നിലാവ് FULL PART

നിലാവ്
FULL PART

"ഒരു രൂപയ്ക്ക് വേണ്ടി ചേട്ടൻ കുറേ നേരമായല്ലോ വായിട്ടലക്കുന്നത്.ആ അമ്മച്ചിടെ കൈയിൽ ഇല്ലാതെയല്ലേ?"

ഫുട്ബോർഡിൽ നിന്ന് മുന്നോട്ടു കയറി വന്ന് ചൂടായി ചോദിച്ച ആ പെൺക്കുട്ടിയെ കണ്ടക്ടർ കുറച്ചു നേരം നോക്കി നിന്നു.

യാത്രക്കാരിൽ നിന്ന് ചിരിയും മർമ്മരവും ഉയർന്നതോടെ കണ്ടക്ടർക്ക് തൊലിയുരിയുന്നതു പോലെ തോന്നി.

"നീ വെറും പെണ്ണായി പോയി "

ജാള്യതയിൽ നിന്ന് രക്ഷപ്പെടാൻ കണ്ടക്ടർ പതിയെ പല്ലിറുമ്മി  പറഞ്ഞപ്പോൾ അവൾ ശബ്ദത്തിൽ ചിരിച്ചു.

"ഓ - ഭാഗ്യം! ചേട്ടനിക്ക് അങ്ങിനെ തോന്നിയല്ലോ? പക്ഷേ എൻ്റെ മമ്മിയും, ഡാഡിയും പറയുന്നത് ഞാൻ ആണാണെന്നാ "

അവളുടെ മറുപടി കേട്ടതോടെ,വീണ്ടും യാത്രക്കാരിൽ നിന്ന് ചിരിയുതിർന്നപ്പോൾ കണ്ടക്ടർ ഉരുകിയൊലിച്ചു

"ദാ ചേട്ടാ അമ്മച്ചി ബാക്കി തരാനുള്ള ആ ഒരു രൂപ "

ഒരു പുഞ്ചിരിയോടെ
നിലാവ് കണ്ടക്ടർക്കു നേരെ പൈസ നീട്ടുന്നതിനിടെയാണ്, ഇവിടെ നടക്കുന്ന ബഹളങ്ങളൊക്കെ ശ്രദ്ധിച്ച്, തിരിഞ്ഞു നോക്കുന്ന ഡ്രൈവറെ കണ്ടതും,ഞെട്ടിയതും !

" ൻ്റെ പൊന്നു സുഗുണൻ ചേട്ടാ മുന്നോട്ടു നോക്കി വണ്ടി ഓടിക്ക്. എത്ര ജീവനാ ഇതിലുള്ളത് എന്നറിയോ?"

നിലാവിൻ്റെ ചോദ്യം കേട്ടതും, പേടിയോടെ
സുഗുണൻ ക്ലച്ചമർത്താതെ ഗിയറിട്ടു.

" കപ്പ പറിക്കുന്നതു പോലെ ഗിയറിട്ടു, ബോക്സ് കേടാക്കിയാൽ ഇനി സ്വയം നന്നാക്കേണ്ടി വരും.മാനേജർ അങ്കിളിൻ്റെ സ്വഭാവം അറിയാമല്ലോ?"

ഡ്രൈവർ സീറ്റിനരികിൽ വന്നു നിന്നു നിലാവ് അങ്ങിനെ പറഞ്ഞപ്പോൾ, കണ്ടക്ടർ സംശയത്തോടെ അവളെ നോക്കി.

"ചേട്ടൻ പുതിയ ആളാണ് അല്ലേ? എവിടെയോ കണ്ടു മറന്നൊരു രൂപമുണ്ട് ചേട്ടന് "

നിലാവ് പറഞ്ഞതു കേട്ടപ്പോൾ കണ്ടക്ടർ ഒന്നും മനസ്സിലാവാതെ ഡ്രൈവറെ നോക്കി.

" ഈ ബസ്സടക്കം ഏഴ് ബസ്സ് ഉള്ള നിലാവ് ട്രാവൽസിൻ്റെ ഓണറാ ഈ കാന്താരി. 
മിസ് നിലാവ് വാസുദേവ്. "

"സോറി. ഞാൻ അറിയാതെ "

കണ്ടക്ടർ വിഷമത്തോടെ പറഞ്ഞപ്പോൾ നിലാവ് സാരമില്ലായെന്ന അർത്ഥത്തിൽ പുഞ്ചിരിയോടെ കണ്ണടച്ചു.

ആ പുഞ്ചിരിയ്ക്ക്, കാർമേഘക്കൂട്ടങ്ങൾക്കിടയിൽ നിന്ന് തെളിഞ്ഞു വരുന്ന ചന്ദ്രികയുടെ ചേലുണ്ടെന്ന് അവന് തോന്നി.

കുട്ടിക്കാലത്ത്, അമ്മ കാണിച്ചു തരുന്ന അമ്പിളി അമ്മാവൻ്റെ ആർദ്രതയും അവൻ നിലാവിൽ കണ്ടു.

"ഇവൻ്റെ പേര് രാജേഷ് എന്നാണ് മോളെ.
നിങ്ങളുടെ അടുത്തുള്ള കോളനിയിൽ താമസമാക്കിയിട്ട് രണ്ട് ദിവസമേ ആയിട്ടുള്ളൂ. ഇവൻ്റെ കൈയിൽ നിന്ന് എന്തെങ്കിലും തെറ്റ് വന്നിട്ടുണ്ടെങ്കിൽ മോൾ ക്ഷമിച്ചേക്കണം"

സുഗുണൻ പറഞ്ഞപ്പോൾ അവൾ പുഞ്ചിരിയോടെ രാജേഷിനെ നോക്കി.

"എനിക്ക് എന്തോ ഇഷ്ടായി ഈ ചേട്ടനെ. ഇനിയും ഇതുപോലെ തല്ലുകൂടണമെന്ന് ആഗ്രഹവുമുണ്ട്. പക്ഷെ "

പറഞ്ഞു വന്ന വാചകം പൂർത്തിയാക്കാതെ
അവൾ രാജേഷിനെ തന്നെ നോക്കി നിന്നു പതിയെ തലയാട്ടിയപ്പോൾ ആ മിഴികൾ എന്തിനാണെന്നറിയാതെനിറഞ്ഞു തുടങ്ങിയിരുന്നു.

"നാളെ ഉച്ചയ്ക്ക് മമ്മിയുടെയും, ഡാഡിയുടെയും ഒപ്പം ഞാൻ ദുബായിലേക്ക് പോകുകയാണ് സുഗുണൻ ചേട്ടാ "

അരുതാത്തതെന്തോ കേട്ടതുപോലെ,സുഗുണൻ അവിശ്വസനീയതയോടെ അവളെ നോക്കുമ്പോൾ, ആ വിടർന്ന മിഴികളിൽ നീരുറവ പൊടിയുന്നതയാൾ കണ്ടു.

അതുവരെ കലപിലയിലമർന്നിരുന്ന ബസിനകം നിശബ്ദമായി.

ഒരു രൂപ കൊടുക്കാനില്ലാതെ വിഷമിച്ചിരുന്ന അമ്മച്ചി, ഒരു തേങ്ങലോടെ വന്ന് അവളെ കെട്ടിപ്പിടിച്ചു.

സുഗുണൻ ചേട്ടനും, ഒന്നും പറയാതെ വിദൂരതയിലേക്കും നോക്കി, സ്റ്റിയറിംഗ് പിടിച്ചിരുന്നു.

ഗ്രാമങ്ങളുടെ ഇടയിലൂടെയുള്ള ടാറിട്ട ചെറിയ റോഡിലൂടെ, വളവുകളും, തിരിവുകളും പിന്നിട്ട് ആ ബസ് പതിയെ നീങ്ങികൊണ്ടിരുന്നു.

ഓരോ സ്റ്റോപ്പ് എത്തുമ്പോഴും, വണ്ടി നിൽക്കുന്നതും, ആളുകൾ ഇറങ്ങുന്നതും, കയറുന്നതും ഒരു സ്വപ്നത്തിലെന്നവണ്ണമായിരുന്നു തോന്നിയിരുന്നത്.

നിശബ്ദമായ ആ അന്തരീക്ഷത്തിലേക്ക് മഴ ശബ്ദം പൊടുന്നനെ ആർത്തലച്ചു വന്നു.

ഫ്രണ്ട്ഗ്ലാസ്സിനു മുന്നിൽ കുതിച്ചൊഴുകുന്ന വെള്ളത്തുള്ളികളെയും നോക്കി നിന്ന നിലാവിൻ്റെ മിഴികളും നിറഞ്ഞുതുളുമ്പി.

"ഇവിടെ നിന്ന് പോയാൽ ഈ മഴകാഴ്ചകളൊക്കെ ഒരു സ്വപ്നമായി മാറും അല്ലേ സുഗുണൻ ചേട്ടാ?"

നിലാവിൻ്റെ ചോദ്യത്തിന് ഉത്തരം പറയാൻ കഴിയാതെ, അയാളുടെ ഉള്ളിലും ഒരു സങ്കടപെരുമഴ ആർത്തു പെയ്യുകയായിരുന്നപ്പോൾ.

ഇത്രയേറെ ഗ്രാമവാസികൾ നെഞ്ചോട് ചേർക്കുന്ന നിലാവ് എന്ന പെൺക്കുട്ടി ഒരു അത്ഭുതമായി തോന്നി രാജേഷിന്.

കാണാൻ അത്ര ഭംഗിയൊന്നുമില്ലാത്ത ഇവളുടെ മനസ്സ്, വളരെ സുന്ദരമായിരിക്കും.

അതുകൊണ്ടാണല്ലോ, ഈ നിഷ്കളങ്കർ ഇവളെ ഇത്രമാത്രം സ്നേഹിക്കുന്നത് ?

ഓരോന്നും ഓർത്ത് കമ്പിയിൽ ചാരി നിന്ന രാജേഷ് ഓർമ്മകളിൽ നിന്നു ഞെട്ടിയുണർന്നത്, ഒരു വലിയ വീടിനു മുന്നിൽ ബസ് ബ്രേക്കിട്ടപ്പോഴാണ്.

എല്ലാവരോടും നിറഞ്ഞ കണ്ണുകളോടെ യാത്ര പറഞ്ഞു പോകുന്ന അവൾ ഒരു നിമിഷം തിരിഞ്ഞു നിന്നു രാജേഷിനെ നോക്കിയതും അവൻ അറിയാതെ പുഞ്ചിരിച്ചു.

കണ്ണീർ തുടച്ചുകൊണ്ട്, തിരിഞ്ഞു നോക്കി അവൾ ആ വലിയ ഗേറ്റ് കടന്നപ്പോൾ, ഹൃദയത്തിലൊരു ശൂന്യത അനുഭവപ്പെട്ടു അവന്.

നിലാവിനോട്,ഒരിത്തിരി ദേഷ്യം തോന്നിയിരുന്നുവെങ്കിലും, ഇപ്പോൾ അതെല്ലാം മാറി സങ്കടാവസ്ഥയിലാണ് മനസ്സ്.

ആ നോട്ടം....

എത്രയും പ്രിയപ്പെട്ടവർ പിരിഞ്ഞു പോകുമ്പോഴുള്ള കണ്ണീർ നിറഞ്ഞ നോട്ടം.....

പറയാൻ കഴിയാതെ വാക്കുകൾ തൊണ്ടക്കുഴിയിൽ കിടന്ന് വട്ടം കറങ്ങുന്നതു പോലെ തോന്നിയപ്പോൾ, അവൻ നിലത്ത് മലർന്നുകിടന്നു.

മഴമാറി, മാനം തെളിഞ്ഞ് അമ്പിളിമാമൻ നിലാവിൻ്റെ വെട്ട മൊഴുക്കികൊണ്ടിരുന്നു.

അടുത്തുള്ള വിശാലമായ പാടത്തിനു മുകളിൽ മിന്നാമിന്നി കൂട്ടം നൃത്തം വെക്കുന്നുണ്ട്.

"നീ ഇതൊന്ന് പിടിപ്പിച്ചേ, മഴയെത്തും മുൻപെ എനിക്കു കൂടണയണം"

ഡ്രൈവർ സുഗുണൻ്റെ സംസാരം കേട്ടപ്പോൾ, രാജേഷ് ചിന്തകളിൽ നിന്നുണർന്ന്, അയാളിൽ നിന്ന് മദ്യഗ്ലാസ്സ് വാങ്ങി.

"ഇവിടെ ഇരുന്നുള്ള 
കള്ള്കുടി നിലാവ്മോൾ പോയാൽ  തീർന്നു. ആ മാനേജർ ആളൊരു മുരടനാ "

വിഷമത്തോടെ സുഗുണൻ ചേട്ടൻ ആത്മഗതമെന്നോണം പറയുമ്പോൾ, അവൻ്റെ കണ്ണുകൾ ബസ് ഷെഡ്ഡിനുള്ളിൽ അലഞ്ഞു നടക്കുകയായിരുന്നു.

നാലഞ്ച് ബസ്സുകൾ ഉണ്ട്. ടയറുകളും മറ്റും അങ്ങിങ്ങായി കിടക്കുന്നുണ്ട്.

" ദുബായിയിൽ വലിയൊരു കമ്പനി നടത്തുന്ന വാസുദേവൻ മുതലാളിക്ക് ഈ ബസ് സർവീസിൻ്റെ ആവശ്യമൊന്നുമില്ല. ഒരിക്കൽ തൊഴിലാളികളുടെ പ്രശ്നം കാരണം നിർത്താൻ പോയതുമാണ് "

ഗ്ലാസിൽ പകുതിയോളം ഒഴിച്ച മദ്യം, വെള്ളം ഒഴിക്കാതെ ഒറ്റവലിക്ക്  കുടിച്ച സുഗുണൻ, കൈയിലുണ്ടായിരുന്ന കപ്പലണ്ടി ഒരു നുള്ള് എടുത്ത് വായിലേക്ക് എറിഞ്ഞു ചവയ്ക്കാൻ തുടങ്ങി.

" ബസ്സ് സർവീസ് നിർത്തിയാൽ കുറെ പാവങ്ങൾ പട്ടിണിയാകുമെന്ന് പറഞ്ഞ്,അന്ന് ഈ നിലാവ് മോൾ ആണ് എതിർത്തത്. മോൾ പറഞ്ഞാൽ അതിനപ്പുറത്തേക്ക് ഒരു വാക്കില്ല മുതലാളിക്ക് "

ഒന്നു നിർത്തി സുഗുണൻ അടുത്ത ഗ്ലാസ്സും വായിലേക്ക് കമഴ്ത്തി 
ചിറി തുടച്ചു.

"നാട്ടുക്കാർക്ക് അവളോടുള്ള സ്നേഹം നീ ഇന്നു കണ്ടതല്ലേ?  പേര് പോലെ തന്നെയാണ് മോൾ. ഈ ഗ്രാമത്തിൻ്റെ നിലാവ് "

സുഗുണൻ ചേട്ടൻ്റെ ശബ്ദം കുഴഞ്ഞു തുടങ്ങിയിരുന്നപ്പോൾ.

" വല്യ പഠിപ്പൊക്കെയുണ്ടെങ്കിലും അതിൻ്റെ ഒരു ഗർവുമില്ല ൻ്റെ മോൾക്ക്. ഒഴിവുള്ള ദിവസങ്ങളിൽ അവൾ ഇന്നു വന്നതു പോലെ നമ്മുടെ ബസ്സിൽ വരും. ഓരോരുത്തരോടും വാ തോരാതെ സംസാരിക്കും. അതല്ലെങ്കിൽ നീ താമസിക്കുന്ന കോളനിയിൽ ഓരോരുത്തരുടെയും സുഖവിവരങ്ങൾ അന്വേഷിച്ച് നടക്കും"

ഒരു അത്ഭുത കഥ കേൾക്കുന്നതു പോലെ രാജേഷ് അയാളെ കേട്ടിരുന്നു.

" മുതലാളി ഇവിടുത്തെക്കാരനല്ല. ദൂരേന്ന് വന്നതാ. ഒരുപാട് പ്രാർത്ഥനകൾക്കും, വഴിപാടുകൾക്കും ശേഷം, വർഷങ്ങൾ കഴിഞ്ഞാണ് മോൾ ഉണ്ടായതെന്നു ഇവിടുള്ളവർ പറയുന്നു "

സങ്കടത്തോടെ പറഞ്ഞുക്കൊണ്ട് ഗ്ലാസിലേക്ക് മദ്യം നിറയ്ക്കുന്ന സുഗുണൻ ചേട്ടൻ്റെ കൈ വല്ലാതെ വിറയ്ക്കുന്നത് രാജേഷ് കണ്ടു.

"മോൾ പോയി കഴിഞ്ഞാൽ ഞാൻ ഇവിടുത്തെ ജോലി വിടും. ആ മാനേജർ സുദേവനുമായി യോജിച്ച് പോകാൻ കഴിയില്ല എനിക്ക് "

സുഗുണൻ, രാജേഷിനരികിലായ് ചേർന്നിരുന്നു.

"മോളും, സുദേവൻ്റെ മകനും തമ്മിൽ ഇഷ്ടത്തിലാണെന്ന് ഇവിടെ ചിലർ പറയുന്നുണ്ട്.ഞാനതു വിശ്വസിക്കില്ല. അവൻ പക്കാ ഫ്രോഡ് ആണ്. അവന് ഇല്ലാത്ത ദു:ശീലങ്ങൾ ഇല്ല"

സുഗുണനിൽ നിന്ന് ആ വാചകമുയർന്നതോടെ അതുവരെ തൊടാതിരുന്ന മദ്യഗ്ലാസ് എടുത്ത് രാജേഷ് വായിലേക്കു കമഴ്ത്തി.

