നാഗ മൂക്കുത്തി
❤നാഗമൂക്കുത്തി❤
ഫുൾ പാർട്ട്
ശീൽക്കാരശബ്ദത്തോടുകൂടി ആ സ്വർണ്ണനാഗം ആതിരയുടെ പാദങ്ങളിലൂടെ ഇഴഞ്ഞു മുകളിലോട്ടു കയറി. നഗ്നമായ വയറിനെ ചുറ്റിവരിഞ്ഞു അതവളുടെ മുഖത്തിനു അഭിമുഖമായി ഫണം വിടർത്തി നിന്നു. ഉറുമി ചുഴറ്റും പോലെ അതിടയ്ക്കിടയ്ക്ക് നാക്കു പുറത്തേക്കിട്ടുകൊണ്ടിരുന്നു. ഒരു വിറയലോട് കൂടി അവൾ ഞെട്ടി എഴുന്നേറ്റു. അതു വെറും സ്വപ്നമായിരുന്നു എന്ന് മനസ്സിലാക്കികൊണ്ട് അവൾ ദീർഘമായി ഒന്ന് ശ്വസിച്ചു.
തുറന്നിട്ട ജാലകത്തിലൂടെ മുറിയിലേക്ക് പതിഞ്ഞ ചന്ദ്രശോഭയിൽ അവളുടെ മുഖം കൂടുതൽ പ്രകാശിച്ചു. കർണ്ണപടത്തിനു താഴെ പൊട്ടിമുളച്ച വിയർപ്പുകണം അവളുടെ ഭയത്തിന്റെ ആഴം വ്യക്തമാക്കി. അടുത്തു കിടന്നുറങ്ങുന്ന മുത്തശ്ശിയെ ഉണർത്താതെ അവൾ കട്ടിലിൽ നിന്നും ജനലരികിലേക്ക് നടന്നു. തുരുമ്പു പിടിച്ചു തുടങ്ങിയ ജനൽ കമ്പികളിൽ പിടിച്ചു ആതിര പുറത്തേക്കു നോക്കി.
പൗർണ്ണമിയുടെ സൗരഭ്യത്താൽ സുന്ദരനായിരിക്കുന്ന നിലാവട്ടം അതേ പ്രതീതിയോടു കൂടിതന്നെ കോലോത്തെ കുളത്തിലും പ്രതിഫലിച്ചു കാണാം. കുളത്തിന്റെ കൽഭിത്തികളിൽ മുളച്ചു നിൽക്കുന്ന പുൽച്ചെടികളിൽ സ്വർണ്ണം വിതറിയ പോലെ മിന്നാമിന്നി കൂട്ടം. കുളത്തിന്റെ വലതു വശത്തേക്ക് അല്പം മാറിയാൽ നാഗത്തറയാണ്. ചന്ദ്രവെളിച്ചം അവിടെ നിഷിദ്ധം ആണെന്ന് തോന്നിച്ചു. സന്ധ്യക്ക് കത്തിച്ചു വെച്ച കൽവിളക്ക് ഇപ്പോഴും കെടാതെ നിന്ന് കത്തുന്നു. അതിന്റെ പ്രകാശത്തിൽ മഞ്ഞളിൽ കുളിച്ച ഒരു നാഗ വിഗ്രഹം മാത്രം കണ്ണിൽ ഉടക്കി. ബാക്കിയുള്ളവ ഇരുട്ടിൽ മൂടപ്പെട്ടു.
പെട്ടെന്ന് തോളിൽ പതിഞ്ഞ കൈ തട്ടി മാറ്റി അവൾ ഞെട്ടി തിരിഞ്ഞു.
"എന്താ കുട്ട്യേ നിനക്കു ഉറക്കൊന്നുല്ല്യേ..."
മുത്തശ്ശി,
വീണ്ടും ദീർഘനിശ്വാസം എടുത്തു കൊണ്ട് അവൾ കട്ടിലിൽ വന്നു ഇരുന്നു...
"എന്താ മോളെ നിനക്കു പറ്റ്യേ... വല്ലതും കണ്ടു പേടിച്ചോ നിയ്യ്..."
"ഒന്നൂല്ല്യ.... മുത്തശ്ശി... സ്വപ്നത്തിൽ ഒരു സ്വർണ്ണ സർപ്പം..."
അപ്പോഴും അവളുടെ മുഖത്തു ഭയം കരിനീലിച്ചു കിടന്നിരുന്നു.
"കിടക്കണേനു മുൻപ് ഈശ്വരനാമം ജപിക്കണംന്ന് പറഞ്ഞിട്ടില്ല്യേ... നാളെ കാവിൽ നൂറും പാലും ചെയ്യാമെ... എന്റെ കുട്ട്യേ കാത്തോണേ...."
മുത്തശ്ശി അവളുടെ മുടിയിഴയിൽ തഴുകി കൊണ്ടിരുന്നു. ഉത്തരത്തിലേക്കു നോക്കി അങ്ങനെ കുറച്ചു നേരം ചിന്തകളിലൂടെ മറ്റൊരു ലോകത്തേക്ക് അവൾ നടന്നു തുടങ്ങി. ഇതിപ്പോ തുടർച്ചയായ മൂന്നാം ദിവസവും ആ സ്വർണനാഗത്തെ സ്വപ്നം കാണുന്നു. അതിന്റെ കാരണം എത്ര ആലോചിച്ചിട്ടും അവൾക്ക് പിടികിട്ടുന്നില്ല. വലിയ വൃക്ഷത്തിന് ചുവട്ടിട്ടുള്ള നാഗപുറ്റ് അതിൽ നിന്നാണ് ആ സ്വർണ്ണനാഗം ഇറങ്ങി വന്നത്. അവൾ കണ്ട സ്വപ്നത്തെ ഒന്നുകൂടി പരിശോധിച്ചു. പുറ്റിനുള്ളിലെ തിളക്കം. അവൾ സ്വപ്നത്തെ കൂടുതൽ സൂക്ഷ്മമായി നീരിക്ഷിച്ചു. ഒന്നിനുമേൽ ഒന്നായി പിണഞ്ഞു കിടന്നു ഇഴയുന്ന നാഗകൂട്ടത്തിനു മധ്യത്തിൽ തിളങ്ങുന്ന നീല കല്ലു വെച്ച മൂക്കുത്തി. അതെ അവളുടെ സ്വപ്നത്തിന്റെ ഉത്ഭവം അത് തന്നെയാണ് നീല കല്ലുവെച്ച മൂക്കുത്തി.
തുടരും....
#നാഗമൂക്കുത്തി 2
അവൾ വീണ്ടും ഇന്നലെകളിലേക്ക് സഞ്ചരിച്ചു. രണ്ടുദിവസം മുൻപാണ് പഴയ ഓട്ടുവിളക്ക് എടുക്കാൻ മച്ചിൻ മുകളിലേക്ക് കയറിയത്. കോലോത്തെ പഴയ പാത്രങ്ങളും ഉപയോഗമില്ലാത്ത കുറെ മരഉരുപ്പടികളും കൊണ്ട് മച്ചിൻപുറം നിറഞ്ഞിരിക്കുകയായിരുന്നു. ഓട്ടുവിളക്കിനരികിലായി അലസമായി ചാരിവെച്ചിരുന്ന ഒരു ജലഛായ ചിത്രം അവളുടെ കണ്ണുകളെ വല്ലാതെ ആകർഷിച്ചു. കോലോത്തെ ഏതോ തമ്പുരാട്ടി കുട്ടീടെ ചിത്രം. ലേശം പൊടി പിടിച്ചിട്ടുണ്ടെങ്കിലും പാവാട തുമ്പുകൊണ്ട് പൊടി തൂത്തു കളഞ്ഞു പ്രകാശത്തിനെതിരെ പിടിച്ചു. സൂര്യ വെളിച്ചത്തിൽ ആ ചിത്രത്തിലെ സ്ത്രീയുടെ മൂക്കിലെ മൂക്കുത്തിയും വെട്ടി തിളങ്ങി. ആ ചിത്രത്തിന് ഭംഗി കൂട്ടുന്ന നീല കല്ലുവെച്ച മൂക്കുത്തി...
അതവളുടെ മനസ്സിലും പതിഞ്ഞിരുന്നു. മുത്തശ്ശിയുടെ വിളികേട്ടാണ് അവൾ ആ ആലസ്യത്തിൽനിന്നുണർന്നത്.
സ്വപ്നകാരണം മനസ്സിലാക്കി അവളെപ്പോഴോ ഉറക്കത്തിലേക്ക് വഴുതി വീണു.
അതുപോലൊരു മൂക്കുത്തി അത് തന്നെയായിരുന്നു അവളുടെ സ്വപ്നം. പക്ഷെ ആ സ്വർണ്ണനാഗത്തിനും മൂക്കുത്തിക്കും തമ്മിലുള്ള ബന്ധമെന്താണ്. എത്ര ആലോചിച്ചിട്ടും അതിന്റെ പൊരുൾ എന്തെന്ന് അവൾക്ക് മനസ്സിലായില്ല.
