എന്നും അവന്റെ പെണ്ണാവുക

എന്നും അവന്റെ പെണ്ണാവുക 

"ദേ   അച്ചായാ ഇങ്ങോട്ട് എഴുനേറ്റ് വന്നേ " പുലർച്ചെ ആറുമണിയായതെ ഉള്ളു .അലക്സിന് നല്ല ദേഷ്യം വന്നു 

"എന്താടി ?"
"നിങ്ങളറിഞ്ഞോ നിങ്ങളുടെ അമ്മച്ചി 
ഗർഭിണിയാണെന്ന് "കലി തുള്ളി ലിസ 
അലക്സവളെ അടിമുടി ഒന്ന് നോക്കി 

"അറിഞ്ഞാരുന്നോന്നു ?"

"അറിഞ്ഞല്ലോ പപ്പയാണോ ജോമോനാണോ ആരോ ഒരാൾ വിളിച്ചു പറഞ്ഞാരുന്നു "
 അവനലസമായി പറഞ്ഞു 

"ആഹാ എന്നിട്ടത് നിങ്ങൾ എന്നോട് പറഞ്ഞോ മനുഷ്യാ ?"

"പറഞ്ഞില്ലാരുന്നോ ?" അലക്സ് പിന്നെയും ബെഡിലേക്കു ചാഞ്ഞു 

"ദേ ഉരുണ്ടു കളിക്കല്ലേ ..കർത്താവേ ഞാനിനി നാട്ടുകാരുടെ മുഖത്തെങ്ങനെ നോക്കും ?"

"നീ എങ്ങനേലും നോക്ക് കാണാൻ വയ്യെല് ഒരു കണ്ണാടി വെച്ചോ "അലക്സ് പുതപ്പു വലിച്ചു മൂടി 
ലിസ അത് വലിച്ചു ഒരേറു കൊടുത്തു 

"ദേ എനിക്ക് ചൊറിഞ്ഞു വരുന്നുണ്ട് കേട്ടോ ഉളുപ്പുണ്ടോ  മനുഷ്യ നിങ്ങള്ക്ക് ?അമ്പതു വയസുള്ള സ്വന്തം  'അമ്മ ഗർഭിണിയാണെന്നറിഞ്ഞു ഇങ്ങനെ കിടക്കാൻ എങ്ങനെ തോന്നുന്നു ?പിതാവേ ഞാൻ എന്റെ അപ്പനോടും അമ്മാച്ചന്മാരോടുമൊക്കെ എന്ന പറയും ?"

"അത് കൊള്ളാമല്ലോടി ..എന്റെ 'അമ്മ പ്രസവിക്കുന്നതിനു നിനക്കെന്നാടി ?എന്റെ അപ്പനുണ്ടാക്കിയ ഗർഭമല്ലേ അത് ?അല്ലാത്ത അവിഹിതമൊന്നുമല്ലല്ലോ ..അല്ല ഞാൻ  അറിയാഞ്ഞിട്ട്  ചോദിക്കുവാ ഇവിടെ നിന്റെ അപ്പനും വീട്ടുകാർക്കുമെന്ന റോൾ ?"

"ദേ നാക്കിനു എല്ലില്ലെന്ന് കരുതി എന്നാ  വർത്തമാനം വേണെങ്കിലും അങ്ങ് പറയല്ലേ പെൺകൊച്ചൊരെണ്ണം  ഇവിടേം വളർന്നു വരുന്നുണ്ട് ..അമ്മൂമ്മ ഗർഭിണിയാണെന്ന് അവളോടെങ്ങനെ പറയും ?"

