കഥ:കുഞ്ഞുമനസ്സ്

“മനുവേട്ടാ.... നാളെ   ഞാൻ ഏത് സാരിയാണ് ഉടുക്കേണ്ടത്‌ “

അലമാരയിൽ നിന്നും  സാരികൾ  ഓരോന്നായി എടുത്തു  കണ്ണാടിയുടെ  മുൻപിൽ  നിന്നും  തനിക്ക്‌  കൂടുതൽ  ചേരുന്നത്  ഏതാണന്നു  നോകുന്നതിനിടയിൽ  അഞ്ജന ചോദിച്ചു. 

പാതി  ഉറക്കത്തിലായ  മനു  ദേഷ്യത്തോടെ  പിറുപിറുത്തു  

“നിനക്കൊന്നു  കിടന്നുകൂടെ  
അഞ്ജു…..”നേരം  പാതിരാത്രിയായി “

“കിടക്കാനോ…..? കിടന്നാലും  എനിക്ക്  ഉറക്കം  വരില്ല …. മനുവേട്ടന്  ഒരു   വിചാരവുമില്ല  നാളെ  ഈ  ലോകം  മുഴുവൻ  നമ്മളിലേക്ക് …. .നമ്മളിലേക്ക് ….. മിഴിനട്ടിരിക്കുന്ന  ദിവസം “

ഉത്കണ്ഠയും  സന്തോഷവും  കാരണം  അഞ്ജനയ്ക്ക്  മുഴുമിപ്പിക്കാനായില്ല   

“കേൾക്കുന്നുണ്ടോ മനുവേട്ടാ …? വീണ്ടും ഉറങ്ങി  തുടങ്ങിയ  മനുവിനെ   കുലുക്കിവിളിച്ചുകൊണ്ട്  അവൾ  ചോദിച്ചു . 

“ഉണ്ട് …. ..ഉണ്ട് ……. നീ  പറഞ്ഞോ  ഇല്ലെങ്കിൽ  രാത്രി  ആണെന്നു  പോലും  നോക്കാതെ അവൾ  വീട്ടിൽ  ഭൂകമ്പം    സൃഷ്ടിക്കുമെന്ന്  മനുവിനറിയാം.
അവസാനം  പച്ച  സിൽക്ക്  സാരി  തിരഞ്ഞെടുത്തുകൊണ്ട്  അവൾ പറഞ്ഞു  …

“മനുവേട്ടാ …. ഈ  സാരി  എനിക്ക്  നന്നായിട്ട്   ചേരുമല്ലേ?"
 
" ഉം……കണ്ണുതുറക്കാതെ  മനു മൂളി .
സാരി  ഹാങ്ങറിൽ  ഇടുന്നതിനിടയിൽ  അവൾ   തുടർന്നു :

“മനുവേട്ടൻ  എന്നെങ്കിലും  ഓർത്തിട്ടുണ്ടോ  നമ്മുടെ  മകൻ  ഇതുപോലെ  ഈ  കൊച്ചുപ്രായത്തിൽ  ഇത്രയധികം  പ്രശസ്തനാകുമെന്ന് ”   

മനുവിന്റെ  മറുപടിക്കൊന്നും  കാത്തുനിൽക്കാതെ  അഞ്ജന  തുടർന്നു …. 

“ഹോ ….. ലതികേച്ചിയെ കൊണ്ട്  ഇങ്ങനെ   ഗുണമുണ്ടാകുമെന്നു  സ്വപ്നത്തിൽ  പോലും  വിചാരിച്ചില്ല.ങാ..     മനുവേട്ടൻ  ഉറങ്ങിയോ? “

കിടക്കുന്നതിനിടയിൽ  അവൾ  ചോദിച്ചു. 
എത്ര  ശ്രമിച്ചിട്ടും  അവൾക്കു  ഉറക്കം  വരുന്നില്ല . അവൾ  ഓരോന്നും  ചിന്തിച്ചു  കിടന്നു . എത്ര  പെട്ടന്നാണ്  ജീവിതത്തിൽ  മാറ്റങ്ങൾ  വന്നുചേർന്നതു …. 

