ഓട്ടോക്കാരൻ
ഓട്ടോക്കാരൻ
ഫുൾ പാർട്ടുകൾ
രാവിലെ നല്ല മഞ്ഞുണ്ട് ,,ഞാൻ സ്റ്റാൻഡിൽ എന്നും നേരത്തെ എത്തും..
ഇന്ന് ആരാണാവോ കേറുന്നത് ,രണ്ടായിരത്തിന്റെ നോട്ട് തരല്ലേ എന്നും മനസ്സിൽ വിചാരിച്ചു നിൽകുമ്പോൾ വണ്ടിക്കു അടുത്തേക്ക് ഒരു സ്ത്രീ നടന്നു വന്നു ,കൂടെ തല കുനിച്ചു നടക്കുന്നു ഒരു പെൺകുട്ടി ,അടുത്ത് എത്തിയപ്പോൾ അവളുടെ മുഖം കണ്ടു ,നല്ല മൊഞ്ചുണ്ട് പക്ഷെ എന്തോ ഒരു വിഷമം മുഖത്തുണ്ട് ഉമ്മയും മകളും ആണെന്ന് തോനുന്നു ... അതൊക്കെ ഞാൻ എന്തിന് അറിയണം എന്ന ചിന്തയോടെ വണ്ടിക്കകത്തു കേറിയ അവരോടു ചോദിച്ചു "എങ്ങോട്ടാണ് ?
ആ സ്ത്രീ കുറച്ചു അപ്പുറത്തെ ഒരു പല ചരക്കു കട ചൂണ്ടി കാണിച്ചു പറഞ്ഞു "അരിയും സാധനങ്ങളും ഉണ്ട് അത് എടുത്തിട്ട് പോവാം "
ഞാൻ വണ്ടി സ്റ്റാർട്ടാക്കി കടക്കു മുന്നിൽ കൊണ്ടുപോയി നിറുത്തി , കടയിലെ ജോലിക്കാരൻ സാധനങ്ങൾ കൊണ്ട് വന്നു വണ്ടിയിൽ വച്ചു തന്നു
അവർ പോവേണ്ട സ്ഥലം പറഞ്ഞു തന്നു ...
ടൌൺ കഴിന്ന് ഉൾ വഴികളിലൂടെ വണ്ടി ഓടിക്കൊണ്ടിരിക്കാണ് ,
ആ ഉമ്മ മോളോട് എന്തൊക്കയോ പറയുന്നുണ്ട് വണ്ടിയുടെ ശബ്ദത്തിൽ ഒന്നും വെക്തമായി കേള്ക്കുന്നില്ല
അപ്പോഴാണ് ഒരു കാര്യം ശ്രദ്ദിച്ചത് മൊഞ്ചത്തിടെ സ്വരം ഇത് വരെ കേട്ടില്ല അവൾ ഒന്നും മിണ്ടുന്നില്ല ...
ഇടക്ക് അവർ മുന്നോട്ടാഞ്ഞു വന്ന് വഴി പറയുന്നുണ്ട് , അവർ പറയുന്ന വഴിയിലൂടെ വണ്ടി നീങ്ങി കൊണ്ടിരുന്നു ..
അവരുടെ സ്വരം ഇടക്ക് ഒന്ന് ഉയർന്നു
"ഇനീപ്പോ എന്തിനാണാവോ ഇങ്ങട്ട് വരണ് ഇത്ര ബേജാറായി കടം ഒന്നും വീടിട്ടില്ല റബ്ബേ "
കടത്തിന്റെ കാര്യം ആണല്ലോ പറയുന്നത് ഇനി വണ്ടി വാടക പറഞ്ഞത് തരില്ലേ ,മനസ്സിൽ ഒരു ആതി ഉണ്ടായി രാവിലത്തെ ഫസ്റ്റ് ട്രിപ്പ് ആണ്
"മോനെ ആ വീടിനുമുന്നിൽ നിർത്തിക്കോ "
അവർ പറഞ്ഞു ,ഞാൻ വണ്ടി ഗേറ്ററിനു മുന്നിൽ നിറുത്തി , അത്ര വലുത് അല്ലെൻകിലും ഭംഗിയുള്ള ഒരു കൊച്ചു വീട്
അവർ ഇറങ്ങി സാധനങ്ങൾ ഇറക്കിവച്ചു ഞാനും കൂടി സഹായത്തിനു ,അപ്പോളും മൊഞ്ചത്തി ഒന്നും മിണ്ടാതെ തലയും കുനിച്ചു എടുത്തു വച്ച സാധങ്ങൾ കുറച്ചു കൈയിൽ പിടിച്ചു,ഗേറ്റ് തുറന്ന് അകത്തേയ്ക്കു നടന്നു ,
"എത്രയാ മോനെ വേണ്ട് "
അവരോടു വാടക പറഞ്ഞു വാങ്ങിച്ചു വണ്ടി സ്റ്റാർട്ട് ചെയ്തു ഒന്നുകൂടി നോക്കി , ഇല്ല പുറത്തെങ്ങും ആ മൊഞ്ചത്തി നിൽപ്പില്ല ....
ഞാൻ വീണ്ടും സ്റ്റാൻഡിൽ എത്തി , സമയം കടന്നു പോയി ...
പൈസേടെ പ്രശ്നം വന്നത് മുതൽ വണ്ടിടെ ഓട്ടം കുറവാണ് ,അവസാന ബസ് കടന്ന് പോവുന്നത് വരെ നിൽക്കും സ്റ്റാൻഡിൽ ...
സമയം പത്തുമണി ആവാറായി ലാസ്റ്റ് ബസ് എത്തി ആളുകൾ കുറവാണ് .. മുന്നിലുള്ള വണ്ടികളിൽ ആളുകൾ കയറി പോയി ,എന്റെ വണ്ടിക്കു അടുത്തേയ്ക്കു ഒരാൾ പതുക്കെ നടന്നു വന്നു ,കൈയിൽ ഒരു ബാഗ് ഉണ്ട്..
കുറച്ചു പ്രായം ചെന്നൊരാൾ., വണ്ടിയിൽ കയറി, പോവേണ്ട സ്ഥലം പറഞ്ഞു
ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തു അയാൾ പറഞ്ഞ സ്ഥലം ലക്ഷ്യമാക്കി ഓടിച്ചു ..
എന്തെകിലും സംസാരിച്ചാൽ ബോറടി മാറും
ഞാൻ തന്നെ തുടങ്ങി
"എവിടുന്നു വരുന്നു "
അയാൾ മറുപടി തന്നു
"ഗൾഫിൽ നിന്ന് "
എനിക്ക് തമാശ പറഞ്ഞതായി തോന്നി ,ഞാൻ കണ്ടതാണല്ലോ ബസിൽ നിന്ന് ഇറങ്ങുന്നത് സാധാരണ വേഷത്തിൽ ബാഗും തൂക്കി
എന്റെ മൗനത്തിൽ സംശയം ഉണ്ടെന്നു മനസ്സിലായത് പോലെ അയാൾ വീണ്ടും പറഞ്ഞു " ഗൾഫിലായിരുന്നു ഇരുപത്തഞ്ചു വർഷമായി, ,നാട്ടിൽ ഇടക്കു വന്നു പോവും ഇനി പോവുന്നില്ല , രാവിലെ എത്തിയതാണ് എയർ പോർട്ടിൽ അവിടുന്ന് ബസിനു പോന്നു "
അയാൾ പറഞ്ഞു നിറുത്തി ..
