Kissakal

കഴിഞ്ഞില്ലേ... പിന്നിൽ നിന്ന് കേട്ട ശബ്ദം മെറിനെ ഞെട്ടിച്ചു. ഉവ്വ്...പരിഭ്രമത്തോടെ അവൾ തല കുലുക്കി. ഉം...എന്ന ഒരു നീട്ടി മൂളലോടെ ഹരി തിരിഞ്ഞു നടന്നു. പിന്നാലെ  വസ്ത്രങ്ങളും മറ്റും കുത്തിനിറച്ച ബാഗ് താങ്ങിപ്പിടിച്ചുകൊണ്ടു മെറിൻ പുറത്തേക്കിറങ്ങി. ഹാളിലെ സെറ്റിയിൽ നിറഞ്ഞ കണ്ണുകളോടെ ഇരുന്ന ശാരദാമ്മ പതുക്കെ എഴുന്നേറ്റ് മകന്റെ കയ്യിൽ പിടിച്ചു. ഹരീ...ഒന്നൂടി ആലോചിച്ചിട്ട്...
അത് പൂർത്തിയാക്കാൻ സമ്മതിക്കാതെ ഹരി ശബ്ദമുയർത്തി... അമ്മയെന്തു ഭ്രാന്താണ് ഈ പറയുന്നത്.... അന്യമതക്കാരെ അകത്തു പാർപ്പിക്കൽ എന്നാ തുടങ്ങിയത്? അങ്ങനെ ഒരു മാറ്റം ഇവിടെ വേണ്ട. ഞാൻ സമ്മതിക്കില്ല....
മകനോട് എന്ത് പറയണം എന്ന് അവർക്ക്  അറിയില്ലായിരുന്നു.

മകന് പിന്നിൽ നിറകണ്ണുകളോടെ നിൽക്കുന്ന മെറിൻ അവരുടെ വേദനയായി.  രണ്ടു അനിയത്തിമാരുടെ പഠനം പിന്നെ അപ്പന്റെ ചികിത്സ... വീട്ടിലെ ചിലവ്.. എല്ലാം ആ തലയിൽ ആണ്. പാവം കുട്ടി.... ശാരദ കൈക്കുള്ളിൽ ഒതുക്കിപിടിച്ച പണം അവളുടെ കയ്യിലേക്ക് വച്ചു. അമ്മക്ക് ഒന്നും ചെയ്യാൻ കഴിയില്ല കുട്ടീ...എന്ന പതിഞ്ഞ വാക്കുകളോടെ...
ഹരി തിരിഞ്ഞു പുച്ഛത്തോടെ മെറിനെ നോക്കി... ആഹാ...അര്ഹതയില്ലാത്ത പണം കൈ നീട്ടി വാങ്ങാൻ ഉളുപ്പുമില്ല....
നാണം കെട്ട വക". തീപ്പൊള്ളൽ ഏറ്റതുപോലെ മെറിൻ കൈ പിൻവലിച്ചു.
ഹരീ....അവശ്യല്ലാത്ത ഓരോന്ന് പറയരുത്..'അമ്മ അയാളോട് ശബ്ദമുയർത്തി.. ഹരി നിലത്തു ആഞ്ഞു ചവിട്ടി മുറ്റത്തേക്കിറങ്ങി. മോൾ ഇത് വാങ്ങു... അവർ മെറിന്റെ കയ്യിൽ പിടിച്ചു. വേണ്ടമ്മേ... അവരുടെ കൈകളിൽ ഒന്ന് പതിയെ തൊട്ട് അവൾ ബാഗുമായി ഇറങ്ങി നടന്നു.

മുറ്റത്തു നിന്ന ഹരി ഒരു നൂറിന്റെ നോട്ട് അവൾക്കു നേരേ നീട്ടി. ദാ ഓട്ടോക്ക് പൊയ്ക്കോ.. മെറിൻ മിഴികൾ ഉയർത്തി അയാളെ ഒന്ന് നോക്കി. ഒന്ന് പുഞ്ചിരിച്ചു പിന്നെ ഗേറ്റ് കടന്നുപോയി. ആ ചിരി ഒരു പരിഹാസമാണെന്നു ഹരിക്ക് തോന്നി. നോട്ട് പോക്കറ്റിൽ തിരുകി അവൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു പുറത്തേക്കു ഇറങ്ങി.

