അവളെ സമ്മതിക്കണം

അവളെ സമ്മതിക്കണം 

ഉറക്കച്ചടവോടെ പുലർച്ചെയെഴുന്നേറ്റ്  
അഞ്ചുമണിക്ക് വച്ച അലാറം അടിച്ചോയെന്ന് 
നാലുമണി മുതൽ മൂന്ന് തവണയായി 
അയാളെടുത്ത് നോക്കുന്നു..
ഇല്ല ഇനിയും രണ്ട് മിനിറ്റ് ഉണ്ട്.
പുതപ്പ് മാറ്റി ഉടുമുണ്ട് വലിച്ചുടുത്ത് 
മടക്കിക്കുത്തിയെഴുന്നേറ്റ് മെല്ലെ 
അടുക്കളയിലേക്ക് നടന്നു..
"ആ വായൊന്ന് കഴുകി അടുക്കളയിൽ കേറിക്കൂടെ?"
ചെവിയിലാ ശബ്ദം വീണതും 
നേരെ കിണറ്റുകരയിലേക്ക്.
പല്ലു കോച്ചുന്ന തണുപ്പുണ്ട് വെള്ളത്തിന് 
മുഖം കഴുകിയെന്ന് വരുത്തി അടുക്കളയിലേക്കോടി.
ഗ്യാസ് തീർന്നെന്ന് വിളിച്ചറിയിച്ച് ദിവസം ഏഴായി 
സിലിണ്ടർ കടം കൊടുത്ത അടുത്തവീട്ടിലും ഇതേ കഥ..
ഇന്നലെ ബീഡി വലിച്ച് തീപ്പെട്ടി എവിടെ വച്ചോ..
നേരമെത്രെയായി തിരയുന്നു. 
രാത്രിയിൽ വെള്ളം തൂകി നനച്ചിടിച്ച് 
നിറച്ചുവച്ച അറക്കപൊടിയടുപ്പ് 
നനവ് കൂടിയോ ? കത്താനൊരു വിഷമം. 
പലവട്ടം ശ്രമിച്ച് പരാജയപ്പെട്ടതും 
അരിശം പിടിച്ചയാൾ അതൊരു മൂലക്ക് തള്ളിവച്ചു.. 
തണുത്ത് മരവിച്ചുകിടന്ന വിറക് കൊള്ളികൾ 
അടുപ്പിലേക്ക് തള്ളി മണ്ണെണ്ണപാത്രം തുറന്നൊഴിച്ചു..
ആളിക്കത്തുന്ന തീ.
മുഖം പൊള്ളിക്കുന്നു 
അടുക്കള നിറയെ മണ്ണെണ്ണ മണം.
അവളെ സമ്മതിക്കണം എന്നും ഇങ്ങനെ..
അരിക്കലത്തിൽ വെള്ളം നിറച്ച് 
അടുപ്പിലേക്ക് വച്ചപ്പോഴാണ്
ചായ കുടിക്കാതെ വയ്യ 
തണുപ്പിൽ കയ്യും കാലും കോച്ചുന്നു..
വേഗം അരിക്കലമിറക്കിവച്ചു. 
പക്ഷേ ചായക്കെത്ര വെള്ളം വേണമാവോ?
"എന്ത് ചായയാ ഇത് ?കാടിവെള്ളം പോലെ.. "
എന്നും അവളിട്ട ചായ ഊതികുടിച്ചശേഷം 
ഉമ്മറത്തിണ്ണയിലേക്ക് ഗ്ലാസ് നിരക്കിവച്ച് 
പറഞ്ഞ വാക്കുകൾ തിരികെയെത്തി 
സ്വയമിട്ട ചായയുടെ രുചിയിൽ .
അരമണിക്കൂർ ശ്രമിച്ച് കത്തിച്ചുവിജയിച്ച  
മരപ്പൊടിഅടുപ്പിൽ ഇഡ്ഡലിപാത്രം ആവി പറത്തുന്നു.
ഊതിയൂതി കത്തിക്കാൻ ശ്രമിച്ച അടുപ്പ് 
എന്നോടല്ലെന്ന് കുറെ പറഞ്ഞെങ്കിലും 
ഒടുവിൽ തോറ്റുതന്നിരിക്കുന്നു ..
അടുപ്പിലേക്ക് തിളച്ചുതൂകുന്ന 
അരികലത്തിന്റെ മൂടി കയ്യൊന്ന് പൊള്ളിച്ചിട്ടുണ്ട്.
തൊണ്ട പൊട്ടി നൂറ് വിളി വിളിച്ചിട്ടും 
പിള്ളേര് മൂടും പൊക്കി കിടപ്പാണ് ..
