പൊട്ടൻ ഫുൾ പാർട്ട്

പൊട്ടൻ
 ---------------
❤️ഫുൾ പാർട്ട് ❤️


പൊട്ടനായവനെ കെട്ടിച്ചിട്ട് എന്തിനാ.. വാലേതാ തലയേത എന്ന് പോലും അറിയാത്ത ഈ മരപാഴിനെ കെട്ടിച്ചാൽ കൊരങ്ങന്റെ കയ്യില് പൂമാല കിട്ടിയ അവസ്ഥ ആകും.  
   അല്ലെങ്കിൽ തന്നെ ഇതുപോലെ ഒരുത്തന് ആര് പെണ്ണ് കൊടുക്കാനാ ശാരദേ ... "

  രാവിലത്തെ കഞ്ഞിക്കു മുന്നിൽ ഇരിക്കുമ്പോഴായിരുന്നു  ശങ്കരൻ അച്ഛന്റെ ഉറക്കെ ഉള്ള സംസാരം  ഉമ്മറത്ത് നിന്ന് കേട്ടത്. 

 താഴെ ഉള്ള അനിയന്റെ വിവാഹത്തെ കുറിച്ചു ദിവാകരൻ  സംസാരിച്ചു തുടങ്ങുമ്പോൾ " മൂത്തവൻ ഒരുത്തൻ നിൽക്കുവല്ലേ " എന്ന അമ്മയുടെ സംശയത്തിനുള്ള മറുപടിയായിരുന്നു ആ കേട്ടതെങ്കിലും അച്ഛന്റെ വാക്കുകൾ ശങ്കരന്റെ നെഞ്ചിൽ ഒരു നീറ്റലായി മാറി. 

        " എന്തൊക്കെ പറഞ്ഞാലും ഈ വീടിനെ താങ്ങി നിർത്തുന്നത് ശങ്കരനല്ലേ... അവന് അതിനുള്ള കഴിവുണ്ട്.. എല്ലാവരേം സ്നേഹിക്കാനുള്ള മനസ്സുണ്ട്. അതിൽ കൂടുതൽ എന്ത് വേണം. ഒന്ന് നോക്കിക്കൂടെ അവന് വേണ്ടിയും. അവനായി ഒരു പെണ്ണ് എവിടെയെങ്കിലും ഉണ്ടെങ്കിൽ... "

അമ്മയുടെ വിക്കി വിക്കിയുള്ള വാക്കുകൾക്ക് മുഖം കൊടുക്കാതെ കുറച്ച് നേരം ആലോചിച്ചിരുന്നതിനു ശേഷം ദിവാകരൻ ഒന്ന് നീട്ടി മൂളികൊണ്ട് എഴുനേറ്റു, 
പിന്നെ കയ്യിലെ തോർത്തുകൊണ്ട് മുഖമൊന്ന് അമർത്തിതുടച്ചുകൊണ്ട് പറയുന്നുണ്ടായിരുന്നു 
   "  നിനക്കെന്താണ് ശാരദേ... ഇന്നത്തെ കാലത്ത് എല്ലാം തികഞ്ഞവന് തന്നെ ഒരു  പെണ്ണ് കിട്ടാനില്ല. അപ്പഴാ ഒന്നും തികച്ചില്ലാത്ത ഇവന്.  വെറുതെ വീട് കേറി ഇറങ്ങി നാണം കെടുന്നത് മിച്ചം. 
     താഴെ ഉള്ളവന് ജോലി പെയിന്റിംഗ് ആണേലും ഒറ്റ നോട്ടത്തിൽ ആരും കുറ്റം പറയില്ലല്ലോ.. അതുകൊണ്ട് തന്നെ ധൈര്യമായി ഒരു വീട്ടിൽ കേറിചെന്നു പെണ്ണ് ചോദിക്കാലോ. " എന്ന്. 

