കൃഷ്ണവേണി FULL PART

കൃഷ്ണവേണി
FULL PART

"നീ ഈ മുച്ചക്രവും ഉരുട്ടി എന്തിനാണ് പോകുന്നതെന്ന് എല്ലാവർക്കും അറിയാം. ഇങ്ങിനെ അന്വേഷിച്ച് നടന്ന് വശംകെടുന്നതിലും നല്ലത്, അവരെ ഇങ്ങോട്ട് വരുത്തുന്നതല്ലേ? " 

കാക്കി ഷർട്ടുമണിഞ്ഞ് വീടിനു പുറത്തേക്കിറങ്ങിയ കൃഷ്ണ, ദിവാകരൻ്റെ വാക്കുകൾ കേട്ടപ്പോൾ പടിയിൽ ഒരു നിമിഷം നിശ്ചലം നിന്നു.

അവളുടെ കൺകോണുകളിൽ ഒരു പുഞ്ചിരിയൂറി .

" കസ്റ്റമേഴ്സിനെ  ഞാൻ ഇവിടേക്ക്  എത്തിക്കാം. കമ്മീഷൻ തന്നാൽ മതി"

ദിവാകരൻ്റെ വാക്ക് കേട്ടതും,അവൾ പതിയെ തിരിഞ്ഞു, വാതിൽപ്പടിയിൽ ചാരി നിൽക്കുന്ന അയാളുടെ അടുത്തേക്ക് നടന്നു.

കുനിഞ്ഞു  ദിവാകരൻ്റെ കാൽപാദം തൊട്ടു ഒരു നിമിഷം നിന്നതും, പെട്ടെന്നു ഉയർന്ന, അവളുടെ കൈ, അയാളുടെ ഇരുകവിളിലും വളരെ ശക്തിയോടെ മാറി മാറി വീണു.

ഒരു പറ്റം പൊന്നീച്ചകൾ തലയ്ക്കകത്ത് മുരളുന്നതു പോലെ തോന്നിയപ്പോൾ അയാൾ രണ്ടു കണ്ണും അടച്ച് രണ്ട് നിമിഷം നിന്നു.

കണ്ണിൽ നിന്ന് അവസാന പൊന്നീച്ചയും പറന്നകന്നപ്പോൾ, അയാൾ ദയനീയതോടെ കണ്ണുതുറന്ന് കൃഷ്ണയെ നോക്കി.

" പെണ്ണുങ്ങളെ അപമാനിക്കുന്നത്, തലയ്ക്ക് മൂത്ത ആണുങ്ങളാണെങ്കിൽ കാലിൻമേൽ ഒന്നു തൊട്ട് അടിക്കാമെന്ന് എൻ്റെ അച്ഛൻ പറഞ്ഞിട്ടുണ്ട് "

കൃഷ്ണയുടെ തീ പടർന്ന വാക്കുകൾക്ക് ഒപ്പം, ആ കണ്ണിൽ പകയുടെ ഒരു സമുദ്രം ഇളകുന്നത് കണ്ട ദിവാകരൻ്റെ നോട്ടം, വീടിൻ്റെ തേയ്ക്കാത്ത ചുമരിലേക്ക് നീണ്ടു.

ചില്ലിനകത്ത്, അവ്യക്തതയിൽ അഭയം പ്രാപിക്കാനെന്നവണ്ണം കാത്തിരിക്കുന്ന ഒരു ബ്ലാക്ക് ആൻ്റ് വൈറ്റ്
ഫോട്ടോയിൽ കാണുന്ന ആൾ, അഭിമാനത്തോടെ ചിരിക്കുന്നതു പോലെ അയാൾക്കു തോന്നി.

"എന്താ ഇവിടെയൊരു ശബ്ദം ?"

അടുക്കളയിൽ നിന്ന് തവിയുമായി പുറത്തേക്കിറങ്ങിയ ശാരദ, ദിവാകരനെയും, കൃഷ്ണയെയും മാറി മാറി നോക്കി.

" വിഷുവിന് പടക്കം പൊട്ടിച്ച ശബ്ദമല്ല കേട്ടത്. നിങ്ങടെ രണ്ടാം കെട്ടുക്കാരൻ്റെ മുഖത്തിനിട്ട് ഞാൻ ഒന്നു പൊട്ടിച്ചതിൻ്റെ  ശബ്ദാ"

ശാരദയെ നോക്കി പരിഹാസത്തോടെ കൃഷ്ണ പറഞ്ഞപ്പോൾ, അവൾ ദിവാകരനെ കടുപ്പിച്ചൊന്നു നോക്കി .

" ഇങ്ങിനെ നോക്കി പേടിപ്പിച്ചിട്ടൊന്നും ഇനി കാര്യമില്ല. പട്ടിയുടെ വാൽ പോലെ അത് വളഞ്ഞു തന്നെ ഇരിക്കുകയുള്ളൂ."

കൃഷ്ണ രണ്ടടി വെച്ച് ശാരദയുടെ മുന്നിൽ ചെന്ന് നിന്ന്, പരിഹാസത്തോടെ ആ മുഖത്തേക്ക് നോക്കി.

"രണ്ടാം കെട്ടു നടത്തുന്നത് കൊണ്ട് കുഴപ്പമില്ല.പക്ഷെ നന്നായി ചിന്തിച്ചിട്ട്, ആളെ മനസ്സിലാക്കി നിങ്ങൾ അത് ചെയ്യണമായിരുന്നു. അതിനു പകരം അച്ഛൻ മരിച്ച് ഒരു ആണ്ട് തികയും മുൻപേ ഇതുപോലൊരു മകളെ തിരിച്ചറിയാൻ കഴിയാത്ത നാറിയെയാണല്ലോ നിങ്ങൾ?" 

"അധികപ്രസംഗി "

ദിവാകരനെ ചീത്ത വിളിക്കുന്നത് കേട്ടപ്പോൾ ശാരദ കലികയറി കൃഷ്ണയുടെ അടുത്തേക്ക് പാഞ്ഞു.

"മക്കളെ തെരുവ് പെണ്ണെന്നും, ആണുങ്ങളെ വലവീശിപ്പിടിക്കാൻ പോകുന്നവളുമാണെന്ന് അയാൾക്ക് വിളിക്കാം. അതിനൊരു കുഴപ്പമില്ല. പക്ഷേ ഞാൻ എന്തെങ്കിലും പറഞ്ഞാൽ അത് വലിയ അപരാധം "

കൃഷ്ണ മുറുമുറുത്തു കൊണ്ട് ശാരദയെ നോക്കി.

" എല്ലാം കേട്ട് ക്ഷമയോടെ ഇരിക്കാൻ എന്നെ കിട്ടില്ലായെന്ന് അയാളോടു പറഞ്ഞേക്ക്. ഒന്നു കിട്ടിയാൽ പത്ത് തിരിച്ചു കൊടുക്കും ഈ കൃഷ്ണ.
അങ്ങിനെ ചെയ്യണമെന്ന് പഠിപ്പിച്ചിട്ടാണ് എൻ്റെ അച്ചൻ പോയത് "

കൃഷ്ണയുടെ വാക്ക് കേട്ടതും, ശാരദയുടെ ചുണ്ടിൽ ഒരു പുച്ഛചിരി വിടർന്നു.

"നിങ്ങൾ ചിരിക്കും. എനിക്ക് അറിയാം. അച്ഛൻ മരിച്ച രണ്ട് പെൺമക്കളുടെ ജീവിതത്തേക്കാളും, നിങ്ങൾക്കേറ്റവും വലുത് നിങ്ങളുടെ സംതൃപ്തിയായിരുന്നു. നിങ്ങളെ പോലെയുള്ള വൃത്തികെട്ട സ്ത്രീകളാണ് പത്തു മാസം ചുമന്ന കഷ്ടപ്പാടിൻ്റെ കഥ വെറുമൊരു  തമാശ കഥയാക്കി മാറ്റിയത് "

"നീ ഇവിടെ നിന്ന് കവല പ്രസംഗം നടത്താതെ പോകാൻ നോക്ക് "

ശാരദ അതും പറഞ്ഞ് തിരിഞ്ഞപ്പോൾ, അവരുടെ കൈയ്യിൽ പിടിച്ചു കൃഷ്ണ.

" ഒന്നു നിങ്ങൾ ഓർത്തോ? ഇതേപോലെ പോകാനാണ് നിങ്ങൾ രണ്ട് പേരുടെ ഭാവമെങ്കിൽ, വീടിൻ്റെ ചായ്പിൽ ഒരു അരിവാൾ ഞാൻ വെച്ചിട്ടുണ്ട്. ബന്ധം നോക്കാതെ രണ്ടിൻ്റെം കഴുത്ത് കണ്ടിക്കും ഞാൻ 

"ഓ പിന്നേ. ഒന്നു പോയേ ടീ"

ശാരദയുടെ ധൈര്യത്തിൽ ദിവാകരൻ അത് പറയുമ്പോൾ, അകത്തെ മുറിയിൽ നിന്ന്, എന്തോ താഴെ വീഴുന്ന ശബ്ദം കേട്ട് കൃഷ്ണ കാതോർത്തു.

ആ നിമിഷം കൃഷ്ണയുടെ കണ്ണുനിറഞ്ഞു.

നീരണിഞ്ഞ കണ്ണുകളോടെ അവൾ ദിവാകരനെ നോക്കി.

"നിനക്കും, അരിവാളിനുമായിൽ തടസ്സം നിൽക്കുന്നത് അരുതേയെന്നുള്ള ആ ശബ്ദമാണ്. ഗതികെട്ടാൽ അതും നോക്കില്ല ഞാൻ.
ഓർമ്മയിൽ വെച്ചോ "

രണ്ടിനെയും മാറി മാറി നോക്കി അവൾ പുറത്തേക്ക് ഇറങ്ങുമ്പോൾ, അവളെ തണുപ്പിക്കാനെന്നവണ്ണം മഴ ചാറിതുടങ്ങിയിരുന്നു.

തണുത്ത കാറ്റോടൊപ്പം, വെള്ളത്തുള്ളികൾ മുഖത്തേക്ക് വീണപ്പോൾ, അവൾ കുളിർമയോടെ ആകാശത്തേക്ക് നോക്കി.

കാറ്റിനൊപ്പം നീങ്ങുന്ന മേഘങ്ങളെയും നോക്കി അവൾ ഒരു നിമിഷം കണ്ണടച്ചു നിന്നു.

എന്തോ ഓർത്തെന്നവണ്ണം അവൾ കണ്ണ് തുറന്ന് തെക്കേ തൊടിയിലേക്ക് നോക്കി.

മൺകൂനയ്ക്ക് മുന്നിലായ്,ചെറുകാറ്റിലുലയുന്ന ദിപം പ്രകാശം പൊഴിക്കുന്നതും നോക്കി അവൾ ഒരു ഒരു നിമിഷം കണ്ണടച്ചു പ്രാർത്ഥിച്ചു.

അച്ഛനെന്ന മഹാസാഗരം മനസ്സിലിളകി തുടങ്ങിയതും, അവളുടെ കണ്ണുനിറയാൻ തുടങ്ങി.

ഏത് ഇരുട്ടിലും, ഒരു മെഴുകുതിരി വെട്ടമായി മക്കൾക്ക് പ്രകാശം പൊഴിച്ചുക്കൊണ്ടിരുന്ന അച്ഛൻ,  വീശിയടിച്ച വിധിയുടെ കൊടുങ്കാറ്റിൽ പെട്ടെന്ന് അണഞ്ഞുപോകുകയായിരുന്നു.

ഓർമ്മകൾ തന്നെ പൊട്ടി കരയിപ്പിക്കുമെന്ന് തോന്നിയ അവൾ, കണ്ണീർ തുടച്ചുക്കൊണ്ട് ചെറിയ പൂന്തോട്ടത്തിൽ നിന്ന് നന്ത്യാർവട്ട പൂക്കൾ പറിച്ച് മുടിയിൽ തിരുകി,  ഓട്ടോയിലേക്ക് കയറി.

ഒരു നിമിഷം കണ്ണടച്ച് പ്രാർത്ഥിച്ച്, അവൾ കിക്കർ വലിച്ചതും, ഒരു മുരൾച്ചയോടെ വണ്ടി സ്റ്റാർട്ട് ആയി.

വണ്ടിയുടെ ശബ്ദം കേട്ട് ഓടിയെത്തിയ, വെളുത്ത കുറിഞ്ഞി പൂച്ച വണ്ടിയിലേക്ക് കയറി, അവളുടെ മടിയിലേക്ക് ചാടിയിരുന്നു.

ഓട്ടോ,ചരലിട്ട പാതയുടെ അവസാനമെത്തിയതും കൃഷ്ണ, പൂച്ചക്കുട്ടിയെ നിലത്തേക്ക് വെച്ചു.

കൃഷ്ണയെ ഒന്നു നോക്കി, പൂച്ചക്കുട്ടി വീട്ടിലേക്ക് ഓടിയതും, അവൾ വണ്ടി മുന്നോട്ട് എടുത്തതും  ഒരു ബുള്ളറ്റ് അവളുടെ ഓട്ടോക്ക് കുറുകെ വന്നു നിന്നു.

ബുള്ളറ്റിൽ നിന്നിറങ്ങിയ അയാൾ,  ഓട്ടോയുടെ ഡ്രൈവിങ്ങ് സീറ്റിനടുത്ത് എത്തിയതും, കൂളിംങ്ങ് ഗ്ലാസ്സിനു മീതേ കൂടി അവളെ ആപാദചൂഢം ഒന്നു നോക്കി പുഞ്ചിരിച്ചു.

"എന്നെ ഇങ്ങിനെ വഴിയിൽ തടയരുതെന്ന് അഭിയോട് ഞാൻ പലവട്ടം പറഞ്ഞിട്ടുണ്ട് "

കത്തുന്ന കണ്ണുകളോടെ കൃഷ്ണ അഭിയെ നോക്കി.

" ആ പൂച്ച കുട്ടിയ്ക്ക് കൊടുക്കുന്ന സ്നേഹത്തിൻ്റെ നൂറിലൊന്ന്. അതുമതി എനിക്ക്‌.
നീ ഒന്നു സമ്മതം മൂളിയാൽ പിന്നെ ഒരിക്കലും നിന്നെ തേടി ഞാൻ വരില്ല. പക്ഷേ നി എന്നെ തേടി വരുന്നത് വരെ ഞാൻ കാത്തിരിക്കും "

അയാൾ ഓട്ടോയുടെ റെക്സിനിൽ കൈ ഓടിച്ചു കൊണ്ട് പതിയെ പുഞ്ചിരിച്ചു.

" വരാൻ നിനക്ക് ഉദ്ദേശ്യമില്ലെങ്കിൽ തട്ടോടെ ഞാൻ താങ്ങും.
അമ്മച്ചിയാണെ സത്യം"

അതും പറഞ്ഞ് പുഞ്ചിരിയോടെ നടന്ന് ബൈക്കിൽ കയറിയ അവനരികിലേക്ക്, കൃഷ്ണ, ഓട്ടോയിൽ നിന്നിറങ്ങി ചെന്നു.

"തട്ടോടെ താങ്ങാൻ ഞാനെന്താ 
തലചുമടാണോ? ഇത്തരം ഡയലോഗുമായി ദയവായി എൻ്റെ അടുത്തേക്ക് വരരുത് പ്ലീസ്- ജീവിച്ചു പൊയ്ക്കോട്ടെ ഞാൻ "

 അതും പറഞ്ഞ് തിരിഞ്ഞു നടന്ന അവൾ ഒരു നിമിഷം അവനെ തിരിഞ്ഞു നോക്കി.

"ഈ പ്രേമംന്ന് പറയുന്നത് അതിരാവിലെ കൂറ ബ്രാൻഡിയും അടിച്ച്, പാതി ബോധത്തിൽ, പെണ്ണിനെ തടഞ്ഞു നിർത്തി മാസ്സ് ഡയലോഗും അടിച്ചു നേടേണ്ട ഒന്നല്ല. നീ നല്ലതാണെങ്കിൽ, നിൻ്റെ വഴി നേരെയാണെങ്കിൽ പെണ്ണു വന്നു തന്നെ പ്രൊപ്പോസ് ചെയ്യും നിന്നെ. അതാണ് പ്രണയം! 

അവൻ താടിയും ഉഴിഞ്ഞ് അവളെ പുഞ്ചിരിയോടെ നോക്കി നിന്നു.

" അപ്പോൾ പറഞ്ഞു വരുന്നത് എന്താണെന്നു വെച്ചാൽ നമ്മൾ രണ്ടു പേരും  സഞ്ചരിക്കുന്നത് സമാന്തര രേഖയിലൂടെയാണ്.ഒരിക്കലും കൂട്ടിമുട്ടാത്ത സമാന്തര രേഖയിലൂടെ "

പറഞ്ഞു കഴിഞ്ഞ് അവൾ കയറി ഓട്ടോസ്റ്റാർട്ടാക്കിയതും, അവൻ വീണ്ടും കൃഷ്ണയുടെ അരികത്തേക്ക് വന്നു. 

