ബുള്ളറ്റ്_മെറിൻ

.                  ബുള്ളറ്റ്_മെറിൻ 

 ഞാൻ പത്താം തരത്തിൽ പഠിക്കുമ്പോഴാണ് ആ വല്യേ സംഭവം നടന്നത്.... 
ഏറെ നാളത്തെ എന്റെ ആഗ്രഹമായിരുന്നു   MTB സൈക്കിൾ അമ്മ എനിക്ക് മേടിച്ചു തന്നു.... 

സൈക്കിൾ കിട്ടിയതിനു പിന്നാലെ വീട്ടിലെ തൊഴുത്തിൽ നിന്നിരുന്ന കറവപ്പശു ഒരെണ്ണം അപ്രത്യക്ഷമായതും, എന്നും വൈകീട്ട് എനിക്ക് കിട്ടിക്കൊണ്ടിരുന്ന ഒരു മൊന്ത നിറയെ കാച്ചിയ പാലിന്റെ വരവ് നിലച്ചതും,  ഊണിനൊപ്പം യഥേഷ്ടം ലഭിച്ചിരുന്ന മോര്, കട്ടി തൈര്, പുളിശേരി തുടങ്ങിയ വിഭവങ്ങൾ പെട്ടെന്ന് അപ്രത്യക്ഷമായതും ഞാൻ കണ്ടിട്ടും കണ്ടില്ല എന്ന് നടിച്ചു.. 

എന്റെ മനസും ശരീരവും കയ്യും കാലും തടിച്ച ടയറുകളുള്ള,  വടിപോലത്തെ ഹാൻഡിൽ ഉള്ള ആ MTB  സൈക്കിളിൽ മാത്രം ചുറ്റിത്തിരിഞ്ഞു.... 

അങ്ങനെ സ്കൂളിലൊക്ക പുത്തൻ സൈക്കിളിൽ ഞാൻ കയറങ്ങി ഞാൻ റൊമാന്റിക്‌ ഹീറോ ആയി വിലസുന്ന ആ കാലം... അന്നൊരു ദിവസം ഇന്റർവെൽ സമയത്ത് പുതുപുത്തൻ സൈക്കിളിന്റെ ക്ഷേമം അന്വേഷിക്കുവാനായി ഞാനൊന്നു എത്തിനോക്കിയപ്പോൾ കണ്ട കാഴ്ച്ച...... !

മൂന്നുനാലു പെങ്കുട്യോൾ എന്റെ സൈക്കിളിനു ചുറ്റും വട്ടംചുറ്റി നില്കുന്നു,  സ്റ്റാൻഡിൽ ഇട്ടിരിക്കുന്ന സൈക്കിളിന്റെ പെഡൽ അവർ വട്ടം കറകുന്നു... 
തടിയൻ ചക്രത്തിന്റെ വീലിലെ കമ്പികളിൽ ഞാൻ കൊരുത്തിട്ട മുത്തുമണികൾ കലപിലകൂട്ടി ശബ്ദമുണ്ടാക്കുന്നതുകേട്ട് അവർ പൊട്ടിച്ചിരിക്കുന്നു.. 

അവളുമാരുടെ നേതാവാണെന്ന് തോനുന്നു  ചക്കപോത്തുപോലത്തെ ഒരു തടിച്ചി എന്റെ സൈക്കിളിൽ ഏന്തിവലിഞ്ഞു കേറാൻ ശ്രമിക്കുന്നുണ്ട്... 
അവളുടെ ഭാരം താങ്ങാനാകാത്ത എന്റെ പ്രിയപ്പെട്ട വാഹനം എന്നെനോക്കി കണ്ണീർ വാർക്കുന്നതുപോലെ തോന്നി എനിക്ക്.... 

 ആ കാഴ്ച കണ്ട് 
"എന്റെ രക്തം തിളച്ചു, "

"പേശി വിറച്ചു, "

"കണ്ണ് ചുവന്നു, "

"പല്ല് ഞെരിഞ്ഞു, "

"മീശ..." ഛെ,  മീശ ഇല്ലാരുന്നു ആ പ്രായത്തിൽ.. 
 പിശറൻകാറ്റു കണക്കെ ഞാനങ്ങോട്ട്  ഓടിയടുത്തു.. 

"ഇറങ്ങേടി ചക്കപോത്തേ എന്റെ സൈക്കിളിൽ നിന്ന്.. "
ഞാൻ അലറിവിളിച്ചു.. 

