✴️മഴ നിലാവ്✴️FULL PART

✴️മഴ നിലാവ്✴️FULL PART

കുർബാന കഴിഞ്ഞ് 
കുരിശ് പള്ളിയുടെ പടിക്കെട്ടുകളിറങ്ങുമ്പോഴാണ്, റോസിലി റബ്ബർമരത്തിലൊട്ടിച്ച് വച്ചിരിക്കുന്ന ആ പോസ്റ്റർ കണ്ടത്.

ഹോം നഴ്സിനെ ആവശ്യമുണ്ട്,
മാസം പതിനയ്യായിരം ശബ്ബളം,
വീട്ടിൽ തന്നെ സ്ഥിരമായി നില്ക്കാൻ തയ്യാറുള്ള 25 നും 40നും മദ്ധ്യേ പ്രായമുള്ളവരായിരിക്കണം
ഫോൺ:-##########

റോസിലി തൻ്റെ മൊബൈലിലേക്ക് ആ നമ്പർ സേവ് ചെയ്തിട്ട്, സാരിത്തുമ്പ് വലിച്ച് പുറം വഴി പുതച്ച് മൂടി, വീട്ടിലേക്ക് വേഗം നടന്നു.

തൊട്ടടുത്ത ഇടവകയിലെ അത്യാവശ്യം സാമ്പത്തിക ശേഷിയുള്ള കുടുംബത്തിലെ അംഗമായിരുന്ന റോസിലി, പത്ത് പന്ത്രണ്ട് കൊല്ലം മുമ്പ് താൻ പ്രണയിച്ച ജോസൂട്ടിയോടൊപ്പം ഒളിച്ചോടി വന്നതാണിവിടെ.

ടാപ്പിങ്ങ് തൊഴിലാളിയായിരുന്ന ജോസൂട്ടിയോടൊപ്പമുള്ള ദാമ്പത്യ ജീവിതം ,ആദ്യമൊക്കെ സന്തോഷം നിറഞ്ഞതായിരുന്നു.

മൂത്ത മകൻ ആൽവിൻ്റെ പ്രസവത്തോടെയാണ്, ജോസൂട്ടിയിൽ ചില മാറ്റങ്ങൾ കണ്ട് തുടങ്ങിയത്.

അയൽപക്കത്തെ മാത്യു മുതലാളിയുടെ കാറോടിക്കാൻ ഇടയ്ക്കവിടെ പോകുമായിരുന്ന അയാൾ ,മുതലാളിയുടെ ഭാര്യയുമായി അടുപ്പത്തിലായി.

ഒരു രാത്രിയിൽ തന്നോടൊപ്പം കിടന്നുറങ്ങിയ ജോസുട്ടിയെ കാണാതെ, അന്വേഷിച്ചിറങ്ങിയ റോസിലി, അവസാനം അയാളെ കണ്ടെത്തിയത്, മാത്യു മുതലാളിയുടെ വീടിൻ്റെ അടുക്കള വാതിൽ തുറന്നിറങ്ങി വരുമ്പോഴാണ്.

പിന്നിൽ അഴിഞ്ഞുലഞ്ഞ മുടി വാരിക്കെട്ടി, ജോസൂട്ടിയെ റ്റാറ്റ കാണിക്കുന്ന മുതലാളിയുടെ ഭാര്യയെ കണ്ടപ്പോൾ, റോസിലിക്ക് ശ്വാസം നിലച്ച് പോയി.

അന്ന് അയാളുമായി തുടങ്ങിയ വഴക്കും ബഹളവും അവസാനിച്ചത്, മുതലാളിയുടെ ഭാര്യയെയും കൊണ്ട് ജോസുട്ടി നാട് വിട്ടപ്പോഴാണ്.

തനിക്ക് എല്ലാം നഷ്ടപ്പെട്ടെന്നും വഞ്ചിക്കപ്പെട്ടെന്നും മനസ്സിലായെങ്കിലും, തളരാനും കുറ്റമേറ്റ് പറഞ്ഞ് തിരിച്ച് സ്വന്തം വീട്ടിലേക്ക് പോകാനും, അവൾക്ക് മനസ്സ് വന്നില്ല.

ആറ് മാസം പ്രായമായ മകനെയുമെടുത്ത്, ഇടവക വികാരിയെ പോയി കണ്ട്
അവൾ സങ്കടം പറഞ്ഞു.

തത്ക്കാലം പള്ളിയുടെ വക അനാഥാലയത്തിലെ അടുക്കള കാര്യങ്ങൾ നോക്കി നടത്താൻ ,ഫാദർ അവളോട് ആവശ്യപ്പെട്ടു.

അത് റോസിലിക്ക് വലിയ ആശ്വാസമായിരുന്നു ,രാവിലെ ജോലിക്കെത്തുന്ന റോസിലിയുടെ കയ്യിൽ നിന്ന്, ആൽവിനെ അവിടുത്തെ കുട്ടികൾ ഏറ്റ് വാങ്ങും ,പിന്നെ വൈകുന്നേരം തിരിച്ച് പോകുന്നത് വരെ, കുഞ്ഞിനെ കൊഞ്ചിച്ചും, ഭക്ഷണം കൊടുത്തും അവർ തന്നെ അവനെ കൊണ്ട് നടക്കും.

അങ്ങനെ വർഷം പതിനൊന്ന് കഴിഞ്ഞു, ആൽവിൻ ആറാം ക്ളാസ്സിലായപ്പോൾ, മകനെ നല്ല നിലയിൽ വളർത്താനും, മികച്ച വിദ്യാഭ്യാസം കൊടുക്കാനും തനിക്ക് നല്ല വരുമാനം കൂടിയേ തീരു എന്ന തിരിച്ചറിവാണ്, അവളെ പുതിയ ജോലി അന്വേഷിക്കാൻ പ്രേരിപ്പിച്ചത്.

വീട്ടിലെത്തിയ റോസിലി ,
താൻ സേവ് ചെയ്ത നമ്പറിലേക്ക് വിളിച്ചു.

ഒരു സ്ത്രീയായിരുന്നു ഫോൺ അറ്റൻറ് ചെയ്തത്.

റോസിലി തൻ്റെ ഡീറ്റൈൽസൊക്കെ പറഞ്ഞപ്പോൾ, പിറ്റേ ആഴ്ച മുതൽ ചെല്ലാൻ അവർ ആവശ്യപ്പെട്ടു.

വികാരിയച്ഛനോട് സംസാരിച്ച് തത്കാലം ആൽവിനെ അനാഥാലയത്തിലേല്പിച്ചു ,
അടുത്ത ദിവസം മുതൽ ,സ്കൂൾ ബസ്സ്, പളളി മുറ്റത്ത് വന്ന് ആൽവിനെയും കൊണ്ട് പോകാനുള്ള ഏർപ്പാടുമുണ്ടാക്കി.

പിറ്റേ ആഴ്ച റോസിലി, ഒരു മാസത്തേയ്ക്കുള്ള വസ്ത്രങ്ങൾ ,പഴയൊരു ബാഗിലാക്കി വീട് പൂട്ടി ഇറങ്ങി. 

ഫോണിലൂടെ അവർ പറഞ്ഞ അഡ്രസ്സ് തിരക്കി നടന്ന്, ഒടുവിൽ
കൊട്ടാരസദൃശ്യമായ ഒരു ബംഗ്ളാവിൻ്റെ മുന്നിലെത്തി.

അവളെ കണ്ടതും ,അവളുടെ വീടിനോളം വലിപ്പമുള്ള കൂട്ടിൽ കിടന്ന് ,അൾസേഷൻ നായ ഉറക്കെ കുരച്ചു.

ഭീതിയോടെ അവൾ സിറ്റൗട്ടിൻ്റെ ഇടത് വശത്തെ ഭിത്തിയിൽ കണ്ട, കോളിംഗ് ബെല്ലിൻ്റെ സ്വിച്ചിൽ വിരലമർത്തി.

അല്പം കഴിഞ്ഞപ്പോൾ, കൊത്തുപണി ചെയ്ത വലിയ വാതിൽ തുറന്ന്, ആഡ്യത്വമുള്ളൊരു സ്ത്രീ ഇറങ്ങി വന്നു.

റോസിലി അല്ലേ?

അവളെ കണ്ടതും അവർ ചോദിച്ചു.

അതേ മാഡം

അവൾ വിനയത്തോടെ പറഞ്ഞു.

കയറി വരു ,പിന്നെ ഈ മാഡം വിളി വേണ്ട, അതെനിക്ക് ഇഷ്ടമല്ല ,ഗ്രേസ് എന്നാണെൻ്റെ പേര് ,വേണമെങ്കിൽ പേര് വിളിക്കാം, അല്ലെങ്കിൽ ചേച്ചിയെന്ന് വിളിക്കാം

ശരി ചേച്ചി ...

കണ്ടാൽ തൻ്റെ പ്രായമേ തോന്നുള്ളു എങ്കിലും, അത് അവരുടെ കോസ്റ്റുമിൻ്റെയും മേക്കപ്പിൻ്റെയും ഫലമാണെന്ന് റോസിലിക്ക് മനസ്സിലായത് കൊണ്ടാണ്, അവൾ ചേച്ചിയെന്ന് സംബോധന ചെയ്തത്.

പ്രൗഡിയുള്ള ലിവിംഗ് റൂമും കഴിഞ്ഞ്, ക്രാഫ്റ്റ് വർക്കുകൾ ചെയ്ത മനോഹരമായ ചുമരുകൾ അതിരിടുന്ന ഇടനാഴിയിലൂടെ, ഗ്രേസിനെ പിന്തുടരുമ്പോൾ, സെൻട്രലൈസ്ഡ് ഏസിയുടെ തണുപ്പിൽ, അവൾക്ക് വല്ലാത്ത കുളിർമ്മ തോന്നി.

സാധാരണയിൽ കവിഞ്ഞ വലിപ്പമുള്ളൊരു ബെഡ് റൂമിലേക്കാണ്, ഗ്രേസ് അവളെ കൊണ്ടെത്തിച്ചത്.

അവിടെ വില കൂടിയ ലെതർസെറ്റികളും, ടീ പോയും പിന്നെ ഓട്ടോമാറ്റിക് കട്ടിലുമുണ്ടായിരുന്നു.

ആ കട്ടിലിന് മുകളിൽ, താടിവളർത്തിയ സുമുഖനായ ഒരു ചെറുപ്പക്കാരൻ, സിൽക്ക് മുണ്ടും ഷർട്ടും ധരിച്ച് കിടക്കുന്നത് കണ്ട്, റോസിലി അമ്പരന്ന് നിന്നു.

കണ്ടാൽ അയാൾക്ക് എന്തെങ്കിലും അസുഖമുണ്ടെന്ന് തോന്നില്ല ,ആ മുറി പോലും ഒരു രോഗിയുടേതാണെന്ന് ആരും പറയില്ല ,അത്രയും വൃത്തിയും സുഗന്ധം നിറഞ്ഞതുമായിരുന്നു അവിടം.

രാവിലെ വരെയുള്ള മരുന്നും ഭക്ഷണവുമൊക്കെ കൊടുത്തിട്ടുണ്ട് ,ഇനി ഉച്ചയ്ക്ക് ഗുളികയുണ്ട് ,ഭക്ഷണത്തിൻ്റെ മെനുവും ,മരുന്നുകൾ കൊടുക്കേണ്ട വിധവുമൊക്കെ ദാ ഇതിലുണ്ട് ,നീയെപ്പോഴും ഈ മുറിയുടെ പരിസരത്ത് തന്നെയുണ്ടാവണം,അദ്ദേഹത്തിന് എന്തെങ്കിലും ആവശ്യം വന്നാൽ വിളിക്കും ,കഴുത്തിന് കീഴ്പോട്ടാണ് ബലക്കുറവ്, സംസാരിക്കാനും കാണാനും കേൾക്കാനുമൊക്കെ കഴിയും, ഇത് വരെ ഈ പറഞ്ഞ ജോലികളൊക്കെ ഞാൻ തന്നെയാണ് ചെയ്തത്, ഈ നിമിഷം മുതൽ അത് നിൻ്റെ കടമയാണ് ,നിന്നെ കൂടാതെ അടുക്കളയിൽ മേരി ചേച്ചിയുണ്ട്, പിന്നെ, പുറം പണിക്ക് രാമേട്ടനും, എന്തെങ്കിലും ആവശ്യം വന്നാൽ, രാമേട്ടനോട് പറഞ്ഞാൽ മതി, എല്ലാ ഒന്നാം തീയതിയിലും കൃത്യമായി രാമേട്ടൻ നിനക്കുള്ള ശബ്ബളം കൈയ്യിൽ കൊണ്ട് തരും, എങ്കിൽ, നീയൊന്ന് പുറത്തിറങ്ങി നിന്നേ, ഞാനദ്ദേഹത്തോടൊന്ന് യാത്ര പറയട്ടെ.

അപ്പോഴാണ് ഗ്രേസ് എവിടെയോ പോകാനുള്ള ഒരുക്കത്തിലാണെന്ന് റോസിലിക്ക് മനസ്സിലായത്.

അവൾ പുറത്തേക്കിറങ്ങിയപ്പോൾ, ഗ്രേസ് അകത്ത് നിന്ന് വാതിലടച്ചു.

അല്പസമയം കഴിഞ്ഞ് വാതിൽ തുറന്നവർ പുറത്തിറങ്ങുമ്പോൾ, മുഖം മ്ളാനമായിരുന്നത് റോസിലി ശ്രദ്ധിച്ചു.

ശരി ,അപ്പോൾ പറഞ്ഞത് പോലെ

ഗ്രേസ് മുറ്റത്തേക്ക് നടന്ന് പോയി കാറിൽ കയറുന്നത് വരെ, റോസിലി അവരെ അനുഗമിച്ചു.

അവൾ പോയോ?

തിരിച്ച് മുറിയിലെത്തിയ റോസിലിയോട് ,അയാൾ ചോദിച്ചു

ഉവ്വ് സാർ പോയി, ചേച്ചി ഷോപ്പിങ്ങിന് വല്ലതും പോയതാവുമല്ലേ?

ഹേയ്, അവള് ഗൾഫിലേക്ക് തിരിച്ച് പോയതാണ് ,ഞങ്ങളുടെ ബിസിനസ്സൊക്കെ അവിടെയായിരുന്നു ,അവിടെ വച്ചാണ് എനിക്ക് ആക്സിഡൻ്റുണ്ടായതും, ഈ സ്ഥിതിയിലായതും, ആശുപത്രിവാസംമടുത്തപ്പോഴാണ് എൻ്റെ നിർബന്ധം മൂലം ഇവിടേക്ക് ഷിഫ്റ്റ് ചെയ്തത്

അപ്പോൾ ചേച്ചി ഉടനെയൊന്നും വരില്ലേ ?

അതിന് മറുപടിയൊന്നും പറയാതെ അയാൾ കണ്ണടച്ച് കിടക്കുന്നത് കണ്ടപ്പോൾ, രാവിലെ കഴിച്ച ഗുളികയുടെ എഫക്ട് കൊണ്ട് മയങ്ങിയതാവാമെന്ന് അവൾക്ക് തോന്നി.

അയാളെ ഉറങ്ങാൻ വിട്ടിട്ട്, അവൾ തൻ്റെ ബാഗുമായി മുറിക്ക് പുറത്തിറങ്ങി.

അടുക്കളയിൽ ചെന്ന് മേരി ചേച്ചിയുമായി, പരിചയപ്പെട്ടിട്ട് അവരുമായി കുശലം പറഞ്ഞിരിക്കുമ്പോൾ, അടുക്കള വാതില്ക്കൽ ഒരു മദ്ധ്യവയസ്ക്കൻ പ്രത്യക്ഷപ്പെട്ടു. 

ദേ, കുഞ്ഞിനെ കൊച്ച് മുതലാളി വിളിക്കുന്നുണ്ട്

അത് കേട്ട പാടെ, റോസിലി ഓടി അയാളുടെ മുറിയിലെത്തി.

എന്താ സാർ

എൻ്റെ നാപ്കിൻ മാറ്റാൻ സമയമായി, അലമാരയിലിരിപ്പുണ്ട്, ആ കതകടച്ചിട്ട് അതിങ്ങ് എടുത്ത് കൊണ്ട് വരു

അത് കേട്ടതും റോസിലി പകച്ച് പോയി ,ഇത് വരെയവൾ അത്രയ്ക്കൊന്നും കടന്ന് ചിന്തിച്ചിരുന്നില്ല, ഇങ്ങനെയൊരു ജോലി ആദ്യമായിട്ടാണല്ലോ?

വിറയ്ക്കുന്ന കൈകളോടെ അലമാരയിൽ നിന്നും സാനിട്ടറി നാപ്കിനെടുത്ത് കൊണ്ട്, അയാളുടെയരികിലെത്തി.

എന്താ മാറ്റുന്നില്ലേ ?

അമ്പരന്ന് നില്ക്കുന്ന റോസിലിയോടയാൾ ചോദിച്ചു.

അത് സാർ, ഞാനിതൊന്നും 
ഇത് വരെ ചെയ്തിട്ടില്ല ,ആദ്യമായിട്ടാണ്, മാത്രമല്ല ,ഹോം നഴ്സിനെ ആവശ്യമുണ്ടെന്ന് പറഞ്ഞപ്പോൾ, സാറിനെ പോലെ ഇത്ര ചെറുപ്പമായ ഒരാളാണെന്ന് കരുതിയിരുന്നില്ല, വീട്ടിലെ ബുദ്ധിമുട്ട് കൊണ്ടാണ്, പരസ്യം കണ്ടയുടനെ ചാടി പുറപ്പെട്ടത്

അവൾ നിസ്സഹായതയോടെ അയാളോട് പറഞ്ഞു.

ഇപ്പോൾ വരേണ്ടിയിരുന്നില്ല 
എന്ന് തോന്നുന്നുണ്ടെങ്കിൽ, കുട്ടി തിരിച്ച് പൊയ്ക്കോളു, സ്വന്തം ഭാര്യയ്ക്ക് തോന്നാതിരുന്ന അനുകമ്പയൊന്നും കുട്ടിക്ക് തോന്നേണ്ട കാര്യമില്ലല്ലോ?

