ഉമയ്യാദ്

                  ഉമയ്യാദ് 

"ഈ നാട്ടിൽ അവശേഷിക്കുന്ന ഋതുമതിയായ അവസാനത്തെ കന്യക നീയാണ് "

സുൽത്താൻ ഉമയ്യാദിന്റെ വാക്കുകൾ കൗതുകത്തോടെയും അതിലേറെ ഭയത്തോടെയും ശ്രവിച്ചുകൊണ്ട് പട്ടുമെത്തയിൽ ഇരിക്കുകയായിരുന്ന ശബ്നം തന്റെ വെള്ളാരം കണ്ണുകൾ കൊണ്ട് സുൽത്താനെ തീക്ഷ്ണമായൊന്നു നോക്കി... 

പക്ഷേ അയാളിൽ പ്രത്യേകിച്ച് ഭാവഭേദമൊന്നും ഉണ്ടായില്ല.. 

അയാൾ തന്റെ വാൾമുനയേക്കാൾ മൂർച്ചയുള്ള കണ്ണുകൾ കൊണ്ട് ഷബ്‌നത്തിന്റെ ശരീരം കീറിമുറിക്കുന്ന തിരക്കിലായിരുന്നു... 

ആറടിയിലേറെ ഉയരമുള്ള ആ ആജാനുബാഹു തല അല്പം കുനിച്ചു പിടിച്ചു താളത്തിൽ ചലിപ്പിച്ചുകൊണ്ട് അവളിലേക്ക് ഇഴുകിചേരാനുള്ള വ്യഗ്രതയിൽ അവളുടെ തൊട്ടടുത്ത് തന്നെയായിരുന്നു നിലയുറപ്പിച്ചിരുന്നത്...

ഷബ്‌നത്തിനു ഏത് നിമിഷവും തന്റെ ശ്വാസം നിലച്ചു പോവുമോ എന്ന് പോലും തോന്നിപ്പോയി... 

പൊടുന്നനെ അയാൾ എന്തോ ഓർത്തിട്ടെന്ന വണ്ണം അവളിൽ നിന്നും അകന്നുമാറി  അരമനയുടെ മൂലയിലേക്ക് മാറി നിന്നപ്പോൾ  ആണ് അവളുടെ ശ്വാസം നേരെ വീണത്... 

ഉമയ്യാദ് പതിയെ മുത്തും മരതകവും പതിപ്പിച്ച തന്റെ തലപ്പാവ് ഊരി അരമനയുടെ മൂലയിലായി സ്ഥാപിച്ച പീഠത്തിൽ വച്ച ശേഷം തന്റെ നീളൻ മുടിയിഴകളെ കൈകൊണ്ട് മാടിയൊതുക്കി വീണ്ടും അവൾക്കരികിലേക്ക് തന്നെ തിരിച്ചെത്തി.... 

"സുൽത്താൻ..  അങ്ങേയ്ക്കെങ്ങനെ അറിയാം "

ഭയന്നുകൊണ്ടെങ്കിലും ഉറച്ച ശബ്ദത്തിലുള്ള അവളുടെ ചോദ്യം കേട്ടപ്പോൾ ഉമയ്യാദ് മൃദുവായൊരു മന്ദസ്മിതം തൂകിക്കൊണ്ട് അവൾക്കരികിലായി ഇരിപ്പുറപ്പിച്ചു.. 

എന്നിട്ടവളുടെ കീഴ്ത്താടിയിൽ പിടിച്ചുയർത്തി ആ കണ്ണുകളിലേക്ക് തന്നെ തറപ്പിച്ചു നോക്കിക്കൊണ്ട്.. 

"എന്ത്..  എന്തറിയാം എന്നാണ് നീ ചോദിച്ചത് "

എന്ന് ചോദിച്ചമ്പോഴേക്കും ഷബ്‌നത്തിന്റെ തൊണ്ട വറ്റി വരണ്ടിരുന്നു..  

സുൽത്താന്റെ കണ്ണുകളെ.. 
ആ തീക്ഷ്ണമായ നോട്ടത്തെ അതിജീവിക്കാനുള്ള ശേഷി തനിക്കുണ്ടോ എന്ന് പോലും ആ നിമിഷങ്ങളിൽ അവൾക്ക് സംശയം തോന്നിത്തുടങ്ങിയിരുന്നു .. 

