കുമ്പസാരം

#കുമ്പസാരം

കുമ്പസാര കൂടില്ലാത്തത് കൊണ്ടാകും ,  പിടിച്ച പിടിയാലെ ചേച്ചിയെന്നെ കൊണ്ട് പോയത് അലക്ക് കല്ലിനരികിലേക്കായിരുന്നു.

കല്ലിന്‍റെ മുകളില്‍ പിടിച്ചിരുത്തിയിട്ട് കണ്ണുരുട്ടി ചോദിച്ചു , സ്കൂളിലെ മൂത്രപ്പുരയില്‍ വച്ച് നീ എന്ത് വൃത്തികേടാണ് കാണിച്ചതെന്ന് , ആരാണിതൊക്കെ നിന്നെ പഠിപ്പിച്ചതെന്ന്...!

കുറ്റവാളിയെ പോല്‍ തല താഴ്ത്തിയിരുന്ന എന്‍റെ താടിക്കിട്ട് തട്ടിയവള്‍ ചോദ്യം ആവര്‍ത്തിച്ചു.

ഇടവും വലവും നോക്കി കുതറിയോടാനൊരു  ശ്രമം നടത്തി നോക്കിയെങ്കിലും ഷര്‍ട്ടിലവള്‍ പിടി മുറുക്കി കഴിഞ്ഞിരുന്നു.

ജൂണ്‍ മാസം തയ്പ്പിച്ചിടുമ്പോള്‍ നാല് ബട്ടണുണ്ടായിരുന്ന സ്കൂള്‍ യൂണിഫോമില്‍ ജൂലൈ ആയപ്പോഴേക്കും മൂന്ന് ബട്ടണും ഒരു സേഫ്റ്റി പിന്നുമായി...!

ആ ഒരു സേഫ്റ്റി പിന്നാവട്ടെ അവളുടെ ആദ്യ വലിയില്‍ തന്നെ താഴെ പോയി. പിന്നെയുള്ള മൂന്ന് ബട്ടണ്‍ ഞൊടിയിടയില്‍ ഞാനഴിച്ചിട്ടോടി.

കയ്യില്‍ ഷര്‍ട്ടുമായി അവളും പാതി നഗ്നനായി ഞാനും നിന്നു .

ഇനി ഇടത്തോട്ടോ വലത്തോട്ടോ എന്നാലോചിച്ച് നിന്ന നിമിഷം പുറകില്‍ നിന്ന് ഭീഷണിയുടെ കനത്ത സ്വരം , ഞാനീ കാര്യം അച്ഛനോട് പറഞ്ഞ് കൊടുക്കും എന്ന്....!

ശ്വാസം നിലച്ച പോലെ , കൈകാലുകള്‍ തളരുന്ന പോലെ തോന്നി. ഞാനവിടെതന്നെ നിന്നു.

തിരിഞ്ഞൊന്ന് നോക്കി . ഷര്‍ട്ട് വായുവിലിട്ട് ചുഴറ്റുകയായിരുന്നവള്‍.

ഹവായ് ചെരുപ്പ് മുറിച്ച് ചക്രം വെട്ടിയതിന് മിനിഞ്ഞാന്നാണ് അച്ഛന്‍റെ കയ്യോണ്ട്  ചന്തിക്കിട്ട്  കിട്ടിയത് . അതിന്‍റെ ചൂടാറും മുന്‍പേ ഇനിയും അടി വാങ്ങിക്കൂട്ടാന്‍ എന്‍റെ ചന്തീമ്മ്ല്‍ ഒരിഞ്ച് സ്ഥലം ബാക്കിയില്ലായിരുന്നു.

ഒട്ടും സമയം കളയാതെ തിരിച്ച് നടന്ന് ഞാനാ അലക്ക് കല്ലിലേക്ക് കയറിയിരുന്ന്  കൊടുത്തു.

കീഴടങ്ങിയ കുറ്റവാളിയെ ചോദ്യം ചെയ്യാനായി അവളപ്പോഴേക്കും മുന്നിലെത്തി കഴിഞ്ഞിരുന്നു.