അത്‌ കേട്ടപ്പോഴെ അമ്മയുടെ മുഖമൊന്ന് കറുത്തു. 
      " ശരിയാ.. ഇവിടുത്തെ ഇളയ സന്തതിയെ ദൂരെ നിന്ന് നോക്കിയാൽ ആരും കുറ്റം പറയില്ലേ.. പക്ഷേ, അവനെ അടുത്തറിയുന്ന ഒരാളും അവന് പെണ്ണിനെ കൊടുത്ത്  ഒരു പരീക്ഷണത്തിന് നിൽക്കില്ല. 
  വീടിനും നാടിനും ഉപകാരമില്ലാതെ കള്ളും കുടിച്ച്  കൂട്ടുകാരോടൊത്തു തോന്നിവാസം കാണിച്ച് നടക്കുന്ന ഒരുത്തൻ. ഈ വീട്ടിലേക്ക് എന്തെങ്കിലും അവൻ ചെയ്യാറുണ്ടൊ?  ഒരു അരിമണി എങ്കിലും വാങ്ങിക്കൊണ്ടുവന്നിട്ടുണ്ടോ..? അങ്ങനെ ഉള്ള ഒരുത്തൻ കെട്ടി കൊണ്ട് വരുന്ന പെണ്ണിനെ കൂടി ന്റെ ശങ്കരൻ  അധ്വാനിച്ചു കൊണ്ട് വന്നത് കൊണ്ട് നോക്കേണ്ടി വരും. അതിനേക്കാൾ നല്ലത് നിങ്ങടെ ഇളയ മോനെ അവന്റെ വഴിക്ക് വിട്ട് ശങ്കരന് വേണ്ടി ഒരു പെണ്ണ് തിരയുന്നതാകും. കേറി വരുന്ന പെണ്ണ് പട്ടിണി ആകില്ലല്ലോ "

   ശാരദ മുഷിപ്പോടെ പറഞ്ഞ കാര്യങ്ങൾ സത്യമാണെങ്കിലും ഒരു പെണ്ണ് കെട്ടിയാൽ ഇളയവൻ ശരിയാകുമെന്ന കാഴചപ്പാടിലായിരുന്നു ദിവാകരൻ. 
          
      ചുടുകഞ്ഞി കോരിക്കുടിക്കാൻ തുടങ്ങുമ്പോൾ ഉമ്മറത്ത് നിന്ന് അച്ഛൻ പറഞ്ഞ വാക്കുകൾ ശങ്കരന്റെ കണ്ണുകളെ ഈറനണിയിച്ചു . 
     കഞ്ഞിക്കു ഉപ്പ് കൂട്ടിയ കണ്ണുനീർ മറുകൈ കൊണ്ട് തുടച്ചുമാറ്റി കോരിയ കഞ്ഞി പിഞ്ഞാണത്തിലേക്ക് തന്നെ ഇട്ട് എഴുന്നേൽക്കുമ്പോൾ അച്ഛൻ പറഞ്ഞ പൊട്ടൻ എന്ന വാക്ക് ഉള്ള് പൊള്ളിക്കുന്നുണ്ടായിരുന്നു.

  പതിയെ വാ കഴുകി പണിക്കുള്ള ഡ്രെസ്സുമെടുത്തു പുറത്തേക്ക് ഇറങ്ങുമ്പോൾ ഉമ്മറത്തു എന്തൊക്കെയോ ആലോചനയിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന അച്ഛനെ നോക്കിക്കൊണ്ട് അവൻ പറയുന്നുണ്ടായിരുന്നു 
   " പെണ്ണ് കെട്ടിയിലേലും കുഴപ്പമില്ല അച്ഛാ..
 പക്ഷേ, അച്ഛൻ തന്നെ ഇങ്ങനെ പൊട്ടാന്ന് വിളിക്കുമ്പോൾ.. "
 അതും പറഞ്ഞ് ഉള്ള് വിങ്ങികൊണ്ട് ഒന്ന് ചിരിക്കാൻ ശ്രമിച്ചു തിരിയുമ്പോൾ അമ്മയോടായി പറയുന്നുണ്ടായിരുന്നു " പോട്ടെ അമ്മേ....  ന്തേലും വേണേൽ അഞ്ചു മണിക്ക് വിളിച്ചാൽ മതി. " എന്ന്. 
അതും പറഞ്ഞ് നിറഞ്ഞ കണ്ണുകൾ തുടച്ചു ഇറങ്ങിപ്പോകുന്ന അവനെ തന്നെ നോക്കി നിൽക്കുമ്പോൾ ആ അമ്മയുടെ കണ്ണുകളും നിറഞ്ഞുതൂവുന്നുണ്ടായിരുന്നു. 