"ഈ നാട്ടിൽ അവശേഷിക്കുന്ന അവസാനത്തെ കന്യകയാണ് ഞാനെന്നുള്ള കാര്യം "

ഒരു വിധത്തിലാണ് അവളത് ചോദിച്ചു പൂർത്തിയാക്കിയത്..  

തൊട്ടുമുന്നിലുള്ളത് ഒരു പുരുഷൻ മാത്രമല്ല..  
അയാളൊരു സാധാരണക്കാരനുമല്ല 
ആ നാട്ടിലെ താനടക്കമുള്ള എല്ലാത്തിന്റെയും അധികാരം കയ്യാളുന്ന സുൽത്താന് മുന്നിലാണ് താൻ ഇരിക്കുന്നത്..  
അതും അയാളുടെ അരമനയിലെ പട്ടുമെത്തയിൽ.... 
എന്ന ബോധ്യമുള്ളതുകൊണ്ട് തന്നെ മടിച്ചുമടിച്ചാണ് അവളത് ചോദിച്ചത്.. 

അവളുടെ ചോദ്യം കേട്ട ഉമയ്യാദ് ഉച്ചത്തിൽ ചിരിച്ചുകൊണ്ടാണ് ആ ചോദ്യത്തെ വരവേറ്റത്... 
എന്നിട്ട് പതിയെ തന്റെ മാന്ത്രിക വിരലുകൾ കൊണ്ട് അവളുടെ കഴുത്തിൽ തലോടാൻ ആരംഭിച്ചു.. 

ചെവികൾക്ക് പിന്നിലായി വിരലുകൾ കൊണ്ട് മൃദുവായി ഇക്കിളിയിട്ടു... 

ആ നേരം 
ചിരിയാണോ കരച്ചിലാണോ..  അതോ ഇനിയും അയാളുടെ മുന്നിൽ പ്രതിരോധിച്ചു നിൽക്കാൻ ആവില്ലെന്നുള്ള തിരിച്ചറിവോടെ അയാൾക്ക് മുന്നിൽ ഒരു മാൻപേടയെപ്പോലെ കീഴടങ്ങിക്കൊടുക്കാൻ ഉള്ള ത്വരയാണോ തന്നിൽ ഉടലെടുക്കുന്നത് എന്നറിയാതെ ശബ്നം വിയർക്കാൻ തുടങ്ങിയിരുന്നു.. 

"ഈ നാട്ടിലെ നീ ഒഴികെയുള്ള കന്യകമാരെല്ലാം ഈ അരമനയെ അലങ്കരിച്ചു കഴിഞ്ഞു...  
ചിലർ കരഞ്ഞു... 
ചിലർ ചിരിച്ചു... 
മറ്റുചിലർ ഒന്നും സംഭവിക്കാത്തതുപോലെ വരുമ്പോൾ എന്തായിരുന്നോ ഭാവം അതേ ഭാവത്തിൽ തന്നെ ഇവിടെനിന്നും ഇറങ്ങിപ്പോയി.... 
നീ മാത്രമേ ഇനി ശേഷിക്കുന്നുള്ളൂ "

എന്ന് പറഞ്ഞു തീരുമ്പോഴേക്കും ഉമയ്യാദിന്റെ വിരലുകൾ ഷബ്‌നത്തിന്റെ ഇടുപ്പിലെത്തി അവിടെക്കിടന്നു നൃത്തം ചെയ്യാൻ തുടങ്ങിയിരുന്നു... 

അവൾ പതിയെ സുൽത്താനെ അലോസരപ്പെടുത്താത്ത വണ്ണം ആ വിരലുകളിൽ നിന്ന് അല്പം അകന്നുമാറി വീണ്ടും തന്റെ ചോദ്യം ആവർത്തിച്ചു... 

"സുൽത്താൻ എന്നോട് ക്ഷമിക്കണം... ഞാൻ അതല്ല ചോദിച്ചത്... 
ഞാൻ കന്യക ആണെന്ന് സുൽത്താന് എങ്ങനെ അറിയാം...എന്നായിരുന്നു എന്റെ ചോദ്യം"

അവളുടെ ആവർത്തിച്ചുള്ള ആ ചോദ്യത്തിൽ ഉമയ്യാദ് ചെറുതായൊന്നു പതറി..  
അയാൾ അവളിലേക്കുള്ള അകലം കുറയ്ക്കാൻ വെമ്പി നിന്ന തന്റെ കൈകളെ പിൻവലിച്ചുകൊണ്ട് അവളുടെ കണ്ണുകളിലേക്ക് വീണ്ടുമൊരിക്കൽകൂടി നോക്കി... 

