എന്റെ ശ്രീ

എന്റെ ശ്രീ 

"പാത്രം കഴുകിക്കഴിഞ്ഞാൽ മുറികള് തുടക്കാൻ പൊക്കൊളു അവിയൽ ഞാൻ ഉണ്ടാക്കികൊള്ളാം "സുജാത ചേച്ചി പറഞ്ഞപ്പോൾ ചിന്നു തലയാട്ടി. 

മുകൾ നിലയിലെ ഉച്ചത്തിലുള്ള ശബ്ദം ഇത് വരെ  അവസാനിച്ചിട്ടില്ല. ഇടയ്ക്കവൾ അതിലേക്കു ശ്രദ്ധിച്ചു. വഴക്കാണ് മിക്കവാറും എല്ലാ ദിവസങ്ങളിലും. ചിലപ്പോൾ അവൾ ചിന്തിക്കും. ഇവർക്കെന്തിന്റെ കുറവുണ്ടായിട്ടാണ്?  പണമുണ്ട്. ആരോഗ്യമുണ്ട്. നല്ല ജോലിയുണ്ട്. സിനിമാതാരങ്ങളെ വെല്ലുന്ന സൗന്ദര്യമുണ്ട്. മിടുക്കന്മാരായ രണ്ടു  മക്കളുണ്ട്. എന്നിട്ടും ഇവരെന്തിനാണ് ഇങ്ങനെ വഴക്കിടുന്നത്? 

"നീ അത് ശ്രദ്ധിച്ചു നിൽക്കാതെ പണി തീർക്കാൻ നോക്ക് "

"ഇവരെന്തിനാ ചേച്ചി ഇങ്ങനെ ദിവസവും വഴക്കിടുന്നത് ?"
സുജാതചേച്ചി അവൾക്കരികിലേക്ക്  നീങ്ങി മുഖം അടുപ്പിച്ചു . 

"സാറിന് ആരോടോ ബന്ധമുണ്ടെന്ന് മാഡത്തിനു  സംശയം. സംശയമല്ല ഉണ്ട്. ആണുങ്ങളല്ലേ കാണും. "

"ആണുങ്ങളായതു കൊണ്ട് എന്താ? "അവളുടെ ശബ്ദം തെല്ലു ഉയർന്നു 

"നിന്റെ കല്യാണം കഴിഞ്ഞിട്ട് എത്ര നാളായി ?

"മൂന്ന്  വർഷം "
"ഉം. ഒന്ന് സൂക്ഷിക്കുന്നത് നല്ലതാ "

ഉള്ളിലൊരു കനൽത്തരി  വീണപോലെ അസ്വസ്ഥമായി മനസ്സ് .ജോലിയൊക്കെ യാന്ത്രികമായത്  പോലെ. 
എങ്ങനെയാ സൂക്ഷിക്കുക?  നിയന്ത്രിച്ചിട്ടോ? ലക്ഷ്മണരേഖ വരച്ചിട്ടോ? ..മറ്റൊരാൾ ആ ഓർമയിലുണ്ടെന്ന  തോന്നൽ പോലും ദഹിപ്പിച്ചു കളയും.

ശ്രീ... 
തന്റെ ശ്രീ ...

ഒരു പാട് സ്നേഹമൊന്നും പ്രകടിപ്പിക്കാറില്ല പക്ഷെ കരുതലുണ്ടാകും .തനിക്കു ഒരു പനി  വന്നാൽ, തലവേദന വന്നാൽ ഒക്കെ പരിഭ്രമമാണ് ..തന്റെ ആവശ്യങ്ങൾക്കോ  ആഗ്രഹങ്ങൾക്കോ എതിര്  നിൽക്കാറില്ല .. ഈ ജോലിക്കു പോകുന്നതിനെ പോലും എതിർത്തില്ല 

"സ്വന്തമായി അധ്വാനിച്ചു കിട്ടുന്നത്  പത്തു രൂപ ആണെങ്കിൽ കൂടെ  അതിനു വിലയുണ്ട്.  എന്റെ കയ്യിൽ  തരണ്ട. നിനക്ക് വല്ല പൊട്ടോ  കണ്മഷിയോ സാരിയോ വാങ്ങാം ..അല്ലെങ്കിൽ ചിട്ടിക്ക് ചേരാം. ഒരു ജോഡി കൊലുസു വാങ്ങാമല്ലോ "

ആദ്യശമ്പളം കയ്യിൽ കൊണ്ട് കൊടുത്തപ്പോൾ പറഞ്ഞു . 

