പെണ്ണിന്റെ നെഞ്ച് അകവും പുറവും

പെണ്ണിന്റെ നെഞ്ച് 
അകവും പുറവും...
             
അവളുടെ പിൻകഴുത്തിലൂടെ അധരങ്ങളിലേക്കുള്ള വെളുത്തതും മിനുസമേറിയതുമായ ചെറുരോമങ്ങൾ നിറഞ്ഞ കാട്ടുപാതയിലൂടെ സ്ഥിരം യാത്രികനെ പോലെ സിഗറട്ടുകൾ അനേകമെരിഞ്ഞ് തീർന്ന അവന്റെ ഇരുണ്ട ചുണ്ടുകൾ സഞ്ചരിക്കവേ എത്ര ഒളിപ്പിക്കാൻ ശ്രമിച്ചിട്ടും ഒരേങ്ങൽ അവളുടെ തൊണ്ടയിൽ നിന്ന് പുറപ്പെട്ട്  കൺകോണിൽ നനവ് പടർത്തി... 

"നിനക്ക് ഇഷ്ടല്ലേൽ കെടന്നു മോങ്ങാതെ എണീറ്റ് പൊക്കൂടെ, ഇങ്ങനെ കടിച്ചു പിടിച്ചു കിടന്ന് തരേണ്ട കാര്യമില്ല..."

അരിശത്തോടെ അയാളെഴുന്നേറ്റ് ഭിത്തിയിൽ കൈ കൊണ്ട് തപ്പി..ഹങ്കറിൽ തൂക്കിയിരുന്ന വിയർപ്പ് നാറുന്ന ഷർട്ടിന്റെ പോക്കറ്റിൽ നിന്നും വിൽസ് ഒരെണ്ണമെടുത്ത് ചുണ്ടിൽത്തിരുകി തീകൊളുത്തി... ഇരുട്ടിൽ ഒരു തീപ്പോരി ജനലിനടുത്തെയ്ക്ക് നീങ്ങുന്നത്,  ചെരിഞ്ഞു തലയണയിലേക്ക് മുഖം പൂഴ്ത്തുന്നതിനിടയിലവൾ കണ്ടു.... 

അവളുടെ എങ്ങലുകളുടെ ശബ്ദമേറും തോറും അയാളുടെ വലിയുടെ ആക്കം കൂടികൊണ്ടേയിരുന്നു. 

"നിനക്ക് വയ്യേൽ പോകണ്ട... ഇങ്ങനെ കിടന്ന് മോങ്ങി ആ കൊച്ചിനെ കൂടി ഉണർത്താനായിട്ട്.. " അയാളുടെ ശബ്ദം കേട്ട് തൊട്ടിലിൽ കിടന്ന കുഞ്ഞുണർന്നു കരഞ്ഞു... 

അതുവരെ തലയിണയിൽ  മുഖമമർത്തി കരയുകയായിരുന്നവൾ ഞെട്ടിപിടഞ്ഞെണീറ്റ് തൊട്ടിലിൽ കിടന്ന കുഞ്ഞിനെ എടുത്ത് കട്ടിലിൽ കിടത്തി.  നൈറ്റിയുടെ സിബ് തുറന്ന്  മുലഞെട്ട് വലതു കൈയുടെ പെറുവിരലും ചൂണ്ടു വിരളും ചേർത്ത് അമർത്തി രണ്ട് തുള്ളി പുറത്തേയ്ക്ക് ചീറ്റിച്ചു കൊതിയ്ക്ക് കൊടുത്ത ശേഷം   കുഞ്ഞിന്റെ ചുണ്ടിലേയ്ക്ക് വെച്ചു കൊടുത്തു, അവനത് ആർത്തിയോടെ  രണ്ട് വലിച്ചപ്പോഴേക്കും ഉറക്കത്തിലേയ്ക്ക് വീണു.....
ഉറക്കത്തിന്റെ ആഴമേറും തോറും പല്ലുകളില്ലാത്ത എന്നാൽ മൂർച്ചയുള്ള ആ കുഞ്ഞു മോണകൾ അവളുടെ മുല ഞെട്ടിൽ അമർന്നു കൊണ്ടേ ഇരുന്നു,  പെട്ടെന്നുള്ള വേദനയിൽ അവളറിയാത്ത തന്നെ പുറകോട്ടൊന്നു വലിഞ്ഞു അമ്മയിൽ നിന്നുമുള്ള പിടി വിട്ടു പോകുമെന്ന് പേടിച്ച കുഞ്ഞ് ഞെട്ടി അവളെ കൂടുതൽ മുറുക്കെ കടിച്ചു... അവൾക്ക് നന്നായി വേദനിച്ചു,  കണ്ണുകൾ നിറഞ്ഞു എന്നാലും അവൾ കുഞ്ഞിനെ ഉണർത്താതെയിരിക്കാനായി വേദന സഹിച്ചു കണ്ണുകൾ മുറുക്കെ അടച്ചു കുഞ്ഞിനെ കൂടുതൽ ദേഹത്തോട് ചേർത്ത് കിടന്നു..

