പുത്തനുടുപ്പു

പുത്തനുടുപ്പു...
*****************

  " അമ്മാ ഈ ഡ്രെസ്സൊക്കെ പഴയതായി ... ഇതൊക്കെ സുനന്ദ ചേച്ചിയുടെ മോൾക്ക് കൊടുത്തേക്കു... "

ഒരു കുന്നോളം തുണിത്തരങ്ങൾ എന്റെ മുൻപിൽ കൊണ്ടിട്ടു സിനുമോൾ അതു പറഞ്ഞപ്പോൾ അമ്പരപ്പുകൊണ്ടു എന്റെ കണ്ണുപുറത്തു വന്നുപോയി.... എങ്കിലും ഒന്നും പറയാതെ ഞാൻ ആ തുണികളിലൂടെ കണ്ണോടിച്ചു... രണ്ടു മാസം മുൻപ് എന്റെ അനിയൻ ദുബായിൽ നിന്നു വന്നപ്പോൾ കൊടുത്ത ഫ്രോക് വരെ അതിൽ ഉണ്ടായിരുന്നു.... 

ഏകദേശം മൂന്നു മാസമായി സുനന്ദ എന്റെ വീട്ടിലെ ജോലിക്കാരി ആണ്, സിനു മോളുടെ അതേ പ്രായമുള്ള ഒരു മകൾ അവൾക്കുണ്ടെന്നു എനിക്കറിയാം... എന്നാലും ഇത്രയും പുതിയ ഡ്രെസ്സുകളൊക്കെ.... , ഇതിപ്പോൾ എന്താ പുതിയൊരു പതിവ് എന്നു മനസ്സിലാകാതെ ഞാൻ അവളോട്‌ ചോദിച്ചു...

      " ഇതൊക്കെ അത്രയും പഴയതായോ സിനു... "

     " അത്രേം പഴയതല്ല ... ന്നാലും സുനന്ദ ചേച്ചിക്ക് കൊടുത്തേക്കമ്മാ... അവര് കൊണ്ടുപൊയ്ക്കോട്ടെ.... '

ഞാനവളെ ചോദ്യരൂപേണ നോക്കി...

      " അതില്ലേ അമ്മാ... അവളെന്റെ അരികത്തു വന്നിരുന്നു...

       ഇന്നലെ അമ്മ സുനന്ദ ചേച്ചിക്ക് സാലറി കൊടുക്കുന്ന ദിവസായിരുന്നല്ലോ... "

     " അതേ... ഞാനിന്നലെ ഓഫിസിലേക്ക് പോകുന്നതിനു മുൻപേ അവൾക്ക് സാലറി കൊടുത്തായിരുന്നല്ലോ... "

     " ഉവ്വ്... അതാവണം ഇന്നലെ വൈകീട്ട് അവരുടെ മോളിവിടെ വന്നിരുന്നു... പഴയൊരു ചുരിദാർ ആണവളുടെ വേഷം ...അതും ആ കുട്ടിക്ക് പാകമല്ലാത്തത്... ചില സ്ഥലതൊക്കെ കീറിയ ഭാഗം തുന്നിയ പോലുണ്ടായിരുന്നു... കണ്ടപ്പോൾ എനിക്ക് കരച്ചില് വന്നുപോയി അമ്മാ... ഒന്നുമില്ലേലും നമുക്ക് കഴിക്കാനുള്ള ഫുഡ് ഉണ്ടാക്കി തരുന്നയാളല്ലേ സുനന്ദ ചേച്ചി ... നമ്മുടെ നല്ല തുണികളൊക്കെ കഴുകി തരുമ്പോൾ ചേച്ചി വിചാരിക്കുന്നുണ്ടാകില്ലേ അവർക്കും ഇതു പോലൊക്കെ വേണമെന്ന്..."

അവളത്രയും പറഞ്ഞു കഴിഞ്ഞപ്പോൾ എന്റെ കണ്ണു നിറഞ്ഞിരുന്നു.... ഞാൻ അടുക്കളയിലെക്ക് നോക്കി സുനന്ദയെ വിളിച്ചു... പതിയെ പുറത്തേക്കിറങ്ങി വന്ന അവളുടെ വേഷം ഒരു പഴയ നൈറ്റി ആയിരുന്നു... കുറ്റബോധം കൊണ്ടെന്റെ മനസ്സ് പുകഞ്ഞു...

      " സുനന്ദയുടെ മോളേതു ക്ളാസിലാ പഠിക്കുന്നെ... "

       " ആറാം തരത്തിലാണ് ചേച്ചീ... "

     " അപ്പോൾ സിനുന്റെ ഇളയതാണ്... ഒരു കാര്യം ചെയ് നി ഈ ഡ്രെസ്സുകളൊക്കെ നിന്റെ മോൾക്ക് കൊടുത്തേക്കു... "

ഞാനത് പറഞ്ഞപ്പോൾ പെട്ടെന്ന് അവളുടെ മുഖം മാറി... ഈശ്വര പഴയത് കൊടുത്തത് കൊണ്ടാകുമോ... ന്റെ മനസ്സ് വേവലാതി പൂണ്ടു...