എന്റെ മട്ടും ഭാവവും കണ്ട ചക്കപോത്തും കൂട്ടുകാരും വേഗം അവിടെനിന്നും സ്ഥലം കാലിയാക്കി.. 
ആ തടിച്ചിയാണ് ഈ കഥയിലെ നായികയും വില്ലത്തിയും... മെറിൻ,  അതാണ്‌ അവളുടെ പേര്..! 

എന്റെ വീടിനടുത്തുള്ള ക്വാർട്ടേഴ്സിൽ പുതിയതായി വാടകയ്ക്ക് എത്തിയ കൂട്ടരാണ് മെറിനും കുടുംബവും..അവളുടെ അപ്പൻ റെയിൽവേ ഡിപ്പാർട്ടുമെന്റിൽ ആണ് ജോലി.. എന്റെ പ്രിയപ്പെട്ട സൈക്കിളിനെ പീഡിപ്പക്കാനുള്ള ശ്രമത്തോടുകൂടി മെറിൻ എനിക്ക് വെറുക്കപെട്ടവൾ ആയി... 

'ചക്കപോത്ത്,  തടിച്ചിപ്പാറു' തുടങ്ങിയ മനോഹരമായ വിശേഷണങ്ങൾ ഞാൻ അവളുടെമേൽ പ്രയോഗിച്ചു... 

പക്ഷെ മെറിൻ നേരെ തിരിച്ചായിരുന്നു...എന്റെ കണ്ണുതെറ്റുമ്പോഴൊക്കെ അവൾ എന്റെ സൈക്കിളിന് സമീപം വരും, അതിനെ തലോടും.. ഇടക്ക് അവന്ടെ മേലിൽ കയറിയിരിക്കുകയും ചെയ്യും.. 

എത്ര ചീത്ത പറഞ്ഞാലും ആ തടിച്ചി എന്നെകാണുമ്പോൾ ചിരിച്ചുകാണിക്കും...തിരിച്ചു ഒരു കൊഞ്ഞനംകുത്തൽ ഞാനും നൽകും.. 

ഒരൂസം സ്കൂളിലെത്താൻ നേരം വൈകിയതുകൊണ്ട് സൈക്കിൾ ആഞ്ഞ് ചവിട്ടി പോകുമ്പോൾ പിറകില്നിന്നൊരു വിളികേട്ടു...നോക്കുമ്പോൾ മെറിൻ ഓടിക്കിതച്ചു വരുന്നു പിറകെ.. 

"ചേട്ടായി എന്നെംകൂടെ കൂടെ കൊണ്ടോവോ,  നേരംവൈകി ചെന്നാൽ ടീച്ചർ വഴക്കുപറയും... "
മെറിൻ കിതച്ചുകൊണ്ട് ദയനീയമായി പറഞ്ഞു... 

"ചക്കപോത്തേ,  നിന്നെ പിറകിലിരുത്തിയാൽ എന്റെ സൈക്കിളിന്റെ ടയർ പഞ്ചറാവും.. 
മോള് നടന്നു വന്നാൽ മതി.. " അത്രയും പറഞ്ഞു ഞാൻ മുന്നോട്ടു കുതിച്ചു.. 

"നിക്ക്,  എന്നേം കൊണ്ടോ ചേട്ടായി.. ഞാനും ഉണ്ട്." മെറിൻ ഉച്ചത്തിൽ വിളിച്ചു കൂവിക്കൊണ്ട് ആയാസപ്പെട്ട് പിറകിലൂടെ ഓടിവരുന്നത് കണ്ട്‌ ഞാൻ ഊറിചിരിച്ചു... 

പെട്ടെന്നൊരു ശബ്ദം കേട്ട് തിരിഞ്ഞ് നോക്കിയപ്പോൾ തടിച്ചി മെറിൻ  താഴേകിടക്കുന്നതാണ് കണ്ടത്... കല്ല്‌ കൊണ്ടിട്ടാവണം നെറ്റി പൊട്ടി ചോര ഒലിക്കുന്നുണ്ട്... 

അവളുടെ അലറിക്കരച്ചിൽ കേട്ട് ഓടിയെത്തിയവർ മെറിനെ വാരിയെടുത്തു ആശുപത്രിയിൽ കൊണ്ടുപോകുന്ന കാഴ്ച്ച ഞാനൊരു നിർവികാരതയോടെ കണ്ടുനിന്നു.... 
അന്നത്തെ സംഭവത്തിനു ശേഷം മെറിനെ കാണുമ്പോൾ എനിക്കൊരുതരം കുറ്റബോധം തോന്നിത്തുടങ്ങി...പക്ഷെ എന്നെ കാണുമ്പോൾ അവളുടെ മുഖത്തു വിരിയുന്ന ആ നിഷ്കളങ്കമായ പുഞ്ചിരി, 
അതെന്നും മായാതെ മെറിന്റെ മുഖത്തു കാണാമായിരുന്നു... 

