുന്ന പേരറിയാത്ത വൻ മരങ്ങൾ,, ചെറിയ കുളങ്ങൾ, മരപ്പാലങ്ങൾ, വഴിവിളക്കുകൾ, കുറ്റിക്കാടുകൾ,കട്ടി കൂടിയ ഹിമകണങ്ങളെയും വാരിപ്പുണർന്ന് ചുവന്ന മണ്ണിൽ തളർന്ന് വാടി കിടക്കുന്ന പല നിറങ്ങളോട് കൂടിയ ഇലകളും പൂക്കളും'.... അവർണ്ണനീയമായ പ്രകൃതിയുടെ വന്യ ഭാവങ്ങൾ നിറഞ്ഞ ഒരു സ്വർഗ്ഗമാണവിടം.
മഹേഷ് ഒരു ചിത്രകാരൻ കൂടിയാണ് . ആ മനോഹരമായ താഴ്വരയിലെ ദൃശ്യങ്ങൾ അവന് കിട്ടുന്ന ഒഴുവ് വേളകളിൽ തന്റെ ക്യാൻവാസിൽ ചായക്കൂട്ടുകൾ തേച്ച് പകർത്താറുണ്ട്. അവളും അവനൊപ്പം കൂടും. മനോഹരമായ ഒരു പ്രണയം സാക്ഷാത്ക്കരിക്കാൻ വേണ്ട എല്ലാ സാഹചര്യങ്ങളും ആ താഴ്വരയിൽ പ്രക്യതിയൊരുക്കിയിരുന്നു...
അന്നത്തെ വർണ്ണാഭമായ സായാഹ്നത്തിൽ അവനവളെയും കാത്ത് അവർ സ്ഥിരം കാണാറുള്ള കാമ്പസിന്റെ ഏറ്റവും പുറകിലെ കുറ്റിക്കാടുകൾക്കിടയിൽ ഇടിഞ്ഞ് കിടന്ന കരിങ്കൽ മതിൽ കെട്ടിനരികിൽ നിന്നു. അൽപ്പ നിമിഷത്തിനുള്ളിൽ അവന്റെ കാത്തിരിപ്പിന് വിരാമമിട്ട് അവളും അവിടെ എത്തപ്പെട്ടു.
അവൾ കിതച്ച് കൊണ്ട് അവനെ കെട്ടിപ്പുണർന്നു.
" കൂട്ടുകാരികളുടെ കണ്ണ് വെട്ടിച്ച് ഓടി വന്നതാടാ..."
കിതച്ച് കൊണ്ട് അവന്റെ നെഞ്ചോട് ചേർന്നവൾ പറഞ്ഞു...
"ഉം.. ഇന്ന് ഞാൻ നിനക്ക് ഒരു ബ്യൂട്ടിഫുൾ പ്ലേസ് കാണിച്ച് തരാം.. "..
"മ്.. പക്ഷേ ഒരു പാട് ലേറ്റാക്കരുതേ.. എട്ട് മണിക്ക് മുന്നേ ഹോസ്റ്റലിൽ കയറണം.."
അവർ ഇടിഞ്ഞ് പൊളിഞ്ഞ് കിടന്ന മതിൽ കെട്ടിലൂടെ ക്യാമ്പസിന് പുറത്തെത്തി. ഇടതൂർന്ന് വളർന്ന് നിന്ന പുൽമേട്ടിനിടയിലെ ഊട്പാതയിലൂടെ വിശാലമായ ഒരു കുന്നിൻ ചരുവിലെത്തി.
"ഹാ... എത്ര സുന്ദരമായ പ്രദേശം.. നമുക്കുവിടെ ഒരു ചെറിയ കുടിലുണ്ടാക്കി ഇവിടങ്ങ് കൂടിയാലോ മഹീ..."
"ഉം... അതേ... എന്റെയും സ്വപ്നമാ... ഇങ്ങനൊരിടം. ഞാനിത് ക്യാൻവാസിലേക്ക് ഒപ്പിയെടുക്കാൻ പോവാ.. "
അവൻ തോളിൽ കിടന്ന നീളൻ സഞ്ചിയിലെ ചായക്കൂട്ട് എടുക്കാൻ പോയതും അവളവനെ തടഞ്ഞു...
"ഇപ്പോ വരക്കണ്ട മഹീ... നീ ചിത്രരചനയിൽ മുഴുകിയാൽ എന്നെ മറക്കും. എനിക്ക് ബോറടിക്കും. നമുക്ക് കുറച്ചു നേരം കൂടി നടക്കാം ദൂരേക്ക്..."
അവളവന്റെ കണ്ണുകളിലേക്ക് വശ്യമായി നോക്കി. അവളുടെ ചുണ്ടുകളിൽ സായാഹ്ന സൂര്യൻ പൊൻ മഷി കൊണ്ട് ഏതോ കവിത രചിച്ചു കൊണ്ടിരിക്കവേ അവനവളുടെ നേർത്ത ചുണ്ടുകളെ അവന്റെ ചുണ്ടുകൾ കൊണ്ട് കവർന്നു. അവളവനെ പുണരുന്നതായി ഭാവിച്ച്, പിന്നീട് ഉച്ചത്തിൽ ചിരിച്ച് കൊണ്ട് അവനെ തള്ളി മാറ്റി കുന്നിൻ ചെരുവിലെ മരങ്ങൾക്കിടയിലേക്ക് ഓടി....അവൻ പിന്നാലെയും. അവളുടെ വേഗത അവനെ ആശ്ചര്യപ്പെടുത്തി.അവർ ഒടുവിൽ ഓടിക്കിതച്ച് എത്തപ്പെട്ടത് തീർത്തും വിജനമായ, ചുറ്റിലും കണ്ടൽക്കാട് പോലെ ഇടതൂർന്ന് വളർന്ന് നിന്ന ഇരുൾ നിറഞ്ഞ കുറ്റിക്കാട്ടിലാണ്.
നേർത്ത മഞ്ഞ് മഴ മെല്ലെ ചാറ്റി തുടങ്ങിയിരുന്നു... പ്രകൃതിയുടെ ഭാവമാറ്റങ്ങൾ അവരറിഞ്ഞതേയില്ല. അവരുടെ ശ്വാസത്തിന്റെ കിതപ്പ് അവസാനിച്ചയേതോ നിമിഷത്തിൽ ഇരുവരും ആവേശത്തോടെ വാരിപ്പുണർന്നിരുന്നു. ഒരു ചിത്രകാരൻ തന്റെ വിരലുകൾ കാൻവാസിൽ പകർത്തുന്ന ചായാചിത്രം പോലെ മെല്ലെയും അത്ര തന്നെ മൃദുലമായും അവളുടെ മേനിയിൽ അവന്റെ വിരലുകൾ ഇഴഞ്ഞു. അധരങ്ങൾ ഒരിക്കലും വേർപെടാൻ കഴിയാത്ത വിധം പരസ്പരം നുകർന്നു കൊണ്ടിരുന്നു. പെട്ടെന്ന് എവിടെ നിന്നോ വിചിത്ര രൂപമുള്ള ഒരു കാട്ടുനായ അവരുടെയരുകിൽ പ്രത്യക്ഷപ്പെട്ടു. നായ വളരെ ഉച്ചത്തിൽ ഓരിയിട്ടു കൊണ്ടിരുന്നു, ഇരുവരെയും ചുറ്റി കറങ്ങിക്കൊണ്ട് അത് അവളെ നോക്കിക്കുരച്ചു. അവൾ ഭയപ്പെട്ട് അവനെ കൂടുതൽ വരിഞ്ഞ് മുറുക്കി. അവൻ അടുത്ത് കിടന്ന ഒരു കമ്പെടുത്ത് ആ നായയെ അടിച്ചോടിക്കാൻ ശ്രമിച്ചു.ആ കാട്ട്നായ വീണ്ടും ആക്രോശിച്ച് കൊണ്ട് വായിലൂടെ നുരയൊഴുക്കി അവളെത്തന്നെ തുറിച്ച് നോക്കി. അവൾ ചെവി പൊത്തി, കണ്ണുകൾ ഇറുക്കിയടച്ചു പ്രതിമ പോലെ നിന്നു. അൽപ്പനേരം കഴിഞ്ഞതും ശബ്ദമൊന്നുമുണ്ടാക്കാതെ ആ നായ കുറ്റിക്കാട്ടിലേക്ക് ഉൾവലിഞ്ഞു. അവളുടെ നിൽപ്പ് കണ്ട് മഹേഷ് ചിരിച്ചു കൊണ്ട് പറഞ്ഞു.
"കണ്ണ് തുറക്കൂ... ആ നായ പോയി "
"അതെന്ത് ജീവിയാണ്. നായ തന്നെയാണോ.?? ആ ഭീകര രൂപം. എനിക്ക് ആകെ ഭയമായി.. "
"അതൊരു തരം കാട്ട് നായയാണ് . നേരം ഇരുട്ടിതുടങ്ങി,വരൂ നമുക്ക് പോകാം "
അവനവളെ ഒരു വട്ടം കൂടി പുണർന്ന് അവളുടെ നെറുകയിൽ ചുംബിച്ചു. ഊട് പാതയിലൂടെ അവൻ മുന്നേ നടന്നു.അവൾ ഒന്നും മിണ്ടാതെ അവന്റെ പിറകേ നടന്നു. അവർ വന്ന വഴി മറന്നിരുന്നു!മറ്റേതോ വഴിയിലൂടെ ആ വിജനമായ കുറ്റിക്കാടിന്റെ അതിർത്തിയോടടുത്തു തുടങ്ങവേ വീണ്ടും ആ കാട്ട് നായ അവരുടെ മുന്നിൽ എത്തി. ഉച്ചത്തിൽ കുരച്ചു കൊണ്ടിരുന്നു.ഇടയ്ക്കിടെ അതവളെ നോക്കി ഓരിയിട്ടു. മഹേഷ് കയ്യിൽ കിട്ടിയ മരക്കഷ്ണവും കല്ലും കൊണ്ട് അതിനെ തിരിച്ചും ആക്രമിച്ചു. ഏതോ മുൻ ജൻമത്തിലെ പക തീർക്കാനെന്ന പോലെ അതവനെ നോക്കി ആക്രോശിച്ച് കൊണ്ട് പൊന്തക്കാട്ടിലേക്ക് ഓടി മറഞ്ഞു. മഹി തിരിഞ്ഞ് നോക്കിയതും നീതുവിനെ അവിടെ കാണാൻ കഴിഞ്ഞില്ല. അവൻ പരിഭ്രാന്തനായി അവിടെയെല്ലാം അവളെ തിരഞ്ഞു.മഴയുടെ ശക്തി കൂടിക്കൊണ്ടിരുന്നു .... അവർ വന്ന വഴികളിലൂടെ അവൻ വീണ്ടും അവളെ തിരഞ്ഞു നടന്നു.അവളുടെ കയ്യിൽ കരുതിയിരുന്ന ചുവന്ന കുട വഴിയരികിലെ ഒരു ചെറിയ ചതുപ്പിൽ കിടക്കുന്നത് കണ്ടു... അവൻ അവിടെക്ക് ഓടിക്കിതച്ചു കൊണ്ട് ചെന്നു.
"നീതു.... നീയെവിടെയാണ് "
അവൻ ഉച്ചത്തിൽ അലറി..
പെട്ടെന്ന് പൊന്തക്കാടിനരികിൽ എന്തോ അനക്കo കേട്ടിടത്തേക്ക് അവൻ ഓടി ചെന്നെത്തി, അവിടെയവൾ പിൻതിരിഞ്ഞു മുഖം താഴ്ത്തി നിശ്ച്ചലയായി നിൽക്കുകയായിരുന്നു..
"നീതു... നീയിവിടെ എന്തെടുക്കാ.. വരൂ നമുക്ക് പോകാം..."
അവൻ അവളുടെ അടുത്തേക്ക് ചെന്ന് അവളുടെ തോളിൽ പിടിച്ചു.അവൾ തിരിഞ്ഞ് നോക്കി. അവൾ മഴയിൽ കുതിർന്ന് നിൽക്കുന്നു. മുഖത്ത് യാതൊരു വിധ ഭാവങ്ങളുമില്ല ,അവളവനെ തുറിച്ചു നോക്കി നിന്നു.
"നീതു നീ എന്താ ഒന്നും മിണ്ടാത്തത്..??"
അവൻ തെല്ല് ഭയത്തോടെ ചോദിച്ചു.
" ഞാനെങ്ങോട്ടും വരുന്നില്ല!' എനിക്കിവിടം മതി.. "
അവളുടെ ശബ്ദം പേമാരിയോടൊപ്പം കേട്ട ഇടിനാദം പോലെ മുഴങ്ങി...
അവന്റെ ഭയം വർദ്ധിച്ചു കൊണ്ടിരുന്നു...
"നീതു.. എന്ത് പറ്റി നിനക്ക്.. "
അവനവളുടെ കെയ്യിൽ പിടിക്കാൻ ശ്രമിക്കവേ അവൾ കെ തട്ടി മാറ്റി. വന്യഭാവത്തിൽ ഏതോ അജ്ഞാത ഭാഷയിൽ ആക്രോശിച്ചു കൊണ്ടവന്റെ കഴുത്തിൽ പിടിച്ചു. അവൻ കുതറി മാറി. അവൾ ഇടയ്ക്കിടെ ഉച്ചത്തിൽ കരയുന്നുണ്ടായിരുന്നു. ദൂരെ കാട്ട് നായയുടെ ഓരിയിടൽ അവന്റെ ഭയത്തിന്റെ ആക്കം കൂട്ടി.
അസ്വഭാവികമായതെന്തോ അവളിൽ സംഭവിച്ചിരിക്കുന്നു. അവളുടെ കണ്ണുകൾ തീക്കനൽ പോലെ ജ്വലിച്ചു.അവൾ മറ്റൊരാളായി മാറിയിരിക്കുന്നു...