          " ഞാൻ  പൊട്ടാന്ന് വിളിച്ചതിൽ ആണിപ്പോ അവന് സങ്കടം. അവൻ പൊട്ടൻ ആണെന്ന് അറിഞ്ഞത് മുതൽ നമ്മൾ സങ്കടപ്പെട്ടത് ഒന്നും അവന് അറിയില്ലല്ലോ " എന്നും പറഞ്ഞ് വയ്യാത്ത കാലും വലിച്ച് ദിവാകരൻ അകത്തേക്ക് പോകുമ്പോൾ  ശങ്കരൻ കാലുകൾ വലിച്ചുവെച്ചു വലിഞ്ഞു നടക്കുകയായിരുന്നു പണിസ്ഥലത്തേക്ക്. 

          -----------------------------------------
ഇളയമകൻ സതീശന് പെണ്ണ് ശരിയായത് പെട്ടന്നായിരുന്നു.  വീട്ടിൽ ഒരാൾ കൂടി വരുന്നതിന്റ സന്തോഷത്തിൽ ആയിരുന്നു ശങ്കരൻ. 
    കല്യാണത്തലേന്ന് എല്ലാവരും ഒത്തുകൂടുന്നതിനിടയിലൂടെ ഓടിനടക്കുന്ന ശങ്കരനെ പിടിച്ചുനിർത്തികൊണ്ട് വകയിലെ ഒരു അമ്മായിയായ ദേവകി സ്വകാര്യം പോലെ ചോദിക്കുന്നുണ്ടായിരുന്നു " ന്റെ ശങ്കരാ.. നിനക്കും ഒരു പെണ്ണിനെ കേട്ടണ്ടേ " എന്ന്. 

അത്‌ കേട്ട് വിരൽ കടിച്ചു നാണത്തോടെ തലതാഴ്ത്തി ചിരിക്കുന്ന ശങ്കരനെ കളിയാക്കും പോലെ ദേവകി മനസ്സിൽ പറഞ്ഞു " അല്ലെങ്കിൽ തന്നെ നീ കെട്ടിയിട്ടതെന്താ.. കെട്ടുന്ന പെണ്ണിന്റ മുട്ട് തീർക്കാൻ പിന്നെ വേറെ ആരേലും വരേണ്ടി വരും " എന്ന്. 
 പക്ഷേ, പുറത്തേക്ക് വന്നത് മറ്റൊന്നായിരുന്നു. 
  " ന്റെ ശങ്കരാ... നിന്നെ പൊട്ടനാക്കുവാ എല്ലാവരും. നിന്റെ കാശ് മാത്രം മതി എല്ലാവർക്കും. അതുകൊണ്ട് ആണ് നിന്നെ വെട്ടാൻ നിർത്തിയ പോത്തിനെ പോലെ ഇവിടെ ഇങ്ങനെ നിർത്തുന്നത്. നിനക്കൊക്കെ നല്ല രാജകുമാരിയെ കിട്ടും.  " എന്നും പറഞ്ഞ് എരിതീയിൽ എണ്ണ ഒഴിച്ച പോലെ അവനെ ഒന്ന് പാളി നോക്കുമ്പോൾ അമ്മായി പറഞ്ഞത് കേട്ട് സന്തോഷത്തോടെ ചിരിച്ചുകൊണ്ട് അവൻ ദേവകിയെ ഒന്ന് നാണത്തോടെ തോണ്ടിക്കൊണ്ട് പറഞ്ഞു,
 " നിക്ക് രാജകുമാരി ഒന്നും വേണ്ട അമ്മായി.. അമ്മായീടെ മോളെ കെട്ടിച്ചു തരോ " എന്ന്. 

   പിന്നെ തിരിഞ്ഞു നോക്കുമ്പോൾ ആ പരിസരത്തെങ്ങും ആ അമ്മായി ഇല്ലായിരുന്നു. 