അയാളങ്ങനെ പറഞ്ഞത് റോസിലിയുടെ ഉള്ളിൽ തട്ടി,
ചേച്ചി പോയത് സാറിന് ഇഷ്ടമായിട്ടില്ല ,അദ്ദേഹത്തിൻ്റെയുള്ളിൽ അതിൻ്റെ വേദനയുണ്ടെന്ന് അവൾക്ക് മനസ്സിലായി.

സോറി സർ ,ഞാനെൻ്റെ പരിചയക്കുറവ് പറഞ്ഞെന്നേയുള്ളു, ഞാൻ ചെയ്തോളാം, സാറൊന്ന് കണ്ണടച്ച് കിടന്നോളു, എല്ലാം കഴിഞ്ഞ് ഞാൻ പറയുമ്പോൾ തുറന്നാൽ മതി

അയാൾ കണ്ണടച്ച് നിർന്നിമേഷനായി കിടന്നപ്പോൾ നിർവ്വികാരതയോടെ
അവൾ ആ ദൗത്യം പൂർത്തിയാക്കി.


ഭാഗം -2

അയാളുടെ ഗുഹ്യഭാഗത്ത് പറ്റിപ്പിടിച്ചിരുന്ന വിസർജ്യം നനഞ്ഞ തുണികൊണ്ട് തുടച്ചെടുത്ത്, പുതിയ നാപ്കിനും വേഷ്ടിയും ധരിപ്പിച്ച് കഴിഞ്ഞപ്പോഴേക്കും, അവൾ വിയർത്ത് കുളിച്ചിരുന്നു.

"ഇനി കണ്ണ് തുറന്നോളു സർ"

അവളുടെ അനുവാദം കിട്ടിയപ്പോൾ, അയാൾ മെല്ലെ കണ്ണ് തുറന്നു .

"അയ്യോ സാർ കരയുകയാണോ?
എവിടെയെങ്കിലും വേദനയുണ്ടോ?

അവൾ ഉത്ക്കണ്ഠയോടെ ചോദിച്ചു.

"ഹേയ്, നിശ്ചലമായ ഈ ശരീരത്തിൽ, താനൊരു കത്തിയെടുത്ത് കുത്തിയാൽ പോലും, എനിക്ക് വേദനിക്കില്ല,
പക്ഷേ, ഒരു സത്രീയുടെ മുന്നിൽ നിസ്സഹായതയോടെ പിറന്നപടി കിടന്ന് കൊടുക്കേണ്ട, ഒരു ചെറുപ്പക്കാരൻ്റെ മാനസികാവസ്ഥ, പറഞ്ഞറിയിക്കാനാവില്ല ,പണ്ട് എൻ്റെ അമ്മ പറയുമായിരുന്നു ,ഈ ചെറുക്കനെന്തൊരു നാണമാണ്, ഇവൻ പെണ്ണായി പിറക്കേണ്ടതായിരുന്നെന്ന്, ശരിയാ, കൂട്ടുകാരോടൊപ്പം ടൂറിന് പോകുമ്പോൾ, അവരൊക്കെ വെള്ളച്ചാട്ടത്തിൽ ട്രൗസറിട്ട് കുളിക്കുമ്പോൾ, ഞാൻ മാത്രം കാഴ്ചക്കാരനായി മാറി നില്ക്കും, എന്ത് കൊണ്ടാണെന്നോ ?ഷർട്ടഴിച്ചാൽ എൻ്റെ അർത്ഥ നഗ്നമേനി അവർ കാണുമല്ലോയെന്നോർത്തിട്ട്, ആ ഞാനാണിന്ന് തൻ്റെ കൺമുന്നിൽ... ഛെ!
ദൈവം എന്തിനെന്നെ ഇങ്ങനെ ശിക്ഷിച്ചു ,അന്നേ മരിച്ച് പോയാൽ മതിയായിരുന്നു"

കടുത്ത നിരാശയിൽ അയാൾ തല കുടഞ്ഞു.

"സർ, എന്താ സാർ ഇത്, 
സാറിനെ പോലെയൊരു ലോക പരിചയമുള്ളയാൾ, ഇങ്ങനെയൊക്കെ ചിന്തിക്കണോ ?
ഇതിലും ഭയാനകവും, ദുരിതപൂർണവുമായ അവസ്ഥയിൽ, ഹൃദയമിടിപ്പ് മാത്രമായി ,കണ്ണിമ ചലിപ്പിക്കാൻ കഴിയാതെ ,ഉറ്റവരോടൊന്ന് മിണ്ടാൻ പോലുമാവാതെ, നരക വേദന അനുഭവിക്കുന്ന എത്രയോ പാവപ്പെട്ടവരുണ്ട്, ദരിദ്രനായത് കൊണ്ട്, ജീവിതത്തിലൊരിക്കലും പഴയത് പോലെയാവാൻ കഴിയില്ലന്നറിഞ്ഞിട്ടും, ദൈവം നിശ്ചയിച്ച സമയം തീരും വരെ, മാനസികവും, ശാരീരികവുമായ വേദനകൾ കടിച്ചമർത്തി ജീവിക്കേണ്ടി വരുന്ന അനേകായിരങ്ങളെക്കുറിച്ച് സാറൊന്ന് ആലോചിച്ച് നോക്കിയാൽ ഇതൊക്കെ നിസ്സാരമല്ലേ സാർ, ഈ ലോകത്ത് കിട്ടാവുന്ന ഏറ്റവും നല്ല ചികിത്സ തേടാനും അതിലൂടെ, ഇന്നല്ലെങ്കിൽ നാളെ, സാറിന് പഴയത് പോലെ എഴുന്നേറ്റ് നടക്കാനും കഴിയുമെന്നുറപ്പുള്ളപ്പോൾ, പിന്നെ സാറെന്തിന് നിരാശപ്പെടണം"

അവളുടെ സാന്ത്വനപ്പെടുത്തുന്ന ആ വാക്കുകൾക്ക്, അയാളുടെ നിരാശയെ കെടുത്തിക്കളയാനും, പുതിയൊരുണർവ്വ് നല്കാനുമുള്ള കഴിവുണ്ടായിരുന്നു. 

"പിന്നെ, സാറിന് അമ്മയും അച്ഛനും ഭാര്യയുമടക്കം എല്ലാവരുമില്ലേ ? ഒന്ന് സങ്കടപ്പെടുമ്പോൾ, അല്ലെങ്കിൽ മാനസികമായി തളരുമ്പോൾ, താങ്ങായി കൂടെനില്ക്കാൻ അവരൊക്കെയുള്ളപ്പോൾ 
സാറെത്ര ഭാഗ്യവാനാണ്"

അത് പറയുമ്പോൾ, അവളുടെ കണ്ണുകളും ഈറനായിരുന്നു.

"റോസിന് എൻ്റെ മുഴുവൻ കഥകളുമറിയില്ലല്ലോ? സോറി, റോസ് എന്ന് വിളിക്കുന്നതിൽ വിരോധമില്ലല്ലോ ?അതാണെളുപ്പം അത് കൊണ്ടാണ്"

"ഇല്ല സാർ ,സാറിന് ഇഷ്ടമുള്ളത് വിളിച്ചോ"

"ഞാൻ ഊട്ടിയിലെ ബോർഡിങ്ങ്
സ്കൂളിൽ പഠിക്കുമ്പോഴാണ്, എൻ്റെ അമ്മ മരിക്കുന്നത്  ,
എൻ്റെ ജീവിതത്തിൽ അമ്മയായിരുന്നു ,എൻ്റെ ഏറ്റവും വലിയ ദൗർബ്ബല്യം, അച്ഛനെപ്പോഴും ബിസിനസ്സിൻ്റെ തിരക്കിലായിരുന്നു ,അമ്മ പോയതോടെ , നിരാലംബനായ ഞാൻ ,ആ വലിയ ബംഗ്ളാവിൽ ഒറ്റപ്പെട്ടു ,ഏകാന്തതയിൽ മനം മടുത്ത ഞാൻ, വീണ്ടും ഊട്ടിയിലെ ബോർഡിങ്ങിലേക്ക് തിരിച്ച് പോയി, 
സമ്മർ വെക്കേഷന് എല്ലാവരെയും പോലെ ഞാനും സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയപ്പോൾ ,അവിടെ പുതിയൊരഥിതിയുണ്ടായിരുന്നു,
ചെറുപ്പക്കാരിയായ ആ സ്ത്രീ എൻ്റെ അച്ഛൻ്റെ രണ്ടാം ഭാര്യയാണെന്നറിഞ്ഞപ്പാൾ, അച്ഛൻ എൻ്റെ മനസ്സിൽ നിന്നും കൂടുതൽ അകന്ന് കഴിഞ്ഞിരുന്നു.പിന്നെ ഞാനവിടെ നിന്നില്ല ,എനിക്കിനി വിദേശത്ത് പോയി പഠിച്ചാൽ മതിയെന്ന്, ഞാനച്ഛനോട്   പറഞ്ഞു.അതിനച്ഛന് എതിർപ്പൊന്നുമില്ലായിരുന്നു.ഹയർ സ്റ്റഡീസും, എംബിഎ യുമൊക്കെ, ഇംഗ്ളീഷ്കാരുടെ മക്കളോടൊപ്പം പൂർത്തിയാക്കിയ ഞാൻ, പിന്നീട് നാട്ടിൽ വരുന്നത്, അച്ഛൻ്റെ മരണവാർത്തയറിഞ്ഞാണ്,
വീട്ടിലെത്തിയ ഞാൻ, 
ആ സത്രീയെ അവിടൊക്കെ തിരഞ്ഞെങ്കിലും, ഇടയ്ക്കെപ്പോഴോ അച്ഛനുമായി പിണങ്ങിയ അവർ, ഡൈവോഴ്സ് വാങ്ങി എങ്ങോട്ടോ പോയെന്നാണ് അറിയാൻ കഴിഞ്ഞത് ,അവസാന സമയത്ത് അച്ഛൻ ഒരു നല്ല കാര്യം ചെയ്ത് വച്ചത്, സ്വത്തുക്കളെല്ലാം എൻ്റെ പേരിൽ തന്നെ എഴുതിവച്ചിരുന്നു എന്നതാണ്, സത്യത്തിൽ അച്ഛനോടെനിക്ക് മതിപ്പ് തോന്നിയത് അപ്പോഴാണ്, കാരണം, ഇടയ്ക്ക് തൻ്റെ ജീവിതത്തിലേക്ക് കയറി വന്ന ആ സത്രീയുടെ പേരിൽ, അച്ഛൻ സ്വത്തുക്കൾ എഴുതി കൊടുത്തില്ലല്ലോ ?

"ശരിയാണ് സാർ ,നമ്മളൊക്കെ മനസ്സിലാക്കാതെ പോയ ചിലരാവും, നമ്മുടെ ജീവിതത്തിനായി പരോക്ഷമായിട്ടെന്തെങ്കിലും ചെയ്യുന്നത് ,സദാ ഗൗരവക്കാരായ അവരെ,നമ്മൾ മനസ്സിലാക്കി എടുക്കുമ്പോഴേക്കും, അവർ നമ്മിൽ നിന്നും അടുക്കാനാവാത്ത വിധം അകന്ന് പോയിട്ടുണ്ടാവും, നമ്മുടെയൊക്കെ ജീവിതത്തിൽ അത്തരമൊരു കഥാപാത്രമെന്ന് പറയുന്നത് , നമ്മുടെ അച്ഛൻ തന്നെയായിരിക്കും, നമ്മളോട് നേരിട്ട് സംവദിക്കുകയും ,നമ്മുടെ എല്ലാ കാര്യങ്ങർക്കും ഒപ്പം നില്ക്കുകയും ചെയ്യുന്ന, അമ്മയായിരിക്കും നമ്മുടെയെല്ലാം കാണപ്പെട്ട ദൈവം ,എന്നാൽ നമ്മുടെ നേട്ടങ്ങൾക്കായി അഹോരാത്രം കഷ്ടപ്പെടുകയും, നമ്മുടെ വീഴ്ചയിൽ കണ്ണീർ വീഴ്ത്താതെ ഉളളിൽ തേങ്ങുകയും ചെയ്യുന്ന, നമ്മൾ ഓരോരുത്തരുടെയും ജീവിതത്തിൽ ഏറ്റവുമധികം സ്വാധീനം ചെലുത്തുന്ന, അച്ഛനെന്ന മറഞ്ഞിരിക്കുന്ന ദൈവത്തെ, നമ്മൾ മനപ്പൂർവ്വം കാണാൻ ശ്രമിക്കാറുമില്ല"

"റോസ് പറഞ്ഞത് ശരിയാണ്, ഞാനത് തിരിച്ചറിഞ്ഞപ്പോഴേക്കും, അച്ഛൻ എന്നെ വിട്ട് പോയ് കഴിഞ്ഞിരുന്നു, അത് കൊണ്ട് തന്നെയാണ് , എപ്പോഴും എനിക്ക് കാണാൻ പാകത്തിൽ ,
അദ്ദേഹത്തിൻ്റെയൊരു ചിത്രം ഞാൻ സൂക്ഷിച്ച് വച്ചിരിക്കുന്നത്,
ദാ ആ ഇരിക്കുന്നതാണെൻ്റെ അച്ഛൻ"

അയാൾ കണ്ണ് കൊണ്ട് ആംഗ്യം കാണിച്ച ചുമരിലേക്ക്, റോസിലി തിരിഞ്ഞ് നോക്കി.

"ഓകെ സർ ,സാറിനിപ്പോൾ ദാഹിക്കുന്നുണ്ടാവില്ലേ? ഞാൻ പോയി കൂടിക്കാനെന്തെങ്കിലുമെടുത്ത് കൊണ്ട് വരാം, എന്നിട്ട് സാറിൻ്റെ ബാക്കി കഥകളൊക്കെ കേൾക്കാം"

"ഉം ശരി ",

റോസിലി ,മുഷിഞ്ഞ തുണികളുമായി, അടുക്കളയിലേക്ക് പോയി.

"മേരിയേച്ചീ .. സാറിനേത് ജ്യൂസാ കൂടുതലിഷ്ടം?

ഫ്രിഡ്ജ് തുറന്ന് നോക്കിയിട്ടവൾ ചോദിച്ചു.

"അതിനങ്ങനൊന്നുമില്ല ,എന്ത് കൊടുത്താലും കുടിക്കും "

"ഓകെ ,എങ്കിൽ പപ്പായ ജ്യൂസ് കൊടുക്കാം"

വലിയൊരു ജാറിൽ പപ്പായ ജ്യൂസുമായി അവൾ മുറിയിൽ തിരിച്ചെത്തി.

"ഇതാ സാർ ജ്യൂസ്"

"അതെനിക്ക് തനിയെ കുടിക്കാൻ കഴിയില്ല"

"ഓഹ് സോറി സർ, ഞാനത് മറന്നു"

അവൾ ജാറും ഗ്ളാസ്സും, ടീപോയിൽ വച്ചിട്ട്, ഓട്ടോമാറ്റിക് കട്ടിലിൻ്റെ സ്വിച്ചിൽ വിരലമർത്തി, അയാൾക്ക് ഇരിക്കാൻ പാകത്തിൽ സെറ്റ് ചെയ്തു.

എന്നിട്ട് സ്പൂൺ കൊണ്ട്, ജ്യൂസ് കോരി അയാളുടെ വായിലേക്ക് ഒഴിച്ച് കൊടുത്തു.

"ഉം മതി റോസ്, താനെൻ്റെ മൊബൈലെടുത്ത് നെറ്റ് ഒന്ന് ഓൺ ചെയ്തേ ,ഗ്രേസ് പോയിട്ട് ഇത് വരെ വിളിച്ചില്ലോ"

അവൾ മേശപ്പുറത്തിരുന്ന അയാളുടെ ഐഫോൺ എടുത്തു.

"ഇതെങ്ങനെയാണ് സാർ ഓൺ ചെയ്യുന്നത്?

അയാൾ ഓൺ ചെയ്യുന്ന വിധം പറഞ്ഞ് കൊടുത്തു.

അപ്പോഴേക്കും നിരവധി മെസ്സേജുകൾ വന്നു.

"വാട്സാപ്പിലെ മെസ്സേജുകളോരോന്നായി വായിക്കു"

"ആദ്യം കിടക്കുന്ന മെസ്സേജ് ഒരു റോബിൻ്റെയാണ്, അത് ഓപ്പൺ ചെയ്യട്ടെ സാർ"

"റോബിൻ്റെയോ ?

അയാൾ നെറ്റി ചുളിച്ചു.

"ഉം ശരി അവനെന്താ പറയുന്നതെന്ന്, എന്നെ വായിച്ച് കേൾപ്പിക്ക്"

"ഇത് കുറച്ച് ഫോട്ടോസാണ് സാർ, ഡൗൺലോഡ് ആകുന്നതേയുള്ളു"

"ഫോട്ടോസോ?

അയാൾക്ക് ജിജ്ഞാസയേറി.

"അയ്യോ സാർ, ഇത് സാറിൻ്റെ വൈഫല്ലേ? കൂടെയാരാന്നറിയില്ല"

എവിടെ നോക്കട്ടെ ?

ഗ്രേസും റോബിനുമായി ആലിംഗനം ചെയ്യുന്നതും, ചുംബിക്കുന്നതുമായ പലതരം ഫോട്ടോസ്കണ്ടയാൾ ഞെട്ടിത്തരിച്ചു,
അയാളുടെ കണ്ണും മുഖവും ദേഷ്യം കൊണ്ട് ചുവന്നു.

"ബ്ളഡിബിച്ച് ..."

അയാൾ പല്ല് ഞെരിച്ചു.

അപ്പോഴേക്കും ആ ഫോണിലേക്ക് ഒരു കോള് വന്നു.

