kissakal

ബാറിൽ നിന്നു ഇറങ്ങിയപ്പോൾ ലേറ്റ് ആയിരുന്നു...  പാർക്കിംഗ് ലെ സെക്യൂരിറ്റി രാജേട്ടൻ പതിവ് ചിരിയുമായി വണ്ടീടെ അടുത്തു തന്നെ ഉണ്ടായിരുന്നു..  

മോൾടെ കല്യാണമൊക്കെ ഉഷാറായില്ലേ..  രാജേട്ടാ..  

എല്ലാം ഭംഗിയായി.  മോനെ..  മോൻ തന്ന പൈസ എന്നു തന്നു തീർക്കാൻ പറ്റുമെന്നു അറിയില്ല.. തീർത്താൽ തീരാത്ത കടപ്പാട് ഉണ്ട് മോനോട്..  

എന്തിന്..  രാജേട്ടാ.
കൂട്ടി വെച്ചു കൂട്ടി വെച്ചു എനിക്കിനി ഒന്നും കെട്ടിപ്പടുക്കാനൊന്നുമില്ല..  

മോനേ എന്നാലും..  രാജേട്ടൻ ഒന്നും പറയണ്ട.. അപ്പോ നാളെ കാണാം..  

ഡ്രൈവിംഗ് സീറ്റിലേക്ക് കയറി..  വണ്ടി എടുത്തു..  സിറ്റിയിൽ നിന്നു കുറേ ദൂരെയാണ് വീട്..  

ഒറ്റക്കുള്ള ഡ്രൈവിംഗ് അതെന്നും ഒരു ലഹരിയാണ്..  കൂടെ എൺപതുകളിലെ പാട്ടുകളും..  

ഒറ്റപ്പെട്ട വഴിയായതു കൊണ്ട് റോഡ് വിജനമായിരുന്നു..  
ഒരു വളവു തിരിഞ്ഞപ്പോഴാണ് ഒരു പെൺകുട്ടി വണ്ടിക്കു കൈ കാണിച്ചത്.  ഒട്ടും പ്രതീക്ഷിക്കാതെയുള്ള കൈ കാണിക്കൽ ആയതുകൊണ്ട്..  ബ്രേക്കിൽ കാൽ അമരാൻ കുറച്ചു വൈകിപ്പോയി..  

ടക് എന്നൊരു ശബ്ദം കേട്ടു..  നാശം.  പണിയായി എന്നുതന്നെയാണ് മനസ്സിൽ തോന്നിയത്..  വണ്ടി റിവേഴ്‌സ് എടുത്തു നോക്കിയപ്പോൾ..  അവൾ  പുല്ലിലേക്കു വീണു കിടക്കുന്ന കാഴ്ചയാണ് കണ്ടത്..  

വേഗം ഇറങ്ങി പിടിച്ചു എഴുന്നേൽപ്പിച്ചു..  ബോധമൊന്നും പോയിട്ടില്ല..  വീഴ്ചയിൽ മരകുറ്റിയിൽ ചെന്നിടിച്ചു നെറ്റി പൊട്ടിയിട്ടുണ്ട് അല്പം.  

കുഴപ്പമൊന്നും ഇല്ലല്ലോ അല്ലേ എന്ന് ചോദിച്ചപ്പോൾ..  തനിക്കു മുഖത്തു കണ്ണില്ലേ എന്നായിരുന്നു അവൾ തിരിച്ചു ചോദിച്ചത്. 

ആഹാ അങ്ങിനെയാണോ വണ്ടിക്കു വട്ടം നിന്നു കൈകാണിച്ചിട്ടു ഇപ്പോ തർക്കുത്തരവും..  

ഏത് സമയത്തു ആണാവോ..  ബാക്കി ഉള്ളത് ഞാൻ മനസ്സിൽ പറഞ്ഞുള്ളു..  

ഫസ്റ്റ് എയ്ഡ് വല്ലതും ഉണ്ടോ തന്റെ വണ്ടിയിൽ..  അറിയില്ല..  എന്നാൽ ഇവിടിരിക്കു എന്ന് പറഞ്ഞു ഞാൻ തൊട്ടടുത്തുള്ള കലുങ്കിൽ പിടിച്ചിരുത്തി..   

