kissakal

"വൃന്ദേ..... നീ എവിടാ......"

കൈയിലെ പ്രെഗ്നനൻസി ടെസ്റ്ററിൽ വിടർന്ന ഉള്ളിലെ ജീവന്റെ ചെമ്പകപ്പൂവിന്റെ  തുടിപ്പുകൾ നോക്കി തറഞ്ഞിരിക്കുകയാണ് വൃന്ദ, തീർത്ഥയുടെ വിളി അവളെ യാഥാർഥ്യത്തിലേക്ക് കൊണ്ടുവന്നു. ജീവിതത്തിൽ, ഏതൊരുപെണ്ണിന്റെയും മോഹമാണ് തന്നിൽ ഇപ്പോൾ പൂവഅണിഞ്ഞിരിക്കുന്നത്.... 
എന്നിട്ടും ഒന്നുചിരിക്കാൻ പോലുമാകാതെ മനസ്സ് വിങ്ങിപൊട്ടുകയാണ്.... 

വൃന്ദ പയ്യെ ബാത്‌റൂമിൽ നിന്ന് ഇറങ്ങി 
കിടക്കയിലേക്കിരുന്നു, അപ്പോഴും അവൾ ആ ചുവപ്പടയാളത്തെ മുറുക്കിപിടിച്ചിരുന്നു. തീർത്ഥ ജെഗ്ഗിൽ നിന്ന് വെള്ളം കുടിക്കുകയായിരുന്നു, പുറത്ത് പോയി വന്നതണവൾ. വൃന്ദ അവളെ നിർവികാരതയോടെ നോക്കിയിരുന്നു. 

"എനിക്ക് നിന്നോടൊരു കാര്യം പറയാനുണ്ട്, നീ വിഷമിക്കോന്നും വേണ്ട. നിന്റെ ആളിനെ ഞാനിന്ന് കണ്ടാ....."

തീർത്ഥ പറഞ്ഞവസാനിപ്പിക്കും മുന്നേ വൃന്ദ കൈയിൽ മുറുകെപിടിച്ചിരുന്നത് അവൾക്ക് നേരെ നീട്ടിപിടിച്ചു. അതിൽ തെളിഞ്ഞ ചുവന്നവരകൾ അവർക്ക് നടുവിൽ തീവ്രമായ മൗനത്തെ സൃഷ്ടിച്ചു. 

"എപ്പോഴാ ഇത്.....?"

ചുവർചാരി നിന്നുകൊണ്ട് തീർത്ഥയുടെ ചോദ്യത്തിന് വൃന്ദ തലതാഴ്ത്തി, അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. 

"ഈ ഒരു സാഹചര്യത്തിൽ പറയാമോന്ന് അറിയില്ലാടീ, അരവിന്ദേട്ടനെ ഞാനിന്ന് ഹോസ്പിറ്റലിൽ വച്ചു കണ്ടിരുന്നു....."

തീർത്ഥ ഒന്നുനിർത്തി, വൃന്ദ അവളുടെ മുഖത്തേക്ക് തന്നെ നോക്കിയിരിക്കുകയാണ്. 

"ഗൈനക്കോളജിസ്റ്റിന്റെ ക്യാബിനിൽ.....  ഒരു പെൺകുട്ടിയുമുണ്ട് കൂടെ....  എനിക്കെന്തോ......."

"നോ......."

അതുവരെ ശാന്തമായിരുന്ന വൃന്ദ നിയന്ത്രണം വിട്ട് അലറി വിളിച്ചുകൊണ്ട് എഴുന്നേറ്റു, അവൾ കരയാനും തുടങ്ങിയിരുന്നു. 

"നീ....  നീ നുണ പറയുവാണ് തീർത്ഥ..... ന്റെ അരവിന്ദേട്ടനെന്നെ ചതിക്കില്ല......  നീ നുണ പറഞ്ഞതാ......  നീ നുണ പറഞ്ഞതാ......"

ചിത്തഭ്രമം പിടിപെട്ടവളെപ്പോലെ വൃന്ദ അലറി, അവളെ സമാധാനിപ്പിക്കാൻ തീർത്ഥ വളരെ പാടുപെട്ടു, അരികിൽ ചേർത്തു പിടിച്ചിരുത്തി നെറുകയിൽ തലോടി അവൾ പറഞ്ഞു. 

"എടീ അരവിന്ദേട്ടൻ ചതിച്ചെന്നല്ല ഞാൻ പറഞ്ഞത്, 
നീ എന്റെ ബെസ്റ്റ്ഫ്രണ്ടാ വൃന്ദേ....  അച്ഛനും അമ്മയും കഴിഞ്ഞാൽ എനിക്ക് ഈ ലോകത്ത് ഏറ്റവും പ്രിയപ്പെട്ടത് നീ മാത്രാ.... 