ഞാൻ ചോദിച്ചു
"ഇനി എന്താ പരുപാടി ബിസിനസ് വല്ലതും കണ്ടു വച്ചിട്ടുണ്ടോ "
അയാൾ രണ്ടു മൂന്നു പ്രാവശ്യം ചുമച്ചു
"എന്തെകിലും നോക്കണം ,ഇപ്പ്രാവശ്യം ഇവിടെ മഴ കുറവാണല്ലേ "
അയാൾക്ക് സംസാരിക്കാൻ ഇഷ്ടമില്ലാത്തത് പോലെ വിഷയം മാറ്റി
ഞാൻ ചോദിച്ചു
അവിടെ എന്തായിരുന്നു ജോലി "
"എനിക്ക് അവിടെ പലജോലികൾ ചെയേണ്ടി വന്നിട്ടുണ്ട് ഇപ്പോൾ കുറച്ചു വർഷങ്ങളായി ഒരു അറബിടെ വീട്ടിൽ അടുക്കള ജോലി ആയിരുന്നു "
അയാൾ പറഞ്ഞു നിറുത്തി ..
രാവിലെ ആദ്യത്തെ ട്രിപ്പ് വന്ന വഴിയിലൂടെയാണ് ഇപ്പോൾ വണ്ടി പോയി കൊണ്ടിരിക്കുന്നത് ..
ഞാൻ ചോദിച്ചു വീണ്ടും
"കുടുംബം എങ്ങനെ പോവുന്നു വീടൊക്കെ ആയോ "
"വീട് ഉണ്ടാക്കി ,മൂന്നു പെണ്മക്കളാണ് എനിക്ക് ..രണ്ടു കുട്ടികളെ കല്യാണം കഴിപ്പിച്ചു വിട്ടു "
അയാൾ ഇരുപത്തഞ്ചു വർഷം എന്തിന് ഗൾഫിൽ നിന്നു ,എന്ത് ഉണ്ടാകിട്ടുണ്ടാവും എന്നതിന് ഉത്തരം കിട്ടി എനിക്ക് അത് കേട്ടപ്പോൾ ...
എനിക്ക് പിന്നെ ഒന്നും ചോദിക്കാൻ തോന്നിയില്ല
ഉമ്മയെയും രണ്ടു അനിയത്തിമാരുടെ പഠന ചിലവുമടക്കം ഉപ്പ മരിച്ചു പോയ ഞാൻ നോക്കുന്ന കഷ്ടപ്പാട് എനിക്കറിയാലോ നന്നായി ...
എന്റെ മൗനത്തിന് മുന്നിൽ അയാൾ വീണ്ടും പറഞ്ഞു തുടങ്ങി
"ഇനി ചെറിയ മോളുണ്ട് കല്യാണ പ്രായം ആയി , സംസാരശേഷി ഇല്ല ചെറുപ്പം മുതൽ അവൾക്ക് ..അവളെ കുറിച്ച് ആലോചിക്കുമ്പോൾ ഒരു വിഷമം "
ഇത്തവണ പറഞ്ഞു നിറുത്തിയപ്പോൾ അയാളുടെ ശബ്ദം ഒന്ന് ഇടറിയ പോലെ ..
വണ്ടി അയാൾ പറഞ്ഞ വീടിനു മുന്നിൽ നിറുത്തി
ഞാൻ അപ്പോളാണ് ശ്രദിച്ചത് ഈ വീടിനു മുന്നിലാണ് രാവിലെ ഉമ്മാനേയും മൊഞ്ചത്തി മോളെയും ഇറക്കി വിട്ടത്
ഇപ്പോൾ ഉത്തരം കിട്ടാതെ മായ്ച്ചു കളഞ്ഞ പല സംശയത്തിനും മറുപടിയായി "എത്രയാ മോനെ വേണ്ടത് "
ഞാൻ ആലോചനകൾ നിറുത്തി പൈസ പറഞ്ഞു വാങ്ങിച്ചു
"എന്നാൽ ശരി ഇനി എവിടെ വച്ചെങ്കിലും കാണാം "
ഒരു നനഞ്ഞ പുഞ്ചിരിയോടെ അയാൾ ബാഗും എടുത്തു ഗേറ്റ് തുറന്ന് അകത്തേയ്ക്കു നടന്നു ..
വണ്ടി വന്ന ശബ്‌ദം അറിഞ്ഞിട്ടാവും പ്രദീക്ഷിച്ചിരുന്നതുപോലെ ആ ഉമ്മയും മൊഞ്ചത്തിയും വാതിൽ തുറന്ന് പുറത്തേയ്ക്കു ഇറങ്ങി ..
ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തു വീട്ടിലേയ്ക്കു തിരിച്ചു ....
"ഈ വീടും വന്ന വഴിയും ഇനി ഞാൻ ഒരിക്കലും മറക്കില്ല ,ഇനി ഒരു നാൾ ഒട്ടും വൈകാതെ ആ വീട്ടിലേയ്ക്കു കയറിച്ചെല്ലണം ആ മൊഞ്ചത്തിടെ മുഖത്തെ നുണകുഴികൾ വിടർത്തണം "
മനസ്സിൽ ഉറപ്പിച്ചു കൊണ്ട് ,കാത്തിരിക്കുന്നുണ്ടാവും എന്റെ ഉമ്മയും കുഞ്ഞു പെങ്ങമ്മാരും എന്ന ചിന്തയോടെ വണ്ടിയുടെ വേഗത കൂട്ടി ...
തുടരും....
: ഓട്ടോക്കാരൻ ഭാഗം II
തോർത്തും സോപ്പും എടുത്തു മുറ്റത്തേക്ക് ഇറങ്ങിയ ഞാൻ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു... "ഉമ്മാ എന്റെ കാക്കി ഷർട്ടിന്റെ പോക്കറ്റിൽ വല്ല കടലാസോ പൈസയോ ഉണ്ടോന്നു നോക്കണേ അലക്കാൻ ഇടുമ്പോൾ "
രാത്രി ഓട്ടം കഴിന്ന് വൈകിയാണ് ഇന്നലെ എത്തിയത് ....
അകത്തിന്ന് മറുപടി വന്നത് ഇങ്ങനെയാണ്
"നല്ല തണുപ്പുണ്ട് അണക്ക് വാണങ്കിൽ വെള്ളം ചൂടാക്കിത്തരാം "
വേണ്ട പറഞ്ഞു നടന്നു ഞാൻ ...
ചെറുപ്പം മുതലേ ഉള്ള ശീലമാണ് കുളത്തിലെ മുങ്ങികുളി
കുറച്ചു നടന്നാൽ നെൽ വയലാണ് അതിന്റെ വരമ്പിലൂടെ നടന്നാൽ കുളത്തിനടുത്ത് എത്താം
നല്ല മഞ്ഞുണ്ട് പത്തടി ദൂരം കാഴച മങ്ങി കിടക്കുവാണ്
കുളി കഴിന്നു വരമ്പിലൂടെ മഞ്ഞുതുള്ളികൾ വീണ കറുക പുല്ലിനും ,കതിരിട്ട നെൽ നാമ്പുകൾക്കും ഇടയിലൂടെ വേഗം തിരിച്ചു നടന്നു വീട്ടിലേയ്ക്ക്
"ഉമ്മ പറഞ്ഞത് നേരാണ് നല്ല തണുപ്പുണ്ട് "
വീട്ടിലെത്തി അലക്കി വെച്ച കാക്കി ഷർട്ട് ,എടുത്തിട്ടു .. അപ്പോഴേക്കും ഉമ്മ എടുത്തു വച്ചിരുന്നു ആവി പറക്കുന്ന പുട്ടും ,കട്ടനും അത് അകത്താക്കി
"ഉമ്മാ നാൻ പൂവാണ് ഓള് എവിടെ ഇനിയും റെഡി ആയില്ലേ "
ചെറിയ അനിയത്തി രാവിലെ നേരത്തെ മദ്രസയിൽ പോയിട്ടുണ്ടാവും , അതിനു മൂത്തത് സ്‌പെഷ്യൽ ക്ലാസിനു വേണ്ടി എന്റെ വണ്ടിയിൽ കേറി ടൌൺ വരെ ഉണ്ടാവും
"ഇക്കാ പോവാം "
ഇവൾ വലുതായി പെട്ടന്ന് .. ജനുവരിയിൽ പതിനെട്ടു തികയും
ഞാനും അനിയത്തിയും ഇറങ്ങി ...
