⚜️കറുത്തോള്⚜️
കറുത്തോള്
""നിനക്കിഷ്ടമുള്ള ഏത് പെണ്ണിനെ വേണോങ്കിലും വിളിച്ചോണ്ട് പോരെ പുറകിനു തല്ലും വഴക്കും ഒന്നും ഉണ്ടാകരുത്
അഥവാ ഉണ്ടായാൽ തന്നെ വല്ലവന്റെയും കൈ മേത്തു വീണിട്ടു ഇങ്ങോട്ട് വന്നേക്കരുത് """
"" നിങ്ങൾ എന്തൊരു മനുഷ്യനാണ് ഹേ
മോനെ പ്രേമിക്കാൻ പഠിപ്പിക്കുന്ന ഒരു അപ്പൻ ""
അപ്പന്റെ നീണ്ട ഡയലോഗുകൾക്കു അമ്മ ഒരു ഇടവേള നൽകി,,
എങ്കിലും കുഴഞ്ഞു വരുന്ന നാവുകൊണ്ട് അപ്പൻ പറഞ്ഞു നിർത്തി ......
"" പ്രേമമാണ് അഖിലസാരമൂഴിയിൽ ......."""
"" ഐ ലവ് യൂ അപ്പ ""
അപ്പനെ നെഞ്ചോട് ചേർത്തു ഞാനൊരു ചുംബനം നൽകി ........
"" കള്ള് തലയ്ക്കു പിടിച്ചിട്ടു ഓരോന്ന് പറയുന്നതൊക്കെ കൊള്ളാം പിന്നീട് അത് പറഞ്ഞില്ല
ഇത് പറഞ്ഞില്ല എന്നൊന്നും
പറയരുത് ...........""
രണ്ടാൾക്കും അമ്മ വാണിംഗ് നൽകി.......
"" അപ്പ എനിക്കൊരു കാര്യം പറയാനുണ്ട് """
"" എന്നതാടാ ഉവ്വേ എന്തോ ഒരു രഹസ്യം പൊലെ???"""
"" അപ്പ അത് ..
അത് പിന്നെ """
"" എടാ സെബാനെ നിനക്കെന്നോട് എന്തേലും പറയാനുണ്ടെങ്കിൽ അത് പറഞ്ഞാൽ പോരെ അതിന് ഒരു പോർമാലിറ്റി ഒക്കെ വേണോ??? """
ചോദ്യങ്ങൾക്കു പിന്നാലെ
എന്റെ മറുപടിക്കായി അപ്പൻ കാതോർത്തു .......
"" അപ്പ എനിക്ക് അടിവാരത്തെ തോമാച്ചന്റെ മോളെ ഭയങ്കര ഇഷ്ട്ടാണ്"""
"" ഏത് നമ്മടെ കുഴീ കൊച്ചിന്റെ മോൻ
തോമാച്ചനോ ??"""
"" അതെ അപ്പ ,
അത് തന്നെ .......""
"" അത് നല്ല ബന്ധമാണല്ലോടാ കൊച്ചനെ ,
അതിൽ ഏത് പെണ്ണാണ് നീയുമായിട്ടു !!!!!!""
പ്രേമം എനിക്കാണ് എങ്കിലും നാണം മുഴുവൻ അപ്പന്റെ മുഖത്തായിരുന്നു ...........
"" തോമാച്ചന്റെ മൂത്ത മകൾ അന്നക്കൊച്ചുമായിട്ടു """
"" ഏത് ആ ബുള്ളറ്റ് ഓടിക്കണ
കറുമ്പിയുമായിട്ടോ ???
ഈശോയെ ചതിച്ചല്ലോ ""
എന്തോ സംഭവിച്ചത് പൊലെ അപ്പൻ വായും പൊത്തിപ്പിടിച്ചു ഇരുപ്പായി ........
"" അവൾക്കു നല്ല പഠിപ്പുണ്ട്,വിവരമുണ്ട് ,പോരാത്തതിന് നല്ല ഉയരവും ഉണ്ട് ആ ഉയരത്തിലാണ് ഞാൻ വീണത്.........""
"" നേരാണ് എല്ലാമുണ്ട് പക്ഷെ
ഇത് നടക്കുകേലട മോനെ .......""
"" അതെന്നാ അപ്പ അങ്ങനെ പറയുന്നേ ???""
"" എടാ അവള് നന്നേ കറുത്തിട്ടാണ് """
"" അപ്പോൾ പിന്നെ ഞാനും കറുത്തിട്ടല്ലേ ""
"" നീയും കറുത്തിട്ടാണ് പക്ഷേങ്കില് അവള് നിന്നെക്കാൾ കറുത്തിട്ടല്ലേ ????""""
എന്തോ മനസ്സിലുറപ്പിച്ച പോലെയായിരുന്നു അപ്പന്റെ വർത്തമാനം എന്നെനിക്കു തോന്നിയതും
വീണ്ടും അമ്മ ഇടയ്ക്ക് കയറി.........
