kissakal

പ്ലസ് ടുവിന്  പഠിക്കുന്ന തന്റെ മകൾ വൈഷ്ണവിയുടെ ബാഗിൽ നിന്നും  മൊബൈൽ ഫോൺ കണ്ട് മാലതി ഞെട്ടി..

ചോറുപൊതി എടുത്തു വെയ്ക്കാൻ ബാഗ് തുറന്നപ്പോഴാണ് മാലതി അതിനുള്ളിൽ  ഒരു സാംസങ് മൊബൈൽ കാണുന്നത്. 

അവർ അടിമുടി വിറച്ചു. വളരെ കഷ്ടപ്പെട്ട് കുടുംബം പുലർത്തികൊണ്ട് പോകുന്ന കഷ്ടപ്പാട് മകൾ ദിവസവും കാണുന്നതാണ്.. എന്നിട്ടും അവൾ അച്ഛന്റെയും അമ്മയുടെയും കഷ്ടപ്പാട് മനസിലാക്കിയില്ലല്ലോ എന്നാലോചിച്ചു ആ മാതൃഹൃദയം വേദനിച്ചു. 

മൊബൈലും കയ്യിൽ പിടിച്ചു വൈഷ്ണവി കുളിച്ചു വരുന്നതും കാത്ത് മാലതി ഉമ്മറത്തിരുന്നു. 

കുളിച്ചു റെഡിയായി വൈഷ്ണവി പുറത്തേക്കു വന്നപ്പോൾ വലിഞ്ഞു മുറുകിയ മുഖവുമായി നിൽക്കുന്ന അമ്മയെ കണ്ട് അവൾ അന്തംവിട്ടു. 

"അമ്മ ഇന്ന് ജോലിക്ക് പോകുന്നില്ലേ... "

ടൗണിൽ തന്നെ ഒരു തുണിക്കടയോട് ചേർന്നുള്ള സ്റ്റിച്ചിങ് സെന്ററിലാണ് മാലതി ജോലിക്ക് പോകുന്നത്. 

"രണ്ടിലൊന്ന് അറിഞ്ഞിട്ടേ ഇനി ഞാൻ എവിടേക്കും പോകുന്നുള്ളൂ.ഞങ്ങൾ  ഈ കിടന്നു കഷ്ടപ്പെടുന്നതൊക്കെ നിനക്ക് ഒരാൾക്ക്  വേണ്ടിയല്ലേ... ആ ഞങ്ങളെ നീ ചതിക്കുവായിരുന്നില്ലേ ഇതുവരെ...." 

ദേഷ്യത്തോടെ അവർ അവളെ ഉറ്റുനോക്കി കിതപ്പടക്കി. 

വൈഷ്ണവി ഒന്നും മനസിലാകാതെ അമ്മയുടെ മുഖത്തേക്ക് നോക്കി.... 

"അമ്മ എന്താ ഈ പറയണേ... ഞാൻ എന്ത് ചതിച്ചുവെന്നാ....?? "

മാലതി മൊബൈൽ എടുത്തു അവളെ കാണിച്ചിട്ട് ചോദിച്ചു 

"ഇത് എവിടുന്നാ നിനക്ക്....?? എത്ര നാളായി ഇത് തുടങ്ങിയിട്ട്...?? "

അമ്മയുടെ കയ്യിലിരിക്കുന്ന ഫോൺ കണ്ട് അവൾ ഞെട്ടി. 

"എനിക്കറിയില്ല... "അവൾ മുഖം വെട്ടിച്ചു കൊണ്ട് പറഞ്ഞു. 

"നീ അറിയാതെ ഇതെങ്ങനെ നിന്റെ ബാഗിൽ വന്നു... "

"എനിക്കറിഞ്ഞൂടാ.... "ദുർബലമായ സ്വരത്തിലായിരുന്നു  അവളുടെ  മറുപടി. 