അവനുടൻ തന്നെ മൊബെൽ ഫോണിൽ അവന്റെ സുഹൃത്തുക്കളെ വിവരമറിയിച്ചു. ഇടിഞ്ഞ് കിടന്ന ക്യാമ്പസ് മതിലിന്റെ അതിർത്തിയിൽ നിന്ന് അവനവരെയും കൂട്ടി അവളുടെ അടുത്തേക്ക് ചെന്നപ്പോൾ അവിടെയവൾ ബോധമറ്റ് കിടക്കുകയായിരുന്നു. അവളെ അവർ പെട്ടെന്ന് തന്നെ അവരുടെ പ്രൊഫസറിനരികിലേക്ക് കൊണ്ട് പോയി , പ്രാഥമിക ശുശ്രൂഷകൾ നൽകി.
ബോധം തെളിഞ്ഞപ്പോൾ ഡോക്ടർ അവളോട് കാര്യങ്ങൾ വിശദമായി തിരക്കി. അവൾക്ക് പഴയ കാര്യങ്ങൾ യാതൊന്നും തന്നെ ഓർമയുണ്ടായിരുന്നില്ല!
പ്രൊഫസർ മഹേഷിനെയും കൂട്ടി അവർ പോയ കാടിനുള്ളിലേക്ക് പോയി... മഹേഷ് ചെന്നെത്തപ്പെട്ട സ്ഥലം കണ്ടതും പ്രൊഫസർ ഞെട്ടിത്തരിച്ചു....
തുടരും....
# ആത്മാവ് എന്നത് നിലനിൽക്കുന്നുവോ എന്നത് അറിയില്ല. പക്ഷെ ഇതൊരു നടന്ന സംഭവമാണ്! കഥയിലെ മഹേഷ് കൃഷ്ണൻ എന്റെ ബന്ധുവാണ്. അവൻ വരച്ച അവന്റെ ഓർമ്മ ചിത്രങ്ങൾ ഇതോടൊപ്പം ചേർക്കുന്നു...
#പ്രേതവും #പ്രേമവും part.2 (സംഭവ കഥ )
------------------------
വിജനവും അതിലേറെ നിഗൂഢവുമായ ആ വനത്തിനുള്ളിലെ ഇടതൂർന്ന കുറ്റിക്കാടിനുള്ളിലേക്ക് വിരൽ ചൂണ്ടി കൊണ്ട് പ്രോഫസർ മഹിയോട് ചോദിച്ചു...
" ഇവിടെവച്ചാണോ അവൾക്ക് ഭാവമാറ്റം സംഭവിച്ചത്.."...?
"ഉം... അതേ.. ആ സമയം അവൾ കരഞ്ഞുകൊണ്ട് നിലത്തേക്ക് തുറിച്ചു നോക്കി നിൽക്കുകയായിരുന്നു... "
അത് പറഞ്ഞപ്പോൾ മഹേഷിന്റെ തൊണ്ട ഇടറി യിരുന്നു.
"നിങ്ങൾ ഈ വഴിക്ക് വരവേ.. എന്തെങ്കിലും അപരിചതമായ സംഭവങ്ങൾ വല്ലതും ശ്രദ്ധിച്ചുവോ...?"
"അതെ... തീർച്ചയായും സർ, ഒരു ഭീകരരൂപം പൂണ്ട നായ അവളെ നോക്കി കുരച്ചു കൊണ്ടിരുന്നു... അതെന്നെയും ആക്രമിക്കാൻ ശ്രമിച്ചിരുന്നു.എന്താണ് പ്രൊഫസർ ആ കാട്ടിനുള്ളിൽ നടക്കുന്നത് ? Paranormal ആയ എന്തെങ്കിലും....?".
"മഹേഷ്...… മെഡിക്കൽ സയൻസിനും മേലെ വിപരീത ദിശയിൽ സകല ശാസ്ത്രങ്ങൾക്കും വെല്ലുവിളിയായി പല നിഗൂഢതകളും ഈ പ്രപഞ്ചത്തിൽ നില കൊള്ളുന്നുണ്ട്,... ഓഹ്.. ക്ഷമിക്കണം നീ ഒരു Medical Student ആണെന്ന വസ്തുത ഞാൻ മറന്നു.,ഇവയൊന്നും ഞാൻ നിന്നോട് പറയേണ്ടതില്ലായിരുന്നു... "
മഹേഷ് പ്രൊഫസറിന്റെ വാക്കുകൾ കേട്ട് നിസംഗതനായി...
" അപ്പോൾ, ആ സ്ഥലത്ത്..?"...
മഹേഷ് വീണ്ടും ജിജ്ഞാസ കൊണ്ട് ചോദിച്ചു.
"അതിപ്പോൾ നീയറിയേണ്ടതില്ല... പഠനത്തിൽ മുഴുകൂ.. "
ഇതും പറഞ്ഞ് പ്രൊഫസർ ലെബ്രറി ഹാളിലേക്ക് മടങ്ങി.പ്രൊഫസർ കണ്ണിൽ നിന്ന് മറയുന്നത് യാന്ത്രികമായി നോക്കി നിൽക്കവേ മഹേഷിന്റെ മനസ്സിൽ ചില തീരുമാനങ്ങൾ രൂപം കൊള്ളുകയായിരുന്നു...
ഇന്ത്യയെ അപേക്ഷിച്ച് ചൈനയിൽ മെഡിസിൻ പഠനത്തിന് വളരെയേറെ ഇളവുകളും സാധ്യതകളുമേറിയതിനാൽ ഇന്ത്യക്കാരായ വിദ്യാർത്ഥികളാണ് അവിടെ കൂടുതലും. എന്നിരുന്നാലും പ്രദേശവാസികളായ ' സീനിയർ ചൈനീസ് സ്റ്റുഡൻസുമായി മഹേഷ് വളരെയധികം സൗഹൃദം പുലർത്തിയിരുന്നു. അവൻ നടന്ന സംഭവങ്ങൾ അവരെ അറിയിച്ചു.അവരിൽ ധെര്യമുള്ള നാല് പേർക്കൊപ്പം സംഭവസ്ഥലമായ ആ നിഗൂഡ പ്രദേശത്തേക്ക് മഹേഷ് യാത്രയായി. നീതുവിന് അവളുടെ ബോധം ക്ഷയിച്ച വനത്തിലുളളിലെ കുറ്റിക്കാടിനരികിൽ മഹേഷിനൊപ്പം പ്രദേശവാസികളായ സുഹൃത്തുക്കളും എത്തപ്പെട്ടു. സീനിയർ സ്റ്റുഡന്റ്സ് അവിടെത്തിയപ്പോൾ സ്തംഭിച്ചു നിന്നു...
"ചേതനയറ്റ ജടങ്ങളെ പഠനത്തിനായി ഉപയോഗിച്ച ശേഷം ദഹിപ്പിക്കാതെ കുഴിച്ചു മൂടുന്ന ഒരു ശമ്ശാനമാണിത്..!"
സീനിയറിൽ ഒരുവന്റെ ആ ഭയപ്പെടുത്തുന്ന വാക്കുകൾ കേട്ട് മഹേഷ് ഞെട്ടി.!
പറഞ്ഞ് തീരും മുന്നേ ആ കുറ്റിക്കാടിനുള്ളിൽ എന്തോ ഒന്ന് അതിവേഗം ചലിക്കുന്നതായി തോന്നി. സീനിയറിലൊരുവൻ തഴച്ചുവളർന്ന കുറ്റിക്കാടിനെ വകഞ്ഞു മാറ്റി ഉള്ളിലേക്കു കടന്നു. ഒരു ഭീകര സ്വരൂപമുള്ള നായ പുതഞ്ഞ് കിടക്കുന്ന കറുത്ത നിറത്തിലെ മണ്ണ് മാന്തി മാറ്റിക്കൊണ്ടിരിക്കുന്ന കാഴ്ച്ച കണ്ടു. അവനെ കണ്ടതും ആ നായ ഉൾക്കാടിലേക്ക് പിൻവലിഞ്ഞു.നായ മാന്തിയ മണ്ണ് ഒരൽപ്പം ആഴത്തിൽ ഇളകിയിരുന്നു. അവനത് കാല് കൊണ്ട് വകഞ്ഞ് മാറ്റിയതും കണ്ടത്...
പുഴുവരിച്ച് തീർന്ന ഒരു തലയോട്ടി ! അവനാ തലയോട്ടിയുമെടുത്ത് കുറ്റിക്കാടിന് പുറത്തേക്ക് സുഹൃത്തുക്കളുടെ അടുത്തേക്ക് ചെന്നു.
"മൂന്ന് വർഷം മുൻപ് വരെ ക്യാമ്പസിനോട് ചേർന്ന് കിടക്കുന്ന ഈ കാട്ടിലാണ് ശവങ്ങൾ കുഴിച്ചുമൂടിയിരുന്നത്! ഇപ്പോഴത് പുതിയ സിസ്റ്റത്തിലാക്കി burn ചെയ്യുന്നു. "
സീനിയറിൽ ഒരുവൻ ആ തലയോട്ടി പരിശോദിച്ചു കൊണ്ടിരിക്കേ പറഞ്ഞു.
"കൃത്യം ഇവിടെയെത്തിയപ്പോഴാണ് അവളുടെ പ്രകൃതം വന്യമായത്..."
മഹേഷ് ആ തലയോട്ടി കുഴിച്ചെടുത്ത പ്രദേശത്തെ നോക്കി ആശ്ച്ചര്യത്തോടെ പറഞ്ഞു.
പഞ്ചഭൂതങ്ങളാൽ നിർമ്മിതമായ നാം ദിനവും തേച്ചുമിനുക്കി കൊണ്ട് നടക്കുന്ന ഈ ശരീരത്തിന് മരണത്തിന് ശേഷം രണ്ട് മാർഗ്ഗങ്ങളാണ്. ഒന്ന് അഗ്നിമാർഗ്ഗം രണ്ട് ധൂമമാർഗ്ഗം. അഗ്നിയാലും മണ്ണിനാലും ഹനിക്കപ്പെടുന്ന ജട ശരീരത്തിന്റെ അവസാനത്തെ ശാശ്വത മാർഗ്ഗങ്ങൾ ഇവയാണ്.
മൂന്നാമത് മറ്റൊരു മാർഗ്ഗം കൂടിയുണ്ട് ,ആസുരികവും പ്രാകൃതവുമായ ഒരു മൂന്നാം തലo.! ഈജിപ്തിലും പുരാതന ഗ്രീസിലും ചരിത്രാധീതകാലത്തെ ദ്രാവിഡ ഗോത്രങ്ങളിലും മാത്രം കണ്ടു വരുന്ന ഒരു രീതി. മരണാനന്തരം ശവത്തെ ചില രസക്കൂട്ടുകൾ ചേർത്ത് അതേപടി കാത്ത് സൂക്ഷിക്കുന്ന രീതി, പുനർജൻമത്തിലും അവർക്ക് അതേ ശരീരത്തിൽ പ്രവേശിക്കാൻ സാധിക്കും എന്നതാണ് ഇത്തരം പ്രാചീന ആചാരങ്ങളുടെ അടിത്തറക്ക് ആധാരമായ വിശ്വാസം.
ഇതേ സമയം, നീതുവിന്റെ ഹോസ്റ്റൽ മുറിയിൽ അരുതാത്ത സംഭവങ്ങൾ നടന്നുകൊണ്ടിരുന്നു.അമാനുഷികമായ പലതിനും അവളുടെ കൂട്ടുകാരികൾ സാക്ഷ്യം വഹിച്ചു.അവളുടെ നീണ്ട് കൂർത്ത നഖങ്ങൾ കൊണ്ട് ഹോസ്റ്റൽ ചുവരുകൾ മാന്തിപ്പൊളിച്ചിരുന്നു.! ക്യാമ്പസിലെ psychology department ലെ വിദഗ്ദരായ പ്രൊഫസർമാർ അവളുടെ മാറ്റങ്ങളെ വിശദമായി പഠിക്കാനായി അവളെ ഹോസ്പിറ്റലിലേക്ക് മാറ്റി., ഹോസ്പിറ്റൽ മുറിയിലെ അരണ്ട വെളിച്ചത്തിൽ അവൾ ഭ്രാന്തിയെപ്പോലെ അലറി. ഇടയ്ക്കിടെ കാതടപ്പിക്കുന്ന തേങ്ങലുകളും മുഴങ്ങി കേൾക്കാം.പ്രിയ മകളുടെ ഭയപ്പെടുത്തുന്ന ദു:ഖവാർത്തകൾ അറിഞ്ഞ് അച്ചനമ്മമാർ ചെനയിലേക്ക് തിരിച്ചു.ദിവസങ്ങൾ കൊഴിയും തോറും അവൾ മാനസികമായി ഏറെ തകർന്നിരുന്നു.മഹേഷ് പരിഭ്രാന്തനായി ക്യാമ്പസിനുള്ളിൽ അലഞ്ഞ് നടന്നു. അവന്റെ ചിന്തകളെല്ലാം അവളെ കീഴ്പ്പെടുത്തിയ ആ അജ്ഞാത ശക്തിയെക്കുറിച്ചായിരുന്നു. അജ്ഞാത ശക്തികളെക്കുറിച്ച് ഗവേഷണം നടത്തുന്ന ഒരു സുഹൃത്ത് മുഖേന മഹേഷ് ഒരു വിദഗ്ദനായ മന:ശാസ്ത്ര വിദഗ്തനെ പരിജയപ്പെട്ടു. Dr. സ്റ്റീഫൻ.
