✴️പാർത്ഥന്റെ പെണ്ണ്✴️FULL PART

✴️പാർത്ഥന്റെ പെണ്ണ്✴️
FULL PART 


വലിയ മതിൽക്കെട്ടിനെ മറികടന്ന്, പാർത്ഥന്റെ  കാർ മുറ്റത്തേക്കു പ്രവേശിച്ചപ്പോൾ എനിക്കെന്തോ ഉൾഭയം തോന്നിത്തുടങ്ങിയിരുന്നു.....

""" നിക്കെന്തോ പേടിപോലെ...""" ഞാൻ പറഞ്ഞു. 

""" ഇവിടത്തെ അന്തരീക്ഷത്തെ കുറിച്ചെല്ലാം ഞാൻ തനിക്ക് പറഞ്ഞു തന്നിട്ടുള്ളതല്ലേ.... പിന്നെന്താ ഇപ്പോഴൊരു പേടി ?? """

""" എന്തോ, അറിയില്ല"""

""" അതിന്റെയൊന്നും ആവശ്യമില്ല.... താൻ കൂളായിട്ടു നിന്നാമതി, ബാക്കിയെല്ലാം ഞാൻ നോക്കിക്കോളാം.....
പിന്നൊരു കാര്യം ,,, നമുക്കിടയിലുള്ള രഹസ്യം... !
അത്, നമ്മളു മാത്രം അറിഞ്ഞാൽ മതി.... അറിയാലോ തനിക്ക്  ?""""

എവിടെയോ ഒരു താക്കീതിന്റെ സ്വരം ഞാനറിഞ്ഞു.... അതുകൊണ്ടു തന്നെ മറുപടി ചെറിയൊരു മൂളലിലൊതുക്കി , ഞാൻ വിയർപ്പു തുടച്ചു.....

വിശാലമായ പൂമുഖത്തു തന്നെ ഒരു പടക്കുള്ള ആളുണ്ടായിരുന്നു..... യുദ്ധത്തിലെ മുന്നണിപ്പോരാളികളെ പോലെ അണിനിരന്നു നിന്നിരുന്നവരുടെ മുഴുവൻ നോട്ടവും , ഞങ്ങളിലേക്കാണെന്നു തിരിച്ചറിഞ്ഞ എന്റെ വീണ്ടെടുത്ത ധൈര്യമെല്ലാം ചോർന്നു പോകുന്നതായി ഞാനറിഞ്ഞു.....

സീറ്റിൽ കരുതിയ ഹാരമെടുത്ത് , പുറത്തേക്കിറങ്ങാൻ ഭാവിക്കുമ്പോൾ,,, പാർത്ഥൻ , കൂടെയിറങ്ങാനായി എനിക്കും കണ്ണുകൊണ്ട് സിഗ്നൽ തന്നു.....
പതിയെ തലയാട്ടിക്കൊണ്ട് ഡോറ് തുറക്കുമ്പോ,,, കയ്യിലെ വിറയൽ ശരീരത്തിലേക്കും പടരുന്നതായി തോന്നി.....

""" ഇതെന്താ എല്ലാരുമിങ്ങനെ മിഴിച്ചു നിൽക്കുന്നേ.... ഞാൻ നേരത്തെ വിളിച്ചു പറഞ്ഞാരുന്നില്ലേ തിരികെ വരുമ്പോ എന്റെ കൂടെ പുതിയൊരാളു കൂടി കാണുമെന്ന്.....
എന്റെ നല്ല പാതി.....!
ദാ ഇതാണ് ആള്..... 
പേര് പവി.... ഓഹ് സോറി,  പവിത്ര! 
അതാണ് മുഴുവൻ പേര്.....""""

എളിയിലൂടെ കയ്യിട്ട്, എന്നെ ചേർത്തു പിടിച്ച് മറ്റുള്ളവർക്കു പരിചയപ്പെടുത്തുമ്പോഴും ,,, ആരുടേയും മുഖം തെളിഞ്ഞു കണ്ടില്ല !

"""" എന്താ അമ്മേ,  നിലവിളക്കും ആചാരങ്ങളൊന്നും ഇല്ലേ ഇവളെ കൈപിടിച്ചു അകത്തേക്കു വിളിക്കാൻ ??"""

ചുണ്ടിലൊരു ചിരി വരുത്തി പാർത്ഥൻ ചോദിച്ചതും,,  കൂട്ടത്തിൽ ഒരല്പം ഗൗരവം നിറഞ്ഞ മുഖം കൂടുതൽ മുറുകുന്നതു കണ്ടു....
അപ്പോൾ , അതായിരിക്കണം പാർത്ഥന്റെ അമ്മ.... !
ഞാൻ ഊഹിച്ചു...

""" താൻ വിഷമിക്കണ്ട , അല്ലേലും നമ്മളിതൊക്കെ പ്രതീക്ഷിച്ചു തന്നല്ലേ വന്നതും.....
ഇയാള് വാ.... ഞാൻ തന്നെ കൈപിടിച്ചു കയറ്റിയേക്കാം """ എന്റെ വലതു കരം ഗ്രഹിച്ച്, പാർത്ഥൻ മുന്നോട്ടു നടന്നു....

"" പിന്നേയ്. .. വലതു കാല് , അതു മറക്കണ്ട! """

ചിരിയോടെ എന്നെ നോക്കി പറഞ്ഞതും, അറിയാതെ എന്റെ ചുണ്ടിലും ആ ചിരിയുടെ ഒരംശം പൊട്ടിവീണു.....

       💛💛💛💛💛💛💛💛💛💛💛💛

""" എങ്ങനെയുണ്ടായിരുന്നു നമ്മുടെ എൻട്രി.. താൻ പ്രതീക്ഷിച്ചത്ര പാടുപെട്ടോ ??"""

ചിരിയോടെയാണ് പാർത്ഥനതു ചോദിച്ചതെങ്കിലും ,,, എന്റെ ഹൃദയമപ്പോഴും ഉച്ചത്തിൽ പെരുമ്പറ മുഴക്കുന്നുണ്ടായിരുന്നു..

""" ഞാൻ... ഞാനാദ്യായിട്ടാ ഇത്രേം വല്യേ വീടെന്നെ കാണണത്.... അപ്പോ തൊട്ടു തുടങ്ങീതാ ന്റെ ശരീരത്തിനൊരു വെറയല്...!"""" ഞാൻ പറഞ്ഞു.

ആളെന്തോ മറുപടി പറയാനായി തുടങ്ങിയതും ,, മൊബൈലിന്റെ ബെല്ലടി കേട്ട്  സംസാരം പാതിവഴിയിൽ നിർത്തി, പുറത്തേക്കു പോയി....
മുറിയിൽ തനിച്ചായപ്പോഴാണ് , എന്റെ കണ്ണുകൾ അവിടമാകെ നിരീക്ഷിച്ചത്.....

" എത്ര വല്യേ മുറിയാ.... ന്റെ വീടിന്റെ വലിപ്പം കാണും ഈയൊരു മുറിക്കു മാത്രം! "

ആത്മഗതത്തോടൊപ്പം , ചുവരിൽ പതിപ്പിച്ച നീളൻ കണ്ണാടിക്കരികിലേക്കെന്റെ കാലുകൾ ചലിച്ചു.....
നെറ്റിയെ ചുവപ്പിച്ച സിന്ദൂര രേഖയും, മാറത്തു പറ്റിച്ചേർന്ന താലി കൊരുത്ത മഞ്ഞച്ചരടും കാൺകെ,, എന്റെ ശരീരവും മനസ്സും ഒരുപോലെ പൊള്ളിപ്പിടഞ്ഞു.....

ഇങ്ങനൊരു രൂപം സ്വപ്നത്തിൽ പോലും തന്നെ തേടിയെത്തിയിട്ടില്ലായിരുന്നു ഇതുവരെ.....
ഇന്നിപ്പോൾ.....
ഈ സുമംഗലീ രൂപം തന്റെ ഉടലാകെ ചുട്ടു പൊള്ളിക്കുന്നതു പോലെ......
കണ്ണുകൾ നിറഞ്ഞു തുടങ്ങിയപ്പോൾ വീടിനെ ഓർത്തുപോയി.....
അച്ഛനേയും അമ്മയേയും കൂടപ്പിറപ്പുകളേയും ഓർത്തുപോയി.....

ഫോണെടുത്ത് ചെവിയോടു ചേർത്തു.....

"""" മോളേ പവീ """""

അമ്മയുടെ നേർത്ത വിളി, നിറഞ്ഞു നിന്ന കണ്ണുനീരിനെ കവിളിലൂടെ ഒഴുക്കിവിട്ടു.....

""" അമ്മാ....""""

""" അമ്മയിപ്പോ ഓർത്തേ ള്ളൂ... നെനക്ക് സുഖല്ലേ """

""" മ്ഹ്..."""

""" ജോലി തരപ്പെട്ടൂന്ന് പറഞ്ഞിട്ട് ന്തായി ??
പോയി തൊടങ്ങ്യോ നീയ് ??? """

""" മ്ഹ്... ഇന്ന് രാവിലെ മുതല് """  അതു പറയുമ്പോ ,, ഞാനറിയാതെത്തന്നെ ന്റെ വലംകൈ, കഴുത്തിലെ താലിച്ചരടിൽ പിടി മുറുക്കിയിരുന്നു.....

""" എടീ ചേച്ച്യേയ്.... എന്തു ജോലിയാ നെനക്ക് കിട്ടിയേക്കണത് ???
ഏസീടെ തണുപ്പൊക്കെ കൊള്ളാന്ള്ള യോഗണ്ടോ അവടെ ?? """
ഇളയ അനിയത്തീടെ വക ചോദ്യമാണ്...

""" ഉവ്വ്,  ഏസീം ഫാനും ഒക്കെ ണ്ട്.... ഓഫീസാണെങ്കി ഒത്തിരി വലുതാ.... നമ്മളൊന്നും കണ്ടിട്ടു കൂടില്യ... അത്രേം വലുത്... """

ന്റെ ഉത്തരത്തിൽ , മതിമറന്നോണ്ടാവണം കുറച്ചു നേരം അവള്ടെ ശബ്ദൊന്നും കേട്ടില്ല.....

""" നീയിങ്കട് തന്നേ പെണ്ണേ.... ഞാൻ ചോയ്ക്കട്ടെ """ അമ്മ,  ഫോൺ തട്ടിപ്പറിച്ചു.

""" അച്ഛനെവിടെ അമ്മേ?? """ ഞാൻ ചോദിച്ചു...

""" ഒറങ്ങാ.... മര്ന്നിന്റ ഷീണാവും , എപ്പളും ഒറക്കെന്നെ ഇപ്പോ  """"

""ചേച്ചി പോയോ?? """

"" മ്മ് , അവള് നേരത്തേ പോയി.... നാളെ ഷാരസ്യാരടെ മോള്ടെ കല്യാണല്ലേ.....
കുറച്ചൂടി തയ്ക്കാന്ണ്ടെന്ന് പറഞ്ഞേര്ന്ന്...
നെന്റെ കൂടെ പഠിച്ചതല്ലേ ആ കുട്ടി ?
ഇഞ്ചിനീയറാത്രേ അതിനെ കെട്ടണത്....
ഒക്കെ ഓരോ യോഗാ """"

അമ്മേടെ ശബ്ദമിടറുന്നത് എനിക്കു മനസ്സിലായി..... അതൊരു കരച്ചിലായി പരിണമിക്കാതിരിക്കാൻ , പിന്നെ വിളിക്കാമെന്നും പറഞ്ഞ് ഞാൻ ഫോൺ വെച്ചു....

""" തനിക്കൊന്നു ഫ്രഷാവാമായിരുന്നില്ലേ??"""

പിന്നിൽ നിന്നും പാർത്ഥന്റെ ചോദ്യമാണെന്നെ തിരികെ കൊണ്ടുവന്നത്...

"" എന്തുപറ്റിടോ? കണ്ണൊക്കെ കലങ്ങിയിരിക്കുന്നല്ലോ """

"" ഏയ് ഒന്നൂല്യ.... അമ്മയെ വിളിച്ചപ്പോ... ന്തോ.."""

ന്റെ മനസ്സ് മനസ്സിലാക്കിയിരിക്കണം, മറ്റൊന്നും ചോദിച്ചില്ല.....

""" താനൊന്ന് റിലാക്സായിക്കോളൂ....  എനിക്ക് പുറത്തു പോയിട്ട് ഒരു അത്യാവശ്യമുണ്ട് """ പറഞ്ഞു കൊണ്ട് ആള് പിന്തിരിഞ്ഞതും ,, ഞാൻ പറഞ്ഞു; 

""" പോവാണോ ? ഞാനിവിടെ ഒറ്റയ്ക്ക്....
നിക്ക് പേടിയാ...""""

"" ഒറ്റയ്ക്കോ??
ഇവിടെ ഇത്രേം ആളുള്ളപ്പോ താനെങ്ങനാടോ ഒറ്റയ്ക്കാവുന്നേ??  """

"""ന്നാലും....""" ഞാൻ മുഖം കുനിച്ചു 

""" പേടിക്കണ്ട,  ഞാനധികം വൈകില്ല....
പിന്നെ.....

താനിങ്ങനെ തൊട്ടാവാടിയായാൽ ശരിയാവില്ലാട്ടോ.....
പെമ്പിള്ളേർക്കിത്തിരി ഉശിരൊക്കെ നല്ലതാ...
പ്രത്യേകിച്ച് ഈ പാർത്ഥന്റെ പെണ്ണിന് !"""

എന്നെ നോക്കി കള്ളച്ചിരിയോടെ കണ്ണിറുക്കി ,, മുറിവിട്ടു പുറത്തു പോകുന്ന ആളെ നോക്കി എന്റെ ചുണ്ടുകൾ പതിയെ മന്ത്രിച്ചു, 

പാർത്ഥന്റെ പെണ്ണ്!!

         💛💛💛💛💛💛💛💛💛💛💛💛

"" ഈ തണുപ്പത്ത് വെറുതെ  തറയിൽ കിടക്കണ്ട,  ഇങ്ങോട്ട് കയറിക്കിടന്നോടോ """

നിലത്തു പായ വിരിച്ച് ചുരുണ്ടു കൂടിയ എന്നെ നോക്കി ആളതു പറഞ്ഞപ്പോ എനിക്കെന്തോ ജാള്യത തോന്നി....

""" സാരല്യ,  ഞാനിവിടെ കെടന്നോളാം.."""
ഞാൻ പതിയെ പറഞ്ഞു.

"" ന്താടോ തനിക്ക് പേടിയാണോ എന്നെ ? """ ആ ചോദ്യത്തിലെ ഗൗരവത്തോടൊപ്പം അല്പം പരിഹാസവും കലർന്നിരുന്നോ എന്നെനിക്ക് തോന്നാതിരുന്നില്ല....

""" പേടിയാണെങ്കിൽ കിടക്കണ്ട ,, പക്ഷെ. ...
താനറിയാനായിട്ടു പറയുവാ , പറഞ്ഞ വാക്കിന് സ്വന്തം ജീവനേക്കാളേറെ വില കൽപിക്കുന്നവനാ ഈ പാർത്ഥൻ....
അതിനു മാറ്റം വരണമെങ്കിൽ ,,, എന്റെ ജീവൻ പൊലിഞ്ഞിരിക്കണം! """

അതും പറഞ്ഞ് തിരിഞ്ഞു കിടക്കുന്നയാളെ കാൺകെ ,, എനിക്കെന്തോ വല്ലായ്മ തോന്നി....

"" പേടിച്ചിട്ടോ വിശ്വാസല്യാഞ്ഞിട്ടോ അല്ല...
നിക്ക് ഇതാ ശീലം......
വീട്ടില് ഒരു കട്ടിലേള്ളൂ.... അതില് അച്ഛനാ കെടക്കാ... മുമ്പൊക്കെ, ന്നേം ചേച്ചീനേം കട്ടിലില് കെടത്തി അച്ഛനുമമ്മേം നെലത്ത് കെടക്കുവാരുന്നു..... വയ്യാതായേന്റെ ശേഷാ 
അച്ഛൻ കെടത്തം മാറ്റീത്...."""

കേൾവിക്കാരനായി, ഒരാള് തനിക്കല്പം അകലെയായി ഉണ്ടെന്ന തോന്നലിലാണ് പറഞ്ഞു തുടങ്ങിയതെങ്കിലും ,,, ഇതൊക്കെ ഈ ആളോട് പറയുന്നതെന്തിനാന്ന് പിന്നീടെനിക്ക് തോന്നിപ്പോയി......

എല്ലാം പറഞ്ഞു കേൾപ്പിക്കാൻ ഇയാളെന്റെ ആരാണ് ???
മനസ്സിനെ തളർത്തുന്ന ദുഃഖഭാരങ്ങളിറക്കി വെക്കാൻ മാത്രം എന്തു ബന്ധമാണ് തനിക്കിയാളുമായുള്ളത്??

ആരുമല്ല!
തനിക്കിയാളാരുമല്ല!!

താലിച്ചരടിലൂടേയും സിന്ദൂരരേഖയിലൂടേയും രണ്ടു വ്യക്തികൾ തമ്മിൽ പവിത്മായൊരു ബന്ധം ഉടലെടുക്കുന്നു എന്ന് വിശ്വസിച്ചിരുന്നൊരു നാളുണ്ടായിരുന്നു.....
എന്നാൽ ,,, ഇന്നാ വിശ്വാസം തനിക്ക് കൈമോശം വന്നിരിക്കുന്നു.....
താലിച്ചരട്, വെറും ചരട് മാത്രമാണെന്നും...,, നെറുകിലെ ചുവപ്പ് രാശി, വെറുമൊരു നിറം മാത്രമാണെന്നും ഇന്നു താൻ തിരിച്ചറിഞ്ഞിരിക്കുന്നു......!

""" പവിത്രേടെ വീട്ടിലാരൊക്കെയുണ്ട്?? """ പെട്ടന്നായിരുന്നു ആ ചോദ്യം....
ആള് ഉറങ്ങിക്കാണുംന്നാ ഞാൻ കരുതീത്..

"" അച്ഛനുമമ്മേം ഞങ്ങള് നാല് പെങ്കുട്ട്യോളും.
മൂത്തതു ചേച്ചിയാ... , കല്യാണം കഴിഞ്ഞാരുന്നു പക്ഷേ,,, രണ്ടാഴ്ചേ അവളവിടെ നിന്നുള്ളൂ..... 
മുഴു കുടിയനാര്ന്നു.... മൂക്കു പിഴിഞ്ഞാ പോലും വരണത് കള്ളാണെന്നാ ചേച്ചി പറഞ്ഞേ.....
ആര്ക്കും പേരു ദോഷം കേൾപ്പിക്കാണ്ട് ഞാനിവടെ കഴിഞ്ഞോളാം... ന്നെ പറഞ്ഞയക്കരുതെന്ന് ചേച്ചി കരഞ്ഞു പറഞ്ഞപ്പോ, അച്ഛൻ പിന്നെ വിട്ടില്യ.....
അല്ലേലും അച്ഛന് ഞങ്ങടെ കണ്ണു നെറയണത് സഹിക്കില്ല്യ.... അത്രയ്ക്ക് പാവാ ന്റെ അച്ഛൻ! """"

ശബ്ദമിടറുന്നെന്ന് തോന്നിയപ്പോ ഞാനൊന്നു നിറുത്തി.... ശബ്ദം മാത്രല്ല,  കണ്ണും നിറഞ്ഞൂന്ന് ഞാനറിഞ്ഞത് പുതപ്പ് നനഞ്ഞു കണ്ടപ്പോഴാണ്.....

""" ന്റെ താഴേള്ളോര് പഠിക്യാ...
 ഒരാള് പ്ലസ്ടൂനും മറ്റാള് പത്തിലും..... 
അച്ഛൻ വീണേനു ശേഷാ ഞങ്ങടെ ജീവിതത്തിന്റെ താളം തെറ്റീത്..... 
ഒക്കെ ശരിയാവണെങ്കി നിക്കൊരു ജോലി അത്യാവശ്യാരുന്നു.... അതിനാ മായ വിളിച്ചപ്പോ ഇങ്ങട് ഓടിപ്പോന്നത്.... 
പക്ഷേ ,, ഇങ്ങനൊരു ജോലി ഞാൻ പ്രതീക്ഷിച്ചില്യാട്ടോ....

രണ്ടു മാസത്തേക്കുള്ള സാറിന്റെ ഈ ഭാര്യാപദവി! """ 


2


രാവേറെ ചെന്നിട്ടും, നിക്കെന്തോ ഉറക്കം വരണില്ല.....
ആദ്യായിട്ടാണ് ഒരു അന്യ പുരുഷനോടൊപ്പം... ഒരേ മുറുയിൽ.....!

മനസ്സ് ശുദ്ധാണ് , രണ്ടാൾടേം....
ന്നാലും... ചെയ്യണത് തെറ്റല്ലേന്നൊരു പേടി....
ന്റെ അച്ഛനോടും അമ്മേനോടും നീതികേട് കാട്ടാണോന്നൊരു തോന്നല്.....

" ന്റെ കൃഷ്ണാ  , ന്നോട് പൊറുക്കണട്ടോ....
ഇഷ്ടത്തോടെയല്ല ഈ വേഷം കെട്ടല്.....
ഒരുപാട് പ്രാരാബ്ധങ്ങള്ണ്ടേ ന്റെ മുന്നില്....
ഒക്കെ,  ഒന്നെറക്കിവെക്കണേല് ഞാനൊറ്റയ്ക്ക് കൂട്ടിയാ കൂടില്യാന്ന് തോന്നി.....
അതോണ്ടാ, ഇതിനൊക്കെ എറങ്ങിപ്പൊറപ്പട്ടേ..... 
എല്ലാം നെനക്കറിയണതല്ലേ ന്റെ കൃഷ്ണാ...
കാത്തോളണട്ടോ.... ന്നോട് പലിഭവിക്കരുത്ട്ടോ...."""

അകമുരുകി പ്രാർത്ഥിച്ച് കണ്ണുകളടച്ചപ്പോഴും, മുന്നിൽ ഒരു  കൊച്ചു വീടിന്റെ ചിത്രമായിരുന്നു.....

ജപ്തി നോട്ടീസ്, സ്വന്തം കൈകൊണ്ട് ഏറ്റുവാങ്ങിയ അന്നാണ് ഉറച്ചൊരു നിലപാടെടുത്തത്.... ഇനി പഠിത്തം വേണ്ട,
ജോലി മതീന്ന്! 

അച്ഛനോടാണത് ആദ്യം പറഞ്ഞത്....
മറുത്തൊന്നും പറഞ്ഞില്ല, പക്ഷേ,,, കുഴിഞ്ഞ രണ്ടു കണ്ണുകൾ എന്തൊക്കെയാ എന്നെ നോക്കി വിലപിക്കുന്നുണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞു.....

""" ലക്ഷ്മ്യേ, പഠിത്തൊക്കെ കഴിഞ്ഞാ നമ്മടെ മോള് ആരാന്നാ അന്റെ വിചാരം.... കളക്ട്രാ.... കളക്ട്ര്! """ 

പഠിക്കാൻ മിടുക്കിയായിരുന്ന എന്നിൽ, അച്ഛൻ കണ്ട സ്വപ്നമായിരുന്നു 
ഐ എ എസ്....!

പഠിക്കാൻ, അലസത തോന്നുന്ന ദിവസം,  'ഇനി നാളെ പഠിച്ചോളാ അച്ഛാ ' ന്നു പറഞ്ഞ് ചിണുങ്ങി നിന്നാല്,  ഇന്നേക്കുള്ളത് ഇപ്പോ, നാളേക്കുള്ളത് ഇന്ന്.... എന്നും പറഞ്ഞെന്നെ പിടിച്ചിരുത്താറുള്ള അച്ഛന്റെ  , അന്നത്തെ ആ  നിസ്സാഹായാവസ്ഥ കണ്ണുനീരിന്റെ നനവോടെ നോക്കിക്കാണാനേ നിക്ക് കഴിഞ്ഞുള്ളൂ.....

""" മായേ... നീയ് നിക്കണോട്ത്ത് നിക്കും കൂടി ഒരു ജോലി തരപ്പെടുത്തിത്തരാൻ പറ്റ്വോടീ നെനക്ക് ??""" 

കൂട്ടൂകാരിയെ വിളിച്ച് അന്വേഷിച്ചതും , ന്റെ മാത്രം തീരുമാനമായിരുന്നു....

""" നീ ധൈര്യായിട്ട് വാടീ... പരിശ്രമിച്ചാ കിട്ടാത്ത ജോലിയൊന്നും, ഈ ഭൂമി മലയാളത്തില് ഇല്ലെടി കൊച്ചേ....."""" അവളു തന്ന ഊർജ്ജം കൊണ്ടാണ് , വീട്ടുകാരുടെ പാതി സമ്മതവും വാങ്ങി താനീ നഗരത്തിന്റെ അതിഥിയായെത്തിയത്.....!

ഇറങ്ങാൻ നേരത്തു മാത്രേ അച്ഛനു മുഖം കൊട്ത്തുള്ളൂ.....
ആ കണ്ണുകളിലേക്ക് നോക്കാനുള്ള ത്രാണി ഇല്ലായിരുന്നു നിക്ക്.....
കൈകൾ രണ്ടും കൂട്ടിപ്പിടിച്ചപ്പോ അച്ഛൻ വിതുമ്പി 

""" അച്ഛനോട് വെറുപ്പ് തോന്നണുണ്ടോ ന്റെ കുട്ടിക്ക് ???
സൊപ്നങ്ങള് തന്നിട്ട്,  അതിന് നെറം പിടിപ്പിച്ചു തരാൻ കഴിയാണ്ടായില്യേ അച്ഛന്"""

""" ന്റെ ഈശ്വരന്മാരേ.... ന്തൊക്കയാ ഞാനീ കേക്കണേ.... നിക്ക് വെറുപ്പോ?
എന്തിനാ?? നിക്ക് ജന്മം തന്നേനോ???
അതും ന്റെ അച്ഛനോട്.....

