മുറപ്പെണ്ണ്

മുറപ്പെണ്ണ്

"എന്നോട് ക്ഷമിക്കണം അജയേട്ടൻ... എനിക്കതിനു കഴിയില്ല"

"രശ്മീ?"

" അതു തന്നെയാ അജയേട്ടാ ഞാൻ പറഞ്ഞത്... മറ്റൊരു പെണ്ണിനെ സ്വീകരിക്കാനുറച്ചിരുന്ന ആ മനസ്സിലേക്ക് എനിക്കിനി കടന്നു വരാൻ കഴിയില്ല"

രശ്മിയുടെ ശബ്ദം ഉറച്ചതായിരുന്നു.

അവളുടെ ശ്രദ്ധ മുഴുവൻ അടക്കിവെക്കുന്ന ഡ്രസ്സിലായിരുന്നു.

"രശ്മീ... ഇനി നാലഞ്ചു മണിക്കൂറുകൾ മാത്രമേ എനിക്കു മുന്നിൽ ബാക്കിയുള്ളു. നാളെ പുലർച്ചെ എല്ലാവരും എത്തുമ്പോൾ ഞാനെന്താ അവരോട് പറയാ... കെട്ടാനിരുന്ന പെണ്ണ് കല്യാണത്തലേന്ന് ഒളിച്ചോടിയെന്നോ?"

അജയിന്റെ ശബ്ദം കരച്ചിലിന്റെ വക്കത്തെത്തിയിരുന്നു.

"കല്ലാണപെണ്ണ് ഒളിച്ചോടിയതാണെന്ന് നാട്ടുക്കാർ പതിയെ അറിയും. പക്ഷേ പറഞ്ഞ സമയത്ത് എന്റെ വിവാഹം നടക്കണം.അതിനു നീ മനസ്സുവെക്കണം"

"എനിക്ക് മനസ്സെന്ന ഒരു സാധനമുണ്ടോ അജയേട്ടാ... എന്റെ മനസ്സ് ഒരിക്കലെങ്കിലും അജയേട്ടൻ കണ്ടിട്ടുണ്ടോ?"

രശ്മിയുടെ ചോദ്യമുന തന്റെ കണ്ണുകളിലേക്കിരച്ചു കയറിയ നിമിഷം അജയിന്റെ തല കുനിഞ്ഞു.

ഉത്തരമില്ലാത്ത ചോദ്യം തന്നെയായിരുന്നു അത്.

അവളുടെ മനസറിയാമായിരുന്നിട്ടും കണ്ടില്ലെന്നു നടിച്ചു.

ഇക്കാലമത്രയും അവളിൽ നിന്ന് മനപൂർവ്വം താൻ ഓടിയൊളിക്കുകയായിരുന്നു.

പക്ഷേ ഇപ്പോൾ?

അപമാനത്തിന്റെ ചെളിക്കുണ്ടിലേക്ക് മുങ്ങിതാഴ്ന്നു കൊണ്ടിരിക്കുന്ന തനിക്ക് രക്ഷപ്പെടാൻ അവളുടെ നീട്ടിയ കൈ തന്നെ വേണം.

"നീയെന്റെ മുറപ്പെണ്ണാണ്.നിന്റെ അമ്മാവന്റെ മകനാണ് ഞാൻ"

"അതിന്?"
അവൾ വെട്ടിത്തിരിഞ്ഞ് അവന്റെ മുഖത്തേക്ക് കൂർപ്പിച്ചു നോക്കി.
"മുറപ്പെണ്ണായത് ഈ നിമിഷം തൊട്ടല്ലല്ലോ? ഞാൻ ജനിച്ചപ്പോൾ തന്നെ അജയേട്ടന്റെ മുറപ്പെണ്ണായിരുന്നു എന്നാണ് എന്റെ ഓർമ്മ"

അവളുടെ വിളറിയ ചിരി തന്നെ ദഹിപ്പിക്കുന്നതു പോലെ തോന്നി അജയിന്.

"ഒരുപാട് സ്വപ്നം കണ്ടിട്ടുണ്ട് ഞാൻ അജയേട്ടനെ പറ്റി...

എന്റെ സങ്കൽപ്പങ്ങളും, മോഹങ്ങളും, എന്തിന് എന്റെ ഒരു ദിവസം തന്നെ പുലരുന്നത്-എല്ലാം അജയേട്ടനെ കുറിച്ചുള്ള ചിന്തയോടെയാണ്.