വണ്ടി ടൗണിൽ എത്തി, അനിയത്തിയെ ഇറക്കി വിട്ട് എന്റെ സ്റ്റാൻഡിൽ വണ്ടി നിറുത്തി...
ദിവസങ്ങൾ കടന്ന് പോയി ..
മൊഞ്ചത്തിടെ വാപ്പ ടൗണിലുള്ള ഒരു പലചരക്കു കടയിൽ ജോലിക്കു നിൽക്കുന്നുണ്ട് ഇപ്പോൾ ...
കട അടക്കാൻ സമയമാവുമ്പോൾ ആവും ഞാനും വീട്ടിൽ പോവുന്നത് ..അത് വഴി ചെന്ന് സാദനങ്ങൾ വാങ്ങിച്ചു കുറച്ചു സംസാരിച്ചു നിൽക്കും അയാളോട് ..
"ഒരു പാവം മനുഷ്യൻ ഇരുപത്തഞ്ചു വർഷം ഗൾഫിൽ ജോലി ചെയ്തു ഒരു വിശ്രമമില്ലാതെ ,ഇപ്പോളും കുടുംബത്തിന് വേണ്ടി കഷ്ട്ട പെടുവാണ് "
അനിയത്തികുട്ടിടെ കല്യാണം ശരിയായിട്ടുണ്ട് ..
ചെക്കൻ ബാങ്കിൽ പീയൂൺ ആണ്
കല്യാണത്തിന് ശേഷവും അവൾ പഠിച്ചോട്ടെ എന്നാണ് പറഞ്ഞത് , സ്ത്രീധനം ഒന്നും വേണ്ട ,
"എന്നാലും അവൾക്കു കഴിയുന്നത് പോലെ സ്വർണ്ണം കൊടുക്കണം "
കല്യാണം ക്ഷണിക്കൽ കഴിഞ്ഞു.. ,മൊഞ്ചത്തിടെ വീട്ടിലും പോയിരുന്നു ,വീട് പൂട്ടി കിടക്കുകയായിരുന്നു
കടയിൽ പോയി വാപ്പാനെ ക്ഷണിച്ചു "മോളോടും ഉമ്മനോടും പറയണം ,അവരെ കൂട്ടി വരണം " എന്നുകൂടി പറഞ്ഞു .....
ഇന്ന് എന്റെ അനിയത്തീടെ കല്യാണമാണ്
വീട്ടിൽ പന്തലിട്ട് ,ആളുകൾ വന്നു തുടങ്ങി .. മൊഞ്ചത്തിടെ വാപ്പ വന്നു ഞാൻ സലാം പറഞ്ഞു "ഉമ്മയും മോളും എവിടെ "
"അവൾക്ക് സുഖമില്ലാതെ കിടക്കാണ് മോൾ കൂടെ നിന്നു "
ഭക്ഷണം കഴിക്കാനുള്ള സമയമായി ,ബിരിയാനിടെ മണം പന്തലിൽ നിറഞ്ഞു,
ഞാൻ പഠിച്ച യതീംഖാനയിലെ (അനാഥ ,അഗതി മന്ദിരം ) ഇപ്പോൾ അന്തേവാസികളായ കുട്ടികളെ വിളിച്ചിട്ടുണ്ട്, അവർ ടൗണിൽ നിന്ന് ഇപ്പോൾ എത്തും
അവർക്കു ഭക്ഷണം നൽകണം ആദ്യം ,അത് കഴിഞ്ഞു മറ്റു അതിഥികൾക്ക് ,
"ഓർക്കുന്നുണ്ട് ഇപ്പോളും,, ഞാൻ അവിടെ പഠിക്കുന്ന കാലത്തു വലിയ വീടുകളിലെ കല്യാണങ്ങൾക്കു ക്ഷണിച്ചിട്ടുണ്ടാവും , ഒരു ദിവസം ഒരു വീട്ടിൽ ചെന്നപ്പോൾ ഭക്ഷണം തീർന്നു പോയിരുന്നു ..പിന്നെ മൂന്നു മണിവരെ കാത്തിരുന്നു ഭക്ഷണ മേശക്കു മുന്നിൽ ..പലരും വിശന്നു തളർന്നു മേശയിൽ തലവെച്ചു കിടന്നിരുന്നു , സഹതാപത്തോടെയും ,പരിഹാസത്തോടെയും വന്നു പോവുന്ന അതിഥികളുടെ നോട്ടം "
സമയം കടന്ന് പോയി ... മണവാളന്റെ കാർ എത്തി പുറത്ത് ,
കൈപിടിച്ചു സ്വീകരിച്ചു ഇരുത്തി നിക്കാഹ് ,പ്രാർത്ഥന കഴിന്നു
അനിയത്തികുട്ടി ഇറങ്ങി വന്നു സാരിയും ആഭരണങ്ങളും മുല്ലപ്പൂവും ചൂടി .. "എന്തൊരു മൊഞ്ചാണ് "
അലങ്കരിച്ച കസേരയിൽ അവരെ ഇരുത്തി ..
ചെക്കന്റെ കൂടെ വന്ന ഫോട്ടോഗ്രാഫർ പല തരത്തിൽ നിന്ന് ഫോട്ടോകൾ എടുക്കുന്നു
ഞാൻ കുറച്ചു മാറിനിന്നു
അപ്പോളാണ് ശ്രദ്ദിച്ചത് ചെക്കന്റെ കൂടെ വന്ന മൂന്നു നാല് ഫ്രീക്കന്മാർ എന്റെ അടുത്ത് പന്തലിന്റെ മൂലയിൽനിന്നു ഒരു ഗൂഢാലോചന
"ഓനും പെണ്ണും ഇറങ്ങുമ്പോൾ ഞാൻ ഗുണ്ട് പൊട്ടിക്കാം ,ടൗണിൽ അവരുടെ കാർ തടഞ്ഞു നിർത്താം ബൈക്കുമായി ,അത് കഴിഞ്ഞു വീട് എത്തുന്നതിനു കുറച്ചു ഇപ്പുറത്ത് ഇറക്കി നടത്തിക്കാം "
ഒരു ഫ്രീക്കൻ മറ്റുള്ളവരോട് പറയുകയാണ് ..
ഇപ്പോൾ പല കല്യാണങ്ങൾക്കും ചെക്കന്റെ കൂട്ടുകാരുടെ ഒരു ചടങ്ങാണ് ഇത്
എന്റെ നെഞ്ചിൽ ഒരു കൊളുത്തു വീണു ഇത് കേട്ടപ്പോൾ
ഞാൻ അവരുടെ അടുത്തെത്തി ഒരു ഫ്രീക്കന്റെ കൈ പിടിച്ചു പരിചയപ്പെടുത്തി "ഞാൻ കല്ല്യാണ പെണ്ണിന്റെ ആങ്ങളായാണ് ,നിങ്ങൾ വെള്ളം കുടിച്ചില്ലേ "
അവർ കുടിച്ചെന്നു പറഞ്ഞു ഇനി ഇയാൾക്ക് എന്ത് വേണം എന്ന ഭാവത്തിൽ എന്നെ നോക്കി
ഞാൻ പറഞ്ഞു
"നിങ്ങൾ ഇവിടെ സംസാരിച്ചു കൊണ്ടിരുന്നത് ഞാൻ കേട്ടു ,എന്റെ പെങ്ങളാണ് കല്ല്യാണം കഴിഞ്ഞു ഇവിടുന്നു ഇറങ്ങി പോവുന്നത് ,ഒരു പുരുഷന്റെ കൂടെ ഭാര്യയായി മറ്റൊരു വീട്ടിലേയ്ക്കു , ആസമയത്ത് പ്രാർത്ഥനകളും മംഗളാശംസകളും നേരുന്നതിനു പകരം ഇത് പോലെ എന്തെങ്കിലും കാണിച്ചാൽ
പടച്ചോനാണേ നേര് നിന്റെയൊക്കെ വീട്ടിൽ കേറി വന്ന് വയറ് കുത്തികീറി കുടല് ഞാൻ പുറത്തെടുക്കും കേട്ടോടാ *****"
ഫ്രീക്കന്റെ കൈ എന്റെ കയ്യിനുള്ളിൽ ഇരിന്നു അമർന്നു നെരിയുകയായിരുന്നു അപ്പോൾ .. ഞാൻ കൈ വിട്ടു "എന്നാൽ അനിയന്മാര് ചെല്ല് " അവർ പന്തലിനു പുറത്തേക്കു ഇറങ്ങി ചമ്മൽ ഒളിപ്പിച്ചു വെച്ച്
അനിയത്തികുട്ടിയും ,മണവാളനും ഇറങ്ങുവാൻ സമയമായി
അവൾ യാത്ര പറഞ്ഞു ഇറങ്ങി എന്റെ കൈയിൽ പിടിച്ചു ഒന്ന് വിതുമ്പി.... ഞാൻ മുഖത്തു ചിരി വരുത്തി "അയ്യേ എന്തായിത് ആളുകൾ എല്ലാരും കാണും ,ഇക്കാടെ കുട്ടി കരയരുത് "
ഉമ്മയും ചെറിയ അനിയത്തിയും അപ്പുറത്തു നിന്ന് തേങ്ങുന്നുണ്ട്
ഞാൻ അവരെ കാറിൽ കയറ്റി ഇരുത്തി കണ്ണിൽ നിന്ന് മറയുന്നതു വരെ നോക്കിനിന്നു .....
