Kissakal

മാസമുറ ആവാത്തവളെ എന്റെ മോന്റെ തലയിൽ കെട്ടിവച്ച ആ നാശങ്ങൾ ഒരിക്കലും ഗതി പിടിക്കില്ല …

സന്ധ്യ നേരത്ത് ഓഫീസിൽ നിന്നും വന്നു കയറുമ്പോൾ അമ്മയുടെ ഊ ശാപവാക്കുകളാണ് എന്നെ എതിരേറ്റത് …

അവളെ മുറിയിലാകെ തിരഞ്ഞിട്ടും കാണാത്തതിനാൽ ഞാൻ അടുക്കളയിലേക്ക് ചെന്നു. എന്നെ കണ്ടിട്ടും അവൾ തിരക്കിട്ട ജോലിയിലാണ്. ഉള്ളിലെ സങ്കടം ഞാൻ അറിയാതിരിക്കാനാണ് അവളുടെ തിരക്കിട്ട ജോലി.

അമ്മൂ …
അടുത്ത് ചെന്ന് അവളെ എനിക്ക് നേരെ തിരിച്ചു നിർത്തിയപ്പോഴേക്കും ആ കണ്ണുകൾ നിറഞ്ഞു തുളുമ്പി.
എന്താടാ …
നിനക്കറിഞ്ഞൂടേ അമ്മയുടെ സ്വഭാവം....?
അത് കേട്ടില്ലാന്ന് വച്ചാ മതി. ഇതിപ്പൊ ആദ്യായിട്ടൊന്നും അല്ലല്ലോ…?

ഹേയ് അമ്മയൊന്നും പറഞ്ഞില്ല ശ്രീയേട്ടാ... എന്റെ കണ്ണിലെന്തോ പോയതാ.

ഇതും പറഞ്ഞവൾ എന്നിൽ നിന്നും ഒഴിഞ്ഞു മാറി.

പാവം അവളൊരിക്കലും അമ്മയെ കുറ്റപ്പെടുത്താറില്ല. അമ്മ അവളെ ശത്രുവിനെപ്പോലെ കാണുമ്പോഴും ഞാനൊന്നും അറിയാതിരിക്കാൻ അവൾ പാടുപെടുന്നു.

വളരെ കാലം ഉള്ളിൽ കൊണ്ടു നടന്ന അവളോടുള്ള പ്രണയം ഞാൻ ആദ്യം തുറന്നു പറഞ്ഞത് അവളുടെ അച്ഛനോട് തന്നെയായിരുന്നു. പക്ഷേ അദ്ദേഹം അതിനെ എതിർത്തു ഒരമ്മയാകാൻ കഴിവില്ലാത്ത അവൾ എനിക്കൊരു ഭാരമാകുമത്രേ.

മാസമുറയാകാത്തവൾ….
അമ്മയാകാൻ കഴിവില്ലാത്തവൾ …

ഇതു കേട്ടതും ഞാനൊന്നു ഞെട്ടി. ഒന്നും പറയാതെ ഞാൻ ആ വീട്ടിൽ നിന്നും ഇറങ്ങി നടന്നു.

പിറ്റേന്ന് ഉറച്ച തീരുമാനത്തോടെയാണ് അവളുടെ വീട്ടിൽ ചെന്നത്. പലതും പറഞ്ഞ് എന്നെ പിൻതിരിപ്പിക്കാൻ ആ അച്ഛനും അമ്മയും ശ്രമിച്ചെങ്കിലും ഞാൻ തയ്യാറായില്ല. മകളുടെ ഭാവിയെ കുറിച്ചോർത്തിട്ടാവണം എന്റെ പിടിവാശിക്കു മുന്നിൽ അവരൊടുക്കം കീഴടങ്ങിയത് .

വിവാഹശേഷം എന്റെ കുറ്റം കൊണ്ടാണ് കുട്ടികൾ ഉണ്ടാവാത്തത് എന്ന് വീട്ടുകാരോട് പറയാം എന്നാണ് കരുതിയത് . എന്നാൽ എന്റെ ആ പ്രതീക്ഷ തെറ്റിച്ച് അവൾ അമ്മയോടെല്ലാം തുറന്നു പറഞ്ഞു. അന്നു മുതൽ അമ്മയ്ക്ക് അവളെ കണ്ടൂടാ അടുക്കളയിൽ മാത്രായി ഒതുങ്ങി പാവത്തിന്റെ ജീവിതം. പുറത്തേക്കു പോകാൻ വിളിച്ചാലും വരില്ല. അതും അമ്മയെ ഭയന്നിട്ടാവണം.

