ഭാര്യ ഫുൾ പാർട്ട്

ഭാര്യ 

"എത്ര ഇഷ്ടം ഉണ്ട് നിനക്കെന്നോട്.."
ഭ്രാന്തമായ ആവേശത്തോടെ നീലിമ പ്രവീണിനോട് ചോദിച്ചു

"ഈ ലോകത്തിൽ മറ്റെന്തിനെക്കാളും ഉപരി നിന്നെ ഞാൻ സ്നേഹിക്കുന്നുണ്ട്.."
പ്രവീൺ അവളെ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു

"ഞാൻ ഒരു വേശ്യയാണെന്ന് തോന്നുന്നുണ്ടോ.."
നീലിമ പിന്നെയും അവനോട് ചോദിച്ചു.. പക്ഷെ അത് മുഴുമിക്കാൻ അവസരം കൊടുക്കാതെ അവൻ അവളുടെ വാ പൊത്തി..പക്ഷെ അവൾ ആ കൈ വാശിയോടെ പിടിച്ചു മാറ്റി..

"നീ എന്റെ ജീവിതത്തിലെ ആദ്യത്തെ പുരുഷൻ അല്ല പവീ..പക്ഷെ നിന്നെ സ്നേഹിച്ചടത്തോളം ആഴത്തിൽ ഞാൻ വേറൊന്നിനെയും സ്നേഹിച്ചിട്ടില്ല.."
നീലിമ തന്റെ മുന്നിൽ ഉള്ള ഗ്ലാസിലേക്ക് വൈൻ പകർന്നു കൊണ്ട് ചോദിച്ചു

"ഭ്രാന്താണെന്ന് തോന്നുന്നുണ്ടോ..എനിക്ക്.."
നീലിമ പൊട്ടിച്ചിരിച്ചു കൊണ്ട് ചോദിച്ചു

"ഇല്ല.."
പ്രവീൺ ചിരിച്ചു കൊണ്ട് തലയാട്ടി..

"തെറ്റിപ്പോയി..ഭ്രാന്ത് തന്നെയാ എനിക്ക്..നിന്നോടുള്ള സ്നേഹം മൂത്തിട്ടുള്ള ഭ്രാന്ത്.."
അവന്റെ നെഞ്ചിലേക്ക് പല്ലുകൾ ആഴ്ത്തി കൊണ്ട് അവൾ മെല്ലെ പറഞ്ഞു..അവൻ വാത്സല്യത്തോടെ അതിലുപരി പ്രണയതോടെ അവളെ ചേർത്തു പിടിച്ചു

"അച്ഛൻ അമ്മയും ചെറുപ്പത്തിലെ വേർപിരിഞ്ഞെങ്കിലും പൈസ കൊണ്ട് ഞാനെന്നും സമ്പന്നയായിരുന്നു.. കിട്ടാതെ പോയത് സ്നേഹം മാത്രമാണ്..അതു കൊണ്ടാവണം സ്നേഹം കിട്ടിയിടത്തേക്ക് മനസ് ചാഞ്ഞത്..പക്ഷെ തേടി വന്നവന് എന്റെ ശരീരം മാത്രം മതിയെന്ന് തിരിച്ചറിയാൻ ഞാൻ വൈകിപ്പോയി..എല്ലാം തിരിച്ചറിഞ്ഞപ്പോൾ ഇനിയൊരു പ്രണയം ഉണ്ടാവില്ലെന്ന് തീരുമാനിച്ചതാണ്.. പക്ഷെ പവിയെ കണ്ടപ്പോ..ഞാൻ അറിയാതെ തന്നെ.."
നീലിമയുടെ വാക്കുകൾ പാതിയിൽ മുറിഞ്ഞു പോയി

"ഈ കഥ എന്നോട് എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ടാവും എന്നു വല്ല പിടിയും ഉണ്ടോ.."
പ്രവീണവളോട് ചോദിച്ചു

"എനിക്ക് പറയാനും കേൾക്കാനും പവീ മാത്രം അല്ലേയുള്ളൂ..അപ്പൊ ഇനിയും കേട്ടെ പറ്റൂ..ഈ ജന്മം മുഴുവനും"
നീലിമ കുസൃതിയോടെ പറഞ്ഞു..

"തന്നെ സ്നേഹിച്ചതിന് തരുന്ന ശിക്ഷയാണോ.."
അവൻ കുസൃതിയോടെ അവളോട് ചോദിച്ചു..അവൻ സംസാരിച്ചു നിർത്തിയതും ഫോൺ റിങ് ചെയ്യാൻ തുടങ്ങി..പെട്ടെന്ന് അവന്റെ മുഖത്ത് കുസൃതി മാറി ഗൗരവം നിറഞ്ഞു..അവൻ ഫോണെടുത്തു ചെവിയോട് ചേർത്തു

"ഇല്ല..കഴിഞ്ഞ ആഴ്ച പോലെയല്ല.. ഈ ആഴ്ച്ച ഉറപ്പായിട്ടും വരും..പ്രോജക്ടിന്റെ ടെൻഷൻ ഇല്ല ഞാൻ ഇറങ്ങാൻ തുടങ്ങുവാണ്.. അച്ഛനുള്ള മരുന്ന് മാത്രം വാങ്ങിയാൽ മതി.. ശരി എന്നാൽ വയ്ക്കട്ടെ.."
ഒറ്റ ശ്വാസത്തിൽ അവൻ പറഞ്ഞു നിർത്തി..എന്നിട്ട് ഫോൺ കട്ട് ചെയ്തു

"വീട്ടിൽ നിന്നാണ്..കഴിഞ്ഞ ആഴ്ചയും പോയില്ലല്ലോ.."
പവീ നീലിമയോട് പറഞ്ഞു

"ഞാൻ ആണല്ലേ പവിയെ വീട്ടുകാരിൽ നിന്ന് അകറ്റുന്നത്.. ചെയ്യുന്നത് തെറ്റാണെന്ന് അറിയാം ..പക്ഷെ പവീ പോയിക്കഴിഞ്ഞാൽ ഈ വീട് ഉറങ്ങും..പിന്നെ ഞാൻ ആകെ കൂടെ ഒറ്റപെട്ടത് പോലെയാ..കണ്ണടയ്ക്കാൻ പോലും പേടിയാ.."
അവൾ അവന്റെ നെഞ്ചോട് ചേർന്നു നിന്നു..പവീ ഇരുകൈകൾ കൊണ്ടും അവളുടെ മുടിയിൽ തലോടി..അവളെ ചേർത്തു പിടിച്ചു

"മതി, വേറൊന്നും വേണ്ടെനിക്ക് ജീവനുള്ളിടത്തോളം കാലം ഇങ്ങനെ ചേർത്തു നിർത്തിയാൽ മതി.."
അവൾ അവന്റെ മൂക്കിൽ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു

"അതു മാത്രം മതിയോ, ഒരു താലി കെട്ടി തരട്ടെ ഞാൻ.."
പവീ അവളുടെ മുഖം ഉയർത്തി കൊണ്ട് ചോദിച്ചു

"എന്തിന് ഈ സൊസൈറ്റിയെ ബോധിപ്പിക്കാനോ.. വേണ്ട..ഈ നെഞ്ചിൽ മൊത്തം ഞാനല്ലേ.. അത് എനിക്കും അറിയാം പവിയ്ക്കും അറിയാം..അതു മാത്രം മതി..പിന്നെ ഈ കട്ടു തിന്നതുന്നതിനും ഒരു ചെറിയ സുഖം ഉണ്ട്.."
നീലിമ അവനെ നോക്കി കണ്ണിറുക്കി കൊണ്ട് പറഞ്ഞു

"ശരിയാ, ഈ നെഞ്ചിൽ മൊത്തം നീയാ..കണ്ട അന്നു മുതൽ എന്റെ രക്തം ഊറ്റി കുടിക്കാൻ തുടങ്ങിയതു അല്ലെ..നീലി..ഇന്നും ഇന്നലെയും തുടങ്ങിയത് അല്ലല്ലോ, വർഷം കുറച്ചു ആയില്ലേ"
അവൻ പ്രണയതോടെ അവളുടെ കാതിൽ മന്ത്രിച്ചു..സ്നേഹം കൂടുമ്പോഴാണ് നീലി എന്നു വിളിക്കാറുള്ളത്..അല്ലെങ്കിൽ പവീയുടെ സ്വന്തം നീലിമയാണ് നീമ..