" ചെമ്മീൻ ചാടിയാൽ എന്നൊരു ക്ലീഷേ ഡയലോഗ് ഞാൻ പറയുന്നില്ല. കാരണം നീ ഹൈ വോൾട്ട് ആണ്. പക്ഷെ എനിക്ക് ഇതൊരു വെല്ലുവിളിയാണ്. അതിന് വേണ്ടി എന്തു മാർഗ്ഗവും ഞാൻ സ്വീകരിക്കും"

അവളെയൊന്ന് കൂർപ്പിച്ച് നോക്കി, ബുള്ളറ്റ് സ്റ്റാർട്ട് ചെയ്ത് വലിയൊരു ശബ്ദത്തോടെ അവൻ പറന്നു പോയപ്പോൾ, അവൾ ഓട്ടോ-സ്റ്റാർട്ട് ചെയ്തു.

ഹൈവേയിലൂടെ നീങ്ങിയ ഓട്ടോ പെട്രോൾ പമ്പിനു മുന്നിൽ നിർത്തി.

" ഒന്നോ, രണ്ടോ?"

പെട്രൊൾ അടിക്കുന്ന പയ്യൻ മുന്നിലേക്ക് വന്ന് പുഞ്ചിരിയോടെ ചോദിച്ചപ്പോൾ, അവൻ്റെ കാത് പിടിച്ചു കൃഷ്ണ പതിയെ ഇറുക്കി.

"കാലത്ത് തന്നെ ചേച്ചിയെ കളിയാക്കുവാണല്ലേ?"

"ഞാൻ ഇവിടെ വന്നിട്ട് മൂന്നുമാസമായി ഇതുവരെ ചേച്ചി ഒറ്റതവണ രണ്ട് ലിറ്ററിൽ കൂടുതൽ അടിക്കുന്നത് കണ്ടിട്ടില്ല"

അവൻ ചിരിയോടെ പറഞ്ഞിട്ട് നോസിൽ, ടാങ്കിലേക്ക് വെച്ചു.

"എന്തു ചെയ്യാം മോനെ .. ഉള്ളതുകൊണ്ടല്ലേ ഓണം നടത്താൻ പറ്റൂ. ഇപ്പോൾ നീ രണ്ട് അടിച്ചോ?"

ഫുൾ ടാങ്ക് അടിച്ചോളാൻ പറയുന്ന ഗമയോടെ അവളത് പറഞ്ഞ് പേഴ്സിൽ നിന്നും പൈസ എടുത്ത് അവന് കൊടുത്തു.

ഇനി ഇത്തിരി നാണയങ്ങൾ മാത്രമേ അവശേഷിക്കുന്നുള്ളു എന്ന് കണ്ട അവൾ ഒന്നു പുഞ്ചിരിച്ചു.

യാത്രക്കാരന് ബാലൻസുകൊടുക്കാൻ പോലും ഇല്ലാത്ത അവസ്ഥ.

ഒരു ശരാശരി ഓട്ടോക്കാരൻ്റെ പാതയിലൂടെയാണ് താനും സഞ്ചരിക്കുന്നതെന്ന് അവൾ ഓർത്തു.

" ചേച്ചിക്ക് ഈ പഴഞ്ചൻ ഓട്ടോമാറ്റിയിട്ട് പുതിയ ഡീസൽ എഞ്ചിൻ വാങ്ങികൂടെ?"

"ഈ ഓട്ടോ,മാറ്റാൻ മനസ്സ് സമ്മതിക്കില്ല മോനെ. അച്ചൻ ഓടിച്ചിരുന്നതാണ് ഈ ഓട്ടോ- അച്ചൻ്റെ വിയർപ്പ് വീണ സീറ്റിലിരിക്കുമ്പോൾ അച്ഛൻ അടുത്ത് ഉണ്ടെന്ന ഒരു തോന്നൽ "

അവൾ പറഞ്ഞ് തീർന്നതും കണ്ണ് നിറഞ്ഞതും ഒന്നിച്ചായിരുന്നു.

അവനൊരു പുഞ്ചിരിയും കൊടുത്ത്, പെട്രോൾ പമ്പിൽ നിന്നും ഇറങ്ങുമ്പോൾ മഴയ്ക്ക് ശക്തിയേറിയിരുന്നു.

ഓട്ടവീണ സൈഡ്കർട്ടനിലൂടെ വെള്ളം മുഴുവൻ അകത്തേക്കു വീഴുന്നത് കണ്ട, നെഞ്ചിടിപ്പോടെ ഒന്നു ആകാശത്തേക്ക് നോക്കി.

വാഹനങ്ങൾക്കിടയിലൂടെ അവളുടെ ഓട്ടോ പതിയെ നീങ്ങുമ്പോൾ, പിന്നിൽ നിന്ന് ബുള്ളറ്റിൻ്റെ ശബ്ദം കേട്ടപ്പോൾ, കൃഷ്ണ മിററിലൂടെ നോക്കിയതും, അവളുടെ മുഖത്തേക്ക് ദേഷ്യം ഇരച്ചെത്തി.

"ഇവിടെ അന്നം കിട്ടാൻ പാടുപെടുമ്പോൾ, അവിടെ അന്നമ്മയെ കിട്ടാനുള്ള പെടാപാട് "

മനസ്സിൽ അങ്ങിനെ മന്ത്രി ച്ചതും, ചുണ്ടിൽ പുഞ്ചിരി വിടർന്നതും ഒന്നിച്ചായിരുന്നു.

ആ പുഞ്ചിരിയോടെ വലതുവശത്തേക്ക് നോക്കിയതും, നോട്ടം ചെന്നെത്തിയത് അഭിയുടെ കണ്ണുകളിലേക്കായിരുന്നു.

മഴനൂലുകൾക്കിടയിലൂടെ കൃഷ്ണയുടെ പുഞ്ചിരി കണ്ടതും, അഭി-വല്ലാത്തൊരു സന്തോഷത്തോടെ ബുള്ളറ്റ് വളരെ വേഗതയിൽ ഓടിച്ചു പോയി.

പുഞ്ചിരിക്കാൻ തോന്നിയ നിമിഷത്തെ ശപിച്ചു കൊണ്ട് അവൾ വണ്ടി മുന്നോട്ട് പായിച്ചു.

ദേവിയുടെ അമ്പലത്തിൽ കയറി തൊഴുത് ,
വണ്ടിയിൽ ചന്ദനം ചാർത്തി പേട്ടയിലേക്കു പോകുമ്പോഴാണ് ഒരാൾ വണ്ടിക്കു കൈ കാണിക്കുന്നത് കണ്ടത്.

"മോളേ മെഡിക്കൽ കോളജ് വരെ ഒന്നു പോകണം. കുറേ നേരമായ് ഞാൻ ഇവിടെ നിൽക്കുന്നത്. അവിടേയ്ക്ക് ഉള്ള റോഡ് മോശമാണെന്നു പറഞ്ഞു ആരും വരുന്നില്ല"

"ചേട്ടൻ കേറിക്കോ?"

അവൾ സന്തോഷത്തോടെ പറഞ്ഞപ്പോൾ അയാൾ കുടയും മടക്കി ഒരു ആശ്വാസത്തോടെ വണ്ടിയിൽ കയറി.

"വീട്ടിലേക്ക് ഒന്നു പോയിട്ട് അമ്മയെ എടുത്തിട്ടു വേണം ഹോസ്പിറ്റലിലേക്ക് പോകാൻ "

അവൾ തലയാട്ടിക്കൊണ്ട്,
അയാൾ പറഞ്ഞ വഴിയിലൂടെ വണ്ടി ഓടിച്ചു വലിയ വീടിനു മുന്നിലെത്തിയതും, അകത്ത് പോർച്ചിൽ വിലയേറിയ രണ്ട് കാർ കിടക്കുന്നത് കണ്ട് അയാളെ അമ്പരപ്പോടെ നോക്കി.

"നല്ല മഴയല്ലേ? ചെളിത്തെറിച്ച് കാറ് വൃത്തികേടാകണ്ടാന്ന് വിചാരിച്ചിട്ടാ "

അയാൾ അതും പറഞ്ഞ് അകത്ത് കയറി, കുനിഞ്ഞു നടക്കുന്ന ഒരു വൃദ്ധയുമായി പുറത്തേക്ക് വന്നു ഓട്ടോയിൽ കയറി.

തടിച്ച ഒരു സ്ത്രീ വന്ന് ഒരു ബാഗ് ഓട്ടോയിലേക്ക് വെച്ചു വീട്ടിലേക്ക് തന്നെ മടങ്ങിപോയ്.

പോക്കറ്റ് റോഡിലെ ചെളിവെള്ളത്തിലൂടെ ഓട്ടോ കിതച്ചു കൊണ്ടു മുന്നോട്ടു പോകുമ്പോൾ അവൾ, പിന്നിലിരിക്കുന്ന യാത്രക്കാരനെ പറ്റി ചിന്തിക്കുകയായിരുന്നു.

ദുഷ്ടയാണെങ്കിലും, അമ്മ ഇന്നലെ രാത്രി നടുവേദന എന്നു പറഞ്ഞപ്പോൾ, അപ്പോൾ തന്നെ വണ്ടിയുമായി മരുന്ന് വാങ്ങാൻ പാഞ്ഞു.

അതു കൊണ്ട് തന്നെയാണ് ഇന്ന് പെട്രോൾ അടിച്ചപ്പോൾ കൈയിൽ ബാക്കി ഒന്നും ഇല്ലാതിരുന്നത്.

ഓട്ടോ, ടാറിട്ട നിരത്തിലേക്ക് കടന്നതും, മെഡിക്കൽ കോളേജിലേക്കുള്ള റോഡിലേക്ക് തിരിഞ്ഞ് വളരെ വേഗതയിൽ പോകുമ്പോൾ, അവൾ വീണ്ടും അഭിയുടെ ബുള്ളറ്റിൻ്റെ ശബ്ദം കേട്ടു .

മിററിലൂടെ നോക്കുമ്പോൾ, മഴയിലൂടെ അഭി ബുള്ളറ്റിൽ പാഞ്ഞു വരുന്നത് കണ്ട്, അവൾ ഓട്ടോയുടെ വേഗത കുറച്ചു.

അടുത്തെത്തിയതും, കൃഷ്ണയുടെ തീ പാറുന്ന കണ്ണുകൾ കണ്ട് അഭി
പുഞ്ചിരിച്ചു.

"കണ്ണുരുട്ടി,പേടിപ്പിക്കണ്ട
സമാന്തര രേഖകൾ കൂട്ടിമുട്ടുമോ എന്നറിയണമല്ലാ?"

അതും പറഞ്ഞ് മുന്നോട്ട് പോയ അഭി പെട്ടെന്നു തന്നെ തിരിച്ചു വന്ന്  "ചെക്കിങ്ങ് " എന്നു പറഞ്ഞതും അവൾ ദൂരെ സൈഡിലേക്ക് നോക്കി.

ഇര പിടിക്കാൻ കാത്തു നിൽക്കുന്ന കടുവകളെ പോലെ ഒരു മൂലയിൽ പോലീസുകാരെ കണ്ടതും, അവൾ പൊടുന്നനെ ചുരിദാറിനു മീതേ കാക്കി ഷർട്ടിട്ടു.

മഴയിലൂടെ മുപ്പത് കിലോമീറ്ററോളം, കുണ്ടും കുഴിയിലൂടെ ഓടി മെഡിക്കൽ കോളേജിൻ്റെ പോർച്ചിലേക്ക് എത്തുമ്പോൾ അവൾക്ക് തളർച്ച അനുഭവപ്പെട്ടു.

"ഇതൊരു ഓട്ടോയാണോ?
പെയ്യുന്ന മഴ മുഴുവൻ അകത്തേക്കാണല്ലോ വീഴുന്നത്? കസ്റ്റമർ കെയറിൽ കംപ്ലെയിൻ്റ് കൊടുക്കുന്നുണ്ട് ഞാൻ "

ആ വൃദ്ധയെ പോർച്ചിൽ നിർത്തി അയാൾ വണ്ടി നമ്പർ എഴുതിയെടുക്കുന്ന
തിരക്കിലായിരുന്നു.

അവൾ ക്ഷീണത്തിലും അയാളെ നോക്കി പുഞ്ചിരിച്ചു.

"എല്ലാം എഴുതിയെടുത്തോ. പക്ഷേ വാടക കുറക്കുമെന്ന് കരുതണ്ട "

അവളുടെ ചങ്കൂറ്റത്തോടെയുള്ള വാക്കുകൾ കേട്ടപ്പോൾ അയാൾ തലയുയർത്തി.

" താൻ വാടക വിളിച്ചിട്ട് മറ്റു ഓട്ടോക്കാർ വരാതിരുന്നതിൻ്റെ കാരണം ഇപ്പോഴാണ് പിടികിട്ടിയത് "

" മൈൻഡ് യുവർ വേർഡ്സ്
ഞാൻ ഒരു ഗസറ്റഡ് ഉദ്യോഗസ്ഥനാണ് "

" ആരായാലും ഈ സമയം വരെ സാർ ഈ വണ്ടിയിലെ യാത്രക്കാരനായിരുന്നു. ആ വാടക കിട്ടിയാൽ എനിക്ക് പോകാമായിരുന്നു."

അവളുടെ ശബ്ദത്തിലുള്ള സംസാരം കേട്ട് അയാൾ ഒന്നു ചുറ്റും നോക്കിയപ്പോൾ, തങ്ങളെ നോക്കി നിൽക്കുന്ന ജനത്തെ കണ്ടതും, പൊടുന്നനെ പോക്കറ്റിൽ നിന്ന് പൈസ എടുത്ത് കൊടുത്തു.

ആ മുത്തശ്ശിയോടു യാത്ര പറഞ്ഞു അവൾ ഓട്ടോയിൽ കയറി.

മെഡിക്കൽ കോളേജിൻ്റെ പടി കടന്നതും, മഴയുടെ ശക്തി കൂടി.

തുള്ളിക്കൊരു കുടം പോലെ വീഴുന്ന മഴയിൽ വൈപ്പർ പോലും പ്രയാസപ്പെട്ട് പ്രവർത്തിക്കുന്നതു പോലെ!

കുറച്ചു ഓടിക്കഴിഞ്ഞപ്പോൾ, ദൂരെ ആരോ വണ്ടിക്ക് കൈകാണിക്കുന്നത് മഴയിലൂടെ അവൾ കണ്ടു.

വണ്ടി അടുത്തെത്തിയതും, അയാളെ സൂക്ഷിച്ചു നോക്കി കൃഷ്ണ'

മദ്യപിച്ച് ബോധംകെട്ട് റോഡിൽ വീണ് കാലും, കൈയും, മുഖവുമൊക്കെ പൊട്ടിയിട്ടുണ്ട്. 

അഴിഞ്ഞു പോകുന്ന മുണ്ട് അയാൾ കൈയിൽ കോരിയെടുത്തിട്ടുണ്ട്.

" പ്ലീസ് എന്നെ ഒന്നു വീട്ടിലാക്കി തരോ?"

കെഞ്ചുന്നതു പോലെ അയാൾ പറഞ്ഞപ്പോൾ അവൾക്ക് സമ്മതിക്കാതിരിക്കാനായില്ല.

അയാളെയും കൊണ്ട്, ഒരു മണിക്കൂറോളം അയാൾ പറഞ്ഞ വഴികളിലൂടെ ഓടിയ,അവൾ ആൾ താമസമില്ലാത്ത ഭാഗത്ത് എത്തിയപ്പോൾ ഒരു മാത്ര തിരിഞ്ഞു.

"എന്നെയും കൊണ്ട് ചേട്ടൻ എങ്ങോട്ടാണ് പോകുന്നത്?"

അവളുടെ ചോദ്യത്തിന് പകരം അയാളിൽ നിന്ന് പൊട്ടിച്ചിരിയോടൊപ്പം, വല്ലാത്തൊരു ശബ്ദമുയർന്നു.

"എൻ്റെ സ്വർഗ്ഗത്തിലേക്ക് "

വനനിബിഡതയിൽ ആ ശബ്ദം വല്ലാതെ മുഴങ്ങിയപ്പോൾ, പുഞ്ചിരിയോടെ,
കൃഷ്ണയുടെ കൈ ഓട്ടോയുടെ സീറ്റിനടിയിലേക്ക് നീണ്ടു.

ചെറിയൊരു വാളിൻ്റെ കൈ പിടിയിൽ, കൃഷ്ണയുടെ കൈ തടഞ്ഞതും, അവൾ പിടിമുറുക്കി.

❤️കൃഷ്ണവേണി 2❤️

മുറുകെ പിടിച്ചിരുന്ന വാളിൽ നിന്നു കൈ സ്വതന്ത്രമാക്കി,വെളിച്ചം വീഴാത്ത വനത്തിനുള്ളl ൽ ഇല്ലിമുളക്കൂട്ടത്തിനരികിൽ അവൾ ഓട്ടോ നിർത്തി പിന്നിലേക്ക് നോക്കി.