റോസിലിയത് അറ്റൻ്റ് ചെയ്തിട്ട് അയാളുടെ ചെവിയിൽ ചേർത്ത് പിടിച്ച് കൊടുത്തു.

"ങ്ഹാ, സിജോ... ഞാനയച്ച ഫോട്ടോസൊക്കെ കണ്ടല്ലോ അല്ലേ? ഇപ്പോൾ ഇവിടുത്തെ എയർപോർട്ടിൽ വച്ചെടുത്തതാ, ഞാൻ ഇത്രയും ദിവസം കോട്ടയത്തുണ്ടായിരുന്നു, എന്തിനാന്നോ ?ഇത്രയും നാളും നീ സ്വന്തമാക്കി വച്ചിരുന്ന ഗ്രേസിനെയും കൊണ്ട് തിരിച്ച് പോകാൻ ,ഏതെങ്കിലും ഒരുത്തിയെ പിടിച്ച് അവിടെ നിർത്തിയിട്ട്,നിന്നെ ഉപേക്ഷിച്ച് വരാൻ, ഞാനാ അവളെ ഉപദേശിച്ചത് ,ആദ്യമൊക്കെ അവള് മടിച്ചെങ്കിലും, ഇപ്പോൾ അവൾക്ക് ബോധ്യമായി, പാതി ചത്ത നിന്നെക്കൊണ്ട് അവൾക്കൊരു ഗുണവുമില്ലെന്ന്, ആ തിരിച്ചറിവുണ്ടായത് കൊണ്ടാണ് ,ബിസിനസ്സ് നോക്കാനാണെന്ന് നിന്നോട് കളവ് പറഞ്ഞ്, അവിടുന്ന് അവള്ചാടിയത് ,അത് മറ്റൊന്നിനുമല്ല, ഇനിയുള്ള കാലം, എൻ്റെ കൂടെ സുഖമായി ജീവിക്കാൻ, എൻ്റെ കുറെ നാളായുള്ള സ്വപ്നമായിരുന്നെടാ.. നിൻ്റെ ഗ്രേസിനെ സ്വന്തമാക്കണമെന്നത്, അതേതായാലും സാധിച്ചു, ഇനി അടുത്ത ലക്ഷ്യം, നിൻ്റെ ബിസിനസ്സ് സാമ്രാജ്യമാണ്, താമസിയാതെ, അതും ഞാൻ കൈക്കലാക്കും, അപ്പോൾ ബൈ...,

ഫോണെടുത്ത് മാറ്റൂ....

റോസിലിയോട് ദേഷ്യം 
കൊണ്ടയാൾ അലറുകയായിരുന്നു.

അവൾ പെട്ടെന്ന് ഫോൺ മാറ്റിവച്ചു.

അയാളുടെ കഴുത്തിലെ ഞരമ്പുകൾ വലിഞ്ഞ് മുറുകിയിട്ട് ഇപ്പോൾ തന്നെയത് പൊട്ടി
ചോര തെറിക്കുമെന്ന് അവൾ ഭയന്നു.

"സാർ, പ്ളീസ് റിലാക്സ്... എന്താണെങ്കിലും എന്നോട് പറയു, കുറച്ചാശ്വാസം കിട്ടട്ടെ"

അവൾ അയാളുടെ അരികിലിരുന്ന്, മുടിയിഴകളിൽ വിരലുകളോടിച്ച് സമാധാനിപ്പിക്കാൻ ശ്രമിച്ചു.

"റോസ്.. അവളെന്നെ ചതിച്ചു,
എൻ്റെ ശത്രുവിനൊപ്പം ജീവിക്കാൻ വേണ്ടി, ബിസിനസ്സ് കാര്യത്തിനായി പോകുവാന്ന് എന്നോടവൾ കളവ് പറഞ്ഞതായിരുന്നു"

"നേരാണോ സർ ..രാവിലെ ഇവിടുന്ന് യാത്ര പറഞ്ഞിറങ്ങിപ്പോയ, സാറിൻ്റെ ഭാര്യയെ കുറിച്ച് തന്നെയാണോ ഈ പറയുന്നത്?

"ഭാര്യ ...അവളെൻ്റെ ഭാര്യയൊന്നുമല്ലായിരുന്നു, 
അതിന് ഞാനവളെ നിയമപരമായി
വിവാഹം കഴിച്ചിട്ടൊന്നുമില്ല,
എൻ്റെ ബിസിനസ്സ് പാർട്ണറായിരുന്നവൾ,
അങ്ങനെ ഞങ്ങൾ പരസ്പരം സ്നേഹിച്ച് തുടങ്ങി ,ഒടുവിൽ പിരിയാനാവാത്ത വിധം അടുത്തപ്പോൾ, ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു."

റോസിലിക്ക് അതൊരു പുതിയ അറിവായിരുന്നു ,എല്ലാം കേട്ടവൾ പകച്ചിരുന്നു പോയി.


ഭാഗം-3

കുളിമുറിയിൽ നിന്നുമിറങ്ങി ഡ്രസ്സിങ്ങ് റൂമിൽ വന്ന് ഈറൻ മാറുമ്പോൾ, അങ്ങോട്ട് കയറി വന്ന സിജോ, റോസിലിയെ പെട്ടെന്ന് കടന്ന് പിടിച്ചു.

അപ്രതീക്ഷിതമായ അയാളുടെ പെരുമാറ്റത്തിൽ ,റോസിലി പകച്ച് പോയി.

അയ്യോ സർ, എന്താ ഈ കാണിക്കുന്നത്, എന്നെ വിടൂ...

റോസേ..പ്ളീസ്, എനിക്ക് നിന്നെ ഒത്തിരി ഇഷ്ടമാണ്, നിന്നെ ഞാൻ വിവാഹം കഴിച്ച് കൊള്ളാം നീയെന്നെ എതിർക്കരുത്

ഇല്ല സാർ, എനിക്കതിന് കഴിയില്ല, ഞാനൊരു ഭാര്യയാണ്, എൻ്റെ ഭർത്താവിനെ വഞ്ചിക്കാൻ എനിക്ക് കഴിയില്ല

പക്ഷേ സിജോ ,അതൊന്നും കേട്ട ഭാവം നടിക്കാതെ അവളെ കൂടുതൽ വരിഞ്ഞ് മുറുക്കി.

സർവ്വ ശക്തിയുമെടുത്തവൾ അയാളെ തള്ളി മാറ്റിയിട്ട് പുറത്തേയ്ക്കോടി.

തൊട്ട് പിന്നാലെ, കൂട് തുറന്ന് വിട്ടിരുന്ന അൾസേഷൻ നായ, കുരച്ച് കൊണ്ട് അവളെ പിൻതുടർന്നു.

പേടിച്ചരണ്ട റോസിലി, കട്ടപിടിച്ച ഇരുട്ടിലൂടെ ലക്ഷ്യമില്ലാതെ പാഞ്ഞു.

പെട്ടെന്നവളൊരു അഗാധഗർത്തത്തിലേക്ക് കാല് തെറ്റി വീണു.

അമ്മേ.....

അലർച്ചയോടവൾ കണ്ണ് തുറന്നപ്പോഴാണ് താനിത് വരെ കണ്ടത് ഒരു ദു:സ്വപ്നമായിരുന്നെന്ന് അവൾക്ക് ബോധ്യമായത്.

അവളെഴുന്നേറ്റ് ലൈറ്റിട്ടു.

പാവം ,ഒന്നുമറിയാതെ അദ്ദേഹം കട്ടിലിൽ കിടന്ന് ശാന്തമായുറങ്ങുന്നു.

ആദ്യമായി വീട് വിട്ട് നിന്നതിൻ്റെയും, നിലത്ത് പായ പിരിച്ചിട്ടാണെങ്കിൽ പോലും, 
ഒരു അന്യപുരുഷനോടൊപ്പം, 
ഒരേ മുറിയിൽ തന്നെ കിടന്നുറങ്ങിയത് കൊണ്ട് ,
തൻ്റെ ഉപബോധമനസ്സിലുണ്ടായ, അകാരണമായ ഭയം കൊണ്ടുമാവാം, താൻ ദു:സ്വപ്നം കാണാനിടയായതെന്ന്, അവൾക്ക് മനസ്സിലായി.

ലൈറ്റ് ഓഫ് ചെയ്തിട്ട് വീണ്ടുമവൾ നിലത്ത് പായയിൽ കിടന്നു.

കണ്ണടച്ചപ്പോൾ, സ്വപ്നത്തിൽ കണ്ട കാര്യങ്ങൾ അവളോർത്തെടുത്തു.

എന്തിനാണ് താൻ തൻ്റെ ഭർത്താവിനെ കുറിച്ച് സംസാരിച്ചത് ,തന്നെ അയാൾ ഉപേക്ഷിച്ച് പോയിട്ട് പത്ത് പന്ത്രണ്ട് വർഷങ്ങളായി ,എന്നിട്ടും തനിക്കയാളെ വഞ്ചിക്കാൻ മനസ്സ് വരുന്നില്ലെന്നല്ലേ സ്വപ്നത്തിൽ താൻ പറഞ്ഞത് ,അതിനർത്ഥം ജോസൂട്ടിയെ താനിപ്പോഴും ഭർത്താവായി മനസ്സിൽ കൊണ്ട് നടക്കുന്നുണ്ടെന്നല്ലേ?എന്തിന്?
എന്തിനാണ് താൻ അയാൾക്ക് വേണ്ടി സംസാരിക്കുന്നത്, അയാളിപ്പോൾ തൻെറയാരുമല്ല, ഇനി അയാൾ ,എല്ലാ കുറ്റങ്ങളും ഏറ്റ് പറഞ്ഞ്, തൻ്റെ കാല് പിടിച്ചാലും, ഒരു തരി പോലും തൻ്റെ മനസ്സിളകാൻ പോകുന്നില്ല

അല്ല, താനെന്തിനാണിപ്പോൾ ഇങ്ങനൊക്കെ ചിന്തിക്കുന്നത്,
അയാൾ ദൂരെയെവിടെയോ കാമുകിയുമൊത്ത് സുഖമായി ജീവിക്കുന്നുണ്ടാവാം ,വെറുമൊരു ദുഃസ്വപ്നം കണ്ടെന്ന് വച്ച്, താൻ വെറുതെ ഓരോന്ന് ചിന്തിച്ച് കൂട്ടിക്കോളും ഛെ!

അവൾ സ്വയം തലക്കടിച്ചു.

എന്ത് കൊണ്ടോ അവളുടെ കണ്ണിൽ നിന്നും രണ്ട് തുള്ളി കണ്ണീർ അടർന്ന് വീണു.

പിന്നെയവൾ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ട് ഉറക്കം വന്നില്ല

മൊബൈലിൽ ,കൃത്യം അഞ്ച് മണിയായപ്പോൾ സെറ്റ് ചെയ്ത അലാറം മുഴങ്ങി

അവൾ വേഗമെഴുന്നേറ്റ് ബാത്റൂമിൽ കയറി
ഫ്രഷായി വന്നപ്പോൾ അയാൾ കണ്ണ് തുറന്ന് കിടക്കുകയായിരുന്നു

ഗുഡ് മോർണിങ്ങ് സാർ

ഗുഡ് മോർണിങ്ങ് റോസ് ,
ഇന്നലെ വരെ ഗ്രേസിനെ ഞാൻ വിളിച്ചുണർത്തുകയായിരുന്നു,
എന്നാലും അവൾക്കെഴുന്നേല്ക്കാൻ മടിയായിരിക്കും, ഇന്നിപ്പോൾ റോസ് ഞാൻ പറയാതെ തന്നെ സ്വയമെഴുന്നേറ്റല്ലോ? സന്തോഷമായി ,ശരീരത്തിന്
ഒന്നുമറിയാൻ കഴിയില്ലെങ്കിലും, ഒരു സമയം കഴിഞ്ഞാൽ പിന്നെ , എൻ്റെ അരയ്ക്ക് താഴെ മലിനമായിട്ടുണ്ടെന്ന് മനസ്സ് പറയും, അപ്പോൾ മുതൽ വല്ലാത്തൊരു ഇറിറ്റേഷനാണ് ,എത്രയും പെട്ടെന്ന് നാപ്കിൻ മാറ്റാൻ മനസ്സിനകത്തൊരു വെമ്പലുണ്ടാകും, ഇത്ര രാവിലെ തന്നെ അത്തരമൊരു പ്രവൃത്തി ചെയ്യുന്നത്, റോസിന് ബുദ്ധിമുട്ടാണെന്നറിയാം, എന്നാലും ..

എന്താ സാറിത്, അതെൻ്റെ ജോലിയല്ലേ അതിനല്ലേ 
എനിക്ക് ശബ്ബളം തരുന്നത് ,സാറതിനെക്കുറിച്ചൊന്നും ചിന്തിക്കണ്ട

അതും പറഞ്ഞവൾ കുളിമുറിയിൽ പോയി പാത്രത്തിൽ ചൂട് വെള്ളവും കോട്ടൺ തുണിയുമെടുത്ത് കൊണ്ട് വന്നിട്ട് അയാളുടെ മുഷിഞ്ഞ വേഷ്ടിയും നാപ്കിനും അഴിച്ച് മാറ്റി, ശരീരമാസകലം തുടച്ച് വൃത്തിയാക്കി.

ഇനി ഞാനൊന്ന് പോയി കുളിച്ചിട്ട് സാറിന് ബ്രേക്ക് ഫാസ്റ്റുമായി വരാം, അത് വരെ സാറ് ഒന്ന് മയങ്ങിക്കോളു

ഓക്കേ റോസ്

അയാൾ നന്ദിയോടെ അവളെ നോക്കി പുഞ്ചിരിച്ചു.

#################

എത്ര നാളായെന്നറിയുമോ ?ഞാൻ പുറം ലോകം കണ്ടിട്ട് ,ഇപ്പോൾ നീയൊന്ന് ശ്രമിച്ചത് കൊണ്ട്, എനിക്ക് നമ്മുടെ തൊടിയും പൂന്തോട്ടവുമൊക്കെ കാണാൻ കഴിഞ്ഞു

റോസിലി ,രാമേട്ടനെയും ,മേരി ചേച്ചിയെയും കൂടി സഹായത്തിന് വിളിച്ചിട്ടാണ്, നാല് കാലിലും വീല് ഘടിപ്പിച്ച അയാൾ കിടക്കുന്ന കട്ടിലുമായി മുറ്റത്തെത്തിയത്

ഏറെ ശ്രമകരമായ ഒരു ദൗത്യമായിരുന്നിട്ട് കൂടി, ആ  പ്രവൃത്തിയിലൂടെ, സിജോയുടെ മുഖത്ത് ആഹ്ളാദം വിരിഞ്ഞത് കണ്ടപ്പോൾ, റോസിലിക്ക് ചാരിതാർത്ഥ്യം തോന്നി.

ഇനി സാറിന് താമസിയാതെ പുറം ലോകവും കാണാൻ കഴിയും ,എൻ്റെ ഗ്രാമത്തിൽ ഒരു നാട്ട് വൈദ്യനുണ്ട്, അലോപ്പതിയും ആയുർവ്വേദവുമൊക്കെ കൈയ്യൊഴിഞ്ഞ പല കേസുകളും, അദ്ദേഹം ചില പച്ചമരുന്നുകൾ കൊണ്ടുള്ള ചികിത്സയാൽ ഭേദമാക്കിയിട്ടുണ്ട് ,അദ്ദേഹം തന്നെ ഉൾക്കാടുകളിൽ പോയി, നേരിട്ട് ഔഷധ സസ്യങ്ങൾ പറിച്ചെടുത്തുണ്ടാക്കുന്ന ഒരു പ്രത്യേകതരം കൂട്ടാണ്, താമസിയാതെ നമുക്ക് അവിടെ പോകാം ,ഞാൻ എൻ്റെ ഒരു കൂട്ടുകാരിയെ വിളിച്ച് അദ്ദേഹത്തെ പോയി കാണാനുള്ള ടോക്കൺ ബുക്ക് ചെയ്യാൻ പറഞ്ഞിട്ടുണ്ട്

ആങ്ഹാ, റോസ് അപ്പോൾ കരുതി കൂട്ടിയാണല്ലേ?

അതേ സാർ, എന്നെ കൊണ്ട് കഴിയാവുന്നിടത്തോളം ഞാൻ സാറിന് വേണ്ടി കഷ്ടപ്പെടും, സാറിനെ എഴുന്നേല്പിച്ച് നടത്തിയിട്ടേ ഞാനിവിടുന്ന് പോകു

അത് വേണോ ?ഞാനെഴുന്നേറ്റ് നടന്ന് തുടങ്ങിയാൽ പിന്നെ റോസിൻ്റെ ഇവിടുത്തെ ജോലി നഷ്ടപ്പെടില്ലേ? പിന്നെ ശബ്ബളം കിട്ടില്ലല്ലോ ?