വലിച്ചു തീർത്തകുറ്റി ജനലിലൂടെ പുറത്തേയ്ക്ക് വലിച്ചെറിഞ്ഞു ജനൽപ്പാളി അടച്ചു കൂറ്റിയിട്ട് അവനും അവർക്കരികിലായ് ചെന്നു കിടന്നു... 

അപ്പോഴും അവളുടെ കൺകോണിലൂടെ കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു.

"ഡീ... നീ ഉറങ്ങിയോ? " അവളുടെ തലയിൽ തലോടി കൊണ്ടവൻ തുടർന്നു...  "നിനക്ക് വയ്യേൽ പോകണ്ട... നമുക്ക് മറ്റെന്തെങ്കിലും നോക്കാം..."

''ഇനിയെന്ത് നോക്കാനാ ചേട്ടായി, എല്ലാ വഴിയും'.. അവൾക്കൊന്നും മുഴുമിപ്പിക്കാനായില്ല..

''എന്നാലും, നിന്നെയൊറ്റക്ക്" തന്നെപ്പൊതിഞ്ഞിരിക്കുന്ന ആ കൈകൾ വിറക്കുന്നത് അവളറിഞ്ഞു,  കരച്ചിൽ അടക്കി പിടിച്ചു അവന്റെ കൈക്കുള്ളിൽ മുഖമമർത്തി രാത്രിയെപ്പോളോ അവളുറങ്ങി.   ... 

രാവിലെ വാതിലിൽ കടക്കാരുടെ മുട്ട് കേട്ടുകൊണ്ടാണവർ ഉണർന്നത് ,പതിവ് ചീത്തവിളിയും കഴിഞ്ഞവർ പോയപ്പോൾ അയല്പക്കത്തെ ചേച്ചി മുറ്റമടിക്കുന്ന ചൂല് പുറകിൽ മറച്ചു പിടിച്ച് വിളറിയ ചിരിയോടെ മോൾക്ക് നാളെയല്ലേ പോവണ്ടേ എന്ന ചോദ്യമെറിഞ്ഞു, വെറുമൊരു തലയാട്ടലിൽ ഉത്തരമൊതുക്കി അവളകത്തേക്ക്‌നടന്നു...

അതേ, നാളെയാണ് എനിക്ക് ദുബായ്ക്ക് പോകേണ്ടത്. ജയിംസിന്റെ, എന്റെ ചേട്ടായിയുടെ കൂടെയുള്ള  ജീവിതം തുടങ്ങുമ്പോൾ കയ്യിലുണ്ടായിരുന്നത് BSc നഴ്സിംഗ് സർട്ടിഫിക്കറ്റ് മാത്രം, പിന്നെ ഏതു സാഹചര്യത്തിലും ആ നെഞ്ചിലെ ചൂടിൽ സുരക്ഷിതമെന്ന വിശ്വാസവും.. അതിനിപ്പോളും മാറ്റമൊന്നും വന്നിട്ടില്ല പക്ഷേ ചുറ്റുപാടുകൾ മാറിമറിഞ്ഞിരിക്കുന്നു. 