ആ നിന്നോട് ഞാൻ നുണ പറയും ന്ന് തോന്നുന്നുണ്ടോ നിനക്ക്.... "

വൃന്ദയോടൊപ്പം അവളും കരയുന്നുണ്ടായിരുന്നു, ഫോൺ എടുത്തു വൃന്ദയുടെ കൈയിൽ കൊടുത്ത് തീർത്ഥ പറഞ്ഞു. 

"നീ ഒന്നു വിളിച്ചു നോക്ക്, എവിടാണെന്ന് ചോദിക്ക്....  മ്മ്മ്....."

ധൃതിയിൽ ഫോൺ വാങ്ങി അരവിന്ദന്റെ നമ്പറിലേക്ക് വിളിക്കുമ്പോൾ ആശങ്കകളെറെയും നിഴലിച്ചിരുന്നു ആ മുഖത്ത്. 

"ആഹ് പൊന്നൂ....  ഞാൻ ഒരു മീറ്റിംഗിലാ, കുറച്ചു കഴിഞ്ഞു വിളിക്കാം നിന്നെ......"

"അത് അരവിന്ദേട്ടാ...  ഞാൻ...."

അവൾ മുഴുമിപ്പിക്കും മുന്നേ കാൾ കട്ടായിരുന്നു. നിറഞ്ഞ കണ്ണുകളോടെ തീർത്ഥയെ നോക്കി വൃന്ദ, അവളും എന്തെന്നുള്ള ഭാവത്തിൽ കണ്ണെടുക്കാതെ നോക്കിയിരിക്കുന്നുണ്ടായിരുന്നു 

"ഓഫീസിലാന്ന്......"

കണ്ണുനീരോടെ അവൾ തീർത്ഥയുടെ തോളിലേക്ക് വീണുപൊട്ടിക്കരഞ്ഞു, അവളുടെ വാക്കുകളിൽ പോലും വിറയൽ പടർന്നിരുന്നു. 

"ന്റെ അരവിന്ദേട്ടൻ ന്നേ ചതിക്കുവാരുന്നോ......"

രാത്രി മുഴുവൻ അവൾ ആ നമ്പറിലേക്ക് വിളിച്ചുകൊണ്ടേയിരുന്നു, തുടർന്നുള്ള രണ്ടു ദിവസങ്ങളിലും വൃന്ദയെ തേടി അരവിന്ദന്റെ ഫോൺകാൾ എത്തിയില്ല. 

"നീ ഇത് എന്ത് ചെയ്യാൻ പോവാ....?"

കരഞ്ഞുതളർന്നു വെറും നിലത്ത് ഇരിക്കുന്ന വൃന്ദയുടെ അരികിലേക്ക് ഇരുന്ന് തീർത്ഥ ചോദിച്ചു. വൃന്ദ ശ്രദ്ധിക്കുന്നില്ല എന്ന് കണ്ടപ്പോൾ അവൾ തുടർന്നു, 

"രണ്ടു ദിവസമായി നീ ശരിക്ക് ആഹാരം കഴിച്ചിട്ട്, നിന്റെ ഇപ്പോഴുള്ള അവസ്ഥ കൂടി നീ നോക്കണം....... 

ഉള്ളിൽ ഒരു കുഞ്ഞുകൂടിയുണ്ട്, ഈ അവസ്ഥയിൽ ആരോഗ്യം സൂക്ഷിക്കണം, നീ ഈ പാല് കുടിക്ക്....."

ഒരു ഗ്ലാസ് പാല് വൃന്ദക്ക് നേരെ നീട്ടികൊണ്ട് അവൾ പറഞ്ഞു. 

"ഞാൻ വീട്ടിലേക്ക് വിളിച്ചു പറഞ്ഞിട്ടുണ്ട്, ഇന്ന് തന്നെ എന്നെ കൊണ്ടുപോവാൻ ആളുവരും...."

"എന്ത്......"

തീർത്ഥ ഞെട്ടി, അവളുടെ കൈയിലിരുന്ന പാൽഗ്ലാസ്സും വിറപൂണ്ടു. 

"നീ....  നീ എന്ത് വീട്ടിലേക്ക് വിളിച്ചു പറഞ്ഞൂന്നാ...."

"എല്ലാം,...."

"എടീ.... നീ ആലോചിച്ചിട്ടാണോ......?"

"എനിക്കറിയില്ലെടി, പക്ഷെ ഒന്നറിയാം....  അമ്മ എന്നെ ഒരിക്കലും കൈവിടില്ല....."

പ്രഞ്ജയറ്റവളെ പോലിരിക്കുന്ന വൃന്ദയെ നോക്കി തീർത്ഥ തറഞ്ഞു നിന്നു. 