കണ്ണുകൾ നിറഞ്ഞു ഒലിക്കുന്നുണ്ട് ..ആരും കാണാതെ വേഗം തുടച്ചു
തിരക്കുകൾ ഒഴിഞ്ഞു എല്ലാവരും യാത്ര പറഞ്ഞു ഇറങ്ങി
മൊഞ്ചത്തിടെ വാപ്പ അടുത്ത് വന്നു "മോനെ ഞാൻ പോകുവാ "
"നില്ക്കു ഞാൻ കൊണ്ട് വിടാം "
ഞാൻ കുറച്ചു ബിരിയാണി പൊതിഞ്ഞെടുത്തു
വണ്ടി എടുത്തു അയാളെയും കയറ്റി ...
വീടെത്തി ഉമ്മ കിടക്കാണ് .. "കല്ല്യാണം ഉഷാറായില്ലേ മോനെ ,വയ്യാരുന്നു അതാ വരാതിരുന്നത് "
"സാരല്ല ഉമ്മ അസുഖം എല്ലാം പെട്ടന്ന് മാറും "
ഞാൻ യാത്ര പറഞ്ഞിറങ്ങി
മൊഞ്ചത്തിയെ കാണുന്നില്ല
ഒരു കൈ വിരലെങ്കിലും വാതിലിനപ്പുറത്തു കണ്ടെങ്കിൽ എന്ന് മനസ്സ് കൊതിച്ചു കൊണ്ടിരുന്നു
പുറത്തിറങ്ങി വണ്ടി സ്റ്റാർട്ട് ചെയ്തു
ഒന്ന് കൂടി തിരിഞ്ഞു നോക്കി
കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല
"ജനലിന്റെ അപ്പുറം ആ മൊഞ്ചുള്ള മിഴികൾ എന്നെ നോക്കുന്നു -
തുടരുo ..
ഓട്ടോക്കാരൻ ഭാഗം III
രാവിലെ നേരത്തെ വീട്ടിൽ നിന്നിറങ്ങി ...ചെറുതായി മഴ പെയ്തിട്ടുണ്ട് ,മുറ്റം നനഞ്ഞു കിടക്കുകയാണ് , മഴത്തുള്ളികളുടെ ലാളനയേറ്റു നിൽക്കുന്ന മുല്ലക്കും ,റോസിനും ഒരു പ്രത്യേക ഭംഗി കാണുമ്പോൾ ... അനിയത്തി കല്ല്യാണം കഴിഞ്ഞു പോയതിനു ശേഷം ഇതിനൊന്നും വേണ്ടതുപോലെ പരിചരണം കിട്ടിയിട്ടില്ല ,ചെറിയ അനിയത്തികുട്ടിക്ക് പഠനത്തിലാണ് കൂടുതൽ ശ്രദ്ധ ...
ഞാൻ സ്റ്റാൻഡിലാണ് ,രണ്ടു മൂന്നു ചെറിയ ട്രിപ്പുകൾ പോയി വന്ന് നില്കുന്നു ...
അന്തരീക്ഷം ആകെ ഒരു മൂടികെട്ടലാണ് ഇന്ന് , പത്തു മണി കഴിഞ്ഞിട്ടും വെയിലും വെളിച്ചവുമില്ല ...
വണ്ടിക്കടുത്തേയ്ക്കു ഒരാൾ വരുന്നുണ്ട് , വണ്ടിയിൽ കയറി അയാൾ പോവേണ്ട സ്ഥലം പറഞ്ഞു , ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തു , കുറച്ചു ദൂരം അധികമുണ്ട് അയാൾ പറഞ്ഞ സ്‌ഥലത്തേയ്ക്കു , മനസ്സിൽ ചെറിയൊരു സന്തോഷം ഉണ്ടായി ...
വണ്ടി ഓടിക്കൊണ്ടിരിക്കാണ് .. ഒരുപാട് ദൂരം പിന്നിട്ടു കഴിഞ്ഞിരിക്കുന്നു , ബോറടി മാറ്റുവാൻ ഞാൻ ഇടക്കിടെ പലതും പറയുന്നുണ്ട് ,അയാൾക്ക് സംസാരിക്കാൻ താല്പര്യം ഇല്ലന്ന് മനസ്സിലായപ്പോൾ മിണ്ടാതിരുന്നു ഞാൻ ...
അയാൾ പറയുന്നതനുസരിച്ചുള്ള വഴികളിലൂടെ പോയി കൊണ്ടിരിക്കയാണ് , കൂടുതൽ ഉൾ വഴികളാണ്
"ആ ഇടവഴിക്കടുത്തു നിർത്തിക്കോളൂ " അയാൾ പറഞ്ഞു , ഞാൻ വണ്ടി നിറുത്തി , പരിസരത്തെങ്ങും വീടുകളില്ല ,തീർത്തും വിജനമായ സ്‌ഥലം
"എത്രയാ വേണ്ടത് "
ഞാൻ ദൂരം കണക്കു കൂട്ടി പറഞ്ഞു "മുന്നൂറ്റി അമ്പത് "
അയാൾ പൈസ എന്റെ നേരെ നീട്ടികൊണ്ടു പറഞ്ഞു "ബാക്കി തരൂ "
അയാളുടെ കയ്യിലേക്ക് നോക്കിയ ഞാൻ നെട്ടി , വിയർത്തു ,മനസ്സിലുണ്ടായിരുന്ന സന്തോഷമെല്ലാം അവിടെ അവസാനിച്ചു
രാവിലെ കണ്ട റോസാപ്പൂവിന്റെ നിറമുള്ള രണ്ടായിരത്തിന്റെ നോട്ട്
"അയ്യോ ചേട്ടാ ബാക്കി തരാൻ കയ്യിൽ പൈസ തികയില്ല "
"ഇനി ഇപ്പോൾ എന്ത് ചെയ്യും ,എന്റെ കയ്യിൽ ചില്ലറയായിട്ട് ഒരു മുപ്പതു രൂപ കാണും " അയാൾ പറഞ്ഞു
ഞാൻ പോക്കറ്റിലും വണ്ടിക്കുള്ളിലെ കവറുകളിലും തപ്പി തിരഞ്ഞു എല്ലാം കൂട്ടി എണ്ണി നോക്കി ആയിരത്തി അഞ്ഞൂറ് തികയുന്നില്ല
"സാരമില്ല ബാക്കി ഞാൻ സ്റ്റാൻഡിൽ വരുമ്പോൾ വാങ്ങിച്ചോളം " എന്നും പറഞ്ഞു എന്റെ കയ്യിലെ നാണയത്തുട്ടുകളും നോട്ടുകളും എണ്ണി അടുക്കി വാങ്ങിച്ചു
ഞാൻ എനി എന്തു ചെയുമെന്നാലോചിച്ചു രണ്ടായിരത്തിന്റെ നോട്ടും പോക്കറ്റിലിട്ടു വണ്ടി സ്റ്റാർട്ട് ചെയ്തു ...
എനി ഒരാൾ വാടക തന്നാൽ ബാക്കി കൊടുക്കാൻ സാധിക്കില്ല ,വണ്ടിയിൽ എണ്ണ അടിക്കാനും കഴിയില്ല , രാവിലെ നിറച്ചതാണ് ...
സമയം ഒരു മണിയാവുന്നു ,വിശപ്പ് സഹിക്കാൻ കഴിയുന്നില്ല ഭക്ഷണം കഴിക്കാൻ ഈ നോട്ടും കൊണ്ട് പോയാൽ ശരിയാവില്ല ..
രണ്ടു ഹോട്ടലിൽ കയറി ചോദിച്ചു ,അവിടെയൊന്നും ബാക്കി തരാൻ ചില്ലറിയില്ല
കുറച്ചു വലിയ ഒരു ഹോട്ടലിനു മുന്നിൽ വണ്ടി നിറുത്തി , അകത്തേയ്ക്കു നടക്കുമ്പോൾ പുറത്തു നിന്നുതന്നെ കാണാം ചില്ലിനുള്ളിലൂടെ വെളുത്തു തടിച്ച ,വെള്ള ഷർട്ടും ,കയ്യിൽ സ്വർണ നിറമുള്ള വാച്ചും,വിരൽ നിറയെ മോതിരവും ധരിച്ചു ഒരാൾ ക്യാഷ് കൗണ്ടറിനുള്ളിൽ , നെറ്റിയിൽ നീളത്തിൽ വരച്ച ചുവന്ന കുറി ,
അയാളെ കണ്ടാൽ അറിയാം അയാൾ തന്നെയാവും ഈ ഹോട്ടലിന്റെ ഉടമ
ഞാൻ അടുത്ത് ചെന്നു
"ഭക്ഷണം കഴിച്ചാൽ രണ്ടായിരത്തിനു ബാക്കി ഉണ്ടാവുമോ ?"
"ഇല്ലാ "
അത് പറയുമ്പോൾ അയാളുടെ മുഖത്തു ഒരു ഭാവ വ്യത്യാസവുമില്ല
അപ്പുറത്ത് കുറച്ചു സ്വാമിമാർ കറുപ്പ് മുണ്ടും ,കഴുത്തിൽ മാലകളും ധരിച്ച് ഭക്ഷണം കഴിക്കുന്നു ,അവരെല്ലാം തല പൊക്കി എന്നെയൊന്നു നോക്കി
"കുറച്ചു വെള്ളം എടുക്കുന്നു "
എന്നും പറഞ്ഞു ഞാൻ അടുത്ത മേശ പുറത്തെ ജഗ്ഗ് എടുത്തു വായിലോട്ടു കമഴ്ത്തി , ജഗ്ഗ് തിരികെ വെക്കുമ്പോൾ അതിലെ പകുതിയിലേറെ വെള്ളം എന്റെ വയറ്റിനുള്ളിൽ ആയിരുന്നു
അയാളുടെ മുഖത്തേയ്ക്കു ഒന്നുകൂടി നോക്കി ഞാൻ ഇറങ്ങി നടന്നു
അപ്പോളാണ് കണ്ടത് നേരെ എതിർവശത്തെ നമസ്കാര പള്ളി
ഞാൻ അവിടെയെത്തി ,അങ്കശുദ്ധി വരുത്തി നമസ്കരിച്ചു, പ്രാർത്ഥിച്ചു "പടച്ചോനെ എല്ലാവർക്കും നല്ലത് മാത്രം വരുത്തണേ "
ചെറുപ്പത്തിൽ പ്രാർത്ഥനകളുടെ കൂടെ ഉമ്മ പഠിപ്പിച്ചതാണ് ഈ വാക്കുകൾ അതിന്നും തുടരുന്നു
തിരിച്ചു വണ്ടിയിലെത്തി മുന്നിലെ സീറ്റിൽ ഒരു കവർ ഇരിക്കുന്നു ,അടുത്ത് ഒരു കുപ്പി വെള്ളവും
ഇതരാവും ഇവിടെ കൊണ്ട് വന്ന് വെച്ചത് ആശ്ചര്യത്തോടെ ഞാൻ കവർ തുറന്നു അതിനകത്തു ഒരു പൊതികെട്ട് , മുകളിൽ പപ്പടം ,ചെറിയ ഒരു കവറിൽ സാമ്പാർ ,മറ്റൊന്നിൽ തൈരുമുണ്ട്
ആരെങ്കിലും ചോറ് പൊതിഞ്ഞു കെട്ടി വാങ്ങിച്ചതാവും , പക്ഷെ ഇതെങ്ങിനെ വണ്ടിയിൽ വന്നു എന്നാലോചിച്ചു നിൽകുമ്പോൾ ,ഹോട്ടലിന്റെ മുന്നിൽ നിന്ന കാവൽക്കാരൻ അടുത്ത് വന്നു പറഞ്ഞു
"കുറച്ചു മുൻപ് ഇവിടെ നിന്നു കഴിച്ചിറങ്ങിയ അയ്യപ്പ സ്വാമിമാർ നിങ്ങൾക്കു തരാൻ വേണ്ടി പറഞ്ഞു തന്നതാണ്
നിങ്ങളെ വണ്ടിയിൽ കാണാതായപ്പോൾ ഞാൻ വച്ചതാണിവിടെ "
ചുറ്റും നോക്കി ,അവരുടെ വണ്ടികളൊന്നും അടുത്തില്ല , ഒരു നന്ദി വാക്ക് പറയാൻ.... ഇല്ല എല്ലാവരും പോയി ...
"അവരുടെ യാത്ര ശുഭമാക്കണേ" എന്ന് മനസ്സിൽ പ്രാർത്ഥിച്ചു
ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തു, ചില്ലുകൾക്കപ്പുറത്തെ ഹോട്ടൽ മുതലാളിയെ നോക്കി ,അയാളുടെ മുഖത്ത് അപ്പോൾ ചെറിയ ഒരു പുഞ്ചിരി ഉണ്ടായിരുന്നു ... വണ്ടി കുറച്ചപ്പുറത്തെ മരത്തണലിൽ നിർത്തി ,ഭക്ഷണം കഴിച്ചു ....
അങ്ങനെ ദിവസങ്ങൾ കടന്ന് പോയി ... കല്ല്യാണം കഴിഞ്ഞ അനിയത്തി ഇടക്കു വീട്ടിൽ വരാറുണ്ട് ,അവളിപ്പോഴും പഠിക്കുന്നുണ്ട് ...
എന്റെ മൊഞ്ചത്തിടെ വാപ്പ , സലാം എന്നാണ് പേര് ,പറയാൻ വിട്ടുപോയി
സലാമിക്കാനെ ഇപ്പോൾ കാണാറില്ല പലചരക്കുകടയിൽ ജോലിക്ക് വരുന്നില്ല ,വീട് വരെ ഒന്ന് പോയി നോക്കണം ..
ഞാൻ അവരുടെ വീട്ടിലെത്തി ബെല്ലടിച്ചു വാതിൽ തുറന്ന് സലാമിക്ക വന്നു "ആഹ മോനായിരുന്നോ ,വായോ കേറി ഇരിക്ക് "
ഞാൻ അകത്ത് കേറി ഇരുന്നു , "എന്താ ഇക്കാ ഇപ്പോൾ കടയിൽ വരാത്തത് ,കാണാതായപ്പോൾ ഞാൻ ഇങ്ങോട്ടു പോന്നതാണ് "
"വയ്യാഞ്ഞിട്ട മോനെ , പനിയായി കുറച്ചു ദിവസം ഹോസ്പിറ്റലിൽ കിടന്നു ,പിന്നെ പോയില്ല " ഒന്ന് ചുമച്ചു കൊണ്ട് അയാൾ പറഞ്ഞു നിറുത്തി
ശരിയാണ് അന്ന് കണ്ടതിലും അയാൾ ഒരുപാട് ഷീണിച്ചു ..