അമ്മയെന്ന സ്വപ്നവുംപേറി ഒരുപാട് ആശുപത്രിയിൽ കയറിയിറങ്ങി, ഉള്ളതും അതിലധികവും വിറ്റുപെറുക്കി, കണ്ണിൽകണ്ടവരോടും ബ്ലേഡുകാരോടും പലിശക്കെടുത്തു. എല്ലാം വീട്ടാമെന്ന ചങ്കുറ്റം ചേട്ടായിക്കുണ്ടായിരുന്നു, എങ്കിലോ ദൈവവത്തിനതു സമ്മതമല്ലായിരുന്നു. ഓണക്കച്ചവടം മുന്നിൽക്കണ്ട് ലോഡിറക്കിയ ടിവിയും ഫ്രിഡ്ജുമെല്ലാം പ്രളയജലം ഒഴുക്കിനീക്കി, കടക്ക് ഇൻഷുറൻസ് ഇല്ലാത്തതുകൊണ്ട് കാര്യമായ നഷ്ടപരിഹാരവും കിട്ടിയില്ല.

താങ്ങാവുന്നതിലും അപ്പുറമായിരിന്നു ആ നഷ്ടം, കടക്കാർ ശല്യപ്പെടുത്താൻ തുടങ്ങി, കളിയാക്കലുകളും പരിഹാസങ്ങളും ചേട്ടായിയുടെ സ്വഭാവത്തെയും തകിടംമറിക്കാൻ തുടങ്ങി, വിഷമങ്ങളിൽനിന്നും ഒളിച്ചോടാനുള്ള എളുപ്പവഴിയായി ലഹരിയിൽ അഭയം തേടി.  മറ്റു വഴികളില്ലാതെ ഞാനെന്റെ സർട്ടിഫിക്കറ്റ് പൊടിതട്ടിയെടുത്തു, വലിയ പ്രതീക്ഷയൊന്നും ഇല്ലായിരുന്നെങ്കിലും കുറച്ചു ഇന്റർവ്യൂ അറ്റൻഡ് ചെയ്തു. ആറു വർഷത്തെ ഗ്യാപ്, അതൊരു നേഴ്സ്നെ സംബന്ധിച്ചു വലിയൊരു കാലയളവാണ്.. 

അന്ന് ആ ഇന്റർവ്യൂ കഴിയാൻ എട്ടുമണിയായിക്കാണും രാവിലെമുതൽ ഒന്നും കഴിക്കാത്ത കാരണം നല്ല ക്ഷീണമുണ്ടായിരുന്നു , ബസ് പിടിക്കാൻ വശംചേർന്നു നടന്നു തുടങ്ങിയതേ ഓർമയുള്ളു, കണ്ണുതുറക്കുമ്പോൾ വലതുകൈ എന്റെ വയറിൽതൊട്ടുകൊണ്ട് ഇടതുകൈയാൽ തലമുടിയിൽ തലോടിക്കൊണ്ടിരുന്നു ചേട്ടായി, നാളുകൾക്കുശേഷം ആ കണ്ണുകൾ ചിരിക്കുന്നുണ്ട്.. 

"എനിക്കെന്താ പറ്റിയേ" എഴുന്നേൽക്കാൻ ശ്രമിച്ചു ഞാൻ.

ചേട്ടായിയൊന്നും പറഞ്ഞില്ല, ബെഡ്‌ഡിൽക്കിടന്ന പില്ലോയെടുത്തു എന്റെപുറകിൽ വെച്ചശേഷം പതിയെ ചാരിയിരുത്തി, എന്റെവയറിൽ മെല്ലെ തടവിക്കൊണ്ടിരുന്നു, ആ കണ്ണുകളപ്പോൾ നിറഞ്ഞിരുന്നു.. 

