Kissakal

" അതെ , എനിക്കൊരു  കാര്യം പറയാനുണ്ട് , "

ഉറക്കത്തിന്റെ ആലസ്യത്തിൽ കണ്ണ് തുറക്കാതെ ഞാൻ പറഞ്ഞു , " എന്താടാ പറഞ്ഞോ"

"ദേഷ്യപ്പെടുമോ ..."

" എന്തിനാ ദേഷ്യപ്പെടുന്നേ , മോൾ കാര്യം പറ ..."

അത് എനിക്ക് ഇപ്പോൾ ബീഫ് കഴിക്കാൻ തോന്നുന്നു എന്നവളുടെ വാക്ക് കേട്ടപ്പോൾ തന്നെ ഞാൻ ഞെട്ടിയെഴുന്നേറ്റു അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി ...

"നീ എന്തോന്നാ പറഞ്ഞെ ?"

നിങ്ങള് കേട്ടില്ലേ , എനിക്ക് ബീഫ് കഴിക്കാൻ തോന്നുന്നുന്ന് ...

"എടീ, പ്രഗ്നന്റ് ആണെന്ന് കരുതി , എന്ത് വൃത്തികേടും പറയാന്ന് കരുതരുതെന്ന്"  പറഞ്ഞു തീർന്നപ്പോൾ അവളുടെ കണ്ണിലെ ഭയം കണ്ടിട്ടാണ് എന്റെ ശബ്ദ്ദം ഉയർന്നു പോയെന്ന് മനസ്സിലായത് ...

ഒന്നും പറയാതെ തിരിഞ്ഞു കിടന്നവളെ ആശ്വസിപ്പിക്കാൻ അടുത്തേക്ക് ചെന്നപ്പോഴേക്കും കണ്ണുനീർ കൊണ്ട് ഒരു തലയിണ നനച്ചിരുന്നു അവൾ ...

കോളേജ് ലൈഫിലെ ഭാഗ്യ ജോഡികൾ ആയിരുന്നു ഞങ്ങൾ , നല്ല കട്ട അച്ചായത്തി സെലിനും , കർമ്മകൾ തെറ്റിക്കാത്ത നമ്പൂതിരി കുട്ടിയായ രാഹുലെന്ന ഞാനും , എന്റെ വീടിന്റെ അവസ്ഥ അറിയാവുന്നത് കൊണ്ട് തുടക്കത്തിലേ ഒരുപാട് ഞാൻ എതിർത്തത, പ്രേമം തലക്ക് പിടിച്ച അവളോട് പറഞ്ഞിട്ടെന്താ കാര്യം. അവളുടെ വീട്ടുകാർ വഴി എന്റെ വീട്ടിൽ സമ്മതിപ്പിക്കാമെന്നും , പ്രണയിച്ചില്ലെങ്കിൽ ചത്ത് കളയുമെന്നൊക്കെ ഭീഷണിപ്പെടുത്തിയപ്പോൾ വീട്ടുകാരെ ഭയന്ന് ഒളിപ്പിച്ചു വെച്ചിരുന്ന ഇഷ്ടം അവളോട് പറഞ്ഞത് ... പിന്നെ പിന്നെ അവളായി എല്ലാം .... എനിക്കായി അവളുടെ ഇഷ്ടങ്ങൾ , പ്രിയപ്പെട്ട ആഹാരങ്ങൾ എല്ലാം ഉപേക്ഷിച്ചു തുടങ്ങിയപ്പോഴേ ഞാൻ മനസ്സിൽ കരുതിയിരുന്നു , കെട്ടുന്നെങ്കിൽ അത് സെലിനെ തന്നെയാകണമെന്ന് ...

ക്ലാസ്സ് കഴിഞ്ഞു മൂന്ന് വർഷങ്ങൾ , എനിക്കൊരു ജോലിയാകുന്നത് വരെ ഓരോരോ കാരണങ്ങൾ പറഞ്ഞു അവൾ വരുന്ന ആലോചനകൾ എല്ലാം മുടക്കിയിരുന്നു , ജോലിയായെന്ന് അവളെ വിളിച്ചു പറഞ്ഞ അന്ന് തന്നെ അവളുടെ പപ്പയോട് കാര്യങ്ങൾ പറഞ്ഞുവെങ്കിലും എല്ലാം പ്രതീക്ഷക്ക് എതിരായിരുന്നു സംഭവിച്ചത് , കൂടെ വർക്ക് ചെയ്യുന്ന സുഹൃത്തിന്റെ മകനുമായി വിവാഹം പപ്പാ ഉറപ്പിച്ചെന്നും , എന്താണ് ഞാൻ ചെയ്യേണ്ടതെന്ന് അറിയില്ലെന്നും അവൾ ഫോണിലൂടെ പറഞ്ഞപ്പോൾ ഒരാവേശത്തിനു പറഞ്ഞതാണ് , " നീ ഇങ്ങ് പോരെ ഞാൻ നോക്കിക്കോളാമെന്ന് ..."