"ഡോക്ടർ സ്റ്റീഫൻ... ആ പ്രദേശത്ത് പുതഞ്ഞ് കിടക്കുന്ന ശവങ്ങളെക്കുറിച്ചോ നിഗൂഢതകളെക്കുറിച്ചോ യാതൊരുവിധ അറിവുകളും എനിക്കോ ,അവൾക്കോ ഉണ്ടായിരുന്നില്ല.! പിന്നെ എങ്ങനെയാണ് അവൾക്ക് ബാധിച്ചിരിക്കുന്നത് ഏതോ മാനസികരോഗമെന്ന നിഗമനത്തിലെത്തുന്നത്.?"
തന്റെ ഓഫീസിലെ ജനാലയ്ക്കരികിലെ മഞ്ഞ് കണങ്ങൾ തങ്ങി നിന്ന ചെടിയിലെ ഒരു തളിരില തഴുകി കൊണ്ട് സ്റ്റീഫൻ മെല്ലെ ചിരിച്ചു കൊണ്ട് പറഞ്ഞു...
"അതിനാരാണ് പറഞ്ഞത് അവൾക്ക് മെന്റൽ ഡിസോർഡർ ആണെന്ന്.?"
" എന്ത്...???എന്താണ് ഡോക്ടർ പറഞ്ഞ് വരുന്നത്..?"
മഹേഷ് അത്ഭുതത്തോടെ സ്റ്റീഫന്റെ മുഖത്ത് തുറിച്ചു നോക്കി...
"അതെ, അവളെ ബാധിച്ചിരിക്കുന്നത് മാനസിക വിഭ്രാന്തിയല്ല, ഞാനവളെ സസൂക്ഷ്മം നിരീക്ഷിച്ചിരുന്നു. അജ്ഞാതമായ ഏതോ ഒരു ശക്തി അവളുടെ ആത്മാവിന്റെ പാതി കീഴ്പ്പെടുത്തിയിട്ടുണ്ട്... "
ഇതു കൂടി കേട്ട മഹേഷ് പാതി തളർന്ന മട്ടിൽ ഭിത്തിയിൽ ചാരി നിന്നു...
"വിഷമിക്കാതെ മഹേഷ്, ഇപ്പോൾ ധൈര്യം സംഭരിക്കേണ്ട സമയമാണ്.... എന്നോട് ഇപ്പോൾ സത്യo തുറന്ന് പറയൂ... ആരോടും പറയാത്ത ആ രഹസ്യം... കാട്ടിനുള്ളിൽ നിങ്ങൾ ഇരുവരും ലൈഗിക ബന്ധത്തിൽ ഏർപെട്ടിരുന്നു അല്ലേ..??"
അത് കേട്ട മഹേഷ് തല കുമ്പിട്ട് മിഴികൾ കൂപ്പി ഒന്നും ഉരിയാടാതെ അവിടെയിരുന്നു... ആരുമറിയാതെ രഹസ്യമായി സൂക്ഷി'ച്ച ആ സത്യം പുറത്ത് വരാൻ പോകുന്നു...
തുടരും...
#പ്രേമവും #പ്രേതവും #സംഭവ കഥ
3
"അതെ പ്രൊഫസർ, ഞങ്ങളുടെ ആദ്യ സമാഗമം ആ കാട്ടിനുള്ളിലായിരുന്നു,... കെട്ടഴിഞ്ഞ് പോയ പ്രണയത്തിന്റെ മൂർദ്ധന്യഭാവം ഞങ്ങളിരുവരെയും അതിന് പ്രേരിപ്പിച്ചു... "
മഹേഷ് പ്രൊഫസറുടെ ക്യാബിനുള്ളിലെ അരണ്ട വെളിച്ചത്തിൽ വിട്ടു പോയ കഥയുടെ ബാക്കി ഭാഗം പൂരിപ്പിച്ചു...
"സ്പർശനങ്ങൾ ആലിംഗനത്തിനും ആലിംഗനങ്ങൾ ചുംബനങ്ങൾക്കും വഴിമാറും... അത് പ്രകൃതി നിയമമാണ് മഹേഷ്., ഇതെന്തിനാണ് ഇത്ര നാളും മറച്ച് വച്ചത്..? "
"ഭയം കൊണ്ടാണ് പ്രൊഫസർ... ഞാൻ കാരണമാണവൾക്ക് ഇത് സംഭവിച്ചതെന്ന് ഞാൻ കരുതുന്നു...!"
പ്രൊഫസർ മഹേഷിന്റെ അരികിലിരുന്നു. അവന്റെ ചുമലുകളിൽ തട്ടി ആശ്വസിപ്പിച്ചു കൊണ്ട് ചോദ്യങ്ങൾ തുടർന്നു.
" ഈ അവസരത്തിൽ അവളെ ഒരു സംമോഹന (hypnotism)ത്തിന് സാധിക്കില്ല. നടന്ന സംഭവങ്ങൾ തെല്ലിടമുറിയാതെ താൻ വിവരിക്കൂ... തനിക്ക് മാത്രമേ അത് പറയുവാൻ കഴിയു... എന്റെ കാതുകൾ കേൾക്കുന്നവയെല്ലാം പരമ രഹസ്യമായിരിക്കും, Trust Me... "
" ഞാനെവിടെയും തുറന്ന് പറയാം.. എനിക്കവളെ ഈ അവസ്ഥയിൽ നിന്ന് എന്ത് വില കൊടുത്തും രക്ഷപ്പെടുത്തണം ,.. "
അവന്റെ വാക്കുകൾ തേങ്ങലിലേക്ക് വഴിമാറി...
" ശരി, ഇത് പറയൂ... എപ്പോൾ മുതലാണ് അവളുടെ സ്വഭാവത്തിൽ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരുന്നത്? ആ കാട്ട് നായയെ കണ്ട് ഭയന്ന ശേഷമാണോ..?"
മഹേഷ് അൽപ്പനേരം എന്തോ ചിന്തിച്ച ശേഷം, ദീർഘമായ ഒരു നെടുവീർപ്പിട്ടു.
"അല്ല... നായയെ കണ്ട ശേഷവും അവൾ നോർമൽ ആയിരുന്നു., അതിന് ശേഷം അവളുടെ ഭയം മാറ്റുവാനായി ഞാനവളെ ആലിംഗനങ്ങളാൽ പൊതിഞ്ഞു..."
"മനസിലായി.. അത് പിന്നീട് നിങ്ങൾ തമ്മിലുള്ള സെക്സിലേക്ക് വഴിമാറി... അല്ലേ..?"
പ്രൊഫസർ ഇടയ്ക്ക് കയറി ചോദിച്ചു...
അത് കേട്ട് മഹേഷ് തല കുനിച്ചിരുന്നു...
" അതിന് ശേഷം.... എന്താണുണ്ടായത്...?"
" പ്രൊഫസർ... അത്.. അത്... ഞങ്ങൾ ഇരുവരുടെയും ആദ്യത്തേതായിരുന്നു... പക്ഷെ... പക്ഷെ.. "
മഹേഷ് അത് പറയാൻ മടിച്ചു നിന്നു..
" തുറന്ന് പറയൂ മഹേഷ്.."
"foreplay ക്ക് ശേഷം ആദ്യ പകുതി കഴിയവേ.. അവൾ... അവൾ... വന്യമായി എന്നെ വളരെ ആവേശത്തോടെ പ്രാപിച്ചു.... എന്നെ വരിഞ്ഞ് മുറുക്കി..."
"ഒരു മുപ്പത്കാരിയുടെ ശക്തിയോടും, ആവേശത്തോടെയുമല്ലേ.?
പ്രൊഫസർ ആശ്ചര്യത്തോടെ ചോദിച്ചു..
" അവളുടെ കൂർത്ത നഖങ്ങൾ എന്റെ ചുമലിൽ ആഴത്തിലിറങ്ങിയിരുന്നു.. ഞാൻ തളർന്നിട്ടും വീണ്ടും വീണ്ടും അവൾ എന്നെ അതിന് നിർബന്ധിച്ചു കൊണ്ടിരുന്നു! നേരം സന്ധ്യ കഴിഞ്ഞിരുന്നു ഞാനവിടെ നിന്നും തിരിച്ച് പോകാനായി അവളെ വിളിച്ചതും അവൾ കൂട്ടാക്കിയില്ല... അവളുടെ മുഖഭാവം എന്നെ ഭയപ്പെടുത്തിയിരുന്നു.. "
പ്രൊഫസർ അതെല്ലാം കേട്ട് ഏറെ നേരം ചിന്തിച്ചു കൊണ്ടിരുന്നു...
" സന്ധ്യ സമയം... മഹേഷ്... ഇരുളും പകലും കലരുന്ന സമയങ്ങൾ... ഇത്തരം കേസുകളിലെ ഒരു നിർണ്ണായക സമയമാണ്.... 3,6, 9.... "
പ്രൊഫസർ അവ്യക്തമായി പിറുപിറുത്തു കൊണ്ട്... തന്റെ ക്യാബിനുള്ളിലെ കേസ് ഫയലുകളിലേതോ ഒരെണ്ണം പൊടി തപ്പിയെടുത്തു ,അതിലേക്ക് കണ്ണുകളോടിച്ചു..
അതോടൊപ്പം ഒരു തടിച്ച കട്ടി കൂടിയ പുറം ചട്ടയോട് കൂടിയ ഒരു ഇംഗ്ലീഷ് പുസ്തകവും കയ്യിലെടുത്തു.
'The power of mind ' എന്ന തലക്കെട്ടോടുകൂടിയ ഒരു Psychology പുസ്തകമായിരുന്നു അത്.
ആ പുസ്തകവും പഴയ കേസ് ഫയലുകളുമെല്ലാം മറിച്ചും തിരിച്ചും നോക്കിയതിന് ശേഷം പ്രൊഫസർ സ്റ്റീഫൻ തന്റെ കണ്ണട ഊരിമാറ്റി തുടച്ചു കൊണ്ട് മഹേഷിനോട് പറഞ്ഞു...
"മഹേഷ് ,തന്റെ കാമുകിയായ നീതുവിന്റെ മനോനില രണ്ട് രീതിയിൽ കൂടി മാത്രമേ ഇങ്ങനെയാകാൻ വഴിയുള്ളു... "
"അത് ഏതെല്ലാം രീതിയാണ് dr. സ്റ്റീഫൻ?"
മഹേഷ് ആശ്ചര്യത്തോടു കൂടി ചോദിച്ചു..
" പറയാം... ഒന്ന് പ്രകൃതിയിൽ നിന്നും മനുഷ്യമനസ്സിന് പകരുന്ന ബാധകളാണ്, അതിൽ തന്നെ പല വക തിരുവുകളും, വ്യത്യസ്തമായതും അത്തരം കേസുകളിൽ അതിനെ നമുക്ക് കാണാൻ സാധിക്കും...
പക്ഷെ രണ്ടാമത്തേത് "Un natural " ആയിട്ടുള്ളതും, അവ്യക്തമായിട്ടുള്ളതുമായവയാണ്, ഇത്തരം പ്രകൃതിക്കും അധീതമായ കറുത്ത ശക്തികൾ മനുഷ്യ മനസിനെ ബാധിച്ചാൽ അവയെ ചികിത്സിക്കുക പ്രയാസമേറിയതാണ്..."
പ്രൊഫസർ... അപ്പോൾ നീതുവിന് ബാധിച്ചിരിക്കുന്നത്... ഇതിലെ ഏതവസ്ഥയാണ്....??"
മഹേഷ് തെല്ല് പരിഭ്രാന്തനായി ചോദിച്ചു..
"ഏത് നിലയാണെങ്കിലും അത് തരണം ചെയ്യുക എന്നതാണ് മഹേഷ് ഇപ്പോൾ ചെയ്യേണ്ട കടമ, അവളിൽ വളരെ പെട്ടെന്നുണ്ടായ ഒരു മാറ്റമാണിത്, അതും ലൈഗിക വേളയിൽ, അസമയത്ത് വനത്തിനുള്ളിൽ... ഈ കേസിൽ എല്ലാം വിരൽ ചൂണ്ടുന്നത് അസ്വഭാവികമായ ഒരു അജ്ഞാത ശക്തിയിലേക്കാണ്.. ആ നിഗമനത്തിൽ എത്തുന്നതിന് മുൻപ് ഒരു കാര്യം കൂടി അറിയേണ്ടതുണ്ട്... "
"എന്താണറിയേണ്ടത് പ്രൊഫസർ പറയൂ.."
മഹേഷ് മാനസികമായി എന്തിനും തയ്യാറായിരുന്നു..
" നീതു, ക്യാമ്പസ് ലാബിലും, മോർച്ചറി മുറികളിലും അസ്ഥികൂടങ്ങളുടെ രൂപങ്ങളെ കാണവേ ഭയപ്പെട്ടിരുന്നോ..? അവയെ സ്പർശിക്കാനും മറ്റും..??"
"ഇല്ല, അവൾക്ക് അത്തരം ഭയമേതുമില്ല. അവൾ ക്ലാസിൽ അവയെല്ലാം താൽപ്പര്യപൂർവ്വം പഠിച്ചിരുന്നു. മാത്രമല്ല അവൾക്ക് ആത്മാവിൽ വിശ്വാസവുമില്ലായിരുന്നു."
പ്രൊഫസർ കുറച്ച് നേരത്തേക്ക് നിശബ്ദനായി തുറന്നിട്ട ചില്ല് ജനാലയിലൂടെ വിദൂരതയിൽ കാണപ്പെട്ട താഴ്വവരയിലേക്ക് നോക്കി നിന്നു...