" ചേട്ടായി, സത്യാണോ "............ 

"ഉം"....... ആ മൂളലിൽ ഞാനാ നെഞ്ചിലേക്ക് ചാഞ്ഞു...

ഓർമകൾക്ക് ആണ്ടുബലി കഴിഞ്ഞിരിക്കുന്നു, മൂന്നുമാസം മാത്രമുള്ള മോനെയുമിട്ട് ഇരുട്ടിവെളുക്കുമ്പോൾ കടലുകടക്കണം. കൂടെ ജോലികിട്ടിയവരെല്ലാം മാസങ്ങൾക്ക്മുന്നെ പോയിത്തീർന്നു, അവിടത്തെ മാനേജർ കൂട്ടുകാരിയുടെ പരിചയക്കാരൻ ആയതുകൊണ്ടുമാത്രം ഇത്രയും നീട്ടിക്കിട്ടിയതാണ്.. പത്തുപൈസപോലും ചിലവില്ലാതെ ഇങ്ങനെയൊരു ജോലി ഇനിയും കിട്ടിയെന്നുവരില്ല, ഒരുവശത്തു കടക്കാരും ചേട്ടായിയുടെ പിടിവിടാറായ മനസ്സും, മറുവശത്തു അമ്മിഞ്ഞകൊടുത്തു കൊതിമാറാത്ത മനസ്സും. കണ്ണുകൾ തുടച്ചു മേലുകഴുകി അടുക്കളയിൽ കയറുമ്പോൾ അവളുടെ മനസ്  ശാന്തമായിരുന്നു.. 

കൊണ്ടുപോകാനുള്ള പെട്ടിയിൽ തുണികളും അത്യാവശ്യ സാധനങ്ങളും അടക്കിയൊതുക്കി, കുറച്ചു സുഹൃത്തുക്കളോടും നാട്ടുകാരോടും യാത്രപറഞ്ഞു വെളുപ്പിനു വേണ്ടിയുള്ള കാത്തിരിപ്പ് തുടങ്ങി. കൊച്ചിനെ പാലുകൊടുത്തുറക്കി അവളവന്റെ നെഞ്ചിൽ തലവെച്ചു,  ഇന്നാ വിയർപ്പിന് മദ്യത്തിന്റെ ലഹരിയില്ല ആ രോമങ്ങൾക്ക് സിഗരറ്റിന്റെ രൂക്ഷതയും. അവൾ എത്ര തഴുകിയിട്ടും അവൻ ഉണരുന്നുമില്ല, കറങ്ങുന്ന ഫാനിലേക്ക് നോക്കി ആ കണ്ണുകൾ ...

അവളാ ദേഹത്ത് കയറിക്കിടന്നു, ശരീരത്തിലെങ്ങും മുഖമുരസി, നെഞ്ചിലും കഴുത്തിലും ഉമ്മകൾകൊണ്ട് പൊതിഞ്ഞു, ചുറ്റിവരിഞ്ഞ കൈകളിലെ നഖങ്ങളിലൂടെ പുറകിലെ രോമങ്ങൾ കട്ടിലിൽ നിറഞ്ഞു, ഒട്ടും അനങ്ങാതെ കണ്ണുകൾ മുകളിലേക്ക് മാത്രമെറിഞ്ഞു അയാളവിടെക്കിടന്നു.  സമയമേറെ കഴിഞ്ഞു വിയർത്തുകുളിച്ച ശരീരവുമായി അവളാ നെഞ്ചിലേക്ക് വീണു,  അവനവളെ തന്നോടുചേർത്തു പിടിച്ചു, അപ്പോളാ കണ്ണുകൾ നിറഞ്ഞിരുന്നു.