💜💜💜💜💜💜💜💜💜💜

സമയം സന്ധ്യയോടടുത്തിരുന്നു, വാതിലിൽ തുടരെയുള്ള മുട്ട് കേട്ട് തീർത്ഥ വാതിൽ തുറന്നു. അരവിന്ദനാണ്, അനുവാദം പോലുമില്ലാതെ അവൻ അവളെ കടന്ന് റൂമിലേക്ക് കയറി ഒരു കസേര വലിച്ചിട്ടിരുന്നു. ചുറ്റുപാടും നോക്കിക്കൊണ്ട് തീർത്ഥയോടവൻ ചോദിച്ചു. 

"വൃന്ദയെവിടെ തീർത്ഥേ..... കാണാനില്ലല്ലോ...."

"അവൾ വീട്ടിൽ പോയി, ഇന്ന് ഉച്ചക്ക്...."

മറുപടി കൊടുക്കാൻ അവൾക്ക് അധികം ആലോചിക്കേണ്ടി വന്നില്ല. എടുത്തടിച്ച പോലെയുള്ള അവളുടെ മറുപടി അവനെ തെല്ലൊന്ന് നിരാശയിലാഴ്ത്തിയ പോലെ, കൈയിലിരുന്ന പാക്കറ്റ് തറയിലേക്ക് വച്ചതും അതിൽ നിന്ന് ഒരു കരടിപ്പാവ ഉരുണ്ട് വീണതും തീർത്ഥ നിർവികാരതയോടെ നോക്കിനിന്നു. 

"ഞാൻ കുറച്ചു നേരത്തെ എത്തേണ്ടതായിരുന്നു ല്ലേ....  

പിണങ്ങിക്കാണും, രണ്ടീസായി മുടിഞ്ഞ വർക്ക്‌ ആയിരുന്നെടോ.. നിന്ന് തിരിയാനുള്ള നേരം ണ്ടായിരുന്നില്ല... 

അതുമല്ല കൂട്ടുകാരന്റെ ഭാര്യക്ക് കുറച്ചു ഹെൽത്പ്രോബ്ലംസ്... ആള് ക്യാരിയിങ് ആണ്. അവൻ നാട്ടിൽ ഇല്ല, അങ്ങനെ അവളേം കൊണ്ട് ഹോസ്പിറ്റലിൽ പോവേണ്ടി വന്നു, 

അതിനിടയിൽ പൊന്നുന്റെ കാൾ ഒന്നും എടുക്കാനും പറ്റീല, ന്താ ചെയ്യാ 

സാരല്ല്യ അവള് പോയിട്ടൊക്കെ വരട്ടേ... 

എന്തായാലും അവൾക്ക് വേണ്ടി വാങ്ങിയ ചോക്ലേറ്റാ...  ഇനി ഇത് നീ തിന്ന് തീർക്ക്....."

അവളുടെ കൈയിൽ ചോക്‌ളേറ്റും കൊടുത്ത് ഇറങ്ങാൻ തുടങ്ങിയിരുന്നു അരവിന്ദൻ, 

"അരവിന്ദേട്ടാ......"

പതർച്ചയോടെ തീർത്ഥ വിളിച്ചു, 

"പിണങ്ങിപ്പോയതല്ല, വിളിച്ചുകൊണ്ടു പോയതാ അവള്ടെ അമ്മാമൻ.. 

ഇനി ഇങ്ങോട്ടേക്കവൾ വരില്ല്യ...."

പൊട്ടിക്കരയുന്ന തീർത്ഥയെ നോക്കി ഒന്നും മനസിലാകാതെ അമ്പരന്നു നിൽക്കുകയാണ് അരവിന്ദൻ. 

"അവള്.....  അവള് പ്രെഗ്നന്റ് ആണ്......"

തീർത്ഥയുടെ വെളിപ്പെടുത്തൽ അംഗീകരിക്കാനാകാതെ ഞെട്ടിത്തരിച്ചു നിൽക്കുകയാണ് അരവിന്ദൻ, കരയണോ ചിരിക്കണോ എന്നറിയാതെ അവൻ നിന്ന് ഉരുകി. ഇടറുന്ന കാലുകളിൽ നിയന്ത്രണം കിട്ടാതെ അവൻ അടുത്തുള്ള ടേബിളിൽ പിടിച്ചു, അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. 

💜💜💜💜💜💜💜💜💜💜💜

വൃന്ദയുടെ വീടിനുമുൻപിൽ വണ്ടിനിർത്തുമ്പോൾ ശൂന്യതയായിരുന്നു അരവിന്ദന്റെ മനസ്സ് നിറയെ. 

വീടെന്നു പറയാനാകില്ല, പഴയ ആചാരങ്ങളും വിശ്വാസങ്ങളും അതേപടി പിൻതുടരുന്ന ഒരു ഇല്ലം തന്നെയായിരുന്നു. 