എന്നാലും സാരമില്ല സാർ,
ഇവിടുന്ന് എനിക്കൊരു തൊഴില് പഠിച്ചെടുക്കാൻ കഴിഞ്ഞല്ലോ? അത് കൊണ്ടിനി എതെങ്കിലും ഹോംനഴ്സിങ്ങ് ഏജൻസിയിൽ പോയി, പേര് രജിസ്റ്റർ ചെയ്താൽ, അവരെവിടെയെങ്കിലും ജോലി ശരിയാക്കി തന്ന് കൊള്ളും, എൻ്റെയിപ്പോഴത്തെ ലക്ഷ്യം ,സാറിനെ പൂർണ്ണാരോഗ്യവാനായി തിരിച്ച് കൊണ്ട് വരുക എന്നുള്ളതാണ്, മറ്റൊന്നിനെ കുറിച്ചും, ഞാനിപ്പോൾ ചിന്തിക്കുന്നില്ല

തനിക്ക് പഴയത് പോലെ എഴുന്നേറ്റ് നടക്കണമെന്നുള്ളത് അടങ്ങാത്ത ത്വരയാണെങ്കിലും
അത് കഴിഞ്ഞാൽ റോസി പിന്നിവിടെയുണ്ടാവില്ലല്ലോ എന്നോർത്തപ്പോൾ അയാൾക്ക് വിഷമം തോന്നി

കാരണം, അവൾ വന്നതിന് ശേഷം ജീവിതത്തിന് എന്തൊക്കെയോ അർത്ഥമുണ്ടായെന്ന് അയാൾക്ക്തോന്നിത്തുടങ്ങിയിരുന്നു

മടുത്ത് തുടങ്ങിയ ജീവിതത്തോടുള്ള അഭിവാഞ്ജ വീണ്ടുമയാൾക്കുണ്ടായത് അവളുടെ  സാമീപ്യം മൂലമുണ്ടായ പുതുപ്രതീക്ഷകളായിരുന്നു

നെഗറ്റീവായ തൻ്റെ ചിന്തകൾക്ക് ഊർജ്ജം പകരുന്നതായിരുന്നു, അവളുടെ ചില നേരത്തെ പോസിറ്റീവായ ഉപദേശങ്ങൾ

അതെല്ലാം തൻ്റെ ഉയിർത്തെഴുന്നേല്പോടെ അവസാനിക്കുമെന്ന് നിരാശയോടെ അയാളോർത്തു

അല്ലെങ്കിലും എക്കാലവും തനിക്കവളെ തടഞ്ഞ് വക്കാനാവില്ലല്ലോ?
അവൾക്കുമുണ്ടാവില്ലേ? ഒരു കുടുബവും കുട്ടികളും ഭർത്താവുമൊക്കെ

അല്ല ,താനെന്തേ ഇത് വരെ അതിനെക്കുറിച്ചവളോട് തിരക്കിയില്ല എന്ന് അയാൾ ചിന്തിച്ചു.

എന്താ സാർ ആലോചിക്കുന്നത്?

അല്ല റോസ്, തൻ്റെ കുടുംബത്തെക്കുറിച്ചൊന്നും എന്നോടിത് വരെ പറഞ്ഞിട്ടില്ലല്ലോ? തൻ്റെ ഭർത്താവ് എന്ത് ചെയ്യുന്നു, എത്ര കുട്ടികളുണ്ട്?

ആ ചോദ്യം അപ്രതീക്ഷിതമായിരുന്നത് കൊണ്ട് പെട്ടെന്നവൾക്ക് ഉത്തരം നല്കാൻ കഴിഞ്ഞില്ല

എന്താ റോസ്? എന്താ ഒന്നും മിണ്ടാത്തത്?

ഒന്നുമില്ല സാർ ,ഒരു വിധത്തിൽ പറഞ്ഞാൽ ഞാനും സാറിനെപ്പോലെ വഞ്ചിക്കപ്പെട്ട ഒരാളാണ് ,എനിക്കൊരു മകനെ സമ്മാനിച്ചിട്ട് അദ്ദേഹം ഇഷ്ടപ്പെട്ട മറ്റൊരുത്തിയുമായി നാട് വിട്ടു,
ഇപ്പോൾ പന്ത്രണ്ട് വർഷത്തോളമായി എനിക്ക് മോനും അവന് ഞാനും മാത്രമേയുള്ളു

റോസിലി, തൻ്റെ ജീവിത ചരിത്രങ്ങളൊക്കെ സിജോയോട് പറഞ്ഞു.

#################

സാർ പുറത്ത് ആംബുലൻസ് വന്നിട്ടുണ്ട് ,നമുക്കിറങ്ങാം ദൈവത്തോടൊന്ന് പ്രാർത്ഥിച്ചിട്ട് അച്ഛനോട് യാത്ര ചോദിച്ചോളു
അദ്ദേഹത്തിൻ്റെ ആത്മാവ് സാറിനൊപ്പമുണ്ടാവും

കട്ടിലിൽ നിന്നും സെട്രക്ചറിലെടുത്ത് സിജോയെ ആംബുലൻസിലേക്ക് കയറ്റി

രാമേട്ടനോടും, മേരിയേച്ചിയോടും
യാത്ര പറഞ്ഞ്, റോസിലിയും അയാളോടൊപ്പം പുറകിൽ കയറിയിരുന്നു

സൈറൺ മുഴക്കി കൊണ്ട് വനാതിർത്തിയിലുള്ള ചികിത്സാ കേന്ദ്രത്തിലേക്ക് ആംബുലൻസ് ചീറിപ്പാഞ്ഞു.

###################

മൂന്ന് മാസത്തെ തുടർച്ചയായ ചികിത്സയാണ് വൈദ്യൻ പറഞ്ഞിരുന്നതെങ്കിലും അതിന് മുമ്പ് തന്നെ സിജോയുടെ ആരോഗ്യസ്ഥിതിയിൽ കാര്യമായ മാറ്റങ്ങളുണ്ടായത്, അവരെ അത്ഭുതപ്പെടുത്തി .

മരുന്ന് മാത്രമല്ല ,കൂടെ നില്ക്കുന്നവരുടെ
ആത്മാർത്ഥമായ
പരിചരണം കൊണ്ട് കൂടിയാണ് സിജോയ്ക്ക് ഇത്രവേഗം പഴയ ജീവിതത്തിലേക്ക് തിരിച്ച് വരാൻ സാധിച്ചത്, അതിന് താൻ ആ കുട്ടിയോട്, എത്ര നന്ദി പറഞ്ഞാലും മതിയാവില്ല

അവിടുന്ന് യാത്ര പറഞ്ഞിറങ്ങുമ്പോൾ 
സിജോയോട് വൈദ്യൻ പറഞ്ഞു.

നന്ദി മാത്രമല്ല വൈദ്യരെ.. അവൾക്ക് ഞാനൊരു ജീവിതം കൂടി കൊടുക്കാനാണ് ആഗ്രഹിക്കുന്നത് ,വീട്ടിൽ തിരിച്ചെത്തിയിട്ട് വേണം അവളോടത് പറയാൻ

എങ്കിൽ നല്ലത്, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

ആംബുലൻസിൽ കിടത്തിക്കൊണ്ട് വന്ന സിജോയെ, നടത്തി കാറിൽ കയറ്റി വീട്ടിലേക്ക് തിരിച്ച് കൊണ്ട് പോകാനായതിൽ റോസിലിക്ക്, ചാരിതാർത്ഥ്യവും ഒപ്പം സന്തോഷവും തോന്നി.

ഇരുവശവും ചെറുവനങ്ങൾ അതിർത്തി പങ്കിടുന്ന വളഞ്ഞ് പുളഞ്ഞ റോഡിലൂടെ കാറ് വീശിയെടുക്കുമ്പോൾ ബാലൻസില്ലാതെ റോസിലി തൻ്റെ
ദേഹത്തേക്ക് വന്ന് വീഴുന്നത് സിജോ വല്ലാതെ ആസ്വദിച്ചു.

അയാൾ അവളോടൊത്തുള്ള ജീവിതം ,സ്വപ്നം കണ്ടിരുന്നപ്പോൾ അവൾ പുറത്തെ പ്രകൃതി ഭംഗിയിലേക്ക് കണ്ണോടിച്ചു.

കാറ് കട്ടപ്പനയിലെത്തിയപ്പോൾ
നിരത്തിലൊരു ആൾക്കൂട്ടം കണ്ട് റോസിലി അങ്ങോട്ട് നോക്കി

ഒരാൾ മൈക്കിലൂടെ സിനിമാ ഗാനം പാടുന്നു മറ്റൊരാൾ ബക്കറ്റുമായി കൂടി നില്ക്കുന്നവരുടെ മുന്നിൽ ചെല്ലുകയും ഓരോരുത്തരും തങ്ങളുടെ പോക്കറ്റിൽ നിന്നും അഞ്ചും പത്തുമൊക്കെ ഇട്ട് കൊടുക്കുകയും ചെയ്യുന്നു

തിരക്ക് കൊണ്ട് വണ്ടി സ്ളോ ആയപ്പോൾ ബക്കറ്റ് പിടിച്ചിരുന്നയാൾ കാറിനടുത്തേക്ക് വന്നു.

ഇതെന്തിന് വേണ്ടിയുള്ള പിരിവാണ്?

റോസിലി, ജിജ്ഞാസയോടെ ചോദിച്ചു.

ഇതൊരു പാവപ്പെട്ട യുവാവിന് കിഡ്നി മാറ്റി വയ്ക്കുന്ന ചികിത്സാ ഫണ്ടിലേക്കുള്ള പിരിവാണ് മേഡം, നല്ലൊരു തുക വേണം ,കഴിയുമെങ്കിൽ അദ്ദേഹത്തെ ഒന്ന് സഹായിക്കണം,ദാ ഇതിൽ അയാളുടെ ഫോട്ടോയും ബാങ്ക് ഡീറ്റൈൽസുമുണ്ട് ,
ആരോരുമില്ലാത്തൊരാളാണ് ,
ഞങ്ങൾ കുറച്ച് പേർ ചേർന്ന് ഒന്ന് സഹായിക്കാമെന്ന് കരുതിയിട്ടാണ്

നോട്ടീസ് വാങ്ങിയിട്ട് റോസിലി ബക്കറ്റിലേക്ക് അൻപതിൻ്റെ ഒരു നോട്ട് ഇട്ട് കൊടുത്തു

അപ്പോഴേക്കും കാറ് മുന്നോട്ടെടുത്തു

അവൾ വെറുതെയൊന്ന്, നോട്ടീസ് നിവർത്തി നോക്കി

അതിലുള്ള യുവാവിൻ്റെ ഫോട്ടോ കണ്ടവൾ ഞെട്ടിത്തരിച്ചിരുന്നു പോയി

തൻ്റെ ജോസൂട്ടി....

അവളുടെ വിറയാർന്ന ചുണ്ടുകൾ മന്ത്രിച്ചു.


ഭാഗം-4

എന്ത് പറ്റി റോസ്? നിനക്ക് പരിചയമുള്ളയാളാണോ ?

റോസിലിയുടെ മുഖത്തെ ഭാവവ്യത്യാസം കണ്ട്, സിജോ അവളോട് ചോദിച്ചു.

ഇതാണ് സർ ജോസൂട്ടി...

ഓഹ് റിയലി?

അയാൾ, അവളുടെ കയ്യിൽ നിന്നും നോട്ടീസ് പിടിച്ച് വാങ്ങി.

റോസ് ,നിന്നെ വഞ്ചിച്ചതിന് ജോസൂട്ടിക്ക് ദൈവം കൊടുത്ത ശിക്ഷയായിട്ട് കരുതിയാൽ മതി,
ഇത് കണ്ട് നീ അപ്സറ്റാവണ്ട, അയാളത് ശരിക്കും അർഹിക്കുന്നുണ്ട് ,ഒരിക്കൽ ഗ്രേസും, ഇത് പോലെ നരകയാതന അനുഭവിക്കുന്നത്, എൻ്റെ കൺമുന്നിൽ ദൈവം കാണിച്ച് തരും

എല്ലാം കേട്ട് കൊണ്ട്, അവൾ നിശബ്ദയായിരിക്കുകയായിരുന്നു.

എന്താ റോസ്, നീയിപ്പോഴും അയാളെ സ്നേഹിക്കുന്നുണ്ടോ?

നീരസത്തോടെ അയാൾ ചോദിച്ചു.

ഇല്ല സാർ, ഞാനയാളെ സ്നേഹിക്കുന്നില്ലെന്ന് മാത്രമല്ല, മനസ്സിൽ നിന്ന് ഞാനയാളെ പടിയടച്ച് പിണ്ഡം വച്ചതാണ് , ഇനി അയാൾക്ക് എൻ്റെ ജീവിതത്തിൽ യാതൊരു സ്ഥാനവുമില്ല ,പക്ഷേ എൻ്റെ മോൻ്റെ അപ്പനല്ലേ അയാൾ 
അതിൻ്റെയൊരു സിംപതി അയാളോടെനിക്കുണ്ട് ,
ശത്രുവാണെങ്കിൽ പോലും, ഒരാപത്ത് വരുമ്പോൾ സഹായിക്കേണ്ടത് ,നമ്മുടെ കടമയല്ലേ സർ, അത് കൊണ്ട് എൻ്റെ ശബ്ബളം ഈ അക്കൗണ്ട് നമ്പരിലേക്ക് അയച്ച് കൊടുത്തേക്കു സർ ,ഇല്ലെങ്കിൽ ഞാനയാളെക്കാൾ വലിയ പാപിയായി പോകും

ഓകെ ഓകെ ,താൻ വെറുതെ ഡിസ്റ്റർബ്ഡാവണ്ട, അത് ഞാൻ കൊടുത്തോളം ,അതിന് തൻ്റെ ശബ്ബളമൊന്നുമെടുക്കേണ്ട ,നാളെ നമുക്കൊരുമിച്ച് ബാങ്കിൽ പോയി നല്ലൊരു തുക തന്നെ അയാൾക്ക് അയച്ച് കൊടുക്കാം പോരെ ?

ജോസൂട്ടിയെ അവൾക്കിഷ്ടമല്ലെന്നറിഞ്ഞപ്പോൾ തന്നെ, സിജോയ്ക്ക് സമാധാനമായി.

അത് വേണോ സാർ, ഇപ്പോൾ തന്നെ സാറിൻ്റെ ചികിത്സയ്ക്കും മറ്റും ഒരുപാട് കാശ് ചിലവായതല്ലേ?

അതോർത്ത് താൻ വിഷമിക്കേണ്ട ദൈവം എനിക്ക് വേണ്ടുവോളം തന്നിട്ടുണ്ട് ,അതിൽ കുറച്ച്, ദാനം കൊടുക്കാനും കൂടിയുള്ളതാണ് 

അയാൾ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു.

ഓകെ സാർ സാറിൻ്റെയിഷ്ടം

അവൾ വീണ്ടും പുറം കാഴ്ചകളിലേക്ക് കണ്ണോടിച്ചു.

ബംഗ്ളാവിലെത്തിയപ്പോൾ നേരം ഇരുണ്ട് തുടങ്ങിയിരുന്നു

അയ്യോ സാറേ... സാറിനെയൊന്ന് കാണാൻ കണ്ണ് കൊതിച്ചിരിക്കുമായിരുന്നു ഞങ്ങൾ

മേരിയേച്ചി ചിരിച്ച് കൊണ്ട് ഇറങ്ങി വന്നു

കുഞ്ഞിനിപ്പോൾ ആരുടെയും സഹായമില്ലാതെ നടക്കമല്ലോ അല്ലേ?

പുറകെ രാമേട്ടൻ വന്ന് സിജോയുടെ കരം ഗ്രഹിച്ചു.

അതേ രാമേട്ടാ.. ഞാനിപ്പോൾ പൂർണ്ണ ആരോഗ്യവാനാണ്

അയാൾ സ്നേഹത്തോടെ രാമേട്ടൻ്റെ തോളിൽ പിടിച്ച് കൊണ്ട് പറഞ്ഞു

സർ ,മുറിയിലേക്ക് പൊയ്ക്കോളു ഞാൻ കുടിക്കാനെന്തെങ്കിലുമെടുത്ത് കൊണ്ട് വരാം

അതും പറഞ്ഞ് ,റോസിലി അടുക്കളയിലേക്ക് പോയി.

രാമേട്ടൻ ബാഗുകളുമായി സിജോയെ അനുഗമിച്ചു .

നാളെ രാവിലെ തന്നെ ഞാൻ വീട്ടിലേക്ക് പോകും, സാർ ഉണർന്നില്ലെങ്കിൽ ഞാൻ വിളിക്കില്ല, അത് കൊണ്ടാണ് ഇപ്പോഴെ യാത്ര പറഞ്ഞത്

ജ്യുസുമായി മുറിയിലേക്ക് കയറി വന്ന, റോസിലി പറഞ്ഞത് കേട്ട് സിജോ അമ്പരന്നു.

അപ്പോൾ, തിരിച്ച്പോകാൻ തന്നെ തീരുമാനിച്ചോ?

അയാൾ നിരാശയോടെ ചോദിച്ചു.

അതേ സർ ,എൻ്റെ ജോലി കഴിഞ്ഞില്ലേ?ഇനിയിപ്പോൾ ഞാനിവിടെ നില്ക്കുന്നതിലർത്ഥമില്ലല്ലോ?
അടുക്കളയിൽ മേരിയേച്ചിയും, പുറം പണിക്ക് രാമേട്ടനമുണ്ട്,
അപ്പോൾ പിന്നെ, ഒരു വേലക്കാരിയുടെ ഒഴിവു പോലുമില്ലല്ലോ ?പിന്നെയെന്തിനാ വെറുതെ ശബ്ബളം വാങ്ങാനായിട്ട് ഞാനിവിടെ നില്ക്കുന്നത്?

റോസിനെ ഞാനൊരിക്കലും ഒരു വേലക്കാരിയുടെ സ്ഥാനത്ത് കണ്ടിട്ടില്ല ,ഇനിയങ്ങോട്ട് കാണാനും ഉദ്ദേശ്യമില്ല, പക്ഷേ എൻ്റെയുള്ളിലൊരു മോഹമുണ്ട്, അത് വ്യാമോഹമാണോന്നറിയില്ല,
തീരുമാനമെടുക്കേണ്ടത് റോസാണ്

എന്താ സാർ പറഞ്ഞ് വരുന്നത്?

ജിജ്ഞാസയോടെ അവൾ ചോദിച്ചു .