ഇല്യാട്ടോ.... ഇല്യ...
നിക്കതിന് ഈ ജന്മം കഴിയോ അച്ഛേ.....
എന്നും ഈ കാൽചോട്ടില് നിക്കണംന്നെന്നേണ് ആഗ്രഹം..... 
ന്നാലും പോണം.....
തുന്നിച്ചേർക്കാനും നിറം പിടിപ്പിക്കാനും ഇനീം ണ്ടല്ലോ നമക്ക് സ്വപ്നങ്ങള് """

ഇരു വശങ്ങളിലായി ,, എളേതുങ്ങളെ ചേർത്തു പിടിച്ച് ഞാനതു പറയുമ്പോ,,, ഞങ്ങൾക്കു വേണ്ടി എവിടെയെങ്കിലും ഒരു മഴവില്ല്,,, നിറങ്ങളെ താലോലിക്കുന്നുണ്ടെന്ന് മനസ്സ് പറയുന്നുണ്ടായിരുന്നു....!!

           💙💙💙💙💙💙💙💙💙💙💙

""" ഇതാണ്,  പാർത്ഥൻ സാറിന്റെ കാബിൻ...
നിന്റെ ജോലിക്കാര്യം ഞാനദ്ധേഹത്തോട് പറഞ്ഞിട്ടുണ്ട്.... നീ ധൈര്യായിട്ട് ചെല്ല് """"

മായ, എന്നെ ഒറ്റയ്ക്ക് വിടാൻ ശ്രമിച്ചെങ്കിലും, ഞാൻ പോയില്ല.... അവളു കൂടി വേണംന്ന് വാശിപിടിച്ചാണ്,, ഞാനവളെ കൂട്ടുപിടിച്ചത്....

 അനുവാദം വാങ്ങി അകത്തു കടന്നപ്പോ,, ആളൊരു അർജന്റ് കോളിലായിരുന്നു.....

""" സർ, ഇതാണ് ഞാൻ പറഞ്ഞ ആള്....  പേര് പവിത്ര! """ അവൾ വിനയത്തോടെ എന്നെ പരിചയപ്പെടുത്തി....

""" മ്മ് """ എന്നൊരു അമർത്തിയ മൂളലോടെ ആളെന്നെ കുറച്ചു നേരം അടിമുടി വീക്ഷിച്ചു....
നിക്കെന്തോ വല്ലായ്മ തോന്നി....
ആദ്യായിട്ടാ ഒരാണിങ്ങനെ ന്നെ ചുഴിഞ്ഞു നോക്കണത്.....
ഞാൻ പതിയെ, മായയുടെ നിഴലുപറ്റി നിന്നു...

""" തനിക്കൊരുപാട് പ്രശ്നങ്ങളൊക്കെയുണ്ടെന്ന് മായ പറഞ്ഞു...
എല്ലാം നമുക്ക് എത്രയും പെട്ടന്ന് പരിഹരിക്കാം,തനിക്കു സമ്മതമാണെങ്കിൽ..... 
സമ്മതമാണെങ്കിൽ മാത്രം! """"

ആളെന്തൊക്കെയോ കണക്കു കൂട്ടിയിട്ടുണ്ടെന്ന തോന്നലിലാണ് ഞാൻ മായയുടെ കൈ ശക്തിയായി പിടിച്ചു വലിച്ചത്....

""" വാ മായേ, നമുക്ക് പോവാം.... നിക്ക് ഈ ജോലി വേണ്ട....""" ഭയവും, സങ്കടവുമെല്ലാം കൂടി തിങ്ങി നിറഞ്ഞ് , ഹൃദയം പൊട്ടിപ്പോകുമെന്ന അവസ്ഥയിലായിരുന്നു ഞാനപ്പോൾ.....

"" നിക്കെടീ, സാറ് പറയട്ടെ.."" മായയുടെ  അനുനയത്തിന്റെ വാക്കുകൾ....

""" നീയ് വരണില്ല്യെങ്കി വേണ്ട.... ഞാൻ പോവാ...""" വർധിച്ച ദേഷ്യത്തോടെയാണ് ഞാൻ ഡോറിനടുത്തേക്കോടിയത്.....

""" ഞാൻ തനിക്കു നൽകാൻ ഉദ്ധേശിക്കുന്നത് ഒരു ജോലിയല്ല...  പകരമൊരു താലിയാണ്.....! 
അതും ജീവപര്യന്തം വേണ്ട,, വെറും രണ്ടു മാസത്തേക്ക്! """ 

എന്റെ കാലുകൾ നിശ്ചലമായി....
പറയുന്നതിന്റെ യഥാർത്ഥ പൊരുളറിയാതെ ഞാൻ നെറ്റി ചുളിച്ചു.....

""" ടീ , നിനക്കൊന്നും സംഭവിക്കില്ല....
വെറുതെയൊന്ന് അഭിനയിച്ചാ മാത്രം മതി....
നിന്റെ പ്രശ്നങ്ങളൊക്കെ നിനക്ക് തീർക്കണ്ടേ???
അനിയത്തിമാരെ പഠിപ്പിക്കണ്ടേ??
വീട് തിരിച്ചു പിടിക്കണ്ടേ???
അച്ഛനെ ചികിത്സിക്കണ്ടേ??
ചേച്ചിക്കൊരു ജീവിതമുണ്ടാക്കി കൊടുക്കണ്ടേ????
പിന്നെ... പിന്നെ,,,
നിനക്കും ഇല്ലേടാ ഒരു സ്വപ്നം.... നിന്റെ അച്ഛൻ കണ്ട സ്വപ്നം..... 
ഐ എ എസ് എന്ന സ്വപ്നം!!"""

മായ, ഓരോന്നായി എണ്ണിപ്പറയുമ്പോഴും,,, ന്റെ ഉള്ളില് തീയായിരുന്നു.....
മറുത്തൊരു വാക്കു പറയും മുമ്പേ,, വീണ്ടും ആളുടെ ശബ്ദം കേട്ടു; 

""" ഭാര്യാപദം, മറ്റുള്ളവർക്കു മുന്നിൽ മാത്രം മതി.... ബെഡ്റൂമിൽ, നമ്മൾ തികച്ചും അന്യ രണ്ടു വ്യക്തികൾ മാത്രമായിരിക്കും.....
മറ്റൊരർത്ഥത്തിലുള്ള നോട്ടം പോലും, തനിക്കെന്നിൽ നിന്നും ഏൽക്കേണ്ടി വരില്ല....
തനിക്കെന്നെ വിശ്വസിക്കാം.....
വിശ്വസിച്ചവരെ ചതിച്ചു ഈ പാർത്ഥനു ശീലമില്ല! """"
 
       💙💙💙💙💙💙💙💙💙💙💙💙

എന്റെ കണ്ണീരു മുഴുവനും തലയിണ ഏറ്റുവാങ്ങിയിരുന്നു.....
ഉള്ളിലെ ഗദ്ഗദം , കുറച്ചൊരു ശബ്ദത്തോടെ തേങ്ങലായി ഭവിച്ചപ്പോൾ ,,, മുറിയിൽ വെളിച്ചം വീണു!

""" പവി ഉറങ്ങീല്ലേ ഇതുവരെ??? """

ചോദ്യം കേട്ടതും ,കണ്ണുകൾ അമർത്തിത്തുടച്ച് കൊണ്ട്  ഞാൻ വേഗം ചാടിയെഴുനേറ്റു.....

""" എന്താടോ , കരയായിരുന്നോ താൻ??"""

""" ഞാൻ...."""" മറുപടി പറയാൻ നാവ് മടികാണിക്കുന്നതു പോലെ. ...

""" ഇങ്ങനെ പോയാൽ രണ്ടു മാസത്തേക്ക് എന്റെ ഉറക്കം ഗോവിന്ദ! അല്ലേടോ ?"""

ചിരിച്ചു കൊണ്ട് എന്നെ നോക്കിയതും, ഞാൻ കുറ്റവാളിയെ പോലെ തല കുമ്പിട്ട് നിന്നു....

""" ഒന്നും വേണ്ടിയിരുന്നില്ല എന്നൊരു തോന്നൽ, ഉള്ളിലുണ്ടെന്ന് മുഖം പറയും പോലെ..... 
ശരിയല്ലേ?? """"" ആള് ചോദിച്ചു 

""" അറിയില്യ.... ന്റെ മുന്നിലിപ്പോ ശരിയും തെറ്റൊന്നും ഇല്ല്യ..... 
ആകെള്ളത് നാലഞ്ച് മുഖങ്ങളാണ്..... 
ഉള്ളു തുറന്നു ചിരിക്കാൻ കൊതിക്കണ ചില മുഖങ്ങൾ.....
ആ ചിരി.... അതാണ് ... അതാണ് , നിക്കീ ലോകത്ത് മറ്റെന്തിനേക്കാളും വലുത്..... അതു കാണാൻ വേണ്ടി മാത്രാ ഞാൻ....""""

വാക്കുകൾ മുറിഞ്ഞു വീണെങ്കിലും,, ചിരിക്കാനൊരു ശ്രമം നടത്തി.... പക്ഷേ,,, കണ്ണുനീരത് തടസ്സപ്പെടുത്തി.....

""" ശരിക്കും തന്റച്ഛനെന്താ സംഭവിച്ചേ??"""

കുറച്ചു നേരത്തെ മൗനത്തിനു ശേഷമാണതു ചോദിച്ചത്....
രാവിനെ പോലും മറന്നായിരുന്നു ഞങ്ങളുടെ സംഭാഷണം....

""" മരത്തീന്നു വീണതാ.... 
വീട്ടിലൊരു ആടുണ്ടായിരുന്നു, അമ്മിണി! 
അമ്മേടെ ' പെറ്റ് ' ആയിരുന്നു അവള്.....
അതിന് ഇല വെട്ടാനായിട്ട് പ്ലാവില് കേറീതാ അച്ഛൻ.....
കാല് തെറ്റി... വീണു!
ഇംഗ്ലീഷ് മരുന്നൊക്കെ തോറ്റു..... 
ഇപ്പോ ആയുർവേദാ....

ഇപ്പോ ന്റെ ഏറ്റവും വലിയൊരു ആഗ്രഹെന്താന്നറിയോ സാറിന്??
ജോലിക്ക് പോയി കിട്ടണ ശമ്പളം കൊണ്ട് ആദ്യം ചെയ്യാനാഗ്രഹിക്കണ കാര്യം....

ന്റെ അച്ഛനൊരു വീൽചെയറ്!

അതിലിരുത്തി , നിക്ക് അച്ഛനെ എല്ലായിടത്തും കൊണ്ടു നടക്കണം.... ഇതുവരെ  മറഞ്ഞു നിന്ന പ്രിയപ്പെട്ട കാഴ്ചകളൊക്കെ അച്ഛന് തിരികെ കൊടുക്കണം.....
ആ മനസ്സില് പഴയ സന്തോഷം നിറയ്ക്കണം......
ഒന്നും കൈവിട്ടു പോയിട്ടില്യാന്ന് അച്ഛനെ ബോധ്യപ്പെടുത്തണം.....

മരുന്ന് ഫലിക്കണെങ്കി ശരീരല്ല, മനസ്സാണത്രേ ആദ്യം പ്രതികരിക്കേണ്ടത്....
വരും....ന്റച്ഛൻ തിരിച്ചു വരും....
പഴേ പോലെ ചിരിക്കും.....
തമാശ പറയും.....
പിന്നെ.... പിന്നെ....""""

എന്റെ പ്രതീക്ഷകളെ ബാക്കി നിർത്തി,  വീണ്ടുമെന്തേ വീണുപോകുന്നു  കണ്ഠമേ നീ..
കൈവിറയ്ക്കുന്നുവോ....
കാലിടറുന്നുവോ.....
മൗനം വീണ്ടും ബാക്കി നിൽക്കുന്നുവോ.....!!



പാർത്ഥന്റെ പെണ്ണ്!  -3️⃣

""" താനിത്ര നേരത്തെ എണീറ്റോ?? ഇന്നലെ ഒട്ടും ഉറങ്ങാത്തതല്ലേ... കുറച്ചു നേരം കൂടി കിടക്കായിരുന്നില്ലേ ? """
കുളിച്ചു ഈറൻ മാറിവന്ന എന്നെ നോക്കി സാറ് പറഞ്ഞു...

""" അതൊന്നും വേണ്ട... നിക്ക് ഇതാ ശീലം.... അച്ഛന് പുലർച്ച സമയത്ത് മരുന്ന് കൊടുക്കാനുള്ളോണ്ട് നേരത്തെ എണീക്കല് പതിവാ...""" ഞാൻ പറഞ്ഞു 

""പിന്നേയ്...""" 

""" എന്താടോ ഒരു വിമ്മിട്ടം? എന്നതാണേലും ചോദിക്ക് """ 

""" നിക്ക്... നിക്കിവിടത്തെ അടുക്കളേല് കേറാവോ.... ആരേലും വഴക്കു പറയോ ന്നെ?? """

ഞാൻ ചോദിച്ചതും, ആള് ചിരിയോടു ചിരി....

""" തന്റൊരു കാര്യം...
എടോ പവീ.... താനിപ്പോ എന്റെ ഭാര്യയല്ലേ.... അപ്പോ എന്റെ വീട്ടിൽ തനിക്ക് അധികാരം കാണില്ലേ....
ഇയാള് ധൈര്യായിട്ട് ചെല്ല്.... ചെന്നിട്ട്, ഏട്ടന് കടുപ്പത്തിലൊരു ബ്ലാക്ക് ടീ ഇട്ടോണ്ടു വാ....
തന്റെ കൈപ്പുണ്യം ഞാനൊന്നറിയട്ടെടോ..... """"

സമ്മതം കിട്ടിയതോടെ ഞാൻ ഹാപ്പിയായി....
തിടുക്കപ്പെട്ട് തിരിഞ്ഞു നടക്കുമ്പോൾ ന്നോട് ആള് ചിരിയോടെ  മറ്റൊന്നുകൂടി പറഞ്ഞു...

""" അതേയ് , ചായയിടാൻ പറഞ്ഞെന്നു വച്ച്...
അടുക്കള ജോലികളെല്ലാം കൂടി ഒന്നിച്ച് തലയിലെടുത്തു വെക്കണ്ട!
അതിനിവിടെ ജോലിക്കാരൊക്കെയുണ്ട്.....
വെറുതെ ആ പാവത്തുങ്ങളുടെ കഞ്ഞികുടി മുട്ടിക്കണ്ട! """

ചമ്മലോടെ തിരിഞ്ഞു നിന്ന് ചുണ്ടു കൂർപ്പിച്ചപ്പോ, ആളെന്നെ നോക്കി കണ്ണടച്ചു കാണിച്ചു.....
 
" മായ പറഞ്ഞതു ശരിയാ...
പാർത്ഥൻ സാറ് പാവാണ്.... നന്മയുള്ളൊരു മനുഷ്യനാണ് " ഞാനോർത്തു...

""" അങ്ങനെത്തന്നെ ആയിരിക്കണേ ന്റെ കൃഷ്ണാ.... ഈ ഞാനും ഒരു പാവാണേയ്...""" ന്റെ കൈ, പ്രാർത്ഥനയോടെ നെഞ്ചിൽ തൊട്ടു.....

          💚💚💚💚💚💚💚💚💚💚💚

""" അയ്യോ , കുഞ്ഞെന്തിനാ അടുക്കളേലോട്ടു വന്നേ.... സാററിഞ്ഞാ വഴക്കു പറയും..."""

അടുക്കളയിലേക്കൊന്ന് എത്തി നോക്കിയേ ഉള്ളൂ , എവിടെനിന്നോ ആ ചോദ്യമെന്നെ തേടിയെത്തി..... 
അത് ആരെന്നറിയാൻ ഞാനും കണ്ണുകൾ കൂർപ്പിച്ചു.....

എന്റമ്മേടത്ര പ്രായല്യ.... വെളുത്ത് ഇച്ചിരി തടിച്ചൊരു സ്ത്രീ..... ജോലിക്കാരി ആയിരിക്കും!

""" സാറിന്റെ  കല്യാണം കഴിഞ്ഞൂന്ന് അറിഞ്ഞു.... ഒന്ന് കാണാൻ പറ്റീല്യ ഇന്നലെ""" അവര് പുഞ്ചിരിയോടെ ന്റെ അടുത്തേക്കു വന്നു....

""" ന്താ വേണ്ടേ കുടിക്കാൻ??
കാപ്പ്യാണോ ചായേണോ ശീലം.... ആദ്യായോണ്ടാ ട്ടോ ചോയ്ക്കണത് """"

""" നിക്ക് ഈ നേരത്തൊന്നും കുടിക്കണ ശീലല്യ.... പിന്നെ സാറിന്...അല്ല ഏട്ടന് , ചായ മതീന്നു പറഞ്ഞു... അത് ഞാനുണ്ടാക്കിക്കോളാം.... """"

വേണ്ടെന്നു പറഞ്ഞ് തടയാൻ വന്നെങ്കിലും, സമ്മതിച്ചു കൊടുക്കാതെ ഏട്ടനുള്ള ചായ ഞാൻ തന്നെ ണ്ടാക്കി.....

""" ചേച്ചീടെ പേരെന്താ  ??"""  ചായ, കപ്പിലേക്കൊഴിക്കും നേരം ഞാൻ ചോദിച്ചു.

""" സുഗന്ധി... 
ഇവടെ ചെറ്യോരും വല്യോരും ഒക്കെ ന്നെ പേരെന്നേണ് വിളിക്കാറ്.... മോളും അതെന്നെ വിളിച്ചാ മതി..""" അവർ പറഞ്ഞു..

"" മക്കളൊക്കെ?  """

""" ഒരു മോളുണ്ട്, വൈശാലി!
പതിനേഴു വയസ്സായി.... ഇപ്പോ കുറച്ചായിട്ട് സൂക്കേടുകാരിയാ ന്റെ മോള്....
മാനസിക രോഗാന്നാ എല്ലാരും പറയണേ...
ചെല സമയത്ത് ഇന്നേക്കൂടി തിരിച്ചറിയില്യ ന്റെ കുട്ടിക്ക്  """

സാരിത്തുമ്പ് കൊണ്ട് കണ്ണുകൾ തുടക്കുന്ന അവരെ കാണേ, ഒന്നും ചോയ്ക്കേണ്ടിയിരുന്നില്യാന്ന് തോന്നിപ്പോയി നിക്ക്.....
ഒക്കെ ശര്യാവുംന്ന് പറയാൻ തുടങ്ങീതാരുന്നു ഞാൻ.... അപ്പഴാ സാറിന്റെ അമ്മ അങ്ങോട്ടു വന്നത്.... പിറകേ വേറേം ആരൊക്കെയോ ഉണ്ടാരുന്നു.....

അമ്മേടെ നോട്ടം എന്നിലേക്കു പാളിയപ്പോൾ, ഞാനൊന്നു ചിരിയ്ക്കാൻ ശ്രമിച്ചു....
പക്ഷേ,,  അമ്മ നോട്ടം മാറ്റിക്കളഞ്ഞു....

""" സുഗന്ധീ.... നെനക്ക് ശമ്പളം തരുന്നത് എന്തിനാന്ന് മറന്നുപോയോ നീയ്??
അതോ ഞാനിനി അത് വീണ്ടും ഓർമ്മിപ്പിക്കണം എന്നുണ്ടോ ?? """
ഉറച്ചതായിരുന്നു അമ്മേടെ സ്വരം...!

""" പത്മാമ്മേ ഞാൻ.... കുഞ്ഞിനോട് വെറുതെ.... """

അവരുടെ വിറച്ച വാക്കുകൾ കേൾക്കേ,, അതിലേറെ പേടിയോടെ ഞാനും നിന്നു....

""" വെറുതെ നോക്കി നിന്ന് ചായ തണുപ്പിക്കണ്ട! തണുത്തതൊന്നും അവനിഷ്ല്ല...""" ന്നെ നോക്കി ഗൗരവത്തോടെ പറഞ്ഞതും , ഞാൻ തെല്ലൊരാശ്വാസത്തോടെ അവിടന്നും പിൻവാങ്ങി.... 
അപ്പോഴും അനിഷ്ടത്തോടെ , അതിലേറെ പുച്ഛത്തോടെ നിരവധി കണ്ണുകൾ ന്നെ പിന്തുടരുന്നത് ഞാനറിയുന്നുണ്ടായിരുന്നു...!!

      💚💚💚💚💚💚💚💚💚💚💚

""" ഹൗ.. ന്തൊരു ഗൗരവാത് ! 
ന്റെ പകുതി ജീവനങ്ങ് പോയിക്കിട്ടി """
ചായ നീട്ടിപ്പിടിച്ചുകൊണ്ട് ഞാൻ പറഞ്ഞതു കേട്ട്,  ആൾടെ മുഖത്തൊരു കള്ളച്ചിരി കണ്ടു....

""" ആ പാവത്തിനെ ഇനീം ന്തേലും പറയോ ആവോ.... ഞാൻ മിണ്ടാൻ പോയോണ്ടാ അമ്മ,  ആ ചേച്ചീനെക്കൂടി വഴക്കു പറഞ്ഞേ..
ഒന്നും വേണ്ടാരുന്നു...."""

ന്റെ പിറുപിറുപ്പുകൾക്കൊന്നും ചെവി തരാതെ, ആളപ്പോഴും ചായ ഊതിക്കുടിക്ക്യായിരുന്നു....
 
""" ഇഷ്ടായോ?? """ ഞാൻ ചോദിച്ചു 

""" ആരെ?? """

""" ന്റെ ചായ..."""

"" ഓഹ് അങ്ങനെ...!

അടുക്കളേല് കേറി ശീലൊക്കെ ഉണ്ടെന്ന് മനസ്സിലായി...."""

ആ മുഖത്തെ സംതൃപ്തി,  നിക്ക് എന്തെന്നില്ലാത്ത ആനന്ദം തന്നിരുന്നു....

""" പവിക്ക് ഈ വീടിന്റെ പേരെന്താന്ന് അറിയോ ??? """

"" ഇല്ല്യ...""" ഞാൻ ചുമലു കൂച്ചി

""" പുലിമടയിൽ! 
അങ്ങനാ നാട്ടുകാര് പറയാ....

ഈ  പുലിമടയിലേക്ക് ഒരു പൂച്ചക്കുട്ടി വന്നാലുള്ള അവസ്ഥയറിയോ തനിക്ക്??
എല്ലും തോലും പോലും ബാക്കി കാണില്ല! """

ആ പറഞ്ഞതു കേട്ട് ,,ന്റെ മുഖത്തു വിരിഞ്ഞ നവരസങ്ങൾ കണ്ടായിരിക്കും, സാറിന് ചിരി വന്നത്....

""" തന്റെ കാര്യാ ഞാൻ പറയണേ....
ഇങ്ങനെ പൂച്ചക്കുട്ടിയായി ഇരുന്നാലേ , ഈ ദേഹത്തുള്ള ഇത്തിരി ചോര കൂടി ഇവിടുള്ളോര് ഊറ്റിയെടുക്കും....
അതുകൊണ്ട്, ഈ ' അയ്യോ പാവം' ഭാവൊക്കെ മാറ്റീട്ട് കുറച്ചൊക്കെ സ്മാർട്ടാവാൻ ശ്രമിക്ക്.....
ആരെന്തു പറഞ്ഞാലും, നല്ല ചുട്ട മറുപടി കൊടുത്തേക്കണം.... ആരും തന്നെ ചോദ്യം ചെയ്യില്ല.....
പാർത്ഥന്റെ പെണ്ണ് പച്ചിരുമ്പല്ല ,,, കാരിരുമ്പാണെന്ന് അവരൊക്കെയൊന്ന് അറിയട്ടെടോ...."""

അതു പറയുമ്പോ, ആരോടൊക്കെയോ ഉള്ളിൽ വല്ലാത്തൊരു പക എരിയുന്നതായി നിക്കു തോന്നി.....

""" സർ , ഞാനൊരു കാര്യം ചോദിച്ചോട്ടേ??"""

""" താൻ ചോദിക്കെടോ """

""" സംശയങ്ങളോ ചോദ്യങ്ങളോ വേണ്ടാന്നാണ് നമ്മടെ എഗ്രിമെന്റ്.... ന്നാലും ചോദിക്ക്യാ.....

തെറ്റല്ലേ ത്?? അതും പെറ്റമ്മയോട്....
അവിടത്തെ ഇഷ്ടക്കേട് ഈശ്വരനും ഇഷ്ടക്കേടല്ലേ ?? 
ശപിക്കില്ല്യേ നമ്മള് രണ്ടാളേം..... വെറ്തെ ഇല്യാത്തൊരു ബന്ധത്തിന്റെ പേരില് ...."""

കുറച്ചു നേരം മൗനത്തിന്റെ ഭാഷകൊണ്ടായിരുന്നു മറുപടി... പിന്നെ പറഞ്ഞു; 

""" ഞാൻ ചെയ്യുന്നതിലെല്ലാം എനിക്ക് എന്റേതായ ശരികളുണ്ട്..... അവിടെ തെറ്റ്  എന്ന വാക്കിന് സ്ഥാനമില്ല!
പിന്നെ, ഇപ്പോൾ ' തെറ്റ് ' എന്ന് തോന്നുന്ന പലതും, പിന്നീട് വലിയ ശരികളായി മാറാം....
ആ ശരികളൊക്കെ പല വലിയ വലിയ  യാഥാർത്ഥ്യങ്ങളുമാകാം.....

Hope for best...  അങ്ങനല്ലേടോ...."""

കയ്യിലിരുന്ന ചായ കപ്പ് എനിക്കു നൽകിക്കൊണ്ട്, ഒരു നറു പുഞ്ചിരിയോടെ ആള് മുറിക്കു പുറത്തേക്കിറങ്ങി.....

""" കഥയറിയാതെയാ ഞാനീ ആട്ടൊക്കെ ആടണത് ന്റെ കൃഷ്ണാ....
അവസാനം ന്നെ പടുകുഴീല് ചാടിക്കരുത്ട്ടോ..
നിക്കിവിടെ നീയേ തുണയുള്ളൂ...""""
കണ്ണുകൾ മേൽപോട്ടുയർത്തി ഇത്തിരി നേരം ഞാനങ്ങനെ തന്നെ നിന്നു.....,,
സർവ്വവും ഈശ്വരനിൽ അർപ്പിച്ചുകൊണ്ട്...!