"മോന് കുടിക്കാൻ എന്താ വേണ്ട് ,ഉമ്മാക്ക് സുഖമല്ലേ ,അനിയത്തി വരാറുണ്ടോ " എന്നും ചോദിച്ചുകൊണ്ട് മൊഞ്ചത്തിന്റെ ഉമ്മ അകത്തിന്നു ഇറങ്ങി വന്നു
"ഒന്നും വേണ്ട ,സുഖമാണ് അവൾ വരാറുണ്ട് " ഞാൻ മറുപടി കൊടുത്തു
"എവിടെ മോൾ " ഞാൻ ചോദിച്ചു , കുറച്ചു നേരമായി എന്റെ കണ്ണുകൾ അവളെ തിരയുന്നു ,ഒരു നോക്ക് കാണാൻ മനസ്സ് വെമ്പൽ കൊള്ളുന്നുണ്ട്
"നെജു അപ്പുറത്തെ ശാന്ത ചേച്ചിടെ വീട്ടിൽ തയ്യൽ പഠിക്കാൻ പോയി ,കുറച്ചായി പോക്ക് തുടങ്ങിട്ടു "
ഉമ്മ പറഞ്ഞു നിറുത്തി ..
നെജു , എന്നാണ് വിളിക്കുന്ന പേര് ,ശരിക്കും പേരെന്താവും ഞാൻ ആലോചിച്ചു ...
കുറച്ചു നേരം സംസാരിച്ചിരുന്നു ഞാൻ യാത്ര പറഞ്ഞിറങ്ങി ....
അയാളും കുടുംബവും എനി എങ്ങനെ ജീവിക്കും എന്നായിരുന്നു എന്റെ ചിന്ത തിരിച്ചു വന്നു വണ്ടിയിൽ ഇരിക്കുമ്പോൾ ...
അയാളുടെ സംസാരത്തിൽ നിന്നു മനസ്സിലാക്കിയത് കെട്ടിച്ചു വിട്ട പെൺമക്കൾ ആവശ്യങ്ങൾക്കല്ലാതെ ,അവർക്ക് ഒരു സഹായം ചെയ്യാൻ വരില്ലെന്ന് തോനുന്നു ,മറ്റു കുടുംബക്കാരും .
ഞാൻ ഉമ്മാനോട് ഇത് സംസാരിച്ചു ... എന്റെ മനസ്സിൽ ചെറിയൊരു ബുദ്ധി ഉദിച്ചു
ഞാൻ വീണ്ടും സലാമിക്കാനെ കാണാൻ ചെന്നു ,എന്റെ പദ്ധതി ഇതാണ്
സലാമിക്കാടെ വീടിനു മുന്നിൽ കുറച്ചു സ്‌ഥലം ഉണ്ട് ,റോഡ് അരികുമാണ് , അവിടെ രണ്ടു കടകൾക്കു പറ്റിയ റൂമുകൾ നിർമിക്കാം ,അതിൽ ഒന്നിൽ ഇക്കാക്ക് ഒരു പലചരക്കുകട ചെറുതായിട്ട് ആരംഭിക്കാം ,മറ്റൊന്നിൽ ശാന്ത ചേച്ചിക്കും മോൾക്കും ഒരു തയ്യൽ മെഷീനുകൂടെ വാങ്ങിച്ച് തയ്യൽ കടയും ഇടാം
എന്റെ പദ്ധതി ഇക്കാക്ക് ഇഷ്ട്ടമായി ,പക്ഷെ കടങ്ങൾ അല്ലാതെ മറ്റൊന്നും അയാൾക്കില്ല സ്വന്തമായി , "പൈസ ഇല്ല എന്തു ചെയ്യും"
വീടിന് ലോണുമുണ്ട് ..
ഞാൻ വീട്ടിൽ പോയി ഉമ്മാനോട് കാര്യങ്ങൾ പറഞ്ഞു ...
എന്റെ കയ്യിലും ഒന്നുമില്ല ,അനിയത്തിടെ കല്യാണത്തിന്റെ കടങ്ങൾ വീടി വരുന്നേയുള്ളൂ
അങ്ങനെ ഒരു തീരുമാനത്തിലെത്തി ,എന്റെ വണ്ടിടെ ലോൺ അടച്ചു കഴിഞ്ഞതാണ് ,അതിൽ ഇനിയും ലോൺ ഇടാം .. ഉമ്മാക്കും സമ്മതം
സലാമിക്കാടെ മുന്നിൽ ഇത് പറഞ്ഞപ്പോൾ ആദ്യം അയാൾ സമ്മതിച്ചില്ല ,പിന്നെ അയാളുടെ അവസ്ഥകൊണ്ട് സമ്മതം മൂളി ...
അങ്ങനെ വായ്പ എടുത്തു പണി തുടങ്ങി ..
രണ്ടു ഷീറ്റു മേഞ്ഞ റൂമുകൾ , കുറച്ചു പൈസ കടവും വാങ്ങിച്ചു
ഇത് അറിഞ്ഞ അനിയത്തി കുട്ടി കുറച്ചു സ്വർണവും തന്നു ,അവളുടെ ഭർത്താവിന്റെ സമ്മതത്തോടെ
അത് ഊരി തരുമ്പോൾ അവൾ ചോദിച്ചു "ഇക്കാക്ക് ആ മൊഞ്ചത്തിനെ ഇഷ്ട്ടാണല്ലേ ,ഞങ്ങൾക്ക് ഒന്ന് കാണിച്ചു തരുന്നതെന്നാണ് " അത് പറയുമ്പോൾ അവളുടെ മുഖത്തു നോക്കാൻ കഴിഞ്ഞില്ല .. ഞാൻ ചിരിച്ചു വെറുതെ
അങ്ങനെ കട തുടങ്ങി കുറച്ചു സാധനങ്ങൾ ഇറക്കി ,മറ്റേറൂമിൽ ശാന്ത ചേച്ചിടെ തയ്യൽ മെഷീനും ,പുതിയത് വേറെ ഒരെണ്ണവും വാങ്ങിച്ചു ഇട്ട് ..
ദിവസങ്ങൾ കടന്നു പോയി ...
കടയിൽ നല്ല കച്ചവടം ഉണ്ട് ഇപ്പോൾ ,സാധനങ്ങൾ ഞാനാണ് ടൗണിൽ നിന്നു എത്തിച്ചു കൊടുക്കുന്നത് , എനിക്ക് പൈസ കുറച്ചൊക്കെ തന്നു തീർത്തു ...
ശാന്ത ചേച്ചിയും ,നെജുവും തയ്യൽ ഓർഡറുകൾ പിടിച്ചു നല്ല രീതിയിൽ പോവുന്നു ..
ഇടക്കൊക്കെ അവളുടെയും എന്റെയും കണ്ണുകൾ പരസ്പരം കോർത്തു ... പിന്നെ മൊഞ്ചുള്ള ഒരു ചിരിയിലേയ്ക്ക് മാറിയത്
എനിക്ക് അവളോട് പോയി സംസാരിക്കാൻ ആഗ്രഹമുണ്ട് ,ആ മൊഞ്ചുള്ള മിഴികളിൽ നോക്കി പറയണം "ഇഷ്ട്ടമാണ് നിന്നെ "
അതിനുള്ള ഒരു അവസരം ഇതുവരെ ഒത്തു വന്നില്ല
"അവളുടെ പേര് നെജിമുന്നിസ എന്നാണ് മനസിലാകിട്ടോ" അതിനിടക്ക് ഞാൻ ....