" ഇവിടെ വരെ പോകാൻ കഴിയുകയുള്ളൂ. ഇനി ചേട്ടൻ ഇറങ്ങാൻ നോക്ക് "

അവളുടെ അനിഷ്ടത്തോടെയുള്ള സംസാരം കേൾക്കാതെ,അയാൾ എന്തോ ആലോചിക്കുന്നതു പോലെ കണ്ണടച്ചിരുന്നു.

മനസ്സിൽ എന്തോ പിറുപിറുത്തു കൊണ്ട്
കൃഷ്ണ ഒന്നു ചുറ്റും നോക്കി.

വൃക്ഷങ്ങൾ ഇടതിങ്ങി വളർന്നു നിൽക്കുന്നതു കൊണ്ട് എങ്ങും ഇരുട്ട് പടർന്നിരുന്നു.

മരക്കൂട്ടങ്ങൾക്കുള്ളിൽ മഴ പെയ്യുമ്പോൾ ഇത്രയ്ക്കും ഭീതിദമായ ശബ്ദമാണെന്ന് അവൾ ആദ്യമായി അറിയുകയായിരുന്നു. 

കാട്ടു പക്ഷികളുടെ ശബ്ദവും, ഇടയ്ക്കിടെ, അകലെയുള്ള കാടുകളിൽ നിന്ന് മുഴങ്ങുന്ന വന്യമൃഗങ്ങളുടെ ഗർജ്ജനവും അവളെ തെല്ല് പേടിപ്പെടുത്തി.

അടുത്തെങ്ങോ, ഒരു വെള്ളച്ചാട്ടത്തിൻ്റെ ശബ്ദം അവൾ കേട്ടു.

അയാളുടെ അരികെ വണ്ടി നിർത്താൻ തോന്നിയ സമയത്തെ ശപിച്ചുക്കൊണ്ട്, 
അവൾ വാച്ചിലേക്ക് നോക്കി.

രണ്ട് മണി !

വെളിച്ചം പരന്നൊഴുകേണ്ട ഈ,സമയത്ത് ഇവിടെ നിറയെ ഇരുട്ട് പടർന്നിരിക്കുന്നത് അവളെ അത്ഭുതപ്പെടുത്തി.

ഇരുട്ടിനോടൊപ്പം, മഴയും പെയ്തു കൊണ്ടിരുന്ന ഭീതിപ്പെടുത്തുന്ന സ്ഥലത്ത് നിന്ന് എങ്ങിനെയെങ്കിലും രക്ഷപ്പെട്ടാൽ മതിയെന്ന ചിന്തയോടെ അവൾ, അയാളെ കുലുക്കി വിളിച്ചു.

"ചേട്ടാ ആളെ ബുദ്ധിമുട്ടിക്കാതെ ഇറങ്ങാൻ നോക്ക്. എനിക്ക് ഇനി ഒരുപാട് ഓടിയാലേ വീട്ടിലെത്താൻ കഴിയൂ"

പാതി വിഷമത്താടെ അവൾ പറഞ്ഞു തീർത്തതും, അയാളുടെ ചുവപ്പ് രാശി പടർന്ന കണ്ണുകൾ വിടർന്നു.

" ഒരു അഞ്ചു മിനിറ്റ് കൂടി ഓടിയാൽ വിശാലമായ ഒരു പാറപരപ്പ് -ഉണ്ട്. അവിടെ എന്നെ ആക്കി താൻ പൊയ്ക്കോ?"

അയാളുടെ കുഴഞ്ഞ വാക്ക് കേട്ടതോടെ അവൾ ഒന്നാലോചിച്ച് ഓട്ടോ മുന്നോട്ട് എടുത്തു.

പൊട്ടിപ്പൊളിഞ്ഞ്, ചെറിയ കരിങ്കല്ല് കഷ്ണങ്ങൾ പുറത്ത് കാണുന്ന ദുർഘടം പിടിച്ച റോഡിലൂടെ ചാടി,ചാടി ഓട്ടോ പോകുമ്പോൾ ആമാശയം കലങ്ങുന്നതു പോലെ അവൾക്കു തോന്നി.

കുറച്ചു ദൂരം ഓടിയതും, അകലെ സമതലമായ പാറ കണ്ടതും, അവൾ ഒന്നു നിശ്വസിച്ചു.

"ഇവിടെ നിർത്തിക്കോ അവിടെയാണ് എൻ്റെ സ്വർഗ്ഗം "

കുറച്ചു ദൂരെ പാറയിലൂടെ ഒഴുകി വരുന്ന അരുവി ചൂണ്ടി കാണിച്ച് അയാൾ പറഞ്ഞപ്പോൾ അവൾ ഓട്ടോ നിർത്തി.

 ഓട്ടോയിൽ നിന്നിറങ്ങിയ അയാൾ പോക്കറ്റിൽ നിന്ന് പേഴ്സ് എടുത്ത് മൂന്നാല് അഞ്ഞൂറിൻ്റെ നോട്ടുകൾ എടുത്ത് അവളുടെ കൈയിൽ ബലമായി പിടിപ്പിച്ചു. 

മഴയും കൊണ്ട് നിൽക്കുന്ന അയാളെ അവൾ അത്ഭുതസ്തബ്ധയായി  നോക്കി നിന്നു.

"വെച്ചോ താൻ, വണ്ടിയുടെ മെയിൻ്റനൻസിനും, പിന്നെ ഇവിടം വരെ ഭീതിയോടെ മിടിച്ച ആ ഹൃദയത്തിനും വേണ്ടി "

അവൻ ചിരിയോടെ വീണ്ടും പേഴ്സിൽ നിന്ന് ഒരു അഞ്ഞൂറിൻ്റെ നോട്ടെടുത്ത് അവളുടെ കൈയിൽ വീണ്ടും പിടിപ്പിച്ചു.

"ഹൃദയം മിടിച്ചെന്ന് ഞാൻ വെറുതേ പറഞ്ഞതാണ് ട്ടോ! ആ സ്ട്രോങ്ങ് ഹാർട്ട് എനിക്ക്  ഇഷ്ടമായി. അതു കണ്ടപ്പോൾ എനിക്ക് ഉണ്ടായ സന്തോഷത്തിനാ ഇത് " 

അവൾ പുഞ്ചിരിയോടെ കൈയ്യിൽ പിടിച്ചിരുന്ന നോട്ടിൽ നിന്ന്, ഒരു നോട്ട് എടുത്ത് ബാക്കി തിരിച്ചു അയാൾക്കു നേരെ നീട്ടി.

" ഓട്ടത്തിനുള്ള പൈസ മതി ചേട്ടാ"

അയാൾ അഴിഞ്ഞു പോകുന്ന മുണ്ട് മുറുക്കിയുടുത്ത് കൊണ്ട് അവളെ നോക്കി ചിരിച്ചു.

"തൻ്റെ പ്രതിഫലം ഞാൻ തന്നു. അതിനി ഞാൻ തിരിച്ചു വാങ്ങില്ല.കാരണം സന്തോഷത്തോടെ നൽകുന്ന ഒന്നും ഞാൻ തിരിച്ചു വാങ്ങില്ല. അത് എൻ്റെ ഹൃദയമായാൽ പോലും " 

അയാളുടെ കണ്ണ് നിറയുന്നത് കണ്ട, കൃഷ്ണ ഒന്നും പറയാതെ ആ പൈസ കൈയിൽ ചുരുട്ടി പിടിച്ചു.

അവൾക്കൊരു പുഞ്ചിരി കൊടുത്ത് അയാൾ പാറയിലൂടെ,  അരുവിയുടെ അടുത്തേക്ക് പതിയെ നടന്നു.

കാലിടറി നടന്നു പോകുന്ന അയാൾ ഒരു നിമിഷം തിരിഞ്ഞു നിന്നു.

" ആ ചങ്കൂറ്റത്തിന് ഹൃദയത്തിൽ നിന്നൊരു
ഒരു സല്യൂട്ട്..ഇത്രയും ഭയപ്പെടേണ്ട അവസ്ഥയിൽ തനിക്കെങ്ങിനെ പുഞ്ചിരിച്ചു കൊണ്ട് ആയുധം പിടിക്കാൻ കഴിയുന്നത്?"

അയാളുടെ ചോദ്യം കേട്ടതും അമ്പരപ്പോടെ കൃഷ്ണനോക്കി.

" സീറ്റിനടിയിലെ ആ ആയുധം ഞാൻ കണ്ടു. പക്ഷെ ഇടക്കിടെ മൂർച്ച കൂട്ടിവെക്കണം. ആക്രമിക്കാൻ വരുന്ന ശത്രുവിൻ്റെ കഴുത്ത് ഒറ്റ വെട്ടിന് നിലംപതിക്കണം"

അത്രയും പറഞ്ഞ് ഇടറിയിടറി  നടന്നകലുന്ന ആ മനുഷ്യനെ  എന്തിനാണെന്നറിയാതെ ഒരു നിമിഷം നോക്കി നിന്ന ശേഷം അവൾ ഓട്ടോ-സ്റ്റാർട്ട് ചെയ്തു.

വിജനമായ ഈ,
വനപ്രദേശത്ത് ഒറ്റയ്ക്ക് നിൽക്കാൻ ഇയാൾക്ക് വല്ല മാനസികമായി വല്ല?

അറിയാതെയുയർന്ന ആ ചോദ്യത്തെ അറപ്പോടെ വിഴുങ്ങിയിട്ട്, വണ്ടി കുറച്ചു ദൂരം വണ്ടി ഓടിച്ചതും,അവൾ നെഞ്ചിൽ കൈവെച്ചു.

ഓട്ടോയിൽ നിന്നിറങ്ങി അവൾ ബാക്ക് ടയർ നോക്കിയതും, ഒരു ദീർഘനിശ്വാസം അകത്തേക്കെടുത്തു.

പഞ്ചറായ ടയറിനെയും നോക്കി നിന്ന അവൾ, ഒരു നിമിഷം ആലോചിച്ച ശേഷം അയാൾക്കരികിലേക്ക് ഓടി.

ആകാശത്ത് ഒരു ഇടി വെട്ടിയതിൻ്റെ അകമ്പടിയായി ഭൂമിയിൽ മിന്നൽ പിണർ പാഞ്ഞപ്പോൾ, അവളുടെ കണ്ണ് ഒരു നിമിഷം അടഞ്ഞുപോയി.

അകലെ പാറയിൽ മലർന്നു കിടക്കുന്ന അയാൾക്ക് അരികിലേക്ക് അവൾ വേഗതയിൽ ഓടുമ്പോൾ, അരുവി,താഴോട്ട് ഒഴുകി പാറയിൽ തലതല്ലി കരയുന്ന ഹുങ്കാരശബ്ദം അടുത്തടുത്തു വരുന്നുണ്ടായിരുന്നു.

കെട്ടിയുയർത്തിയ ഒരു ഇരുമ്പ് വേലിക്കുള്ളിലൂടെ നൂണ്ട് കടന്ന കൃഷ്ണ  അയാൾക്കരികിൽ കിതച്ചു നിന്നു.

മലർന്നു കിടക്കുന്ന അയാൾ ഒരു നിമിഷം കണ്ണ് തുറന്നതും, മഴയിൽ കുളിച്ചു നിൽക്കുന്ന അവളെ കണ്ടപ്പോൾ എഴുന്നേറ്റിരുന്നു.

" ടയർ പഞ്ചറായി. മാറ്റിയിടാൻ ഒന്നു സഹായിക്കുമോ?"

സംസാരിക്കുന്നതോടൊപ്പം അവളുടെ ചുണ്ടിൽ നിന്ന് വെള്ളതുള്ളികൾ അയാളുടെ മുഖത്തേക്ക് തെറിക്കുന്നുണ്ടായിരുന്നു.

ഒരു നിമിഷം കൃഷ്ണയെ നോക്കിയ ശേഷം അയാൾ കണ്ണടച്ച് പാറയിലേക്കു കിടന്നതും അവൾ നിരാശയോടെ മുന്നോട്ട് നോക്കിയപ്പോൾ കണ്ട കാഴ്ച കണ്ടു അവളുടെ കാലിടറി.

അരുവിയായ് പോകുന്ന വെള്ളം, താഴെ അത്യഗാധതയിൽ ചിന്നി ചിതറുന്നു.

ഒന്നു നോക്കിയ അവൾ പൊടുന്നനെ പിന്നോട്ടു വലിഞ്ഞു.

തല കറങ്ങുന്നതു പോലെ തോന്നിയപ്പോൾ, അയാൾക്കരികിൽ ഇരുന്നു അവൾ.

ഇരുട്ടു മൂടി കൊണ്ടിരുന്ന അന്തരീക്ഷത്തിൽ, എന്തു ചെയ്യണമെന്നറിയാതെ അവൾ പകച്ചിരുന്നു.

പൊടിയുന്ന ചാറൽ മഴയ്ക്ക് ഒപ്പം താഴെ വെള്ളച്ചാട്ടത്തിൻ്റെ ശബ്ദവും, വനത്തിൻ്റെ പച്ചപ്പും അവളിൽ ഒരു നിമിഷം സന്തോഷം പകർത്തിയെങ്കിലും, വീടെത്തണമെന്ന ചിന്ത ഉയർന്നതും, അവൾ പാറയിൽ നിന്ന് എഴുന്നേറ്റു.

അടിയിൽകല്ല് വെച്ച് ടയർ മാറ്റാമെന്ന ചിന്തയോടെ അവൾ കുറച്ചു ദൂരം നടന്നതും, ഏതോ ചിന്തയിൽ അവൾ  തിരിച്ചു വന്നപ്പോൾ കേട്ടത് അയാളുടെ 
കൂർക്കം വലിയാണ്.

കുലുക്കി വിളിച്ചിട്ടും ഉണരാതെ ആയപ്പോൾ, അവൾ അയാളുടെ രണ്ട് കൈയും പിടിച്ച് വലിച്ചു.

"താനെന്താ ഈ കാട്ടുന്നത്. ഇങ്ങിനെ വലിക്കാൻ ഞാൻ ശവമൊന്നുമല്ല "

അയാൾ കൈ കുതറി കൊണ്ട് പറഞ്ഞപ്പോൾ അവൾ പല്ലുകടിച്ചു.

" ശവമാകാതിരിക്കാനാ ഞാൻ ഇങ്ങിനെ ചെയ്യുന്നത്. താഴോട്ട് വീണാൽ പൊടിപോലും കിട്ടില്ലാട്ടോ "

അവളുടെ മറുപടിക്ക് അയാളിൽ നിന്ന് പ്രതികരണം 
ഒന്നുമുണ്ടായില്ല.

അവൾ തലയിൽ കൈ വെച്ച് അയാൾക്കരികിൽ ഇരുന്നു.

ആ വിജനതയിൽ അയാളെ ഒറ്റക്ക് ആക്കി പോകാൻ അവളുടെ മനസ്സ് സമ്മതിച്ചില്ല.

തണുത്ത കാറ്റിൽ, പാതിമയക്കത്തിലാണ്ട അവൾ പതിയെ ആ പാറയിൽ തല ചായ്ചു. 

അകലെ ഏതോ കാട്ടിൽ നിന്ന് ഒരു കൊമ്പൻ്റെ ചിന്നം വിളിയുയർന്നപ്പോൾ അവൾ ഞെട്ടിയുണർന്ന് ചുറ്റും നോക്കി.

രാത്രിയായെന്ന് ഓർമ്മിക്കും വിധം,
കാട്ടിൽ നിന്ന് മിന്നാമിന്നിക്കൂട്ടം, തീപ്പൊരി പോലെ ചിതറി വന്നപ്പോൾ അവളിൽ ഭീതിയേറി!

വളരെ താഴെ  മിന്നാമിനുങ്ങുകൾ പോലെ, വൈദ്യുതി വെട്ടങ്ങൾ കണ്ടപ്പോൾ, തങ്ങൾ നിൽക്കുന്നത് ഒരു പാട് ഉയരത്തിലാണെന്ന് അവൾക്ക് മനസ്സിലായി.

പൊടുന്നനെ അയാളുടെ പോക്കറ്റിൽ കിടക്കുന്ന മൊബൈൽ അടിച്ചു....

രണ്ടു മൂന്നു തവണ അടിച്ചിട്ടും അയാൾ ഉണരുന്നില്ലെന്ന് കണ്ട അവൾ പോക്കറ്റിൽ നിന്ന് മൊബൈൽ എടുത്തു.

വീണ്ടും അടിച്ചപ്പോൾ ഡിസ്പ്ലേയിൽ'അമ്മ" എന്നു കണ്ട അവൾ മൊബൈൽ ഓണാക്കിയതും, ഒരു സ്ത്രീയുടെ കരച്ചിലോടെയുള്ള ചോദ്യം അവളുടെ കാതിൽ ഇരച്ചെത്തി.

"നീയെവിടെയാണ് വിനു മോനെ. അമ്മയെ തീ തീറ്റിച്ചാലേ നിനക്ക് സമാധാനം കിട്ടുകയുള്ളു അല്ലേ?"

കരച്ചിൽ പോലെയുള്ള ശബ്ദം, ശ്വാസം കിട്ടാതെ മുറിഞ്ഞപ്പോൾ അവൾ ഒരു നിമിഷം ആ ഫോണിലേക്കു നോക്കി നിന്നു.