       💚💚💚💚💚💚💚💚💚💚💚

""" എന്താ തന്റെ പേര്?? """

""" പവിത്ര! """""

"" വീട്? """

"" പാലക്കാടാ..."""

""" ഉം... എന്താ ഉദ്ദേശം? ""

??????

""" ചാവാനാണോ അതോ കൊല്ലാനാണോന്ന്??? """

ഞാനൊന്നു ഞെട്ടി! 
അവർ നാലഞ്ചു പേരുണ്ടായിരുന്നു..... എല്ലാരും ന്റെ സമപ്രായക്കാരാവും.....
സാറ് പുറത്തേക്കു പോയപ്പോ, വെറുതെയൊന്ന്  തൊടീലേക്കിറങ്ങീതാ....
എല്ലാരും കൂടി ന്നെ വളഞ്ഞു വച്ചു....
സാറിന്റെ കസിൻസാന്നാ പറഞ്ഞേ.....

""" നിക്ക്... നിക്ക് മനസ്സിലായില്ല """" ഞാൻ സ്വരം താഴ്ത്തി പറഞ്ഞു...

""" ചാവാൻ നിനക്ക് പേടിയൊന്നൂല്ലേ....
ഉണ്ടാവില്ല.... അല്ലെങ്കി പിന്നെ,,, ഒരു കൊലയാളിയുടെ കൂടെയിങ്ങനെ ഇറങ്ങി പുറപ്പെടില്ലായിരുന്നല്ലോ....
അതും സ്വന്തം ഭാര്യയെ കൊന്നവന്റെ കൂടെ... അല്ലേ?? """

ന്റെ ശ്വാസം നിലച്ചു പോയി!

കൊലയാളി ന്നോ...? 
 ഭാര്യയെ കൊന്നൂന്നോ??

അതിനു സാറ് മുമ്പ് കല്യാണം കഴിച്ചതാണോ?? 
ന്നോട് പറഞ്ഞില്ലാലോ....
അതു മാത്രല്ല, ന്നോട് ഒന്നും പറഞ്ഞിട്ടില്ല....
ഒന്നും!

ഞാനാകെ മരവിച്ചു പോയി....!
ഒരായിരം ചോദ്യങ്ങൾ ,ഒന്നിനു പിറകെ ഒന്നായി എന്നെ വട്ടമിട്ടു പറന്നു....
എന്തു പറയണമെന്ന് നിക്ക് അറിയില്ലായിരുന്നു.....

കൂട്ടത്തിലൊരുവളുടെ കയ്യെന്റെ പുറത്തു തട്ടിയപ്പോഴാണ് , ഞാൻ ബോധ മണ്ഢലത്തിലേക്കു തിരിച്ചു  വന്നത്. ..

""" പവിത്രയെന്താ ഒന്നും പറയാത്തെ??
ഇതൊന്നും , ഭർത്താവ് പറഞ്ഞില്ല എന്നുണ്ടോ തന്നോട്?? """ പുച്ഛത്തോടെ ആ ചോദ്യം എനിക്കു നേരെ തൊടുത്തു വിട്ടപ്പോൾ,,, പെട്ടന്ന് ഓർമ്മയിൽ വന്നത് സാറ് രാവിലെ പറഞ്ഞ വാചകങ്ങളാണ്....
"" ആരെന്തു പറഞ്ഞാലും ചുട്ട മറുപടി കൊടുത്തേക്കണം!""

"" നിക്ക് എല്ലാം അറിയാം.... ഏട്ടനെന്നോട് ഒന്നും മറച്ചു വച്ചിട്ടില്ല. ... അതുകൊണ്ടു തന്നെ മരിക്കാനെനിക്ക് ഭയവുമില്ല!
ഭയന്നു പിന്മാറാൻ ഞാനൊരുക്കവുമല്ല !

ഞാൻ, പാർത്ഥന്റെ പെണ്ണാ....
പാർത്ഥന്റെ ചങ്കുറപ്പുള്ള പെണ്ണ്! """

എവിടെ നിന്നോ കിട്ടിയ ധൈര്യത്തിൽ, അത്രയും പറഞ്ഞൊപ്പിച്ച് തിരിഞ്ഞു നടന്നപ്പോ,, മരങ്ങൾക്കിടയിൽ ആരും കാണാതെ കൈകൾ രണ്ടും പിണച്ചുകെട്ടി എന്നെ തന്നെ നോക്കി നിൽപ്പുണ്ടായിരുന്നു ന്റെ ഭർത്താവ്....

സോറി.. ,, ന്റെ ഡ്യൂപ്ലിക്കേറ്റ് ഭർത്താവ് !!


പാർത്ഥന്റെ പെണ്ണ്! 4️⃣

കുസൃതിയോടും അതിലേറെ ഉദ്വേഗത്തോടും കൂടി തനിക്കു നേരെ നടന്നു വരുന്നവളെ കാൺകെ,  പാർത്ഥന്റെ കണ്ണുകൾ വിടർന്നു....
കളഞ്ഞു പോയതെന്തോ തിരിച്ചു കിട്ടിയതു പോലെ പലവിധ ഭാവഭേദങ്ങൾ അയാളുടെ മുഖത്ത് മിന്നിമാഞ്ഞുകൊണ്ടിരുന്നു.....
അവൾ ,, അരികിലേക്ക് നടന്നടുക്കുന്തോറും, പേരറിയാത്തൊരു തരം വികാരം അയാളിൽ ഉടലെടുത്തു.....

""" ആമീ...""" 

അരികിലെത്തിയതും അവളുടെ കരം കവർന്നെടുത്തു കൊണ്ട്  അയാൾ വിളിച്ചു....
അത്രമേൽ ആർദ്രമായിരുന്നു ആ സ്വരം....

""" ആമിയല്ല സർ , പവി... പവിത്ര! 
ഇത്ര പെട്ടെന്ന് ന്റെ പേര് മറന്നു പോയോ??"""
 
""" ആമി.... എന്റെ ആമി "" 
വീണ്ടും വീണ്ടും ആ പേരുതന്നെ ഉച്ചരിക്കുന്നതിനോടൊപ്പം , ആളുടെ കൈകൾ,, ന്റെ കൈകൾ വിട്ട് ശരീരത്തെ ഒന്നായി അടക്കിപ്പിടിച്ചു തുടങ്ങിയിരുന്നു....

""" സർ,  ന്തായീ കാട്ടണേ... ന്നെ വിടൂ...
നിക്ക്... നിക്കിതൊന്നും ഇഷ്ടല്യാ """

കൈകൾ വിടുവിക്കാൻ ശ്രമിക്കുന്തോറും , കൂടുതൽ ബലപ്പെടുന്നതു പോലെ.....

ആ കണ്ണുകളിലെ തീക്ഷ്ണനോട്ടം ന്റെ മിഴികളെ കൊളുത്തി വലിക്കാൻ തുടങ്ങിയപ്പോൾ,,, നിക്കെന്തോ വല്ലാത്ത ഭയം തോന്നിത്തുടങ്ങി....

""" ന്നെ വിട് """ ശക്തിയിൽ തള്ളിമാറ്റിയപ്പോൾ പിടിയഴഞ്ഞതും,, ഞാൻ തിരിഞ്ഞു പോലും നോക്കാനാവാതെ മുകളിലെ മുറിയിലേക്ക് ഓടിക്കയറി.....
കിതപ്പോടെ ബെഡിലേക്ക് വീണ് ഞാനുറക്കെ , ശബ്ദമില്ലാതെ കരഞ്ഞു....

പെട്ടന്ന് അമ്മേനെ ഓർമ്മവന്നു.....
വീട്ടില് പോണംന്ന തോന്നലു വന്നു....

'' മാനം നഷ്ടപ്പെട്ട പെണ്ണിന്, മറ്റെന്തുണ്ടായിട്ടെന്താ കാര്യം '' ആരോ പറഞ്ഞത് മനസ്സിൽ തികട്ടി വന്നു.....

ബാഗെടുത്ത് വച്ച് ന്റേതെന്നു പറയുന്നതെല്ലാം അതിൽ കുത്തിനിറച്ചു...
പെട്ടന്ന് ,,,,, ലോക്ക് ചെയ്യാത്ത വാതിൽ തള്ളിത്തുറന്ന് കിതപ്പോടെ പാഞ്ഞു വന്നയാളെ കണ്ട് വീണ്ടും ന്റെ ശ്വാസം നിലച്ചു....

""" ഞാൻ... ഞാൻ പോവാ... നിക്കി ഇവിടത്തെ ജോലീം വേണ്ട ശമ്പളോം വേണ്ട...
ന്നെ പോവാൻ അനുവദിച്ചാ മതി """

കൈകൂപ്പി,  ആ മനുഷ്യനു മുന്നിൽ നിക്കുമ്പോ ,,, ന്റെ കണ്ണുകൾ തുള്ളിക്കൊരു കുടമായി പെയ്യുന്നുണ്ടായിരുന്നു.....

""" പോകാനോ , എങ്ങോട്ട്? ?""" ശബ്ദം പതിവിനു വിപരീതമായി കനത്തിരുന്നു.....

""" ന്റെ....ന്റെ  വീട്ടീക്ക്... """ വിക്കിവിക്കി പറഞ്ഞു.

""" പറ്റില്ല ! """" ആജ്ഞയുടെ സ്വരമുയർന്നു...

""" പോണം.... നിക്കി പോണം """ ആലില പോലെ വിറയ്ക്കുന്നുണ്ടെങ്കിലും , ഞാനെങ്ങനെയോ പറഞ്ഞൊപ്പിച്ചു....
ആ മുഖത്തേക്കു നോക്കാതെ,  കരുതിവെച്ച ബാഗെടുത്ത് രണ്ടടി മുന്നോട്ടു വച്ചതും, ഇടിമുഴക്കം പോലെ ആ ശബ്ദമുയർന്നു....

""" എന്റെ അനുവാദമില്ലാതെ ഇനി ഒരടി മുന്നോട്ടു വച്ചാൽ.... ,,, പിന്നെ നീയുണ്ടാവില്ല!"""

ന്റെ തൊണ്ട വരണ്ടു.....
ശബ്ദം നിലച്ചു.....
കാലുകൾ നിശ്ചലമായി....
കുറച്ചു നിമിഷം അങ്ങനെത്തന്നെ നിന്നുപോയി.....!

ശ്വാസം, വർധിച്ച തോതിൽ ഉയർന്നു പൊങ്ങുന്ന ശബ്ദം കേൾക്കേ ഞാൻ പതിയെ തിരിഞ്ഞു നോക്കി.....
കണ്ണുകൾ ചുവന്ന് ,രൗദ്ര ഭാവത്തിൽ തന്റെ  വിരലുകളാൽ തലമുടി കോർത്തു വലിക്കുന്ന ആ രൂപം, ന്നെ അടിമുടി ഞെട്ടിച്ചു കളഞ്ഞു.....
ന്റെ കയ്യിലിരുന്ന ബാഗ് ഞാനറിയാതെ നിലത്തേക്ക് ഊർന്നു വീണു.....

പല്ലുകൾ ഞെരിഞ്ഞുടയുന്ന ശബ്ദം.....!

ഭയത്തോടെ ഞാൻ ചുമരിനോട് ചേർന്നു നിന്നു.....
ആ സംഹാരഭാവം കാണേ , ഒരുനിമിഷം ഞാൻ മരണത്തെ മുന്നിൽ കണ്ടു.....!

കഴുത്ത് ഇരുവശത്തേക്കും ചലിപ്പിച്ചു കൊണ്ട് ആള് ബെഡിൽ നിന്നും ചാടിയെണീറ്റു.....
മേശയുടെ ഡ്രോയർ വലിച്ചു തുറന്ന് എന്തോ പരതുന്നതു കണ്ടപ്പോ ന്റെ ചങ്കിടിച്ചു കൂടിവന്നു.....

നീ മരണം വരിച്ചു കഴിഞ്ഞു! 

സ്ട്രിപ്പിൽ നിന്നും ഒരു ടാബ്ലെറ്റെടുത്ത് വെള്ളത്തിനു വേണ്ടി കണ്ണോടിച്ചു.....
ഒഴിഞ്ഞ ജങ്കു കണ്ട്, മുഖത്തെ കോപമിരട്ടിച്ചു.....
ജങ്ക്, എനിക്കു നേരെ നീട്ടിപ്പിടിച്ച് ആംഗ്യം കാണിച്ചു..... ന്റെ ശരീരമാസകലം വിറച്ചു തുടങ്ങി.... പേടിയോടെ പതിയെ അരികിലേക്ക് നടന്നതും വീണ്ടും ആജ്ഞയുടെ സ്വരം.....

""" നിന്നു പതുങ്ങാതെ വേഗം വെള്ളം കൊണ്ടുവാടീ """"

ഒരോട്ടമായിരുന്നു ഞാൻ.....
കണ്ണടച്ചു തുറക്കുന്ന നേരം കൊണ്ട്,  വെള്ളവുമായി തിരിച്ചു വന്നു.....
അതു വാങ്ങി, ഗുളിക കഴിച്ച് വീണ്ടും ബെഡിലേക്കിരുന്നു......

""" വല്ലാത്ത തലവേദന.... ഞാനൊന്നു കിടക്കട്ടെ """  വളരെ ശാന്തമായിരുന്നു സംസാരം...
പറഞ്ഞു തീർന്നതും ബെഡിലേക്ക് മലർന്നു വീണു......
എല്ലാം നിർവികാരതയോടെ നോക്കിക്കാണുകയായിരുന്നു ഞാനപ്പോൾ...!

കുറച്ചു നേരം ആ മുഖത്തേക്കു തന്നെ നോക്കിയിരുന്നു ഞാൻ.....
ഉള്ളിൽ ദേഷ്യം മാറി , സങ്കടവും വേദനയും ഇടകലർന്നു വന്നു.....
നെറ്റിയിലേക്കു വീണു കിടന്ന മുടി, അല്പമൊന്നു സ്ഥാനം തെറ്റിയപ്പോഴാണ് ,,, രക്തം കട്ടപിടിച്ചൊരു മുറിവ് ന്റെ ശ്രദ്ധയിൽ പെട്ടത്.....

" ന്റെ കൃഷ്ണാ,  ഞാൻ പിടിച്ചു തള്ളിയപ്പോ പറ്റിയതാണോ..." ന്റെ ഉള്ളൊന്നു നൊന്തു...

മുറിവിലേക്കെന്റെ വിരലുകൾ ചലിച്ചെങ്കിലും, ആള് ഉണർന്നുപോകുമോ എന്ന ഭയമെന്റെ പ്രവൃത്തിയെ പിന്നിലേക്ക് വലിച്ചിഴച്ചു.....

""" ന്താണ് ഈ ഉള്ളില്ന്ന് നിക്ക് മനസ്സിലാവണില്ലല്ലോ ന്റെ കൃഷ്ണാ.....
ഇവടത്തെ തീയണയ്ക്കാൻ ന്നെ കൊണ്ട് പറ്റ്വോ ???
ഞാൻ.... ഞാൻ വീണു പോകോ??""" 
കണ്ണു നിറച്ചു കൊണ്ട് ആ മുഖത്തേക്ക് നോക്കുന്തോറും, ന്റെ മനസ്സ് ചോദിച്ചു കൊണ്ടിരുന്നു.....

പെട്ടന്നാണ്, ചിന്തകളെ ഉണർത്തിക്കൊണ്ട് ന്റെ മൊബൈല് ശബ്ദിച്ചത്.....
വീട്ടീന്നായിരുന്നു.....

""" ഹലോ മോളേ """ മനസ്സറിഞ്ഞതു പോലെ അമ്മേടെ വിളി..

നിക്കൊന്നും മറുപടി  പറയാൻ കഴിയണില്ല. ..

""" നീയ് കേൾക്കണില്യേ?? """

""" ഉം... അമ്മ പറയ് """

""" അതേയ് , നീയ് കൊടുത്തു വിട്ട സാധനം ഇവടെ കിട്ടീട്ടോ """ അമ്മേടെ ശബ്ദത്തിൽ പതിവില്ലാത്ത സന്തോഷം.

""" സാധനോ , ന്ത് സാധനം ??""" ഞാൻ പെട്ടന്ന് ചോദിച്ചു...

""" ആഹ് അതെന്നെ.. മ്മടെ ആശൂത്രീലൊക്കെ ആളോളെ ഇരിത്തി കൊണ്ടോണ വണ്ടില്ല്യേ.... അത് """

നിക്ക് ഒന്നും മനസ്സിലായില്ല!

""" ഈ അമ്മേടൊരു കാര്യം.... വണ്ട്യല്ല അത്... വീൽചെയറാ """ അമ്മയെ തിരുത്തി അമ്മൂന്റെ വാക്കുകൾ....

ഈശ്വരാ... ഇതെപ്പോ!

ന്റെ നോട്ടം ഉറങ്ങിക്കിടക്കുന്ന ആളിലേക്ക് തെന്നിവീണു.....
തലേ ദിവസം ഞാൻ പറഞ്ഞത്.... അത്.... ഇത്ര പെട്ടന്നെങ്ങനെ...?? 
അതിനു മാത്രം ഇയാളെന്റെ ആരാ....

ഞാൻ , എന്നോടുതന്നെ ചോദിച്ചു പോയി....!

എന്തൊക്കെയോ മറുതലയ്ക്കൽ നിന്നും ചോദിക്കുന്നുണ്ടായിരുന്നു....
പക്ഷേ,,, ന്റെ മനസ്സും കണ്ണും സാറില് മാത്രായിരുന്നു....
ഒന്നും പറയാതെ ഫോൺ വച്ചു.....
കണ്ണുകൾ നിറഞ്ഞു തുടങ്ങിയിരുന്നു.....

പെട്ടന്ന് തോന്നിയൊരു ഉൾപ്രേരണയിൽ ,
ഓടിച്ചെന്ന് അരികിലിരുന്നു.....
ന്റെ വിരലുകൾ ആ മുടിയിഴകളിലൂടെ നേർമയിൽ സഞ്ചരിച്ചു.......
വീണ്ടും, നെറ്റിയിലെ മുറിവെന്നെ വേദനിപ്പിച്ചു തുടങ്ങി....
മുറിവിലേക്ക് പതിയെ ഊതിക്കൊടുക്കുമ്പോ,
ന്റെ കണ്ണുനീരിന്റെ നനവാൽ,, ആള് ഉണരുമോ എന്ന ആശങ്ക ഇല്ലാതിരുന്നില്ല!

" ആരായിരിക്കും ആമി ??" ഞാനോർത്തു 

ആ പേരുകൊണ്ടാണ് ഇത്രയും വേദനാജനകമായൊരു അന്തരീക്ഷം ഇവിടെ ഉടലെടുത്തത്.....
അതിനർത്ഥം , അത്രമേൽ പ്രിയപ്പെട്ടൊരാൾ..... 
അതെ....

ആമി....!
പാർത്ഥന് ഏറെ പ്രിയപ്പെട്ടവൾ!!

           🧡🧡🧡🧡🧡🧡🧡🧡🧡🧡🧡

""" കഴിക്കുന്നില്ലേ താൻ? """

പ്ലേറ്റിലെ ചോറിൽ വിരലുകൊണ്ട് കളം തീർക്കുന്ന ന്നെ നോക്കി സാറ് ചോദിച്ചു...

ഞാനൊന്നും മിണ്ടിയില്ല! 

ടേബിളിൽ നിരത്തിയ വിഭവങ്ങൾ കണ്ടപ്പോ,  മനസ്സ് ന്റെ കൊച്ചു വീട്ടിലേക്കോടിക്കയറി....

""" ഇത്തിരി എറച്ചി കൂട്ടീട്ട് എത്ര കാലായി....
തിന്നാൻ കൊത്യായിട്ടു വയ്യ....."""
പാത്രത്തിലെ പരിപ്പുകറിയെ നോക്കി അമ്മു പരിഭവം പറഞ്ഞു.....

""" ഉള്ളത് തിന്നിട്ട് ണീറ്റു പോവാൻ നോക്ക് പെണ്ണേ... അവൾടൊരു പൂതി പറച്ചില്....
ഇതെന്നെ ആ പെണ്ണ് , രാവും പകലും നോക്കാതെ ചക്രം ചവുട്ടീട്ടാ നീളം എത്തിക്കണത്....""" അമ്മ, കെറുവോടെ അമ്മൂനെ നോക്കും....

കണ്ണില് , ആ കൊതിക്കണ മുഖങ്ങള് നിക്കുമ്പോ, നിക്ക് ഇതൊക്കെ എങ്ങനെ തൊണ്ടേന്ന് എറങ്ങാനാണ്.....
ഒന്നും പങ്കുവെക്കാതെ കഴിച്ചിട്ടില്യ ഇതുവരെ.....
അവര്ക്ക് കൊട്ത്തേ ഞാനും ചേച്ചീം ഞങ്ങടെ വയറിനെ ചിന്തിച്ചിട്ടുള്ളൂ.....

ഒന്നും കഴിക്കാൻ വയ്യ.....
ഇറങ്ങണില്ല.....!
വെള്ളം മാത്രം കുടിച്ച്, ഞാനെണീറ്റു....
സംശയത്തോടെ ന്നെ നോക്കണ സാറിന്റെ മുഖത്ത് നോക്കി ഒന്നു ചിരിച്ചെന്നു വരുത്തി ഞാനൊരു കള്ളം പറഞ്ഞു; 

""" വെശക്കണില്ല!  """

"" എനിക്കു മനസ്സിലാവും , ഈ ഭാവം """
കൈ കഴുകുമ്പോ, പിറകിലൂടെ വന്ന് ആള് പറഞ്ഞു...

"" ന്ത്?? """

""" എന്തൊക്കെയാ വേണ്ടേന്ന് ചോദിച്ചു നോക്കൂ ഇനി വിളിക്കുമ്പോ.....
അവരുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും തീർക്കാൻ താനല്ലേ ഉള്ളൂ..."""

ചെറു ചിരിയോടെ ചെവിയിൽ പറഞ്ഞതും, ഞാൻ അത്ഭുതപ്പെട്ടുപോയി!
ന്റെ മനസ്സ്,  ഞാൻ പോലുമറിയാതെ.... ഇത്ര കൃത്യായിട്ട്.....
ഇതെന്തു മറിമായാ ന്റെ കൃഷ്ണാ.....

""" അവരടെ ആഗ്രഹങ്ങള് തീർത്തു കൊടുക്കേണ്ടത് ഞാനല്ലേ..... ഇയാളല്ലല്ലോ""

പെട്ടന്ന് നാവിൽ വന്നത് ആ ചോദ്യായിരുന്നു.....

തിരിഞ്ഞെന്നെയൊന്നു നോക്കി, പുരികമുയർത്തി...
""" എന്താ ഇപ്പോ ഇങ്ങനൊരു ചോദ്യം? """

""" ന്നോട് ചോദിക്കാതെ വീൽചെയറ് എത്തിച്ചു ല്ലേ? """ ഞാൻ അടുത്തേക്കു ചെന്നു...

ഒരു കള്ളച്ചിരിയായിരുന്നു അതിനുള്ള മറുപടി..... പിന്നെ,  കണ്ണുകൾ ചിമ്മിക്കാണിച്ച് ഒന്നും പറയാതെ മുകളിലേക്കു കയറിപ്പോയി.....

     🧡🧡🧡🧡🧡🧡🧡🧡🧡🧡🧡

മുറിയിലേക്കു ചെല്ലുമ്പോ, ആള് മറ്റേതോ ലോകത്തായിരുന്നു...... കയ്യിലൊരു ഫ്രെയിം ചെയ്ത ഫോട്ടോയുണ്ട്.....

""" ഇതാരടെ ഫോട്ടോയാ? """ ഞാൻ ഉദ്വോഗത്തോടെ അതിലേക്ക് എത്തിനോക്കി.

കുറച്ചു നേരത്തേക്ക് മറുപടിയൊന്നും കണ്ടില്ല!
പിന്നെ, മെല്ലെ എനിക്കഭിമുഖമായി ആ ഫോട്ടോ തിരിച്ചു പിടിച്ചു....

ആൾടെ വിവാഹ ഫോട്ടോ! 

""" ഇത്... ഇതാണോ ആമി? """ ഞാൻ മടിയോടെ ചോദിച്ചതും , ആള് നിശ്ശബ്ദമായൊന്നു മൂളി....

ആ മിഴികൾ നിറഞ്ഞിരുന്നു....!

""" ഇവരിപ്പോ.... ?? """

""" പോയി.... എന്നെവിട്ട് പോയി! """ 
ആ ശബ്ദം ചിലമ്പിച്ചിരുന്നു.....

പിന്നീടൊന്നും ചോദിക്കാൻ തോന്നിയില്ലെനിക്ക്.....
പക്ഷേ,,  സാറിന്റെ നിറഞ്ഞ കണ്ണുകൾ ന്റെ കാഴ്ചയേയും മറച്ചു പിടിച്ചു....

പിന്നീട് മൗനമായിരുന്നു ഞങ്ങൾക്കിടയിൽ....
ദീർഘമായൊരു മൗനം!

""" സോറി.... """

""" എന്തിന്? """" ഞാൻ ചോദിച്ചു.

"" നേരത്തെ അങ്ങനൊക്കെ.....

ചില നേരത്ത് അങ്ങനാണ്..... എത്ര ശ്രമിച്ചാലും മനസ്സ് പിടിവിട്ടു പോവാണ്....
ഒന്നും മനപൂർവ്വല്ല.....
ആമി.... അവള് പോയേപ്പിന്നെ  ഇങ്ങനെയൊക്കെയാ...... """ വളരെ നേർത്തു പോയിരുന്നു ആ സ്വരം...

""" എങ്ങന്യാ മരിച്ചേ....? """

""" ജ്യോതിഷത്തില് വിശ്വാസണ്ടോ പവിക്ക്?""
ചോദിച്ചതിനല്ല ഉത്തരം കിട്ടിയത്.....

""" അന്ധമായ വിശ്വാസല്യ!
ന്നാലും വിശ്വാസണ്ട്.... അതൊരു ശാസ്ത്രല്ലേ
വിശ്വസിക്കാതെ പറ്റ്വോ...""" ഞാൻ പറഞ്ഞു.