ട്രാൻസഫർ കിട്ടി മുംബൈയിലേക്ക് വന്ന പ്രവീണിന്റെ അപ്രതീക്ഷിതമായി നാട്ടിലേക്കുള്ള യാത്രയ്ക്കിടയിൽ കടന്നുവന്നവളാണ് നീലിമ..അവളുടെ ചെറുപ്പത്തിലേ തന്നെ അച്ഛനും അമ്മയും വേർപിരിഞ്ഞു..വായിൽ വെള്ളി കരണ്ടിയുമായി ജനിച്ച
നീലിമ വളരെ പെട്ടെന്നാണ് പ്രവീണുമായി അടുത്തത്.. സൗഹൃദം പ്രണയത്തിലേക്കും പ്രണയം ഒന്നിച്ചുള്ള താമസത്തിലേക്കും വഴി മാറിയത് പെട്ടെന്നായിരുന്നു..പ്രവീണിന്റെ പ്രണയം അല്ലാതെ മറ്റൊന്നും നീലിമ ആവശ്യപ്പെട്ടിരുന്നില്ല..

ഇവരുവരും സംസാരിച്ചു നിന്നതും പ്രവീണിന് പോവാനുള്ള സമയം ആയി..അതുവരെ പ്രസന്നമായിരുന്ന നീലിമയുടെ മുഖം പെട്ടെന്ന് മങ്ങി

"പോവാതിരുന്നൂടെ പവീ.."

"നീമ, രണ്ട് ദിവസത്തെ കാര്യമല്ലേയുള്ളൂ..രണ്ട് ദിവസം പെട്ടെന്നു പോവും.."
പവീ അവളെ ആശ്വസിപ്പിച്ചു

"എന്താന്ന് അറിയില്ല..വിട്ടു പിരിയാൻ തോന്നുന്നില്ലെനിക്ക്..പോവാതിരുന്നൂടെ..ആകെ കൂടെ ശ്വാസം മുട്ടൽ ആണ്, ഒറ്റയ്ക്ക് ആവുമ്പോൾ.."
നീമ അവനോട് ചേർന്നു നിന്നു കൊണ്ട് പറഞ്ഞു

"ഞാൻ ഇന്ന് പുറപ്പെടുമെന്ന് പറഞ്ഞു പോയില്ലേ നീമ.."
പവീ വാക്കുകൾക്ക് ആയി പരതി..നീമ ഒന്നും പറഞ്ഞില്ല..

"സാരമില്ല. പൊയ്ക്കോ ഒറ്റപെടൽ എന്റെ വിധിയാണ്.."
നീമയുടെ കണ്ണുകൾ നിറഞ്ഞു വന്നു..അവൾ അവനെ പുറത്താക്കി ഫ്ലാറ്റിന്റെ വാതിലടച്ചു..
വേറെന്തും സഹിക്കാം പക്ഷെ നീമയുടെ കണ്ണ് നിറയുന്നത് മാത്രം അവന് സഹിക്കാൻ പറ്റില്ല..അവൻ ഒരു നിമിഷം ഫോണെടുത്തു വീട്ടിലേക്ക് വിളിച്ചു

"ഹലോ, ഞാനാ പവീ, വരുന്ന വഴിയ്ക്ക് സ്റ്റെപ്പിൽ നിന്ന് ഒന്ന് വീണു..ഇനി ഇപ്പൊ എങ്ങനെയാ യാത്ര..ഇല്ല ചെറിയ ഉളുക്ക് മാത്രം ഉള്ളൂ.."
ഇതും പറഞ്ഞു അവൻ ഫോൺ പോക്കറ്റിലേക്ക് വച്ചു കോളിങ് ബെൽ അമർത്തി..ആരാണെന്ന് വന്നതെന്ന് കരുതി നീമ വാതിൽ തുറന്നതും പവിയെ കണ്ടു ഞെട്ടി..

"പോയില്ലേ..."

"എന്താ പോവണോ..."

"വേണ്ട.."
അവൾ അതിയായ സന്തോഷത്തോടെ അവന്റ ചുമലിൽ ചേർന്നു നിന്നു..ആ ഫ്ലാറ്റിന്റെ ചുമരുകൾ നിറയെ അവർ ഒന്നിച്ചിട്ടുള്ള ഫോട്ടോ കൊണ്ട് നിറഞ്ഞിരുന്നു

"ഞാൻ ഒരു കാര്യം ചോദിച്ചാൽ നടത്തി തരുമോ.."
അവൾ അവനോട് ചോദിച്ചു

"എന്താ വേണ്ടത്.."
പവീ നീമയോട് ചോദിച്ചു

"എനിക്കൊരു കുഞ്ഞിനെ വേണം.."
നീമ കണ്ണുകൾ അടച്ചു കൊണ്ട് പറഞ്ഞു

"ആർ യൂ ഷുവർ..???"
പവീ അത്ഭുതത്തോടെ അവളെ നോക്കി ചോദിച്ചു.. അതെയെന്ന് നീമ കണ്ണുകൾ കൊണ്ട് മറുപടി കൊടുത്തു

"എന്നും ഓർത്തിരിക്കാൻ, നീ എന്റേതായിരുന്നു എന്ന് ഈ ലോകത്തിനോട് വിളിച്ചു പറയാൻ എനിക്കൊരു കുഞ്ഞിനെ വേണം.."
നീമ പറഞ്ഞു നിർത്തിയതും പവീ അവളോട് എന്തോ ചോദിക്കാനായി മുന്നോട്ട് ആഞ്ഞു

"നീ ചോദിക്കാൻ വരുന്നത് എനിക്കറിയാം പവീ..നീ എന്റേതാണെന്നും ഞാൻ നിന്റെതാണെന്നും നമുക്ക് ജനിക്കാൻ പോവുന്ന കുഞ്ഞു നിന്റെതാണെന്നതും ഒരാളേയും ബോധിപ്പിക്കണ്ട ആവശ്യം നമുക്കില്ല..ഒരച്ഛന്റെ കരുതൽ കൊടുക്കാൻ നിനക്കും അമ്മയുടെ സ്നേഹം കൊടുക്കാൻ എനിക്കും കഴിയും.."

"എന്നാലും.."

"ഒരു എന്നാലും ഇല്ല..ബാക്കിയൊക്കെ പിന്നെ..ആദ്യം ഞാൻ പറഞ്ഞ ആഗ്രഹം സാധിച്ചു തായോ.."
നീമ പറഞ്ഞു നിർത്തിയതും പവീ അവളെ ആവേശത്തോടെ നെഞ്ചോട് ചേർത്തു...

നാളുകൾ കടന്നു പോയി..ഇടയ്ക്ക് വല്ലപ്പോഴും പവീ അവന്റെ വീട്ടിലേക്കും പോയി..പക്ഷെ നീമ അവിടെ ഒറ്റയ്ക്കാണ് എന്നുള്ള ചിന്ത അവനെ വല്ലാതെ അലട്ടി
പഴകുന്തോറും വീര്യം കൂടുന്നത് പോലെ അവരുടെ പ്രണയതിനും മാധുര്യം കൂടി വന്നു..ഒരിക്കൽ ഓഫീസിൽ നിന്ന് വന്ന അവന്റെ മുന്നിലേക്ക് നീമ ഒരു ചെറിയ സമ്മാണപ്പൊതി വച്ചു നീട്ടി..അവൾ കൗതുകത്തോടെ പൊതി തുറന്നു നോക്കിയപ്പോൾ പ്രേഗ്നൻസി ടെസ്റ്റ് റിസൾട്ട് ആയിരുന്നു.. അവരുടെ ഇടയിലേക്ക് മൂന്നാമതൊരാൾ കൂടി വരാൻ പോവുന്ന വാർത്തയറിഞ്ഞു അവൻ നിലത്തൊന്നും അല്ലായിരുന്നു..