"സത്യം പറഞ്ഞില്ലെങ്കിൽ ഇപ്പൊ തന്നെ  ഫോണും കൊണ്ട് നിന്റെ സ്കൂളിലേക്ക് ഞാനും വരും. നിന്റെ ടീച്ചറിനെ കണ്ട് പറയുന്നുണ്ട്... "

"വേണ്ട അമ്മ ഞാൻ സത്യം പറയാം... സ്കൂളിൽ ആരോടും പറയല്ലേ ചീത്തപ്പേരാകും.. " അവൾ പേടിയോടെ പറഞ്ഞു. 

"നിനക്ക് ഇതെവിടുന്നു കിട്ടി...?? എത്ര ദിവസമായി ഇതും കൊണ്ട് നടക്കാൻ തുടങ്ങിയിട്ട്.... "

"കഴിഞ്ഞയാഴ്ച സ്കൂൾ വിട്ട് വരുമ്പോൾ സ്കൂളിന്റെ അടുത്ത് ഒരു മൊബൈൽ ഷോപ്പിൽ ജോലി ചെയ്യുന്ന പയ്യൻ വഴിയിൽ തടഞ്ഞു നിർത്തി പിടിച്ചേൽപ്പിച്ചതാ. കുറെ ദിവസമായി പുറകെ നടന്നു ഇഷ്ടമാണെന്ന് പറയുന്നുണ്ടായിരുന്നു.... അപ്പോഴാണ് അവൻ  വൈകിട്ടു സ്കൂൾ വിട്ട് വരുന്ന സമയം  വഴിയിൽ തടഞ്ഞു നിർത്തി ബലമായി തന്നത്. എന്നിട്ട് അവന് സംസാരിക്കാൻ ഉണ്ട് ഇതിൽ വിളിക്കും എന്ന് പറഞ്ഞു... "

"അപ്പൊ  ഇത്രയും  ദിവസം നിനക്ക് ഇതായിരുന്നു ഇവിടെ പണി... ഒരാഴ്ച ആയിട്ട് നിന്റെ മനസൊന്നും ഇവിടെ അല്ലായിരുന്നു, അതിന്റെ കാരണം ഇതായിരുന്നു അല്ലെ  ...?? "

" വഴിയിൽ തടഞ്ഞു നിർത്തി പേടിപ്പിച്ചിട്ട് ചെയ്തു പോയതാ. വീട്ടിൽ പറഞ്ഞാൽ അച്ഛനും അമ്മയും തല്ലുമെന്ന് ഭയന്നിട്ടാ പറയാത്തെ... "

"അവന്റെ കാര്യം ഞാൻ നോക്കിക്കൊള്ളാം.പഠിക്കാൻ പറഞ്ഞു വിട്ടാൽ മര്യാദക്ക് പഠിച്ചിട്ടു വരണം...  സ്കൂളിൽ പോയിട്ട് വരുമ്പോൾ എന്തുണ്ടെങ്കിലും  വീട്ടിൽ വന്നു പറഞ്ഞോളണം... നിനക്ക് ഫോൺ വേണമെന്ന് ഞങ്ങൾക്ക് തോന്നുമ്പോൾ വാങ്ങിത്തരും... ഇനി മേലിൽ ഇത് ആവർത്തിക്കരുത്... "

"ഇല്ല അമ്മ.... സോറി....ഇനി ഇങ്ങനെ ഒന്നും ചെയ്യില്ല.... ഒരു തെറ്റും ചെയ്യില്ല  അച്ഛനോട് പറയല്ലേ... "

"മക്കൾ ചെയ്യുന്ന  തെറ്റ് അച്ഛനിൽ നിന്ന് മറച്ചു വയ്‌ക്കേണ്ട ഒരു കാര്യവുമില്ല.... നിന്റെ ബാഗിൽ ഇത് കണ്ടപ്പോൾ തന്നെ ഞാൻ വിളിച്ചു പറഞ്ഞു. ഇത് എനിക്ക് തന്നെ കൈകാര്യം ചെയ്യാൻ ഉള്ളതേയുള്ളുവെന്ന് നിന്റെ അച്ഛൻ പറഞ്ഞു.... അല്ലെങ്കിലും ഇതുവരെ നിന്റെ അച്ഛനിൽ നിന്നും ഒന്നും ഞാൻ മറച്ചു വെച്ചിട്ടില്ല... നിന്റെ കാര്യത്തിൽ ഞങ്ങൾക്ക് രണ്ടുപേർക്കും  പൂർണ ഉത്തരവാദിത്വം ഉണ്ട്... "

വൈഷ്ണവി കുറ്റബോധത്തോടെ നിലത്തേക്ക് മിഴികൾ ഊന്നി നിറമിഴികളോടെ നിന്നു. 