ഒരു തീഗോളം താഴോട്ടേക്കിറങ്ങുന്നതു പോലെ തോന്നിയെങ്കിലും, അവൻ്റെ മനസ്സിലപ്പോൾ, കണ്ണീരോടെ വിട പറയുന്ന നിലാവിൻ്റെ മുഖമായിരുന്നു.

പതിവില്ലാത്ത കുടിയും കഴിഞ്ഞ്, സുഗുണൻ ചേട്ടനോട് യാത്രയും പറഞ്ഞ് രാജേഷ് ബൈക്കിനടുത്തേക്ക് നടക്കുമ്പോൾ, കൊട്ടാര സദൃശ്യമായ ആ വീട്ടിൽ, ജനൽ തുറന്ന് പുറത്ത് ഒഴുകിപ്പടരുന്ന പാൽവെളിച്ചത്തിലേക്ക് നോക്കി നിൽക്കുകയായിരുന്നു നിലാവ്!

ബസ്സിലെ,യാത്രക്കാർക്കു മുന്നിൽ കണ്ടക്ടർ ബാഗും പിടിച്ച്, അപമാനിതനായി നിൽക്കുന്ന രാeജഷിൻ്റെ മുഖം ,അവളുടെ മനസ്സിൽ വല്ലാത്ത വേദനയുണർത്തിക്കൊണ്ടിരുന്നു.

" മോൾക്ക് ദുബായിലേക്ക് വരാൻ ഇഷ്ടമില്ലെങ്കിൽ വരണ്ട. ഇവിടെ മുത്തച്ഛനോടും, മുത്തശ്ശിയോടും ഒപ്പം നിന്നോ?"

പിന്നിൽ നിന്നുയർന്ന വാസുദേവൻ്റെ ശബ്ദം കേട്ടതും, നിലാവ് കണ്ണീർ തുടച്ച് ആ നെഞ്ചിലേക്ക് ചാഞ്ഞു.

" ബസ്സിൽ നിന്നിറങ്ങി വീട്ടിലേക്കു വന്നതിൽ പിന്നെ എൻ്റെ മോളുടെ മുഖം തെളിഞ്ഞു ഡാഡി കണ്ടിട്ടില്ല"

തന്നെ ചുറ്റിവരിഞ്ഞിരിക്കുന്ന മോൾ തേങ്ങുകയാണെന്നറിഞ്ഞ അയാൾ, അവളുടെ പുറത്ത് പതിയെ തലോടി.

"ഈ ഒരു പോക്കോടു കൂടി അവിടെത്തെ ബിസിനസ്സ് ഡാഡി നിർത്തുകയാണ്. എനിക്കും, മമ്മിക്കും നിന്നെക്കാൾ വലുതല്ലല്ലോ മറ്റൊന്നും "

വാസുദേവൻ്റെ വാക്ക് കേട്ടതോടെ നിലാവ് പൊട്ടിക്കരഞ്ഞു.

എല്ലാം കേട്ട് വാതിലിനപ്പുറത്ത് നിന്ന വീണ അവർക്കടുത്തേക്ക് പതിയെ നടന്നുവന്നു.

മമ്മിയെ കണ്ടതും, കണ്ണീർ തുടച്ച് നിലാവ് അവരുടെ കവിളിൽ അമർത്തി ചുംബിച്ചു.

"ഈ മമ്മിയെ കണ്ടാൽ പ്രായം തോന്നാത്തത് എന്താണ് ഡാഡീ? ശരിക്കും എന്നെ പ്രസവിച്ചത് മമ്മി തന്നെയാണോ?'

നിലാവിൻ്റെ വാക്ക് കേട്ടതും ചിരിയോടെ വാസുദേവൻ, വീണയെ നോക്കിയെങ്കിലും, അവൾ ഒന്നുമറിയാത്ത പോലെ മകളെ മാറോട് ചേർത്ത് തഴുകുകയായിരുന്നു.

പൊടുന്നനെ വാസുദേവൻ്റെ മൊബൈൽ റിംഗ് ചെയ്തതും, അയാൾ കാതോരം ചേർത്തു.

"മോളൂ ഡാഡിയിപ്പോൾ വരാം.വീണേ കോളനിക്കു മുന്നിൽ ഒരു ബൈക്ക് ആക്സിഡൻറ്. ഞാൻ അവരെ ഹോസ്പിറ്റലിൽ ആക്കിയിട്ട് വരാം "

വാസുദേവൻ ധൃതിയിൽ താഴോട്ട് നടക്കാനൊരുങ്ങിയതും, നിലാവ് ആ കൈ പിടിച്ചു.

"ഡാഡിക്കും, മമ്മിക്കും നാളെ ദുബായിലേക്കു പോകണ്ടതല്ലേ. ഉറക്കം കളയണ്ട "

വാസുദേവൻ മറുപടി പറയും മുൻപെ, നിലാവ് താഴോട്ടേക്കിറങ്ങി.

വീണയും, വാസുദേവനും സ്തംഭിച്ചു നിൽക്കെ പോർച്ചിൽ നിന്നു കാർ ശരവേഗതയിൽ പുറത്തേക്കു പാഞ്ഞു പോകുന്നതിൻ്റെ ശബ്ദം അവർ കേട്ടു .

കോളനിക്കു മുന്നിലെ ഇലക്ടിക്ക്പോസ്റ്റിൽ ഇടിച്ചു കിടക്കുന്ന ബൈക്കിനെ, കാറിൻ്റെ വെളിച്ചത്തിൽ നിലാവ് ദൂരേ നിന്ന് കണ്ടു.

ബൈക്ക് കിടന്നിരുന്നിടത്ത് നിന്ന് കുറച്ചു മാറി വട്ടമിട്ടു നിൽക്കുന്ന ജനങ്ങൾക്കരികിലായ് അവളുടെ കാർ പാഞ്ഞു വന്നു നിന്നു.

അവൾ വില കൂടിയ ആ കാറിൻ്റെ ബാക്ക്ഡോർ  തുറന്നതും, രണ്ടുമൂന്നാളുകൾ ചേർന്ന് രക്തത്തിൽ കുളിച്ചു കിടക്കുന്ന ഒരു മനുഷ്യനെ പിൻസീറ്റിലേക്ക് കിടത്തി.

ചേച്ചി മുന്നിലിരുന്നോയെന്ന് പറഞ്ഞപ്പോൾ ഒരു മദ്ധ്യവയസ്ക്കയായ ഒരു സ്ത്രീ തൻ്റെ അടുത്ത് വന്നിരിക്കുന്നത് അവൾ കണ്ടു.

ദൈന്യത നിറഞ്ഞ ആ മുഖത്തേക്ക് നിലാവ് ഒരു മാത്ര  നോക്കിയപ്പോൾ, ആ കണ്ണുകൾ നിറഞ്ഞു തൂവുന്നത് അവൾ കണ്ടു.

അവൾ പതിയെ സീറ്റിലമർന്നിരിക്കുന്ന ആ കൈകൾക്കു മീതെ കൈ വെച്ചതും, ഒരു ഞെട്ടലോടെ ആ സ്ത്രീ അവളെ നോക്കി.

" അമ്മ പേടിക്കണ്ട.
ചേട്ടന് ഒരു കുഴപ്പവും ഉണ്ടാകില്ല."

ആ ആശ്വാസത്തിൽ മനസ്സ് കുളിർന്നു പോയത് അവർ അറിഞ്ഞു.

"മോളേ നമ്മുടെ ബസ്സിലെ പുതിയ കണ്ടക്ടർക്കാണ് പരിക്ക് പറ്റിയിട്ടുള്ളത്. ആൾ ഇത്തിരി വെള്ളത്തിലായിരുന്നു."

പിറകിൽ നിന്നു ആരോ പറഞ്ഞപ്പോൾ, ആക്സിലേറ്ററിലേക്ക് അവളുടെ കാൽ അമർന്നു.

ഇലക്ട്രിക്ക് പോസ്റ്റുകളിലെ വെട്ടം, ഒരുമിന്നായം പോലെ പുറകോട്ടേക്കു പോകുന്നതു കണ്ട് ആ സ്ത്രിയുടെ കണ്ണുതുറിച്ചു.

" ൻ്റെ മോനാ രാജേഷ്. ഹാർട്ടിന് അസുഖമുള്ളോനാ. എന്നിട്ടാണ് കുടിച്ച് ബോധമില്ലാതെ "

ആ സ്ത്രീയുടെ വാക്കുകൾ നിലാവ് കേൾക്കുന്നുണ്ടെങ്കിലും അവയ്ക്ക് ഉത്തരം പറയാതെ അവളുടെ കണ്ണുകൾ എതിരെ വരുന്ന വണ്ടികളിലെ പ്രകാശത്തിലേക്ക് നീണ്ടു കിടക്കുകയായിരുന്നു.

അസംഖ്യം വാഹനങ്ങൾക്കിടയിലൂടെ, തൻ്റെ മകൻ്റെ ജീവൻ രക്ഷിക്കാൻ വേണ്ടി
റോക്കറ്റ് പോലെ കുതിക്കുന്ന കാറിനെ നിയന്ത്രിക്കുന്ന പെണ്ണിനെ ആ,സ്ത്രീ കണ്ണെടുക്കാതെ  നോക്കിയിരുന്നു.

 ഹോസ്പിറ്റലിൻ്റെ പോർച്ചിലേക്ക് കാർ  ഇരമ്പലോടെ കയറി നിന്നതും, കാത്തിരുന്ന പോൽ,ഒരു സ്ട്രെക്ചർ അവർക്കരികിലേക്ക് ഒഴുകിയെത്തി.

സ്ടെക്ചർ,കാഷ്വാലിറ്റിയിലേക്ക് കടന്നപ്പോൾ, സുന്ദരിയായ ഒരു ഡോക്ടർ ഉറക്കച്ചടവോടെ അവിടേക്ക് കടന്നു വന്നു.

ഡോക്ടർ, രാജേഷിനെ പരിശോധിക്കുന്നതിനിടയിൽ നിലാവിൻ്റെ ഫോണിലേക്ക് തുരുതുരാ കോൾ എത്തിയതും, അവൾ മൊബൈൽ 
സ്വിച്ച്ഡ്ഓഫ് ചെയ്തു.

പരിശോധനകൾക്കു ശേഷം ഡോക്ടർ, നിലാവിനെ നോക്കി പുഞ്ചിരിച്ചു.

"വല്യ പരിക്ക് ഒന്നും കാണാനില്ല. ഇനി എക്സറെ എടുത്ത് നോക്കിയാൽ മാത്രമേ വല്ല സ്ക്രാച്ചും മറ്റും അറിയാൻ പറ്റൂ "

"എല്ലാ ടെസ്റ്റും നടത്തണം പ്രിയാ! അതിനു വേണ്ടിട്ടു കൂടിയാ ഗവർമെണ്ട് ഹോസ്പിറ്റലിലേക്ക് പോകാതെ ഇവിടെ തന്നെ വന്നത്-.പോലീസ് കേസും മറ്റും ഞാൻ സോൾവ് ചെയ്തോളാം. നീ പേടിക്കണ്ട "

ഡോക്ടർ കുറച്ചു നേരം നിലാവിൻ്റെ കണ്ണിലേക്ക് നോക്കി.

"നിൻ്റെ ആരാ ഈ രോഗി?"

"അങ്ങിനെ ചോദിച്ചാൽ ഇപ്പോൾ പറയാൻ എൻ്റെ കൈയിൽ ഒരു ഉത്തരമേയുള്ളൂ. എൻ്റെ ബസ്സിലെ കണ്ടക്ടർ "

പൊടുന്നനെ അവർക്കിടയിലേക്ക് രാജേഷിൻ്റെ അമ്മ വന്നു.

" ഡോക്ടർ രാജേഷിൻ്റെ അമ്മ വാസന്തിയാണ് ഞാൻ. എൻ്റെ മകന് കുഴപ്പം വല്ലതും?"

ഡോക്ടർ പുഞ്ചിരിയോടെ അവരെ നോക്കി.

"പേടിക്കാനുള്ള ഒരു കുഴപ്പവും ഇപ്പോൾ ഇല്ല അമ്മേ. ഇനിയൊട്ട് പേടിക്കേണ്ട കാര്യവുമില്ല. നിലാവ് വാസുദേവനാണല്ലോ ഈ കേസ് ഏറ്റെടുത്തിട്ടുള്ളത് !

ഡോക്ടർ പ്രിയയുടെ അർത്ഥം വെച്ചുള്ള സംസാരം നിലാവിന് വല്ലാത്ത അസ്വസ്ഥതയുളവാക്കി.

"നിനക്ക് അത്ര പേടിയാണെങ്കിൽ രോഗി രണ്ട് ദിവസം ഇവിടെ കിടക്കട്ടെ "

നിലാവിനോട് പറഞ്ഞ് കൊണ്ട് ഡോക്ടർ പുറത്തേക്ക് പോയപ്പോൾ, രാജേഷിൻ്റെ അമ്മ നന്ദിയോടെ അവളുടെ കൈ കൂട്ടി പിടിച്ചു.

"ൻ്റെ മോളെ ദൈവം രക്ഷിക്കും"

പറഞ്ഞു തീർന്നതും അവർ കരഞ്ഞു പോയിരുന്നു.

"എനിക്കും ഒരു മോൾ ഉണ്ടായിരുന്നു. ജീവിച്ചിരിക്കാണെങ്കിൽ മോളുടെ അതേ പ്രായം "

" മോൾ എങ്ങിനെയാണ് മരിച്ചത്?"

ആ അമ്മയെ മാറോട് ചേർത്ത് നിലാവ് ചോദിക്കുമ്പോൾ, അവളുടെ മിഴികൾ എന്തിനു വേണ്ടിയോ നിറഞ്ഞിരുന്നു.

"മരിച്ചതല്ല. വിറ്റതാണ് എൻ്റെ അനിയത്തിക്കുട്ടിയെ "

പൊടുന്നനെ രാജേഷിൻ്റെ ശബ്ദം ഉയർന്നതും, നിലാവും, അമ്മയും ഞെട്ടിത്തിരിഞ്ഞു.

" ആ കുഞ്ഞിമുഖം കണ്ട് കൊതി തീരുംമുൻപെ അച്ഛനും അമ്മയും കൂടി  ആർക്കോ വിറ്റു അവളെ "

നിലാവ് ഞെട്ടിത്തെറിച്ചു രാജേഷിൻ്റെ അമ്മയെ നോക്കിയപ്പോൾ, അവർ തല കുനിച്ചിരുന്നു കരയുകയായിരുന്നു.

രാജേഷിൻ്റെ ഇരു കവിളിലൂടെയും കണ്ണീർ ഒഴുകുന്നത് കണ്ട നിലാവ് തൻ്റെ കൈ കൊണ്ട് തുടച്ചുകൊണ്ട് അവനെ നോക്കി ഇരുന്നു.

" എനിക്കറിയാം അമ്മേ അവൾ മരിച്ചതല്ല എന്ന്. കുടിച്ചു വരുന്ന ദിവസങ്ങളിൽ അച്ചൻ പലപ്പോഴും എന്നോടു അമ്മ കേൾക്കാതെ പറയുന്ന ഒരു വാചകമുണ്ട്. അവൾക്കു പകരം ഹാർട്ടിന് തകരാറുള്ള നിന്നെ വിറ്റാൽ മതിയായിരുന്നെന്ന് "

രാജേഷിൻ്റെ വാക്ക് കേട്ടതോടെ ഒരു ഞെട്ടലോടെ അമ്മ അവനെ നോക്കി.

" ഇത്രയും നാൾ ഇത് ഞാൻ  പറയാതിരുന്നത് അമ്മ,വേദനിക്കണ്ടെന്നു കരുതീട്ടാ"

ഒരു മരപ്രതിമ കണക്കെ ആ സ്ത്രീ മകനെ നോക്കിയിരുന്നു.

' കള്ളിനും, കഞ്ചാവിനും, പെണ്ണിനും വേണ്ടി അച്ഛൻ ഇതല്ല ഇതിനപ്പുറം ചെയ്യുമെന്ന് അറിയാം.
പക്ഷെ അമ്മയ്ക്ക് ഞങ്ങളെയും കൊണ്ട് എവിടേക്കെങ്കിലും ഓടിപ്പോകായിരുന്നില്ലേ? അല്ലെങ്കിൽ ഒരു നുള്ളു വിഷത്തിൽ ഒന്നിച്ചു തീരാമായിരുന്നില്ലേ?"

രാജേഷ്
കണ്ണുതുടച്ചുകൊണ്ട് നിലാവിനെ നോക്കി.

" ഇന്ന് ബസ്സിൽ വെച്ച് ഇവളെ കണ്ടപ്പോൾ മറവിയിലൊതുക്കിയിരുന്ന എൻ്റെ അനിയത്തിക്കുട്ടിയെ പറ്റിയുള്ള ഓർമ്മകൾ തികട്ടി വന്നു.ആ വിഷമത്തിലാണ് ഞാൻ പതിവില്ലാതെ കള്ള് കുടിച്ചതും ഈ അപകടമുണ്ടായതും "

രാജേഷ് കിതപ്പോടെ നിർത്തി നിലാവിനെ നോക്കി.

"ഇനി മോൾ പൊയ്ക്കോ! അച്ഛനും അമ്മയും ഉറങ്ങാതെ കാത്തിരിക്കുന്നുണ്ടാവും"

രാജേഷ് പറഞ്ഞപ്പോൾ അവൾ അവനെ സങ്കടത്തോടെ നോക്കി.