പെട്ടന്നാണ്   മനസ്സിലേക്ക്  അമ്മയുടെ  മുഖം  തെളിഞ്ഞു  വന്നത് . കണ്ണുകളിൽ  നനവിന്റെ  തണുത്ത  സ്പർശം …. തന്റെ  ജീവിതത്തിലെ  ഏറ്റവും   സന്തോഷകരമായ നിമിഷം …. ..തന്റെ  മകനെ  ലോകം  ഒരു  കലാകാരനായി  അംഗീകരിക്കാൻ  പോകുന്ന  ആ  നിമിഷത്തിനു  സാക്ഷിയാകുവാൻ  അമ്മയില്ലാത്ത  ദുഃഖം   അഞ്ജനയെ  അസ്വസ്ഥയാക്കി…...
 
കർട്ടനിടാൻ  മറന്നുപോയ  ജനലിലൂടെ  അവളുടെ  കണ്ണുകൾ   ആകാശത്തിലൊരു  നക്ഷത്രത്തെ തിരയുന്നുണ്ടായിരുന്നു …. 
അഞ്ജന പതിയെ  കട്ടലിൽ  നിന്നും  എഴുന്നേറ്റു. 

സാധാരണ  സന്തോഷം  വന്നാലും  സങ്കടം  തോന്നിയാലും അമ്മക്ക്   എഴുതാറുണ്ട്  ഒരു  പേപ്പറിൽ. അത് അമ്മ  വായിക്കുന്നുണ്ടെന്ന  വിശ്വസം  അവൾക്കു  വലിയൊരു  ആശ്വാസം  ആണ് . 

എഴുതാൻ  പേപ്പറും  പേനയും  എടുക്കണമെങ്കിൽ  കണ്ണന്റെ  റൂമിൽ  പോകണം  
കണ്ണനെ  ഉണർത്താതെ  മെല്ലെ  വാതിൽ  തുറന്ന  അഞ്ജന  അതിശയിച്ചുപോയി 

“മോനെ നീ   ഇതുവരെയും  ഉറങ്ങിയില്ലേ?  എന്താ  കുട്ടീ ഇത് …. . നാളെ   രാവിലെ  നമുക്ക്‌  പോകേണ്ടതല്ലേ ? നന്നായിട്ട്  പെർഫോം  ചെയ്യണമെങ്കിൽ  നന്നായിട്ട്  റെസ്റ്റ്‌  എടുക്കണം . ക്ഷീണമുണ്ടങ്കിൽ..... "

“അമ്മേ  എനിക്ക്  ഉറങ്ങാൻ  പറ്റുന്നില്ല” 
അഞ്ജന  മുഴുമിപ്പിക്കുന്നതിനു  മുൻപ്‌  തന്നെ   തളർന്ന  സ്വരത്തിൽ   കണ്ണൻപറഞ്ഞു 

"സാരമില്ല  നീ  'എക്സ്സൈറ്റഡ്' ആയതുകൊണ്ടാണ് . അമ്മക്കും  ഉറങ്ങാൻ  കഴിയുന്നില്ല . എന്റെ കുട്ടൻ  നാമം   ജപിച്ചു  കിടന്നോളു  നാളത്തെ  കാര്യങ്ങൾ  എല്ലാം  നന്നായിത്തീരുവാൻ" . 
അവന്റെ  ചുരുളൻ  മുടിയിൽ  വിരലോടിച്ചു  വാത്സല്യത്തോടെ  അഞ്ജു  പറഞ്ഞു . 