രാവിലെ നാലിനുമുന്നെ അവളെണീറ്റു കട്ടനിട്ടു, രാവിലത്തേക്കുള്ള ദോശയും ചമ്മന്തിയും കാസറോളിലും പാത്രത്തിലുമാക്കി,  ഒരാഴ്ചക്കുള്ള കറിയും മൂന്നാല് മാസത്തേക്കുള്ള അച്ചാറും കിടക്കുന്നതിനുമുന്നെ തയ്യാറായിരുന്നു. 
ചായയുമെടുത്തു അകത്തേക്കുവന്നപ്പോൾ അവിടെ സോഫയിൽ ചേട്ടായി  "അനു, നീ കുളിക്കുന്നില്ലേ.. ". 

തോർത്തുമെടുത്തു കുളിമുറിയിലേക്ക് നീങ്ങിയെങ്കിലും അവൾ തിരിഞ്ഞു മുറിയിലേക്കോടി, ഉറങ്ങിക്കിടന്ന മോനോട് ചേർന്നുകിടന്നു ആ ചുണ്ടുകൾ മാറിലേക്കടുപ്പിച്ചു, അതിന്നിടയിൽ അവളും മയങ്ങി..

"നീയിതുവരെ കുളിച്ചില്ലേ അനു" ആ വിളിയാണ് കണ്ണുതുറപ്പിച്ചത്.
അവൾപോയി കുളിച്ചുവന്നു, ഡ്രെസ്സെല്ലാം മാറി. അപ്പോളേക്കും കാറുമായി വർക്കിച്ചേട്ടനെത്തി,  ചേട്ടായിയും  കൊച്ചും കൊണ്ടുവിടാൻ വരരുതെന്ന് അവൾ പണ്ടേ പറഞ്ഞുറപ്പിച്ചതാണ്, ഇനിയൊരു മനംമാറ്റം അതിന് അവരുടെ വരവൊരു നിമിത്തമാകേണ്ട..

ഇറങ്ങാനുള്ള സമയമടുത്തു,  കർത്താവിന്റെമുന്നിൽ മുട്ടുകുത്തി പ്രാർത്ഥിക്കുന്നതിനിടയിൽ  നിറഞ്ഞ കണ്ണുതുടച്ചു മുറിയിലേക്കൊന്നു പാളിനോക്കി,  ഒന്നുമറിയാതെ ഉറങ്ങുന്ന തന്റെ മോൻ.. ഓടിച്ചെന്നു അവനെയുണർത്താതെ കവിളിൽ ഉമ്മകൾ കൊടുത്തു തലചെരിച്ചു നോക്കി. ടേബിളിൽ നാളെമുതൽ അമ്മിഞ്ഞക്കു പകരമാകാനുള്ള നിപ്പിൾ കുപ്പികൾ,  അതെടുത്തു വലിച്ചെറിയാനാണ് ആദ്യം തോന്നിയത് പക്ഷേ കൈപൊന്തിയില്ല,   അവളതെടുത്തു ബാത്റൂമിലേക്കോടി കതകടച്ചു കുപ്പിക്കുള്ളിലേക്ക് മുലഞെട്ട് ഇറക്കിവെച്ചു, അതെല്ലാം നിറയുവോളം പാൽവറ്റി വരളുവോളം വക്കോളം നിറച്ചു, ഒരുതുള്ളി പോലും ബാക്കിയില്ലെന്നുറപ്പായപ്പോൾ അവളിറങ്ങി  ഓടിച്ചെന്നത് ഫ്രിഡ്ജിൽ വെച്ചശേഷം പുറത്തിറങ്ങി "പോകാം, വർക്കിച്ചേട്ടാ"..