നേരം വെളുത്ത അമ്മയുടെ ദേഷ്യത്തോടെയുള്ള വിളി കേട്ടാണ് അന്ന് എഴുന്നേറ്റത് , ചെന്ന്
നോക്കുമ്പോഴോ കയ്യിൽ ഒരു ബാഗുമായി ഇവൾ വീടിന്റെ മുന്നിൽ , "നിനക്ക് അറിയുമോടാ ഇവളെയെന്ന് " എന്ന അമ്മയുടെ ചോദ്യത്തിന് മുന്നിൽ ഞാൻ പരുങ്ങുന്നത് കണ്ടിട്ട് അച്ഛനാണ് പറഞ്ഞത് , "ഒരു ബന്ധവും ഇല്ലാതെ ഇത്രയും ദുരം ഈ മോൾ വരില്ലല്ലോ , ബഹളം വെച്ചു നാട്ടുകാരെ അറിയിക്കാതെ നീ കുഞ്ഞിനെ അകത്തേക്ക് കൊണ്ട് പോ " എന്ന് പറഞ്ഞപ്പോൾ , ഇന്നലെ വരെ കുടുംബത്തിന് കൊള്ളാത്തവനെന്നു തെറി വിളിച്ച അച്ഛൻ തന്നെയാണോന്ന് എനിക്ക് വിശ്വാസിക്കാൻ കഴിഞ്ഞില്ല ...

വേറെ ഒന്നും ചെയ്തില്ലെങ്കിലും അമ്പലത്തിൽ വെച്ചു ഒന്ന് താലിക്കെട്ടണമെന്ന് അമ്മയുടെ ആഗ്രഹം നടത്തി കൊടുത്തുവങ്കിലും , അവളുടെ ദൈവത്തിനും പ്രാർഥനക്കും ഒന്നും ആരും തടസ്സമല്ലായിരുന്നു ...

അമ്പലക്കാര്യങ്ങളും മറ്റും ചെയ്യുന്നത് കൊണ്ട് വെജിറ്റേറിയൻ ആകും വീട്ടിൽ , അതവൾക്കും പൊരുത്തപ്പെടാൻ എളുപ്പവുമായിരുന്നു , പിന്നെന്താ പെട്ടന്നൊരു ബീഫ് എന്നൊരു പൂതിന്ന് കരുതി അവളോടൊന്ന് ചേർന്ന് കിടന്നിട്ട് , ടി ഇപ്പോൾ പെൺകുട്ടികൾക്ക് മസ്സാല ദോശ , പച്ചമാങ്ങ ഇതൊക്കെയല്ലേ മോളെ ആവശ്യം എന്ന് ചോദിച്ചു തീരും മുമ്പേ , എനിക്കൊന്നും വേണ്ട എന്നെയൊന്ന് വെറുതെ വിട്ടാൽ മതീന്ന് അവൾ കരഞ്ഞു കൊണ്ട് പറഞ്ഞത് 'അമ്മ കേട്ടുവെന്നത് മനസ്സിലായത് കഥകിൽ മുട്ടിയപ്പോഴാണ് ..

ഡോർ തുറന്ന് കൊടുത്തു 'അമ്മ അകത്തേക്ക് വന്നപ്പോഴേക്കും അവൾ എഴുന്നേറ്റിരുന്നു , എന്താ മോളെന്നുള്ള ചോദ്യത്തിന് അവളും ഞാനും ഒന്ന് മിണ്ടാത്തത് കണ്ടപ്പോൾ , അവിടെ നിന്ന് ഇറങ്ങാൻ തുനിഞ്ഞ അമ്മയുടെ കൈപിടിച്ചു എനിക്ക് അമ്മയോടൊപ്പം കിടക്കണമെന്നവൾ പറഞ്ഞത് കേട്ട് , അതിനെന്താ 'അമ്മ ഇവിടെ കിടക്കാല്ലോന്ന് പറഞ്ഞു അവളുടെ മുടിയിൽ തലോടി ഇരിക്കുന്നത് കണ്ടിട്ടാ ഞാൻ ഹാളിലെ സോഫയിൽ ചെന്ന് കിടന്നത് ....