അവളുടെ കാറിന്റെ ഡാഷ് ബോർഡ് തുറന്നപ്പോൾ ചാർജറും പവർ ബാങ്കും കുറെ മേക്കപ്പ് ഐറ്റംസും മാത്രമേ കണ്ടുള്ളു..  

ബെസ്റ്റ് ടീം ആണല്ലോ..  
എന്ന് പറഞ്ഞപ്പോൾ മുഖത്തു നോക്കി നല്ല വളിച്ച ചിരി ചിരിച്ചു..  

ഞാൻ പോയി എന്റെ വണ്ടിയുടെ ഡാഷ് ബോർഡ് തുറന്നപ്പോൾ..  അതിലും ഇല്ല ഫസ്റ്റ് എയ്ഡ്..  തലേന്ന് അടിച്ച റമ്മിന്റെ ബാക്കി ഉണ്ടായിരുന്നു..  

അതെടുത്തു പിടിച്ചു അവളെ നോക്കിയപ്പോൾ അവളും പറഞ്ഞു മാഷും ബെസ്റ്റ് ടീം ആണല്ലോ..  കൂടെ ചുണ്ടു സൈഡിലേക്കാക്കി ഒരു ഓഞ്ഞ ചിരിയും..  

ഉടുത്ത മുണ്ടിന്റെ ഒരു കഷ്ണം കീറി റമ്മിൽ മുക്കി അവളുടെ നെറ്റിയിലെ ചോര ഞാൻ തുടച്ചെടുത്തു...  

ആ നീറ്റത്തിലാവും അവളുടെ നഖങ്ങൾ എന്റെ കൈത്തണ്ടയിൽ അമർന്നു..  

കിടന്നു അലറാതെ കൊച്ചെ കഴിഞ്ഞു..  രണ്ടു വിരൽ വീതിയിൽ ഒരു കഷ്ണം കൂടി മുണ്ടു കീറി ചുറ്റി കെട്ടികൊടുത്തു..
 
താൻ എന്തിനാ എന്റെ വണ്ടിക്കു കൈ കാണിച്ചത്..  എന്റെ വണ്ടി ഓഫായി പോയി സ്റ്റാർട്ട് ആവണില്ല..   

ഇവിടെ പാലക്കാട് എന്റെ ഒരു ഫ്രണ്ട്‌ ഉണ്ട്..  ഒരു റിസർച്ച് ഉണ്ട് കാവുകളെ പറ്റി അതിന്റെ ഭാഗമായി വന്നതാണ്..  പക്ഷെ പെട്ടുപോയിന്നു പറഞ്ഞാൽ മതിയല്ലോ.  വണ്ടിയും പണിമുടക്കി.  ഫോണും ഓഫായി..  

ഈ ഒറ്റപ്പെട്ട സ്ഥലത്തു ഒറ്റയ്ക്ക് നിക്കാൻ പേടി..  ആരുടെയെങ്കിലും ഒരു ഹെല്പ്.  

അതിനു വേണ്ടിയാ കൈകാണിച്ചതു.  ഒരു കള്ളുകുടിയന്റെ വണ്ടിയാണെന്നു അറിഞ്ഞില്ലായിരുന്നു..  

ഓഹ്..  നമ്മള് കള്ളുകുടിയൻ ഒക്കെ തന്നെ. കള്ളുകുടിയന്മാർ അല്ലാത്ത ആരെങ്കിലും വരുമോ എന്നു പൊന്നുമോള് ഇവിടിരുന്നു നോക്ക്..  ചേട്ടൻ പോട്ടെ..

എന്തായാലും തന്നെ വണ്ടിയിടിച്ചതു നന്നായി..  അതുകൊണ്ടാ..  ഈ റമ്മിന്റെ കാര്യം ഓർമ വന്നത്..  കലുങ്കിൽ ഇരുന്ന കുപ്പിയെടുത്തു ഒരു കവിൾ കൂടി അതിൽ നിന്നു കുടിച്ചു..  