അന്ന് അവൾ നേരത്തെ ഉണർന്നു.
പ്രഭാതകർമ്മങ്ങൾ പൂർത്തിയാക്കാൻ ഇതുവരെ ഇല്ലാത്ത പ്രത്യേകതരം ഊർജം. ദിവാകര ശോഭ ഭൂമിയിലേക്ക് വീണുതുടങ്ങുന്നതേ ഉള്ളൂ. ഈറൻ മുടി കുളിപ്പിന്നലിട്ടു തുളസിത്തറയിൽ നിന്നും ഒരു കതിർ നുള്ളിയെടുത്തു മുടിയിൽ ചൂടി. മുടിയിൽ നിന്നും ഇറ്റു വീണ ജലകണങ്ങൾ അവളുടെ കഴുത്തിലൂടെ തോളിലേക്ക് വഴുതിയിറങ്ങി. നീലയിൽ സ്വർണ്ണനിറമുള്ള ദാവണിയിൽ അവൾ പതിവിലും സുന്ദരിയായി.
നാട്ടുവഴിയിലൂടെ കുടുംബക്ഷേത്രത്തിലേക്ക് നടക്കുമ്പോഴും ആ മൂക്കുത്തിയായിരുന്നു അവളുടെ മനസ്സിൽ. ചൂണ്ടുവിരൽ പതിയെ മൂക്കിനെ ലക്ഷ്യം വെച്ചു നീങ്ങി. മൂക്കുത്തിയില്ലാത്ത മൂക്കിലെ സുഷിരം തുളസി തണ്ട് കൊണ്ട് അടച്ചു വെച്ചിരുന്നു.
അവൾ ക്ഷേത്രത്തിലെത്തിയപ്പോൾ ദിവാകരവെളിച്ചം ഒരു കുളിരോടുകൂടി ഭൂമിയിൽ പതിഞ്ഞിരുന്നു. ചെങ്കല്ലുകൊണ്ട് പണി കഴിപ്പിച്ച ക്ഷേത്രം പുനരുദ്ധാരണത്തിന് തയ്യാറെടുത്തു നിൽക്കുകയാണ്. വിഷ്ണു പ്രതിഷ്ഠയായ ക്ഷേത്രത്തെ വലംവയ്ക്കുമ്പോഴും നീലകല്ലുപതിച്ച ആ മൂക്കുത്തിക്ക് വേണ്ടി ആയിരുന്നു അവളുടെ പ്രാർത്ഥന. വൈകുണ്ഠനാഥന്റെ അനന്തശയനം അതായിരുന്നു ആ ക്ഷേത്രത്തിലെ പ്രതിഷ്ഠ. ക്ഷേത്രത്തിനോട് ചേർന്നു തന്നെ ചെറിയ കാവുണ്ട്. നാഗരാജാവും നാഗയക്ഷിയും വാഴുന്ന കൊച്ചു കാവ്. മുത്തശ്ശി പറഞ്ഞതനുസ്സരിച്ചു നാഗത്താന്മാർക്ക് നൂറും പാലും കഴിപ്പിച്ചു. പ്രസാദവും വാങ്ങി അവൾ കോലോത്തേക്കു നടന്നു.
ചെമ്മണ്ണ് വിരിച്ച നാട്ടുവഴിയിലൂടെ ആതിര നടന്നു. തന്നെ ആരോ പിന്തുടരുന്നത് പോലെ അവൾക്ക് തോന്നി. തനിക്കു പിന്നിൽ ഒരു കാന്തികമായ ഒരു ആകർഷണം അവൾക്കനുഭവപ്പെട്ടു. പിന്തിരിഞ്ഞു നോക്കിയെങ്കിലും അത് വെറും തോന്നൽ മാത്രമായിരുന്നു. കോലോത്തെ തിണ്ണയിൽ വെച്ചിരുന്ന കിണ്ടിയിൽ നിന്നും ദാവണി തുമ്പ് പൊക്കി കാലു കഴുകി അവൾ അകത്തേക്ക് കയറി.
മുകളിൽ തന്റെ മുറിയിൽ നിന്ന് വസ്ത്രം മാറുന്നതിനിടയിലാണ് അവിചാരിതമായി ജനൽപാളിയിലൂടെ പുറത്തേക്കു നോക്കിയത്. ഒരു നിമിഷം അവൾ നിശ്ചലയായി നിന്നു പോയി.
#നാഗമൂക്കുത്തി 3
ആതിര പതിയെ ജനലരികിലേക്ക് നടന്നു. അവളുടെ കണ്ണുകളിൽ ഭയവും ആകാംഷയും ഇടകലർന്നു മിന്നിമറഞ്ഞുകൊണ്ടിരുന്നു.
ചന്ദനക്കുറിയണിഞ്ഞ നെറ്റിത്തടം ചുളിച്ചുകൊണ്ട് കുളക്കടവിലേക്കവൾ സൂക്ഷിച്ചു നോക്കി.
അപരിചിതനായ പുരുഷ രൂപം. കാര്യസ്ഥൻ മാധവൻ നായരും പുറം പണിക്കാരൻ നാണുവും മാത്രമേ ഇപ്പോൾ കോലോത്തു പുരുഷന്മാരായിട്ടുള്ളു. ഇതവരല്ല എന്ന് ഒറ്റനോട്ടത്തിൽ തന്നെ അറിയാം. സ്വർണ്ണകരയുള്ള കസവുമുണ്ടും തോൾമുണ്ടും അണിഞ്ഞ ആ പുരുഷ രൂപം കണ്ടവൾ പകച്ചു നിന്നു. വെളുത്ത വട്ടമുഖം, തിളക്കമുള്ള നീലക്കണ്ണുകൾ, പാറിപ്പറക്കുന്ന മുടിയിഴകൾ. ആ നോട്ടത്തിന് വല്ലാത്ത കാന്തിക ഭാവം. വല്ല ഗന്ധർവനും ആകുമോ എന്നായിരുന്നു അവളുടെ പേടി.
"മോളെ........ "
മുത്തശ്ശിയുടെ വിളി കേട്ടവൾ ഞെട്ടി തിരിഞ്ഞു.
"ദാ.. വരുന്നു മുത്തശ്ശി...... "
അവളുടെ നോട്ടം വീണ്ടും കുളക്കടവിലേക്ക് തെറിച്ചു വീണു. അവളുടെ കണ്ണുകളിൽ നിരാശ നിറഞ്ഞു. തണ്ടുടഞ്ഞ താമരപ്പൂ പോലെ ആ മുഖം വാടി. ആതിരയുടെ കണ്ണുകൾ ലക്ഷ്യമില്ലാതെ അങ്ങിങ്ങായി പരതി നടന്നു.
കാവിനരികിലെ ആളനക്കം, അവളുടെ ശ്രദ്ധ അങ്ങോട്ട് തിരിച്ചു. ഒരു നിഴലോട് കൂടി ആ രൂപം അപ്രത്യക്ഷമായി. കൈവിരലുകൾ അലസമായി ചലിപ്പിച്ചു കൊണ്ട് ആതിര മുത്തശ്ശിയുടെ അടുത്തേക്ക് നടന്നു.
"എത്ര നേരായി കുട്ട്യേ... മുത്തശ്ശി വിളിക്കണൂ..."
മുത്തശ്ശി പറഞ്ഞതൊന്നും ശ്രദ്ധിക്കാതെ വിരലുകൾ ചലിപ്പിച്ചു കൊണ്ട് അവൾ പിറുപിറുത്തുകൊണ്ടിരുന്നു.
"എന്താ കുട്ട്യേ ചുമ്മാ പിറു പിറുക്കണേ... ഞാൻ പറയണത് കേക്കണുണ്ടോ നീയ്.."
മുത്തശ്ശിയുടെ ചോദ്യം കേട്ട് അവൾ ഒന്ന് ഞെട്ടി തരിച്ചു. മനസ്സിൽ അപ്പോഴും ആ പുരുഷ രൂപം ആയിരുന്നു.
"മുത്തശ്ശി... മേലെ മച്ചിന്റെ മുകളിൽ ഒരു ചിത്രം കണ്ടു.. അതാരാ.."
അടക്ക മുറിച്ചു കൊണ്ടിരുന്ന മുത്തശ്ശി ആതിരയെ ഒന്ന് നോക്കി.
"വർഷങ്ങൾക്ക് മുൻപ്, എന്റെ മുത്തശ്ശന്റെ കാലത്ത് വരച്ച ചിത്രമാണത്..എന്റെ മുത്തശ്ശൻ നല്ലൊരു ചിത്രകാരനായിരുന്നു."
മുത്തശ്ശി അഭിമാനത്തോടെ പറഞ്ഞു നിർത്തി.
"അപ്പോ ആ നീല കല്ല് വെച്ച മൂക്കുത്തി?"
