⭕മച്ചി പശുവിൻ്റെ തൈര് ⭕ഫുൾ പാർട്ട്

♻️ മച്ചി പശുവിൻ്റെ തൈര് ♻️
⭕ ഫുൾ പാർട്ട് ⭕

കാടിവെള്ളവും പഴത്തൊലിയും ചുമ്മിക്കൊണ്ട് തുളസി, അമ്മിണിയുടെ തൊഴുത്തിനടുത്തെത്തി. അവളെ കണ്ടതും അമ്മിണി നീട്ടി ഒന്ന് കരഞ്ഞു. 

ങാ.. നീ എന്നെ നോക്കി ഇരിക്കുവാരുന്നോ?

"കഞ്ഞി വേവാൻ ഇത്തിരി താമസിച്ചു. അതാ വരാൻ വൈകിയത്. "

നിനക്ക് കഞ്ഞി വെള്ളം വലിയ ഇഷ്ടമല്ലേ? 

"അതുകൂടി ആയിട്ട് കൊണ്ടുവരാം എന്ന് കരുതി." 

കാടി വെള്ളവും, കഞ്ഞി വെള്ളവും കലക്കി അതിൽ പഴത്തൊലിയും ഇട്ട് ഇളക്കി അവൾ അമ്മിണിയുടെ മുന്നിലേയ്ക്ക് വച്ചുകൊടുത്തു.  

മുഴുവൻ കുടിക്കണം കേട്ടോ?. 

ആഹാ,തുളസി നീ വന്നോ! 

നിന്നെ കണ്ടിട്ടാണോ അമ്മിണി കരഞ്ഞത്.? 

ചിരുത ചേച്ചിയാണ്.. 
അവരുടെ വീട്ടിലെ പശുവാണ്... "അമ്മിണി." 

"എൻ്റെ തുളസി.. അമ്മിണിയ്ക്ക് നിന്നെ വലിയ ഇഷ്ടമാ."
"അല്ലേലും നിന്നോടവൾക്കൊരു പ്രത്യേക സ്നേഹമാ."

അവളോടുള്ള സ്നേഹം കൊണ്ടാണ് നീ ഇത്രടം വരുന്നതെന്ന് എനിയ്ക്കറിയാം. എന്നാലും തുളസി, ഇനി നീ അധികം വരേണ്ടി വരുമെന്ന് തോന്നുന്നില്ല.

അതെന്താ ചേച്ചി, അങ്ങനെ പറഞ്ഞത്.? 

"അമ്മിണിയെ ഞങ്ങൾ കൊടുക്കാൻ പോവാ." 

അയ്യോ, അതെന്തിനാ ചേച്ചി അവളെ കൊടുക്കുന്നത്. ?

അവളും നിന്നെപ്പോലെ തന്നെയാടി പെണ്ണേ. അവളും പ്രസവിക്കില്ല. !

"ഇപ്പോൾ തന്നെ എത്ര തവണ ചവിട്ടിച്ചു. ഈ മച്ചി പശുവിനെ ഇങ്ങനെ നിർത്തി തീറ്റിപ്പോറ്റാനുള്ള ത്രാണിയൊന്നും ഞങ്ങൾക്കില്ല. ഇവിടെ പിള്ളേരുടെ അച്ഛൻ ഇനിയും സമ്മതിക്കില്ല."  

തുളസി, അമ്മിണിപശുവിന്റെ മുഖത്തേയ്ക്ക് ഒന്നു നോക്കി. തുള്ളി ചാടി നടക്കുന്ന പ്രായം തൊട്ടേ അവളെ കാണുന്നതാ. 

അവൾക്ക്, ആകെയുള്ള ഒരു ആശ്വാസം അമ്മിണി ആയിരുന്നു. അവളെ കൊടുക്കുന്നു എന്ന് കേട്ടിട്ട് തുളസിയ്ക്ക് വല്ലാണ്ട് വിഷമമായി. അവളെ ഒന്ന് തലോടിയിട്ട് തുളസി തിരിഞ്ഞു നടന്നു. 

എന്താ തുളസി, നിൻ്റെ മുഖം വല്ലാണ്ട് ഇരിക്കുന്നത്.?

" അത് പിന്നെ സുധേട്ടാ, ചിരുത ചേച്ചിയുടെ വീട്ടിലെ അമ്മിണിയെ അവര് കൊടുക്കുവാണ് എന്ന് പറഞ്ഞു."

അതെന്താടി, പെട്ടെന്നവർ അതിനെ കൊടുക്കുന്നത്?. 

"സുധേട്ടാ, അത് എന്നെ പോലെ തന്നെ പ്രസവിക്കില്ല എന്ന്. ഒരു മച്ചി പശുവിനെ  വീട്ടിൽ തീറ്റി പോറ്റാൻ അവർക്ക് കഴിവില്ല എന്നാണ് പറയുന്നത് ." 

അത് ശരിയാ തുളസി, വെറുതെ ഒരു മച്ചി പശുവിന് തീറ്റ കൊടുത്ത് വളർത്തിയിട്ട് എന്ത് ചെയ്യാനാ.? 

"അതിനെ അറക്കാൻ കൊടുക്കണം. പൈസ എങ്കിലും അവർക്ക് കിട്ടുമല്ലോ."