തന്റെ വലിയ മോഹമാണ് ഒരു കൊലുസ്സ്. 
.പലപ്പോഴും പറയാറുണ്ട്. അപ്പോൾ ശ്രീ പറയും "വെള്ളിക്ക്  ഭയങ്കര വിലയാ  പെണ്ണെ "

ശരിയാണ്. ഇപ്പൊ വിലയില്ലാത്തത് മനുഷ്യന് മാത്രമാണ്. 
ഒരു കൂര തട്ടികൂട്ടിയപ്പോൾ ഉള്ള പൊന്നൊക്കെ   പോയി. ബാങ്കിന്റെ ലോൺ ഒക്കെ കഴിഞ്ഞ മാസമാണ് ഒരു വിധം അടച്ചു തീർന്നത്. 

ശ്രീയുടെ മുഖം ഓർമയിൽ വന്നപ്പോൾ ജോലിക്കു വേഗം കൂടി  ,അവൾ മുറികളെല്ലാം തുടച്ചു ജോലിയവസാനിപ്പിച്ചു. 

വീട്ടിലേക്കു പോകും വഴിയേയാണ് ശ്രീയുടെ പണിസ്ഥലം. ഒന്നിച്ചാണ് പോവുന്നതും വരുന്നതും. ഫ്ലാറ്റിന്റെ പണി പാതിയോളം കഴിഞ്ഞിരിക്കുന്നു. ഇടയ്ക്കു പറയും  
"വിശ്വൻ  മേസ്തിരി യുടെ  കീഴിൽ ഒരു മൂന്ന് വർഷം  പണിതാൽ എനിക്കും നല്ല ഒരു മേസ്തിരി  ആകാം.  ഞാനും കെട്ടും കെട്ടിടം "

"ഓ വലിയ എഞ്ചിനീയർ "താൻ  കളിയാക്കും 

:നീ കളിയാക്കുവൊന്നും  വേണ്ട പ്ലസ് ടൂവിനെനിക്ക് എൺപതു ശതമാനം മാർക്കുണ്ടായിരുന്നു ..കാശില്ലാഞ്ഞിട്ടാ അല്ലെങ്കിൽ ഞാൻ പഠിച്ചേനെ"

ആ മുഖം വാടുന്നത്  തനിക്കു ഇഷ്ടമല്ല പിന്നെ താൻ കളിയാക്കില്ല 

"ശ്രീ പോയല്ലോ ചിന്നു" മേസ്തിരി പറഞ്ഞപ്പോൾ അവളൊന്ന് അമ്പരന്നു. 

"എങ്ങാട്ട്? "

"അതറിയില്ല. ചിന്നു വന്നാൽ കാക്കണ്ട, പൊയ്ക്കോളാൻ പറഞ്ഞു  "

അവൾ തലയാട്ടി 

"എവിടേക്കു പോയിരിക്കും? .ഒരു ഉറുമ്പു കടിച്ചാൽ കൂടി പറയുന്ന ആളാണ് ..പകലത്തെ വിശേഷങ്ങൾ മുഴുവനും കേൾക്കാതെ തന്നെ ഉറങ്ങാൻ കൂടി സമ്മതിക്കാത്ത ആൾ. ഇതെന്താ പറയാഞ്ഞേ? 

അവൾ അതൊക്കെ ആലോചിച്ചു വീടുതുറന്നു. 
മുറ്റം അടിച്ചു കുളിച്ചു  വിളക്ക്  വെച്ചപ്പോളെക്ക് ശ്രീ എത്തി. 

"എവിടെക്കാ പോയത് ?"

"ഒരാളെ കാണാൻ "
ശ്രീ ഷർട്ടൂരി അയയിലിട്ട്  കുളിക്കാൻ പോയി 

കുളി കഴിഞ്ഞു വന്നപ്പോൾ ചോറും മീൻകറിയും വിളമ്പി അരികിലിരുന്നു ചിന്നു. 