രാത്രി അത്താഴം കഴിക്കുമ്പോൾ ഹരി അമ്മയോട് പറഞ്ഞു. "അമ്മാവനോട് പറഞ്ഞിട്ടുണ്ട് നമ്മടെ ജാതിയിൽ പെട്ട വല്ല സ്ത്രീകളേയും അയക്കാൻ..." എനിക്ക് ഇനി ഇവിടുന്ന് ജോലിക്കു പോവാം.  അപ്പൊ കുക്കിങ് കൂടി അറിയുന്ന ഒരാൾ ആണെങ്കിൽ നല്ലതല്ലേ. ശമ്പളം കൂടുതൽ കൊടുക്കാം.
"ഹോംനഴ്‌സ് ആണെങ്കിലും മെറിന് നല്ലോണം ഭക്ഷണം ഉണ്ടാക്കാൻ അറിയാരുന്നു" ശാരദ പിറുപിറുത്തു.
മതി...ഇനി അവളുടെ പേര് പറയണ്ട... എനിക്ക് ഈ വക ആൾക്കാരെ വെറുപ്പാ... ഹരി പാത്രം തള്ളിനീക്കി എഴുന്നേറ്റു.

ആഴ്ചകൾക്കുള്ളിൽ മൂന്നിലധികം സ്ത്രീകൾ വന്നുപോയി. ഹരിക്ക് കലി വന്നു തുടങ്ങി. അമ്മയാവട്ടെ മെറിന്റെ മഹത്വം വിളമ്പാത്ത ദിവസമില്ല. ആ വാശിക്കാണ് ഹരി വിവാഹത്തിന് വെള്ളക്കൊടി കാട്ടിയത്.

സ്വാതി അയാളുടെ സ്വപ്നത്തിലെ അന്തർജനം തന്നെ ആയിരുന്നു. ഇഷ്ട്ട ഭക്ഷണം വിളമ്പിയും അമ്മയെ പരിചരിച്ചും അവൾ ആ വീടിന്റെ സ്വന്തമായി.
വിവാഹത്തിന് ശേഷം നാലാം മാസമായിരുന്നു ആ ദുരന്തം.. ഓഫീസിൽ നിന്ന് മടങ്ങും വഴി ലോറിയുമായി കൂട്ടിയിടിച്ചു ഹരിയുടെ ബൈക്ക് പൂർണമായും തകർന്നു. നിലവിളിയോടെ ഐസിയു വിനു മുന്നിൽ എത്തിയ സ്വാതിയും ശാരദയും ഇനി ഹരി എഴുന്നേറ്റു നടക്കില്ലെന്ന് അറിഞ്ഞു വിറങ്ങലിച്ചു നിന്നു.

ഒന്നര മാസത്തിനു ശേഷമാണ് അയാളെ വീട്ടിലേക്കു കൊണ്ട് വരാൻ കഴിഞ്ഞത്. റൂമിൽ ശ്വാസം മാത്രമായി അയാൾ കിടന്നു.
സ്വാതി അയാളെയും അമ്മയെയും ഒരുപോലെ ശുശ്രൂഷിച്ചു.
ഓരോ തവണയും ഡോക്റ്റർ  പറഞ്ഞത് തന്നെ ആവർത്തിച്ചു. ഈ കിടപ്പിൽ നിന്ന് ഹരി എഴുന്നേൽക്കില്ല.

ഒരിക്കൽ മകളെ കാണാൻ വന്ന സ്വാതിയുടെ അച്ഛൻ ആണ് ശാരദയോട് മടിച്ചു മടിച്ചു അത് പറഞ്ഞത്. എനിക്ക് ഒരു മകളെ ഉള്ളൂ. അവളുടെ ജീവിതം ഇങ്ങനെ.... അയാൾ പൂർത്തിയാക്കിയില്ല.
ശാരദ നിറഞ്ഞ കണ്ണു തുടച്ചു പറഞ്ഞു. നിക്ക് മനസ്സിലായി. ഞാൻ പറയാം ഹരിയോട്..
ശാരദയുടെയും വീട്ടുകാരുടെയും നിരന്തരമായ നിര്ബന്ധത്തിലും കണ്ണീരിലും സ്വാതിക്ക് പിടിച്ചു നില്ക്കാൻ കഴിഞ്ഞില്ല. ഒരു വർഷത്തിന് ശേഷം അവളുടെ കഴുത്തിൽ മറ്റൊരു താലി വീണു.