"വേഗം റെഡി ആയി ഇറങ്ങ്.... പോകാം... "

അനുസരണയുള്ള കുട്ടിയെ പോലെ അവൾ ബാഗുമെടുത്തു അമ്മയ്‌ക്കൊപ്പം സ്കൂളിലേക്ക് ഇറങ്ങി. 

അവളെയും കൊണ്ട് മാലതി നേരെ ചെന്നത് മൊബൈൽ ഷോപ്പിലേക്കാണ്... 

വൈഷ്ണവി പേടിയോടെ അമ്മയുടെ കൈകളിൽ മുറുകി പിടിച്ചു.... 

"വേണ്ടമ്മ... നമുക്ക് പോവാം..." വൈഷ്ണവി കെഞ്ചി. 

അവളുടെ വാക്കുകൾ അവർ ചെവികൊണ്ടില്ല... നീ മര്യാദക്ക് എന്റെ കൂടെ വന്നാമതി. 

മൊബൈൽ ഷോപ്പിനുള്ളിൽ ഇരുപത്തിരണ്ട് വയസ്സ് തോന്നിക്കുന്ന ഒരു പയ്യൻ മാത്രമേ ഉണ്ടായിരുന്നുള്ളു. 

"അവനാണോ നിനക്ക് ഫോൺ തന്നത്?? "

"അതെ... "

കീറിയ  ജീൻസും ഒരു ബനിയനുമായിരുന്നു അവന്റെ വേഷം. കാതിൽ പെണ്ണുങ്ങളെ പോലെ കാതു കുത്തി കമ്മലുമിട്ട് കയ്യിൽ കുറെ ചങ്ങല വാരിചുറ്റി പാറിപ്പറന്ന എണ്ണ മുടിയും..... മനുഷ്യ കോലം തൊട്ടു തീണ്ടിയിട്ടില്ലാത്ത രൂപം. 

"നീയാണോടാ എന്റെ മോൾക്ക് മൊബൈൽ ഫോൺ വാങ്ങി കൊടുത്തത്... " 
വൈഷ്ണവിയെയും അമ്മയെയും ഒരുമിച്ചു കണ്ടപ്പോൾ തന്നെ അവന് പന്തികേട് മനസിലായി...

അവന്റെ പരുങ്ങൽ കണ്ടപ്പോൾ തന്നെ മാലതി അവന്റെ ചെവിക്കലിന് ഒരെണ്ണം പൊട്ടിച്ചു. 

"ഞങ്ങൾ മാതാപിതാക്കൾ മക്കളെ കഷ്ടപ്പെട്ട് സ്കൂളിൽ അയക്കുന്നത് അവർ പഠിച്ചു ഒരു ജോലി വാങ്ങി സ്വന്തം കാലിൽ നിൽക്കുന്നത് കാണാൻ വേണ്ടിയാ. അതിന്റെ ഇടയ്ക്കാണ് നിന്നെപ്പോലെ കുറെയെണ്ണം പതിനാറും പതിനേഴും വയസ്സുള്ള കൊച്ചു പെൺപിള്ളേരെ പേടിപ്പിച്ചും പഞ്ചാരയുമടിച്ചു വീഴ്ത്തി രഹസ്യമായി മൊബൈൽ ഫോണും കൊടുത്തു രാത്രിയും പകലും സംസാരിച്ചു വേണ്ടാത്ത ഓരോന്നും പറഞ്ഞു  നശിപ്പിക്കുന്നത്.... "

അവൻ ഒരക്ഷരം മിണ്ടാതെ അടികൊണ്ട കവിൾ പൊത്തിപിടിച്ചു നിന്നു. 