അങ്ങനെ പറയരുത് സുധേട്ടാ, അവളെ കുഞ്ഞിലെ മുതൽ നമ്മൾ കാണുന്നതല്ലേ. ഞാനും പ്രസവിക്കില്ലല്ലോ, എന്നുവച്ച് എന്നെ കൊന്നു കളയുമോ നിങ്ങള്.?

എടീ അതുപോലാണോ മൃഗങ്ങൾ.!

ഒരു മച്ചിപശുവിനെ തീറ്റിപോറ്റിയിട്ട് എന്ത് കിട്ടാനാ.?

" തുളസിയുടെ മുഖം വാടി." 

"എൻ്റെ തുളസി, നീ വിഷമിക്കാൻ വേണ്ടി പറഞ്ഞതല്ല. അവർക്കറിയാം അവരുടെ ബുദ്ധിമുട്ട്. "

ഞാനൊരു കാര്യം പറയട്ടെ സുധേട്ടാ.? 

എന്താ തുളസി...?

നമുക്ക് അമ്മിണിയെ മേടിച്ചാലോ.? 

നീ എന്താ ഈ പറയുന്നത്..! 

ആ മച്ചി പശുവിനെ നമുക്ക് കിട്ടിയിട്ട് എന്ത് ചെയ്യാനാ. ?

സുധേട്ടാ, അവളിവിടുന്ന് പോകുന്നത് എനിയ്ക്ക് ആലോചിക്കാൻ പോലും പറ്റുന്നില്ല.
 
"അതും പ്രസവിക്കാത്തതിന്റെ പേരിൽ അവളെ അറക്കാൻ കൊടുക്കുന്നു എന്ന് കേട്ടിട്ട് എനിക്ക് മനസ്സിനൊരു സമാധാനവുമില്ല." 

എന്നും, അവൾക്കുള്ള കാടി വെള്ളവും പഴത്തൊലിയും ഒക്കെ ആയിട്ട് ഞാൻ ചെല്ലുന്നത് തന്നെ എനിക്ക് ആരൊക്കെയൊ ഉണ്ടെന്നുള്ള ഒരു തോന്നലു കൊണ്ടാണ്. 
അവൾ കൂടി പോയി കഴിഞ്ഞാൽ ഞാൻ ഒറ്റയ്ക്കായി പോകും സുധേട്ടാ. 

സുധേട്ടനും രാവിലെ ജോലിക്ക് പോയിക്കഴിഞ്ഞാൽ പിന്നെ ഞാനിവിടെ ഒറ്റയ്ക്കല്ലേ. ?

എനിയ്ക്കാകെയുള്ള സന്തോഷം എന്ന് പറയുന്നത് അവൾക്കുള്ള ആഹാരം കൊണ്ട് കൊടുത്തു, അവളെ ഒന്ന് തലോടി, ഒന്നു മിണ്ടിയും പറഞ്ഞു ഒക്കെ വരുന്നതാണ്. 

"ശരി ശരി നിൻ്റെ ഇഷ്ടം പോലെ നടക്കട്ടെ, ഇനി നീ അതോർത്ത് വിഷമിക്കേണ്ട." 
"നമുക്ക് അമ്മിണിയെ വാങ്ങിക്കാം."

തുളസി, പിറ്റേ ദിവസം തന്നെ ചിരുത ചേച്ചിയുടെ വീട്ടിൽ ചെന്ന് അവർ പറഞ്ഞ  വില കൊടുത്ത് അമ്മിണിയെ വാങ്ങിച്ചു. 

എന്തിനാടി തുളസി, നിനക്കീ മച്ചി പശുവിനെ.?

 "കഴിഞ്ഞ വാവിനും കൂടി ചവിട്ടിച്ചതാ. ചെന പിടിക്കണ ലക്ഷണം ഒന്നുമില്ല എന്നാണ് കാളക്കണാരൻ പറഞ്ഞത്."

 "സാരമില്ല ചേച്ചി അവളും മച്ചി, ഞാനും മച്ചി. ഞങ്ങൾ രണ്ട് മച്ചികളും കൂടി സന്തോഷായിട്ട് ജീവിച്ചോളാം." 
"തുളസി അമ്മിണിയെയും കൊണ്ടുപോകുന്നത് നോക്കി ചിരുത മൂക്കത്ത് വിരലും വച്ച് നിന്നു. "

തുളസിയ്ക്കാണെങ്കിൽ, അമ്മിണിയെ സ്വന്തമായിട്ട് കിട്ടിയപ്പോൾ ഒരു കുഞ്ഞിനെ കിട്ടിയ പോലെയുള്ള സന്തോഷമായിരുന്നു. 
അവളെ തീറ്റിക്കാൻ തുളസി മത്സരിക്കുകയായിരുന്നു. 

സുധേട്ടൻ കൊണ്ടുവരുന്ന പലഹാരങ്ങളിൽ പകുതിയിൽ കൂടുതലും അമ്മിണിയാണ് കഴിച്ചിരുന്നത്.

"സ്വന്തം കുഞ്ഞിനെ തീറ്റി പോറ്റുന്നത് പോലെയായിരുന്നു അവൾ അമ്മിണിയെ നോക്കിയിരുന്നത്" 

തുളസിയെ,നിന്നെ കണ്ടിട്ട് കുറെ ആയല്ലോ? 

"ഓരോ തിരക്കൊക്കെയായിരുന്നു ഭാസ്ക്കരേട്ടാ."