അങ്ങനെയിരിക്കെ മെറിന്റെ അപ്പന് ജോലിയിൽ സ്ഥലംമാറ്റം കിട്ടി,  അങ്ങനെ മെറിനും കുടുംബവും ദൂരെ ഏതോ ദേശത്തോട്ട് പോയി... 

കാലം പിന്നെയും കുറേ കടന്നുപോയി, 

ഞാൻ ഡിഗ്രിയും,  അതിനുശേഷം ഹോട്ടൽ മാനേജ്മെന്റും ചെയ്തു... 

പണ്ട് തൊഴുത്തിലെ കറവപശുവിനെ വിറ്റു അമ്മ എനിക്ക് വാങ്ങിത്തന്ന സൈക്കൾ അപോഴെക്കും തുരുമ്പെടുത്തു നശിച്ചു... 
എന്റെ മനസ് അതെസമയം മറ്റൊന്നിന് പിറകെ ആയിരുന്നു.... 

ബുള്ളെറ്റ്.. !!!!

റോഡിലൂടെ പട പട ശബ്ദം ഉയർത്തി പാഞ്ഞുപോകുന്ന ആ വാഹനത്തെ  നോക്കി ഞാൻ വെള്ളമിറക്കി നിൽക്കും... 
'ഒരൂസം ഞാനും പോകും അതുപോലെ  ബുള്ളറ്റിൽ.... '

സാമ്പത്തിക മാന്ദ്യകാലത്തു വീട്ടിലെ തൊഴുത്തിൽ അവശേഷിച്ചിരുന്ന കറവ പശുവിനെ വിറ്റു കളഞ്ഞതുകൊണ്ട് ബുള്ളെറ്റ് എന്ന ആഗ്രഹം അമ്മയോട് അവതരിപ്പിക്കുവാൻ എനിക്കൊരിക്കലും കഴിഞ്ഞില്ല.. 

അങ്ങനെ നാട്ടിൽ ഒരുപണിയും ചെയ്യാതെ മൂന്നുനേരം വെട്ടിവിഴുങ്ങി നല്ലൊരു  കുടവയറൊക്കെ ഉണ്ടാക്കി ചുമ്മാ നേരം കളഞ്ഞിരുന്ന എനിക്ക് പെട്ടെന്നൊരു വെളിപാടുണ്ടായി.... 
പണിയെടുത്തു പണം സമ്പാദിച്ചു ഒരു ബുള്ളെറ്റ് വാങ്ങണം...
അങ്ങനെ ഞാൻ ബാംഗ്ലൂരിലേക്ക് വെച്ചുപിടിച്ചു... 
അവിടുത്തെ ഏതെങ്കിലും സ്റ്റാർ ഹോട്ടലിൽ ഒരു ജോലി നേടിയെടുക്കണം,  അതായിരുന്നു അപ്പോൾ മനസ്സിൽ... 

ഒരു സുപ്രഭാതത്തിൽ ഞാനങ്ങനെ  ബാംഗ്ലൂരിൽ കാല് കുത്തി.. 
ജോലി അന്വേഷിച്ചുള്ള ഒരു അലച്ചിലായിരുന്നു പിന്നീട്... കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല,  
മതിയായ പ്രവർത്തി പരിചയം ഇല്ലാത്തതിൽ ഞാൻ ഒട്ടുമിക്ക സ്ഥലങ്ങളിൽനിന്നും തഴയപ്പെട്ടു.. 
ജോലിചെയ്തു പണം സമ്പാദിക്കുന്നത് നമുക്ക് പറ്റിയ പണിയല്ല എന്ന തിരിച്ചറിവ് എനിക്കുണ്ടായത് അങ്ങിനെയാണ്... 

നിരാശയുടെ പടുകുഴിയിൽ വീണ ഞാൻ ബാംഗ്ലൂരിലെ  തെരുവിലൂടെ എങ്ങോട്ടെന്നില്ലാതെ നടന്നുനീങ്ങി...മനസ്സ് ആകെ അസ്വസ്ഥമായതിനാലാകണം  കാലുകൾ നടപ്പാതയിൽനിന്നും തിരക്കേറിയ റോഡിലേക്ക് വഴുതിയിറങ്ങിയത് ഞാൻ അറിയാതെ പോയത്...