പിന്നീടുള്ള ഓരോ ദിനങ്ങളും കരുതലിന്റെത് ആയിരുന്നു..അമ്മയുടെയും ഭർത്താവിന്റെയും അച്ഛന്റെയും സ്നേഹം അവൾക്ക് ഒന്നിച്ചു കിട്ടി..താഴത്തും തലയിലും വയ്ക്കാതെ അവൻ തന്നെ അവളെ പൊന്നുപോലെ നോക്കി..വീട്ടിൽ പറയാമെന്ന് അവൻ പറഞ്ഞപ്പോഴും അവൾ തന്നെയാണ് അവനെ വിലക്കിയത്.. കാത്തിരിപ്പിനൊടുവിൽ അവസാനം അവന്റെ കയ്യിലേക്ക് ഡോക്ടർ ഒരു കുഞ്ഞു നീമയെ വച്ചു കൊടുത്തു..അവൻ ആവേശത്തോടെ കുഞ്ഞിൻറെ നെറുകയിൽ ചുംബിച്ചു..കാമുകിയിൽ നിന്ന് അമ്മയിലേക്കുള്ള സ്ഥാന കയറ്റം നീമയെയും ഒരുപാട് സന്തോഷിപ്പിച്ചു..കുഞ്ഞിനെ രണ്ട് പേരും മത്സരിച്ചു സ്‌നേഹിച്ചു അവൾക്ക് ആരാധ്യയെന്ന് പേരിട്ടു..മുൻപ് നീമയുടെയും പവിയുടെയും ഫോട്ടോ നിറഞ്ഞു നിന്ന ചുവരിൽ അവർ മൂവരുടെയും ഫോട്ടോ സ്ഥാനം പിടിച്ചു

പക്ഷെ എല്ലാം മാറി മറിഞ്ഞത് ഒറ്റദിവസം കൊണ്ടായിരുന്നു..ആരാധ്യയ്ക്ക് ഒരു വയസ് പ്രായം കാണും..കുഞ്ഞിനെ അടുത്തുള്ള ഡേ കെയറിൽ ഏല്പിച്ചു നീമയുടെ സുഹൃത്തിന്റെ വിവാഹ ആഘോഷത്തിന്റെ പാർട്ടിയിൽ പങ്കെടുക്കാൻ പോയതാണ് ഇരുവരും..അധികം സുഹൃത്തുക്കൾ ഒന്നും പവിയ്ക്ക് ഇവിടെ ഇല്ല..പാർട്ടിയിൽ വച്ചു ഇരുവരും അല്പം മദ്യപിച്ചിരുന്നു..ഡ്രൈവിങ്ങിന് ഇടയിൽ എപ്പോഴാണ് പവിയുടെ കണ്ണുകൾ അടഞ്ഞതെന്ന് അറിയില്ല..വണ്ടി തൊട്ട് മുമ്പിലുള്ള ഡിവൈഡറിലിടിച്ചു എതിരേ വരുന്നുണ്ടായിരുന്ന കണ്ടയ്നറിൽ ഇടിച്ചു കയറി..ഒരു അലർച്ചയോടെ ഇരുവരുടെയും കണ്ണുകൾ അടയുമ്പോൾ ഒഴുകി പരക്കുന്ന രക്തമായിരുന്നു ഇവരുവരും അവസാനമായി കണ്ടത്

ആരൊക്കെയോ വണ്ടി വെട്ടിപൊളിച്ചു ഇവരുവരെയും ആശുപത്രിയിൽ എത്തിച്ചു..ഫോണിൽ നിന്നും പാഴ്‌സിൽ നിന്നും കിട്ടിയ വിവരങ്ങൾ വച്ചു സഹപ്രവർത്തകരേയും അയൽക്കാരെയെയും വിവരം അറിയിച്ചു.. എല്ലാവരും ഓടി പാഞ്ഞെത്തി.. പക്ഷെ ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപേ തന്നെ നീലിമ ഈ ലോകത്തോട് വിട പറഞ്ഞിരുന്നു..പവീ ആവട്ടെ അത്യാഹിത വിഭാഗത്തിലും ജീവിതത്തിൽ ഒരു തിരിച്ചു വരവ് ഉണ്ടോ എന്നു പോലും ഉറപ്പില്ലാതെ..
ഇതിനോടകം ആരോ കുഞ്ഞു ആരാധ്യയെ ഡേ കെയറിൽ നിന്ന് ആശുപത്രിയിലേക്ക് കൊണ്ട് വന്നു..അമ്മ വിട്ടു പോയതറിയാതെ അച്ഛൻ തളർന്നു കിടക്കുന്നത് അറിയാതെ ആ പിഞ്ചു കുഞ്ഞു കരഞ്ഞു തളർന്നു മയങ്ങി..

പവിയുടെയും നീലിമയുടെയും കുടുംബത്തെ കുറിച്ചും ആർക്കും വലിയ അറിവുണ്ടായിരുന്നില്ല..അവർ ആരോടും വലിയ അടുപ്പം പുലർത്തിയിരുന്നും ഇല്ല..അവസാനം ഏതൊക്കെയോ വഴിയിൽ അവർ രണ്ടു പേരുടെയും വീട്ടുകാരെ അറിയിക്കാൻ ശ്രമിച്ചു..അവസാനം ശ്രമം ഫലിച്ചു..
നീലിമയുടെ വീട്ടുകാർ ആരൊക്കെയോ വന്നു മൃതദേഹം ഏറ്റെടുത്തു..വിവാഹം കഴിച്ചിട്ടില്ലാത്ത നീമയ്ക്ക് ഒരു കുഞ്ഞ് ഉണ്ടെന്നുള്ളത് അവർക്ക് ഒരു അത്ഭുതം ആയിരുന്നു.. മുൻപ് എഴുതി തള്ളിയതാണ് അവർ നീമയെ, അവിവാഹിതയായ കുഞ്ഞിനെ ഏറ്റെടുക്കാനുള്ള വിശാല മനസ്കതയൊന്നും അവർക്കില്ലായിരുന്നു..കുഞ്ഞിനെ തൽക്കാലം അവിടെ ഉള്ള നല്ല മനസുള്ള ഏതോ ഒരു മലയാളി ഏറ്റെടുത്തു..

നീമയുടെ മൃതദേഹം കൊണ്ട് പോയി പിന്നെയും മണിക്കൂറുകൾ കഴിഞ്ഞാണ് പവിയുടെ വീട്ടുകാർ അവിടെ എത്തിയത്..അപ്പോഴും പവിയ്ക്ക് ബോധം വീണിരുന്നില്ല..ചെറിയ അപകടം പറ്റിയെന്നു പറഞ്ഞാണ്‌ പവിയുടെ വീട്ടുകാരെ വിളിച്ചു വരുത്തിയത്..
മകന് സംഭവിച്ച അത്യാഹിത മറിഞ്ഞു ആ അച്ഛനും അമ്മയും നെഞ്ചു പൊട്ടി കരഞ്ഞു..ഒപ്പം പവിയുടെ കൂടെ ഉണ്ടായിരുന്ന ഭാര്യ നീലിമ സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചു എന്നു പറഞ്ഞപ്പോഴും
പവിയുടെ കുഞ്ഞാണെന്നും പറഞ്ഞു ആരാധ്യയെ ആ അച്ഛനമ്മമാരുടെ കയ്യിലേക്ക് വച്ചു കൊടുത്തപ്പോഴും അവർ ഒന്ന് അന്ധാളിച്ചു.. കാരണം പവീ കിടക്കുന്ന ഐസിയുവിന് മുന്നിൽ കരഞ്ഞു കൊണ്ട് നിൽക്കുന്ന യുവതി ഒരു കൈയിൽ രണ്ട് കുഞ്ഞുങ്ങളെയും മറുകൈ കൊണ്ട് പ്രവീൺ എന്നു കൊത്തി  വച്ചിട്ടുള്ള ആലില താലിയിലും മുറുക്കെ പിടിച്ചിട്ടുണ്ടായിരുന്നു