നിനക്കെന്താ വേണ്ടത് തുളസിയെ.?

" രണ്ടു കിലോ പുളിയരിയും, രണ്ടു കിലോ പിണ്ണാക്കും." 

നീയെന്താടി തുളസിയെ ഇപ്പോ പുളിയരിയും പിണ്ണാക്കും ആണോ കഴിക്കുന്നത്.?

ഒന്ന് പോ ഭാസ്കരേട്ടാ കളിയാക്കാതെ.?

"ഇതെന്റെ അമ്മിണിയ്ക്കുള്ളതാ."

അതാരാടി, അമ്മിണി!. 

"അതോ, അത് നമ്മുടെ ചിരുത ചേച്ചിയുടെ വീട്ടിൽ ഉണ്ടായിരുന്ന പശു ആണ്. ഞാൻ അതിനെ വിലയ്ക്ക് വാങ്ങി." 

ആ മച്ചി പശുവോ..!

അതേ ഭാസ്കരേട്ടാ...
 
ആ മച്ചി പശുവിനെ നിനക്ക് എന്തിനാടി തുളസീ. ?

അതിനെ വല്ലോ അറക്കാനും കൊടുക്കാൻ മേലാരുന്നോ.?

"അങ്ങനെ പറയരുത് ഭാസ്കരേട്ടാ, ഞാനും ഒരു മച്ചി അല്ലേ..."

"എനിയ്ക്ക് കൂട്ടായിട്ട് ഒരു മച്ചി പശു ഇരിക്കട്ടെ."

ഞാൻ നിന്നോട് എന്തോ പറയാനാ.? ഒക്കെ നിൻ്റെ ഇഷ്ടം.! 

എന്തായാലും എൻ്റെ കടയിലെ പുളിയരിയ്ക്കും പിണ്ണാക്കിനും ഇനി ഒരാള് കൂടി ആയല്ലോ.?

സുധേട്ടൻ പോയി കഴിഞ്ഞ പിന്നെ അമ്മിണിയെ തീറ്റി പോറ്റുന്നതിൽ ആയിരുന്നു തുളസിയുടെ ശ്രദ്ധ മുഴുവൻ. 
കിട്ടുന്നിടത്ത് നിന്നെല്ലാം ചക്കയും, മാങ്ങയും, വാഴയിലയും ഒക്കെ കൊണ്ടുവന്ന് കൊടുക്കുമായിരുന്നു. 

അമ്മിണി, തീറ്റ എല്ലാം തിന്ന് തടിച്ചു കൊഴുത്തു വന്നു. അമ്മിണിയുടെ രൂപം തന്നെ മാറിപ്പോയി. 

"തടിച്ചുരുണ്ട നല്ല സുന്ദരി പശുവായി അവൾ. "

തുളസി തൂമ്പയും എടുത്ത് പറമ്പിൽ കിളയ്ക്കുന്നത് കണ്ടിട്ടാണ് സുധേട്ടൻ അങ്ങോട്ട് ചെന്നത്. 

എന്താ തുളസീ.. നീ അവിടെ എന്തെടുക്കുവ.? 

"കുറച്ച് ഇഞ്ചി പറിക്കുവാ ഏട്ടാ." 

"നീ അങ്ങോട്ട് മാറ്, ഞാൻ എടുത്തു തരാം. "

എന്തിനാണ് ഇത്രയധികം പറിയ്ക്കുന്നത്. 
ഇഞ്ചിക്കറി വയ്ക്കാൻ ആണോ? 

അല്ല സുധേട്ടാ, രണ്ടുദിവസമായി നമ്മുടെ അമ്മിണി തീറ്റ ഒന്നും തിന്നുന്നില്ല. എന്തോ ഒരു അസ്വസ്ഥത പോലെ.?

"ദഹനക്കേടാണെന്ന് തോന്നുന്നു."

" നിന്നോട് ഞാൻ അപ്പോഴേ പറഞ്ഞതല്ലേ, പശു ആണെങ്കിലും ഇങ്ങനെ കുത്തി കുത്തി തീറ്റ കൊടുക്കരുതെന്ന്." 

അതിനു കൊടുക്കുന്ന തീറ്റ ദഹിക്കാനുള്ള സാവകാശം എങ്കിലും അതിന് കൊടുക്കണ്ടേ.? 

നീ ഇപ്പൊ ഇഞ്ചി കൊണ്ട് എന്ത് ചെയ്യാൻ പോകുന്നു.? 

"നമ്മൾ മനുഷ്യർക്ക് ദഹനക്കേട് വരുമ്പോൾ ഇഞ്ചി ഇട്ട് വെള്ളം തിളപ്പിച്ച് കുടിക്കത്തില്ലേ, അതുപോലെ കുറച്ച് ഏറെ വെള്ളം തിളപ്പിച്ച് അമ്മിണിയ്ക്ക് കൊടുത്തു നോക്കാം."

ഇനി രണ്ടു ദിവസം ഞാനധികം തീറ്റ ഒന്നും അവൾക്കു കൊടുക്കുന്നില്ല.

നിന്നെക്കൊണ്ട് ഞാൻ തോറ്റല്ലോ എന്റെ തുളസി.?

 നീ എന്താന്ന് വച്ചാ ചെയ്യ്. !

