kissakal

പുലർച്ചെ ആണ് അയാളുടെ വീടിന്റെ കതവിൽ പോലീസുകാർ ആഞ്ഞടിച്ചത്..... 
അല്പസമയം കഴിഞ്ഞു ഉറക്കചെവിടോടെ അയാൾ വാതിൽ തുറന്നു.... കണ്ണ് തിരുമ്മി അയാൾ പോലീസ്കാരോട് ചോദിച്ചു...

. "ന്താ സാറെ കേസ്......

 പോലീസുകാരൻ പറഞ്ഞു 

"പീഡിപ്പിച്ചു കൊന്നിട്ട് ആരോ കെട്ടിത്തൂക്കിയതാ നീ ഒന്ന് വന്ന് അറത്തിട്ടു താ" 

അയാൾ കോട്ടുവാ ഇട്ടുകൊണ്ട് പുറത്തേക്ക് ഇറങ്ങി... ഒരു കവിൾ വെള്ളം വായിൽ കൊണ്ട്,  ഒരുമോന്ത വെള്ളം കൊണ്ട് അയാൾ പിന്നാമ്പുറത്തെ പറമ്പിൽ വെളിക്കിരിന്നു....
 മണിയനീച്ചകളെ കൈ വെച്ച് വീശി അയാൾ ഒരു ബീഡി വലിച്ചു പുക പുറത്തേക്ക് തള്ളി....... 

അയാൾ ആണ് നാട്ടിലെ എല്ലാ ദുരൂഹമരണങ്ങളിലെയും ശവത്തെ എടുത്തു പോലീസുകാർക്ക് നൽകുന്നത്...
47വർഷമായി അയാൾ അങ്ങനെ ആണ്... 
കുന്നിൻപുറത്ത് അയാൾ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്...

 അയാളുടെ കല്യാണം കഴിഞ്ഞു രണ്ടിന്റെ അന്ന് അയാൾ ശവത്തെ എടുക്കാൻ പോയവൻ ആണ്.... അന്ന് വെറുത്തതാണ് അയാളുടെ ഭാര്യ അയാളെ. 

5വർഷങ്ങൾക്കിപ്പുറം അയാളുടെ 4വയസ്സുള്ള മകളെ വാരിയെടുത്തു അയാളുടെ ഭാര്യ വീട് വിട്ടിറങ്ങിയപ്പോൾ അയാളിൽ ഒരു ഭാവവെത്യാസവും ഉണ്ടായില്ല... 

അയാളെ കാണുമ്പോ കുട്ടികൾ ഓടിയൊളിക്കുകയും... സ്ത്രീകൾ ഒരല്പം പേടിയോടെ നോക്കുകയും ചെയ്യും... ചില പുരുഷൻമാർ അയാളെ നോക്കി പറയും... 
"ധീരനാണവൻ അല്ലെങ്കിൽ ഏത് പാതിരാത്രിയിലും ഒരു പേടിയും ഇല്ലാതെ അയാൾക്കു പോവാൻ സാധിക്കുന്നത് എങ്ങനെ... ധൈര്യവാൻ...... "

അഴുകിയ ശവം അറപ്പില്ലാതെ അയാൾ എടുക്കും... അയാൾക്ക്‌ ആരോടും ദയവില്ലാരുന്നു... അയാൾക്ക്‌ സൗഹൃദങ്ങൾ ഇല്ലാരുന്നു.... അയാളെ ആരും അന്വേഷിച്ചിരുന്നില്ല തിരിച്ചു അയാളും..... 

അയാൾ പുഞ്ചിരിക്കുന്നത് ആ നാട്ടിലെ ആരും കണ്ടിട്ടില്ല.. ശവത്തിൽ നിന്നും എത്ര ദുർഗന്ധം വമിച്ചാലും അയാൾ വെറുപ്പില്ലാതെ അയാളുടെ ജോലി ചെയ്യും എത്ര ശവത്തെ തോട്ടാലും അയാളുടെ കൈകൾ വിറച്ചില്ല പേടിയോടെ മാറിനിന്നിട്ടില്ല.... 

എടുത്തു കൊടുക്കുന്ന ശവത്തിനു ആരേലും കൊടുക്കുന്ന പൈസ എണ്ണി പോലും നോക്കാതെ അയാൾ നടന്നു നീങ്ങും....
ഒരു പെണ്ണിനോടും അയാൾ മോശമായി സംസാരിച്ചിട്ടില്ല ഒരു പെണ്ണിനേം അയാൾ കാമത്തോടെ നോക്കിയിട്ടില്ല....

 ആരോടും ഒരു ബന്ധവും ഇല്ലാത്തവൻ..... അയാൾ അങ്ങനെ ആയിരുന്നു..... 

തോടിനപ്പുറമുള്ള ചാഞ്ഞു കിടന്ന ഒരു മാവിൻകൊമ്പിൽ ആണ് ശവം കെട്ടിത്തൂക്കിയിരുന്നത് .. അയാൾ അതിൽ വലിഞ്ഞു കയറുകയും അറത്തിടുകയും ചെയ്തു.... 