ഇന്ദു..പ്രവീണിന്റെ ഭാര്യ..ഒപ്പമുള്ള പൊടി കുഞ്ഞുങ്ങൾക്ക് നാലും രണ്ടും മാത്രം പ്രായം കാണും..കണ്ണന് നാല് വയസും അമ്മുവിന് രണ്ടു വയസും..രണ്ടു പേരെയും നെഞ്ചോട് ചേർത്തു പിടിച്ചു കൊണ്ട് അവൾ കസേരയിൽ തളർന്നിരുന്നു.. ഒന്നും പറയാറിയിട്ടില്ല എന്നാണ് ഡോക്ടർ പറഞ്ഞത്..അവളുടെ അടുത്തു തന്നെ അവളുടെ സഹോദരൻ കിരണും വന്നിരുന്നു.. മരണത്തിലും ജീവിതത്തിനും ഇടയിലെ നൂൽപാലത്തിൽ..അപ്പോഴാണ് അവളുടെ അടുത്തു ആരോ വന്നിരുന്നത്, 

"പ്രവീണിന്റെ.."
ഇന്ദു അതെയെന്ന് തലയാട്ടി

"എന്തായാലും കഷ്ടമായി പോയി..ഡ്രൈവ് ചെയ്തപ്പോൾ മയങ്ങിയതാ..വിധി അല്ലാതെ എന്ത് പറയാൻ..നീമ അപ്പൊ തന്നെപോയി..ആ കുഞ്ഞിന് ഇനി ആരുണ്ട്..അമ്മ പോയി,അച്ഛൻ ഈ ഐ സി യു വിൽ.. അങ്ങോട്ടോ ഇങ്ങോട്ടോ ഇല്ലെന്ന് അറിയാതെ.."

"നീമ, കുഞ്ഞു..അതൊക്കെ ആരാ"
ഇന്ദു അതൊന്നും ശ്രദ്ധിച്ചില്ലെങ്കിലും കിരൺ ശ്രദ്ധിച്ചിരുന്നു..അവൻ സംശയത്തോടെ ചോദിച്ചു..ഇന്ദുവും അങ്ങോട്ട് തന്നെ നോക്കി ഒരു നിമിഷം

കിരണിന്റെ ചോദ്യത്തിന് മറുപടിയായി, പ്രവീണും നീമയും ഒന്നിച്ചാണ് താമസമെന്നും..  പ്രവീണിന്റെയും നീമയുടെയും കുഞ്ഞാണ് പ്രവീണിന്റെ അച്ഛന്റെയും അമ്മയുടെയും കയ്യിൽ ഇരിക്കുന്നതെന്നും പറഞ്ഞു പറഞ്ഞു ആ കുഞ്ഞിനേയും ചൂണ്ടി കാണിച്ചു എന്നിട്ട് അയാൾ അവിടേയ്ക്ക് തന്നെ എഴുന്നേറ്റ് പോയി..നടുക്കത്തോടെയാണ് കിരൺ ഇതെല്ലാം കേട്ടത്..അവൻ തന്റെ അരികിൽ ഇരിക്കുന്ന ഇന്ദുവിനെയും മക്കളെയും നോക്കി..ഇന്ദു തകർന്ന പോലെ ഇരിക്കുവാണ്.. ജീവൻ ഉള്ളതിന്റെ തെളിവായി കണ്ണിൽ നിന്ന് കണ്ണീരു മാത്രം വരുന്നുണ്ട്..അവൻ ഇന്ദുവിന്റ കയ്യിൽ മുറുകെ പിടിച്ചു.. അവൾ പെട്ടെന്ന് സമനില വീണ്ടെടുത്തു കണ്ണീരു തുടച്ചു

"അയാൾക്ക് എന്തെങ്കിലും തെറ്റ് പറ്റിയതാവും..പവിയേട്ടൻ അങ്ങനെ ഒന്നും ചെയ്യില്ല.."
ഇന്ദു കിരണിനോടായി പറഞ്ഞു..അതിൽ ഉപരി അവൾ അവളെ തന്നെ പറഞ്ഞു സമാധാനിപ്പിക്കാൻ ശ്രമിച്ചു..കിരൺ പക്ഷെ ഇതൊന്നും കേട്ടില്ല..അവൻ കുഞ്ഞുങ്ങളെയും വലിച്ചു എഴുന്നേൽപ്പിച്ചു ഇന്ദുവിനെയും പിടിച്ചു വലിച്ചു പ്രവീണിന്റെ അച്ഛന്റെയും അമ്മയുടെയും അരികിൽ എത്തി..

"ഞങ്ങൾ ഈ കേട്ടത് സത്യം ആണോ.. ഈ കുഞ്ഞു ആരുടെയ..അളിയന്റെയാണോ.."
കിരൺ രോഷത്തോടെ ചോദിച്ചു

"അറിയില്ല മോനെ..ഇതൊക്കെ ഞങ്ങൾ ഇപ്പോഴാ അറിയുന്നെ.."
പ്രവീണിന്റെ അച്ഛൻ പറഞ്ഞതും പ്രായം പോലും മറന്ന് കിരൺ അയാളുടെ കോളറിൽ കുത്തി പിടിച്ചു

"എന്റെ ചേച്ചിയുടെ ജീവിതം തകർത്താൽ ഉണ്ടല്ലോ..ഏത് പുന്നാര മോൻ ആണെങ്കിലും കൊന്ന് കളയും.."

"അവരുടെ കുടുംബകാര്യത്തിൽ തീരുമാനം പറയാൻ താനാര..ഒരാള് മരിക്കാൻ കിടക്കുന്ന നേരത്താണോ ഭീഷണി.. പ്രായപൂർത്തിയായവർ അവർക്ക് ഇഷ്ടമുണ്ടെങ്കിൽ ഒന്നിച്ചു ജീവിക്കും..ഇതിപ്പോ വീട്ടുകാർക്ക് ഇല്ലാത്ത രോഷമാണല്ലോ തനിക്ക്.."
ഇന്ദുവിനോട് നേരത്തെ സംസാരിച്ചയാൾ കിരണിനോട് തർക്കിച്ചു

കിരൺ അവനോട് മറുപടി പറയും മുൻപേ ഇതെല്ലാം കേട്ട് ഇന്ദു തല ചുറ്റി വീണു..കിരൺ അവളെ കയ്യിൽ താങ്ങി

"ഒരു തുള്ളി വെള്ളം പോലും കുടിച്ചിട്ടില്ല എന്റെ ചേച്ചി അയാൾക്കു അപകടം പറ്റിയെന്ന് അറിഞ്ഞതിൽ പിന്നെ..എന്റെ ചേച്ചിയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ.."
കിരൺ അവരോട് ദേഷ്യത്തിൽ ഉറക്കെ വിളിച്ചു പറഞ്ഞു..ചുറ്റും നടക്കുന്നത് ഒന്നും അറിയാതെ മൂന്ന് കുഞ്ഞു മുഖങ്ങൾ പരസ്പരം നോക്കി കൊണ്ടിരുന്നു