തന്റെ കണ്ണുകൾക്ക് മുൻപുണ്ടായിരുന്നത്ര തീക്ഷ്ണത അപ്പോഴില്ല എന്നുള്ള തിരിച്ചറിവുകൊണ്ടാവണം അയാൾ പെട്ടെന്ന് തന്നെ തന്റെ നോട്ടം പിൻവലിച്ചു തല കുമ്പിട്ടു അൽപനേരം എന്തോ ചിന്തയിലേക്ക് ആഴ്ന്നിറങ്ങി.. 

ഉത്തരം പറയാൻ അയാൾക്കല്പം ചിന്തിക്കേണ്ടിയിരുന്നു..  

"സ്വാമി അഗ്നിവേശ്..  വലിയ ദിവ്യനാണ്.. ഈ പ്രപഞ്ചത്തിൽ എന്തിനെ പറ്റിയും ഗണിച്ചു പറയാൻ അയാൾക്ക് സാധിക്കും.. 
പറഞ്ഞതൊന്നും ഇതുവരെ തെറ്റിയിട്ടില്ല..  
അതുകൊണ്ട് ഞാൻ അദ്ദേഹത്തിന്റെ വാക്കുകളെ ഇപ്പോഴും മാനിക്കുന്നു "

എന്ന് പറയുമ്പോൾ ഉമയ്യാദിന്റെ വാക്കുകളിൽ 
മനസ്സ് വിശ്വാസത്തിന്റെയും യാഥാർഥ്യങ്ങളുടെയും ഇടയിൽപെട്ടു കിടക്കുമ്പോഴുള്ള ആത്മവിശ്വാസക്കുറവ് സ്പഷ്ടമായിരുന്നു.... 

ഷബ്‌നത്തിന്റെ വെള്ളാരം കണ്ണുകൾക്ക് വല്ലാതെ മൂർച്ച കൂടിയതുപോലെ..  അപ്പോഴേക്കും അവളാ കണ്ണുകൾ കൊണ്ട് ഉമയ്യാദിന്റെ കണ്ണുകളെ പൊരുതി കീഴ്പ്പെടുത്താൻ പഠിച്ചിരുന്നു.. 

"എപ്പോഴായിരുന്നു സ്വാമിജി അത് പറഞ്ഞത് "

അവളത് ചോദിക്കുമ്പോൾ അവളുടെ വാക്കുകളിൽ ആത്‌മവിശ്വാസം നിറഞ്ഞു തുടങ്ങിയിരുന്നു.. 

തന്റെ മുന്നിലിരിക്കുന്നത് ഒരു സുൽത്താൻ എന്നതിലുപരി വെറുമൊരു മനുഷ്യൻ മാത്രമാണെന്ന് അവളുടെ ഉള്ളം മന്ത്രിക്കാൻ തുടങ്ങിയിരുന്നു... 

"രണ്ട് ദിവസം മുൻപ്.... ഇവിടൊരു ഹോമം ഉണ്ടായിരുന്നു.. വിശ്വാസങ്ങൾക്ക്  വിപരീതം ആയതിനാൽ തന്നെ വളരെ രഹസ്യമായാണ് ഹോമങ്ങൾ നടത്താറുള്ളത്..  ഞാനും സ്വാമിയും വിശ്വസ്തരായ ഒന്നുരണ്ട് പരിചാരകരും മാത്രമേ ഉണ്ടാവാറുള്ളൂ "

എന്ന് പറഞ്ഞുകൊണ്ട് ഉമയ്യാദ് ശബ്നത്തിനരികിലേക്ക് അല്പം നീങ്ങിയിരുന്നു... 
പക്ഷേ ഇത്തവണ അയാളുടെ കൈകൾ അയാളുടെ മടിയിൽ തന്നെ ഭദ്രമായിരുന്നു... 

"രണ്ട് ദിവസം മുന്നേ പറഞ്ഞതാണെങ്കിൽ നേരാണ് "

എന്ന ഷബ്‌നത്തിന്റെ വാക്കുകൾ ഉമയ്യാദിന്റെ കണ്ണുകളിലെ തിളക്കം വർദ്ധിപ്പിച്ചു... 
അവൾ മുൻപ് പറഞ്ഞതെല്ലാം തന്നെ ആശയക്കുഴപ്പത്തിലാക്കാൻ വേണ്ടിയാവണേ..
എന്ന് അയാൾ മനസ്സിൽ മന്ത്രിച്ചുകൊണ്ടേയിരുന്നു.. 

