Kissakal

....... മുഖ മൂടികൾ......

ശൂന്യതയിൽ നിന്ന് ഗർഭിണിയാവാൻ ഞാൻ കന്യാമറിയമല്ല..
അപ്രതീക്ഷിതമായ അവളുടെ മറുപടിക്ക് മുന്നിൽ എന്റെ ചോദ്യങ്ങളുടെ മുനയൊടിഞ്ഞു . ഒന്നും മനസ്സിലാവാതെ ഞാൻ കണ്മിഴിച്ച് നിലക്കെ,
മനസ്സിൽ നിന്നെന്തോ ഇറക്കി വെച്ച ആശ്വാസത്തിൽ അവൾ കിടക്കയിലേക്ക് തളർന്നിരുന്നു.

''ശബ്‌നാ നീ പറയുന്നതൊന്നും എനിക്ക് മനസ്സിലാവുന്നില്ല എന്താ നീ ഇപ്പോൾ പറഞ്ഞതിന്റെ അർഥം?''

അമ്പരപ്പോടെ ഞാനവളെ തുറിച്ച് നോക്കി .
''അതെ ആർക്കും മനസ്സിലാവില്ല. മനസ്സിലാക്കാൻ ആർക്കും കഴിയേം ഇല്ല..''
അവളൊരു കരച്ചിലിന്റെ വക്കിലേക്കെത്തിയിരുന്നു.

ശബ്ന.... പ്രിയപ്പെട്ട എന്റെ കളിക്കൂട്ടുകാരി. രണ്ടോ മൂന്നോ വയസ്സിന് ഇളയതാണ് ഞാനെങ്കിലും എല്ലാം പരസ്പരം പങ്കു വെക്കുന്ന ഒരു സൗഹൃദമായിരുന്നു ഞങ്ങളുടേത്. അവളുടെ ഉപ്പ മരിക്കുമ്പോൾ അവൾക്ക് പതിമൂന്ന് വയസ്സ് . താഴെ നാല് അനിയത്തിമാർ. അഞ്ചു പെൺമക്കളെയും കാര്യപ്രാപ്ത്തിയില്ലാത്ത ആ ഉമ്മയേയും അനാഥരാക്കിയുള്ള ആ കുടുംബ നാഥന്റെ മരണം വലിയൊരു വേദനയായിരുന്നു. ആദ്യ നാളുകളിൽ നാട്ടുകാരുടെയും കുടുംബക്കാരുടെയും സഹായം ഉണ്ടായെങ്കിലും പതുക്കെ പതുക്കെ എല്ലാവരും അവരെ മറന്നു . എന്നിട്ടും എങ്ങനെയൊക്കെയോ അവർ ജീവിച്ചു പോന്നു .
പഠിക്കാൻ മിടുക്കിയായിട്ടും പ്ലസ് വൺ വരെയെത്താനെ ശബ്നയ്ക്ക് കഴിഞ്ഞുള്ളൂ. കുടുംബഭാരം തോളിലേറ്റി പിന്നീടവൾ തൊട്ടടുത്ത ഒരു കടയിൽ ജോലിക്ക് കയറി.

സുന്ദരിയായത് കൊണ്ട് തന്നെ ഒത്തിരി കല്യാണാലോചനകൾ അവൾക്ക് വന്നു കൊണ്ടിരുന്നു എല്ലാ ആലോചനയും കാര്യത്തോട് അടുക്കുമ്പോൾ മുടങ്ങും . ഉപ്പയില്ലാത്ത ആങ്ങളയില്ലാത്ത അഞ്ചു പെണ്മക്കൾ മാത്രമുള്ള ഒരു വീട്ടിലെ മൂത്ത മകളെ കല്യാണം കഴിക്കുക എന്നത് ചെറുക്കന്റെ വീട്ടുകാരുടെ കണ്ണിൽ ഒരു വലിയ മണ്ടത്തരമായിരുന്നു ..
അതിനു മുതിർന്നാൽ ബാക്കിയുള്ള നാലുപെണ്കുട്ടികളുടെ ഭാരവും ആ കെട്ടുന്നവന്റെ തലയിലാവുമെന്ന സ്വാഭാവിക ഭീതിയിൽ ഓരോ ആലോചനയും മുടങ്ങിക്കൊണ്ടിരുന്നു. വിവാഹപ്രായം കഴിഞ്ഞ അഞ്ചു പെണ്മക്കളുമായി ആ ഉമ്മ കരഞ്ഞു തളർന്നു ...