   വിവാഹം കഴിഞ്ഞ് ആദ്യരാത്രി സതീശൻ മുറിയിലേക്ക് ചെല്ലുമ്പോൾ കാത്തിരിക്കുകയായിരുന്നു ഹേമ. പക്ഷേ, ആദ്യരാത്രിയിലെ അവന്റെ ആടിയാടിയുള്ള വരവ് കണ്ടപ്പോൾ തന്നെ  അവൾ വല്ലാതായിരുന്നു. 
  വിവാഹശേഷം ഏതൊരാളും സ്വപ്നം കാണുന്ന ആദ്യരാത്രി നാലുകാലിൽ വരുന്ന ഭർത്താവിനെ എങ്ങിനെ സ്വീകരിക്കുമെന്ന് അരിയെതെ ഭയപ്പെട്ട് കൈകൾ കൂരിതിരുമ്മി ഒരു മൂലയിലേക്ക് അവൾ മാറിനിൽക്കുമ്പോൾ  വെച്ചു വെച്ചു വീഴാൻ പോയ സതീശൻ ബെഡ്‌സിലേക്ക് വീഴുമ്പോൾ ആ ആദ്യരാത്രിയെ  കണ്ണുനീര് കൊണ്ട് നേരം വെളിപ്പിക്കുകയായിരുന്നു ഹേമ. 

   പക്ഷേ രാവിലെ അതൊന്നും പുറത്ത് കാണിക്കാതെ സന്തോഷത്തോടെ അമ്മക്കൊപ്പം അടുക്കളയിൽ കേറുമ്പോൾ  പുറത്ത് നിന്ന് കിതച്ചുകൊണ്ട് ഓടി അടക്കളയിലേക്ക് വന്ന ശങ്കരൻ കയ്യിലുണ്ടായിരുന്ന മുല്ലപ്പൂക്കൾ അവൾക്ക് നേരെ നീട്ടികൊണ്ട് പറയുന്നുണ്ടായിരുന്നു " ഹേമകുഞ്ഞിനു മുല്ലപ്പൂ  നല്ല ചേലാണെന്ന് ".

അത്‌ കേട്ട് അടുത്തു നിൽക്കുന്ന അമ്മയെ ഒന്ന് നോക്കികൊണ്ട് സന്തോഷത്തോടെ അത്‌ വാങ്ങി മുടിയിലണിയാൻ തുടങ്ങുമ്പോൾ   പിന്നിൽ നിന്നും ദേഷ്യത്തോടെ ഉള്ള വിളി കേട്ട് അവർ മൂന്ന് പേരും തിരിഞ്ഞുനോക്കി. 

   അവിടെ ഉറക്കച്ചടവോടെ നിൽക്കുന്ന സതീശൻ ദേഷ്യത്താൻ അവൽക്കരികിലേക്ക് ഓടിയെത്തി ആ മുല്ലപ്പൂ വാങ്ങി നിലത്തിട്ട് ചവിട്ടുമ്പോൾ ഉറക്കെ പറയുന്നുണ്ടായിരുന്നു " പൊട്ടനാണെങ്കിൽ എന്താ പെണ്ണിന്റ നിറം കണ്ടപ്പോൾ തുടങ്ങി ഒലിപ്പീര് " എന്ന്. 

   " പെണ്ണിനെ കണ്ടാൽ ഇളക്കം കൂടുന്നത് പൊട്ടനായത് കൊണ്ട് അല്ല, അത്‌ സൂക്കേട് വേറെ ആണ് " എന്ന് കൂടി പറഞ്ഞ് നിലത്തിട്ട് ചവിട്ടിയ മുല്ലപ്പൂവിൽ ഒന്നുകൂടി അമർത്തി ചവിട്ടി ഞെരിച്ചുകൊണ്ട്  അവൻ ശങ്കരനെ ഒന്ന് അമർഷത്തോടെ നോക്കികൊണ്ട് പുറത്തേക്ക് പോകുമ്പോൾ  നിലത്തു ചതഞ്ഞരഞ്ഞ പൂക്കളിലേക്ക് നോക്കി ഇരുന്ന്  കണ്ണുകൾ നിറയ്ക്കുന്ന അവനരികിൽ ഇരുന്ന് കൊണ്ട് ഹേമ പറയുന്നുണ്ടായിരുന്നു
 " ശങ്കരേട്ടൻ വിഷമിക്കണ്ട.. പൂക്കളല്ലേ ചവിട്ടി അരയ്ക്കാൻ പറ്റൂ.. അത്‌ വാങ്ങിത്തന്ന ഈ മനസ്സ് അദ്ദേഹത്തിന് ചവിട്ടിഅരയ്ക്കാൻ പറ്റില്ലല്ലോ " എന്ന്. 
 പിന്നെ നിലത്ത് അരഞ്ഞു കിടക്കുന്ന ആ മുല്ലപ്പൂവുകൾക്കിടയിൽ നിന്നും പാതി അരഞ്ഞ രണ്ട് പൂക്കൾ എടുത്തവൾ തന്റെ മുടിയിൽ ചൂടി പുഞ്ചിരിയോടെ  എഴുന്നേൽക്കുമ്പോൾ  അത്‌ കണ്ട് നിൽക്കുന്ന അമ്മയുടെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു. 