ഞങ്ങളുടെ വിവാഹം കഴിഞ്ഞ് ഒരു വർഷം പൂർത്തിയാകുന്നതിനു മുന്നാണ് എന്റെ ചേച്ചിയും ഭർത്താവും അപകടത്തിൽ മരണപ്പെട്ടത് . ഒരു വയസായ അപ്പു മാത്രം അതിൽ നിന്നും രക്ഷപ്പെട്ടു.

സിനിമകളിലും സീരിയലുകളിലും ഒക്കെ കാണും പോലെ ആ മരണം അമ്മയിൽ മാനസാന്തരം സൃഷ്ടിക്കും എന്ന് ഞാനും ആഗ്രഹിച്ചു. പക്ഷേ ഉണ്ടായില്ല. അമ്മ കൂടുതൽ അവളെ വെറുത്തു അവളുടെ ഭാഗ്യ ദോഷം കൊണ്ടാണ് ചേച്ചി മരണപ്പെട്ടതെന്ന് പറഞ്ഞ് വീണ്ടും വീണ്ടും നോവിച്ചു കൊണ്ടിരുന്നു.

മച്ചിയായ സ്ത്രീ തൊട്ടാൽ കുഞ്ഞിന്റെ ആയുസു കുറയും എന്നു പറഞ്ഞ് ചേച്ചിയുടെ കുഞ്ഞിനെപ്പോലും അമ്മ അവളിൽ നിന്നകറ്റി നിർത്തി.

പലപ്പോഴും അമ്മ കാണാതെ അവനെ നോക്കി കണ്ണു നിറയ്ക്കുന്ന അമ്മൂനേ ഞാൻ കണ്ടിട്ടുണ്ട്. അടുത്തു ചെല്ലാൻ അനുവാദം ഇല്ലാത്തതു കൊണ്ട് കണ്ണുകൊണ്ട് അവളവനെ സ്നേഹിക്കുകയായിരുന്നു.

പെട്ടെന്നുണ്ടായ നെഞ്ചു വേദനയാൽ അമ്മ ആശുപത്രിയിൽ ആയപ്പോഴും അവൾ കൂടെ നിന്നു പരിചരിച്ചു. ആ അശുപത്രി വാസത്തിനിടയിൽ വച്ച് തന്നെ അമ്മ മരണപ്പെടുമ്പോഴും അവളോടുള്ള വെറുപ്പു മാത്രം അവശേഷിച്ചു.

അമ്മയുടെ ചടങ്ങുകൾ എല്ലാം കഴിഞ്ഞ ദിവസം വൈകുന്നേരം മാമിയെ വിളിച്ചു കൊണ്ടു വരാൻ പറഞ്ഞ് മൂന്നു വയസ്സുകാരൻ അപ്പൂനെ ഞാൻ അവൾക്കരികിലേക്ക് അയച്ചു.

അവൻ പോയതിനേക്കാൾ വേഗം തിരിച്ചെത്തി…

മാമാ…. ബേം വാ …

എന്താ അപ്പൂട്ടാ ….? എന്തു പറ്റി …?

മോൻ വിലിച്ചിട്ട് വരുന്നില്ല... കരയുവാ ....

എന്തിനാ മാമി കരയുന്നേന്ന് മോൻ ചോദിച്ചില്ലേ…?

ചോയ്ച്ചപ്പോ “ അമ്മ “ മോനു കുറേ ഉമ്മ തന്നു ….

മാമി എന്നു പറഞ്ഞു പഠിപ്പിച്ചപ്പോഴും അമ്മ എന്നാണവന്റെ നാക്കു വഴങ്ങിയത്. അതു കേട്ടിട്ടാണ് അവളുടെ ആ കരച്ചിൽ.

അമ്മ അവളിൽ നിന്ന് അവനെ അകറ്റി നിർത്തിയപ്പോഴും അവളിലെ സ്നേഹം അവൻ തിരിച്ചറിഞ്ഞിരുന്നു ….
അവളവന് അമ്മയായി ...

അതിഥി അമ്മു

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്