ഒരിക്കൽ ഷോപ്പിൽ വന്ന ഒരു സ്ത്രീക്ക് അവളെ ഇഷ്ടപെട്ടത് പ്രകാരമായിരുന്നു ഷഫീഖിന്റെ കല്യാണാലോചന വന്നത് .ആദ്യ കാഴ്ച്ചയിൽ തന്നെ വന്നവർക്കെല്ലാം അവളെ ഇഷ്ടപ്പട്ടു . അവൾക്കും...

34 വയസ്സുണ്ടെങ്കിലും കാഴ്ച്ചയിൽ ആ പ്രായം തോന്നിക്കാത്ത ഒരു സുന്ദരൻ . വിവാഹം വേണ്ടന്നു പറഞ്ഞു നിന്നിരുന്ന ഷഫീഖ് ഉമ്മയുടെ കണ്ണീരിനും വാശിക്കും മുൻപിൽ തലകുനിച്ചിരിക്കുകയാണ്...സാമ്പത്തികമായി വളരെ ഉയർന്ന കുടുംബക്കാർ.. പിന്നെയെല്ലാം പെട്ടന്നായിരുന്നു വിവാഹത്തിന് ആവശ്യമായ ആഭരണങ്ങളെല്ലാം അവർ തന്നെ പെണ്ണ് കാണലിനും നിക്കാഹിനുമായി കൊടുന്നിട്ടിരുന്നു ...അവൾക്കുണ്ടായ ആ ഭാഗ്യത്തിൽ എല്ലാവരും ആത്മാർത്ഥമായി തന്നെ സന്തോഷിച്ചു
അവരുടെ വിവാഹം കഴിഞ്ഞു മൂന്നു മാസം തികയുമ്പോഴേക്കും ആ വീട്ടിൽ വീണ്ടുമൊരു കല്യാണ പന്തൽ ഉയർന്നു ഷബ്‌നയുടെ അനിയത്തി നജ്മയുടെ. ഒരു ഉപ്പയുടെ, ആങ്ങളയുടെ സ്ഥാനത് നിന്നുകൊണ്ട് വിവാഹ ചിലവുകളെല്ലാം ഷഫീഖ് തന്നെ ആയിരുന്നു വഹിച്ചത്. പിന്നീടങ്ങോട്ട് ആ വീട്ടിൽ സന്തോഷത്തിൻറെ നാളുകൾ ആയിരുന്നു. ഒരു വർഷത്തിനുള്ളിൽ മൂന്ന് പെണ്മക്കളുടെ വിവാഹം .ഇങ്ങനെയൊരു മരുമകനെ കിട്ടിയതിൽ മറ്റു പല വീട്ടുകാരും അസൂയ പൂണ്ടു.

ആകെ ഒരു ദുഃഖം തോന്നിയത് ശബ്നക്കും ഷഫീഖിനും ഒരു കുഞ്ഞ് പിറന്നില്ല എന്നുള്ളതാണ് . വിവാഹം കഴിഞ്ഞ നാൾ മുതൽ പാതിയിൽ മുടങ്ങിയ പഠനം ഷബ്‌ന തുടർന്നിരുന്നു. അതുകൊണ്ട് തന്നെ പഠനത്തിനിടയിൽ ഒരു കുഞ്ഞു ഇപ്പോൾ തന്നെ വേണ്ട എന്നാണ് അവളുടെ തീരുമാനമെന്ന് ഉമ്മ പറഞ്ഞ് ഞാനറിഞ്ഞപ്പോൾ എനിക്ക് അത്ഭുതം തോന്നി.
പണ്ട് മുതലെ കുഞ്ഞുങ്ങളെ അത്രക്ക് ഇഷ്ടമായിരുന്നു അവൾക്ക് ..കുറഞ്ഞത് അഞ്ചു കുഞ്ഞുങ്ങളെങ്കിലും എനിക്ക് വേണമെന്ന് പലപ്പോഴുമവൾ കളി പറഞ്ഞിട്ടുണ്ട് . മുലപ്പാലും
ബേബിസോപ്പും ചേർന്ന് കുഞ്ഞിന് ഉണ്ടാകുന്ന ആ മണം അവൾക്ക് അത്ര പ്രിയപ്പെട്ടതായിരുന്നു .