     പതിയെ ഇരുന്നിടത്തു് നിന്നും എഴുനേറ്റ് പുറത്തേക്ക് പോകുന്ന ശങ്കരനെ  ചെറിയ വിഷമത്തോടെ ഹേമ തിരിഞ്ഞുനോക്കുമ്പോൾ  അടുത്തു നിൽക്കുന്ന അമ്മ ഒരു നെടുവീർപ്പോടെ പറയുന്നുണ്ടായിരുന്നു 

    " ന്റെ കുട്ടിക്ക് സ്നേഹിക്കാൻ മാത്രേ അറിയൂ...  
 പക്ഷേ, ആ സ്നേഹം കാണാനുള്ള കണ്ണ് ഇവിടെ ഉള്ളവർക്ക് ദൈവം കൊടുത്തില്ല " എന്ന്. 

                      -------------------------------

വിവാഹം കഴിഞ്ഞുള്ള ഓരോ രാത്രിയും അവൾക്ക് ദാമ്പത്യം അപൂർണ്ണമായിരുന്നു. എന്നും നാലുകാലിൽ മാത്രം വരുന്ന ഭർത്താവിന്റെ തുണി അലക്കാനും ഛർദിൽ കോരാനുമുള്ള ഒരു ഉപകരണം മാത്രമായി അവൾ മാറുമ്പോൾ  മദ്യത്തിന്റെയും വിയർപ്പിന്റെയും ഇടകലർന്ന മണം പലപ്പോഴും അവളെ ഉറക്കിയത് ഇടവഴിയിലെ നിലത്തായിരുന്നു. അമ്മ എഴുന്നേൽക്കുന്നതിനു മുന്നേ അവൾ എഴുനേൽക്കാറുള്ളത് കൊണ്ട് മാത്രം ആരും അറിയാതെ പോയ അവളിലെ സങ്കടങ്ങളെ പുറമെ കാണിക്കുന്ന സന്തോഷതാൽ മറച്ചുപിടിക്കുമ്പോൾ ഒരു മടുപ്പ് അവളെയും വല്ലാതെ പിടികൂടിത്തുടങ്ങിയിരുന്നു. 

            ഒരുപാട് സ്വപ്നങ്ങളുമായി വന്ന് കയറിയ വീട്ടിൽ ഒരു സ്വപ്നം പോലും സാധ്യമാക്കാൻ കഴിയാത്തതിന്റ വിഷമം അവളെ മാനസികമായി തളർത്തുമ്പോൾ അമ്മയുടെയും ശങ്കരന്റെയും നിഷ്ക്കളങ്കമായ സ്നേഹം ആയിരുന്നു പലപ്പോഴും അവളുടെ മനസ്സിൽ കുറച്ചെങ്കിലും സന്തോഷം കൊണ്ടെത്തിച്ചത്. 

    അന്ന്  ഉച്ചക്ക് തന്നെ അത്യാവശ്യം മദ്യലഹരിയിൽ വീട്ടിലേക്ക് കയറി വരുമ്പോൾ പുറത്ത് ആരെയും കാണാതെ സതീശൻ നാലുപാടും ഒന്ന് നോക്കി.  പിന്നെ വെച്ചു വേച്ചു റൂമിനടുത് എത്തുമ്പോൾ തന്റെ റൂമിൽ നിന്നും ഇറങ്ങി വരുന്ന ഏട്ടനെ കണ്ട് അവൻ ഒന്ന് ഞെട്ടി. 
  