 ഒറ്റനിമിഷം കൊണ്ട് എല്ലാം കഴിഞ്ഞു, 

ചീറിപാഞ്ഞുവന്ന ഒരു ഗമണ്ടൻ  ബുള്ളെറ്റ് എന്നെ തട്ടി മറിച്ചിട്ടു... 
ചടക്കോ പടക്കോ... ദാ കിടക്കണ് ഈ പാവപെട്ടവൻ റോഡിൽ.. 
ഇടുപ്പ് കുത്തി വീണ വീഴ്ചയിൽ തന്നെ എന്റെ കിളി പോയി.... 

ഞാനങ്ങനെ ആകാശത്തേക്ക് നോക്കി കിടകുമ്പോൾ എന്നെ ഇടിച്ചു തെറിപ്പിച്ച ബുള്ളറ്റിൽ നിന്നും ഇറങ്ങി ഒരാൾ എന്റെ അടുത്തേക്ക് നടന്നു വരുന്നുണ്ടായിരുന്നു.....
കണ്ണുംതുറിച്ചു ആകാശത്തേക്ക് നോക്കിയുള്ളൂ എന്റെ കിടപ്പ് കണ്ട്‌ പേടിച്ചിട്ടാവും അയാൾ എന്റെ കവിളിലൊന്ന് മെല്ലെ തട്ടി... 

ങേ, .....  പെട്ടെന്ന് സ്ഥലകാലബോധം വന്ന ഞാൻ ചാടി എഴുന്നേറ്റു,  കയ്യിലെ പെയിന്റ് അല്പം പോയി ചോര വരുന്നുണ്ട്... മറ്റുകുഴപ്പം ഒന്നും തോന്നിയില്ല എനിക്ക്... 

ഹെൽമെറ്റ്‌ ധരിച്ച ആ രൂപത്തെ ഞാനൊന്നു സൂക്ഷിച്ചു നോക്കി... 
ഇവൻ ഹിമാലയം കേറാൻ പോകുവാണോ ?  
റോഡ് പണിക്കാർ ഇടുന്നപോലത്തെ ഒരു വല്യക്കാട്ടി ഷൂ..പിന്നൊരു നരച്ച ജീൻസും ഒരു ജാക്കറ്റും.... 
അയാൾ ഹെൽമെറ്റ്‌ ഊരിയപ്പോഴാണ് ഞാൻ ശെരിക്കു ഞെട്ടിപ്പോയത്... 

അതൊരു പെണ്ണായിരുന്നു... !
അതെ ബോയ്‌കട്ട്‌ വെട്ടിയ മുടി, വായിൽ ആട് അയവിറക്കുന്നതുപോലെ എന്തോ ഒന്ന് ചവക്കുന്നുണ്ട്... നേർത്ത ലിപ്സ്റ്റിക്ക് ഇട്ട ചുണ്ടുകൾ തുറക്കുന്നതുകണ്ടപ്പോൾ ഒരു ഇംഗ്ലീഷ് തെറി ആണ് ഞാൻ പ്രതീക്ഷിച്ചത്... 

പക്ഷെ അവൾ എന്നെനോക്കി ഒന്ന് പുഞ്ചിരിച്ചു... 
എവിടെയോ കണ്ടുമറന്ന ഒരു പുഞ്ചിരി... 

"ചേട്ടായി...."

അവളുടെ ഈണത്തിലുള്ള വിളികേട്ടപ്പോൾ ഞാൻ അന്തംവിട്ടുപോയി... 

മെറിൻ.... !

അന്നത്തെ ആ ചക്കപോത്തു പോലെ ഇരുന്ന ആ പെങ്കൊച്.... !
ഇതെന്തു മാറ്റം..! പണ്ടത്തെ വണ്ണം എല്ലാം പോയി... കുറച്ചൂടെ ഒന്ന് വെളുത്തു തുടുത്തു...എന്തൊരു ഭംഗി ഇപ്പൊ ഇവളെ കാണാൻ... 

സൂക്ഷിച്ചുനോക്കിയപ്പോഴാണ്  മെറിന്റെ നെറ്റിയിൽ പണ്ട് റോഡിൽ വീണു പൊട്ടിയ ആ പാട് കണ്ടത്.. കാലത്തിനു മായ്ക്കാൻ പറ്റാത്ത ഒന്നായി അതിപ്പോഴും അവിടെ അവശേഷിച്ചു കിടപ്പുണ്ട്... 