      " അതു... അതു വേണ്ട ചേച്ചീ... "

അവൾ വേഗം പറഞ്ഞു....

      " പഴയത് ആയതു കൊണ്ടാണോ സുനന്ദേ... ഞാൻ അങ്ങനെ പഴയത്... "

ഞാൻ വിക്കി...

     "അയ്യോ ചേച്ചീ അതല്ല.... എന്നെ തുടരാൻ അനുവദിക്കാതെ അവൾ പറഞ്ഞു...

     ഇതൊന്നും പഴയതല്ലല്ലോ ചേച്ചീ... ഇതൊക്കെ സിനുമോൾ ഉപയോഗിക്കുന്നതല്ലേ... ദാ ആ മഞ്ഞ ഉടുപ്പ് സിനുമോൾക്ക് ഏറ്റവും ഇഷ്ടമുള്ളതാണെന്നു ഒരിക്കല് എന്നോട് പറഞ്ഞിട്ടുണ്ട്.... അതുകൊണ്ട് ഇതിലും പഴയതു ഉണ്ടെങ്കിൽ തന്നാൽ മതി... "

അവളുടെ മറുപടി കേട്ടപ്പോൾ ഞാനും സിനുവും മുഖത്തോടു മുഖം നോക്കി....

       " ഇത്ര നല്ല ഡ്രെസ്സുകളൊന്നും ജീവിതത്തിൽ ഞങ്ങൾ ഇട്ടിട്ടില്ല ചേച്ചീ.... "

അവളത് പറഞ്ഞപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി....

     " നിനക്കറിയുമോ സുനന്ദേ... ഒരു പതിനഞ്ച് വർഷം മുൻപ് ഈ നാട്ടിൽ ഒരു കുടുംബം ഉണ്ടായിരുന്നു... കൂലിപ്പണി എടുക്കുന്ന മദ്യപാനി ആയ അച്ഛനും പുറം ലോകത്തെ കുറിച്ചു യാതൊരു വിവരവുമില്ലാത്ത അമ്മയും അവരുടെ മൂന്നു മക്കളും.... ജോലി ചെയ്തു കിട്ടുന്ന പാതി കാശ് അച്ഛൻ കള്ളുഷാപ്പിൽ കൊടുക്കും... 
പിന്നെ ബാക്കി പാതിക്കാണ് അഞ്ചു വയറുകളുടെ ജീവിതവും ആ കുട്ടികളുടെ പഠനവും അങ്ങനെ എല്ലാം നടക്കേണ്ടത്.... സ്‌കൂളിലെ ഉച്ചക്കഞ്ഞി അന്ന് അമൃതായിരുന്നു... അതിലും നല്ലൊരു ഭക്ഷണം അന്ന് ആ കുട്ടികൾക്ക് കഴിക്കാൻ കിട്ടിയിട്ടില്ല....
ഒരു നല്ല ഡ്രെസ്സ് കിട്ടുന്നത് ഓണത്തിനും വിഷുനും മാത്രമാണ്... അതും നല്ലനാളിന്റെ തലേ ദിവസം ഫുട്പാത്തിൽ പോയി വാങ്ങിക്കുന്നത്... ഒരലക്ക് കഴിയുമ്പോഴേക്കും അതിന്റെ നിറം മങ്ങിയിട്ടുണ്ടാകും.... പിന്നെ
വീട്ടിൽ നിന്നിടാൻ അമ്മ കുടുംബത്തിലെ മുതിർന്ന ചേച്ചിമാരുടെ പാകമാകാത്ത ഉടുപ്പുകൾ വാങ്ങി കൊണ്ടുവരും.. 
അടിവസ്ത്രം വരെ സ്‌കൂളിൽ നിന്ന് വന്നാൽ കഴുകി ഉണക്കി പിറ്റേന്നത്തേക്ക് ഇടേണ്ടി വരുന്ന അവസ്ഥ ആയിരുന്നു അന്ന്... 
അച്ഛനൊരു ദിവസം ജോലി ഇല്ലെങ്കിൽ അന്ന് അടുപ്പ് പുകയില്ല... 
അതിനിടയിൽ നല്ല വസ്ത്രം വേണമെന്ന് സ്വപ്നം കാണാൻ പോലും കഴിയില്ലായിരുന്നു... 
സ്‌കൂളിൽ പഠിക്കുമ്പോൾ കളർ ഡ്രസ് ഇട്ടു പോകേണ്ട ദിവസവും യൂണിഫോ ഇട്ടു പോകും... 
 കളറാണ് ഇടേണ്ടിയിരുന്നത്  മറന്നു പോയെന്ന് പറയും.... 
കൂട്ടുകാരുടെ കൂടെ അവധി ദിവസങ്ങളിൽ ഒന്നു പുറത്തു പോകാൻ വരെ മടി ആയിരുന്നു... എല്ലാവരും നിറമുള്ള വസ്ത്രം ധരിക്കുമ്പോൾ ആ കുട്ടികൾ പഴയതു മാത്രം ധരിച്ചു.... പ്രീഡിഗ്രിയുടെ സെന്റോഫിന് ധരിക്കാനായി ഒരു നല്ല ചുരിദാർ തരുമോ എന്നു വല്യമ്മയുടെ മോളോട് ചോദിച്ചപ്പോൾ എന്റെ ഡ്രെസ്സുകൾ മറ്റുള്ളവർ ധരിക്കുന്നത് എനിക്കിഷ്ടമല്ല എന്നു അവർ മുഖത്ത് നോക്കാതെ പറഞ്ഞു... അന്ന് കരഞ്ഞത്രയും പിന്നീട് ഒരിക്കലും അവൾ കരഞ്ഞിട്ടുണ്ടാകില്ല... പിറ്റേന്ന് കോളേജിൽ പോകാതിരുന്ന ആ കുട്ടിക്ക് അയൽവാസിയായ ആയിഷത്ത അവരുടെ പഴയൊരു സാരി കൊടുത്തു... ഒരു കറുപ്പ് കളർ ബ്ലൗസും... പാകമല്ലാത്ത ആ ബ്ലൗസ് അവൾ തന്റെ കയ്യാൽ തുന്നി പാകമാക്കി എടുത്തു... പിന്നീട് മൂന്നു വർഷം അമ്മയുടെ പഴയ സാരികൾക്കൊപ്പം  അവൾ ആ ബ്ലൗസ് ഉപയോഗിച്ചു... പിന്നീട് ആ കുട്ടി വളർന്നു... പഠിച്ചു നല്ല ജോലി വാങ്ങി.... എങ്കിലും അന്നത്തെ ആ കുട്ടി ആയിരുന്ന ഇന്നത്തെ ഈ അമ്മയുടെ മോൾക്ക് ഇങ്ങനെയേ ചിന്തിക്കാൻ കഴിയുകയുള്ളൂ സുനന്ദേ... അന്നത്തെ ആ കുട്ടി ഈ ഞാൻ തന്നെയാണ്.... "

