Kissakal

ഇന്ന് ആദിയുടെ അഞ്ചാം പിറന്നാൾ ആയിരുന്നു. ലീവ് കിട്ടാതിരുന്നത്കൊണ്ടാണ് ഇന്നവന്റെ പരിഭവത്തെ അവഗണിച്ചും അഭിയേട്ടൻ ഓഫീസിൽ പോയത്.. 

   ഉച്ചയ്ക്ക് പായസം ഉണ്ടാക്കിക്കൊണ്ടിരുന്നപ്പോഴാണ് എന്റെ കണ്ണുകളിൽ ഇരുട്ട് കയറുന്നത് പോലെ തോന്നിയത്,.  കണ്ണ് തുറക്കുമ്പോൾ ചുറ്റുമുണ്ടായിരുന്നവരുടെ മുഖത്ത് സന്തോഷചിരികൾ !! . 

    "അനു,  നീയൊരു അമ്മയായിരിക്കുന്നു! ", സന്തോഷം കൊണ്ടെന്റെ കണ്ണ് നിറഞ്ഞു,  എന്റെ ഉദരത്തിൽ ഒരു ജീവൻ ഉയിരെടുത്തിരിക്കുന്നു,.  താൻ ഒരമ്മയായിരിക്കുന്നു,.

   വൈകിട്ട് അഭിയേട്ടൻ ഓഫീസിൽ നിന്നെത്തുമ്പോൾ,  ആ കൈ തന്റെ ഉടലോട് ചേർത്ത് കാതുകളിൽ തനിക്ക് മൊഴിയണം,. "അഭിയേട്ടൻ വീണ്ടുമൊരു അച്ഛനായിരിക്കുന്നുവെന്ന്! ",

     സന്തോഷത്താൽ ആ മിഴികൾ നിറയും,  തന്റെ മുഖം കൈകളിൽ കോരിയെടുത്ത്,  നെറുകയിൽ ചുംബിച്ചു കൊണ്ട്  അഭിയേട്ടൻ പറയും,  ഈ ലോകത്തിലെ ഏറ്റവും ഭാഗ്യവാനായ ഭർത്താവ് ഞാനാണെന്ന് !! ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും ധന്യമായ നിമിഷമാണത് !!

     *****----******

  "ആദി,  മോനെന്താ അവിടെത്തന്നെ നിൽക്കണത്,  കേറി വാ !"

അവൻ വാതിൽക്കൽ തന്നെ നിൽക്കുകയാണ്,  അവന്റെ മുഖത്ത് സന്തോഷമില്ല,.

"അമ്മാ,  ഞാൻ കളിക്കാൻ പോവാ !" എന്റെ മറുപടിക്ക് കാക്കാതെ അവൻ മുറ്റത്തേക്കോടി,. 

   അവന് കൂടെ കളിക്കാൻ,  ഒരു കുഞ്ഞനുജത്തി തന്റെ ഉദരത്തിൽ ജന്മമെടുത്തപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് അവനാകുമെന്നാണ് ഞാൻ കരുതിയത്,  എന്നാൽ അവന്റെ മുഖത്തെ ഉദാസീനത,  എന്റെ ഉള്ളിൽ അസാധാരണമായ ഒരു ഭയം ജനിപ്പിച്ചു,.

     വൈകുന്നേരം അഭിയേട്ടനും എനിക്ക് നിരാശയാണ് സമ്മാനിച്ചത്,.  "ഉം,  എന്നെ അമ്മു വിളിച്ചു പറഞ്ഞിരുന്നു !"

   അമ്മു, അവളെല്ലാം നശിപ്പിച്ചു,  അഭിയേട്ടനോട് പറയരുതെന്ന് ഞാനവളോട് പറഞ്ഞിരുന്നതാണ്,.
  
  അമ്മായി എടുത്തുകൊടുത്ത ലഡു എന്റെ വായിൽ വെച്ച് തരുമ്പോൾ അഭിയേട്ടന്റെ മിഴികൾ നിറഞ്ഞിരുന്നു,  പക്ഷേ,  അത് ഞാനാഗ്രഹിച്ചത് പോലെ ആനന്ദ കണ്ണുനീർ ആയിരുന്നില്ല,.

