Kissakal

അമ്മ എനിക്ക് നേരെ നീട്ടിയ ചായഗ്ലാസ്സ് തട്ടിയെറിഞ്ഞു തിരിഞ്ഞു നടക്കുമ്പോൾ ഒരു തരി പോലും കുറ്റബോധം തോന്നിയില്ല... ഒച്ച കേട്ട് അച്ഛൻ ഓടി വരുമ്പോൾ നിറഞ്ഞൊഴുകുന്ന കണ്ണുകൾ തുടച്ചു പൊട്ടിയ ഗ്ലാസ്‌ കഷ്ണങ്ങൾ പെറുക്കിയെടുക്കുകയായിരുന്നു അമ്മ.... ഒന്നും മിണ്ടാതെ അച്ഛൻ  ചായ ഉണ്ടാക്കി അത് ഞാനും അച്ഛനും  പങ്കിട്ടു കുടിക്കുമ്പോൾ വാതിലിനപ്പുറം തല താഴ്ത്തിപ്പിടിച്ചൊരു നിഴലനക്കമുണ്ടായിരുന്നു... അമ്മയുടെ

 *      *      *      *      *       *       *     

അച്ഛമ്മയും അപ്പച്ചിയും എതിർത്തിട്ടും ആറു വയസ്സുള്ള എന്നെയും കൂട്ടി അച്ഛൻ പോലീസ് സ്റ്റേഷനിലേക്ക്  പോയത് എന്നെ കണ്ടെങ്കിലും അമ്മ തിരിച്ചു വരും എന്നു കരുതിയാവണം.... പക്ഷെ എന്നിട്ടും അവിടെ വച്ച് അമ്മയ്ക്ക് പുതിയ ഭർത്താവിന്റെ കൂടെ പോയാൽ മതിയെന്ന് പറഞ്ഞപ്പോൾ അപമാനഭാരത്തോടെ തലകുനിച്ചു, കണ്ണുനിറഞ്ഞു ഇറങ്ങിപ്പോന്ന അച്ഛൻ എന്റെയുള്ളിൽ മായ്ക്കാനാവാത്ത നോവായിരുന്നു...

എന്താണ് നടന്നതെന്ന് മനസ്സിലായില്ലെങ്കിലും അച്ഛനെ അത്രമാത്രം വേദനിപ്പിച്ചാണ് അമ്മ എവിടേക്കോ പോയതെന്ന് പിന്നീടുള്ള ദിവസങ്ങളിൽ മനസ്സിലായി... വലുതാകും തോറും ഒളിച്ചോടിപ്പോയ പെണ്ണിന്റെ മകൾ എന്ന പേരിൽ എന്റെ തലയും താഴ്ന്നുതുടങ്ങിയപ്പോൾ ശരിക്കും വെറുത്തു അമ്മയെ... എന്തിനേറെ അമ്മ എന്ന വാക്കുപോലും വെറുത്തുപോയി... ആ വെറുപ്പിന്നവസാനം പിന്നെ എന്ത് കേട്ടാലും നിസ്സംഗതയായി.. പിന്നെ പിന്നെ എല്ലാരും എല്ലാം മറന്നു....

പ്ലസ് ടു പരീക്ഷ കഴിഞ്ഞു നിൽക്കുന്ന സമയത്താണ് അമ്മയുടെ അച്ഛൻ മരിച്ചെന്ന വാർത്ത കേൾക്കുന്നത്...എന്നെയും കൂട്ടി അവിടെ വരെ ഒന്ന്  പോകാൻ അച്ഛനോട് പറഞ്ഞെങ്കിലും ഞങ്ങൾ രണ്ടുപേരും പോകില്ലെന്ന് വാശി പിടിച്ചു... അതുകൊണ്ട് അച്ഛമ്മ തന്നെ പോയി... തിരികെ വരുമ്പോൾ അമ്മയുടെ കയ്യും പിടിച്ചാണ് വന്നത്.... ഭർത്താവും, നാണക്കേടുകൊണ്ട് ആങ്ങളമാരും ഉപേക്ഷിച്ചു, ഇപ്പോ അച്ഛനും മരിച്ചു ആത്മഹത്യയുടെ വക്കിൽ നിൽക്കുന്ന അമ്മയെ അച്ഛമ്മയ്ക്ക് കൈവിടാനായില്ലെന്നു...