അത് പിന്നെ ,എനിക്ക് റോസിനെ ഒരുപാടിഷ്ടമാണ് ,ആ ഇഷ്ടം വെറുമൊരു സിംപതി കൊണ്ടുണ്ടായതല്ല ,ചിലപ്പോൾ റോസ് എന്നോട്, ഒരു ഹോം നഴ്സ് എന്നതിലുപരിയായ്, പ്രിയപ്പെട്ട ഒരാളായി എന്നെ പരിചരിച്ചത് കൊണ്ടാവാം, അല്ലെങ്കിൽ പഴയ ജീവിതത്തിലേക്ക് ,എന്നെ തിരിച്ച് കൊണ്ട് വരാൻ റോസ് കാണിച്ച സന്മനസ്സ് കൊണ്ടുമാവാം ,
റോസിന് വേണമെങ്കിൽ, എന്നോടൊരു പേഷ്യൻ്റിനോടുള്ള കടമ നിർവ്വഹിച്ച് കൊണ്ട് ,ഹോം നഴ്‌സായി മാത്രം ജോലി ചെയ്ത്,
വർഷങ്ങളോളം, എൻ്റെ ശബ്ബളം പറ്റി , സുഖമായി ജീവിക്കാമായിരുന്നു, പക്ഷേ നിൻ്റെ നിസ്വാർത്ഥമായ സ്നേഹപരിചരണം കൊണ്ടും, ആത്മാർത്ഥമായ ശ്രമം കൊണ്ടുമാണ്, ഞാനിപ്പോൾ പകർണ്ണാരോഗ്യവാനായത്, നിൻ്റെ ഈ സ്നേഹവും പരിചരണവും, എനിക്ക് ഇനിയും ആവശ്യമുണ്ട്, അതിന് വെറുമൊരു ഹോം നഴ്സായിട്ടോ, വേലക്കാരിയായിട്ടോ അല്ല ,
എൻ്റെ ഭാര്യയായിട്ട് എന്നുമെൻ്റെ കൂടെ കഴിയാൻ നിനക്കാവുമോ എന്നാണെനിക്കറിയേണ്ടത്

സിജോ പറഞ്ഞത് കേട്ടവൾ അവിശ്വസനീയതയോടെ നിന്നു പോയി.

എന്തൊക്കെയാണ് സാർ ഈ പറയുന്നത് ,ഞാനൊരിക്കലും സാറിന് ചേർന്നൊരു പെണ്ണല്ല
സാറിൻ്റെയത്ര സ്റ്റാറ്റസോ ലോക പരിചയമോ എനിക്കില്ല ,മാത്രമല്ല ഞാൻ വിവാഹിതയും ഒരു കുഞ്ഞിൻ്റെ അമ്മയുമാണ് ,
ഇതൊക്കെ എൻ്റെ ന്യൂനതകളാണ് സാർ ,അത് കൊണ്ട് സുന്ദരിയും കുലീനയുമായ നല്ലൊരു പെൺകുട്ടിയെ സാറിന് കിട്ടും ,വിവാഹ ജീവിതമെന്ന് പറയുന്നത് നന്നായി ആലോചിച്ചെടുക്കേണ്ട തീരുമാനമാണ് ,ഒരെടുത്ത് ചാട്ടത്തിന് മുതിർന്നാൽ പിന്നീടതോർത്ത് ഖേദിക്കേണ്ടി വരും

ഒന്ന് നിർത്തു റോസ്, ഞാൻ നന്നായി ആലോചിച്ചിട്ട് തന്നെയാ ഒരു തീരുമാനത്തിലെത്തിയത് ,അത് കൊണ്ട്  തൻ്റെ ഉപദേശം എനിക്കാവശ്യമില്ല, എന്നെ ഇഷ്ടപ്പെടാതിരിക്കാൻ, എന്തെങ്കിലും കുറവുകൾ എന്നിൽ നീ കാണുന്നുണ്ടോ? എനിക്കതറിഞ്ഞാൽ മതി

റോസിലി വല്ലാത്തൊരു പ്രതിസന്ധിയിലായി ,സിജോ നല്ലൊരു ചെറുപ്പക്കാരനാണെന്ന് അവൾക്കറിയാം ,അയാൾ തന്നോട് കാണിക്കുന്ന സ്നേഹം പെട്ടെന്നുണ്ടായതല്ലെന്നും ജെനുവിനാണെന്നും അവൾക്ക് നല്ല ബോധ്യവുമുണ്ട് ,പക്ഷേ എന്ത് കൊണ്ടോ അദ്ദേഹത്തിൻ്റെ ഭാര്യയാകാനുള്ള യോഗ്യത തനിക്കില്ലെന്നൊരു തോന്നൽ അവളെ അലട്ടുന്നുണ്ടായിരുന്നു .

ഓകെ റോസ് ,ഞാനിനി നിർബന്ധിക്കുന്നില്ല, തൻ്റെയീ 
നീണ്ട മൗനത്തിൽ നിന്നും, തനിക്കീ ബന്ധത്തിനോട് താല്പര്യമില്ലെന്ന് എനിക്ക് മനസ്സിലായി ,എൻ്റെ സ്വാർത്ഥത കൊണ്ടാവാം ഞാനങ്ങനെയൊക്കെ ചിന്തിച്ച് പോയത് ,സോറി... നാളെ തന്നെ റോസിനെ ഞാൻ വീട്ടിൽ കൊണ്ട് ചെന്നാക്കാം ,പോകുന്ന വഴി ബാങ്കിലും കയറാം ,ഇപ്പോൾ താൻ പോയി കിടന്നുറങ്ങിക്കോളു

കടുത്ത നിരാശയോടെ സിജോ അങ്ങനെ പറഞ്ഞപ്പോൾ അവൾക്ക് സങ്കടം തോന്നിയെങ്കിലും, വ്യക്തമായ ഒരു തീരുമാനത്തിലെത്താൻ കഴിയാതെ അവൾ തല കുനിച്ചിട്ട് അടുത്ത മുറിയിലേക്ക് പോയി.

####################

മോളെ സാറന്വേഷിക്കുന്നുണ്ട്

പിറ്റേന്ന് രാവിലെ റോസിലി പോകാനായി തയ്യാറെടുക്കുമ്പോൾ മേരിച്ചേച്ചി വന്ന് പറഞ്ഞു.

അവൾ വേഗം സിജോയുടെ മുറിയിലേക്ക് ചെന്നു

ങ്ഹാ റോസി.. ദാ ഇത് കൈയ്യിൽ വച്ചോ ,

എന്താ സാറിത്?

അയാൾ നീട്ടിയ ഫയല് കയ്യിൽ വാങ്ങിയിട്ട് ജിജ്ഞാസയോടെ അവൾ ചോദിച്ചു

ഇതെൻ്റെ, നാട്ടിലുള്ള മുഴുവൻ സ്വത്തുക്കളുടെയും ഡോക്യുമെൻ്റ്സാണ് ,നിൻ്റെ പേരിലേക്ക് ഞാൻ ഇഷ്ടദാനം എഴുതി വച്ചത്, ഇതിൻ്റെ 
അവകാശി ഇനി മുതൽ നീയായിരിക്കും ,അതിന് വേണ്ട ഏർപ്പാടുകളൊക്കെ  ഞാൻ കഴിഞ്ഞയാഴ്ച വക്കീലുമായി ഫോണിലൂടെ സംസാരിച്ച് തീർപ്പാക്കിയിരുന്നു, അയാളിന്നലെയിത് രാമേട്ടനെ ഏല്പിച്ചിട്ട് പോയതാ

എനിക്കെന്തിനാണ് സാർ, ഈ സ്വത്തുക്കൾ ,സാർ എന്നെയിങ്ങനെ സ്നേഹിച്ച് കൊല്ലരുത് ,എല്ലാം എൻ്റെ പേരിലാക്കിയിട്ട് സാറ് പിന്നെ എങ്ങനെ ജീവിക്കും?

മ്ഹും ജീവിതം ,
ഞാനെന്തിനാണിനി ജീവിക്കുന്നത് ,അച്ഛനുമില്ല അമ്മയുമില്ല ,സ്വന്തക്കാരാരുമില്ല
ഒടുവിൽ സ്നേഹിച്ച പെണ്ണും, വകയ്ക്ക് കൊള്ളാത്തവനായപ്പോൾ ,
സ്വന്തം ജീവിതം നോക്കി പോയി , ഞാൻ തീർത്തും അനാഥനായി,
ആർക്കും വേണ്ടാത്തവനായി നാല് ചുമരുകൾക്കുള്ളിൽ, നിശ്ചലനായി കിടന്ന എനിക്ക് ,ജീവനും ശ്വാസവും തിരിച്ച് തന്ന് ,എന്നിൽ പ്രതീക്ഷകളും ,സ്വപ്നങ്ങളും തന്നിട്ട് ,ഇപ്പോൾ നീയും എന്നെ ഉപേക്ഷിച്ച് പോകുമ്പോൾ, ഞാനാർക്ക് വേണ്ടിയാണ് ജീവിക്കേണ്ടത് നീ പറ

എന്നോട് ക്ഷമിക്കു സാർ' അങ്ങയെ ഞാൻ ഒരിക്കലും ഉപേക്ഷിക്കില്ല, എനിക്കിഷ്ടമാണങ്ങയെ, 
പക്ഷേ ഞാനതിന് യോഗ്യയാണോന്നുള്ള ചിന്ത മാത്രമേയുള്ളു ,സാറനാഥനല്ല എന്നും ഞാൻ അങ്ങയുടെ നിഴലായി കൂടെ തന്നെയുണ്ടാവും

ഒരു തേങ്ങലോടെ  നെഞ്ചിലേക്ക് വീണ റോസിലിയെ പരിസരം മറന്നയാൾ ഇറുകെ പുണർന്നു.


ഭാഗം-5

നമുക്ക് കുരിശ്പള്ളിയുടെ മുന്നിലൂടെ പോയാലോ, അവിടെ കയറി ആൽവിനേയും നമ്മുടെയൊപ്പം കൂട്ടാമായിരുന്നു?
അവനിത് വരെ കാറിലൊന്നും കയറിയിട്ടില്ല, ഇത് പോലൊരു കാറിൽ കയറണമെന്ന് അവനെപ്പോഴും പറയുമായിരുന്നു ,

ഡ്രൈവ് ചെയ്യുന്ന സിജോയെ നോക്കി ,റോസിലി ചോദിച്ചു.

അത് വേണോ റോസീ.. കുറച്ച് ദിവസങ്ങൾ കൂടി കഴിയുമ്പോൾ എനിക്ക് ഗൾഫിലേക്ക് തിരിച്ച് പോകേണ്ടി വരും ,അതിനുള്ളിൽ കിട്ടുന്ന കുറച്ച് ദിവസങ്ങൾ, നമ്മുടേത് മാത്രമായ ഒരു സ്വകാര്യ ലോകമാണ് ഞാനാഗ്രഹിക്കുന്നത്,

അതും പറഞ്ഞയാൾ ഇടത് കൈകൊണ്ട് റോസിലിയെ തന്നിലേക്ക് ചേർത്ത് പിടിച്ചു.

എന്ത് കൊണ്ടോ റോസിലിക്ക് അയാളുടെ വാക്കുകൾ ഖണ്ഡിക്കാൻ തോന്നിയില്ല

ആ ഏസി ഓഫ് ചെയ്തിട്ട് ഗ്ളാസ്സ് തുറന്നിട് സിജോ, എന്തൊരു തണുപ്പാണിത്

സാരിയുടെ തലപ്പെടുത്ത് തോളിന് മുകളിലൂടെയിട്ട് പുതച്ച് കൊണ്ട് റോസിലി പറഞ്ഞു

ഹ ഹ ഹ ,ഇതിലും വലിയ തണുപ്പാണ് പുറത്ത് ,ദേ നീ 
ആ മലമുകളിലേക്ക് നോക്കിക്കേ
കോടയിറങ്ങി വരുന്നത് കണ്ടോ?
അത് റോഡിലേക്ക് വരുന്നതിന് മുമ്പ് നമുക്ക് മൂന്നാറെത്തണം

അവിടുന്ന് ഇന്ന് തന്നെ തിരിച്ച് വരുമോ ?

ഹേയ് ,അവിടെ രണ്ട് ദിവസം തങ്ങിയിട്ട് നേരെ കൊടൈക്കനാലിലേക്ക് ,അവിടെ രണ്ടിടത്തും നമ്മൾ റിസോർട്ട് ബുക്ക് ചെയ്തിട്ടുണ്ട്

അത് വേണ്ടായിരുന്നു സിജോ

അവൾ അതൃപ്തിയോടെ പറഞ്ഞു

അതെന്താ റോസ് ?

അത് പിന്നെ ... നമ്മൾ ഇപ്പോഴും അവിവാഹിതരല്ലേ?സിജോ എൻ്റെ കഴുത്തിൽ ഒരു മിന്ന് കെട്ടിയിരുന്നെങ്കിൽ കുറ്റബോധമില്ലാതിരുന്നേനെ

എന്താ റോസ് നീയീ പറയുന്നത് നമ്മൾ പരസ്പരം ഇഷ്ടപ്പെടുകയും വിശ്വസിക്കുകയും ചെയ്യുന്നവർക്ക് അങ്ങനെയൊരു ആചാരത്തിൻ്റെ ആവശ്യമുണ്ടോ ? മിന്നുകെട്ടിയ ബന്ധങ്ങളെല്ലാം നിലനിന്നിട്ടുണ്ടോ ?

അത് തന്നെ ഉദ്ദേശിച്ചാണ് പറഞ്ഞതെന്ന് റോസിലിക്ക് മനസ്സിലായി ,പിന്നെ അവൾ അതിനെക്കുറിച്ചൊന്നും മിണ്ടിയില്ല

ഒരാഴ്ച നീളുന്ന വിനോദയാത്രയ്ക്കാണ്, റോസിലി അയാളോടൊപ്പം പോയതെങ്കിലും
മധുവിധുൻ്റെ ലഹരിയിൽ പ്രകൃതി ഭംഗിയാസ്വദിക്കാൻ അവർക്ക് സമയം കിട്ടിയിരുന്നില്ല

തിരിച്ച് മലയിറങ്ങുമ്പോൾ സിജോ ആഹ്ളാദവാനായിരുന്നു ,പക്ഷേ റോസിലിയുടെ ഉള്ളിൽ വല്ലാത്തൊരു കുറ്റബോധം തളം കെട്ടി കിടന്നിരുന്നു, മൂകയായിരിക്കുന്ന അവളോട് 
സിജോ കാര്യമന്വേഷിച്ചു.

എന്താ റോസ് നീ ആലോചിക്കുന്നത്?

ഞാൻ ആൽവിനെ കുറിച്ചോർക്കുവായിരുന്നു,
അവൻ്റെയമ്മയ്ക്ക് ഒരു നല്ല ജീവിതം കിട്ടിയിട്ടും, അവനിപ്പോഴും അനാഥാലയത്തിൽ, അസൗകര്യങ്ങളുടെ നടുവിൽ തന്നെയല്ലേ ?രുചിയോടെ നല്ല ആഹാരം കഴിക്കാതെ നിലത്ത് വിരിച്ച ബെഡ്ഷീറ്റിന് മുകളിൽ സിമൻറ് തറയുടെ തണുപ്പേറ്റ് അമ്മയുടെയും അച്ഛൻ്റെയും കാവലില്ലാതെ തളർന്നുറങ്ങുകയായിരിക്കും എൻ്റെ മോൻ... 

അത്രയും പറഞ്ഞപ്പോൾ റോസിലി വിതുമ്പി പോയി

ഹേയ് എന്താ റോസീ ഇത് ,കൊച്ച് കുട്ടികളെ പോലെ ,അവന് പതിമൂന്ന് വയസ്സായെന്നല്ലേ നീ പറഞ്ഞത് ,അവനെക്കാളും എത്രയോ ഇളയ കുട്ടികൾ അവിടുത്തെ പരിമിതികളിൽ ഇണങ്ങി ജീവിക്കുന്നുണ്ട്,
പിന്നെ ,നിനക്ക് അത്ര വിഷമമാണെങ്കിൽ, ഞാൻ അടുത്തയാഴ്ച ഗൾഫിലേക്ക് മടങ്ങുമ്പോൾ, അവനെ നിൻ്റെയൊപ്പം നമ്മുടെ വീട്ടിൽ കൊണ്ട് നിർത്തിക്കോ, നിനക്കുമൊരു കൂട്ടാകുമല്ലോ?

അപ്പോഴും, സിജോയ്ക്ക് ആൽവിനോട് സ്നേഹം തോന്നാത്തതിൽ റോസിലിക്ക് ആശങ്ക തോന്നി.

പിറ്റേ ആഴ്ച സിജോ ഗൾഫിലേക്ക് യാത്രയായപ്പോൾ, റോസിലിക്ക് നല്ല വിഷമമുണ്ടായിരുന്നെങ്കിലും, ഇനി അയാൾ തിരിച്ച് വരുന്നത് വരെ, ആൽവിനൊപ്പം കഴിയാമെന്ന ചിന്ത അവളെ ഊർജ്ജസ്വലയാക്കി.

അന്ന് തന്നെയവൾ, രാമേട്ടനെയും കൂട്ടി കാറുമായിട്ടാണ് അനാഥാലയത്തിൽ ചെന്നത്

ആൽവിനെ കണ്ടപ്പോൾ എന്ത് കൊണ്ടാണെന്നറിയില്ല, അവൾ പൊട്ടിക്കരഞ്ഞു പോയി.

അമ്മയെന്തിനാ കരയുന്നത്?

ഒന്നുമില്ല മോനേ.. സന്തോഷം കൊണ്ടാണ്, ദേ ആ കിടക്കുന്ന കാറ് കണ്ടോ,? അത് നമ്മുടെയാണ് ,
മോൻ പറയാറില്ലേ? നമ്മൾ രക്ഷപെടുകയാണെങ്കിൽ, അത് പോലൊരു കാറ് വാങ്ങണമെന്നും,
അതിൽ കയറി ഭരണങ്ങാനം പള്ളിയിലും, പാലാ ടൗണിലുമൊക്കെ കറങ്ങണമെന്നും, ഇപ്പോൾ നമ്മള് രക്ഷപ്പെട്ട് മോനേ.. നമുക്കിപ്പോൾ വില കൂടിയ കാറും, വലിയ ബംഗ്ളാവുമൊക്കെയുണ്ട്,
മോൻ വേഗമൊരുങ്ങ് ,നമുക്ക് ബംഗ്ളാവിലേക്ക് പോകാം

അവിടെ എൻ്റെ അച്ഛനുണ്ടോ ?