"നീയെന്താടാ ഒന്നും മിണ്ടാത്തത്? നിനക്ക് വല്ലതും പറ്റിയോ മോനെ "

അപ്പുറത്തെ കരച്ചിലിന് ശബ്ദം കൂടുന്നതറിഞ്ഞ അവൾ ഒരു നിമിഷം ശ്വാസം പിടിച്ചു നിന്നു.

" ഞാൻ വിനു മോനല്ല അമ്മേ. ഞാനൊരു ഓട്ടോ ഡ്രൈവർ ആണ്. എൻ്റെ വണ്ടി വിളിച്ച് വിനു വാടക വന്നതാണ് "

"എന്നിട്ട് അവനെവിടെ മോളെ? എൻ്റെ മോനു എന്താ പറ്റിയത് "

ഒറ്റ ശ്വാസത്തിൽ അപ്പുറത്ത് നിന്ന് ചോദ്യം കേട്ടപ്പോൾ, കൃഷ്ണ ആയമ്മയോട് എല്ലാം തുറന്നു പറഞ്ഞു.

" അവനെ അവിടെ തനിച്ചാക്കി മോൾ ഒരുത്തിലേക്കും പോകല്ലേ. അമ്മ ഇപ്പോൾ വരാം"

മൊബൈൽ കട്ടായതും, അവൾ മലർന്നടിച്ചു കിടക്കുന്ന വിനുവിനെ നോക്കി.

തള്ളയെ തീ തീറ്റിച്ചു കറങ്ങി നടക്കുന്ന പാഴ്ജന്മം.

മനസ്സിൽ മന്ത്രിച്ചുക്കൊണ്ട് അവൾ വെറുപ്പോടെ വിനുവിനെ നോക്കി.

സഹതാപം, ഭയം സ്നേഹം, വെറുപ്പ്.....

അറിയാത്ത ഒരു മനുഷ്യൻ്റെ മേൽ ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നിലുയർന്ന വികാരങ്ങളെ കുറിച്ചവൾ ചിന്തിച്ചു.

ആ നിമിഷം അവൾ അഭിയെ കുറിച്ചോർത്തു, വിനുവുമായി താരതമ്യം ചെയ്തു.

ഓരേ നുകത്തിൽ കെട്ടാൻ പറ്റിയവർ....

മുള്ളുവേലിക്കപ്പുറത്ത് കാറിൻ്റെ ഹെഡ്ലൈറ്റ് തെളിഞ്ഞതും പ്രതീക്ഷയോടെ അങ്ങോട്ടേക്ക് നോക്കി കൃഷ്ണ.

കുറച്ച് നിമിഷങ്ങൾക്കുള്ളിൽ മുള്ള് വേലി കടന്നു വന്ന രണ്ടു പേർ തന്നെ നോക്കി ഒന്നു മുറുമുറുത്തു കൊണ്ട് അഭിയെ തോളിട്ട് നടന്നു തുടങ്ങിയപ്പോൾ, അവളുടെ മനസ്സിൽ സങ്കടം നിറഞ്ഞു.

"മോൾ എന്തിനാ ഇവനെയും കൂട്ടി ഇങ്ങോട്ടേക്ക് വന്നത്. ഇവിടെക്കുള്ള പ്രവേശനം നിരോധിച്ചിട്ടുള്ളതാണെന്ന് മോൾക്ക് അറിയില്ലേ?"

കാറിൽ നിന്നിറങ്ങിയ ലക്ഷ്മിയമ്മയുടെ ചോദ്യം കേട്ടതും അവൾ ഒന്നും മിണ്ടാതെ നിന്നപ്പോൾ, ആ കൈ വന്ന് തന്നെ പൊതിയുന്നതവൾ അറിഞ്ഞു.

തനിക്കു മുകളിൽ ഒരു കുട നിവർന്നപ്പോൾ അവൾ ആയമ്മക്കു ചാരെ ചേർന്നു നിന്നു.

കിട്ടാക്കനിയായിരുന്ന മാതൃവാത്സല്യത്തിൻ്റെ ചൂട് നുകരുകയായിരുന്നു അവൾ ആ നിമിഷം.

ആയമ്മയുടെ ഭസ്മത്തിൻ്റെ സുഗന്ധം തന്നെയും പൊതിയുന്നത് അവൾ ഒരു ഹർഷത്തോടെ തിരിച്ചറിഞ്ഞു. 

" അവർ കാറിൽ പൊയ്ക്കോട്ടെ - നമ്മൾക്ക് മോളുടെ വണ്ടിയിൽ പോകാം"

അതും പറഞ്ഞ് ഓട്ടോയ്ക്ക് അടുത്തേക്ക് നീങ്ങിയ ലക്ഷ്മിയമ്മയുടെ കൈ പിടിച്ചു കൃഷ്ണ.

" ടയർ പഞ്ചർ ആണമ്മേ. ഒന്നു മാറ്റിയിടാൻ "

"ടാ ശങ്കരാ-ഈ മോൾടെ വണ്ടിയുടെ ടയർ ഒന്നു മാറ്റിയിട്"

ലക്ഷ്മിയമ്മ ഉറക്കെ വിളിച്ചു പറഞ്ഞപ്പോൾ വിനുവിനെ കാറിൽ കിടത്തി, അവർ ഓട്ടോയ്ക്ക് അടുത്തുവന്നു.

സ്റ്റെപ്പിനിയും, സ്പാനറും എടുത്ത് കൊടുത്ത് കൊണ്ട് അവൾ, അവർക്കരികിൽ നിന്നപ്പോൾ ശങ്കരൻ അവളെ നോക്കി മുൻ ഭാഗത്തെ പല്ല് പോയ മോണകാട്ടി ചിരിച്ചു.

" ഒരഞ്ചു മിനിറ്റ് ഇപ്പം ശരിയാക്കി തരാം"

ആ വാചകം കേട്ടപ്പോൾ ഉള്ളിലുയർന്ന ചിരി അടക്കി, ലക്ഷ്മിയമ്മയുടെ കുടക്കീഴിലേക്ക് ഓടി അവൾ.

ടയർ മാറ്റിയിട്ട ഓട്ടോ, കാറിനു പിന്നാലെ പതിയെ ഓടിച്ചു വരുമ്പോൾ, ഒരു കറുത്ത പൂച്ച കുറുകെ ചാടിയപ്പോൾ, ലക്ഷ്മിയമ്മ, കൃഷ്ണയുടെ തോളിൽ തൊട്ടു.

" പതിയെ പോയാ മതീട്ടാ ൻ്റെ മോൾ "

ആ വാത്സല്യസ്വരം കേട്ടപ്പോൾ, നിറയുന്ന കണ്ണുകളോടെ അവൾ തലയാട്ടി.

"മോളുടെ വീട് എവിടെയാ?"

"ഒരു ഇരുപത്തഞ്ച് കിലോമീറ്റർ അകലെ ആണമ്മേ "

അതു പറഞ്ഞതോടെ പിന്നിൽ പതിഞ്ഞ ഒരു ചിരി കേട്ടു .

"വെറുതെയല്ല അവൻ കൈ കാണിച്ചപ്പോൾ മോൾ ഓട്ടോ നിർത്തിയത്.ഇവിടെ ഒരാളും അവനെ വണ്ടിയിൽ കയറ്റില്ല "

"അതെന്താ അമ്മേ ?" അവൾ സംശയത്തോടെ ലക്ഷ്മിയമ്മയെ തിരിഞ്ഞു നോക്കി.

"വണ്ടിയിൽ കേറിയാൽ പിന്നെ അവൻ ഇറങ്ങില്ല. ബാറായ ബാറൊക്കെ കയറി, ഓട്ടോക്കാരെ വലയിപ്പിക്കും അവൻ "

ഒരു സാധാരണ കാര്യം പറയുന്നതുപോലെ മകൻ്റെ മദ്യപാനത്തെ കുറിച്ച് ഒരമ്മ പറയുന്നത് കേട്ടപ്പോൾ അവൾക്ക് അത്ഭുതമായി.

" എല്ലാ ദിവസങ്ങളിലും ഇല്ലട്ടാ മോളെ ഈ വഴിപാട്. എല്ലാ മലയാള മാസങ്ങളിലെയും കാർത്തിക നാളിൽ മാത്രം 

എന്തോ ചോദിക്കണമെന്ന് കൃഷ്ണ ആഗ്രഹിച്ചെങ്കിലും അത് ഉള്ളിലൊതുക്കിയപ്പോൾ ആയമ്മ തുടർന്നു.

" കോളേജിൽ പഠിക്കുമ്പോൾ മോനൊരു പ്രണയം ഉണ്ടായിരുന്നു. വെറും പ്രണയമല്ല.
ജീവനായിരുന്നു അവളെ.
അവൻ്റെ മുറിയിൽ നിറയെ അവളുടെ ചിത്രങ്ങളാണ്. എന്നെയല്ലാതെ ആ മുറിയിലേക്ക് ആരെയും കയറ്റില്ല.അവൻ്റെ കൂടപ്പിറപ്പുകളെ പോലും "

അവർ ഒരു ദീർഘനിശ്വാസ മുതിർത്തു കൊണ്ട് പുറത്തെ ഇരുട്ടിലേക്ക് നോക്കിയിരുന്നു.

" അവളെ അമ്പലത്തിൽ നിന്ന് കൊണ്ടുവന്ന് എനിക്കു കാണിച്ചു തരാമെന്ന് പറഞ്ഞ് ഒരു കാർത്തിക നാളിൽ പോയതാണ് ൻ്റെ മോൻ. ആ കുട്ടിയുടെ നാൾ കാർത്തികയായിരുന്നു. പക്ഷേ നിരാശനായാണ് അവൻ മടങ്ങി വന്നത് "

ഇനി പറയാൻ പോകുന്നത് ദു:ഖസാന്ദ്രമായ കഥകൾ ആണെന്നറിഞ്ഞ കൃഷ്ണ ചോദ്യമുയർത്താതെ മൗനം പാലിച്ചു.

"ആദ്യം പറഞ്ഞ് അവൾ അവനെ തോൽപ്പിച്ചൂന്ന്. പിന്നെ പറഞ്ഞു മരിച്ചെന്ന്. അതിൽ പിന്നെ അവൻ ഇങ്ങിനെയാണ് "

"ഒന്നു അന്വേഷിക്കാമായിരുന്നില്ലേ? "

പതിയെ അവൾ ചോദിച്ചതും വീണ്ടും ദീർഘനിശ്വാസമുതിർത്തു അവർ.

"എവിടെ അന്വേഷിക്കാൻ? ശരിക്കുള്ള സ്ഥലം അവന് 
അറിയില്ല. ആ കുട്ടി ഹോസ്റ്റലിൽ നിന്നു പഠിച്ചിരുന്നതാണ്.അവർ ഇടയ്ക്കിടയ്ക്ക് ഇവിടെ വരാറുണ്ട് -ആ ഓർമ്മയിലാണ് കുടിച്ചു കഴിഞ്ഞാൽ അവൻ ഇവിടെയ്ക്കു വരുന്നത്!" 

ലക്ഷ്മിയമ്മ പറഞ്ഞു നിർത്തി കണ്ണുകൾ അടച്ച് സീറ്റിൽ ചാരിയിരുന്നു.

നിശബ്ദമായ ആ അന്തരീക്ഷത്തിൽ ഓട്ടോയുടെ മുരൾച്ച മാത്രം അവർക്കിടയിൽ തങ്ങിനിന്നു.

ഒരു വലിയ ഗേറ്റിലൂടെ കാർ അകത്തേക്ക് കടന്നതും, ഓട്ടോയും അതിൻ്റെ പിന്നാലെ കടന്നു.

ആ വലിയ വീട് കണ്ട് അവൾ അമ്പരപ്പോടെ നോക്കി നിന്നു.

"മോൾ ഇറങ്ങ് "

ലക്ഷ്മിയമ്മ പറഞ്ഞപ്പോൾ കൃഷ്ണ
സ്നേഹപൂർവ്വം നിരസിച്ചു.

" ഇല്ല അമ്മേ.ഇപ്പോൾ തന്നെ നേരം ഒരുപാട് വൈകി "

അവൾ അതും പറഞ്ഞ് വണ്ടി സ്റ്റാർട്ട് ആക്കുമ്പോൾ ലക്ഷ്മിയമ്മ തടഞ്ഞു.

" കാറ്റും, മഴയും ഉള്ള ഈ സമയത്ത്, മലയിടുക്കിലൂടെ മോൾ ഒറ്റയ്ക്ക് വണ്ടി ഓടിച്ചു ഈ രാത്രിയിൽ പോകണ്ട. ഒന്നാമതെ-കെട്ട കാലമാണ് "

ലക്ഷ്മിയമ്മ അങ്ങിനെ പറഞ്ഞപ്പോൾ എന്തു ചെയ്യണമെന്നറിയാതെ അവൾ നിന്നു.

പോകുന്ന വഴിക്ക് പെട്രോൾ പമ്പ് കിട്ടിയില്ലെങ്കിൽ, വണ്ടി വഴിയിൽ കിടക്കാൻ സാധ്യതയുണ്ട്.

റിസർവ് ആയി കിടക്കുന്ന പെട്രോൾ ടാങ്കിനെ ഓർത്തേപ്പോൾ, അവൾ കിക്കറിൽനിന്ന് കൈ എടുത്ത് ആയമ്മയെ നോക്കി.

"മോൾ ഇവിടുന്നു പോയാൽ, വീട്ടിലെത്തി എന്ന് വിളിച്ചു പറയുന്നതു വരെ ഈ അമ്മ തീ, തിന്നേണ്ടി വരും. നാല് മക്കളെ പെറ്റ വയറിൻ്റെ ദെണ്ണം കൊണ്ട് പറയുവാ അമ്മ"

ആയമ്മയെ നോക്കി നിന്നപ്പോൾ അവളുടെ കണ്ണുനിറഞ്ഞു.

ഒരു മകളോട് ഉള്ള ഉത്കണ്ഠ ആ ശബ്ദത്തിൽ നിറഞ്ഞിരുന്നു.

"മോൾ വണ്ടി ആ പോർച്ചിലേക്ക് കയറ്റിയിട്ട് ഇറങ്ങി വാ. മോൾടെ വീട്ടിലേക്ക് ഞാൻ വിളിച്ചു പറഞ്ഞോളാം"

ലക്ഷ്മിയമ്മയെ, നിഷേധിക്കാനാവാതെ അവൾ ഓട്ടോസ്റ്റാർട്ട് ചെയ്തു വിശാലമായ പോർച്ചിൽ കിടക്കുന്ന കാറുകൾക്കരികിൽ കുത്തി കയറ്റാൻ നോക്കിയപ്പോൾ, ലക്ഷ്മിയമ്മ ഓടി വന്നു.

"ആ ബുള്ളറ്റിൽ തട്ടരുത് ട്ടോ മോളെ,അവന് ഭ്രാന്തിളകും. അവനും ആ പെൺക്കുട്ടിയും ചുറ്റിയടിച്ചിരുന്ന ബുള്ളറ്റ് ആണ്"

ലക്ഷ്മിയമ്മ പറഞ്ഞപ്പോൾ കണ്ണിലൊരു നനവുമായി ഓട്ടോ പാർക്ക് ചെയ്ത് വന്ന് ആ ബുള്ളറ്റിൻ്റെ പിൻസീറ്റിൽ പതിയെ അവൾ തഴുകി.

ജീവനേക്കാളേറെ പ്രണയിക്കുന്നവനെ  തനിച്ചാക്കി മരണത്തിലേക്ക് എങ്ങിനെ പോകാൻ കഴിഞ്ഞു പെണ്ണേ ?"

മനസ്സിൽ പതിയെ മന്ത്രിച്ചു കൊണ്ട് അവൾ ലക്ഷ്മിയമ്മയുടെ കൈയും പിടിച്ച് അകത്തേക്ക് കയറിയ ആ വീടിൻ്റെ അകത്തളം കണ്ട് അമ്പരന്നു.

വില കൂടിയ ഗ്രാനൈറ്റിൽ തിളങ്ങുന്ന തറയിൽ കാൽ വഴുതിപോകുന്നതു പോലെ അവൾക്ക് തോന്നി.

" അതാണ് ബാത്ത് - റൂം. മോൾ പോയി ഒന്നു ഫ്രഷാകൂ"

അടുത്ത് കണ്ട ബാത്ത് റൂമിലേക്ക് കൈ ചൂണ്ടി ലക്ഷ്മിയമ്മ പറഞ്ഞപ്പോൾ, അവരുടെ കൈയിലിരിക്കുന്ന ത്രീ- ഫോർത്തും, ടീ ഷർട്ടും കണ്ട് അവൾ ചിരിയോടെ അവരെ നോക്കി.