അല്പനേരത്തെ ഇടവേളക്ക് ശേഷം ശബ്നം തുടർന്നു... 

"പക്ഷേ...  ഇന്നലെ വരെ മാത്രം...  ഇന്നലെ ഞാനെന്റെ കന്യകാത്വം മറ്റൊരാൾക്ക്‌ കൊടുത്തു "

അവൾ പറഞ്ഞു തീരുമ്പോഴേക്കും ഉമയ്യാദിന്റെ കണ്ണുകൾ ക്രോധം കൊണ്ട് ചുവന്നിരുന്നു... 

അയാൾ അരയിലിരുന്ന തന്റെ ഉടവാളിൽ പിടുത്തമിട്ടെങ്കിലും പതിയെ കൈകൾ അയച്ചു... 

"അല്ലെങ്കിലും താനെന്തിന് ഇത്രത്തോളം രോഷാകുലനാവണം.... വൈകിപ്പോയത് തന്റെ തന്നെ തെറ്റല്ലേ "

എന്നോർത്ത് ഉമയ്യാദ് സ്വയം സമാധാനിപ്പിക്കാൻ ശ്രമിച്ചു... 

"പ്രണയമായിരുന്നോ "

ഉമയ്യാദിന്റെ ആ ചോദ്യം അവൾ പ്രതീക്ഷിച്ചിരുന്നു..  അതിനപ്പുറം അയാൾ ചോദിക്കാൻ സാധ്യതയുള്ള മറ്റൊരു ചോദ്യംകൂടി അവൾ മനസ്സിൽ കണ്ടിരുന്നു രണ്ടിനും ചേർത്താണ് അവൾ മറുപടി പറഞ്ഞത്.. 

"പ്രണയമായിരുന്നോ എന്ന് ചോദിച്ചാൽ... 
അതുപോലെന്തോ... 
അബ്ബാസ്... 
അയാൾ സാധാരണക്കാരനായ ഒരു ആട്ടിടയനായിരുന്നു.. 
അയാളിൽ എത്ര പാനം ചെയ്താലും മതിവരാത്തത്രയും പ്രണയം ഉണ്ടെന്നൊരു തോന്നൽ എനിക്കുണ്ടായിരുന്നു... 
പക്ഷേ ഇപ്പോൾ തോന്നുന്നു ഒന്നും വേണ്ടായിരുന്നെന്ന്... "

എന്ന് പറഞ്ഞുകൊണ്ട് അവൾ നിർത്തിയപ്പോൾ പ്രതീക്ഷിച്ചതിൽ നിന്ന് വ്യത്യസ്തമായൊരു കഥ കേട്ടതിന്റെ അമ്പരപ്പിൽ ആയിരുന്നു ഉമയ്യാദ്... 

"അതെന്തേ...  ഏതൊരു ചക്രവർത്തിയേക്കാളും സ്നേഹവും കരുതലും തരാൻ വെറും സാധാരണക്കാർക്ക് സാധിക്കും എന്നാണല്ലോ ഞാൻ ഇതുവരെ വായിച്ച പുസ്തകങ്ങളിലും കഥകളിലും ഒക്കെ ഉള്ളത്... 

നിങ്ങൾക്ക് രണ്ടുപേർക്കും ജീവിക്കാൻ വേണ്ടതെന്ത് വേണമെങ്കിലും ഞാൻ തരാം...  ശബ്നം പൊയ്ക്കോളൂ "

എന്ന സുൽത്താന്റെ വാക്കുകൾ അവിശ്വസനീയതയോടെയും അമ്പരപ്പോടും കൂടിയാണ് അവൾ ശ്രവിച്ചതെങ്കിലും ഇരുന്നിടത്ത് നിന്നും അനങ്ങാതെ അവൾ അവിടെത്തന്നെ ഇരിപ്പുറപ്പിച്ചു... 