"ഉം... മഹേഷ് തനിക്കിപ്പോൾ പോകാം.. ഞാനൽപ്പം വിശ്രമിക്കട്ടെ, ഞാൻ വിളിക്കുമ്പോൾ ഇവിടെ എത്തിച്ചേരണം.താൻ നൽകിയ വിവരങ്ങളെല്ലാം സത്യസന്ധമെന്ന് കരുതുന്നു... "
"തീർച്ചയായും പ്രൊഫസർ... എല്ലാം പകൽ പോലെ സത്യമാണ്... എനിക്കിനി യാതൊന്നും മറച്ചു വയ്ക്കേണ്ടതായിട്ടില്ല.: അവൾക്ക് വേണ്ടി എന്റെ ജീവൻ പണയം വക്കാനും ഞാൻ തയ്യാറാണ്.. "
ഇത്രയും പറഞ്ഞ് കൊണ്ട് മഹേഷ് തന്റെ ഹോസ്റ്റൽ റൂമിലേക്ക് മടങ്ങി, അവൻ പോയതും പ്രൊഫസർ സ്റ്റീഫൻ ക്യാമ്പസിന്റെ മാനേജിംഗ് ഡയറക്ടറുമായി ഫോണിൽ ബന്ധപ്പെട്ടു. ആ വിചിത്രമായ സംഭവം ഇതിനോടകം വകുപ്പ് മേധാവികളുടെ ചെവിയിലും എത്തിയിരുന്നു..
അതൊരു പ്രേതബാധിത പ്രദേശമാണ്, ആ താഴ്വരകൾക്കപ്പുറത്തെ വനത്തിനുള്ളിലെ പ്രാചീന ഗോത്രവർഗ്ഗക്കാർ ആ പ്രദേശത്തെ ഒരു നരകമെന്നാണ് വിശേഷിപ്പിച്ചിരുന്നത്! വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു കൂട്ടക്കുരുതിയുടെ അവശേഷിപ്പുകളാണ് ആ പ്രദേശത്ത് ബാധിച്ചിരുന്നത്, ഈ വസ്തുതകളുടെ ചുരുളഴിച്ചാൽ മാത്രമേ നീതുവിനെ ഈ ബാധയിൽ നിന്നും മോചിപ്പിക്കാൻ സാധിക്കൂ.
അതിനെക്കുറിച്ച് കൂടുതലറിയാൻ പ്രൊഫസർ സ്റ്റീഫനൊപ്പം മഹേഷും പ്രദേശവാസികളായ നാല് വിദ്യാർത്ഥികളും വനത്തിനുള്ളിലേക്ക് യാത്രയായി...
തുടരും...
(ഇതൊരു സംഭവ കഥയാണോ എന്ന് അനേകം സുഹൃത്തുക്കൾ ചോദിച്ചിരുന്നു., ഏകദേശം 14 മാസം മുൻപ് നടന്ന സംഭവങ്ങളാണ് ഞാൻ കഥാരൂപത്തിൽ ഇവിടെ പറഞ്ഞ് വരുന്നത്. കഥയിലെ മഹേഷ് എന്റെ Cousin ആണ്. അവൻ വരച്ച അവന്റെ പ്രണയകാല ചിത്രങ്ങളാണ് ഞാനിതോടൊപ്പം ചേർത്തിരുന്നത്. മഹേഷിന്റെ നിർദ്ധേശ പ്രകാരം അവൻ ചൈനയിൽ നിന്ന് ആ സമയം പകർത്തിയ യഥാർത്ഥ ചിത്രങ്ങളും ചേർക്കുന്നു.)
#പ്രേമവും #പ്രേതവും #4th
#സംഭവ കഥ
ബാഗ്ലൂർ നിവാസിയും, മനശാസ്ത്രത്തിലും പാരനോർമൽ ആക്ടിവിറ്റിയിലും ഗവേഷണവും അതേ തുടർന്ന് ഡോക്ടറേറ്റ് എടുത്ത പ്രൊഫസർ സ്റ്റീഫനോടൊപ്പം മഹേഷും പ്രദേശവാസികളായ നാല് വിദ്യാർത്ഥികളും ഘോര വനത്തിനുള്ളിള്ളിലേക്ക് യാത്രയായി, അവരുടെ ലക്ഷ്യം താഴ്വവരയ്ക്ക് മറുവശത്തെ വനത്തിനുള്ളിലെ പ്രാചീന ഗോത്രവർഗ്ഗക്കാരെ കാണുക എന്നതാണ്. നീതുവിനെ ബാധിച്ചിരിക്കുന്ന അജ്ഞാത ശക്തിയേക്കുറിച്ച് അവർക്ക് മാത്രമേ ഇനിയെന്തെങ്കിലും പറയുവാൻ കഴിയൂ. മൂന്ന് വർഷങ്ങൾക്ക് മുൻപ് വരെ ഹോസ്പിറ്റലിൽ നിന്നും മെഡിക്കൽ സ്റ്റുഡൻസ് പഠനവിഷയമാക്കിയ ജടങ്ങളെ ആ പ്രദേശത്തായിരുന്നു കുഴിച്ചു മൂടിയിരുന്നത്, പക്ഷെ അതിന് മുൻപ് തന്നെ പ്രദേശവാസികളിൽ ചിലർക്ക് ആ പ്രത്യേകസ്ഥലത്ത് ഭയപ്പെടുത്തുന്ന അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. രാത്രി സമയങ്ങളിൽ അന്തരീക്ഷത്തിൽ ഉയർന്ന് പൊങ്ങുന്ന തീഗോളങ്ങൾ. അവ ചിലപ്പോൾ പെട്ടെന്ന് അപ്രത്യക്ഷമാകും. ചിലപ്പോൾ അതിവേഗം ചലിക്കും.പോകും വഴി പ്രൊഫസർ ആ കുറ്റിക്കാട്ടിൽ അൽപ സമയം ചിലവഴിച്ചു.
"കുട്ടികളെ നിങ്ങൾ ഒരു കാര്യം ശ്രദ്ധിച്ചുവോ, ഇത്രയും വൻ മരങ്ങൾ ഇടതൂർന്ന ഈ കാട്ടിൽ ഈ പ്രദേശത്ത് എത്തുമ്പോൾ മാത്രം അത് മണൽക്കാടും, കുറ്റിക്കാടുകൾക്കും വഴിമാറുന്നത്...?"
വാസ്തവത്തിൽ മഹേഷും അതപ്പോഴാണ് ശ്രദ്ധിച്ചത്.
ആ മൂകമായ പ്രദേശം മാത്രം കുറ്റിക്കാടുകളും, മണലും കൊണ്ട് പടർന്ന് വിജനമായി കിടക്കുന്നു. അവിടെ വീണ്ടും എത്തപ്പെടുമ്പോൾ മഹേഷിന്റെ മനസിൽ അവളുടെ ഓർമകൾ തികട്ടി കൊണ്ടിരുന്നു... അവന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു...
" നമുക്ക് ,ഒരു രാത്രി ഇവിടെ തങ്ങണം. എന്ത് പറയുന്നു കുട്ടികളെ.? "
പ്രൊഫസറുടെ വാക്കുകൾ കേട്ട് മഹേഷ് തെല്ല് ഭയപ്പെട്ടു.ഒപ്പം കൂട്ടുകാരും.
"ഭയക്കേണ്ട. നമുക്കാദ്യം ഈ പ്രദേശത്തിന്റെ ചരിത്രം അറിയേണ്ടതുണ്ട്. അതിന് ശേഷമാകാം..."
പ്രൊഫസർ അവരെ നോക്കി ചിരിച്ച് കൊണ്ട് താഴ്വര ലക്ഷ്യമാക്കി നടന്നു. പിന്നീടുള്ള യാത്ര പുൽമേടുകളും, നിബിഡ വനങ്ങളും, കാട്ടുചോലകളും താണ്ടി ലക്ഷ്യത്തിലേക്കുള്ളതായിരുന്നു. അണയാൻ പോകുന്ന മൺവിളക്കിലെ തിരി പോലെ സായാഹ്ന സൂര്യൻ ഏതോ കുന്നിൻ ചെരുവിലേക്ക് മെല്ലെ മറഞ്ഞു...
അവർ അടിവാരത്തെ സെറ്റിൽമെന്റ് ഏര്യയിൽ എത്തപ്പെട്ടു. അവിടെ നിന്നും വീണ്ടും ഉള്ളിലേക്ക്, പ്രദേശിക ഭാഷ അറിയാവുന്ന നാല് പേരിൽ ഒരുവൻ അവരോട് ആ ഭാഷയിൽ കാര്യങ്ങൾ തിരക്കിയറിഞ്ഞു. ഏകദേശം എൺപത് വയസ്സ് പ്രായം തോന്നിച്ച കാട്ട് മൂപ്പൻ ആ പ്രദേശത്തിന്റെ ഭൂതകാലത്തെക്കുറിച്ച് ഞെട്ടിപ്പിക്കുന്നതും പെശാചികവുമായ വിവരങ്ങളാണ് അവരോട് പങ്ക് വച്ചത്.
നൂറ്റാണ്ടുകൾക്ക് മുൻപ് ഹിമാലയൻ പ്രദേശങ്ങളിൽ നിന്ന് ചൈനയുടെ ഗ്രാമാതിർത്തിയിലുള്ള വന പ്രദേശങ്ങളിൽ കുടിയേറി പാർത്ത ഒരു ഗോത്രമാണ് 'മിയാവോ' എന്ന വിളിപ്പേരുള്ള ഒരു കൂട്ടം ജനത. അവർ കലാകാരൻമാരും കമ്പിളി നെയ്ത്തിൽ നിപുണരുമായിരുന്നു. നക്ഷത്രങ്ങളെയാണ് അവർ ആരാധിച്ചിരുന്നത്. ആകാശത്തെ നക്ഷത്രങ്ങളെ വ്യക്തമായി കാണാനായി അവർ വസിച്ചിരുന്ന വനപ്രദേശത്തെ വൃക്ഷങ്ങളെയെല്ലാം മുറിച്ച് മാറ്റിയിരുന്നു. വളരെ കർക്കശമായ നിയമങ്ങളായിരുന്നു ആ ഗോത്രം നടപ്പിലാക്കിയിരുന്നത്. അവരുടെ വംശം മറ്റ് വംശങ്ങളുമായി ഇടകലരുന്നത് 'ഭ്രഷ്ട്" പോലെയോ അതിനപ്പുറമോ ആയ ഒരു നീച പ്രവൃത്തിയായി കൽപ്പിച്ചിരുന്നു. ഒരു പക്ഷെ അങ്ങനെ സംഭവിച്ചാൽ അതിനുത്തരവാധിയായ സ്വന്തം ഗോത്രത്തിലെ പെണ്ണായാലും ആണായാലും അവരുടെ പങ്കാളിക്കൊപ്പം അതിക്രൂരമായി "കഴുവേറ്റം " ( ശൂലത്തിൽ ശരീരം മുഴുവനായി കൊരുത്ത് നിവർത്തുന്ന രീതി ) ചെയ്യുന്ന ഒരു പ്രത്യേക ആചാരം നില നിന്നിരുന്നു. പക്ഷെ അവരെ പെശാചികമായി കൊല്ലുന്നതിന് മുൻപ് ഇണചേരാൻ അനുവദിക്കും, പക്ഷെ അതൊരു ചതിക്കുഴിയാണ്! പങ്കാളികൾ ഇണ ചേരുന്ന വേളയിലായിരിക്കും അവരെ ബലം പ്രയോഗിച്ച് കഴുവേറ്റം നടത്തുക.
വളരെ പതിയെ രക്തം വാർന്ന് അത്രത്തോളം വേദനാജനകമാണ് ഇത്തരം കൊലപാതങ്ങൾ.ഗോത്രങ്ങൾക്കിടയിൽ വിവാഹത്തിന് മുൻപ് നടത്തുന്ന ലെഗിക ബന്ധങ്ങൾ പിടിക്കപ്പെട്ടാലും ഇതേ ശിക്ഷാ നടപടികളാണ് അവർ നടത്തുക!
മൃതശരീരങ്ങളെ ഒരു അശുദ്ധ വസ്തുവായി കരുതിയിരുന്നു.പക്ഷെ മരണശേഷം തലയോട് പിളർന്ന് തലച്ചോറും പിന്നീട് നെഞ്ച് പിളർത്തി ഹൃദയവും അതിന് ശേഷം അവ രണ്ടും കൂടി തുടയെല്ലിനോപ്പം അതേ ശവത്തിന്റെ തൊലിയുരിച്ച് അതിൽ തുന്നിക്കെട്ടി ഉണക്കിയ ശേഷം മണ്ണിനടിയിൽ മൂടുക എന്ന വിചിത്രമായ ആചാരങ്ങളാണ് അവരുടെ മരണാനന്തര കർമ്മം എന്നത് ! ഇത്തരം കർമ്മത്തിലൂടെ അവരുടെ പുനർജൻമത്തിൽ ഇതേ ശരീരത്തിലൂടെ മുൻജൻമത്തിനേക്കാൾ ശക്തി പ്രാപിച്ച ആത്മാവ് പിറവിയെടുക്കും എന്നതാണ് അവരുടെ വിശ്വാസം. വളരെ പ്രാകൃതമായ ആചാരങ്ങൾ കൊണ്ട് സമ്പന്നമായിരുന്നു മിയാവോ ഗോത്രം !
"ഒരിക്കൽ ആ വനത്തിനോട് ചേർന്ന നാട്ട് ഗ്രാമത്തിലെ ഒരു സമ്പന്ന വർഗ്ഗത്തിലെ യുവാവ് മിയാവോ ഗോത്രത്തിലെ അതിസുന്ദരിയായ ഒരു യുവതിയുമായി പ്രണയത്തിലായി... അവരുടെ പ്രണയത്തിന് സാക്ഷിയായി വനാതിർത്തിയിലെ ആ കുറ്റിക്കാടുകൾ മാത്രമായിരുന്നു. കമ്പിളി വിറ്റ് നടന്നിരുന്ന യുവതിയെ അവൻ യാദൃശ്ചികമായി കാണുകയായിരുന്നു. അവരുടെ കാമനകൾ ' തഴച്ചു വളർന്ന മണ്ണിന്റെ ആഴങ്ങളിലേക്ക് പന്തലിച്ച കാട്ടുമരവേരിനേക്കാൾ ആഴത്തിലും വേഗത്തിലും വളർന്നിരുന്നു.