"ഇവിടെ പെണ്ണുങ്ങൾ ആരുമില്ല മോളെ ! നാല് ആൺമക്കളാണ് എനിക്ക്. മൂന്നു പേരും, അവരുടെ ഫാമിലിയും വിദേശത്താ! ഇവിടെ ഞാനും, തല തെറിച്ച എൻ്റെ താഴെയുള്ള ഈ-മോനും മാത്രമേയുള്ളൂ"

ചിരിയോടെ അവർ അത് പറയുമ്പോൾ, ചുമരിൽ തൂക്കിയിട്ടിരിക്കുന്ന ഫാമിലി ഫോട്ടോയിലേക്ക് അവളുടെ കണ്ണ് നീണ്ടു.

" അവരുടെ അച്ഛൻ പോയിട്ട് ഇപ്പോൾ ആറ് വർഷമായി. ഹെഡ്മാസ്റ്ററായിരുന്നു. ഞാൻ ആ സ്കൂളിലെ ടീച്ചറും. പ്രണയ വിവാഹമായിരുന്നു ഞങ്ങളുടേത് "

ആ ഫോട്ടോയിലേക്ക് നോക്കി ലക്ഷ്മിയമ്മ പറയുമ്പോൾ, ഇപ്പോഴും അവസാനിക്കാത്ത പ്രണയത്തെ കുറിച്ച് പറയാതെ പറയുന്നുണ്ടായിരുന്നു അവരുടെ ചുവന്ന കവിൾത്തടം.

"വിനു എവിടെ?"

അവൾ ചോദ്യമുയർത്തിയ പ്പോൾ, ലക്ഷ്മിയമ്മ ഒന്നു പുഞ്ചിരിച്ചു.

" അവൻ്റെ കെട്ട് ഇറക്കാൻ പിന്നിലെ തോട്ടിൽ മുക്കാൻ കൊണ്ടുപോയിരിക്കാണ് അവർ "

അവൾ ചിരിയോടെ,തലകുലുക്കി ബാത്ത് റൂമിലേക്ക് നടന്നു.

കുളിയും കഴിഞ്ഞ്, ലക്ഷ്മിയമ്മ കൊടുത്ത ത്രീ ഫോർത്തും, ടീ ഷർട്ടും ധരിച്ച്, വാൾമിററിലേക്ക് നോക്കിയ അവൾ ഒന്നു പുഞ്ചിരിച്ചു.

"നീ ആള് ഇത്ര സുന്ദരിയായിരുന്നോ?"

ശരീരത്തിൽ നിന്ന് ദാരിദ്ര്യത്തിൻ്റെ ചുളിവുകൾ മാഞ്ഞു പോകുന്നതു പോലെ തോന്നിയപ്പോൾ അവൾ കുറച്ചു നേരം അങ്ങിനെ തന്നെ നിന്നു.

"എനിക്ക് ആ മോളെ ഇഷ്ടപ്പെട്ടു. ഇനി നീ ഒന്നും പറയണ്ട "

ബാത്ത് റൂമിൻ്റെ വാതിൽ തുറന്നതും, ഡൈനിങ്ങ് റൂമിൽ നിന്നുയർന്ന ശബ്ദം കേട്ട് അവൾ ഒരു നിമിഷം നിന്നു.

"എൻ്റെ കണ്ണീരോടെയുള്ള പ്രാർത്ഥനകൾക്ക് ദൈവം കൊണ്ടു വന്നതാ അവളെ 

"അമ്മ എന്തു അറിഞ്ഞിട്ടാണ് ഈ പറയുന്നത്?"നാടും പേരും അറിയാത്ത, ചുറ്റുപാടുകൾ അറിയാത്ത ഒരു പെൺകുട്ടിയെ?"

അമ്മയെ നിരുത്സാഹപ്പെടുത്താൻ നോക്കുന്ന വിനുവിൻ്റെ വാദം.

" അവളുടെ ജാതിയോ, മതമോ, ഗോത്രമോ ഒന്നും എനിക്ക് അറിയണ്ട. പകരം ഒരു രാത്രി നിൻ്റെ ജീവനു വേണ്ടി അവൾ ആ കാട്ടിൽ കാത്തിരുന്നില്ലേ അത് മതി. ആ ഒരു മനസ്സ് മതി നല്ലൊരു ഭാര്യയാവാൻ "

വിനു തലയും കുടഞ്ഞ് അമ്മയ്ക്കു മുന്നിൽ നിന്നു.

"ഓരോ ആലോചനകൾ കൊണ്ടുവന്നപ്പോഴും നീ എതിർത്തു. ഇനി പറ്റില്ല വിനു. നാളെ നമ്മൾ അവളുടെ വീട്ടിൽ പോകാണ്"

"അമ്മേ'

കരച്ചിൽ പോലെ ഉയർന്ന വിനുവിൻ്റെ ശബ്ദം കേട്ടപ്പോൾ, ഭാഗ്യവതിയായ അവൻ്റെ കാമുകിയെ കുറിച്ചോർത്തു അവൾ.

"നീ ഇനി ഒന്നും പറയണ്ട വിനു. ഈ കാര്യം ഞാൻ തീരുമാനിച്ചു. എതിർക്കാനാണ് ഭാവമെങ്കിൽ പിന്നെ ഞാൻ ഈ ഭൂമിയിലുണ്ടാവുകയില്ല"

ആ വാക്കുകൾ കർണ്ണപുടത്തിൽ അടിച്ചപ്പോൾ അവളുടെ മിഴികളിൽ നീർ നിറഞ്ഞു.

കോരിച്ചൊരിയുന്ന മഴയിലൂടെ ബുള്ളറ്റിൽ വരുന്ന അഭിയുടെ രൂപം മനസ്സിൽ തെളിഞ്ഞതും, അവൾ ആദ്യമായി അവനെ ഒന്നു കാണണമെന്ന് ആഗ്രഹിച്ചു.

പാറക്കെട്ടുകൾക്കിടയിൽ നിന്ന് ഒരു പുൽനാമ്പ് മുള പൊട്ടി വരുന്നതു പോലെ, ഇത്രയും നാൾ മനസ്സിലൊളിപ്പിച്ച അവനോടുള്ള പ്രണയം മനസ്സിൽ മുളപൊട്ടുന്നത് അവളറിഞ്ഞു തുടങ്ങി.

❤️കൃഷ്ണവേണി-പാർട്ട് 3❤️

വാതിലിൽ മേൽ തുടരെയുള്ള മുട്ട് കേട്ട് കൃഷ്ണ ഞെട്ടിയുണർന്നു.

കിടന്നിട്ട് ഇത്തിരിനേരമല്ലേ ആയുള്ളൂ എന്ന ചിന്തയിൽ ബെഡിൽ നിന്ന് ചാടിയിറങ്ങി അവൾ ഓടി ചെന്ന് വാതിൽ തുറന്നു.

'ഗുഡ് മോർണിങ്ങ് "

മുന്നിലേക്ക് ആവി പറക്കുന്ന ചായകപ്പ് നീട്ടി,വിനു വിഷ് ചെയ്തപ്പോൾ  അവൾ ജാള്യതയോടെ ചുറ്റും നോക്കി.

ജനൽ വിടവിലൂടെ അരിച്ചെത്തുന്ന പ്രകാശം നടുത്തളത്തിൽ ചിത്രം വരയ്ക്കുന്നത് കണ്ട് അവൾ ഒരു ചമ്മലോടെ വിനുവിൻ്റെ നേർക്ക് പാളി നോക്കി.

ഇന്നലെ കണ്ട ആ കൂറ രൂപമായിരുന്നില്ല വിനുവിന് അപ്പോൾ.

താടിയൊക്കെ വടിച്ച്, കുളിച്ച് കുട്ടപ്പനായി നെറ്റിയിൽ നനവ് മാറാത്ത ചന്ദന കുറിയുമായ്...

അവൾ ചായയും വാങ്ങി അത്ഭുതത്തോടെ നോക്കി നിൽക്കുമ്പോൾ, അവൻ പോക്കറ്റിൽ നിന്നു പേഴ്സ് എടുത്തു അവൾക്കു നേരെ നീട്ടി.

"ഇതൊക്കെ സൂക്ഷിച്ചു വെക്കേണ്ടേ. ഡൈനിങ്ങ് ടേബിളിനടുത്തെ തറയിൽ അലക്ഷ്യമായി കിടക്കുകയായിരുന്നു "

"സോറി "

അവൾ പേഴ്സ് വാങ്ങി ഒരു പുഞ്ചിരിയോടെ പറഞ്ഞു.

"സോറി ഒന്നും വേണ്ട. പേഴ്സ് സൂക്ഷിച്ചതിനുള്ള പ്രതിഫലം ഞാൻ എടുത്തിട്ടുണ്ട് "

അതേ പുഞ്ചിരിയോടെ തന്നെ അവൾ വിനുവിനെ നോക്കി നിന്നു.

" അമ്പലത്തിലേക്ക് പോകുമ്പോൾ ഇത്തിരി ചില്ലറ പൈസയുടെ ആവശ്യം ഉണ്ടായിരുന്നു.
അത് ഇതിൽ നിന്നു എടുത്തു "

"അത് സാരല്ല്യ"

അവൾ ചായ ചുണ്ടിലേക്ക് അടുപ്പിച്ച് പറഞ്ഞു.

"സാരമുണ്ടായിട്ടും കാര്യമില്ല. കാരണം കുറച്ചു നാൾ കഴിഞ്ഞാൽ നമ്മളുടെ ഫാമിലികൾ ഒന്നല്ലേ?"

വിനുവിൽ നിന്നുയർന്ന വാചകം കേട്ടതോടെ ചുണ്ടോട് അടുപ്പിച്ച ചായ തുളുമ്പി തറയിൽ വീണു.

"ഈ ചായ ആര് ഉണ്ടാക്കിയതാ?"

മനസ്സിലെ പതർച്ച പുറത്ത് കാട്ടാതിരിക്കാനെന്നവണ്ണം അവൾ ചോദിച്ചു.

" ഞാൻ - എന്താ കൊള്ളൂ ലേ ?"

നീളൻമുടി പിന്നിലേക്ക് ഒതുക്കി ഒരു പ്രത്യേകഭാവത്തോടെ വിനു ചോദിച്ചപ്പോൾ, അവൾ ഒഴിഞ്ഞ ചായക്കപ്പ് അവനു നേരെ നീട്ടി.

"അസ്സലായിട്ടുണ്ട് ചേട്ടാ "

ചായക്കപ്പും വാങ്ങി തിരിച്ചു പോകുമ്പോൾ, അവൻ ഒരു നിമിഷം തിരിഞ്ഞു നിന്നു.

"ഈ വേഷം സൂപ്പറാ. ഇതങ്ങ് സ്ഥിരമാക്കിയാലോ?"

വിനു ചോദിച്ചപ്പോൾ അവൾ ചമ്മലോടെ തല കുനിച്ചു.

കിച്ചനിലേക്ക് കടന്ന വിനുവിനെ പുറത്തേക്ക് കാണാതെ ആയപ്പോൾ, അവൾ പതിയെ അങ്ങോട്ടേക്ക് നടന്നു.

മുന്നിൽ കണ്ട ദൃശ്യം കണ്ട് അവൾക്ക് വിശ്വസിക്കാനായില്ല.

തലയിൽ ഒരു തോർത്ത് മുണ്ട് വട്ടംകെട്ടി, പലകയിൽ ചപ്പാത്തി പരത്തുന്ന വിനുവിനെ രണ്ട് നിമിഷത്തോളം അവൾ നോക്കി നിന്നു.

" ഞാൻ പരത്തി തരാം ചേട്ടാ"

അവൾ വിനുവിൻ്റെ അടുത്തേക്ക് ചെന്നതും അവൻ തടഞ്ഞു.

" അതിഥി ദേവോ ഭവ: എന്നല്ലേ? അപ്പോൾ പിന്നെ അവരെ കൊണ്ട് പണിയെടുപ്പക്കാൻ പാടുണ്ടോ?"

അതും പറഞ്ഞ് ഒരു മൂളിപ്പാട്ടോടെ അവൻ ചപ്പാത്തി പരത്താൻ തുടങ്ങി.

"അമ്മയെവിടെ?"

അവൾ ചുറ്റും നോക്കി ചോദ്യത്തോടൊപ്പം വിനുവിൻ്റെ നേർക്ക് നോട്ട മയച്ചു.

"അമ്മ കുളിയും ജപവുമൊക്കെ കഴിഞ്ഞ് ഇത്തിരി നേരാവും പുറത്തു വരാൻ "

അവൻ ഒരു ചിരിയോടെ അവൾക്കു നേരെ നോട്ട മയച്ചു.

" സെർവൻ്റിനെ നിർത്താൻ മടിയാ.
ഇങ്ങിനെ ഭക്ഷണമുണ്ടാക്കി അമ്മയ്ക്ക് കൊടുക്കുന്ന സുഖം കിട്ടില്ലല്ലോ?"

അവൾ പുഞ്ചിരിച്ചു കൊണ്ട് ചുറ്റും നോക്കി.

എത്ര വലിയ കിച്ചൻ!

എല്ലാം ഭംഗിയോടും, ചിട്ടയോടും കൂടി അടക്കിവെച്ചിരിക്കുന്നു.

" ഇത്രയും വലിയ വീട്ടിൽ വിനുവും, അമ്മയും എങ്ങിനെ കഴിയുന്നു?"

പുഞ്ചിരിയോടെ അവൾ ചോദിച്ചപ്പോൾ, അവൻ ചപ്പാത്തിയിൽ നിന്ന് ശ്രദ്ധ തിരിക്കാതെ പറഞ്ഞു.

"ഇനി ഞങ്ങൾ രണ്ടു പേർ മാത്രമല്ലല്ലോ -പുതിയ ഒരാൾ വരാൻ പോകുന്നില്ലേ?"

വിനുവിൻ്റെ ചോദ്യം കേട്ടതും, കൃഷ്ണയുടെ ചുണ്ടിലെ ചിരി മാഞ്ഞു.

ഇന്നലെ രാത്രി അമ്മയും, മോനും തമ്മിലുള്ള സംസാരത്തിൻ്റെ തുടർച്ചയായാണ് വിനു പറഞ്ഞതെന്ന് അവൾക്ക് മനസ്സിലായി.

എന്തു പറയണമെന്നറിയാതെ അവൾ നിൽക്കുമ്പോൾ, വിനുവിൻ്റെ ശബ്ദം വീണ്ടും ഉയർന്നു.

" ഇങ്ങിനെ അമാന്തിച്ചു നിൽക്കാതെ വേഗം 
ഫ്രഷാക്.' നമ്മൾക്കു പോകണ്ടെ?

" എങ്ങോട്ട്?"

കൃഷ്ണയുടെ ശബ്ദം വിളറിയിരുന്നു.

"നമ്മൾ തൻ്റെ വീട് വരെ ഒന്നു പോകുകയാണ് "

"എന്തിന്?"

കൃഷ്ണയുടെ ശബ്ദം ഉയർന്നതും, വിനു അവളെ നോക്കി.

" വീടുകാണണമെന്ന് പറഞ്ഞാൽ സന്തോഷത്തോടെ അവരെ വരവേൽക്കുകയല്ലേ വേണ്ടത്. അല്ലാതെ ഇങ്ങിനെ വലിയ ശബ്ദത്തിൽ എന്തിനാണോ എന്നാ ചോദിക്കാ?"

വിനുവിൻ്റെ ചോദ്യം കേട്ടതും ഒരു ചമ്മിയ ചിരി അവളുടെ മുഖത്ത് പ്രത്യക്ഷപ്പെട്ടു.

"അതല്ല.വെറുതെ ചോദിച്ചതാ"

"വെറുതെ ചോദിക്കാൻ നിന്നിട്ട് സമയം കളയല്ലേ. വേഗം ഫ്രഷായി വാ - അമ്മ കുളി കഴിഞ്ഞു വന്നാൽ പിന്നെ എല്ലാം എടുപിടീന്ന് ആവും കാര്യങ്ങൾ "

അവൻ ശബ്ദത്തിൽ പറഞ്ഞപ്പോൾ അവൾ ഒരു നിമിഷം അവൻ്റെ അടുത്തേക്ക് നീങ്ങി നിന്നു.

"ചേട്ടാ - ഇന്നലെ ചേട്ടനും അമ്മയും രാത്രി ഡൈനിങ് ടേബിളിലിരുന്നു സംസാരിക്കുന്നത് ഞാൻ കേട്ടിരുന്നു"

കൃഷ്ണയുടെ വാക്കുകൾ കേട്ടപ്പോൾ അവൻ ചിരിയോടെ അവളെ നോക്കി.

"എല്ലാം മനസ്സിലായിട്ടാണോ പിന്നെ എന്തിനാ നമ്മൾ വീട്ടിലേക്ക് പോകുന്നതെന്ന് ചോദിച്ചത് ഝാൻസി റാണി ?"

"അതല്ല "

നിറയുന്ന മിഴികളോടെ അവൾ വിനുവിനെ നോക്കി.

"പിന്നെ? "

"ഒരാൾക്ക് എന്നോടു വല്ലാത്ത ഇഷ്ടമാണ്. "

മുഖം താഴ്ത്തി അവൾ പറഞ്ഞത് കേട്ട് അവൻ ചിരിച്ചു.