“അമ്മേ … ദാ…. .കണ്ടോ? നമ്മുടെ  നെല്ലിമരത്തിന്റെ  ഉണങ്ങിയ  കൊമ്പിൽ ഒരു  കിളികുഞ്ഞിരിക്കുന്നത്  അവന്റെ  തൂവുകൾ  കണ്ടോ  അമ്മേ…..മഞ്ഞത്തു …….ദേ ……അമ്മേ  അവൻ ചിറകുകൾ  കുടയുന്നു … ഹോ ….  മഞ്ഞുതുള്ളികൾ ഈ നിലാവെട്ടത്തു ചിതറുന്നതു  കാണാൻ  എന്തു  ഭംഗിയാണ് . ഞാൻ  അത്  നോക്കിയിരിക്കുകയാണ് . “

ജന്നലിനുപുറത്തേക്കു  വിരൽ  ചൂണ്ടിക്കൊണ്ട്  അവൻ  പറഞ്ഞു 
“ഞാൻ ഒന്നു  വരച്ചോട്ടെ  ആ പടം “.

അതുകേട്ടു അഞ്ജനയ്ക്കു  വല്ലാതെ  ദേഷ്യം  വന്നു "കണ്ണാ …. ..നിനക്കെന്താ .....? കിടന്നുറങ്ങാൻ  നോക്ക്  നാളെ  ഡാൻസ്ഡാൻസിന്റെ  ഗ്രാന്റിഫിനാലെയാണെന്ന്   മറന്നോ ? നീ  നാളെ  ഒന്നാമതാകുമെന്നാണ്  എല്ലാവരും  വിശ്വസിക്കുന്നത് . 

ഈ അമ്മയുമച്ഛനും അങ്ങനെ  തന്നെയാണ്  കരുതുന്നത് . ഒരുചിത്രകാരൻ  വന്നിരിക്കുന്നു… . എപ്പോഴും   പടം  വരയ്ക്കാൻ  നീ  രവിവർമ്മ  ഒന്നുമല്ലലോ …പടം  വരച്ചിട്ടു  എന്തുകിട്ടാനാണ് …ങാ…. ….കിട്ടിയിട്ടുണ്ട്  ഒരുപാടു  ട്രോഫികൾ ….എന്തുകാര്യം..  വല്ലോപ്പോളുമെടുത്തു  പൊടി  തൂത്തു വെയ്ക്കാൻ കൊള്ളാം ."

കണ്ണനെ  പുതപ്പിക്കുന്നതിനിടയിൽ  അവൾ  സ്വരമൊന്നു  മയപ്പെടുത്തി  തുടർന്നു……” മറിച്ചു  നീ  നാളെ  ഒന്നാമനാകുകയാണെങ്കിൽ 50ലക്ഷം  രൂപയുടെ  ഒരു ഒഫ്‌ളാറ്റും  കാറും എന്റെ  ഈശ്വര.... ".
അവൾ കൈകൾ കൂപ്പി  കണ്ണുകൾ  കൂമ്പി അടഞ്ഞു .

"അമ്മേ  നാളെ  ആർട്ട്‌  കോമ്പറ്റിഷൻ  അല്ലെ…..ഞാൻ ഒന്നു  പോയികൊള്ളട്ടേ. .....?

അമ്മ  ശ്രദ്ധിക്കുന്നുണ്ടന്നു തോന്നിയപ്പോൾ അവൻ  കൂടുതൽ  ഉത്സാഹത്തോടെ  തുടർന്നു .

"ഒരുപാട്  ചിത്രകാരന്മാർ  പങ്കെടുക്കുന്നുണ്ട് …. അമ്മേ ….പ്ളീസ് ….ഇത്  എന്റെ   വലിയൊരു  ഡ്രീംമാണമ്മേ ….. പ്ലീസ് ….അഞ്ജനയുടെ കൈയിൽ   പിടിച്ചുകൊണ്ടവൻ  കെഞ്ചി ."

ഈ കുട്ടിക്ക് പറഞ്ഞാൽ മനസിലാവുന്നില്ലല്ലോ അവന്റെ    തലയിൽ  വാത്സല്യത്തോടെ തടവുമ്പോൾ  അവൾ   ഓർത്തു. ഇത്രയും  നാളും  എന്റെ   കുട്ടി  മറ്റു  കുട്ടികൾക്ക്   ഒരു  പരിഹാസപാത്രമായിരുന്നു.