""" ജനനോം മരണോം നിശ്ചയിക്കുന്നത് ശാസ്ത്രമാണോ അതോ ദൈവമോ ??"""

""" ദൈവം! """

""" പിന്നെങ്ങനെയാ ഞാൻ കൊലയാളിയാവാ? """

എനിക്കൊന്നും മനസ്സിലായില്ല! 
ഞാൻ കൗതുകത്തോടെ ആ മുഖത്തേക്ക് മിഴികളെ നട്ടു.....

""" എന്റെ ജന്മം കൊണ്ട് എല്ലാവരുടേയും കണ്ണിലെ കരടായി മാറിയവനാ ഞാൻ....

ജനന സമയം നന്നായില്ല!

പിറന്ന് പന്ത്രണ്ടാം നാൾ അച്ഛന്റെ ജീവനെടുത്തു......
അങ്ങനെയാ എല്ലാവരും പറയുന്നേ.....
പക്ഷേ,,
പന്ത്രണ്ടു ദിവസം മാത്രം പ്രായമുള്ള കുഞ്ഞെങ്ങനെയാ ഒരാളുടെ ജീവനെടുക്കുന്നത്.....

ആ തത്വമാണ് എനിക്കിന്നും മനസ്സിലാവാത്തത്....!

സാറ് ചിരിച്ചു..... 
കരയാൻ പാടില്ലാത്തവന്റെ ചിരി.....
വരണ്ടൊരു ചിരി.....
ഉള്ളിൽ കരഞ്ഞുകൊണ്ടുള്ളൊരു ചിരി....


പാർത്ഥന്റെ പെണ്ണ്! 5️⃣

സമ്പന്നതയുടെ മടിത്തട്ടിൽ ജീവിക്കുമ്പോഴും ,,, മറ്റുള്ളവരുടെ അവഗണനയും കുറ്റപ്പെടുത്തലുകളും എന്നെ വല്ലാതെ വേട്ടയാടിയിരുന്നു......
എല്ലാവർക്കുമിടയിലൊരു അപശകുനമായി മാറാൻ മാത്രം, ഞാൻ ചെയ്ത തെറ്റെന്താണെന്ന് എത്ര ചിന്തിച്ചിട്ടും എനിക്കു മനസ്സിലായില്ല.....
അപ്പോഴെല്ലാം എനിക്കേകാശ്വാസം എന്നെ തലോടുന്ന, ചേർത്തു പിടിക്കുന്ന എന്റെ അമ്മയായിരുന്നു.....

""" തലേലേറ്റിക്കോ , അവസാനം തന്തേടെ തലയെടുത്തതു പോലെ നെന്റെ തലേം മണ്ണില് കുത്തും....

അന്നേ ഞാൻ പറഞ്ഞതാ ,, മുളേലേ നുള്ളിക്കളയാൻ.... കേട്ടില്ല്യ.....
അനുഭവിച്ചോ.... വരണത് ന്താച്ചാ ഒറ്റയ്ക്കങ്ക്ട് അനുഭവിച്ചോ...."" മുത്തച്ഛൻ പറഞ്ഞിരുന്ന ഓരോ വാക്കും , വേദനയോടെ ഞാനും അമ്മയും ഏറ്റുവാങ്ങും.....

കളികൾക്കിടയിൽ നിന്നും , മറ്റു കുട്ടികളെന്നെ മാറ്റി നിർത്തുമ്പോഴും....,,,
അമ്മ തേങ്ങലോടെന്നെ നെഞ്ചോടണക്കും...
അമ്മേടേ കണ്ണീരുകൊണ്ടെന്റെ കണ്ണീരിനെ മായ്ച്ചു കളയും....
ചില സമയങ്ങളിൽ എനിക്ക് എന്നോടു തന്നെ വെറുപ്പ് തോന്നിത്തുടങ്ങും.....

സമ്പത്തു കണ്ടിട്ടാവണം, മുത്തച്ഛന്റെ മരണ ശേഷവും ഞങ്ങളോടാരും മാനസിക അടുപ്പം കാട്ടിയില്ലെങ്കിലും, ശാരീരീക അകലം പാലിക്കാതിരുന്നത്......!

ഇങ്ങനെയൊക്കെയാണെങ്കിലും , എന്റെ വിവാഹ ചർച്ചയിൽ അമ്മാവൻമാർ തങ്ങളുടെ പെൺമക്കളെ മാറ്റിനിർത്തിയില്ല!
ആരെ സ്വീകരിക്കണമെന്നത് എന്റെ ഇഷ്ടത്തിനു വിട്ടു തന്നെങ്കിലും, എനിക്ക് ആ ആലോചന സ്വീകാര്യമായില്ല....
എനിക്കൊരു വിവാഹത്തിന് താൽപര്യമില്ലെന്ന്  തുറന്നു പറഞ്ഞ് ഞാനതിൽ നിന്നും പിന്തിരിഞ്ഞു.......
അമ്മാവൻമാരെ പിണക്കുന്നതിൽ അമ്മയ്ക്ക് അനിഷ്ടം തോന്നിയെങ്കിലും,, അവിടേയും എന്റെ ഇഷ്ടത്തിനായിരുന്നു അമ്മയ്ക്ക് മുൻതൂക്കം....

അങ്ങനെയിരിക്കേയാണ് ഞാനെന്റെ ആമിയെ പരിചയപ്പെടുന്നത്......
അനാഥയായ, ദുർബലയായൊരു പാവം പെണ്ണ്.....
ജീവിക്കാനായൊരു ജോലി തേടിയാണ് അവള് വന്നത്.....
വളരെ സൗമ്യമായ , കുലീനമായ പെരുമാറ്റം!
ഞാനവൾക്ക് എന്റെ കമ്പനിയിൽ ജോലി കൊടുത്തു.....
താമസ സൗകര്യം ഒരുക്കിക്കൊടുത്തു......
അവളുടെ അടക്കവും ഒതുക്കവും മാന്യമായ പെരുമാറ്റവുമെല്ലാം എപ്പഴോ എന്നെ ആകർഷിച്ചു തുടങ്ങി.....
എന്റെ ജീവിതത്തിലേക്ക് ആ പാവം പെണ്ണിനെ കൂടെ കൂട്ടണമെന്നു തോന്നി.....

കാര്യം തുറന്നു പറഞ്ഞപ്പോൾ,, അവൾക്ക്  പരിഭ്രമമായിരുന്നു.....
""" സാറിനെ പോലുള്ള ഒരാളെ സ്വപ്നം കാണാന്ള്ള ഭാഗ്യം കൂടി ന്നെ പോലൊരു പെണ്ണിനില്ല!
വേണ്ട...,  
സാറിന് ന്നേക്കാൾ പഠിപ്പും സൗന്ദര്യൊക്കെള്ള വല്യേ വീട്ടിലെ കുട്ടീനെന്നെ കിട്ടും.... ന്നെ വിട്ടേക്കു സർ
നിക്ക് അതിനൊന്നും യോഗല്യ...""" 

എന്റെ മുന്നിൽ നിന്നും കൈകൾ കൂപ്പി പറയുമ്പോൾ,, അവളുടെ മിഴികൾ നിറഞ്ഞിരുന്നു.....
അതെന്നോടുള്ള അവളുടെ പ്രണയമായി ഞാൻ കണ്ടു....
ആ കരങ്ങളെ കവർന്നെടുക്കുമ്പോൾ,,, അവൾക്കു ഞാനൊരു വാക്കു നൽകിയിരുന്നു.....
ഒരിക്കലും സങ്കടപ്പെടുത്താതെ , എന്റെ മരണം വരെ കാത്തുകൊള്ളാമെന്നൊരു വാക്ക്! 

പക്ഷെ,,,
അതെനിക്ക് പാലിക്കാൻ കഴിഞ്ഞില്ല.....
ഒരു രാത്രി പോലും ഒന്നിച്ചു കഴിയാൻ വിധി തരാതെ അവളെ ദൈവം കൊണ്ടുപോയി.....
എന്റെ.... എന്റെ ആമി..... അവളെന്നെ ഇട്ടേച്ചു പോയെടോ.... """

സാറിന്റെ ശബ്ദം താഴ്ന്നു.....
കണ്ണുകൾ ഈറനണിഞ്ഞു.....
അത്, കണ്ടുനിൽക്കാനുള്ള ശക്തിയില്ലാതെ എന്റെ മിഴികൾ മറ്റെങ്ങോ വഴിമാറി സഞ്ചരിച്ചു. ...

""" എങ്ങന്യാ.... എങ്ങന്യാ ആമി.... ??"""

""" വീണതാ.... മുകളീന്ന് കാലുതെന്നി സ്റ്റെയർകേസ് വഴി താഴേക്കു വീണു.... വീഴ്ചയിൽ തലയിടിച്ചതാ.....
എല്ലാം നിമിഷനേരം കൊണ്ട് കഴിഞ്ഞു...."""
സാറ് വികാരാധീനനായി.....

"""സംഭവം നടക്കുമ്പോ ഞാനിവിടെ ഇല്ലായിരുന്നു..... എങ്കിലും,, 
ഈ വീടിന്റെ മരുമകളായി കടന്നു വന്നൊരു പെൺകുട്ടി.... വന്ന് , ഒരു രാത്രി തികയും മുമ്പേ മരണപ്പെടുന്നു! 
എന്റെ ഭാര്യയായി എന്ന ഒറ്റ കാരണത്താൽ അവൾക്കു കിട്ടിയ സമ്മാനം.... മരണം!
അങ്ങനെയാണ് എല്ലാവരും വിധിയെഴുതിയത്....

വീണ്ടും ഞാനൊരു കൊലയാളിയായി!
'അച്ഛനെ കൊന്നവൻ' എന്ന പേരിനോടു കൂടി 'ഭാര്യയുടെ കൊലയാളി' എന്ന പേരുകൂടി എന്റെ മേൽ ആരോപിക്കപ്പെട്ടു....

എല്ലാം എന്റെ ജന്മഫലം!

ഞാൻ ജീവനേക്കാളേറെ സ്നേഹിച്ച എന്റെ ആമി..... അവളെ.... അവളെ കൊന്നത് ഞാനാണെന്ന് എല്ലാവരും കൂടി പറഞ്ഞപ്പോ തകർകന്നു പോയെടോ ഞാൻ.....
ഒരു ജീവിതം കൊടുക്കാനല്ലേ ഞാനാഗ്രഹിച്ചത്..... അല്ലാതെ,
ജീവനെടുക്കാനല്ലല്ലോ.....

ഓർക്കുന്തോറും തല തരിച്ചു തുടങ്ങി....
സമനില തെറ്റിത്തുടങ്ങി.....
എത്രനാൾ അവളെമാത്രം ഓർത്ത് , ഇരുട്ടുമുറിയിൽ കഴിച്ചുകൂട്ടിയെന്നറിയില്ല....!
മനസ്സ് , എന്നന്നേക്കുമായി നഷ്ടപ്പെടാൻ പോകുന്നു എന്ന് തോന്നിയപ്പോൾ,,, സ്വയം ചികിത്സ തേടി....
മനസ്സ് ശാന്തമായി തുടങ്ങിയപ്പോഴാണ് വീണ്ടും ആമിയുടെ അപകടത്തെ കുറിച്ച് ചിന്തിച്ചു നോക്കിയത്.....

കാലൊന്നു തെന്നിയാലും,  ആ വീഴ്ചക്ക് എ ആമിയെ മരണത്തിലേക്കെത്തിക്കാനുള്ള ശക്തിയുണ്ടാകുമോ എന്നായിരുന്നു എന്റെ സംശയം....
ഞാനത് പലരോടും പങ്കു വച്ചു.....
എല്ലാവരുടെ അഭിപ്രായവും എന്റെ സംശയത്തെ ശരിവെക്കുന്നതായിരുന്നു.....
എന്നിൽ സംശയം ബലപ്പെട്ടു തുടങ്ങി....

എന്റെ ആമി... അവളു മരിച്ചതല്ല, ആരോ കൊന്നതാണ്!""""

""" ആര്? ആരാ ആമിയെ കൊന്നത്? """ ഞാൻ പെട്ടന്ന് ചോദിച്ചു.

""" അറിയില്ല! 
കണ്ടുപിടിക്കണം എനിക്കവനെ....
അതിനാണ് തന്നെ ഞാനിവിടെ കൊണ്ടു വന്നത്. ..."""

""" എനിക്ക്.... എനിക്കെങ്ങനെയാ അതിന് കഴിയാ..."""

""" കഴിയും.... എനിക്കോ നിനക്കോ അല്ല, നമുക്ക്!
എന്റെ ഊഹം ശരിയാണെങ്കിൽ, ഇവിടെ വീണ്ടുമൊരു മരണം കൂടി നടക്കും..."""

""" ആരടെ?? """ ഞാൻ ജിജ്ഞാസയോടെ ചോദിച്ചതും, ആള് പറഞ്ഞു; 

""" തന്റെ! 
തന്റെ മരണമായിരിക്കും ഇനിയീ വീട്ടിൽ സംഭവിക്കുക.....
അതും എന്റെ പേരിൽ ചാർത്തപ്പെടും!""""

""" സാർ...""" ഞാൻ ദയനീയമായി വിളിച്ചു.

സാറൊന്നു ചിരിച്ചു....
""" ഇയാള് പേടിക്കണ്ടെടോ പവീ....
കൊല്ലാനൊന്നും തന്നെ ഞാനാർക്കും വിട്ടു കൊടുക്കില്ല.... അങ്ങനെ ബലിയാടാക്കാനല്ല തന്നെ ഞാനിവിടെ കൊണ്ടു വന്നത്.....
എന്റെ ലക്ഷ്യത്തിലേക്കുള്ളൊരു വഴി....
അതു മാത്രമാണ് താൻ...."""

ആളെങ്ങനെ നിസ്സാരമായി പറഞ്ഞെങ്കിലും, ന്റെ തലയ്ക്ക് ചൂടുപിടിച്ചു....
ദേഹം മൊത്തം വിറയല് ബാധിച്ചു തുടങ്ങി....

""" പരിഭ്രമിക്കണ്ട!
തനിക്കൊന്നും സംഭവിക്കില്ലെടോ....
തനിക്കെന്റെ ആമീടെ ഛായയുണ്ട്.... ആദ്യം കണ്ടപ്പോ,  ഇയാള് എന്റെ ആമി തന്നെയാണോ എന്ന് വരെ ഞാൻ സംശയിച്ചു പോയി.....
തന്നെപ്പോലെ ഒരു പാവായിരുന്നെടോ അവളും.....
വെറുമൊരു തൊട്ടാവാടിപ്പെണ്ണ്! """സാറ്  ന്നെ നോക്കി ചിരിക്കാൻ ശ്രമിക്കുമ്പോഴും, ഉള്ളിൽ കരയാരുന്നു എന്നെനിക്ക് തോന്നി....

""" അപ്പോ അമ്മയോ? അമ്മയ്ക്കെന്തിനാ സാറിനോടിത്ര ദേഷ്യം?? """ പെട്ടന്നായിരുന്നു എനിക്കാ സംശയം മുളപൊട്ടിയത്....

മറുപടിയെന്തോ പറയാൻ തുടങ്ങുമ്പോഴേക്കും താഴെ നിന്നും ആരുടെയോ കരച്ചിലു കേട്ടു....

""" സുഗന്ധിചേച്ചീടെ കരച്ചിലാണല്ലോ...""" അതും പറഞ്ഞ് ആള് താഴേക്കു കുതിച്ചു...
കാര്യമെന്തെന്നറിയാൻ ഞാനും സാറിനു പിന്നാലെ ഇറങ്ങി....

""" സാറേ... സാറെന്റെ കൂടൊന്നു വര്വോ?  ന്റെ കുട്ടിക്ക് തീരെ വയ്യ..... കണ്ടിട്ട് സഹിക്കാൻ പറ്റണില്ല.... എങ്ങടേലും കൊണ്ടോവാൻ ഇനിക്ക് ആരൂല്യാത്തോണ്ടാ...""" സാരിത്തുമ്പ് കൂട്ടിപ്പിടിച്ച് വായപൊത്തി അവർ കരച്ചിനെ തടുക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു.....

""" ഞാൻ വരാം.... ചേച്ചി നടന്നോളൂ """ അവരെ സമാധാനിപ്പിച്ച് , കാറിന്റെ കീ എടുക്കാനായി ആള് മുകളിലേക്ക് പോയതും, ചുറ്റും കൂടിയവരുടെ എരിഞ്ഞ കണ്ണുകൾ ന്റെ മുഖത്തേക്കു മാത്രമായി.....

മാറിമാറി എല്ലാവർക്കുമൊരു ചിരി നൽകിയെങ്കിലും, എല്ലാവരുടേയും ചൊടികളിൽ വിരിഞ്ഞത് ന്നോടുള്ള പുച്ഛം മാത്രമായിരുന്നു! 

""" ഏട്ടാ...""" എന്ന് എല്ലാവരും കേൾക്കുമാറ്, ഉച്ചത്തിൽ വിളിച്ചുകൊണ്ട് ഞാനും ആളുടെ പിറകെ കയറിപ്പോയി....

""" ഞാനും പോന്നോട്ടേ സാറിന്റെ കൂടെ? """ ഞാൻ പരുങ്ങലോടെ ചോദിച്ചു.

""" ഒറ്റയ്ക്ക് നിൽക്കാൻ പേടിയായി തുടങ്ങി ല്ലേ? """ ചിരിച്ചോണ്ട് ന്നെ തലചെരിച്ചൊന്നു നോക്കി....
 
""" അല്ല , നിക്കൊന്ന് കാണാനാ ആ കുട്ടീനെ... """

""" എന്നാ ഇയാളും പോര് """

സമ്മതം കിട്ടിയതും,  ഉത്സാഹത്തോടെ കണ്ണാടിക്കു മുന്നിൽ ചെന്നു നിന്ന് സാരിയുടെ മുന്താണിയൊക്കെയൊന്ന് നേരെയാക്കി.....

നെറുകിലെ സിന്ദൂരം മാഞ്ഞു തുടങ്ങിയിരുന്നു.....
ചെപ്പിൽ നിന്നും ഒരു നുള്ള് സിന്ദൂരമെടുത്ത് നെറുകിൽ ഭംഗിയിൽ വരച്ചു....
"" പോകാം""  സന്തോഷത്തോടെ പറഞ്ഞു കൊണ്ട് തിരിഞ്ഞു നോക്കുമ്പോൾ,,, കട്ടിളയിൽ ചാരിനിന്ന് എന്നെത്തന്നെ നോക്കുന്നുണ്ടായിരുന്നു ആള്.....
ചുണ്ടിൽ നേർത്തൊരു പുഞ്ചിരിയുമായി....!

         💜💜💜💜💜💜💜💜💜💜💜

""" വൈശാലി... മോളേ കണ്ണു തുറക്ക് """ സാറ് അവളുടെ കവിളിൽ പതിയെ തട്ടി വിളിച്ചു....
ഞാനവളുടെ വാടിയ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി..... 
ഇരുനിറത്തിൽ വട്ടത്തിലുള്ളൊരു കുഞ്ഞു മുഖം.... അവളുടെ സഹനത്തിന്റെ പാടുകളായിരിക്കണം കറുത്നിറത്തിൽ കണ്ണിനു ചുറ്റുമായി കാണുന്നത്.....
നിക്കെന്റെ അമ്മൂനെ ഓർമ്മവന്നു....
പാവം കുട്ടി! 

മുഖത്ത് വെള്ളം തട്ടിയപ്പോൾ വൈശാലി കണ്ണു തുറന്നു.....
അവ്യക്തമായി എന്തൊക്കെയോ അവളുടെ ചുണ്ടുകൾ മൊഴിയുന്നുണ്ടായിരുന്നു.....
അമ്മയുടെ മടിയിൽ തലചായ്ച്ചു കിടന്ന്, നിർവ്വികാരതയോടെ അവൾ ഞങ്ങളെ നോക്കി.....
ഞാനടുത്തിരുന്ന് അവളുടെ മുടിമേൽ മൃദുലമായി തലോടിക്കൊണ്ടിരുന്നു......

"" ഇക്കണ്ട കൊല്ലായിട്ടും ഒരു പനിപോലും ന്റെ കുട്ടിക്ക് വന്നിട്ടില്യ.....
എങ്ങനെ ഓടിച്ചാടി നടന്നോണ്ടിരുന്ന കുട്ട്യാ... ഇപ്പോ കെടക്കണ കെടപ്പ് കണ്ടില്യേ....
എന്താ ന്റെ മോള്ക്ക് പറ്റീത് ന്ന് ഇക്ക് അറിയണില്ലല്ലോ സാറേ....""" പതം പറഞ്ഞ് സുഗന്ധിചേച്ചി കരഞ്ഞോണ്ടിരുന്നു....

അവരെ എന്തു പറഞ്ഞ് സമാധാനിപ്പിക്കണം എന്നറിയാതെ ഞാൻ സാറിനെ നോക്കി....
ആളും എന്തോ വലിയ ആലോചനയിലായിരുന്നു.....

""" മോളേ..."" ഞാൻ വിളിച്ചു 

അവളെന്നെ കണ്ണിമവെട്ടാതെ നോക്കി കിടക്കുവാരുന്നു.....
പെട്ടന്ന്, അവൾ ചാടിയെണീറ്റു....
അപ്പോഴും ആ ദൃഷ്ടികൾ എന്റെ മുഖത്ത് മാത്രമായിരുന്നു.....

"" അറിയോ ന്നെ?? """

ഞാൻ ചോദിച്ചെങ്കിലും വീണ്ടും ആ നോട്ടം തന്നെയായിരുന്നു മറുപടി....
പതിയെ,  അവളെന്നെ നോക്കിയൊന്ന് ചെറുങ്ങനെ ചിരിച്ചു.....
ഒരുവേള ആ കണ്ണുകൾ സന്തോഷത്താൽ വിടരുകയും, പിന്നെ പകപ്പോടെ അവൾ പിന്നോട്ടു മാറി അമ്മയുടെ മാറിൽ മുഖം പൂഴ്ത്തുകയും ചെയ്തു.....

""" മോളേ ചേച്ചിയാ.... സാറ് കല്യാണം കഴിച്ചോണ്ടു വന്ന ചേച്ചി """ സുഗന്ധിചേച്ചി അവൾക്ക്  പറഞ്ഞു കൊടുത്തെങ്കിലും, അതൊന്നും ശ്രദ്ധിക്കാതെ അവള് ന്നെ തന്നെ തുറിച്ചു നോക്കിക്കൊണ്ടിരുന്നു.....

"" ആമിചേച്ചി... ആമിചേച്ചി """ ഉറക്കെ വിളിച്ചു കൊണ്ട് അവളെനിക്കു നേരെ വിരൽ ചൂണ്ടി.....

സുഗന്ധിചേച്ചീടെ മുഖം പെട്ടെന്ന് വിളറുന്നതും നോട്ടം സാറിലേക്കു നീങ്ങുന്നതും ഞാൻ കണ്ടു.... 

""" അല്ല മോളേ.... ഇത് ആ ചേച്ചിയല്ല, വേറെ ചേച്ചിയാ """ അവരവളോട് പറഞ്ഞുകൊണ്ടിരുന്നു...

""" ചെലപ്പളൊക്കെ ആ പേര് പറയണതു കേൾക്കാ ഇവള്.... ഒരീസം കൊണ്ടെന്നെ വല്യേ കൂട്ടായതാ രണ്ടാളും"" അവര് ന്നെ നോക്കി പറഞ്ഞു....

"" നമുക്ക് മോളെ നല്ലൊരു ഡോക്ടറെ തന്നെ കാണിക്കാം... ഞാനൊന്ന് അന്വേഷിക്കട്ടെ """

ഇറങ്ങാൻ നേരം സാറ് പറഞ്ഞത് അവര്ക്ക് വല്യൊരു ആശ്വാസായിരുന്നു....

         💜💜💜💜💜💜💜💜💜💜💜

""" സാറിന് പ്രത്യേകിച്ച് ന്തേലും തോന്ന്യോ ആ കുട്ടീടെ പെരുമാറ്റത്തില്??""" വരുന്ന വഴി ഞാൻ ചോദിച്ചു..

"" മനസ്സിന്റെ താളം തെറ്റിയാൽ അങ്ങനെതന്നെയല്ലെടോ.... ഇന്നലെ തന്നെ താനത് അറിഞ്ഞതല്ലേ """

""" പക്ഷേ ഇത്.... ഇത് അങ്ങനാണെന്ന് നിക്ക് തോന്നണില്ല....
ആമീടെ മരണവും വൈശാലീടെ അസുഖവും തമ്മിൽ ന്തോ ഒരു ബന്ധണ്ടെന്ന് ന്റെ മനസ്സ് പറയണു """

ഞാൻ പറഞ്ഞതും സാറ് ,കാറ് സൈഡാക്കി നിർത്തി....

""" താനെന്താ അങ്ങനെ പറയാൻ കാരണം?""

""ന്നെ കണ്ടപ്പോ ആമിയാണെന്നാണ് വൈശാലി തെറ്റിദ്ധരിച്ചത്.... അതോണ്ടാണ് ആ കുട്ടി അങ്ങനൊക്കെ പെരുമാറീത്....
ഒരീസത്തെ പരിചയം മാത്രള്ള ആമിയെ ഇപ്പഴും ഓർത്തിരിക്കോ വൈശാലി....
അതും ഈയൊരു അവസ്ഥേല്....?
നിക്ക് തോന്നണില്ല.... 

ആ കുട്ടിക്ക് ഇങ്ങനെ തൊടങ്ങീട്ട് എത്ര നാളായീന്ന് സാറിനറിയോ? """

"" കൃത്യായിട്ട് അറിയില്ല.. കാരണം, എന്റെ അവസ്ഥയും മറിച്ചായിരുന്നില്ലല്ലോ..."" 

""" അതിനർത്ഥം ആമീടെ മരണശേഷാണ് വൈശാലിക്കും വയ്യാണ്ടായത്.... 
ശരിയല്ലേ? "" ഞാൻ ആൾടെ മുഖത്തേക്കു നോക്കീതും, ന്നെ ശരി വെക്കും വിധം ആളൊന്ന് തലയനക്കി....

