മംഗല്യ പൊരുത്തം

മാംഗല്യപ്പൊരുത്തം
**********************
ഫുൾ പാർട്ട്‌
********

‘’നാളെ അവൾ പടിയിറങ്ങും.കളി ചിരിയുമായി ഈ വീട്ടിൽ ഓടി നടന്ന നമ്മുടെ മോൾ നാളെ ഒരു കുടുംബിനി ആകാൻ പോകുന്നു .ഒരുപാട് സന്തോഷം ഉണ്ട് പക്ഷെ മനസ്സിൽ വല്ലാത്തൊരു ഭാരം .’’

മനസ്സിൽ ഓരോ കണക്കുകൂട്ടലുകളൾ നടത്തുന്ന തിരക്കിൽ രാധാമണി പറഞ്ഞതൊന്നും രാമൻ നായർ കേട്ടില്ല .

‘’എന്താ ചിന്തിക്കുന്നത്.’’

“(ഒരു നെടുവീർപ്പോടെ) ങാ….നാളത്തെ  ഓരോ കാര്യങ്ങൾ ഇങ്ങനെ ആലോചിക്കുവായിരുന്നു.”

“അതൊർത്ത് വിഷമിക്കെണ്ട എല്ലാം ഇവൻറ്റ് മാനേജ്മെന്റിന്റെ ആൾക്കാർ നോക്കിക്കോളും.”

“എന്നാലും കല്യാണം കഴിയും വരെ ഒരു വേവലാതിയ. ഒറ്റമോൾ അല്ലെ ഒന്നിനും ഒരു കുറവും വരുത്താൻ പാടില്ല. പണ്ടത്തെ പ്രതാപത്തിൽ ആയിരുന്നേൽ ഇങ്ങനൊന്നും  നടക്കേണ്ട കല്യാണമേ അല്ല "

രാധാണിയുടെ മുഖത്ത് സങ്കടം നിഴലിച്ചു .

“പോയത് പോയി അതിനെ കുറിച്ച് ഓർത്ത് വിഷമിച്ചതുകൊണ്ട് ഒന്നും തിരിച്ചു കിട്ടല്ല.

(മൗനം)

'' കാലത്തേ എണീക്കാൻ ഉള്ളതല്ലേ ഉറക്കോളക്കെണ്ട ... നീ കിടന്നോ ... ഞാൻ കുറച്ച് കഴിഞ്ഞേ കിടക്കുന്നൊള്ളു ..."

രാത്രിക്ക് ദൈർഘ്യം കൂടുതലായ് രാമൻ നായർക്ക് അനുഭവപ്പെട്ടു. ചിന്തകളിൽ മുഴുകിയ മനസ്സ് പടവുകൾ ചവിട്ടി നിദ്രയുടെ നെറുകയിൽ കൊടികുത്തി വിശ്രമിച്ചു . നിലാവിന്റെ മനോഹാരിത കാണാൻ പുഞ്ചിരിച്ച്  പുലരിയുണർന്നു. നിശ്ശബ്ദതയിൽ ചിതറിയ പാത്രങ്ങൾ പോലെ അങ്ങുമിങ്ങുമായ് ആളുകളുടെ സംസാരം കേട്ടാണ് അയാൾ എണീറ്റത് .

സമയം ഒരുപാട് വൈകി .നേരത്തെ വിളിച്ചുണർത്താതിൽ കലിപൂണ്ടു രാമൻ നായർ കാണുന്നത് കരഞ്ഞു തളർന്ന് നിലത്തു കിടക്കുന്ന തന്റെ ഭാര്യയെ ആണ്.ആളുകൾ അയാളെ കണ്ടു നിശ്ശബ്ദമായി.  അടക്കം പറഞ്ഞ് മറ്റുചിലർ അങ്ങിങ്ങായും .

‘’എന്താ രാധാമണി ...എന്താ സംഭവിച്ചത്..?’’
‘’ഒക്കെ പോയി രാമേട്ടാ ..നമ്മുടെ സ്വപ്നങ്ങളെല്ലാം തകർന്നു …’’
‘’നീ എന്താണെന്ന് ..കാര്യം പറ..’’