ഒരു വർണ്ണതുമ്പിയെ കിട്ടിയാൽ, കാറ്റിൽ പൊഴിഞ്ഞ ഒരു ഉണ്ണിമാങ്ങ കിട്ടിയാൽ ആർക്കും കൊടുക്കാതെ, ആർക്കും കാണിക്കാതെ ഞാനത് ഒളിപ്പിച്ചുവെയ്ക്കും. എന്തിനെന്നോ-ന്റെ അജയേട്ടന് കൊടുക്കാൻ വേണ്ടി.

രശ്മിയുടെ വാക്കുകൾ മുറിയുന്നുണ്ടായിരുന്നു.

ആ മിഴികളിലേക്ക്, ആത്മാവിൽ നിന്നൊഴുകുന്ന നീർ വഴി തെറ്റി വരുന്നുണ്ടായിരുന്നു.

"എല്ലാം അജയേട്ടനറിയാം. പക്ഷേ അജയേട്ടൻ എല്ലാം കണ്ടില്ലെന്നു നടിച്ചു.
ഈ അനാഥ പെണ്ണിനെ കെട്ടിയാൽ, കണ്ട സ്വപ്നങ്ങളെല്ലാം തകരുമെന്ന് അജ യേട്ടൻ വിശ്വസിച്ചു "

"രശ്മീ ഞാൻ "
വാക്കുകൾ കിട്ടാതെ പതറിയിരുന്ന അജയിനെ അവൾ രൂക്ഷമായൊന്നു നോക്കി.

"എന്താ ഞാൻ പറഞ്ഞത് സത്യമല്ലേ? അമ്മാവൻ ഗൾഫിൽ പോയി നാലുകാശുണ്ടായപ്പോഴാ അജയേട്ടന്റെ സ്വഭാവത്തിന് മാറ്റം വന്നേ"

ഒന്നും പറയാതെ അജയ് തല കുമ്പിട്ടിരുന്നു.

ക്ലോക്കിന്റെ ശബ്ദം അയാളെ വല്ലാതെ പേടിപ്പിക്കുന്നുണ്ടായിരുന്നു.

" ഇനി ഞാനിവിടെ നിൽക്കുന്നതാണ് അജയേട്ടന് ബുദ്ധിമുട്ടെങ്കിൽ ഞാൻ ഇറങ്ങിക്കോളാം. ഈ അനാഥപെണ്ണിന് തല ചായ്ക്കാൻ ഏതെങ്കിലം സത്രം കിട്ടാതിരിക്കില്ല"

"ഇറങ്ങേണ്ടത് നീയല്ല രശ്മീ... ഞാനാ"

കസേരയിൽ നിന്നെഴുന്നേറ്റ അജയ്
തുറന്നിട്ട ജനലിലൂടെ പുറത്തേക്ക് നോക്കി.

സദ്യവട്ടങ്ങളൊരുക്കി ഉറങ്ങുന്ന പാചകക്കാർ,

പന്തലിന്റെ ഒരു മൂലയിൽ, അജയിന് കിട്ടിയ സൗഭാഗ്യങ്ങളെ വാരോതെ സംസാരിച്ചുകൊണ്ട് മദ്യഗ്ലാസ്സ് കാലിയാക്കുന്നവർ.

ജനലിനടുത്തായി, കട്ടൻചായ കുടിച്ച് ഉറക്കത്തെ അകറ്റി, ചീട്ടുകളിയിൽ വ്യാപൃതരായവർ.

ഒരു ജോക്കർ കിട്ടിയാൽ ചീട്ട് മലർത്താമെന്ന് മോഹിക്കുന്ന ദാസനോട് പറയണമെന്നുണ്ട്;നിന്റെ പിന്നിലായി ഈ മുറിക്കുള്ളിൽ വലിയൊരു ജോക്കർ നിൽക്കുന്നുണ്ടെന്ന്.

"ഒരു മാസം കൊണ്ട് ഉണ്ടായ ബന്ധം തകർന്നപ്പോൾ അജയേട്ടൻ ഇത്ര തളർന്നെങ്കിൽ,ഒരു ജീവിതകാലം ഞാൻ സ്വരുക്കൂട്ടിയ സ്വപ്നങ്ങൾ തകർന്നപ്പോൾ ഞാൻ എത്രമാത്രം വേദനിച്ചിട്ടുണ്ടാവും? മനസ്സിൽ,മരിച്ചു പോയിരുന്നില്ലേ ഞാൻ? അങ്ങിനെയുള്ള ശവത്തിനോട് എന്തിനാ ഇങ്ങിനെ -യാചിക്കുന്നേ അജയേട്ടാ?"