""" നല്ലൊരു ഡോക്ടറെ കാണിച്ച് ചികിത്സ കൊട്ത്താ വൈശാലീടെ അസുഖൊക്കെ മാറും.... പിന്നെ സാറിന്റെ ചോദ്യത്തിനുള്ള ഉത്തരൊക്കെ അവളു തന്നെ തരും....""" ഞാൻ പറഞ്ഞു...

കുറച്ചു നേരം ചിന്തയോടെ ഇരുന്നശേഷം ആള് ന്നെ തന്നെ നോക്കിയിരുന്നു....

"" തെന്താ സാറിങ്ങനെ നോക്കണത്.... ആദ്യായിട്ട് കാണും പോലെ...? """ നിക്ക് ഇത്തിരി നാണം തോന്നാതിരുന്നില്ല...

""" വെറുമൊരു നാട്ടിൻപുറത്തുകാരിയുടെ ബുദ്ധിയല്ലല്ലോ തനിക്കുള്ളത് എന്ന് ആലോചിക്കുകയായിരുന്നു...""" എന്നു പറഞ്ഞ് ആള് ചിരിച്ചു....

"" ഒന്നൂല്ലേലും ഐ എ എസൊക്കെ സ്വപ്നം കണ്ടു നടന്നൊരു പെണ്ണല്ലേ സാറേ ഞാനും....
ഇത്തിരി ബുദ്ധ്യൊക്കെ കാണാതിരിക്ക്യോ...""
ഞാനും ചിരിച്ചു...

പെട്ടന്ന് ചിരി മാഞ്ഞ്, ആ മുഖം വലിഞ്ഞു മുറുകുന്നത് ഞാൻ കണ്ടു....

""" എന്റെ ആമീടെ ജീവനെടുത്തത് ഏതു കറുത്ത കരങ്ങളാണേലും , അവന്റെ അന്ത്യം എന്റെയീ കൈകൾ കൊണ്ടായിരിക്കും.....
ഒരു നിയമത്തിനും വിട്ടു കൊടുക്കാതെ അവനെ ഞാൻ പറഞ്ഞയച്ചിരിക്കും....അങ്ങ് യമലോകത്തേക്ക്! """ 

വീറോടെ പറഞ്ഞുകൊണ്ട് ആക്സിലേറ്ററിൽ അമർത്തി ചവിട്ടി....
കാറ്റിനേക്കാളും വേഗതയിൽ കാറ് മുന്നോട്ടു പറഞ്ഞപ്പോ, ഞാൻ പേടിയോടെ സീറ്റിൽ അമർന്നിരുന്നു....


പാർത്ഥന്റെ പെണ്ണ്! 6️⃣

സാറിനൊരു കോഫി വേണമെന്ന് പറഞ്ഞപ്പോഴാണ് ഞാൻ അടുക്കളയിലേക്ക് ചെന്നത്....
വൈശാലിക്ക് വയ്യാത്തോണ്ട് സുഗന്ധിചേച്ചി ലീവായിരുന്നു.....

""" നീയിവിടെ സ്ഥിരമാക്കാൻ തന്നെയങ്ങ് തീരുമാനിച്ചോ ?? """

ചോദ്യം കേട്ട് തിരിഞ്ഞു നോക്കിയപ്പോ, രശ്മിയായിരുന്നു....
സാറിന്റെ വല്യമ്മാവന്റെ മകൾ!

ഞാനൊന്നും മിണ്ടാതെ ന്റെ ജോലി തുടർന്നു....

""" നീയതു കണ്ടോ ആ സ്റ്റെയർകേസ് ....
അതിലൂടെ താഴേക്കു വീണിട്ടാ പാർത്ഥന്റെ ആദ്യ ഭാര്യ മരിച്ചത്....
പാവം! 
ഒന്നിച്ചൊരു ജീവിതം സ്വപ്നം കണ്ടിട്ട് ഒന്നും നടന്നില്ല.....

അല്ലേലും പറഞ്ഞിട്ടെന്താ കാര്യം....
എല്ലാം അറിഞ്ഞു കൊണ്ട് എടുത്തു ചാടിയതല്ലേ പാർത്ഥന്റെ ജീവിതത്തിലേക്ക്....
അപ്പോ പിന്നെ വന്നത് അനുഭവിക്ക... അത്ര തന്നെ!  """

ഞാൻ വല്യേ താൽപര്യം കാണിക്കാത്ത മട്ടിൽ നിന്നതോണ്ടാവണം , സംസാരത്തിനിടക്ക് ന്നെ ഇടക്കിടെ ഒളികണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു....

""" ആ കുട്ടീടെ അനുഭവം നിനക്കും വരണ്ട എന്നു കരുതിയാ ഞാനീ പറയുന്നത്....
ഒരു ചേച്ചീടെ സ്ഥാനത്തു നിന്നുകൊണ്ട് പറയുന്നതായിട്ട് കരുതിയാ മതി.... എത്രേം വേഗം  ഇവടന്ന് പോകുന്നതാ പവിത്രേടെ ജീവന് നല്ലത്..."""

""" ആമി മരിച്ചതല്ല, ആരോ കൊന്നതാന്നാണല്ലോ ഞാനറിഞ്ഞത് """ ഉടനെതന്നെ ഞാൻ ചോദിച്ചു...

""" ആഹ്... അ...അതെ!
പാർത്ഥന്റെ ജാതകദോഷം കൊണ്ടാണ് ആമിക്ക് മരണം സംഭവിച്ചത്....
അതും ഒരു കൊലപാതകത്തിനു തുല്യമാണല്ലോ.... അതാ പറഞ്ഞത് """ രശ്മി വല്ലാതെ വിയർക്കുന്നതു പോലെ നിക്ക് തോന്നി....

""" അതേയ്,  പവിത്രക്കറിയോ...
പാർത്ഥന് അധികനാൾ ഭാര്യ വാഴില്ല....
അയാൾക്ക് ദാമ്പത്യജീവിതം ഈ ജന്മം ശാശ്വതമല്ല.....
ഇത് ഞാൻ പറഞ്ഞതല്ല , അവന്റെ ജാതകം നോക്കി ജോത്സ്യൻ പറഞ്ഞതാ...."""

വലിയൊരു സത്യം പറയുമ്പോലെ,  കണ്ണുകൾ തുറിച്ച് സ്തോപത്തോടെ അവൾ പതിയെ പറയുന്നത് കേട്ട് സത്യത്തിലെനിക്ക് ചിരിയാണ് വന്നത്.....
അത് പുറത്തു കാട്ടാതെ ഞാൻ , കോഫിയെടുത്ത് തിരിഞ്ഞു നടന്നു.....
വാതിൽ പടിയിലെത്തി ഞാനൊന്നു തിരിഞ്ഞു നിന്നു..... പിന്നെ,  രശ്മിയെ നോക്കി ന്റെ അടുത്തേക്കു വരാൻ ആംഗ്യം കാണിച്ചു.....
അവള് മുഖത്തൊരു ചിരിയൊക്കെ ഫിറ്റ് ചെയ്ത് ന്റട്ത്തേക്ക് വന്നു....

""" അതേയ്, ചേച്ചി നിക്ക് സ്വന്തം ചേച്ചീനെ പോലെ തന്നേണ്..... അതോണ്ട് പറയാ ,,

ഒന്നുകിൽ മരണം അല്ലെങ്കി പാർത്ഥേട്ടന്റെ കൂടൊരു ജീവിതം.... 
രണ്ടും തീർച്ചയാക്കീട്ടു തന്ന്യാ ഞാനും വന്നേക്കണത്....
അതോണ്ട് നിങ്ങള്, ന്റെ ജീവനെ ഓർത്ത് ടെൻഷനിടിക്കണ്ടാട്ടോ....
മരിക്കാനായാലും, പാർത്ഥന്റെ പെണ്ണായിട്ടു മരിക്കാൻ നിക്ക് സന്തോഷേ ള്ളൂ....
അതൊരു പുണ്യായിട്ടേ ഞാൻ കാണ്ണുള്ളൂ...""" അവളെ നോക്കി നന്നായൊന്ന് ചിരിച്ചു കാണിച്ച് ഞാൻ മുറിയിലേക്കു നടന്നു....
ഇടയ്ക്കൊന്ന് തിരിഞ്ഞു നോക്കിയപ്പോ,, ന്നെ തന്നെ നോക്കി നിപ്പുണ്ടായിരുന്നു അവള്....
ന്നെ പച്ചയ്ക്ക് തിന്നാനുള്ള ദേഷ്യണ്ടാരുന്നു ആ മുഖത്ത്.....

       ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

ഡോ: വിഘ്നേഷിന്റെ മുറിക്കു പുറത്ത് ഞങ്ങൾ ക്ഷമയോടെ കാത്തിരുന്നു.....
അകത്ത് ഡോക്ടർ, വൈശാലിയെ പരിശോധിച്ചുകൊണ്ടിരിക്കുകയായിരുന്നു.....
കുറച്ചു കഴിഞ്ഞ് ഒരു സിസ്റ്റർ വന്ന് ഞങ്ങളെ അകത്തേക്കു വിളിച്ചു....

മധ്യവയസ്കനായൊരു ആളായിരുന്നു ഡോക്ടർ വിഘ്നേഷ്....

""" ഇരിക്കൂ "" ഡോ: പറഞ്ഞു 

ഞങ്ങളിരുന്നു.... വൈശാലിയെ ആ മുറിയിൽ നിന്നും മറ്റെങ്ങോട്ടോ മാറ്റിയിരുന്നു....

""" ഒരിക്കലും താങ്ങാൻ പറ്റാത്തൊരു കാഴ്ചക്ക് സാക്ഷ്യം വഹിക്കേണ്ടി വരുമ്പോഴോ,, മനപൂർവ്വല്ലാതെ താൻ കാരണം മറ്റൊരാളുടെ ജീവൻ അപകടത്തിലാവുകയോ അങ്ങനെയുള്ള സിറ്റുവേഷൻസിലാണ് സാധാരണയായി  ഇത്തരത്തിൽ ഒരാളിൽ മാനസിക വിഭ്രാന്തി ഉണ്ടാകാറുള്ളത്..... 
വൈശാലിയുടെ കാര്യത്തിലും അങ്ങനെ എന്തോ ഒന്ന് സംഭവിച്ചിട്ടുണ്ട്....""" ഡോക്ടറ് പറഞ്ഞതും , സാറ് ന്റെ മുഖത്തേക്കു നോക്കി....
നിക്കു തോന്നിയ അതേ സംശയമാണ് ഡോക്ടറും പറഞ്ഞത്....

""" അങ്ങനെ എന്തെങ്കിലും ഉണ്ടായതായി നിങ്ങളുടെ ഓർമ്മയിലുണ്ടോ?? """ ഡോക്ടർ ഞങ്ങളെ മാറിമാറി നോക്കി..

""" ഞങ്ങളുടെ ഒരു സംശയം മാത്രമാണ്....
എന്റെ ഭാര്യ ആമി, കുറച്ചു മാസങ്ങൾക്കു മുമ്പ് മരണപ്പെട്ടിരുന്നു.....
ഒരു അപകട മരണം.....
അന്ന്  വൈശാലി അവിടെ ഉണ്ടായിരുന്നു...

മരണം നടന്ന് കുറച്ചു ദിവസങ്ങൾ കഴിഞ്ഞാണ്,  വൈശാലി മാനസികാസ്വാസ്ഥ്യം കാട്ടി തുടങ്ങിയത് എന്നാണ് ഇവരു പറയുന്നത്....""" സുഗന്ധിചേച്ചിയെ നോക്കി സാറ് പറഞ്ഞപ്പോ അതിനെ ശരിവെക്കും വിധം അവരും തലകുലുക്കി.....

""" ശരിക്കൊരു ട്രീറ്റ്മെന്റ് കിട്ടിയിരുന്നെങ്കിൽ, അവൾ എന്നേ സ്വബോധത്തിലേക്ക് തിരിച്ചു വരുമായിരുന്നു.....""" ഡോ: ഓർമ്മിപ്പിച്ചു.

""" അവളടെ അച്ഛനും തലക്ക് സുഖല്യാത്ത ആളാര്ന്ന്..... ആ പാരമ്പര്യാണ് മോളും കാട്ടണത് ന്നാണ് എല്ലോരും പറഞ്ഞത്....
ചികിത്സോണ്ടൊന്നും ഫലല്യാണ്ട് മൂപ്പര് പോയി.... ഇപ്പോ ആറ് കൊല്ലായി! """ സാരിത്തുമ്പ് കൊണ്ട് മൂക്കു തുടച്ച് ചേച്ചി പറഞ്ഞു....
ഞാനവരെ സമാധാനിപ്പിച്ചോണ്ട് പുറത്ത് തട്ടിക്കൊണ്ടിരുന്നു.....

""" വിഷമിക്കണ്ട... നമുക്ക് ഇന്നു തന്നെ വൈശാലിയുടെ ട്രീറ്റ്മെന്റ്റ് തുടങ്ങാം....
അധികം വൈകാതെ തന്നെ അവളെ നമുക്ക് പഴയ ആ മിടുക്കിക്കുട്ടിയായി തിരിച്ചു കൊണ്ടുവരാം.... ഉറപ്പ്! """ ഡോക്ടർ ഞങ്ങൾക്കു വാക്കു തന്നു....

"""നിക്ക് രശ്മിയെ ചില സംശയങ്ങളൊക്കെ ണ്ട് """ സുഗന്ധിചേച്ചിയേയും മോളേയും വീട്ടിലാക്കി വരണ വഴി ഞാൻ പറഞ്ഞു...

""" രശ്മി മാത്രമല്ല,  അവിടെയുള്ള എല്ലാവരും ഇപ്പോ എന്റെ സംശയ ദൃഷ്ടിയിലാണ്..... 
എന്റെ അമ്മ പോലും! """" 

ആള് പറഞ്ഞതു കേട്ട് ഞാൻ ഞെട്ടി....

""" അമ്മ.... അമ്മ അങ്ങനൊന്നും... """

""" ഒന്നും നമുക്ക് നിർവ്വചിക്കാൻ പറ്റില്ല പവീ..
സത്യങ്ങൾ പലപ്പോഴും അങ്ങനെയാണ്.....
ചിരിച്ചു കൊണ്ട് കഴുത്തറുക്കുന്നവരാണ് നമുക്ക് ചുറ്റിലും..... 
അവിടെ ബന്ധങ്ങളില്ല , വെറും ബന്ധനങ്ങൾ മാത്രം!""" സാറ് പറഞ്ഞപ്പോ, അത് വലിയൊരു ശരിയാണെന്ന് നിക്കും തോന്നി....

      ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

ഞാനിവിടെ വന്നിട്ട് ഇന്നേക്ക് ഒരു മാസം കഴിഞ്ഞു.....
അതിനർത്ഥം ന്റെ,  പകുതി ജോലി കഴിഞ്ഞൂന്ന്.... ബാക്കി കൂടി കഴിഞ്ഞാൽ,,, ഞാനിവിടന്ന് വിട പറയും.....

ആരോടും പ്രത്യേകിച്ചൊരു യാത്ര പറച്ചിലിന്റെ ആവശ്യല്ലെങ്കിലും ,, എന്തോ ഓർക്കുമ്പോ  മനസ്സിനൊരു ഭാരം പോലെ....

വെറുതെയൊന്ന് താലിയെ തലോടി....
നെറുകിലെ സിന്ദൂരത്തെ വെറുതെയൊന്നോർത്തു.....
എന്തിനെന്നറിയാതെ ചങ്കൊന്നു പിടച്ചു...
കണ്ണൊന്നു നിറഞ്ഞു.....!

""" ഇവിടെപ്പോഴും വർഷമാണല്ലോ... എന്നാടോ ഇതൊന്ന് പെയ്തൊഴിയുന്നേ?"""
പെട്ടന്നായിരുന്നു ആ ചോദ്യം!

ന്റെ ചിന്തകൾക്കിടയിൽ ആള്ടെ വരവ് ഞാനറിഞ്ഞില്ലായിരുന്നു.....
ഞാനൊന്നു പിറകോട്ടു മാറി....
ആ മുഖത്തേക്കു നോക്കി വെറുതെയൊന്ന് ചിരിയ്ക്കാൻ ശ്രമിച്ചു.....

""" വീടും വീട്ടുകാരുമൊക്കെ വല്ലാതെ മിസ് ചെയ്യുന്നുണ്ടല്ലേ തനിക്ക്  ??

സാരമില്ലെടോ.... 
ഏകദേശം നാളത്തോടെ നമുക്ക് പലതിനുമുള്ള ഉത്തരം കിട്ടും.... നാളെയല്ലേ വൈശാലിയെ കൂട്ടി ഡോക്ടർ ചെല്ലാൻ പറഞ്ഞ ദിവസം....
അങ്ങനെയാണെങ്കിൽ,, തനിക്ക് അധികം വൈകാതെ തന്നെ തിരിച്ചു പോകാം.....
രണ്ടു മാസത്തെ എഗ്രിമെന്റിനൊന്നും കാത്തു നിൽക്കേണ്ടി വരില്ല! """

ന്നെ ആശ്വസിപ്പിക്കാണ് സാറത് പറഞ്ഞതെങ്കിലും ,, ന്റെ മനസ്സിനെയത് കൂടുതൽ തളർത്തുകയാണ് ചെയ്തത്.....
എന്തിനാണീ പേരറിയാത്ത നൊമ്പരമെന്ന് നിക്ക് മനസ്സിലാവണില്ലല്ലോ ന്റെ കൃഷ്ണാ.....

""" സത്യം പറഞ്ഞാ, തന്നെ കണ്ടുമുട്ടിയതിൽ ഇപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ആരാന്നറിയോ തനിക്ക്? 

ന്റെ ആമിയായിരിക്കും!
അവളുടെ ആത്മാവിന്റെ സന്തോഷത്തിനു വേണ്ടി എനിക്കു നൽകാവുന്നതിൽ വച്ച് ഏറ്റവും വലിയ സമ്മാനമായിരിക്കും , അവളുടെ ഘാതകന്റെ മരണം!

അവൾക്കു വേണ്ടി.....
ഞങ്ങളുടെ പൊലിഞ്ഞു പോയ സ്വപ്നങ്ങൾക്കു വേണ്ടി....
ഞങ്ങൾക്കു പിറക്കാതെ പോയ ഞങ്ങളുടെ കുഞ്ഞുങ്ങൾക്കു വേണ്ടി.....
ഞാനതു ചെയ്തിരിക്കും..... 
അവന്റെ ചോര ഈ മണ്ണിൽ വീഴ്ത്തിയിരിക്കും.....! """"

വിടപറഞ്ഞു പോയെങ്കിലും, ആമിയോട് സാറിനുള്ള അടങ്ങാത്ത പ്രണയത്തിന്റെ ആളിക്കത്തലായിരുന്നു ഞാനവിടെ കണ്ടത്....
ആ അഗ്നിയെ ശമിപ്പിക്കാൻ , ന്റെ കണ്ണീരിനും കഴിവില്ലെന്ന് തിരിച്ചറിയുകയായിരുന്നു ഞാൻ....!

     ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

ഡോക്ടറുടെ സാനിധ്യത്തിലാണ് വൈശാലി അവളുടെ ഉപഭോഗമനസ്സിനെ ഞങ്ങൾക്കു മുന്നിൽ തുറന്നു വച്ചത്....
നേരിൽ കാണേണ്ടി വന്ന ആമിയുടെ മരണ രംഗം അവൾ ഞെട്ടലോടെ വെളിപ്പെടുത്തി....

ഞാൻ സംശയിച്ചതു സത്യമായിരുന്നു....
അവൾ ഉച്ചരിച്ച പേര് രശ്മിയുടേതായിരുന്നു!

സാറിന്റെ കണ്ണുകൾ കോപംകൊണ്ടു ജ്വലിച്ചു....
അതിൽ നിന്നും വമിച്ച അഗ്നിനാളങ്ങൾക്ക് സർവ്വവും ചുട്ടു ചാമ്പലാക്കാൻ തക്ക ശക്തിയുള്ളതായി നിക്ക് തോന്നി....

എങ്ങനെയാണ് വീടുവരെ എത്തിയതെന്ന് നിക്ക് ഇപ്പഴും നിശ്ചയല്യ....
ആളുടെ കാറ് നിരത്തിലൂടെ ഓടുകയല്ല, വായുവിലൂടെ പറക്കുവാരുന്നു.....!

ഡോറ് വലിച്ചു തുറന്ന് അകത്തേക്ക് പാഞ്ഞു ചെന്നു....
വലിയ ഹാളിനു ഒത്ത നടുവിൽ നിന്നുകൊണ്ട് ഉറക്കെ അലറി വിളിച്ചു 

""" രശ്മീ......! """"

ശബ്ദം കേട്ട് ഓടിയടുത്തവരിൽ രശ്മിയുമുണ്ടായിരുന്നു..... അവളുടെ കണ്ണുകളിൽ ഭയത്തിന്റെ നെരിപ്പോട് ഞാൻ കണ്ടു....
ചോദ്യോം പറച്ചിലും ഒന്നും ഉണ്ടായില്ല! 
നേരെ ചെന്ന് സാറവളുടെ കഴുത്തിനു കുത്തിപ്പിടിച്ചു....

""" നീ... നീയാണോടീ എന്റെ ആമിയെ കൊന്നത്? 
പറയെടീ.... പറയാൻ"""  

ശ്വാസം കിട്ടാതെ,  ഞരമ്പുകൾ വലിഞ്ഞ് കണ്ണുകൾ തുറിച്ച്,  കിടന്നു പിടയുമ്പോഴും,,, സാറ് അവളിൽ പിടി മുറുക്കിക്കൊണ്ടിരുന്നു.....

തടയാനായി പലരും മുന്നോട്ടു ചെന്നെങ്കിലും, ആളുടെ ദഹിപ്പിക്കുന്ന ഒരു നോട്ടം മതിയായിരുന്നു അവരെ പിന്നോട്ടു വലിക്കാൻ....

""" വേണ്ട.... വേണ്ട ഏട്ടാ... അവളെ കൊല്ലണ്ട! """ ഞാൻ കരച്ചിലോടെ സാറിന്റെ  കയ്യിൽ പിടുത്തമിട്ടെങ്കിലും...,,, സാറെന്ന
ദേഷ്യത്തോടെ തള്ളി താഴേക്കിട്ടു....

പക്ഷേ,,, നിക്കാ മനുഷ്യനെ യഥാർത്ഥിലൊരു കൊലയാളിയായി കാണാൻ കഴിയുമായിരുന്നില്ല....
വീണ്ടും ഭ്രാന്തമായൊരു ലോകത്തേക്ക് ആളെ പറഞ്ഞു വിടാൻ കഴിയുമായിരുന്നില്ല...

വീണിടത്തു നിന്നും ഞാൻ വീണ്ടും എണീറ്റോടി..... ആ കാലുകളിൽ മുറുകെപ്പിടിച്ചു.....
വേണ്ടെന്ന് യാചനയുടെ ഭാഷ്യത്തിൽ പറഞ്ഞെങ്കിലും, അതൊന്നും ചെവി കൊള്ളാതെ ,,, അവളുടെ അവസാന ശ്വാസത്തിനു വേണ്ടിയുള്ള ആവേശത്തിലായിരുന്നു സാറ്.....!

""" അവളെ വിട്ടേക്ക് ഏട്ടാ.... കൊല്ലണ്ട!
അവൾക്കുള്ളത് ദൈവം കൊടുത്തോളും...""
കരഞ്ഞുകൊണ്ട് ഞാൻ, കൂടുതൽ ബലമായി കാലിലെ പടിമുറുക്കി.....
അതിൽ ആൾക്ക് അടിയൊന്നു പതറി....
രശ്മിയുടെ കഴുത്തിലെ പിടിയൊന്നഴഞ്ഞു....
അവൾ അവശയായി , ചുമച്ചുകൊണ്ട് ശ്വാസമെടുക്കാൻ പാടുപെട്ട് താഴേക്കിരുന്നുപോയി....

സാറിന്റെ ദേഷ്യം മുഴുവനും എന്നിലേക്കായി...
വർധിച്ച കോപത്തോടെ, നിലത്തിരുന്ന ന്നെ പിടിച്ചു നിര്‍ത്തി ഇരു കവിളിലും ആഞ്ഞടിച്ചു....
അടിയുടെ ആഘാതത്തിൽ ഞാൻ നിലത്തേക്ക് വേച്ചു പോയി.....

""" നീയാരാടീ എന്നെ ഉപദേശിക്കാൻ....
എന്റെ കാര്യത്തിൽ ഇടപെടാൻ എന്ത് അവകാശമുണ്ട് നിനക്ക് ??
ഈ താലീടെ ബലത്തിലാണ് നീയിതൊക്കെ ചെയ്യുന്നതെങ്കി,, ഇനി ഇത് നിന്റെ കഴുത്തില് വേണ്ടാ....
ഞാനിതിങ്ങ് അഴിച്ചെടുക്കുവാ...""" പറഞ്ഞു മുഴുമിക്കുംമുമ്പേ, ന്റെ കഴുത്തിലെ മഞ്ഞച്ചരട് പൊട്ടിച്ചെടുത്ത് ദൂരെ കളഞ്ഞു സാറ്.....

അവകാശത്തോടെ, ആഗ്രഹത്തോടെ കെട്ടിയതല്ലെങ്കിലും ന്റെ ചങ്ക് പിടഞ്ഞുപോയി.....
രക്തം പൊടിഞ്ഞുപോയി!

""" ഇവള്... ഇവള് ആരാന്നറിയോ നിനക്ക്?
എന്റെ ആമിയെ.... എന്റെ പ്രാണനെ ഇല്ലാതാക്കിയവളാ..... 
എന്റെ ജീവിതം തകർത്തവളാ....
നീയല്ല, ദൈവം തമ്പുരാൻ വന്നു പറഞ്ഞാലും ഇവൾക്ക് ഈ പാർത്ഥൻ മാപ്പു കൊടുക്കില്ല....
അങ്ങനെ ചെയ്താൽ , ന്റെ ആമീടെ ആത്മാവ് എന്നോട് പൊറുക്കില്ല! """ ഉറഞ്ഞു തുള്ളുന്ന ദേഷ്യത്തിനിടയിലും, ആള്ടെ മനസ്സൊന്നു പതറുന്നത് ഞാനറിഞ്ഞു....