കുഞ്ഞുങ്ങൾക്കായി അത്രമേൽ തീവ്രമായി കൊതിച്ചിരുന്ന അവളിൽ നിന്നും
അങ്ങനെയൊരു തീരുമാനം ഉണ്ടായത്  എന്നെയും അമ്പരപ്പിച്ചിരുന്നു. അതും വളരെ വൈകി വിവാഹിതരായവർ..

എങ്കിലും ഒരിക്കലും അതിനെ കുറിച്ച് ഞാൻ ചോദിച്ചിട്ടില്ല
ഞങ്ങൾ ഒരുമിച്ചുണ്ടാകാറുള്ള പരിപാടികളിൽ വിശേഷമൊന്നും ആയില്ലേ എന്ന മറ്റുള്ളവരുടെ ചോദ്യത്തിന് മുൻപിൽ ആദ്യമവൾ നിരാശയോടെ മുഖം താഴ്ത്തുന്നതും പിന്നെ ഒരു ചിരി വരുത്തി പഠിത്തം കാരണം തൽക്കാലമിപ്പോൾ വേണ്ടന്ന് വെച്ചിരിക്കുകയാണ് എന്ന മറുപടിയും പലപ്പോഴും എന്നിൽ സംശയത്തിന്റെ വിത്തുകൾ പാകിയിരുന്നു ...

വീട്ടിൽ വരുമ്പോഴെല്ലാം എന്റെ മോളെ കാണാൻ ഓരോ സമ്മാനങ്ങളുമായി അവൾ വരും .
പോകും വരെ കുഞ്ഞിനെ നിലത്തു വെക്കാതെ കൊഞ്ചിച്ച് കൊണ്ട് നടക്കും. ഞാനത് കാണുമ്പോൾ അവളോട് ദേഷ്യപ്പെടും .

ഓ വല്യ പഠിത്തക്കാരി വന്നിരിക്കുന്നു . സ്വന്തമായൊരു കുഞ്ഞ് വേണ്ടെന്ന് വെച്ച് മറ്റുള്ളവരുടെ കുഞ്ഞിനെ കൊഞ്ചിച്ച് നടക്കാൻ നാണമില്ലേ നിനക്ക്‌ ..

അവളപ്പോഴും മറുപടി പറയാതെ ചിരിക്കും.

ഇന്നവർ പുതിയ വീട് വെച്ച് താമസം മാറിയിരിക്കുകയാണ് . പുതുവീട് കാണാനാണ് ഇന്ന് ഞാനവളുടെ വീട്ടിലേക്ക് പോയത് . സംസാരത്തിനിടക്ക് എങ്ങനെയോ കുഞ്ഞും പ്രസവവും വീണ്ടും ഞങ്ങൾക്കിടയിലേക്ക് കയറി വരികയായിരുന്നു .

ഞാൻ അവൾക്കരികിൽ കട്ടിലിലേക്കിരിന്നു.

"ഷബ്‌ന ഒന്ന് പറ.. എന്താ നീ പറഞ്ഞതിന്റെ അർത്ഥം. ഷഫീഖ് നല്ലൊരാളായിട്ടാ ഞങ്ങൾക്കൊക്കെ തോന്നിയിട്ടുള്ളത്.. പിന്നെയെന്താ?''

''അതെ ഷഫീഖ് നല്ലൊരു മനുഷ്യനാണ് ഒരുപാട് നല്ല മനുഷ്യൻ .എന്നാൽ ഒരു പുരുഷനല്ല .അയാൾക്ക് ഇനിയങ്ങനെ ആവാനും കഴിയില്ല. എനിക്കിത് എങ്ങനെയാ നിന്നോട് പറഞ്ഞു മനസ്സിലാക്കി തരേണ്ടതെന്നു അറിയില്ല. ഒരു പെണ്ണും പെണ്ണും ചേർന്നാൽ കുഞ്ഞുണ്ടാവുമോ? അയാൾക്കു ഒരു പെണ്ണിനെയല്ല വേണ്ടത് ആണിനെയാണ് .. തന്റെ ആ കുറവ് പുറമെ അറിയാതിരിക്കാൻ അയാൾ കണ്ടെത്തിയ വഴിയാണ് ഈ വിവാഹം.. കഴിഞ്ഞ ഒന്നര വർഷമായി ഇന്നും ഞാൻ പഴയ ഷബ്‌ന തന്നെയാണ് ഒരാണിന്റെയും ചൂരും വിയർപ്പും പറ്റാത്ത ശബ്ന .. കിടപ്പറയിൽ ഞങ്ങൾ ഭാര്യഭർത്താക്കന്മാരല്ല ..പരസ്പരം മുഖത്തോട് നോക്കുക പോലുമില്ലാത്ത അന്യർ . ഞാനയാളെ തൊടുന്നത് പോലും അയാൾക്കസ്സഹനീയമാണ്‌.. ആദ്യമെല്ലാം പല രാത്രികളിലും മനപ്പൂർവ്വം ഞാനയാൾക്കു മേൽ കയറ്റിവെക്കുന്ന കയ്യും കാലും , തട്ടി തെറിപ്പിച്ചു കൊണ്ട് അയാൾ  ദേഷ്യപ്പെട്ടു റൂമിൽ നിന്ന് ഇറങ്ങി പോവും . ശാരീരിക ബന്ധമില്ലാതെ
ഒരാൾക്ക് ജീവിക്കാനാവില്ലേ എന്ന് ചോദിച്ചു പരിഹസിക്കും. എന്നിലെ ഭാര്യ എത്ര മാത്രം അപമാനിതയായിട്ടുണ്ടാവുമെന്ന് നീ ഒന്ന് ചിന്തിച്ചു നോക്ക്..''