അങ്ങനെ ദിവസങ്ങൾ കടന്ന് പോയി
ഒരു ദിവസം, സലാമിക്കാടെ കടയിൽ സാധനങ്ങൾ ഇറക്കി ,വണ്ടിയിൽ തിരിച്ചു കയറുമ്പോൾ മൊഞ്ചത്തിയെവിടെ നോക്കി ... എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല ,അവൾ എന്റെ അടുക്കലേയ്ക്ക് നടന്നു വരുകയാണ് എന്റെ മുഖത്തു നോക്കി ചിരിച്ചു .. കണ്മഷിയോ ,സുറുമയോ ഇല്ലാതെ തന്നെ ആ കണ്ണുകൾക്ക് എന്തൊരു അഴകും ,തിളക്കവുമാണ്
ചിരിക്കുമ്പോൾ കവിളിലെ നുണകുഴികൾ വിരിയുന്നത് നോക്കിയാൽ ആ മുഖത്തിനു ഒരിക്കലും കണ്ണെടുക്കാൻ കഴിയില്ല ...
"പാവത്തിന് സംസാര ശേഷി മാത്രം കൊടുത്തില്ല പടച്ചോൻ "
അവൾ അടുത്തനിന്നു എന്റെ നേരെ ഒരു കടലാസ് മടക്കിയത് നീട്ടി .. ഞാൻ അത് വാങ്ങിച്ചു
കൈകൾ വിറകുകയാണ് ...നെഞ്ചിടിപ്പ് വർദ്ധിച്ചു എന്താവും ഇതിൽ എഴുതിയിട്ടുണ്ടാവുക -
തുടരും......
ഓട്ടോക്കാരൻ ഭാഗം നാല് :
നെജു തന്ന മടക്കിയ കടലാസ് വാങ്ങിച്ചു പോക്കറ്റിലിട്ടു ..വാങ്ങിക്കുമ്പോൾ കയ്യൊന്നു വിറച്ചു ...അത് തന്നയുടൻ അവൾ ഒരു മൊഞ്ചുള്ള ചിരികൂടി സമ്മാനിച്ച് തയ്യൽ കടയിലേയ്ക്ക് തിരിച്ചു പോയി , ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തു ,എവിടെങ്കിലും നിറുത്തിയിട്ട് വേണം അതൊന്നു തുറന്ന് വായിക്കാൻ .. വണ്ടി ആകാശത്തിലൂടെ ഒഴുക്കുന്നത് പോലെ തോന്നിയെനിക്ക് മനസ്സിൽ വല്ലാത്തൊരു സന്തോഷം ,അനുഭൂതി ... ഞാൻ ആഗ്രഹിച്ചത് എല്ലാം നടക്കുവാൻ പോവുന്നു , അവളുടെ ഖൽബുകൊണ്ടു എഴുതിയ വാക്കുകളാവും ഇതിൽ .....
വണ്ടി നിറുത്തി , പോക്കറ്റിൽ നിന്ന് പതുക്കെ കടലാസ് എടുത്തു നിവർത്തി വായിച്ചു
എനിക്ക് ചിരിക്കണോ കരയണോ എന്നറിയുന്നില്ല അതിലെ എഴുത്ത് കണ്ടപ്പോൾ
ചുവന്ന നൂൽ രണ്ട്
കറുപ്പ് ആറെണ്ണം
വെളുപ്പ് പത്തെണ്ണം
അങ്ങനെ കുറച്ചു സാധനങ്ങൾ തയ്യിൽ കടയിലേയ്ക്ക് ആവശ്യമുള്ളത്
ഞാൻ എന്തൊരു മണ്ടനാണ് ,അവളോട് ഇഷ്ട്ടം ഉണ്ടോന്നു ചോദിച്ചില്ല , എനിക്ക് ഇഷ്ടമാണെന്നു പറഞ്ഞിട്ടുമില്ല ,
എന്നാലും അവൾക്കെന്നെ ഇഷ്ട്ടമുണ്ട് ,ഞാൻ പറയട്ടെ ആദ്യം എന്ന് വിചാരിച്ചു നില്കുന്നതാവും ,
ദിവസങ്ങൾ കഴിഞ്ഞു .. നെജുവിന്റെ വാപ്പ സലാമിക്കാക് ഇപ്പോൾ നല്ല കച്ചവടമുണ്ട് കടയിൽ ,വലിയ വണ്ടിയിലാണ് സാധങ്ങൾ കൊണ്ട് വരുന്നത് ,അതുകൊണ്ട് എന്റെ വണ്ടി വിളിക്കാറില്ല , നെജു സ്കൂട്ടർ വാങ്ങിച്ചു ,അവൾ അതിൽ പോയി അവൾക് ആവശ്യമുള്ളത് വാങ്ങിക്കും
ചുരുക്കി പറഞ്ഞാൽ നെജുവിനെ കാണാനോ ,ആ മൊഞ്ചുള്ള ചിരി ആസ്വാദിക്കാനോ കഴിയുന്നില്ല
എന്നാലും ഇടക്കു അവിടെ പോവും ,സലാമിക്കാടെ അടുത്ത് സംസാരിക്കും , തൊട്ട് അടുത്തുള്ള റൂമിൽ തയ്യൽ ജോലികൾ നന്നായി നടക്കുന്നു നെജുവും ,അവളുടെ തയ്യൽ ടീച്ചർ ശാന്തചേച്ചിയും ഓർഡർ ഒരുപാട് പിടിച്ചെടുക്കുന്നുണ്ട്
ദിവസങ്ങൾ കടന്നു പോയി ...
സലാമിക്കാക്കും ,നെജുവിനും കട തുടങ്ങാൻ വേണ്ടി ചിലവാക്കിയ പൈസ എല്ലാം തിരിച്ചു തന്നു ... ഇനി എനിക്ക് അങ്ങോട്ട് പോവാൻ ഒരു കാരണവും ഇല്ലാതെയായി ... നെജുവിനെ കണ്ടിട്ട് കുറച്ചു ദിവസമായി .
മൊബൈൽ വെള്ളത്തിൽ വീണു , അത് ശരിയാക്കി കിട്ടുവാൻ രണ്ട് ദിവസം എടുക്കും ...
അതുകൊണ്ടു ഇപ്പോൾ നേരത്തെ വീട്ടിൽ പോവും
ഫോണിലൂടെ വരുന്ന ട്രിപ്പുകൾ മുടങ്ങി ,
കുറച്ചു ദിവസങ്ങൾക്കു ശേഷം
അങ്ങനെ ഞാൻ തീരുമാനിച്ചു അവളുടെ അടുത്ത് പോയി എന്റെ ഇഷ്ട്ടം പറയാം ..
ഒരു വൈകുന്നേരം ട്രിപ്പുകൾ കഴിഞ്ഞിട്ടുള്ള ഒരു ഒഴിവു സമയത്ത് അവിടേയ്ക്കു യാത്ര തിരിച്ചു
വണ്ടി അവളുടെ വീട്ടിലേയ്ക്കുള്ള വഴികളിലൂടെ ഓടി കൊണ്ടിരിക്കയാണ് ...
ഞാൻ ഇടക്കിടെ വണ്ടിയുടെ കണ്ണാടിയിലേക്കു ചെരിഞ്ഞു മുഖഭംഗി നോക്കുന്നുണ്ട് .. ഇന്ന് കാക്കി ഷർട്ട് ഒഴിവാക്കി ,നല്ല വെള്ള ഷർട്ട് ധരിച്ചിട്ടുണ്ട് ..
