വസന്തം പൊഴിക്കുന്ന വേനൽ

"ധനുവേട്ടാ .. അടുത്ത മാസം മുതൽ വിസ്പറ്, രണ്ട്പായ്ക്കറ്റ് വീതം വാങ്ങേണ്ടി വരും"

മോളുമായി ബാത്റൂമിൽ കയറിപ്പോയ സുനിത ,മുഖത്തൊരു പുഞ്ചിരിയുമായി ഇറങ്ങി വന്നിട്ട് ,ഭർത്താവ് ധനഞ്ജയനോട്പറഞ്ഞു.

"അതെന്താടീ..?

"ഓഹ്, ഈ മനുഷ്യൻ്റെയൊരു കാര്യം, അവളിപ്പോൾ ഒരു വലിയ പെണ്ണായെന്ന് ,രണ്ട് ദിവസമായി വയറ് വേദനയെന്നും പറഞ്ഞ് നടന്നപ്പോഴെ, എനിക്കറിയാമായിരുന്നു, ഇത് തന്നെയായിരിക്കുമെന്ന്"

സുനിത അഭിമാനത്തോടെ പറഞ്ഞു.

"എടീ.. നമുക്ക് എല്ലാവരെയും വിളിച്ച് പറയണ്ടേ?

"പിന്നേ വേണം ,എൻ്റെ കുടുംബത്തീന്ന് എത്ര കുറച്ചാലും ഒരു പത്തൻപത് പേരോടെങ്കിലും പറയണം ,ധനുവേട്ടൻ്റെ ആൾക്കാരും കാണില്ലേ ?അത്രയൊക്കെ"

"നീയെന്താ സുനിതേ ഈ പറയുന്നത്, എടീ.. അതിന് അവളുടെ കല്യാണമൊന്നുമല്ലല്ലോ? നാടടച്ച് വിളിക്കാനായിട്ട് ,ഇങ്ങനെയുള്ള കാര്യത്തിന്, നമ്മൾ കുടുംബക്കാര് മാത്രം മതി ,ഇവിടിപ്പോൾ എൻ്റെ അമ്മയുണ്ടല്ലോ? വേണമെങ്കിൽ അനുച്ചേച്ചിയോട് കൂടി പറയാം ,നീയൊരു കാര്യം ചെയ്യ് ,നിൻ്റമ്മയെ ഒന്ന് വിളിച്ച് പറ, അവിടെ നിൻ്റെ ആങ്ങളയുടെ ഭാര്യ, ശ്രീദേവിയുണ്ടല്ലോ ,അവളോട്
അമ്മ പറഞ്ഞ് കൊള്ളും"

"അയ്യടാ.. അങ്ങനെ ഒളിച്ചും പാത്തും നടത്തേണ്ട കാര്യമൊന്നുമല്ലിത് ,ഇപ്പോൾ കല്യാണത്തെക്കാൾ ഗംഭീരമായി നടത്തുന്നത്, ഈയൊരു ചടങ്ങാണ്,
കഴിഞ്ഞയാഴ്ച എൻ്റെ അമ്മാവൻ്റെ ചെറുമകളുടെ കുളിക്ക് പോയത് ഓർമ്മയില്ലേ ?അന്ന് മുക്കാൽ പവൻ്റെ ഒരു ചെയിനാണ് നമ്മള് അവൾക്ക് കൊടുത്തത് ,അത് പോലെ നിങ്ങടെ കൂട്ടുകാരൻ്റെ മോൾക്ക് അരപ്പവൻ കൊണ്ടിട്ടത് ഇത്ര വേഗംമറന്നോ?നമുക്കൊരു ഡേറ്റ് ഫിക്സ് ചെയ്തിട്ട് എല്ലാവരോടും പറയാം, നമ്മളും കൊടുത്തിട്ടുണ്ടല്ലോ? വളയായിട്ടും, മാലയായിട്ടും, കമ്മലായിട്ടുമൊക്കെ, അതൊക്കെ തിരിച്ച് വാങ്ങണ്ടെ?