"ഏയ്‌...  എനിക്കൊന്നും വേണ്ട.. വേണ്ടതൊരല്പം പ്രണയവും പരിഗണനയുമായിരുന്നു കാമം മാത്രമായിരുന്നില്ല...  കന്യകാത്വം ദാനം ചെയ്യാൻ വേണ്ടി മാത്രമായിരുന്നെങ്കിൽ 

എനിക്കിവിടെ... ഈ പട്ടുമെത്തയിൽ നിങ്ങൾക്കൊപ്പം... 

കൊടുത്തത് സുൽത്താൻ ഉമയ്യാദിനാണെന്നെങ്കിലും കരുതി ആശ്വസിക്കാമായിരുന്നു "

എന്ന് പറഞ്ഞു നിർത്തുമ്പോൾ അവളുടെ വെള്ളാരം കണ്ണുകളിൽ നിന്ന് കണ്ണുനീർ ചാലിട്ടൊഴുകാൻ തുടങ്ങിയിരുന്നു... 

ഉമയ്യാദ് തന്റെ കൈകൾ നീട്ടി ആ കണ്ണുനീർ തുടച്ചു കൊടുത്ത ശേഷം അവളുടെ ചുണ്ടുകളിൽ മൃദുവായൊന്നു സ്പർശിച്ചപ്പോൾ അവൾ ആ കൈകൾ മെല്ലെ തട്ടി മാറ്റി.. 

"അരുത്...  അങ്ങേയ്ക്കും വേണ്ടത് കന്യകാത്വം മാത്രമായിരുന്നില്ലേ..  എന്നിലിപ്പോൾ അത് ശേഷിക്കുന്നില്ല..  ശേഷിക്കുന്നുണ്ടായിരുന്നെങ്കിൽ ഞാൻ തീർച്ചയായും അങ്ങേയ്ക്ക് മുന്നിൽ എല്ലാം സമർപ്പിക്കുമായിരുന്നു "

എന്ന് പറഞ്ഞു തീരുന്നതിനു മുന്നേ ഉമയ്യാദിന്റെ ചുണ്ടുകൾ അവളുടെ ചുണ്ടുകളിൽ അമർന്നിരുന്നു... അയാളിൽ നിന്ന് 
കുതറിമാറാൻ അവൾക്ക് സാധിക്കുമായിരുന്നില്ല... 

ആ ചുംബനം ഏറെ നേരം നീണ്ടുനിന്നു... 
ഒടുക്കം ഉമയ്യാദ് അവളുടെ ചുണ്ടുകളിൽ നിന്ന് തന്റെ ചുണ്ടുകൾ മോചിപ്പിക്കുമ്പോൾ നാണം കൊണ്ട് കൂമ്പിയടഞ്ഞ വെള്ളാരം കണ്ണുകളുമായി അവൾ തലതാഴ്ത്തി ഇരുന്നു... 

ഉമയ്യാദ് തന്റെ കൈകൾ കൊണ്ട് അവളുടെ മുടിയിഴകളെ തഴുകാൻ തുടങ്ങി..... 

"എനിക്ക് വേണ്ടത് കന്യകാത്വം തന്നെയായിരുന്നു... 
പക്ഷേ കന്യകാത്വമാണ് എനിക്ക് വേണ്ടതെന്നത് എന്റെ വെറും തോന്നൽ മാത്രമായിരുന്നെന്ന് എനിക്കിപ്പോൾ തോന്നുന്നു... 
ഓരോ കന്യകമാരെ പ്രാപിക്കുമ്പോഴും ഞാൻ ആഗ്രഹിച്ച എന്തോ ഒന്ന് എനിക്ക് ലഭിക്കാതെ പോവാറുണ്ട്... 
അതുകൊണ്ടാവാം ഞാൻ വീണ്ടും അടുത്ത കന്യകയെ തേടി പോവാൻ നിർബന്ധിതനാവാറുള്ളത്.. "

എന്ന് പറഞ്ഞു നിർത്തിയ ശേഷം ഉമയ്യാദ് വീണ്ടും തുടർന്നു... 

"ഇത്രകാലം ഞാൻ തേടി നടന്നത് എന്താണോ..  അത് നിന്നിൽ നിന്ന് എനിക്ക് ലഭിച്ചതുപോലെ തോന്നുന്നു... 
ഞാൻ ആദ്യമായാണ് ഒരു പെൺകുട്ടിയോട് ഇത്രനേരം സംസാരിച്ചിരുന്നത് പോലും...  സംസാരിച്ചു തീരാത്തത് പോലെ...  നേരം പുലരുവോളം നിന്നോടെന്തൊക്കെയോ പറയാൻ ബാക്കിയുള്ളതുപോലെ...  നേരം പുലർന്നാലും... "

എന്ന് പറഞ്ഞു പൂർത്തിയാക്കുന്നതിനു മുന്നേ ഉമയ്യാദ് വാക്കുകൾ കിട്ടാതെ വിതുമ്പിപ്പോയി... 