                  ***-----******

  "അഭിയേട്ടാ,  വാ അത്താഴം കഴിക്കാം,. " മുറിയിലേക്ക് ചെന്നപ്പോൾ അഭിയേട്ടൻ തളർന്നുറങ്ങുന്ന ആദിയെ ചേർത്തുപിടിച്ചു കിടക്കുകയായിരുന്നു,.

     "ആഹാ മാഷ് ഇന്നും,  അത്താഴം കഴിക്കാതെ കിടന്നോ,  വാ എണീക്ക്,  അമ്മ വാരിത്തരാം !"

   അവൻ തിരിഞ്ഞുകിടന്നു,.  "വേണ്ടമ്മാ,  നിക്ക് വിശക്കണില്ല  !" അവൻ ഉറക്കപ്പിച്ചിൽ പറഞ്ഞു,. 

   "അതൊന്നും പറഞ്ഞാൽ പറ്റില്ല,  എണീക്ക് !"

  "വേണ്ട അനു,  അവനെ നിർബന്ധിക്കണ്ട,  ഉറങ്ങിക്കോട്ടെ !"
     അഭിയേട്ടന്റെ നിറം മങ്ങിയ  ആ മുഖത്തു നിന്നും ഞാനവനെ വേണ്ട വിധം ശ്രദ്ധിച്ചില്ല എന്ന പരിഭവമാണ് എനിക്ക് വായിച്ചെടുക്കാൻ കഴിഞ്ഞത്,. 

     "ഇപ്പോ,  ഇതൊന്നും വേണ്ടായിരുന്നു എന്ന് തോന്നുന്നുണ്ടോ അഭിയേട്ടന് ?"

    അഭിയേട്ടൻ മറുപടിയൊന്നും പറഞ്ഞില്ല,  പകരം അവനെ ചേർത്തുപിടിച്ചു കിടന്നു,.
   
     തനിക്കൊരു കുഞ്ഞു പിറന്നാൽ,  താനവനെ അവഗണിക്കുമോ എന്ന ഭയം അഭിയേട്ടനിലുമുണ്ടോ ?? മനസ്സിൽ അങ്ങെനെയുള്ള  ഒരുപാട് ചോദ്യങ്ങൾ ജന്മമെടുത്തു !

          ********------*******

     അമ്മയെ കാണാതെ അലറിക്കരയുന്ന  കുഞ്ഞിനെ താൻ കയ്യിലേറ്റുവാങ്ങുമ്പോൾ ആ കുഞ്ഞിനന്ന് എട്ട് മാസം പ്രായം,.

    വാവിട്ട് കരയുന്ന അവനെ ഒരു കൈകൊണ്ട് നെഞ്ചോട് ചേർത്ത് പിടിച്ചു മറുകൈ കൊണ്ട്,  അമൃതയുടെ ചിതയ്ക്ക് തീ കൊളുത്തുന്ന അഭിയേട്ടന്റെ മുഖം എന്റെ ഓർമ്മകളിൽ ഇപ്പോഴും ഉണ്ട്,.

     അന്ന് ഒരു ബൈക്ക് ആക്‌സിഡന്റിൽ ആണ് അമൃത ലോകത്തോട് വിടപറഞ്ഞത്,  അഭിയേട്ടനും അമൃതയും ക്ഷേത്രത്തിൽ പോകുംവഴിയാണ്,  ഒരു കാർ റോങ്ങ് സൈഡ് കയറിവന്നത്,.  ബാലൻസ് തെറ്റിയ ബൈക്ക് ഒരു പോസ്റ്റിൽ ഇടിച്ചു, തെറിച്ചുവീണ അമൃത മൂന്ന് ദിവസം ഐ. സി. യു വിൽ കിടന്നു,. പിന്നെ മരണത്തിന് കീഴടങ്ങി !!

  ഹെൽമെറ്റ് വെച്ചിരുന്നത്കൊണ്ടാണ് കാര്യമായ പരിക്കേൽക്കാതെ അഭിയേട്ടൻ രക്ഷപെട്ടത്!!