കുറച്ച് കള്ള കണ്ണീരൊഴുക്കി നോക്കി . ഫലമുണ്ടായില്ല.പട്ടിയെ പോലെ കിടന്ന് മോങ്ങാതെ ചോദിച്ചതിനുത്തരം പറയെടാ എന്നായി അവള്.

ഒരു കുമ്പസാരത്തിനായി മനസ്സ്  പാകപെടുത്താനായി ഒരു നിമിഷം ഞാന്‍ മിണ്ടാതിരുന്നു.

പിന്നെയങ്ങ് തുടങ്ങി. ഓര്‍മ്മ വച്ച നാള് മുതല്‍ ഇന്നീ നാലാം ക്ലാസ്സ് വരെ ഞാന്‍ ചെയ്ത് കൂട്ടിയ എല്ലാ തെറ്റുകുറ്റങ്ങളും ഏറ്റ് പറയാന്‍ തുടങ്ങി.

കടലാസ് ചുരുട്ടി വലിച്ചതിന്‍റെ കഥ .കമ്യൂണിസ്റ്റ് അപ്പയുടെ ഉണങ്ങിയ തണ്ട് കത്തിച്ച് വലിച്ചതിന്‍റെ കഥ .അച്ഛന്‍ വലിച്ചെറിഞ്ഞ സിഗററ്റ് കുറ്റി വിറകുപുരയിലിരുന്ന് ആഞ്ഞാഞ്ഞ് വലിച്ചതിന്‍റെ കഥ . എല്ലാം ഒരു ഞെട്ടലോടെയാണവള്‍ കേട്ട് നിന്നത്.

അമ്പലത്തിലെ ഭണ്ഡാരത്തിലിടാന്‍ അമ്മ തലക്കുഴിഞ്ഞ് വച്ച കാശടിച്ച് മാറ്റിയ കഥ പറഞ്ഞപ്പോള്‍ അവളെന്നെ തുറിച്ച് നോക്കി പല്ല് കടിച്ച് കൈയ്യോങ്ങി.

ചെറിയച്ഛന്‍റെ കല്ല്യാണം കഴിഞ്ഞ പിറ്റേന്ന് അനുവാദം ചോദിക്കാതെ ചെറിയച്ഛന്‍റെ മുറിയിലേക്ക് തള്ളി കയറി ചെന്നപ്പോള്‍ ചെറിയച്ഛന്‍ ചെറിയമ്മയെ ഉമ്മ വെക്കണത് കണ്ട കാര്യം പറഞ്ഞപ്പോള്‍ അവള്‍ ആകെ വല്ലാണ്ടായി....!

മൂത്രപ്പുരയിലെ കാര്യം പറയെടാ എന്നാക്രോശിച്ചവള്‍ മുഖം ചുളിച്ചു.

''ഇന്‍റര്‍വെല്ലിന്‍റെ '' എന്ന് പറഞ്ഞ് തുടങ്ങിയ വാക്കുകള്‍ പിന്നീട് വിഴുങ്ങപ്പെട്ടപ്പോള്‍ ബാക്കി പറയാനായി അവള്‍ ധൃതി കൂട്ടി.

''ഇന്‍റര്‍വെല്ലിന്‍റെ സമയത്ത് ബാക്ക് ബെഞ്ചിലുള്ള ബാബുവും വിനോദും ഹരീഷും മൂത്രപ്പുരയിലേക്ക് ഓടും , ഞാനും ഓടും , എന്നിട്ട് മൂത്രപ്പുരക്ക് അടുത്തുള്ള  മതിലില്‍ കയറി വരി വരിയായി നില്‍ക്കും , എന്നിട്ട് ഒരുമിച്ച് നിന്ന് മൂത്രം ഒഴിക്കും ''

ഇതും പറഞ്ഞ് ഞാനവളുടെ കണ്ണിലേക്ക് നോക്കി , ഇത്രയേയുള്ളു എന്ന ഭാവത്തില്‍.

ഇത്രയേ ഉള്ളോ , എന്നവള്‍ മുഖം ചുളിച്ച് ചോദിച്ചു.