"ഓഹ് നിൻ്റെയൊരു കാര്യം ,
എടീ.. നീയിതിനെ ഒരു ബിസിനസ്സ് മൈൻഡിലൂടെയാണോ കാണുന്നത് ,ഇതൊക്കെ തൊണ്ണൂറ്റിയൊൻപത് ശതമാനം പെൺകുട്ടികളുടെയും ജീവിതത്തിലുണ്ടാകുന്ന ഒരു ശാരീരിക പ്രക്രിയയാണ് ,ആ സമയത്ത് അവർക്ക് വേണ്ടത് അമ്മയുടെ കെയറിങ്ങും കുറെ സ്വകാര്യതയുമാണ് ,അവരുടെ മനസ്സിലുണ്ടാകുന്ന ഉത്ക്കണ്ഠകളെ ഇല്ലാതാക്കാനാണ് മുതിർന്നവരുടെ സഹായം നമ്മൾ തേടുന്നത്, അതിനാണ് എൻ്റെയും നിൻ്റെയും അമ്മമാര് വേണമെന്ന് പറഞ്ഞത്, ആദ്യമായി ഇങ്ങനെയുണ്ടാകുമ്പോൾ അവർക്ക് മറ്റുള്ളവരെ അഭിമുഖീകരിക്കാനുള്ള ഒരു മടിയുണ്ടാകും ,അത് കൊണ്ട് തന്നെ, ഉൾവലിയാനാണ് അവർ കൂടുതലും ശ്രമിക്കുന്നത് ,ഇതവളുടെ സ്വകാര്യതയാണ് ,ബന്ധുക്കളെയും നാട്ടുകാരെയും വിളിച്ച് കൂട്ടി അവരുടെ മുന്നിൽ അവളെയൊരു പ്രദർശന വസ്തുവാക്കുമ്പോൾ ,നമ്മൾ ചെയ്യുന്നത് അവളുടെ സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റമാണ്, നീ ചെന്നിട്ട് അവളോട്, ഈ സമയത്ത് വേണ്ട കരുതലിനെക്കുറിച്ചും ,
ശുചിത്വത്തെക്കുറിച്ചുമൊക്കെ പറഞ്ഞ് കൊടുക്ക്, എന്നിട്ട് ഇത് സാധാരണമാണെന്നും, ഇതിൽ ആശങ്കപ്പെടേണ്ടതില്ലെന്നും പറഞ്ഞ്, അവളുടെ മനസ്സിലെ സമ്മർദ്ദം കുറയ്ക്കാൻ നോക്ക്"

"അത് കൊള്ളാം ,അപ്പോൾ നമ്മൾ മറ്റുള്ളവർക്ക് ഗിഫ്റ്റ് കൊടുത്തതൊക്കെ  തിരിച്ച് വാങ്ങേണ്ടന്നാണോ?

"അതിനിനിയും സമയമുണ്ടല്ലോ ?
അതൊക്കെ അവളുടെ കല്യാണത്തിന് നമുക്ക് വാങ്ങിക്കാം,
നീ മോൾക്ക് കുടിക്കാനെന്തെങ്കിലും കൊടുക്ക്,
അവളുടെ ആരോഗ്യം നന്നായി നോക്കേണ്ട സമയമാണിത്"

തൻ്റെ കണക്ക് കൂട്ടലുകളൊക്കെ അസ്ഥാനത്തായിപ്പോയ മനോവിഷമത്തിൽ സുനിത, നീട്ടിയൊന്ന് മൂളിയിട്ട് അടുക്കളയിലേക്ക് പോയി.

ആഴ്ച ഒന്ന് കഴിഞ്ഞ് പോയി.