മരണാനന്തര കർമങ്ങൾക്കെത്തിയ നാട്ടുകാരും ബന്ധുക്കളും ചടങ്ങുകൾക്ക് ശേഷം ഒന്നൊന്നായി വീടൊഴിഞ്ഞു !! അപ്പോഴും അമ്മയുടെ മുലപ്പാലിന് വേണ്ടിയുള്ള ആദിയുടെ കരച്ചിൽ ആ വലിയ വീടിന്റെ ഭിത്തികളിൽ തട്ടി പ്രതിധ്വനിച്ചുകൊണ്ടിരുന്നു,. 

  ആർക്കും അവന്റെ കരച്ചിലടക്കാനായില്ല,  അപ്പോഴാണ് ഒരു പരീക്ഷണശ്രമമെന്ന പോലെ ഞാനവനെ കയ്യിലെടുത്തത്,.  അമ്മായി എടുത്ത് തന്ന പാല് നിപ്പിൾ ഉപയോഗിച്ച് പതിയെ ഞാനവന്റെ വായിലിറ്റിച്ചു  കൊടുത്തപ്പോൾ അവനത് ആർത്തിയോടെ കുടിച്ചിറക്കി,. 

    പതിയെ, പതിയെ എന്റെ നെഞ്ചിന്റെ ചൂടുപറ്റി അവൻ ഉറങ്ങുമ്പോൾ,  ഞാൻ പോലുമറിയാതെ അവനുമായി ഒരു ആത്മബന്ധം എന്നിൽ വളരുകയായിരുന്നു,.  അവന് ഒരമ്മയായി മാറുകയായിരുന്നു  ആ നിമിഷത്തിൽ ഞാൻ ,.

                    *****---*****

   "ദേവേട്ടാ,  മോളെ ഇനി വലിയേടത്തേക്ക് അധികം വിടണ്ടാട്ടോ,.  ആളുകള് പലതും പറയന്നുണ്ട് ! കല്യാണപ്രായം ആയ കുട്ടിയാണ് !"
 
   അച്ഛന്റെയും അമ്മയുടെയും എതിർപ്പിനെ അവഗണിച്ചും ഞാൻ അവനെക്കാണാൻ പോയിരുന്നു,. 

    പക്ഷേ,  അച്ഛന്റെ ഭയത്തെ ശരിവെച്ചുകൊണ്ട് തന്നെ എനിക്ക് വന്ന വിവാഹാലോചനകൾ ഒന്നൊന്നായി മുടങ്ങി,.  എന്നെ തടുക്കാൻ പറ്റില്ലെന്ന് തോന്നിയത്കൊണ്ടാവാം,  അച്ഛൻ അമ്മായിയോട് പരാതിപറഞ്ഞത്,.

   അതുകേട്ട,  അഭിയേട്ടൻ ഞാനും ആദിയുമായുള്ള ബന്ധം എന്നെന്നേക്കുമായി അറുത്ത് മാറ്റാൻ തീരുമാനമെടുത്തു,.  പക്ഷേ,  എനിക്ക് അവനില്ലാതെയോ,  അവന് ഞാനില്ലാതെയോ ജീവിക്കാൻ പറ്റുമായിരുന്നില്ല !!.

   മറ്റുവഴിയൊന്നും കാണാതെയാണ് അമ്മായി അഭിയേട്ടനോട് മറ്റൊരു വിവാഹം കഴിക്കുന്നതിനെക്കുറിച്ച് സൂചിപ്പിച്ചത്,  അഭിയേട്ടൻ എതിർത്തു,.

  "മോനെ,  ആദിക്ക്,  ഒരമ്മയെ വേണം,  നീയൊരു വിവാഹം കഴിച്ചേ പറ്റൂ,  അതാണ് എല്ലാവർക്കും നല്ലത്, പ്രേത്യേകിച്ച് അനുവിന്റെ ഭാവിക്ക്,.. ആ കുട്ടീടെ ഇന്നലെ വന്ന ആലോചനയും മുടങ്ങി,  നീയുമായിട്ട് അവൾക്ക് ബന്ധമുണ്ടെന്നൊക്കെയാ നാട്ടുകാര് പറേണത്,  നമ്മളായിട്ടെന്തിനാടാ ?"