എനിക്കൊന്നും അങ്ങോട്ട്‌ പറയേണ്ടി വന്നില്ല,  എല്ലാം മെറിൻ കണ്ടറിഞ്ഞു ചെയ്തു.. എന്നെ അവളുടെ ബുള്ളെറ്റിനു പിറകിൽ ഇരുത്തി അവളുടെ വീട്ടിലേക്കു കൊണ്ടുപോയി കയ്യിലെ മുറിവിൽ മരുന്നു വെച്ചു കെട്ടിത്തരുന്ന മെറിനെ ഞാൻ വിസ്മയത്തോടെ നോക്കി ഇരുന്നു... 

എന്റെയും അവളുടെയും കണ്ണുകൾ കൂട്ടിമുട്ടുമ്പോൾ ഒരു തീപ്പൊരി ശരീരത്തിലേക്ക് പ്രവഹിക്കുന്നത് പോലെ.... 
വല്ലാത്തൊരു ആകർഷണമാണ് ആ നോട്ടത്തിന്... 

അന്നൊരു ദിവസം ഞാനവിടെ തങ്ങി..പിറ്റേന്ന് രാവിലെ ബുള്ളറ്റിൽ എന്നെയുംകൊണ്ട് റെയിൽവേ സ്റ്റേഷനിലേക്ക്‌ പോരുമ്പോൾ നാട്ടിലെ വിശേഷങ്ങളെക്കുറിച്ചു മെറിൻ ചോദിച്ചുകൊണ്ടേയിരുന്നു.
അവൾ അതൊക്കെ ഇപ്പോഴും മിസ്സ്‌ ചെയ്യുവാണത്രേ... 

"ന്നാപ്പിന്നെ  അങ്ങോട്ട്‌ പോര് ഒരൂസം .. "
ഞാൻ ചുമ്മാ പറഞ്ഞു 

അതിനൊരു മറുപടി എനിക്ക് കിട്ടിയതുമില്ല.. 

ട്രെയിനിൽ തിക്കിത്തിരക്കി കയറി സീറ്റ്‌ പിടിച്ചു ആശ്വസിച്ചു ഇരിക്കുമ്പോൾ വിലപെട്ട  എന്തോ ഒന്ന് നഷ്ടപെടുത്തിയതുപോലെ ഒരു തോന്നൽ.... 
മെറിനെ ഒന്നുടെ ഒന്ന് കാണാൻ ഒരു കൊതി... 

നീങ്ങിത്തുടങ്ങിയ ട്രെയിനിന്റെ വാതിൽക്കലേക്ക് കുതിച്ചെത്തി പുറത്തേക്ക് കണ്ണോടിച്ചപ്പോൾ എന്നെയും പ്രതീക്ഷിച്ചെന്നവണ്ണം മെറിൻ അവിടെ നില്പുണ്ടായിരുന്നു... 
ചുണ്ടിൽ ആളെകൊല്ലുന്ന ആ പുഞ്ചരിയും നിറച്ചുകൊണ്ട്...!

 മാസങ്ങൾക്ക് ശേഷംഒരു നട്ടുച്ചവെയിലത്തു വീടിനടുത്തുള്ള പറമ്പിൽ പിള്ളേരുടെ ക്രിക്കറ്റ്‌ കളി കണ്ടോണ്ടിരിക്കുമ്പോഴാണ് പൂഴിമണ്ണ് നിറഞ്ഞ ഇടവഴിയിലൂടെ പടപടാ ശബ്ദത്തിൽ ഒരു ബുള്ളെറ്റ് പാഞ്ഞുപോകുന്നത് കണ്ടത്... 

ഇതാരെടാ ഈ വഴിക്ക് ഇങ്ങനൊരു പോക്ക് പുവാൻ എന്ന് മനസിൽപറഞ്ഞോണ്ടു നോക്കുമ്പോ ദാ പോണ് ആ ബുള്ളെറ്റ് എന്റെ വീട്ടിലേക്ക്.. 

ഒരു സംശയദൃഷ്ടിയോടെ പിറകെ ഞാനും വീട്ടിലേക്ക് വെച്ചടിച്ചു...വണ്ടി സ്റ്റാൻഡിൽ വെച്ച് ഹെൽമെറ്റ്‌ ഊരിയിറങ്ങിയ  ആ രൂപത്തെ കണ്ടപ്പോൾ അടിവയറ്റിലൊരു കാളൽ... 

മെറിൻ.... !!

പഴയ കളിക്കൂട്ടുകാരി.. 

