കല്യാണം

''സോറി മാധവേട്ടാ...ടെസ്റ്റുകളെല്ലാം കഴിഞ്ഞു.മോള്‍ക്ക് ഒരിക്കലും ഒരമ്മയാവാന്‍ സാധിക്കില്ല''.

മാധവന്‍ നായര്‍ അകത്തേക്കെടുത്ത ശ്വാസം നിശ്വസിക്കാനാവാതെ ഗെെനക്കോളജിസ്റ്റ് അനുരാധ വര്‍മ്മയുടെ മുമ്പില്‍ തല കുനിച്ചിരുന്നു.

''മാലിനീ...ശരിക്കും എന്താ സംഭവിച്ചത്.

ദൃശ്യ വീണതാണെന്ന് നിങ്ങള്‍ പറയുന്നത് വിശ്വസിക്കാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ട് '' .

''എന്തിനാ അനുരാധേ  ഇനി കള്ളം പറയണേ..''

എന്‍റെ മോളെ തല്ലിച്ചതച്ചാ അച്ഛന്‍റെ ഗുണ്ടകള്‍ ''.

''മാലിനീ...മിണ്ടാതിരിക്കാ...''

''ഇനീം ഞാന്‍ മിണ്ടാതിരിക്കണോ മാധവേട്ടാ...ന്‍റെ കുട്ടിന്‍റെ ജീവിതം നിങ്ങളായിട്ട് ഇല്ലാണ്ടാക്കിയില്ലേ...''

''Cool down മാലിനീ...നീ കരയാതിരിക്ക്...
ദൃശ്യയോടൊന്നും പറയണ്ട''.

''അനൂ...ഇനി എന്താ ചെയ്യാ... ''

''ഞാനെന്ത് പറയാനാ മാധവേട്ടാ...മെഡിക്കല്‍ റിപ്പോര്‍ട്ടിലുള്ളതാ ഞാന്‍ പറഞ്ഞേ...
ഇനിപ്പോ ദെെവം കടാക്ഷിച്ചാല്‍...''

ഡോക്ടറുടെ OP യില്‍ നിന്നിറങ്ങിപ്പോവുമ്പോള്‍ ചെയറില്‍ അടുത്തിരിക്കുന്ന കുഞ്ഞിനെ കൊഞ്ചിച്ചു കൊണ്ടിരിക്കുന്ന ദൃശ്യയെ വിളിക്കാന്‍ മാധവന്‍ നായര്‍ക്കും മാലിനി മാധവന്‍ നായര്‍ക്കും കണ്ണുനീര്‍ കാരണം കണ്ണു കാണുന്നുണ്ടായിരുന്നില്ല.

''അമ്മാ...അനു ആന്‍റി എന്താ പറഞ്ഞേ...,''

ആ ചോദ്യം മാലിനിയുടെ ഇട നെഞ്ചിലൂടെ ഒരു കൊള്ളിയാന്‍ മിന്നിച്ചു.

മാധവന്‍ നായരുടെ കെെയില്‍ നിന്നും വണ്ടിയൊന്ന് പാളിയോ...

അതെ.. ചെറുതായൊന്ന് പാളിയെങ്കിലും വര്‍ഷങ്ങളുടെ പരിചയം അദ്ദേഹത്തെ രക്ഷിച്ചു.

''എന്നായാലും നീയറിയണം മോളേ.
ദാ മെഡിക്കല്‍ റിപ്പോര്‍ട്ട്സ്.മോള് വീടെത്തിയിട്ട്‌ നോക്കിയാ മതി.''

കാറിലിരുന്ന് തന്നെ അവള്‍ റിപ്പോര്‍ട്ടുകളെല്ലാം നോക്കി.ഒരു Msc.zoology വിദ്യാര്‍ത്ഥിനിയായ അവള്‍ക്ക് ആ റിപ്പോര്‍ട്ട് റീഡ് ചെയ്യാന്‍ ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല.

ഞെട്ടിത്തരിച്ചിരിക്കുന്ന ദൃശയെ സെന്‍റര്‍ മിററിലൂടെ നോക്കുമ്പോള്‍ മാലിനിയുടെ കണ്ണുകള്‍ പേമാരി കണക്കേ പെയ്യുന്നുണ്ടായിരുന്നു.

ഞെട്ടിത്തരിച്ചിരിക്കുന്ന അവള്‍ വീടെത്തിയിട്ടും കാറില്‍ നിന്നിറങ്ങാതെ ഇരിക്കുകയായിരുന്നു അവള്‍.

''മോളേ....''

മാധവന്‍ നായരുടെ ആ വിളിക്കുത്തരത്തിനു വേണ്ടി മാലിനിയും കാതോര്‍ത്തിരുന്നു.