" കാണാൻ കൊള്ളാവുന്ന പെൺകുട്ടികളെ കണ്ടാൽ ഏത് ഒരു ചെറുപ്പക്കാരനും ഒന്ന് ഇഷ്ടപ്പെടും. അത് സ്വഭാവികം "

കല്ലിൽ ചപ്പാത്തി മറിച്ചിട്ടു അവൻ മായാത്ത ചിരിയോടെ അവളെ നോക്കി.

" അത് പക്ഷെ ഹൃദയം തൊട്ടുള്ള, മനസ്സറിഞ്ഞുള്ള പ്രണയം ആയിരിക്കണമെന്നില്ല എപ്പോഴാണ് നഷ്ടപ്പെടുന്നതെന്നറിയാത്ത, ഒരു ഗ്യാരണ്ടിയുമില്ലാത്ത സൗന്ദര്യം കണ്ടുള്ള വെറും ആകർഷണം"

വിനു, തണുത്തു തുടങ്ങിയ ചായ വലിച്ചു കുടിച്ചു കൊണ്ട് തുടർന്നു.

" ആ സൗന്ദര്യം നഷ്ടപ്പെട്ടാൽ അതോടെ തീർന്ന് ആ പ്രണയം. ഇന്നേ വരെ കണ്ട ജീവിതത്തിലൊക്കെ ഞാൻ കണ്ടത് അങ്ങിനെയാണ്."

അവൻ പറയുന്നതും കേട്ട് അവൾ മിണ്ടാതെ നിന്നു.

" അതു പോട്ടെ. തനിക്ക് ഇഷ്ടമാണെന്ന് അയാളോട് തുറന്നു പറഞ്ഞിട്ടുണ്ടോ?"

വിനുവിൻ്റെ ചോദ്യത്തിന് ഇല്ലായെന്ന അർത്ഥത്തിൽ അവൾ തലയാട്ടി.

" അപ്പോ പിന്നെ പ്രശ്നമില്ല. ആ പ്രണയം ഇവിടെ വെച്ച്, മനസ്സിൽ കുഴിച്ചുമൂടുക "

"അതു പറ്റില്ല "

കൃഷ്ണയുടെ മനസ്സിൽ നിന്നു അറിയാതെ ഉയർന്ന ശബ്ദമായിരുന്നു അത്.

വിനു രണ്ടു നിമിഷം കണ്ണടച്ചു നിന്നു.

ആ ചുണ്ട് ഇളകുന്നത് കാത്ത് അവളും!

" ആട്ടെ ചെക്കൻ എന്തു ചെയ്യുന്നു?"

ഒടുവിൽ പതിയെ കണ്ണ് തുറന്ന് അവൻ ചോദിച്ചു.

"ബിവറേജിലാ ജോലി "

അത് പറഞ്ഞപ്പോൾ വിനുവിൻ്റെ ചുണ്ടിൽ പരിഹാസത്തിൻ്റെ ഒരു ചിരിയുതിർന്നതു പോലെ അവൾക്കു തോന്നി.

"എനിക്കും ഇഷ്ടമുണ്ടായിരുന്നില്ല ഇങ്ങിനെയൊരു ബന്ധത്തിന്. പക്ഷേ അമ്മയ്ക്ക് ഒരുപാട് ഇഷ്ടപ്പെട്ടു തന്നെ "

അവൻ ഒന്നു നിർത്തി അവളുടെ കണ്ണുകളിലേക്ക് നോക്കി.

" പ്രഷറും, ഷുഗറും, ഹൃദയ സംബന്ധമായ അസുഖങ്ങളും ഉണ്ട് അമ്മയ്ക്ക്. ഇനിയും അമ്മയുടെ ആഗ്രഹത്തെ കണ്ടില്ലെന്ന മട്ടിൽ നടന്നാൽ അത് പിന്നെ ഒടുവിൽ ഒരു തീരാവേദനയായലോ? ഒരിക്കലും വീട്ടാൻ പറ്റാത്ത കടമായി മാറിയാലോ?"

വിനുവിൻ്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാത്ത മട്ടിൽ കൃഷ്ണ നിന്നു.

മൗനം അവർക്കിടയിൽ നിമിഷങ്ങളോളം തങ്ങി നിന്നു.

കുക്കറിൻ്റെ വിസിൽ കേട്ട് ചിന്തയിൽ നിന്നുണർന്ന കൃഷ്ണ, വിനുവിനെ നോക്കാതെ തിരിഞ്ഞു നടന്നു.

"താൻ ഒരു കാര്യം ചെയ്യ്.
അമ്മയോടു എല്ലാം തുറന്നു പറയൂ. ഞാൻ പറഞ്ഞാൽ ഇതിൽ നിന്ന് ഒഴിവാകുവാൻ കള്ളം പറയുന്നതാണെന്ന് വിചാരിക്കും"

പിന്നിൽ നിന്നു വിനുവിൻ്റെ പറച്ചിൽ കേട്ട നേരം, ഒരു കടമ്പ കടന്നെന്ന ആശ്വാസത്തോടെ അവൾ അവനു നേർക്ക് തിരിഞ്ഞു നടന്നു.

" വിനുവിന് എന്നെക്കാളും പഠിപ്പും, വിവരവും, ഭംഗിയുമുള്ള ഒരു പെണ്ണിനെ  കിട്ടും "

അത് കേട്ടതോടെ ചിരിച്ചു കൊണ്ട് അവൻ അവൾക്കു നേരെ കൈകൂപ്പി .

" അയ്യോ പൊന്നേ. ആ ഡയലോഗ് കേൾക്കുമ്പോൾ ചിരിക്കാനാണ് തോന്നുന്നത്?"

അവൾ മൊരിഞ്ഞ ഒരു ചപ്പാത്തിയെടുത്ത് അവനെ ചോദ്യഭാവത്തോടെ നോക്കി.

" തേച്ചു പോകുന്ന പെണ്ണുങ്ങളുടെ ക്ലീഷേ ഡയലോഗ് ആണത്. അതു കേട്ടാൽ എനിക്ക് ഞാനൊരു പരാജിതനായ കാമുകനാണെന്ന് തോന്നിപ്പോകും."

അവൻ കുറച്ചു നേരം അവളെ നോക്കി നിന്നു.

" ഇനിയും തേപ്പ് വാങ്ങാൻ എൻ്റെ ഹൃദയത്തിന് ശക്തിയില്ല കുട്ടീ"

അവൻ ഒരു പ്രത്യേകഭാവത്തോടെ പറഞ്ഞപ്പോൾ, കൃഷ്ണ ചിരിച്ചു കൊണ്ട് ചപ്പാത്തി കഴിച്ചു തുടങ്ങി.

" ഭവതി പല്ലു,തേച്ചിട്ടില്ല"

വിനു ചിരിയോടെ പറഞ്ഞപ്പോൾ, കൃഷ്ണ അവനെ നോക്കി ഒന്നു കണ്ണു വിടർത്തി.

" പകുതി വരെ കഴിച്ചിട്ടാണോ പറയുന്നത്?

അവളുടെ ചോദ്യം കേട്ട് അവൻ അമ്പരന്നു നിൽക്കുന്നത് കണ്ടതോടെ അവളിലെ കൃത്രിമ ഭാവം ഊർന്നു വീഴുകയും, അതോടൊപ്പം പൊട്ടിച്ചിരി ഉയരുകയും ചെയ്തു.

അതേ സമയം തന്നെയാണ് രണ്ട് കാറുകൾ ഗേറ്റ് കടന്നു വരുന്നത് അവർ ജാലകപ്പഴുതിലൂടെ കണ്ടത്.

"നിങ്ങൾ ഇവിടെ കളിച്ചു ചിരിച്ചു നിൽക്കാതെ വേഗം പോയി വസ്ത്രം മാറ് കുട്ടികളെ? കൃഷ്ണയുടെ വീട്ടിലേക്ക് പോകാനായി ഇളയച്ഛൻ്റെയും അമ്മാവൻ്റെയും കാറുകൾ ഗേറ്റ് കടന്നു വരുന്നുണ്ട് "

അമ്മയുടെ സ്വരം പിന്നിൽ നിന്ന് ഉയർന്നതോടെ, ഒന്നും സംസാരിക്കാനാകാതെ കൃഷ്ണ വിനുവിനെ നോക്കി.

" നിൻ്റെ ചേട്ടൻമാരോട് വിളിച്ചു പറഞ്ഞപ്പോൾ, പെണ്ണുകാണുന്നത് വീഡിയോ കോളിൽ കാണിക്കാൻ പറഞ്ഞു. അനിയത്തിയെ കാണാൻ ചേടത്തിമാർക്കാണ് വല്ലാത്ത തിടുക്കം "

അതും പറഞ്ഞ് കൃഷ്ണയുടെ കവിളിൽ ഒന്നു നുള്ളികൊണ്ട് പുറത്തേക്ക് പോയപ്പോൾ, കൃഷ്ണ ചോര വറ്റിയ മിഴികളോടെ വിനുവിനെ നോക്കി.

ആ നോട്ടം കണ്ടില്ലെന്നു നടിച്ച് വിനുവും പോയപ്പോൾ, എല്ലാം തകർന്നവളെ പോലെ അവൾ നിന്നു.

ഈ അവസാന നിമിഷം തനിക്ക് ഒരു പ്രണയം ഉണ്ടെന്ന് പറഞ്ഞാൽ ആയമ്മയുടെ നെഞ്ച് തകർന്ന് എന്തെങ്കിലും സംഭവിച്ചാൽ....

രണ്ട് ദിവസത്തെ പരിചയമുള്ളുവെങ്കിലും, മനസ്സിലങ്ങിനെ പറ്റി ചേർന്നിരിക്കുകയാണ് അമ്മ.

കുട്ടിക്കാലത്ത് നഷ്ടപ്പെട്ട അമ്മ പുനർജനിച്ചതാണോ എന്നു പോലും തോന്നിയിട്ടുണ്ട്.

ആ മാതൃവാത്സല്യത്തിൻ്റെ ഭസ്മസുഗന്ധം ഇപ്പോഴും തനിക്കു ചുറ്റും അലയടിക്കുന്നുണ്ട്.

ആയമ്മയുടെ കണ്ണുകളിലേക്ക് നോക്കി ഒന്നും നിഷേധിക്കാൻ കഴിയില്ല തനിക്ക് .

അതു കൊണ്ട് തന്നെയാണ് വിനു പലവട്ടം കണ്ണു കാണിച്ചിട്ടും, ആയമ്മയുടെ അടുത്തെത്തുമ്പോൾ പറയാൻ വരുന്നത് മറന്നു പോകുന്നത് .

കാറിലിരിക്കുമ്പോഴും, അവളുടെ കണ്ണ് നിറഞ്ഞു കൊണ്ടിരുന്നത് ആരും കാണാതെ അവൾ തുടച്ചു.

കാറിലിരിക്കുന്നവർ അത്ഭുതത്തോടെ -തന്നെ നോക്കുന്നത് അവൾ കണ്ടില്ലെന്നു നടിച്ചു.

വിദൂരതയിലേക്ക് നോക്കി ഡ്രൈവ് ചെയ്യുന്ന വിനുവിനെ അവൾ ഒന്നു പാളി നോക്കിയെങ്കിലും ആ മുഖത്തെ ഭാവം എന്താണെന്ന് അവൾക്ക് മനസ്സിലായില്ല.

മലകളും, കുന്നുകളും, പാടങ്ങളും താണ്ടി, കാറുകൾ ഹൈവേയിലേക്ക് പ്രവേശിച്ചതും, ഒരു ജ്വല്ലറിക്കു മുന്നിൽ കാർ നിർത്തി.

കൃഷ്ണയുടെയും, വിനുവിൻ്റെയും വിരലിന് പാകമായ മോതിരങ്ങൾ അയാൾ എടുത്തതും., അയാളെ കടുപ്പിച്ചൊന്നു നോക്കി അവൾ കാറിലേക്ക് തന്നെ ഓടി കയറി.

വീടും, സ്ഥലവും, പരിസരവും കണ്ട് ഇഷ്ടപ്പെടാതെ അമ്മ,തിരിച്ചു പോകണമേ എന്നായിരുന്നു അവളുടെ പ്രാർത്ഥന!

രണ്ടാം കെട്ടുക്കാരൻ തന്ത നാലു കാലിൽ നിൽക്കുമ്പോഴായിരിക്കണം വീട്ടിലേക്ക് കയറി ചെല്ലേണ്ടത് എന്ന് അവൾ മനമുരുകി ആശിച്ചു.

അവളുടെ ചിന്തകളെ ഭേദിച്ചു കൊണ്ട് വണ്ടി സ്റ്റാർട്ട് ആയപ്പോഴും, അവൾ പ്രാർത്ഥനയിലേക്ക് തന്നെ തിരിച്ചെത്തി.

സിഗ്നലിൽ വണ്ടി നിർത്തിയപ്പോഴാണ് അവൾ, തങ്ങളുടെ വണ്ടിക്ക് ചാരെ ചേർന്നു വന്നു നിൽക്കുന്ന ബുള്ളറ്റിനെ ശ്രദ്ധിച്ചത്.

അയാൾ ഹെൽമെറ്റ് എടുത്ത് തല കുടഞ്ഞതും, ഒരു നിമിഷം അരികിലെ കാറിൽ ഇരിക്കുന്ന കൃഷ്ണയെ കണ്ടു അമ്പരന്നു.

നോട്ടം കൂട്ടിമുട്ടിയതും, അവൾ വേദനയോടെ തല കുമ്പിട്ടിരുന്നു.

പച്ച കത്തിയതും വണ്ടികളോരോന്ന് മുന്നോട്ട് എടുത്ത് കുറച്ചു കഴിഞ്ഞപ്പോൾ അവൾ തലയുയർത്തി നോക്കി.

അസംഖ്യം വാഹനങ്ങൾക്കിടയിൽ അഭിയുടെ ബുള്ളറ്റും മുങ്ങി പോയെന്ന് മനസ്സിലായപ്പോൾ ആശ്വാസത്തിൻ്റെ ഒരു നെടുവീർപ്പ് അവളിൽ നിന്നുയർന്നു.

കണ്ണടച്ചു സീറ്റിൽ ചാരി കിടക്കെ, തൻ്റെ ഹൃദയം മിടിക്കുന്നതു പോലെ ഒരു ശബ്ദം കേട്ട് അവൾ കണ്ണു തുറന്നു.

കുറെ നേരം ചെവിയോർത്തതിന് ശേഷം അവളുടെ മിഴികൾ റിയർവ്യൂ മിററിലേക്ക് പാളി വീണപ്പോഴാണ് അവൾ ആ കാഴ്ച കണ്ട് കണ്ണീരണിഞ്ഞത്.

അകലെ നിന്ന് തങ്ങളുടെ കാറിനെ ലക്ഷ്യമാക്കി വരുന്ന അഭിയുടെ ബുള്ളറ്റ് കണ്ടവൾ, വല്ലാത്തൊരു വേദനയോടെ സീറ്റിലേക്ക് ചാരിയിരുന്നു.

#കൃഷ്ണവേണി അവസാന ഭാഗം

ഇടയ്ക്കിടെ കാറിൽ നിന്നും മുഖം പുറത്തേക്കിട്ട് പിന്നിൽ വരുന്ന അഭിയെ നോക്കുമ്പോഴും,കാറ്റിൽ മുഖത്തേക്ക് വീശിയടിക്കുന്ന മുടിയിഴകൾ കണ്ണിരിൽ നനയുന്നത് അവളറിഞ്ഞില്ല

മനസ്സിൻ്റെ നിയന്ത്രണം
തെറ്റിയാണ് അഭി,
വരുന്നതെന്ന് ഓർത്തപ്പോൾ അവൾ ഒന്നു ഞെട്ടി.

ഇത്രയും വാഹനങ്ങൾക്കിടയിലൂടെ നിയന്ത്രണമില്ലാത്ത മനസ്സുമായി വരുമ്പോൾ?

ഒന്നും സംഭവിക്കല്ലേയെന്ന് നെഞ്ചിൽ കൈവെച്ച്, കണ്ണടച്ച് പ്രാർത്ഥിച്ചു കൊണ്ട് അവൾ സീറ്റിൽ ചാരിയിരുന്നു.

കൃഷ്ണ യാന്ത്രികമായി പറഞ്ഞുകൊണ്ടിരുന്ന വഴി കളിലൂടെ, ഓടിയ കാർ ടാറിട്ട റോഡും കടന്ന് ചരൽ വഴിയിലൂടെ  വീടിൻ്റെ പടിക്കൽ എത്തിയതും, മുന്നിൽ കണ്ട കാഴ്ച അവളുടെ ശിരസ്സിൽ വീണ ആദ്യത്തെ വെള്ളിടിയായി.

പറമ്പ് ഒക്കെ വൃത്തിയായി, ഒരു ചവറു പോലുമില്ലാതെ തിളങ്ങുന്നു.

എത്ര വൃത്തിയാക്കിയിട്ടാലും അതൊക്കെ ഒരു നിമിഷം കൊണ്ട് കാളയെ പോലെ ഉഴുതു മറിക്കുന്ന തന്ത ഇന്നലെ കള്ള് കുടിച്ചിട്ടില്ലായെന്ന് അവൾക്കു തോന്നി.

