സ്ത്രീ ധനം

സ്ത്രീ ധനം 
************

"തന്റെ ആദ്യത്തെ പെണ്ണുകാണൽ ആണോ ഇത് "
നന്ദന്റെ ചോദ്യം കേൾക്കെ  ശിവാനി ഒന്ന് പുഞ്ചിരിച്ചു. 

" അല്ല...  ഇതിപ്പോൾ പന്ത്രണ്ടാമത്തെയാണ് "

ആ മറുപടിയിൽ അവനൊന്നു അമ്പരന്നു 

"ഉവ്വോ.. അത്രയുമായോ..  തന്നെ കാണാൻ എന്ത് ഭംഗിയാ...  എന്നിട്ട് എന്തേ ഇത്രേം ആലോചനകൾ മുടങ്ങി..  "

സംശയത്തോടെ നന്ദൻ ഉറ്റുനോക്കുമ്പോൾ   ശിവാനിയുടെ ശ്രദ്ധ വീടിനുമ്മറത്തിരുന്നു അച്ഛനോട് സംസാരിക്കുന്ന ചെക്കൻ കൂട്ടരിലായിരുന്നു   

 "അപ്പോൾ എങ്ങിനെയാ രാമൻനായരേ കാര്യങ്ങളുടെ ഒരു നീക്ക് പോക്ക്.. നാട്ടു നടപ്പനുസരിച്ച് നിങ്ങടെ കൊച്ചിന് എന്ത് കൊടുക്കും നിങ്ങൾ... "

പ്രതീക്ഷിച്ച ചോദ്യം ഉമ്മറത്ത് കേൾക്കവേ ശിവാനിയുടെ മുഖം വിടർന്നു.. പതിയെ അവൾ വീണ്ടും നന്ദനു നേരെ തിരിഞ്ഞു 

" ദേ..  കേട്ടില്ലേ...  ഇത് തന്നാ മുന്നേ ഉള്ള ചോദ്യത്തിന്റെ ഉത്തരം... കച്ചവടം തുടങ്ങി വരു നമുക്കും അതിൽ പങ്കെടുക്കാം "

ആ മറുപടി കേട്ട് നന്ദൻ  പകച്ചു നിൽക്കുമ്പോഴേക്കും  ഉത്സാഹത്തോടെ ശിവാനി  ഉമ്മറത്തേക്ക് പാഞ്ഞു.

ചെക്കൻ കൂട്ടരുടെ ആ ചോദ്യത്തിന് മുന്നില് പതറിയിരിക്കുന്ന അച്ഛന്റെ മുഖമാണ് അവൾ ആദ്യം ശ്രദ്ധിച്ചത്. 

" ഒരു മുപ്പത് പവൻ സ്വർണ്ണം.. പിന്നേ ഞങ്ങടെ ഈ വീട് അത് അവൾക്കുള്ളതാ... "

അച്ഛന്റെ മറുപടി കേട്ടപ്പോൾ ഒരു നിമിഷം ഉള്ളിൽ ചിരിച്ചു പോയി ശിവാനി. 
'വീട് എനിക്ക് തന്നിട്ട് തെരുവിൽ കിടക്കുവാനാണോ അച്ഛാ പ്ലാൻ'
മകളുടെ മനസ്സ് മന്ത്രിച്ചത്‌ ഒരുപക്ഷെ അറിഞ്ഞിട്ടാകണം ശങ്കരൻ നായർ ഒരു വിളറിയ ചിരിയോടെ അവളെ ഒന്ന് നോക്കി 

"മുപ്പത് പവനോ...  അതിച്ചിരി കുറവാണല്ലോ നായരെ ... മാത്രമല്ല ഈ വീട് നല്ല പഴക്കം ഉള്ളതല്ലേ. നന്ദന് സർക്കാർ ഉദ്യോഗമാണെ..  അപ്പോൾ പിന്നേ.... ഒരു അമ്പത് പവൻ എങ്കിലും കുറയാതെ വേണം "

" എന്തെങ്കിലും കൂടി ചെയ്യാം ഞാൻ... ഒരു ലോണിന് നോക്കുന്നുണ്ട് കിട്ടിയാൽ...  "

 ശങ്കരൻ നായരുടെ ശബ്ദമിടറുമ്പോൾ പുഞ്ചിരിയോടെ തന്നെ നന്ദനും അവർക്കരികിലേക്കിരുന്നു. അപ്പോഴാണ് കാരണവരിൽ ഒരുവൻ ശിവാനിയെ ശ്രദ്ധിക്കുന്നത്. 