"" മനുഷ്യ കാക്കയ്ക്കും തൻ കുഞ്ഞ് പൊൻകുഞ്ഞു എന്നാണ് """
""മത്തൻ വിതച്ചാൽ കുമ്പളം മുളയ്ക്കില്ല""
അമ്മയുടെ അസ്ഥാനത്തുള്ള പഴഞ്ചൊല്ലിനു അതെ നാണയത്തിൽ തന്നെ ഉത്തരവും ഞാൻ നൽകി ..........
""ഒന്നു പോയെടി അവടെയൊരു പഴഞ്ചൊല്ല് ,
എടാ നമുക്ക് ഇത് ഇവിടെ വച്ചു നിർത്താം ,
ഞാൻ ഒരു കൊച്ചിനെ നിനക്കായി കണ്ടു വച്ചിട്ടുണ്ട് നിന്നെക്കൊണ്ട് അതിനെ കെട്ടിക്കാനാണ് എന്റെ തീരുമാനം """
അപ്പന്റെ വാശിക്ക് മുന്നിൽ മൗനിയായി നിൽക്കുവാനെ എനിക്ക് സാധിച്ചുള്ളൂ.............
*************************************************
"" അപ്പോൾ ആ പെണ്ണിനെ നീ തേച്ചു എന്ന് സാരം എടാ മഹാപാപി അവള് നല്ലൊരു പെണ്ണായിരുന്നല്ലോടാ
കഷ്ടം""
കഥമുഴുവൻ കേട്ട ശേഷം പഴയ ക്ലാസ്സ്‌മേറ്റ് ശിവ എന്നോട് തട്ടിക്കയറി ..........
"" ബാക്കി കൂടെ പറയൂ ഇച്ചായ ""
കയ്യിൽ കരുതിയ കാപ്പിയുമായി എന്റെ ഭാര്യ ഞങ്ങൾക്കരികിലേക്കെത്തി ............
""ബാക്കി ഞാൻ പറഞ്ഞാൽ മതിയോട ഉവ്വേ ""
അവൾക്കു പിന്നാലെ അപ്പനും ഉണ്ടായിരുന്നു ......
"" പ്രത്യേകിച്ചു ഒന്നൂല്ലടാ ഉവ്വേ ,
ഇവനെ ഞാൻ വഴക്ക് പറയുന്നതിനും മുന്നേ ഇവളെ ഞാൻ കണ്ടിരുന്നു ,
ഒരു ദിവസം പനിച്ചു വിറച്ചു റോഡിൽ വീണ എന്നെ
പൊക്കിയെടുത്തു വീട്ടിൽ കൊണ്ടുചെന്നു കരിപ്പെട്ടി കാപ്പിയും തന്നു ശരിയാക്കി
അവളുടെ ബുള്ളറ്റിന്റെ പുറകിൽ ഇരുത്തി ആശുപത്രിയിൽ കൊണ്ട് ചെന്ന്
ബ്ലഡ്‌ഉം തന്നു
അതെ വണ്ടിയിൽ തന്നെ തിരിച്ചു വീട്ടിൽ കൊണ്ടുവിട്ട അന്ന് ഞാൻ എന്റെ മനസ്സിൽ കുറിച്ചതാ ഇവൾ എന്റെ വീട്ടിൽ വേണമെന്ന്
എന്നേക്കാൾ മുന്നേ ഇവൻ അവളെ കണ്ടെത്തി എന്നറിഞ്ഞതും ,
എന്റെ മരുമോള് തന്നെയാണല്ലോ എന്നെ ആശുപത്രിയിൽ കൊണ്ടുപോയതെന്നും ,
എല്ലാമറിഞ്ഞിട്ടും ഇവന്റെ അമ്മ പോലും എന്നിൽ നിന്നും മറച്ചു വച്ചല്ലോ എന്ന സങ്കടവുമാണ് അപ്പോൾ ഞാനങ്ങനെ പറഞ്ഞത്
കളറിൽ ഒക്കെ എന്നായിരിക്കുന്നട ഉവ്വേ അന്ന് അവളെനിക്ക് തന്ന ചോരയ്ക്കും
ഇന്ന് നൽകുന്ന സ്നേഹത്തിനും എന്നാ നിറമാടാ ഉള്ളത്"""""
വളരെ നീണ്ട അപ്പന്റെ പ്രസംഗത്തിന്
മറുപടിയെന്നോണം അന്നക്കൊച്ചു അപ്പനെ കെട്ടിപ്പിടിക്കുമ്പോൾ
അമ്മയ്ക്കും എനിക്കുമൊപ്പം ശിവയും ചിരിക്കുകയായിരുന്നു.............
ശുഭം ::::::
📝സിബി ബേബി
Comments
Post a Comment