"അതൊരു വലിയ കഥയാണ് കുട്ട്യേ.... "
മുത്തശ്ശിയുടെ മുഖത്ത് ഭയം നിറഞ്ഞു.....
#നാഗമൂക്കുത്തി 4
മൂക്കുത്തിയുടെ കഥ കേൾക്കാൻ ആതിര ചെവിയോർത്തിരുന്നു. അവളുടെ കണ്ണുകളിൽ ആകാംഷയുടെ പൊൻതിളക്കം വിടർന്നുനിന്നിരുന്നു. മുത്തശ്ശിയുടെ അരികിലായി ചിതലരിച്ചു കൊണ്ടിരിക്കുന്ന മരത്തൂണിൽ ചാരിയിരുന്നുകൊണ്ട് മുത്തശ്ശിയുടെ വാക്കുകൾക്കായി അവൾ കാത്തിരുന്നു.
മുത്തശ്ശിയുടെ കണ്ണുകളിലും വിശ്വാസത്തിന്റെ തിളക്കമായിരുന്നു. നീട്ടിവെച്ച വലതുകാലിന്റെ മുകളിൽ ഇടതുകാൽ വെച്ചു കൊണ്ട് മുത്തശ്ശി കഥ പറഞ്ഞു തുടങ്ങി
"എനിക്കെന്റെ മുത്തശ്ശി പറഞ്ഞു കേട്ട അറിവ് മാത്രമേ ഉള്ളൂ. ഈ കാലത്തെ കുട്ടികൾ ഇതൊക്കെ വെറും കെട്ടുകഥ ആയിട്ടേ കാണൂ."
"മുത്തശ്ശി കഥ പറ..."
ആതിര ആവേശത്തോടെ മുത്തശ്ശിയെ നോക്കി..
"പണ്ട് പണ്ട്.. പണ്ടെന്ന് പറഞ്ഞാൽ ഒരു ഇരുന്നൂറ് വർഷങ്ങൾക്ക് മുൻപ്.. ഈ കോലോത്തെ വലിയ തമ്പുരാൻ രാജശേഖര വർമ്മയുടെ കാലത്താണ് നമ്മുടെ തറവാട്ടു ക്ഷേത്രം പണികഴിപ്പിക്കുന്നത്.
ഇന്നത്തെ പോലെ ആയിരുന്നില്ല അന്ന് കോലോം.. പത്തു നൂറു പുറംപണിക്കാരും മൂന്നു നാല് കാര്യസ്ഥന്മാരും ഒക്കെ ഉള്ള ഒരു രാജകുടുംബം തന്നെ ആയിരുന്നു ഇത്. നാട്ടിലുള്ള ഏതാവശ്യവും കോലോത്തു ചോദിച്ചിട്ടേ ചെയ്യാറുള്ളു.
അങ്ങനെ തറവാട് വക ഒരു ക്ഷേത്രം പണിയാൻ തമ്പുരാൻ തീരുമാനിച്ചു. പേര് കേട്ട തച്ചന്മാരും ആശാരിമാരും ഒക്കെ കൂടി ക്ഷേത്രത്തിന്റെ പണിയും തുടങ്ങി. ദേവപ്രശ്നം വെച്ചപ്പോൾ നാഗസാന്നിധ്യമുള്ള വിഷ്ണുഭഗവാനെയാണ് മുഖ്യ പ്രതിഷ്ടയായി കണ്ടത്.
ശില്പകലകളിൽ അഗ്രഗണ്യനായിരുന്ന തച്ചന്മാരുടെ ഉളിയിലൂടെ പിറന്ന വിഗ്രഹങ്ങളെല്ലാം പ്രതിഷ്ഠയ്ക്ക് അനുയോജ്യമല്ലാത്തതായിരുന്നു. അതുകൊണ്ട് തന്നെ പ്രതിഷ്ഠാദിനം നീണ്ടു നീണ്ടു പോയി. തമ്പുരാൻ ആകെ സങ്കടത്തിലായി. ഇതിനു എന്താണ് പോംവഴി എന്ന് കാണാൻ തമ്പുരാൻ വീണ്ടും പ്രശ്നം വെപ്പിച്ചു. അത് തമ്പുരാനേയും നാട്ടുകാരെയും ഒരുപോലെ അത്ഭുത പെടുത്തി.
പുതിയ വിഗ്രഹം പണി കഴിപ്പിക്കേണ്ടതില്ലന്നും സാക്ഷാൽ വൈകുണ്ഠനാഥൻ കോലോത്തെ മണ്ണിൽ തന്നെ ഉറങ്ങുന്നുണ്ടെന്നും പ്രശ്നത്തിൽ തെളിഞ്ഞു.
അതിനുള്ള സ്ഥാനവും ഭഗവാൻ കാണിച്ചു കൊടുത്തുവത്രേ."
ഒന്ന് നിർത്തിയതിനു ശേഷം മുത്തശ്ശി വീണ്ടും കഥ തുടർന്നു.
"തറവാടിനോട് ചേർന്ന് തെക്കു കിഴക്ക് ഭാഗത്തായി 185 അടി മാറി. 18 കോൽ ആഴത്തിലും 33കോൽ വ്യാപ്തിയിലും ഒരു കുഴിയെടുക്കണം.ഭഗവാന്റെ സാന്നിധ്യം അവിടെയാണ് കാണുന്നതെന്നും
പിന്നീട് അതൊരു കുളമായി തന്നെ നിലനിർത്തണമെന്നും പ്രശ്നത്തിൽ കണ്ടത്രെ.അങ്ങനെ കുളം കുഴിക്കാനുള്ള ദിവസം നിശ്ചയിച്ചു. കർക്കിടക മാസത്തിലെ ആയില്യം നാളിൽ കുളം കുഴിച്ചു തുടങ്ങി. കോരിച്ചൊരിയുന്നമഴയെ വക വെയ്ക്കാതെ തന്നെ പണി തുടർന്നു കൊണ്ടിരുന്നു.
ആഴം കൂടുന്തോറും കുഴിയിൽ വെള്ളവും കൂടി വന്നു. അങ്ങനെ മൂന്നു ദിവസത്തെ പണിക്ക് ശേഷം... അതൊരു കുളം പൂർത്തിയാക്കി. അങ്ങനെ നാലാം നാൾ കുളത്തിൽ നിന്നും വിഗ്രഹം കണ്ടെടുത്തു. ഏഴ് പേര് ചേർന്ന് ജലത്തിനു മുകളിലൂടെ വിഗ്രഹം പൊക്കിഎടുക്കുമ്പോൾ വൈകുണ്ഠത്തിൽ അനന്തശയനം ചെയ്യുന്ന മഹാവിഷ്ണുവിനെ നേരിട്ട് കണ്ട പ്രതീതിയായിരുന്നത്രെ.
കോരിച്ചൊരിയുന്ന മഴയിൽ അരയാൾ പൊക്കമുള്ള ആ കൽവിഗ്രഹം നനഞ്ഞുകൊണ്ടിരുന്നു. അന്ന് കുഴിച്ച കുളമാണ് ഇന്നും തറവാട്ടു കുളമായി ഉപയോഗിക്കുന്നത്."
ആതിരയുടെ കണ്ണുകൾ അറിയാതെ കുളത്തിനെ ലക്ഷ്യം വെച്ചു നീങ്ങി.
"എന്നിട്ട് ബാക്കി പറ മുത്തശ്ശി..."
ആതിരയ്ക്ക് ആകാംഷ കൂടി വന്നു. അവൾ ഒന്നുകൂടി മുത്തശ്ശിയെ ചേർന്നിരുന്നു.
"അന്നൊക്കെ ക്ഷേത്രത്തിലെ ആവശ്യങ്ങൾക്ക് മാത്രമാണ് കുളത്തിലെ വെള്ളം ഉപയോഗിച്ചിരുന്നത്. വളരെ ശുദ്ധിയോടുകൂടി തന്നെയാണ് അന്നൊക്കെ കുളം പരിപാലിച്ചിരുന്നത്.വർഷങ്ങൾക്ക് ശേഷം കോലോത്തെ ഒരു തമ്പുരാട്ടി കുളത്തിൽ ചാടി ആത്മഹത്യ ചെയ്യുകയും അതോടെ കുളം അശുദ്ധമാവുകയും ചെയ്തുവത്രേ. അന്നുമുതൽ കോലോം ക്ഷയിച്ചു തുടങ്ങി.."
മുത്തശ്ശി ഒരു നിശ്വാസത്തോടെ പറഞ്ഞു നിർത്തി... ആതിരയുടെ കണ്ണുകളിൽ അറിയാതൊരു തിളക്കം ...അവൾ മുത്തശ്ശിയോടു ചോദിച്ചു..
"അപ്പൊ ആ നീലക്കല്ലുപതിച്ച മൂക്കുത്തി?"
#നാഗമൂക്കുത്തി 5
ആതിരയുടെ മനസ്സിലെ സംശയം അധികരിച്ചുകൊണ്ടേ ഇരുന്നു.