അവളുടെ സംശയത്തിനെ ശരിവെക്കും വിധം,
കുളിച്ചൊരുങ്ങി പുതിയ വസ്ത്രങ്ങളുമണിഞ്ഞ് വീടിറങ്ങി വരുന്ന രണ്ടാം കെട്ടുക്കാരൻ തന്തയയും, അമ്മയെയും കണ്ടപ്പോൾ ആവനാഴിയിലെ അസ്ത്രങ്ങൾ ഓരോന്നും നഷ്ടപ്പെടുകയാണെന്ന് അവളറിഞ്ഞു.

കാറിൻ്റെ അടുത്തെത്തിയതും, ലക്ഷ്മിയമ്മയെ കണ്ടപ്പോൾ  ശാരദ  അവർക്ക് അരികിലേക്ക് ഓടിചെന്നു.

"ഇന്നലെ ഫോൺ ചെയ്ത ചേച്ചിയാണോ?"

ശാരദ സന്തോഷം കൊണ്ട് വിടർന്ന മുഖത്തോടെ ചോദിച്ചപ്പോൾ ലക്ഷ്മിയമ്മ പുഞ്ചിരിയോടെ തലയാട്ടി.

" ദേ ഇങ്ങട് വന്നേന്. ശരിക്കും കവിയൂർ പൊന്നമ്മയുടെ പോലെ ഐശ്വര്യം നിറഞ്ഞ മുഖമുള്ള ഒരു ചേച്ചി'

ദിവാകരനെ കൈകാണിച്ചു വിളിച്ചു കൊണ്ട് ശാരദ പറയുമ്പോൾ, കൃഷ്ണയ്ക്ക് എല്ലാം കൈവിട്ടു eപാകുകയാണെന്നു തോന്നി.

"മോളേ - നമ്മുടെ ഓട്ടോ എവിടെ?":

കൃഷ്ണയുടെ അരികെ വന്ന് ശാരദ തേനിൽ ചാലിച്ച ആ ചോദ്യമുയർത്തിയപ്പോൾ, അവളുടെ കണ്ണുകളിൽ ഇരുട്ട് കയറുന്നതു പോലെ തോന്നി.

ഇന്നലെ വരെ മോളെയെന്നുള്ള വാക്കിനു മുന്നിൽ പലതും ചേർത്തു വിളിക്കുമായിരുന്ന അമ്മയുടെ മറ്റൊരു മുഖം കണ്ടപ്പോൾ അവളുടെ നാവിറങ്ങി പോയി.

" അത് വീട്ടിലുണ്ട് ശാരദേ! ഞങ്ങൾ ഒരു കാര്യം പറയാനാണ് ഇങ്ങോട്ടേക്ക് വന്നത് "

ലക്ഷ്മിയമ്മ പറഞ്ഞപ്പോൾ ദിവാകരൻ ശാരദയുടെ അടുത്തെത്തി.

"വീട്ടിലേക്ക് വന്നവരെ വഴിയിൽ തടഞ്ഞു നിർത്തിയാണോ സംസാരിക്കുന്നത് ശാരദേ ?" 

ദിവാകരൻ്റെ ചോദ്യം കേട്ടതും, ശ്വാസം വിടാതെ കൃഷ്ണ അയാളെ തന്നെ നോക്കി നിന്നു.

വഴിതെറ്റി പറമ്പിലേക്ക് കയറിയവനെ പോലും, കുഴിയിൽ കിടക്കുന്ന തന്തയ്ക്ക് വരെ വിളിക്കുന്ന ഇയാൾ?

" അയ്യോ! നിങ്ങളെ കണ്ട സന്തോഷത്തിൽ ഞാനത് മറന്നു. ഞങ്ങൾ കുറച്ച് സാധനങ്ങൾ വാങ്ങാൻ മാർക്കറ്റിലേക്ക് ഇറങ്ങിയതാ. അത് പിന്നെ ആകാം. നിങ്ങള് വാ "

അതും പറഞ്ഞ് ശാരദ മുന്നോട്ടു നടന്നപ്പോൾ, കാർ വഴിയരികിൽ പാർക്ക് ചെയ്ത്, അവരും അവൾക്കു പിന്നാലെ നടന്നു.

രണ്ട് കാറുകളിൽ വന്നവർ ശാരദയുടെ വീട്ടിലേക്ക് നടന്നു പോകുന്നത് കണ്ട് അയൽവാസികൾ ആകാംക്ഷയോടെ, വേലിക്കരികിൽ വന്നു നിന്നു.

വിനു, ഒരു നിമിഷം കൃഷ്ണയെ നോക്കിയതും അവൾ മുഖം തിരിച്ചു.

ഇളയച്ചൻ്റെയും, അമ്മാവൻ്റെയും അടക്കിപ്പിടിച്ച സംസാരധ്വനി പരിഹാസത്തിൻ്റേതെന്ന് മനസ്സിലായപ്പോൾ അവൻ പതിയെ ചിരിച്ചു.

ഓടി വന്ന ഒരു കുറിഞ്ഞി പൂച്ച കൃഷ്ണയുടെ കാലിൽ മുട്ടിയിരുമ്മിയപ്പോൾ, അവൾ പതിയെ അതിനെ കോരിയെടുത്ത് മാറോട് ചേർത്തു.

വൃത്തിയാക്കിയ മുറ്റത്ത്, ചാണകമെഴുതി പൂക്കളമിട്ടിരിക്കുന്നത് കണ്ട ലക്ഷ്മിയമ്മയുടെ ചുണ്ടിൽ ഒരു പുഞ്ചിരിയുതിർന്നു .

"ഇന്നാണല്ലോ അത്തം. ഞാനതങ്ങ് മറന്നു "

ലക്ഷ്മിയമ്മ, ആങ്ങളയുടെ കൈ പിടിച്ചു കൊണ്ട് വിഷമത്തോടെ പറഞ്ഞു.

" ഞങ്ങൾക്ക് അറിയാമായിരുന്നു.
പക്ഷെ നിനക്ക് ഏതൊരു ആഘോഷങ്ങളെക്കാളും വലുതിപ്പോൾ ഇവൻ്റെ വിവാഹമല്ലേ? അതു കൊണ്ട് തന്നെ അത്തമാണെന്ന് ഞങ്ങളും മന: പൂർവ്വം മറന്നു. അല്ലേ ഗോപാലാ ?"

അമ്മയെ ചേർത്തു പിടിച്ചു കൊണ്ട് അമ്മാവൻ അതു ചോദിച്ചപ്പോൾ,  ഇളയച്ഛൻ്റെ ചുണ്ടിൽ ഒരു പരിഹാസം മിന്നുന്നത് വിനു കണ്ടു.

ചെറിയ ആ ഓടിട്ട വീട്ടിലേക്ക് എല്ലാവരും കടന്നതിനു ശേഷം, കൃഷ്ണ, പ്രതിക്ഷയോടെ ഒന്നു തിരിഞ്ഞു നോക്കിയതും, റോഡിനരികിൽ ബുള്ളറ്റിലിരുന്നു അഭി,തന്നെ നോക്കുന്നത് കണ്ട അവൾ ഓടി വീടിനകത്തേക്ക് കയറി.

ഉള്ള കസേരകളിലും, നിലത്ത് വിരിയിച്ച കൈതോല പായയിലുമായ് വന്നവരെ ഇരുത്തി, ശാരദ ചോദ്യഭാവത്തോടെ ലക്ഷ്മിയമ്മയെ നോക്കി.

" ഞങ്ങൾ വന്നത് ഇവിടുത്തെ മോളെ പെണ്ണു ചോദിക്കാൻ ആണ് ?"

ലക്ഷ്മിയമ്മയുടെ ചോദ്യം കേട്ടതും, തലകറങ്ങിയ ശാരദ, ദിവാകരനെ നോക്കി.

ഭാവഭേദങ്ങളൊന്നും കാണിക്കാതെ ദിവാകരൻ ലക്ഷ്മിയമ്മയെ നോക്കി.

"എൻ്റെ മോൻ വിനുവിന് ഈ "

കൃഷ്ണയെ ചൂണ്ടി കാണിച്ചു കൊണ്ട് ലക്ഷ്മിയമ്മ  പറയുമ്പോഴെക്കും വിനു ആ കൈകളിൽ പിടുത്തമിട്ടതും, അവർ മകനെ ചോദ്യഭാവത്തോടെ നോക്കി.

" അമ്മയും, അമ്മാവനും, ഇളയച്ഛനും ഞാൻ പറയുന്നത് തെറ്റാണെങ്കിൽ ക്ഷമിക്കുക "

വിനു അതു പറഞ്ഞു കൊണ്ട് അവരെ നോക്കിയ ശേഷം, ഒടുവിൽ കൃഷ്ണയുടെ നേരെ നീണ്ടു.

ആ കണ്ണീരണിഞ്ഞ മിഴികളിൽ ഒരു നക്ഷത്രം ഉദിക്കുന്നത് അവൻ കണ്ടു.

"കൃഷ്ണയ്ക്ക് വേറെ ഒരു പ്രണയമുണ്ട് "

വിനുവിൽ നിന്ന് ആ വാക്ക് ഉതിർന്നതോടെ, പൊടുന്നനെ എല്ലാവരും നിശ്ചലമായി.

ലക്ഷ്മിയമ്മയുടെ കത്തുന്ന കണ്ണുകൾ കൃഷ്ണയുടെ നേർക്കു പാഞ്ഞു.

" ശപിക്കരുത് അമ്മേ അവളെ.അമ്മയോടു പറയാൻ അവൾക്ക് വിഷമമായിട്ടാ. അവൾ ഇത്രയും വരെ ഒരു മെഴുക് തിരി പോലെ ഉരുകിയൊലിച്ചത്."

ഒന്നും മനസ്സിലാവാതെ ലക്ഷ്മിയമ്മ, വിനുവിനെ നോക്കി.

" കാരണം രണ്ട് ദിവസം കൊണ്ട് അമ്മ, അവൾക്ക് സ്വന്തം അമ്മയായി തീർന്നിരുന്നു ആ അമ്മയെ വേദനിപ്പിക്കാൻ അവൾക്ക് പറ്റില്ലായിരുന്നു 

പറഞ്ഞതു നിർത്തി അവൻ ചുമരിൽ ചാരി നിൽക്കുന്ന കൃഷ്ണയെ നോക്കി.

" അല്ലെങ്കിലും നമ്മൾക്ക് ഇങ്ങിനെ ഒരു ആഗ്രഹമുണ്ടെന്ന് അമ്മ കൃഷ്ണയോട് പറഞ്ഞിട്ടില്ലല്ലോ?"

വിനുവിൻ്റെ ചോദ്യത്തിന് ഉത്തരമില്ലാതെ ലക്ഷ്മിയമ്മ പതിയെ തലയാട്ടി.

"പിന്നെന്തിനാണ് നീ ഞങ്ങളെ ഈ വേഷം കെട്ടിച്ചു ഇങ്ങോട്ട് എഴുന്നുള്ളിച്ചത്? "

ഉറക്കെ ചോദിച്ചുക്കൊണ്ട് ഇളയച്ചൻ എഴുന്നേറ്റു പുറത്തേക്ക് നടക്കുമ്പോഴേക്കും, ആ കൈയിൽ പിടിച്ചു വിനു.

"ഇളയച്ചൻ പിണങ്ങി പോകല്ലേ -പ്ലീസ്"

വിനുവിൻ്റെ യാചന കണ്ടപ്പോൾ അയാളുടെ ദേഷ്യമൊന്നു തണുത്തു.

" വേഷം കെട്ടിച്ചു കൊണ്ടു വന്നത് എന്തിനാണെന്ന് ഇളയച്ഛൻ ചോദിച്ചില്ലേ? കല്യാണ നിശ്ചയം നടത്താൻ തന്നെയാണ് "

വിനുവിൻ്റെ സംസാരം കേട്ടതോടെ അമ്മാവനും, ഇളയച്ഛനും ഒന്നും മനസ്സിലാവാതെ ലക്ഷ്മിയമ്മയെ നോക്കി.

"കൃഷ്ണയുടെയും, അവൾ പ്രണയിക്കുന്ന പയ്യൻ്റെയും നിശ്ചയം നടത്താൻ "

വിനു പറഞ്ഞപ്പോൾ, ഇളയച്ഛനും, അമ്മാവനും തലയാട്ടി കൊണ്ട് അമ്മയെ നോക്കുന്നത് അവൻ കണ്ടു.

കുടിച്ചു കുടിച്ചു നിൻ്റെ മോന് ഭ്രാന്തായോ എന്നൊരു ചോദ്യചിഹ്നമുണ്ടായിരുന്നു ആ നോട്ടത്തിലെന്ന് വിനു ഊഹിച്ചു.

"എനിക്ക് ഭ്രാന്തായത് അല്ല ഇളയച്ഛാ ! ഒരു രാത്രി, കൊടുങ്കാട്ടിൽ സ്വന്തം സുരക്ഷിതത്വം നോക്കാതെ എൻ്റെ ജീവനു വേണ്ടി കാവലിരുന്നവളോടുള്ള കടപ്പാട്.തീർത്താൽ തീരാത്ത കടപ്പാട് ആണെന്നറിയാം. എന്നാലും എനിക്ക് ഇത്രയെങ്കിലും ചെയ്‌തേ തീരൂ "

അവൻ പറഞ്ഞു നിർത്തി ചുറ്റുമൊന്നു നോക്കി.

എല്ലാവരും നിശബ്ദതയിലാണ്ട നിമിഷം!

"ആരാടീ അവൻ?"

കൈയെത്തും ദൂരത്ത് വെച്ച് നിധി നഷ്ടപ്പെട്ടവളെ പോലെ ശാരദ അവൾക്കു നേരെ പാഞ്ഞടുത്തതും, വിനു തടഞ്ഞു.

" ഒരു മുഹൂർത്തത്തിൻ്റെ സമയമാണ് .ഷോ കാണിക്കരുത് "

ചെറിയ ശബ്ദത്തിൽ അവൻ പറഞ്ഞപ്പോൾ, ശാരദ പിടിച്ചുകെട്ടിയതുപോലെ നിന്നു.

"കൃഷ്ണാ,  ഇതാ നിനക്കും, അഭിയ്ക്കുമുള്ള റിങ്ങ് "

ജ്വല്ലറിയുടെ കവർ അവൾക്ക് നീട്ടി വിനു, അത് പറഞ്ഞപ്പോൾ കൃഷ്ണ അവിശ്വസനീയ തോടെ അവനെ നോക്കി.

" ജ്വല്ലറിയിൽ ചെന്ന് മോതിരം വാങ്ങിയത് എനിക്ക് ആണെന്നു വിചാരിച്ചോ- ഒരു അളവ് കിട്ടാൻ വേണ്ടിയിട്ടാണ് എൻ്റെ വിരൽ കാണിച്ചു കൊടുത്തത് . പിന്നെ രണ്ടാളുടെയും പേര് എഴുതിയിട്ടുണ്ട് മോതിരത്തിൽ '

ഒരു കരച്ചിലോടെ അവൾ വിനുവിൻ്റെ നേർക്ക് പാഞ്ഞുചെന്നു, കുനിയുവാൻ തുടങ്ങിയതും, അവൻ തടഞ്ഞു.

" ഇങ്ങിനെ കുനിയുന്ന പെണ്ണിൻ്റെ ചിത്രമല്ല പുഞ്ചിരിയോടെ ആയുധമെടുത്ത പെണ്ണിൻ്റെ ചിത്രമാണ് മനസ്ലിൽ - അത് മായ്ക്കരുത്"

വിനുവിൻ്റെ വാക്ക് കേട്ടതോടെ കണ്ണീരിലൂടെ ഒരു പുഞ്ചിരി അവൾ നൽകി.

ഇവരെന്ത് തേങ്ങയാണ് പറയുന്നതെന്ന് ഓർത്ത് മറ്റുള്ളവർ ഒന്നുമറിയാതെ പരസ്പരം നോക്കി.

പൊടുന്നനെ മുറ്റത്ത് നിഴലുകൾ ചലിക്കുന്നതു പോലെ തോന്നിയപ്പോൾ വിനു തിരിഞ്ഞു നോക്കി.

"കയറി വരൂ അഭീ "

വിനു പുറത്തേക്ക് ചെന്ന് അഭിയുടെ കൈപിടിച്ച് അകത്തേക്ക് കയറ്റി.

കൂടെ അഭിയുടെ അച്ഛനും, അമ്മയും, കുറച്ചു ബന്ധു ക്കാരും അകത്തേക്ക് വന്നു.

ഒരു കല്യാണ ചെക്കൻ്റെ വേഷത്തിൽ അഭിയെ കണ്ടതും, ഇതൊക്കെ ഒരു സ്വപ്നമാണോ എന്ന് കൃഷ്ണ സന്ദേഹിച്ചു.

വായും തുറന്ന് അഭിയെ നോക്കി നിൽക്കുന്ന കൃഷ്ണയെ കണ്ട് അവൻ പുഞ്ചിരിച്ചു.