പിറ്റേന്ന് തന്നെ ജോലിക്ക് കേറി, മലയാളികളും ഫിലിപ്പിനോസുമാണ് മിക്കവാറും ജോലിക്കാർ, നല്ല താമസസൗകര്യവും സാലറിയും, ഒന്നുമാത്രം അവിടില്ല തന്റെ മോൻ.. എല്ലാ സന്തോഷത്തെയും ഞൊടിയിട മറക്കാൻ ആയൊരു കുറവ് മതിയായിരുന്നു.. റൂമിലെ ബിനിച്ചേച്ചി പറഞ്ഞു ആദ്യമെല്ലാം ഇങ്ങനാ പതിയെ മാറിക്കോളും എല്ലാം സഹിക്കാനാകും, ഞാനും ഇതൊക്ക കൊറേ അനുഭവിച്ചതാ ഇപ്പോ 10വർഷമാകുന്നു.. ശരിയാകും,  ചേച്ചിപറഞ്ഞത് സത്യമാകും എല്ലാം മറക്കാനും സഹിക്കാനും തനിക്കുമാകും, പക്ഷേ എല്ലാം സഹിച്ചെന്നുപറഞ്ഞ ചേച്ചിയെന്താ ഇന്നിത് പറഞ്ഞപ്പോളും തലതിരിച്ചത്, ഞാനറിയാതെ കണ്ണുതുടച്ചത്..  മറക്കാനാവുമെന്നല്ല മറവി അഭിനയിക്കാൻ ആകുമെന്നാകുമോ?..... 

പഴയ നോക്കിയ മാറ്റി നല്ല കാമറയുള്ള ഫോൺ ചേട്ടായി വാങ്ങിതന്നപ്പോൾ എന്തിനീ പൈസയില്ലാത്തപ്പോൾ അനാവശ്യമെന്നാണ് ആദ്യം തോന്നിയത്, പക്ഷേ ഇപ്പോളാണ് അതിന്റെ ഗുണം മനസ്സിലായത്.വന്നിട്ട് രണ്ട് ദിവസമയോളെങ്കിലും  ചെറിയ ഇടവേള സമയം കിട്ടുമ്പോളൊക്കെയും മോനെ കാണാനായി നാട്ടിലേക്കു വിളിക്കാറുണ്ട്. എന്തിന് ബാത്‌റൂമിൽ പോകുമ്പോൾ പോലും അവനെ ഒരുനോക്കെങ്കിലും കാണാറുമുണ്ട്, കൂടെയുള്ള പലരും അവസ്ഥ മനസ്സിലാക്കി അതിനുള്ള അവസരവും ഒരുക്കിത്തന്നു.

"അനു, നീ ബാത്‌റൂമിൽ പോയി വാ" തോളത്തു തട്ടിക്കൊണ്ടു ബിനിചേച്ചി നഴ്സിംഗ് റൂമിലെത്തി പറഞ്ഞു. 

"ഞാനിപ്പോ പോയതാണല്ലോ ചേച്ചി". 

"ന്നാലും ഒന്നുടെ പോയിവാ,  കയ്യൊന്നു പിടിച്ചു കുടഞ്ഞുകൊണ്ട് ചേച്ചി റൗണ്ട്സിനു പോയി.. 

അപ്പോളാണ് അവളുമത് ശ്രദ്ധിച്ചത്,  മറന്നുപോയി, തിരക്കിനുവന്നപ്പോൾ പാല് വലിച്ചുകളയാൻ മറന്നുപോയി. ബാത്റൂമിലെത്തി കോട്ടൂരിനോക്കിയപ്പോൾ നെഞ്ചാകെ പാലുപടർന്നിരിക്കുന്നു, ഫോണെടുത്തു വികാളിൽ ഞെക്കിയെങ്കിലും പെട്ടെന്നുതന്നെ കട്ട്‌ ചെയ്തു, വേണ്ട അവനിതു കാണണ്ട.. രണ്ടുകൈകൊണ്ടും പാല്‌പിഴിഞ്ഞു കളഞ്ഞപ്പോൾ അതുനിലത്തേക്ക് ചീറ്റിതെറിച്ചു, അതിലും ശക്തിയോടെ കണ്ണിലെ നനവും....

"സിസ്റ്റർ, സിസ്റ്റർ "..  കതകിൽ ആരോ തട്ടുന്നുണ്ട്.. ഡ്രസ്സ്‌ നേരെയാക്കി പുറത്തിറങ്ങി. 

