കല്യാണ രാത്രിയും അളിയന്‍റെ പരാക്രമണവും

കല്യാണ രാത്രിയും അളിയന്‍റെ പരാക്രമണവും

.

കല്യാണം കഴിഞ്ഞ് ഭാര്യയെ വിട്ട് പിരിഞ്ഞു ഗള്‍ഫില്‍ വന്ന    മിക്ക  ഭര്‍ത്താക്കന്മാരും ലീവിന് നാട്ടില്‍ ചെന്ന്   ഭാര്യയെ കണ്ടാല്‍, ഒരു പൂച്ച അടുക്കളയില്‍  അടക്കാതെ വെച്ച മീന്‍ ചട്ടി കണ്ട പോലെയാണെന്ന് പല  മൂക്ക് മാഫി  നാട്ടു വാസികളും അപവാദം പറഞ്ഞു നടക്കുന്നുണ്ട്....അതിനെ സാധൂകരിക്കുന്ന തരത്തിലുള്ള ഒരു സംഭവം കേട്ടോളൂ:

അതാ അങ്ങോട്ട്‌ നോക്കൂ...അവിടെ ഒരു കല്യാണ വീടാണ്..അതും അടുത്ത കുടുംബക്കാരുടെ  ...അന്ന്   പത്താം ക്ലാസ്സില്‍ പഠിക്കുന്ന കാലം....രാത്രി കല്യാണ വീട് അലങ്കരിച്ചു പൂരപ്പറമ്പ് പോലെയാക്കി, ബാക്കിയായ കുറച്ചു റിബ്ബണ്‍  അവിടെ വായും പൊളിച്ച്  കൂര്‍ക്കം വലിച്ചുറങ്ങുന്ന ഒരുത്തന്‍റെ വായിലേക്ക് തിരുകി ഞങ്ങള്‍ പതുക്കെ കല്യാണ വീടിന്‍റെ തട്ടിന്‍ മുകളിലേക്ക്  കയറി. ഒന്ന് തല ചായ്ക്കാന്‍...

 കോണിയുടെ താഴെ കടപ്പുറത്ത് ചാകര വന്ന പോലെ കല്യാണം കൂടാന്‍ വന്നവരും അടുക്കളപ്പണി കഴിഞ്ഞ ഇത്തമാരും കുട്ടികളും എല്ലാം  നിരന്നു അട്ടിയിട്ടു കിടക്കുന്നു... ..പതുക്കെ ശബ്ദം ഉണ്ടാക്കാതെ കയറി ചെന്നതും, ആ വീട്ടിലെ അന്ന് ഗള്‍ഫില്‍ നിന്ന് കല്യാണം കൂടാന്‍ വന്ന ഒരളിയന്‍ കോണിയില്‍ നിന്നും ചാടി ഞങ്ങളെ ഇടിച്ചു തെറുപ്പിച്ച് ചാടിയിറങ്ങി ഓടി.."ഈ കുരിപ്പ് ഇതെങ്ങോട്ടാ പായുന്നേ....' എന്ന് ചിന്തിച്ചു, തലയില്‍ രൂപം കൊണ്ട മുഴ തടവി കയറി ചെന്നപ്പോള്‍, ചെല്ലുന്നിടത്ത് തന്നെ ഹാന്‍ഡ്‌ റെയിലിന്‍റെ സൈഡില്‍ ആ വീട്ടിലെ ഇത്ത പുതപ്പിനുള്ളില്‍ നിന്ന് ഞങ്ങളെ തല പൊന്തിച്ചു നോക്കുന്നു...

'ആ നീയായിരുന്നോ...?'

ഞാന്‍ ചോദിച്ചു : 'എന്തിനാ ഇത്ത അളിയന്‍ ഇറങ്ങി ഓടിയത്...?'

ആര് പറഞ്ഞു ഓടിയതെന്ന് ...ഓര് ഇന്ന് ഗള്‍ഫ്‌ന്നു കല്യാണം കൂടാന്‍  വന്നല്ലെയുള്ളൂ ....കല്യാണ പെണ്ണിന്  എന്താ കൊടുക്കേണ്ടത് എന്ന കാര്യം ദേ ഓര് ഈ കോണിപ്പടിയില്‍ ഇരുന്നു പറയാരുന്നു...'

'തന്നെ....!'