അപ്പോ പോട്ടെ പെങ്ങളെ..  എന്നും പറഞ്ഞു ഞാൻ എന്റെ കാറിലേക്ക് കയറാൻ തുടങ്ങുമ്പോൾ..  ആണ് അവള് പറഞ്ഞത്. 

എന്തൊരു മനുഷ്യനാടോ താൻ..  

ഹ ഹ.. അപ്പോ പേടി ഉണ്ട്..  എന്നാലും ഡയലോഗിന് ഒരു കുറവുമില്ല..  

എന്താ എടുക്കാനുള്ളതെന്നു വെച്ചാൽ എടുത്തു ആ കാറിലേക്ക് വെച്ചോ..  താനും കേറിക്കോ..  പിന്നെ ആ കാറ് ലോക്ക് ചെയ്തു ചാവി എടുത്തോ..  

വേറെ നിവൃത്തി ഇല്ലാത്തതിനാലാവാം അവളു പറഞ്ഞപോലെ ചെയ്തു..  

എന്നാൽ പോവല്ലേ...  

ഉം.. 

എന്തു കും?  

എവിടെയാ തന്റെ ഫ്രഡിന്റെ വീട് അവിടെ ആക്കാം..  

അതുപിന്നെ അഡ്രസ് ഫോണിലായിപ്പോയി...  

ഇന്നെനിക്കു ശിവരാതി ആക്കിയല്ലോ എന്നും പറഞ്ഞു ഞാൻ വണ്ടിയെടുത്തു...  

വണ്ടി ശിവദം എന്നെഴുതിയ വീടിന്റെ മുറ്റത്തു വന്നു നിന്നു..  

ഇതാണെന്റെ വീട്..  ഇറങ്ങിക്കോ..  പേടിക്കണ്ടടൊ..  ഇവിടെ സേഫ് ആണ്..  അച്ഛനും അമ്മയും  എനിക്കും ഉള്ളതാ..  

കള്ളുകുടിയനാണെങ്കിലും..  തറ അല്ല..  

ആശങ്കയുള്ള ആ മുഖത്ത് ഒരു ചിരി വന്നു അതുകേട്ടപ്പോൾ..  

ഒച്ചയുണ്ടാക്കണ്ട താൻ വായോ..  അവരു ഉറങ്ങിക്കോട്ടെ..   

ഈ റൂം എടുത്തോളൂ..  കഴിക്കാൻ വല്ലതും വേണെങ്കിൽ ഫ്രിഡ്ജിൽ വല്ല ബ്രെഡോ മുട്ടയോ ഉണ്ടാകും.. 

ഒന്നും വേണ്ട മാഷേ വിശപ്പില്ല..  ചാർജർ ആ ടേബിളിമേൽ ഉണ്ടാകും..  

എന്തേലും ആവശ്യം ഉണ്ടെങ്കിൽ വിളിച്ചാൽ മതി.. ഞാൻ ഉമ്മറത്ത് ഉണ്ടാകും..  

ഇനിയെങ്കിലും എനിക്കൊന്നു കിടക്കാലോ അല്ലേ?  

അതു കേട്ടിട്ടാവണം ഒന്നുടെ ചിരിച്ചു..  അവൾ.  അപ്പോ ഗുഡ് നൈറ്റ്..  

അവൾ റൂമിൽ കേറി കതകു അടച്ചപ്പോൾ..  ഞാൻ മുറ്റത്തേക്കിറങ്ങി...  കാറിൽ ഉണ്ടായിരുന്ന കുപ്പിയിൽ ബാക്കി ഉണ്ടായിരുന്ന റം എടുത്തു രണ്ടു കവിളിറക്കി..  

ഉമ്മറത്തെ..  ചാരു കസേരയിൽ കിടന്നെപ്പോഴോ ഉറങ്ങിപോയി...  

നേരം വെളുത്തു അവളു തട്ടി വിളിച്ചപ്പോഴാണ് ഉണർന്നത്..  

ആഹാ ഇവിടെയാണോ കിടന്നുറങ്ങിയത്?  