പണ്ട് ബംഗ്ലൂരിൽ ജോലി അന്വേഷിച്ചുപോയപ്പോൾ വീണ്ടും കണ്ടുമുട്ടിയെങ്കിലും മെറിന്റെ ഈയൊരു വരവ് പ്രതീക്ഷിച്ചിരുന്നില്ല... 

ബംഗ്ലൂരിൽ നിന്നും ട്രെയിൻ കയറുമ്പോൾ അവളുടെ മുഖത്ത് കണ്ട ആ ചിരി പിന്നീട്‌ പലരാത്രികളിലും എന്റെ ഉറക്കം നഷ്ടപെടുത്തിയിരുന്നു..പിന്നെപ്പിന്നെ എല്ലാം പഴയപടി ആയി... 

ഇപ്പോഴിതാ വീണ്ടും മെറിൻ കൺമുന്നിൽ നിൽക്കുന്നു... 

'ഇത് നിന്നെത്തേടിയുള്ള വരവാണ് എന്ന് തലച്ചോറ് ഹൃദയത്തോട് മന്ത്രിക്കുന്നുണ്ട്..'

 മെറിനെ പരിചയപെടുത്തിക്കൊടുത്തപ്പോൾ അമ്മക്ക് അതിശയമായി...കുട്ടിക്കാലത്ത് അരപ്പാവാടയും ബ്ലൗസും ഇട്ട് നടന്നിരുന്ന പെങ്കൊച് ഇപ്പൊ മുടി ബോയ്കട്ട് വെട്ടി,  ജീൻസും ടീഷർട്ടും ഇട്ട് ബംഗ്ലൂരിൽനിന്നും ഗമണ്ടൻ ബുള്ളറ്റും ഒടിച്ചു നാട്ടിലേക്ക് വന്നത് അമ്മക്ക് അവിശ്വസനീയം ആയി തോന്നിക്കാണും...

പക്ഷെ പെട്ടെന്ന്തന്നെ അമ്മ മെറിനുമായി അടുത്തു..അടുക്കളയിലേക്ക് വിളിച്ചുകൊണ്ടുപോയി അമ്മ  അവളോട്‌ വാതോരാതെ വിശേഷങ്ങൾ ചോദിക്കുന്നതുകേട്ടപ്പോൾ ഞാൻ പതുക്കെ പുറത്തോട്ടിറങ്ങി.. 

ഹൃദയം ചുമ്മാ പട പടാ ഇടിക്കുന്നു... വിലപെട്ട എന്തോ ഒന്ന് വീടിനകത്തു ഇരിപ്പുള്ളത് പോലെ.. 

പിന്നാമ്പുറത് ഒരു ബഹളം കേട്ട് ഓടിച്ചെന്നു നോക്കിയപ്പോൾ മെറിനും അമ്മയുംകൂടെ ഒരുതടിമാടൻ പൂവൻകോഴിയെ ഓടിച്ചിട്ട്‌ പിടിക്കാൻ ശ്രമിക്കുന്നതാണ് കണ്ടത്.. 

'ആഹാ, ഉച്ചക്ക് ഊണിന്  നാടൻ കോഴിക്കറി ആണല്ലോ അപ്പോൾ..'
ഞാൻ മനസ്സിലോർത്തു..

 ഗംഭീരമായ ഊണുംകഴിച്ചു പച്ചഈർക്കിലികൊണ്ട്  പല്ലുംകുത്തി ഉമ്മറത്തെ ചാരുകസേരയിൽ വയറും തടവി അങ്ങനെ ഇരിക്കുമ്പോൾ മെറിൻ അടുത്തുവന്ന്നിന്നു...

"ചേട്ടായി നമുക്കൊന്ന് കറങ്ങിയാലോ... ?"

മെറിന്റെ ചോദ്യംകേട്ട എന്റെ കണ്ണുകൾ മുറ്റത്തിരിക്കുന്ന ബുള്ളെറ്റിന് നേരെ നീണ്ടു.. 

എൻഫീൽഡിൽ മെറിന്റെ കൂടെ ഒരു കറക്കം.. 
അത് പൊളിക്കും..!

 അമ്മയോട് യാത്രപറഞ്ഞു മുറ്റത്തേക്കിറങ്ങിയ മെറിനോട് മടിച്ചിട്ടാണെങ്കിലും ഞാനെന്റെ ആഗ്രഹം പറഞ്ഞു.. 

"ഇത് ഞാനൊന്ന് ഓടിച്ചോട്ടെ..... ?"