സ്കൂളിൽ പോകാനുള്ള പിള്ളേരാണ് .
ഒന്നിനെ എഴുന്നേൽപ്പിച്ച് ബ്രഷും കൊടുത്ത് അടുത്തതിനെ പൊക്കിക്കൊണ്ട് വരുമ്പോൾ 
കാണാം മൂത്തത് വായിൽ പിടിച്ച ബ്രഷുമായി ഇരുന്നുറങ്ങുന്നു.
ഓ ഇതുങ്ങളെയൊക്കെ മേയ്ക്കാൻ 
അവളെകൊണ്ടേ പറ്റൂ.
ഇഡ്ഡലിക്ക് ഇനി ചമ്മന്തി അരക്കണം..
അരി വെന്തെങ്കിലും വെള്ളം കുറഞ്ഞ് 
അടിയിൽ പിടിച്ച മണം വരുന്നുണ്ട്.
ചമ്മന്തിക്ക് തേങ്ങയെത്ര വേണമാവോ  
അമ്മിയിലരക്കാൻ നേരമില്ല.. 
"മിക്‌സിയിലരച്ച ചമ്മന്തിക്ക് രുചിയില്ല  
ഒരിത്തിരി ചമ്മന്തി അമ്മിയിലരച്ചുകൂടെ?" 
മുൻപവളോട് പറഞ്ഞ വാക്കുകൾ 
അയാളുടെ മനസ്സിലേക്കോടിയെത്തി.
നേരമില്ലായെങ്കിലും അവളരച്ച ചമ്മന്തിയുടെ രുചി..
അവളെ സമ്മതിക്കണം.
"നിനക്കെന്ത് ജോലിയാണ് ഇവിടുള്ളതെന്ന"
ചോദ്യം തലക്ക് മീതെ തൂങ്ങിക്കിടപ്പുണ്ട് .
ടാങ്കിലെ വെള്ളം തീർന്നിരിക്കുന്നു 
ഇന്നലെ പെയ്ത മഴയിൽ മോട്ടോർ പണി മുടക്കി  പിള്ളേർക്ക് കുളിക്കാൻ വെള്ളമിനി കോരണം.
"രാവിലെ വെള്ളം കോരുന്നത് നിനക്കൊരു വ്യയാമമല്ലേ"  
തലവഴി പുതച്ചുമൂടി അന്നവളോട് പറഞ്ഞതാണ്.
ഉച്ചത്തേക്കുള്ള കറിയ്ക്കിനി നേരമില്ല 
അടിപിടിച്ച മണമുള്ള ചോറിട്ട്   
ചമ്മന്തിയും അച്ചാറും ടിഫിൻബോക്സിലേക്ക് 
നിറക്കുമ്പോൾ ഓർമ വന്നത് 
"തൊട്ടുകൂട്ടാൻ ചാറില്ലാതെ എങ്ങനെ ചോറുണ്ണുമെടി."
ഓരോ നിമിഷവും അവളെ സമ്മതിക്കണമെന്നോർത്ത് 
നെടുവീർപ്പിട്ടുകൊണ്ടിരുന്നു.
"തോറ്റുതന്നിരിക്കുന്നു ഞാൻ 
നീയൊന്നെഴുന്നേറ്റ് വാ.."
വാക്കുകൾ തൊണ്ടക്കുഴിയിൽ തടഞ്ഞു.
അടുക്കളയിലെ രണ്ടുമണിക്കൂറിനുള്ളിൽ  
അവളോട് പറഞ്ഞതും ചെയ്തതും 
ശരിയായിരുന്നില്ലെന്ന് നൂറുവട്ടം 
മനസ്സിൽ പറഞ്ഞു കൈലിയിൽ 
കൈ തുടക്കുമ്പോഴും ഓരോന്നും ചെയ്യുമ്പോഴും കുറ്റബോധത്താൽ കണ്ണുകളീറനണിയുന്നുണ്ടയാളുടെ.. 
വന്നവരെല്ലാം ഇന്നലെ പോയതല്ലേയുള്ളൂ തിരിച്ചറിവുകൾക്ക് ഇനിയും മിനിറ്റുകളും 
മണിക്കൂറുകളും ദിവസങ്ങളും 
മാസങ്ങളും വർഷങ്ങളും 
നീണ്ടുകിടപ്പുണ്ടല്ലോയെന്ന് 
ഓർമിപ്പിച്ച് ഉമ്മറത്തെ ചുവരിലെ 
മാലയിട്ട ഫോട്ടോയിൽ അവളിരുന്നു ചിരിച്ചു. 

ലിസ് ലോന

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്