' ഇത്താ ഞങ്ങള്‍ ഇവിടെ കിടക്കട്ടെ ..ഇങ്ങള്‍ അപ്പുറം  ആ റൂമില്‍ പോയി കിടക്കുവോ ..?'

'പറ്റില്ല'

'അതെന്താ ...?'

'അവിടെ തീരെ സ്ഥലം ഇല്ല ...."

 ഞാന്‍ അപ്പുറം പോയി നോക്കി തിരിച്ചു വന്നു .

'അവിടെ ഫുട്ബോള്‍ കളിക്കാനുള്ള സ്ഥലം ഉണ്ട് ഇത്താ  ...ഞങ്ങള്‍ക്ക് വേറെ സ്ഥലം ഇല്ല... ഇത്താ  അപ്പുറം പോയി കിടക്കുവോ ..പ്ലീസ് നല്ല ഇത്തയല്ലേ...'  ഞാന്‍ സോപ്പിട്ടു .

ഓ ഈ ചെറുക്കാന്‍ മാരെ കൊണ്ട് തോറ്റ് ഇങ്ങള്‍ക്ക്‌ താഴെ ഒരു പണീല്ലാ  :-/ ??....ഇതും പറഞ്ഞു ഇത്ത എണീറ്റ്‌ പോയി.

ഞങ്ങള്‍ രണ്ടു പേരും അവിടെ കിടന്നിരുന്ന ഇത്തയുടെ കുട്ടിയെ നീക്കിക്കിടത്തി, പുതപ്പ് വലിച്ചിട്ടു  ലൈറ്റ് കെടുത്തി ചുരുണ്ടു ...കുറച്ചു കഴിഞ്ഞപ്പോള്‍ ആരോ തോണ്ടുന്നു...

ഞാന്‍ ശബ്ദം താഴ്ത്തി കൂടെ കിടക്കുന്ന നന്‍പനോട് ചോദിച്ചു: '....എന്താടാ...?'

'നീ ഒറങ്ങിയോടീ?'  ഒരു പരുക്കന്‍ പതിഞ്ഞ ശബ്ദം ..

ഡീയോ ...?? ഇതവനല്ല പിന്നെയാര്?  പുതപ്പിനുള്ളില്‍ നിന്ന് ഒരു കണ്ണ് പുറത്തേക്കിട്ടു നോക്കി..ഉടല്‍ മുഴുവന്‍ കോണിയില്‍ നിര്‍ത്തി തല മാത്രം ഫസ്റ്റ് ഫ്ലോറിലെക്ക് ഇട്ട് കുളത്തിലെ നീര്‍ക്കോലിയെപ്പോലെ ഇരുട്ടില്‍ ഒരു നിഴല്‍, നേരത്തെ ചാടി ഓടിയ അളിയന്‍...!!. ഇത്തയാണെന്നു കരുതി വീണ്ടും കയറി വന്നു തോണ്ടുവാ... കൊച്ചു കള്ളന്‍...!

ഞാന്‍ മിണ്ടാതെ കിടന്നു നന്പനെ തോണ്ടി ഉണര്‍ത്തി. അതാ അളിയന്‍ വീണ്ടും തോണ്ടി പതിഞ്ഞ ശബ്ദത്തില്‍ :

'എടീ ..ആ ഹറാം പെറന്ന  ചെക്കന്മാര്‍ കയറി വന്നതല്ലേ പ്രശ്നായത് ...നീയപ്പത്തിനും ഒറങ്ങിയോ? ...കല്യാണത്തിനു വിളിക്കുമ്പോള്‍ തലേ ദിവസം വരണം എന്നു പറയുന്ന  ഈ പരിപാടി നിര്‍ത്തണം ..ഒരു മുറി പോലും ഫ്രീ ഇല്ല ..എന്‍റെ ഒരു വിധി .....!!'

ഹമ്പടാ അളിയാ.....ഹറാം പെറന്ന ചെക്കന്മാര്‍ അല്ലെ...ഹും ..ഒരു പണി കൊടുക്കാമെന്നു വെച്ച്, ഒരു കോമഡി സീനില്‍  ജനാര്‍ദ്ധനന്‍  റൂമിലേക്ക് വരുന്ന സമയത്ത്   ജയറാം പെണ്ണായി അഭിനയിച്ച പോലെ ..ശബ്ദം മാറ്റി പതുക്കെ പറഞ്ഞു:

'പോ മനുഷ്യാ ...ആരെങ്കിലും വരും ..!'