"ഇനി അനിയത്തിക്കുട്ടി ഇല്ലായെന്ന് ചേട്ടൻ വിഷമിക്കണ്ട. ഞാൻ ചേട്ടൻ്റെ അനിയത്തിക്കുട്ടി തന്നെയാണ്.അമ്മയുടെ മോളും "

അതും പറഞ്ഞ് വാസന്തിയമ്മയുടെ  തോളിൽ ചാരിയിരിക്കുമ്പോഴും അവിശ്വസനീയമായ ഒരു കഥ കേട്ട ഞെട്ടലിൽ നിന്ന് അവൾ വിമുക്തയായിരുന്നില്ല.

ഒരു അമ്മയ്ക്ക് സ്വന്തം മകളെ വിൽക്കാൻ കഴിയോ?

ആ ചോദ്യത്തിൻ്റെ ഉത്തരമെന്നോണം, മകളുടെ വരവും കാത്ത് ഉറങ്ങാതെ കാത്തിരിക്കുകയായിരുന്നു രണ്ടു പേർ.

"ചേട്ടാ എത്ര നേരമായി മോളെ ഞാൻ വിളിക്കുന്നു. പക്ഷേ ഫോൺ എടുക്കുന്നില്ല. നമ്മൾക്കൊന്ന് ഹോസ്പിറ്റൽ വരെ പോയി നോക്കിയാലോ?"

സങ്കടത്തോടെ വീണ പറഞ്ഞപ്പോൾ, വാസുദേവൻ പതിയെ തലയാട്ടി.

കണ്ണിൽകണ്ട ഡ്രസ്സ് വാരിയുടുത്ത്  താഴേക്കിറങ്ങുമ്പോഴും, അവരുടെ മുഖത്ത് വല്ലാത്ത വിഷമം 
തളംകെട്ടികിടന്നിരുന്നു.

"നീ എന്താണ് വീണാ, മോൾ ഒരു തമാശ പറഞ്ഞിട്ടും ചിരിക്കാതിരുന്നത്?"

കോരിച്ചൊരിയുന്ന മഴയിലേക്കും നോക്കി കാർ ഓടിപ്പിക്കുമ്പോൾ വാസുദേവനിൽ നിന്നുയർന്ന ചോദ്യം കേട്ട് വീണ, ഭർത്താവിനെ നോക്കി.

" മോൾഎന്ത് തമാശ പറഞ്ഞിട്ടാണ് ഞാൻ ചിരിക്കാതിരുന്നിട്ടുള്ളത്? ''

"അമ്മയെ കണ്ടാൽ പ്രായം തോന്നുകയില്ലായെന്നും, അവളെ പ്രസവിച്ചത് മമ്മി തന്നെയാണോ എന്നും " 

വാസുദേവൻ്റെ സംസാരം കേട്ടപ്പോൾ, അവൾ കോരിച്ചൊരിയുന്ന മഴയിലേക്ക് നോക്കിയിരുന്നു'

എതിരെ വരുന്ന വാഹനങ്ങളുടെ പ്രകാശത്തിൽ, അവളുടെ കണ്ണീർ തിളങ്ങി.

" അവൾ പറഞ്ഞതു തമാശയാണോ ദേവേട്ടാ?? ഞാൻ അവളെ 
നൊന്തുപ്രസവിച്ച അമ്മയാണോ?"

ഗദ്ഗദത്തോടെ വീണ ചോദിച്ചപ്പോൾ, വാസുദേവൻ ഉത്തരമെന്നോണം ഇടംകൈകൊണ്ട് ഭാര്യയെ തന്നിലേക്ക് ചേർത്തു പിടിക്കുമ്പോഴാണ് രക്തം മരവിപ്പിക്കുന്ന ആ കാഴ്ച അയാൾ കണ്ടത്.

തങ്ങളുടെ കാറിന് നേർക്ക് പാഞ്ഞു വരുന്ന തടിലോറി.

പാഞ്ഞു വരുന്ന
തടിലോറിക്കു മുന്നിൽ ഒന്നും ചെയ്യാൻ കഴിയാതെ അവർ കണ്ണടച്ചിരുന്നപ്പോൾ, കാർ അന്തരീക്ഷത്തെ പ്രകമ്പനം കൊള്ളിച്ചുക്കൊണ്ട്  ഒന്നു രണ്ട് വട്ടം കറങ്ങി തിരിഞ്ഞ് നിലംപതിച്ചിരുന്നു.

"ഈ പ്രാവശ്യം മൂന്നും കെണിയിൽപെട്ടു"

തടിലോറിക്കു പിന്നിലായ് വന്നിരുന്ന കാറിലിരുന്നു, പപ്പടം പോലെ പൊടിഞ്ഞിരുന്ന കാറിനെ നോക്കി മാനേജർ സുദേവൻ ക്രൂരമായി പുഞ്ചിരിക്കുമ്പോൾ, വാസന്തിയമ്മയുടെ തോളിൽ മയങ്ങി കിടന്നിരുന്ന നിലാവ് വല്ലാത്തൊരു നിലവിളിയോടെ ഞെട്ടിയുണർന്നു.

പോറ്റമ്മയും, അച്ഛനും മരിച്ചതറിയാതെ,  ജാനകിയെയും നോക്കി കണ്ണുമിഴിച്ചിരുന്ന അവളിൽ നിന്ന് കണ്ണീർ മഴ പെയ്തു തുടങ്ങിയിരുന്നപ്പോൾ അവർ പതിയെ അവളുടെ മുഖം തൻ്റെ മാറോട് ചേർത്തു പിടിച്ചു...

നൊന്തു പ്രസവിച്ച തൻ്റെ മകൾ ആണെന്നറിയാതെ..... 

നിലാവ് 2

സെൻട്രൽ ജയിലിൻ്റെ ഗേറ്റിലൂടെ ,ഒരു പെണ്ണ് പുറത്തെ മഴയിലേക്ക് ഓടിയിറങ്ങി ചുറ്റും നോക്കി.

"നിലാവേ" 

ആ അമ്മയും, മകനും നിറഞ്ഞ സന്തോഷത്തോടെ
 ഓരേ ശബ്ദത്തിൽ, ഉച്ചത്തിൽ വിളിച്ചുകൊണ്ടു നിലാവിൻ്റ അടുത്തേക്ക്
ഓടി വരുന്നതിനിടയിൽ, അവരുടെ കൈയ്യിലുണ്ടായിരുന്ന കുട, കാറ്റിനൊപ്പം ദൂരേയ്ക്ക് പറന്നിരുന്നു.

കോരിച്ചൊരിയുന്ന മഴയിൽ നിലാവിനെയും കെട്ടിപ്പിടിച്ചു നിൽക്കുമ്പോൾ, അവർ മൂവരുടെയും സന്തോഷകണ്ണീർ മഴതുള്ളിയെ ചുംബിച്ചു കൊണ്ടിരുന്നു.

ഒൻപതു വർഷങ്ങൾക്കു ശേഷമുള്ള ആ ആലിംഗനത്തിൽ, ഭൂതകാലത്തിലെ നെരിപ്പോടുകൾ അണയുകയായിരുന്നു.

"മോൾ ജയിലിലേക്ക് പോകുമ്പോൾ പറഞ്ഞത് പോലെ മരിക്കാതെ കാത്തിരുന്നില്ലേ അമ്മാ"

വാസന്തി നിലാവിൻ്റെ നെറ്റിയിൽ ചുണ്ടമർത്തി ചോദിച്ചപ്പോൾ, അവൾ അമ്മയെ വട്ടംകെട്ടിപിടിച്ചു.

" ഇത്തിരി കാലമെങ്കിലും എൻ്റെ പെറ്റമ്മയുടെ ചൂടേറ്റ് കഴിയാൻ ദൈവം സമ്മതിച്ചല്ലോ ? "

അവളുടെ ചോദ്യത്തിന് ഒരു പൊട്ടിക്കരച്ചിലോടെ വാസന്തി മുകളിലേക്ക് നോക്കി.

മഴതുള്ളികൾ വീണ് കണ്ണീർ ചിതറിയ ആ അമ്മമിഴികൾ ദൈവത്തെ തേടുകയായിരുന്നു.

"ചേട്ടാ "

അതുവരെ നിശബ്ദം കരയുകയായിരുന്ന രാജേഷിനെ കെട്ടിപ്പിടിച്ച് അവൾ ആ കണ്ണുകളിലേക്ക് നോക്കി.

"ഈ മഴ പെയ്തു തീരുമ്പോഴേയ്ക്കും നമ്മുടെ സങ്കടങ്ങൾ അലിയിച്ചു തീർത്തേക്കണം. ഇനിയൊരിക്കലും സങ്കടം കൊണ്ട് നമ്മുടെ കണ്ണ് നിറയാൻ പാടില്ല."

രാജേഷ് തലകുലുക്കി അവളുടെ തോളിലൂടെ കൈയിട്ടു പാർക്കിങ് ഏരിയയിലേക്ക് നടക്കുമ്പോൾ, രണ്ടു മക്കളെയും നോക്കി വാസന്തിയമ്മ പുഞ്ചിരിച്ചു.

" ഞാൻ പിന്നിലിരുന്നോളാം ചേട്ടാ. ഒന്നു പുറം കാഴ്ചകൾ കണ്ട് ആസ്വദിക്കട്ടെ"

അതും പറഞ്ഞ് ബെൻസിൻ്റെ പിൻസീറ്റിലേക്ക് കയറുമ്പോൾ അവൾ ഒന്നു പുഞ്ചിരിച്ചു.

ഒന്നിനും കഴിയില്ലായെന്നു പറയുന്ന പെണ്ണ്, എല്ലാം കടങ്ങളും വീട്ടിയ ചാരിതാർത്ഥ്യമുണ്ടായിരുന്നു ആ പുഞ്ചിരിയിൽ.

മഴപോലെ പതിയെ പെയ്തിറങ്ങിയ ഒരുപെണ്ണ് എത്ര പെട്ടെന്നാണ് എല്ലാം ചുട്ടു ചാമ്പലാക്കിയ അഗ്നിയായ് ആളിപ്പടർന്നത് ? !

" അച്ഛൻ്റെയും, അമ്മയുടെയും കുഴിമാടത്തിൽ മുടങ്ങാതെ വിളക്ക് കൊളുത്താറില്ലേ?"

ഓർമ്മകളിൽ നിന്നുണർന്ന നിലാവ് ഗദ്ഗദത്തോടെ ചോദിച്ചപ്പോൾ, അവളുടെ മിഴികൾ വല്ലാതെ
നിറഞ്ഞിരുന്നു.

" ഒന്നിനും മുടക്കം വരുത്തിയിട്ടില്ല മോളെ.
കർക്കിടകവാവിനു പോലും മുടങ്ങാതെ, മോൾടെ അച്ചനും അമ്മയ്ക്കും വേണ്ടി രാജേഷ് ബലിയിടാറുണ്ട് "

വാസന്തിയത് പറയുമ്പോൾ നിറഞ്ഞു നിന്നിരുന്നത്, കളഞ്ഞു പോയ നിധി ഒന്നും നഷ്ടപ്പെടുത്താതെ മടക്കികൊടുത്തവരോടുള്ള ഹൃദയം നിറഞ്ഞ സ്നേഹമായിരുന്നു.

ഇടറോഡിൽ നിന്ന് കാർ ദേശീയപാതയിലേക്ക് കുതിച്ചപ്പോൾ അവൾ സീറ്റിൽ ചാരി കിടന്നു പുറം കാഴ്ചകളിലേക്ക് കണ്ണോടിച്ചു.

കാറിൻ്റെ എതിർദിശയിൽ  നിന്നും വരുന്ന വാഹനങ്ങൾക്കിടയിലൂടെ ചീറി പാഞ്ഞു പോയ ബസ്സിൻ്റെ ബോർഡ് നോക്കി അവൾ സങ്കടത്തോടെ  മന്ത്രിച്ചു.

നിലാവ് ട്രാവൽസ്.

പിന്നിലേക്ക് നോക്കി, ആ ബസ് കണ്ണിൽ നിന്നും മറയുവോളം അവൾ നോക്കിയിരുന്നു.

ഓർമ്മകൾ, വല്ലാത്തൊരു നീറ്റലായി മനസ്സിൽ പടർന്നപ്പോൾ അവൾ പതിയെ കണ്ണടച്ചു.

" സുദേവൻ അങ്കിളിന് സുഖമല്ലേ ചേട്ടാ? "

ഞെട്ടിയുണർന്ന പോലെ നിലാവ് ചോദിച്ചതു കേട്ടപ്പോൾ രാജേഷ് അവളെ തിരിഞ്ഞു നോക്കി.

" സുഖമായിരിക്കുന്നു. ഇത്തിരി ഷുഗറും, പ്രഷറും ഉണ്ടന്ന് മാത്രം "

അവൾ പുഞ്ചിരിയോടെ തലയാട്ടി പതിയെ കണ്ണടച്ചു.

അച്ഛൻ്റെയും, അമ്മയുടെയും രൂപം മനസ്സിലേക്ക് ഓടിയെത്തിയപ്പോൾ, കൺപീലികളെ ഭേദിച്ചുകൊണ്ട് രണ്ടിറ്റ് ചുടുകണ്ണീർ കവിളത്തേക്ക് ഇറ്റുവീണു.

" ൻ്റെ മോൾക്ക് ജയിലിൽ ശരിക്കും ഉറക്കം കിട്ടിയിട്ടുണ്ടാവില്ല "

പിന്നിലേക്ക് തിരിഞ്ഞ്, കണ്ണടച്ചു കിടക്കുന്ന നിലാവിനെ നോക്കി വാസന്തി പറഞ്ഞപ്പോൾ, അവൾ പതിയെ മിഴി തുറന്നു.

" അച്ഛനും, അമ്മയും മരിച്ചിട്ട് ഞാൻ ഉറങ്ങിയിട്ടുണ്ടെങ്കിൽ അത് ജയിലിൽ വെച്ചാണ് അമ്മേ! അച്ഛൻ്റെയും, അമ്മയുടെയും മരണത്തിന് ഉത്തരവാദികളായവരെ ഈ ജീവിതത്തിൻ നിന്ന് വേരോടെ പിഴുതെറിഞ്ഞ്, അവർക്ക് മോക്ഷം കൊടുത്ത ചാരിതാർത്ഥ്യത്തോടെ "

അവൾ അതും പറഞ്ഞ് സീറ്റിലേക്ക് മലർന്നു കിടക്കുമ്പോൾ, വർഷങ്ങൾക്കു മുൻപ് അമ്മയുടെയും, അച്ഛൻ്റെയും മരണത്തിൻ്റെ 
പുലവീടലിനു മുൻപത്തെ ദിവസം നടന്ന സംഭവങ്ങൾ മനസ്സിലേക്ക് ഇരച്ചുകയറുകയായിരുന്നു

"അച്ഛനും അമ്മയും മരിച്ചിട്ട് പുല വീടുന്നതിനു മുൻപേ അരുണിൻ്റെ കൈയ്യും പിടിച്ച് ഓഫീസിലേക്ക് വന്ന നിലാവിനെ കണ്ട് ഡ്രൈവർ സുഗുണൻ ഞെട്ടി.

അയാൾ അമ്പരപ്പോടെ മറ്റുള്ള ഡ്രൈവർമാരെ നോക്കിയപ്പോൾ അവരും അതേ ഭാവത്തിലായിരുന്നു.

ഓഫീസിലേക്ക് കടന്നു വന്ന അരുൺ, കൂളിങ്ങ് ഗ്ലാസ്സ് മാറ്റി അവരെ നോക്കി ചിരിച്ചു.

"നിങ്ങളോട് ഇന്നു ഇവിടെ വരാൻ പറഞ്ഞത് പ്രധാനപ്പെട്ട ഒരു കാര്യം പറയാനാണ് "

നിലാവ് അത്രയും പറഞ്ഞ് അരുണിനെ നോക്കി.

അരുൺ കസേരയിൽ നിന്നെഴുന്നേറ്റു അവർക്കരികിലേക്ക് ചെന്നു.

"ഇന്നു തൊട്ട് അച്ഛനു പകരം ഇവിടുത്തെ  മാനേജർ ഞാനാണ്. "

ബസ് തൊഴിലാളികൾക്കിടയിൽ നിന്ന് ഒരു മർമ്മരമുയർന്നു.

" അപ്പോൾ പറഞ്ഞു വരുന്നത് എന്തെന്നാൽ പഴയതുപോലെയുള്ള അലസത നിങ്ങൾ കാണിച്ചാൽ ആ നിമിഷം അയാളെ ജോലിയിൽ നിന്ന് പിരിച്ചുവിടും. കാരണം ബസ് സർവീസ് നഷ്ടത്തിലാണ് പോയ്ക്കൊണ്ടിരിക്കുന്നത്

അരുണിൻ്റെ വാക്ക് കേട്ടപ്പോൾ പലരുടെയും മുഖത്ത് ചുളിവ് പ്രത്യക്ഷപ്പെട്ടത് അവൻ കണ്ടു.

"പിരിച്ചുവിടുമ്പോൾ, കൊടി പിടിക്കാനോ, സമരം ചെയ്യാനോ  ആവേശം തോന്നുമ്പോൾ അവരെ ഒന്നു നോക്കിയാൽ മതി"

അരുൺ അത് പറഞ്ഞുക്കൊണ്ട് ദൂരേയ്ക്ക് കൈ ചൂണ്ടിയപ്പോൾ അവർ കണ്ടത് പത്തോളം ഗുണ്ടകളെ.

"കൈയും, കാലും ഒടിച്ചിടും അവർ. ചിലപ്പോൾ വീട്ടിൽ കയറി മേഞ്ഞെന്നും വരും. ഒഴിഞ്ഞു പോകുന്നവർക്ക് അതിനുള്ള ഓപ്ഷനുമുണ്ട്."

അരുണിൻ്റെ വാക്കുകൾക്ക്
 ഒരു തെരുവ് ഗുണ്ടയുടെ ശൈലി ആണെന്നറിഞ്ഞ അവർ ദയനീയതയോടെ നിലാവിനെ നോക്കി.