പക്ഷെ അതിന്റെ ആയുസ് അധികനാൾ നീണ്ടില്ല... മിയാവോ ഗോത്ര തലവൻ അവരെ കെയ്യോടെ പിടികൂടി,..! ഗോത്ര ജനതയുടെ മുന്നിൽ വച്ച് തന്നെ അവരിരുവരേയും ഇണചേരാൻ അനുവദിച്ചു. അവരുടെ അവസാന സംഗമം....
അത് മുഴുവിപ്പിക്കുന്നതിന് മുൻപ് തന്നെ അവരിരുവരേയും ജീവനോടെ പെശാചികമായ കഴുവേറ്റം നടത്തി.!
വളരെ സാവധാനം ഇറ്റിറ്റ് വീഴുന്ന രക്ത തുള്ളികൾ,
പ്രാണൻ നിലക്കുന്നതും കാത്ത് മാംസത്തിനായ് ദാഹിച്ച കഴുകൻമാർ,
ഏറ്റവും ഒടുവിൽ എവിടെ നിന്നോ എത്തപ്പെട്ട പെശാചിക മുഖമുള്ള കാട്ട് നായ.!
അർദ്ധനഗ്നരായി മുഖാമുഖം കൂർത്ത് നിർത്തിയ കിരാത ശൂലങ്ങളിൽ ആ പ്രണയാത്മാക്കൾ എന്നേക്കുമായി നിശ്ച്ചലമായി....
ഇത് കേട്ടറിഞ്ഞ് വന്ന നാട്ടുരാജ്യക്കാർ മിയാവോ ഗോത്രക്കാരുമായി യുദ്ധത്തിലേർപ്പെട്ടു. ഏതാനും ദിവസം കൊണ്ട് എണ്ണത്തിൽ കുറവായിരുന്ന മിയാവോ ഗോത്രം നാട്ട് രാജ്യക്കാർക്ക് മുന്നിൽ അടിയറവ് ചൊല്ലി, മിയാവോ ഗോത്രക്കാരെ നാട്ട് രാജ്യക്കാർ പക പോക്കാനായി ജീവനോടെ കുഴിച്ചുമൂടി, കുറച്ച് പേർ രക്ഷപെട്ട് ഉൾക്കാടുകളിലേക്ക് അഭയം തേടി. നൂറ്റാണ്ടുകൾക്ക് മുന്നേ നടന്ന ആ കൂട്ടക്കുരിതിക്ക് ശേഷം ആ ' വന പ്രദേശo കൂടുതൽ വിജനമായി.അരയ്ക്കു മുകളിലേക്ക് വളരാത്ത കുറ്റിക്കാടുകൾ ഇന്നും ഒരത്ഭുതമായി അവശേഷിക്കുന്നു. രാത്രി കാലങ്ങളിൽ പൈശാചികമായ ശബ്ദങ്ങളും തീഗോളങ്ങളുടെ സഞ്ചാരവും കൊണ്ട് ആ പ്രദേശം കൂടുതൽ പ്രേതബാധിതമായി മാറി!
ഇവയെല്ലാം കേട്ടറിഞ്ഞ പ്രൊഫസറും മഹേഷുമടങ്ങുന്ന സംഘം ശ്വാസമെടുക്കാതെ നിശബ്ദരായി നിന്നു... നേരം ഇരുട്ടി തുടങ്ങി., പച്ചിലകൾക്കിടയിലൂടെ നിലാവിന്റെ നേരിയ വെട്ടം കാണാം...
" വരൂ കുട്ടികളെ നമുക്ക് തിരിക്കണം, ആ പ്രദേശത്ത് ഇന്ന് രാത്രി തന്നെ എത്തപ്പെടണം."
അത് കേട്ട കുട്ടികൾ ഭയചികതരായി. മഹേഷിന്റെ ചിന്തകൾ മരവിച്ചിരിക്കുകയായിരുന്നു. അവൻ യാതൊന്നും ഉരിയാടിയില്ല. കയ്യിൽ കരുതിയിരുന്ന ടോർച്ചുകളുമായി പ്രൊഫസറോടൊപ്പo മനസില്ലാ മനസോടെ കുട്ടികളും ആ പ്രേതബാധിത പ്രദേശത്തേക്ക് യാത്ര തിരിച്ചു....
തുടരും...
#പ്രേമവും #പ്രേതവും 5th part
-------- .------- ---------
പ്രണയം വികൃതമാക്കപ്പെട്ട
ഇരു യൗവനങ്ങളുടെ
തീരാനൊമ്പരങ്ങളുടെ
സ്നിഗ്ദതയാണ് എന്നോടൊപ്പം നിങ്ങളും ഈ വരികളിലൂടെ സാക്ഷ്യം വഹിക്കുന്നത്.!
ആത്മാവിൽ നിന്ന് മാത്രമല്ല ,അസ്ഥികൂടങ്ങളില്‍ നിന്നും ചില മര്‍മ്മരങ്ങള്‍ കേള്‍ക്കുന്നുണ്ട്...
ഏതാനും നീണ്ട വർഷങ്ങൾക്ക് കാവലായ മാംസ നിബിഡമായ പ്രണയത്തിന്റെ... വേദനിക്കുന്നില്ലെങ്കിലും, മിഴികള്‍ കൂമ്പി മണ്ണിനോടൊപ്പം ചേർന്ന കാമിനിയുടെ ചർമ്മത്തിന്റെയും മജ്ഞയുടെയും ചൂടും പേറി ഇനിയും തണുക്കാത്ത, മണ്ണോട് ചേർന്ന ചുടു ചോരയുടെ മറവിൽ, തന്നെ എന്നേക്കുമായി വിട്ടു പോയ ആത്മാവിനെ നോക്കി കേഴുകയാണ്...
---------- തുടർന്ന് വായിക്കുക-. _______ -----🤘🏽
ഇരുളിൽ.., നേരിയ നിലാ വെളിച്ചത്തിൽ ദുർഘടമായ കാട്ട് പാതകൾ താണ്ടി, ദീർഘമായ യാത്രയ്ക്കൊടുവിൽ പ്രൊഫസർക്കൊപ്പം അവർ വനാതിർത്തിയിലുള്ള ആ പ്രേതബാധിത പ്രദേശത്ത് അർദ്ധരാത്രിയോടു കൂടി എത്തപ്പെട്ടു. അവർ കുറ്റിക്കാടുകൾക്കരികിലായി സ്ഥാനമുറപ്പിച്ചു.ആ പ്രദേശത്ത് വൃക്ഷങ്ങൾ അധികമില്ലാത്തതിനാൽ നിലാവെളിച്ചത്തിൽ എല്ലാം ദൃശ്യമായിരുന്നു.
"നിങ്ങൾക്ക് ഭയമുണ്ടോ കുട്ടികളേ..? നിങ്ങൾ ധൈര്യശാലികളാണെന്നറിയാം..."
കുട്ടികളുടെ പരിഭ്രമം കണ്ടു കൊണ്ട് പ്രൊഫസർ ഇതു കൂടി പറഞ്ഞു.
" ഈ പ്രേത ഭൂതാധികൾ ,ആത്മാക്കൾ ഇവയൊന്നും തന്നെയില്ല. ഇതെല്ലാം ഒരു തരം മിത്താണ് "...
"അങ്ങനെയെങ്കിൽ പ്രൊഫസർ താങ്കളെന്തിനാണ് ഇത്തരം അജ്ഞാത ശക്തികൾക്ക് പുറകേ നടന്ന് സമയം പാഴാക്കുന്നത്..??"
മഹേഷിന്റെ അപ്രതീക്ഷിതമായ ചോദ്യം കേട്ട് പ്രൊഫസർ ഒന്നും മിണ്ടാതെ ആകാശത്തേക്ക് വിരൽ ചൂണ്ടി...
"ദാ നോക്കൂ... കറുത്ത മേഘങ്ങൾ ചന്ദ്രനെ വിഴുങ്ങുന്നു. നക്ഷത്രങ്ങളേതും കാൺമാനില്ല!"
അത് പറഞ്ഞു തീർന്നതും, അവിടമാകെ ഇരുൾ മൂടി. ഒരു തരം ശ്മശാന മൂകത അവിടമാകെ തളം കെട്ടി നിന്നു. ഇലകൾ പോലും നിശ്ച്ചലം. പെട്ടെന്നാണ് അവരത് കണ്ടത് തൊട്ടടുത്തുള്ള ചതുപ്പ് നിലത്തിനരികിലെ കുറ്റിക്കാട്ടിൽ നിന്ന് ഒരു പ്രാകാശം മുകളിലേക്ക് ഉയർന്നു പൊങ്ങുന്നു.അതോടൊപ്പം കുറ്റിക്കാടിനുള്ളിൽ എന്തോ അതിവേഗം ചലിക്കുന്നതായും കണ്ടു.
"നിങ്ങൾ ഇവിടെ നിന്നനങ്ങരുത്....!"
പ്രൊഫസർ കുട്ടികളോട് അജ്ഞാപിച്ചു കൊണ്ട് ടോർച്ചുമെടുത്ത് അതിവേഗന്ന് ആ കുറ്റിക്കാട്ടിലേക്ക് പാഞ്ഞു. ഉയർന്ന് പൊങ്ങിയ തീഗോളം വായുവിൽ അപ്രത്യക്ഷമായി.! ദൂരെ കാട്ട് നായകൾ ഓരിയിടുന്ന ശബ്ദം. കുറ്റി കാട്ടിനുള്ളിൽ കിതച്ച് കൊണ്ട് ഏന്തോ ഓടി മറയുന്നു....പ്രൊഫസർ കുറ്റിക്കാടിനുള്ളിൽ എന്തോ തിരയുന്നുണ്ടായിരുന്നു. ചില ജീവികളുടെ കാൽപ്പാടുകൾ ആ ചതുപ്പ് നിലത്തിൽ പതിഞ്ഞ് കിടക്കുന്നു. തികച്ചും വിമൂകമായ അന്തരീക്ഷം. പ്രൊഫസർ തിരിച്ച് കുട്ടികളുടെ അരികിലേക്ക് ചെന്നു. അവർ ആ ഭയാനക കാഴ്ച്ചകൾ കണ്ട് വിറങ്ങലിച്ച് നിന്നു.
" വരൂ പോകാം..."
കൂടുതലൊന്നും പറയാൻ നിൽക്കാതെ പ്രൊഫസർ തന്റെ ബാഗിനുളളിൽ എന്തോ തിരുകിക്കൊണ്ട് കാമ്പസിലേക്ക് തിരിച്ചു. യാതൊന്നും ഉരിയാടാതെ കുട്ടികൾ പിന്നാലെയും...
അവർ ഹോസ്റ്റൽ ഗെയിറ്റിനരികിൽ എത്തി.അവരോട് യാത്ര പറയും മുൻപേ മഹേഷിന്റെ ചുമലിൽ തട്ടി പ്രൊഫസർ അവനെ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു....
"മഹേഷ്... നാളെ രാവിലെ ഞാൻ വിളിക്കാം എന്റെ ക്യാബിലെത്താൻ മറക്കേണ്ട, ശുഭരാത്രി. "...
പിറ്റേന്ന് രാവിലെ പ്രൊഫസർ സ്റ്റീഫൻ മഹേഷിനെ തന്റെ ക്യാബിലേക്ക് വിളിപ്പിച്ചു. അവിടെ നിന്നും അവർ രണ്ട് പേരും മാത്രമായി നീതുവിനെ പാർപ്പിച്ചിരുന്ന സെല്ലിലേക്ക് പോയി. അവിടെ അവൾ ദീർഘമായ നിദ്രയിലായിരുന്നു. ഇരുണ്ട കൺപോളകളിൽ കണ്ണീർ വറ്റിയ കനം. മഹേഷ് അവളുടെയരികിൽ നിശ്ചലനായി നിന്നു. പിന്നീട് മെല്ലെ അവളുടെ മുടിയിഴ തലോടി.... അവന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.
"നീതുവിനെ ആ പഴയ ജീവിതത്തിലേക്ക് തിരികെ കൊണ്ട്.... വരാൻ... കഴിയുമോ..?"
അത് പറയവേ മഹേഷിന്റെ തൊണ്ടയിടറി...
"അതിന് കഴിയും മഹേഷ്, നിന്നിലൂടെ അറിയാൻ കഴിയാത്തവ പലതും ഞാനവളിലൂടെയറിഞ്ഞു. "
പ്രൊഫസർ അവളുടെ സിരകളിൽ നിറച്ച ഡ്രിപ്പിന്റെ വേഗത മെല്ലെ കുറച്ച് കൊണ്ട് തുടർന്നു...
"അവളെ ഇന്ന് രാവിലെ ഹിപ്നോട്ടിസം ചെയ്യാൻ സാധിച്ചു. നിങ്ങൾ തമ്മിലുള്ള സ്വകാര്യവേളയിൽ നിനക്ക് കാണാൻ സാധിക്കാത്ത ഭയപ്പെടുത്തുന്ന, അജ്ഞാതമായതെന്തോ... അവൾ അവിടെ... ആ കാട്ടിൽ കണ്ടിരുന്നു... !"
"എന്താണ് പ്രൊഫസർ അത്..? എനിക്ക് അവിടെ കാണാൻ സാധിക്കാത്തത് "??
മഹേഷ് ജിജ്ഞാസയോടെ പ്രൊഫസറുടെ കണ്ണുകളിലേക്ക് നോക്കി...
"മഹേഷ്... താൻ ധൃതി വയ്ക്കാതെടോ..."
പ്രൊഫസർ അടച്ചിട്ട ചില്ല് ജനാല പുറത്തേക്ക് തുറന്നു. തണുത്ത നേർമയുള്ള കാറ്റ് ആ മുറിയിലേക്ക് ശാന്തമായി വീശി...