ഓരോ ചോദ്യങ്ങളം, ഓരോ കൂരമ്പുകളായി തന്റെ ഹൃദയത്തിലേക്ക് കുത്തിയിറക്കുകയാണ് രശ്മി.

ആ ചോദ്യങ്ങൾക്കൊന്നും ഉത്തരമില്ലായെന്നറിഞ്ഞിട്ടും, തന്റെ മനസ്സ് കുറ്റബോധത്താൽ നീറിപ്പിക്കാനല്ലേ രശ്മിയുടെ ഈ ചോദ്യങ്ങൾ?

അവന്റെ കലങ്ങിയ കണ്ണുകൾ ദൂരേയ്ക്ക് നീണ്ടു.

നരച്ച ആകാശത്തിനു കീഴെ വിളറി നിൽക്കുന്ന ചന്ദ്രികയെ നോക്കി അവൻ ഒന്നു പുഞ്ചിരിച്ചു.

മരണത്തിനു മുൻപ് കണ്ട മനോഹരമായ ദൃശമാകട്ടെ, ഈ വിളറിയ ചന്ദ്രികയെന്ന് അവൻ മനസ്സിൽ മന്ത്രിച്ചു.

തനിക്കു ചുറ്റും പൊതിയുന്ന പ്രാണി കളെ അവൻ ആട്ടിയോടിച്ചില്ല.

മണ്ണോട് മണ്ണാകാൻ മണിക്കൂറുകൾ മാത്രമുള്ളപ്പോൾ, അവൻ എല്ലാ ജീവജാലങ്ങളെയും സ്നേഹിക്കാൻ പടിച്ചു തുടങ്ങിയിരുന്നു.

പറയാൻ വാക്കുകളില്ലാതെ കുറച്ചു നിമിഷം രശ്മിയുടെ മുന്നിൽ തലകുമ്പിട്ടു നിന്നു അജയ്.

" എല്ലാറ്റിനും മാപ്പ് രശ്മീ"

നിമിഷങ്ങൾക്ക് ശേഷം, അജയിന്റെ -നീർ നിറഞ്ഞ കണ്ണകൾ അവൾക്കു മുന്നിലായി തെളിഞ്ഞു.

ഭൂതക്കാലത്തിന്റെ ഇരുട്ടിൽ നിന്ന് ഒരു പറ്റം വെള്ളരിപ്രാവുകൾ ഹൃദയത്തിലേക്ക് ചിറകടിച്ചു വരുന്നതു പോലെ തോന്നി രശ്മിയ്ക്ക്.

എന്തിനാണെന്നറിയാതെ അവളുടെ മിഴികളിലും,വർഷം തിരതല്ലാൻ തുടങ്ങിയിരുന്നു.

മങ്ങിയ മിഴികൾക്കപ്പുറത്ത്, ഇടറിയകലുന്ന അജയിനെ കണ്ടപ്പോൾ അവളുടെ നിയന്ത്രണം നഷ്ടപ്പെട്ടു.

" അജയേട്ടൻ ആ വാതിലൊന്നു കുറ്റിയിട്ടേ "

ആ ശബ്ദം കേട്ടപ്പോൾ അവന്റെ കാൽപാദങ്ങൾ പൊടുന്നനെ നിശ്ചലമായി.

അവിശ്വസനീയതയോടെ അവൻ, പിടയ്ക്കുന്ന കണ്ണുകളോടെ തിരിഞ്ഞുനോക്കി.

നിറഞ്ഞ മിഴികളോടെ തെളിഞ്ഞ പുഞ്ചിരിയോടെ തന്റെ അടുത്തേക്ക് വരുന്ന രശ്മി, സ്വപ്നത്തിലെ ഒരു മാലാഖയാണോയെന്നവൻ -സംശയിച്ചു.

രശ്മി അടുത്ത് വന്ന് അവന്റെ കണ്ണിലേക്കുറ്റു-നോക്കി.

"ഒരു പത്തു നിമിഷം എന്റെ ചുണ്ടിൽ അമർത്തിയൊന്നു ചുംബിക്കൂ അജയേട്ടാ "

അജയ് ഒന്നുമറിയാത്തവനെ പോലെ രശ്മിയെ നോക്കി.