''അച്ഛാ... ഞാന്‍ കൂടി മരിച്ചാല്‍ അച്ഛന്‍റെ പരമ്പര നിന്നു പോവാന്‍ പോവാണല്ലോ ... ലേ...''

''എന്തിനാ എന്നെ ഇങ്ങനെ തല്ലിച്ചതക്കാന്‍ പറഞ്ഞെ അച്ഛാ... കൃപേഷേട്ടന്‍റെ കൂടെ ഒളിച്ചോടിപ്പോയതല്ലല്ലോ ഞാന്‍ , അവനെന്നെ സുരക്ഷിതമായി വീട്ടില്‍ കൊണ്ടു വിടാന്‍ വരുവായിരുന്നില്ലേ..''

''അച്ഛാ...കോളേജിന്‍റെ മുമ്പിലൂടെ അന്നാ രാഷ്ട്രീയക്കാരനെ വെട്ടിക്കൊന്നത് കാരണം വാഹനങ്ങള്‍ കടത്തിവിടാത്തത് കൊണ്ടാ അവനെന്നെ കാവുംപടി വഴി ബെെക്കില്‍ കൊണ്ടു വന്നേ...
എന്‍റെ കെെയിലുള്ള ബാഗില് ഒളിച്ചോടാനുള്ള ഡ്രസ്സല്ലായിരുന്നു. കൃപേഷേട്ടന്‍ കൊച്ചിയാലൊരു ജോബ് ഇന്‍റര്‍വ്യൂ അന്‍റന്‍റ് ചെയ്യാന്‍ പോവാന്‍ വേണ്ടി പാക്‌ ചെയ്ത ഡ്രസ്സായിരുന്നു.''

''അച്ഛന്‍റെ ആള്‍ക്കാര്‍ തല്ലിച്ചതച്ചത് അവന്‍റെ കുറേ നാളായിട്ടുള്ള സ്വപ്നങ്ങളെക്കൂടിയാ.''

''മതിയായില്ലേ ന്‍റെ അച്ഛന്..എടുത്ത് ചാടി എന്തേലും ചെയ്യാനാണേല്‍ ഈ ആറു വര്‍ഷം ഞങ്ങള്‍ അച്ഛന്‍റെ സമ്മതത്തിനു വേണ്ടി കാത്തിരിക്ക്വോ...''

ഉത്തരമില്ലാതെ നില്‍ക്കുന്ന അച്ഛനേയും അമ്മയേയും ദയനീയമായൊന്ന് നോക്കി ആ റിപ്പോര്‍ട്ടും നെഞ്ചോട് ചേര്‍ത്ത് അവള്‍ അകത്തേക്ക് പോയി.

അന്നു രാത്രി തന്നെ അമ്മാവനേയും വലിയച്ഛനേയുമെല്ലാം വിളിച്ചു വരുത്തി അച്ഛനും അമ്മയും കല്ല്യാണക്കാര്യം ചര്‍ച്ച  ചെയ്യുന്നത് കേട്ടാണ് മുറിയില്‍ നിന്നും ഇറങ്ങി വന്നത്.

''എനിക്കിവിടെ ആരും കല്ല്യാണമാലോചിക്കണ്ട.ഒരമ്മയാവാന്‍ കഴിയാത്ത എന്നെ ആരുടെ തലയിലും കെട്ടിവെക്കണ്ട.''

''മോളേ... കൃപേഷ്...''

''ഹോ ..ഇപ്പൊ എനിക്ക് കുറവുകള്‍ വന്നപ്പോ അച്ഛന്‍ സമ്മതിച്ചല്ലേ...''

''അതല്ല മോളേ...ഞാന്‍...''

''എനിക്കൊന്നും കേള്‍ക്കണ്ട.''

''അവന്‍ നന്നായി ജീവിക്കട്ടേ...ഞാന്‍ കാരണം അവന്‍റെ ജീവീതവും നശിക്കണ്ട.''

''എന്നാലും അവനോടൊന്ന് സംസാരിച്ച് നോക്കട്ടേ..''

''ശരി.സംസാരിച്ചോളൂ..പക്ഷേ...അതെന്‍റെ മുമ്പില്‍ വെച്ചാവണം.അവനോടെല്ലാം പറയണം.''
   
''നാളെ വരാന്‍ ഞാന്‍ തന്നെ വിളിച്ച് പറയാം.''

''കൃപേഷേട്ടാ...നാളെ രാവിലെ വീട്ടിലേക്ക്‌ വരണം.''

''എന്താ ദൃശ്യാ..എന്തു പറ്റി.ഏട്ടനെ തല്ലാനൊന്നും അല്ല.രാവിലെ വാ...''