എല്ലാ കാര്യങ്ങളിലും  പങ്കെടുത്തു  പരാജിതനാകുന്ന  ഒരു ….ചട്ടുകാലൻ……  എത്രയോ  പ്രാവിശ്യം  എന്റെ കുട്ടി  വിഷമത്തോടെ  പറഞ്ഞിട്ടുണ്ട്  .

"എന്നെ  കുട്ടികൾ  കളിയാക്കുന്നമ്മേ  ഞാൻ ഇനി  സ്കൂളിൽ  പോകുന്നില്ല ....."

ചങ്ക്  പിടഞ്ഞിട്ടുണ്ട് …….ഇപ്പോൾ  ആ അവസ്ഥക്ക്  മാറ്റം  വന്നിരിക്കുന്നു ….ഇപ്പോൾ  എല്ലാർക്കും  അവനോട്  ബഹുമാനം  ആണ്. തന്റെകണ്ണിൽപൊടിഞ്ഞ  കണ്ണുനീർ  പുറത്തേക്കു  ഒഴുകാതെ  പീലികൊണ്ട്  തടുത്തുകൊണ്ട്  അവൾ  പറഞ്ഞു :

"മോനിപ്പോൾ ഉറങ്ങ് ……ഈ  ഭാഗ്യമെല്ലാം ഈശ്വരൻ  തരുന്നതാണ് .നമ്മൾ  വേണ്ടെന്നു  പറയരുത് .ഇനി  ഇതുപോലെ  ഒരു  അവസരം  കിട്ടുമോ ?"

കണ്ണനെ  കിടത്തി  അവന്റെ  നെറുകയിൽ  ഉമ്മവച്ചിട്ട്  അവൾ  പേപ്പറും  പേനക്കുമായി  അവന്റെ  സ്‌റ്റഡി ടേബിളിന്റെ  അരുകിലെത്തി.  അഞ്ജന  ഒരു  നിമിഷം  അതിനരുകിൽ  ഇരിക്കുന്ന  അലമാരയിൽ  ഒന്നു  കണ്ണോടിച്ചു.   

ഈ ഏഴ്   വയസിനിടയിൽ  ചിത്രരചനയിൽ  എത്ര  ട്രോഫിയും  സെര്ടിഫിക്കറ്റുകളുമാണ്  എന്റെ  കണ്ണൻ  മേടിച്ചിരിക്കുന്നത് .തന്റെ  മകൻ  വലിയൊരു  ചിത്രകാരനാണെന്നു  അവൾ  അഭിമാനത്തോടെ  ഓർത്തു . 

എങ്കിലും   ഈ  റിയാലിറ്റി  ഷോയിലൂടെ  അവന്  ലഭിക്കുവാൻ  പോകുന്ന  അംഗീകാരങ്ങൾ….. പ്രശസ്തി  അതിന്  മുൻപിൽ  ഇതൊന്നുമല്ലന്ന്  അവൾക്കു  തോന്നി .

പേപ്പറുമായി അവൾ തിരികെ  മുറിയിലെത്തി  അഞ്ജന  അമ്മക്ക്  എഴുതി  തുടങ്ങി ....

എന്റെ  അമ്മക്ക് ,
ക്ഷമിക്കണം  കുറച്ചു  നാളായി  അമ്മക്ക്  ഒന്നും  എഴുതാൻ  സാധിച്ചില്ല , സമയം  കിട്ടാഞ്ഞിട്ടാണ്  ഒരുപാട്  തിരക്കായിരുന്നു  മറന്നിട്ടല്ല .

അമ്മക്കറിയില്ലേ  വല്യപാടത്തെ ലതികേച്ചിയെ …?നല്ല  വെളുത്തിട്ട് …. …വണ്ണമുള്ള …..ശ്രീധരൻ  മാഷിന്റെ  മൂത്ത  മകൾ ….വിജയൻ  ചേട്ടന്റെ  ഭാര്യ ….ലതികേച്ചി അവരുടെ ഇളയ  മകൾ  മിത്രയും  നമ്മുടെ  കണ്ണനും  ഒരുമിച്ചാണ്  പഠിക്കുന്നത് .