"അപ്പൊ ആ നീലകല്ലു വെച്ച മൂക്കുത്തിയും നമ്മുടെ തറവാട്ടമ്പലവും തമ്മിലുള്ള ബന്ധമെന്താ?"
"ഞാൻ പറഞ്ഞില്ല്യേ കുട്ട്യേ... എനിക്ക് കേട്ടറിവ് മാത്രേ ഉള്ളൂ... എന്നാലും ഇതിലെല്ലാം സത്യമുണ്ടെന്ന് ഞാനും വിശ്വസിക്കുന്നു.."
മുത്തശ്ശി വീണ്ടും പറഞ്ഞു തുടങ്ങി.
"അന്ന് കുളം കുഴിച്ചപ്പോൾ ഭഗവാന്റെ വിഗ്രഹത്തോടൊപ്പം തങ്കത്തിൽ തീർത്ത ഒരു നാഗബിംബവും ഉണ്ടായിരുന്നു. വട്ടത്തിൽ ചുറ്റിപിണഞ്ഞു ഫണം വിടർത്തി നിൽക്കുന്ന ഒരു സ്വർണ്ണനാഗ വിഗ്രഹം.
അതിന്റെ വായിൽ ഒരു നീല കല്ലുമുണ്ടായിരുന്നു. അത് നാഗമാണിക്യമാണെന്നും നാഗദേവതകളുടെ പിതാമഹൻ അനന്തന്റെ വായിൽ നിന്നും, ഇറ്റുവീണ ഉഗ്രവിഷമാണെന്നുമുള്ള പല കഥകളും പറഞ്ഞു കേട്ടിരുന്നു.
പക്ഷെ അത്യാഗ്രഹിയായ തമ്പുരാന്റെ വേളിക്കു ആ കല്ലിനോട് ആശ തോന്നുകയും ഭാര്യയെ അത്യധികം സ്നേഹിച്ചിരുന്ന തമ്പുരാൻ ആ ആഗ്രഹം നിറവേറ്റി കൊടുക്കുകയും ചെയ്തു... ആ കല്ലു കൊണ്ട് തമ്പുരാൻ ഒരു മൂക്കുത്തി പണിതു തമ്പുരാട്ടിക്ക് കൊടുത്തു.
പക്ഷെ മൂന്നാം നാൾ പ്രതിഷ്ഠാ ദിനത്തിന്റെ അന്ന് രാത്രി തമ്പുരാട്ടി വിഷം തീണ്ടി മരിക്കുകയും ചെയ്തു.
തമ്പുരാട്ടിയുടെ മരണകാരണം നാഗശാപം കൊണ്ടാണെന്നും ആ മൂക്കുത്തിയുടെ ഉടമസ്ഥ അവകാശം നാഗരാജാവിനാണെന്നും പ്രശ്നത്തിൽ തെളിഞ്ഞു. അതിനുള്ള പോംവഴിയായി കുളത്തിനോട് മാറി ഒരു കാവ് പണിയുകയും മൂക്കുത്തി കോലോത്തെ നിലവറയിൽ ആ സ്വർണ്ണനാഗത്തോടൊപ്പം പൂട്ടുകയും ചെയ്തു."
"അപ്പൊ ആ മൂക്കുത്തി ഇപ്പോഴും നമ്മുടെ നിലവറയിലുണ്ടോ? അപ്പൊ മച്ചിന്റെ മുകളിൽ കണ്ട തമ്പുരാട്ടിയുടെ ചിത്രം....."
ആതിര ആശങ്കയോടെ ചോദിച്ചു.
"ഞാൻ പറഞ്ഞില്ല്യേ അതെന്റെ മുത്തശ്ശന്റെ കാലത്ത് വരച്ചതാണ്.. മുത്തശ്ശന്റെ ഭാവനയിൽ തെളിഞ്ഞ മൂക്കുത്തി കുത്തിയ തമ്പുരാട്ടിയുടെ ചിത്രം. നിലവറ തുറക്കാൻ പലരും ശ്രമിച്ചിട്ടുണ്ടെങ്കിലും അവർക്കൊക്കെ മരണത്തിനു കീഴടങ്ങേണ്ടി വന്നിട്ടേ ഉള്ളൂ. അന്ന് കുളത്തിൽ ചാടി മരിച്ച തമ്പുരാട്ടി എന്റെ മുത്തശ്ശന്റെ അച്ഛൻ പെങ്ങളായിരുന്നു. അന്ന് കോലോത്തു ഉണ്ടായിരുന്ന ഏക പെൺതരി. മൂക്കുത്തിയുടെ കഥ കേട്ട തമ്പുരാട്ടി അതു മൂക്കിലാണിയാൻ ഏറെ കൊതിച്ചിരുന്നു. എന്നാൽ അവരുടെ സ്വപ്നത്തിൽ സ്വർണ്ണനാഗം വന്നു ശല്യപെടുത്തുകയും ആത്മഹത്യയിലേക്ക് തള്ളിവിടുകയും ചെയ്തു എന്നാണ് മുത്തശ്ശി പറഞ്ഞു കേട്ടിട്ടുള്ളത്...."
മുത്തശ്ശി പറഞ്ഞു നിർത്തിയതും ആതിരയുടെ മുഖം ഭയത്താൽ വിളറി വെളുത്തിരുന്നു. ഒന്നും മിണ്ടാതെ അവൾ മുകളിലെ തന്റെ മുറിയെലേക്ക് നടന്നുതന്റെ കട്ടിലിൽ അൽപനേരം താഴോട്ടും നോക്കി ഇരുന്നു. അവളുടെ ചുണ്ടുകൾ ഭയത്താൽ വിറയ്ക്കുന്നുണ്ട്. അവളുടെ മുഖത്തും വിയർപ്പുകണം അങ്ങിങ്ങായി പ്രത്യക്ഷപ്പെട്ടു.
"നാഗരാജാവേ എന്നോട് പൊറുക്കണേ.. അറിവില്ലായ്മ കൊണ്ട് കൊതിച്ചു പോയതാണേ.."
ആതിര മനസ്സിൽ ഒരായിരം വട്ടം പ്രാർത്ഥിച്ചു കൊണ്ടിരുന്നു.
കുളത്തിലേക്ക് എന്തോ വീഴുന്ന ശബ്ദം കേട്ട് അവൾ ഞെട്ടി. അവളുടെ നെഞ്ചിടിപ്പിനു പെരുമ്പറയുടെ താളമായിരുന്നു. ഭീതി നിറഞ്ഞ കണ്ണ് ജനലിനെ ലക്ഷ്യം വെച്ചു നീങ്ങി. അവളുടെ മൃദുലമായ ഉള്ളം കൈ നനഞ്ഞു കുതിർന്നു. ഒരു വിറയലോടുകൂടി അവൾ ജനലിനരികിലേക്കു നടന്നു.
ഉച്ചവെളിച്ചം വീണ കുളത്തിലെ ജലത്തിനു ഹരിതവർണ്ണമായിരുന്നു. ഒരു നിമിഷം അവൾ കണ്ണുകൾ മിഴിച്ചു നിന്നു.
രാവിലെ കണ്ട അതെ പുരുഷരൂപം കുളക്കടവിലിൽ നിന്ന് കാവിനെ ലക്ഷ്യം വെച്ചു നടക്കുന്നു. തിളങ്ങുന്ന നീലക്കണ്ണുകൾ അവളെയാണ് നോക്കുന്നത്. മന്ദഹാസം വിടർന്ന ചുണ്ടുകൾ.
ആതിര വീണ്ടും ഞെട്ടി.
ജനലരികിനോട് ചേർന്ന് ഭിത്തിയിൽ ചാരി കണ്ണുമടച്ചവൾ നിന്നു. ചെങ്കൽമണൽ വിരിച്ച പാതയിൽ കണ്ട നിഴൽ അത് ഒരു മനുഷ്യന്റേതായിരുന്നില്ല. അപ്പോൾ ആ പുരുഷ രൂപം മനുഷ്യനല്ല. നാഗസാദൃശ്യമുള്ള നിഴൽ.
ആതിര മനസ്സിൽ പ്രാർത്ഥിച്ചു കൊണ്ടിരുന്നു.
ഇനി അവളുടെ ജീവിതം അപകടം നിറഞ്ഞതായിരിക്കും എന്നവൾ മനസ്സിലാക്കി കഴിഞ്ഞു. ഭിത്തിയിൽ ഉരഞ്ഞവൾ നിലത്തു കൂനിയിരുന്നു കരഞ്ഞു.
മരണം...
അവൾ ബോധരഹിതയായി നിലത്തുവീണു.
#നാഗമൂക്കുത്തി 6
കണ്ണുതുറക്കുമ്പോൾ ആതിര കട്ടിലിൽ മുത്തശ്ശിയുടെ മടിയിൽ കിടക്കുകയായിരുന്നു. മുത്തശ്ശി അവളുടെ മുടിയിഴകളിൽ തലോടിക്കൊണ്ടിരുന്നു. പാതി തുറന്ന കണ്ണുകളുമായി അവൾ ഉത്തരത്തിൽ നോക്കി കിടന്നു... നെറ്റിയിൽ നല്ല തണുപ്പ്...