" ഇത് സ്വപ്നമല്ല കൃഷ്ണാ. യഥാർത്ഥ്യമാണ്"

വിനുവിൻ്റെ ശബ്ദമുയർന്നപ്പോൾ, 
അഭിയിൽ നിന്ന് കണ്ണെടുത്ത് കൃഷ്ണ അവനെ തിരിഞ്ഞു നോക്കി.

"അഭിയെ ഞാൻ അറിയും! അന്ന് ഡൈനിങ്ങ് ടേബിളിനടുത്ത് നിന്ന് കിട്ടിയ പേഴ്സിൽ, ഏതോ കല്യാണ ആൽബത്തിൽ നിന്ന് ചീന്തിയെടുത്ത അഭിയുടെ ഫോട്ടോ ഉണ്ടായിരുന്നു. ഫോട്ടോയ്ക്ക് പിന്നിൽ ഫോൺ നമ്പറും "

വിനുവിൻ്റെ സംസാരം കേട്ടതും, അവൾ അഭിയെ ഒന്നു പാളി നോക്കി ചമ്മലോടെ മുഖം താഴ്ത്തി.

"ചില പെണ്ണുങ്ങൾ ഇങ്ങിനെയാണ് അഭീ. ഉള്ളിൽ കടലോളം
സ്നേഹമുണ്ടാകും.പക്ഷെ പുറത്തേക്ക് ഒരു തുള്ളി പോലും ചാടാതെ തടയണ കെട്ടിവെച്ചിരിക്കും അവർ 

വിനു എഴുന്നേറ്റു അഭിയുടെ അടുത്തേക്ക് ചെന്നു.

" ഞാൻ കണ്ടതിൽ ഏറ്റവും ഭാഗ്യവാൻ ആരാണെന്ന് ചോദിച്ചാൽ ഒന്നും ആലോചിക്കാതെ അഭിയെന്നു പറയും ഞാൻ കാരണം ഇങ്ങിനെയൊരു റെയർ പീസിനെ ഞാൻ ഇതുവരെ കണ്ടിട്ടില്ലാത്തതു കൊണ്ട് "

അത് പറയുമ്പോൾ സന്തോഷം കൊണ്ട് വിനു വിൻ്റെ കണ്ണ് നനഞ്ഞിരുന്നു.

അഭി പൊടുന്നനെ കൃഷ്ണയെ കണ്ണൊന്നു കാണിച്ച് പുറത്തേക്കിറങ്ങിയപ്പോൾ അവൾ പിന്നാലെ ചെന്നു.

" അവർക്ക് ചായ കൊടുക്കേണ്ടേ? ചായയും കഴിക്കാനുള്ള പലഹാരങളും ഞാൻ കൊണ്ടുവന്നിട്ടുണ്ട് " 

അതും പറഞ്ഞ് പെട്ടിഓട്ടോയുടെ അടുത്തേക്ക് നടക്കുന്ന അഭിയെ, കൃഷ്ണ അത്ഭുതത്തോടെ നോക്കി.

"വിനു വിളിച്ചു പറഞ്ഞപ്പോൾ മുതൽ എല്ലാം സെറ്റപ്പ് ആക്കി നിന്നതാ- നിങ്ങളെ കാണാതെ ആയപ്പോഴാണ് ഞാൻ ബൈക്ക് എടുത്ത് ഇറങ്ങിയതും, സിഗ്നലിൽ വെച്ചു കണ്ടതും "

ഒരു അത്ഭുത കഥ കേൾക്കുന്നതു പോലെ അഭി-പറയുന്നതും കേട്ടു അവൾ വായ് പൊളിച്ചിരുന്നു.

ചായയും, പലഹാരങ്ങളും അടുക്കളയിൽ എത്തിക്കുമ്പോഴും അവൾ വിനുവിനെ കുറിച്ച് ഓർക്കുകയായിരുന്നു.

ഒന്നും പിടി തരാത്ത മനുഷ്യൻ.

" അപ്പോൾ എത്രയും പെട്ടെന്ന് ഈ ചടങ്ങ് നടത്തിയിട്ട് മടങ്ങിപോകല്ലേ ?"

ഇളയച്ഛൻ പറഞ്ഞപ്പോൾ മറ്റുള്ളവരും ശരിവെച്ചു.

" അഭീ,കൃഷ്ണയ്ക്ക് വാങ്ങിയ ഡ്രസ്സ് കൊടുക്ക് .അത് അണിഞ്ഞു വന്നാൽ ഈ ചടങ്ങ് എത്രയും പെട്ടെന്ന് നടത്താം"

വിനു പറഞ്ഞതും പെട്ടെന്ന് കൃഷ്ണ കരഞ്ഞപ്പോൾ ചുറ്റുമുള്ളവർ പകപ്പോടെ അവളെ നോക്കി.

വിനു ചെന്ന് പതിയെ കൃഷ്ണയുടെ താടിയുയർത്തി മറ്റുള്ളവരെ നോക്കി.

"ഈ കരച്ചിലിൽ പേടിക്കാൻ ഒന്നുമില്ല. ഈ നല്ല മുഹൂർത്തിൽ പ്രിയപ്പെട്ട ഒരാളുടെ അഭാവം കൊണ്ടാണ് ഈ കണ്ണീർ പുഴ "

മനസ്സറിഞ്ഞതുപോലെ വിനു പറഞ്ഞപ്പോൾ കണ്ണീർ തുടച്ചു കൊണ്ട് അവൾ അയാളെ കണ്ണു ചിമ്മാതെ നോക്കി നിന്നു.

ദിവാകരനും, ശാരദയും പരസ്പരം നോക്കി കണ്ണു മിഴിച്ചു.

" ഞാൻ പറഞ്ഞത് സത്യമല്ലേ കൃഷ്ണാ. കൈയോ, കാലോ വളരുന്നതെന്ന് നോക്കി ഒരമ്മയെ പോലെ നീ വളർത്തിയ അനിയത്തി.

വേണി.

അവൾക്കു വേണ്ടിയാണ് നീ നിൻ്റെ ജീവിതം ജീവിച്ചു തീർക്കുന്നത്. നന്നായി പഠിച്ചിരുന്ന നീ അവൾക്കു വേണ്ടിയാണ് വഴിയൊഴിഞ്ഞ് ഓട്ടോക്കാരിയായത്! രാത്രിയിൽ ഉറങ്ങാതെ, വാക്കത്തിയും പിടിച്ച് കാവലിരുന്നത് അവൾക്കു വേണ്ടി തന്നെയായിരുന്നു...

പക്ഷേ നീ ഓരോ നിമിഷവും തോറ്റു കൊണ്ടിരിക്കുകയാണ് കൃഷ്ണാ!

അവൾ തോൽപ്പിച്ചു കൊണ്ടിരിക്കുകയാണ്.''

അല്ലെങ്കിൽ, തന്നെ പ്രാണനെ പോലെ സ്നേഹിക്കുന്ന ചേച്ചിയുടെ മോതിരമാറ്റം കാണാൻ അവൾ വരാത്തതെന്തുകൊണ്ട്?"

വിനു പറയുന്നതും കേട്ട് കൃഷ്ണ പതിയെ പല്ല് കടിച്ച് അഭിയെ നോക്കി.

"നീ അഭിയെ നോക്കി പേടിപ്പിക്കണ്ട കൃഷ്ണാ! ഞാൻ പറഞ്ഞതൊക്കെ സത്യമല്ലേ?

വിനുവിൻ്റെ ചോദ്യം കേട്ടതും അവൾ ഒന്നും പറയാൻ കഴിയാതെ കണ്ണീർ
വാർത്തു.

" ചേച്ചി എനിക്ക് അമ്മയെ പോലെ ആണ്. ആ ജീവിതം എനിക്ക് വേണ്ടിയാണ് ഉരുകി തീരുന്നത്- ചേച്ചി അറിയാതെ ഒരു കാര്യവും ഞാൻ ചെയ്യില്ല എന്നൊക്കെ വാ,തോരാതെ പറയും.
പക്ഷെ അതൊക്കെ വെറും ഡയലോഗ് മാത്രമാണ്. അവൾ അഭിനയിക്കാൻ പഠിച്ചവളാണ്.പെരുംകള്ളി 

" വിനൂ നീകാട് കയറുന്നു "

കൃഷ്ണയുടെ ശബ്ദം വല്ലാതെ ഉയർന്നു.

അവളുടെ ഭാവം കണ്ട് അവിടെയുള്ളവർ പകച്ചു.

"ഇനി ഒരു അക്ഷരം വേണിയെ പറ്റി സംസാരിച്ചാൽ ഇതുവരെ തന്ന സഹായങ്ങൾ മറക്കും ഞാൻ. ആ  നിമിഷം എല്ലാവരെയും പടി കടത്തും ഞാൻ - "

അവൾ കിതച്ചു കൊണ്ട് അഭിയെ നോക്കി.

"നിന്നോടും കൂടിയാ പറഞ്ഞത് "

അവൾ അതും പറഞ്ഞ് ചുമരിൽ ചാരി നിന്നു കിതച്ചു.

എന്താണ് നടക്കുന്നതെന്നറിയാതെ ലക്ഷ്മിയമ്മയും, ഇളയച്ഛനും, അമ്മാവനും അഭിയെ നോക്കി.

സന്തോഷത്തിൻ്റെ നിമിഷങ്ങൾ പൊടുന്നനെ മുകതയിലേക്ക് കൂപ്പുകുത്തിയപ്പോൾ എല്ലാവരും പകച്ചിരുന്നു.

"കൂൾ ഡൗൺ കൃഷ്ണാ "

അവളുടെ തോളിൽ തട്ടി കണ്ണിലേക്ക് തറപ്പിച്ചു നോക്കി വിനു.

"നിനക്ക് വല്ലാതെ വേദനിക്കുന്നുണ്ട് അല്ലേ? അപ്പോൾ 'ഇതൊക്കെ ഞാൻ പറയുമ്പോൾ,
അവളെ
ഇത്രയും കാലം  കാത്തിരുന്ന ഞാൻ എത്ര മാത്രം സ്വയം
വേദനിക്കുന്നുണ്ടോയെന്ന് നിനക്കറിയോ?"

വിനുവിൻ്റെ ചോദ്യം കേട്ടതും ഒരു ഞെട്ടലോടെ കൃഷ്ണ അവനെ നോക്കി.

" പ്രാണനെ പോലെ സ്നേഹിച്ചവൾ മരിച്ചോ, ജീവിച്ചോ എന്നറിയാതെ ജീവിതം ഉരുകി തീർക്കുന്നവൻ്റെ വേദന നിനക്കറിയില്ല,കൃഷ്ണാ നിനക്കെന്നല്ല ആർക്കും "

അവൻ്റെ കണ്ണിൽ നീർനിറഞ്ഞു തുടങ്ങിയിരുന്നു.

"അപകടം പറ്റാം, കൈയോ കാലോ പോകാം, ജീവിതാന്ത്യം വരെ കിടക്കയിൽ നിന്നെഴുന്നേൽക്കാൻ പറ്റാതാവാം! അപ്പോഴും മനസ്സ് എന്ന ഒരു സാധനം അവിടെ ഉണ്ടാവില്ലേ? അതിനുള്ളിലെ സ്നേഹം വറ്റിപോകോ ?"

"വിനൂ"

ഒരു കരച്ചിലോടെ കൃഷ്ണ അവൻ്റെ മുഖം പിടിച്ചുയർത്തി.

അവൻ പതിയെ കണ്ണീരോടെ തലയാട്ടി.

" ഏത് ഉറക്കത്തിലും എൻ്റെ ശബ്ദം കേട്ടാൽ തിരിച്ചറിയുന്നവളാണ്. ഇത്രയും നേരം എൻ്റെ സംസാരം കേട്ടിട്ട് അവൾ ഒന്നു പുറത്തു വന്നോന്ന് നോക്ക് "

വിനു പറഞ്ഞു തീർന്നതും.പൊടുന്നനെ തെക്കേമുറിയിലെ ഇരുട്ടിൽ പൊട്ടിക്കരച്ചിലുയർന്നു.

കൂടി നിന്നവർ അമ്പരന്നു നിൽക്കെ  കൊടുങ്കാറ്റ് പോലെ ഒരു പെൺക്കുട്ടി കുതിച്ചു വന്ന് വിനുവിൻ്റെ നെഞ്ചിലേക്ക് ചാഞ്ഞു.

"ഈ കോലത്തിൽ ഞാനെങ്ങിനെയാ എൻ്റെ വിനുവിനെ "

പറഞ്ഞതു മുഴുമിപ്പിക്കാനാകാതെ അവൾ അവൻ്റെ മുഖത്ത് തെരുതെരെ ചുംബനമർപ്പിച്ചു.

അവൻ ശക്തിയോടെ വേണിയെ നെഞ്ചോട് ചേർത്ത് അത്ഭുതപ്പെട്ട് നിൽക്കുന്ന കൃഷ്ണയെ നോക്കി.

" ആ പേഴ്സിൽ അഭിയുടെ ഫോട്ടോയോടൊപ്പം തന്നെ വേണിയുടെ ഫോട്ടോയും ഉണ്ടായിരുന്നു...

പിന്നെ അഭിയോട് ചോദിച്ച പ്പോഴാണ് ആക്സിഡൻ്റിനെ പറ്റി അറിയുന്നത്....

ഇനിയും ഇവൾ എന്നെ ഉൾക്കൊള്ളുമോ എന്ന ചിന്തയിലാണ് അവിടെ വെച്ച് ഈ കാര്യങ്ങൾ കൃഷ്ണയോട്, സോറി ചേച്ചിയോടു പറയാതിരുന്നത് "

"എന്നെ കാണാൻ വരുന്ന തിരക്കിൽ മണ്ടി ചീറി വരുന്ന ബസ്സിനെ നോക്കിയിട്ടുണ്ടാവില്ല "

അതും പറഞ്ഞ് അവളുടെ ശിരസ്സിൽ സന്തോഷ കണ്ണീരോടെ അവൻ ചുംബിക്കുമ്പോൾ, കൂടി നിന്നവരുടെ കണ്ണും നിറഞ്ഞു.

സന്തോഷ തിരത്തള്ളലോടെ വിനു അമ്മയെ നോക്കി.

"ഇന്നു തന്നെ ഇവളെ കൊണ്ടു പോകാം നമ്മൾക്ക്. അതിനു മുൻപ് ഒരു ചടങ്ങിനെന്നവണ്ണം മോതിരമാറ്റം നടത്താം"

"അതു ശരിയാ"

അമ്മാവനും, ഇളയച്ഛനും അനുകൂലിച്ചപ്പോൾ, അവൻ വേണിയെ നോക്കി.

"എന്നാൽ നമ്മൾക്ക് രണ്ട് മോതിരം വാങ്ങി വന്നാലോ?"

"ഈ ചളുങ്ങിയ മുഖം വെച്ചിട്ടോ?"

അവൾ വേദനയോടെ അവനെ നോക്കി.

"എൻ്റെ മുഖം ചേർത്തുവെക്കാം പൊന്നേ "

അതും പറഞ്ഞ് ഒരു കുസൃതിയോടെ അവളുടെ മുഖത്തേക്ക് അവൻ മുഖം ചേർത്ത് വെച്ചു.

" ഞങ്ങളെ കണ്ടപ്പോൾ എന്തിനാ പൂക്കളമിടുന്നതും നിർത്തി വീട്ടിലേക്ക് ഓടി പോയത്?"

അവൻ ചോദിച്ചപ്പോൾ അവൾ സങ്കടത്തോടെ വലത്തെ കവിളിൽ നിന്നും കഴുത്ത് വരെ ഒന്നു തലോടി.

"അതൊക്കെ മാറ്റാം പെണ്ണേ.ഒരു പ്ലാസ്റ്റിക്ക് സർജറിയിലൂടെ "

" അത്തക്കളം അടിപൊളിയായിട്ടുണ്ട് ട്ടാ"

വേണിയുടെ കവിളിൽ ചുണ്ടമർത്തി അവനതു പറഞ്ഞപ്പോൾ അവളാകെ കോരിത്തരിച്ചു.

രണ്ട് വർഷത്തെ ഇരുട്ടിലെ വാസത്തിനു ശേഷം, പൊൻവെയിലിലേക്കിറങ്ങുന്ന അനിയത്തിയെ സന്തോഷത്തോടെ നോക്കി നിന്നു കൃഷ്ണ!

ഓണതുമ്പികൾ അവർക്കു മേൽ വട്ടമിട്ടു പറക്കുന്നത് കണ്ടപ്പോൾ, കഴിഞ്ഞതൊന്നും സ്വപ്നമല്ലല്ലോയെന്ന് അവൾ ശരീരത്തിൽ നുള്ളി നോക്കുന്നുണ്ടായിരുന്നു അപ്പോൾ!!!

ശുഭം!
സന്തോഷ് അപ്പുക്കുട്ടൻ

ഇതുവരെ പ്രോത്സാഹനം തന്ന പ്രിയ വായനക്കാർക്ക് ഹൃദയം നിറയെ നന്ദി!!!

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്