''ഏറ്റവും കൂടുതല്‍ ദൂരത്തേക്ക് മൂത്രം ഒഴിച്ചെത്തിക്കണ ആള് ജയിക്കും , ഇതാണ് കളി '' എന്ന്  ഒറ്റ ശ്വാസത്തില്‍ പറഞ്ഞപ്പോള്‍ അവള്‍ അന്തം വിട്ട് നിന്നു.

അത് കണ്ട് ആവേശം കയറി ഞാന്‍ പറഞ്ഞു , അത് ചേച്ച്യേ , വിരല് നല്ലോണം അമര്‍ത്തി പിടിച്ച് ഒഴിച്ചാ മതി , നല്ല ദൂരത്തേക്കൊക്കെ എത്തിക്കാം എന്ന്..!

അവളുടെ മുഖത്തപ്പോ  ആശ്ചര്യമായിരുന്നു....!

പിന്നീടാ ആശ്ചര്യത്തില്‍ നിന്ന് ഒരു ഞെട്ടലോടെയാണവള്‍ യാഥാര്‍ത്ഥ്യത്തിലേക്ക് തിരികെ വന്നത്.

പിന്നെ കേട്ടത് , എടാ വൃത്തികെട്ടോനേ നാണമില്ലാത്തോനേ , ഇതിനാണോ നീ സ്കൂളില്‍ പോണേ എന്നൊക്കെയായിരുന്നു.

കൂട്ടത്തില്‍ ഒരു ചോദ്യം കൂടി , എത്രയായി ഇത് തുടങ്ങിയിട്ടെന്ന്. മൗനമായിരുന്നു എന്നിലെ മറുപടി.

എന്നെങ്കിലും ഈ മത്സരത്തില്‍ നീ ജയിച്ചിരുന്നോ എന്നെന്നോട്  ചോദിക്കുമെന്ന്   കരുതി. ഭാഗ്യത്തിന് അതുണ്ടായില്ല. ചോദിച്ചിരുന്നേല്‍ ഞാന്‍ നാണം കെട്ട് പോയേനെ.........!

ഇനിയെങ്ങാനും ഇത് പോലെ ചെയ്തു എന്നാരെങ്കിലും പറഞ്ഞ് ഞാനറിഞ്ഞാല്‍ ഇതാവൂല്ല മോനേ സ്ഥിതി എന്ന് പറഞ്ഞവള്‍ ഭീഷണിപ്പെടുത്തി.

ഷര്‍ട്ടെന്‍റെ മേലേക്കെറിഞ്ഞിട്ടവള്‍ തിരിഞ്ഞ് നടന്നപ്പോള്‍ ഞാന്‍ ചോദിച്ചു , ഇതാരാ ചേച്ചിയോട് പറഞ്ഞത് എന്ന്.

അതിനുത്തരം കിട്ടിയില്ല. പകരം ഒന്ന്  പറഞ്ഞു , അച്ഛനെങ്ങാനും ഇതറിഞ്ഞാല്‍ നിന്നെ തല്ലി കൊല്ലുമെന്ന്....!

ആ വാക്കുകള്‍ ഒരു ഇടിത്തീ പോലെയാണ് എന്‍റെ നെഞ്ചില്‍ വന്ന് പതിച്ചത്.

അച്ഛനെന്നെ തല്ലി കൊല്ലും.......!

അത് പറയുമ്പോള്‍ അവളുടെ ചേഷ്ടകള്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു. മൂങ്ങയുടെ മുഖവും കാലന്‍ കോഴിയുടെ ശബ്ദവുമായിരുന്നവള്‍ക്കപ്പോള്‍.

അച്ഛന്‍റെ കാര്യമായോണ്ട് ഒന്നും പറയാന്‍ പറ്റി ല്ലായിരുന്നു. മൂപ്പരതും ചെയ്യും അതിനപ്പുറവും ചെയ്യും . കുടിക്കാന്‍ കൊണ്ട് വച്ച വെള്ളത്തില്‍ മൂത്രമൊഴിച്ചെന്നാരോപിച്ച് കഴിഞ്ഞ ദിവസം ഒരു എലിയെ പറമ്പ് മുഴുവന്‍ ഓടിച്ചിട്ട് തല്ലി കൊന്നത് ഞാനെന്‍റെ ഈ രണ്ട് കണ്ണു കൊണ്ടും കണ്ടതാണ്.