അത് കേട്ട് റോസിലി ഞെട്ടി .

അതെന്താ മോൻ അങ്ങനെ ചോദിച്ചത്?

അമ്മയല്ലേ പണ്ട് മുതല് പറയാറുള്ളത് ,അച്ഛനുണ്ടായിരുന്നെങ്കിൽ നമ്മൾ രക്ഷപെട്ട് പോയേനെയെന്ന് ,എന്നിട്ട് അച്ഛനെവിടെയാണെന്ന് ഞാൻ ചോദിച്ചപ്പോൾ, ദൂരെ എവിടെയോ ജോലിക്ക് പോയിട്ട് തിരിച്ച് വന്നിട്ടില്ലെന്നും പറഞ്ഞു ,ആ അച്ഛൻ ഇപ്പാൾ വന്നോ? എന്നാണ് ഞാൻ ചോദിച്ചത്

മകൻ്റെ ചോദ്യങ്ങൾക്ക് മുന്നിൽ ഉത്തരം മുട്ടി റോസിലി നിന്നു.

ചെറുപ്പത്തിൽ അച്ഛനെക്കുറിച്ച് നിരന്തരം ചോദിക്കുമ്പോൾ, താനൊരു കളവ് പറഞ്ഞതായിരുന്നു, യാഥാർത്ഥ്യമെന്താണെന്ന് ആ പ്രായത്തിൽ പറഞ്ഞാൽ അവന് മനസ്സിലാകില്ലല്ലോ? പിന്നീടത് തിരുത്താനും പോയില്ല, ഇപ്പോഴും അച്ഛൻ വരുമെന്ന പ്രതീക്ഷയിലാണ്, അവൻ ജീവിക്കുന്നത്, ആ പ്രതീക്ഷ തകർക്കേണ്ടെന്നും ,
സിജോയാണ്,അവൻ്റെ അച്ഛനെന്നും പറയാൻ റോസിലി തീരുമാനിച്ചു  .

അതേ മോനേ... മോൻ്റെ അച്ഛൻ വന്നിരുന്നു ,ഒരുപാട് കാശുമായിട്ടാണ് അദ്ദേഹം വന്നത്, എന്നിട്ട് മോന് വേണ്ടി, വലിയ ബംഗ്ളാവും, കാറുമൊക്കെ വാങ്ങി,
ഇന്ന് മോനെ കൂട്ടിക്കൊണ്ട് പോകാൻ ,അമ്മയോടൊപ്പം അച്ഛനും വരാനിരുന്നതാണ്,
പക്ഷേ, ഇന്നലെ രാത്രിയിൽ ഗൾഫിലെ അച്ഛൻ്റെ കമ്പനിയിൽ നിന്ന് അത്യാവശ്യമായി തിരിച്ച് ചെല്ലണമെന്നും, പറഞ്ഞൊരു കോള് വന്നു ,അങ്ങനെ അദ്ദേഹത്തിന് തിരിച്ച് പോകേണ്ടി വന്നു ,സാരമില്ല, രണ്ട് മൂന്ന് മാസം കഴിയുമ്പോൾ, അച്ഛൻ തിരിച്ച് വരും, അപ്പോൾ മോന് കാണാം

നേരാണോ അമ്മേ... എന്നെ പറ്റിക്കുവല്ലല്ലോ?

അതേ മോനേ .. അമ്മയെ നിനക്ക് വിശ്വാസമല്ലേ?

ഈ ലോകത്ത്, എൻ്റെ അമ്മയെ മാത്രമേ എനിക്ക് വിശ്വാസമുള്ളു

അതും പറഞ്ഞ്, ആൽവിൻ റോസിലിയെ കെട്ടിപ്പിടിച്ച് കവിളിൽ ഉമ്മ വച്ചപ്പോൾ, അവളുടെ ഉള്ളിലൊരാന്തലുണ്ടായി.

ആൽവിനെയും കൊണ്ട്, അവൻ്റെ ആഗ്രഹപ്രകാരം, പാലാ ടൗണിലും ഭരണങ്ങാനം പള്ളിയിലുമൊക്കെ കറങ്ങിയിട്ടാണ്, അവർ തിരിച്ച് വീട്ടിലെത്തിയത്.

പിറ്റേന്ന് റോസിലി, ആൽവിനെ ഒരുക്കി, രാമേട്ടനൊപ്പം കാറിലാണ് സ്കൂളിലേക്കയച്ചത്. 

തിരിച്ച് വരുമ്പോൾ, മാർക്കറ്റിൽ നിന്നും നെയ്മീനും, ഇറച്ചിയും വാങ്ങിക്കൊണ്ട് വരണമെന്ന് രാമേട്ടനോട് പ്രത്യേകം ഓർമ്മിപ്പിച്ചു.

ഇനിയെങ്കിലും, തൻ്റെ മോന് നല്ല ആഹാരം കൊടുത്ത് വളർത്തണമെന്ന് ,അവൾ തീരുമാനിച്ചു.

കുറച്ച് കഴിഞ്ഞപ്പോൾ, രാമേട്ടൻ മീനും ഇറച്ചിയുമൊക്കെ കൊണ്ട് വന്നു.

അത് വാങ്ങി, ഇറച്ചി അരിഞ്ഞ് വയ്ക്കാൻ മേരിയേച്ചിയോട് പറഞ്ഞിട്ട്, റോസിലി മീൻ നുറുക്കി വൃത്തിയാക്കാൻ തുടങ്ങി.

മീനിൻ്റെ വയറ് പിളർന്ന് കുടല് പുറത്ത് വന്നത് കണ്ടപ്പോൾ, അവൾക്ക് ഓക്കാനം വന്നെങ്കിലും, അത് വകവയ്ക്കാതെ, റോസിലി തൻ്റെ ജോലി തുടർന്നു.

പക്ഷേ, അടുത്ത നിമിഷം അവൾ പിടിച്ച് നില്ക്കാനാവാതെ എഴുന്നേറ്റ് വാഷ്ബേസിനിൽ തലകുമ്പിട്ട് ഛർദ്ദിക്കാൻ ശ്രമിച്ചെങ്കിലും, പുറത്തോട്ടൊന്നും വരാതെയിരുന്നപ്പോൾ, അവൾക്കൊരു പന്തികേട് തോന്നി.

അവൾ വേഗം കൈയ്യും മുഖവും സോപ്പിട്ട് കഴുകിയിട്ട് ,ബെഡ് റൂമിലെത്തി, ചുമരിൽ തൂക്കിയിരുന്ന കലണ്ടറിൽ ഉത്ക്കണ്ഠയോടെ നോക്കി.

താൻ ആശങ്കപ്പെട്ടത് പോലെ തന്നെ, കുളി തെറ്റിയെന്ന് അവൾക്ക് ബോധ്യമായി.

എങ്കിലും, വൈകുന്നേരം ആൽവിനെ വിളിക്കാൻ രാമേട്ടനോടൊപ്പം സ്കൂളിലേക്ക് അവളും പോയി. 

തിരിച്ച് വരുമ്പോൾ, ടൗണിലെ മെഡിക്കൽ സ്‌റ്റോറിൽ നിന്നും, ആൽവിനും ,രാമേട്ടനും കാണാതെ, ഒരു പ്രെഗ്നോകാർഡ് വാങ്ങി.

വീട്ടിലെത്തി ആദ്യം തന്നെയവൾ, യൂറിൻ ടെസ്റ്റ് ചെയ്തു.

അവളുടെ നിഗമനങ്ങളെ ശരിവയ്ക്കുന്നതായിരുന്നു, അതിൽ തെളിഞ്ഞ ചുവന്ന വരകൾ.

ബെഡ് റൂമിൻ്റെ ഡോറ് ചേർത്തടച്ചിട്ട്, അവൾ വേഗം
സിജോയെ വിളിച്ച് വിവരം പറഞ്ഞു.

അത് കേട്ടയുടനെ ,താനുടനെ നാട്ടിലേക്ക് തിരിക്കുകയാണെന്ന് പറഞ്ഞ് ,സിജോ ഫോൺ കട്ട് ചെയ്തപ്പോൾ, റോസിലിയുടെ മനസ്സിലേക്ക്, ഒരായിരം ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ തികട്ടി വന്നു.

അതിൽ പ്രധാനം, ആൽവിൻ്റെ ഭാവിയെന്താകുമെന്നതായിരുന്നു.


ഭാഗം-6

രാമേട്ടൻ തനിച്ചാണ്, എയർപോർട്ടിലേക്ക് പോയത്

റോസിലിയോട് അത്ര ദൂരം യാത്ര ചെയ്യേണ്ടെന്ന് സിജോ പറഞ്ഞിരുന്നു.

കുറച്ച് മുൻപ് വിളിച്ചപ്പോൾ ഉടനെയെത്തുമെന്ന് സിജോ പറഞ്ഞത് കൊണ്ട് റോസിലിയും ആൽവിനും കൂടി സിറ്റൗട്ടിൽ വന്ന് ഗേറ്റിലേക്ക് കണ്ണും നട്ടിരുന്നു

അല്പം കഴിഞ്ഞ് കറുത്ത ബെൻസ് കാർ ,ഗേറ്റിന് മുന്നിൽ വന്ന് ഹോണടിച്ചു, ആൽവിൻ സന്തോഷത്തോടെ ഓടിച്ചെന്ന് ഗേറ്റ് മലർക്കെ തുറന്നു.

കാറ് വിശാലമായ പോർച്ചിലേക്ക് വന്ന് നിന്നപ്പോൾ, സിജോ ഡോറ് തുറന്ന് ഇറങ്ങി വന്നു

ഗുഡ് മോർണിങ്ങ് ഡിയർ, നല്ല ക്ഷീണമുണ്ടല്ലോ? ഒമിറ്റിങ്ങ് അധികമുണ്ടോ?

മുഖത്ത് നിറഞ്ഞ ചിരിയോടെ സിജോ റോസിലിയോട് ചോദിച്ചു.

ഹേയ് വെറുതെ തോന്നുന്നതാ യാത്രയൊക്കെ സുഖമായിരുന്നോ?

ഉം ബിസിനസ്സ് ക്ളാസ്സായിരുന്നത് കൊണ്ട് ബുദ്ധിമുട്ടൊന്നുമില്ലായിരുന്നു പക്ഷേ ,ഞാനാകെ
എക്സൈറ്റഡായിരുന്നത് കൊണ്ട് വിമാനത്തിന് സ്പീഡ് പോരെന്ന് തോന്നി

ദേ ആൽവിനെ കണ്ടില്ലേ ?അവനോടൊന്നും ചോദിച്ചില്ലല്ലോ?

റോസിലി പരിഭവത്തോടെ പറഞ്ഞു

ങ്ഹാ കണ്ടു,നീയകത്തോട്ടൊന്ന് വന്നേ, എനിക്കൊരു പ്രധാനപ്പെട്ട കാര്യം പറയാനുണ്ട്

അവളെ ക്ഷണിച്ചിട്ട് അയാൾ ധൃതിയിൽ അകത്തേയ്ക്ക് കയറി പോയി

വാടിയ മുഖവുമായി മുറ്റത്ത് നില്ക്കുന്ന ആൽവിനെ കണ്ടപ്പോൾ റോസിലിയുടെ ഹൃദയം നുറുങ്ങി

മോൻ രാമേട്ടൻ്റെ കയ്യിൽ നിന്നും ആ ബാഗ് വാങ്ങി അകത്തോട്ട് വയ്ക്ക്, അമ്മ ഇപ്പോൾ വരാം

അവനെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കുമെന്നറിയാതെ അവൾ വേഗം മുറിയിലേക്ക് പോയി .

റോസിലി അകത്തേയ്ക്ക് കയറി വന്നപ്പോൾ, സിജോ അവളുടെ നിതംബത്തിന് താഴെ കൈകൾ ചുറ്റിപ്പിടിച്ച് കൊണ്ട് മുകളിലേക്ക് ഉയർത്തി വട്ടംചുറ്റി.

അയ്യോ സിജോ എന്നെ വിടു ,എന്താ ഈ കാണിക്കുന്നത് ,ആൽവിനെങ്ങാനും കണ്ടാൽ എന്ത് നാണക്കേടാണ്, എന്നെയൊന്ന് താഴെ നിർത്ത് സിജോ

പെട്ടെന്നയാൾ, അവളെ താഴെ നിർത്തി.

കണ്ടോ?ഇത് കൊണ്ടാണ് ഞാൻ പറഞ്ഞത്, ആൽവിൻ നമ്മുടെ സ്വകാര്യതയ്ക്ക് ഒരു വിലങ്ങ് തടിയാണെന്ന്, അവൻ ആ അനാഥാലയത്തിൽ തന്നെ നില്ക്കില്ലായിരുന്നോ?

അയാൾ നീരസത്തോടെ ചോദിച്ചു.

വേണ്ട സിജോ, അവൻ അനാഥനല്ല, അച്ഛൻ മാത്രമേ അവനെ ഉപേക്ഷിച്ച് പോയിട്ടുള്ളു, അമ്മ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്, എൻ്റെ ഗതികേട് കൊണ്ടായിരുന്നു, ഞാനവനെ ഇത്രയും നാൾ അനാഥാലയത്തിൽ നിർത്തിയത്, ഇനി മുതൽ അവൻ ,എന്നോടൊപ്പം
ഇവിടെ തന്നെയുണ്ടാവും 

ഓഹോ, അപ്പോൾ നിനക്ക് എന്നെക്കാളും വലുത് അവനാണല്ലേ?

ഛെ! ഇങ്ങനെ കൊച്ചു കുട്ടികളെപ്പോലെ സംസാരിക്കല്ലേ സിജോ, അവനെ ഞാൻ നൊന്ത് പ്രസവിച്ചതല്ലേ? എനിക്കവനെ സ്നേഹിക്കാതിരിക്കാൻ കഴിയുമോ ?

മ്ഹും ,സ്നേഹിച്ചോ, സ്നേഹിച്ചോ കുറച്ച് നാള് കൂടി കഴിയുമ്പോൾ എൻ്റെ കുഞ്ഞിനെയും നീ നൊന്താണ് പ്രസവിക്കുന്നത് ,അപ്പോൾ നീ ആരെയാണ് കൂടുതൽ സ്നേഹിക്കുന്നതെന്ന് എനിക്കൊന്ന് കാണണം

എൻ്റെ കുഞ്ഞെന്ന് പറയല്ലേ സിജോ, നമ്മുടെ കുഞ്ഞാണ് എൻ്റെ വയറ്റിൽ വളരുന്നത്,
രണ്ട് പേരും എനിക്കൊരു പോലെ തന്നെയാണ്

അമ്മേ.. എനിക്ക് വിശക്കുന്നു, 

മുറിക്ക് പുറത്ത് നിന്ന് ആൽവിൻ്റെ വിളി കേട്ടു .

ദേ അവന് വിശക്കുന്നുണ്ട് ,സിജോ വേഗം ഫ്രഷായിട്ട് വാ നമുക്കൊരുമിച്ച് കഴിക്കാം

നീ ചെന്ന് അവന് വേണ്ടത് കൊടുക്ക്, എനിക്കിപ്പോൾ വിശപ്പില്ല

സിജോ അമർഷത്തോടെ പറഞ്ഞിട്ട്, ടവ്വലെടുത്ത് കൊണ്ട് ബാത്റൂമിലേക്ക് കയറി.

അയാൾ ആൽവിനോട് കാണിക്കുന്ന വേർതിരിവിൽ റോസിലി അസ്വസ്ഥയായിരുന്നു.

അമ്മേ ... എന്നെ തിരിച്ച് അനാഥാലയത്തിൽ തന്നെ കൊണ്ട് വിട്ടേക്ക്

ഇടിയപ്പവും ചിക്കൻ കറിയും വിളമ്പി കൊടുക്കുമ്പോൾ ആൽവിൻ പറഞ്ഞത് കേട്ട് റോസിലി അമ്പരന്നു.

എന്താ മോനേ നീയങ്ങനെ പറഞ്ഞത് നിനക്കിവിടെ ഇഷ്ടമായില്ലേ?

അയാൾക്കെന്നെ ഇഷ്ടമല്ലല്ലോ?
പിന്നെന്തിനാ ഞാനിവിടെ നില്ക്കുന്നത്

അയാളോ? അച്ഛനെയാണോ നീ അയാളെന്ന് പറഞ്ഞത്

റോസിലി അവനോട് ദേഷ്യത്തിൽ ചോദിച്ചു .

അമ്മ ചൂടാവണ്ട, എനിക്കറിയാം അയാളെൻ്റെ അച്ഛനല്ലെന്ന്, എന്തിനാണമ്മേ എന്നോട് കള്ളം പറഞ്ഞത് , ഞാൻ ബാഗ് വയ്ക്കാൻ അങ്ങോട്ട് വന്നപ്പോൾ നിങ്ങൾ സംസാരിച്ചത് മുഴുവൻ ഞാൻ കേട്ടായിരുന്നു

അത് കേട്ട് റോസിലി ചൂളിപോയി .