അച്ഛനും ഞാനും എതിർത്തിട്ടും അച്ഛമ്മ അമ്മയെ വീട്ടിൽ കയറ്റി... പിന്നെ അന്നുതൊട്ടിന്നോളം അച്ഛമ്മയുടെ നിഴല് പോലെയായിരുന്നു അമ്മ... അടുക്കളയിൽ നിന്നും പുറത്തിറങ്ങാറില്ല... ഇറങ്ങിയാൽ തന്നെ ഡൈനിങ്ങ് ടേബിൾ വരെ അതും ഞാനും അച്ഛനും അടുത്തില്ലാത്തപ്പോൾ മാത്രം..

അഞ്ചാറ്  വർഷങ്ങൾ കടന്നുപോയി... ഞാനോ അച്ഛനോ അവരോടിന്നുവരെ ഒന്നും സംസാരിച്ചിട്ടില്ല... എനിക്ക് പനി കൂടി കിടന്നപ്പോഴും, അച്ഛന് നെഞ്ച് വേദന വന്നപ്പോഴും വാതിലിനപ്പുറത്തു തേങ്ങി കരയുന്നത് കണ്ടിട്ടുണ്ട്... പക്ഷെ അവരോടൊരിക്കലും സഹതാപം തോന്നിയിട്ടില്ല... ഇന്നിപ്പോ അച്ഛമ്മ മരിച്ചു... പതിമൂന്നാം നാൾ അപ്പച്ചിമാരും കുടുംബക്കാരും എല്ലാരും പോയി... ഞങ്ങൾ മൂന്നുപേരും മാത്രമായി... അങ്ങനാണ് അവരെനിക്ക് ചായകൊണ്ട് തന്നത്... നിഷ്കരുണം ഞാൻ തട്ടിയെറിഞ്ഞതും...

അങ്ങനെ അടുക്കള രണ്ടായി... അച്ഛനും എനിക്കുമുള്ളതു ഞങ്ങൾ ഉണ്ടാക്കി.. അപ്പുറത്തെ അടുപ്പ് പുകയുന്നുണ്ടോ എന്നു ഞങ്ങൾ അന്വേഷിച്ചില്ല... എനിക്ക് കല്യാണപ്രായം ആയപ്പോ അച്ഛൻ ബ്രോക്കറെ വിളിപ്പിച്ചപ്പോഴും ഞാൻ അയാളോട് ആദ്യം പറഞ്ഞത്... എന്റെ അമ്മ ഒരു നല്ല സ്ത്രീ അല്ല ഒരിക്കൽ ഒളിച്ചോടിയതാണ് എന്നാണ്... അന്നാദ്യമായാണ് അമ്മയുടെ കരച്ചിലിന്റെ ശബ്ദം ഞാൻ ആദ്യമായിട് കേട്ടത് അതുവരേക്കും സങ്കടങ്ങളത്രയും തേങ്ങലിൽ ഒതുക്കാൻ പഠിച്ചതായിരുന്നു...