വാക്കുകൾ പകുതിക്ക് മുറിഞ്ഞ് രാധാമണി കുഴഞ്ഞു വീണു. ഒരു സ്ത്രീ ഓടിപോയി വെള്ളം കൊണ്ടുവന്നു മുഖത്തു തളിച്ചിട്ടും  ബോധം വരുന്നില്ല എന്നു കണ്ടതും രാധമണിയെ  ആശുപത്രിയിലേക്ക് കൊണ്ടുപോയി .എന്താ സംഭവിക്കുന്നെ എന്നു മനസ്സിലാവാതെ  സ്തംഭിച്ചു രാമൻ നായർ .

കുടുംബക്കാരെ കൊണ്ട് ആശുപത്രിയിലെ സ്ഥല പരിമിതി കുറച്ചു എന്നല്ലാതെ മറ്റു ഗുണം ഒന്നും ഉണ്ടായില്ല. പിന്നെ ആവിശത്തിനും അനാവിശത്തിനും ധാരാളം ഉപദേശങ്ങൾ കിട്ടി.കാര്യം എന്തെന്ന് പറയാതെ സ്ഥിതി വശളാകുന്നെ കണ്ടപ്പോൾ ഒരു ഉപദേശകനോട് ആത്മനിയന്ത്രണം വിട്ട് അയാൾ പൊട്ടിത്തെറിച്ചു.

അനിയനിലൂടെ  സംഭവിച്ചതെല്ലാം അറിഞ്ഞതും ഈ നിസാര കാര്യത്തിനാണൊ ഇത്രയും കോലാഹലം സൃഷ്ട്ടിച്ചത് എന്ന ഭാവത്തിൽ എല്ലാവരെയും ഒന്നു നോക്കി ശേഷം ഡോക്ട്ടറിനെ കണ്ടു രാധമണിയുടെ വിവരങ്ങൾ തിരക്കി . അവർക്ക് കുഴപ്പമില്ല എന്ന വാക്കുകൾ അയാളിൽ  ആത്മധൈര്യം ഉളവാക്കി .
ശേഷം എല്ലാവരോടുമായി സമയം തെറ്റാതെ അമ്പലത്തിൽ എത്തിച്ചേരാനും രായാമണിക്ക് കുഴപ്പമൊന്നുമില്ലെന്നും  അറിയിച്ചു.

വീട്ടിൽ ആരെയും കാണാതെ പരിഭ്രമിച്ച് മകൾ വിളിച്ചുകൊണ്ടേയിരുന്നു . കുഴപ്പമൊന്നുമില്ല എന്ന ഭംഗിവാക്കിൽ മകളെ ആശ്വസിപ്പിച്ച് രാധാമണിയെ യഥാസമയം ആബുലൻസിൽ കല്യാണസ്ഥലത്തേക്ക് എത്തിക്കാൻ ഉള്ള  എല്ലാ ഏർപ്പാടുകളും ചെയ്യ്ത് മേൽനോട്ടം അനിയനെ ഏൽപ്പിച്ചയാളും ബന്ധുക്കളും വീട്ടിലേക്ക് മടങ്ങി .

പൂമുഖത്ത് നവ വധുവായി നിന്ന മകളെ കണ്ടതും അയാളുടെ മനസ്സിൽ അനിർവചനീയമായ ഒരു സന്തോഷം ഉടലെടുത്തു.ഏതൊരച്ഛന്റെയും സ്വപ്നസാക്ഷാത്കാരത്തിന്റെ നിമിഷങ്ങൾ  സ്നേഹസാന്ദ്വനമായ് തഴുകിമാറി.