അമ്മിണി കിടന്ന കിടപ്പു തന്നെയാണ്. തുളസി കുറച്ച് ഇഞ്ചി വെള്ളം അവളെ കുടിപ്പിച്ചു. അമ്മിണിയുടെ വയറൊക്കെ പിടച്ച് വീർത്താണ് ഇരിക്കുന്നത്. 

ഇത് ദഹനക്കേട് തന്നെയാണ് സുധേട്ടാ, അവളുടെ വയർ ഇരിക്കുന്നത് കണ്ടോ? 

"സാരമില്ല,  നീ വിഷമിക്കാതെ, നാളെ  ആകുമ്പോൾ എല്ലാം ശരിയാവും. നീ പോയി കിടക്കാൻ നോക്ക്."
 തുളസിയ്ക്ക് കിടന്നിട്ട് ഉറക്കം വന്നില്ല. 

"എൻ്റെ ദേവീ എൻ്റെ അമ്മിണിയ്ക്ക് ആപത്തൊന്നും വരുത്തല്ലേ. സങ്കടപ്പെട്ട് കിടന്ന് എപ്പോഴോ അവൾ ഉറങ്ങിപ്പോയി."

 രാവിലെ സുധേട്ടന്റെ വിളി കേട്ടാണ് തുളസി എഴുന്നേറ്റ് വന്നത്. 

തുളസീ.. തുളസീ.. നീ ഒന്ന് വേഗം എഴുന്നേറ്റു വന്നെ.? 

ഓടി വാ തുളസീ..

നമ്മുടെ അമ്മിണി. ! 

എൻ്റെ ദേവീ എൻ്റെ അമ്മിണിയ്ക്ക് എന്താ പറ്റിയെ? 

തുളസി പിടഞ്ഞെണീറ്റ് പുറത്തേക്ക് ഓടി....
                                    

♻️♻️♻️♻️♻️


തുളസി കരഞ്ഞു കൊണ്ട് പുറത്തേയ്ക്ക് ഓടി. 
ഓടി തൊഴുത്തിനടുത്ത് എത്തിയ തുളസി ഞെട്ടിത്തരിച്ചു നിന്നു. 

എന്താ ദേവീ ഞാനീ കാണണത്.!  

എന്താ സുധേട്ടാ ഇത്... ഇതെങ്ങനെ സംഭവിച്ചു. ?

"അമ്മിണിയുടെ അടുത്ത്, ഒരു ചെറിയ പശുകിടാവ് നിൽക്കുന്നു." 

അവളോടി അമ്മിണിയുടെ അടുത്ത് എത്തി..
തുളസിയെ കണ്ടതും അമ്മിണി നീട്ടി ഒന്നു കരഞ്ഞു..

അമ്മിണിയുടെ കണ്ണിൽ കൂടി കണ്ണുനീർ ചാലു കീറിയിരുന്നു...

"എൻ്റെ ഈശ്വരാ.. എന്റെ അമ്മിണിയുടെ ഏനക്കേട് അവൾക്ക് കുഞ്ഞുണ്ടാകാൻ പോകുന്നതിന്റെ ആണെന്ന് എനിക്കറിയാതെ പോയല്ലോ.." 

എന്റെ അമ്മിണി ഒരുപാട് വിഷമിച്ചു കാണും..
അവൾ അമ്മിണിയെ ചേർത്ത് പിടിച്ചു.

അമ്മിണി തുളസിയുടെ കൈകൾ നക്കി തുടച്ചു കൊണ്ടിരുന്നു..

"അമ്മേ നമ്മുടെ സങ്കടങ്ങൾ മാറ്റാൻ ദൈവം നമുക്കൊരു കുഞ്ഞിനെ തന്നു എന്ന് പറയുന്നത് പോലെ." 

തുളസി സന്തോഷം കൊണ്ട് പൊട്ടിക്കരഞ്ഞു പോയി. അവൾ സുധേട്ടനെ കെട്ടി പിടിച്ച് കരഞ്ഞു.

"സുധേട്ടാ നോക്കിക്കേ, ഒരു സുന്ദരി പശുകുട്ടി."

"നമ്മുടെ അമ്മിണി മച്ചിയല്ലായിരുന്നു." 

"അവൾക്കൊരു കുഞ്ഞുണ്ടായിരിക്കുന്നു."

"അതേ തുളസി, അവളെ നമ്മുടെ കയ്യിൽ കിട്ടുമ്പോൾ അവൾക്ക് ചെന പിടിച്ചിരുന്നു." 
"ആരും അതറിഞ്ഞില്ലെന്ന് മാത്രം." 

പിന്നീടങ്ങോട്ട്, തുളസിക്ക് ഈ ലോകം തന്നെ പിടിച്ചടക്കിയ സന്തോഷമായിരുന്നു. 

"മച്ചി എന്ന പേര് കേട്ട് മനസ്സ് തളർന്നിരുന്ന അവൾക്ക് കിട്ടിയ വലിയൊരു ആശ്വാസമായിരുന്നു അമ്മിണിയെന്ന മകളും, അവളിൽ ഉണ്ടായ കൊച്ചു മകളും." 

തുളസി തൻ്റെ കൊച്ചു മകൾക്കൊരു പേരിട്ടു.."മണിക്കുട്ടി "

 സുധേട്ടാ... ഇന്നു തന്നെ ഒരു കറുത്ത ചരട് വാങ്ങി അമ്പലത്തിൽ കൊണ്ടുപോയി പൂജിച്ചു വാങ്ങണം കേട്ടോ.?