എവിടെയായാലും ഉറങ്ങിയാൽ പോരെ.  അതുപറഞ്ഞപ്പോഴാണ് അവളെ ശെരിക്കു കാണുന്നത്..  ഇന്നലെ ജീൻസും ടി ഷർട്ടും ഇട്ട പെണ്ണേ അല്ല..  സാരിയൊക്കെ ചുറ്റി..  ഒരു  ട്രഡീഷണൽ ലുക്ക്.  

തനിക്കു എപ്പോഴാ പോവണ്ടേ?  ഞാൻ ഫ്രണ്ടിനെ വിളിച്ചു പറഞ്ഞിട്ടുണ്ട്..  ഇവിടുന്നു പത്തിരുപതു കിലോമീറ്റർ ഉള്ളു..  അവിടേക്കു.  

മാഷ്ക്ക് ബുദ്ധിമുട്ടാവില്ലെങ്കിൽ. ഒന്നു ബസ്‌സ്റ്റോപ് വരെ ആക്കിതരോ.. ? 

ഒക്കെ..  ഞാൻ കുളിക്കുമ്പോഴേക്കും റെഡിയായിക്കോളൂ..  

ഞാൻ കുളിച്ചു വരുമ്പോഴേക്കും അവൾ ബാഗുമെടുത്തു..  റെഡിയായിരുന്നു.. 

പോവാം.  

അല്ല മാഷേ അച്ഛയെയും അമ്മയെയും കണ്ടില്ലല്ലോ.? 

അവരു നേരത്തെ എണീറ്റു അമ്പലത്തിലെങ്ങാനും പോയികാണും.  വല്യ വിശ്വാസികളാണ്.  

അതിനു മറുപടിയായി ഒരു മൂളൽ മാത്രമേ ഉണ്ടായിരുന്നുള്ളു..  

നല്ല വീടാണ് ട്ടാ..  മുറ്റത്തു ചെത്തിയും മന്ദാരവും..  തുളസി തറയും..  തൊലികയ്പൻ മാവും. പടിപ്പുരയും..  ചാരുപടിയുള്ള കോലായിയും. നടുമുറ്റവും   എന്ത് ഐശ്വര്യമാണ്..  

ഇവിടേക്കെങ്ങിനെയാ മാഷേ..  കള്ളുകുടിച്ചു കയറി വരാൻ തോന്നണേ?

ഓരോരുത്തരും അവർക്കിഷ്ടമുള്ള പോലെ ജീവിക്കട്ടെ..  അല്ലെങ്കിലും ആരെ കാണിക്കാനാണ് സ്വഭാവ സർട്ടിഫിക്കറ്?  

ഞാനിങ്ങനൊക്കെ ആണ്.  ഇനിയും ഇതുപോലൊക്കെ ആയിരിക്കും.  

ഓഹ്.  ആയിക്കോട്ടെ 

താൻ കയറു..  പോണവഴിയിൽ.  ദിനേശിന്റെ വീട്ടില് കയറാം..  തന്റെ വണ്ടിടെ കീ കൊടുത്താൽ മതി..  അവരു റിക്കവർ ചെയ്തോളും.  

എത്രയാ ചാർജ് എന്നു വെച്ചാൽ പേ ചെയ്താൽ മതി..  

ഒക്കെ.  

അവൾ ഫോണിൽ മാപ് ഓൺ ചെയ്തിട്ടു..  വണ്ടി മെയിൻ റോഡിൽ നിന്നു മണ്ണിട്ട റോഡിലേക്ക് തിരിഞ്ഞു..  

രണ്ടുവശങ്ങളും പാടം പച്ചവിരിച്ചു കിടക്കുന്നു..  സൂര്യ പ്രകാശത്തിൽ കതിരിലെ മഞ്ഞു തുള്ളികൾ തിളങ്ങുന്നു..  ഞാൻ സൈഡ് ഗ്ലാസ് താഴ്ത്തി പുറത്തു നിന്നു നല്ല തണുത്തകാറ്റു. ആ കാറ്റിൽ  അവളുടെ കെട്ടിവെക്കാത്ത മുടിയിഴകൾ ആ കാറ്റിനൊപ്പം. 