 മെറിനെയും പിറകിലിരുത്തി ഇടവഴിയിലൂടെ ബുള്ളെറ്റ് പറത്തുമ്പോൾ പറഞ്ഞറിയിക്കാൻ വയ്യാത്ത സന്തോഷമായിരുന്നു ഉള്ളിൽ..

 പിൻസീറ്റിൽ മെറിൻ നിശബ്ദമായിരിക്കുന്നത് കണ്ടപ്പോൾ കണ്ണാടിയിലൂടെ ഞാനൊന്ന് പാളി നോക്കി.. 
ചുറ്റിനും കണ്ണോടിച് ഗ്രാമത്തിന്റെ വിശുദ്ധിയും മനോഹാരിതയും ആസ്വദിക്കുകയായിരുന്നു അവളപ്പോൾ..

 കുറച്ചുസമയത്തിനുശേഷം മെറിൻ സംസാരിച്ചുതുടങ്ങി.. 

"ചേട്ടായി, എനിക്ക് കാട് കാണണം, മലകാണണം...  മലമുകളിൽ പൂത്തുനിൽക്കുന്ന വൈലറ്റ്പൂക്കൾ കാണണം.."

" ന്നാ പിന്നെ നമുക്ക് വണ്ടി മുന്നാറിലോട്ട് വിടാം, അവിടാവുമ്പോ ഇതൊക്കെ കാണാം.. "

"ഓ ആയികൊട്ടെ, മുന്നാർ എങ്കിൽ മുന്നാർ,  വണ്ടിവിട്  ചേട്ടായി ..."

 യാത്രക്കിടയിൽ മെറിന്റെ മുഖം കാണാൻവേണ്ടി ഇടക്കിടെ ഞാൻ കണ്ണാടിയിലേക്ക് നോക്കുന്നത് ശ്രദ്ധിച്ചിട്ടാവണം അവൾ ചെവിക്കരുകിലേക്ക് മുഖം ചേർത്തു ചോദിച്ചു.. 

"എന്താ നോക്കുന്നെ ?"

"ഒരു മൂക്കുത്തികൂടെ ഉണ്ടാരുന്നെങ്കിൽ   പൊരിച്ചാനെ.. "

എന്റെ വാക്കുകൾ കേട്ട് ചെറുതായി ഒന്ന് ചിരിച്ചതല്ലാതെ അവളൊന്നും മറുപടി പറഞ്ഞില്ല..കുറച്ചൂടെ മുന്നോട്ട് പോയപ്പോൾ മെറിൻ പെട്ടെന്ന് വണ്ടി നിർത്താൻ ആവശ്യപ്പെട്ടു...

 പിറകിൽനിന്നിറങ്ങി തൊട്ടടുത്ത ഷോപ്പിലേക്ക്‌ കയറിപോയ മെറിൻ പെട്ടെന്നുതന്നെ തിരിച്ചെത്തി.. 
ഞങ്ങൾ അങ്ങിനെ യാത്ര തുടർന്നു...

 "അതേയ്..  ഇങ്ങോട്ടൊന്നു നോക്ക്യേ."

മെറിന്റെ പറച്ചിൽകേട്ട് തിരിഞ്ഞു നോക്കുമ്പോ അതാ കാണുന്നു ഒരു മൂക്കുത്തികല്ല്‌.. 
അവളുടെ മൂക്കിൻ തുമ്പിൽ..!

 "ഇപ്പൊ എങ്ങിനെ... പൊരിച്ചോ ?"

മെറിന്റെ ചോദ്യം കേട്ടപ്പോൾ ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു... 

"കിടുക്കാച്ചി ആയിട്ടാ ഇപ്പൊ.. "

പെട്ടെന്ന് ഒരു നീറ്റൽ അനുഭവപെട്ടു ചുമലിൽ.. 

മെറിൻ മുതുകിൽ പല്ല് അമർത്തിയതിന്ടെ നോവായിരുന്നു അതെന്ന് അറിയാൻ നിമിഷങ്ങളെടുത്തു...

 "വേദനിച്ചോ... ?"

ചെവിക്ക് തൊട്ടരികിൽ ആ ചോദ്യം കേട്ടപോൾ ഇല്ല എന്ന അർത്ഥത്തിൽ ഞാനൊന്ന് തലയാട്ടി....
മറ്റേതൊ മായാലോകത്തായിരുന്നു ഞാനാ സമയത്ത്... 

 വഴിയരികിലെ കാഴ്ചകളും കണ്ട്‌ മൂന്നാർ എത്തിയപ്പോൾ തന്നെ സന്ധ്യയായി...