എന്തിനാ തുളസി.?

എൻ്റെ മണിക്കുട്ടിയുടെ കഴുത്തിൽ കെട്ടാനാ. 

"എന്റെ സുന്ദരിക്കുട്ടി" 

"കണ്ണ് കിട്ടണ്ട"

തുളസിയുടെ സന്തോഷം കണ്ടപ്പോൾ സുധേട്ടന്റെ കണ്ണ് നിറഞ്ഞു പോയി. തുളസിയെ ഇത്രയും സന്തോഷത്തോടെ കാണുന്നത് ഇതാദ്യമായിട്ടാണ്. പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സന്തോഷം  സുധേട്ടനും ഉണ്ടായിരുന്നു. തങ്ങളുടെ ജീവിതത്തിലേക്ക് മണിക്കുട്ടിയുടെ രൂപത്തിൽ ഒരു കുഞ്ഞിനെ ദൈവം തന്നിരിക്കുന്നു.

അമ്മിണിയുടെ പ്രസവരക്ഷ എല്ലാം തുളസി ഭംഗിയായിട്ട് തന്നെ ചെയ്തു. 
"കന്നിപ്പാൽ കൊണ്ട് തൈര് ഉണ്ടാക്കി കൊടുക്കുന്ന പതിവു രീതിയും അവൾ തെറ്റിച്ചില്ല."

"അമ്മിണിയുടെ പാലുകൊണ്ട് അവൾ ഒരു വലിയ പാത്രത്തില് കട്ട തൈര് ഉണ്ടാക്കി. അതിൽ കുറച്ചെടുത്ത് ഒരു ചോറ്റുപാത്രത്തിലാക്കി, ആദ്യം തന്നെ ചിരുത ചേച്ചിയുടെ വീട്ടിലേയ്ക്കാണ് പോയത്. "

എന്താ തുളസി, കുറെ ആയല്ലോ നിന്നെ കണ്ടിട്ട്.? 

"അമ്മിണിയെ കൊണ്ട് പോയതിൽ പിന്നെ, നിന്നെ ഈ വഴിക്കൊന്നും കണ്ടിട്ടേയില്ല." 

ഇതെന്താ തുളസി ചോറ്റുപാത്രത്തിൽ.?
 
"തൈരാണ് ചേച്ചി.. "

തൈരോ! 

"അതേ ചേച്ചി. മച്ചി പശുവിന്റെ തൈര് ആണിത്. "

നീ വേറെ പശുവിനെ ഒക്കെ വാങ്ങിയോ?. 

"വേറെ പശു ഒന്നുമല്ല ചേച്ചി, ഇത് നമ്മുടെ അമ്മിണിയുടെ പാലിന്റെ തൈര് തന്നെയാണ്." 

നീ എന്തൊക്കെയാ തുളസി പറയുന്നത്.?

മച്ചി പശുവിന് എങ്ങനെയാ പാലുണ്ടായത്? 

"നമ്മുടെ അമ്മിണി പ്രസവിച്ചു ചേച്ചി. അവള് മച്ചിയല്ലായിരുന്നു."

"അമ്മിണിയുടെ പ്രസവചരിത്രം കേട്ട് ചിരുത കണ്ണും തള്ളി ഇരുന്നു പോയി."

താടിയ്ക്ക് കയ്യും കൊടുത്തിരുന്ന ചിരുത ചേച്ചിയോട് യാത്ര പറഞ്ഞ് തുളസി അവിടെ നിന്നിറങ്ങി. 

"ചേച്ചി ഞാൻ പോകുവാണ്."
അമ്മിണിയും, മണിക്കുട്ടിയും അവിടെ ഒറ്റയ്ക്കല്ലേ ഉള്ളൂ.?

ചിരുതയ്ക്കാണെങ്കിൽ വീട്ടിലിരുന്നിട്ട് ഇരിപ്പുറയ്ക്കുന്നില്ലായിരുന്നു.

എന്നാലും ഇതെങ്ങനെ സംഭവിച്ചു.!

അമ്മിണിയ്ക്ക് ചെന പിടിക്കില്ല എന്ന് ഉറപ്പു പറഞ്ഞതല്ലേ കാള കണാരൻ.
അതുകൊണ്ടല്ലേ അതിനെ തുളസിക്ക്  വിറ്റത്.?

 പിള്ളേരുടെ അച്ഛൻ വന്നയുടനെ അമ്മിണിയുടെ പ്രസവചരിത്രം ചിരുത പറഞ്ഞു കേൾപ്പിച്ചു. 

എന്നാലും ചിരുതേ അത് വല്ലാത്തൊരു കഷ്ടമായി പോയല്ലോ.? 

"തുളസിയുടെ ഭാഗ്യം അല്ലാതെന്തു പറയാൻ." 

നിങ്ങൾ ഇവിടെ തുളസിയുടെ ഭാഗ്യവും പറഞ്ഞുകൊണ്ടിരുന്നോ.?

"ഞാൻ ഇത് സമ്മതിക്കില്ല." 

നീ എന്തോന്നാടീ ഈ പറയുന്നേ.?
പിന്നെ നമ്മൾ എന്തു ചെയ്യുമെന്നാ.? 