ഏത് നിമിഷവും അച്ഛന്‍റെ കയ്യാല്‍  കൊല്ലപ്പെട്ടേക്കാം എന്ന ചിന്ത ആ നിമിഷം മുതല്‍ എന്നെ വേട്ടയാടാന്‍ തുടങ്ങി.

കുറെയേറെ പാതകങ്ങള്‍ ചെയ്ത ഒരാളാണ് ഞാനെന്ന് എനിക്കന്ന് മനസ്സിലായി.

ആ അലക്ക് കല്ലിന്‍ മേല്‍ ജീവശ്ചവമായി ഞാനിരുന്നു . ഇനി എന്ത് ചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു.

എങ്കിലും എന്നെ ഒറ്റിക്കൊടുത്തവന്‍ ആരായിരുന്നാലും അവന്‍റെ കയ്യും കാലും ഒടിയണേന്ന് പ്രാര്‍ത്ഥിക്കാന്‍ ഞാന്‍ മറന്നില്ല.

കുറച്ച് സമയം കഴിഞ്ഞ് മെല്ലെ ഞാനെണീറ്റു.

പക്ഷെ ആ എണീറ്റത് ഞാനല്ലായിരുന്നില്ല . പകരം ഒരടിമയായിരുന്നു.

ഒരു അടിമയുടെ ജനനത്തിനായിരുന്നു ആ അലക്ക് കല്ല് സാക്ഷ്യം വഹിച്ചത്. ഒപ്പം ഒരു ഉടമയുടെ ജനനവും .ചേച്ചിയെന്ന ഉടമ.

ഉടമ പറയും . ഞാനനുസരിക്കണം. മറുത്തൊന്നു പറഞ്ഞാല്‍ അച്ഛാന്നുള്ള ഒരു നീട്ടി വിളിയും വിരല് ചൂണ്ടിയൊരു മുന്നറിയിപ്പുമാണ് .

തലയില്‍ തേക്കാനവള്‍ക്ക് ചെമ്പരത്തിയില ഇടിച്ച് പിഴിഞ്ഞ് താളി ഉണ്ടാക്കി കൊടുക്കുക എന്നതായിരുന്നു  അടിമ പണിയിലെ പ്രധാന ഇനം.

ആദ്യമാദ്യം ആ മുഖത്ത് നോക്കിയാല്‍ ചിരി വരില്ലായിരുന്നു. പിന്നീടങ്ങോട്ട് ചിരി വരുത്താന്‍ ഞാന്‍ ശീലിച്ച് തുടങ്ങി.

അച്ഛനും അവളും സംസാരിച്ചിരിക്കുമ്പോഴൊക്കെ എന്‍റെ ശ്വാസം നിലച്ച പോലായി. ആ സമയം അവര്‍ കാണും വിധമിരുന്ന് ഞാന്‍ സത് കര്‍മ്മങ്ങളിലേര്‍പ്പെട്ടു.

ഒരു ദിവസം തലയിലെ പേന്‍ നോക്കി കൊടുക്കാന്‍ അവളെന്നെ വിളിച്ചു.......!

ഈ ഭൂമി രണ്ടായി പിളരുന്നത് പോലെ തോന്നി.

എന്നിലെ അടിമ സടകുടഞ്ഞെഴുന്നേറ്റ് പ്രതികരിക്കാന്‍ നോക്കിയ ആദ്യത്തെ  നിമിഷമായിരുന്നത്.

പക്ഷെ അരിവാളുമായി പറമ്പില് കിടക്കണ ഓല മടല് വെട്ടി ഒതുക്കി വെക്കണ അച്ഛനെ കണ്ടപ്പോള്‍ ഒട്ടും സമയം കളയാതെ എനിക്കാ മുടിയില്‍ പേന്‍ തിരയേണ്ടി വന്നു.

അധികം വൈകാതെ തന്നെ അവളിലെ ഉടമ എന്നിലെ അടിമക്ക് മേല്‍ സമ്പൂര്‍ണ്ണ ആധിപത്യം സ്ഥാപിച്ച് കഴിഞ്ഞിരുന്നു.