ഞാൻ ഞെട്ടിത്തരിച്ച് ഒരു പ്രതിമ കണക്കെ
നിർജ്ജീവമായി ഇരുന്ന് പോയി.

കേട്ടിട്ടുണ്ട് ഇങ്ങനെയുള്ള ആളുകളെ കുറിച്ച്. പക്ഷെ എന്റെ കണ്മുന്നിൽ ഇങ്ങനെയൊരു ജീവിതം ആദ്യമാണ്.

തേങ്ങലൊതുക്കി അവൾ തുടർന്നു.

''നിനക്കറിയോ വിവാഹം കഴിഞ്ഞ് രണ്ടാഴ്ച്ച തികയുംമുമ്പെ ഓരോ പെണ്ണും നേരിടുന്ന ഒരു ചോദ്യമാണ് വിശേഷമായില്ലേ എന്നത് . കല്യാണം കഴിഞ്ഞ ആദ്യ നാളുകളിൽ ആ ചോദ്യത്തിന് നാണത്തോടെ തലകുനിക്കും പിന്നെ പിന്നെ നിരാശയോടെ, ഒടുവിൽ വേദനയോടെ അപമാനത്തോടെ തല ഉയർത്താനാവാതെ പിടയും .അത്ര സഹിക്കാനാവാത്തതാണ് ആ ചോദ്യങ്ങൾ. ആദ്യ നാളുകളിലൊക്കെ പഠനത്തിന്റെ പേര് പറഞ്ഞ് ഞാൻ പിടിച്ച് നിന്നു. ഉമ്മാക്കും അനിയത്തിമാർക്കും എന്നോട് ദേഷ്യവും വെറുപ്പുമാണ് . പഠിപ്പിന്റെ പേര് പറഞ്ഞ് കുഞ്ഞുങ്ങളെ വേണ്ടെന്ന് വെച്ച അഹങ്കാരിയാണ് അവർക്കിന്ന് ഞാൻ..''

ശബ്ന നിനക്കിത് ആരോടെങ്കിലുംപറഞ്ഞുകൂടെ ?

''ഞാനെന്താണ് പറയേണ്ടത്. ഇന്ന് എന്റെ വീട് രക്ഷപെട്ടത് അദ്ദേഹത്തിനെ കൊണ്ടാണ് .. രണ്ട് അനിയത്തിമാരുടെ വിവാഹം കഴിച്ചയച്ചതും മറ്റുള്ളവരുടെ പഠനവും ചിലവുമെല്ലാം ഇന്നും അദ്ദേഹത്തിന്റെ കരുണ്ണ്യത്തിലാണ് . ഇത്ര നാൾ ഉമ്മയുടെ കണ്ണുനീർ ഞാൻ കണ്ടതാണ് ഇനി എന്റെ സ്വാർത്ഥ സുഖത്തിനായി ഞാനിത് ഉപേക്ഷിച്ചാൽ വീണ്ടും പഴയത് പോലെയാവും വേണ്ട അവരെങ്കിലും സമാധാനത്തോടെ സന്തോഷത്തോടെ ജീവിക്കട്ടെ. കാഴ്ചക്കാരുടെ കണ്ണിൽ ഞാനും..