   മനസില്ലാമനസോടെ അഭിയേട്ടൻ സമ്മതിച്ചു,  എന്നിട്ടും അതൊന്നും നാട്ടുകാരുടെ വായടപ്പിച്ചില്ല,. നാട്ടുകാർ എന്നെയും അഭിയേട്ടനെയും ചേർത്ത് വീണ്ടും അപവാദങ്ങൾ പറഞ്ഞു പരത്തിക്കൊണ്ടേ ഇരുന്നു,. അഭിയേട്ടനായിട്ട് എനിക്കുണ്ടായ ചീത്തപ്പേര് തിരുത്തണമെന്നുള്ളത് കൊണ്ടാവാം,  എന്നെ തന്നെ അഭിയേട്ടൻ വിവാഹം കഴിച്ചോളാമെന്ന് പറഞ്ഞത്,. അതോ ആദിയെ സ്വന്തം മകനെപ്പോലെ സ്നേഹിക്കാൻ എന്നെക്കൊണ്ട് മാത്രമേ കഴിയൂ എന്ന ഉറപ്പ് കൊണ്ടോ ?!

   ഒരു രണ്ടാംകെട്ടുകാരനെ കൊണ്ട് മകളെ കെട്ടിക്കാൻ,  അച്ഛന് ഒട്ടും താല്പര്യം ഉണ്ടായിരുന്നില്ല,  എങ്കിലും എനിക്ക് നൂറ് വട്ടം സമ്മതമായിരുന്നു,  അത് അഭിയേട്ടനോടുള്ള പ്രണയം കൊണ്ടായിരുന്നില്ല,.  മറിച്ച് ആദിയുടെ അമ്മയാവണമെന്ന അതിയായ ആഗ്രഹം കൊണ്ടായിരുന്നു,.

    അഭിയേട്ടൻ എന്നോട് അകലം പാലിച്ചു,  അതിൽ എനിക്കും വിഷമമൊന്നും ഉണ്ടായിരുന്നില്ല,  കാരണം അമൃതയുടെ സ്ഥാനത്ത് അഭിയേട്ടന് ഒരിക്കലും എന്നെ കാണാനാവില്ലെന്ന യാഥാർഥ്യം മറ്റാരേക്കാളും നന്നായി എനിക്കറിയാമായിരുന്നു,.

    ആദി എനിക്ക് ജീവനായിരുന്നു,  അവനും അതേപോലെ,  കാരണം അമൃതയുടെ കുറവ് ഒരിക്കലും അവനെ അറിയിക്കരുതെന്ന വാശി എനിക്കുണ്ടായിരുന്നു,.  അവൻ എന്റെ മാത്രം മോനാണ് !!!

  ഞാൻ അഭിയേട്ടന്റെ രണ്ടാംഭാര്യയാണെന്ന് ഇടക്കെപ്പോഴോ ആരോ പറഞ്ഞവൻ അറിഞ്ഞു,  എങ്കിലും അവന്റെ മനസ്സിൽ ഞാനായിരുന്നു അവന്റെ അമ്മ,.
 
    വർഷങ്ങൾ കഴിയുംതോറും ഞാനും അഭിയേട്ടനും തമ്മിലുള്ള അകലവും പതിയെ കുറഞ്ഞു വന്നു,  പിന്നെ ഞാനും അവനും മാത്രമായി അഭിയേട്ടന്റെ ലോകം,. പക്ഷേ ഇപ്പോൾ,..

      ഇല്ല ആദി എന്റെ മോനാണ്,..  ഞാൻ പ്രസവിച്ച എന്റെ മോൻ,..  ഞാൻ കരയുന്നത് അഭിയേട്ടനോ,  അവനോ കേൾക്കാതിരിക്കാൻ ഞാൻ എന്റെ കരച്ചിലടക്കി !!

    അവൻ എനിക്കരികിലേക്ക് നീങ്ങിക്കിടന്നു,  എന്റെ ഉദരത്തിൽ അവന്റെ കുഞ്ഞികൈകൾ പതിഞ്ഞപ്പോൾ അടിവയറ്റിലെ തുടിപ്പ് ഞാനറിഞ്ഞു,.