""" ഒന്നു നിർത്തുന്നുണ്ടോ.. എന്തു പറഞ്ഞാലും, എന്റെ ആമി എന്റെ ആമി.....
ഇങ്ങനെ വാഴ്ത്തിപ്പാടാൻ മാത്രം എന്തു മഹത്വമാടോ താനവളിൽ കാണുന്നത്??? """ രശ്മിയുടേതായിരുന്നു ആ ശബ്ദം!

""" മിണ്ടരുത് നീ....
എന്റെ ആമീടെ പേര് ഉച്ചരിക്കാനുള്ള യോഗ്യതയുണ്ടോടീ നിന്റെയീ പിഴച്ച നാവിന്??
നീയൊക്കെ നൂറു കൊല്ലം പുനർജനിച്ചാലും അവളുടെ ഏഴയലത്ത് നടക്കാനുള്ള യോഗ്യത പോലും കാണില്ല നിനക്ക്....
അത്രയ്ക്ക് മഹത്വമുണ്ടെടീ എന്റെ ആമിക്ക്..."""" 

സാറ്,  രശ്മിക്ക് തക്കതായ മറുപടി കൊടുത്തെങ്കിലും, അവളുടെ ചുണ്ടിൽ കണ്ടത്  പുച്ഛവും പരിഹാസവും കലർന്ന ചിരിയായിരുന്നു.....

""" മഹത്വം!

തനിക്കെന്തറിയാടോ അവളെ കുറിച്ച്..??
 അവളെപോലെ ഇത്രേം തരംതാണൊരു പെണ്ണ് ഈ ഭൂലോകത്ത് വേറെ കാണത്തില്ല!
അവളേയ്, നിനക്കൊക്കെ ചിന്തിക്കാവുന്നതിലും അപ്പുറത്തെ ഉഡായിപ്പാ.....
ചുരുക്കി പറഞ്ഞാൽ ,, എ തേഡ് റേറ്റ് ഫ്രോഡ്!  """ 

രശ്മിയതു പറഞ്ഞതും, പല്ലുകൾ കൂട്ടി ഞെരുക്കി ക്രോധത്തോടെ ,സാറ് അവളുടെ അടുത്തേക്ക് പാഞ്ഞു ചെന്നു....
കരണം പുകയ്ക്കാനായി കയ്യുയർന്നതും രശ്മി തടഞ്ഞു 

""" തൊട്ടുപോകരുതെന്നെ! """ 
കുറച്ചു മുമ്പ് കണ്ട രശ്മിയായിരുന്നില്ല അവളപ്പോൾ......

""അവളെ പറഞ്ഞതിന്റെ അമർഷമാണ് എന്റെ ദേഹത്ത് തീർക്കുന്നതെങ്കിൽ കേട്ടോ ,
അവളെ താൻ കാണുന്നതിനും പരിചയപ്പെടുന്നതിനുമൊക്കെ ഒരുപാട് മുമ്പ് എനിക്കവളുമായി ബന്ധമുണ്ടായിരുന്നു.....
ഒരേ കോളേജിൽ ഒരേ ബെഞ്ചിലിരുന്ന് ഒന്നിച്ചു പഠിച്ചവരാ ഞങ്ങള്.....

അവള് പക്ഷേ,  താൻ പറയുന്നതു പോലെ തൊട്ടാവാടിയായ പാവം ആമിയായിരുന്നില്ല......
തന്റേടിയും തന്നിഷ്ടക്കാരിയും, "തലതെറിച്ചവളെന്ന്" കോളേജ് മൊത്തം വിളിക്കപ്പെടുന്ന,, ഞങ്ങളുടെ ജെനി....
 അന്ന ജെന്നിഫർ....! 
അതാ അവളുടെ യഥാര്‍ത്ഥ പേര്....

നീ കരുതുന്നതു പോലെ , നിന്നോടുള്ള ദിവ്യപ്രേമം മൂത്ത് , അനുരാഗ വിവശയായി നിന്റെ താലിയും  നെഞ്ചിലെ ചൂടും കൊതിച്ച് വലതുകാൽ വച്ച് വന്നതൊന്നുമല്ല അവളിവിടെ......
അവളുടെ വരവന് വ്യക്തമായൊരു ലക്ഷ്യമുണ്ടായിരുന്നു.....!

എനിക്ക്.... എനിക്കു വേണ്ടിയാ അവളീ നാടകങ്ങളൊക്കെ കളിച്ചത്.....
നിന്നോട് പറഞ്ഞതും , കാണിച്ചതുമെല്ലാം പച്ച കള്ളമായിരുന്നു.....
എല്ലാം വെറും അഭിനയം മാത്രായിരുന്നു....."""

കേട്ടതൊന്നും വിശ്വസിക്കാനാവാതെ നിൽക്കുവാരുന്നു ഞങ്ങൾ.....
സാറും ഒന്നും ഉളകൊണ്ടിട്ടില്ലെന്ന് ആ മുഖത്തൂന്ന് നിക്ക് മനസ്സിലായി.....

""" പറഞ്ഞതൊന്നും പാർത്ഥന് വിശ്വാസായിട്ടില്ലെങ്കിൽ,, ഇങ്ങോട്ടു നോക്ക്,, ഈ ഫോട്ടോസ്....
ഇയാള് കണ്ടിട്ടുള്ള , സാരിയും ചേലയും മാത്രം ചുറ്റി ശീലിച്ച നാടൻ പെൺകൊടിയാണോ ഇതിലുള്ളതെന്ന് ഒന്നു കണ്ടു നോക്ക്.... """
രശ്മി  ഉയർത്തിപ്പിടിച്ച മൊബൈൽ സ്ക്രീനിൽ മാറിമാറി വന്ന ആമിയുടെ അർധ നഗ്നമായ ചിത്രങ്ങൾ,, അവളുടെ വാദത്തെ നൂറുശതമാനം ശരിവെക്കുന്നതായിരുന്നു.....

ഒന്നും മിണ്ടാനാകാതെ ശിലപോലെ നിൽക്കുകയായിരുന്നു സാറ്!
ആ നിൽപ്പ്, മറ്റാരേക്കാളും ന്നെ തകർത്തു കളഞ്ഞു.....
ഇടയ്ക്കൊന്ന് നോട്ടം തെന്നിയപ്പോൾ,,, കണ്ണീരോടെ തളർന്നു വീഴാൻ ഭാവിച്ചു നിൽക്കുന്ന സാറിന്റെ അമ്മയേയും കണ്ടു....

""" തന്നെ വളച്ചൊടിച്ച്, സർവ്വ സ്വത്തും എന്റേയും അച്ഛന്റേയും പേരിലാക്കിത്തരാമെന്നായിരുന്നു അവളുടെ വാക്ക്!
പക്ഷേ,,, വന്നു കയറിയ അന്നു തന്നെ അവളാ വാക്കു ലംഘിച്ചു....
ഇനിയൊരിക്കലും , ഇതൊന്നും എനിക്ക് കണികാണാൻ പോലും കിട്ടത്തില്ലെന്നും, സർവ്വ സ്വത്തും അവൾക്കു മാത്രമാണെന്നും അവളെന്നോട് വാദിച്ചു.....

അത് പറഞ്ഞ് ഞങ്ങൾ തമ്മിൽ തർക്കിച്ചു....
വാക്കേറ്റം നടന്നു.... അടിപിടിയായി.....
കൊല്ലണമെന്ന് കരുതിയതല്ല....
പക്ഷേ,,, പറ്റിപ്പോയി !
ഞാനവളെ പിടിച്ചു തള്ളിയപ്പോ ,ഭിത്തിയിൽ തലയിടിച്ച് അടിതെറ്റിയാണ് അവള് താഴേക്കു വീണത്....
താഴേക്കെത്തും മുമ്പേ, അവളുടെ ജീവൻ പോയിരുന്നു.....! """ അതു പറയുമ്പോഴും,, രശ്മിയുടെ കണ്ണൊന്നു നനയാതിരുന്നതാണ് ന്നെ ഏറെ അതിശയിപ്പിച്ചത്.....

കൊല്ലാനോ കൊലവിളിക്കാനോ കെൽപ്പില്ലാതെ,  തല കുമ്പിട്ടിരിക്കുന്ന ന്റെ സാറിന്റെ മുഖം കാണേ,, നിക്കു കിട്ടിയ അടിയുടെ  വേദനയെല്ലാം ഞാൻ മറന്നു....
ഓടിച്ചെന്ന് ആ ശരീരത്തോട് ചേർന്നിരിക്കണമെന്നും, ആ കണ്ണീരൊപ്പണമെന്നും ഞാൻ വല്ലാതാശിച്ചു...

പ്ഠേ....!

രശ്മിയുടെ കവിളത്തു പതിഞ്ഞത് സാറിന്റെ അമ്മയുടെ വലങ്കയ്യായിരുന്നു......!

""" ഇപ്പോ ഇറങ്ങിക്കോളണം എല്ലാരും ഇവടന്ന്.... ഇനി ഇങ്ങനൊരു കൂടപ്പിറപ്പുകളോ മരുമക്കളോ എനിക്ക് വേണ്ട.....
ന്റെ കുട്ടി ഇന്നോടൊന്ന് പറഞ്ഞിരുന്നെങ്കി, നിങ്ങളൊക്കെ എന്നേ പടിയിറങ്ങേണ്ടതായിരുന്നു.....
പക്ഷേ,  അവനത് ആവശ്യപ്പെടാതിരുന്നത് നിങ്ങളെ പേടിച്ചിട്ടല്ല, മറിച്ച് എന്നെ ഓർത്തിട്ടാ.... ന്റെ മനസ്സ് വേദനിച്ചാലോ എന്ന് കരുതീട്ടാ.....
ഇനി എനിക്ക് ആരും വേണ്ട, എനിക്ക് ന്റെ മോനും അവന് ഞാനു മാത്രം മതി.....!
ദ്രോഹിച്ച് മതിയായെങ്കി ഒന്ന് പോയിത്തരോ എല്ലാരും...."""

തേങ്ങലോടെ അമ്മ, അകത്തേക്കു പോയതും, സാറ് മുകളിലേക്ക് ഓടിക്കയറുന്നതു കണ്ടു....
നിക്കെന്തോ വല്ലാത്ത പേടി തോന്നി....
ആ  മനസ്സ് വീണ്ടും കടിഞ്ഞാണില്ലാതെ കുതിച്ചു ചാടുമോ എന്നു ഞാൻ ഭയപ്പെട്ടു....
വേദന മറന്ന് ഞാനും പിന്നാലെയോടി....

മുറിക്കരികിലേക്കെത്തുമ്പോഴേ കേട്ടു,
അകത്തെന്തൊക്കെയോ വീണുടയുന്ന ശബ്ദം......

ന്റെ കൃഷ്ണാ കാത്തോളണേ.....!

പാർത്ഥന്റെ പെണ്ണ്! 7️⃣

അകത്തേക്കു കടന്നതും നിലത്തു ചിന്നിച്ചിതറിയ ചില്ലിൽ നിന്നും ചെറിയൊരു ചീളെന്റെ കാലിൽ തുളഞ്ഞു കയറി...

""ഹൗവ്വ്.."" അറിയാതെ വേദനയുടെ സീൽക്കാരമുയർന്നു....

അപ്പോഴും ആള് സംഹാര താണ്ഢവത്തിലായിരുന്നു.....
ഫ്ലറർവേസും , ബെഡ്ലാമ്പും അലമാരച്ചില്ലുവരെ ആൾടെ പകയിൽ രക്തസാക്ഷികളായി മാറിയിരുന്നു....

""" സാർ "" ഞാൻ ദയനീയമായി വിളിച്ചു...

കനലെരിയുന്ന ഒരു നോട്ടമായിരുന്നു!
"" ഇനി, നിനക്കെന്താ വേണ്ടത്....
ദാ, എന്റെ ജീവൻ കൂടി ബാക്കിയുണ്ട് എടുത്തോ..... അതോടെ പാർത്ഥന്റെ അധ്യായം ഇവിടെ അവസാനിക്കട്ടെ! """

""" അങ്ങനൊന്നും ന്നോട് പറയല്ലേ സാർ... നിക്ക്... നിക്കൊന്നും വേണ്ട....
സാറിനെ ഇങ്ങനെ കാണണേല്ള്ള സങ്കടം മാത്രേ നിക്ക്ള്ളൂ.... """ ഞാൻ പറഞ്ഞു. 

""" വെറുതേണ്... ഒക്കെ വെറുതേണ്....
എല്ലാരും അഭിനയിക്കാ....
സഹതാപം നടിച്ച്... സ്നേഹം നടിച്ച്.... ആർക്കും ന്റെ മനസ്സ് വേണ്ട... സ്നേഹോം വേണ്ട.... എല്ലാർക്കും പണം മാത്രം മതി...
പണം മാത്രം!

നിനക്കും അതേ....
നീയും അഭിനയിക്കണത് ന്റെ പണത്തിന് വേണ്ടീട്ടു മാത്രാണ്.....
ഈ കാണിക്കുന്ന സ്നേഹൊക്കെ കപടാണ്...
വെറും നാട്യം....!
വീണ്ടും വീണ്ടും എന്നെയൊരു വിഡ്ഢിയാക്കാനുള്ള നാട്യം.....

പൊയ്ക്കോ.... ആരേയും കാണണ്ടെനിക്ക്....
ആരും എന്നെയോർത്ത് ദുഃഖിക്കേം വേണ്ട! 
തീർന്നു.... ഇന്നത്തോടെ,  ഇവിടെ വച്ച് എല്ലാം തീർന്നു....""" ന്റെ മുഖത്തേക്കു നോക്കാതെ അത്രയും പറഞ്ഞ് ആള്, ഷെൽഫ് തുറന്ന് എന്തോ ന്റെ മുഖത്തേക്കെറിഞ്ഞു.....

""" ഇന്നാ എടുത്തോ... എന്നിട്ട് വേണ്ടത് എത്രയാന്നു വച്ചാ എഴുതിയെടുത്തോ.....
പിന്നെ, കണ്ടേക്കരുത് ഇവിടെ.....
എടുക്കാനുള്ളതൊക്കെ എടുത്ത് ഇറങ്ങിയേക്കണം ഇവിടന്ന്.....  ഇനിയൊരു പറച്ചില് ഉണ്ടാകില്ല! """"

നിക്കു നേരെ പരുഷമായൊരു നോട്ടമെറിഞ്ഞ് സാറ് പുറത്തേക്കു പോയി....

കരഞ്ഞു പോയിരുന്നൂ ഞാൻ.....

ഒക്കെ അഭിനയാണത്രേ.... നാട്യാണത്രേ....
ആണോ...?
ഈ പവീടെ കണ്ണീര് വെറും കള്ളത്തരാണോ..
സ്നേഹിക്ക്യായിരുന്നില്ലേ ഞാൻ.....
ആരാധിക്ക്യായിരുന്നില്ലേ ഞാൻ.....
എന്നിട്ടും....
എന്നിട്ടും... ന്തേ ന്റെ മനസ്സ് മനസ്സിലാക്കാതെ പോയേ.....

പിടച്ചിലോടെ താഴേക്കിരുന്നുപോയി ഞാൻ....
കാൽചോട്ടില് കിടന്ന, സാറ് എറിഞ്ഞു തന്ന ബ്ലാങ്ക് ചെക്ക് ന്നെ പുച്ഛത്തോടെ നോക്കുംപോലെ.....

ആള് പറഞ്ഞതു നേരാണ്....
കൊതിച്ചു വന്നത് ആൾടെ പണം തന്നേണ്....
അഭിനയിച്ചതും, കൂടെ നിന്നതും ആ പണത്തെ മാത്രം മോഹിച്ചാണ്.....
പക്ഷേ....,,,
ഇപ്പോ കൊതിക്കണത് ഇത്തിരി സ്നേഹത്തിനാണ്.....
പ്രണയം നിറച്ചൊരു നോട്ടത്തിനാണ്.....
മുമ്പ് നൽകിയ അതേ കരുതലിനാണ്.....!

നീയെങ്കിലും അറിയണുണ്ടോ കൃഷ്ണാ ന്റെ ഉള്ളിലെ പിടച്ചില്......
ഒത്തിരി ഗോപികമാര്ടെ ഉള്ളം കവർന്നോനല്ലേ നീയ്...... അറിയാതെ പോവാണോ നീയും ന്റെ മനസ്സ്.....

കരഞ്ഞ് കണ്ണീരു വറ്റിയിരുന്നു ന്റെ....
ബാഗുമെടുത്ത് പുറത്തേക്കിറങ്ങുമ്പോ കണ്ടു
ഓരോരുത്തരായി പടിയിറങ്ങണത്.....!
രശ്മിയെ സ്വീകരിക്കാൻ മാത്രം പ്രത്യേകം ചിലരുണ്ടായിരുന്നു....
കേരളാ പോലീസ്! 
കയ്യാമം വച്ച് അവളെ, പോലീസുകാര് കൊണ്ടു പോകുമ്പോ ഓർത്തുപോയത് ഈ വരികളാണ്.....

""താന്താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ....
താന്താൻ അനുഭവിച്ചീടുകന്നേ വരൂ......""

എല്ലാവര്ടേം ഊഴം കഴിഞ്ഞു....
സ്വയം ചെയ്തുവച്ച കർമ്മഫലങ്ങളുടെ ഭാണ്ഡവും പേറി ഓരോരുത്തരും പടിയിറക്കപ്പെട്ടു!
അടുത്തത് ഞാനാണ്.....
സ്നേഹ ബന്ധനത്തിന്റെ ചങ്ങലയിലടിമപ്പെട്ട്,
ചലിക്കാനാവാതെ നിൽക്കുകയാണു ഞാൻ..

ഒരു മടക്കം എന്നും അനിവാര്യമാണ്.....
പഠിപ്പിച്ചിട്ടും, പഠിക്കാത്തതെന്തേ ന്റെ മനസ്സ്.......

അമ്മേനെ ഒന്നു കാണണം ന്ന് ണ്ടാരുന്നു.....
എല്ലായിടത്തും കണ്ണോടിച്ചു.....
കണ്ടില്ല!
അല്ലെങ്കിലും അതിന്റെ ആവശ്യമില്ല.....
ഞാനിവിടെ ആർക്കും ആരുമല്ല!

കരയരുതെന്ന് നൂറാവർത്തി മനസ്സിലുറപ്പിച്ചിട്ടും,, പിന്നേയും കരഞ്ഞു പോവാണ്.....
കണ്ണ് അമർത്തിത്തുടച്ചു.....
ബാഗ് കയ്യിലെടുത്തു.... പതിയെ നടന്നു...

പെട്ടന്ന് അമ്മ ഓടിവരണതു കണ്ടു....
ധൃതിപ്പെട്ട് കാറിനടുത്തേക്കു കയറുന്നുണ്ട്....
കണ്ണുകൾ നിറഞ്ഞിട്ടുണ്ട്.....

""" എന്താ... ന്താമ്മേ പറ്റീത്? """ പിന്തിരിഞ്ഞ് വ്യാകുലതയോടെ ചോദിച്ചു.

""" പാർത്ഥന്... പാർത്ഥനെന്തോ അപകടം പറ്റീന്ന്....""" പറഞ്ഞതും , ഡ്രൈവറോട് വണ്ടിയെടുക്കാൻ ആവശ്യപ്പെടുന്നതു കണ്ടു..

""" ഞാൻ... ഞാനും കൂടി പോന്നോട്ടേ?? നിക്കൊന്ന് കണ്ടാമതി "" ചോദിക്കാതിരിക്കാൻ തോന്നിയില്ല!

ഒന്നും പറഞ്ഞില്ലെങ്കിലും, ഡോറ് തുറന്നു തന്നു.....
യാത്രയിലത്രയും ഞാൻ പ്രാർത്ഥനയിലായിരുന്നു.....

"" ന്റെ കൃഷ്ണാ... കാത്തോളണട്ടോ ""

           🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

""" ഇത്രയ്ക്ക് ടെൻഷനടിക്കാൻ മാത്രം ഒന്നൂല്ല പത്മാമ്മേ.... അവന് ചെറിയ പരിക്കുകളേ ഉള്ളൂ.... ഇന്നൊരു ദിവസം ഒബ്സർവേഷനിൽ കിടന്നിട്ട് നാളെ വീട്ടിൽ പോകാം....""" അമ്മയെ ചേർത്തു പിടിച്ച് ഡോക്ടർ പറയുന്നതു കേട്ടു....
സാറിന്റെ ഫ്രണ്ടാണെന്ന് തോന്നുന്നു ആ ഡോക്ടറ്.....

""" ഇതിപ്പോ എതിരെ വന്ന വണ്ടിക്കാരന്റെ ശ്രദ്ധ ഒന്നുകൊണ്ട് മാത്രാ.... അല്ലെങ്കി കാണാരുന്നു..... അവന്റെ സ്പീഡ് നമുക്കൊക്കെ അറിയാവുന്നതല്ലേ..... """ ചിരിച്ചു കൊണ്ട് പറഞ്ഞ്, ഡോക്ടറ് എന്നെയൊന്നു നോക്കി....

""" ഈ കുട്ടി  ?? """

അമ്മ ഒന്നും പറയാതെ ന്റെ മുഖത്തേക്കു നോക്കി.... എന്ത് മറുപടി കൊടുക്കണംന്ന് നിക്കും അറീല്യാരുന്നു.....

""" പാർത്ഥന്റെ ഓഫീസിലെ സ്റ്റാഫാ """ അമ്മ തന്നെ മറുപടി കണ്ടെത്തി....
ഭാര്യയാന്നു പറയാൻ അമ്മയ്ക്ക് മടി തോന്നി കാണും.....

മണിക്കൂറുകളുടെ ഇരിപ്പ് തുടർന്നു.....
ഇടയ്ക്ക് അമ്മ ,ഉള്ളിൽ കയറി മകനെ കണ്ടു.....
ഞാൻ , ഡോറിന്റെ ഇത്തിരി വട്ടത്തിലൂടെ ഇടയ്ക്കിടെ  ഉള്ളിലേക്കു നോക്കി.....
ആ കിടപ്പ് കാണുന്തോറും ന്റെ മനസ്സ് മരിച്ചു...

""" ഇന്നാ ഇത് കഴിച്ചോ """

അമ്മ ഒരു പൊതിയെന്റെ നേർക്കു നീട്ടി....

"" നിക്ക് വേണ്ട, വെശപ്പില്ല! "" ഞാൻ പറഞ്ഞു 

""" അവനു വേണ്ടിയിനി മറ്റാരും പട്ടിണി കിടക്കണ്ട , ഇതു പിടിക്ക് """" ബലമായി ന്റെ കയ്യിൽ പൊതി വച്ചുതന്നിട്ട് അമ്മ കുറച്ചകലെയായി മാറിയിരുന്നു.....

ന്റെ ചുണ്ടുകൾ വിതുമ്പി....
കയ്യിലിരുന്ന പൊതിച്ചോറിലേക്ക് കണ്ണുനീർ ഒലിച്ചിറങ്ങി.....
അപ്പോഴും ന്റെ  നെഞ്ചില്, അകത്തു കെടക്കണ ആള്ടെ വേദന മാത്രേ ണ്ടാരുന്നുള്ളൂ.....!

പരസ്പരം ഒന്നും മിണ്ടാതെ ഞാനുമമ്മയും നീളൻ കസേരയുടെ രണ്ടറ്റങ്ങളിലായിരുന്ന് നേരം വെളുപ്പിച്ചു....
രാവിലെ ഡോക്ടറു വന്നപ്പോൾ, ഡിസ്ചാർജ് എഴുതിത്തന്നു.....
ന്നെ കാണുമ്പോഴുള്ള ആൾടെ പ്രതികരണം ന്തായിരിക്കും എന്നോർത്ത് നിക്ക് പേടിണ്ടാരുന്നു.....

""" നിന്റെ ജോലി കഴിഞ്ഞില്ലേ , ഇനി പൊയ്ക്കൂടേ നെനക്ക്  ?? """ 

അമ്മയുടെ ചോദ്യമെന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു....

""" അമ്മേ ഞാൻ.... സാറിന്റെ ഈ അവസ്ഥേല്.... """

""" അവന്റെ ഒരവസ്ഥയും കുട്ടിയെ ബാധിക്കണതല്ല.... അവനെ കൊണ്ടു വരുന്നതിനു മുമ്പ് കുട്ടി പൊക്കോളൂ...""" തികഞ്ഞ ഗൗരവമായിരുന്നു ആ മുഖത്ത്....

""" ഞാൻ... ഞാനൊന്നു കണ്ടോട്ടെ സാറിനെ.. ഒറ്റ പ്രാവശ്യം.... ഒറ്റ പ്രാവശ്യം മാത്രം!
പിന്നെ ഞാൻ പൊയ്ക്കോളാം.... നിക്കൊന്ന് കണ്ടാ മാത്രം മതി....! """" ഞാൻ കെഞ്ചുകയായിരുന്നു....

അമ്മ ഒന്നും മിണ്ടിയില്ല! 
ഇനി എതിർത്താലും ഞാനവിടെ നിൽക്കുമായിരുന്നു.....
ഇങ്ങനെ അവസരം നിഷേധിക്കാൻ മാത്രം ഞാൻ ചെയ്ത തെറ്റെന്താണെന്ന് ചോദിക്കുമായിരുന്നു.....!

അപ്പോഴേക്കും, സാറിനെ സ്ട്രെക്ചറിലിരുത്തി ഒരു നേഴ്സ് ഞങ്ങളുടെ അരികിലേക്ക് വന്നു....
കണ്ണുകൾ നിറഞ്ഞ്, ന്റെ കാഴ്ച അപൂർണ്ണമായിരുന്നു.....
ആള് അമ്മേ നോക്കി ചിരിയ്ക്കാൻ ശ്രമിക്കുന്നതും, അമ്മ മോനെ മുഖത്ത് തഴുകുകയും ഉമ്മ വെക്കുന്നതുമെല്ലാം ഞാൻ അല്പം മാറിനിന്ന് വീക്ഷിച്ചു.....