"നമുക്ക് നമ്മുടെ അമ്മിണിയെ വിട്ടു തരാൻ പറയണം." 

അങ്ങനെ പറഞ്ഞാ ഉടനെ അവര് വിട്ടു തരുമോ.?

 തരാതെ പിന്നെ..
അമ്മിണി നമ്മുടെ പശു അല്ലാരുന്നോ.?

"നിങ്ങൾ കൂടുതലൊന്നും പറയണ്ട, എൻ്റെ കൂടെ ഒന്നു വന്നാൽ മതി."

അടുത്തദിവസം, രാവിലെ തന്നെ ചിരുതയും ഭർത്താവും, തുളസിയുടെ വീട്ടിലെത്തി. 

ങാ.. ചിരുത ചേച്ചിയോ..! 

വാ ചേച്ചീ..അമ്മിണിയെ കാണാൻ വന്നതാണോ. ? 

"തൊഴുത്തിൽ നിൽക്കുന്ന സുന്ദരിയായ അമ്മിണിയെയും മകളെയും കണ്ട് ചിരുതയും ഭർത്താവും വായും പൊളിച്ചു നിന്നുപോയി." 

തുളസി നിന്നോട് ഞങ്ങൾക്കൊരു കാര്യം പറയാനുണ്ട്?

എന്താ ചേച്ചീ...

"തുളസി, ഞങ്ങൾക്ക് ഞങ്ങളുടെ അമ്മിണിയെ തിരിച്ചു തന്നേ പറ്റൂ."

നിങ്ങൾ അതെന്തു വർത്തമാനമാണ് ചേച്ചി ഈ പറയുന്നത്.! 

അമ്മിണിയെയും മകളെയും തിരിച്ചു തരാനോ? 
നിങ്ങൾ പറഞ്ഞ വില തന്നിട്ടല്ലേ ഞാൻ നിങ്ങളുടെ കയ്യിൽ നിന്നും അമ്മിണിയെ വാങ്ങിയത്.?

അതൊന്നും ഞങ്ങൾക്കറിയണ്ട. ഞങ്ങൾക്കവളെ തിരിച്ചു തന്നേ പറ്റൂ.?

"ഞങ്ങൾ അമ്മിണിയെ നിനക്കു തരുമ്പോൾ അവളുടെ  വയറ്റിലുണ്ടായിരുന്നു, അത് ഞങ്ങൾക്കറിയില്ലായിരുന്നു."

അതിപ്പോൾ എൻ്റെ കുഴപ്പമല്ലല്ലോ.! 

"നിങ്ങൾക്ക് ഞാൻ അമ്മിണിയുടെ പൈസ തന്നാണ് അവളെ വാങ്ങിയത്."

അതൊന്നും പറഞ്ഞാല് ശരിയാകില്ല തുളസി. ?

ഞങ്ങൾക്ക് ഞങ്ങളുടെ അമ്മിണിയെ തിരിച്ച് തന്നേ പറ്റൂ.?

"ആ തർക്കം അവിടെ നിന്ന് ഇറങ്ങി പോലീസ് സ്റ്റേഷൻ വരെ എത്തി നിന്നു."

ചെറുപ്പം മുതൽ അമ്മിണിയെ വളർത്തി വലുതാക്കിയ ചിരുതയ്ക്ക് ആണോ അമ്മിണിയെ കിട്ടുക.. അതോ അമ്മിണിയെ സ്വന്തം മകളെപ്പോലെ സ്നേഹിച്ചു വളർത്തിയ തുളസിയ്ക്ക് ആണൊ.?

എന്തായാലും പോലീസ് തീരുമാനിക്കട്ടെ അല്ലെ....
                                           

♻️♻️♻️♻️


 എടോ പി സി, എന്താണെടോ അവിടെ ഒരു പശു കേസും കാര്യവുമൊക്കെ.? 

"അത് സാറേ ഒരു രസമുള്ള കേസ് തന്നെയാ." 

തുളസി എന്ന സ്ത്രീ, ചിരുത എന്ന സ്ത്രീയുടെ കയ്യിൽ നിന്നും ഒരു പശുവിനെ മേടിച്ചു.
ചെന പിടിക്കാത്ത ഒരു മച്ചിപശു ആയിട്ടാണ് ചിരുത അതിനെ വിറ്റത്.
മച്ചിപശു ആണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് തുളസി ആ പശുവിനെ മേടിച്ചത്.

ആ പശു ഇപ്പോൾ പ്രസവിച്ചു...!

പശുവിനെ മേടിക്കുമ്പോൾ, ആ പശുവിന് വയറ്റിൽ ഉണ്ടായിരുന്നുവെന്ന് അവർക്ക് രണ്ടു കൂട്ടർക്കും അറിയില്ലായിരുന്നു. 

"കൊടുത്തയാൾക്കും, മേടിച്ചയാൾക്കും അത് അറിവില്ലാത്ത കാര്യമായിരുന്നു." 

ഇപ്പോൾ, തുളസിയുടെ കസ്റ്റഡിയിൽ ഇരിക്കുന്ന പശു പ്രസവിച്ചു. 

"പക്ഷേ, അതിൻ്റെ അവകാശവും പറഞ്ഞു പശുവിനെ വിറ്റ ചിരുത എത്തിയിരിക്കുകയാണ്."

അത് കൊള്ളാലോ.?

