തിരുത്ത പെട്ടവൻ

പീഡനക്കേസിൽ നിന്നും മോചിതനായി വീട്ടിലെത്തിയതിന്റെ പിറ്റേന്നാണ് ചേച്ചിയുടെ വീട്ടിലേക്ക് പോയത്. ജയിലിലോ വീട്ടിലെത്തിയിട്ടോ കാണാൻ വന്നില്ല, എന്റെ ഇഷ്ടങ്ങളെല്ലാം അറിഞ്ഞിരുന്ന ചേച്ചി. അമ്മയേക്കാൾ ഞാൻ സ്നേഹിച്ച  ചേച്ചി - എന്നേക്കാൾ പന്ത്രണ്ടു വയസിനു മൂത്ത ചേച്ചി.

പടി കയറി ചെല്ലുമ്പോൾ ചേച്ചിയുടെ മകൾ, ഞങ്ങളുടെ പ്രിയപ്പെട്ട ലച്ചു ഓടി വന്നു കെട്ടിപിടിച്ചു. അവൾക്കിഷ്ടപ്പെട്ട ചോക്ലേറ്റ് വാങ്ങി അകത്തേക്ക് പോയി. "നിനക്ക് പഠിക്കാൻ ഒന്നുമില്ലെടീ" എന്നു ചോദിച്ചുകൊണ്ട് ചേച്ചി പുറത്തേക്ക് വന്നു. വാത്സല്യത്തോടെ മാത്രം നോക്കിയിരുന്ന മിഴികളിൽ എന്നോടുള്ള ദേഷ്യം മാത്രം.

"ചേച്ചി ഞാൻ വന്നുവെന്നറിഞ്ഞില്ലേ"?

"അമ്മ വിളിച്ചിരുന്നു ഞാൻ ഡേറ്റ് ഒന്നും ഓർത്തു വെച്ചില്ല".

"വൈകിട്ട് ജയേട്ടൻ വന്നിരുന്നുവല്ലോ എന്നിട്ടും ചേച്ചി..."

"പീഡനവീരന്മാരെ കാണാൻ നടക്കാൻ എനിക്ക് സമയമില്ല".

"ചേച്ചീ .........."

"അലറണ്ട. എനിക്ക് ചെവി കേൾക്കാം. പൊള്ളുന്നുണ്ടല്ലേ എന്റെ മോന്, ഇതിനൊക്കെയാണോടാ ഞാൻ നിന്നെ വളർത്തിയതും പഠിപ്പിച്ചതും. അമ്മ മാനക്കേട് ഓർത്തു ഒന്നും പറയില്ല. ഇതിൽ നിന്നും ഊരാൻ വേണ്ടി എത്ര ചിലവാക്കിയെന്ന് എനിക്ക് അറിയാം. ജയേട്ടനും കുറെ ഓടി നടന്നതാണല്ലോ. അന്ന് തൊട്ട് എനിക്ക് അദ്ദേഹത്തോട് പോലും വെറുപ്പായി. തനിക്കും ഒരു മോളുണ്ടെന്ന് നോക്കാതെ... ഛെ "

"ഞാൻ ഒരു തെറ്റും ചെയ്തട്ടില്ല."

"മിണ്ടരുത്. അമ്മ വിശ്വസിച്ചേക്കാം നിന്റെ നുണകൾ ഒക്കെ. പക്ഷെ നീ ലഹരിയിൽ അഭയം പ്രാപിച്ചതും നിന്റെ ചീത്ത കൂട്ടുകെട്ടുകളും അറിഞ്ഞ എന്നോട് നിനക്കു പറ്റില്ല."

"ഞാൻ ഇറങ്ങുന്നു."

ഇറങ്ങാൻ നേരം ലച്ചു "പോകുവാണോ മാമാ. വാ ചായ കുടിക്കാം" എന്നു പറഞ്ഞു കൈയിൽ പിടിച്ചു.

"ഇപ്പൊ വേണ്ട മാമൻ പിന്നെ വരാട്ടോ" അവളെ ചേർത്ത് പിടിച്ചു ഉമ്മ കൊടുക്കാൻ തുടങ്ങിയപ്പോൾ ഇടിമുഴക്കം പോലെയൊരു ശബ്ദം.