പിന്നെ പതിയെ അടുത്തേക്ക് ചെന്നു....
ന്നെ, പ്രതീക്ഷിച്ചില്യാന്നു തോന്നണു ആ മുഖം കാണുമ്പോ.....
ഞാനുമൊന്ന് ചിരിയ്ക്കാൻ ശ്രമിച്ചു....
തെളിച്ചമില്ലാത്തൊരു ചിരി!

""" പോവാനിറങ്ങീതാണ്....അപ്പഴാ വയ്യാന്നു കേട്ടത്.... വരാതിരിക്കാൻ മനസ്സ് അനുവദിച്ചില്ല്യ.....
അധികൊന്നും പറ്റീല്യാലോ.... സന്തോഷായി..
ഇനി പോവാണ്..... പോണേനു മുന്നേ ഇതൊന്ന് തരണന്നുണ്ടായി....""" ബാഗ് തുറന്ന് ആള് തന്ന ഒഴിഞ്ഞ ചെക്കെടുത്ത്, തിരികെ ആ കയ്യിൽ തന്നെ വച്ചുകൊടുത്തു....

""" തന്നിഷ്ടം കാണിക്ക്യാന്ന് തോന്നര്ത്.... ഇത് നിക്ക് വേണ്ട! 
സാറ് പറഞ്ഞപോലെ പണത്തിനു വേണ്ടീട്ടന്നേണ് കൂടെ വന്നതും വേഷം കെട്ടീതും.... പക്ഷേ, , അപ്പഴും നിക്കൊരു സത്യണ്ടാരുന്നു.....
ഇന്നിപ്പോ,  ഇതില് എത്ര വല്യേ തുക എഴുതി ചേർത്താലും സാറിനത് തരാൻ കഴിവുണ്ടാവും....
ന്നാല്, നിക്ക് അതിനേക്കാളൊക്കെ വലുതാണ് സാറും സാറിന്റെ ഈ മനസ്സും....!
കഴിയൂച്ചാല് വല്ലപ്പഴും ഒന്ന് ഓർത്താ മതി....
വേറൊന്നും വേണ്ട ഈ പെണ്ണിന്.....

ന്നെ.... ന്നെ ശപിക്കരുത്ട്ടോ... സാറും, സാറിന്റെ അമ്മേം...""""

ചങ്ക് പറിയുന്ന വേദനയോടെ തിരിഞ്ഞു നടക്കുമ്പോ, വെറുതെയെങ്കിലും ആശിച്ചു പോയി ന്റെ മനസ്സ്.... ഒന്നു തിരിച്ചു വിളിച്ചെങ്കിലെന്ന്!
ഒരിക്കൽകൂടി "പവീ" എന്ന് ആ അധരങ്ങൾ മന്ത്രിച്ചെങ്കിലെന്ന്!!

          🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

"" വന്നപ്പോ മുതല് ഞാൻ ശ്രദ്ധിക്കണുണ്ട് ഈ മൊഖത്തിനൊരു വാട്ടം....
ജോലി പോയേന്റെ സങ്കടല്ല... പിന്നെ,,
പിന്നെന്താണ് ന്റെ പവിക്കുട്ടീടെ മനസ്സിന് ഇത്രക്ക് വല്ലാത്തൊരു സങ്കടം ?? """ ന്റെ താടി പിടിച്ചുയർത്തി ഇത്തിരി കൊഞ്ചലോടെ ചേച്ചിയത് ചോദിച്ചപ്പോ, ഒന്നും പറയാതിരിക്കാൻ തോന്നിയില്ലെനിക്ക്....
അല്ലേലും ചേച്ച്യോടൊന്നും മറച്ചു വെക്കണ ശീലം നിക്ക് ഇല്ല്യാലോ.....

ആ മാറിലേക്കു മുഖം പൂഴ്ത്തി കൊറേ കരഞ്ഞു.... എല്ലാം പറഞ്ഞു.....
എന്തോ, മനസ്സിന്റെ ഭാരം കുറച്ചൊന്ന് കുറഞ്ഞതു പോലെ.....

"" ന്നാലും എവടന്നു കിട്ടി ന്റെ കുട്ടിക്ക് ഈ ധൈര്യൊക്കെ??
കേട്ടിട്ടെന്നെ പേടിയാവണു നിക്ക്.....

പോട്ടേ സാരല്യ.... അത് അവടെ കഴിഞ്ഞൂന്ന് കൂട്ടിയാ മതി....
അവരൊക്കെ വല്യേ ആൾക്കാരല്ലേ മോളേ....
നമ്മളെപ്പോലള്ളോരടെ മനസ്സൊന്നും അവര്ക്ക് കാണാൻ കഴിഞ്ഞൂന്ന് വരില്യ..."""
ചേച്ചി ന്നെ ആശ്വസിപ്പിച്ചു...

""" ന്റെ  മനസ്സ് കാണണ്ട , കാണാൻ ശ്രമിക്കേം വേണ്ട....
ന്നാലും ന്നോട് ദേഷ്യല്യാനൊന്ന് പറയാരുന്നില്ലേ സാറിന്...
ഒന്നു ചിരിക്കാരുന്നില്ലേ ന്നോട്....
ന്റെ മുഖത്ത്ക്കൊന്ന് നോക്കേലും ചെയ്യാർന്നില്ലേ.....
ഇങ്ങനെ കടലോളം കണ്ണീര് തരണായിരുന്നോ നിക്ക്....
ഞാനും.... ഞാനും പാവല്ലേ ചേച്ചി """ മുഖം പൊത്തി വീണ്ടും വീണ്ടും കരഞ്ഞു...

മുഖത്തെ മറച്ച കൈകളെ, ചേച്ചി പതിയെ വേർപെടുത്തി...
""" ന്താ... ന്താ മോളേ  നിന്റെ മനസ്സില്??""

""" അറിയില്യ.... നിക്കറീല്ല്യ
ആദ്യൊക്കെ പേടിയായിരുന്നു.....
പിന്നത് ബഹുമാനായി.....
പിന്നെ തോന്നിയത് സഹതാപാരുന്നു....
പിന്നെ... പിന്നെ.....
നിക്കി. ... നിക്കൊന്നും അറിയണില്ല ചേച്ചി """

"" വേണ്ട മോളേ... അരുതാത്തതൊന്നും മനസ്സില് പ്രതിഷ്ഠിക്കണ്ട!
അത് നിന്റെയീ കണ്ണീരിനെ തോരാൻ അനുവദിക്കില്ല്യ....

സ്നേഹം ചെല സമയത്ത് നമുക്ക് വല്ലാത്ത ബാധ്യതയായിത്തീരും....
എത്ര കൊടുത്തു തീർത്താലും തീരാത്തൊരു ബാധ്യത.....
ആ ബാധ്യത പിന്നെ നമ്മടെ സമനില തെറ്റിക്കും.... നമ്മള്,  നമ്മളല്ലാതായിത്തീരും..!

""" പക്ഷേ, നിക്ക് കഴിയുംന്ന് തോന്നണില്ല....
മറക്കണംന്ന് മനസ്സ് പറയുമ്പഴും, പിന്നേം പിന്നേം സ്നേഹിച്ചു പോവാ ഞാന്..."""കണ്ണു കലങ്ങി, ചേച്ചീടെ മടിയിൽ തലചായ്ച്ചു കിടന്നു.... ചേച്ചി ന്റെ മുടിമേലെ സാവധാനം തഴുകിക്കൊണ്ടിരുന്നു.....

""" ആത്മാർത്ഥമായ സ്നേഹം പലപ്പോഴും അങ്ങനെതന്നേണ് കുട്ടീ..... 
പക്ഷേ,, വിധിയില്ലാത്തതിനെ സ്നേഹിക്കണേനു പകരം, മറക്കാനുള്ള കാരണം കണ്ടെത്തണം... അതാ നല്ലത്....

മുരള്യേട്ടൻ ന്നെ , കള്ളുകുടിച്ച് വന്ന് ഉപദ്രവിക്കുമ്പഴോ ന്നോട് ദേഷ്യപ്പെടുമ്പഴോ ഒന്നും ഞാനാ മനുഷ്യനെ വെറുത്തിട്ടില്ല!
പകരം സ്നേഹിച്ചിട്ടേ ഉള്ളൂ.....
പക്ഷേ,, നമുക്ക് പകരം മറ്റൊരാളെ ആ സ്ഥാനത്ത് കാണണത് ഏതു പെണ്ണിനാ സഹിക്കാൻ കഴിയാ.... നിക്കും കഴിഞ്ഞില്യ....
ന്നാലും,, മറ്റൊരാളെ മുരള്യേട്ടന്റെ സ്ഥാനത്ത് നിക്ക് സങ്കൽപ്പിക്കാൻ കഴിഞ്ഞിട്ടില്യ....
ഇനി കഴിയുംന്ന് തോന്നണൂല്യ....
അതാ പെണ്ണിന്റെ മനസ്സ്....!
ഒരാളിൽ കുടുങ്ങിക്കിടന്നാ ഊരിപ്പോരാൻ പാടാണ്....
അറിഞ്ഞോണ്ട് കുടുങ്ങിപ്പോകരുത് ന്റെ കുട്ടീടെ മനസ്സ്... നിയന്ത്രിക്കണം"""

ഞാനൊന്നും പറഞ്ഞില്ല! 
ന്റെ മനസ്സ് നൂല് പൊട്ടിയ പട്ടമായി വാനിൽ പറക്കുകയായിരുന്നു....

""" നീയ് എണീക്ക്.... ആ മുഖൊക്കെയൊന്ന് കഴുകി വാ... ഞാൻ നെനക്കൊരു ചുരിദാറ് തയ്ച്ചു വച്ചിട്ടുണ്ട്.... അതൊന്നു ഇട്ട് പാകം നോക്ക്.... ഒന്നൂല്ലേലും ഒരു നല്ലകാര്യൊക്കെ നടക്കാൻ പോവല്ലേ... വാ """ ചേച്ചിയെന്റെ കഴുത്തിലൂടെ കൈചുറ്റി ഒപ്പം നടത്തിച്ചു....

""" നല്ലകാര്യോ... എന്താത്?
നിക്കൊന്നും മനസ്സിലായില്ലാലോ..."""

""" അതൊക്കെ നീയ് വഴിയേ അറിയും.... ഇപ്പോ പോയി പറഞ്ഞ പണി ചെയ്യ്....
അപ്പഴേക്കും ചേച്ചി നെനക്ക് നല്ലൊരു ചായ അനത്തിത്തരാട്ടോ...""" 

ന്നെ മുറിയിലേക്ക് തള്ളിവിട്ട് ചേച്ചി അടുക്കളയിലേക്ക് പോയി....
"ന്നാലും എന്താവും ചേച്ചി ഉദ്ദേശിച്ചത് ?? "
ഞാൻ ആലോചനയോടെ അങ്ങനെ തന്നെ നിന്നു....

         🖤🖤🖤🖤🖤🖤🖤🖤🖤🖤🖤

"" ന്റെ കുട്ടി ആകെ ഷീണിച്ചു """ മുഖത്തു പരതിക്കൊണ്ട് അച്ഛൻ പറഞ്ഞപ്പോ ഞാൻ ചിരിച്ചു....

""" മക്കള് അടുത്തില്ലാത്ത എല്ലാ അച്ഛൻമാര്ടേം അമ്മമാര്ടേം സ്ഥിരം പരാതിയല്ലേ ഇത്....  നിക്കൊരു ക്ഷീണോം ഇല്യ... ഒക്കെ അച്ഛനു വെറ്തെ തോന്നണതാ...""" ഞാനച്ഛനോട് ചേർന്നിരുന്നു....

""" ന്നാലും, അച്ഛന് നല്ല മാറ്റണ്ട് ല്ലേ അമ്മേ...
ആളിപ്പോ മുമ്പത്തേക്കാൾ ഉഷാറായിണ്ട് """ ഞാൻ പറഞ്ഞു. 

""" അതൊക്കെ ചേച്ചീടെ ഈ വീൽചെയറിന്റെ പവറാ.... ഇപ്പോ ഫുൾടൈം ഇതിലല്ലേ... """ മാളു ചിരിയോടെ പറഞ്ഞതും ന്റെ മനസ്സ് സാറിനോടപ്പമെത്തി....

ഉള്ളിലൊരു വേദനപോലെ....
കണ്ണ് നെറയണൂന്ന് തോന്നിയപ്പോ, മുഖമൊന്ന് ചെരിച്ച് മറ്റെങ്ങോട്ടോ നോക്കി...

""" ചേച്ചി ന്തേലും പറഞ്ഞോ മോളോട്? """ അച്ഛൻ ചോദിച്ചു 

"" പ്രത്യേകിച്ചൊന്നും പറഞ്ഞില്യ... ന്തേ അച്ഛാ?? """

""" അത്... വേറൊന്നല്ല, നമ്മടെ ഗോലിന്ദന്റെ മോനില്ലേ ശരത്.... അവന് വേണ്ടി നെന്നെയൊന്ന് ആലോചിച്ചാലോന്ന്....
അവരായിട്ടു പറഞ്ഞതാ.... അവനിപ്പോ മാഷാണല്ലോ ഇവടത്തെ സ്കൂളില്...."""

ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല ഇങ്ങനെയൊരു നീക്കം!

"" നെന്റെ ഭാഗ്യാന്നാ കേട്ടോരൊക്കെ പറയണത്.... അതിനേക്കാളും വല്യേ കാര്യെന്താച്ചാ, അവര്ക്ക് മോളെ പഠിപ്പിക്കാനും ഉദ്ദേശണ്ടത്രേ.... നീയ് പഠിക്കാൻ മിടുക്ക്യാന്ന് അവര്ക്കും അറിയാലോ....""" അത് പറഞ്ഞത് അമ്മയാണ്!

"" നിക്ക്... നിക്കിപ്പോ കല്യാണൊന്നും വേണ്ടച്ഛാ.... """

അത്രേ പറഞ്ഞുള്ളൂ.... വേഗം ഓടിപ്പോയി ഞാനവടന്ന്....
കഴിയില്യ.... നിക്കി കഴിയുംന്ന് തോന്നണില്ല....

"" ചേച്ചി ഒന്നു പറയോ അച്ഛേനോട്... നിക്കിത് വേണ്ടാന്ന്... ഞാൻ... നിക്ക് """ ഒന്നും പറയാൻ കഴിയാതെ ,ആ നെഞ്ചിലേക്ക് വീണുപോയി ഞാൻ.... പെട്ടന്ന് മുഖമുയർത്തി ചേച്ചിയെ നോക്കി 

"" ഞാൻ... ഞാനൊന്നു വിളിച്ചോട്ടെ സാറിനെ?"""

"" എന്തിന്??""" ചേച്ചി നെറ്റി ചുളിച്ചു 

"" വെറ്തെ... പോയിട്ടൊന്ന് വിളിച്ചുകൂടി ഇല്യാന്ന് തോന്നില്ലേ സാറിന്....
ഇത്രെളുപ്പം മറന്നുപോയോന്ന് കരുതിക്കാണില്ലേ സാറ്. ..."" ഞാൻ ഉദ്വോഗത്തോടെ ചോദിച്ചു...

"" നീയ് മറന്നൂന്ന് കരുതാൻ മാത്രം , നെന്റെ സാറ് നെന്നെ ഓർക്കണുണ്ടാവോ 
പവ്യേ?? """
ചേച്ചീടെ ചോദ്യം പെട്ടന്നായിരുന്നു....!
ന്റെ മനസ്സൊന്നു പിടഞ്ഞു....

അതേ ചോദ്യം ന്റെ മനസ്സാക്ഷി ന്നോട് തന്നെ വീണ്ടും വീണ്ടും ചോദിച്ചുകൊണ്ടിരുന്നു....

""" ന്നെ ഓർക്കണുണ്ടാവോ സാറ്  ?? """


പാർത്ഥന്റെ പെണ്ണ്! 8️⃣

പിറ്റേന്ന്, ന്റെ സമ്മതത്തിനൊന്നും കാത്തു നിക്കാതെ ആ മാഷെന്നെ പെണ്ണുകാണാൻ വന്നു....

""" ഇങ്ങനാണോ മോളേ മറ്റുള്ളോരടെ മുന്നീ പോയി നിക്കാ.... മോത്തിത്തിരി ചിരി ഇല്ലെങ്കി വന്നോരെന്ത് വിചാരിക്കും """ അമ്മ ന്റെ കയ്യില് ചായ തന്നോണ്ട് പറഞ്ഞു. ..
ഞാനന്നേരം ചേച്ചീനെ നോക്കി....
ന്റെ അകവും പുറവും ഒരുപോലെ അറിയണത് ചേച്ചിക്കല്ലേ....
ചേച്ചി കണ്ണടച്ച് കാണിച്ച്, ന്നെ നോക്കിയൊന്ന് ചിരിച്ചു നിക്ക് ധൈര്യം തന്നു....

മാഷടെ മുഖത്ത്ക്കൊന്നും ഞാൻ നോക്കീല..
മനസ്സിലൊരാളടെ മുഖങ്ങനെ നെറഞ്ഞു നിക്കുമ്പോ,  എങ്ങന്യാ മറ്റൊരാളെ ഇഷ്ടത്തോടെ നോക്കാൻ തോന്നണത്....

""" ചേച്ചീ എങ്ങനെണ്ട് ഞങ്ങടെ മാഷ്? ഇഷ്ടായോ ചേച്ചിക്ക് ?? """ മാളു ചോദിച്ചപ്പോ ഞാൻ സംശയത്തോടെ അവളെ നോക്കി...

""" ഞങ്ങടെ മാഷോ? 
അതിന് നെനക്കിയാളെ മുമ്പ് പരിചയണ്ടോ?"

""" പിന്നേ... ന്നെ പഠിപ്പിക്കണ മാഷിനെ നിക്ക് അറിയാതിരിക്ക്യോ....
ന്നാലും, മാഷ് ഇടയ്ക്കിടക്ക് ചേച്ചീനെ പറ്റി അന്വേഷിക്കണത് ഇതിനാവുംന്ന് ഞാൻ വിചാരിച്ചില്യാട്ടോ.....
ഇത് അതുതന്നെ.... പ്രേമം! """

ന്നെ നോക്കി ചിരിയോടെ അവളകത്തേക്കോടിയപ്പോൾ,, ഞാനാകെ അന്ധാളിച്ചു....

" ഒരു പ്രേമം.... മണ്ണാങ്കട്ട!
ഇങ്ങേര്ക്ക് പ്രേമിക്കാൻ നാട്ടില് വേറെ പെണ്ണില്യാഞ്ഞിട്ടാണോ ന്നെ തന്നെ തേടിപ്പിടിച്ചത്....
ന്റെ കൃഷ്ണാ......
എന്തിനും ഏതിനും വിളിക്കണതല്ലേ നെന്നെ..
ഒരിത്തിരി കരുണ കാണിച്ചൂടേ ന്നോട്....
ഒന്ന് കലക്കി തന്നൂടേ ഈ ആലോചന....
പകരം, ന്റെ സാറിനെ  തന്നൂടേ നിക്ക്...."" ഞാൻ പിറുപിറുത്തു....

""" ന്റെ അവസ്ഥ ആലോയ്ച്ചിട്ടാവും, കല്യാണൊന്നും അത്ര കേമത്തില് വേണ്ടാന്നാ ഗോവിന്ദൻ പറേണേ.... 
ശരത്തിനും അതാത്രേ ഇഷ്ടം...""" അച്ഛൻ പറഞ്ഞു..... ആ മുഖത്ത് പറഞ്ഞറിയിക്കാൻ പറ്റാത്തൊരു സന്തോഷം നിഴലിച്ചിരുന്നു....

""" ഞ്ഞി അധികം ആലോചിക്കൊന്നും വേണ്ടാന്നാ ന്റെ അഭിപ്രായം.....
വരണ ചിങ്ങത്തിലെന്നെ നമുക്കത് നടത്താന്നാ ഇനിക്ക് തോന്നണേ.."" അമ്മയും ഏറ്റുപിടിച്ചു....

ന്റെ കണ്ണുകൾ നിറഞ്ഞു വന്നു....
അതവര് കാണാതിരിക്കാൻ ഞാൻ തിരിഞ്ഞു നടന്നു......

" സാറ് ന്നെ,  ഒന്ന് വിളിച്ചിരുന്നെങ്കില്....."" ഞാൻ അറിയാതെ ആഗ്രഹിച്ചു പോയി....

        🤎🤎🤎🤎🤎🤎🤎🤎🤎🤎🤎

കല്യാണത്തിന്റെ ചർച്ചകളിങ്ങനെ പുരോഗമിച്ചു കൊണ്ടിരിക്ക്യാണ്.....
അച്ഛനെ എതിർക്കാനോ, സാറിനെ മറക്കാനോ കഴിയാതെ ന്റെ മനസ്സ്  വിലപിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് പോസ്റ്റുമാൻ , ന്റെ പേരു വിളിച്ചോണ്ട് കേറി വന്നത്....

"" ആരാപ്പോ നിക്കൊരു കത്തയക്കാൻ?""" അങ്ങനെ ചിന്തിച്ചോണ്ടാണ് , പോസ്റ്റുമാനെ എതിരേറ്റത്....

ഒപ്പിട്ടു വാങ്ങിയ കവർ, ജിജ്ഞാസയോടെ തുറന്നു വായിച്ചു.... ന്റെ കണ്ണ് തള്ളിപ്പോയി...!

'പാർത്ഥൻസ് കമ്പനി ലിമിറ്റഡി'ലേക്ക് അസിസ്റ്റന്റ് മാനേജരുടെ പോസ്റ്റിലേക്ക് ന്നെ നിയമിച്ചുകൊണ്ടുള്ള  അപ്പോയ്മെന്റ് ലെറ്റർ!
കൂടെ,  മറ്റൊന്നുകൂടി ഉണ്ടായിരുന്നു....

സിവിൽ സർവ്വീസിനു മുമ്പുള്ള, പ്രിലിമിനറി എക്സാമിനു വേണ്ടി നടത്തുന്ന കോച്ചിങ് സെന്ററിലേക്ക് നിക്ക് വേണ്ടിയൊരു അഡ്മിഷൻ ടിക്കറ്റ്.....!

നിക്കൊന്നും വിശ്വസിക്കാൻ പറ്റീല്യ.....
കരയണോ ചിരിക്കണോ എന്നറിയാതെ ഞാൻ വീണ്ടും വീണ്ടും കത്തിലെ വരികളിലൂടെ കണ്ണോടിച്ചു....

""" ഇതെന്തു നിൽപ്പാടീ ഇത്??  ന്താ നെന്റെ കയ്യില്?? """

കടയിൽ നിന്ന് വന്നു കയറിയ ചേച്ചി, ന്റെ നിപ്പ് കണ്ട് അന്തംവിട്ടു....

കുറച്ചു നേരത്തേക്ക് നിക്കൊന്നും പറയാനേ കഴിഞ്ഞില്ല....
പിന്നെ, കണ്ണു രണ്ടും നിറച്ചു പിടിച്ച്, ഞാൻ ചേച്ചിയെ കെട്ടിപ്പിടിച്ചു.....
ചേച്ചി അപ്പഴും കാര്യറിയാതെ, ഉത്കണ്ഠാകുലയായിരുന്നു......

""" ദേ നോക്ക്യേ ചേച്ചി, നിക്ക്.... നിക്ക് സാറ് അയച്ചതാ.... സാറിന്റെ കമ്പനീല് ന്നെ ജോലിക്കെടുത്തൂന്ന്....
കൂടെ വേറൊരു സന്തോഷോം ണ്ട്....
ന്നെ സാറ് പഠിപ്പിക്കാൻ ചേർത്തേക്കണു....
ദാ കണ്ടോ അഡ്മിഷനെടുത്തേന്റെ റെസീപ്റ്റാ...."""  സന്തോഷം കൊണ്ട് നിക്ക് സംസാരിക്കാനേ പറ്റണില്ലാർന്നു.....

വേഗം ഓടി അച്ഛേടെ അടുത്തേക്ക്....
ലെറ്ററ് കാട്ടി വിവരങ്ങള് പറഞ്ഞിട്ടും, ആരടെ മുഖത്തും ഞാൻ പ്രതീക്ഷിച്ച തെളിച്ചം കണ്ടില്ല! 

""" കല്യാണക്കാര്യൊക്കെ തീരുമാനായ സ്ഥിതിക്ക് ഈ ജോലി നമക്ക് വേണ്ടാന്നു വെക്കാം മോളേ.... ശരതും നെന്നെ പഠിപ്പിക്കാന്നല്ലേ പറഞ്ഞത്... ഇനി എന്താച്ചാ അവര് തീരുമാനിക്കട്ടെ """ അച്ഛൻ പറഞ്ഞതും, ഞാൻ സ്തംഭിച്ചു നിന്നു....
ന്റെ കയ്യീന്ന്, ഞാനറിയാതെത്തന്നെ ലെറ്റർ താഴേക്ക് ഊർന്നു വീണു.....

""" പവീടെ മംഗല്യയോഗത്തിന് പറ്റിയ സമയം ഇപ്പഴാന്നാ ഇന്നാളും കൂടി  ജാതകം നോക്കീട്ട് ആ ജോൽസ്യര് പറഞ്ഞത്....""" അമ്മ പറഞ്ഞു.

""" ഒരു ജോൽസ്യര്....!
അല്ലേലും ഈ ജാതകം തന്നേണ് എല്ലാ പ്രശ്നങ്ങളും ണ്ടാക്കണത്..."""
ഞാൻ കെറുവോടെ പറഞ്ഞതു കേട്ട് എല്ലാരും ' ഇതെന്തു കഥ' എന്ന മട്ടിൽ നിൽപ്പായി.... ചേച്ചി മാത്രം , ന്നെ അർത്ഥം വച്ച് നോക്കുന്നുണ്ടായിരുന്നു.....