ഇന്ദുവിനെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്ത ശേഷം കിരൺ തന്നെ കാര്യങ്ങൾ അന്വേഷികാനായി ഇറങ്ങി പുറപ്പെട്ടു.. അവസാനം അറിഞ്ഞതത്രയും സത്യമെന്ന് അവന് ബോധ്യപ്പെട്ടു.. ആശുപത്രി കിടക്കയിൽ തളർന്നു കിടക്കുന്ന ഇന്ദുവിനോടും വീട്ടിൽ ഉള്ള അച്ഛനുമ്മമ്മയോടും അവൻ സാവധാനം കാര്യങ്ങൾ പറഞ്ഞു മനസിലാക്കി..അവൾ കരഞ്ഞില്ല..നിസംഗതയോടെ കണ്ണുകൾ അടച്ചു കിടന്നു..പ്രവീണുമായുള്ള നിമിഷങ്ങൾ മനസിലേക്ക് ഓടിയെത്തി.. തന്റേത് എന്നു താൻ കരുതിയത് മറ്റൊരാൾക്കു കൂടി സ്വന്തമായിരുന്നു എന്ന തിരിച്ചറിവ് അവളെ തളർത്തി..പ്രവീണിന്റെ വീട്ടുകാർ ഇന്ദുവിനെ അഭിമുഖീകരിക്കാനുള്ള മടി കൊണ്ട് അവിടേയ്ക്ക് വന്നില്ല..അതിന്റെ ഇടയിൽ പ്രവീണിന് ബോധം തെളിഞ്ഞു എന്നുള്ള വാർത്തയും എത്തി..പക്ഷെ ചെയ്തു കൂട്ടിയ തെറ്റിന്റെ ശാപം പോലെ കാലുകൾക്ക് ചലന ശേഷി നഷ്ടപ്പെട്ടു എന്നു മാത്രം.. ഇനിയെന്ത് എന്നുള്ള കിരണിന്റെ ചോദ്യത്തിന് പ്രവീണിന്റെ ഫ്ലാറ്റ് കാണണം എന്നു മാത്രമായിരുന്നു ഇന്ദുവിന്റെ മറുപടി..

ഇന്ദുവിന്റെ അവശ്യപ്രകാരം ആ ഫ്ലാറ്റിലേക്ക് അവളെ കിരൺ കൊണ്ട് പോയി..ചുമരിൽ തെളിഞ്ഞു നിൽക്കുന്ന ചിത്രങ്ങൾ അവർ തമ്മിൽ ഉണ്ടായിരുന്ന ബന്ധത്തിന്റെ ആഴം വിളിചോതി..നീമയും പ്രവീണും ഒന്നിച്ചു നിൽക്കുന്ന, നീമ ഗർഭിണി ആയിരുന്ന കാലത്തേ, കുഞ്ഞു ജനിച്ചതിന് ശേഷമുള്ള..എല്ലാ ചിത്രത്തിലും പവീ സന്തുഷ്ടനാണ്..അവൾ നിരാശയോട് കൂടി തന്റെ ഫോണിലേക്ക് നോക്കി..തൻറെ മക്കൾക്ക് വല്ലപ്പോഴും വരുന്ന വിരുന്നുകാരൻ ആയിരുന്നു പവീയേട്ടൻ..ഒരു പരിധി വിട്ട് അടുപ്പം മക്കളോട് കാണിച്ചു കണ്ടിട്ടില്ല..ഫോൺ വിളിച്ചാൽ തന്നെ സംസാരം വാക്കുകളിൽ ഒതുക്കും.. പലപ്പോഴും വരുമെന്ന് പറയുമെങ്കിലും അവസാന നിമിഷം എന്തെങ്കിലും തിരക്ക് പറഞ്ഞു ഒഴിയുകയാണ് പതിവ്..തനിക്കും മക്കൾക്കും വേണ്ടി ചോര നീരാക്കി ജീവിക്കുകയതാണെന്ന് കരുതി.. എവിടെയാണ് തനിക്ക് തെറ്റിപ്പോയത്.. അവൾ തൊട്ട് മുന്നിൽ കണ്ട, പവിയുടെ ഫോട്ടോയിൽ തഴുകി

പ്രവീൺ ഭേദപ്പെട്ടു വന്നു..ബോധം തിരിച്ചു കിട്ടി അവൻ ആദ്യം അന്വേഷിച്ചത് നീമയെയും കുഞ്ഞിനെയുമാണ്..ഡോക്ടറിന്റെ നിർദേശ പ്രകാരം അൽപം കൂടി കഴിഞ്ഞു നീമയുടെ വിവരം പറഞ്ഞാൽ മതിയെന്ന് എല്ലാവരും കൂടെ തീരുമാനിച്ചു..അവസാനം റൂമിലേക്ക് മാറ്റിയതിന് ശേഷമാണ് തനിക്ക് ഇനി ഒരിക്കലും നടക്കാൻ ആവില്ലെന്നും നീമ ഈ ലോകത്തില്ലെന്നും അവൻ അറിഞ്ഞത്..നീമ തന്നെ വിട്ടു പോയെന്ന് അവന് വിശ്വാസിക്കാൻ ആയില്ല..കണ്ണുകൾ നിറഞ്ഞൊഴുകി.. അവൻ തന്റെ കുഞ്ഞിനെ ആരാധ്യയെ കാണണമെന്ന് ആവശ്യപെട്ടു

ആരാധ്യയെയും എടുത്തു കൊണ്ട് തൻ്റെ മുന്നിലേക്ക് വന്ന ഇന്ദുവിനെ കണ്ടു അവൻ ഞെട്ടി..അവൾ കുഞ്ഞിനെ അവന്റെ കയ്യിലേക്ക് കൊടുത്തു..അച്ഛനെ കണ്ട സന്തോഷത്തിൽ അവൾ പവീയുടെ മേലേക്ക് ചാടി..പവീ കുഞ്ഞിനെ ചേർത്തു പിടിച്ചു.. അതേ സമയം ഇന്ദുവിനെ അഭിമുഖീകരിക്കാൻ മടി തോന്നി.. അവൾ അവന്റെ അരികിൽ ഇരുന്നു

"എത്ര കാലമായി തുടങ്ങിയിട്ട്.."
ഇന്ദു അവന്റെ മുഖത്തെക്ക് നോക്കാതെ ചോദിച്ചു

"മൂന്ന് വർഷത്തിൽ അധികം.."
ഇനിയൊന്നും തനിക്ക് മറച്ചു പിടയ്ക്കാൻ കഴിയില്ലെന്ന് പവീയ്ക്ക് മനസിലായി

"എന്ത് കിട്ടി, ഒരേ സമയം രണ്ട് പേരെയും ചതിച്ചിട്ട്..എങ്ങനെ കഴിഞ്ഞു..ഒരു വാക്ക് പറഞ്ഞിരുന്നെങ്കിൽ ഒഴിഞ്ഞു തരുമായിരുന്നില്ലേ..ഒരു തരത്തിൽ ഈ കുഞ്ഞിന്റെ അമ്മ ഭാഗ്യവതിയാ..ഒന്നും അറിയാതെ പോവാൻ പറ്റിയില്ലേ..ഇല്ലെങ്കിൽ സ്നേഹിച്ചത് ഒരു ചതിയനെ ആയിരുന്നെങ്കിൽ എന്നറിയുമ്പോൾ ഇതുപോലെ മരിച്ചു ജീവിക്കേണ്ടി വന്നേനെ.."
ഇന്ദു കണ്ണീർ അടക്കി പിടിച്ചു കൊണ്ട് പറഞ്ഞു

"അവൾക്ക് എല്ലാം അറിയാമായിരുന്നു.."
പവീ അടഞ്ഞ ശബ്ദത്തിൽ പറഞ്ഞു.. ഇന്ദു വിശ്വാസം വരാതെ അവനെ നോക്കി

"ചെയ്തത് തെറ്റ് തന്നെയാ..എല്ലാം അറിഞ്ഞിട്ട് തന്നെയാണ് അവൾ എന്റെ ജീവിതത്തിലേക്ക് കടന്നു വന്നത്..അവൾക്ക് വേണ്ടത് എന്നെ മാത്രമായിരുന്നു.. പിന്നെ ഈ കുഞ്ഞിനെയും..അതിൽ ഉപരി ഒന്നും ആവശ്യപ്പെട്ടിട്ടില്ല.."
പവീ നീമയുടെ ഓർമയിൽ നീറി കൊണ്ട് പറഞ്ഞു.. ഇന്ദുവിന് തന്റെ കാതുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല..ഇത്ര നേരം നീമയോട് തോന്നിയത് തന്നെപ്പോലെ ചതിക്കപെട്ട് പോയ പെണ്ണിനോട് തോന്നിയ സഹതാപം ആയിരുന്നു..പക്‌ഷേ അവളും കൂടി അറിഞ്ഞു കൊണ്ടാണ് തന്നെ ചതിച്ചത്..അവൾ തന്റെ താലിയിൽ മുറുകെ പിടിച്ചു..ഇത്രയും നേരം വരെ അത് തനിക്കൊരു ബലം ആയിരുന്നു.. പക്ഷെ ഇപ്പോഴാണ് അത് തനിക്ക് ഭർത്താവിന്റെ കാമുകി വച്ചു നീട്ടിയ ഔദാര്യമാണെന്ന് തിരിച്ചറിഞ്ഞത്

"അപ്പൊ എന്റെ റോൾ എന്തായിരുന്നു.. നാട്ടിൽ ഉള്ള അച്ഛനേയും അമ്മയെയും നോക്കാൻ വന്ന ശമ്പളമില്ലാത്ത ജോലിക്കാരി.."