പിന്നെ പഴയപോലെ ചിരിയില്ല , കളിയില്ല , കനപ്പിച്ച് കെട്ടിയ മുഖമായിരുന്നെപ്പോഴുമവള്‍ക്ക്.

ഒരു ശരാശരി പഠിത്തക്കാരി മാത്രമായിരുന്ന അവള്‍ പോകെ പോകെ ക്ലാസ്സിലെ ഒന്നാമതായി മാറി.

അവള്‍ക്ക് വന്ന മാറ്റം അവള്‍ എന്നിലേക്കും സന്നിവേശിപ്പിച്ചു.

അവളുടെ വാക്കിലും നോക്കിലും ഒരു ലക്ഷ്യബോധമുണ്ടായിരുന്നു. അതും അവള്‍ എനിക്കായി പകര്‍ന്ന് നല്‍കി.

അവളെ എതിര്‍ക്കാന്‍ പോന്ന ബുദ്ധിയും വളര്‍ച്ചയും എനിക്കായപ്പോഴും ഞാനവളെ അനുസരിക്കാതിരുന്നില്ല.

ആ അനുസരണ ഒരു ശീലമായി എന്നിലപ്പോഴേക്കും അലിഞ്ഞ് ചേര്‍ന്നിരുന്നു.

എങ്കിലും ആ ഒറ്റുകാരന്‍ ആരായിരുന്നുവെന്ന് ഞാന്‍ ചോദിക്കാതിരുന്നില്ല , ഉത്തരം കിട്ടിയിരുന്നില്ലെങ്കില്‍ പോലും.

പലപ്പോഴും വീട്ടിലെ അവസാന വാക്ക് അവളുടേതായി മാറി.

അതിനിടയില്‍ എപ്പോഴാണ് ആ ഉടമ ഈ അടിമയെ സ്നേഹിച്ച് തുടങ്ങിയതെന്ന് എനിക്ക് അറിയില്ല.

എല്ലാ മാസവും പൂരം നാളില്‍ ആ ഉടമ ഈ അടിമയുടെ പേരില്‍ ഭഗവതിക്ക് വഴിപാട് കഴിപ്പിക്കാന്‍ തുടങ്ങി. ചന്ദനമാകുന്ന പ്രസാദം ഈ തിരുനെറ്റിയിലണിയിക്കുമ്പോള്‍ ആ ചുണ്ടുകള്‍ പ്രാര്‍ത്ഥനയില്‍ ലയിക്കുമായിരുന്നു.

പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന് എല്ലാവരും വഴക്ക് പറഞ്ഞപ്പോള്‍ അവള്‍ മാത്രം ഒന്നും പറഞ്ഞില്ല. അന്ന് രാത്രി എന്‍റെ മുറിയില്‍ വന്ന് പറഞ്ഞു , വടക്കോട്ട് തല വെച്ച് കിടന്നുറങ്ങിയിട്ടാണ് ഒന്നും ശരിയാവാത്തത് , ഇനി മുതല്‍ കിഴക്കോട്ട് തല വച്ചുറങ്ങിയാ മതിയെന്ന്.

അവള്‍ പൊട്ടിച്ചിരിക്കുന്നതോ പൊട്ടി കരയുന്നതോ ഞാന്‍ കണ്ടിട്ടില്ല . പക്ഷെ ഒരിക്കലാ കണ്ണ് നിറയുന്നത് കണ്ടു , ബൈക്കിന്‍റെ സൈലന്‍സര്‍ തട്ടിയിട്ട് കാല് പൊള്ളി ഞാന്‍ കിടക്കുമ്പോള്‍ അരികില്‍ വന്ന് തിരിച്ച് പോവും നേരം....!

കിട്ടിയ ആദ്യത്തെ ശമ്പളത്തിന്‍റെ ഒരു പങ്ക്  ചുമരില്‍ തൂക്കിയിട്ടിരുന്ന എന്‍റെ ഷര്‍ട്ടിന്‍റെ പോക്കറ്റിലിടാന്‍ അവള്‍ മറന്നിരുന്നില്ല.