'ഹും .. ഇനി ആരെങ്ങിലും വന്നാല്‍ ഞാന്‍ അവനെ  കൊല്ലും.!.ആരുടെയൊക്കെ കണ്ണ് വെട്ടിച്ചാ ഇവിടം വരെ എത്തിയതെന്ന് നിനക്കറിയോ...അവിടെ താഴെ നിന്‍റെ കോത്താഴത്തിലെ അളിയന്മാരുടെ സംസാരം ഇപ്പോഴും തീര്‍ന്നിട്ടില്ല ..ഞാന്‍ കേറി വരട്ടെ ...തങ്കം...??'

'ഉം ...' ഞാന്‍ വേഗം തലയിണ എടുത്ത് ...നെഞ്ചില്‍ ചേര്‍ത്ത് പുതപ്പ് കൂട്ടിപ്പിടിച്ചു കമഴ്ന്നു കിടന്നു...

അളിയന്‍ മീശമാധവനിലെ ജഗതി വരുന്നപോലെ കാലിന്റെ തുടയില്‍ അടിച്ചു  ഉഴിഞ്ഞു മുട്ടുകുത്തി കയറി  വന്ന് പതുക്കെ പറയുന്നു :

 'കള്ളത്തി കമിഴ്ന്നു കിടക്കാ അല്ലെ...??'

"ഉം  ...ഹാമ്"

അളിയന്‍ പുതപ്പ് വലി തുടങ്ങി.എന്നാ വലിയാന്നറിയോ...കുബ്ബൂസും ചിക്കനും പിസ്തയും  കഴിച്ച മുഴുവന്‍ ശക്തിയും എടുത്താ വലി.. ഞാന്‍ എനിക്കാവുന്ന വിധത്തില്‍ കൂട്ടിപ്പിടിച്ചു പതിഞ്ഞ ശബ്ദത്തില്‍ വീണ്ടും: .

'പുതപ്പ് കീറും മനുഷ്യാ...!'

'ഓ അവളുടെ ഒരു നാണം ...പുതപ്പ് വിടെടീ ...'

അളിയന്‍ കാലേ പിടിച്ചു വലിക്കുന്നു ...
എന്താടീ നിന്‍റെ കാലെല്ലാം ഫ്രിഡ്ജില്‍ വെച്ച ഉണക്ക കുബ്ബൂസ് പോലെ...??

ഞാന്‍ ശബ്ദം മാറ്റിപതുക്കെ : 'അത് പാടത്ത് പന്ത് കളിക്കാന്‍ പോയിട്ടാ...ഇക്കാ...'

'ങേ ...പാടത്ത് പന്ത് കളിക്കാന്‍ പോവെ ...എന്താടീ ഇയ്യ്‌ പറേണ്??

'അതെ മന്‍സാ ...ഇന്നലെ ഒരു ടൂര്‍ണമെന്റിനു പോയി വയറു നെറച്ച് ഗോളും വാങ്ങിച്ചു വന്നതേയുള്ളൂ...!!

എന്ത്???? :O അളിയന് സംശയം തുടങ്ങി എന്ന് തോന്നുന്നു...  ഇരുട്ടത്ത് കയ്‌ പുതപ്പിനുള്ളിലൂടെ ഇട്ടു മുഖത്തെല്ലാം തപ്പാന്‍ തുടങ്ങി..നീയാകെ മാറിപ്പോയി ന്‍റെ പൊന്നെ...പെട്ടെന്ന്‍ തലയില്‍ തപ്പിയിട്ടു തെല്ലു സംശയത്തോടെ ഇരുട്ടില്‍ സൂക്ഷിച്ചു നോക്കി ചോദിച്ചു:

' ഇത് ഇയ്യന്നല്ലേ  ...അന്‍റെ തലമുടിക്ക് എന്താ പറ്റിയെ ??'

അത് ഇന്ന് കല്യാണല്ലെ മന്സാ .ബാര്‍ബര്‍ ഷാപ്പില്‍  പോയി നന്നായി  വെട്ടിച്ചു...പോലീസ് കട്ടാ ...!!

അളിയനൊന്നു ഞെട്ടി പുറകോട്ടു ചാടി ...സര്‍വ്വ ശക്തിയും എടുത്ത് പുതപ്പ് ഒരറ്റ വലി .. എന്നിട്ട് ഉറക്കെ ഒരു ചോദ്യം:

 'എന്താടീ അനക്ക് പ്രാന്തുണ്ടോ ....മന്സനെ പേടിപ്പിക്കാന്‍ ..!"