പറഞ്ഞു കഴിഞ്ഞതും സിനുമോൾ എന്നെ വന്നു കെട്ടിപിടിച്ചു....

      " സാരമില്ല അമ്മാ... അന്ന് അനുഭവിച്ച വിഷമങ്ങൾക്കു ദൈവം അമ്മക്ക് ഇന്ന് സന്തോഷം തരുന്നില്ലേ... എല്ലാവരെയൊന്നും സഹായിക്കാൻ നമുക്ക് പറ്റില്ല എന്നാലും നമ്മളെ ചുറ്റിനിൽക്കുന്നവർക്കെങ്കിലും ഒരു കൈ താങ്ങേകാൻ ഉള്ള ശേഷി അമ്മക്ക് തന്നില്ലേ... "

      " അതേ... എങ്കിലും തിരക്കുകൾക്കിടയിൽ എനിക്കതിനു കഴിഞ്ഞില്ലല്ലോ മോളേ.... "

അവളൊന്നും മിണ്ടിയില്ല....

      " സുനന്ദേ, ഇന്ന് മുതൽ ഇവിടെ ഭക്ഷണം ഉണ്ടാക്കുമ്പോൾ നി നാലുപേർക്കുള്ളത് അധികം ഉണ്ടാക്കിക്കോ... വൈകീട്ട് വീട്ടിലേക്കു പോകുമ്പോൾ നിനക്ക് കൊണ്ടുപോകാൻ.... "

എന്റെ പ്രസ്താവന കേട്ട സുനന്ദക്ക് അമ്പരപ്പാണുണ്ടായത്... അവളുടെ തോളിൽ തട്ടി കൊണ്ടു ഞാൻ പറഞ്ഞു

      " ഒരാളെ എങ്കിലും എന്റെ അന്നത്തെ അവസ്ഥയിൽ നിന്നും കരകയറ്റാൻ എനിക്ക് കഴിയുക ആണെങ്കിൽ അത് തരുന്ന സന്തോഷത്തോളം വേറൊന്നും എനിക്കീ ജന്മം ഉണ്ടാകില്ല ... "

സുനന്ദക്ക് ധരിക്കാനായി എന്റെ വസ്ത്രങ്ങൾ നൽകുമ്പോൾ എന്റെ കൈ വിറച്ചില്ല... അതിനോടൊപ്പം ശമ്പളത്തിന് പുറമെ അവൾക്കും അവളുടെ മകൾക്കും ഇഷ്ടമുള്ളത് വാങ്ങിച്ചോ എന്നു പറഞ്ഞു അവളുടെ മൂന്നു മാസത്തെ ശമ്പളം അധികമായി നൽകുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു... എന്റെയും....
അവസാനിച്ചു..
ശിവന്യ 
Picture credit google

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്