    *     *    *    *     *      *      *      *     *      *

കല്യാണഡ്രെസ്സ്‌ എടുത്ത് രാത്രി വീട്ടിൽ തിരിച്ചെത്തുമ്പോ വെളിച്ചമൊന്നും കാണാതിരുന്നപ്പോ തന്നെ അച്ഛന്റെ മുഖത്തു ചെറിയൊരു പരിഭ്രമമുണ്ടായിരുന്നു.. വാതിൽ തള്ളിത്തുറന്നു വീട്ടിനകത്തു കയറിയപ്പോഴാണ് അമ്മ  അടുക്കളയിൽ വീണ് കിടക്കുന്നതു കണ്ടത്... ആശുപത്രിയിൽ ഐസിയു വിൽ കയറ്റിയശേഷം അച്ഛൻ വെരുകിനെ പോലെ സമാധാനമില്ലാതെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത് കണ്ടപ്പോഴാണ്... അമ്മയോട് അച്ഛനിപ്പോഴും ഇഷ്ടമാണെന്ന് മനസ്സിലായത്... ഇരുപത്തിനാലുമണിക്കൂർ കഴിഞ്ഞേ എന്തെങ്കിലും പറയാൻ പറ്റൂ എന്നു ഡോക്ടർ പറഞ്ഞപ്പോൾ തുടങ്ങിയതാണ് എന്തിനെന്നറിയാതെ എന്റെ നെഞ്ചിടിപ്പ്... തിരിച്ചു കിട്ടാനുള്ള സാധ്യത ഇരുപതുശതമാനമായി കുറഞ്ഞപ്പോൾ ആണ്  ആദ്യമായി അമ്മയ്ക്ക് വേണ്ടി പ്രാർഥിച്ചത്... ഒന്ന് കാണണമെന്ന് തോന്നിയത്...

അമ്മയെ വെന്റിലേറ്ററിലേക്കു മാറ്റിയത് മുതൽ തിന്നാതെ കുടിക്കാതെ ഇരിക്കുന്ന അച്ഛനെ  കണ്ട് ഞാൻ അത്ഭുധപെട്ടിട്ടുണ്ട്.. ഒരാണിന് തന്നോട് തെറ്റുചെയ്ത പെണ്ണിനെ ഇത്രയും സ്നേഹിക്കാനാവുമോ ??
ഇത്രയും നാൾ സ്നേഹവും അതിലേറെ സഹതാപവുമായിരുന്നു അച്ഛനോട്.. ഇപ്പോ എല്ലാത്തിലും മീതെ ഒരുതരം ആരാധനയാണ് തോന്നുന്നത്... ചങ്കുപറിച്ചു കൊടുത്തു  സ്നേഹിച്ചൊരാളെ എത്ര വെറുത്താലും എല്ലാത്തിലും അവസാനം സ്നേഹം മാത്രമായിരിക്കാം...

ആ ഒരു സ്നേഹവും പ്രാർത്ഥനയും ഏതു ദൈവത്തിനാണ് നിരാകരിക്കാനാവുന്നതു... അമ്മ തിരിച്ചു വന്നു... എന്റെ കൈകൾ കൊണ്ട് ഓരോ സ്പൂൺ കഞ്ഞി കുടിക്കുമ്പോഴും കണ്ണുനീർ കൊണ്ടുള്ള പ്രായശ്ചിത്തം കണ്ടില്ലെന്നു വയ്ക്കാൻ ആയില്ല... വീട്ടിലെത്തിയ ശേഷം  എന്റെ കല്യാണത്തിന് വേണ്ടി ഞാൻ പോലും അറിയാതെ അച്ഛൻ അമ്മയ്ക്ക് വേണ്ടി എടുത്ത സാരി അമ്മയ്ക്ക് കൊടുത്തപ്പോൾ അതുവരെ ഉള്ളിലൊതുക്കിയ സങ്കടങ്ങൾ മുഴുവൻ അച്ഛന്റെ കാലുകളിൽ കരഞ്ഞു തീർക്കുകയായിരുന്നു അമ്മ...വര്ഷങ്ങളായിട്ടു മിണ്ടാനാവാതെ വീർപ്പുമുട്ടിയതുമുഴുവൻ കണ്ണുനീരായി ഒഴുക്കിക്കളയുകയാരുന്നു...
നെഞ്ചോട്‌ ചേർത്തു പിടിച്ചു സാരമില്ല എന്നു പറയുമ്പോൾ അച്ഛൻ വീണ്ടും ഒരത്ഭുതമായി മാറി... അല്ലെങ്കിലും കാലം മായ്ക്കാത്ത മുറിവുകളില്ലല്ലോ..

മായ സെന്തിൽ കുമാർ

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്