രണ്ടു മാസത്തിനു ശേഷം മാർക്കറ്റിൽ വച്ചാണ് ശാരദ മെറിനെ കണ്ടത്.
അമ്മേ..എന്ന വിളിയോടെ അവൾ ശാരദ യെ വട്ടം പിടിച്ചു. ഒരു വർഷം കൊണ്ട് 'അമ്മ അനുഭവിച്ച ദുഃഖങ്ങൾ അവളുടെ കണ്ണ് നനയിച്ചു.അവളുടെ വിശേഷങ്ങളും സുഖകരമായിരുന്നില്ല. മൂത്ത അനിയത്തിയുടെ വിവാഹത്തിന് ശേഷം അപ്പൻ മരിച്ചു. കടം വീട്ടാൻ വീട് വിറ്റു. ഇപ്പോൾ അനിയത്തിയോടൊപ്പം മഠത്തിൽ ആണ്.

ശാരദ മനസ്സുകൊണ്ട് ഒന്ന് തീരുമാനിച്ചിരുന്നു. അവർ അവളോടൊപ്പം മഠത്തിൽ പോയി കാര്യങ്ങൾ സംസാരിച്ച് അവളെയും കൂട്ടി വീട്ടിലേക്കു മടങ്ങി.
കോരികൊടുത്ത കഞ്ഞി അവളുടെ മുഖത്തേക്ക് ആഞ്ഞു തുപ്പിയാണ് ഹരി തൻ്റെ പ്രതിഷേധം അറിയിച്ചത്. അതോടെ ഭക്ഷണചുമതല ശാരദ ഏറ്റെടുത്തു. കണ്ണുരുട്ടിയും തലയിളക്കിയും അവളെ പറഞ്ഞു വിടാൻ അയാൾ അമ്മയെ നിർബന്ധിച്ചു. ശാരദ മനസ്സിലാകാത്ത ഭാവത്തിൽ മകനെ മിഴിച്ചു നോക്കി. പിന്നെ പുറത്തിറങ്ങി മെറിനെ നോക്കി ചിരിച്ചു.
ആദ്യത്തെ ഭയം മെറിനെ വിട്ടുമാറി. ഉപദ്രവിക്കാനോ തള്ളിയകറ്റാനോ പോയിട്ട് ഒന്ന് മിണ്ടാൻ പോലും ആൾക്ക് വയ്യെന്ന് അവൾക്കു മനസ്സിലായി.