‘’എന്താ അച്ഛാ സംഭവിച്ചത് ..അമ്മ എവിടെ..’’
'’അമ്മക്ക് കുഴപ്പമൊന്നുമില്ല ചെറുതായി ഒന്നു തലകറങ്ങിയത ...ഇപ്പോ ഇങ്ങുവരും ‘’

മിഴികൾ തുളുമ്പിയ അവളെ ചേർത്തു പിടിച്ചു സമാധാനിപ്പിച്ചു .ശേഷം അയാളുടെ മനസ്സിൽ തികട്ടി വന്ന വ്യാകുല ചിന്തകളുടെ കെട്ടയഞ്ഞു കല്യാണത്തിനവൾക്ക് എതിർപ്പുണ്ടോ എന്ന ചോദ്യം അവളുടെ കണ്ണുനീർ പ്രവാഹത്തിനാക്കാം കൂട്ടി …

‘’ധേ ഇങ്ങനെ കരഞ്ഞ ഈ മേക്കപ്പ് ഇട്ടെ ഒക്കെ പോകും… അച്ഛൻ വെറുതെ ചോദിച്ചതാ ...ന്റെ മോൾക്ക്‌ ഒരു പ്രയാസവും ഉണ്ടാവാൻ പാടില്ല .

‘’അച്ഛൻ ഒരിക്കലും എനിക്ക് ദോഷം വരുന്നെ ഒന്നും ചെയ്യില്ലെന്നെനിക്കറിയാം’’

‘’അരുൺ നല്ല പയ്യനാ മോളെ ...കുറച്ച് സാമ്പത്തിക പ്രശ്നം ... അത് പെട്ടന്ന് അങ് മാറും . ഇവനെ പോലെ നല്ലമനസ്സുള്ള ഒരാളെ കിട്ടാനാണ് പാട്. പിന്നെ അവന്റെ കാര്യങ്ങൾ വീട്ടിൽ എല്ലാരും അറിഞ്ഞു.പിന്നീടൊരിക്കലും മോൾക്ക് ഒരു കുറ്റബോധം വരാൻ പാടില്ല ,അതുകൊണ്ടാ അവസാന നിമിഷം ആണെങ്കിലും അച്ഛൻ അങ്ങനെ ചോദിച്ചത്.’’

‘’എല്ലാരും എങ്ങനെ അറിഞ്ഞു …’’

‘’ഒരു കല്യാണം നല്ലരീതിയിൽ നടക്കുന്നെ കണ്ടാൽ സഹിക്കാത്തവർ ഉണ്ട് ഇന്നും . അവരിൽ ആരോ ചെയ്ത പണി ആണ്.’’

‘’അതുകൊണ്ടാണോ അമ്മക്ക് വയ്യാതെ വന്നെ ‘’

‘’ഇല്ല കുഴപ്പം ഒന്നുമില്ല പെട്ടെന്നുണ്ടായ സ്ട്രെസ്സ് കൊണ്ട് സംഭവിച്ചതാണ്..മുഹൂർത്തം ആകുമ്പോൾ അവൾ എതിക്കോളും.’’

‘’എല്ലാം ഞാൻ കാരണമാണ് ...ഒന്നും വേണ്ടായിരുന്നു അല്ലെ അച്ഛാ …’’

‘’ എടി മണ്ടി ഇതിൽ നിന്റെ തെറ്റെന്താ ഉള്ളെ..ഒരു പ്രായമായാൽ മക്കളുടെ  വിവാഹം നടത്തുക അച്ഛനമ്മമാരുടെ കടമയാണ്...അതിനു നീ നിന്നെ കുറ്റപ്പെടുത്തേണ്ട ...ന്റെ മോൾ വിഷമിക്കേണ്ട എന്റെ കാലം കഴിയും വരെ നിനക്കൊരു കുറവും ഉണ്ടാവില്ല .അത് അച്ഛന്റെ വാക്കാണ്.’’

‘’എന്താ അച്ഛാ ഇങ്ങനൊക്കെ പറയുന്നത്…’’

ഇരുവരുടെയും കണ്ണുകൾ നനഞ്ഞു .അതു മറക്കാൻ രാമൻ നായർ ദിറുതിയിൽ അകത്തേക്ക് പോയി.വീണ്ടും വീട് കല്യാണവീടിന്റെ പ്രതീതി ആയെങ്കിലും . ആർക്കും ഒരു ഉഷാറില്ലായിരുന്നു.അടക്കംപറച്ചിലുകൾക്ക് മാറ്റമൊന്നും  ഉണ്ടായില്ല. ഇതിനെല്ലാം ഇടയിൽ ഞെങ്ങിയും ഞെരുങ്ങിയും ഫോട്ടോ പിടിക്കുന്നവർ ഓടിനടന്നു .