"തൊട്ടു പോകരുത് നീ എന്റെ മോളെ, ചിലപ്പോൾ നീ എന്റെ മോളെയും."

ഒരു നിമിഷം പകച്ചു പോയി. ലച്ചുവും നീയും എനിക്ക് ഒരു പോലെയാണെന്ന് പറഞ്ഞ ചേച്ചിയുടെ അടുത്ത് നിന്ന്‌ ഇത് കേട്ടപ്പോൾ. ചെയ്തു പോയ തെറ്റ് എത്ര വലുതാണെന്ന് മനസിലാക്കിയ നിമിഷം.

വീട്ടിൽ വന്നതും കയറിക്കിടന്നു. ആദ്യമായി ചെയ്ത തെറ്റിൽ മനം ഒത്തിരി നൊന്തു. ഉമിത്തീയിലെന്ന വണ്ണം ഉരുകി. കുറെ കഴിഞ്ഞു അമ്മ വന്നു

" എന്താ പറ്റിയെ നിനക്ക് ?"

"ഒരു ആലോചനയിലായിരുന്നു."

"എന്ത് ആലോചനയാ?"

"ആ കുട്ടിയെ കെട്ടിയാലോയെന്ന് "

"ഏതു കുട്ടിയെ ?"

"സ്‌മൃതിയെ, ഞാൻ നശിപ്പിച്ചവളെ "

"മോനെ .........."

"വേണം അമ്മേ, ഇല്ലേൽ ഈ വേദനയിൽ ചത്തുപോകും ഞാൻ."

"കുടുംബക്കാരൊക്കെ എതിർക്കും. "

"ആരു വേണേലും എതിർത്തോട്ടെ. പക്ഷെ ഞാൻ ഇതു  നിശ്ചയിച്ചു കഴിഞ്ഞു."

"എന്റെ മോന്റെ ഇഷ്ടം അതാണെങ്കിൽ അങ്ങനെതന്നെ നടക്കട്ടെ."

ഇനി മകൾക്ക് ഒരു നല്ല ബന്ധം കിട്ടില്ലെന്ന് തോന്നിയതിനാലോ, ചീത്തപേരു ഒഴിവാക്കാനോ എന്തോ അവളുടെ വീട്ടുകാർ എതിർപ്പൊന്നും കാണിച്ചില്ല. സാധാരണ ചടങ്ങോടെ വിവാഹവും നടന്നു. അതിലേറെ സന്തോഷിച്ചത് എന്റെ ചേച്ചി ആയിരുന്നു. വിവാഹം കഴിഞ്ഞു ഒരാഴ്ചക്ക് ശേഷം ചേച്ചി വീട്ടിൽ വന്നു.

"ചേച്ചിയോട് ദേഷ്യമുണ്ടോ നിനക്ക്."

"ഞാനല്ലല്ലോ ചേച്ചി അല്ലെ എന്നെ വെറുത്തത് ."

"ചേച്ചി വെറുത്തത് നിന്നെയല്ല, നിന്റെ തെറ്റിനെയാണ്."

"അറിയാം. അതോണ്ടല്ലേ ആ തെറ്റ് എനിക്ക് സാധിക്കും പോലെ തിരുത്തിയത്."

"ചേച്ചിക്ക് വേണ്ടി ആവരുത്. നീ അവളെ സ്നേഹിക്കണം."

"അവളുടെ നേരെ നോക്കാനുള്ള  ധൈര്യം എനിക്ക് ഇല്ല."

"നീ അവളെ സ്നേഹിക്കണം. അവളും ശ്രമിക്കുന്നുണ്ടാവും നിന്നെ സ്നേഹിക്കാനും. അവളൊരു നല്ല കുട്ടിയാ. കാലം മായ്ക്കാത്ത മുറുവുകളില്ല."

"ഹ്മ്മ്. ഞാൻ അതിനായി കാത്തിരിക്കും ചേച്ചി."

തെറ്റു  തിരുത്തി ജീവിക്കാൻ തുടങ്ങിയ അവനു കാലവും അവളും മാപ്പു നൽകട്ടെ.

--
Aparna Vijayan

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്