മോന് അമ്മയോട് ദേഷ്യം തോന്നരുത്, മോൻ വിഷമിക്കരുതെന്ന് കരുതിയാണ്, നിന്നോടിത് വരെ അമ്മ ഒന്നും പറയാതിരുന്നത് ,നിൻ്റെ അച്ഛൻ മോൻ്റെ ചെറുപ്പത്തിൽ നമ്മളെ ഉപേക്ഷിച്ച് പോയതാണ്, പിന്നെ ഇത്ര കാലമായിട്ടും വന്നിട്ടില്ല,
ഇപ്പോൾ നമുക്ക് ഈ വീടും കാറുമൊക്കെ തന്നത്, മോനിപ്പോൾ  തള്ളി പറഞ്ഞ ആ മനുഷ്യനാണ്, അല്ലായിരുന്നെങ്കിൽ നമുക്കീ സൗഭാഗ്യങ്ങളൊന്നും ഒരിക്കലും കിട്ടില്ലായിരുന്നു,
മോന് പഠിച്ച് വലിയ ഡോക്ടറാകണമെന്നല്ലേ ആഗ്രഹം ?
അതിനൊത്തിരി കാശ് വേണ്ടേ?
അമ്മയെന്നും കൂലിവേല ചെയ്ത് നടന്നാൽ ,നിന്നെ പഠിപ്പിക്കാനും ഡോക്ടറാക്കാനുമൊന്നും അമ്മയ്ക്ക് കഴിയില്ല,
നമ്മൾ ഒരിക്കലും രക്ഷപെടുകയുമില്ല, ഇപ്പോൾ കർത്താവ് നമുക്കൊരു വഴികാട്ടി തന്നതാണ് ,മോനോട് അദ്ദേഹത്തിന് ദേഷ്യമൊന്നുമില്ല, അദ്ദേഹം ഒരു പ്രത്യേക സ്വഭാവക്കാരനാ ,ആരോടും പെട്ടെന്ന് ഇണങ്ങില്ല, കുറച്ച് ദിവസം കഴിയുമ്പോൾ എല്ലാം ശരിയാകും ,മോനിപ്പോൾ അതൊന്നുമാലോചിച്ച് തല പുണ്ണാക്കണ്ട ,വേഗം വയറ് നിറച്ച് കഴിച്ചിട്ട് ,രാമേട്ടനൊപ്പം മാർക്കറ്റിലൊക്കെ പോയി കറങ്ങിയിട്ട് വാ ,അപ്പോൾ മനസ്സിലുള്ള വേണ്ടാത്ത ചിന്തകളൊക്കെ അകന്ന് പൊയ്ക്കൊള്ളും

റോസിലി മകൻ്റെ തലയിൽ അരുമയായി തഴുകി .

ദിവസങ്ങൾ കടന്ന് പോയി .

സിജോ ഗൾഫിൽ നിന്ന് തിരിച്ച് വന്നിട്ട് ഒരു മാസമാകുന്നു

അവിടുത്തെ ബിസിനസ്സൊക്കെ ഓൺലൈനിലൂടെയാണ് അയാൾ നിയന്ത്രിക്കുന്നത്

ഒരു ദിവസം രാവിലെ എവിടേക്കോ പോയ സിജോ സന്ധ്യ കഴിഞ്ഞാണ് തിരിച്ച് വന്നത്

എവിടെയായിരുന്നു ഇത്ര നേരം?

റോസിലി ഉത്ക്കണ്ഠയോടെ ചോദിച്ചു.

ഞാൻ കോട്ടയം വരെ ഒന്ന് പോയതാ

കോട്ടയത്തോ എന്തിന് ?

ജോസുട്ടിയെ കാണാൻ

അത് കേട്ട് റോസിലി നടുങ്ങിപ്പോയി

എന്താ സിജോ എന്തിനാ അയാളെ ഇപ്പോൾ കാണുന്നത് ?

അയാളെ ഞാനായിട്ട് കാണാൻ പോയതല്ല അയാൾക്കെന്നെ കാണണമെന്ന് പറഞ്ഞപ്പോൾ ഞാൻ പോയതാ

അതിന് നിങ്ങളെ അയാൾക്കെങ്ങനെ അറിയാം ?

അന്ന് നമ്മളൊരുമിച്ച് ബാങ്കിൽ പോയി അയാളുടെ അക്കൗണ്ടിലേക്ക് കുറച്ച് രൂപ എൻ്റെ അക്കൗണ്ടിൽ നിന്ന് ട്രാൻസ്ഫർ ചെയ്തില്ലേ? അതിന് ശേഷം ഒരു ദിവസം അയാളെന്നെ ഫോണിൽ വിളിച്ച് ഒത്തിരി നന്ദി പറഞ്ഞിരുന്നു, തനിക്ക് അത്രയും വലിയൊരു എമൗണ്ട് തന്ന് സഹായിച്ചതാരാണെന്ന് ബാങ്കിൽ വിളിച്ചന്വേഷിച്ചിട്ടാണ് അവിടുന്നെൻ്റെ ഫോൺ നമ്പർ അയാൾക്ക് കിട്ടിയതെന്ന് പറഞ്ഞു
അതിന് ശേഷം പിന്നെ ഇന്നലെ രാത്രിയിൽ അയാൾ വീണ്ടും വിളിച്ചിട്ട് ഹോസ്പിറ്റലിലേക്ക് ഒന്ന് ചെല്ലണമെന്നും പ്രധാനപ്പെട്ട എന്തോ കാര്യം സംസാരിക്കാനുണ്ടെന്നും പറഞ്ഞു അങ്ങനെയാണ് ഞാൻ രാവിലെ അങ്ങോട്ട് പോയത്

എന്നിട്ട് അയാളെന്താ പറഞ്ഞത് ?

റോസിലി ,ജിജ്ഞാസയോടെ ചോദിച്ചു.

നിങ്ങളുടെ ഇടവകയിലെ വികാരിയച്ചൻ, അയാളെ കാണാൻ കഴിഞ്ഞ ദിവസം അവിടെ ചെന്നിരുന്നു, അദ്ദേഹം ,നീയും ആൽവിനുമിപ്പോൾ എൻ്റെ കൂടെയാണെന്ന് പറഞ്ഞെന്നും അത് കൊണ്ട് അയാൾക്ക് നിങ്ങളെയൊന്ന് കാണണമെന്ന് പറയാനുമാണ് എന്നെ വിളിപ്പിച്ചത്

എന്നിട്ട് സിജോ അയാളോടെന്ത് പറഞ്ഞു?

ഞാൻ പറഞ്ഞു, റോസിലി ഇപ്പോൾ എൻ്റെ കുഞ്ഞിൻ്റെ അമ്മയാണെന്നും അവളെ കാണാൻ നിങ്ങൾ ശ്രമിക്കേണ്ടെന്നും പറഞ്ഞു

നന്നായി അങ്ങനെ തന്നെ പറയണമായിരുന്നു, രോഗിയായി തീർന്നപ്പോൾ, കാമുകി വഴിയിലുപേക്ഷിച്ചപ്പോഴല്ലേ? എന്നെയും മോനേയും അയാൾക്കോർമ്മ വന്നത്?
സിജോ നല്ല ചുട്ട മറുപടി തന്നെയാണ് കൊടുത്തത്

പക്ഷേ ,ആൽവിൻ അയാളുടെ ചോരയാണെന്നും അവനെയെങ്കിലും തനിക്ക് വിട്ട് തന്നു കൂടെ എന്നയാൾ ചോദിച്ചു.

എന്നിട്ട്?അവനെയും വിട്ട് കൊടുക്കില്ലെന്ന് സിജോ അയാളുടെ മുഖത്ത് നോക്കി പറഞ്ഞില്ലേ?

അതെനിക്ക് പറയാൻ കഴിയുമോ? അയാളുടെ മകനെ അയാൾക്ക് തന്നെ കൊടുക്കുന്നതല്ലേ നല്ലത്?

ഇല്ലാ .. ഇല്ല സിജോ, എൻ്റെ മോനെ ഞാനാർക്കും കൊടുക്കില്ല ,അവനെൻ്റെയാണ്
എൻ്റെ മാത്രം

പക്ഷേ അവൻ എൻ്റെയാരുമല്ലല്ലോ?
പിന്നെ ഞാനെന്തിനാണ് അവനെ വളർത്തുന്നത് ?

സിജോ....

അയാളുടെ ഭാവമാറ്റം റോസിലിയെ ഞെട്ടിച്ചു.


ഭാഗം -7

രാമേട്ടൻ്റെ കോള് വരുമ്പോൾ ടൗണിലെ ട്രാഫിക് ബ്ളോക്കിൽ പെട്ട് കിടക്കുകയായിരുന്ന സിജോ ,ഒരു വിധത്തിലാണ് ആ തിരക്കിൽ നിന്നും കാറുമായി മെഡിക്കൽ കോളേജിലെത്തിയത്.

എൻക്വയറിയിൽ അന്വേഷിച്ചപ്പോൾ ,റോസിലി ഐസിയുവിലാണെന്നറിഞ്ഞ സിജോ, നെഞ്ചിടിപ്പോടെ അങ്ങോട്ടേക്കോടി.

എന്താ രാമേട്ടാ.. എന്താ സംഭവിച്ചത്?

അത് കുഞ്ഞേ .. ഞാൻ ചെടികൾ നനച്ച് കൊണ്ടിരിക്കുമ്പോഴാ ആൽവിൻ മോൻ ഓടി വന്ന്, അമ്മ വീണ് കിടക്കുന്നെന്ന് പറഞ്ഞത് ,ഞാനോടിച്ചെന്ന് നോക്കുമ്പോൾ, റോസിലിക്കുഞ്ഞ് രക്തത്തിൽ കുളിച്ച് ബോധമില്ലാതെ കിടക്കുവാ, എന്ത് ചെയ്യണമെന്നറിയാതെ ഞാൻ അമ്പരന്നങ്ങനെ നില്ക്കുമ്പോൾ, ആൽവിൻ മോനാണ് നൂറ്റിയെട്ട് ആംബുലൻസ് വിളിച്ചത്, പിന്നെ ഞാനും, മോനും, ആംബുലൻസ് ഡ്രൈവറും കൂടി റോസിലിക്കുഞ്ഞിനെയുമെടുത്ത് ഇങ്ങോട്ട് വരികയായിരുന്നു

എന്നിട്ടിപ്പോഴെങ്ങനുണ്ട്?

ഒന്നുമറിഞ്ഞില്ല ,ഡോക്ടറും നഴ്‌സുമാരുമൊക്കെ അകത്തോട്ട് പോയിട്ടുണ്ട്, ഇത് വരെ ആരും തിരിച്ച് വന്നിട്ടില്ല

സിജോ, തളർച്ചയോടെ അടുത്ത് കണ്ട ബഞ്ചിൽ ചെന്നിരുന്നു.

കണ്ണിലാകെ ഇരുട്ട് കയറുന്നത് പോലെ അയാൾക്ക് തോന്നി.

കുറച്ച് കഴിഞ്ഞപ്പോൾ ഒരു ഡോക്ടർ അകത്ത് നിന്നിറങ്ങി വന്നു .

സിജോ ചാടിയെഴുന്നേറ്റു

ഡോക്ടർ റോസിലിക്കെങ്ങനുണ്ട്?

ബോധം വീണിട്ടില്ല ,പിന്നെ , 
ആ കുട്ടിക്ക് വീഴ്ചയുടെ ആഘാതത്തിൽ അബോർഷൻ സംഭവിച്ചിട്ടുണ്ട് ,ഗൈനക്ക് ഡോക്ടർ അകത്തുണ്ട് ,ബാക്കി കാര്യങ്ങൾ അവര് പറയും

ഡോക്ടറുടെ വാക്കുകൾ ഒരു ഇടിത്തീ പോലെ അയാളുടെ ഹൃദയത്തിലേക്ക് പതിച്ചു.

പിന്നെയും, ഉത്ക്കണ്ഠയോടെ ഏറെ നേരം കാത്തിരുന്നതിന് ശേഷമാണ്, ഗൈനക് ഡോക്ടർ പുറത്ത് വരുന്നത്.

റോസിലിയുടെ ബന്ധുക്കളാരാ?

ഞാനാണ് ഡോക്ടർ..

നിങ്ങളാ കുട്ടിയുടെ ?

ഹസ്ബൻ്റാണ്..

നിങ്ങളെൻ്റെ കൂടെ വരു,

ഒന്ന് വേഗം പറയു ഡോക്ടർ.. എൻ്റെ റോസിലിക്കിപ്പോൾ എങ്ങനുണ്ട്?

ഡോക്ടറോടൊപ്പം അവരുടെ ക്യാബിനിലേക്ക് കയറിയ സിജോ, അക്ഷമയോടെ ചോദിച്ചു.

നിങ്ങളൊന്ന് സമാധാനപ്പെട് ,ഞാൻ പറയട്ടെ,
നിങ്ങളുടെ ഭാര്യയുടെ ബോഡി വളരെ വീക്കാണ്, ഇനിയൊന്ന് കൂടി ഗർഭം ധരിക്കാനുള്ള ശേഷി റോസിലിയുടെ യുട്രസ്സിനില്ല ,അത് കൊണ്ട് ഇനിയങ്ങോട്ട് വളരെയധികം ശ്രദ്ധ കൊടുക്കണം, ഇനിയൊരു വീഴ്ചയുണ്ടായാൽ ചിലപ്പോൾ ആ കുട്ടിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞെന്ന് വരില്ല
  
ഓകെ ഡോക്ടർ.. , ഞാൻ നന്നായി കെയറ് ചെയ്ത് കൊള്ളാം

ങ്ഹാ സൂക്ഷിച്ചാൽ നിങ്ങൾക്ക് കൊള്ളാം ,പിന്നെ ആ കുട്ടിക്ക് BP വളരെ കൂടുതലാണല്ലോ ,? തല കറങ്ങി വീഴാനുള്ള ഒരു പ്രധാന കാരണം അതാണ് ,നിങ്ങളുടെ ഇടയിൽ എന്തെങ്കിലും പ്രോബ്ളങ്ങളുണ്ടെങ്കിൽ, അത് എത്രയും വേഗം പരിഹരിക്കുക, എനിക്കതേ പറയാനള്ളു, ശരി എങ്കിൽ നിങ്ങൾ പൊയ്ക്കൊള്ളു,
റോസിലിയെ ഉച്ചകഴിഞ്ഞ് വാർഡിലേക്ക് ഷിഫ്റ്റ് ചെയ്യും

ഡോക്ടർ പറഞ്ഞതെല്ലാം ഒരു ഞെട്ടലോടെയാണ് അയാൾ കേട്ട് കൊണ്ടിരുന്നത് ,തനിക്കൊരിക്കലും റോസിലിയിൽ ഒരു കുഞ്ഞുണ്ടാവില്ലെന്ന് തിരിച്ചറിഞ്ഞ സിജോ കടുത്ത നിരാശയോടെ പുറത്തേക്കിറങ്ങി.

######$#######$#####

സിജോ.. എട്ട് മണിയായ്, ഇനി ഇവിടെ അധികനേരം നില്ക്കാൻ കഴിയില്ലല്ലോ? ദേ ആണുങ്ങളെയൊക്കെ പുറത്തിറക്കാൻ സെക്യുരിറ്റി ഗാർഡ് ഇങ്ങോട്ട് വരുന്നുണ്ട് ?

വാർഡിലേക്ക് മാറ്റിയതിൻ്റെ രണ്ടാമത്തെ ദിവസം, റോസിലി തന്നോടൊപ്പം ബെഡ്ഡിലിരിക്കുന്ന സിജോയോട് പറഞ്ഞു.

എന്ത് കഷ്ടമാണ്, 
പ്രൈവറ്റ്  ഹോസ്പിറ്റലെങ്ങാനുമായിരുന്നെങ്കിൽ, നല്ല സൗകര്യമുള്ള
ഒരു റൂമെടുക്കാമായിരുന്നു,
ഈ സർക്കാരാശുപത്രിയിൽ ,ഒന്നിനും ഒരു സൗകര്യമില്ല , രാമേട്ടനെ പറഞ്ഞാൽ മതിയല്ലോ?
ചില നേരത്തയാൾ, ഒട്ടും സെൻസില്ലാതെയാണ് കാര്യങ്ങൾ ചെയ്യുന്നത്

സിജോ ഈർഷ്യയോടെ രാമേട്ടനെ കുറ്റപ്പെടുത്തി.

ആ ഒരു സാഹചര്യത്തിൽ ആരായിരുന്നാലും ,ഏറ്റവുമടുത്തുള്ള മെഡിക്കൽ കോളേജിനെയല്ലേ ആശ്രയിക്കു സിജോ, പിന്നെ സർക്കാർ ആശുപത്രിയെ അങ്ങനെ പുശ്ചിച്ച് തള്ളരുത് ,ബുദ്ധിയുള്ള കുട്ടികൾക്ക് മാത്രമാണ്, ഇവിടെ മെഡിസിന് അഡ്മിഷൻ കിട്ടുന്നത് ,അത് കൊണ്ട് തന്നെ നന്നായി കാര്യങ്ങൾ ഗ്രഹിച്ചവരാണ്, ഇവിടുത്തെ ഡോക്ടർമാർ ,കുറച്ച് അസൗകര്യങ്ങളൊക്കെ ഉണ്ടെങ്കിലും, ഒരു സാധാരണക്കാരൻ ഇപ്പോഴും ജീവൻ തിരിച്ച് കിട്ടുമെന്ന പ്രതീക്ഷയിലെപ്പോഴും ഓടിയെത്തുന്നത്, മെഡിക്കൽ കോളേജിലേക്ക് തന്നെയാണ്

എങ്കിൽ ഞാൻ പുറത്ത് നില്ക്കാം, എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ നീയെൻ്റെ ഫോണിലേക്ക് വിളിച്ചാൽ മതി

അതെന്തിനാ വെറുതെ? 
നിങ്ങള് വീട്ടിലേക്ക് പൊയ്ക്കോളു സിജോ ,ഇന്നലെയും പുറത്ത് കാവല് നിന്ന് കൊതുക് കടി കൊണ്ട് ഒട്ടും ഉറങ്ങിയിട്ടില്ലല്ലോ?

ഞാൻ പോയാൽ ,നിനക്കൊരാവശ്യം വന്നാൽ ഇവിടെ ആരെങ്കിലും വേണ്ടേ?