ഉച്ചക്ക് ഉള്ള മുഹൂർത്തം ആയതിനാൽ മുഹൂർത്തം തെറ്റാതെ എല്ലാവർക്കും അമ്പലത്തിൽ എത്താൻ സാധിച്ചു പക്ഷെ  മുഖത്തെ പ്രസന്നത കളഞ്ഞുപോയിരുന്നു .

‘’ചെറുക്കനും കൂട്ടരും എത്തി .പെണ്ണിന്റെ ആങ്ങള എവിടെ ..?’’

മാംഗല്യപ്പൊരുത്തം
*******************
അവസാന ഭാഗം
*****************

ചെറുക്കൻ കൂട്ടർ എത്തിയെന്നറിഞ്ഞിട്ടും വരനെ എതിരേൽക്കാൻ താത്പര്യമില്ലായ്മ പലരുടെയും മുഖത്ത് തെളിഞ്ഞു .ഇളയമ്മയുടെ മകൻ ആണ് ആകെ ഉള്ള ആങ്ങള.സംഭവവികാസങ്ങളെ തുടർന്ന് അവനെ കൊണ്ട് ചെറുക്കന്റെ കാലുകഴുകിക്കാൻ പറ്റില്ലെന്ന് തീർത്തുപറഞ്ഞത് സാഹചര്യങ്ങൾ കൂടുതല്‍ വഷളാക്കി.

‘’നമ്മടെ കുട്ടിയുടെ കല്യാണം ആണ് ആരും അലംഭാവം കാണിക്കരുത് .’’
ബന്ധുഅല്ലങ്കിലും  നല്ലമനസ്സുകൊണ്ട് പവിത്ര ബന്ധം തീർത്തൊരുചെറുപ്പക്കാരൻ ആ കർമം നിറവേറ്റി ചെറുക്കാനെ മണ്ഡപത്തിലേക്ക് സ്വീകരിച്ചിരുത്തി.

ചെറുക്കനോടും കൂട്ടരോടും ഉള്ള അമർഷം കടിച്ചമർത്തി ആണ് പലരും നിന്നത്.എല്ലാവരും എത്തിയിട്ടും രാധാമണി എത്തിയില്ല .അത് എല്ലാവരിലും ഒരു ഭീതി ഉണ്ടാക്കി .കൂടാതെ പെൺകുട്ടിയുടെ അമ്മയെ തിരക്കിയവരോട് സമാധാനം പറഞ്ഞു വലഞ്ഞു വീട്ടുകാർ .അമ്മയുടെ അഭാവത്തെ തുടർന്ന് കഥകളും ചമഞ്ഞു തുടങ്ങി. കാര്യങ്ങൾ വ്യക്തമാക്കാത്തതിലുള്ള നീരസം ചെറുക്കൻകൂട്ടരിലും  ഉണ്ടായിരുന്നു.

‘’മുഹൂർത്തിന് ഇനി മുപ്പത് മിനിറ്റു മാത്രമേ ഉള്ളു  പെൺകുട്ടിയെ വിളിക്കാൻ സമയം ആയി ,പെണ്ണിന്റെ അമ്മ എവിടെ’’ ചെറുക്കന്റെ അമ്മവന്റെ ചോദ്യം കുടുംബത്തിലെ കാരണവരിൽ ഒരാൾക്ക് പിടിച്ചില്ല. മറുപടി പറയാൻ തുനിഞ്ഞ അയാളെ രാമൻ നായരുടെ കണ്ണുകൾ വിലക്കി ,താത്‌കാലികമായി ആ പ്രശ്നം അവിടെ ഒതുക്കി.ഇവർക്കെല്ലാം പുറമെ ഫോട്ടോഷൂട്ടിന് വന്നവരും അമ്മയെ കാണാത്തതിൽ ഖേദം അറിയിച്ചു.