"ഇനി മേലിൽ ഇവളുടെ പുറകെ നടന്നു ശല്യം ചെയ്താൽ അവളുടെ അച്ഛൻ ആയിരിക്കും ചോദിക്കാൻ വരുന്നത്.  പണിയെടുത്തു തഴമ്പിച്ച കൈ കൊണ്ട് ഒരെണ്ണം തന്നാൽ നീയൊന്നും പിന്നെ കുറച്ചു ദിവസത്തേക്ക് തല പൊന്തിക്കില്ല.... കേട്ടോടാ... "

"ഇനി ശല്യം ചെയ്യില്ല ആന്റി.... സോറി...ഒരബദ്ധം പറ്റിപ്പോയി...  ആ ഫോൺ ഒന്ന് തരാമോ.... " അവൻ വിക്കി വിക്കി ചോദിച്ചു. 

"ഈ ഫോൺ തല്ക്കാലം തരാൻ ഉദ്ദേശമില്ല... ഇനി മേലിൽ ഇതുപോലെ വൃത്തികെട്ട പരിപാടിയുമായി ഒരൊറ്റ പെൺപിള്ളേരെ ശല്യം ചെയ്തേക്കരുത്...  ആദ്യം മനുഷ്യൻ കോലത്തിൽ നടക്കാൻ നോക്ക്. എന്നിട്ട് പഞ്ചാരയൊലിപ്പിച്ചു നടക്കുന്ന നേരം കൊണ്ട് പണിയെടുത്തു പത്തു കാശ് വീട്ടിൽ കൊടുക്കാൻ നോക്ക്... വെറുതെ വീട്ടുകാരെ പറയിപ്പിക്കാതെ ആൺപിള്ളേരെ പോലെ നടക്കാൻ പടിക്ക്...  "

അത്രയും പറഞ്ഞു മകളുടെ കയ്യും പിടിച്ചു അവർ തിരിഞ്ഞു  നടന്നു.

ഇളിഭ്യനായി  അവർ പോകുന്നതും നോക്കി അടി കൊണ്ട കവിളും തടവി നിൽക്കാനേ അവന് കഴിഞ്ഞുള്ളു. 

കട തുറന്ന സമയം ആയത് കൊണ്ട് ചുറ്റും നോക്കിയിട്ട്  ആരും കണ്ടില്ലല്ലോ എന്നോർത്ത് അവൻ സമാധാനപ്പെട്ടു... 

വൈഷ്ണവിയെ സ്കൂളിലേക്ക് കയറ്റി വിടുമ്പോൾ മാലതി പറഞ്ഞു 

"ഏവനെങ്കിലും അവിടെയും ഇവിടെയും നിന്ന് കയ്യും കാലും കാണിക്കാൻ ഉണ്ടാവും അതുകണ്ടു പുറകെ പോയാൽ നഷ്ടം നിനക്ക് മാത്രമായിരിക്കും.... തെറ്റും ശരിയും  മനസിലാക്കി വിവേകത്തോടെ പെരുമാറേണ്ടത് നിന്റെ ബുദ്ധി പോലെയിരിക്കും... പറഞ്ഞു തരാനല്ലേ എനിക്ക് കഴിയു.... "

"ഇല്ല അമ്മേ... ഞാൻ നന്നായി പഠിച്ചുകൊള്ളാം... ഇത്തവണ ക്ഷമിക്കു... ഇനി ഇതുപോലെ ഉണ്ടാവില്ല.... " അവൾ അമ്മയെ ചുറ്റിപിടിച്ചു പറഞ്ഞു. 

നെറുകയിൽ ഒരു മുത്തം നൽകി അവളെ സ്കൂളിലേക്ക് വിട്ട് അവർ ജോലി സ്ഥലത്തേക്ക് നടന്നു. 

പെൺപിള്ളേർ ഉള്ള എല്ലാ അച്ഛനമ്മമാരുടെയും നെഞ്ചിൽ തീയാണ് അവരെ സുരക്ഷിത സ്ഥാനത്തു എത്തിക്കും വരെ. ഓർക്കുക എന്ത് സംഭവിച്ചാലും അവസാനം വരെ കൂടെ മാതാപിതാക്കൾ മാത്രമേ ഉണ്ടാവു. 
                               
                                   സിവ എസ് നായർ 

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്