kissakal

പെണ്ണിന്  തടി  കൂടുതലാണെന്നും പറഞ്ഞ് കാണാൻ വന്ന  എട്ടാമത്തെ കൂട്ടരും   അന്ന്  പടിയിറങ്ങി പോകുമ്പോൾ എനിക്കൊട്ടും  വിഷമം  തോന്നിയില്ല.... 

" ഇതിപ്പോ  ആദ്യായിട്ടൊന്നുമല്ലല്ലോ  പിന്നെന്തിനാ അച്ഛനിങ്ങനെ   തലയ്ക്ക് കൈയ്യും കൊടുത്ത് ഇരിക്കുന്നെ ?  അല്ലേലും  ആ  കോന്തനെ എനിക്കിഷ്ടായില്ല... കണ്ടാലും മതി..."

വന്നവരുടെ കുറ്റവും കുറവും പറഞ്ഞ്  എനിക്ക് തെല്ലും വിഷമമില്ലാന്ന്   ധരിപ്പിക്കുമ്പോഴും  അച്ഛന്റെ മുഖത്ത് കടുത്ത നിരാശ നിഴലിച്ചിരുന്നു... അമ്മേടെ അവസ്ഥയും  വിപരീതമല്ല...

"ഈ ചായേം  പലഹാരവും കൊടുക്കൽ ഇതോടെ നിർത്തിയേക്ക്.. കല്യാണ പ്രായമായെന്നു  എനിക്ക് തോന്നുമ്പോൾ ഞാൻ തന്നെ പറഞ്ഞോളാം....

മറ്റാർക്കും അവസരം കൊടുക്കാതെ ഞാൻ ചിലച്ചോണ്ടിരുന്നു...അതൊരുതരം രക്ഷപ്പെടലായിരുന്നു..എല്ലാത്തിൽ നിന്നും.

ഒന്ന് മൂളിയതല്ലാതെ രണ്ടുപേരും മറുത്തൊന്നും പറഞ്ഞില്ല....എന്നെ സങ്കടപ്പെടുത്തണ്ടാന്ന്  കരുതി കാണും.
  നേരെ പോയി കുറെ സമയം കണ്ണാടിയിൽ തിരിഞ്ഞും നിവർന്നുമൊക്കെ   നിന്നുനോക്കി...നാളിതുവരെ തന്റെ ശരീരത്തോട് ഒരു വെറുപ്പും തോന്നിട്ടില്ല...തനിങ്ങനായി പോയല്ലോന്ന് ഓർത്ത് ഒരിക്കൽ പോലും പരിതപിച്ചിട്ടില്ല ... ഞാൻ ഏങ്ങനെയാണോ  അതുപോലിരിക്കാനായിരുന്നു  ഇഷ്ടം.. അത് ആർക്ക് വേണ്ടിയും  മറ്റെന്തിനുവേണ്ടിയും  മാറ്റംവരുത്താൻ ഞാനൊട്ട് ഒരുക്കവുമല്ലായിരുന്നു..

എന്നിട്ടും ഇന്നാദ്യമായി  ഞാൻ ഇങ്ങനെ ആവേണ്ടിയിരുന്നില്ല എന്നൊരു തോന്നൽ...  മനസ്സിലെവിടെയോ ഒരുപടി പിന്നിലായി പോയില്ലെന്നൊരു സംശയം...

അതിൽ പിന്നെയാണ്  ഒരു ഡ്രസ്സും എനിക്ക് യോജിച്ചതല്ലാതായി മാറിയത് .. കൊതിയോടെ കഴിച്ചിരുന്ന പല ഭക്ഷണത്തോടും  മുഖം തിരിച്ചത്.. കണ്ണാടിയിൽ നോക്കുമ്പോഴൊക്കെ ഞാൻ സുന്ദരിയല്ലാന്ന്  പലതവണ പറഞ്ഞു തുടങ്ങി...
സിനിമയും സീരിയലും തുടങ്ങി എന്തിനും ഏതിനും  ആകാരവടിവുള്ളവരെ തേടി ലോകം പായുമ്പോൾ വല്ലാത്ത അപകർഷതാബോധവും സങ്കടവും എന്നെ വേട്ടയാടി.

