Kissakal

അയലത്തെ വീട്ടിലെ കൃഷ്ണൻ മാമന്റെ, ഉറഞ്ഞുതുള്ളികൊണ്ടുള്ള പരുക്കൻ ശബ്ദം കേട്ടുകൊണ്ടാണ്, ഞാൻ കിടക്കപ്പായയിൽ നിന്നും ഞെട്ടിയുണർന്നത്... അഴിഞ്ഞുകിടന്നിരുന്ന നിക്കറിന്റെ വള്ളിയെടുത്തു തോളിലുടക്കി, പുറത്തേക്കിറങ്ങുമ്പോൾ, വേലിയരികിൽ കലിപൂണ്ട കണ്ണുകളുമായി പിറുപിറുത്തു നിൽക്കുകയായിരുന്നു കൃഷ്ണൻ മാമൻ... കാര്യമറിയാതെ പകച്ചു നിന്നിരുന്ന എന്റെ കാതുകളിലേക്ക്, പറമ്പിൽ നിന്നും ഒരു മൂളിപ്പാട്ട് ഒഴുകിയെത്തി.... ''വെള്ളം കോരികുളിപ്പിച്ചു കിന്നരിച്ചോമനിച്ചയ്യയ്യാ.....'' പാട്ട് കേട്ടിടത്തേക്ക് ആകാംക്ഷയോടെ എത്തിനോക്കുമ്പോൾ, പറമ്പിലെ തടമെടുത്ത തെങ്ങിന് വെള്ളം നനച്ചു നിൽക്കുന്ന കുട്ടേട്ടനെയാണ് ഞാൻ കണ്ടത്.... കൃഷ്‌ണൻമാമന്റെ കണ്ണിലെ കലിക്കും, കുട്ടേട്ടന്റെ ചുണ്ടിലെ ആ മൂളിപ്പാട്ടിനും പറയാൻ കേട്ടുകേൾവിയുള്ള ഒരു പഴങ്കഥയുണ്ടായിരുന്നു..... നാട്ടിലെ അറിയപ്പെടുന്ന പറമ്പുപണിക്കാരനാണ് കുട്ടേട്ടൻ.... "മണ്ണിൽ പണിയെടുക്കാൻ കുട്ടനെ കഴിഞ്ഞേയുള്ളു നാട്ടിൽ വേറെ ആള്"... എന്നുള്ളത് ആ നാട്ടിൽ മാത്രം ഉയർന്നു കേട്ടിരുന്ന ഒരു പഴഞ്ചോല്ലായിരുന്നു... സ്വതസിദ്ധമായ ശൈലിയിൽ മൂളിപ്പാട്ടിലൂടെന്ന പോലെ, മണ്ണിന്റെ മനം കവർന്നെടുക്കുന്നവൻ.... അതിൽ കലാവിരുതു തീർക്കുന്നവൻ.... മണ്ണിന്റെ മനം പോലെ,, കൃഷ്‌ണൻ മാമന്റെ മകൾ സുമതിച്ചേച്ചിയുടെ മനസ്സും തന്റെ ആ സ്വതസിദ്ധമായ മൂളിപ്പാട്ടിലൂടെ കുട്ടേട്ടൻ കീഴടക്കിയയപ്പോൾ,, ആ പ്രണയത്തിൽ വില്ലനായി കൃഷ്ണൻ മാമൻ വേഷമണിഞ്ഞപ്പോൾ... സ്നേഹിക്കുന്നവർ തമ്മിലൊരുമിക്കട്ടെ എന്ന തത്വമുയർത്തിക്കൊണ്ട്, അവരിരുവരെയും ഒന്നിപ്പിച്ചുകൊണ്ട് എന്റെ അച്ഛൻ നായകവേഷമണിഞ്ഞു..... അന്നുമുതലായിരുന്നു, സ്നേഹത്തോടെ കഴിഞ്ഞിരുന്ന ഞങ്ങൾ അയൽക്കാർക്കിടയിൽ പ്രതിഷേധത്തിന്റെ അതിർവരമ്പുകൾ വേലികെട്ടുകളായി