"ദാ... ഈ ഇളം കാറ്റ് പോലെ... നമുക്ക് കാണാൻ സാധിക്കാത്ത, എന്നാൽ അനുഭവിക്കാൻ കഴിയുന്ന അനേകം വസ്തുതകൾ ഈ പ്രപഞ്ചത്തിലുടനീളമുണ്ട്. അവയിൽ വിരളിലെണ്ണാവുന്നവ പ്രതിഭാസങ്ങളിൽ ചിലത് മാത്രമാണ് ശാസ്ത്രജ്ഞർക്ക് അവരുടെ സിദ്ധാന്തങ്ങളിൽ ഉൾക്കൊള്ളിക്കാൻ കഴിഞ്ഞത്. ഇനിയുമേറെ അനേകം കോടി അജ്ഞാത വസ്തുതകൾ നിറഞ്ഞതാണ് നമ്മുടെ ഈ വിശാല പ്രപഞ്ചം "
" പ്രൊഫസർ ,താങ്കൾ പറയുന്നതൊന്നും എനിക്ക് മനസ്സിലാക്കാൻ കഴിയുന്നതല്ല. എന്താണ് അവളിൽ സംഭവിച്ചിരിക്കുന്നത്? നാം ആ പ്രേതകാട്ടിൽ വച്ച് കണ്ട ഭയപ്പെടുത്തുന്ന സംഭവങ്ങളാണോ നീതു കണ്ടത്..??"
മഹേഷ് ശബ്ദമുയർത്തി അൽപ്പം ഈർഷ്യയോടെ പ്രൊഫസറോട് ചോദിച്ചു.
"ശാന്തനാകൂ.... മഹേഷ്,
ഇതത്ര നിസാരമായ കാര്യമല്ല ! തന്നെ പെട്ടെന്ന് പറഞ്ഞ് മനസ്സിലാക്കിത്തരും വിധം എളുപ്പവുമല്ല..."
അത്രയും പറഞ്ഞ ശേഷം അദ്ധേഹം തന്റെ ഷെൽഫിലെ രഹസ്യ അറയിൽ നിന്നും ഒരു വലിയ പൊതി പുറത്തേക്കെടുത്തു. ആ പൊതി സസൂക്ഷ്മം അഴിച്ചുമാറ്റി. നടുഭാഗം പിളർന്ന ഒരു തലയോട്ടിയായിരുന്നു അത്! അതിനൊപ്പം ചില അസ്ഥികളും, ദ്രവിച്ചു പോകാത്ത രീതിയിൽ മനുഷ്യചർമ്മത്തിൽ പൊതിഞ്ഞ അവസ്ഥയിൽ അവ കണ്ടു.പ്രൊഫസർ അത് മഹേഷിന്റെ കൈകളിൽ കൊടുത്തു...
"ഇതാ കാട്ടു മൂപ്പൻ പറഞ്ഞ് തന്ന മിയാവോ ഗോത്രക്കാരുടെ അസ്ഥിയായിരിക്കാം,.. അല്ലേ പ്രൊഫസർ? "
മഹേഷ് ആ തലയോട്ടിയുടെ മുകൾ ഭാഗത്തിൽ അടർന്ന് പോയ അസ്ഥിഭാഗം പരിശോദിച്ചു കൊണ്ട് ചോദിച്ചു.
" അതേ മഹേഷ്... നീ പറഞ്ഞത് ശരിയാണ്... നൂറ്റാണ്ടുകൾക്ക് മുൻപ് നില നിന്നിരുന്ന ആ പ്രാകൃത വംശത്തിന്റെ അവശേഷിപ്പുകളിലൊന്നാണ് നിന്റെ കയ്യിലിപ്പോൾ ഞാൻ നൽകിയത്.."
"അപ്പോൾ പ്രൊഫസർ പറഞ്ഞ് വരുന്നത് .... ദുരാത്മ്ക്കൾ നിമിത്തമാണ് അവൾക്കിത് സംഭവിച്ചതെന്നാണോ..?"
" മഹേഷ് ഞാനാദ്യമേ പറഞ്ഞിരുന്നുവല്ലോ... ഈ പ്രപഞ്ച ശാസ്ത്രങ്ങൾ കടന്ന് പോകുന്ന രണ്ട് തലങ്ങളെക്കുറിച്ച്... അവ മാനുഷികവും മറ്റൊന്ന് അമാനുഷികവുമാണ്... പ്രകൃതിയിലെ അജ്ഞാതമായ ചില സങ്കലനങ്ങൾ അവ ശാസ്ത്രലോകത്തിന് ഇന്നും ഒരു കീറാമുട്ടിയാണ്. പക്ഷെ അവർ ഒരിക്കലും അത്തരം തെളിയിക്കപ്പെടാത്ത നിഗൂഢ ശാസ്ത്രങ്ങളെ അംഗീകരിക്കുകയില്ല"
"അതെന്താണ് പ്രൊഫസർ അവർ ഇത്തരം നിഗൂഢതകളെ ഇഴപിരിക്കാൻ ശ്രമിക്കാത്തത്?"
" ശ്രമങ്ങൾ നടക്കുന്നുണ്ട് മഹേഷ്, പക്ഷെ ഏത് ശാസ്ത്രജ്ഞനാണ് ആത്മാവെന്ന സോഫ്റ്റ്വെയറിന് ഒരു സമവാക്യം രചിക്കാൻ കഴിയുന്നത്..???
അൽപ്പനേരം രണ്ട് പേരും നിശബ്ദരായി അവിടെ നിന്നു.അതേ സമയം നീതുവിന്റെ കൈ വിരലുകൾ ചലിക്കാൻ തുടങ്ങി.
"മഹേഷ്... ഇനി ഏതാനും മിനിറ്റുകൾക്കകം അവൾ നിദ്രയിൽ നിന്നും ഉണരും. അവളെ എനിക്ക് ഈ ബാധയിൽ നിന്നും മോചിപ്പിക്കാൻ കഴിയും.! പക്ഷെ നീ എനിക്ക് നൽകിയ വാക്ക് പാലിക്കണം... അത് സാധിക്കുമെങ്കിൽ മാത്രം!"
അത് കേട്ട മഹേഷ് ആഹ്ലാദത്തോടെയും അൽപ്പം ജിജ്ഞാസയോടെയും ഇരിപ്പിടത്തിൽ നിന്നും മെല്ലെ എണീറ്റുകൊണ്ട് പ്രൊഫസറോട് ചോദിച്ചു.
"എന്താണ് പ്രൊഫസർ ഞാനവൾക്ക് വേണ്ടി ചെയ്യേണ്ടത്.? ഏത് വാക്കുകളാണ് ഞാൻ പാലിക്കേണ്ടത്.? ഈ ജീവൻ ത്യജിക്കുവാനും ഞാൻ തയ്യാറാണ്.. "
പ്രൊഫസർ അവന്റെ അരികിലേക്ക് നടന്നു ചെന്നു. അവന്റെ കണ്ണുകളിലേക്ക് ചൂഴ്ന്ന് നോക്കി. അവന്റെ തോളിൽ തട്ടികൊണ്ട് പറഞ്ഞു...
"താൻ തൽക്കാലം ജീവൻ ത്യജിക്കേണ്ടതില്ല.പക്ഷെ ജീവന് തത്തുല്യമായതൊന്ന് ഉപേക്ഷിക്കേണ്ടതുണ്ട്..!
"ഞാനെന്താണ് ത്യജിക്കേണ്ടത് പ്രൊഫസർ...? മുഖവുര കൂടാതെ പറയൂ..."
" പറയാം... എല്ലാം വിശദീകരിക്കാം... പക്ഷെ സമചിത്തതയോടെ മഹേഷ് എല്ലാം കേൾക്കണം... അവിടെ അവൾക്ക് സംഭവിച്ചതു മുതൽ ഇപ്പോൾ ഇവിടെ വരെയുള്ള അവളുടെ മനോനില വരെയുള്ളതെല്ലാം...! അതിന് ശേഷം തനിക്കൊരു തീരുമാനമെടുക്കാം..."
പ്രൊഫസർ തന്റെ കോട്ടിനുള്ളിൽ കരുതിയ സിഗരറ്റ് പാക്കറ്റിൽ നിന്ന് ഒരു സിഗരറ്റ് കൊളുത്തി ദീർഘമായി ഒരു പുക ഉള്ളിലേക്കെടുത്തു. അതിന് ശേഷം മഹേഷിനോട് ഇരിക്കുവാൻ ആഗ്യം കാണിച്ചു. അവൻ നിർവികാരനായി ഉറങ്ങികിടക്കുന്ന നീതുവിന്റെ മുഖത്തേക്ക് നോക്കി ദീർഘശ്വസമെടുത്തു...
" അവളിൽ നടത്തിയ സംമോഹന (hypnotism)ത്തിലൂടെയും മെസ്മ്മറിസത്തിലൂടെയും എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത് അവളെ ബാധിച്ചിരിക്കുന്നത് ,..... ആ കുറ്റിക്കാട്ടിൽ നാം കണ്ട ' അജ്ഞാത തീഗോളത്തിന്റെ ഭയപ്പെടുത്തുന്ന കാഴ്ച്ച തന്നെയാണ്...!"
"പക്ഷെ... പക്ഷെ എന്ത് കൊണ്ടാണ് പ്രൊഫസർ ആ ഭയം ... ആ കാഴ്ച്ച നൽകിയ ഭയം നമ്മെ ആരെയും ബാധിക്കാത്തത്..??"
"മഹേഷ് ....എല്ലാ ജിവികളിലും പൊതുവെ മനുഷ്യരിൽ കൂടുതലായി കണ്ടുവരുന്ന ഒരു ശക്തി വിശേഷണമാണ് 'പ്രാണശക്തി, എന്നത്. എന്നാൽ ചില അവസരങ്ങളിൽ സ്ത്രീകളിൽ ഈ പ്രാണശക്തിയുടെ അഭാവം അവരെ മറ്റ് നെഗറ്റീവ് ശക്തികൾ കീഴ്പ്പെടുത്താൻ അവസരമൊരുക്കുന്നു.! അതവരുടെ ആത്മാവിനെയും അത് വഴി ബോധതലത്തിനെയും വരെ കീഴ്പ്പെടുത്തുന്നു.! അങ്ങനെയുള്ള ഏതോ ഒരു കറുത്ത അജ്ഞാത ശക്തിയാണ് അവളുടെ ബോധത്തെയും ബാധിച്ചിച്ചിരിക്കുന്നത്..."
മഹേഷ് പ്രൊഫസറുടെ വാക്കുകൾ സസൂക്ഷ്മം കേട്ടുകൊണ്ടിരുന്നു...
" പ്രൊഫസർ ഒരു സംശയം... ബാഹ്യമായ ഒരു നെഗറ്റീവ് എനർജിക്ക് എങ്ങനെയാണ് അന്തരാത്മാവിൽ മാറ്റങ്ങൾ വരുത്താൻ കഴിയുന്നത്...???"
"ഹാ... നല്ല ചോദ്യം മഹേഷ്... പക്ഷെ ... ഈ ചോദ്യത്തിൽ തന്നെ ഉത്തരത്തിലേക്കുള്ള കച്ചിത്തുരുമ്പും കിട്ടുന്നതാണ്..." മാറ്റങ്ങൾ ".....' പരിണാമം'... ഈ ചെറിയ മണൽത്തരികളിൽ തുടങ്ങി മനുഷ്യരിലും, ഗ്യാലക്സിയിലും വരെ ദർശിക്കാവുന്നതാണ് ,മാറ്റത്തിന്റെ അഥവാ പരിണാമത്തിന്റെ രസതന്ത്രം! നീയും ഞാനുമെല്ലാം ഒന്നിലൂടെ അല്ലെങ്കിൽ മറ്റൊന്നിലൂടെ കടന്ന് പൊയ്ക്കൊണ്ടേയിരിക്കുന്നു... അതിന്റെ തത്വം മറ്റൊന്നും തന്നെയല്ല ,ഒന്ന് മറ്റൊന്നിനോട് ഒരു പ്രത്യേക സമയം ,പ്രത്യേക അനുപാതത്തിൽ കൂടി ചേർന്നാൽ ഒരു പുതിയ സൃഷ്ടിയോ അല്ലെങ്കിൽ അവയിലൊന്നിന് ഭാവമാറ്റമോ .... രൂപ മാറ്റമോ സംഭവിക്കാം... നീതുവിന് സംഭവിച്ചതും അത് തന്നെയാണ്! "
പ്രൊഫസറുടെ വാക്കുകൾ മഹേഷിന്റെ ചിന്തകൾക്കുമധീതമായി കാട് കയറിക്കൊണ്ടേയിരുന്നു.മഹേഷിന് അജ്ഞാതമായ ശക്തികളിൽ പണ്ട് മുതൽക്കേ താൽപ്പര്യം കൂടുതലായിരുന്നു. പലപ്പോഴും എന്നോടൊപ്പം അവന്റെ ചിന്തകളെല്ലാം പങ്ക് വച്ചു കൊണ്ടേയിരുന്നു. ഈ സംഭവങ്ങൾ ചൈനയിൽ നടന്നുകൊണ്ടിരിക്കുന്ന സമയം ഓരോ ദിവസത്തെയും സംഭവ വികാസങ്ങൾ എന്നോട് പറഞ്ഞ് കൊണ്ടേയിരുന്നു. അവന്റെ ജീവിതത്തിലെ ആദ്യാനുഭവം.!
"പ്രൊഫസർ... എനിക്ക് വസ്തുതകൾ ഗ്രഹിക്കാൻ കഴിയുന്നുണ്ട്, എങ്കിലും ... ആ തീ ഗോളം എങ്ങനെയുണ്ടായി? അതിന്റെ ഉത്ഭവം..?"