" അല്ല..  കുട്ടി ക്ക് ഞങ്ങടെ ചെക്കനെ ഇഷ്ടായോ തുറന്നു പറഞ്ഞോളൂ "

ആ ചോദ്യം കേൾക്കെ തനിക്കുള്ള അവസരം ലഭിച്ച സന്തോഷത്തിൽ പതിയെ മുന്നിലേക്ക് ചെന്നു അവൾ. 

" ഇഷ്ടക്കേട് ഒന്നുമില്ല പക്ഷേ ഒരു കാര്യം ഒന്ന് ഉറപ്പ് വരുത്തണം. മാസം എന്ത് വരുമാനം ഉണ്ട് ചെക്കന്. എത്ര രൂപ എനിക്ക് ചെലവിനായി തരുവാൻ കഴിയും അതിൽ ഒരു ഉറപ്പ് വേണം ഇപ്പോഴേ "

മകളുടെ ആ ചോദ്യം കേട്ട് ആദ്യം ഞെട്ടിയത് ശങ്കരൻ നായരാണ് ഒപ്പം നന്ദനും. 

" എന്താ കുട്ടി ഈ പറയണേ.."

തലമൂത്ത കാരണവർ ഗൗരവത്തോടെ മുഖത്തേക്ക് തുറിച്ചു നോക്കവേ ഒന്ന് പുഞ്ചിരിച്ചു ശിവാനി

" ഇത്രയും വലിയ തുക,  അതും വില പേശി നിങ്ങൾക്ക് നൽകുമ്പോൾ ഞങ്ങൾക്ക് കിട്ടുന്ന സാധനം കൊണ്ട് എത്രത്തോളം ഉപയോഗമുണ്ട് എന്ന് കൂടി അന്യോഷിക്കേണ്ടേ അതല്ലേ അമ്മാവാ കച്ചവടത്തിന്റെ ഒരു നാട്ട് നടപ്പ് "

ആ ചോദ്യം കൂടി ആയപ്പോൾ വിറളി വെളുത്തു പോയി നന്ദൻ 

" ശിവാനി...  നീ എന്താ കളിയാക്കുവാണോ ഞങ്ങളെ"

ദേഷ്യത്തോടെ ചാടിയെഴുന്നേറ്റ നന്ദന് മുന്നിലേക്ക് ശങ്കരൻ നായരുടെ എതിർപ്പിനെ അവഗണിച്ചു കൊണ്ട് കയറി നിലക്കുമ്പോൾ ശിവാനിയുടെ മിഴികളും കുറുകിയിരുന്നു.

" പിന്നേ എന്താണ് പറയേണ്ടത്... സർക്കാർ ജോലി ഉണ്ട് എന്ന അഹങ്കാരത്തിൽ നിങ്ങൾ ഈ വിലപേശി ഉറപ്പിക്കാൻ നോക്കുന്നത് ഒരു പെൺകുട്ടിയുടെ ജീവിതമല്ലേ അത് ഓർത്തുവോ എപ്പോഴെങ്കിലും. അമ്മ മരിച്ചതിൽ പിന്നേ അച്ഛനും ഞാനും മാത്രം അടങ്ങുന്നതായിരുന്നു ഞങ്ങളുടെ ലോകം... എനിക്ക് വേണ്ടിയാണ് ഈ പാവം ജീവിച്ചതും എന്നിട്ട് സ്വന്തമായുള്ള ഒരു വീട് പോലും എനിക്കായി തന്നിട്ട് എന്റെ ജീവിതം സുരക്ഷിതമാക്കുവാൻ ശ്രമിക്കുകയാണ്.അദ്ദേഹത്തോട് വീണ്ടും വില പേശുവാൻ എങ്ങിനെ മനസ്സ് വന്നു നിങ്ങൾക്ക് "

പുച്ഛത്തോടെ അവൾ വിളിച്ചു കൂവുമ്പോൾ മറുപടിയില്ലാതെ കുഴഞ്ഞു നന്ദനും. 