ഉയർന്നു വന്നത്.... വർഷങ്ങൾ കഴിഞ്ഞിട്ടും വീറും വാശിയോടെയും കൃഷ്ണൻ മാമൻ ഇന്നും പ്രതിഷേധിച്ചുകൊണ്ടേയിരിക്കുന്നു.... ''ഇന്ന് സ്കൂളിൽ പോണില്ല്യേ അപ്പൂ...'' പഴങ്കഥകളും ഓർത്തുനിന്നിരുന്ന എന്നെ നോക്കി ഒരു പുഞ്ചിരിയോടെ കുട്ടേട്ടൻ പറമ്പിൽ നിന്നും ശബ്ദമുയർത്തി ചോദിച്ചു.... ''ഇല്ല്യ.... ഇന്നവധിയല്ലേ... ശനിയാഴ്ച്ച....'' ഉമ്മറത്തിണ്ണയിൽ ഇരിപ്പുറപ്പിച്ചു ഞാൻ പറയുമ്പോൾ, കുട്ടേട്ടന്റെ ശ്രദ്ധ തെങ്ങിന് തടമെടുക്കുന്നതിലായിരുന്നു..... അല്ലേലും കുട്ടേട്ടന് ശനിയെന്നോ ഞായറെന്നോ ഉണ്ടായിരുന്നില്ല.... പണിയുണ്ടെന്നു കേട്ടാൽ, അതിരാവിലെ തന്നെയിങ്ങെത്തും... ഇരുളുമൂടിയിട്ടേ പിന്നെ തിരിച്ചു പോകുകയുമുള്ളൂ.... ''കുട്ടാ... ആ വഴില്ക്ക് ചാഞ്ഞു നിക്കണ കശുമാവ് മുറിച്ചു കളയാൻ മറക്കണ്ട ട്ടോ..'' ജോലിക്കുപോകാനിറങ്ങിയ അച്ഛൻ റോഡിരികിലേക്ക് കൈചൂണ്ടി പറയുമ്പോൾ ശരിയെന്ന അർത്ഥത്തിൽ കുട്ടേട്ടൻ തലയാട്ടി.... ഒപ്പം വെട്ടുകത്തിയുമായി മാവിനടുത്തേക്ക് നടന്നു നീങ്ങി.... ചെയ്തുകൂട്ടുന്ന കുരുത്തക്കേടുകൾക്ക് അമ്മ തല്ലാൻ ഓടിക്കുമ്പോൾ, ചാഞ്ഞു നിൽക്കുന്ന മരമായതിനാൽ, ഞാൻ ഓടിക്കയറിയിരുന്നത് ആ കശുമാവിലേക്കായിരുന്നു... അമ്മയുടെ ദേഷ്യം അലിയും വരെ, അതിന്റെ തുഞ്ചത്തിരുന്നുകൊണ്ടു ഞാൻ എന്റെ വിജയം ആഘോഷിക്കുമായിരുന്നു.... ഇനിയതെല്ലാം ഓർമ്മകളാകുമല്ലോ എന്ന നീരസത്തോടെ, താടിക്കു കയ്യുംകൊടുത്തിരിക്കുമ്പഴാണ്, കുട്ടേട്ടൻ മരത്തിനു ചുറ്റും നടക്കുന്നത് കണ്ടത്... ''കുട്ടേട്ടൻ എന്തൂട്ടാ ചെയ്യണേ??" ആകാംക്ഷയോടെ കുട്ടേട്ടനരികിലെത്തി ഞാൻ ചോദിക്കുമ്പോൾ, എന്നെ നോക്കി മറുപടിയെന്നോണം കുട്ടേട്ടനോന്നു പുഞ്ചിരിച്ചു.... കിളിർത്തു വന്നിരുന്ന ഒരു ചെറു കശുമാവിൻ തൈ പറിച്ചു, കുട്ടേട്ടൻ എന്റെ കയ്യിലേൽപ്പിച്ചു.... ''ഒരു മരം മുറിക്കുമ്പോൾ പത്തു തൈ നട്ടില്ലെങ്കിലും, ഒരു തൈ എങ്കിലും നടണം...'' പറമ്പിന്റെ ഒഴിഞ്ഞുകിടന്നിരുന്ന ഒരു മൂലയിൽ, കൈകൊണ്ടു കുഴികുത്തി, കുട്ടേട്ടൻ ആവശ്യപ്പെട്ടത് പ്രകാരം ഞാൻ ആ തൈ വെച്ചുപിടിപ്പിച്ചു..... ''നാളെ അപ്പു തല്ലാൻ ഓടിക്കുമ്പോൾ, അപ്പുന്റെ മക്കൾക്ക് ഓടിക്കയറാം ഇതിൽ''.... നട്ടുപിടിപ്പിച്ച ആ തൈ നോക്കി നിന്നിരുന്ന എന്റെ തോളിൽ കൈചേർത്തു, കുട്ടേട്ടൻ ഒരു കള്ളച്ചിരിയോടെ പറയുമ്പോൾ, എന്റെ മനസ്സ് വായിച്ചെടുത്ത കുട്ടട്ടേനെ ഞാൻ അത്ഭുതത്തോടെ നോക്കി... അല്ലേലും, മണ്ണിനെയും, പ്രകൃതിയേയും സ്നേഹിക്കുന്നവൻ ഇതെല്ലാം തിരിച്ചറിഞ്ഞില്ലെങ്കിലല്ലേ അത്ഭുതമുള്ളു.... വീണ്ടും വെട്ടുകത്തിയുമായി കുട്ടേട്ടൻ മരത്തിനരികിലേക്ക് നടന്നു നീങ്ങുമ്പോൾ, വേണ്ടെന്നു പറയാൻ മനസ്സ് കൊതിച്ചെങ്കിലും, നിരാശയോടെ മൂകനായി നിൽക്കുവാനെ എനിക്ക് കഴിഞ്ഞുള്ളു.... പക്ഷേ എന്റെ പ്രതീക്ഷകളെ താളം തെറ്റിച്ചുകൊണ്ടുള്ളതായിരുന്നു കുട്ടേട്ടന്റെ നീക്കങ്ങൾ.... വഴിയിലേക്ക് ചാഞ്ഞു നിന്നു തടസ്സം സൃഷ്‌ടിച്ച കൊമ്പുകൾ മാത്രം മുറിച്ചുമാറ്റി, കുട്ടേട്ടൻ എന്നെയൊന്ന് നോക്കി കണ്ണിറുക്കി... "അസുഖം വന്നാൽ ചികിൽസിക്കുകയല്ലേ വേണ്ടത്.. കൊല്ലാൻ പാടില്ലല്ലോ.." ഒരു ചെറു ചിരിയോടെ പറഞ്ഞുകൊണ്ട് കുട്ടേട്ടൻ, തെങ്ങിൻ തടത്തിൽ നിന്നും ചാണകം വാരിയെടുത്ത് ആ മുറിച്ചഭാഗത്തു പൊത്തുമ്പോൾ, ആകാംക്ഷയോടെ ഞാൻ കണ്ണുചുളിച്ചു.... ''മുറിവുണങ്ങാൻ മരുന്ന് പുരട്ടണ്ടേ??" എന്റെ കണ്ണുകളിലെ സംശയം തിരിച്ചറിഞ്ഞു, ഒറ്റകണ്ണിറുക്കി കുട്ടേട്ടൻ ചോദിക്കുമ്പോൾ ആകാംഷ വിട്ടുമാറാതെ തന്നെ വേണമെന്ന അർത്ഥത്തിൽ ഞാൻ തലയാട്ടി.... എന്റെ ആ തലയാട്ടൽ കണ്ടിട്ടാകണം, കുട്ടേട്ടന്റെ മുഖത്തൊരു ചെറുചിരി വിടർന്നു.... അല്ലേലും കുട്ടേട്ടൻ അങ്ങനെയാണ്.... മനുഷ്യനെ പോലെ, മണ്ണിനെയും മരത്തിനെയും