അന്ന്  കലോത്സവത്തിന്,ഓഫീസിൽ  കുറച്ചു   തിരക്കായിരുന്നു തു  കൊണ്ട്    ഞാൻ  ലതേച്ചിയുടെ കൂടെയാണ് പോയത്. അവിടെ  നിന്നാണ്  എല്ലാറ്റിനും  തുടക്കം  അന്ന്  കണ്ണന്റെയും   കൂട്ടരുടെയുംഒരു  ഡാൻസ്  പ്രോഗ്രാം  ഉണ്ടായിരുന്ന . 

സത്യം  പറയാമല്ലോ  അമ്മേ ….ഞാൻ  അന്നുവരേയും  അവന്റെ  ഡാൻസ്  പ്രോഗ്രാം  കണ്ടിട്ടില്ല .പ്രാക്ടീസ്  ഒക്കെ  സ്കൂളിൽ  നടക്കുന്നുണ്ടന്ന്  പറഞ്ഞത്  ഓർമയുണ്ട് . എന്തായാലും അമ്മുമ്മയുടെ  പേരക്കുട്ടിയുടെ  ഡാൻസ്  അടിപൊളി  ആയിരുന്നു . 

ഫോട്ടോയിൽ   അമ്മയുടെ  കണ്ണുകളിൽ  ഒരു  തിളക്കം  മിന്നി  മറയുന്നതുപോലെ  അഞ്ജനക്ക് തോന്നി .അമ്മക്കറിയാമല്ലോ  ശേഷികുറവുള്ള  കാലുകൊണ്ട് എത്രമാത്രം  പ്രാക്ടീസ്  ചെയ്തിട്ടുണ്ടാവും  കുട്ടി ….പാവം. 

അവൻ ഡാൻസ് കളിക്കുമ്പോൾ ഞാൻ    കരയുകയായിരുന്നമേ .അവന്  ഒന്നും  പറ്റരുതേ  എന്നായിരുന്നു  എന്റെ  പ്രാർത്ഥന  മുഴുവനും .അമ്മക്കറിയാമല്ലോ  കാലിന്റെ   ഓപ്പറേഷൻ കഴിഞ്ഞിട്ടും  ഒരു മാറ്റവുമില്ല  കൂടുതൽ  വഷളായതുമാത്രം . 

പിന്നെ  പരിപാടി  കഴിഞ്ഞു  എല്ലാവരും അവനെകുറിച്ചാണ്  സംസാരിച്ചത്.ലതേച്ചി  തിരിച്ചു  വീട്ടിൽ  എത്തുന്നതുവരെ  അത്  തന്നെയാണ്  സംസാരിച്ചത് . 

ലതേച്ചിതന്നെയാണ്  ടി .വി.യിലെ  റിയാലിറ്റി ഷോയെ കുറിച്ച്  പറഞ്ഞത് .ഫ്രണ്ട്‌സ് ഒക്കെ  കുറെ  നിർബന്ധിച്ചപ്പോൾ  ഞാൻ  മനുവേട്ടനോട്  സൂചിപ്പിച്ചു . ആദ്യം  സമ്മതിച്ചില്ല .പാടില്ലാത്ത   കുട്ടിയാണെന്നും  ഒക്കെ  പറഞ്ഞു .

പക്ഷെ  കണ്ണന്റെ  സന്തോഷം കണ്ട്  മനുവേട്ടൻ  അവസാനം സമ്മതിച്ചു. ആദ്യമൊക്കെ കണ്ണനു ഭയങ്കര ഇന്റെരെസ്റ്റ്‌ ആയിരുന്നു. യാത്രകളും പുതിയ കൂട്ടുകാരും..... അങ്ങനെ പക്ഷെ മത്സരം കടുത്തുതുടങ്ങിയപ്പോൾ നിർബന്ധപൂർവമുള്ള പ്രാക്റ്റീസും ഒക്കെ ആയപ്പോൾ അവൻ മടുത്തു. 