" മോളെ...  മതി...  ഇനി സംസാരിക്കേണ്ട നിയ്യ് "

ശങ്കരൻ നായർ പിന്നിലേക്ക് പിടിച്ചു നിർത്തുമ്പോൾ പതിയെ അയാൾക്ക് നേരെ തിരിഞ്ഞു ശിവാനി 

" അച്ഛാ പണത്തിനു മാത്രം മൂല്യം നൽകുന്ന ഒരാളെ  വേണോ നമുക്ക് ...  മൂല്യം നൽകേണ്ടത് ബന്ധങ്ങൾക്കല്ലേ... "

മകളുടെ ചോദ്യം കേൾക്കെ നിറകണ്ണുകളോടെ അവളെ മാറോട് ചേർത്തു കൊണ്ട് നന്ദന് നേരെ തിരിഞ്ഞു അയാൾ

" മോൻ എന്നോട് ക്ഷമിക്കണം.. ഞാൻ പറയേണ്ട വാക്കുകളായിരുന്നു ഇതൊക്കെ.. മോൻ  ബന്ധുക്കളെയും വിളിച്ചു പൊയ്ക്കോളൂ..  ശിവാനി പറഞ്ഞത് സത്യമാണ്. എനിക്ക് വേണ്ടത് എന്റെ മകളെ പൊന്നുപോലെ നോക്കുന്ന ഒരു ചെക്കനേയും കുടുംബത്തെയുമാണ്  പക്ഷേ നിനക്ക് അത് നൽകുവാൻ കഴിഞ്ഞെന്ന് വരില്ല. ഇപ്പോൾ ഈ വിലപേശലിൽ മൗനമായി നിന്ന നീ ഭാവിയിൽ ചിലപ്പോൾ ഇനിയും ഓരോരോ ആവശ്യങ്ങൾ പറഞ്ഞു നീ ഇവളെ എന്റരികിലേക്ക് വിട്ടേക്കാം..  അത് വേണ്ട..  അത് ബുദ്ധിമുട്ടാകും പൊയ്ക്കോളൂ "

പിന്നേ മറുത്തൊരു വാക്ക് പറയുവാൻ നിൽക്കാതെ ഇളിഭ്യരായി ചെക്കൻ കൂട്ടർ പടി കടന്നു പോകുമ്പോൾ ശങ്കരൻ നായരുടെ മുഖം വിടർന്നു. മാറിൽ ചാഞ്ഞു കിടക്കുന്ന മകളുടെ നെറുകയിൽ പതിയെ തലോടി അയാൾ..  

" നീ എനിക്ക് ഒരിക്കലും ഒരു ബാധ്യത അല്ല മോളെ.. തെറ്റ് അച്ഛനും പറ്റിപ്പോയി. ഇനി വിലപേശുന്നവരുടെ മുന്നിലേക്ക് മോളെ അച്ഛൻ ഇറക്കി നിർത്തില്ല..  നീ പറഞ്ഞപോലെ ബന്ധങ്ങൾക്ക് വില നൽകുന്നവരും ഉണ്ട് ഈ നാട്ടിൽ..  നമുക്ക് കാത്തിരിക്കാം "

അച്ഛന്റെ വാക്കുകൾ ശിവാനിക്കും ഏറെ ആശ്വാസമായിരുന്നു. നല്ലൊരു ജീവിത പങ്കാളിക്കായി തന്നെ അവളും കാത്തിരിക്കുന്നു.പ്രജിത് സുരേന്ദ്രബാബു

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്