ഞാൻ നോട്ടം മാറ്റി.. ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചു. 

അപ്പോഴാണ് വീണ്ടും ഒരു മാഷേ വിളി..  

ഉം?  

അല്ല മാഷേ എന്തിനാ ഇങ്ങനെ കുടിക്കണേ..  
കുടിച്ചാൽ മരിച്ചു പോയവര് തിരിച്ചു വരുവോ?  

ആ ചോദ്യം..  അവളിൽ നിന്നു ഞാൻ പ്രതീക്ഷിച്ചിരുന്നില്ല..  

അറിയാതെ ബ്രേക്കിൽ കാലമർന്നു..  ആ ചെമ്മൺ പാതയിൽ..  കാർ ശബ്ദത്തോടെ പൊടിപറത്തി നിന്നു..  

എന്റെ കണ്ണുകൾ ചുവന്നിരുന്നു..  പറയാൻ പറ്റാതെ എന്തോ തൊണ്ടയിൽ കുടുങ്ങിയപോലെ. ഞാൻ ഡോർ തുറന്നു ഇറങ്ങി.. ഒരു സിഗരറ്റു എടുത്തു കത്തിച്ചു..  

എന്റെ ഭാവമാറ്റം അവളിൽ  ഭീതി ഉണർത്തിയിരുന്നു.  അതവളുടെ മുഖത്തു നിന്നു എനിക്കു വായിച്ചെടുക്കാമായിരുന്നു.  

സോറി മാഷേ ഇന്നലെ കിടന്നിട്ട് ഉറക്കം വരാതായപ്പോൾ മേശപ്പുറത്തു കിടന്ന ഡയറി മറിച്ചു നോക്കിയതാണ്. 

കഥകളും കവിതകളുമൊക്കെ കണ്ടപ്പോൾ..  ഒരു സന്തോഷം തോന്നി..  പിന്നേം പിന്നേം മറിച്ചപ്പോഴാണ്..  പലതും അറിഞ്ഞത്..  അച്ഛനും അമ്മയും പോയതും. 

എല്ലാത്തിൽ നിന്നും ഒറ്റപെട്ടു ഒരാളു മാഷ്ടെ ഉള്ളിൽ ഉണ്ടെന്നു..  

അമ്മയെ കുറിച്ചെഴുതിയ വരികൾക്കൊക്കെ എന്തൊരു നോവാണെടോ..  

ആ അമ്മയെ ഒരിക്കലും കണ്ടിട്ടില്ലാത്ത എന്റെ കണ്ണുനിറയണമെങ്കിൽ. അവിടെ എത്രത്തോളം മുറിവേൽപ്പിച്ചിട്ടുണ്ടെന്നു എനിക്കു മനസിലാകും..  

ആരോടും ഒന്നും പറയാതെ എന്തിനാ മാഷേ .. ഇങ്ങനെ നീറി ജീവിക്കുന്നേ. 

അവളുടെ ചോദ്യങ്ങൾക്കു എനിക്കുത്തരം ഇല്ലായിരുന്നു..  

അമ്മേന്നു വിളിച്ചു കേറി ചെല്ലുന്ന വീട്ടിൽ അമ്മയില്ലാത്ത അവസ്ഥയെ പറ്റി. ഞാനെങ്ങനെ പറയാനാണ്..   

നെഞ്ചോടു ചേർത്ത് പിടിച്ചവർ ഇല്ലാത്ത വീടിനെന്തൊരു ശൂന്യതയാണ്..  

പറയാൻ വാക്കുകൾ ഇല്ലായിരുന്നു..  താൻ കയറു..   

മാഷേ..  സോറി. എന്ന് പറഞ്ഞു കയ്യിൽ പിടിച്ചപ്പോൾ അവളും കരഞ്ഞു തുടങ്ങിയിരുന്നു. 

അവളെ ഫ്രണ്ടിന്റെ വീട്ടിലാക്കി തിരിച്ചു പോരുമ്പോൾ..  മനസു അസ്വസ്ഥമായിരുന്നു..  