അല്ലെങ്കിൽ തന്നെ എന്ത് പറഞ്ഞാണ് ഞാനദ്ദേഹത്തെ വേണ്ടന്നു വെക്കുക ? മറ്റുള്ളവരുടെ കണ്ണിൽ ഒരു പെണ്ണിന്റെ ഭാഗ്യം എന്നത് ഭർത്താവിൽ നിന്ന് കിട്ടുന്ന സൗകര്യങ്ങളാണ് . അതെല്ലാം ഇന്നെനിക്കുണ്ട്. നല്ല വീട്, കാർ ,വസ്ത്രം ,ഭക്ഷണം , അതിനപ്പുറത്തേക്ക് ഒരു പെണ്ണിന്റെ ആവശ്യത്തെ കുറിച്ചു ആരാണ് ചിന്തിക്കുക.

ഒരാണിന് തന്നെ ഒരു അച്ഛനാക്കാൻ കഴിയാത്ത ഒരു പെണ്ണിനെ ഉപേക്ഷിക്കാനും മറ്റൊരു വിവാഹം കഴിക്കാനും എളുപ്പം കഴിയും. സമൂഹം അത് അംഗീകരിക്കുകയും ചെയ്യും , എന്നാൽ ഒരു പെണ്ണിന് തന്നെ ഒരമ്മയാക്കാൻ ഭര്ത്താവിന് കഴിയില്ല എന്ന പേരിൽ അല്ലെങ്കിൽ തന്നെ തൃപ്തി പെടുത്താൻ കഴിഞ്ഞില്ല എന്ന പേരിൽ ഭർത്താവിനെ ഉപേക്ഷിക്കാൻ ഒരിക്കലും കഴിയില്ല. അങ്ങനെയുള്ള ഒരു സ്ത്രീയെ സമൂഹവും സ്വന്തം വീട്ടുകാർ പോലും മറ്റൊരു അർത്ഥത്തിലാണ് കാണുക .. പരിഹാസങ്ങളും അവഗണനയും പുച്ഛവും ആണ്‌ അവൾക്ക് നേരിടേണ്ടി വരിക ... അവളെ ലക്ഷ്യം വെച്ച് പല കഴുകന്മാരും അവൾക്ക് ചുറ്റും ധൈര്യത്തോടെ കൂടും . എത്ര വിദ്യഭ്യാസമുള്ള ഉയർന്ന വീട്ടിലെ പെണ്ണാണെങ്കിൽ പോലും ഇങ്ങനെയൊരു ആവശ്യം പുറത്തു പറയാനോ ഭർത്താവിനെ ഉപേക്ഷിക്കാനോ കഴിയില്ല . പിന്നെയല്ലേ എന്നെ പോലെയൊരു പാവം വീട്ടിലെ പെണ്ണിന് ..''

വാക്കുകൾ മുഴുമിപ്പിക്കാനാവാതെ
എന്റെ തോളിലേക്ക് വീണവൾ പൊട്ടിക്കരഞ്ഞു.

ദൈവമേ എങ്ങിനെയാണ് ഞാനിവളെ ആശ്വസിപ്പിക്കേണ്ടത്. ഈ കണ്ണുനീരിനെ തടയിടാൻ ഏത് വാക്കുകകൾക്കാണാവുക.. കരയാൻ പോലുമാവാത്ത വിധം ഞാനങ്ങനെ മരവിച്ചിരിന്നു പോയി.

ഒരു വാഹനത്തിന്റെ ശബ്ദം കേട്ടതും പൊടുന്നനെയവൾ കട്ടിലിൽ നിന്ന് ചാടിയെഴുന്നേറ്റു .
പിന്നെ തേങ്ങലൊതുക്കി ധൃതിയിൽ കണ്ണാടിക്ക് മുന്നിലെത്തി കണ്ണുനീർ തുടച്ച് മുഖത്ത് സുന്ദരമായൊരു പുഞ്ചിരി തേച്ച് പിടിപ്പിച്ചു..ഒരിക്കൽ കൂടി കണ്ണാടിയിലേക്ക് നോക്കി ഭംഗി ഉറപ്പു വരുത്തി..മറ്റാർക്കും കണ്ടു പിടിക്കാനാവാത്ത വിധം തന്റെ സങ്കടക്കടലത്രയും ആ മുഖമൂടിക്ക് പിറകിലൊളിപ്പിച്ച്
പതിയെയവൾ ഉമ്മറത്തേക്ക് നടന്നു..
തന്റെ മഹാഭാഗ്യങ്ങൾ കാണാൻ അസൂയയോടെ വന്ന വിരുന്നുകാരെ സ്വീകരിക്കാൻ.. shanisharaf

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്