ശബ്നം ഉമയ്യാദിനെ ഒരു കൊച്ചുകുട്ടിയെ എന്നപോലെ തന്റെ മാറോടു ചേർത്തുപിടിച്ചു അയാളുടെ നീളൻ മുടിയിഴകൾ മാടിയൊതുക്കിക്കൊണ്ട് ചുവന്നു തുടുത്ത തന്റെ ചുണ്ടുകൾ അയാളുടെ ചെവിക്കരികിലേക്ക് കൊണ്ടുപോയി 
അയാൾ പാതിയിൽ വിട്ട വാക്കുകൾ വീണ്ടും ഓർമ്മിപ്പിച്ചു 

"നേരം പുലർന്നാലും "

അത് കേട്ട ഉടനേ ഉമയ്യാദ് അവളുടെ മുഖം കൈകൾ കൊണ്ട് കോരിയെടുത്തു ചുംബനങ്ങൾ കൊണ്ട് മൂടി... 

"നേരം പുലർന്നാലും നിന്നെ എനിക്ക് വേണം.... ഇനിയീ അരമന അലങ്കരിക്കാൻ മറ്റൊരു കന്യകയെ എനിക്ക് സങ്കൽപ്പിക്കാൻ വയ്യ...

എന്ന് പറഞ്ഞു നിർത്തിയ ശേഷം  

"ഞാൻ നിന്നെ മതിവരുവോളം പ്രണയിച്ചോട്ടെ. "

എന്ന് ചോദിച്ചുകൊണ്ട് അവളെ ഇറുകെ പുണരുമ്പോൾ ഉമയ്യാദിന്റെ കണ്ണുകളിൽ നനവ് പടർന്നു തുടങ്ങിയിരുന്നു... 

ആ രാത്രി മുഴുവൻ ഉമയ്യാദിന്റെ മാന്ത്രിക വിരലുകൾ ഷബ്‌നത്തിന്റെ മേനിയിൽ ചിത്രങ്ങൾ വരച്ചു.. 
അവരിരുവരും ചുംബനങ്ങൾ കൊണ്ട് പൂക്കാലം തീർത്തു... 

ഒടുക്കം ഇരുവരും തളർന്നു വിയർത്തു കിടക്കുമ്പോഴേക്കും   ഉമയ്യാദിന്റെ മനസ്സിൽ ഒരു സംശയം ബാക്കിയായിരുന്നു..  അയാളത് ഷബ്‌നത്തോട് ചോദിക്കുകയും ചെയ്തു.... 

"അപ്പോൾ അബ്ബാസ്.... "

അത് കേട്ട ശബ്നം ഉമയ്യാദിനെ നോക്കി കണ്ണിറുക്കിക്കൊണ്ട് ഒരു കള്ളച്ചിരി ചിരിച്ചു... 

"അയാൾ ഷബ്‌നത്തിന്റെ സ്വപ്നത്തിൽ മാത്രം വന്നുപോകുന്നൊരു കാമുകനായിരുന്നു...  പക്ഷേ അയാൾക്ക് ഉമയ്യാദിന്റെ മുഖമായിരുന്നു...  ഷബ്‌നത്തിനു വേണ്ടത് ഉമയ്യാദിന്റെ മുഖമായിരുന്നില്ല മനസ്സായിരുന്നു... 
ഉമയ്യാദിന് കന്യകാത്വം സമർപ്പിക്കാൻ അല്ല മനസ്സ് സമർപ്പിക്കാൻ ആണ് ശബ്നം ആഗ്രഹിച്ചത് "

എന്ന് പറഞ്ഞു തീരുന്നതിനു മുന്നേ ഉമയ്യാദ് അവളെ നെഞ്ചോട് ചേർത്തു നിർത്തി... 
ഒരിക്കലും കൈവിട്ടു കളയില്ലെന്നുള്ള ഉറപ്പുണ്ടായിരുന്നു ആ ചേർത്തുപിടിക്കലിന്.
സലിൽ ബിൻ കാസിം 

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്