പക്ഷെ അവർക്ക് മുഖം കൊടുക്കാതെ അവൾ ഏതോ ഫയൽ നോക്കുകയായിരുന്നു.

"മോളെ നിലാവേ "

പതിയെയാണ് സുഗുണൻ വിളിച്ചതെങ്കിലും, ആ സ്വരം വിറച്ചിരുന്നു.

" സഹായത്തിനാണെങ്കിൽ എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല സുഗുണേട്ടാ.
കാരണം ഇനി എല്ലാം നോക്കുന്നത് എൻ്റെ ഭാവിവരനായ ഡോക്ടർ അരുൺ ആണ് "

നിലാവിൻ്റെ മറുപടി കേട്ടതും,സുഗുണൻ്റെ മുഖത്തെ രക്തം വാർന്നു.

അരുണിൻ്റെ മുഖത്തെ വിജയസ്മിതം കണ്ടില്ലെന്നു നടിച്ചു പുറത്തേക്കിറങ്ങാൻ തുടങ്ങിയ സുഗുണൻ്റെ അടുത്തേക്ക് നിലാവ് പതിയെ നടന്നു വന്നു.

" പഴയ ആ പാവം നിലാവ് അല്ല ഞാനിപ്പോൾ. പലതും വെട്ടിപ്പിടിക്കാൻ കുതിക്കുന്ന ഒരു പുതിയ നിലാവ് "

തൻ്റെ മുഖത്തേക്കു നോക്കി, ഉച്ചത്തിൽ സംസാരിക്കുന്ന നിലാവിനെ ആദ്യം കാണുന്നതുപോലെ അയാൾക്കു തോന്നി.

" അതുകൊണ്ട് ആ പഴയ സൗഹൃദത്തിൻ്റെ പേരിൽ എന്നോടു അടുക്കരുത്.
അത് അരുണിനും, അങ്കിളിനും മാത്രമല്ല എനിക്കും ഇഷ്ടമാകില്ല"

"മോളെ "

ദയനീയതയോടെ വിളിച്ച സുഗുണനു നേരെ അവൾ കൈകൂപ്പി .

" അച്ഛനും, അമ്മയും നഷ്ടപ്പെട്ട എനിക്ക് ഈ ലോകത്ത് അവർ മാത്രമേയുള്ളൂ . അതും കൂടി തകർക്കാതെ ഒന്നു പോയ് തരോ പ്ലീസ്"

നിലാവിൻ്റെ വാക്കും കേട്ട് സ്തംഭിച്ചു നിൽക്കുന്ന സുഗുണൻ്റെ അരികിലേക്ക് അരുൺ നടന്നുവന്നു.

"നിലാവ് പറഞ്ഞതു കേട്ടില്ലേ? ങ്ങ്ഹും ഗെറ്റൗട്ട് "

അരുൺ പുറത്തേക്ക് കൈ ചൂണ്ടിയതും, കണ്ണീർ തുടച്ചുകൊണ്ട് അയാൾ പുറത്തേക്കിറങ്ങുമ്പോൾ തൊഴിലാളികൾ അയാളെ കാത്തു നിൽക്കുന്നുണ്ടായിരുന്നു.

" അവൾ ആ പഴയ നിലാവ് മോൾ അല്ല സുഗുണേട്ടാ. എവിടെ നിന്നോ എം.ബി.ബി.എസ്സ്
ഒപ്പിച്ച പക്കാ ഫ്രോഡ് ആയ അരുണിനെ കിട്ടിയപ്പോൾ 
നമ്മളിപ്പോൾ തൊട്ടുകൂടാൻപറ്റാത്തവർ. 
അവൾ ഒരുപാട് മാറി. ആ വേഷം തന്നെ നോക്കിയേ?"

അവൾ ധരിച്ചിരിക്കുന്ന സുതാര്യമായ മോഡേൺ വസ്ത്രങ്ങളിലേക്ക് നോക്കി ക്ലീനർ ബിജു വെറുപ്പോടെ പറഞ്ഞതു കേട്ടപ്പോൾ സുഗുണൻ തലയാട്ടിയതും, രണ്ടിറ്റ് കണ്ണീർ നിലത്തേക്ക് വീണു ചിതറി.

" എനിക്കു തോന്നുന്നത് ഇവൾക്കും ഈ കൊലപാതകത്തിൽ പങ്കുണ്ടെന്നാണ് "

ക്ലീനർ ബിജുവിൻ്റെ വാക്കുകൾ കേട്ടപ്പോൾ സുഗുണൻ അമ്പരപ്പോടെ അയാളെ നോക്കി.

" അല്ലെങ്കിൽ അച്ഛനും, അമ്മയും ക്രൂരമായി കൊലചെയ്യപ്പെട്ടിട്ടും അവളുടെ മുഖത്ത് ഒരു സങ്കടഭാവം ഉണ്ടായിരുന്നോ?"

ബിജുവിൻ്റെ വാക്കുകൾ കേട്ടപ്പോൾ സുഗുണൻ ഒന്നും മിണ്ടാതെ അരുണുമായി കൊഞ്ചി കുഴയുന്ന നിലാവിനെ നോക്കി.

" അതും മാത്രമല്ല സുഗുണേട്ടാ ..മുതലാളിയും, ഭാര്യയും മരിച്ചതിൻ്റെ രണ്ട് ദിവസം മുൻപ് ജോലിക്കു കയറിയ രാജേഷ് ഇപ്പോൾ, നിലാവിൻ്റെ കാർ ഡ്രൈവറാണ് "

ബിജുവിൻ്റെ വാക്കുകൾ കേട്ടപ്പോൾ, സുഗുണൻ്റെ മനസ്സിലൂടെ അന്നത്തെ ആ ദിവസം തെളിഞ്ഞു വന്നു....

അവരുടെ വഴക്കും, പിന്നെ പെട്ടെന്നുള്ള ഇണക്കവും!

വീട്ടിലേക്ക് കയറി പോകുമ്പോൾ, രാജേഷിനെ തിരിഞ്ഞു നോക്കിയ നിലാവിൻ്റെ കണ്ണുകളിലെ ഭാവം, നടത്താനിരുന്ന ക്രൂരതയുടെ അടയാളമായിരുന്നോ?"

സുഗുണൻ ഓരോന്നും ആലോചിച്ചു കൊണ്ടിരിക്കെ അവനരികിലേക്ക്
നിലാവിൻ്റെ കാർ ഒഴുകി വന്നുനിന്നു.

കാറിൻ്റെ ഗ്ലാസ് താഴ്ന്നതും അവൾ പുറത്തേക്ക് തലയിട്ട് സുഗുണനെ നോക്കി.

"സുഗുണൻ ചേട്ടാ, നമ്മൾക്ക് ഒരിക്കൽ കൂടി കാണേണ്ടി വരും "

ചൂട് നിറഞ്ഞ അവളുടെ വാക്ക് കേട്ട് ഞെട്ടി നിന്ന സുഗുണൻ്റെ കണ്ണുകൾക്കു മുന്നിലൂടെ ആ കാർ ചീറിപാഞ്ഞു പോയി.

നിലാവിൻ്റെ സംസാരം കേട്ട് ബസ്സ് തൊഴിലാളികൾ അമ്പരപ്പോടെ സുഗുണനെ നോക്കി നിൽക്കുമ്പോൾ അയാളുടെ ഉള്ളിൽ അപായസൂചന മുഴങ്ങി.

നിലാവിൻ്റെ വീട്ടിലെ പോർച്ചിലേക്ക് കാർ കയറിയതും, അവരെ കാത്തിരുന്നെന്നവണ്ണം സുദേവൻ അവർക്കരികിലേക്ക് വന്നു.

" ഇതുവരെ ഞാൻ മോളെ കാത്തിരിക്കുകയായിരുന്നു"

അങ്കിളിൻ്റെ സംസാരം കേട്ടപ്പോൾ, കാറിൽ നിന്നിറങ്ങാതെ അയാളെ നോക്കി നിലാവ്. 

"നമ്മൾക്ക് എസ്.പി  ഓഫീസ് വരെ ഒന്നു പോകേണ്ടതുണ്ട്. കേസിൻ്റെ മൂവ് അറിയാൻ 

" വേണ്ട അങ്കിൾ, കുറ്റവാളിയെ നമ്മളാണ് കണ്ടു പിടിക്കേണ്ടത്.
അങ്ങിനെയൊരു കുറ്റവാളി ഉണ്ടെങ്കിൽ, ആ കണക്ക് നിയമമല്ല തീർക്കേണ്ടത്. ഞാനാണ്. 

ഡോർ തുറന്ന് പുറത്തിറങ്ങിയ നിലാവ് പറഞ്ഞ വാക്കുകൾ കേട്ടപ്പോൾ അയാളുടെ നട്ടെല്ലിലൂടെ ഒരു വിറയൽ കടന്നു പോയി.

അയാളുടെ വിറയാർന്ന നോട്ടം അരുണിലേക്ക് നീണ്ടതും, ഒന്നുമില്ലായെന്ന മട്ടിൽ അവൻ കണ്ണടച്ചതും, ആശ്വാസത്തിൻ്റെ ഒരു കുളിർകാറ്റ് അയാളെ തഴുകി പോയി.

" അന്ന് തൊഴിലാളികൾ സ്ട്രൈക്ക് നടത്തുമ്പോൾ ആരാണ് നേതൃത്വം കൊടുത്തത്?"

സുദേവൻ്റെ കണ്ണിലേക്കു നോക്കി നിലാവ് ചോദിച്ചപ്പോൾ അയാൾ ഉള്ളിലൊരു പുഞ്ചിരിയോടെ മന്ത്രിച്ചു.

" അന്ന് നേതൃത്വം കൊടുത്തത് ഡ്രൈവർ സുഗുണനായിരുന്നു "

അത് കേട്ടപ്പോൾ അവളുടെ പല്ലുകൾ ഞെരിയുന്നത് അയാൾ കണ്ടു.

"കുറുക്കനാണ് അയാൾ. ഉള്ളിൽ പകയും വെച്ചു മുഖത്ത് പുഞ്ചിരി വരുത്തുന്ന കാട്ടാളൻ "

അവൾ സുദേവനെ നോക്കി പതിയെ മന്ത്രിച്ചു.

" അങ്കിൾ ഈ ഒരു ദിവസം സുഗുണനെ എനിക്ക് കിട്ടണം. ഈ ഒരു ദിവസത്തോടെ എനിക്ക് നെല്ലും പതിരും തിരിച്ചറിയണം"

നിലാവ് കിതച്ചുക്കൊണ്ട് നിർത്തിയപ്പോൾ സുദേവൻ അവളുടെ തോളിൽ കൈവെച്ചു.

" ഇത്തിരി നേരമുള്ള ആ കശപിശയിൽ ഒരു കൊലപാതകം നടത്തേണ്ട ഒന്നും നടന്നിട്ടില്ല - മോൾ വെറുതെ ഓരോന്നും ആലോചിച്ചിട്ട് അങ്ങിനെ തോന്നുന്നതാണ്.ചിലപ്പോൾ അതൊരു സാധാരണമായ അപകടമായി കൂടേ?"

അവളുടെ കത്തുന്ന കണ്ണുകൾ അയാൾക്കു നേരെ നീണ്ടു.

"ആവശ്യമില്ലാത്ത ആ സ്ട്രൈക്ക്  സൃഷ്ടിച്ചതിനു പിന്നിൽ ആരെങ്കിലും മറഞ്ഞിരിക്കുന്നുണ്ടെങ്കിലോ? സുഗുണനെ ആരെങ്കിലും കരുവാക്കിയിട്ടുണ്ടെങ്കിലോ? വിദ്വേഷവും, പകയും നിറഞ്ഞു നിൽക്കുന്ന ഈ ഫീൽഡിൽ തിരശ്ശീലക്കു പിന്നിൽ ഏതെങ്കിലും ബസ് ഓണർ മറഞ്ഞു നിൽക്കുന്നുണ്ടെങ്കിലോ? സാധാരണ അപകടമായി കണ്ട് നമ്മൾ പിൻതിരിഞ്ഞാൽ, ചിലപ്പോൾ ഒരു കൊടുംകുറ്റവാളി രക്ഷപ്പെട്ടാലോ?"

ഉഷ്ണം വമിക്കുന്ന ആ ചോദ്യങ്ങൾക്കു മുന്നിൽ സുദേവൻ ഒന്നും പറയാതെ നിന്നു.

" അങ്ങിനെ ഒരാൾ ഉണ്ടെങ്കിൽ, അവൻ ഈ ഭൂമിയിൽ ജീവിച്ചാൽ, മരിച്ചു പോയ എൻ്റെ അച്ഛൻ്റെയും, അമ്മയുടെയും ആത്മാവിന് മോക്ഷം കിട്ടില്ല. അതു കൊണ്ട് സത്യം എനിക്ക് അറിയണം.അതിന് സുഗുണനെ പിടിച്ച് ഒന്നു കുടയണം.അതു വെറും ആക്സിഡൻറ് ആണെങ്കിൽ അവിടെ തന്നെ ഞാൻ ക്ലോസ് ചെയ്യാം കേസ്.പക്ഷേ ആരെങ്കിലുമുണ്ടെങ്കിൽ?"

പറഞ്ഞു നിർത്തി തന്നെ നോക്കുന്ന നിലാവിൻ്റെ കണ്ണുകൾ ചുവക്കുന്നത് അയാൾ ഭീതിയോടെ കണ്ടു.

"നാളെ അച്ഛൻ്റെയും അമ്മയുടെയും പുല വീടൽ ആണ്. അതിനു മുൻപ് അതിനു കാരണക്കാരായവനെ ഈ ഭൂമിയിൽ നിന്നും പറഞ്ഞയക്കണം അങ്കിൾ:

ഗദ്ഗദത്തോടെ അവൾ അതു പറയുമ്പോൾ, കണ്ണീർ ഉരുകിയൊലിക്കുന്നുണ്ടായിരുന്നു.

" അതുക്കൊണ്ട് ഇപ്പോൾ തന്നെ സുഗുണനെ പൊക്കി ബസ് ഷെഡിനോട് അടുത്തുള്ള കെട്ടിടത്തിലേക്ക് എത്തിക്കണം.ഈ കൃത്യത്തിന് രാജേഷിനെ വിളിക്കണ്ട. അയാൾക്ക് ഇപ്പോഴും സുഗുണനോട് ഒരു സിംപതി ഉണ്ട്. അതു കൊണ്ട് രാജേഷിന് പകരം വരുണിനെ  വിളിച്ചാൽ മതി?'

നിലാവിൻ്റെ വാക്ക് കേട്ടതും, സുദേവൻ മൊബൈലിൽ മറ്റൊരു മകനായ വരുണിനെ വിളിച്ചുകൊണ്ട് കാറിനകത്തേക്ക് കയറി.

"ങ്ങ്ഹാ അങ്കിൾ, സുഗുണനെയും കൊണ്ട് ബിൽഡിങ്ങിൽ എത്തിയാൽ എന്നെ ഒന്നു വിളിക്കണം"

" അവനെ അവിടെയിട്ട് തട്ടിക്കളഞ്ഞോട്ടെ"

അരുൺ പ്രണയഭാവത്തോടെ നിലാവിനെ നോക്കി.

" ഒരു മണിക്കൂർ അയാൾക്കു സമയം കൊടുക്കണം.പറയാനുള്ളത് പറഞ്ഞു തീർക്കാൻ. അപ്പോഴെക്കും ഞാൻ അവിടെ എത്താം. അയാൾക്കു ഈ സംഭവത്തിൽ പങ്കുണ്ടെങ്കിൽ എൻ്റെ കൈക്കൊണ്ട് വേണം അയാളെ "

പറഞ്ഞതു മുഴുമിപ്പിക്കാതെ അവൾ അരുണിനെ നോക്കിയതും, അവൻ കാർ സ്റ്റാർട്ട് ചെയ്തു.

കാർ ഗേറ്റ് കടക്കുമ്പോൾ തിരിഞ്ഞു നോക്കിയ സുദേവൻ പുഞ്ചിരിയോടെ അരുണിനെ നോക്കി.

" ആ പൊട്ടിക്കാളി നമ്മൾ പോകുന്നതും നോക്കി നിൽക്കുന്നുണ്ട് "

"ഡാഡീ, നിലാവ് എൻ്റെ ഭാവിവധു ആണെന്ന് ഓർക്കണം?"

അരുൺ പരിഹാസത്തോടെ അതു പറയുമ്പോൾ. അവൻ്റെ മനസ്സിൽ 
ഡോക്ടർ പ്രിയയുടെ മുഖമായിരുന്നു.....

അവർ തമ്മിലുള്ള പ്രണയമായിരുന്നു!

" നീ പേടിക്കണ്ട അരുൺ ഈ പ്രശ്നങ്ങളൊക്കെ തീർത്തിട്ട് നിനക്ക് പ്രിയയെ വിവാഹം കഴിക്കാം - അതുവരെ നീ ഒന്നടങ്ങ് "

അരുണിൻ്റെ തുടയിൽ തട്ടി സുദേവ് പറഞ്ഞപ്പോൾ അവൻ്റെ ചുണ്ടിൽ നിന്ന് ഒരു കുറുക്കൻ്റെ ചിരിയുതിർന്നു .

"നിൻ്റെ അനിയൻ 
നല്ലവനാണെങ്കിൽ ഈ കളിയിൽ നിന്നെ കരുവാക്കില്ലായിരുന്നു ഡാഡി..പറഞ്ഞിട്ടെന്താ കാര്യം നിൻ്റെ അനിയൻ ഇരുപത്തിനാലു മണിക്കൂറും കഞ്ചാവിലും, വെള്ളത്തിലും അല്ലേ?