" അതിന്റെ ഉത്ഭവം .... ഭയപ്പെടുത്തുന്ന ആ തീഗോളത്തിന്റെ ഉത്ഭവം.. അത് നിനക്കറിയണോ....അതിപ്പോൾ നിനക്കരികിൽ തന്നെയുണ്ട്...! "..
പ്രൊഫസർ മഹേഷിന്റെ അരികിൽ വച്ചിരുന്ന അസ്ഥിപഞ്ചരങ്ങളിലേക്ക് വിരൽ ചൂണ്ടി കൊണ്ട് ഉച്ചത്തിൽ പറഞ്ഞു...
മഹേഷ് അത് കേട്ട് ഞെട്ടിത്തരിച്ചു....!
തുടരും....
-----
"ആത്മാവ്,.... ആത്മാവുമായി ഇണ ചേരുന്നുണ്ട്... ഒന്ന് മറ്റൊന്നിനെ കീഴ്പ്പെടുത്തുന്നുമുണ്ട്... ഇരുളിൽ സാന്ത്വനം തേടുന്ന നനുത്ത ആത്മാക്കൾ...!"
#പ്രേമവും #പ്രേതവും ( സംഭവ കഥ )
part 6-അവസാന ഭാഗം
#കൽപ്പാന്തകൻ🤘🏽 -
നൂറ്റാണ്ടുകൾ പഴക്കം ചെന്ന ദ്രവിക്കാത്ത നേർത്ത മനുഷ്യചർമ്മത്തിൽ പൊതിഞ്ഞ അസ്ഥിപഞ്ചരത്തെ മഹേഷ് വളരെ ഭയത്തോടെ പാളി നോക്കി...
" ഈ അസ്ഥികളിൽ നിന്നുമോ ഭയപ്പെടുത്തുന്ന തീഗോളം ഉത്ഭവിക്കുന്നത്...?
എനിക്ക് ചിന്തിക്കാൻ കൂടി കഴിയുന്നില്ല പ്രൊഫസർ.. "
"അതൊരു ശാസ്ത്രമാണ് മഹേഷ്... തെളിയിക്കപ്പെട്ട ശാസ്ത്രം..! ഒരു പ്രകാശവാഹകൻ നമ്മുടെ അന്തരീക്ഷത്തിൽ വിലയം കൊള്ളുന്നുണ്ട്.... നാമറിയാതെ നമുക്കു ചുറ്റും... കറങ്ങി തിരിയുന്നുണ്ട്... ചില രാത്രികളിൽ അത് ഭയാനകമായ രൂപം കൊള്ളും , അഗ്നിവാഹകനാകും... "
പ്രൊഫസറുടെ വാക്കുകൾ മഹേഷിനെ തെല്ല് ഭയപ്പെടുത്തി..
" പ്രൊഫസർ... അതിനെക്കുറിച്ച്... അത് എങ്ങനെയുണ്ടാകുന്നു എന്നതിനെക്കുറിച്ച് പറയൂ... ഇതെന്ത് തരം നിഗൂഢതയാണ്....??"
"ഭയക്കേണതില്ല മഹേഷ്... രാത്രികാലങ്ങളിൽ കറുത്ത മേഘങ്ങളാൽ ആകാശം മൂടുമ്പോൾ അന്തരീക്ഷം ചൂടുപിടിക്കും. ആ സമയത്ത് മണ്ണുമായി ചേർന്ന് കിടക്കുന്ന അസ്ഥികളിൽ നിന്ന് വെളുത്ത ഫോസ്ഫറസ് വായുവിലെ ഓക്സിജനുമായി സമ്പർക്കത്തിലേർപെട്ട് തെളിഞ്ഞ പ്രകാശം പുറപ്പെടുവിക്കുന്നു.!
മനുഷ്യ അസ്ഥികളിൽ ഇത്തരം ഫോസ്ഫറസ് ധാരാളം അടങ്ങിയിരിക്കുന്നു! ആ ശ്മശാന തുല്യമായ വന പ്രദേശത്ത് നിന്നും രാത്രി കാലങ്ങളിൽ തീഗോളമുണ്ടാകുന്നത് ഇങ്ങനെയാണ് "...
"അവിശ്വസനീയം.... പ്രൊഫസർ... പണ്ടെപ്പോഴോ ഞാനിതിനെക്കുറിച്ച് കേട്ടിട്ടുണ്ട്.... പക്ഷെ ഇപ്പോൾ വിശ്വാസമായി... ഓഹ്... ഗോഡ്.... "
മഹേഷിന്റെ വാക്കുകളിൽ അത്ഭുതം. കണ്ണുകളിൽ തിളക്കം.
"മഹേഷ് .... ഇപ്പോൾ മനസ്സിലായി കാണുമല്ലോ..അവളെ ആ രാത്രി വേളയിൽ ഭയപ്പെടുത്തിയ അജ്ഞാത ശക്തിയുടെ പിന്നിലെ രഹസ്യം.. "
അൽപ്പ സമയത്തെ നിശബ്ദതയ്ക്ക് വിരാമമിട്ട് പ്രൊഫസർ തല കുലുക്കി ചിരിച്ച് കൊണ്ട് പറഞ്ഞു...
" ആ നിഘൂടതയുടെ പേരറിയണോ മഹേഷ്..??" "പ്രകാശ വാഹകൻ "....! അതാണ് യഥാർത്ഥ നാമം "
ഗ്രീക്ക് ഭാഷയിൽ ഫോസ് എന്നതിന് ‘പ്രകാശം’ എന്നും ഫൊറസ് എന്നതിന് ‘വാഹകന്‍’ എന്നുമാണ് അര്‍ത്ഥം. ഇതില്‍ നിന്നാണ് ഫോസ്ഫറസ് എന്ന നാമത്തിന്റെ ഉല്‍ഭവം. നൈട്രജനില്‍ നിന്നും വ്യത്യസ്തമായി പ്രവര്‍ത്തനശേഷി കൂടിയ ഒരു മൂലകമാണിത്. അതു കൊണ്ടുതന്നെ പ്രകൃതിയില്‍ ഇത് സ്വതന്ത്ര രൂപത്തില്‍ കാണപ്പെടുന്നേയില്ല!
ജീവകോശങ്ങളിലെ DNA, RNA യിലെയും മുഖ്യ ഘടകം കൂടിയാണീ പ്രകാശ വാഹകൻ..."
മഹേഷ് ആ തീഗോളത്തിന്റെ രഹസ്യം അറിഞ്ഞതോടു കൂടി തെല്ലൊന്ന് ആശ്വസിച്ചു.പക്ഷെ അവന്റെ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരമായിരുന്നില്ല അത്.! ചോദ്യങ്ങൾ അവശേഷിച്ചു കൊണ്ടേയിരുന്നു...
" പക്ഷെ... ആ പിശാചിന്റെ മുഖമുള്ള കാട്ട് നായ...?? അതെങ്ങനെയാണ് അവിടെ എത്തപ്പെട്ടത്..? അത് ഞങ്ങളെ ഭയപ്പെടുത്തിക്കൊണ്ടേയിരുന്നു... "
" മഹേഷ്.... കാട്ട് നായ മാത്രമല്ല ....ചെന്നായ്ക്കളും മറ്റ് വന്യ ജീവികളും ആ ചതുപ്പ് പ്രദേശത്ത് വന്ന് പോകാറുണ്ട്. അവയുടെയെല്ലാം കാൽപ്പാദം പതിഞ്ഞ ഉണങ്ങിയ ചെളിമണ്ണ് അവിടെ കാണാം..."
" പക്ഷെ ...പ്രൊഫസർ ,ആ കാട്ട് നായ ഞങ്ങളിരുവരേയും ആ സമയത്ത്... തിരഞ്ഞ് പിടിച്ച് ആക്രമിച്ചു. "
".. അത് ശരിയായിരിക്കാം....കാരണം നിങ്ങളിരുവരും ദീർഘ സമയമം ചിലവഴിച്ച ആ കുറ്റിക്കാട്ടിൽ മണ്ണിനടിയിൽ ഭാഗീകമായി മൂടപ്പെട്ട മനുഷ്യ അസ്ഥികൾ ധാരാളമുണ്ട്. ആ കാട്ടുനായ സ്ഥിരം അവ മണ്ണിനടിയിൽ നിന്ന് ചികഞ്ഞ് ഭക്ഷിച്ചിരിക്കാം... നിങ്ങളെ അപ്രതീക്ഷിതമായി അവിടെ കണ്ടപ്പോൾ ആ നായ ശത്രുത പുലർത്തുക സ്വാഭാവികം മാത്രമാണ്..."
"അപ്പോൾ പ്രൊഫസർ പറഞ്ഞ് വരുന്നത്.... അവളിൽ പ്രക്യത്യാധീതമായ ശക്തികൾ യാതൊന്നും തന്നെയില്ല എന്നാണോ??"
മഹേഷിന്റെ ചോദ്യം കേട്ട പ്രൊഫസറിന്റെ മുഖം മ്ലാനമായി. ആ മുഖഭാവത്തിലൂടെ മഹേഷ് സഞ്ചരിച്ചു.ഇനിയുമെന്തോ ചോദ്യങ്ങൾ അവശേഷിക്കുന്നു...
" മഹേഷ് ... എന്നോട് ക്ഷമിക്കണം... നീതുവിന് ബാധിച്ചിരിക്കുന്നത് അപകടകരമായ മറ്റൊരു ശക്തിയാണ്...!"
മഹേഷ് പ്രതീക്ഷിച്ചിരുന്ന വാക്കുകളാണ് പ്രൊഫസറിൽ നിന്നും അറിഞ്ഞത്! അതിന് കാരണം അവരുടെ സ്വകാര്യവേളയിൽ എല്ലാത്തിനുമുപരി നീതുവിന്റെ സ്വഭാവത്തിലുണ്ടായ വ്യത്യാനം. വന്യമായ രതി പ്രകടനം.... അതിനുത്തരമായി പ്രൊഫസർ പറഞ്ഞത്
'അടിച്ചമർത്തപ്പെട്ട ഏതോ അത്യാംകാംക്ഷയുടെ ബഹിർപ്രകടനമാണ് അവളിൽ ലൈഗിക വേളയിൽ മഹേഷിന് അനുഭവപ്പെട്ടത് എന്നതാണ് '...
പക്ഷെ മഹേഷിന് ആ വാക്കുകൾ വിശ്വസനീയമായിരുന്നില്ല. കാരണം മറ്റാരേക്കാളും നീതുവിനെ അവനറിയാം. രണ്ട് വർഷത്തെ പ്രണയം, രണ്ട് ജൻമങ്ങൾക്കു മധീതമായിരുന്നു... അവളുടെ ഓരോ ചലനങ്ങളും അവന് മന:പാഠമായിരുന്നു., ആ ശ്മശാനത്ത് എത്തപ്പെടുംവരെ....
"എനിക്കറിയാം പ്രൊഫസർ.... അവളിൽ എന്തോ ബാധിച്ചിരിക്കുന്നു... അവൾ അതിന് ശേഷം ഉച്ചത്തിൽ സംസാരിച്ചത് എന്റെ കാതുകളിൽ ഇപ്പോഴും മുഴങ്ങുന്നുണ്ട്... ഏതോ പ്രാക്രിതമായ ഭാഷ... ജീവിതത്തിൽ ഒരിക്കൽ പോലും അവൾ കേട്ടിട്ടില്ലാത്ത ഭാഷ അതെങ്ങനെ അവൾക്ക് സംസാരിക്കാൻ കഴിയും????
മഹേഷ് നിസംഗതനായി ,കൂടുതൽ അക്ഷമനായി പ്രൊഫസറുടെ മുഖത്ത് നോക്കി നിന്നു....
" ഇനിയും ഞാനത് പറയാതിരിക്കുന്നതിൽ അർത്ഥമില്ല.... അവളുടെ സംഭാഷണം റെക്കോർഡ് ചെയ്യപ്പെട്ടവേളയിൽ... അവൾ ഇടയ്ക്കിടെ പ്രാചീനമായ ഒരു ചൈനീസ് ഭാഷ ഉച്ചത്തിൽ സംസാരിക്കുന്നുണ്ടായിരുന്നു... ആ സംഭാഷണം ഞാൻ ഇവിടെയുള്ള ഒരു ഭാഷാവിദഗ്ദൻ വഴി മനസ്സിലാക്കി... ആശ്ചര്യമെന്ന് പറയട്ടെ ആ ശൈലിയും ഭാഷയും തികച്ചും മിയാവോ ഗോത്രത്തിന്റെയായിരുന്നു...!!! "...
"അവൾ ആ ഭാഷയിലൂടെ അവ്യക്തമായി പറഞ്ഞിരുന്നത് ഇതാണ്.. "
"എന്റെ ശരീരവും ആത്മാവും മാത്രമല്ലയീ മണ്ണിൽ ..... അകാലത്തിൽ കൊഴിഞ്ഞ അടങ്ങാത്ത പ്രണയത്തിന്റെ ചുടു രക്തവും അലിഞ്ഞിരിക്കുകയാണ്... ആ ദാഹം ഞാൻ ഇവളിലൂടെ നിറവേറ്റും..! അതിലൂടെ എന്റെ ആത്മാവിന് മോക്ഷം ലഭിക്കട്ടെ.... മോക്ഷം...".!"
പ്രൊഫസർ ആ റെക്കോർഡ് ചെയ്യപ്പെട്ട പ്രാകൃത ഭാഷ മഹേഷിനെ കേൾപ്പിക്കവേ നീതുവിന്റെ മാതാപിതാക്കൾ അവിടെയെത്തി.അവർ നീതുവിനെ ഒരു വേള നോക്കി, ദീർഘമായി നെടുവീർപ്പിട്ടു. അവളുടെ അമ്മ പ്രൊഫസറെ നോക്കി തൊഴുകെയ്യോടെ പറഞ്ഞു...