"സുനിതേ.. മോളെ വിളിക്ക് ,എത്ര ദിവസമായി അവളെയൊന്ന് താലോലിച്ചിട്ട് ,കഴിഞ്ഞയാഴ്ച വരെ എന്നെ കെട്ടിപ്പിടിച്ച് കിടന്നുറങ്ങിയ കൊച്ചാണ് ,ഇപ്പോൾ ഒരാഴ്ചയായി 
മുത്തശ്ശീടെ കൂടെ തന്നെയാ കിടപ്പ്"

ധനഞ്ജയൻ പരിഭവത്തോടെ പറഞ്ഞു.

"ങ്ഹാ, ഇനി മുതൽ അവള് അവിടെത്തന്നെയാ കിടക്കുന്നത്,
പ്രായമായ പെൺകൊച്ച് പിന്നെ അച്ഛനെ കെട്ടിപ്പിടിക്കാൻ വരുമോ?

ആ തിരിച്ചറിവ്, തൻ്റെ മനസ്സിനെ ബോധ്യപ്പെടുത്താൻ, അയാൾക്ക് കുറച്ച് സമയം വേണ്ടിവന്നു.

മോള് ജനിച്ചപ്പോൾ മുതൽ കൂടുതൽ സമയവും തൻ്റെ കൂടെ തന്നെയായിരുന്നു ,താൻ വീട്ടിലുള്ളപ്പോൾ തന്നെ മുട്ടിയുരുമ്മി എപ്പോഴും അവൾ തന്നോടൊപ്പമുണ്ടാവും

ഭാര്യയുമായി ചിലപ്പോൾ വാക്ക് തർക്കമുണ്ടാകുമ്പോൾ, തൻ്റെ ഭാഗത്ത് ന്യായമില്ലെങ്കിൽ കൂടി, അവളെന്നും തൻ്റെ പക്ഷം ചേർന്നേ സംസാരിക്കാറുള്ളു, താൻ ഓഫീസിലേക്കിറങ്ങുമ്പോൾ നിർബന്ധമായും തന്നെക്കൊണ്ട് ഹെൽമെറ്റ് വെയ്പ്പിക്കുകയും, സൂക്ഷിച്ച് പോകണമെന്ന് ഒരു നൂറ് തവണ തന്നെ ഓർമ്മിപ്പിക്കുകയും ചെയ്യുമായിരുന്നു

വൈകിട്ട് തിരിച്ചെത്തുമ്പോൾ, വഴിക്കണ്ണുമായവൾ ഉമ്മറത്തെന്നുമുണ്ടാവും ,താനെത്ര മുഷിഞ്ഞിരുന്നാലും, തന്നെയവൾ കെട്ടിപ്പിടിച്ച് തെരുതെരെ ഉമ്മ വയ്ക്കുമായിരുന്നു

രാത്രി ഉറങ്ങാൻ കിടന്നാൽ പോലും, തന്നെയവൾ സ്വതന്ത്രനാക്കില്ലായിരുന്നു, തന്നെ കെട്ടിപ്പിടിച്ച് കിടന്നേ ഉറങ്ങുകയുള്ളു, ഒരിക്കൽ, തൻ്റെ ഭാര്യയ്ക്ക് പോലും അവളോട് കുശുമ്പ് തോന്നിത്തുടങ്ങിയിരുന്നു

"ഇതിപ്പോൾ ഞാനാണോ? അവളാണോ, നിങ്ങളുടെ ഭാര്യ"

ഒരു ദിവസം മോളെന്നോട് കാണിക്കുന്ന അമിത അവകാശം കണ്ട്, സഹിക്കാൻ പറ്റാതെ ഭാര്യ എന്നോട് ചോദിച്ചു.

ഓരോന്ന് ഓർത്ത് കിടന്നിട്ട് ഉറക്കം വരാതെ, ധനഞ്ജയൻ എഴുന്നേറ്റ് വരാന്തയിൽ ചെന്ന്, തൂണിൽ പിടിച്ച് കൊണ്ട് പുറത്തേയ്ക്ക് നോക്കി നിന്നു.

"അച്ഛാ ..."

പിന്നിൽ നിന്ന് വിളി കേട്ട് അയാൾ തിരിഞ്ഞ് നോക്കി.