ഓഹ് ഇനി ഈ രാത്രിയിൽ എന്ത് ആവശ്യം വരാനാ ,എനിക്കിപ്പോൾ കുഴപ്പമൊന്നുമില്ല, പിന്നെ ഇവിടെ നഴ്സും ,ഡോക്ടേഴ്സുമൊക്കെ
നല്ല കെയറിങ്ങാ ,ഇടയ്ക്കിടെ ഡ്യൂട്ടി നഴ്സ് വന്ന് വിവരങ്ങൾ തിരക്കാറുണ്ട്

ഉം എന്നാൽ ഞാൻ പോയിട്ട് അതിരാവിലെ വരാം, പിന്നെ എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയാൽ എന്നെ വിളിച്ച് പറയണം കെട്ടോ? നാളെ തന്നെ ഒരു ഹോം നഴ്സിനെ അറേഞ്ച് ചെയ്യാൻ രാമേട്ടനോട് പറയാം ഇന്നെന്തായാലും ഇങ്ങനെ പോകട്ടെ, ടേക്ക് കെയർ 

ഒന്നും വരില്ല സിജോ, നിങ്ങള് ധൈര്യമായി പോയി കിടന്നുറങ്ങിക്കോ പിന്നെ ,ആൽവിനും രണ്ട് ദിവസമായി ഉറങ്ങിയിട്ടില്ല, അവനെ കൂടി കൊണ്ട് പോകണേ?

ഉം ശരി...

നീരസത്തോടെ തല കുലുക്കിയിട് അയാൾ പുറത്തേക്കിറങ്ങി.

######$#######$#######

വീട്ടിലെത്തിയ സിജോ, കാറ് പോർച്ചിലിട്ടതിന് ശേഷം ,വീടിനകത്തേയ്ക്ക് കയറി പോയി . 

ആൽവിൻ കാറിലുണ്ടായിരുന്ന റോസിലിയുടെ മുഷിഞ്ഞ ഡ്രസ്സും മറ്റുമടങ്ങിയ ബാഗെടുത്ത് അകത്ത് വച്ചിട്ട്, തൻ്റെ മുറിയിലേക്കും പോയി.

ഒറ്റയ്ക്ക് റൂമിൽ കിടന്നപ്പോൾ, ആൽവിന് തൻ്റെ അമ്മയുടെ അസാന്നിദ്ധ്യം നന്നായി ഫീല് ചെയ്തു.

രണ്ട് ദിവസത്തെ ഉറക്കക്ഷീണം കൊണ്ട് ,അവൻ പെട്ടെന്ന് മയങ്ങിപ്പോയി.

കുറച്ച് കഴിഞ്ഞ് എന്തോ ദു:സ്വപ്നം കണ്ട ആൽവിൻ, ഞെട്ടിയെഴുന്നേറ്റു .

അവനാകെ ഭയന്ന് പോയിരുന്നു.

പിന്നീട് ആ മുറിയിൽ ഒറ്റയ്ക്ക് കിടക്കാൻ പേടി തോന്നിയ ആൽവിൻ, സിജോയുടെ റൂമിൽ ചെന്ന് തട്ടി വിളിച്ചു.

എന്താടാ മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ലേ?

ഉറച്ചടവോടെ വന്ന് കതക് തുറന്ന സിജോ, ഈർഷ്യയോടെ അവനോട് ചോദിച്ചു.

എനിക്കവിടെ തനിച്ച് കിടക്കാൻ പേടിയാ, ഞാനൊന്ന് ഇവിടെ കിടന്നോട്ടെ

ഉം ,കേറിവാ, ദേ അലമാരയിൽ ബെഡ്ഷീറ്റ് കാണും,അതെടുത്ത് താഴെ വിരിച്ചിട്ട് കിടന്നോ, ഇനി എന്നെ ചുമ്മാ വിളിക്കരുത്, ഞാനൊന്നുറങ്ങിക്കോട്ടേ..

അതും പറഞ്ഞയാൾ ബെഡ്ഡിലേക്ക് വീണു.

ബെഡ്ഷീറ്റെടുക്കാൻ അലമാര തുറന്നപ്പോൾ ,അതിലിരുന്ന തൻ്റെ അമ്മയുടെ ഒരുസാരി കൂടെ ആൽവിൻ കൈയ്യിലെടുത്തു.

നിലത്ത് വിരിച്ച ബെഡ്ഷീറ്റിന് മുകളിൽ കിടക്കുമ്പോൾ ,അമ്മയെ മിസ്സ് ചെയ്യാതിരിക്കാൻ, ആ സാരി അവൻ നെഞ്ചോട് ചേർത്ത് പിടിച്ചിട്ടുണ്ടായിരുന്നു.

കുറെ നേരം അമ്മയെ കുറിച്ച് ചിന്തിച്ച് കിടന്ന ആൽവിൻ, പിന്നെ ഉണരുന്നത് ,ആരുടെയോ ഞരക്കവും മൂളലും കേട്ട് കൊണ്ടാണ്.

കണ്ണ് തുറന്ന് നോക്കിയപ്പോൾ, ആ ശബ്ദം കേട്ടത് കട്ടിലിൽ നിന്നാണെന്ന് മനസ്സിലാക്കിയ ആൽവിൻ, പെട്ടെന്നെഴുന്നേറ്റ് ലൈറ്റിട്ടു.

കട്ടിലിൽ നെഞ്ച് പൊത്തിപ്പിടിച്ച് കൊണ്ട് ഞെളിപിരി കൊള്ളുന്ന സിജോയെ കണ്ട്, ആൽവിൻ അമ്പരന്നു.


ഭാഗം-8

ഡാ... നോക്കി നില്ക്കാതെ എനിക്ക് കുറച്ച് വെള്ളം എടുത്തോണ്ട് വാടാ

തന്നെ നോക്കി മിഴിച്ച് നില്ക്കുന്ന ആൽവിനോട് സിജോ ദയനീയതയോടെ പറഞ്ഞു

അമ്പരപ്പ് മാറിയ ആൽവിൻ അടുക്കളയിലേക്കോടി പോയി ജഗ്ഗിൽ വെള്ളവുമെടുത്ത് തിരിച്ച് വന്നപ്പോഴേക്കും സിജോ അനക്കമറ്റ് കട്ടിലിൽ നിന്ന് താഴെ വീണ് കിടക്കുന്നതാണ് കണ്ടത്.

ജഗ്ഗും വെള്ളവും മേശപ്പുറത്ത് വച്ചിട്ട് അവൻ കുനിഞ്ഞ് നിന്ന് ജിജോയെ കുലുക്കി വിളിച്ചു.

യാതൊരു റെസ്പോൺസുമില്ലാതിരുന്നപ്പോൾ, ജഗ്ഗിലെ വെള്ളമെടുത്ത് അയാളുടെ മുഖത്ത് ശക്തമായി തളിച്ചു ,എന്നിട്ടും അനക്കമില്ലാതെ വന്നപ്പോൾ ആൽവിൻ്റെയുള്ളിലൊരു ആശങ്ക തോന്നി.

എന്ത് ചെയ്യണമെന്നറിയാതെ പകച്ച് പോയ അവൻ്റെ മനസ്സിലേക്ക് കഴിഞ്ഞ ദിവസം തൻ്റെ സ്കൂളിൽ വച്ച് നടന്ന പ്രഥമ ശുശ്രൂഷയെക്കുറിച്ചൊരു ഡോക്ടർ നടത്തിയ ക്ളാസ്സിനെക്കുറിച്ച് ഓർമ്മ വന്നു.

നെഞ്ച് വേദനയെ തുടർന്ന് ഹൃദയം നിലച്ച് പോകുന്ന വ്യക്തിയെ ഹോസ്പിറ്റലിലെത്തിക്കുന്നതിന് മുമ്പ് കൊടുക്കേണ്ട ഫസ്റ്റ് എയ്ഡ്, സി പി ആർ ആണെന്നും ,അത് കൊടുക്കേണ്ട വിധവും ആൽവിൻ ഓർത്തെടുത്തു.

അത് ചെയ്യുന്നതിന് മുമ്പ്, മൊബൈലെടുത്തവൻ , നൂറ്റിയെട്ട് ആംബുലൻസ് വിളിച്ചു

ശേഷം, cpr എന്ന പ്രഥമ ശുശ്രൂഷ, വൺബൈ വണ്ണായി ചെയ്യുമ്പോൾ, ദൈവത്തോട് മനസ്സുരുകി പ്രാർത്ഥിക്കാനും അവൻ വന്നില്ല.

എൻ്റെ അമ്മയെ ഇനിയും വേദനിപ്പിക്കല്ലേ കർത്താവേ ..

അപ്പോഴേക്കും പുറത്ത് ആംബുലൻസ് വന്ന് നില്ക്കുന്ന ശബ്ദം മുഴങ്ങി കേട്ടു.

#####$#$$$$##########

ങ്ഹാ, സിജോ ഇപ്പോഴെങ്ങനുണ്ട്?

റൗണ്ട്സിന് വന്ന ഡോക്ടർ ചോദിച്ചു.

നല്ല കുറവുണ്ട് ഡോക്ടർ
ഇപ്പോൾ വേദനയൊക്കെ മാറി താങ്ക്സ് ഡോക്ടർ ,എൻ്റെ ജീവൻ തിരിച്ച് തന്നതിന്

ഹ ഹ ഹ താങ്ക്സ് പറയേണ്ടത് ദൈവത്തോടാണ്, പിന്നെ ദേ ആ നില്ക്കുന്ന നിങ്ങളുടെ മകനോടും, പാതി നിലച്ച നിങ്ങളുടെ ഹൃദയത്തെ, cpr തന്ന് മരണത്തിന് വിട്ട് കൊടുക്കാതെ, ഇവിടെ വരെയെത്തിച്ചത് ആ പതിമൂന്ന്കാരൻ്റെ സമയോചിതമായ ഇടപെടൽ കൊണ്ട് മാത്രമാണ് ,മക്കളുണ്ടായാൽ മാത്രം പോര, അവരെ കൊണ്ട് ഇത്തരം പ്രയോജനങ്ങളുണ്ടാവുമ്പോഴാണ്, മാതാപിതാക്കളുടെ ജീവിതം ധന്യമാകുന്നത് ,എങ്കിൽ ശരി, ഞാൻ ഡിസ്ചാർജ് ചെയ്യാനുള്ള ഏർപ്പാട് ചെയ്യാം, വൈകുന്നേരം പോകാൻ റെഡിയായിക്കോ

ശരി ഡോക്ടർ...താങ്ക്സ്

അടുത്ത് നിന്ന റോസിലി കൈ കൂപ്പി.

ഞാൻ കാരണം നിനക്കൊന്ന് നന്നായി റസ്റ്റെടുക്കാൻ കഴിഞ്ഞില്ല അല്ലേ റോസ്?

ഓഹ് അത് സാരമില്ല ,എനിക്കിപ്പോൾ വലിയ കുഴപ്പമൊന്നുമില്ല

എന്നാലും വീട്ടിൽ ചെന്നിട്ട് നീ ഒന്നും ചെയ്യാൻ നില്ക്കണ്ട ഇപ്പോൾ നിന്നെ നോക്കാൻ വന്ന ഹോം നഴ്സിനെ നമുക്ക് കുറച്ച് നാള് വീട്ടിൽ നിർത്താം

ങ്ഹാ അതിനെക്കുറിച്ച് പിന്നെ നമുക്കാലോചിക്കാം, ഇപ്പോൾ സിജോ ഈ കാപ്പി കുടിക്ക്

ആൽവിൻ എന്തേലും കഴിച്ചായിരുന്നോ?

ദൂരെ ജനലിനരികിൽ ചെന്ന് പുറത്തേയ്ക്ക് നോക്കി നില്ക്കുന്ന ആൽവിനെ നോക്കി അയാൾ ചോദിച്ചു.

ഇല്ല, അവന് തിരിച്ച് അനാഥാലയത്തിലേക്ക് തന്നെ പോകണമെന്ന്‌ പറഞ്ഞ് നില്ക്കുവാ, നമ്മൾ ഡിസ്ചാർജ് ചെയ്തു പോകുമ്പോൾ കൊണ്ട് വിടാമെന്ന് ഞാൻ പറഞ്ഞു

റോസ്, അവനെയൊന്ന് ഇങ്ങോട്ട് വിളിക്ക്

തൻ്റെയടുത്തെത്തിയ ആൽവിൻ്റെ കൈകളിൽ സിജോ മുറുകെ പിടിച്ചു.

ഞാൻ നിന്നോട് ഒരുപാട് അകൽച്ച കാണിച്ചിട്ടുണ്ട് ,അത് നിന്നെ ഒരു പാട് വേദനിപ്പിച്ചിട്ടുണ്ടെന്നും എനിക്കറിയാം ,പക്ഷെ നീയെൻ്റെ ആരുമല്ലല്ലോ എന്ന ചിന്ത എൻ്റെ മനസ്സിലുള്ളത് കൊണ്ടായിരുന്നു, ഞാനങ്ങനെയൊക്കെ നിന്നോട് പെരുമാറിയിരുന്നത്, എന്നാലിപ്പോൾ നീയെനിക്ക് റോസിനെക്കാളും പ്രിയപ്പെട്ടവനാണ്, എനിക്കിനി സ്നേഹിക്കാനും എന്നെ സ്നേഹിക്കാനും കർത്താവ് മകനായി തന്നത് നിന്നെ മാത്രമാണ് ,നീയിപ്പോൾ അനാഥനല്ല ,നിനക്ക് അമ്മയും അച്ഛനുമുണ്ട്, അത് കൊണ്ട് ഞങ്ങളുടെ മരണം വരെ നീ ഞങ്ങളോടൊപ്പം തന്നെയുണ്ടാവണം ,നിന്നെ വേദനിപ്പിച്ച എൻ്റെ എല്ലാപ്രവൃത്തികൾക്കും ഞാൻ നിന്നോട് മാപ്പ് ചോദിക്കുന്നു സോറി

വേണ്ടച്ഛാ .. അച്ഛൻ എന്നെ വേദനിപ്പിച്ചിട്ടുണ്ടെങ്കിലും ഞാനങ്ങയെ വെറുത്തിട്ടില്ല കാരണം എൻ്റെ അച്ഛനാണെന്ന് പറഞ്ഞ് അമ്മ ചൂണ്ടിക്കാണിച്ച് തന്നത് നിങ്ങളെയാണ് ,അത് കൊണ്ടാണ് അങ്ങയെ ഞാനിപ്പോൾ അച്ഛനെന്ന് അറപ്പില്ലാതെ വിളിച്ചത് ,
എല്ലാ കുട്ടികളും അവരുടെ അമ്മമാരെ ഗർഭത്തിൽ വച്ച് തന്നെ തിരിച്ചറിയുന്നുണ്ടെങ്കിലും അച്ഛനെന്ന് വിശ്വസിക്കുന്നതും വിളിച്ച് തുടങ്ങുന്നതും അമ്മ കാണിച്ച് കൊടുക്കുന്നൊരു വ്യക്തിയെയായിരിക്കും, അത് അമ്മയെന്ന കാണപ്പെട്ട ദൈവത്തിലുള്ള വിശ്വാസമാണ്, എൻ്റെ അമ്മയെ ഞാൻ ദൈവത്തിനൊപ്പം കാണുന്ന കാലത്തോളം, അങ്ങ് തന്നെയാണ്എൻ്റെ അച്ഛൻ

ആൽവിൻ്റെ വാക്കുകൾ സിജോയുടെ ഹൃദയം നിറച്ചു.

########$$$####$$###

രാമേട്ടനൊടൊപ്പം ചെടികൾ നനച്ച് കൊണ്ടിരുന്ന റോസിലി, ഗേറ്റ് ‌ കടന്ന് ഒരു പോലീസ് ജീപ്പ് കടന്ന് വരുന്നത് കണ്ട് പകച്ച് പോയി.

ഇത് സിജോ മാത്യുവിൻ്റെ വീടല്ലേ?

ജീപ്പിൻ്റെ മുൻ സീറ്റിൽ നിന്നിറങ്ങിയ എസ് ഐ ചോദിച്ചു.

അതെ സാർ, എന്താ സാർ കാര്യം?

റോസിലി ഭീതിയോടെ ചോദിച്ചു.

നിങ്ങളയാളെ വിളിക്ക് എന്നിട്ട് പറയാം

റോസിലി അകത്ത് പോയി സിജോയെ കുട്ടിക്കൊണ്ട് വന്നു.

എന്താ സാർ ,എന്തിനാ അന്വേഷിച്ചത്?

ഗ്രേസിനെയും ,റോബിനെയും വെട്ടി കൊലപ്പെടുത്തിയ കൊട്ടേഷൻ സംഘത്തെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു, അവരെ ചോദ്യം ചെയ്തതിൽ നിന്നും ,നിങ്ങളാണ് അതിനായി കൊട്ടേഷൻ കൊടുത്തതെന്ന് അറിയാൻ കഴിഞ്ഞു ,അത് കൊണ്ട്, നിങ്ങളെ ചോദ്യംചെയ്യുന്നതിന് വേണ്ടി, കസ്റ്റഡിയിലെടുക്കാൻ വന്നതാണ് ഞങ്ങൾ, താങ്കൾ ജീപ്പിലോട്ടൊന്ന് കയറിക്കേ, ബാക്കിയൊക്കെ സ്‌റ്റേഷനിൽ ചെന്നിട്ട് 

അത് കേട്ട റോസിലി, ഞെട്ടിത്തരിച്ച് പോയി.

എന്താ സിജോയിത്? സത്യമാണോ ഇവര് പറയുന്നത്?

അതൊക്കെ കോടതിയിൽ തെളിയിക്കേണ്ട കാര്യമല്ലേ?
തല്ക്കാലം ഞാനിവരോടൊപ്പം പോകുവാണ്, നീ നമ്മുടെ വക്കീലിനെ വിളിച്ചിട്ട് സ്റ്റേഷനിലോട്ട് വരാൻ പറഞ്ഞാൽ മതി, ബാക്കി വക്കീല് നോക്കിക്കൊള്ളും

അതും പറഞ്ഞ് ,യാതൊരു കൂസലുമില്ലാതെ സിജോ,ജീപ്പിലേക്ക് കയറുന്നത് കണ്ടപ്പോൾ റോസിലിക്കറിയാമായിരുന്നു അയാൾ പക വീട്ടിയതാണെന്ന്.

അവസാനിച്ചു.



📝സജി തൈപ്പറമ്പ്.

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്