"ഒരു പത്തു വർഷക്കാലമായിട്ടുള്ളൂ അജയേട്ടൻ എന്നെ അകറ്റി നിർത്തിയിട്ട് "

അവൾ പതിയെ അ ജയിന്റെ നെഞ്ചിലേക്ക് ചാഞ്ഞു,

" ആ പത്തു വർഷത്തെ എന്റെ എല്ലാ വിഷമവും ഈ പത്തു മിനിറ്റിലൂടെ എനിക്ക് മറക്കാനാവും അജയേട്ടാ "

അജയ് ഒരു പൊട്ടിക്കരച്ചിലോടെ അവളെനെഞ്ചിലമർത്തിപ്പിടിച്ച്, ആ മുഖമുയർത്തി ഒരു ഭ്രാന്തനെപോലെ ചുംബിക്കാൻ തുടങ്ങി.

"ഒരു മയത്തിലൊക്കെ ചുംബിക്ക് മാഷെ.നാളെ വിവാഹ മണ്ഡപത്തിലിരിക്കേണ്ട പെണ്ണാണ് - മുഖത്ത് പാട് കണ്ടാൽ ആൾക്കാരൊക്കെ കളിയാക്കും"

നഷ്ടപ്പെട്ട ശ്വാസം തിരികെയെടുത്തു, ഒരു കിതപ്പോടെ അജയിനെ നോക്കി നാണത്തിൽ കുതിർന്ന ഒരു ചിരിയുതിർത്തു രശ്മി.

" ആ കളിയാക്കലൊക്കെ ഞാൻ നോക്കിക്കൊണ്ട് പെണ്ണേ...

വീണ്ടും ആ ചെഞ്ചുണ്ടിൽ ചുംബിച്ചു തുടങ്ങി അജയ്.

"ടോ താനെന്താണടോ കാണിക്കുന്നേ?"

ശബ്ദം കേട്ട് ഓർമ്മകളിലേക്ക് തിരിച്ച് വന്ന അജയ്, ചുവന്ന മുഖത്തോടെ നിൽക്കുന്ന നഴ്സിനെ യാണ് കണ്ടത്.

" ഉമ്മ വെച്ച് കളിക്കാൻ ഇത് ബെഡ്റൂമല്ല. ഹോസ്പിറ്റലാ"

അജയൻ ഒരു ചമ്മലോടെ തന്റെ ചുണ്ടുകൾ  വേർപെടുത്തി, സ്ട്രെക്ചറിൽ, ഇളം പച്ച വിരിയ്ക്കു താഴെ കിടക്കുന്ന രശ്മിയുടെ വയറിൽ പതിയെ തലോടി.

രശ്മിയുടെ കൈവിരലുകൾ അ ജയിന്റെ എണ്ണമയമില്ലാത്ത മുടികളിൽ തഴുകി.

" അജയേട്ടൻ പേടിക്കണ്ട. കുറച്ചു മണിക്കൂർ കഴിഞ്ഞാൽ ഞാൻ പയറ് മണി പോലെ പുറത്തുവരും. കൂടെ നമ്മുടെ കുഞ്ഞാവയും "

"രശ്മീ" സങ്കടത്തിന്റെ ഒരു വിളിയൊച്ച അജയിൽ നിന്നുയർന്നു.

അവന്റെ കണ്ണുകളിൽ നീർ നിറഞ്ഞു തുടങ്ങിയപ്പോൾ, അതു കാണാൻ ശക്തിയില്ലാതെ അവൾ നോട്ടം മാറ്റി.

" അജയേട്ടൻ എന്നെ വേണ്ടെന്നു പറഞ്ഞ കാലത്ത്, അജയേട്ടനെ എനിക്കായ് തന്ന ദൈവമിപ്പോൾ. അജയേട്ടനെന്നെ പ്രാണനെപോലെ സ്നേഹിക്കുന്ന ഈ സമയത്ത് അജിയേട്ടനിൽ നിന്ന് വേർപെടുത്തൂല.

സ്ട്രെക്ചർ പതിയെ നീങ്ങുന്നത് കണ്ട അവൻ പതിയെ അതിനു പിന്നാലെ നടന്നു.

"കോംപ്ലിക്കേറ്റഡ് കേ സാണെന്ന് എനിക്കറിയാം അജയേട്ടാ... പക്ഷെ ഞാനല്ലേ തീരുമാനിക്കണ്ടത് അജയേട്ടനെ വിട്ടു പോകണോയെന്ന്...

പറഞ്ഞു തീരുമ്പോഴെയ്ക്കും, ലേബർറൂമിന്റെ ഡോർ അടയുന്നത് നിറഞ്ഞ കണ്ണീരിലൂടെ കണ്ട അജയ്, ആ നിമിഷം മുതൽ പ്രാർത്ഥനാ മന്ത്രങ്ങൾ ഉരുവിടാൻ തുടങ്ങിയിരുന്നു.
സന്തോഷ് അപ്പുക്കുട്ടൻ

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്