മനസ്സിൽ ചില കണക്ക് കൂട്ടലുകൾ ഉണ്ട് , അവളോട് ഇഷ്ട്ടം പറഞ്ഞതിന് ശേഷം ,അവളുടെ മറുപടി അറിയണം
"ഇഷ്ട്ടാവും അവൾക്ക് ,ഞാൻ ആദ്യം പറയാൻ വേണ്ടി കാത്തു നിൽക്കുകയാവും "
അതിനു ശേഷം അവളുടെ വാപ്പാനോട് സംസാരിക്കണം
അവളുടെ വീടിന് മുന്നിലെത്തി വണ്ടി നിറുത്തി , വീടിന് മുൻവശത്തുള്ള തയ്യൽ കടയിൽ ശാന്ത ചേച്ചി മാത്രം ജോലി ചെയുന്നുണ്ട്
" നെജു എവിടെ പോയി "
ഞാൻ ആലോചിച്ചുകൊണ്ടു അടുത്തുള്ള അവളുടെ വാപ്പയുടെ കടയിലെത്തി ,കടയിൽ രണ്ടുമൂന്നു പേർ സാധനം വാങ്ങിക്കാൻ നിൽക്കുന്നുണ്ട്
"സലാമിക്കാ ..എന്തൊക്കെ വിശേഷം സുഖമല്ലേ "
ഞാൻ അടുത്ത് ചെന്നു
"വിശേഷം ഉണ്ടല്ലോ ,ഇജ് എവിടായിരുന്നു മോനെ അന്നേ വിളിച്ചപ്പോൾ കിട്ടിയില്ലലോ , ഞാൻ ഇവർക്ക് സാധനം കൊടുക്കട്ടെ ഇപ്പോ വരാം.. ,സംസാരിക്കാനുണ്ട് "
ഞാൻ കുറച്ചു മാറിനിന്ന് , കടയിൽ ഇപ്പോൾ ഒരുപാട് സാധനങ്ങൾ ഉണ്ട് , മെച്ചപ്പെട്ട്
പാവം ഒരുപാട് കഷ്ട്ടപെട്ടതല്ലേ ഗൾഫിൽ പോയി ഒന്നും സമ്പാദിക്കാൻ കഴിഞ്ഞിട്ടില്ല
കടയിലെ ആളുകൾ പോയപ്പോൾ ഇക്കാ അടുത്ത് വന്നു
ഞാൻ പറഞ്ഞു "ഫോൺ കേടായി അതാ വിളിച്ചാൽ കിട്ടാതിരുന്നത് "
"നെജുന് ഒരു കല്ല്യാണ ആലോചന വന്നു ,ഗൾഫിലാ ചെക്കന് ജോലി ,അവർക്ക് ഇഷ്ട്ടായി ,നിക്കാഹ് നാളെയാണ് , മോൻ വരണം ,എല്ലാം പെട്ടന്നായിരുന്നു , കടയിലെ തിരക്കും എല്ലാം കൂടി അങ്ങോട്ട് വരാൻ കഴിഞ്ഞില്ല "
ഇക്കാ പറഞ്ഞു നിർത്തി
നെഞ്ചിനുള്ളിൽ ഒരു തീക്കട്ട വന്നു വീണത് പോലെ എന്റെ മുന്നിലെ കാഴ്ച്ച മങ്ങി ,ഭൂമി ഒന്നായി കറങ്ങുന്നതു പോലെ, ഞാൻ അടുത്തുള്ള തൂണിൽ മുറുകെ പിടിച്ചു ,
ഞാൻ ഒരുപാട് താമസിച്ചു ... എല്ലാം പെട്ടന്ന് പറഞ്ഞാൽ മതിയായിരുന്നു ...
ആളുകൾ വന്നു , ഇക്ക വീണ്ടും കടയിലേയ്ക്ക് കയറി ...
ഞാൻ പറഞ്ഞു
"ഇക്കാ പോവുന്നു ,പിന്നെ വരാം "
എങ്ങനെയോ നടന്ന് വണ്ടിയിലെത്തി , ശരീരം തളരുകയാണ് ,
വീട്ടിലെത്തി , നേരെ പോയി കിടന്നു
"മോനെ നിനക്ക് ചോറ് വേണ്ടെ "
ഉമ്മ വിളിച്ചു ചോദിച്ചു
"വേണ്ട ഉമ്മ "
ഞാൻ മറുപടി കൊടുത്തു ,
ഞാൻ ആലോചിച്ചു
"അവളുടെ മനസ്സ് അറിയാൻ ശ്രമിച്ചില്ല , എന്റെ ഇഷ്ട്ടം തുറന്നും പറഞ്ഞില്ല അവളോട്
എനിക്ക് തന്നിരുന്ന മൊഞ്ചുള്ള ചിരിയിൽ നിറച്ചും സ്നേഹം ആയിരുന്നിരിക്കണം
" കൂട്ടുകാരനോടുള്ള സ്നേഹം അല്ലെങ്കിൽ ജേഷ്ട്ടനോടുള്ള സ്‌നേഹം...
ഇനിയതൊന്നും ആലോചിച്ചിട്ട് കാര്യമില്ല ,എല്ലാം കൈവിട്ടു പോയി , മിഴികൾ നിറയുന്നു
കിടന്നിട്ട് ഉറക്കം വരുന്നില്ല , രാത്രിയുടെ യാമങ്ങളിൽ എപ്പോഴോ മയങ്ങി ...
മുഖത്തു വെളിച്ചം തട്ടിയപ്പോളാണ് രാവിലെ എണീറ്റത് ,സമയം ഒരുപാട് ആയല്ലോ
രാത്രി സ്വപ്നങ്ങളുടെ ഒരു ഘോഷയാത്ര ആയിരുന്നു , മധുരമുള്ളതും ,ആകാംക്ഷ ഉള്ളതും ,സങ്കടപെടുത്തുന്നതും ....
എന്തെല്ലാം സംഭവിച്ചു ,,"എന്റെ വിവാഹവും നടന്നു "....എല്ലാം കഴിഞ്ഞിട്ട് ഇപ്പോൾ ഒരു വർഷമായി ,
ഇന്ന് എന്റെ ഒന്നാം വിവാഹ വാർഷികമാണ് , പ്രിയതമ റൂമിലെങ്ങുമില്ല , അവൾക്ക് സമ്മാനമായി കൊടുക്കാൻ ഒരു കൊച്ചു മോതിരം വാങ്ങിച്ചത് അലമാരയിൽ അവൾ കാണാതെ രാത്രി എടുത്തു വച്ചിട്ടുണ്ട് ...
അവൾ കടന്നു വന്നു , ഞാൻ അലമാരയിൽ നിന്നു മോതിരത്തിന്റെ ചെറിയ ബോക്സ് എടുത്തു , അടുത്ത് ചെന്ന് കണ്ണടച്ച് കൈ നീട്ടാൻ പറഞ്ഞു എന്താണെന്ന ഭാവത്തോടെ അവൾ ചിരിച്ചുകൊണ്ട് കണ്ണടച്ചു ...എന്റെ നേരെ നീട്ടിയ അവളുടെ കയ്യിലേയ്ക്ക് മോതിരത്തിന്റെ ബോക്സ് തുറന്ന് വച്ച് കൊടുത്തു
കണ്ണ് തുറന്ന് നോക്കിയ അവളുടെ മുഖത്ത് പതിനാലാം രാവ് ഉദിച്ചത് പോലെയുള്ള മൊഞ്ചുള്ള ചിരി വിടർന്നു ,മിഴികൾ ചെറുതായൊന്നു നിറഞ്ഞു , എന്റെ നെഞ്ചിലേയ്ക്ക് പതുക്കെ ചാഞ്ഞു .. "നെജു " ഞാൻ പതുക്കെ വിളിച്ചു .. അവൾ മൊഞ്ചുള്ള മുഖം ഉയർത്തി , ആ നിറഞ്ഞ മിഴികളിൽ ഞാൻ മുത്തമിട്ടു ..
"മൊഞ്ചുള്ള ചിരിയുടെ
മൊഞ്ചുള്ള മനസ്സ് ഇന്നെനിക്കു സ്വന്തം "
"ഉറക്കം വരാതെ കിടന്ന ആ രാത്രിക്കുതന്നെ പോയി ചോദിച്ചു ,അവൾ ആ ചോദ്യത്തിന് കാത്തുനിന്ന പോലെ ,അവൾക്കിഷ്ടം ,അവളുടെ ഇഷ്ടത്തിന് വീട്ടുകാർക്കും സമ്മതം ,പിന്നെ താമസിച്ചില്ല നല്ല ഒരു ദിവസം നോക്കി നിക്കാഹും ചെയ്തു കൊണ്ട് പൊന്നു "
ശുഭം
Comments
Post a Comment