അയാൾ പറഞ്ഞു തീര്യം മുൻപെ ,ദൂരെ അവരെ കാത്ത് ബൈക്കിൽ മലർന്നു കിടക്കുന്ന വരുണിനെ അവർ കണ്ടു.

ബൈക്കിനടുത്ത് എത്തിയതും, വരുൺ കാറിലേക്ക് ചാടി കയറി.

"ഇന്നത്തെ ഇര നിലാവാണോ?"

ചുണ്ട് നനച്ചുക്കൊണ്ട് അവനത് ചോദിച്ചപ്പോൾ, അരുൺ ചിരിച്ചു കൊണ്ട് നിഷേധാർത്ഥത്തിൽ തലയാട്ടിയതും, വരുണിൻ്റെ മുഖം മങ്ങി.

"നീ സ്വൽപ്പം കാത്തിരിക്ക് വരുൺ. നിലാവിനെ വേട്ടയാടുമ്പോൾ നീ ഒറ്റയ്ക്കായിരിക്കും പോകുന്നത്?"

അരുണിൻ്റെ സംസാരം കേട്ടതും വരുൺ അവൻ്റെ മുഖത്ത് ചുംബിച്ചു.

"ഇന്നത്തെ ഇര സുഗുണ നാണ്. പാവം"

അരുൺ അത് പറഞ്ഞ് ഒരു മൂളിപ്പാട്ടോടുകൂടി ആക്സിലേറ്ററിലേക്ക് കാലമർത്തി.

ഒരു വൺഡേടൂറിനു പോകുന്നതുപോലെയുള്ള സന്തോഷത്തിലായിരുന്നു അവർ.

സ്റ്റീരിയോയിൽ നിന്ന് ആൽബത്തിലെ വരികൾ ഉയർന്നതും, വരുൺ തല കുലുക്കി തുടങ്ങി.

അവൻ്റെ നീളൻ മുടികൾ പാറി പറന്നതും, ഒരു ചെറിയ കവറിനുള്ളിൽ നിന്ന് വെളുത്ത പൊടിയെടുത്ത് കൈത്തണ്ടയിൽ വെച്ചു.

പൊടുന്നനെ,അകലെ നിന്നും നിലാവ് ട്രാവൽസിൻ്റെ ബസ് വരുന്നത് കണ്ട അവൻ ഒരു പൊട്ടിച്ചിരിയോടെ തൻ്റെ നാസാരന്ധ്രങ്ങൾ കൈതണ്ടയിലക്ക് അടുപ്പിച്ച്, ഒരു ദീർഘനിശ്വാസമെടുത്തു.

പാവം സുഗുണൻ!

അങ്ങിനെ മന്ത്രിച്ച്, വരുൺ തലപൊക്കിയപ്പോൾ, ബസ് അടുത്തെത്തിയിരുന്നു.

അരുൺ,ബസ്സിനു മുന്നിലേക്ക്, ടയർഉരച്ചു കൊണ്ട് വലിയൊരു ശബ്ദത്തോടെ കാർ വട്ടം നിർത്തിയതും വരുണിൻ്റെ കണ്ണുകൾ ഡ്രൈവർ സീറ്റിലേക്ക് നീണ്ടു.

പകച്ചിരിക്കുന്ന സുഗുണനെ കണ്ടപ്പോൾ, അവനിൽ ക്രൂരമായ ഒരു പുഞ്ചിരിയുതിർന്നു 

അപ്പോഴവൻ്റെ കണ്ണുകൾ ചെകുത്താനെ പോലെ ചുവന്നു കലങ്ങിയിരുന്നു. 

നിലാവ് - 3

ഇരുട്ട് കടന്നെത്താൻ മടിക്കുന്ന മുറിയുടെ നടുവിൽ ഒരു മരകസേരയിൽ ഇരുന്ന് സുഗുണൻ ചുറ്റും നോക്കി.

പേടി ഒരു തേരട്ടയെ പോലെ തൻ്റെ മനസ്സിലൂടെ അരിച്ചുവരുന്നത് അയാൾ അറിഞ്ഞു.

അരുണും,വരുണും, സുദേവനും മദ്യപാനത്തിലാണ്!

എന്തൊക്കെയോ തമാശകൾ പറഞ്ഞു പൊട്ടിച്ചിരിയ്ക്കുന്ന അവരുടെ നോട്ടം തന്നിലേക്കാണെന്നറിഞ്ഞപ്പോൾ ഒരു നിമിഷം നെഞ്ചിടിപ്പ് കൂടി .

ചുവന്ന കണ്ണുകളോടെ വരുൺ അടുത്തേക്ക് വരുന്നത് കണ്ട്, ഒരു മിന്നൽപ്പിണർ മനസ്സിലൂടെ പാഞ്ഞു.

ക്രൂരനായ ഒരു പിശാചായ വരുണിൻ്റെ കൈയിൽ ഒരു ചെറിയ മഴുവെട്ടിതിളങ്ങുന്നത് കണ്ട്, അയാൾ ദയനീയതയോടെ അവനെ നോക്കി.

സുഗുണൻ്റെ മനസ്സിലൂടെ ഭാര്യയുടെയും, രണ്ട് പെൺ മക്കളുടെയും ചിത്രം ഒരു മാത്ര കടന്നു പോയപ്പോൾ അയാളുടെ കണ്ണ് നിറഞ്ഞു .

"എന്തിനാണ് നിങ്ങൾ എന്നെ ബസ്സിൽ നിന്ന് പിടിച്ചിറക്കി ഇവിടെ കൊണ്ടുവന്നത്?"

സുഗുണൻ്റെ ദയനീയത നിറഞ്ഞ ചോദ്യം കേട്ടതും വരുൺ പൊട്ടിച്ചിരിച്ചു.

"കൊല്ലാൻ "

അതും പറഞ്ഞ് വരുൺ അയാളുടെ കഴുത്തിനു നേരെ മഴു വീശിയതും, പെട്ടെന്ന് അരുൺ പിടിച്ചു മാറ്റി.

" ധൃതി വെക്കല്ലേ വരുൺ .
 എല്ലാം പറയാൻ വേണ്ടി ഒരു മണിക്കൂർ സമയം ഇവന് കൊടുക്കണമെന്നു പറഞ്ഞിട്ടുണ്ട് നിലാവ് "

"ഒരു മണിക്കൂർ കൊടുത്തിട്ട് ഇവൻ എന്തു പറയാനാണ് അരുൺ ?"

വരുൺ പരിഹാസത്തോടെ സുഗുണനെ നോക്കി.

"നീയും, നിൻ്റെ കൂട്ടരും കൂടി ഏതോ ബസ് മുതലാളിക്കു വേണ്ടിയാണ് അവളുടെ അച്ഛനെയും, അമ്മയെയും കൊന്നതെന്ന് നിലാവിന് ചെറിയ സംശയം "

വരുണിൻ്റെ വാക്ക് കേട്ടപ്പോൾ സുഗുണൻ ഞെട്ടിത്തരിച്ചു.

ഇന്നോളം വരെ കൂടെ നിന്ന തന്നെ ഒരു ചതിയനായി കണ്ട നിലാവിനെ കുറിച്ചോർത്തപ്പോൾ അവൻ്റെ കണ്ണുനിറഞ്ഞു.

"പക്ഷേ അവൾക്കറിയില്ലല്ലോ ഞങ്ങളുടെ അച്ഛൻ്റെ അനുഗ്രാഹിശിസ്സുകളോടെ, അവളുടെ അച്ഛനെയും, അമ്മയെയും തീർത്തത് ഞങ്ങളാണെന്ന് "

അതും പറഞ്ഞ് പൊട്ടിചിരിച്ചുക്കൊണ്ട് അവൻ മദ്യക്കുപ്പി എടുത്തു വായിലേക്ക് കമഴ്ത്തി.

"നിലാവിൻ്റെ അച്ഛൻ ഓടിച്ചിരുന്ന കാറിൻ്റെ നേർക്ക് തടി ലോറി, കൈവിറക്കാതെ ഓടിച്ചു കയറ്റിയത് ഈ വരുൺ ആണ്. നിലാവിൻ്റെ മരണം കാണാൻ കൂടെ അരുണും ഉണ്ടായിരുന്നു. പക്ഷേ അവൾക്ക് ഇത്തിരി ഭാഗ്യമുണ്ടായിരുന്നു.
സാരല്യ അടുത്ത തവണ അവൾക്കാണ് കെണി വെക്കുന്നത്:

മദ്യക്കുപ്പിയെടുത്ത് വായിലേക്ക് കമഴ്ത്തി മുഴുവൻ തീർത്തതിനു ശേഷം, കുപ്പി ഒരു മൂലയിലേക്ക് എറിഞ്ഞ ശേഷം അവൻ സുഗുണനെ നോക്കി.

" അവർ മരിക്കുന്നത് ലൈവ് ആയി  കാണാൻ, ആ ലോറിക്കു പിന്നിൽ, ഒരു കാറിൽ ഞങ്ങളുടെ അച്ഛൻ ഉണ്ടായിരുന്നു. മക്കൾക്ക് ലക്ഷ്യം തെറ്റുമോ എന്ന ടെൻഷനിൽ? അല്ലേ അച്ഛാ?"

സുദേവൻ്റെ തോളിലൂടെ കൈയിട്ടു കൊണ്ട് വരുൺ പറഞ്ഞപ്പോൾ, അയാളുടെ നെഞ്ചിലൂടെ ഒരു ഈർച്ചവാൾ കടന്നു പോയി.

മരകസേരയിൽ, ബന്ധനാ സ്ഥയിലായ സുഗുണൻ കയറിൻ്റെ കെട്ടു  പൊട്ടിക്കാൻ കുതറുന്നത് കണ്ട്, അവർ 
പൊട്ടിചിരിച്ചു.

"ഒരു മണിക്കൂർ കഴിഞ്ഞാൽ നിന്നെ വരുൺ സ്വതന്ത്രമാക്കും സുഗുണാ- അപ്പോൾ നീ നേരെ വീട്ടിലേക്കല്ല പോകേണ്ടത്. നല്ല കുട്ടിയായ് തെക്കേ പറമ്പിലെ ആറടിമണ്ണിലേക്ക് "

സുദേവൻ്റെ വാക്കുകൾ കേട്ടതും, ശ്വാസമെടുക്കാതെ, വായും തുറന്ന് അയാളെ നോക്കി സുഗുണൻ.

" നീ പേടിക്കണ്ട സുഗുണാ. നീ ഒറ്റയ്ക്കല്ല പോകുന്നത് ഓരോരുത്തരായി നിൻ്റെ പിന്നാലെ വരും .. രാജേഷ്, നിലാവ്... അങ്ങിനെ നിനക്ക് പ്രിയപ്പെട്ടവർ നിൻ്റെ പിന്നാലെ വന്നു കൊണ്ടിരിക്കും "

ചുണ്ടിൽ സിഗററ്റ് വെച്ച് ലൈറ്റർ കത്തിച്ച സുദേവൻ്റെ കണ്ണുകളിലെ ക്രൂരതയുടെ തിളക്കം കണ്ട് അയാൾക്ക് ഭീതിയേറി.

" ആര് പറഞ്ഞിട്ടാണെടാ രാജേഷും,അമ്മയും ഈ നാട്ടിലേക്ക് എത്തിയത്? അതും വാസുദേവൻ്റെ അടുത്തുള്ള കോളനിയിൽ താമസമാക്കിയതും ?"

ചോദ്യത്തോടൊപ്പം സുദേവൻ്റെ കൈ സുഗുണ ൻ്റെ കവിളിൽ ശക്തിയോടെ-പതിച്ചു.

ഒരു നിമിഷം സുഗുണൻ്റെ കണ്ണിൽ ഇരുട്ട് കുട്കൂട്ടി.

"എനിക്കൊന്നും അറിയില്ല സർ, അവരും സാറും തമ്മിലുള്ള ബന്ധം?"

അടി കിട്ടിയ കവിളിൽ തലോടുവാൻ കഴിയാതെ നിസ്സഹായനായി സുഗുണൻ ചോദിക്കുമ്പോൾ, വല്ലാതെ വിറച്ചിരുന്നു.

" അപ്പോൾ വാസുദേവൻ നിന്നോടു ഒന്നും പറഞ്ഞിട്ടില്ല. എന്നാൽ ഈ ഭൂമിയിൽ നിന്നു പോകുന്നതിനു മുൻപ് ഒരു സത്യം കൂടി അറിഞ്ഞിട്ടു പോയാൽ മതി നീ"

സുദേവൻ, സുഗുണനു നേരെയുള്ള കസേരയിൽ ഇരുന്നു.

"നിലാവ്, വാസുദേവൻ്റെയും വീണയുടെയും മകൾ അല്ല "

സുദേവനിൽ നിന്നുയർന്ന ആ വാചകം കേട്ട് സുഗുണൻ അമ്പരപ്പോടെ അയാളെ നോക്കി.

" അതേടാ- അവൾ ശങ്കരൻ്റെയും, വാസന്തിയുടെയും മകളാണ്. അതായത് നിൻ്റെ ഉറ്റ സുഹൃത്ത് രാജേഷിൻ്റെ അനിയത്തിക്കുട്ടി "

സുദേവൻ പറഞ്ഞതു കേട്ട്
ശ്വാസം വിടാൻ കഴിയാതെ കണ്ണു ചിമ്മാതെ അയാളെ നോക്കിയിരുന്നു സുഗുണൻ.

ക്രൂരമായ പുഞ്ചിരിയോടെ സുദേവൻ മദ്യക്കുപ്പി വായിലേക്ക് കമഴ്ത്തി.

" സമ്പത്ത് ഏറെയുണ്ടെങ്കിലും മക്കൾ ഇല്ലായിരുന്നു വാസുദേവൻ എന്ന എൻ്റെ പഴയ കളിക്കൂട്ടുക്കാരന്. എൻ്റെ വരുണിനെ ദത്ത് എടുത്തോളാൻ ഞാൻ പറഞ്ഞതാ! അതവന് സമ്മതമായിരുന്നില്ല."

സുദേവൻ ഒരു സിഗററ്റ് എടുത്ത് കത്തിച്ചു പുക, സുഗുണൻ്റെ മുഖത്തിന് നേർക്ക് ഊതി.

" പയ്യെ പയ്യെ എല്ലാം സ്വന്തമാക്കാമെന്നു കരുതിയിരുന്നപ്പോഴാണ്, രാജേഷിൻ്റെ വരവും, അവന് കണ്ടക്ടറായി വാസുദേവൻ ജോലി കൊടുത്തതും "

സുഗുണൻ്റെ പൊട്ടിയ ചുണ്ടിൽ പതിയെ തടവി സുദേവൻ.

"എനിക്കും, വാസുദേവനും ശങ്കരനും മാത്രം അറിയാവുന്ന ആ രഹസ്യം - നിലാവ് വാസുദേവൻ്റെ മകൾ അല്ലെന്നും, ശങ്കരൻ്റെ മകൾ ആണെന്നുമുള്ള രഹസ്യം - പുറം ലോകം അറിയരുതെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു. കാരണം വാസുദേവൻ്റെ സ്വത്ത് മറ്റുള്ളവർ പങ്കിടുന്നത് എനിക്ക് ഇഷ്ടമല്ലായിരുന്നു'"

സുദേവൻ കസേരയിൽ നിന്ന് എഴുന്നേറ്റ്, സുഗുണൻ്റെ കസേരയ്ക്ക് ചുറ്റും ഒന്നു രണ്ട് തവണ നടന്നു.

"അതിനു വേണ്ടിയായിരുന്നു ശങ്കരനെ മദ്യത്തിൽ വിഷം ചേർത്ത് ഞാൻ കൊല്ലുന്നത് .പക്ഷെ എല്ലാം ക്ലിയർ ആക്കി ഇരിക്കുമ്പോഴാണ് അനവസരത്തിലുള്ള വാസന്തിയുടെയും, രാജേഷിൻ്റെയും വരവ് "

സുദേവൻ കൈക്കൂട്ടി തിരുമ്മി സുഗുണനെ നോക്കി കണ്ണിറുക്കി.

" എല്ലാം കൈവിട്ടു പോകുമെന്ന് തോന്നുമ്പോൾ, എല്ലാം തീർക്കുന്നത് അല്ലേ നല്ലത് സുഗുണാ. അങ്ങിനെ  തോന്നിയപ്പോഴാണ് ആ കുടുംബത്തെ തീർക്കാമെന്നു വെച്ചത്.
അല്ലാതെ ഞാൻ ഒരു ബോൺ ക്രിമിനൽ ഒന്നും അല്ല "

ഇതുവരെ ഒളിഞ്ഞു കിടന്നിരുന്ന രഹസ്യങ്ങൾ ഓരോന്നായി സുദേവൻ പറഞ്ഞു തീർക്കുമ്പോൾ, അവിശ്വസനീയതയും, ഭയവും കൊണ്ട് സുഗുണൻ വിറയ്ക്കാൻ തുടങ്ങിയിരുന്നു.

" ഒരുപാട് പ്രാവശ്യം അരുണിന് വേണ്ടി അവളെ ചോദിച്ചതാണ്. അന്ന് അതെല്ലാം പുച്ഛത്തോടെ നിരസിച്ച അവൾ ഇന്ന് അരുണുമായി അടുത്തത് അവനോടുള്ള സ്നേഹം കൊണ്ടല്ല മറിച്ച് ജീവിതത്തിൽ ഒറ്റയ്ക്കായി പോയ അവൾക്കിപ്പോൾ ഒരു താങ്ങ് ആവശ്യമാണ് "

പൊടുന്നനെ സുദേവൻ വാച്ചിലേക്ക് നോക്കി, അരുണിനെ കണ്ണ് കാണിച്ചു.