അവളോടുള്ള എന്‍റെ മനോഭാവം പതിയെ പതിയെ മാറാന്‍ തുടങ്ങുകയായിരുന്നു . ഒപ്പം ആ ഒറ്റുകാരനായ അഞ്ജാതനെ ഞാന്‍ സ്നേഹിച്ച് തുടങ്ങുകയായിരുന്നു.

അവളുടെ ചെറുക്കനെ അവള് തന്നെ കണ്ട് പിടിക്കുകയായിരുന്നു . ആരും അവളുടെ തിരുമാനത്തെ എതിര്‍ത്തില്ല.

കല്ല്യാണം കഴിഞ്ഞ് പടിയിറങ്ങി പോവ്വാന്‍ നേരം അവള്‍ അച്ഛനേയും അമ്മയേയും കെട്ടിപ്പിടിച്ച് പൊട്ടി കരഞ്ഞു .

അവളെന്നെയും കെട്ടിപ്പിടിച്ച് പൊട്ടി കരയുമെന്ന് കരുതി കാത്തിരുന്ന എനിക്ക് തെറ്റി.

കണ്ണീര് തുടച്ച് എന്‍റടുത്ത് വന്നവള്‍ പറഞ്ഞത് , ഞാനിവിടില്ലെന്ന് കരുതി എന്തേലും പോക്കിരിത്തരം കാണിച്ചാല്‍ ഞാനിങ്ങ് ഒരു വരവു വരും , കേട്ടല്ലോ എന്നായിരുന്നു.

എനിക്കൊരു പ്രണയമുണ്ടെന്നറിഞ്ഞപ്പോള്‍ വലിയ ബഹളമായിരുന്നു വീട്ടില്‍ . ചേച്ചിയുടെ കൂട്ടുകാരിയുടെ അനിയത്തിയായിരുന്നു കക്ഷി. പേര് വൈദേഹി. ഒരേ സ്കൂളിലാണ് ഞങ്ങള്‍ പഠിച്ചത് . നാല് വീട് അപ്പുറത്തായിരുന്നു അവളുടെ വീട്. അതു കൊണ്ട് തന്നെ അച്ഛനും അമ്മക്കും സമ്മതമല്ലായിരുന്നു . അവളുടെ വീട്ടിലും സമ്മതമല്ലായിരുന്നു. പിന്നെ എങ്ങനെയാണ് ചേച്ചിയത് പറഞ്ഞ് സമ്മതിപ്പിച്ചതെന്ന് എനിക്കറിയില്ല.

ഞാന്‍ വൈദേഹിക്കണിയിച്ച താലി ചേച്ചിയുടെ വകയായിരുന്നു.

കല്ല്യാണത്തിന് ഇടപാട് തന്നവരുടെ പേര് വിവരങ്ങളും അവര് തന്ന തുകയും വെളുക്കുവോളം ഇരുന്ന് എഴുതി വച്ചിട്ടാണവള്‍ തിരിച്ച് പോയത്.

പോവും നേരം പതിവു പോലെ എനിക്കുള്ള ഉപദേശവും മറന്നില്ല.

അതു കണ്ട് ചിരിയോടെ അമ്മ ചോദിച്ചു , ഇനിയെങ്കിലും ഇതൊക്കെ നിര്‍ത്തിക്കൂടെടി നിനക്കെന്ന്.

അത് കേട്ട് പറയുന്നുണ്ടായിരുന്നു , ഞാനിങ്ങനെ കൂടെ നടന്ന് പറയുന്നത് കൊണ്ടാണ് ഈ പറഞ്ഞ ജോലിയും , ഈ കാണണ വലിയ വീടും ,  കാറും പത്രാസുമൊക്കെ അവനുണ്ടായത് എന്ന്.

വരവും പോക്കുമായി  ബന്ധങ്ങള്‍ ദൃഢമായി മുന്നോട്ട് പോയി. ഉപദേശവും മുന്നറിയിപ്പും അതിന്‍റെ മുറ പോലെ കിട്ടിക്കൊണ്ടിരുന്നു.