ശരീരം തുടക്കാൻ ടവ്വലും വെള്ളവും ആയി വന്ന മെറിനെ കണ്ട്‌ ഹരിയുടെ മുഖത്തു പരിഭ്രമം ഇരച്ചു കയറി.  അവൾ പതിയെ ഹരിയുടെ വസ്ത്രങ്ങൾ മാറ്റാൻ തുടങ്ങി.
ഒരു തരത്തിലും പ്രതിരോധിക്കാൻ കഴിയില്ല എന്ന് ഉറപ്പായ ഹരി അവളുടെ മുഖത്തേക്ക് കാർക്കിച്ചു തുപ്പി. ഞെട്ടിപ്പോയ മെറിൻ അരിശത്തോടെ അയാളെ നോക്കി. "തനിക്ക് കുറച്ചു അഹങ്കാരം കൂടുന്നുണ്ട്"
ഞാൻ എന്താ മനുഷ്യസ്ത്രീ അല്ലെ... അതോ താൻ വല്ല ദേവെന്ദ്രനും ആണോ?
അവൾ ചോദ്യം ചെയ്തതോടെ ഹരിക്ക് പക കൂടി. അവൻ വീണ്ടും തുപ്പാനായി ആഞ്ഞതും അവൾ ടവൽ അവന്റെ മുഖത്തേക്ക് ഇട്ടു. അവന്റെ വസ്ത്രങ്ങൾ മാറ്റി ശരീരം തുടച്ചു തുടങ്ങി. ലജ്ജയും നിസ്സഹായതയും ഹരിയെ തളർത്തി. മുഖത്തെ ടവൽ പോലും മാറ്റാൻ കഴിയുന്നില്ല. പോരാത്തതിന് താൻ ഏറ്റവും വെറുക്കുന്ന ഒരു ക്രിസ്ത്യാനി  തന്നെ നഗ്നനാക്കി കുളിപ്പിക്കുന്നു. അയാളുടെ കണ്ണ് നിറഞ്ഞുപോയി.
ലോഷൻ പുരട്ടി വസ്ത്രം ധരിപ്പിച്ചു മുഖത്തെ ടവൽ എടുത്തപ്പോഴാണ് അയാൾ  കരഞ്ഞു എന്ന് മെറിൻ കണ്ടത്.
യ്യോ...എന്നാ പറ്റി.. വേദനിക്കുന്നുണ്ടോ?ഹരി അവളെ തുറിച്ചുനോക്കി.
ദേവെന്ദ്രന്റെ ഭാവം ഭീഭത്സത്തിലേക്കു മാറുന്നുണ്ടല്ലോ... അവൾ അവനെ നോക്കി കണ്ണിറുക്കി പുറത്തേക്കു പോയി. അന്ന് അവൾ കൊടുത്ത ഭക്ഷണം അവൻ കഴിച്ചതേയില്ല.
ചുമ്മാ വാശി കാണിക്കല്ലേ... 'അമ്മ പടിയിൽ ഒന്ന് വീണു . എല്ലിന് പൊട്ടലുണ്ട്. നടക്കാൻ വയ്യ. അവൾ പറഞ്ഞു. ഹരി ഞെട്ടലോടെ അവളെ നോക്കി. അന്നേ ദിവസം ഹരി ഒന്നും കഴിച്ചില്ല.
പിറ്റേന്ന് യാതൊരു നിവൃത്തിയും ഇല്ലാതെ രണ്ടോ മൂന്നോ സ്പൂൺ കഞ്ഞി അയാൾ കഴിച്ചു. പതുക്കെ ഹരി മെറിനെ അനുസരിച്ചു തുടങ്ങി.
അയാൾക്ക്‌ കേൾക്കാൻ പാട്ടുകൾ മൊബൈലിൽ വെച്ചും അയാളുടെ മുറിയിൽ അടുക്കിയിരുന്ന പുസ്തകങ്ങൾ വായിച്ചുകൊടുത്തും മെറിൻ അയാൾക്കൊപ്പം കൂടുതൽ സമയം ചെലവിട്ടു.
ദിവസങ്ങൾ കടന്നുപോയി. ഒരിക്കൽ കഞ്ഞി കോരികൊടുത്ത സ്പൂൺ കടിച്ചു വലിച്ചെടുത്തു ഹരി നിലത്തേക്കിട്ടു.
പിന്നെ മെറിന്റെ കൈകൾക്ക് നേരെ നോക്കി. അത്ഭുതത്തോടെ അവൾ മനസ്സിലാക്കി... തന്നോട് വാരിക്കൊടുക്കാൻ ആണ് ഹരി പറയുന്നത്. നിറഞ്ഞ കണ്ണുകളോടെ അവൾ തന്റെ കയ്യിൽ ഭക്ഷണമെടുത്തു അയാളുടെ അധരത്തോട് അടുപ്പിച്ചു. പതിവിലേറെ കഴിച്ചു അന്ന് ഹരി. മനസ്സ് നിറഞ്ഞു ഇരുവർക്കും.

പിറ്റേന്ന് വാരിക്കൊടുത്ത വിരലുകളിൽ ഹരി ചുംബിച്ചു. ഞെട്ടലോടെ മെറിൻ കൈ പിൻവലിച്ചു. എന്തുചെയ്യണമെന്നു അവൾക്ക് മനസ്സിലായില്ല. അൽപ സമയത്തിന് ശേഷം വീണ്ടും അവൾ നീട്ടിയ കൈകളിൽ ഹരി അത് തന്നെ ആവർത്തിച്ചു.
"മര്യാദക്ക് കഴിക്കുന്നുണ്ടോ?  ദേഷ്യത്തോടെ അവൾ അയാളെ നോക്കി ചീറി. ഞെട്ടിപോയ ഹരി വായ് തുറന്നു. ചിരിയോടെ അവൾ അയാൾക്കു വാരിക്കൊടുത്തു. ഹരിയുടെ മനസ്സിൽ ഒരു പ്രണയം ഇതൾ വിരിഞ്ഞിരുന്നു. അവളോട് ഒന്ന് സംസാരിക്കാൻ അയാൾ അത്രയധികം മോഹിച്ചു. മെറിന് മനസ്സിലാവുന്നുണ്ടായിരുന്നു അയാളുടെ മനസ്സ്. ഈ പ്രണയം ഒരു പക്ഷെ ഈ കിടക്കയിൽ നിന്നൊരു മോചനം അയാൾക്ക് നൽകുമെന്ന് അവൾക്കു തോന്നി. 