ഇത് കേട്ടതോടെ കൂടെ  കിടന്നിരുന്ന നന്പന്‍ ഒരറ്റ ചിരി ...അതോടെ എല്ലാം പൊളിഞ്ഞു ....

അളിയന്‍  വലിച്ചെടുത്ത വെള്ള പുതപ്പുമായി താഴേക്ക്  ചാടുകയാണോ  കോണിയിലൂടെ  പറക്കുകയായിരുന്നോ എന്നറിയില്ല ..
പൊതോക്കോം ഡും ട്രാഷ് ...എന്നൊരു ശബ്ദം കേട്ടു ...പിന്നെ ദയനീയമായ ഒരു നിലവിളിയും : "അള്ളാ ന്‍റുമ്മാ...!!" 

പിറ്റേ ദിവസം രാവിലെ  കല്യാണ വീട്ടിലെ പിറക് വശത്ത്  കെട്ടിയ  ചെറിയ പന്തലില്‍  ചായ കുടിക്കാന്‍ എല്ലാവരും വന്നിരിക്കുന്നു..അപ്പോള്‍ ....കല്യാണം കൂടാന്‍ വന്ന ഒരു ബന്ധു സ്ത്രീ  ...അവരുടെ മകളോട്  പറയുന്നത് കേട്ടു .

'എടീ അനക്ക് കേക്കണോ .....ഇബടെ ജിന്നുണ്ട്ട്ടൊ!!'

'ആ പിന്നെ ജിന്ന് ..കുന്നാ...!'

അല്ലാ  സത്യായിട്ടും ... ഇന്നലെ ഞാന്‍ ഉറങ്ങുമ്പോണ്ട്  ഒരു വെള്ള ഉണ്ട സാധനം തട്ടുമ്പൊറത്ത്ന്ന് വന്നുങ്ങട് വീണു..ന്‍റെ തലന്‍റെ സൈഡില്‍ ..പിന്നെ അതങ്ങട് വലുതായി ന്‍റെ തലന്റെ മേല്‍ക്കൂടെ പറന്നങ്ങട് പോയി ന്‍റെ പെണ്ണേ... ഞാന്‍ ദാ ചങ്കും കൊരലും ബണ്ണം  വച്ച് .. കണ്ണും പൂട്ടി... ന്‍റെ അസ്ഹാബുല്‍ ബദ്രീങ്ങളെ ന്നു വിളിച്ചു ഒറ്റക്കിടത്താ...
ന്‍റെ ഒരു ധൈര്യം ....അപ്പൊതന്നെ  അത് ണ്ടു ങ്ങനെ ഈ കോലായിലൂടെ  തോളുങ്ങനെ ചെരിച്ചു പറന്നുങ്ങനെ പോണു ന്‍റെ സൂറാ  ....!!'

'....ആ പിന്നെ ജിന്ന് മോഹന്‍ലാലിനു പഠിക്കുവല്ലേ?? തോള്‍ ചെരിച്ചു പറന്നു പോകാന്‍ ...??? ഉമ്മ  വല്ല പൊട്ട സ്വപ്നം കണ്ടായിരിക്കും!'

'പടച്ചോന്‍ സത്യം  സ്വപ്നം അല്ലെടീ അത് ജിന്നെന്നെ!!'

അത് കേട്ടതോടെ കുറച്ചപ്പുറം മാറി ചായ കുടിച്ചുകൊണ്ടിരിക്കുവായിരുന്ന നമ്മുടെ അളിയന്‍ ഒന്ന് വിളറി .. 'ഏ എന്താ വിളിച്ചേ ..? എന്ന് ആരോടോ ചോദിച്ചു..മുടന്തി എണീറ്റ്‌ എവിടെയോ നോക്കി അവിടെ ബിരിയാണി ദമ്മിട്ട തീ കനല്‍  കോരിയിട്ടത്തില്‍ കേറി അറിയാതെ ഒരു  ചവിട്ട്  ....'ന്‍റുമ്മോ' എന്ന് നിലവിളിച്ചു ആകാശത്തേക്ക് ഒരു ചാട്ടം...പിന്നെ ഒരോട്ടം ...ശേഷം ആ  അളിയനെ അന്ന് മഷിയിട്ടു നോക്കിയിട്ടും കണ്ടിട്ടില്ല.

Hasan Zaman

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്