"ആ ഉണർന്നോ എന്റെ കുട്ടി."
മുത്തശ്ശി ചെറു പുഞ്ചിരിയോട് കൂടി പറഞ്ഞു..
"എന്നാലും എന്റെ കുട്ട്യേ... നീ ഇന്നലെ എന്നെ ശെരിക്കും പേടിപ്പിചൂട്ടോ... ഞാൻ നോക്കുമ്പോ ആ മൂലയ്ക്ക് പനിച്ചു വിറച്ചു കിടക്കുവാർന്നൂ നീയ്... ഇപ്പഴാ എന്റെ ശ്വാസം നേരെ ആയതു.."
ആതിരയുടെ മുഖം നന്നേ വാടിയിരുന്നു. അവളുടെ കണ്ണുകൾ തളർന്നിരുന്നു. മുത്തശ്ശിയുടെ അരികിലെ ആൾരൂപം കണ്ടവൾ പിന്നെയും ഞെട്ടി. അവളുടെ തൊണ്ടയിൽ വാക്കുകൾ ഉടക്കി കിടന്നു
അവൾ കണ്ടു ഭയന്ന ആ പുരുഷരൂപം ഇപ്പൊ തനിക്കു മുന്നിൽ നിന്നു ചിരിക്കുന്നു.
'പേടിക്കണ്ട കുട്ട്യേ... ഇത് അനന്തൻ നമ്മുടെ അമ്പലത്തിലെ പുതിയ പൂജാരിയാണ്. നമ്മുടെ കോലോത്തെ കുളപ്പുരയോട് ചേർന്ന് നിക്കുന്ന പത്തായപ്പുരയിലാ താമസം. ഇവനാ ഇന്നലെ വൈദ്യരെ വിളിച്ചോണ്ട് വന്നത്.."
ആതിര യുടെ കണ്ണുകളിൽ അപ്പോഴും ഭയം നിഴലിക്കുന്നുണ്ടായിരുന്നു.
ഒരു പക്ഷെ ആ നിഴൽ എനിക്ക് തോന്നിയതാവുമോ?, അവളുടെ കണ്ണുകൾ അനന്തന്റെ കണ്ണുകളുമായി ഉടക്കി...അനന്തൻ ചെറു പുഞ്ചിരി തൂകി പുറത്തേക്കു നടന്നു. ആതിര അപ്പോഴും ഒരു മിഥ്യാലോകത്തായിരുന്നു.
"പനിച്ചൂട് മാറി.. മുത്തശ്ശി കഞ്ഞി കൊണ്ട് വരാം. ഇന്നലെ ഒന്നും കഴിച്ചില്യാലോ... "
മുത്തശ്ശിയുടെ മടിയിൽ നിന്ന് എഴുന്നേറ്റു ആതിര കട്ടിലിൽ ഇരുന്നു... അവൾ പാടെ അവശയായിരുന്നു.
മുത്തശ്ശി കൊണ്ട് വന്ന കഞ്ഞി കുടിച്ചു ആതിര വീണ്ടും ഒന്ന് മയങ്ങി. ഉണർന്നപ്പോൾ പനിയുടെ ക്ഷീണം വിട്ടു മാറി. കുളികഴിഞ്ഞു കണ്ണാടിയുടെ മുന്നിൽ നിന്നപ്പോൾ അവളുടെ മുഖം പതിവിലും പ്രകാശിച്ചു...
നേരം സന്ധ്യയായി..
"എന്താ കുട്ട്യേ ഇന്ന് കാവില് വിളക്ക് വയ്ക്കുന്നില്ല്യേ.. "
മുത്തശ്ശിയുടെ വിളികേട്ടാണ് അവൾ കണ്ണാടിക്കുമുന്നിൽ നിന്നും കണ്ണെടുത്തത്. അവളുടെ മുഖത്തിന് അന്ന് വശ്യമായ സൗന്ദര്യമായിരുന്നു. എണ്ണ മെഴുക്കുള്ള സ്വർണ
നിറമുള്ള പെണ്ണ്. അവളുടെ ചുണ്ടുകളിൽ പതിവില്ലാത്ത നാണം. ഉള്ളിലെ ഭയത്തിന് ലേശം ശമനം വന്നിരിക്കുന്നു. എങ്കിലും കാവിലേക്കു പോകാൻ അവളൊന്നു ഭയന്നു.
ചുവന്ന പട്ടുപവാടയുടുത്തു അവൾ ഉമ്മറത്തേക്ക് നടന്നു. തുളസിത്തറയിൽ വിളക്ക് വയ്ക്കുമ്പോഴും അവളുടെ ദൃഷ്ടി പത്തായപ്പുരയിലേക്കായിരുന്നു. അടഞ്ഞു കിടക്കുന്ന പത്തായപ്പുരയുടെ വാതിൽ അവളുടെ കണ്ണിൽ നിരാശ വിതച്ചു.
തിരുമേനി ദീപാരാധനയ്ക്ക് പോയിക്കാണും, അവളുടെ മനസ്സ് അവൾക്ക് ആശ്വാസമേകി.
മുറ്റത്തു ഇരുട്ടുവീണ് തുടങ്ങിയിരിക്കുന്നു. കത്തിച്ച നിലവിളക്കുമായി ആതിര കാവിനരികിലേക്കു നടന്നു. കാവിനടുത്തു എത്തും തോറും അവളുടെ ഭയവും കൂടി വന്നു. കരിയിലകൾ വീണു മറഞ്ഞ പാതയിലൂടെ അവൾ കാവിനകത്തേക്ക് പ്രവേശിച്ചു. അവൾ ഓരോ ചുവടും വളരെ ശ്രദ്ധാപൂർവ്വം നീക്കി മുന്നോട്ട് നടന്നു. അന്ന് നാഗരാജ വിഗ്രഹത്തിനു എന്തോ പ്രത്യേകത ഉള്ളതു പോലെ തോന്നിച്ചു. ഈശ്വരനാമം ജപിച്ചു കൊണ്ട് നാഗത്തറയ്ക്ക് മുന്നിലുള്ള കൽവിളക്കിൽ തിരികൊളുത്തി അവൾ മനമുരുകി പ്രാർത്ഥിച്ചു.
"ക്ഷമിക്കണം ഭഗവാനെ... ഈയുള്ളവൾ അറിയാതെ ആഗ്രഹിച്ചു പോയതാണ്. തറവാട്ടിന്റെ ഇപ്പോഴത്തെ അവസ്ഥ ഞാൻ പറയാതെ തന്നെ നിങ്ങൾക്കറിയാമല്ലോ. ഒരു സ്വർണ്ണ മൂക്കുത്തി മോഹിക്കാനുള്ള വകയൊന്നും ഇപ്പൊ ഞങ്ങൾക്കില്ല എന്നറിയാം. പക്ഷെ ആ ചിത്രം കണ്ടപ്പോ അറിയാതെ കൊതിച്ചു പോയി. മാപ്പാക്കണം... എനിക്കെന്തെങ്കിലും സംഭവിച്ചാൽ മുത്തശ്ശി തനിച്ചാകും..."
അവളുടെ കണ്ണുകൾ നിറഞ്ഞു കണ്ണുനീർ തുള്ളികൾ കാവിലെ മണ്ണിനെ നനച്ചു. ഒരു നിശ്വാസത്തോടു കൂടി അവൾ കണ്ണ് തുറന്നു.
"എന്താ ആതിരേ നാഗദേവതകളോട് ഒരു പരാതി പറച്ചിൽ.."
അനന്തന്റെ ശബ്ദം കേട്ടവൾ തിരിഞ്ഞു.അനന്തന്റെ മുഖത്ത് അപ്പോഴും പുഞ്ചിരിയായിരുന്നു. അവന്റെ കണ്ണുകളിൽ ഉടക്കി കിടന്ന അവളുടെ കണ്ണുകളിൽ ഭയവും പ്രണയവും മിന്നിമറഞ്ഞു...
"അത്... ഞാൻ... ഒന്നുമില്ല...ഞാൻ പോട്ടെ.."
പോകാനൊരുങ്ങിയ അവളുടെ കൈകളിൽ അനന്തൻ പിടിമുറുക്കി.
"ഞാൻ ഇന്നലെ ഇവിടെ വന്നപ്പോ മുതൽ കാണുവാ ഈ മുഖത്തെ ഭയം... എന്തിനാ ഇങ്ങനെ പേടിക്കുന്നെ..."
ആതിരയുടെ ശിരസ് ഭൂമിയെ നോക്കി നിന്നു...
"വിട് ഞാൻ പോട്ടെ മുത്തശ്ശി തിരക്കും.."