നഗ്നമായ ശവശരീരം നേരെ വലിച്ചിട്ടു അവളുടെ മുഖത്തു കിടന്ന മുടിയിഴകളെ ഒതുക്കി...അയാൾ എണീക്കാൻ തുടങ്ങവേ ആണ്... എന്തോ ഒരു മിന്നൽ പിണർ അയാളുടെ നെഞ്ചിൽ കൊള്ളിയത്....

 അവളുടെ നെറ്റിയുടെ താഴയായി ഒരു വലിയ കാക്ക പുള്ളി..... അയാൾ ഒരു നെഞ്ചിടിപ്പോടെ അരണ്ട വെളിച്ചത്തിൽ അവളുടെ മുഖം ഇരുകൈകൾ കൊണ്ട് താങ്ങി എടുത്ത് നോക്കി...
 തീയിൽ തൊട്ട പോലെ പെട്ടന്ന് അയാളുടെ കൈ പിൻവലിച്ചു ...അവളുടെ നീലിച്ച ഞരമ്പുകളിൽ ഒഴുകിയത് തന്റെ ചോര ആണെന്ന് ഒരു ഞെട്ടലോടെ അയാൾ മനസ്സിലാക്കി... 

ഒരേ ഒരു മകളുടെ കൈയ്യിൽ പിടിച്ചു വലിച്ചു അയാളുടെ ഭാര്യ കൊണ്ട് പോവുമ്പോൾ.. 
ആ നാല്  വയസ്സുകാരി തേങ്ങലോടെ രണ്ട് തവണ തിരിഞ്ഞു നോക്കിയിരുന്നു.... അവളുടെ നെറ്റിയിലെ കാക്കപുള്ളി അപ്പോൾ തെളിഞ്ഞു നിന്നിരുന്നു. 

അയാൾ തരിച്ചു നിൽക്കുകയും വിയർക്കുകയും ചെയ്തു....

 അന്നാദ്യമായി അയാളുടെ കൈ വിറച്ചു... 

അന്നാദ്യമായി അയാളുടെ കൺകോണിൽ നനവ് പൊടിഞ്ഞു...

അന്നാദ്യമായി അയാൾ ഭയത്തോടെ മുഖം പൊത്തി....

 അന്നാദ്യമായി അയാൾ വേദനയോടെ തല കുമ്പിട്ടിരുന്നു.....

അവളറിയാതെ എത്രയോ തവണ അയാൾ അവളെ കണ്ടിരിക്കുന്നു... സ്കൂളിൽ പോയി വരുമ്പോൾ മുറുക്കാൻ കടയുടെ തൂണിന്റെ മറവിൽ നിന്നു കൊണ്ട് അവളെ കൺനിറച്ചു കണ്ട പിതാവ്....

 അമ്പലത്തിൽ നിന്നവൾ ഇറങ്ങി വരുമ്പോൾ ആൽമരത്തിന്റെ പിന്നിൽ നിന്നുകൊണ്ട് അവളെ കണ്ട പിതാവ്.... 

രാത്രി എപ്പോഴോ തനിയെ അവൾ വരുമ്പോൾ അവളറിയാതെ അവളുടെ പിന്നിൽ ഒരു രക്ഷകനെ പോലെ നടന്ന പിതാവ്...

 പൂരത്തിന്റെ ഇടയ്ക്ക് അവളറിയാതെ അവളുടെ തൊട്ടടുത്തുകൂടി പോയി അവളുടെ മുടിത്തുമ്പിൽ ആരും കാണാതെ തൊട്ട നിർഭാഗ്യവാനായ പിതാവ് 

അയാൾ പെട്ടന്ന് ഉടുത്തിരുന്ന അഴുക്കു പുരണ്ട മുണ്ട് അഴിച്ചു അവളുടെ മേലേക്ക് ഇടുകയും... അവളെ കോരിയെടുക്കയും ചെയ്തു.....ഒരു കുഞ്ഞിനെ എന്നോണം അവളെ വാരിയെടുത്തു നെറ്റിയിലും കവിളിലും അയാൾ തുരു തുര ചുംബിച്ചു....

 വര്ഷങ്ങള്ക്കു ശേഷം തന്റെ കുഞ്ഞിനെ ഇത്തരത്തിൽ കാണേണ്ടി വരുന്ന ഒരു പിതാവിന്റെ എല്ലാ വേദനയോടെയും അയാൾ വിങ്ങി.... അയാൾക്ക് കരയാൻ അറിയില്ലാരുന്നു ശ്വാസം നിലച്ച അവളെ നെഞ്ചോട് ചേർത്ത് അവ്യക്തമായ ഒരു ശബ്ദത്തോടെ അയാൾ മുരണ്ടു.....

അയാൾക്കപ്പോ അയാളെ വകവെക്കാതെ ഇറങ്ങി പോയ ഭാര്യയുടെ വിരൽത്തുമ്പിൽ പിടിച്ചുകൊണ്ട് പോവുന്ന 4വയസ്സുകാരിയെ ഓർമ്മ വന്നു...  അവൾ അയാളെ അന്ന് ഒരല്പം തേങ്ങലോടെ രണ്ട് തവണ തിരിഞ്ഞു നോക്കിയിരുന്നു.അയ്യപ്പൻ

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്