"സിസ്റ്റർ, എമർജൻസി.. കം ഫാസ്റ്റ് " കൂടെയുള്ള ഫിലിപ്പൈൻ സിസ്റ്ററാണ്.. ഓടിച്ചെല്ലുമ്പോൾ സ്‌ട്രെച്ചറിൽ ഒരുസ്ത്രീ കിടക്കുന്നുണ്ട്, ദേഹമാകെ ചോരയിൽ മുങ്ങിയിട്ടുണ്ട്. അവരുടെ ഡ്രെസെല്ലാം മാറ്റി ചോരയെല്ലാം വൃത്തിയാക്കിയപ്പോളേക്കും ഡോക്ടറെത്തി, എത്രയും പെട്ടെന്ന് ഓപ്പറേഷൻ വേണം.. തിയേറ്ററിൽ ഡ്യൂട്ടി ഇല്ലാത്തകാരണം അവരെ കടത്തിവിട്ടശേഷം കഴുത്തിലെ കുരിശുരൂപത്തിലൊന്നു കൈപിടിച്ചു കണ്ണടച്ചു.  തന്റെ മുന്നിലെത്തുന്ന ഓരോരോഗിയും സുഖപ്പെടണമെന്നു ആഗ്രഹിക്കുന്നവരാണ് ഓരോ നഴ്സും.. ഒരു കുഞ്ഞു കരച്ചിലാണ് കണ്ണുതുറപ്പിച്ചത്, അഞ്ചുമാസത്തോളം പ്രായമുള്ള ആ സ്ത്രീയുടെകുഞ്ഞ്,  ഭാഗ്യംകൊണ്ട് കൊച്ചിനോന്നും സംഭവിച്ചില്ല, വീട്ടുകാരെ അറിയിച്ചിട്ടുണ്ട്.. മണിക്കൂറിലധികമെടുക്കും അവരെത്താൻ പക്ഷേ.. 

അവളാ കുഞ്ഞിന്റെ അടുത്തെത്തി അവനെനോക്കി ചിരിച്ചു, മുഖം കൊണ്ട് പലതും അഭിനയിച്ചുകാണിച്ചു,  കൊച്ചിന്റെ കരച്ചിൽ കൂടിയതല്ലാതെ മറ്റൊന്നും സംഭവിച്ചില്ല, അടുത്ത റൂമിലുള്ള പലരും അതിന്റെ നീരസം മറച്ചുവെച്ചില്ല. ഇനിയും കാത്തുനിൽക്കാൻ അവളുടെ അമ്മമനസ്സ് അനുവദിച്ചില്ല, അവളാ കുഞ്ഞിനെയെടുത്തു കൈകളിലെടുത്തു ഊഞ്ഞാലാട്ടി, അവൻ പതിയെ ചിരിച്ചുതുടങ്ങി. പാൽമണം ആ കുഞ്ഞുമൂക്കിൽ തലോടിക്കാണും, ആ കൈകൾ അവളുടെ നെഞ്ചിലേക്ക് നീങ്ങി.. അവളവന്റെ കൈതട്ടിമാറ്റി  ബെഡിൽകിടത്തി ഇരുവശവും തലയിണ തടവെച്ചു തിരിച്ചു നടന്നു, അവന്റെ നിലവിളി ഉച്ചത്തിലായി, വലതുകൈ മടക്കി അവനതിൽ ചപ്പിക്കൊണ്ടിരുന്നു, ആ ശബ്ദം അവളുടെ കണ്ണുനിറച്ചു, അവളവനെ  കയ്യിലെടുത്തു കോട്ടുയർത്തി അവനെ നെഞ്ചോടുചേർത്തു,  ആ തോളിൽ തട്ടിക്കൊണ്ടിരുന്നു..

അതേ സമയം കാതങ്ങൾക്കപ്പുറം അവൻ ഉറങ്ങുകയായിരുന്നു, ഉറക്കത്തിൽ അവൻ ചിരിക്കുന്നുണ്ടായിരുന്നു, ആ നാവ് എന്തോ നുണയുന്നുണ്ടായിരുന്നു.
 -അന്ന ബെന്നി

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്