" എന്റെ മകൾക്ക് എന്താണ് സംഭവിച്ചത്...എന്റെ മകളെ നാട്ടിലേക്ക് കൊണ്ട് പോകാൻ അനുവധിക്കണം... "
പ്രൊഫസർ ക്ഷമയോടെ അവരുടെ വാക്കുകൾ കേട്ട് കൊണ്ടിരുന്നു. അതിന് ശേഷം അവരെ സമാധാനിപ്പിച്ച് അവരുടെ റൂമിലേക്ക് കൂട്ടികൊണ്ട് പോയി...
അതിന് ശേഷം മഹേഷിനെയും കൂട്ടി വിശാലമായ ക്യാമ്പസ് ഉദ്യാനത്തിലെ ശാന്തമായ അന്തരീക്ഷത്തിൽ പ്രൊഫസർ ചില ഞെട്ടിക്കുന്ന രഹസ്യങ്ങൾ അവനോട് വെളിപ്പെടുത്തി.
"നീതുവിന് അവളെ ബാധിച്ചിരിക്കുന്ന കറുത്ത ശക്തിയിൽ നിന്നും മോചിപ്പിക്കുന്നത് വരെ അവൾക്ക് ഈ ക്യാമ്പസ് വിടാൻ സാധ്യമല്ല.! അതോടൊപ്പം മഹേഷ്... താൻ... ഇനിയൊരിക്കലും അവളെ കാണാനും പാടില്ല."!
വിചിത്രമായ ആ നിബദ്ധന കേട്ട് മഹേഷ് സ്തംഭിച്ചു നിന്നു. പഠനം പാതി വഴിയിൽ ഉപേക്ഷിക്കുക., എല്ലാറ്റിനും ഉപരി അവന്റെ പ്രിയപ്പെട്ടവളെ ഉപേക്ഷിക്കുക... ശൂന്യകാശത്ത് നിന്നും ഭൂമിയിലേക്ക് ചുഴറ്റിയെറിയപ്പെട്ട കൊള്ളിയാൻ പോലെ അവന്റെ ഹൃദയം വിറങ്ങലിച്ചു...
"അതെനിക്ക് സാധ്യമല്ല പ്രൊഫസർ... "
അവൻ തേങ്ങിക്കൊണ്ട് പറഞ്ഞു...
" ഞാൻ എല്ലാം ഉപേക്ഷിക്കാം.. പക്ഷെ അവളെ ഈ നിലയിൽ ഇട്ടിട്ട്.....ഞാനെങ്ങോട്ടുമില്ല... ഇതിനെല്ലാം കാരണം ഞാനാണ് ഞാൻ മാത്രം."
ആർത്ത് പെയ്യാൻ വിതുമ്പിയ കാർ മേഘങ്ങളെ പോലെ മഹേഷ് ഉച്ചത്തിൽ കരയാൻ തുടങ്ങി... അവന്റെ സകല നിയന്ത്രണങ്ങളും നഷ്ടപ്പെട്ടിരുന്നു.
" മഹേഷ്... നീതുവിനെ ബാധിച്ചിരിക്കുന്നത് നിസാരമായ ഒന്നല്ല. അതൊരു രീതിയിൽ പറഞ്ഞാൽ ചിത്തഭ്രമവുമല്ല.! അരുതാത്തതെന്തോ സംഭവിച്ചിരിക്കുന്നു.
അവളുടെ പ്രാകൃതമായ സംഭാഷണത്തിലുടനീളം ആത്മാവിന്റെ മോക്ഷം എന്ന് പരാമശിച്ചിരുന്നു. പരമ്പരാഗത മിയാവോ ഗോത്രത്തെക്കുറിച്ചും അവരുടെ മോക്ഷ തലങ്ങളെക്കുറിച്ചും ആഴത്തിൽ ഒരു ഗവേഷണം തന്നെ എനിക്ക് നടത്തേണ്ടതുണ്ട്. ഇനിയുള്ള അവശേഷിക്കുന്ന രണ്ട് വർഷത്തിനുള്ളിൽ എനിക്കവളെ പഴയ രീതിയിലേക്ക് കൊണ്ട് വരാൻ സാധിക്കും., പക്ഷെ നീയിവിടെ നിന്നാൽ.... ? നിന്റെ സാമീപ്യം അവളിൽ ഉണ്ടാകാൻ പാടില്ല!"
മഹേഷിന് വെറുക്കപ്പെട്ട ആ വാക്കുകൾ കേൾക്കാൻ കഴിയുന്ന വിധത്തിൽ അവന്റെ മനസ്സ് പാകപ്പെടുത്തിക്കൊണ്ടിരുന്നു. അവന്റെ ചിന്തകൾ മരവിച്ചു തുടങ്ങിയിരുന്നു.
" പ്രൊഫസർ...ഞാൻ നീതുവിനൊപ്പം ഇവിടെ പഠിച്ചാൽ എന്താണ് കുഴപ്പം?"
" മഹേഷ്... സമചിത്തതയോടെ കേൾക്കുക... അവളെ സംമോഹനത്തിന് വശംവദയാക്കിയപ്പോൾ അവളുടെ ബോധ മനസ്സിൽ നിങ്ങൾ ആ കാട്ടിൽ പോകുന്നവരെയുള്ള കാര്യങ്ങളേ തങ്ങിയിട്ടുള്ളു. പിന്നീട് സംഭവിച്ചതൊന്നും സ്വബോധത്തോട് കൂടിയായിരുന്നില്ല! ഇരുൾ പകലിനെ വിഴുങ്ങിയ ആ സമയത്ത് അവളുടെ ആത്മാവിനെയും അജ്ഞാതമായ ഏതോ ശക്തി കീഴ്പ്പെടുത്തിയിരുന്നു.!"...
" പക്ഷെ.... ഞാനിവിടെ നിന്നാൽ അവൾക്കെന്ത് പ്രശ്നമാണുണ്ടാകുന്നത്?
" നോക്കൂ... മഹേഷ്., താൻ നന്നേ ചെറുപ്പമാണ്. കാര്യങ്ങൾ ഒരൽപ്പം പ്രാക്ടിക്കലായി കാണാൻ ശ്രമിക്കൂ... ഇനിയും നീയിവിടെ നിന്നാൽ അവളെ ചികിത്സിച്ച് ഭേതപ്പെടുത്താൻ പ്രയാസമാണ്. നിന്റെ ചർമ്മത്തിന്റെ നേരിയ ഗദ്ധം പോലും അവളെ പഴയ നിലയിലേക്ക് എത്തിക്കും."
മഹേഷിന്റെ സാമീപ്യം അവളെ കൂടുതൽ പ്രശ്നത്തിലേക്കും,സങ്കീർണ്ണമായ ഒരു അവസ്ഥയിലേക്കുമെത്തിക്കുമെന്ന ഒരു അവബോധം പ്രൊഫസറുടെ വാക്കുകളിലൂടെ അവന് ബോധ്യപ്പെട്ടു.അതേ സമയം മഹേഷിന്റെ അച്ചനെ ക്യാമ്പസ് മേധാവികൾ വിവരങ്ങൾ അറിയിച്ചതിനെ തുടർന്ന് അദ്ധേഹവും അവിടെ എത്തപ്പെട്ടു.സംഭവത്തിന്റെ ഗൗരവം ക്യാമ്പസ് തലപ്പത്ത് ഒരഴിച്ച് പണിക്ക് വരെ കാരണമായി. രണ്ട് ദിവസത്തിനുള്ളിൽ തന്നെ മഹേഷിനെ തിരിച്ച് നാട്ടിലെത്തിക്കുന്നതിനുള്ള നടപടികളെല്ലാം ക്യാമ്പസ് മേധാവികൾ ഒരുക്കിയിരുന്നു. ചൈന വിടുന്നതിന് മുൻപായി അവസാനമായി നീതുവിനെ ഒരു നോക്ക് കാണണമെന്ന് മഹേഷ് പ്രൊഫസർ സ്റ്റീഫനോട് ആവശ്യപ്പെട്ടു.
നനുത്ത മഞ്ഞ് കണങ്ങൾ മൂടിയ ഒരു പ്രഭാതം. മഹേഷ് തന്റെ യാത്രക്കുള്ള തയ്യാറെടുപ്പുകൾക്ക് ശേഷം, പ്രൊഫസറുടെ നിർദ്ധേശ പ്രകാരം ക്യാമ്പസിന്റെ മദ്ധ്യഭാഗത്തെ വിശാലമായ ഉദ്യാനത്തിൽ വളരെ ദൂരെ നിന്ന് നീതുവിനെ കണ്ടു.
അവളുടെ വേഷം തൂവെള്ള നിറമുള്ള ഒരു നീളൻ ഫ്രോക്കായിരുന്നു. ആ വേഷത്തിൽ അവളെ ഒരു മാലാഖയെപ്പോൽ തോന്നിപ്പിച്ചു. മഞ്ഞിന്റെ ഈർപ്പഭാരത്താൽ കൊഴിഞ്ഞ് വീണു കൊണ്ടിരുന്ന ചുവന്ന പൂക്കളുടെ ഭംഗിയാസ്വദിച്ചവൾ വളരെ ശാന്തമായി ആ വഴിത്താരയിൽ നിൽക്കുകയായിരുന്നു... ആഴം കാണാത്ത അവളുടെ ചിന്തകളിൽ അവനോടുള്ള പ്രണയത്തിന്റെ നങ്കൂരം എവിടെയോ നഷ്ടപ്പെട്ടിരുന്നു.,.
അവളുടെ ചിന്തകളിൽ അവൻ അവശേഷിക്കുന്നില്ല!
മഹേഷ് ഏതാനും സമയം അവളെ അങ്ങനെ നോക്കി നിന്നു...ഇറ്റിറ്റ് വീണ മഞ്ഞിൻ കണങ്ങൾക്കൊപ്പം അവന്റെ കണ്ണുനീരും ഉറഞ്ഞുരുകി മണ്ണിനോട് ചേർന്നു....
അവനിപ്പോൾ മഞ്ഞിൽ നിന്നും ആത്മാക്കളുടെ നേർത്ത മന്ത്രണം കേൾക്കാം... അവ അവന്റെ കാതുകൾക്ക് കേൾക്കാൻ മാത്രമായി രഹസ്യമായി മന്ത്രിക്കുന്നുണ്ട്! ഇടയ്ക്കിടെ ആർത്തട്ടഹസിക്കുന്നുണ്ട്! മേഘശകലം പോലെ മൂടൽമഞ്ഞിന്റെ സാന്നിധ്യം അവനെ മെല്ലെ പൊതിഞ്ഞു. അവൻ ഏതോ ചിന്തകളിൽ അമർന്നു പോയ ആ നിമിഷം അവനെ പ്രൊഫസർ പിന്നിൽ നിന്നും തട്ടി വിളിച്ചു,...
"വരൂ മഹേഷ്... എല്ലാം വിധിയെന്ന് കരുതി സമാധാനിക്കൂ....പുറത്ത് കാർ വന്നിരിക്കുന്നു. ഫ്ലെറ്റിനുള്ള സമയം അടുത്തു തുടങ്ങി... "
അവൻ ഒരു മാത്ര കൂടി അവളെ പിൻതിരിഞ്ഞ് നോക്കി...
ആത്മാക്കളുടെ ദീർഘനിശ്വാസങ്ങൾ ഒളിപ്പിച്ചു വച്ചിരിക്കുന്ന ഒരിടമായി ,അവൾക്കു ചുറ്റും മൂടൽമഞ്ഞ് പൊതിഞ്ഞിരുന്നു....
-ശുഭം -🤘🏽
----------------- ----------------
ഈ കഥ പ്രണയിച്ച് കൊതിതീരാത്ത, ഏതോ അജ്ഞാത തലത്തിൽ വസിക്കുന്ന ആത്മാക്കൾക്കായ് സമർപ്പിക്കുന്നു....
“നാം ഏഴാകാശങ്ങളില്‍ ഏറ്റവും താഴത്തെ ആകാശത്തെ നക്ഷത്രങ്ങള്‍കൊണ്ട് അലങ്കരിച്ചിരിക്കുന്നു. നക്ഷത്രങ്ങളെ പിശാചിനെ എറിയാനുള്ള അസ്ത്രങ്ങളാക്കുകയും ചെയ്തിരിക്കുന്നു.” ഖുറാൻ (67/5)
--------🤘🏽 ----------
"പൊടി [അവന്‍റെ ശരീരം] പണ്ടു ആയിരുന്നതുപോലെ ഭൂമിയിലേക്കു തിരികെ ചേരും; ആത്മാവു അതിനെ നല്‌കിയ ദൈവത്തിന്‍റെ അടുക്കലേക്കു മടങ്ങിപ്പോകും.”
12:7 ബൈബിൾ🤘🏽
----------- -----------
വളരുക എന്നര്‍ഥം വരുന്ന 'ബൃഹ്' ധാതുവില്‍നിന്നാണ് 'ബ്രഹ്മം' എന്ന പദത്തിന്റെ ഉത്പത്തി. യാതൊന്നില്‍നിന്നാണോ പ്രപഞ്ചം വളര്‍ന്നു വികസിച്ചിട്ടുള്ളത് അതാണ് ബ്രഹ്മം. ഇതില്‍നിന്ന് പ്രപഞ്ചത്തിന്റെ അടിസ്ഥാനം ബ്രഹ്മമാണെന്നു സിദ്ധിക്കുന്നു. ഈ ബ്രഹ്മം തന്നെയാണ് നാം ഓരോരുത്തരിലും കുടികൊള്ളുന്ന ആത്മാവ്.!
#അഹം #ബ്രഹ്മാസ്മി🤘🏽
ഉപനിഷത്ത്
------------ -----------
#കൽപ്പാന്തകൻ
( ഒരു സംഭവ കഥയുടെ അടിസ്ഥാനത്തിൽ രൂപപ്പെടുത്തിയത്)
Comments
Post a Comment