ജിമ്മിൽ പോയും ആഹാരത്തിന്റെ അളവിൽ മാറ്റം വരുത്തിയും  രണ്ട് മാസത്തിനുള്ളിൽ  മൂന്ന്,നാല്  കിലോ വരെ  ഞാൻ കുറച്ചു.. പക്ഷേ  അതിലൊന്നും സംതൃപ്തയാവാൻ അന്നെനിക്ക് കഴിഞ്ഞില്ല 
എന്നതാണ് സത്യം...പ്രിയമുള്ളതൊക്കെ കഴിച്ചും..തണുപ്പത്ത് പുതച്ച് മൂടികിടന്ന് ഉറങ്ങിയും..ഇഷ്ട്ടമേറിയതൊക്കെ പാചകം ചെയ്തും അതോരുത്തർക്കായി  വിളമ്പിയും  ജീവിക്കാനല്ലേ ഞാൻ ആഗ്രഹിച്ചതെന്ന് ഇടയ്ക്കൊക്കെ  ഞാൻ എന്നെ ഓർമപ്പെടുടുത്തും..അതെല്ലാം വേണ്ടാന്ന് വെച്ച്   ആർക്കോ വേണ്ടി  സ്വയം മാറാൻ  തീരുമാനിച്ച സമയത്തെ  അപ്പോഴെല്ലാം പഴിക്കാറുമുണ്ട്..

 പിന്നെ കുറേ കാലത്തിനു ശേഷമാണ് പെണ്ണുകാണൽ എന്ന പരിപാടി പിന്നേം അച്ഛനെനിക്ക് മുന്നിൽ അവതരിപ്പിച്ചത് ....വാശിയും പിണക്കവും കാണിച്ചാലും അവർക്ക് മുന്നിൽ കീഴടങ്ങിയെ എനിക്ക് ശീലമുണ്ടായിരുന്നുള്ളൂ..
 ഇത്തവണയും അത് തന്നെ സംഭവിച്ചു ..വീണ്ടുമൊരു കാഴച്ചവസ്തുവായി...
കെട്ടിയൊരുങ്ങി മുന്നിലേക്ക് വന്നപ്പോ കണ്ടതോ  എന്നെ നോക്കാതെ മേശപ്പുറത്തിരുന്ന കേക്കിലേക്ക് നീങ്ങുന്ന അങ്ങേരുടെ കൈയ്യുകളാണ്... 

"ഇയാളെന്താ ഭക്ഷണം കാണാതെ കിടക്കുവാണോ.. ? അച്ഛന് ഇതെവിടുന്നു കിട്ടിയോ..
എന്തായാലും സംസാരിക്കാൻ  ഒരു അവസരം  കിട്ടിയപ്പോൾ  ഞാൻ നന്നായി വിനിയോഗിച്ചു..

"അതേയ്...ആദ്യമേ ഒരു കാര്യം പറയാം....നമ്മളൊക്കെ ഈ പച്ചവെള്ളം കുടിച്ചാലും വണ്ണം വെക്കുന്ന ടീമാ...അതുകൊണ്ട് തടി കൂടുതലാ...കുറച്ചിരുന്നേൽ നന്നായിരുന്നേനെ....എന്നൊക്കെയുള്ള സ്ഥിരം ഡയലോഗ് ഒന്നും വേണ്ട.. ഇനി അതല്ല, തടി കുഴപ്പമില്ല, സ്ത്രീധനം തരുമ്പോൾ കുറച്ച് കൂട്ടിയാൽ മതി  എന്നാണെങ്കിലും  നടപടിയില്ല...ഇഷ്ടായില്ലാന്ന് അറിയാം, എനിക്കും അങ്ങനെ തന്നെയാ.. അപ്പൊ പിന്നെ പെട്ടെന്ന്  ഇറങ്ങിയാൽ നേരത്തെ തന്നെ വീട്ടിൽ  എത്തിയേനേ....."

ഞാൻ പറഞ്ഞതിലൊന്നുമല്ല ആളുടെ ശ്രദ്ധ എന്ന് അടുത്ത ചോദ്യം കേട്ടപ്പോഴാ എനിക്കും കത്തിയത്...

" അവിടെ വെച്ചേ ചോദിക്കണമെന്ന് ഓർത്തതാ ...."

"എന്ത്....?

"ഈ കേക്ക് ആരാ ഉണ്ടാക്കിയത്...?
 
"ഞാൻ തന്നെയാ... എന്താ..?

"ശരിക്കും..

ഓഹ്...ഞാനിവിടെ ആന കാര്യം പറയുമ്പോഴാ അയാള്ടെ ചേന കാര്യം..