പിന്നെ എന്റെ ഒരാളുടെ നിർബന്ധം കൊണ്ടുമാത്രമാണ് അവൻ പോകുന്നത്. ഇപ്പോൾ സ്കൂളിൽ എല്ലാർക്കും അവനോട് ബഹുമാനമാണ്  ചട്ടുകാലൻ എന്ന കളിയാക്കൽ മാറുകയും ചെയ്തു. 

പഠനത്തിലും പുറകിൽ.... കാലും വയ്യ  ഒന്നിനും കൊള്ളില്ലാത്തവൻ എന്ന് ദേഷ്യം വരുമ്പോൾ ഞാൻ എത്ര പ്രാവശ്യം വിളിച്ചിട്ടുണ്ടന്നോ.. പാവം.... ആരും കാണാതിരുന്നു കരയും.... അവളുടെ അടർന്നു വീണ കണ്ണുനീരിനെ മഷി, നീലവർണത്തിൽ ചാലിച്ചു . അമ്മേ... ഉറക്കം വന്നു തുടങ്ങി നേരത്തെ പോകണം. ബാക്കി പിന്നെ... 

എഴുത്ത് മടക്കി അമ്മയുടെ ഫോട്ടോയുടെ അടുത്തുവെച്ചിട്ടു അവൾ പോയി കിടന്നു .
അലാറം അടയ്ക്കുന്നതിന് മുൻപു തന്നെ അവൾ റെഡി ആയി. 

"മനുവേട്ടാ.... എഴുനേൽക്കു സമയമായി...." മനുവിനെ കുലുക്കി എഴുനെല്പിച്ചുകൊണ്ടു അവൾ കണ്ണന്റെ മുറിയിലേക്കോടി. 

ഒരു നിമിഷം അവൾ തന്റെ മകനെ നോക്കിനിന്നു.... പാവം കുട്ടി ഒരുപാട് ക്ഷീണിച്ചപോലെ അതോ തനിക്ക്‌ തോന്നുന്നതാണോ ? ഈ തിരക്കിൽ താനൊന്നും അറിഞ്ഞില്ലേ?.

അപ്പോളാണ് അവന്റെ നെഞ്ചോട്‌ ചേർത്തുവച്ചിരിക്കുന്ന ആ പേപ്പർ അവൾ കണ്ടത്  മെല്ലെ അവൾ അത് എടുത്തു നോക്കി. വിസ്മയം തീർത്ത കണ്ണുകൾ കൊണ്ട് അവളതു കുറച്ചു നേരം നോക്കി നിന്നു.... ഹോ.... എന്തൊരു ഭംഗി.... ഇന്നലെ മഞ്ഞതിരുന്ന കിളിക്കുഞ്ഞു..... ജീവൻതുടിക്കുന്നപോലെ. .....

ആ പേപ്പർ പുറകിലൊളിപ്പിച്ചുകൊണ്ട് അവൾ കണ്ണനെ  വിളിച്ചുണർത്തി പറഞ്ഞു :

"മോനെ വേഗം റെഡിയാക്..... "

അവരു റെഡി ആകുന്നതിനു മുൻപ് തന്നെ വാസുവേട്ടൻ എത്തിയിരുന്നു .

വാസുവേട്ടൻ പഴയ സിനിമ പാട്ടു കേട്ടു ആസ്വദിച്ചു തന്നെയാണ്  കാറോടിക്കുന്നത്.  മനുവേട്ടൻ പതിവുപോലെ  ഉറക്കംപിടിച്ചു. അഞ്ജന ഓർത്തു തങ്ങളുടെ വിവാഹജീവിതത്തിൽ എപ്പോളും അഡ്ജസ്റ്റ് ചെയ്യുന്നത് മനുവേട്ടനല്ലേ? കിട്ടുന്ന തരക്കേടില്ലാത്ത സമ്പാദ്യത്തിൽ  തൃപ്തിയുള്ള  ഒരു  പാവം.  ഇപ്പോളും താൻ പഴയ ആ പിടിവാശികാരി തന്നെയാണോ? 