അതിനിടയില്‍ വൈദേഹി ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി.

കണ്ണനെന്നവന് പേരിട്ടത് ചേച്ചി തന്നെയായിരുന്നു.

കാലം പിന്നെയും മുന്നോട്ട് പോയി.

ഒരു ഞായറാഴ്ച്ച ദിവസം ഉമ്മറത്ത് പത്രം വായിച്ചിരിക്കുമ്പോഴാണ് തൊടിയില്‍ നിന്ന് അടക്കിപ്പിടിച്ച വര്‍ത്തമാനം കേട്ടത്.

മെല്ലെ ചെന്ന് നോക്കിയപ്പോള്‍ കണ്ണനും അവന്‍റെ കൂട്ടുകാരും കൂടി മണ്‍ തിട്ടക്ക് മേലെ വരി വരിയായി നില്‍ക്കുന്നതാണ് കണ്ടത്.

പെട്ടെന്നാണ്  അതിലൊരാള്‍ റെഡി , വണ്‍ , ടു , ത്രീ  പറഞ്ഞതും നാല് പേരും കൂടി ഒരുമിച്ച് മൂത്രമൊഴിച്ചതും .

ദൂരെ കാണുന്ന ഉറുമ്പിന്‍ കൂട്ടമായിരുന്നു അവരുടെ ലക്ഷ്യം.

ആരെടാ ,  എന്താടാ എന്നും ചോദിച്ച് ഞാന്‍ ഒച്ചവപ്പോള്‍ പിള്ളേര് നാല് വഴിക്കോടി.

കണ്ണനെ എന്‍റെ കയ്യില്‍ കിട്ടി . തോന്ന്യാവാസം കാണിക്കുന്നോടാ എന്നും ചോദിച്ച് ചന്തിക്ക് രണ്ട് പെട പെടച്ചപ്പോള്‍ ചെക്കന്‍ കിടന്ന് കാറി.

അത് കേട്ട് വൈദേഹി ഓടി വന്ന് കണ്ണനെ ചുറ്റിപ്പിടിച്ചു . നിങ്ങക്കെന്താ ഭ്രാന്തായോ , എന്തിനാ മോനെ തല്ലണേന്നായി.

നീ കണ്ടോ അവന്‍ കാണിച്ചതെന്നും പറഞ്ഞ് ഞാനവള്‍ക്ക് കണ്ട കാര്യം വള്ളിപുള്ളി വിടാതെ പറഞ്ഞ് കൊടുത്തു.

അത് കേട്ടിട്ട് ഒരു ഭാവമാറ്റവും ഇല്ലാതെ അവള്‍ പിറുപിറുക്കുന്നുണ്ടായിരുന്നു ,  മത്തന്‍ കുത്തിയാ കുമ്പളം മുളക്കില്ലല്ലോ എന്ന്......!

നീയെന്താ പറഞ്ഞതേന്ന് തറപ്പിച്ചങ്ങ് ചോദിച്ചപ്പോള്‍ അവളുറക്കെ പറഞ്ഞു , മത്തന്‍ കുത്തിയാ പിന്നെ കുമ്പളം മുളക്കില്ലല്ലോ , നിങ്ങളും ചെറുപ്പത്തില്‍ ഇത് തന്നെയായിരുന്നില്ലേ കളിച്ചിരുന്നത് എന്ന്.

ഞാന്‍ സതംഭിച്ചവിടെ നിന്ന് പോയി.

കണ്ണനാണേല്‍ കരച്ചില് നിര്‍ത്തി എന്നെ  തന്നെ നോക്കി നില്‍ക്കുന്നുണ്ടായിരുന്നു.

ഞാനവളുടെ അരികിലേക്ക് ചെന്ന് മെല്ലെ പറഞ്ഞു , മക്കളുടെ മുന്നില്‍ വച്ച് വേണ്ടാതീനം പറയുന്നോടി മരമാക്രീ എന്ന്.