കാലത്ത് ഒമ്പത് മണിക്ക് തന്നെ കൃപേഷ് വീട്ടിലെത്തി.കാലില്‍ ബാന്‍റേജിട്ടത് കാരണം കൂടെ ഒരു സുഹൃത്തും .

നിര്‍ത്താതെ അടിക്കുന്ന കോളിംഗ് ബെല്ലിന്‍റെ ശബ്ദം കേട്ട് മാധവന്‍ നായര്‍ വൊതില്‍ തുറന്നു.കൂടെ മാലിനിയും വന്നു.

''ദൃശ്യാ....''

അവന്‍റെ വിളി കേട്ടപ്പോള്‍ അവള്‍ മെഡിക്കല്‍ റിപ്പോര്‍ട്ടെടുത്ത് മുറിയില്‍നിന്നും പുറത്ത് വന്നു.അവന്‍റെ കെെയില്‍ അത് കൊടുത്തു.സൂക്ഷ്മമായി വായിച്ചതിന് ശേഷം വേച്ചു വേച്ചു നടന്നു വന്നവന്‍ ദൃശ്യയെ പരിസരം മറന്ന് കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു.

''ദൃശ്യാ...എനിക്ക് നീയും നിനക്ക് ഞാനും മതി . മരിക്കുന്ന വരെ നമുക്കൊരുമിച്ച് ജീവിക്കാം.വാ നമുക്ക് പോവാം.''

ഒന്നും പറയാതെ അവനെ അടര്‍ത്തി മാറ്റി.

''അച്ഛാ...കല്ല്യാണം ആലോചിക്കുന്നില്ലേ എനിക്ക്...''

''ഇപ്പോ ഞാന്‍ പരിമിതികളുള്ളവളല്ലേ...എന്നെ ഇവന് കെട്ടിച്ച് കൊടുക്കോ...''

തളര്‍ന്നിരിക്കുന്ന അച്ഛന്‍റെ അടുത്തേക്ക് നടന്ന് പതിയെ കെെകള്‍ കൂപ്പി അവനച്ഛനോട് പറഞ്ഞു.

''അച്ഛന്‍റെ മോളെ മാത്രം മതിയെനിക്ക്..ഞാന്‍ പൊന്നു പോലെ നോക്കിക്കോളാം.''

''മോനേ...നിന്നെ മനസ്സിലാക്കാന്‍ വെെകിപ്പോയി.ഈ അച്ഛനോട് ക്ഷമിക്കൂ മക്കളേ..''

*********** ****** ****** ****** ***** ******

''കൃപേഷേട്ടാ...നീയെങ്ങോട്ടാ...''

''നീയൊന്ന് വിട്ടേടീ ... ഒമ്പത് മണിയായേ ഉള്ളൂ...പുറത്ത് അളിയനും കൂട്ടുകാരുമൊക്കേയുണ്ട്.ഞാനിപ്പോ വരാം.''

''അതേയ് ഇന്ന് നമ്മടെ ആദ്യ രാത്രിയാ..
ഇപ്പോ ശ്രമിച്ചാലേ അടുത്ത വര്‍ഷം ഒരം ജൂനിയര്‍ കൃപേഷിവിടെ ഓടി നടക്കൂ..''

''ങേ...എന്ത്...നീയെന്താ പറയുന്നേ...
അപ്പോ അന്നത്തേ സംഭവം...''

''ഓ പിന്നേ ഒന്ന് പേയേ നീ...''

''അന്ന് അനു ആന്‍റി സഹായിച്ചില്ലെങ്കി ഇപ്പൊ കാണായിരുന്നു.ആന്‍റിയോട് പറഞ്ഞാ അങ്ങനെ ഒരു റിസള്‍ട്ട് ഉണ്ടാക്കിയേ..''

''നിനക്കെന്നോട് തുറന്ന് പറയാര്‍ന്നില്ലേ ടീ...''

''അയ്യോടാ...അപ്പോ എനിക്ക് നിന്‍റെ മനസ്സറിയാന്‍ പറ്റോ...''

''എടീ കള്ളീ...ഇങ്ങു വന്നേ...''

''ഛീ.... പോടാ...അളിയന്‍റടുത്ത് പോയിട്ട് വാ...''

''ഞാന്‍ ആന്‍റിക്കൊരു താങ്കസ് സെന്‍റട്ടേ...''

''ഓ പിന്നേ...അളിയന്‍....വാ... കിടക്കാം..നിന്‍റെ അച്ഛനെ മ്മക്കെത്രേം പെട്ടെന്ന് ഞെട്ടിക്കണ്ടേ...''

''അടുത്ത മാസം അനു ഡോകടറുടെ അടുത്തെന്നെ പോവാട്ടോ..അപ്പോ താങ്ക്സ് പറയാം.''

- - - Zai Ka - - -

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്