" അവൾ വരുന്നത് വരെ കാത്തിരിക്കണ്ട അരുൺ.
അവൾ വന്നാൽ ഇവൻ ചിലപ്പോൾ വായ്തുറക്കും. അത് നമ്മൾക്ക് കേടാണ് "

"അതു വേണോ? അവൾ വന്നിട്ട്?"

അരുൺ കുഴഞ്ഞ ശബ്ദത്തിൽ ചോദിച്ചപ്പോൾ സുദേവൻ അവനെ ഒന്നു തറപ്പിച്ചു നോക്കി.

" അതു വേണം. അങ്കിളിനെയും, ആൻറിയെയും കൊന്നത് സുഗുണനാണെന്ന് പറഞ്ഞപ്പോൾ എനിക്ക് സഹിച്ചില്ലായെന്നും, ആ നിമിഷം മഴുക്കൊണ്ട് അവൻ്റെ തല അറുത്തെന്നും നീ പറയണം.അതോടെ എല്ലാം ക്ലോസ് "

സുദേവൻ പറഞ്ഞതു കേട്ടപ്പോൾ,സുഗുണൻ്റെ കാലിലൂടെ ഒരു തരിപ്പ് ശരീരമാകെ പടർന്നു.

തെങ്ങിൻ പൂക്കുല പോലെ അയാൾ വിറയ്ക്കാൻ തുടങ്ങി.

വരുൺ അടുത്തേക്ക് വരുന്നതു കണ്ട സുഗുണൻ അവൻ്റെ കൈയ്യിലേക്ക് നോക്കി .

ഒരു ചെറിയമഴു അവൻ്റെ കൈയ്യിൽ കിടന്നു വട്ടം കറങ്ങുന്നുണ്ട്.

അവൻ അടുത്തെത്തിയതും, സുദേവൻ്റെ പോക്കറ്റിൽ കിടന്നിരുന്ന മൊബൈൽ ശബ്ദിച്ചു.

കാതോരം ചേർത്ത് സംസാരിച്ച അവൻ ഭീതിയോടെ വരുണിനെ തടഞ്ഞിട്ട്, ഫോൺ സ്പീക്കറിലിട്ടു.

അമ്മയുടെ നിലവിളി കേട്ട് അരുണും, വരുണും ഞെട്ടി.

" മക്കളേ എന്നെ രക്ഷിക്കടാ " യെന്നുള്ള വിളി പാതി മുറിഞ്ഞ ശേഷം മറ്റൊരു ശബ്ദമാണ് ഫോണിലൂടെ വന്നത്.

"നിങ്ങടെ അമ്മച്ചി പേടിച്ചിരിക്കാണ് മക്കളെ. അല്ലെങ്കിലും മൂർച്ചയുള്ള വാൾ കഴുത്തിലിരിക്കുമ്പോൾ ആരായാലും പേടിച്ചു പോകില്ലേ?"

അപ്പുറത്ത് നിന്നുയർന്ന ശബ്ദം കേട്ട് സുദേവനും, മക്കളും പരസ്പരം നോക്കി.

"നീ ആരാ? നിനക്ക് എന്താ വേണ്ടത്?"

കൈയിലുണ്ടായിരുന്ന മഴു ദൂരേയ്ക്ക് എറിഞ്ഞു വരുൺ അലറി.

"പേരും, നാളും നീ ചോദിക്കണ്ട. ഞാൻ  പറയുന്നത് നീ അനുസരിക്കുക മാത്രം ചെയ്താൽ മതി.
എൻ്റെ ഡ്രൈവർ വണ്ടിയുമായി നിങ്ങൾ ഉള്ള ബിൽഡിങ്ങിലേക്ക് വരും. ആ വണ്ടിയിലേക്ക് ഒരു പോറൽ പോലും ഏൽക്കാതെ സുഗുണനെ വിടുക - അത്ര മാത്രം "

പതിഞ്ഞതാണെങ്കിലും ദൃഢമായിരുന്നു ആ ശബ്ദം!

കൊടുങ്കാറ്റിനു മുൻപെ ഉള്ള ഒരു ശാന്തതയാണ് അതെന്ന് സുദേവന് തോന്നി.

മദ്യം അകത്താക്കി കിറുങ്ങിയിരിക്കുന്ന മക്കളെ അയാൾ ദയനീയതയോടെ നോക്കി.

"ആരടാ ഞങ്ങളെ ഭീഷണിപ്പെടുത്താൻ മാത്രം വളർന്ന ആ നായിൻ്റെ മോൻ?"

അലറിക്കൊണ്ട് സുഗുണനെ അടിക്കാൻ ഓങ്ങിയ വരുണിനെ തടഞ്ഞു സുദേവൻ.

" ഇപ്പോൾ ഇവനെ ഒന്നും ചെയ്യരുത് വരുൺ - നിങ്ങളുടെ അമ്മയുടെ ജീവൻ ഇപ്പോൾ ഇവൻ്റെ കൈയ്യിലാണ്"

അച്ഛൻ്റെ വാക്ക് കേട്ടതോടെ വരുൺ വലിയൊരു ശബ്ദമുയർത്തി ആ റൂമിൽ തലങ്ങും വിലങ്ങും പാഞ്ഞു നടന്നു.

എന്തൊക്കെയോ അപായ സൂചനകൾ ഉയരുന്നതായി സുദേവന് തോന്നി.

പുറത്ത് കാതടിപ്പിക്കുന്ന ശബ്ദത്തിൽ കാറ്റു വീശുന്നത് അയാൾ അറിഞ്ഞു.

ജനൽ തുറന്ന് പുറത്തേക്ക് നോക്കിയപ്പോൾ കാഴ്ചകൾ എല്ലാം അവ്യക്തമായിരുന്നു.

കോരിച്ചൊരിയുന്ന മഴയിൽ, വൃക്ഷങ്ങൾ ആടിയുലയുന്നുണ്ട്.

നിലമിറങ്ങിയ വെട്ടിയ ഒരു ഇടിമുഴക്കത്തിൽ കെട്ടിടം വിറയ്ക്കുന്നതു പോലെ തോന്നി.

മദ്യക്കുപ്പി വായിലേക്ക് കമഴ്ത്തിയിട്ടും, അയാളുടെ മനസ്സ് തണുക്കുന്നുണ്ടായിരുന്നില്ല.

മരണത്തിനു മുന്നിൽ നിന്ന് സുഗുണനെ റാഞ്ചി എടുത്തത് ആരാണെന്ന് അയാൾ പലവട്ടം ചോദിക്കുന്നുണ്ടായിരുന്നു.

സുദേവൻ്റെ ചിന്തകളെ കീറിമുറിച്ചുകൊണ്ട് ഷട്ടറിൽ തെരുതെരെ അടിക്കുന്നതിൻ്റെ ശബ്ദമുയർന്നതോടെ, അയാൾ ഉറയ്ക്കാത്ത കാലടികളോടെ ചെന്ന് ഷട്ടർ ഉയർത്തി.

മഴയിൽ കുളിച്ചു നിൽക്കുന്ന നിലാവിനെ കണ്ടതും, അയാൾ തല കുനിച്ചു.

" അവൻ രക്ഷപ്പെട്ടു മോളെ "

സുദേവൻ പറയുന്നതൊക്കെ  പല്ലിറുമ്മി കേട്ട നിലാവ് അകത്തേക്ക് നോക്കി.

ഒരു മേശയിൽ തല ചായ്ച്ചു കിടക്കുന്ന അരുണിനെയും, വരുണിനെയും കണ്ടപ്പോൾ അവൾ ദേഷ്യത്തോടെ സുദേവനെ നോക്കി.

"മൂന്നാളും നല്ല പൂക്കുറ്റി ആണല്ലോ? പിന്നെ അവൻ എങ്ങിനെ രക്ഷപ്പെടാതിരിക്കും?"

അവൾ സുദേവനു നേർക്ക് തറപ്പിച്ചു നോക്കി രണ്ട് നിമിഷത്തോളം.

"അവനെ രക്ഷപ്പെടുത്തിയത് നിങ്ങൾ അല്ലല്ലോ?"

"അവനെ രക്ഷപ്പെടുത്താനായിരുനെങ്കിൽ ഞങ്ങൾക്ക് അവനെ പിടിച്ചു കൊണ്ടുവന്ന് ഇവിടെ ബന്ദിയാക്കേണ്ട കാര്യമുണ്ടോ?

സുദേവൻ  പറഞ്ഞപ്പോൾ അവൾ പതിയെ തലകുലുക്കി.

"എൻ്റെ അച്ഛൻ്റെയും, അമ്മയുടെയും കൊലപാതകത്തിന് പിന്നിൽ അവനാണ് അങ്കിൾ. അതു കൊണ്ട് എവിടേക്ക് അവൻ മുങ്ങിയാലും എനിക്ക് - അവനെ പൊക്കിയേ തീരൂ."

അതും പറഞ്ഞ് കോരിച്ചൊരിയുന്ന മഴയിലൂടെ കാറിനടുത്തേക്ക് ചെല്ലുന്ന നിലാവിനെ കണ്ടപ്പോൾ, സുദേവൻ്റെ ചുണ്ടിൽ ഒരു പുഞ്ചിരി ഊറി.

" അല്ലെങ്കിലും പെണ്ണുങ്ങൾ ഒരിക്കലും കണ്ടറിയുകയില്ല -എല്ലാം കൊണ്ടേ അറിയൂ"

അതും പറഞ്ഞ് ബിൽഡിങ്ങിൻ്റെ അകത്ത് കടന്ന്, മക്കൾ ബാക്കി വെച്ച മദ്യം കുടിക്കാൻ തുടങ്ങി സുദേവൻ.

പുറത്ത് ശക്തിയിൽ അപ്പോഴും മഴ പെയ്യുന്നുണ്ടായിരുന്നു.

തകരഷീറ്റിൽ കാറ്റടിക്കുന്ന ശബ്ദം അവിടമാകെ മുഴങ്ങികൊണ്ടിരുന്നു.

കിറുങ്ങി കിടക്കുന്ന മക്കൾക്ക് ഓരോ ഉമ്മയും കൊടുത്തു,സുദേവൻ കസേരയിൽ ചാരിയിരുന്നു

കക്ക വാരിയിരുന്ന സുദേവൻ്റെ ഇന്നത്തെ പൊസിഷനെ കുറിച്ച് അയാൾ ഊറ്റം കൊണ്ടു.

ഇനി വരാനിരിക്കുന്ന രാജയോഗത്തിൻ്റെ സൗഭാഗ്യങ്ങളെ കുറിച്ച് സ്വപ്നം കണ്ടിരിക്കുമ്പോൾ അയാളുടെ മൊബൈൽ ചിലച്ചു.

നിലാവ് ആണെന്ന് കണ്ടതും അയാൾ ഒരു പരിഹാസഭാവത്തോടെ മൊബൈൽ എടുത്തു.

" അങ്കിൾ സുഗുണനെ കണ്ടെത്തിയിട്ടുണ്ട്. പഴയ കോട്ടൺമില്ലിനു സമീപം ഒരു ബിൽഡിങ്ങിൽ അവൻ ഉണ്ട്. അങ്കിളും, അരുണും, വരുണും എത്രയും പെട്ടെന്ന് വരണം

" മോളേ ഞങ്ങൾ ആർക്കും ഇപ്പോൾ ഡ്രൈവ് ചെയ്യാൻ പറ്റാത്ത കോലത്തിലാണ് "

സുദേവൻ്റെ വാക്ക് കേട്ടതോടെ അപ്പുറത്ത് നിലാവ് പല്ലിറുമ്മുന്നത് അയാൾ കേട്ടു .

" ഞാൻ വരാം - ആവശ്യം എൻ്റെതായി പോയില്ലേ?"

നിലാവ് അതു പറഞ്ഞ് മൊബൈൽ ഓഫ് ചെയ്തപ്പോൾ, സുദേവൻ ക്രൂരമായ ഒരു ചിരിയോടെ ,റൂമിൻ്റെ മൂലയിലെ ചിലന്തി വലയിലേക്ക് നോക്കി.

നിശ്ചലാവസ്ഥയിൽ കിടക്കുന്ന തൻ്റെ അടുത്തേക്ക് പറന്ന് വന്ന് കുടുങ്ങി കിടക്കുന്ന പ്രാണിയെ ഒന്നും ചെയ്യാതെ നോക്കി കിടക്കുന്ന ചിലന്തിയെ നോക്കി സുദേവൻ ക്രൂരമായി പുഞ്ചിരിച്ചുക്കൊണ്ട് പതിയെ മന്ത്രിച്ചു.

" ക്രൂരനായ സൂത്രശാലി "

നിലാവ് - അവസാന ഭാഗം

"മോളെ എന്തൊരു മഴയും കാറ്റുമാണ്. റോഡ് തന്നെ ശരിക്കും കാണാൻ കഴിയുന്നില്ല "

കാറിൻ്റെ കോ- ഡ്രൈവർ സീറ്റിലിരുന്നു ഭയത്തോടെ സുദേവൻ  ഡ്രൈവ് ചെയ്യുന്ന നിലാവിനെ നോക്കി.

"നമ്മൾക്ക് മഴയൊന്നു ശമിച്ചിട്ടു പോയാൽ മതീലേ - അപ്പോഴെക്കും ഇവരുടെ കെട്ട് വിടും "

പിൻസീറ്റിൽ കിറുങ്ങിക്കിടക്കുന്ന മക്കളെ നോക്കി സുദേവൻ പറഞ്ഞപ്പോൾ, അവൾ പതിയെ ചിരിച്ചു.

"ഇവരുടെ കെട്ട് വിടേണ്ടത് എൻ്റെയും ആവശ്യമാണ് അങ്കിൾ? കാഴ്ചകൾ നേരിട്ടു കാണേണ്ടവർ ഇവരാണ് "

'നിലാവ് ഒരു പെട്ടിക്കടയുടെ ഓരം ചേർത്ത് വണ്ടി നിർത്തി, കടയിലേക്ക് ഓടിചെന്ന് കുറച്ചു പാക്കറ്റ് തൈരും വാങ്ങി മടങ്ങി വന്നു.

മയങ്ങി കിടക്കുന്ന അരുണിനെയും, വരുണിനെയും തട്ടിയുണർത്തി അവൾ തൈര് പാക്കറ്റുകൾ കൊടുത്തു.

" ഇങ്ങിനെ ഉറങ്ങി കിടന്നാലോ ബ്രോസ്, കൺമുന്നിൽ എന്താണ് നടക്കുന്നതെന്ന് കാണേണ്ടേ?"

നിലാവിൻ്റെ ചോദ്യം കേട്ടതും അരുൺ ഒന്നു പുഞ്ചിരിച്ചെങ്കിലും, വരുണിൻ്റെ കണ്ണുകൾ തേടി ചെന്നത് അവളുടെ മഴ നനഞ്ഞ് തെളിഞ്ഞ നിമ്നോന്നതങ്ങളിലായിരുന്നു.

അവൻ്റെ തുളച്ചുകയറുന്ന നോട്ടം കണ്ടതും, അവൾ പുഞ്ചിരിയോടെ തലയാട്ടി.

പുറത്തെ മഴയിലേക്കും നോക്കി സുദേവൻ ഇരുന്നു.

മുന്നോട്ടു പോകാൻ കഴിയാതെ വാഹനങ്ങളൊക്കെ പാർക്ക് ലൈറ്റ് ഇട്ട് റോഡിൻ്റെ വശങ്ങളിൽ നിർത്തിയിട്ടുണ്ട്.

ടാറിട്ട റോഡിലൂടെ ഒഴുകി വരുന്ന വെള്ളത്തിലൂടെ കൂസലില്ലാതെ ഡ്രൈവ് ചെയ്യുന്ന നിലാവിനെ അത്ഭുതത്തോടെ നോക്കി സുദേവൻ.

" അങ്കിൾ, അച്ഛനും, അമ്മയും ലോറിയിടിച്ച് മരിക്കുന്ന ആ രാത്രി ഇതേപോലെ മഴ പെയ്തിരുന്നു അല്ലേ?"

ഗിയർ മാറ്റുന്നതിനിടയിൽ, അത് ചോദിച്ചുക്കൊണ്ട് അവൾ സുദേവനെ ഒന്നു നോക്കി.

"ഇങ്ങിനെ ശക്തിയേറിയ മഴയുണ്ടായിരുന്നില്ല. ഒരു ചാറ്റൽമഴ.അത്രമാത്രം " 

പറഞ്ഞു കഴിഞ്ഞാണ് സുദേവന് അബദ്ധം മനസ്സിലായത്.

കണ്ണുകൾ ചെരിച്ച് നിലാവിനെ നോക്കുമ്പോൾ, അവൾ ഒന്നും അറിയാത്തതുപോലെ ഡ്രൈവ് ചെയ്യുന്നത് കണ്ടപ്പോൾ സുദേവൻ ഒന്നു നിശ്വസിച്ചു.

" സുഗുണൻ ഏത് ബിൽഡിങ്ങിലാണ് മോളേ ഉള്ളത് "

" ഇത്തിരി കൂടി  പോകാനുണ്ട് അങ്കിൾ.
കോട്ടൺ മില്ലും കഴിഞ്ഞ് ഇത്തിരി ദൂരം മുന്നോട്ടു പോണം"

സുദേവനെ നോക്കി
നിലാവ് പുഞ്ചിരിച്ചു.

" ആൻറിക്ക് സുഖമല്ലേ അങ്കിൾ?"

സുദേവൻ തലയാട്ടിക്കൊണ്ട് പുറത്ത് കോരിച്ചൊരിയുന്ന മഴയിലേക്ക് നോക്കിയിരുന്നു.