ഇടക്കിടക്കു, തന്നെ ചാരിയിരുന്നു  ഉറങ്ങുന്ന മകനെ തടവിക്കൊണ്ട് അടുത്തുകൂടി ഓടിമറയുന്ന  മനുഷ്യരെയും മരങ്ങളെയും വണ്ടികളെയും  നോക്കി ഓരോന്നും ആലോചിച്ചു അവളിരുന്നു. 
  
"മനുവേട്ടാ…..കണ്ണാ…. വാ…. നമുക്കിറങ്ങാം….."മനുവിനെ തട്ടി ഉണർത്തി കൊണ്ടു അവൾ പറഞ്ഞു .

"ഇത്ര പെട്ടന്ന് എത്തിയോ ....?"
മനു  കണ്ണുകൾ  വലിച്ചുതുറന്നുകൊണ്ടു  ചോദിച്ചു .

  "ടൗൺഹാൾ  അല്ലെ ഇത്..... ?"
തെല്ലമ്പരപ്പോടെ  മനു വീണ്ടും ചോദിച്ചു. 

"അതേ ….ഇവിടെ  നിർത്തിയാൽ  മതിയെന്ന് അഞ്ജുമോൾ  പറഞ്ഞു "കാർ 
ഓഫാകുന്നതിനിടയിൽ  വാസുവേട്ടൻ  പറഞ്ഞു .

കാറിൽ  നിന്നും  പുറത്തിറങ്ങിയ  കണ്ണനെ  തന്നോട്  ചേർത്തുപിടിച്ചു  നെറുകയിൽ  മുത്തമിട്ട്  അവൾ  പറഞ്ഞു 
 
"എന്റെ  കണ്ണാ ….ഈ ലോകത്തിൽ  അമ്മക്ക്  ഏറ്റവും  വലുത്  നീ നീമാത്രമാണ് ….നിന്റെ  സന്തോഷം  50ലക്ഷത്തിനും  50കോടിക്കും  മുകളിലാണമ്മക്ക് …. "

ഹാൻഡ്  ബാഗ് തുറന്ന്   ചായക്കൂട്ടും  ബ്രഷ്  മോന്റെ  കൈയിൽ  കൊടുത്തുകൊണ്ട്  ,അദ്‌ഭുതത്തോടെ  തന്നെ  നോക്കി നിൽക്കുന്ന  മോനെ  നോക്കി  അവൾ  തുടർന്നു 

"മോനെ …..നീ  വലിയൊരു   ചിത്രകാരനാവാനുള്ളവനാണ്   നിന്റെ  വളർച്ചക്ക്  അമ്മയുടെ  ദുരാഗ്രഹം  ഒരിക്കലും  ഒരു  തടസ്സമാവില്ല ”

അവന്റെ  ശിരസ്സിൽ  കൈകൾ  വച്ച്  നിറമനസോടെ  അവൾ   പറഞ്ഞു 

"എന്റെ   കുട്ടൻ  ഒന്നാമനായി  വരണം .”

അവളുടെ   കണ്ണിൽ  വിരിഞ്ഞ  സന്തോഷാശ്രുക്കൾ തുടച്ചു  അമ്മയെ   കെട്ടിപിടിച്ചൊരുമ്മ  കൊടുത്തുകൊണ്ട് മനുവേട്ടനോടും  അനുഗ്രഹം വാങ്ങി  ഉറക്കെ  വിളിച്ചു പറഞ്ഞുകൊണ്ട്  അവൻ  ഓടി …"My Mother is the greatest mother in the world…."

തന്റെ  നനവ്  പടർന്ന  കണ്ണുകൾ    അഞ്ജന കാണാതെ,  
ഒരു  പുഞ്ചിരിയോടെ  അവളെ   തന്റെ നെഞ്ചോട്   ചേർത്തുനിർത്തി മകൻ  തുള്ളിച്ചാടി  പോകുന്നതും  നോക്കി  മനു നിന്നു….
 നിവിയ റോയ്

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്