അവൾമരിച്ചദിവസം

അവൾമരിച്ചദിവസം.... 

    അന്നും പതിവ് പോലെ  മക്കളെ സ്കൂളിലാക്കി ഓഫീസിലേക്ക് പോകുന്ന വഴിക്കാണ് സീന വിളിക്കുന്നത്....  

ഇക്കാ ...  നമ്മുടെ നിമിഷ മരിച്ചു...  

എങ്ങനെ?  

അത്‌ ഒരു സാധാരണ ചോദ്യമായിരുന്നു. 

എന്തോ ഗുളിക കഴിച്ചാണെന്നു തോന്നുന്നു.  കാര്യം എന്താണെന്നു ആർക്കും അറീല.

 നമുക്ക് പോണ്ടേ... വാപ്പ ഹോസ്പിറ്റലിൽ ആയിരുന്നപ്പോൾ  കുറേ സഹായം ചെയ്തിട്ടുള്ള പെണ്ണാണ്. 

ഇന്നിറങ്ങാൻ പറ്റുമോന്നറീല്ല...  ഞാൻ ഓഫീസ് എത്തീട്ട് വിളിക്കാം. 

നിശ്ചലമായി പോയ എന്റെ ഹൃദയത്തെയോ ആർത്തലച്ചു വന്ന എന്റെ നിലവിളിയെയോ അവൾ അറിഞ്ഞില്ലല്ലോ എന്ന സമാധാനത്തിൽ ഞാൻ phകട്ട്‌ ചെയ്തു. 

അവസാനമായി കണ്ടു പിരിയുമ്പോൾ അവൾ പറഞ്ഞ വാചകം ഉള്ളിൽ തികട്ടി.. 

"ഞാൻ മരിച്ചുന്നു നീയോ നീ മരിച്ചുന്നു ഞാനോ അറിഞ്ഞാൽ ഒന്നുച്ചത്തിൽ നിലവിളിക്കാൻ പോലുമാകാത്ത ബന്ധമാണ് നമുക്കിടയിലുള്ളത്. അതിലെന്ത് ആത്മാർത്ഥതയും വിശ്വാസവുമാണ് പ്രതീക്ഷിക്കേണ്ടത് അല്ലേ...  "

അവളുടെ പ്രിയപ്പെട്ട കോഫി രുചിച്ചു നോക്കാതെ അന്നവളെന്നെ വിട്ടു പോകുമ്പോൾ... തിരിഞ്ഞു നോക്കിയില്ല പുഞ്ചിരിച്ചില്ല കണ്ണുകൾ കൊണ്ട് ഇനിയെന്ന് എന്ന് ചോദിച്ചില്ല.... 

ഈ കടന്നു പോകുന്ന വഴികളോരോന്നും ഓരോ ഓർമയാണ്.  അവളെ ആദ്യം കണ്ടത് ... പിന്നെ കാണാൻ ഓരോ കാരണങ്ങൾ ഉണ്ടാക്കിയത്. വാപ്പച്ചിയെ അവൾ ജോലി ചെയ്യുന്ന ആശുപത്രിയിൽ തന്നെ അഡ്മിറ്റ്‌ ചെയ്തത്.  അവിടുന്നാണ് അവളെ ഞാനെന്റെ ഇഷ്ടങ്ങളിലേക്കു കൊണ്ട് വന്നത്.  

വെളുത്ത കവിളുകൾക്കു മുകളിലെ അവളുടെ ആ കറുത്ത കണ്ണുകളിൽ അവൾ ഒളിപ്പിച്ച വിഷാദത്തിന്റെ വേലിയേറ്റത്തെ തിരിച്ചറിഞ്ഞതും പ്രാണനെ പോലെ ചേർത്തു പിടിച്ചതും.  

കരയണമെന്നുണ്ട്.. 
എന്റെ പ്രാണനായിരുന്നു നീയെന്നു അലമുറയിടണമെന്നുണ്ട്. 
അവസാനമായി ആ മുഖത്തെ ചുംബിക്കണമെന്നുണ്ട്. 
 വാരി പുണർന്നു എന്നേ വിട്ടെന്തിന് പോയെന്നു ചോതിക്കണമെന്നുണ്ട്. 

പക്ഷേ... പക്ഷേ... നമ്മൾ അന്യരാണ്...

 എനിക്കിന്നും പതിവ് ദിവസമാണ്....  ഉച്ചക്ക് ഊണ് കഴിക്കണം,  വൈകിട്ട് ചായ കുടിക്കാൻ കൂട്ടുകാർക്കൊപ്പം പോണം. വൈകിട്ട് വീട്ടിലെത്തി മക്കളെ കളിപ്പിക്കണം. ഭാര്യക്കൊപ്പം നല്ല പതിയായി ഉറങ്ങിയുണരണം. 

അവളുടെ വാക്കുകൾ എനിക്ക് ചുറ്റും പ്രതിധ്വനിച്ചു കൊണ്ടേ ഇരിക്കുന്നു... 

ഞാൻ ആരെയും ഇത്രയധികം സ്നേഹിച്ചിട്ടില്ല 
എന്നെയും ആരുമിങ്ങനെ സ്നേഹിച്ചിട്ടില്ല... 

#സ്നേഹം ജീവിതത്തിന്റെ ക്രൂരമായ ആഘോഷമാണ്... 
ചിലർ ജീവിച്ചും ചിലർ മരിച്ചും അതാഘോഷിക്കുന്നു....അമി ജീബ

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്