"നിങ്ങൾ ഒരുമിച്ച് ഒരുത്തിലേക്കും പോകുന്നത് ഞാൻ കണ്ടിട്ടില്ല. അല്ലെങ്കിൽ ഈ ഓപ്പറേഷനിൽ ആൻ്റിയെയും കൂട്ടിയേനെ ഞാൻ "

നിലാവ് പറയുന്നത് കേട്ടപ്പോൾ സുദേവൻ അവളെ സൂക്ഷിച്ചു നോക്കി.

"ചോറും, കറികളും ഉണ്ടാക്കാൻ മാത്രമല്ല അങ്കിൾ, ഇടക്കിടക്ക് ടൂറിനു കൊണ്ടു പോകുന്നതു പോലെ പെണ്ണുങ്ങളെ ക്വട്ടേഷനും കൊണ്ടു പോകണം അതല്ലേ അതിൻ്റെ ത്രിൽ?

പറഞ്ഞുക്കൊണ്ട് പൊട്ടിച്ചിരിക്കുന്ന നിലാവിനെ ഒന്നും മനസ്സിലാവാതെ നോക്കിയിരുന്നു സുദേവൻ.

കുറച്ചു ദൂരം ഓടി, ഒഴിഞ്ഞുകിടക്കുന്ന ഹൈവേയിൽ കോട്ടൺമില്ലിനു മുന്നിലുള്ള ട്രാൻസ്ഫോമറിൻ്റെ അടുത്ത് കാർ നിർത്തി, നിലാവ് സുദേവനെ നോക്കി.

"ഇവിടം നിന്നു നമ്മൾക്ക് നടന്നു പോകാം അങ്കിൾ?അവിടെയൊരു ലോറി കിടക്കുന്നത് കണ്ടോ?"

ദൂരെ, മഴയിലൂടെ അവ്യക്തമായി കാണാവുന്ന ഒരു ലോറി ചൂണ്ടി കാണിച്ചുകൊണ്ട് നിലാവ് സുദേവനെ നോക്കി. 

"അതിൻ്റെ ഇടതുവശത്തുകൂടി ഉള്ളിലേക്ക് ചെന്നാൽ ഒരു പഴയ കെട്ടിടമുണ്ട്. അതിലാണ് സുഗുണൻ ഒളിച്ചിരിക്കുന്നതെന്നു പറഞ്ഞു "

പറഞ്ഞു നിർത്തി നിലാവ് പുറത്തേക്കിറങ്ങി കുട നിവർത്തി .

" അപ്പോൾ മോൾ സുഗുണനെ കണ്ടിട്ടില്ലേ?"

സുദേവൻ സംശയത്തോടെ നിലാവിനെ നോക്കി.

" വേണ്ടപ്പെട്ട ഒരു ഇൻഫോമർ തന്നതാണ് ഈ വിവരം. എന്നാലും നമ്മൾക്കൊന്നു കൺഫേം ചെയ്തിട്ട് ഈ പുലികളെ കൂട്ടിൽ നിന്ന് ഇറക്കിയാൽ മതി"

പിന്നിലിരിക്കുന്ന അരുണിനെയും, വരുണിനെയും നോക്കി നിലാവ് പറഞ്ഞപ്പോൾ, അവർ അഭിമാനം കൊണ്ടു തലയുയർത്തി.

" നിലാവ് പറഞ്ഞതാണ് ശരി, നിങ്ങൾ പോയി സ്കെച്ച് ഇട്- പണി ഞങ്ങൾ വന്ന് നടത്തിക്കോളാം"

തിളങ്ങുന്ന മഴുവിൽ തഴുകി വരുൺ അത് പറയുമ്പോഴും, അവൻ്റെ നോട്ടം അവളുടെ മാറിലേക്ക് തന്നെയായിരുന്നു.

" പുലികൾ ഒരു കാര്യം ചെയ്യ്.മുൻസീറ്റിലേക്ക് വന്നിരിക്ക്.പോലീസെങ്ങാനും വന്ന് ചെക്ക് ചെയ്യുമ്പോൾ നിങ്ങൾ ബാക്ക് സീറ്റിലിരുന്നു കള്ള് കുടിക്കുകയാണെന്ന് വിചാരിക്കും. പോരാത്തതിന് നിങ്ങളുടെ കൈവശം ആയുധവുമുണ്ട് "

"അത് ശരിയാണ്.
പെണ്ണാണെങ്കിലും നിലാവിന് നല്ല വിവരമുണ്ട്

അരുൺ അത് പറഞ്ഞ് ഡ്രൈവിങ്ങ് സീറ്റിലേക്ക് കയറുമ്പോൾ, അവൻ്റെ മുഖത്ത് പതിയെ തഴുകി നിലാവ്!

" നിറകുടം തുളുമ്പില്ലാന്ന് കേട്ടിട്ടില്ലേ അരുൺ - അതാ ഞങ്ങൾ പെണ്ണുങ്ങൾ. അപ്പോൾ ഞാനും, അങ്കിളും പോയേച്ച് ഒന്നു നോക്കട്ടെ അരുൺ.സിഗ്നൽ തന്നാൽ അപ്പം ചാടിയേക്കണം പുലികൾ കാറിൽ നിന്ന്. ഓക്കെ "

അരുണിൻ്റെ മുടിയിഴകളിൽ തലോടിക്കൊണ്ട്, കാറിൻ്റെ ഡോറടച്ച് നിലാവ് കുടയും ചൂടി, വാസുദേവനെയും വിളിച്ചു  മഴയിലൂടെ നടന്നു.

അവർ പോകുന്നതും നോക്കി ഇരുന്ന വരുൺ, അരുണിനെ നോക്കി.

" പെണ്ണിന് വല്ലാത്ത റൊമാൻസ് ആണല്ലോടാ നിന്നോട് "

"അണയാൻ പോകുന്ന ദീപം ആളിക്കത്തുമെന്ന് പറയാറില്ലേ വരുൺ. അങ്ങിനെ ഒരു ആളിക്കത്തൽ ആണ് അവളുടേത് "

അതും പറഞ്ഞ് അരുൺ സീറ്റിൽ ചാരി കിടന്നു ഡോക്ടർ പ്രിയയുടെ ചിത്രം മനസ്സിലേക്ക് പകർത്തി തുടങ്ങി.

മഴയിലൂടെ കുറച്ചു ദൂരം നടന്നതും, മുന്നിൽ കണ്ട ലോറി വ്യക്തമായി,കണ്ടതും സുദേവൻ്റെ നെഞ്ചിലൂടെ ഒരു മിന്നൽപിണർ പാഞ്ഞു.

ആർത്തലച്ചു പെയ്യുന്ന മഴയിലും സുദേവൻ വിയർത്തു തുടങ്ങി.

അകാരണമായ ഒരു ഭീതി അയാളെ പൊതിയാൻ തുടങ്ങി.

പൊടുന്നനെ വീശിയടിച്ച ശക്തിയേറിയ കാറ്റിൽ നിലാവിൽ നിന്നും കുട  റോഡിലേക്ക് പറന്നിറങ്ങിയതും, ചീറി പാഞ്ഞു വന്ന കാർ അതിനു മുകളിലൂടെ കയറിയിറങ്ങിയതും, ഓരേനിമിഷമായിരുന്നു.

തുള്ളിക്കൊരു കുടം പെയ്യുന്ന മഴയിൽ നിന്ന് രക്ഷനേടി പൊടുന്നന്നെ അവൾ ലോറിയുടെ പൊളിഞ്ഞ ഡോറിലൂടെ  ഡ്രൈവിങ്ങ് സീറ്റിലേക്ക് കയറി ഇരുന്നു.

"ഇവിടെ ഇരുന്നോ അങ്കിൾ, മഴ കുറച്ചു ശക്തി കുറഞ്ഞിട്ട് നമ്മൾക്ക് പോകാം.ഒരു തോട് കടന്നിട്ട് വേണം നമ്മൾക്ക് പോകാൻ "

എതിർ സീറ്റ് ചൂണ്ടി കാണിച്ചു നിലാവ് പറഞ്ഞപ്പോൾ എതിർപ്പുകൂടാതെ സുദേവൻ കയറി ഇരുന്നു.

" എന്തൊരു നശിച്ച മഴ"

പുറത്ത് ശക്തിയേറിയ കാറ്റിൽ ആടിയുലയുന്ന വൃക്ഷങ്ങളെയും നോക്കി, മഴയിൽ നനഞ്ഞു കുളിച്ച സുദേവൻ മന്ത്രിക്കുമ്പോൾ, അച്ഛൻ്റെയും, അമ്മയുടെയും ഓർമ്മകളിൽ നിലാവിൻ്റെ മിഴികളിൽ നിന്നും കണ്ണീർമഴ പെയ്തു തുടങ്ങിയിരുന്നു.

"ഈ തടിലോറിയല്ലേ  അച്ചൻ ഓടിച്ചിരുന്ന കാറിലേക്ക് ആരോ,ഇടിച്ചു കയറ്റിയത്?"

കണ്ണീരോടെയുള്ള നിലാവിൻ്റെ ചോദ്യത്തിന് വിറയൽ പുറത്ത് കാണിക്കാതെ സുദേവൻ തലയാട്ടി.

"ഇതിൻ്റെ ആർ.സി 
ഓണറെ ഇതുവരെ കിട്ടിയില്ലേ അങ്കിൾ?"

"ആർ.സി. ഓണർ ഒരു ഹരീന്ദ്രൻ ആണ്. പക്ഷെ വണ്ടി മോഷണം പോയെന്നു പറഞ്ഞ്, സംഭവം നടക്കുന്നതിൻ്റെ ഒരു മാസം മുൻപ് അയാൾ പോലീസിൽ കംപ്ലെയിൻ്റ് കൊടുത്തിട്ടുണ്ട് "

" അപ്പോൾ ഒരു മാസമായി അച്ഛനെ ലക്ഷ്യം വെച്ച് ഈ ലോറി എവിടെയോ പതുങ്ങി കിടക്കുന്നുണ്ടായിരുന്നു അല്ലേ?"

നിലാവിൻ്റെ ചോദ്യം കേട്ടതും, വാക്കുകൾ കിട്ടാതെ സുദേവൻ വിഷമിച്ചു.

" അതായത് വാസന്തിയമ്മയും, രാജേഷും കോളനിയിൽ വന്നു താമസമാക്കിയ ദിവസത്തെ അടുത്ത ദിവസങ്ങളിൽ അല്ലേ അങ്കിൾ?"

തൻ്റെ കണ്ണിലേക്കു തറച്ചുകയറുന്ന നോട്ടത്തെ നേരിടാനാകാതെ സുദേവൻ തലകുനിച്ചു

ഏതോ ഓർമ്മകളിലെന്നവണ്ണം നിമിഷങ്ങളോളം നിലാവ് പുറത്തു പെയ്യുന്ന മഴയിലേക്ക് നോക്കി.

" പണ്ട് കക്ക വാരുന്ന ജോലി ചെയ്യുമ്പോൾ അങ്കിളിൻ്റെ കൂടെ ഒരു കൂട്ടുക്കാരനുണ്ടായിരുന്നില്ലേ - ശങ്കരൻ? "

നിലാവിൻ്റെ ചോദ്യം കേട്ടതും സുദേവൻ്റെ നെറ്റിയിൽ വിയർപ്പ് ചാലൊഴുകി.

"കള്ളും, കഞ്ചാവും കൊടുത്ത് ആ നല്ല മനുഷ്യനെ എന്തിന് വഴിതെറ്റിപ്പിച്ചു?സ്വന്തം മകളെ കറൻസികൾക്ക് വിൽക്കാൻ മടിയില്ലാത്ത വെറുമൊരു ഭ്രാന്തനാക്കി? ഒടുവിൽ ഒരു നുള്ള് വിഷം മദ്യത്തിൽ കലർത്തി എന്തിന് ആ,ജീവൻ അവസാനിപ്പിച്ചു.?"

നിലാവിൻ്റെ ചോദ്യങ്ങളിൽ അപകടം മണത്ത സുദേവൻ ലോറിയിൽ നിന്ന് ഇറങ്ങാൻ  തുടങ്ങുമ്പോഴേക്കും, മഴയിൽ കുതിർന്ന് ലോറിയിലേക്ക് കയറി വന്ന മനുഷ്യനെ കണ്ട് അയാൾ ഭീതിയോടെ മന്ത്രിച്ചു.

സുഗുണൻ!

" അപ്പോൾ നീ എല്ലാ സത്യങ്ങളും അറിഞ്ഞു അല്ലേ?"

സുദേവൻ ഉള്ളിലെ ഭീതി പുറത്തു കാണിക്കാതെ നിലാവിനെ നോക്കി ഒരു പരിഹാസച്ചിരി ചിരിച്ചു.

"എല്ലാം അറിഞ്ഞാലും ഞങ്ങളെ നിനക്കൊരു ചുക്കും ചെയ്യാൻ കഴിയില്ലെടീ - കാരണം നീ പെണ്ണാണ്. വെറുമൊരു പെണ്ണ്. ചതിയിലൂടെയാണ് പെണ്ണായ നീ ഞങ്ങളെ ഇവിടെ എത്തിച്ചത്.അത് ഓർമ്മ വേണം നിനക്ക് "

കത്തിജ്വലിക്കുന്ന സുദേവനെ നോക്കി അവൾ പുഞ്ചിരിച്ചു.

" എൻ്റെ അച്ചന്  മകനായി ആണൊരുത്തൻ ഇല്ലാത്തതുകൊണ്ടാണ് നിങ്ങൾക്ക് ഈ എളുപ്പം കണ്ടതെന്നറിയാം. പക്ഷെ അച്ചന് ആണായും, പെണ്ണായും ഞാനൊരുത്തി ഉണ്ടെന്നുള്ള കാര്യം നിങ്ങൾ മറന്നു. പെണ്ണ് വെറുമൊരു പെണ്ണല്ലെന്നും, ആ പെണ്ണിന് പലതും ചെയ്യാൻ കഴിയുമെന്നും  നിങ്ങളെ പഠിപ്പിക്കുന്ന സമയമാണ് വരാൻ പോകുന്നത്. പിന്നെ ഞാൻ ചെയ്ത ചതിയെ പറ്റി?"

നിലാവ് അയാളെ നോക്കി പൊട്ടി ചിരിച്ചു.

" ചതിക്ക് പകരം ചതിയാണ് എൻ്റെ പോളിസി അങ്കിളേ? അതു കൊണ്ടു തന്നെയാണ് സുഗുണൻ ചേട്ടനെ, ചേട്ടനറിയാതെ തന്നെ ഒരു ഓഡിയോ ടേപ്പായിട്ടാണ് നിങ്ങൾക്കിടയിലേക്ക് ഞാൻ വിട്ടത്. കാരണം ആ കൊലപാതകത്തിൽ നിങ്ങളെ എനിക്കു സംശയമുണ്ടായിരുന്നു "

അവൾ ഒരു പരിഹാസചിരിയോടെ സുദേവനെ നോക്കി.

"കള്ളിൻ്റെയും, കഞ്ചാവിൻ്റെയും പുറത്ത് നിങ്ങൾ എല്ലാ സത്യങ്ങളും തത്ത പറയുന്നതുപോലെ സുഗുണൻ ചേട്ടനോട് പറയുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു.അത് തെറ്റിയില്ല"

അതും പറഞ്ഞ് അവൾ സുഗുണനെ നോക്കി കണ്ണ് കാണിച്ചതും, അയാളുടെ വലംകൈ സുദേവൻ്റെ കവിളിൽ ആഞ്ഞു പതിച്ചു.

കൂടം കൊണ്ട് അടി കിട്ടിയതുപോലെ സുദേവൻ്റെ കവിൾ ഒരു വശം കോടി.

" ഇത് നീ അവിടെ വെച്ച് സുഗുണൻ ചേട്ടന് കൊടുത്തതിൻ്റെ പകരം - "

അങ്കിൾ എന്നു വിളിച്ചിരുന്ന നാവ് കൊണ്ട്  നീ എന്നു  വിളിക്കുമ്പോൾ, നിലാവിൻ്റെ കണ്ണുകളിൽ നിന്ന് പാറിയത്, തീപ്പൊരിയായിരുന്നുവെന്ന് സുദേവന്  മനസ്സിലായിരുന്നു.

" സത്യങ്ങളെല്ലാം പറഞ്ഞ് കഴിഞ്ഞ് ഞാൻ വരും മുന്നെ നീ സുഗുണൻ ചേട്ടനെ ഇല്ലാതാക്കുമെന്ന് എനിക്കറിയാമായിരുന്നു.അതുകൊണ്ടുതന്നെയാണ് രാജേഷ് ചേട്ടനെ കൊണ്ട് നിൻ്റെ പെണ്ണിനെ ബന്ദിയാക്കിപ്പിച്ചത്.. അവിടെ ഒരു കസേരയിൽ നിൻ്റെ പെണ്ണിനെ, വായിൽ പ്ലാസ്റ്റർ ഒട്ടിച്ച് കെട്ടിയിട്ട്, സുഗുണൻ ചേട്ടനെ കൊണ്ടുപോകാൻ വന്നതും രാജേഷ് ചേട്ടൻ തന്നെയായിരുന്നു "

നിലാവിൻ്റെ മൂർച്ചയുള്ള ഓരോ വാക്കും കേട്ടുകൊണ്ടിരിക്കെ, സുദേവൻ്റെ മുഖം വിളറി വെളുത്ത് തുടങ്ങി.