അച്ഛനൊന്നു ചിരിച്ചു.... പിന്നെ,  ന്നെ പിടിച്ച് അരികിലിരുത്തി..
"" നെന്റെ വെഷമം എന്താന്ന് അച്ഛനറിയാം മോളേ.... ഞങ്ങടെ കാര്യാലോചിച്ച് ന്റെ കുട്ടി ഇതിന് മൊടക്ക് പറയണ്ട... ഒന്നല്ലങ്കി മറ്റൊന്ന് ,, ദൈവം വേറൊരു വഴി കണ്ടു വെച്ചിണ്ടാവും...
നമക്ക് ഇതങ്കട് നടത്താം... അച്ഛന്റെ കുട്ടി  എതിരൊന്നും പറയരുത് """

""" അച്ഛേ...,, നിക്കൊരു കാര്യം...."" ന്റെ മനസ്സൊന്നു തുറക്കണംന്ന് കരുതീതാരുന്നു...
പക്ഷേ,  ചേച്ചി ഇടേല് കയറി 

""" നീയ് അച്ഛൻ പറയണത് അനുസരിക്ക് കുട്ടീ.... വേറൊന്നും ഇപ്പോ ചിന്തിക്കണ്ട!  """

അതുകേട്ടതും മുഖം പൊത്തി മുറിയിലേക്കോടി..... ചുമരിൽ ചാരിനിന്ന് ആരും കാണാതെ ന്റെ കണ്ണീരെല്ലാം ഒഴുക്കി കളഞ്ഞു.....
എല്ലാം അറിയണ ചേച്ചി പോലും ന്റെ കൂടെ നിക്കണില്ലല്ലോന്നോർത്ത് നിക്ക് വല്ലാത്ത നിരാശ തോന്നി....

""" ചേച്ച്യോട് നീരസം തോന്നണുണ്ടോ കുട്ടിക്ക്??""" മനസ്സറിഞ്ഞ പോലെ ചേച്ചീടെ ചോദ്യം...
ഞാൻ കണ്ണുകൾ അമർത്തിത്തുടച്ചു....

""" ചേച്ചി ചോദിച്ചില്യേ, ന്നെ ഓർക്കണുണ്ടാവോന്ന്.... ന്നെ മാത്രല്ല ,,, ന്റെ  സ്വപ്നങ്ങളും മറന്നു പോയിട്ടില്യ സാറെന്ന് ഇപ്പോ മനസ്സിലായില്ല്യേ.....
ഇനിയെങ്കിലും ഞാനൊന്ന് വിളിച്ചോട്ടെ സാറിന്??
ആ ശബ്ദൊന്ന് ഞാൻ കേട്ടോട്ടേ...? """
ന്റെ നൊമ്പരം കണ്ടിട്ടാവണം ചേച്ചി സമ്മത്തോടൊന്ന് മൂളിയത്....

ഞാൻ വിളിച്ചു....
ആദ്യ റിങിൽതന്നെ ആള് ഫോണെടുത്തു..

"" ഹലോ.."" ന്റെ ശബ്ദമൊന്നു വിറച്ചു 

"" പവീ...""" 
മറുതലയ്ക്കൽ നിന്നും ഞാനാഗ്രഹിച്ച അതേ വിളി...

""" സാറിന് ന്നെ മനസ്സിലായോ? """ ഞാൻ ആശ്ചര്യത്തോടെ ചോദിച്ചു..

""" ഇതെന്തു ചോദ്യാടോ... എനിക്ക് തന്നെ അത്ര പെട്ടന്നങ്ങ്  മറക്കാൻ പറ്റോ....
മറന്നത് ഇയാളല്ലേ.... ഒന്നു വിളിക്കാൻ തോന്നിയില്ലല്ലോ ഇതുവരെ??
അതോ ദേഷ്യാണോ എന്നോട് ? അന്ന് അങ്ങനൊക്കെ പെരുമാറിയതിന് """ 

ന്റെ നെഞ്ചൊന്നു വിങ്ങി....!
ഈ  മനസ്സ് മുഴുവനും സാറിനോടുള്ള സ്നേഹാണെന്ന് എങ്ങന്യാ ഞാൻ പറയാ....
ഒന്നു കാണാൻ വേണ്ടി ന്റെ കണ്ണുകള് സദാസമയോം സാറിനെ തേടിക്കൊണ്ടിരിക്കാന്ന് എങ്ങന്യാ ഞാൻ പറഞ്ഞ് മനസ്സിലാക്കാ.....
ന്റെ ഹൃദയം, ആ ഹൃദയത്തോട് ചേർന്നു നിൽക്കാൻ വേണ്ടി മാത്രം തുടിച്ചോണ്ടിരിക്കുന്നത് എങ്ങന്യാ ഞാൻ
കാണിക്കാ.....

"""ഇയാളെന്താ ഒന്നും മിണ്ടാത്തെ...
ഞാനയച്ചത് കിട്ടിയില്ലേ... എന്നാ താനിങ്ങോട്ടു വരുന്നേ?? """

""" അത്... അത് "" എന്തു മറുപടി പറയണമെന്ന് നിക്ക് അറിയില്ലായിരുന്നു...
ഞാൻ ചേച്ചിയെ നോക്കി....

""" സാറിന്... സാറിന് സുഖല്ലേ?
മുറിവൊക്കെ ഉണങ്ങ്യോ... ശ്രദ്ധിക്കണട്ടോ """
കരച്ചില് തൊണ്ടക്കുഴിയിൽ തടഞ്ഞതു കൊണ്ടാവണം, ന്റെ  ശബ്ദം വല്ലാതെ ഇടറിപ്പോയയത്.....

""" അപ്പോ മറന്നില്ല എന്നെ...., ല്ലേ...
ഇങ്ങനൊരു ചോദ്യം ചോദിക്കാനായെങ്കിലും, ഒരു വിളി ഞാൻ ഒത്തിരി പ്രതീക്ഷിച്ചു.... കാണാതായപ്പോ കരുതി , ഞാൻ പറഞ്ഞതു പോലെ എന്റെ അധ്യായം താൻ അവസാനിപ്പിച്ചൂന്ന്..."""

ഓർക്കാൻ മാത്രം ഞാനിയാളെ മറന്നു പോയിട്ടില്ലല്ലോ എന്ന് ഉറക്കെ പറയണമെന്നു തോന്നിയെങ്കിലും, ചേച്ചീടെ സാനിധ്യം ന്നെ പുറകോട്ടു വലിച്ചു....

""" നീയതിങ്കട് തന്നേ, ഞാൻ സംസാരിക്കാം അയാളോട്..."" ചേച്ചി, ഫോണിനു വേണ്ടി കൈ നീട്ടിയപ്പോ,, പേടി തോന്നിയെങ്കിലും കൊടുക്കാതെ തരമില്ലായിരുന്നു....

""" ഹലോ , ഞാൻ പവീടെ ചേച്ചിയാണ്....
ജോലിക്കാര്യൊക്കെ അവള് പറഞ്ഞു...
ഒരുപാട് സന്തോഷണ്ട്...
പക്ഷേ,,,
അവൾക്കിനി അങ്ങോട്ട് വരാൻ പറ്റുംന്ന് തോന്നണില്ല.... അവളടെ കല്യാണം ശരിയായിണ്ട്.... അധികം വൈകിക്കാതെ അതങ്കട് നടത്താനാ ഞങ്ങടെ തീരുമാനം....
അതിന്റെടേല് ജോലിയൊന്നും ഇനി ശരിയാവില്യ.....
പാർത്ഥന് ഒന്നും തോന്നരുത് ട്ടോ....""" ഒരു മറുപടിയ്ക്ക് കാത്തുനിക്കാതെ ചേച്ചി ഫോണെന്റെ കയ്യില് വെച്ചുതന്നു.....
നിക്ക് ആദ്യായിട്ട് ചേച്ചിയോട് ദേഷ്യം തോന്നിപ്പോയി ആ നിമിഷം!

അപ്പുറത്ത് നിന്നും ഹലോ, ഹലോ എന്ന് സാറ് പറയുന്നത് കേട്ടെങ്കിലും,, നിക്കൊന്നും മിണ്ടാനേ കഴിഞ്ഞില്ല! 
ഉള്ളിൽ കടലോളം സ്നേഹമുണ്ടെങ്കിലും,, അതൊന്ന് തുറന്നു പറയാൻ കഴിയാത്ത വേദന.... അത് മരണത്തേക്കാൾ മൂർച്ചയുള്ളതാണെന്ന് അന്നേരം ഞാൻ തിരിച്ചറിയുകയായിരുന്നു....!

        🤎🤎🤎🤎🤎🤎🤎🤎🤎🤎🤎

""" ദാ നോക്ക്യേ മോളേ.... നെനക്ക് കല്യാണത്തിന് ഇടാന്ള്ള സാരീം ആഭരണങ്ങളുമാ.... ഇതൊക്കെ ഇട്ട് സുന്ദരിയായിട്ടുവേണം ന്റെ കുട്ടി മണ്ഢപത്തിലേക്ക് കേറാൻ...""" അമ്മ, മുന്നിൽ കൊണ്ടുവച്ച ഒന്നിലേക്കും ന്റെ ശ്രദ്ധ പോയില്ല.....

""" ഒന്നു നോക്ക് പെണ്ണേ നെനക്ക് ഇഷ്ടായോന്ന്...""" ചേച്ചി ന്നെ പിടിച്ച് നുള്ളിയപ്പോ താൽപര്യമില്ലാത്ത മട്ടിൽ ഞാനൊന്നു നോക്കി....

""" ഇതൊക്കെ.... ഇതൊക്കെ എവടന്നാ ഇത്രയധികം ?? """ ഞാൻ ചോദിച്ചതും, അമ്മ ന്റെ ശിരസ്സിൽ തലോടി...

""" ഒക്കെ ശരത് കൊണ്ടന്നതാ.... എല്ലാം നെന്റെ ഭാഗ്യാ മോളേ.... പെങ്കുട്ട്യോളോടെ ഭാഗ്യം പെരുവഴീലാന്നാ ചൊല്ല് """ അതു പറയുമ്പോ അമ്മേടെ കണ്ണിൽ നനവൂറിയിരുന്നു....

ആ ചുവന്ന പട്ടിലേക്കും, തിളങ്ങുന്ന ആഭരണങ്ങളിലേക്കും നോക്കുന്തോറും ന്റെ ഹൃദയം മുറിപ്പെട്ടുകൊണ്ടിരുന്നു....
കഠിനമായ വേദനയാൽ,, ഞാനിവിടെ പിടഞ്ഞു മരിച്ചേക്കുമെന്ന് ഞാൻ ഭയപ്പെട്ടു.....

അന്നത്തെ  വിളിയ്ക്കു ശേഷം, ഒരിക്കൽ പോലും, സാറിന്റെ ഫോൺവിളിയെന്നെ തേടിയെത്താതിരുന്നതും ന്റെ വേദനയുടെ ആക്കം കൂട്ടി....
അങ്ങോട്ടൊന്നു വിളിയ്ക്കാൻ മനസ്സു വെമ്പിയെങ്കിലും, ന്നെ ജീവനു തുല്യം സ്നേഹിക്കുന്ന ന്റെ  അച്ഛേടെ സ്നേഹം വെടിഞ്ഞ് മറ്റൊരു സ്നേഹത്തെ സ്വന്തമാക്കാൻ തോന്നിയില്ലെനിക്ക്.....
എല്ലാവരുടേം ചിരി മാത്രം കൊതിച്ച ഞാനെന്ന പെണ്ണിന്, അവരടെ കണ്ണീരുകൊണ്ടൊരു ജീവിതം കെട്ടിപ്പടുക്കാൻ തോന്നിയില്ലെന്നതും നേരായിരുന്നു.....

"" പെണ്ണ്,  സ്നേഹം പറഞ്ഞ് അങ്ങോട്ടു ചെല്ലുമ്പോഴല്ല.... ആണത്, കണ്ടറിഞ്ഞ് ഇങ്ങോട്ടു തരുമ്പോഴാണ് സ്നേഹത്തിന്റെ മാധുര്യം കൂടുന്നതെന്ന് "" ന്റെ വീങ്ങിക്കെട്ടിയ മുഖം കാണുമ്പോഴെല്ലാം ചേച്ചി ന്നെ ഓർമ്മപ്പെടുത്തും....
എങ്കിലും,, സ്നേഹം പറയാനൊരു അവസരം പോലും ഞാൻ നൽകിയില്ലല്ലോ എന്നൊരു നോവെന്നെ വീണ്ടും വീണ്ടും കൊളുത്തി വലിച്ചുകൊണ്ടിരിക്കും.....

ന്റെ മുഖത്ത് പഴേ പ്രസരിപ്പ് കാണുന്നില്ലെന്ന് എല്ലാരും പരിഭവിക്കുമ്പഴും,, ആരുമെന്തേ കാരണം തിരക്കാത്തതെന്ന് ഞാൻ ഈറൻ മിഴികളോടെ ചിന്തിച്ചു.....
ന്റെ മുഖമൊന്നു വാടിയാ പോലും, ഊണും ഉറക്കവും മറക്കുന്ന ന്റെ അച്ഛൻ പോലും ന്നെ കണ്ടില്ലെന്നു നടിക്കുന്നതെന്തേന്ന് ന്റെ മനസ്സ് വേദനയോടെ ഓർക്കും....

""" ഇത്രൊക്കെ മതി.... ആരെ കാണിക്കാനാ ഈ വേഷംകെട്ടല്..""" മുടിയില് ഇത്തിരികൂടി മുല്ലപ്പൂവ് വേണംന്ന് മാളു പറഞ്ഞപ്പഴാണ്,, ഞാനൊരു കല്യാണപ്പെണ്ണാണെന്നും,, ഇന്ന് നടക്കാൻ പോണത് ന്റെ കല്യാണാണെന്നും ഉള്ള ബോധത്തിലേക്ക് ഞാൻ തിരിച്ചു വന്നത്....

"" ടീ പതുക്കെ... ആളോള് കേൾക്കും""  എന്ന് പതിയെ പറഞ്ഞ് ചേച്ചിയെന്നെ കടുപ്പിച്ചു നോക്കിയപ്പഴാണ്, ആ പഴയ പവിയിൽ നിന്നും മറ്റൊരു പവിയായി ഞാൻ രൂപം പ്രാപിച്ചതായി നിക്ക് തോന്നിയത്.....

""" പവ്യേച്ചിക്കൊരു ഫോൺ "" അമ്മു ഓടിവന്ന്,  മൊബൈലെന്റെ കയ്യില് തന്നതും, സ്ക്രീനിലെ പേര് കണ്ട് ന്റെ ചങ്ക് വീണ്ടും പിടച്ചു....

""" സാറാണ്..."" കോളെടുക്കുന്നതിനു മുമ്പ് ഞാൻ ചേച്ച്യോട് പറഞ്ഞു..

""" ങ്ഹും... നീയ് സംസാരിക്ക് """

അനുവാദം കിട്ടിയപ്പോ,  കോളെടുത്ത് ചെവിയോടു ചേർത്തു....

""ഹലോ"" ന്റെ ശബ്ദം വിറച്ചു.

""" ഇന്ന് പവീടെ കല്യാണാണല്ലേ....
ഞാൻ വരുന്നത് ഇഷ്ടല്ലാത്തോണ്ടാണോ എന്നെ ക്ഷണിക്കാതിരുന്നത്?? """ സാറ് ചോദിച്ചതും, ന്റെ കണ്ണുകൾ നിറഞ്ഞു...
അത് മുൻകൂട്ടി കണ്ടതുകൊണ്ടാണോ ന്തോ ചേച്ചി എല്ലാരേം കുറച്ചു നേരത്തേക്ക്  മുറീന്ന് പുറത്താക്കിയിരുന്നു....

""" ഞാൻ വെറുതെ ചോദിച്ചതാടോ....
ഇയാള് ക്ഷണിച്ചില്ലേലും, ഞാനവിടെ വരും....
അവിടന്ന് ഒരില ചോറ് തിന്നാനുള്ള അവകാശൊക്കെ എനിക്കും കാണില്ലേ...
ഒന്നുമില്ലേലും,  ഒരിക്കൽ ഇയാള് ഈ പാർത്ഥന്റെ പെണ്ണായിരുന്നതല്ലേ! 
എനി വേ,  ഹാപ്പി മാരീഡ് ലൈഫ് """ നിക്കൊന്നും പറയാൻ ഇട തരാതെ ആള് ഫോൺ വച്ചു.....
ഞാൻ, ചേച്ചിയെ കെട്ടിപ്പിടിച്ച് കുറേനേരം കരഞ്ഞു....

""" കരഞ്ഞ് കരഞ്ഞ് ആ കൺമഷി മുഴോനും പരത്തീലോ നീയ് """ 
പരന്ന, കൺമഷിപ്പാടുകൾ മായ്ച്ചുകൊണ്ട് ചേച്ചിയെന്നെ ശാസിച്ചു....

         🤎🤎🤎🤎🤎🤎🤎🤎🤎🤎🤎

മണ്ഢപത്തിൽ, ശരത്തിനരികെ ഇരിക്കുമ്പോഴും, അറിയാതെ പോലും ന്റെ നോട്ടം അയാളിലേക്ക് പോയില്ല....
പകരം, മുന്നിൽ കൂടിയ ക്ഷണിക്കപ്പെട്ടവരുടെ ഇടയിൽ, അത്രമേൽ പ്രിയപ്പട്ടൊരാൾക്കു വേണ്ടി ന്റെ മിഴികൾ  തേടിനടന്നു.....
ഓരോ മുഖവും സാറിന്റേതല്ലെന്ന് ഓർമ്മപ്പെടുത്തുമ്പോൾ,,, നിരാശയോടെ ഞാൻ തേങ്ങലടക്കി.....

"" മുഹൂർത്തായി, താലി കെട്ടിക്കോളൂ.."" അറിയിപ്പ് കാതിൽ മുഴങ്ങിയതും, ന്റെ നെഞ്ചിലൊരു കനം വന്ന് തടസ്സം സൃഷ്ടിച്ചു....
ഞാൻ..., ഇരു കണ്ണുകളും ഇറുകെ ചിമ്മി
ആഗ്രഹിക്കാത്ത ആ താലിക്കു മുന്നിൽ തലകുനിച്ചു കൊടുത്തു.....

""" പെണ്ണുകാണാൻ വന്നപ്പഴോ ഒന്ന് നോക്കിയില്ല, ഇപ്പോഴെങ്കിലും ഒരു നോട്ടം എനിക്ക് തന്നൂടേടോ പവിയേ...""" കാതോരം ആ ശബ്ദം വന്നലച്ചതും ഞാൻ ഞെട്ടലോടെ തലയുയർത്തി നോക്കി....

പാർത്ഥൻ സാറ്!!!

"" ഇങ്ങനെ നോക്കി ന്റെ കൺട്രോള്കളയല്ലേെടോ.... നമ്മുടെ ചുറ്റും ആളുകളുണ്ട്ട്ടോ...""" കുസൃതിച്ചിരിയോടെ ന്നെ നോക്കി കണ്ണിറുക്കുന്നയാളെ, ഞാൻ പിന്നേം പിന്നേം വിശ്വാസം വരാതെ നോക്കിയിരുന്നു....

""" അതേയ് , അതിനൊക്കെ ഇനീം സമയണ്ട് മുഹൂർത്തം കഴിയാനിനി രണ്ടു മിനിറ്റേ ബാക്കിയുള്ളൂ ട്ടോ..."""

കാർന്നോമാരിൽ ആരോ വിളിച്ചു പറഞ്ഞപ്പോ, അവിടമാകെ ചിരിക്ക് തിരികൊളുത്തി.....
ഞാൻ ചമ്മലോടെ ചുണ്ടു കടിച്ചതും, ന്റെ സാറിന്റെ താലിയെന്റെ കഴുത്തിൽ വീണിരുന്നു!

ഞാൻ ഭക്തിപൂർവ്വം ആ താലിയെ തൊട്ടു....
അന്നെന്റെ കഴുത്തിൽ കളിയായി കെട്ടിയ അതേ താലി!
ഇന്ന് സകല ദൈവങ്ങളേയും സാക്ഷിയാക്കി, ന്റെ കഴുത്തിൽ ഇടം നേടിയിരിക്കുന്നു....

""" നെനക്കിപ്പഴും ഒന്നും വിശ്വസിക്കാൻ പറ്റണില്ലാലേ പവ്യേ...""" ചേച്ചി ന്നെ തോണ്ടിവിളിച്ച് ചിരിയോടെ ചോദിച്ചതും,,, ഇല്ലെന്നു ഞാൻ നിഷ്കളങ്കമായി ചുമല്കൂച്ചി പറഞ്ഞു....

""" നീയ് മടങ്ങി വന്ന അന്നു രാത്രിതന്നെ പാർത്ഥൻ നെന്റെ ഫോണിലേക്ക് വിളിച്ചിരുന്നു.... നീയ് കുളിക്കാണെന്ന് പറയാനാ ഞാൻ ഫോണെടുത്തേ.....
പക്ഷേ,, അന്നു നിന്റെ സാറെന്നോട് ചോദിച്ചത് നിന്നെ അങ്ങേർക്ക് കെട്ടിച്ചു കൊടുക്കാമോന്നാണ്....
വിവരങ്ങളൊക്കെ നെന്നോടും അച്ഛനോടും ചോദിച്ചതിനു ശേഷം പറയാമെന്നു പറഞ്ഞ് ഞാൻ ഫോൺവച്ചു..... നിന്നോട് സംസാരിച്ചപ്പഴാ നെനക്കും അങ്ങനൊരു മോഹം ണ്ടെന്ന് മനസ്സിലായേ..... അതിനിടയില് ശരത്തിന്റെ ആലോചന വന്നെന്നുള്ളത് നേരാ, പക്ഷെ ഞങ്ങൾക്ക് വലുത് നെന്റെ സന്തോഷായിരുന്നു....
അന്ന് പെണ്ണുകാണലിന്റന്ന് എല്ലാം നീയ് അറിയണ്ടതാരുന്നു.... പക്ഷേ, നീയ് പാർത്ഥന്റെ മുഖത്തേക്ക് പോലും നോക്കാതിരുന്നതാ ഈ സർപ്രൈസ് ഇതുവരെ കൊണ്ടെത്തിക്കാൻ കാരണം....
ഞങ്ങടെ ചിരിയും സന്തോഷങ്ങളും മാത്രം സ്വപ്നം കാണണ നെനക്ക്, ഇതിലും വലുതായി ഞങ്ങളെന്താ മോളേ തരണ്ടേ..."""

ചേച്ചി പറഞ്ഞു നിറുത്തിയതും, ന്റെ മിഴികൾ നിറഞ്ഞൊഴുകി.....
അതിനു പക്ഷേ, കണ്ണീരിന്റെ ഉപ്പുരസം ആയിരുന്നില്ല!
സ്നേഹത്തിന്റെ.... വിശ്വാസത്തിന്റെ...... വാത്സല്യത്തിന്റെ..... മധുരമായിരുന്നു!
ഇരട്ടി മധുരം!!

       🤎🤎🤎🤎🤎🤎🤎🤎🤎🤎🤎

""" ന്നാലും, ഞാനെത്ര മാത്രം വിഷമിച്ചൂന്ന് അറിയോ സാറിന്?? """ ഞാൻ കപടപരിഭവം നടിച്ചുകൊണ്ട് ചോദിച്ചു...

"" എല്ലാം എനിക്കറിയാടോ... അന്ന് താൻ തിരിച്ചു പോരുമ്പോ ഞാൻ പറഞ്ഞതത്രയും നിന്നെ ഒരുപാട് മുറിവേൽപ്പിച്ചു എന്നെനിക്കറിയാം.....
പക്ഷെ,, എല്ലാം മനപൂർവ്വമായിരുന്നു.....
സ്നേഹിച്ചവരെല്ലാം, എന്റെ നാശത്തെയും സ്വത്തിനേയും മാത്രം കൊതിച്ചപ്പോൾ,, എനിക്ക് നഷ്ടപ്പെട്ടത് എന്റെ മനസ്സായിരുന്നു.....
പകരം കിട്ടിയതൊക്കെയും വേദനയായിരുന്നു.....!
പേടിയായിരുന്നു..... നിന്റെ സ്നേഹം ആഗ്രഹിച്ചു പോയാൽ, നീയും എനിക്ക് നഷ്ടപ്പെട്ടേക്കുമോ എന്ന പേടി.....
അതാ ഞാൻ.....

പക്ഷേ,, നീ തിരിച്ചു പോന്നപ്പോൾ...
നിന്റെ സാമീപ്യം നഷ്ടപ്പെട്ടപ്പോൾ.....
ഞാൻ മരണത്തെ വരിക്കുകയായിരുന്നു!
ആ നിമിഷം ഞാൻ മനസ്സിലാക്കി...
നീയില്ലാതെ എനിക്കിനി ജീവിതമില്ലന്ന്....
നീയാണെന്റെ ജീവനെന്ന്!""

അതും പറഞ്ഞ്, സാറെന്നേ ഇറുകെ പുണർന്നപ്പോൾ,,, ഞാനെന്നെത്തന്നെ മറക്കുകയായിരുന്നു.....

""പിന്നേയ്.... ഈ സാറു വിളി ഇനി വേണ്ടാട്ടോ.... ഇന്നു മുതല് നീ വെറും പെണ്ണല്ല, ഈ പാർത്ഥന്റെ പെണ്ണാ....
പാർത്ഥന്റെ മാത്രം പെണ്ണ്! 

മനസ്സിലായോടീ ന്റെ  പെണ്ണേ....""" പ്രണയപൂർവ്വം ഏട്ടനെന്റെ ചെവിയിൽ കടിച്ചപ്പോ....,, നാണത്താൽ ന്റെ കവിളുകൾ ചുവന്നു.....
അതിൽ വിരിഞ്ഞ പ്രണയപുഷ്പങ്ങളെ , ഒരു മന്ദമാരുതനെപോൽ കവർന്നെടുക്കുമ്പോൾ,, ഞാനറിയുകയായിരുന്നു ന്റെ ഏട്ടന്റെ നെഞ്ചിലെ ചൂട്, ഈ പാർത്ഥന്റെ പെണ്ണിന്റേതു മാത്രമാണെന്ന്!
ഈ പെണ്ണ് പാർത്ഥന്റേതു മാത്രമാണെന്ന്!!!

അവസാനിച്ചു💕💕


📝സിയ യൂസഫ് 

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്