അടുത്ത ദിവസം ശരീരം തുടച്ചു വസ്ത്രം മാറ്റി  പുറത്തേക്കിറങ്ങും മുൻപ് മെറിൻ ഹരിയുടെ ചുണ്ടിൽ അമർത്തി ഉമ്മവെച്ചു. സിരകളിൽ അഗ്നി പടർന്നതുപോലെ ഹരി വിറച്ചു. അന്ന് ഓരോ ഉരുള ചോറ് കഴിച്ചപ്പോഴും ഓരോ ചുംബനങ്ങൾ അയാളുടെ കവിളിൽ അമർന്നു. മുഴുവൻ കഴിച്ചിട്ടും തന്റെ വിശപ്പു മാറിയില്ല എന്ന് അയാൾക്ക്‌ തോന്നി.
പതിയെ മെറിൻ അയാളെ പ്രണയത്തിന്റെ കൊടുമുടിയിൽ എത്തിക്കുകയായിരുന്നു.

ഒരിക്കൽ ഒരു ദീര്ഘചുംബനത്തിന്റെ ഉച്ചസ്ഥായിയിൽ തളർച്ച മറന്ന ഹരിയുടെ കൈകൾ മെറിനെ വരിഞ്ഞു മുറുക്കി.
അത് അയാളെപോലും അത്ഭുതപ്പെടുത്തി.
അവർക്കിടയിലെ മാറ്റങ്ങൾ അറിഞ്ഞിട്ടും അറിയാത്ത ഭാവം നടിച്ചു മാറി നിന്ന ശാരദ മകന്റെ കൈകൾ ചേർത്തുപിടിച്ചു പറഞ്ഞു.. "അവൾ നിനക്കുള്ളതാണ്.. 
പക്ഷെ രണ്ടു കാലിൽ ഉറച്ചുനിന്നുവേണം എന്റെ മകൻ അവൾക്കു താലി ചാർത്താൻ"

മാസങ്ങൾക്കു ശേഷം ആരോഗ്യവും ശബ്ദവും വീണ്ടെടുത്ത ഹരിയുടെ വധുവായി മെറിൻ വീണ്ടും ആ പടികൾ കയറി.
അന്ന് രാത്രി അയാളുടെ നെഞ്ചിൽ മുഖം ചേർത്ത് അവൾ ചോദിച്ചു. അതേയ്...എന്തായിരുന്നു ഈ ക്രിസ്ത്യൻ വിരോധം?
അതോ.... അത്.... പണ്ട് ഞാൻ സ്‌കൂളിൽ പഠിക്കുമ്പോ ഒരു അച്ചായത്തി പെണ്ണിനെ പിടിച്ചു ഉമ്മ വെച്ചു. അവൾ പരാതി പറഞ്ഞു എല്ലാരും അറിഞ്ഞു. അന്ന് അച്ഛൻ ചട്ടുകം വെച്ചതാ.. ദേ ഈ പാട് . അവൻ മുട്ടിനു മുകളിലെ പാട് കാണിച്ചു.
പിന്നെ അവിടുന്ന് മാറി വേറെ സ്‌കൂളിൽ പോയി.
അയ്യേ... നാണമില്ലല്ലോ... ഞാൻ കരുതി വേറെ വല്ല പ്രോബ്ലം ആണെന്ന്. ഇതൊക്കെ ആരോടും പറയാൻ പോലും കൊള്ളില്ല. അവൾ പൊട്ടിച്ചിരിച്ചു. ഉം... ഹരി ചമ്മലോടെ അവളെ ചേർത്ത് പിടിച്ചു.
മെറിൻ പതിയെ ചുണ്ടുകൾ അവന്റെ ചെവിയോട് ചേർത്തു. പിന്നേയ്...  അന്നത്തെ നായിക ഞാൻ ആണെന്ന് പറഞ്ഞാൽ ഞെട്ടുമോ???
"പോടീ..അവളുടെ കല്യാണം കഴിഞ്ഞു മൂന്നു പിള്ളേരായി.
ഓഹോ... പൂർവകാമുകിയുടെ ഡീറ്റൈൽസ് ഒക്കെ അറിയാം ... എന്നിട്ടും വല്യ ക്രിസ്ത്യൻ വിരോധി ആണു താനും..
എന്ന് പറഞ്ഞു അവൾ ഹരിയെ അമർത്തി നുള്ളി..
അയ്യോ...എന്ന് നിലവിളിച്ച അവന്റെ വായ് പൊത്തി അവൾ പൊട്ടിച്ചിരിച്ചു.

PRINCY TIJO

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്