"മോളിത് വരെ ഉറങ്ങിയില്ലേ ?

"ഇല്ലച്ഛാ .. ഉറക്കം വരുന്നില്ലാ ,അച്ഛനെന്താ ഉറങ്ങാത്തെ"

"അത് പിന്നെ ഞാൻ ..."

"എനിക്കറിയാമച്ഛാ ... ഞാനടുത്തില്ലാത്തത് കൊണ്ടല്ലേ?
എനിക്കുമച്ഛൻ്റെ കൂടെ കിടക്കണമെന്നുണ്ട്, പക്ഷേ മുത്തശ്ശി വിടില്ല ,പ്രായമായ പെൺകുട്ട്യോള് അച്ഛനോടൊപ്പം കിടക്കാൻ പാടില്ലത്രേ ,ശരിയാണോ അച്ഛാ... അങ്ങനെയാണെങ്കിൽ എനിക്ക് പ്രായമാകണ്ടായിരുന്നല്ലേ?

"അയ്യോ! അങ്ങനെയൊന്നും പറയരുത് മോളേ ... അത് ഒരു പ്രകൃതി നിയമമാണ് ,മോള് പഠിച്ചിട്ടില്ലേ? പെൺകുട്ടികളുടെ ജീവിതത്തിൽ പുരുഷൻമാർക്ക് പല പല റോളുകളാണെന്ന് ,ഒരു അച്ഛന് തൻ്റെ മകളുടെ ജീവിതത്തിൽ പൂർണ്ണ സ്വാതന്ത്ര്യത്തോടെ പെരുമാറാൻ കഴിയുന്നത്, അവൾ പ്രായപൂർത്തിയാകുന്നത് വരെ മാത്രമാണ് ,അത് കഴിഞ്ഞാൽ പിന്നെ അവളുടെ ജീവിതത്തിൽ ഭർത്താവിനാണ് സ്ഥാനം ,പിന്നീടവൾ താൻ നൊന്ത് പ്രസവിക്കുന്ന മകൻ്റെ ജീവിതവുമായി ഇഴുകിച്ചേരും, വാർദ്ധക്യത്തിൽ പല സത്രീകളും ആശ്രയിക്കേണ്ടി വരുന്നത്, തൻ്റെ ആൺമക്കളെയായിരിക്കും"

"വേണ്ടച്ഛാ .. അങ്ങനെയെങ്കിൽ എനിക്ക് കല്യാണം കഴിക്കണ്ടാ"

"ഹ ഹ ഹ ,മോളിപ്പോൾ ഇങ്ങനെ പറയുന്നത്, അച്ഛനോടുള്ള സ്നേഹ കൂടുതൽ കൊണ്ടാണ് ,എന്നും അച്ഛന് മോളെ സംരക്ഷിക്കാൻ കഴിയില്ലല്ലോ, അത് കൊണ്ട് സമയമാകുമ്പോൾ അച്ഛൻ, മോളെ സുരക്ഷിതമായൊരു കൈയ്യിലേല്പിക്കും ,അത് ഏതൊരച്ഛൻ്റെയും കടമയാണ്, മോളിപ്പോൾ അതിനെ കുറിച്ചൊന്നും ആലോചിക്കേണ്ട ,പോയി കിടന്നുറങ്ങിക്കോ ,രാവിലെ എഴുന്നേല്ക്കണം ,നാളെ മുതൽ നമുക്ക് ജോഗിങ്ങ് വീണ്ടും തുടങ്ങണ്ടേ?

ഇരു കൈകൾ കൊണ്ടും തോളിൽ പിടിച്ച്, അവളുടെ മൂർദ്ധാവിൽ ചുംബിച്ചപ്പോൾ, അയാളുടെ കണ്ണീർ തൻ്റെ നെറ്റിയിലൂടെ ഒലിച്ചിറങ്ങിയത്, വേദനയോടെ അവളറിഞ്ഞു. 
സജി തൈപ്പറമ്പ്.

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്