മുക്കിൽ ഇറച്ചിയുടെ മണം അടിച്ചിട്ടാണ് ഞാൻ രാവിലെ കണ്ണ് തുറന്നത് , വെള്ളയപ്പത്തിനൊപ്പം ഇറച്ചിക്കറിയും കുട്ടി അവൾ എന്റെ മുന്നിൽ ഇരുന്ന് ആഹാരം കഴിക്കുന്നത് കണ്ടു വിശ്വസിക്കാതെ ഒന്നുടെ കണ്ണ് തിരുമ്മി നോക്കുന്നത് കണ്ടിട്ട് അവൾ ചിരിക്കുന്നത് കണ്ടപ്പോഴാണ് എനിക്ക് അത് സ്വപ്നമല്ലെന്ന് മനസിലായത് ....

അമ്മക്കിത് വെച്ചു ശീലമില്ലാത്തത് കൊണ്ട് അച്ഛനെ വിട്ട് വാങ്ങിപ്പിച്ചതാണെന് 'പറഞ്ഞിട്ട് 'അമ്മ അവൾക്ക് വിളമ്പി കൊടുക്കുന്നത് നോക്കി ഞാൻ നിൽക്കുന്നത് കണ്ടിട്ട് ഇടം കണ്ണിട്ട് അവൾ എന്നെ നോക്കുന്നുണ്ടായിരുന്നു , ആഹാരം കഴിച്ചു എന്റെ മുഖത്തേക്കു നോക്കി കുറച്ചധികം പുച്ചങ്ങൾ വാരി വിതറിയിട്ട് അവൾ റൂമിലേക്ക് പോയപ്പോഴേക്കും 'അമ്മ എന്റെ അരികിൽ വന്നിരുന്നു ...

"മോൻ ജോലിക്ക് പോകും വഴി അവളുടെ അമ്മയെ ഒന്ന് കാണിച്ചു കൊടുക്ക് , അവർക്ക് പറ്റിയാൽ രണ്ടോ മൂന്നോ ദിവസം അവിടെ നീർത്തിയേക്ക് , ഈ സമയത്തു അമ്മമാർ അടുത്ത് വേണമെന്ന് കരുതും എല്ലാവരും " എന്ന് പറഞ്ഞു 'അമ്മ എഴുന്നേറ്റു പോയി , ഞാൻ റൂമിലേക്ക് ചെന്നപ്പോഴേക്കും തുണികൾ അടുക്കി വെക്കുന്ന ധൃതിയിൽ ആയിരുന്നു അവൾ ...

അല്ല എന്താണ് ഇന്ന് ഒരു ഒരുക്കം

'അമ്മ പറഞ്ഞത് കേട്ടില്ലേ' , ഓഫിസിൽ പോകും വഴിക്ക് എന്നെ വീട്ടിൽ ഇറക്കണമെന്ന് ..

ഓഹോ അതിനാണോ , ഈ ഒരുക്കങ്ങൾ , അല്ല എത്ര ദിവസത്തേക്കാണ് ഭവതിയുടെ ട്രിപ്പ്

അങ്ങനെയൊന്നുമില്ല , കുറഞ്ഞത് ഒരാഴ്ച്ച , ഏറിയാൽ ഒരു മാസം അതിനുള്ളിൽ ഞാനിങ്ങ് വരില്ലെന്നുള്ള അവളുടെ വാക്ക് കേട്ട് , കടുപ്പിച്ചു ഒന്ന് നോക്കിയിട്ട് തിരിഞ്ഞു നടക്കാൻ തുനിഞ്ഞപ്പോഴേക്കും അവൾ പുറകിലൂടെ എന്നെ ചേർത്തു പിടിച്ചിരുന്നു ...

"മമ്മിയെ കാണണം , പറ്റിയാൽ ആ കാലിൽ തൊട്ടൊന്ന് മാപ്പ് പറയണം , ഒരു കുഞ്ഞു വയറ്റിൽ വളരുന്ന സമയത്തെ ബുദ്ധിമുട്ടുകൾ എനിക്ക് ഇപ്പോഴാണ് ചേട്ടായി മനസ്സിലാകുന്നതെന്ന് " അവൾ പറഞ്ഞപ്പോൾ നിറഞ്ഞു തുടങ്ങിയ അവളുടെ കണ്ണുകളിൽ എനിക്ക് കാണാൻ കഴിഞ്ഞിരുന്നു, സ്നേഹം കൊണ്ട് ഞാൻ എത്ര മൂടിയാലും എന്താണ് അമ്മയെന്ന സത്യമെന്ന് കാലം അവളെ പഠിപ്പിച്ചു എന്നതെന്ന് ...

ഷാനവാസ്‌ ജലാൽ 

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്