  ദേഷ്യത്തോടെ ആടിയാടി വരുന്ന അവനെ നോക്കി ചിരിച്ചുകൊണ്ട് ശങ്കരൻ പുറത്തേക്ക് നടക്കുമ്പോൾ മനസ്സ് വല്ലാതെ വലിഞ്ഞു മുറികിയായിരുന്നു സതീശൻ റൂമിലേക്ക് കയറിയത്.. 
 അവിടെ  മയങ്ങിക്കിടക്കുന്ന ഹേമയുടെ സാരി സ്ഥാനം തെറ്റി കിടക്കുന്നു. 
കാലിൽ നിന്ന് തെറുത്തു കയറിയ സാരിമുട്ടിനു താഴെ എത്തി നിൽക്കുമ്പോൾ വയറിന്റെ പാതി ഭാഗവും പുറത്ത് കാണുന്ന രീതിയിൽ ആയിരുന്നു അവളുടെ കിടപ്പ്. 
  അതുകൊണ്ട്  തന്നെ ഏട്ടൻ റൂമിൽ കേറിയതിൽ പിന്നെ അവിടെ എന്തൊക്കെയോ നടന്നിട്ടുണ്ടെന്ന്  മനസ്സ് വല്ലാതെ പിരിമുറുക്കത്തോടെ പറയുമ്പോൾ  പെരുവിരൽ മുതൽ ദേഷ്യം അരിച്ചു കയറുന്നുണ്ടായിരുന്നു സതീശന്.  

 " പൊട്ടനാണെന്നും പറഞ്ഞ്..... അനിയന്റെ ഭാര്യയെ..... "

 അവൻ കുടിച്ച മദ്യത്തിന്റെ  ലഹരിയിൽ  ഭ്രാന്തനെപ്പോലെ പുറത്തേക്ക് ചാടി ഇറങ്ങുമ്പോൾ അടുക്കളയിൽ എന്തോ ഉണ്ടാകുന്ന തിരക്കിൽ ആയിരുന്നു ശങ്കരൻ, 
       പിന്നിൽ അനിയൻ ഒരു അപകടമായി മാറുന്നതറിയാതെ...... 

                        ( തുടരും ) 

  #പൊട്ടൻ  :  2
----------------------------

" പൊട്ടനാണെന്നും പറഞ്ഞ്..... അനിയന്റെ ഭാര്യയെ..... "

 അവൻ കുടിച്ച മദ്യത്തിന്റെ  ലഹരിയിൽ  ഭ്രാന്തനെപ്പോലെ പുറത്തേക്ക് ചാടി ഇറങ്ങുമ്പോൾ അടുക്കളയിൽ എന്തോ ഉണ്ടാകുന്ന തിരക്കിൽ ആയിരുന്നു ശങ്കരൻ, 
       പിന്നിൽ അനിയൻ ഒരു അപകടമായി മാറുന്നതറിയാതെ...... 

   ശങ്കരൻ പിന്നിൽ ഭ്രാന്തനെ പോലെ നിൽക്കുന്ന സതീശന്റെ വരവ് അറിയാതെ അടുപ്പിൽ തിളയ്ക്കുന്ന വെള്ളത്തിലേക്ക് നോക്കി നിൽക്കുമ്പോൾ ആയിരുന്നു മുതുകിൽ വന്നടിച്ച പ്രഹരത്താൽ മുന്നിലേക്ക് വീണത്. 
  
   വീഴ്ചയിൽ കൈ തട്ടി മറിഞ്ഞ ചൂടുവെള്ളം പാതിയും ദേഹത്തേക്ക് വീഴുമ്പോൾ പൊള്ളിപ്പിടഞ്ഞു കരഞ്ഞുകൊണ്ട് എണീക്കാൻ ശ്രമിച്ച ശങ്കരനെ ഒരിക്കൽ കൂടി ചവിട്ടിവീഴ്ത്തികൊണ്ട് സതീശൻ അലറുകയായിരുന്നു " എന്റെ മുറിയിൽ കേറി തന്നെ വേണം പൊട്ടന്റെ കഴപ്പ് തീർക്കാൻ. ആരുമില്ലാത്ത നേരം നോക്കി നീ എന്റെ ഭാര്യയെ തൊടും അല്ലേടാ.... " എന്ന്. 