" എടോ..എന്നാ തനിക്കൊരു ഷോപ്പ് തുടങ്ങിക്കൂടെ...കേക്കിന്റെ പല വെറെയ്റ്റി...അസാദ്യ ടേസ്റ്റാടോ.. താൻ ഈ മേഖലയിൽ തിളങ്ങും....ഉറപ്പ്..
 ജോലി ഇല്ലാന്നും പറഞ്ഞ്  വീട്ടിൽ കുത്തിയിരിക്കുന്നതുകൊണ്ടല്ലേ  ഇങ്ങനെ ഉടുത്തൊരുങ്ങി  ഓരോരുത്തന്മാരുടെ  മുന്നിൽ നിൽക്കേണ്ടി വരുന്നത്...."

 അയാളുടെ തലയ്ക്ക് വല്ല ഓളമുണ്ടോന്ന് ഞാൻ സംശയിക്കാതിരുന്നില്ല. അല്ലേൽ  പെണ്ണ് കാണാൻ വന്നിട്ട്  കല്യാണം കഴിക്കണ്ട..ജോലിക്ക് പോവാൻ പറയുവോ....

"ടോ....
"ആഹ്....
" കല്യാണമൊക്കെ  തനിക്കിഷ്ടമുള്ളപ്പോൾ ഇഷ്ടമുള്ള ആളെ ചെയ്താൽ മതി...പക്ഷേ തനിക്ക് പറക്കണമെങ്കിൽ താൻ തന്നെ ചിറക് വിരിക്കണം... ആകാശം മാത്രേ  ഞങ്ങൾക്ക് കാണിച്ചു തരാൻ പറ്റൂ...

"മ്മ്.... 

"ഇങ്ങനെ മിഴിച്ചിരിക്കാനല്ല പറഞ്ഞത്...ഇയാൾക്ക് അതിനുള്ള കഴിവുണ്ട്‌...സക്സ്സസാവും..

എല്ലാം കേട്ട് തലകുലുക്കിയതല്ലാതെ  ഞാൻ തിരിച്ചൊന്നും പറഞ്ഞില്ല..

" പിന്നേ... അതിനൊരു  തുടക്കമിടാൻ ഞാനും സഹായിക്കാം...ചെറിയൊരു  ലോണൊക്കെ റെഡിയാക്കി തരാടോ.. സമയം കിട്ടുവാണേൽ ബാങ്കിലേക്ക് ഇറങ്ങ്...

 യാത്ര പറഞ്ഞ് പോകുമ്പോൾ എന്നെ ഇഷ്ടമാണെന്നോ അല്ലന്നോ അദ്ദേഹം പറഞ്ഞില്ല....പക്ഷേ മനസ്സിലൊരു  സ്വപ്‌നം തന്നിട്ട്  ഇപ്പൊ കല്യാണം വേണ്ടന്നൊരു തീരുമാനമെടുക്കാൻ എന്നെ പ്രാപ്തയാക്കിയിരുന്നു...

അവിടെ നിന്ന് തുടങ്ങിയൊരു യാത്ര   മൂന്ന് വർഷം കൊണ്ട് പലരൂപത്തിലും  രുചിയിലും  കേക്കുകൾ  ഉണ്ടാക്കാൻ എന്നെ സമർഥയാക്കിയിരുന്നു..ഷോപ്പിനൊപ്പം 
അത്യാവശ്യം   ഫോളോവഴ്സ് ഉള്ള യൂട്യൂബ് ചാനലും  ടീ.വി  ഷോകളിലും  നമ്മടെ കേക്കുകൾ ചെറുതല്ലാത്ത സ്ഥാനം പിടിച്ചെടുത്തു...അല്ലേലും   ഈ  സ്വപ്നം  കാണാൻ  ആരെങ്കിലും പഠിച്ചാൽ പിന്നെ എല്ലാം സിമ്പിൾ ആടോ.. 

ഇന്ന്   പരിപാടികളിലൊക്കെ  ആമുഖം എന്നോണം പണ്ടത്തെ എന്നെ കുറിച്ച്....തടി കാരണം പുറത്തു ഇറങ്ങാൻ മടി കാണിച്ചിരുന്ന  പെണ്ണ് വിജയത്തിന്റെ പടികൾ കേറിയ കഥ ചോദിക്കുമ്പോൾ ഉത്തരം വളരെ എളുപ്പമായിരുന്നു...

"ഹസ്ബൻഡ്‌  നമ്മടെ ആ പഴയ ബാങ്ക് മാനേജർ തന്നെയാ...! 
കവിത തിരുമേനി

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്