"ഓ നീ പറയണ്ട പ്രസവിക്കുമ്പോൾ അവള് കണ്ടോളും ഇപ്പോളത്തെ  പിള്ളാർക്കെല്ലാം അറിയാമെടി "

"എന്തോ പറഞ്ഞാലും ഉത്തരം ഉണ്ട് ..എന്റെ അച്ചായാ ഇത് വലിയ നാണക്കേടല്ലിയോ?വയസാം കാലത്തു ...ആൾക്കാർ എന്നാ  പറയും ..ഇത് വേറെ എന്നതിന്റേം  കേടാണെന്നു പറയുകേലെ  ..ശ്ശോ  ഞാനിനി പള്ളിക്കാരുടെ മുഖത്തെങ്ങനെ നോക്കും ?"
അലക്‌സവളെ പിടിച്ചെടുത്തിരുത്തി 

"എടിയേ  എന്റെ അമ്മച്ചി എന്നെ പ്രസവിക്കുന്നത് അമ്മച്ചിയുടെ പതിനേഴാം വയസ്സില..പിന്നെ ജോമോൻ ..പിന്നെ ഹന്ന മോള്  പ്രാരാബ്ധവും കഷ്ടപ്പാടുമൊക്കെ ആയിട്ട് ഞങ്ങളെ വളർത്തുന്നതിനിടയിൽ അവര് പരസ്പരം  ഒന്ന് ശരിക്കും  സ്നേഹിച്ചു പോലും കാണുകേല . കുറച്ചു നാളെ ആയുള്ളൂ അവരൊന്നു സ്വസ്ഥമായി ജീവിക്കാൻ തുടങ്ങിയിട്ട് .എന്റെ അപ്പന് നല്ല ആരോഗ്യമാടി  .ഇനിയൊരു രണ്ടു  പിള്ളേരെ കൂടി പ്രസവിക്കാനുള്ള ആരോഗ്യം എന്റെ അമ്മച്ചിക്കുണ്ടെങ്കിൽ അമ്മച്ചി ഇനിം പ്രസവിക്കും .തടയാൻ ആർക്കാ അധികാരം ?നീ ഇങ്ങനെ ഒന്നിൽ നിർത്തി എനിക്ക്  പ്രസവിക്കാൻ മേലായെ  എന്നും പറഞ്ഞു ഫാക്ടറി അടച്ചു പൂട്ടിയപ്പോ ഓർക്കണാർന്നു ഇത് പോലെ മിടുക്കത്തി പെണ്ണുങ്ങള് ഭൂമിയിൽ ഉണ്ടെന്നു .."

ലിസ മുഖം താഴ്ത്തി അലക്സ് ഒന്ന് ചിരിച്ചു  പിന്നെ തുടർന്നു 
എന്റെ അമ്മച്ചിയോടെനിക്ക്  ബഹുമാനമാടി ..നിനക്കറിയുകേല .ഒന്നും. എന്നെ പ്രസവിച്ചത്  വീട്ടിലാ ..വീടെന്നോന്നും പറയാൻ പറ്റുകേല .മോളിൽ ടാർപ്പാളിൻ വലിച്ചു കെട്ടിയിട്ടുണ്ട് .നാലു വശത്തും ഓല ചരിച്ചു കുത്തിയിട്ടുണ്ട് . തറയിൽ പലക പാകിയ ഒരു ഷെഡ് .."അലക്സിന്റെ ശബ്ദമൊന്നിടറി .അയാൾ ഒരു സിഗരറ്റ് കത്തിച്ചു പുക ഉള്ളിലേക്കടുത്തു 

"പാലായിലെ ഗബ്രിയേൽ മുതലാളി യുടെ ഒറ്റമോൾ ..അഞ്ച് പൈസ എടുക്കാനില്ലാത്ത ഒരു ദരിദ്രവാസി ചെറുക്കന്റെ കൈയും പിടിച്ചു ഇറങ്ങി വരുമ്പോൾ ജീവൻ മാത്രമേയുള്ളു കൈമുതല് ..ചുറ്റിനും കൊല്ലാൻ പകയുമായി  അച്ചാച്ചന്റെ ആൾക്കാർ .അവരുടെ  ഇടയില ഇവർ  ജീവിച്ചേ എന്തൊക്കെ സംഭവിച്ചിട്ടും ആ കൈ വിട്ടില്ല അമ്മച്ചി .അപ്പൊ നീ ചോദിക്കും സ്വന്തം അപ്പനെ വിട്ടു പോയവളെ എന്തിനാ ബഹുമാനിക്കുനേ എന്ന് .എന്റെ അച്ചാച്ചന്റെ ക്രൂരതകള് മടുത്തിട്ട എന്റെ 'അമ്മ പപ്പയുടെ കൂടെ  പോരുന്നെ ..എന്റെ പപ്പയുടെ പ്രണയം മാത്രമായിരുന്നു അമ്മയോട് ലോകം . പൊരുതി നേടിയത ഇന്നി  കാണുന്നതൊക്കെ . "