നെഞ്ചു വിങ്ങി കൊണ്ട് ഇന്ദു എഴുന്നേറ്റ് പോയി..പുറത്തു നിന്ന കിരൺ ഇതെല്ലാം കേട്ടു..അറിയാതെ പറ്റിപോയ തെറ്റാണെങ്കിൽ ക്ഷമിക്കാൻ അവൾ തയ്യാറായിരുന്നു..പക്ഷെ ഇത്..മരിച്ചു കളയാൻ ആണ് അവൾക്ക് തോന്നിയത്, പക്ഷെ തന്നെ കാത്തിരിക്കുന്ന രണ്ട് മുഖങ്ങളെ ഓർത്തപ്പോൾ താൻ പോയാൽ അവർക്ക് ആരാണ് എന്നുള്ള ചിന്ത അവളെ ജീവിക്കാൻ പ്രേരിപ്പിച്ചു..മുറിയിൽ നിന്ന് പുറത്തേക്ക് വന്ന ഇന്ദുവിനോട് ഇനിയെന്ത് എന്നുള്ള കിരണിന്റെ ചോദ്യത്തിന് മറുപടിയൊന്നും കൊടുക്കാൻ അവൾക്ക് കഴിഞ്ഞില്ല..

==========

വർഷങ്ങൾ രണ്ട് കടന്നു പോയത് വേഗമാണ്..നീമയുടെ വീട്ടുകാർ വിവരം അറിഞ്ഞു..അവർക്ക് കുഞ്ഞിനെ കുറിച്ചു അറിയാൻ താൽപര്യം ഉണ്ടായില്ല..അവസാനം സ്വന്തം ചോരയല്ലേ എന്നു കരുതി വലിയൊരു തുക എഴുതിയ ചെക്ക് അവർ പവിയുടെ കുടുംബത്തിന് നേരെ നീട്ടി

കാലുകൾ തളർന്നു പോയ പവിയെ എല്ലാവരും കൂടെ വീട്ടിലേക്ക് കൊണ്ടു വന്നു..പവിയെ ഞെട്ടിച്ചു കൊണ്ട് ഇന്ദുവും എല്ലാത്തിന്റെയും മുന്നിൽ ഉണ്ടായിരുന്നു..പിന്നീട് ഒരിക്കൽ പോലും നീമയെ കുറിച്ച് ചോദിക്കുകയോ പവിയെ കുറ്റപ്പെടുത്തുകയോ ചെയ്തില്ല..കുഞ്ഞിനോടും വെറുപ്പ് കാണിച്ചില്ല..അതുപോലെ അധികം അടുപ്പവും..
ആരോ ചെയ്ത തെറ്റിന് ആ കുഞ്ഞു എന്ത് പിഴച്ചു.. ഇന്ദു ഇപ്പൊ ജോലിയ്ക്ക് പോവുന്നുണ്ട്..ജോലി കഴിഞ്ഞു വന്ന ശേഷം മിക്കവാറും പവിയുടെ കാര്യങ്ങൾ ഒക്കെ അവൾ തന്നെയാണ് നോക്കുന്നത്..ഒരു അറപ്പും വെറുപ്പും ഇല്ലാതെ കുഞ്ഞിനെ പോലെ അവൾ അവനെ ശുശ്രൂഷിച്ചു.. ഇന്ദുവിന്റെ വീട്ടുകാർക്ക് തീരെ താൽപ്പര്യം ഉണ്ടായിരുന്നില്ല ഇന്ദുവിനെ പവിയുടെ വീട്ടിൽ നിർത്താൻ..മക്കൾ രണ്ട് പേരെയും അവൾ അവളുടെ വീട്ടിൽ നിർത്തി..ആഴ്ചയിൽ അവധി ദിവസങ്ങളിൽ അവൾ മക്കളെ പോയി കാണും.. അല്ലെങ്കിൽ കുഞ്ഞുങ്ങളെ ഇങ്ങോട്ട് കൊണ്ടു വരും

ജീവിതം ഇങ്ങനെ മുന്നോട്ട് പോയ്കൊണ്ടിരുന്നു..ആരാധ്യ ആരാണെന്ന സത്യം ചിലരിൽ മാത്രമായി ഒതുങ്ങി എന്നിട്ടും അവൾ കേൾക്കെ ആരോ പവീ മറ്റൊരു പെണ്ണിനെ തേടിപോയത് ഇന്ദുവിന്റെ കഴിവ് കേട് ആണെന്ന് പറയുന്നത് അവൾ കേട്ടു..എത്രയൊക്കെ മൂടി വച്ചാലും അവളുടെ ഉള്ളിൽ അഗ്നിപർവതം പുകഞ്ഞു കൊണ്ടിരുന്നു..തലയിണകൾ കണ്ണീരു വീണു കുതിർന്നു..

പവി കുറ്റബോധം കൊണ്ട് ഉരുകാൻ തുടങ്ങിയിട്ട് നാള് കുറെയായി..അവൾ അടുത്തു വരുമ്പോൾ എല്ലാം പറഞ്ഞു മാപ്പ് ചോദിക്കണം എന്നുണ്ട്.. പക്ഷെ നീമയിലേക്ക് എത്തുമെന്നുള്ള സംഭാഷണങ്ങൾ ഇന്ദു തന്നെ വഴി തിരിച്ചു വിടുകയാണ് പതിവ്..അവൻ നീറി കൊണ്ടിരുന്നു..ഒരിക്കൽ അവൻ ആവശ്യപ്പെട്ട പ്രകാരം അവൾ അവനോട് ചേർത്തു കിടന്നു..ചുടു കണ്ണീരു വീണു പിൻകഴുത്തിൽ ഇറ്റ് വീണപ്പോൾ അവൻ കരയുകയാണെന്ന് അവൾക്ക് മനസിലായി