'ആ ചിലന്തിവലയിൽ കുടുങ്ങി കിടക്കുന്ന പ്രാണിയെ കണ്ടോ നീ - അത് ചത്തിട്ടൊന്നുമല്ല നിശ്ചലമായി കിടക്കുന്നത്? ചതിയനായ ശത്രുവിൻ്റെ ബലഹീനതകൾ മനസ്സിലാക്കാൻ വേണ്ടിയാണ് ചത്തതുപോലെയുള്ള കിടപ്പ്. ഒടുവിൽ എല്ലാം മനസ്സിലാക്കി, ബുദ്ധിമാനെന്നു കരുതുന്ന ചിലന്തിയെ നോക്കുകുത്തിയാക്കിയിട്ട് ആ പ്രാണി, വലയുടെ കെട്ട്പ്പൊട്ടിച്ച് പറന്നുയരും. നീ നോക്കിക്കോ "

ലോറി കാബിൻ്റെ മൂലയിൽ, നെയ്തു കൊണ്ടിരിക്കുന്ന ചിലന്തിവലയെ കാണിച്ചു കൊണ്ട് അവൾ പറഞ്ഞപ്പോൾ, അയാൾ അങ്ങോട്ടേയ്ക്ക് നോക്കിയതും, പൊടുന്നനെ ലോറി സ്റ്റാർട്ടായി.

ഞെട്ടിത്തെറിച്ച് സുദേവൻ നിലാവിനെ നോക്കിയതും, അവൾ അയാളെ നോക്കി പുഞ്ചിരിച്ചു.

"പണമുണ്ടെങ്കിൽ എന്തും നമ്മുടെ പിന്നാലെ വരുമെന്ന് അങ്കിളിന് അറിയുമല്ലോ? അതുപോലെ വന്നതാണ് ലോറിയുടെ ഈ കീ "

ഒരു നിമിഷം നിലാവ് അയാളെ ക്രൂരമായി നോക്കി, ശക്തിയിൽ ക്ലച്ചമർത്തി, ഗിയർ ഇട്ടു...

വൈപ്പർ ഓണാക്കിയതും, മഴതുള്ളികൾക്കൊപ്പം, ചെളിയും ഇരുവശത്തേക്ക് നീങ്ങി.

ഗ്ലാസിൻ്റെ വ്യക്തമായ ഭാഗത്തു കൂടെ, ദൂരെ കിടക്കുന്ന കാർ കണ്ടതും സുദേവൻ്റെ ഉള്ളിൽ ഒരു തീഗോളം പടർന്നു.

അയാൾ ഭീതിയോടെ നിലാവിനെ നോക്കി.

" അങ്കിൾ പേടിക്കണ്ട. എൻ്റെ അച്ചനെയും അമ്മയെയും അരുണ്യം, വരുണും കൂടി കൊല്ലുമ്പോൾ അങ്കിൾ കാഴ്ചക്കാരനായിരുന്നു. ഇന്ന് ഞാനവരെ കൊല്ലുമ്പോഴും അങ്കിൾ വെറുമൊരു കാഴ്ചക്കാരൻ തന്നെയാണ് "

" കൊല്ലാനോ? "

ശ്വാസം നിലയ്ക്കും പോലെ സുദേവൻ ചോദിച്ചതും, നിലാവ് പൊട്ടിച്ചിരിച്ചു.

"അല്ലാതെ കൂടെ കൂടിയത് പാലൂട്ടാനാണെന്നു വിചാരിച്ചോ? നാളെ രാവിലെ ചിതയിൽ നിന്ന് അമ്മയുടെയും, അച്ഛൻ്റെയും അസ്ഥി എനിക്ക് സന്തോഷത്തോടെ എടുക്കണമെങ്കിൽ അവരെ ഈ ഭൂമിയിൽ നിന്നു പറഞ്ഞു വിടണം അങ്കിൾ - ദയവായി തടയരുത്"

പറഞ്ഞതും ക്ലച്ചിൽ നിന്ന് അവളുടെ പാദം പതിയെ ഉയർന്നതും, ലോറി മുന്നോട്ടു നീങ്ങിക്കൊണ്ടിരുന്നു.

"നോ "

സുദേവൻ അലറിക്കൊണ്ടു പുറത്തേക്ക് ചാടാനൊരുങ്ങിയതും, സീറ്റിനു പിന്നിൽ നിന്ന് ഒരു ഇരുമ്പ് ദണ്ഡ് എടുത്ത് സുഗുണനു നേരെ നീട്ടി നിലാവ്.

സുദേവൻ്റെ തല പ്ലാറ്റ്ഫോമിലേക്ക് താഴ്ത്തിയിട്ട്,സീറ്റിനു മുകളിലേക്ക് വെച്ച അയാളുടെ കാലുകൾക്കു മുകളിലൂടെ പലവട്ടം ആ ഇരുമ്പ്ദണ്ഡ് താഴ്ന്നിറങ്ങി.

ജീവൻ പോകുന്ന അലർച്ച അയാളിൽ നിന്നുയർന്നെങ്കിലും, മഴ ശബ്ദത്തിൽ അത് അലിഞ്ഞു ചേർന്നിരുന്നു.

ലോറിയുടെ സ്പീഡ് കൂടുന്നത് കണ്ടപ്പോൾ, ഭീതിയോടെ സുദേവൻ, നിലാവിൻ്റെ കാൽ പിടിച്ചു.

"മോളെ കാല് പിടിച്ചുക്കൊണ്ട് ഞാൻ പറയാണ് എൻ്റെ മക്കളെ ഒന്നും ചെയ്യരുത്"

  പ്ലാറ്റ്ഫോമിലേക്കു താഴ്ന്നു കിടക്കുന്ന സുദേവൻ്റെ മുഖം ഇടം കൈ കൊണ്ട് പിടിച്ചുയർത്തി  അയാളുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കി നിലാവ്.

"എൻ്റെ അച്ഛനെയും, അമ്മയെയും തിരിച്ചു തരാൻ കഴിയുമെങ്കിൽ ഈ നിമിഷം വണ്ടി ഞാൻ ഓഫ് ചെയ്യാം - പറ്റോ നിനക്ക്?"

ഉഷ്ണം വമിക്കുന്ന നിലാവിൻ്റെ ചോദ്യം കേട്ടതും, കണ്ണീർ വാർത്തു തുടങ്ങി സുദേവൻ.

"വെറും ഒരു പെണ്ണായ എൻ്റെ കാലിൽ പിടിച്ചു കരയല്ലേ നീ? എനിക്ക് ചിരി വരും"

സുഗുണൻ ടേപ്പ് എടുത്ത് അയാളുടെ മുഖത്ത് ഒട്ടിക്കാൻ ശ്രമിച്ചപ്പോൾ, നിലാവ് തടഞ്ഞു.

" അതു വേണ്ട സുഗുണൻ ചേട്ടാ - ഇയാൾ മക്കളുടെ മരണം കണ്ട് അലറി കരയുന്നത് എനിക്ക് നല്ലവണ്ണം കേൾക്കണം. എന്നാലേ ഇതുവരെ ഉമിത്തീ പോലെ നീറിയിരുന്ന എൻ്റെ മനസ്സ് തണുക്കുകയുള്ളൂ"

പറഞ്ഞു തീർന്നതും, നിലാവിൻ്റെ പാദം ആക്സിലേറ്ററിലേക്ക് അമർന്നു.

നിലത്തു കിടക്കുന്ന സുദേവനെ വലിച്ച് തങ്ങളുടെ നടുക്ക് ഇരുത്തി സുഗുണൻ.

കോരിച്ചൊരിയുന്ന മഴയിലൂടെ വേഗതയിൽ പായുന്ന ആ ലോറിയുടെ ഗ്ലാസ്സിൻ്റെ ഇത്തിരി വട്ടത്തിലൂടെ, അടുത്തടുത്ത് വരുന്ന കാറിനെ കണ്ടതും അയാൾ കൊച്ചുകുട്ടികളെ പോലെ വാവിട്ടു കരഞ്ഞു.

നിറഞ്ഞു പെയ്യുന്ന മഴയിൽ, മുൻ കാഴ്ചകളൊന്നും കാണാതെ, കാറിലിരുന്നു കൊണ്ട് നിലാവിനെ കുടുക്കേണ്ടതിനെ പറ്റി ചർച്ച ചെയ്യുന്ന അരുണും, വരുണ്യം തങ്ങൾക്കുനേരെ മരണത്തിൻ്റെ വാറണ്ടുമായി പാഞ്ഞടുക്കുന്ന ലോറിയെ കണ്ടില്ല.

കാറിനടുത്തെത്തിയതും, പല്ലുകടിച്ചു പിടിച്ച് നിലാവ് ആക്സിലേറ്ററിലേക്ക് കാലമർത്തിയതും, കാർ വല്ലാത്തൊരു ശബ്ദത്തോടെ ഒന്നു പതിയെ ഉയർന്നു താഴ്ന്നു.

ഫ്രണ്ട് ഗ്ലാസ്സിൽ നിന്ന് വെള്ളതുള്ളികൾ തെറിച്ച്, ചില്ല് ചിലന്തിവല പോലെ ചിന്നിയപ്പോൾ, അരുണും വരുണും ഭീതിയോടെ മുന്നിലേക്ക് നോക്കിയതും ലോറിയിൽ വളയം പിടിച്ചിരിക്കുന്ന  നിലാവിനെ കണ്ടു ഞെട്ടി.

പകപ്പോടെ ഡോർ തുറക്കാൻ ശ്രമിച്ച അവർ പലവട്ടം ശ്രമിച്ചിട്ടും ഡോർ തുറക്കാനായില്ല.

ഇടിയുടെ ആഘാതത്തിൽ ഡോർ ലോക്ക് ആയെന്നു അറിഞ്ഞ അരുൺ, നിലാവിനെ നോക്കി കൈകൂപ്പിയപ്പോൾ അവൾ ഒരു പുഞ്ചിരിയോടെ ലോറി ഗിയറിൽ തട്ടി റിവേഴ്സിലേക്കിട്ടു. 

പിന്നോട്ടു പതിയെ പോകുന്ന ലോറിയെ കണ്ടതും, വരുൺ പൊടുന്നനെ ചെറിയ മഴു  എടുത്ത് ഗ്ലാസ് തകർക്കാൻ തുടങ്ങി.

ആരെങ്കിലും രക്ഷിക്കണമേയെന്ന് സുദേവൻ ചുറ്റും നോക്കി അലറിയപ്പോൾ, ഇടയ്ക്കിടെ മുഴങ്ങുന്ന ഇടിമുഴക്കത്തിൽ മുങ്ങിപ്പോയി ആ രോദനം!

വിജനമായ റോഡിൽ, രക്ഷിക്കാൻ ആരുമില്ലാതെ, പ്രാണൻ പോകുന്ന വേദനയോടെ അയാൾ കാറിനുള്ളിലേക്ക് നോക്കി.

സുദേവനും, അരുണും പ്രാണവേദനയാൽ നോക്കുന്ന രംഗം കണ്ട് സംതൃപ്തിയുടെ ഒരു പുഞ്ചിരി നിലാവിൻ്റെ ചുണ്ടിൽ തെളിഞ്ഞു.

റിവേഴ്സിൽ കുറച്ചു ദൂരം പോയ ലോറി, പൊടുന്നന്നെ ഗിയർ മാറ്റി മുന്നോട്ടെടുക്കുമ്പോൾ, അവളുടെ മനസ്സിൽ അച്ഛൻ്റെയും, അമ്മയുടെയും തുന്നിക്കെട്ടിയ ശവശരീരങ്ങളായിരുന്നു.

ഓർമ്മകൾ നിലാവിനെ വേദനിപ്പിച്ചപ്പോൾ, അവളുടെ കാൽപാദം ആക്സിലേറ്ററിൽ ശക്തിയോടെ അമർന്നു.

തളം കെട്ടി കിടക്കുന്ന ചെളിവെള്ളത്തെ, ഇരുവശത്തേക്കും തെറിപ്പിച്ചു കൊണ്ട് കുതിച്ചു പാഞ്ഞു വന്ന ആ തടിലോറി, കാറിലേക്ക് ഇടിച്ചു കയറിയതും തൊട്ടടുത്ത ട്രാൻസ്ഫോമറിലേക്ക് ആ കാർ പാഞ്ഞുകയറി.

ട്രാൻസ്ഫോമറിനു ചുറ്റും ശബ്ദത്തോടെ ചിതറുന്ന അഗ്നിസ്ഫുല്ലിംഗങ്ങൾ, അവളുടെ കണ്ണുകളിൽ തെളിഞ്ഞപ്പോൾ, ആവേശത്തോടെ അവൾ ഒന്നുകൂടി ലോറി റിവേഴ്സിലേക്കിട്ടു മുന്നോട്ടുവന്നതും, ഒരു വശത്തെ ഇരുമ്പ്തൂണ് തകർന്നു ട്രാൻസ്ഫോമർ കാറിനു മുകളിലേക്ക് ചെരിഞ്ഞു.

അന്തരീക്ഷമാകെ പൊട്ടിച്ചിതറുന്ന അഗ്നി
സ്ഫുലിംഗങ്ങൾ കണ്ട് അമ്പരപ്പോടെ നാട്ടുക്കാർ ഓടിക്കൂടുമ്പോൾ, അവർക്കരികിലായ് ഒരു കാർ വന്നു നിന്നു.

രണ്ട് കാലും ചതഞ്ഞ സുദേവനെ അതിലേക്ക് എടുത്തിട്ട് സുഗുണനും, പിന്നാലെ നിലാവും കയറിയപ്പോൾ, ആ കാർ വേഗതയോടെ വന്ന വശത്തേക്കു തന്നെ പാഞ്ഞുപോയി.

കാറിൻ്റെ പിൻസീറ്റിലിരുന്നു, പൊട്ടിത്തെറിക്കുന്ന ട്രാൻസ്ഫോമറിനെ പിൻതിരിഞ്ഞു നോക്കിയ നിലാവിൻ്റെ ചുണ്ടിൽ സംതൃപ്തിയുടെ ഒരു പുഞ്ചിരിമിന്നി.

അവൾ ആ പുഞ്ചിരി മായാതെ തന്നെ സുദേവനെ നോക്കി.

" തന്നെ രണ്ടു കാലും ഒടിച്ച് ബാക്കിവെച്ചത് എന്തിനാണെന്ന് അറിയോ? പുത്രദു:ഖത്താൽ നീറി നീറി മരിക്കാൻ. അതിലും വലിയ മരണം ഇല്ല സുദേവാ ! നീ മരിച്ചാൽ നിൻ്റെ ചിതയ്ക്ക് തി കൊളുത്താൻ ആണൊരുത്തൻ ഇല്ലാത്ത വിഷമം നീ അറിയണം.അതോർത്ത് ചങ്ക് പൊട്ടിപിടയണം.
അതിനു വേണ്ടി അസുഖങ്ങൾക്കു പോലും ഞാൻ വിട്ടു കൊടുക്കില്ല നിന്നെ "

ശവം പോലെ ഇരിക്കുന്ന സുദേവനു: നേരെ അവൾ അഗ്നിയായ് പടരുമ്പോൾ, അവളുടെ മിഴികളിൻ നിന്ന് ഉരുകിയൊലിച്ച രണ്ടിറ്റ് കണ്ണീർ കവിളിലേക്ക് അടർന്നുവീണു.

"മോളെ വീടെത്തി"

വാസന്തിയമ്മ തൊട്ടു വിളിച്ചപ്പോൾ അവൾ ഓർമ്മകളിൽ നിന്നുണർന്ന് ചുറ്റും നോക്കി.

കോരിച്ചൊരിയുന്ന മഴയിലും, വീടിനു മുന്നിൽ, തടിച്ചുകൂടി നിൽക്കുന്ന ജനങ്ങൾക്കിടയിൽ സുഗുണനെ കണ്ടതും അവൾ പുഞ്ചിരിയോടെ ഇറങ്ങി അയാളുടെ മാറിലേക്ക് ചേർന്ന് നിന്നു.

ഒരു കൊച്ചു കുഞ്ഞിനെ തലോടുന്നത് പോലെ അയാൾ അവളെ തഴുകിയപ്പോൾ, അയാളുടെ കണ്ണ് നിറഞ്ഞു തുടങ്ങിയിരുന്നു.

ആൾക്കൂട്ടത്തിൽ നിന്നു കയറിവന്ന സുഗുണൻ്റെ  ഭാര്യ അവളുടെ കഴുത്തിൽ പൂമാല അണിയിച്ചു.

കൂടി നിന്നവർ നിലാവിനു നേരെ പൂക്കൾ എറിയുമ്പോൾ അവൾ പതിയെ തെക്കേ തൊടിയിലേക്ക് നടന്നു.

ചെടികൾ വളർന്ന്, പൂവിട്ടു നിൽക്കുന്ന മൺകൂനകൾക്കു മുന്നിൽ അവൾ മുട്ടുകുത്തി ഇരുന്നു.

വർഷം പോലെ, കണ്ണീർ പെയ്യുന്നതറിയാതെ അവൾ മുട്ടുകുത്തിയിരിക്കുമ്പോൾ, ചുമലിൽ ഒരു കൈ വീണതറിഞ്ഞ് അവൾ കണ്ണീരോടെ തിരിഞ്ഞു നോക്കി.

ചേട്ടനെ കണ്ടതും ഒരു പൊട്ടിക്കരച്ചിലോടെ ആ നെഞ്ചിലേക്കമർന്നു അവൾ.

പണ്ടെങ്ങോ കൈവിട്ടു പോയ നിധിയെ,നെഞ്ചോട് ചേർത്ത് തഴുകുമ്പോൾ നിറഞ്ഞു കവിഞ്ഞ അവൻ്റെ കണ്ണിൽ നിന്നും നീർതുള്ളികൾ അവളുടെ ശിരസ്സിൽ വീണു ചിതറുന്നുണ്ടായിരുന്നപ്പോൾ.
സന്തോഷ് അപ്പുക്കുട്ടൻ
 (അവസാനിച്ചു)

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്