‘’മുഹൂർത്തതിന് ഇരുപത് മിനിറ്റേ ഉള്ളു  പെണ്‍കുട്ടിയെ വിളിക്കു .’’

‘'പെണ്ണിന്റെ അമ്മ വരാതെ എങ്ങനാ വിളിക്കുന്നെ ?’’

രാമൻ നായരും പരിഭ്രാന്തൻ ആയി മാറി .പെട്ടെന്നാണ് ആകാംഷ ഉണർത്തി ആംബുലൻസ് അമ്പലമുറ്റത്ത് വന്നു നിന്നു . വീൽചെയറിൽ രാധാമണിയെ ഹോസ്പിറ്റൽ അറ്റൻഡേഴ്സ് പിടിച്ചിറക്കി . കൂടെ അനിയനും ഇറങ്ങി . അനിയൻ രാധാമാണിയെ അനുനയിപ്പിച്ചു കൊണ്ടുവന്നതിനാൽ ഒരു പൊട്ടിത്തെറി ഒഴുവായി.എങ്കിലും മുഖം തീരെ തെളിഞ്ഞിട്ടുണ്ടായിരുന്നില്ല .
മനസ്സിൽ ദൈവത്തിനു നന്ദി പറഞ്ഞു കൊണ്ട് രാമൻ നായർ ഒന്നാശ്വസിച്ചു.

പിന്നീടെല്ലാം പെട്ടന്നായിരുന്നു
വധുവിനെ മണ്ഡപത്തിലേക്ക് ആനയിച്ചു,ഒരു രാജകുമാരിയെ പോലെ സുന്ദരിയായി  അവൾ നടന്നു വന്നപ്പോൾ അവിടെ കൂടിയ എല്ലാ കണ്ണുകളും ഇമചിമ്മാതെ അവളെ നോക്കി നിന്നു.ഇന്നോളമവളുടെ ഓരോവളർച്ചയും കണ്ടു സന്തോഷിച്ച കണ്ണുകളിൽ വർഷങ്ങൾക്കുമുൻമ്പ് നഴ്‌സ് അവളെ കയ്യിലേക്ക് വെച്ചുതന്നെ രംഗം ഓടിവന്നു . മണ്ഡപത്തിനു സമീപം അമ്മയെ കണ്ടതും പെണ്‍കുട്ടിക്കും ആശ്വാസമായി . അവരുടെ ആ പുഞ്ചിരിയിൽ അല്പനേരത്തേക്ക് അവിടെ ഉണ്ടായിരുന്ന പിരിമുറുക്കങ്ങളെല്ലാം ഒന്നയഞ്ഞു.

ശേഷം മാറ്റിവെച്ചിരുന്ന പ്രധാന ദക്ഷിണകൾ വേഗത്തിൽ കൊടുത്തു തീർത്തു. ഒന്നു സ്വസ്ഥമായതും താലി ചാർത്താനുള്ള  മുഹൂർത്തമായി . കാത്തിരുന്ന ആ നിമിഷങ്ങൾ മുന്നിൽ അരങ്ങേറുന്ന നിർവൃതിയിൽ രാമൻ നായരുടെ കണ്ണുകൾ ഈറനണിഞ്ഞു.

വിവാഹം മംഗളമായി നടന്നു .അമ്മയുടെ അഭാവത്തിന്റെ ചർച്ചകൾ ഒക്കെ ഒരുവിധം ഒതുങ്ങി .ശരീര ക്ഷീണം കൊണ്ട് തല കറങ്ങിയതാണ് മറ്റു കുഴപ്പങ്ങൾ ഒന്നുമില്ല എന്നു എല്ലാവരെയും പറഞ്ഞു വിശ്വസിപ്പിച്ചു .

തിരക്കൊഴിഞ്ഞ നേരം എല്ലാം തന്റെ ഭാര്യയോട് തുറന്നുപറഞ്ഞുകൊണ്ട് രാമൻ നായർ
‘’നിനക്ക് എന്നോട് ദേഷ്യം ആണോ …’’
ചോദ്യം കേട്ടിട്ടും സംസാരിക്കാൻ തോന്നിയില്ല രാധാമണിക്ക്.