അനന്തന്റെ ചുണ്ടുകളുടെ വ്യാപ്തി കൂടി...
"ഇത്രയും സുന്ദരമായ മുഖത്ത് ഒരു മൂക്കുത്തി ഇല്ലാത്തതു ഒരു കുറവ് തന്നെയാണെട്ടോ.."
ആതിരയുടെ നോട്ടം അവന്റെ കണ്ണുകളിൽ തറച്ചു നിന്നു.
അവൻ വലതു കൈ അവൾക്ക് മുന്നിലേക്ക് നീട്ടി. ആതിരയുടെ കണ്ണുകൾക്ക് വിശ്വസിക്കാനായില്ല താൻ കൊതിച്ച ആ നീലകല്ലുപതിച്ച മൂക്കുത്തി അനന്തന്റെ കയ്യിൽ...
"എന്താ ഇങ്ങനെ നോക്കണേ... പേടിക്കണ്ട..ഇത് നിനക്കുള്ളതാ... ഈ അനന്തന്റെ സമ്മാനം.."
അവളുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞൊഴുകി...
"പൊയ്ക്കോളൂ.... ഇതണിഞ്ഞു വരൂ..."
മുറിയിൽ തന്റെ കണ്ണാടിക്ക് മുന്നിൽ നിൽക്കുമ്പോഴും ആതിരയുടെ ചിന്ത അനന്തനെ കുറിച്ചായിരുന്നു... മൂക്കിൽ കുത്തിയ തുളസിതണ്ട് മാറ്റി അവൾ മൂക്കുത്തിയണിഞ്ഞു. ഒരു നിമിഷം സ്വയം മറന്നവൾ നിന്നു... അപ്പോൾ അവളുടെ മുഖത്ത് ദൈവീക ഭാവമായിരുന്നു...
എങ്കിലും അവളുടെ മനസ്സിൽ ഒരു ഉൽകണ്ഠ ഉണ്ടായിരുന്നു... ശെരിക്കും ആരാണ് അനന്തൻ,? ഈ മൂക്കുത്തി അനന്തന് എങ്ങനെ കിട്ടി? ആതിരയുടെ മനസ്സിൽ ഒരായിരം ചോദ്യങ്ങൾ ഉടലെടുത്തു.
#നാഗമൂക്കുത്തി 7
അവളുടെ സന്തോഷം നിറഞ്ഞ മുഖത്തു ഉൽകണ്ഠ കുമിഞ്ഞു കൂടി. മൂക്കുത്തി ആഗ്രഹിച്ചത് താൻ ആരോടും പറഞ്ഞിട്ടില്ല. പക്ഷെ അനന്തൻ എനിക്ക് ആ നീല കല്ലു വെച്ച മൂക്കുത്തി തന്നെ സമ്മാനമായി തന്നു. അപ്പോൾ മൂക്കുത്തിയും അനന്തനും തമ്മിൽ എന്തോ ബന്ധമുണ്ട്. അനന്തൻ വെറും മനുഷ്യനല്ല... ഞാൻ കണ്ട നിഴലിലും കാര്യമുണ്ട്.
അവളുടെ ചിന്തകൾ പലദിശകളിലൂടെ പലായനം ചെയ്തു...
"മുത്തശ്ശി.... ഇത് അനന്തൻ തന്നതാ..."
മൂക്കുത്തി മുത്തശ്ശിക്ക് നേരെ നീട്ടി. ആതിരയുടെ മുഖത്ത് ആശങ്ക കലർന്ന ഭയമായിരുന്നു..
"എന്റെ വൈകുണ്ഠനാഥാ.. ഞാൻ എന്താ ഈ കാണുന്നേ.."
മുത്തശ്ശി അത് വാങ്ങിച്ചു സൂക്ഷിച്ചു നോക്കി.... മുത്തശ്ശിയുടെ കണ്ണുകൾ ഭയത്താൽ വിടർന്നു.
"നാഗമൂക്കുത്തി......! ഇനി എന്തൊക്കെ അനർത്ഥങ്ങളാണാവോ വരാൻ പോകുന്നേ... ഭഗവാനെ.. എന്റെ കുഞ്ഞിനെ കാത്തോണേ..
മുത്തശ്ശി ഇത് അനന്തന്റെ സമ്മാനം ആണെന്ന പറഞ്ഞത്..."
"ഈശ്വരാ......! ഒരു കള്ളനെ ആണല്ലോ വിശ്വസിച്ചു കോലോത്തു കേറ്റിയത്... ഇന്നലെ അവൻ നിലവറയുടെ അവിടെ ചുറ്റിപറ്റി നിന്നപ്പോഴേ എനിക്ക് ഒരു സംശയം ഉണ്ടായിരുന്നു.. ഇതിന്റെ ഭവിഷ്യത് മനസ്സിലാക്കിട്ടാവണം അവൻ ഇത് നിന്നെ ഏല്പിച്ചത്..."
മുത്തശ്ശി പറഞ്ഞു നിർത്തിയതും ആതിരയുടെ ഉള്ളൊന്ന് പാളി.
"ഇനീപ്പോ എന്ത് ചെയ്യും മുത്തശ്ശി.. എനിക്ക് പേടിയാവുന്നു..."
"ഇത് നിലവറയിൽ കൊണ്ട് വയ്ക്കണം... തെറ്റ് ചെയ്തത് അനന്തനല്ലേ.. നമ്മുക്ക് പ്രാർത്ഥിക്കാം.. നീയാ തൂക്കു വിളക്ക് എടുത്തോണ്ട് വാ."
മുത്തശ്ശി പറഞ്ഞതനുസരിച്ചു തൂക്കു വിളക്കുമായി ആതിര മുന്നിൽ നടന്നു... പൂജാമുറിയോട് ചേർന്ന് കിടക്കുന്ന നിലവറയുടെ പ്രവേശനകവാടത്തിലൂടെ ആതിര മുത്തശ്ശിയുടെ കൈ പിടിച്ചു ശ്രദ്ധപൂർവ്വം മുന്നോട്ടുനീങ്ങി. ഇരുണ്ടു കിടന്ന വഴിയിൽ തൂക്കുവിളക്ക് ഒരാശ്വാസം ആയെങ്കിലും ഭയം അവരെ വേട്ടയാടിക്കൊണ്ടിരുന്നു. ഒരു മൂന്നു ഞാൺ നീളത്തിലുള്ള ഇടുങ്ങിയ വഴി.ഇരു വശത്തും മരപ്പലക കൊണ്ട് തീർത്ത ഭിത്തികളിൽ. ദശാവതാര ചിത്രങ്ങൾ കൊത്തിവെച്ചിരിക്കുന്നു. ആതിരയുടെ കണ്ണുകൾ മങ്ങിയ വെളിച്ചത്തിലും ആ ചിത്രങ്ങളിലൂടെ ഓടിനടന്നു. നിലവറയുടെ വാതിലിൽ ഭഗവാന്റെ അനന്ത ശയനരൂപം തന്മയത്വത്തോടുക്കൂടി കൊത്തിവെച്ചിരുന്നു. സ്വർണത്തിൽ പൊതിഞ്ഞ ഓടാമ്പലിലും നാഗ രൂപങ്ങൾ തന്നെയായിരുന്നു. നിലവറ അപ്പോഴും സുരക്ഷിതമായി തന്നെ അടഞ്ഞു കിടക്കുന്നു.
"മുത്തശ്ശി..... താക്കോൽ ഇല്ലാതെ അനന്തൻ എങ്ങനെയാവും നിലവറ തുറന്നു കാണുക?"
"അത് തന്നെയാണ് എനിക്കും മനസ്സിലാകാത്തത്."
മുത്തശ്ശി മടിക്കുത്തഴിച്ചു ഒരു താക്കോൽ കൂട്ടം പുറത്തെടുത്തു. അതിൽ ധരാളം താക്കോലുകൾ ഉണ്ടായിരുന്നു.
"പരമ്പരാഗതമായി കൈമാറി വരുന്ന താക്കോൽ കൂട്ടമാണിത്. എന്റെ കാലശേഷം ഇത് നിന്നിലേക്ക് വന്നു ചേരും."
അതിൽ നിന്നും സ്വർണ വർണ്ണമുളള താക്കോൽ ആതിരയ്ക്ക് നേരെ നീട്ടികൊണ്ട് മുത്തശ്ശി പറഞ്ഞു.
വളരെ പ്രയാസപ്പെട്ടുതന്നെയാണ് ആതിര വാതിൽ തുറന്നത്.
കിർർർർ ങ്ങീീീ.......