 "ഇന്നിവിടെ  താമസിച്ചു രാവിലെ തിരിച്ചു പോയാൽ മതിയോ നമുക്ക്..?  ആ ചോദ്യം മെറിൻ എന്നോടാണ്  ചോദിച്ചത്..

 അത് കേൾക്കാൻ കാത്തിരിക്കുകയായിരുന്നു ഞാൻ... 

വെയിലും കൊണ്ട് കിലോമീറ്ററുകളോളം  ബൈക്ക് ഓടിച്ചതിന്ടെ ക്ഷീണം എന്റെ ശരീരത്തെ ശരിക്കും തളർത്തിയിരുന്നു... 

പക്ഷെ മുന്നാറിലെപ്പോൾ തണുപ്പായിരുന്നു...
 ഒരു സുഖമുള്ള തണുപ്പ്... !

പൈൻ മരങ്ങൾക്ക് നടുവിലെ മരത്തടി കൊണ്ട് നിർമ്മിച്ച റൂമിൽ എത്തിയപാടെ ഞാൻ ബെഡിലേക്ക് ചാഞ്ഞു...

 ഇടക്ക് എപ്പോഴോ കണ്ണുതുറന്നപ്പോൾ റൂമിൽ ഇരുട്ട് പടർന്നിരുന്നു... 
തൊട്ടപ്പുറത്തെ ബെഡിൽ ഒരു മൂക്കുത്തി കല്ലിന്റെ പ്രകാശം ആ ഇരുട്ടിലും തിളങ്ങി നിന്നു..

 പിറ്റേന്ന് രാവിലെ തന്നെ ഞങ്ങൾ മലയിറങ്ങി... 
യാത്രക്കിടയിലെപ്പോഴോ മെറിന്റെ കൈകൾ എന്നെ വട്ടം ചുറ്റി പിടിച്ചിരുന്നു... 

നാട്ടിലെത്താറാകുന്തോറും ഒരുതരം അസ്വസ്ഥത എന്നെ പിടികൂടി തുടങ്ങി... 

എന്തോ ഒന്ന് മെറിനോട്  പറയാനായി ബാക്കിവെച്ചപോലെ... 
'ഈ യാത്ര അവസാനിക്കാതിരുന്നെങ്കിൽ....'

 വീട്ടിലെത്തി അധികം വൈകാതെ തന്നെ മെറിൻ തിരിച്ചുപോകാനൊരുങ്ങി..

പോകാൻ നേരത്ത് അവളൊരുകൂട്ടം അമ്മയിൽനിന്നും ചോദിച്ചു വാങ്ങി... 
ഒരു പൂവൻകോഴിയെ.... 
'വീട്ടിൽകൊണ്ടോയി വരട്ടിയെടുക്കണം ഇവനെ.. '
അതുംപറഞ്ഞു ബുള്ളറ്റിൽ കയറിയ മെറിന്റെ മുഖത്തേക്ക് ഞാനൊന്നു പാളിനോക്കി... 
എന്നോടൊന്നും പറയാനില്ലേ ഇവൾക്ക്..?
പ്രതീക്ഷ തെറ്റിയില്ല, വീടിന്റെ പടികടക്കാൻ നേരം ബുള്ളെറ്റൊന്നു നിന്നു... 

"ചേട്ടായിക്ക് ബുള്ളെറ്റ് വല്യ ഇഷ്ട്ടാണ് അല്ലേ ?"
ഓൾടെ ചോദ്യം കേട്ട് മറുപടിയൊന്നും പറയാതെ ഞാൻ വെറുതെ തലകുലുക്കി... 

'എന്റെ ഇഷ്ടമാണല്ലോ ഈ പടിയിറങ്ങുന്നത്... '

"ഇനിയൊരു പുതിയ ബുള്ളെറ്റ് മേടിക്കണ്ടാട്ടൊ..  നമുക്ക് രണ്ടുപേർക്ക് പോകാൻ ഇതൊരെണ്ണണം പോരെ... ?"
മെറിൻ ആ പറഞ്ഞ വാക്കിന്റെ അർത്ഥം ഞാൻ മനസിലാക്കി വരുമ്പോഴേക്കും, കണ്ണിറുക്കിയുള്ള ആ ആളെകൊല്ലുന്ന ചിരിയും സമ്മാനിച്ച്‌ മെറിനും അവളുടെ ബുള്ളറ്റും വീടിന്റെ പടികടന്നു അകന്നുപോയിരുന്നു....

Sai Bro.

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്