''നീ കരുതുന്നുണ്ടോ നമ്മുടെ മോൾക്ക്‌ ദോഷം വരുന്നത് ഞാൻ ചെയ്യുമെന്ന് …? ‘’
അയാളെ  ഒന്നു നോക്കിയതല്ലാതെ ഒന്നും മിണ്ടിയില്ല .

‘’ഇനി ഞാൻ ഒരു കാര്യം പറയാം ...നിന്നോട് മനപ്പൂർവ്വം പറയാതിരുന്നതാണ്. നമ്മൾ സ്വർണം എടുക്കാൻ പോയിട്ട് വന്നന്ന് അത്യാവശ്യമായി ഞാൻ പുറത്ത് പോയത് നീ  ഓർക്കുന്നുണ്ടോ... അരുൺ ആവശ്യപ്പെട്ടിട്ടാണ് ഞാൻ പോയത് ...’’

അവശത നന്നേ ഉണ്ടായിരുന്നതിനാൽ അവരുടെ കണ്ണുകൾ മാത്രമാണ് സംസാരിച്ചത്.

‘’ ഈ കല്യാണം നടക്കില്ല എന്നു പറയാൻ ആണ് അവൻ വന്നത് .ആദ്യം എനിക്കും ദേഷ്യം തോന്നിയെങ്കിലും .പിന്നീടവനെ കുറിച്ചു അന്വേഷിച്ചറിഞ്ഞപ്പോൾ  അവനെ ഒരുപാട് ഇഷ്ട്ടമായി .’’

‘’ഒരു മൾട്ടി നാഷണൽ കമ്പനിയിൽ  വർക്ക് ചെയ്തുകൊണ്ടിരുന്നപ്പോഴാണ് അരുണിന്റെ ഒരു  സുഹൃത്ത് ഷെയർ മാർക്കറ്റിങ് സാധ്യതകളെ കുറിച്ചവനോട് പറയുന്നതും ഇവർ ഷെയർ മാർക്കറ്റിങ്ങ് രംഗത്തിറങ്ങുന്നതും. ആദ്യം ഒക്കെ നല്ല പ്രോഫിറ്റ് ആയിരുന്നു .അങ്ങനെ ഇരിക്കുമ്പോൾ ആണ് നമ്മുടെ മോൾടെ കല്യാണ ആലോചന  വന്നുറപ്പിക്കുന്നത്.’’

രണ്ടാളും കുറച്ചു നേരത്തേക്ക് നിശ്ശബ്ദമായി.

പകുതിക്കുവെച്ച വാക്കുകൾ കൂട്ടിച്ചേർത്തയാൾ പറഞ്ഞുതുടങ്ങി
‘’ ഈ അടുത്താണ് അവൻ ഇതിനു പിന്നിലെ ചാലുകൾ തിരിച്ചറിഞ്ഞത് .അവന്റെ കൂട്ടുകാരൻ മറ്റൊരാളുടെ നിർദ്ദേശ പ്രകാരമാണ് ഇതെല്ലാം ചെയ്തത്. ഇതിനോടകം നല്ലൊരു ശതമാനം ധനനഷ്ടം അവന് ഉണ്ടായി കഴിഞ്ഞിരുന്നു .പെർഫോമൻസ് മോശം ആയതിനെ തുടർന്ന് ഉണ്ടായിരുന്ന ജോലിയും പോയി .’’

‘’എന്നിട്ട്’’

‘’ഇങ്ങനൊരു അവസ്ഥയിൽ നമ്മളെ കബളിപ്പിക്കാൻ കഴിയാഞ്ഞിട്ടാണ് അവൻ അന്ന് എന്നെ കാണാൻ വന്നത് . നമ്മൾ കണ്ട സാഹചര്യങ്ങൾ അല്ല അവനിപ്പോൾ അതുകൊണ്ട്  പ്രതീക്ഷിച്ച പോലെ ഒരു ജീവിതം കൊടുക്കാൻ കഴിയില്ല, ഈ കല്യാണം നിർത്തിവെക്കണം എന്ന് കൂടെ പറയാനാണ് .’’