      അതും പറഞ്ഞ് പിന്നെയും ശങ്കരനെ ചവിട്ടാൻ കാലുയർത്തുമ്പോൾ ഉയർത്തിയ കാലിൽ പിടിച്ചു കരഞ്ഞുകൊണ്ട് ശങ്കരൻ പറയുന്നുണ്ടായിരുന്നു " അനിയൻകുട്ടാ.. ഏട്ടനെ ഇനി തല്ലല്ലേടാ..
ദേ, ന്റെ കയ്യ് മൊത്തം പൊള്ളി.. ന്തിനാ ന്നേ ങ്ങനെ ഉപദ്രവിക്കണേ.. 
 ഹേമകുഞ്ഞിനു വയ്യെന്ന് പറഞ്ഞോണ്ട് കേറീതാ.. അല്ലാതെ ഞാൻ ഒന്നും ചെയ്തില്ല " എന്ന്. 

പക്ഷേ അതൊന്നും വിശ്വസിക്കാതെ കാലിൽ നിന്നും ശങ്കരന്റെ പിടി വിടുവിക്കാൻ ശ്രമിച്ചുകൊണ്ട് സതീശൻ കാല് കുടയുമ്പോൾ പിടി വിട്ട് പിറകിലേക്ക് മലച്ച ശങ്കരൻ പിന്നെയും തൊഴുതുകൊണ്ട് പറയുന്നുണ്ടായിരുന്നു 
   " വേദനിക്കുന്നു അനിയൻകുട്ടാ... ഇനി തല്ലല്ലേ" എന്ന്. 
     അത്‌ കേട്ടഭാവം പോലും കാണിക്കാതെ മനസ്സിൽ നുരഞ്ഞുപൊന്തിയ ദേഷ്യം ശങ്കരന്റെ ശരീരത്തിൽ തീർക്കാനെന്നോണം പിന്നെയും ചവിട്ടാൻ കാലുയർത്തുമ്പോൾ ആയിരുന്നു  പുറത്ത് പോയിരുന്ന അമ്മയും അച്ഛനും ബഹളം കേട്ട് അകത്തേക്ക് ഓടി വന്നത്. 

  അതേ സമയം പുറത്തെ ബഹളം കേട്ട് മയക്കത്തിൽ നിന്നും എണീറ്റ പോലെ ഹേമയും അടുക്കളയിലേക്ക് ഓടിയെത്തുമ്പോൾ വീണു കിടക്കുന്ന ശങ്കരനെ കരഞ്ഞുകൊണ്ട് പിടിച്ചുയർത്തുന്ന അമ്മയെ ആയിരുന്നു കണ്ടത്. 

  " നീ കള്ളും കുടിച്ച് വന്ന് എന്റെ മോനെ കൊല്ലുമോടാ ദ്രോഹി " എന്ന്  ചോദിച്ച്   ശങ്കരന്റെ കയ്യിൽ പൊള്ളിയ ഭാഗത്തേക്ക് നോക്കി പൊട്ടിക്കരഞ്ഞുകൊണ്ട്‌ അവനെ എഴുനേൽപ്പിക്കാൻ നോക്കുമ്പോൾ അവരെ നോക്കി കലിതുള്ളി നിൽക്കുന്ന സതീശൻ  അമർഷത്തോടെ അവരെ നോക്കി പല്ലിറുമ്മി, 

  " അതേ ഞാൻ കള്ളുകുടിയനാ. പക്ഷേ, തന്തയില്ലായ്മ കാണിക്കില്ല.. ഇതിപ്പോ പൊട്ടനാണെന്നും പറഞ്ഞ് എല്ലാവരും ഒക്കത്തെടുത്തു വെച്ച് ആരുമില്ലാത്ത നേരത്ത് എന്റെ ബെഡ്‌റൂം വരെ എത്തി പൊട്ടൻ.  അത്രക്ക് മോഹമാണെങ്കിൽ നിനക്ക് കേറി കിടക്കയിരുന്നില്ലെടാ അവളുടെ കൂടെ.. ഇവൻ പൊട്ടനല്ല.. അതൊക്ക വെറും അഭിനയമാ. പെണ്ണിനെ കണ്ടാൽ...... "

അതും പറഞ്ഞ് പിന്നെയും അവനെ ചവിട്ടാൻ കാലോങ്ങുമ്പോൾ പേടിയോടെ അമ്മയുടെ പിടിലേക്ക് ഒതുങ്ങികൂടി ശങ്കരൻ. 
ആ സമയം സതീശൻ പറഞ്ഞ വാക്കുകളിലെ ഞെട്ടലിൽ ആയിരുന്നു മറ്റുള്ളവർ. 
 