അവളൊന്നൂടെ എന്‍റെ അടുത്തേക്ക് ചേര്‍ന്ന് നിന്നിട്ട് മെല്ലെ പറഞ്ഞു , വേണ്ടാതീനമൊന്നുമല്ല , നിങ്ങള് സ്കൂളിലെ മൂത്രപ്പെരേന്‍റെ മതിലില്‍ കയറി ഇങ്ങനത്തെ കളി കളിക്കണത് ഞാന്‍ പലവട്ടം കണ്ടിട്ട്ണ്ട്.....!

ഞാനവളുടെ കണ്ണിലേക്ക് തുറിച്ച് നോക്കി.

അവളപ്പോഴേക്കും കണ്ണനേം വലിച്ചോണ്ട് അകത്തേക്ക് പോയിരുന്നു.

ഓര്‍മ്മകള്‍ പലതും എന്നിലേക്ക് ഓടി വരികയായിരുന്നു.

ഞാനോര്‍ത്തു ,   അവളോട് ഞാന്‍ പലപ്പോഴും ചോദിക്കുമായിരുന്നു , അഴകും സമ്പത്തും പേരും പെരുമയുമുള്ള ഒരുപാട് പേര് പുറകെ നടന്നിട്ടും നീ എന്ത് കൊണ്ടാണ് എന്നെ പോലെ ഒരു സാധാരണക്കാരനെ ഇഷ്ടമാണെന്ന് പറഞ്ഞതും , എതിര്‍പ്പുകള്‍ മറി കടന്ന് എന്‍റെ പാതിയായതും എന്ന്.

അപ്പോഴൊക്കെ അവള്‍ പറയും , എനിക്ക്  ചേട്ടനെ ചെറുപ്പം മുതലേ അറിയാമല്ലോ , എനിക്കറിയാം എത്ര തോല്‍വി പിണഞ്ഞാലും ജയിക്കണം എന്ന വാശി ചെറുപ്പം മുതലേ ചേട്ടനില്‍ ഉണ്ടെന്നും, അതുകൊണ്ട് തന്നെ എന്നെയും മക്കളേയും ഒരല്ലലുമില്ലാതെ നോക്കുമെന്നും......!

എന്നില്‍ സന്തോഷവും അഭിമാനവും നുരഞ്ഞ് പൊങ്ങി. 

ഞാന്‍ എന്‍റെ ഇരു വശവും നോക്കി. ലാസ്റ്റ് ബെഞ്ചിലെ വിനോദും ഹരീഷും ബാബുവും എന്നരികില്‍ നില്‍ക്കുന്നതായി തോന്നി.

ഞാന്‍ ഓടി . കൂടെ അവരും . ഓടിച്ചെന്ന് തൊടിയിലെ മണല്‍തിട്ടയില്‍ പോയി ഞങ്ങള്‍ നിന്നു.

റെഡി , വണ്‍ , ടു , ത്രീ എന്നാരോ ഉറക്കെ പറഞ്ഞു.

ഞങ്ങള്‍ നീട്ടിയങ്ങൊഴിച്ചു.

ഞാന്‍ വിജയിച്ചിരിക്കുന്നു.......!

ഞാനാ മണ്‍തിട്ടയില്‍ നിന്ന് പുറകിലേക്കിറങ്ങി.

മുന്നോട്ട് നടന്നു.

അവിടെ എന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു , ആ അലക്ക് കല്ല് .....!

അവിടേക്കെന്നെ ഈ ലോകം മുഴുവന്‍ സ്വാഗതം ചെയ്യുന്ന പോലെ തോന്നി.

വലം കാല്‍ വച്ച് ഞാനതിന് മുകളിലേക്ക് കയറി നിന്നു.

ചുറ്റും നിന്ന് ആരൊക്കെയോ കയ്യടിക്കുന്നത് പോലെ...

വലം കയ്യെടുത്ത് ഞാന്‍ നെഞ്ചില്‍ ചേര്‍ത്ത് വച്ചു.

നയനങ്ങള്‍ തുളുമ്പി നിന്നു.

പതറാതെ പോരാടിയ ഒരു തലമുറയുടെ പ്രതിനിധിയായി ഞാനാകാശത്തേക്ക് കൈകളുയര്‍ത്തി വിജയഭേരി മുഴക്കി........!

മഗേഷ് ബോജി

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്