രണ്ടുകൂട്ടരും എത്തിയിട്ടില്ലെ.?

" ഉണ്ട് സാർ."

താനൊരു കാര്യം ചെയ്യ്, രണ്ടു കൂട്ടരെയും ഇങ്ങോട്ട് വിളിച്ചേ.? 

"രണ്ടുപേരും അങ്ങോട്ട് ഇരിക്ക്."

ഇതിൽ ആവലാതിക്കാരി ആരാണ്.?

"ഞാനാണ് ഏമാനെ."

ഇനി പറ.. എന്താണ് നിങ്ങളുടെ പ്രശ്നം.? 

"ഏമാനെ, എൻ്റെ അമ്മിണിയെ എനിക്ക് തിരിച്ചു വേണം."

അതെന്താ നിങ്ങടെ അമ്മിണിയെ ആരെങ്കിലും പിടിച്ചു വച്ചിട്ടുണ്ടോ.?

അങ്ങനെയല്ല ഏമാനെ...
 
ഞാൻ തുളസിക്ക് വിറ്റ എൻ്റെ അമ്മിണിയ്ക്ക് കൊച്ചുണ്ടായി ഏമാനെ.? 

"തുളസിക്ക് കൊടുക്കുമ്പോൾ എൻ്റെ അമ്മിണി ഗർഭിണിയായിരുന്നു. തുളസി അതെന്നോട് മറച്ചുവെച്ചു."

ആണോ തുളസീ...?

ആവലാതിക്കാരി പറയുന്നത് ശരിയാണോ.?

"അല്ല ഏമാനെ." 

ഞാൻ ചിരുത ചേച്ചിയുടെ കയ്യിൽ നിന്ന് അമ്മിണിയെ മേടിക്കുമ്പോൾ അമ്മിണി മച്ചിയായിരുന്നു. 

"ഒരു മച്ചി പശുവിനെയാണ് ഞാൻ ചിരുതചേച്ചിയുടെ കയ്യിൽ നിന്നും മേടിച്ചത്." 

"അവളോടുള്ള ഇഷ്ടം കൊണ്ടാണ് ഞാൻ  അവളെ മേടിച്ചത്. അവൾക്ക് വയറ്റിലുണ്ടായിരുന്നു എന്നുള്ള കാര്യം അവള് പ്രസവിക്കുന്നത് വരെ എനിക്കറിയില്ലായിരുന്നു."

തുളസിയും ചിരുതയും അവർക്ക് പറയാനുള്ളത് അവിടെ അവതരിപ്പിച്ചു. 

കുറച്ചുനേരം ആലോചിച്ചിരുന്ന ശേഷം പോലീസ് ഏമാൻ ചിരുതയോട് ചോദിച്ചു?

"നിങ്ങളുടെ വീട്ടിൽ നിന്ന് തുളസി പശുവിനെ കൊണ്ടുപോകുമ്പോൾ അമ്മിണിയ്ക്ക് വയറ്റിലുണ്ടായിരുന്നു എന്നതിന് നിങ്ങളുടെ കയ്യിൽ തെളിവ് വല്ലതും ഉണ്ടോ? 

"അതു പിന്നെ ഏമാനെ, തുളസിക്ക് ഞങ്ങൾ പശുവിനെ കൊടുക്കുന്നതിനുമുമ്പ് കാള കണാരന്റെ കാളയെ കൊണ്ട് ചവിട്ടിച്ചിരുന്നു." 

"അങ്ങനെയാണെങ്കിൽ ഒരു കാര്യം ചെയ്യ്.?

 നാളെ, കാള കണാരനും അവൻ്റെ കാളയും സ്റ്റേഷനിൽ ഹാജരാകാൻ പറ.?

"അയ്യോ ഏമാനെ, അത് നടക്കില്ല." 

എന്തുപറ്റി? 

"കാള കണാരൻ രണ്ടുമൂന്ന് മാസം മുമ്പ് മരിച്ചു പോയി." 

അപ്പൊ, കണാരന്റെ കാളയോ? 

"കണാരൻ മരിച്ചു പോയപ്പോൾ കണാരന്റെ മക്കൾ ആ കാളയെ അറക്കാൻ കൊടുത്തു. ആ കാള ഇപ്പോൾ പലരുടെയും ആമാശയത്തിലായി പോയി." 

എങ്കിൽ പിന്നെ, ഞങ്ങൾക്കിനിയും ഒന്നും ചെയ്യാൻ പറ്റില്ല ചിരുതെ.? 

"അമ്മിണിയുടെ കൊച്ചിന്റെ അച്ഛൻ ആരാണെന്ന് തെളിയിക്കാൻ നിങ്ങൾക്ക് പറ്റിയിട്ടില്ല. അമ്മിണി ആണെങ്കിൽ നിങ്ങള് പറഞ്ഞ പൈസാ തന്നിട്ടാണ് പശുവിനെ കൊണ്ടുപോയതും."  

അപ്പോൾ പിന്നെ അമ്മിണിയുടെ പൂർണ്ണ അവകാശം തുളസിയ്ക്ക് തന്നെയാണ്.?

"ഇനി, തുളസി എന്തെങ്കിലും ഔദാര്യം നിങ്ങൾക്ക് തന്നാൽ, അത് നിങ്ങൾ സ്വീകരിക്കുക എന്ന് മാത്രമേ ഉള്ളൂ."