പോരും നേരം നമ്പർ ചോദിച്ചപ്പോൾ കൊടുക്കാതിരിക്കാൻ കഴിഞ്ഞില്ല..  

വൈകീട്ട് അവളുടെ കോൾ വന്നു.  കാർ കിട്ടി.  താങ്ക്സ്.. 

ബാറിലാവും അല്ലേ മാഷേ..  

അതേ..  

ഞാനൊരു ഹെല്പ് കൂടി ചോദിച്ചോട്ടെ..  

വേണ്ടാന്ന് പറയാൻ മനസു അനുവദിക്കുന്നില്ല.. 

അടുത്താഴ്‌ച്ച എന്റെ ഇവിടത്തെ ജോലി തീരും.  എന്റെ കൂടെ ഒരിടം വരെ വരോ?  

സ്ഥലം എവിടാണ് എന്നു പറ.  അതൊക്കെ വരുമ്പോൾ അറിഞ്ഞാൽ മതി.  

മാഷ് വിളിച്ചപ്പോൾ പാതിരാക്ക് എവിടേക്കാണെന്നു പോലും ചോദിക്കാതെ ഞാൻ വന്നില്ലേ .  

എന്താ പേടിയുണ്ടോ..  

ഹേയ് ഞാൻ വരാം... 

രാവിലെ അവളുടെ കാർ മുറ്റത്തു വന്നു നിന്നു..  

കാർ ചെന്നു നിന്നതു ഒരു ഡി അഡിക്ഷൻ സെന്ററിന്റെ മുറ്റത്തായിരുന്നു..  

എല്ലാം ഒരു നിയോഗമാണ് മാഷേ..  കാർ ബ്രേക്ക് ഡൌൺ ആയതും. പരിചയപെട്ടതും.  ഡയറി വായിച്ചതും എല്ലാം..  

ഒരു പാതി രാത്രിക്കു ഒരു പെൺകുട്ടിയെ ഒറ്റയ്ക്ക് കിട്ടിയാൽ അതു മുതലെടുക്കാൻ ശ്രമിക്കുന്നവരാണ് പലരും..  

മദ്യത്തിന്റെ ലഹരിയിൽ ആയിട്ടുപോലും. മാഷിൽ നിന്നു ഒരു മോശമായ ഒന്നും ഉണ്ടായില്ല..  

മണ്മറഞ്ഞു പോയ അച്ഛനും അമ്മയ്ക്കും.  വേണ്ടിയെങ്കിലും മാഷ് കുടി നിർത്തണം..  റിസൈന്‍ ചെയ്ത കോളേജിൽ വീണ്ടും ജോയിൻ ചെയ്യണം..  നന്മയുള്ള അധ്യാപകർ വേണ്ടേ മാഷേ ഇനിയുള്ള തലമുറയ്ക്ക്..  

അമ്മേടെ വല്യ ആഗ്രഹമായിരുന്നില്ലേ..  ആകാശത്തിരുന്നു അവരും കാണട്ടെ..  മാഷേ മനസു നിറഞ്ഞു..  

ഇനി ഒറ്റക്കാണെന്നുള്ള തോന്നല് വേണ്ട മാഷേ..  തിരികെ വരുമ്പോൾ.. കാത്തിരിക്കാൻ ഒരാളുകൂടെ ഉണ്ടെന്നു കൂട്ടിക്കോളൂ..  എന്നു പറഞ്ഞു കയ്യിൽ അമർത്തി പിടിച്ചപ്പോൾ..  വർഷങ്ങൾക്കു ശേഷം എന്നിൽ ഒരു മഴ പെയ്യുന്നുണ്ടായിരുന്നു..  

അടക്കിപിടിച്ചതൊക്കെ കണ്ണിൽ നിന്നു തോരാതെ പെയ്യുന്നുണ്ടായിരുന്നു.. 

സ്നേഹത്തിനോളം ലഹരി മറ്റൊന്നിനും ഇല്ല എന്നുള്ളതാണ് സത്യം.. 

ശ്രീജിത്ത് ആനന്ദ് 
തൃശ്ശിവപേരൂർ

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്