‘’ഇതെല്ലാം അറിഞ്ഞിട്ടാണോ നമ്മടെ മോളെ അവന് കെട്ടിച്ചു കൊടുത്തത് ‘’

‘’നീ മുഴുവൻ കേൾക്കാൻ ക്ഷമ കാണിക്ക്’’

‘’എന്റെ മോൾടെ ജീവിതമാണ് .എനിക്ക് ക്ഷമിക്കാൻ പറ്റില്ല ..’’

‘’അവൾ എന്റെയും കൂടി മോളാണ് .മോശപ്പെട്ടൊരുത്തനെ ഒരിക്കലും ഞാൻ അവൾക്കുവേണ്ടി കണ്ടുപിടിക്കില്ല. അരുൺ നല്ല പയ്യനാണ് . സാമ്പത്തികം മാത്രമേ അവനു പ്രശ്നമൊള്ളു.’’

‘’അതൊരു പ്രശ്നം തന്നെ അല്ലെ .ഉണ്ടായിരുന്ന ജോലിയും പോയി ഒരു കൊച്ചും ഉണ്ട് .’’

‘’ ആരേലും എന്തേലും പറയുന്നെ അപ്പാടെ വിശ്വസിക്കാൻ നിന്നെ പോലെ ഓരോരുത്തർ ഉള്ളത് തന്നെയാ എല്ലായിടത്തേയും പ്രശ്നം .അത് അവന്റെ കുട്ടിയൊന്നുമല്ല .അവനിപ്പോൾ ജോലിയും ഉണ്ട് .പറയാൻ ഉള്ള സാവകാശം താ നീ ആദ്യം .’’

‘’അന്ന് അവൻ എന്നെ കണ്ടിട്ട് പോയ ദിവസം എനിക്ക് ഒരു സമാധാനവും ഉണ്ടായില്ല .ഇത്രെയും ഒരുക്കങ്ങൾ ആയി എല്ലാവരെയും വിളിച്ചു ,ഇനി കല്യാണം എങ്ങനെ വേണ്ടെന്നുവെക്കും?? അതിലും ഉപരി നമ്മുടെ മോൾടെ ഭാവി . പിന്നൊന്നോർത്താൽ നമ്മൾ ഒരിക്കൽ കടന്നുപോയ അവസ്ഥയിൽ ആണ് അവനിപ്പോൾ .അന്ന് നമ്മളെ ചതിച്ചത് കുടുംബക്കാരാണെങ്കിൽ ഇവനെ സുഹൃത്ത്... അത്രേഉള്ളു വ്യത്യാസം.അന്നെനിക്ക് താങ്ങും തണലും നീയുണ്ടായിരുന്നതു കൊണ്ടും ദൈവാനുഗ്രഹം കൊണ്ടും നമ്മൾ അതെല്ലാം  തരണം ചെയ്തു .’’

‘’ഇവൻ അപ്പോൾ ആദ്യം കിട്ടിയ പൈസ ഒക്കെ എന്തുചെയ്തു ???’’

‘’അതാടി ഞാൻ പറഞ്ഞുവരുന്നെ .അങ്ങനെ ഞാൻ ഇവൻ പറഞ്ഞ കാര്യങ്ങൾ ഒക്കെ അന്വേഷിച്ചു .എല്ലാം സത്യമാണ് ...കൂട്ടത്തിൽ മറ്റു ചിലതും കൂടി അറിഞ്ഞു…’’

‘’എന്ത്??’’

‘’ഇന്നിവൻ കാരണമാണ് രണ്ടു കുടുംബങ്ങൾ പട്ടിണി ഇല്ലാതെ കഴിയുന്നത് .