ലിസയുടെ കണ്ണുകൾ വിടർന്നു 

"ജോമോനുണ്ടാകുമ്പോൾ എനിക്ക് മൂന്നു വയസ്സ് .അപ്പൊ തറകെട്ടി ഒരു മുറി എടുത്തിരുന്നു . ജോമോൻ കഴിഞ്ഞു ഹന്ന മോൾ ...മഴ പെയ്യുമ്പോൾ വെള്ളം കേറുന്ന ആ ഒറ്റ മുറി വീട്ടിലിരുന്നു  ഞങ്ങൾ കണ്ട കിനാവുകളാ  ഇന്നത്തെ ജീവിതം .മിക്കവാറും ദിവസങ്ങളിൽ ഒക്കെ ഒരു നേരമായിരുന്നു  ആഹാരം . . ഉച്ചക്ക് സ്കൂളിൽ നിന്ന് ഉപ്പുമാവ് കിട്ടും ..ജോമോനും ഹന്ന മോളും അസ്സലായി പഠിക്കും  ഞാൻ അന്നേ  പഠിക്കാൻ മോശമാ അതാ കള്ളൂ  കച്ചവടത്തിലേക്കു തിരിഞ്ഞേ. പപ്പക്ക് ഇഷ്ടമല്ലാരുന്നു അത്. പക്ഷെ എന്നെ ഒന്നും പറയുകേല. ആദ്യത്തെ കൊച്ചല്ലിയോ ഞാൻ.  ജീവനാ എന്നെ  "
അയാൾ  പുറം കൈ കൊണ്ട് കണ്ണീർ തുടച്ചു 

"എന്റെ അമ്മ അന്നൊന്നും ഒന്നും കഴിക്കുകേലാരുന്നേടി ... ആ പങ്കു കൂടെ ഞങ്ങൾക്ക് വീതിച്ചു തരും ..പക്ഷെ ആ മുഖത്തെന്നും സന്തോഷമാരുന്നു.പപ്പക്ക് ഒരു ജലദോഷം വന്ന ..ഞങ്ങൾക്കാർക്കെങ്കിലും ഒരു പനി വന്നാ ..ഉറക്കമില്ല ..പാവത്തിന് ...എന്റെ അപ്പനും അമ്മയും ഇന്ന് താമസ്സിക്കുന്ന അഞ്ചേക്കർ ഭൂമിയും ആ വീടും ഞങ്ങള് മൂന്നു മക്കളും ചേർന്ന് പപ്പയുടെ പേരിൽ   വാങ്ങിയത്  എന്താന്നറിയുമോ ?മാലാഖ പോലെ ഒരു അമ്മയെ ഞങ്ങൾക്ക്  തന്നതിന് പപ്പക്ക് ഞങ്ങൾ മക്കൾ കൊടുത്ത സമ്മാനമാ അത് "
ലിസ ഒന്നും മിണ്ടിയില്ല 

"രാജകുമാരിയാരുന്നു എന്റെ 'അമ്മ ..ഇപ്പോളത്തെ പെണ്പിള്ളേര്ക്ക് പറ്റുവോ അത് ?നിനക്ക് പറ്റുവോ ?കാശില്ലെങ്കിൽbനി എന്നെ വിട്ടിട്ട് പോകില്ലേ ?"