                      *******---*****

   "അഭി,  അനുവിനെ കുറച്ചുദിവസം ഞങ്ങൾ വീട്ടിൽ നിർത്തിക്കോട്ടെ ? " അമ്മയുടെ ആഗ്രഹത്തിന് അഭിയേട്ടൻ തടസമൊന്നും പറഞ്ഞില്ല,.

    പക്ഷേ ആദിയെ എന്റെ കൂടെ വിടാൻ അഭിയേട്ടൻ തയ്യാറായില്ല,  കൂടെ പോരാൻ അവനും,  എന്നോട് എന്തോ അകൽച്ച ഉള്ളത്പോലെയായിരുന്നു അവന്റെ പെരുമാറ്റം,. ആരോ അവന്റെ കുഞ്ഞു മനസ്സിൽ കരിനിഴൽ വീഴ്ത്തിയ പോലെ,..

        *****-----******

  അന്ന് രാത്രി എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല,.  "മോളിത് വരെ ഉറങ്ങിയില്ലേ ? " "ഇല്ലമ്മേ,  ഞാൻ നാളെ വലിയേടത്തേക്ക് പോവാ,.  ആദിയില്ലാണ്ട് എനിക്ക് ഉറക്കം വരില്ലമ്മേ !"

   പന്ത്രണ്ട് മണി കഴിഞ്ഞിട്ടുണ്ടാകും,  കോളിങ് ബെൽ അമർന്നു.. ആദിയെ തോളിലേറ്റി  അഭിയേട്ടൻ,.  അവന്റെ കണ്ണുകൾ കലങ്ങിയിരുന്നു,  എന്നെക്കണ്ടതും അവന്റെ എന്റെ കൈകളിലേക്ക് ചാടിവന്നു,.  അവൻ എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു,.

        "എപ്പോ തുടങ്ങിയ കരച്ചിലാണറിയുവോ അമ്മേനെ കാണണം എന്നും പറഞ്ഞു,  ഒരു രക്ഷയും ഇല്ലാതെ കൂട്ടിക്കൊണ്ട് വന്നതാ!,. "

  ഞാൻ അഭിയേട്ടനെ ദേഷ്യത്തോടെയൊന്ന് നോക്കി,  അഭിയേട്ടൻ തലതാഴ്ത്തി,.

"ഇവിടേം അതെ,  ആദിയെ കാണാതെ ഉറക്കം വരില്ലത്രേ,  നാളെ രാവിലെ തന്നെ അങ്ങടേക്ക്,  വരൂന്നും പറഞ്ഞ് ഇരിക്ക്യാരുന്നു ഇവൾ !! എന്ത് പണികഴിച്ചിട്ടാന്നറിയ്യോ അത്താഴം പോലും കഴിപ്പിച്ചത്,.. "
   അമ്മ അതുപറയുമ്പോൾ അഭിയേട്ടന്റെ മുഖത്തു കുറ്റബോധം നിറഞ്ഞിരുന്നു,.

      എന്റെ നെഞ്ചിന്റെ ചൂടുപറ്റി ഉറങ്ങുന്ന അവനെ നോക്കി,  അഭിയേട്ടൻ കുറച്ചുനേരം നിന്നു,.  "എന്താ ഇങ്ങനെ നോക്കണേ ?"

     "ഹേയ് ഒന്നൂല്ല്യ,.  "

   "പേടി ഉണ്ടായിരുന്നൂല്ലേ ? നമുക്ക് വേറൊരു കുഞ്ഞുണ്ടാവുമ്പോ ഞാൻ ഇവനെ തള്ളിക്കളയുമോ എന്ന് ?"

    അഭിയേട്ടൻ എന്റെ നെറുകയിൽ തലോടി..
"ഉം,  ഉണ്ടായിരുന്നു,.  എന്നാൽ ഇപ്പോൾ ഇല്ല!!"

    അഭിയേട്ടൻ എന്റെ ഉടലിൽ ചെവിചേർത്തു !!!

  അവിടം മുതൽ ഞാൻ സ്വപ്നം കണ്ട ജീവിതം എനിക്ക് തിരികെ കിട്ടുകയായിരുന്നു !!!

         *******  ---ശുഭം ----***

#അനുശ്രീ

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്