കാറിൽ നിന്നിറങ്ങുമ്പോൾ അരവിന്ദൻ കണ്ടത് എങ്ങോട്ടോ പോകാൻ തയ്യാറായി നിൽക്കുന്ന വൃന്ദയെയാണ്. സാഹചര്യം പന്തിയല്ലെന്ന് അവളുടെ അമ്മാമന്റെയും ഭാര്യയുടെയും മുഖഭാവം കണ്ടാലറിയാം. അരവിന്ദനെ കണ്ടതും അവരുടെ മുഖം ഒന്നുകൂടി വലിഞ്ഞുമുറുകി. 

"മ്മ്മ്...  ആരാ....,"

ശിഖയുടെ അമ്മാമന്റെ ചോദ്യം പാടെ അവഗണിച്ച് അരവിന്ദൻ വൃന്ദയുടെ നേരെ തിരിഞ്ഞു ചോദിച്ചു. 

"എങ്ങോട്ടേക്കാ ഒരുങ്ങിക്കെട്ടി......?"

അവന്റെ ചോദ്യം കേട്ട് വൃന്ദ തലകുനിച്ചു, കരഞ്ഞു തടിച്ച  കൺപോളകളും 
നീരുവന്നു വീർത്ത കവിളിലെ വിരൽപാടുകളും സംഭവത്തിന്റെ ഏകദേശധാരണ അവന് സൂചനനൽകി. 

"ആശുപത്രിയിലേക്കാണ്....."

മറുപടി വന്നത് അമ്മാമനിൽ നിന്നാണ്, 

"ഏതോ അന്യജാതിക്കാരന്റെ കൊച്ചിനേം  വയറ്റിലിട്ടോണ്ട് വന്നേക്കുന്നു നശൂലം... അതെങ്ങനാ തള്ളേടെ ശീലം അല്ലെ മോൾക്കും ഉണ്ടാവൂ...."

അമ്മാമന്റെ ഭാര്യ പിറുപിറുത്തു, അവർക്ക് നേരെ തിരിഞ്ഞു കൊണ്ട് അരവിന്ദൻ പറഞ്ഞു. 

"ആ അന്യജാതിക്കാരൻ ഞാനാണ്, അവള്ടെ വയറ്റിൽ കിടക്കുന്ന കൊച്ചിന്റെ ഉത്തരവാദി, അത് ഞാനാണ്..."

വൃന്ദയുടെ നേർക്ക് തിരിഞ്ഞുകൊണ്ട് അരവിന്ദൻ തുടർന്നു. 

"എടീ , ഇത് പോലുള്ള നല്ലകാര്യങ്ങൾ ആദ്യം പറയേണ്ടത് എന്നോടാണ്.... അല്ലാതെ എക്സ്പയറി ഡേറ്റ് കഴിഞ്ഞ ഈ പേട്ട് കിളവനോടല്ല, മനസിലായോ ......."

"ദേ വീട്ടിൽ കേറിവന്നു അനാവശ്യം പറയുന്നോ.....  ഏട്ടാ പോലീസിനെ വിളിക്ക്...  ഇവന്റെ നിഗളിപ്പ് ഇന്ന് തീർക്കണം....."

"എന്റെ പൊന്നു കെട്ടുകാഴ്ചയമ്മച്ചീ, നിങ്ങളോട് വാചകമടിച്ചു നിൽക്കാൻ ഞങ്ങക്ക് തത്കാലം നേരമില്ല....."

വൃന്ദയെ ചേർത്തു പിടിച്ചു കൊണ്ട് ഉമ്മറപ്പടിയിൽ പിടിച്ചു കണ്ണീരോടെ നോക്കിനിൽക്കുന്ന വൃന്ദയുടെ അമ്മയോടായി അരവിന്ദൻ പറഞ്ഞു. 

"അമ്മേടെ മോളെ ഞാൻ കൊണ്ടോവാട്ടൊ, അമ്മേടെ അനുവാദം മാത്രം കിട്ടിയാൽ മതി എനിക്ക്....."

നിറഞ്ഞുവന്ന കണ്ണ് അമർത്തിതുടച്ചുകൊണ്ട് പുഞ്ചിരിയിലൂടെ ആ അമ്മ അവരെ അനുഗ്രഹിച്ചു. അരവിന്ദൻ വൃന്ദയെയും കൂട്ടി അവിടുന്ന് യാത്ര തിരിച്ചത് ജാതിമതങ്ങളുടെ അതിർവരമ്പുകളില്ലാത്ത പുതിയൊരു ജീവിതത്തിലേക്കായിരുന്നു.........

സജു എസ് ബി എസ് സ്വാമിസ്

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്