'ഓ പിന്നെ "

" പെണ്ണെന്നു പറയുന്നത് വെറും ശരീരമാവരുത് ലിസ കൊച്ചെ. അതിനകത്തു ആത്മാവ് വേണം "അലക്സ് അവളുടെ താടിയിൽ പിടിച്ചുയർത്തി 

"അതിനുള്ളിൽ അവളുടെ പുരുഷനോടുള്ള ഒടുക്കത്തെ പ്രേമം വേണം.അവന്റെ പെണ്ണായിരിക്കണം എപ്പോളും.  പ്രായം ഇരുപതല്ല നാല്പതല്ല  അറുപതല്ല മരിച്ചു പെട്ടിയിൽ കിടക്കുമ്പോൾ പോലും അവസാനിക്കാത്ത ലഹരി നിറഞ്ഞ പ്രണയം ..അപ്പോൾ വരെ ഉണ്ടാകണം അത് ..പ്രണയം ശരീരങ്ങളുടെയും മനസിന്റെയും ഉല്ലാസമാണെടി.അല്ലാതെ കെട്ടിയോൻ തൊടാൻ വരുമ്പോ എനിക്കിനി പ്രസവിക്കാൻ മേലാ,ടെറസിലെ തുണി എടുത്തില്ല , നാളെ കാപ്പിക്ക് പാലപ്പം മതിയോ , അപ്പുറത്തെ സൗമ്യ പുതിയ  കാറു  വാങ്ങി ..ഇങ്ങനെ ഒക്കെ പറയുന്നവളുമാരെ  തൂക്കിക്കൊല്ലണം എന്ന എന്റെ ഒരിത് "
ലിസ പൊട്ടിച്ചിരിച്ചു 

"ഒന്ന് പോ അച്ചായാ "

"പ്രസവം അടുക്കുമ്പോ നീ പോയി നിൽക്കണം കേട്ടോ "
അവൾ തലയാട്ടി 

അമ്മയുടെയും പപ്പയുടേം കൂടെ അവളധികം നിന്നിട്ടില്ലാരുന്നു. പപ്പാ അമ്മയെ സ്നേഹിക്കുന്നത്,  കൊഞ്ചിക്കുന്നതു, ലാളിക്കുന്നത്  ഒക്കെ കാണെ ആദ്യമുള്ള പതർച്ച ,വല്ലായ്മ ഒക്കെ വേഗം മാറി കിട്ടി സ്ത്രീയും പുരുഷനും എത്ര പ്രായമായാലും 
പ്രണയത്തിലാകുമ്പോൾ ചേല് കൂടും എന്നവൾ കണ്ടു പിടിച്ചു 

പ്രസവിച്ചു കുഞ്ഞിനെ ഏറ്റുവാങ്ങിയത് ലിസ ആണ് ,കുഞ്ഞിനെ നെഞ്ചോട്  ചേർക്കുമ്പോൾ അവളുടെ മാറിടം തുടിച്ചു. നിറഞ്ഞ  കണ്ണുകളോടെ അവൾ അലക്സിനെ നോക്കി 

രാത്രി 

"അച്ചായാ "

"ഉം "

"അച്ചായാ എനിക്കെ "

"പറ "

"അതെ .."
അലക്സ് കുസൃതിയോടെ ആ മുഖം പിടിച്ചമർത്തി ചുംബിച്ചു 

""ചിലതു പറയണ്ട ഭംഗി പോകും" 
ലിസ ആ നെഞ്ചിലേക്ക് മുഖം ചേർത്ത് വെച്ചു

"പുറത്തു നല്ല മഴ ...ഒന്ന് നനഞ്ഞാലോ "അവൾ മെല്ലെ ചോദിച്ചു 

ആരെങ്കിലും കാണുമെന്നും എന്ത് വിചാരിക്കുമെന്നും എന്നൊന്നും ലിസ ചിന്തിച്ചില്ല ഒന്നിച്ചു മഴ നനയുമ്പോൾ പുതു മണ്ണിന്റെ ഗന്ധം ഉള്ളിലേക്കെടുക്കുമ്പോൾ ഇനിയൊരു പുതു നാമ്പിനായി ഉണരുന്ന ഉടലിനെയും മനസിനെയും  ലിസ അലക്സിന്റെ ഉയിരിനോട് ചേർത്ത് വെച്ചു.അമ്മു സന്തോഷ് 

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്