ആകാംഷയോടെ അവർ നോക്കി

‘’ഇവന്റെ കമ്പനിയിൽ ഉണ്ടായിരുന്ന രണ്ടുപേര് ഒരിക്കൽ രാത്രി ജോലി കഴിഞ്ഞു വരും വഴി ഒരു അപകടത്തിൽ പെട്ടു കിടപ്പിലായി . സഹായങ്ങൾ കിട്ടിയത് ആശുപത്രി ചിലവിനു പോലും തികഞ്ഞില്ല .ഇവനാണ് അന്ന് അവർ രണ്ടുപേരുടെയും ചികിത്സയും രണ്ടു കുടുംബത്തിലെ ആൾക്കാരെയും കൂടി ഒരുമിപ്പിച്ച് ഒരു ചെറിയ കൈത്തൊഴിൽ ശരിയാക്കി കൊടുത്തത് . ‘’

രാധാമണിക്ക് വാക്കുകൾ ഉണ്ടായിരുന്നില്ല.

‘’ഞാൻ  ക്ലബ്ബിൽ ഇരിക്കുമ്പോൾ ഇവനെ കുറിച്ചു അന്വേഷിക്കാൻ നമ്മടെ സൈമോനെ ഏർപ്പാടാക്കി .അവനു ഈ ഫീൽഡിൽ അറിയാത്ത ആൾക്കാർ ഇല്ലല്ലോ . അന്നേരം നമ്മടെ വിശ്വൻ ഡോക്ടറും കൂടെ ഉണ്ടായിരുന്നു .അദ്ദേഹമാണ് ഈ കാര്യങ്ങൾ എല്ലാം പറഞ്ഞത് .ഇത്രയും കേട്ടപ്പോൾ നമ്മടെ മോൾക്ക് ഇവനേക്കാൾ നല്ല ഒരാളെ കിട്ടില്ല എന്ന് ഉറപ്പായി . അങ്ങനെ ഞാൻ അവനു തരക്കേടില്ലാത്ത ഒരു ജോലി ശരിയാക്കികൊടുത്തു .പഴയതിന്റെ അത്രേം മെച്ചം അല്ലേലും നല്ല ജോലിയാ .പിന്നെ നമുക്ക് ഉള്ളതെല്ലാം അവർക്കും കൂടെ ഉള്ളതല്ലേ  .

‘’ഈ കാര്യങ്ങളൊന്നും ഇവന്റെ വീട്ടുകാർക്ക് അറിയില്ലേ ?’’

‘’ഇല്ല ...ഇവന്റെ അച്ഛനും അമ്മയ്ക്കും പോലും അറിയില്ല ‘’

‘’അപ്പൊ ആ കുട്ടി ഏതാ ..’’

‘’അത് ഇതിലെല്ലാം രസമാണ് .ഇവനെ ചതിച്ച ആ കൂട്ടുകാരന്റെ കുട്ടിയാ. അവൻ ഒരു കേസിൽ പെട്ട് ജയിലിൽ പോയി .ഭാര്യ നേരത്തെ മരിച്ചതാണ്.എല്ലാരേം ഇങ്ങനെ പറ്റിച്ച് ജീവിച്ചതു കൊണ്ട് അവൻ പോയപ്പൊ കുഞ്ഞിനെ നോക്കാൻ ആരുമില്ലാതായി.അവൻ ജയിലിൽ നിന്ന് ഇറങ്ങും വരെ കുട്ടിയെ അനാഥാലയത്തിൽ ഏൽപ്പിച്ചു സ്പോണ്‍സർഷിപ് ഇവൻ ഏറ്റെടുത്തു.’’

‘’ഇനി നീ പറ ഞാൻ ചെയ്തത് തെറ്റാണോ.നമ്മടെ മോൾ സന്തോഷത്തോടെ ജീവിക്കും അവനൊപ്പം’’

അവർ വിങ്ങിപ്പൊട്ടി.കണ്ണുനീർ ഇമബന്ധങ്ങൾ ഭേദിച്ച് ഒഴികികൊണ്ടേയിരുന്നു …

‘’ മനസ്സിന്റെ നന്മയാടി ഏറ്റവും വലിയ പൊരുത്തം.’’

വാക്കുകൾക്ക് പിന്നവിടെ സ്ഥാനം ഉണ്ടായിരുന്നില്ല .

***അഞ്ജലി പിള്ള***

Comments

Popular posts from this blog

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്

🍁ഓർമ്മപൂക്കൾ🍁ഫുൾ പാർട്ട്🍁