നിനക്ക് വേണ്ടേ ഇതെന്താ ഒരു പാത്രം ?
"എനിക്ക് വിശപ്പില്ല "അവൾ മെല്ലെ പറഞ്ഞു.  

ശ്രീ ഒരു ഉരുള ചോറ് മീൻകറിയിൽ മുക്കി നീട്ടിയപ്പോൾ ആ മുഖത്ത്  നോക്കി വേണ്ടാന്ന് പറയാനും തോന്നിയില്ല അവൾക്ക്.  

പാത്രങ്ങളൊക്ക  കഴുകി അടുക്കള അടയ്ക്കുമ്പോ വിളി  വന്നു. 
"ചിന്നുസേ മുറ്റത്തോട്ട്  വായോ" 

"എന്തെ? "

"നോക്കെടി അരിമുല്ലപ്പൂ വാരിവിതറിയപോലെ നക്ഷത്രക്കുഞ്ഞുങ്ങള് "

അവൾ മാനത്തേക്ക് നോക്കി നിലാവുണ്ട്. എന്നാലും എന്താ ഭംഗി നക്ഷത്രക്കുഞ്ഞുങ്ങൾക്ക്.!

പൊടുന്നനെ കാൽത്തണ്ടയിലൊരു  തണുപ്പറിഞ്ഞു അവൾ താഴോട്ട് നോക്കി. ശ്രീയുടെ ചുണ്ടുകൾ കാൽത്തണ്ടയിലമർന്നതാണ്.  

"അയ്യേ ഇതെന്താ? "

"അടങ്ങി നിൽക്കെടി. ഇതൊന്നിട്ടോട്ടെ .."

രണ്ടു വെള്ളിക്കൊലുസുകൾ. 

"അച്ഛന്റെ  കൂട്ടുകാരൻ ഒരു സ്വർണപ്പണിക്കാരനുണ്ട് കേട്ടോ. പുള്ളിയുടെ  അടുത്ത് നേരെത്തെ പറഞ്ഞു വെച്ചതാ . കൊലുസിനു  മണി വേണം ..മുല്ലമൊട്ടിന്റെ ഫാഷൻ വേണം എന്നൊക്കെ ..മാസം തോറും കുറേശ്ശേ കൊടുക്കാനല്ലേ നമുക്ക് പറ്റുവുള്ളു.  .ഇന്ന് ദേണ്ടെ വിളിച്ചിട്ട് പറയുന്നു നീ കൊണ്ട് പോക്കോടാ..പണി തീർത്ത്  വെച്ചിട്ടുണ്ട് എന്ന് ..ബാക്കി കാശൊക്കെ സൗകര്യം പോലെ മതിന്ന്  "അവൻ കൊലുസിന്റെ കൊളുത്ത് കടിച്ചടുപ്പിച്ചു. 

അവളുടെ  കണ്ണിൽനിന്ന് മഴപെയ്യും പോലെ കണ്ണീരിറ്റു. 

"ആഹാ തുടങ്ങിയല്ലോ എന്റെ  തൊട്ടാവാടി. നീ ആദ്യം എന്റെ കൈയ്യിലേക്ക് ആ കാലൊന്നു വെച്ചേ "

അവൻ  കൈകൾ മലർത്തി  മണ്ണിനു മുകളിൽ വെച്ചു. 

അവൾആ കൈകളിലേക്ക് ആദ്യത്തെ ചുവടു വെച്ചു. 

"എന്ത് ഭംഗിയാ  എന്റെ പെണ്ണിന്റെ  കാല് കാണാൻ " അവൻ ആ കാലിൽ തലോടി.