ശബ്ദത്തോട് കൂടി വാതിൽ തുറന്നു.അന്ധകാരത്തിന്റെ കറുത്ത കറ താങ്ങാൻ തൂക്കുവിളക്കിനാകുന്നില്ലായിരുന്നു.മുത്തശ്ശി ഭിത്തിയിലേക്കു ചൂണ്ടി കാണിച്ചു. ഭിത്തിയിൽ തൂക്കി ഇട്ടിരിക്കുന്ന പന്തത്തിനു തിരികൊളുത്തി.നിലവറയുടെ മധ്യഭാഗത്തു ഒരു പീഠം അതിൽ ചുവന്ന പട്ടുവിരിച്ചിരുന്നു. താളിയോലക്ക് നടുവിലായി മരം കൊണ്ടുള്ള ഒരു വലിയ പെട്ടി. അതിലും മിനുക്കു പണികൾ ചെയ്തിട്ടുണ്ടായിരുന്നു.
"മോളെ നീ ഈ മൂക്കുത്തി ആ പെട്ടിക്കുള്ളിൽ തന്നെ ഭദ്രമായി വെച്ചിട്ട് വരൂ.... തെറ്റുകൾ പൊറുക്കാൻ നാഗരാജാവിനോട് പ്രാർത്ഥിക്കണം. അധികനേരം ഇവിടെ നിൽക്കുന്നത് നല്ലതല്ല."
മൂക്കുത്തി ആതിരയുടെ കൈയ്യിൽ കൊടുത്തു മുത്തശ്ശി പെട്ടിയിലേക്ക് സൂക്ഷിച്ചു നോക്കി.
"മോളെ അരുത്.... നമുക്ക് തിരിച്ചു പോകാം...... "
മുത്തശ്ശി ആതിരയെ തടഞ്ഞു.....
#നാഗമൂക്കുത്തി 8
"എന്താ മുത്തശ്ശി... അപ്പോ മൂക്കുത്തി... "
ആതിരയുടെ കണ്ണുകളിൽ സംശയം നിറഞ്ഞു...
"ഇല്ല്യാ കുട്ട്യേ... എനിക്കെന്തോ ഇത് ശരിയായി തോന്നുന്നില്ല... നിലവറയുടെ വാതിലും ഭദ്രമായി അടഞ്ഞു. കിടന്നിരുന്നു... ഇപ്പൊ ഈ പെട്ടിയും സുരക്ഷിതമായി അടഞ്ഞു കിടക്കുന്നു... ഒരു പക്ഷെ... യഥാർത്ഥ നാഗമൂക്കുത്തിയല്ല നിന്റെ കയ്യിൽ ഉള്ളതെങ്കിലോ.... വരൂ നമുക്ക് തിരിച്ചു പോകാം... നാളെ കണിയാനെ വിളിച്ചു പ്രശ്നം വെപ്പിച്ചു നോക്കിട്ടു ബാക്കി തീരുമാനിക്കാം."
മുത്തശ്ശിയുടെ വാക്കുകൾക്ക് വ്യക്തമായ ധാരണ ഉണ്ടായിരുന്നു. വീണ്ടും മനസ്സിൽ ഭയം നിറച്ചു ആതിര നിലവറയുടെ വാതിലടച്ചു.
കിടക്കുമ്പോഴും അവളുടെ മനസ്സ് ചഞ്ചലമായിരുന്നു...നിഗൂഢതകളിൽനിന്നും നിഗൂഢതയിലേക്ക് പോയിക്കൊണ്ടിരുന്നു. ഈ ഒരാഴ്ചകിടയിൽ തന്റെ ജീവിതത്തിൽ ഉണ്ടായ വ്യത്യാസങ്ങൾ അവൾ ചികഞ്ഞു നോക്കി.
കോലോത്തെ അവസാന ആൺതരിയുടെ ഏക മകൾ. ജനനത്തോടെ അമ്മയും വളർച്ചയ്ക്കിടയിൽ അച്ഛനും വിട്ടു പോയി... പിന്നെ മുത്തശ്ശിയായിരുന്നു എല്ലാം. കോലോം ദാരിദ്ര്യത്തിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തി നിന്നപ്പോഴും പറമ്പിലെ ആദായം കൊണ്ട് മാത്രം വിശപ്പകറ്റി പോന്നിരുന്നു. ആഗ്രഹങ്ങൾ ദുരാഗ്രഹങ്ങളാകുമെന്ന് ഭയന്ന് നാളിതു വരെ ഒന്നും മോഹിച്ചിട്ടുമില്ല. പക്ഷെ ആ മൂക്കുത്തിയോടു മാത്രം ഒരു തരം ഭ്രമം...സ്വപ്നത്തിൽ തന്റെ ശരീരത്തിലേക്ക് ഇഴഞ്ഞു കേറിവന്ന സ്വർണ്ണനാഗം ഫണം വിടർത്തി ചീറ്റി കൊണ്ടിരിന്നു. പിന്നീട് അതൊരു കാട്ടിലേക്ക് ഇഴഞ്ഞു നീങ്ങി. ഒരു വലിയ വൃക്ഷം അതിനു താഴെ ഒരു നാഗപുറ്റ് അതിനുള്ളിൽ സർപ്പങ്ങൾക്കു നടുവിൽ നാഗമൂക്കുത്തി... പിന്നെ ഒരു വിരുന്നുക്കാരനെ പോലെ തന്റെ ജീവിതത്തിലേക്ക് കയറി വന്ന അനന്തൻ. പൗരുഷം നിറഞ്ഞ മുഖത്തെ നീല കണ്ണുകളും നീണ്ട മൂക്കും കൂർത്ത ചുണ്ടുമെല്ലാം കാണുമ്പോൾ നാഗരൂപമാണ് മനസ്സിൽ തെളിഞ്ഞു വരുന്നത്. അയാളുടെ നിഴലിനും നാഗസാദൃശ്യമുള്ളതു പോലെ തോന്നി. പക്ഷെ അത് തന്റെ വെറും തോന്നലാകാം... എന്തിരുന്നാലും ആ കണ്ണുകൾ എന്റെ ഭയം ഇല്ലാതാകുന്നു. ഒരു അപരിചിതൻ എന്നതിലുപരി എന്തോ ഒന്ന് താനും അനന്തനുമായി ഉള്ളത് പോലെ.. ഇന്ന് താൻ ആഗ്രഹിച്ച മൂക്കുത്തി തന്നെ അനന്തൻ സമ്മാനമായി നൽകിയിരിക്കുന്നു.
ആലോചനകൾക്കിടയിലെപ്പഴോ ആതിര ഉറക്കത്തിലേക്ക് വഴുതി വീണു.
"മോളെ.... ആതിരേ... "
മുത്തശ്ശിയുടെ വിളികേട്ട് ആതിര കണ്ണു തുറന്നു.
"എന്തുറക്ക കുട്ട്യേ... പോയി കുളിച്ചിട്ടു വരൂ... വാസുദേവ കണിയാൻ ഇപ്പിങ്ങെത്തും..."
കുളികഴിഞ്ഞു വാസുദേവ കണിയാനു മുന്നിൽ നിൽക്കുമ്പോഴും ഇരുവരുടെയും മനസ്സ് അസ്വസ്ഥമായിരുന്നു.
"എന്താ... തമ്പുരാട്ടി... ശീഘ്രം വരാൻ പറഞ്ഞേ..."
കണിയാൻ മുത്തശ്ശിയോടായി പറഞ്ഞു...
"രണ്ടീസായി കുട്ടിക്ക് വല്ലാത്തൊരു അസ്വസ്ഥത... സ്വർണ്ണനാഗത്തെ സ്വപ്നം കാണുകയും ചെയ്തു... പിന്നെ കോലോത്തു അരുതെന്തോ നടക്കാൻ പോണ പോലെ ഒരു തോന്നൽ..അതൊന്നു നോക്കി പറയണം"
കണിയാൻ കവടി പലക നിരത്തി..
"ആതിര... എന്താ നാള്.."
"തിരുവോണം."
"രാഹു...കേതു... ശനി... ശുക്രൻ.. "
കവടി പലകയിൽ തടവിക്കൊണ്ട് കണിയാൻ പറഞ്ഞു കൊണ്ടിരുന്നു.
"കോലോത്തിന് ദോഷമോ ഗുണമോ കാണുന്നില്ല്യ... പക്ഷെ..... ഈ കുട്ടിടെ ജാതകം എഴുതിച്ചിട്ടുണ്ടോ?"
"ഇല്ല്യാ "
മുത്തശ്ശിയാണ് ഉത്തരം പറഞ്ഞത്.
"അവൾടെ അച്ഛന് അതിലൊന്നും താല്പപരൃമില്ല്യായിരുന്നു... "
"ഉം.... വിഷ്ണുപ്രീതിയുള്ള നാളാണ്... പക്ഷെ വലിയൊരു അപകടം തന്നെയാണ് കടന്നു പോയിരിക്കുന്നത്. രാഹുവും കേതുവും 10വയസ്സ് വരെ കൂടെ ഉണ്ടായിരുന്നു. അമ്മയുടെയും അച്ഛന്റെയും മരണം അതിനിടയിലായിരിക്കും സംഭവിച്ചു കാണുക അല്ലെ..... "
"അതെ... പ്രസവിച്ച ഉടൻ അരുന്ധതിയും അവൾടെ 8ാം വയസ്സിൽ സുദർശനനും പോയി.... "
അത് പറയുമ്പോൾ മുത്തശ്ശിയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. ആതിര എല്ലാം ഒരു അത്ഭുതത്തോടെ നോക്കി നിൽക്കുകയാണ്.
