തോൽവി

തോൽവി

ഒരിക്കലും ഞാനവളുടെ മുമ്പിൽ താണു കൊടുത്തിട്ടില്ലായിരുന്നു..
തൊട്ടതിനും പിടിച്ചതിനുമെല്ലാം ഞാൻ ശകാരിച്ചിട്ടേയുള്ളു..
ഉപദേശം കൊണ്ടവളെ ഞാൻ വീർപ്പുമുട്ടിച്ചിട്ടേയുള്ളു..

ഇന്നിപ്പോ വീട്ടിൽ ഞാൻ തനിച്ചായി . രാവിലെ അവൾ വന്നു തട്ടി വിളിക്കുമ്പോൾ ഉണരുന്ന ഞാനാണ് ഇന്ന് അവളുടെ വിളിയില്ലാതെ നേരത്തെ ഉണരാൻ തുടങ്ങിയത്.."
ഞാനാണ് അടുക്കള തുറന്നത്, ചായയും , ഊണും, കറികളും ഉണ്ടാക്കിയത്..
എന്തോ ഇപ്പോഴാണ് അവളുടെ രാവിലത്തെ ജോലികളെല്ലാം ഞാനറിഞ്ഞത്.. വെച്ചുണ്ടാക്കിയതിന്റെയെല്ലാം രുചിയും കൈ പുണ്യവും അറിഞ്ഞത്..

വീടിന്റെ മുറ്റം ആരും കാണാതെ ഒന്നു വൃത്തിയാക്കിയെടുത്തു..
എന്തോ വീടിനു പുറം മാത്രം ഭംഗിയായി വീടിനകം മാത്രം ഒരു ഭംഗിയും വരണില്ല ..
ഇത് വീട് തന്നെയാണോ എന്ന്  തോന്നിപ്പോയി..

വീടിനകത്ത് എല്ലാം വലിച്ച് വാരി ഇട്ട എന്നോട് തന്നെ എനിക്ക് ദേഷ്യം തോന്നി..
അതെല്ലാം എടുത്തു ശരിയാക്കി വെക്കുമ്പോൾ
ഒരു ദേഷ്യവും തോന്നാതെ എല്ലാ ദിവസവും അടുക്കി പെറുക്കി വെക്കുന്ന അവളെയെനിക്ക് ഓർമ്മ വന്നു തുടങ്ങി..

ഇന്ന് പുറത്തേക്ക് ഇറങ്ങും നേരം ചുളിഞ്ഞ ഷർട്ടാണ് ഞാൻ ഇട്ടത്
ഇന്ന് ഷർട്ട് തേച്ചു മിനുക്കാത്തത് ഒരു പ്രശ്നമായി തോന്നിയില്ല..
ഈ ചുളിവു കണ്ട് ഞാൻ അവളോട് പറഞ്ഞ വാക്കുകൾ എനിക്കിപ്പോൾ ഓർമ്മ വന്നു..

ഇന്ന് പേഴ്സ് ഞാനാണ് തിരഞ്ഞ് പിടിച്ച് പോക്കറ്റിലേക്ക് വെച്ചത്..
വെച്ചാൽ വെച്ചിടത്ത് കാണുന്നില്ലെന്നും പറഞ്ഞ് ഞാൻ അവളെ പഴിചാരിയതെല്ലാം എനിക്കിപ്പോൾ ഓർമ്മ വന്നു..

ഇന്ന് ഞാനാണ് ഷൂ വൃത്തിയാക്കിയത്
ഞാനാണ് അടുക്കളയിൽ പോയി വെള്ളമെടുത്ത് കുടിച്ചത്
വീട് പൂട്ടി ഇറങ്ങിയത്..

ജോലിക്കിറങ്ങിയപ്പോൾ പതിവു സമയത്ത് വരണ ബസ്സിന്ന് വൈകിയെത്തിയത് പോലെ..

ടിക്കറ്റ് എടുക്കുമ്പോൾ ചില്ലറയില്ലേ എന്ന് ചോദിച്ച് കണ്ടക്ടർ മുഖം ചുളിച്ചത് കാണേണ്ടി വന്നു..

അരികിൽ നിന്ന ആളുടെ കാലിൽ അറിയാതെ ഒന്ന് ചവിട്ടിയതിന് നല്ല ശ്രുതിയിൽ അയാളുടെ വായിലിരിക്കുന്നതും കേൾക്കേണ്ടി വന്നു..

ലേറ്റായതിനാൽ ഓഫീസിലുള്ളവരുടെ ആക്കിയ ചിരി കാണേണ്ടി വന്നു..

അവൾ പോയ പിന്നെ കാര്യങ്ങളെല്ലാം കുഴഞ്ഞു മറിഞ്ഞ അവസ്ഥയിലായി..
ഒരു നിമിഷത്തെ ദേഷ്യത്തിന് ഞാൻ അവളോട് എന്തൊക്കെയാണ് പറഞ്ഞതെന്ന് എനിക്കിപ്പോൾ ഓർമ്മ വന്നു..

ജോലി കഴിഞ്ഞ് തിരികെ വീട്ടിലെത്തി വീടിന്റെ പടി കയറും നേരം ഉമ്മറ വാതിൽക്കൽ കാത്തു നിൽക്കണ അവളുടെ മുഖം മിന്നി മറഞ്ഞു..