പിന്നീട്  ഒന്നിച്ചുറങ്ങാൻ കിടക്കുമ്പോൾ ചിന്നു ആ നെഞ്ചിലേക്ക് മുഖം അണച്ച് വെച്ചു 

"ശ്രീ? "

"ഉം "

"ജോലിസ്ഥലത്ത്  കുറെ പെണ്ണുങ്ങൾ ഉണ്ടല്ലേ? "

"ഉം "

"അവരൊക്കെ ശ്രീയോട് മിണ്ടുമോ? "

'ചിലപ്പോഴൊക്കെ "

"നല്ല സുന്ദരികളൊക്കെ 
ഉണ്ടോ? "

"കാണുന്നവന്റെ  കണ്ണിലല്ലേ പെണ്ണെ  സൗന്ദര്യം? സ്നേഹം ഇങ്ങനെ തുളുമ്പി നിൽക്കുമ്പോ സൗന്ദര്യം കൂടും. അങ്ങനെ നോക്കുവാണെങ്കിൽ  ഈ ഭൂമിയിൽ   ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും  സുന്ദരി നീയാ. അത് ഉടലളവുകളല്ല, നിറമല്ല,  മുടിയഴകല്ല,  അതൊരു.. 
എന്താ പറയുക? ."അവൻ തലയിണ ഉയർത്തി വെച്ചു 

"അതേടി ഞാനെ..  ഞാനിങ്ങനെ വെട്ടുകല്ലും ഇഷ്ടികയുമൊക്കെ ചുമന്നു  ക്ഷീണിക്കുമ്പോഴേ കണ്ണടച്ച് നിന്നെ ഒന്നോർക്കും. അങ്ങനെ പ്രത്യേകിച്ച് ഓർക്കേണ്ട. എന്നാലും..ഓർക്കും . നിന്റെ ചിരി,  നോട്ടം, ശ്രീ എന്ന വിളിയൊച്ച,  ചിലപ്പോ സ്നേഹം കൊണ്ടെനിക്ക് വട്ടു പിടിക്കും പോലെ തോന്നും. നിന്നെ ഓർക്കുമ്പോൾ എന്റെ ക്ഷീണമെല്ലാം പോകും.. എവിടുന്നോ പിന്നെയങ്ങ് ഒരു ആവേശമാ. എന്തിനെയും അങ്ങ് നേരിടാം എന്ന
തോന്നലാ "

അവളെ അവൻ ഉയർത്തി അവന്റെ നെഞ്ചിൽ കിടത്തി. 

"ചിന്നുസേ, ഒരാണിന്റെ മനസ്സ് നിറയെ അവന്റെ പെണ്ണ് കൊടുക്കുന്ന സ്‌നേഹമാ..അവളോടുള്ള സ്നേഹമാ.. എത്ര കൊടുത്താല അവൾക്ക് മതിയാവുക എന്ന ചിന്തയാണ്. അത് നീ ഇനി എത്ര പ്രസവിച്ചാലും തൊലി ചുളിഞ്ഞാലും തടിച്ചാലും ഭംഗി പോയാലും  വയസ്സായാലും മാറില്ല "

അവന്റെ ശബ്ദം നേർത്തു 

"നീ ആണ് ശ്രീയുടെപെണ്ണ്. നീ മാത്രമേ ഉണ്ടാവുകയുള്ളു  ശ്രീക്ക് എന്നും,  ശ്രീയുടെ  മരണം 
വരെ "അവൻ ഉറക്കത്തിലേക്കു പോകുമ്പോൾ പോലും അങ്ങനെ മന്ത്രിക്കുന്നത്  കേട്ട് 
അവൾ ചുണ്ടു കടിച്ചു പിടിച്ചു.നെഞ്ചിൽ  ഒരു കരച്ചിൽ വന്നു മുട്ടുന്നു 

തലയുയർത്തി ആ മുഖത്തേക്ക് നോക്കി ചിന്നു.  കുഞ്ഞുങ്ങളെപോലെ നിഷ്ക്കളങ്കമായി ഉറങ്ങുന്നു. 

അവൾ ആ നിറുകയിൽ മെല്ലെ തലോടി. പിന്നെ മൃദുവായി ചുംബിച്ചു 

"എന്റെ ഭാഗ്യാ.   .."അവൾ മന്ത്രിച്ചു  

പിന്നെ ഉറക്കത്തിനായി കാത്ത്  മിഴികളടച്ചു. അവന്റെ ഹൃദയമിടിപ്പ് കേട്ടു കൊണ്ട്.അമ്മു സന്തോഷ് 

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്