"10വയസ്സ് കഴിഞ്ഞു ശനിയായിരുന്നു കുട്ടീടെ സഹസഞ്ചാരി. ഒരു മരണത്തിനു വരെ സാധ്യത ഉണ്ടായിരുന്നു. പക്ഷെ ഇപ്പോൾ ശുക്രനാണ്... പിന്നെ പ്രായപൂർത്തിയായ ഒരു പെൺകുട്ടി നാഗദേവതകളെ സ്വപ്നം കണ്ടാൽ ആ കുട്ടീടെ വിവാഹം ഉടൻ ഉണ്ടാകും എന്നാണ് ചൊല്ല്.... ഇനി അങ്ങോട്ട് കുട്ടിക്ക് രാജയോഗമാണ്..."
"അപ്പൊ പേടിക്ക്യാൻ ഒന്നുല്ല്യ അല്ലെ... "
മുത്തശ്ശിയുടെ വാക്കുകളിൽ പ്രതീക്ഷയുണർന്നു.
"പേടിക്കാനൊന്നൂല്ല്യ...
ഒരു നാഗസാന്നിധ്യം കാണുന്നുണ്ട്... ഇനി വരുന്ന ആപത്തുകളെല്ലാം അത് നോക്കികൊള്ളും... നാഗരാജാവിനോട് പ്രാർത്ഥിക്കുക... എന്നും നാഗദേവതകൾക്ക് തിരിതെളിക്കുക... അവര് എന്നും തുണകാണും."
ദക്ഷിണകൊടുത്തു കണിയാനെ മടക്കി അയക്കുമ്പോൾ മുത്തശ്ശിയുടെ മനസ്സും കണ്ണും ഒരുപോലെ നിറഞ്ഞിരുന്നു...
ആതിര അപ്പോഴും മറ്റൊരു മായലോകത്തായിരുന്നു. താൻ കേട്ടതൊന്നും പെട്ടെന്ന് ഉൾക്കൊള്ളാൻ അവൾക്കാകുമായിരുന്നില്ല. അനന്തനെ ഒന്ന് കാണണം എന്നവൾക്കു തോന്നി.. സൂര്യനാൽ ചുട്ടുപഴത്തുകൊണ്ടിരിക്കുന്ന മണൽതരികളിലൂടെ അവൾ പടിപുരയിലേക്ക് നടന്നു.
"തിരുമേനി...... "
പടിപ്പുര കോലായിൽ നിന്നവൾ വിളിച്ചു.അകത്തുനിന്നും ശബ്ദമൊന്നും കേൾക്കാത്തത് കൊണ്ട് അവൾ അകത്തേക്ക് പ്രവേശിച്ചു... ഓരോ ദിക്കിലും അനന്തനുവേണ്ടി അവളുടെ കണ്ണുകൾ അലഞ്ഞു നടന്നു. ഇല്ല താൻ തേടുന്ന അനന്തൻ അവിടെവിടെയുമില്ല. മനസ്സിൽ ഒരു തരം നിരാശ കടന്നുകൂടിയിരുന്നു....
അന്ന് അവൾ പതിവിലും നിരുത്സാഹയായിരുന്നു. അവളുടെ മുറിവിട്ട് പുറത്തിറങ്ങാൻ അവൾക്ക് തോന്നിയില്ല. ആകെ ഒരു മാന്ദ്യത.
കാവിൽ വിളക്ക് വയ്ക്കാൻ പോകുമ്പോഴും അവൾ അനന്തനെ തേടുന്നുണ്ടായിരുന്നു... മഞ്ഞളിൽ കുളിച്ചു നിൽക്കുന്ന നാഗാവിഗ്രഹങ്ങൾ അവളെ അനുകമ്പയോടെ നോക്കും പോലെ തോന്നി... വിളക്ക് കൊളുത്തി തിരിഞ്ഞതും അനന്തൻ അവൾക്ക് മുന്നിൽ.. തളർന്നിരുന്ന കണ്ണുകളിൽ പെട്ടന്ന് പ്രകശം പടർന്നു. ചുണ്ടുകളിൽ പുഞ്ചിരി വിടർന്നു. അവൾ വലം കൈകൊണ്ടു അനന്തനെ സ്പർശിച്ച മാത്രയിൽ ആ രൂപം അപ്രത്യക്ഷമായി.
അത് വെറും തോന്നലാണെന്ന് മനസ്സിലാക്കാൻ അവൾക്കധികം സമയം വേണ്ടി വന്നില്ല... വീണ്ടും സങ്കടം അവളുടെ കണ്ണുകളിൽ കുടിയേറി....
അവൾ കോലോത്തേക്കു നടന്നു... കോലായിയിൽ നിന്ന് ഒരിക്കൽ കൂടി അവൾ കാവിലേക്ക് തിരിഞ്ഞു നോക്കി. കൽവിളക്കിനരികിലായ് വീണ്ടും അനന്ത രൂപം...
തോന്നലാകുമെന്നു കരുതി അവൾ അകത്തേക്ക് നടന്നു. അപ്പോഴും ആ രൂപം അവിടെ പുഞ്ചിരി തൂകി നിന്നു... പിന്നീട് പതിയെ അത് നാഗരാജ വിഗ്രഹത്തിലേക്ക് ആവാഹനം ചെയ്യപ്പെട്ടു...
അന്ന് രാത്രി ആതിരയുടെ സ്വപ്നത്തിൽ വീണ്ടും അനന്തൻ പരകായപ്രവേശനം നടത്തി. തന്റെ വിശ്വരൂപം കാണിച്ചുകൊണ്ട് തന്നെ. ധവളപ്രകാശം പരന്ന സ്ഫടിക പരവധാനി, ഇരുവശത്തും നീല കല്ലുപതിച്ച പൂക്കളുള്ള സ്വർണ്ണച്ചെടികൾ. പാതയുടെ അഗ്രഭാഗത്ത് സ്വർണ്ണസിംഹാസനത്തിൽ സാക്ഷാൽ അനന്തൻ. ആയിരം തലകളോടുകൂടിയ നാഗരാജാവ്.. ആതിരയുടെ കൈകൾ അറിയാതെ തൊഴുത്തുനിന്നു... നാഗമൂക്കുത്തി ആതിരയുടെ കൈകളിലേക്ക് വെച്ച് കൊടുത്തു.
"ഇനി ഇതിന്റെ പൂർണ്ണ അവകാശവും നിനക്കാണ്... കാലങ്ങളായി മൂടപ്പെട്ടു പെട്ടു കിടന്ന ഈ നാഗമൂക്കുത്തി നിനക്കു നൽകാൻ ഒരു മനുഷ്യനായ് ഭൂമിയിൽ അവതരിക്കേണ്ടി വന്നത് ഒരു നിയോഗം മാത്രമാണ്.. എന്റെ എല്ലാ അനുഗ്രഹങ്ങളും നിനക്കുണ്ടാക്കും..."
ഒരു ഞെട്ടലോടു കൂടി ആതിര കണ്ണുതുറന്നു...
നാഗമൂക്കുത്തിയുടെ അവകാശ സ്ഥാനം ആതിരയുടെ മൂക്കിനു തന്നെയാണെന്ന് മുത്തശ്ശിയുടെ സ്വപ്നത്തിലും തെളിഞ്ഞതോടെ ഒരു വലിയ ആശങ്ക തന്നെ ഇല്ലാതായി...
നാളുകൾ ഇഴഞ്ഞു നീങ്ങി. ആതിരയുടെ മുഖം വീണ്ടും പ്രസന്നമായി. അനന്തനോട് തനിക്കു പ്രണയമല്ല ആരാധനയാണെന്ന് അവൾ തിരിച്ചറിഞ്ഞു....
തിരിച്ചറിവുകളുടെയും സമാധാനത്തിന്റെയും കുറെ നല്ലനാളുകൾ കൂടി കടന്നു പോയി... ആയില്യം നാളിൽ ഭൂജാതനായ വിഷ്ണുനാരായണനുമായുള്ള ആതിരയുടെ വേളിയാണിന്ന്. തന്റെ ജീവിതത്തിലെ സുന്ദരമായ നാളുകൾ സമ്മാനിച്ചു എന്നും തുണയായി കൂടെ നിൽക്കുന്ന നാഗരാജന്റെ അനുഗ്രഹത്തോടു കൂടി അവൾ മണ്ഡപത്തിലേക്ക് നടന്നു. കല്യാണപെണ്ണിന് മാറ്റ് കൂട്ടി അവളുടെ മൂക്കിലെ നാഗമൂക്കുത്തിയും വെട്ടിത്തിളങ്ങി...
അവസാനിച്ചു.
Sp
Comments
Post a Comment