എന്തോ ഒന്ന് നഷ്ടപ്പെട്ട പോലെ ഞാൻ വാതിൽ തുറന്നു
കുറച്ചു നേരം ഓരോന്നും ഓർത്തിരുന്നു പെട്ടെന്ന് വല്ലാത്ത ഒരു ദാഹം ഞാൻ വെള്ളമെടുക്കാനായി അടുക്കളയിലേക്ക് നടന്നു
അവൾ ഉണ്ടായിരുന്നേൽ എന്റെ മുന്നിലേക്ക് ചോദിക്കാതെ വെള്ളമെത്തിയിരുന്നു എന്നതിപ്പോൾ ഞാനറിഞ്ഞു.
അടുക്കളയിൽ നിന്ന് തിരിച്ചിറങ്ങാൻ നേരം അവളെ ഇന്നേരം എത്ര ചീത്ത ഞാൻ വിളിച്ചിട്ടുണ്ടാകുമെന്നത് ഓർത്തു..

ദേഷ്യത്തോടെയുള്ള എന്റെ സംസാരവും
ഒറ്റക്ക് ജീവിക്കാനും എനിക്കറിയാം എന്ന് പറഞ്ഞതുമെല്ലാം ഒരു കുറ്റബോധം കണക്കെ എന്നെ പിടിച്ചു കുലുക്കി..
എന്തു പറഞ്ഞാലും എല്ലാം കേട്ടു നിൽക്കണ അവളുടെ മുഖം എന്റെ കണ്ണുകളെ നനച്ചു..

എന്തിനും ഏതിനും ഒരു പൊട്ടി പെണ്ണിനെ പോലെ നിന്നു തന്ന അവളുടെ സ്ഥാനം ഞാൻ അറിയാൻ തുടങ്ങി..

അവൾ അവൾക്കായല്ല ജീവിച്ചത് എനിക്ക് വേണ്ടി മാത്രമാണെന്ന് ഞാൻ മനസ്സിലാക്കി

അവൾ ഇറങ്ങി പോവുമ്പോൾ ഏങ്ങലടിച്ചത് ഇപ്പൊ ഞാൻ കാണാൻ തുടങ്ങിയിരിക്കുന്നു..
ഇപ്പൊ രാത്രികൾ എന്നെ ഉറക്കാതെയായി
അവളുടെ മധുര ചുംബനങ്ങളും കിന്നാരവും കളി പറച്ചിലും എല്ലാം ഞാൻ ഇപ്പോൾ അറിഞ്ഞിരിക്കുന്നു..

ഓരോ പുലരി മാറുമ്പോഴും എന്റെ ധൈര്യം എവിടെയോ ചോർന്നു പോകുന്നത് പോലെ തോന്നി തുടങ്ങി..
എന്റെ മുന്നോട്ടുള്ള പാതകൾ ഇടറാൻ തുടങ്ങി..
ഒന്നിനും ഒരു അർത്ഥമില്ലാത്തതു പോലെ തോന്നി തുടങ്ങി..
അവളുടെ സ്ഥാനം അതെന്തായിരുന്നെന്ന് ഞാൻ അറിയാൻ തുടങ്ങി..

ഇനിയും ഒറ്റക്ക് വയ്യ എനിക്കവളുടെ മുന്നിൽ ഇനി ഒന്ന് തോൽക്കണം
ഞാൻ വേഗം അവളെ തിരികെ കൊണ്ടുവരാൻ അവളുടെ വീട്ടിലേക്ക് തിരിച്ചു..
അവിടെ എത്തും വരെ എന്റെ മനസ്സിന് ഒരു സമാധാനവും കിട്ടിയിരുന്നില്ല..

അവളുടെ വീടിന്റെ പടി ഞാൻ കയറുമ്പോൾ ഒരു കുറവും ഇന്നെനിക്ക് തോന്നിയില്ല..
വാതിലിൽ മുട്ടി അവളെ വിളിക്കുമ്പോൾ ഞാനവൾക്ക് മുമ്പിൽ താഴ്ന്നു കൊടുക്കുന്നതായ് തോന്നിയില്ല..

അവൾ എന്റെ മുമ്പിൽ വന്നു നിൽക്കുമ്പോൾ മുഖം വാടി തളർന്നത് ഞാൻ കണ്ടു..
എന്നെ ക്ഷമ പറയാൻ പോലും അവൾ സമ്മതിച്ചില്ല ഒരു പൊട്ടി കരച്ചിലായിരുന്നു പെട്ടന്നവളിൽ..

അവളുടെ മിഴികൾ തുടച്ചു കൊടുക്കുമ്പോൾ എന്റെ മനസ്സ് പറഞ്ഞിരുന്നു
നീ പോയതിൽ പിന്നെയാണ് ഞാൻ പലതും അറിഞ്ഞതെന്ന്..

അവളെയും കൂട്ടി തിരിച്ചിറങ്ങുമ്പോൾ
അവൾക്ക് വിശേഷമുണ്ടെന്ന സന്തോഷ കാര്യം അവളുടെ അമ്മ വന്ന് പറയുമ്പോൾ ഞാൻ ഒരായിരം പ്രാർത്ഥന അവൾക്കായി നടത്തിയിരുന്നു..

ഇനി എന്റെ സ്വന്തമാണ് എന്നറിഞ്ഞ് ഒന്നു ചേർത്തു പിടിക്കട്ടെ അവളെ ഞാൻ..

ഇനിയുള്ള എന്റെ തോൽവികൾ അവൾക്ക് മാത്രം അവകാശപ്പെട്ടതാണ്.
ഇനിയെങ്കിലും അവളൊന്നു ചിരിച്ചു തുടങ്ങട്ടെ..

എ കെ സി അലി

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്