"ഇനി ഇതിൻ്റെ പേരിൽ ഒരു കശപിശയും രണ്ടുകൂട്ടരും ഉണ്ടാക്കാൻ പാടില്ല."

എടോ പിസി, രണ്ടു കൂട്ടരെയും കൊണ്ട് എഴുതി ഒപ്പിടുവിച്ച് വാങ്ങിച്ചേരെ.?

പശുവിന്റെ പൂർണ്ണ അവകാശവും കൈപ്പറ്റി സ്റ്റേഷനിൽ നിന്നിറങ്ങിയ തുളസി അടുത്തു കണ്ട, ഒരു കടയിൽ നിന്ന് വലിയ രണ്ടു മുത്തുമാല വാങ്ങി. "അത് തൻ്റെ അമ്മിണിയുടെയും, മണിക്കുട്ടിയുടെയും കഴുത്തിൽ ഇടാൻ വേണ്ടിയായിരുന്നു." 

അതിന്റെ അടുത്ത ദിവസം, രാവിലെ തന്നെ അവൾ അമ്മിണിയെ കറന്ന് അതിൽ നിന്ന് കുറച്ചു പാലുമെടുത്ത് ചോറ്റു പാത്രത്തിലാക്കി ചിരുതചേച്ചിയുടെ വീട് ലക്ഷ്യമാക്കി നടന്നു. 

ചിരുത ചേച്ചിയുടെ വീട്ടിലെത്തി ചേച്ചി എന്ന് നീട്ടി വിളിച്ചു. 
പുറത്തിറങ്ങി വന്ന ചിരുത, തുളസിയെ കണ്ടതും മുഖം കടന്നൽ കുത്തിയത് പോലെ വീർപ്പിച്ചു. 

"ഇന്നാ ചേച്ചി, അമ്മിണിയുടെ പാലാണ്." 

ഇത് പിള്ളേർക്ക് തിളപ്പിച്ച് കൊടുക്ക്.?

 ഞങ്ങൾക്കൊന്നും വേണ്ട നിന്റെ അമ്മിണിയുടെ പാല്.! 

അങ്ങനെ പറയല്ലേ ചേച്ചി, എൻ്റെ സന്തോഷം കൊണ്ട് തരുന്നതല്ലേ.?

"ചേച്ചി എന്നോട് പിണങ്ങരുത്. 
അമ്മിണിയെ ഞാൻ എൻ്റെ സ്വന്തം മോളെ പോലെ അത്രയധികം സ്നേഹിച്ചു പോയി ചേച്ചി." 

"ഞങ്ങൾക്ക് ആകെയുള്ള ആശ്വാസം അവളാണ്."

" ഇനി മുതൽ എല്ലാ ദിവസവും പിള്ളേർക്ക് കുടിക്കാനുള്ള പാല് ചേച്ചിക്ക് ഞാൻ കൊണ്ടു തരും."

തുളസി പറഞ്ഞത് കേട്ടിട്ട് ചിരുതയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. 

"ചേച്ചി വിഷമിക്കേണ്ട. എൻ്റെ അമ്മിണി ഇനിയും പ്രസവിക്കും." 

അവൾ മച്ചിയല്ലല്ലോ! 

അവൾക്ക് ഉണ്ടാകുന്ന അടുത്ത കുഞ്ഞിനെ ഞാൻ ചേച്ചിയ്ക്കു തരാം."

 ഇതെൻ്റെ ആദ്യത്തെ കൊച്ചുമോളല്ലേ, അവളെ ഞാൻ ആർക്കും തരില്ല.?

" തുളസീ, നിൻ്റെ ഈ നല്ല മനസ്സിന് ദൈവം നിനക്ക് നൽകിയ അനുഗ്രഹമാണ് അമ്മിണിയും മോളും." 

"ഇനി നിനക്കും ഒരു കുഞ്ഞിനെ തന്ന് ദൈവം അനുഗ്രഹിക്കും.."

"ഒക്കെ ദൈവത്തിൻ്റെ കയ്യിലാ ചേച്ചീ..
ഇത്രയും സന്തോഷം ദൈവം എനിക്കു തന്നല്ലോ..."

അത് പറയുമ്പോൾ ചിരുതയും തുളസിയും ഒരുപോലെ കരഞ്ഞു പോയി. 

"അമ്മിണിക്കുവേണ്ടി തുളസിയെ താൻ ഒരുപാട് വിഷമിപ്പിച്ചല്ലോ എന്ന കുറ്റബോധം കൊണ്ടാണ് ചിരുത  കരഞ്ഞതെങ്കിൽ, മച്ചി എന്ന പേരുകേട്ട തനിയ്ക്ക്, മച്ചിയല്ലാത്ത ഒരു അമ്മയെയും കുഞ്ഞിനെയും ദൈവം തന്നല്ലോ എന്ന സന്തോഷം കൊണ്ടാണ് തുളസി കരഞ്ഞത്. "

പിന്നീടുള്ള ദിവസങ്ങൾ തുളസിയ്ക്ക്  തിരക്കുള്ളതായിരുന്നു. അവളുടെ മകൾ, അമ്മിണിയെയും കൊച്ചുമകൾ മണികുട്ടിയെയും പരിപാലിയ്ക്കുന്ന തിരക്ക്...
   
                                
📝ഷീബ ജോസഫ്
    (ശുഭം)

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്