ജീവജാലങ്ങളെയും സ്നേഹിക്കാൻ കഴിയുന്ന ഒരു സാധു മനുഷ്യൻ... തെങ്ങിനോടും കവുങ്ങിനോടും സംസാരിച്ചുകൊണ്ടു, അവക്ക് ചുറ്റും തടമെടുക്കുമ്പോൾ, ഒരു കുഞ്ഞിനെ പരിചരിക്കുന്ന അമ്മയുടെ മുഖഭാവമാണ് കുട്ടേട്ടന്.... മണ്ണിട്ട് മൂടാൻ ആവശ്യപ്പെട്ട കുളങ്ങൾക്ക് ചുറ്റും, മണൽഭിത്തി കെട്ടിയൊതുക്കി ഒരു കള്ളച്ചിരിയോടെ കുട്ടേട്ടൻ പറയും... ''നമുക്ക് കുടിക്കാൻ കുപ്പിവെള്ളമുണ്ടാകും... പക്ഷേ....'' വാക്കുകൾ മുഴുവനാക്കാതെ കുട്ടേട്ടൻ തല ചരിച്ചു കുളക്കടവിലേക്ക് നോക്കും... കുട്ടേട്ടൻ പറയാതെ ബാക്കി വെച്ചത് അവിടെയുണ്ടാകും... കുളത്തിൽ ആർത്തുല്ലസിക്കുന്ന കൊറ്റി കൂട്ടങ്ങളും, താറാവ് കൂട്ടങ്ങളും... പറമ്പിൽ കൂട്ടിയിട്ട ചപ്പുചവറുകൾക്ക് തീ കൊടുക്കും മുൻപേ, കുട്ടേട്ടൻ ഒരു കോലുകൊണ്ടതിലൊന്നിളക്കുന്നത്, കണ്ണ് ചുളിച്ചു ഞാൻ നോക്കി നിന്നിട്ടുണ്ട്.. അതിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന ഇഴജന്തുക്കൾക്ക് കുട്ടേട്ടൻ മുന്നറിയിപ്പ് നൽകുകയായിരുന്നെന്ന്,, ഒരിക്കൽ നിറം മാറി മറഞ്ഞിരുന്നിരുന്ന ഓന്ത് ആ ചവറുകൾക്കിടയിൽ നിന്നും ഓടി ഒളിച്ചപ്പോഴാണ് ഞാൻ അറിഞ്ഞത്... ഒരുപക്ഷേ ഇതെല്ലാമറിയുന്നതുകൊണ്ടാകാം, കുട്ടേട്ടനെ സുമതിച്ചേച്ചി പ്രണയിച്ചതും, പലരുമെതിർത്തിട്ടും അച്ഛൻ മാത്രം അതിനു ചുക്കാൻ പിടിച്ചതും.... അല്ലേലും അച്ഛൻ പറയാറുള്ളത് ശരിയാണ്.... ''മണ്ണിനെ സ്നേഹിക്കുന്നവന്റെയുള്ളിൽ പെണ്ണെന്നും ഭൂമിദേവിയായിരിക്കും..." ''അപ്പൂ... നീ പഠിക്കണില്ല്യേ''??? അടുക്കളപ്പുറത്തുനിന്നും അമ്മ വിളിച്ചുകൂവുന്നുണ്ട്... തലയുയർത്തി ഞാൻ കശുമാവിന് വെള്ളം പാരുന്ന കുട്ടേട്ടനെ നോക്കി.. അതെ.. ഞാൻ പഠിക്കുകയാണ്.. മനുഷ്യനായി പിറന്ന കുട്ടേട്ടനെ കണ്ടുകൊണ്ട്.

.saran prakash

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്