അധികം വയസ് വ്യത്യാസം ഇല്ല പവിയ്ക്കും അനിയൻ പവനും..ഒപ്പം പഠിച്ച കുട്ടിയുമായി പവൻ പ്രണയതിലായപ്പോൾ വീട്ടുകാർ പച്ച കോടി കാണിച്ചങ്കിലും തടസമായി വന്നത് അവിവാഹിതനായ പവീ ആയിരുന്നു.. അങ്ങനെ വീട്ടുകാർ ആയി കണ്ടെത്തി കൊടുത്തതാണ് ഇന്ദുവിനെ, പക്ഷെ നാട്ടിൻ പുറത്തു കാരിയായ ഇന്ദുവിനെ ഉൾകൊള്ളാൻ അവന് കഴിഞ്ഞില്ല..വിവാഹത്തിന്റെ ആദ്യ ദിവസത്തിലെ ആവേശം അവളുടെ ഉള്ളിൽ ഒരു കുരുന്നു ജീവനായി മുളപൊട്ടിയതും അവന് പെട്ടെന്ന് അംഗീകരിക്കാൻ പറ്റിയില്ല..ഒപ്പമുള്ളവർ ബാച്ചിലേഴ്‌സ് ലൈഫ് ആഘോഷിച്ചു നടക്കുമ്പോൾ പെട്ടെന്ന് ഉത്തര വാദിത്വം ചുമലിൽ ഏൽക്കാൻ അവൻ മടിച്ചു..ജോലിയുടെ പേരിൽ മുംബൈയിലേക്ക് വന്നു..ജോലിയ്ക്കായി പവനും ഭാര്യയും വിദേശത്ത് പോയപ്പോൾ വീട്ടിൽ ഇന്ദുവും അച്ഛനും അമ്മയും കുഞ്ഞും തനിച്ചായി..അതിന്റ ഇടയിൽ ആയിരുന്നു നാട്ടിലേക്കുള്ള യാത്രയിൽ നീമയെ പരിചയപ്പെട്ടത്..ആദ്യം സൗഹൃദം..പ്രണയം..നേരമ്പോക്ക് ആയി തുടങ്ങിയത് വഴി മാറി തുടങ്ങിയപ്പോൾ താൻ തന്നെ പറഞ്ഞതാണ് വിവാഹിതനും ഒരു കുഞ്ഞിന്റ അച്ഛനും ആണെന്നുമുള്ള കാര്യം..പക്ഷെ നീമയ്ക്ക് അതൊന്നും വിഷയം അല്ലായിരുന്നു..ആദ്യം തനിക്കും കുറ്റബോധം തോന്നിയിരുന്നെങ്കിലും നീമയുടെ മുന്നിൽ അതെല്ലാം മറന്നു നിന്നു..ഒരു മായിക വലയത്തിൽ പെട്ട അവസ്ഥയായിരുന്നു..അവൾ ഒന്ന് അവശ്യപ്പെട്ടിരുന്നെങ്കിൽ ഇന്ദുവിനെ ഉപേക്ഷിക്കാൻ പോലും താൻ തയ്യാറായേനെ..ഒരു നല്ല അച്ഛനോ ഭർത്താവോ ആവാൻ തനിക്ക് കഴിഞില്ല.. നീമ മാത്രമായിരുന്നു ലോകം..ഏത് ഗംഗയിൽ ഈ പാപങ്ങൾ ഒഴുക്കി കളയും

പവീ ഓർമയിൽ നിന്ന് എഴുന്നേറ്റ്.. ഇപ്പൊ നടക്കാൻ കഴിയും..ഇന്ദു ഇല്ലായിരുന്നെങ്കിൽ..ഒരിക്കലും ഒരു ഉയർത്തെഴുന്നേൽപ്പ് സാധ്യം അല്ലായിരുന്നു..കാലുകൾ അനക്കാൻ കഴിഞ്ഞതും പിന്നീട് പൂർണ ആരോഗ്യവാനായതും എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ ഓർമയുണ്ട്.. ഇന്നത്തെ ദിവസതിന് ഒരു പ്രത്യേകത ഉണ്ട്..കാരണം ആരോഗ്യം വീണ്ടെടുത്തിട്ട് ഉള്ള അവരുടെ ആദ്യത്തെ വിവാഹ വാർഷികം ആണ്..അവൻ മധുവിധുവിന്റെ നാളുകളിൽ അവൾ എപ്പോഴോ പറഞ്ഞ മയിൽപ്പീലി നിറമുള്ള സാരി തന്നെ അവൾക്ക് വേണ്ടി തിരഞ്ഞെടുത്തു..അത് വർണ കടലാസിൽ പൊതിഞ്ഞു..ഇന്ന് എല്ലാ തെറ്റും ഏറ്റു പറഞ്ഞു അവൾക്ക് മുന്നിൽ മാപ്പിരക്കണം..ക്ഷമിക്കും, അവൾക്കെ തന്നോട് ക്ഷമിക്കാൻ കഴിയൂ..മക്കളുടെ സ്കൂൾ ഇന്ദുവിന്റെ വീടിന്റെ അടുത്തായത് കൊണ്ട് രണ്ടാളും അവിടെ തന്നെയാണ്..ഇനി മൂന്ന് മക്കളെയും വേർതിരിച്ചു കാണാൻ തനിക്ക് കഴിയില്ല..അവൻ മനസിൽ ഉറപ്പിച്ചു

ഇന്ദുവിന്റ മുന്നിലേക്ക് അവൻ ചെന്നു..അവനെ കണ്ടതും അവളുടെ മുഖം വിടർന്നു

"many many happy returns of the day.."
അവൾ കയ്യിലുള്ള സമ്മാനപൊതി അവന് നേരെ നീട്ടി..അവൻ ആകാംക്ഷയോടെ അത് തുറന്നു നോക്കി പിന്നെ ഞെട്ടലോടെ അവളെ നോക്കി

തന്റെയും നീമയുടെയും കുഞ്ഞിന്റെയും ഒന്നിച്ചുള്ള മൂന്ന് ചിത്രങ്ങൾ..അവൻ ഞെട്ടി അവളെ നോക്കി, അവന്റെ കയ്യിൽ നിന്ന് വിറയലോടെ ചിത്രങ്ങൾ താഴേക്ക് വീണു..അവൻ ഇന്ദുവിനെ നോക്കി.. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് അവൻ കണ്ടു

" ഇന്ദു ഞാൻ..."
അവൻ എന്തെങ്കിലും പറയുന്നതിന് മുൻപ് അവളുടെ കൈ അവൻ കെട്ടിയ താലിയിലേക്ക് നീണ്ടു..ശക്തിയോടെ അത് വലിച്ചു പൊട്ടിച്ചു..ചെറുതായി അവളുടെ കഴുത്ത് മുറിഞ്ഞു രക്തം താഴേക്ക് ഒഴുകി ഇറങ്ങി..ആ താലിയും അവൾ അവന്റെ കൈ വെള്ളയിൽ വച്ചു കൊടുത്തു

"പരസ്പരം സ്നേഹവും വിശ്വാസവും ഇല്ലാത്തയിടത്തു ഇതൊരു ചങ്ങലപോലെ തന്നെയാ..കാമുകിയുടെ ഔദാര്യം കൊണ്ടാണ് ഇതന്റെ കഴുത്തിൽ കിടക്കുന്നതെന്ന് അറിഞ്ഞ നിമിഷം മുതൽ ഇതേനിക്കൊരു ചങ്ങലയാ"
ഇന്ദു ഭാവ ഭേദമില്ലാതെ അവനെ നോക്കി..പവിയുടെ തല കുറ്റബോധം കൊണ്ട് താണിരുന്നു

"ക്ഷമിചൂടെ ഇന്ദു എന്നോട്.."

"ക്ഷമിച്ചതാണ്..പണ്ടേ ക്ഷമിചു കഴിഞ്ഞതാണ്..പക്ഷെ അതിന് ഇനിയും എല്ലാം മറന്ന് ജീവിക്കുക എന്നൊരു അർഥമില്ലല്ലോ..ക്ഷമിക്കാൻ കഴിയും പക്ഷെ മറക്കാൻ ഈ ജന്മം കഴിയില്ല..നീറി ജീവിതം ഒടുങ്ങുന്നതിലും നല്ലതല്ലേ ഒരു വേർപിരിയൽ"
ഇന്ദു ജീവനില്ലാത്ത ഒരു ചിരിയോടെ പറഞ്ഞു

"മോളെ അവനൊരു തെറ്റ് പറ്റി.. അതിന് ഈ കുഞ്ഞു എന്ത് പിഴച്ചു.."
പവിയുടെ അമ്മ അവളോട് ചോദിച്ചു

"ഞാനും എന്റെ കുഞ്ഞുങ്ങളും എന്ത് തെറ്റ് ചെയ്തു..രണ്ട് പേർ അവരുടെ സ്വാർഥതയ്ക്ക് വേണ്ടി തകർത്തത് ഞങ്ങൾ നാലു പേരുടെ ജീവിതമാണ്..വേണമെങ്കിൽ ഇയാളോട് പൊറുത്തു ഈ കുഞ്ഞിനെയും ഏറ്റെടുത്തു എനിക്ക് ജീവിക്കാം..എല്ലാവരുടെയും മുന്നിൽ ഉത്തമ ഭാര്യ ആയിട്ട്..പക്ഷെ അത് പിന്നെ ജീവിതം ആവില്ല..അഭിനയം മാത്രമാവും..ഈ കുഞ്ഞു എന്നോട് ഒരു തെറ്റും ചെയ്തിട്ടില്ല.. പക്ഷെ ഈ കുഞ്ഞിനെ കാണുന്ന ഓരോ നിമിഷവും എന്റെ ഉള്ളിലെ സ്ത്രീ മരിച്ചു കൊണ്ടിരിക്കും..ഞാൻ ഒരു സാധാരണ പെണ്ണാണ്..എല്ലാം സഹിക്കാനും ക്ഷമിക്കാനും ഭൂമി ദേവി ഒന്നും അല്ല..ഈ തെറ്റ് ഞാൻ ചെയ്തിരുന്നെങ്കിൽ എന്നോട് പൊറുക്കുമായിരുന്നോ ആരെങ്കിലും.."
അവൾ ഒന്ന് നിർത്തി..കരച്ചിൽ തൊണ്ടയിൽ തന്നെ പിടിച്ചു നിർത്തി പിന്നെയും തുടർന്നു..

"അമ്മയല്ലേ ആരോടോ പറഞ്ഞേ എന്റെ കഴിവ് കേട് കൊണ്ടാണ് മോൻ മറ്റൊരുത്തിയെ തേടിപോയതെന്ന്..കഴിവ് കെട്ടവൾ ഇവിടെ നിന്ന് പടിയിറങ്ങുകയാണ്..പിന്നെ ഈ കുഞ്ഞു അവളെ ഞാൻ ഉപേക്ഷിച്ചിട്ട് അല്ല പോവുന്നത് അവളുടെ അച്ഛന്റെ അരികിൽ തന്നെ ഏൽപ്പിച്ചിട്ടാണ് പോവുന്നത്..ജനിപ്പിച്ചാൽ മാത്രം പോരാ..നോക്കാനുള്ള ഉത്തര വാദിത്വം കൂടി ഉണ്ട്..തളർന്നു കിടക്കുന്ന ഇയാളെ ഉപേക്ഷിച്ചിട്ട് പോവാൻ തോന്നിയില്ല..അതാണ് ഇത്രയും കാലം കാത്തിരുന്നത്"
ഇന്ദു പറഞ്ഞതും പവീയുടെ അമ്മയുടെ മുഖം താഴ്ന്നു..

"നീ നിന്റെ കുഞ്ഞുങ്ങളെ കുറിച്ച് ആലോചിച്ചോ ഒരു നിമിഷം.."
അവന്റെ അച്ഛൻ ചോദിച്ചു

"അവർക്ക് വേണ്ടിയാണ് ഇത്..നല്ല ആരോഗ്യം ഉണ്ടായിരുന്നു കാലത്ത് ഒരു വിരുന്നു കാരനെ പോലെയെ ഇയാൾ അവരെ കണ്ടിട്ടുള്ളൂ..കാമുകിയുടെ വാശിയ്ക്ക് മുന്നിൽ സ്വന്തം ചോരയിൽ രണ്ട് കുഞ്ഞുങ്ങൾ ഉണ്ടെന്നുള്ളത് ഇയാൾ മറന്നു പോയി..അവരെ കുറിച്ച് ഒരു നിമിഷം ഓർത്തിരുന്നെങ്കിൽ ഈ കുഞ്ഞു ജനിക്കില്ലായിരുന്നു..നാളെ എന്റെ മകൻ ഇതുപോലെ മറ്റൊരു പെണ്ണിൻറെ കണ്ണീര് വീഴ്ത്താതിരിക്കാൻ എന്തിനെക്കാളും വലുത് സ്വന്തം അഭിമാനമാണെന്ന് എന്റെ മോൾക്ക് പറഞ്ഞു കൊടുക്കാൻ ഇപ്പൊ ഈ തീരുമാനം എടുത്തെ മതിയാവൂ..തെറ്റും ശരിയും ജീവിതവും കണ്ടു തന്നെ അവര് വളരട്ടെ.."
ഇന്ദു പറഞ്ഞു നിർത്തി

"നീ പറയുന്നതൊക്കെ ശരിയാണ്..പക്ഷെ ഒറ്റയ്ക്കൊരു സമൂഹത്തിൽ എങ്ങനെ ജീവിക്കും.. പറയുന്ന പോലെ എളുപ്പമല്ല.."
പവിയുടെ അച്ഛൻ അവളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു

"താലി കെട്ടി കൂടെ കഴിഞ്ഞവൻ തന്നെ ചതിച്ചു.. അതിനെക്കാളും വലുത് അല്ലല്ലോ..മറ്റെന്ത് വന്നാലും.."
ഇന്ദു തന്റെ തീരുമാനത്തിൽ തന്നെ ഉറപ്പിച്ചു നിന്നു..അവൾ പോവാനായി തയാറാക്കിയ ചെറിയൊരു ബാഗ് എടുത്തു കൊണ്ട് പുറത്തേക്ക് ഇറങ്ങിയതും പവീ അവളെ മുറുകെ ചേർത്തു പിടിച്ചു

"തെറ്റ് പറ്റിപോയി, ഒരവസരം കൂടി തന്നൂടെ..ഇനി ഒരിക്കലും എന്റെ ഭാഗത്ത് നിന്ന് ഇങ്ങനെ ഒന്നും ഉണ്ടാവില്ല.."

"ഒന്നോ രണ്ടോ പ്രാവശ്യം ആയിരുന്നെങ്കിൽ ഞാൻ ക്ഷമിച്ചേനെ, അല്ലെങ്കിൽ ആ ആക്‌സിഡന്റിനു മുൻപേ ഒരിക്കൽ എങ്കിലും പറഞ്ഞിരുന്നെങ്കിൽ..ഇത് അറിഞ്ഞു കൊണ്ട് എന്നെ പൊട്ടി ആക്കുവല്ലായിരുന്നോ..നമ്മുടെ രണ്ട് കുഞ്ഞുങ്ങളെ കുറിച്ചെങ്കിലും ഓർത്തിരുന്നെങ്കിൽ.."
അവൾ കണ്ണു തുടച്ചു.. അവന്റെ കൈ തന്റെ ദേഹത്തിൽ നിന്ന് എടുത്തു മാറ്റി..

"ഒരു കാര്യം ചോദിച്ചോട്ടെ..രണ്ടിൽ ഒരാൾ ഭൂമിയിലെങ്കിൽ അവിടെ തീരുന്ന പ്രണയത്തിന് വേണ്ടിയാണ് ഇത്രയും ജീവിതം തകർത്തത്.."
അവളുടെ ചോദ്യത്തിന് മറുപടി ഇല്ലായിരുന്നു അവന്..അതോടെ അവൾ പുച്ഛത്തോടെ അവനെ നോക്കി ചിരിച്ചു

അവൾ അവനെ ഒന്ന് നോക്കി തിരിഞ്ഞു പുറത്തേക്ക് നടന്നു..പുറത്തു മാനം കറുത്തു തുടങ്ങിയിരുന്നു..മഴ പെയ്യാൻ തുടങ്ങി..ഇരമ്പി പെയ്യുന്ന മഴയിലേക്ക് ഇറങ്ങിയതും നെറുകയിൽ ശേഷിച്ച കുങ്കുമത്തിനെ കൂടി മഴ കഴുകി കളഞ്ഞു...ചതിയുടെയും വഞ്ചനയുടെയും ഇന്നലെകളിൽ നിന്ന് നല്ലൊരു നാളേയുടെ പ്രതീക്ഷയിൽ അവൾ ജീവിക്കട്ടെ.അമൃത അനാമി

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്