വാതിലിനരികിൽ എല്ലാം കണ്ട് പേടിയോടെ നിൽക്കുന്ന ഹേമക്ക് സതീശൻ പറഞ്ഞ വാക്കുകൾ കേട്ട് ശരീരം വല്ലാതെ വിറക്കുന്നത് പോലെ തോന്നി. എന്തൊക്കെ ആണ് ഇയാൾ വിളിച്ച് പറയുന്നത് എന്നോർത്തു തല പെരുകുമ്പോൾ അത്‌ വരെ മിണ്ടാതിരുന്ന ഹേമ സതീശന് നേരെ പൊട്ടിത്തെറിച്ചു, 

   " ഛെ.. നിങ്ങൾ ഇത്ര വൃത്തിക്കെട്ടവനാണോ. ബന്ധങ്ങളുടെ വില അറിയാത്ത നിങ്ങൾക്ക് കണ്ണിൽ കാണുന്നതെല്ലാം കാമം ആയിരിക്കും. പക്ഷേ, സ്വന്തം കൂടപ്പിറപ്പിനെ പോലും നിങ്ങൾ... 

       നിങ്ങൾക്ക് അറിയോ അമ്മയും അച്ഛനും ഇവിടെ നിന്ന് ഹോസ്പിറ്റലിൽ പോകാനെന്നും പറഞ്ഞ് ഇറങ്ങി കുറച്ച് കഴിയുമ്പോൾ  എന്തോ എനിക്ക് തല ചുറ്റുന്ന പോലെ തോന്നി. അന്നേരം എന്നെ ഇവിടെ കൊണ്ട് കിടത്തിയതാ ശങ്കരേട്ടൻ. പിന്നെ നെറ്റിയിൽ പുരട്ടാൻ ബം കൊണ്ട് തന്ന് കുറച്ച് കടുംചായ ഉണ്ടാക്കി തരാനും പറഞ്ഞ് വന്നതാ ഇങ്ങോട്ട്.. ആ മനുഷ്യനെയാ നിങ്ങൾ... 

    കള്ളും കുടിച്ചു എന്നും നാല് കാലിൽ മാത്രം വരുന്ന നിങ്ങൾക്ക് ഇതൊന്നും പറഞ്ഞാൽ മനസ്സിലാകില്ല. അതിന് സ്വയംബോധത്തോടെ കുറച്ച് സമയത്തേക്കെങ്കിലും മറ്റുള്ളവർക്കൊപ്പം സ്നേഹത്തോടെ ചെലവഴിക്കണം.          
      ഭാര്യയുടെ അടുത്ത് വന്നെന്നും പറഞ്ഞ് ഈ പാവത്തിനെ തല്ലുന്നതിനു മുന്നേ എപ്പോഴെങ്കിലും നിങ്ങൾ സ്നേഹത്തോടെ ഒരിക്കലെങ്കിലും ഭാര്യയുടെ അടുത്ത് ഒന്ന് ഇരിക്കണം.. അവളുടെ ആവശ്യങ്ങൾ അറിയണം. സ്നേഹിക്കാൻ ശ്രമിക്കണം. 
 
       കല്യാണം കഴിഞ്ഞ അന്ന് മുതൽ ഇന്ന് വരെ ഒരു താലിയുടെ പേരിൽ അല്ലാതെ നിങ്ങൾക് ഭർത്താവാകാൻ കഴിഞ്ഞിട്ടുണ്ടോ മനസുകൊണ്ടോ ശരീരം കൊണ്ടോ?  ഇല്ലല്ലോ.. 
  ഞാൻ ഒരു ഭാര്യയാണ്. നിങ്ങളുടെ കൂടെ ജീവിക്കാൻ വന്നവളാണ് എന്ന ഒരു പരിഗണന എന്നെങ്കിലും നിങ്ങൾ എനിക്ക് തന്നിട്ടുണ്ടോ?  
രാവിലെ ഒന്ന് ചിരിക്കുക പോലും ചെയ്യാതെ ഇറങ്ങിപ്പോകുന്ന നിങ്ങൾ രാത്രി കേറി വരുന്നത് നാല് കാലിൽ ബോധമില്ലാതെ അല്ലെ. അതിനിടക്ക് നിങ്ങളെ കാത്തിരിക്കാൻ ഒരു പെണ്ണ് ഇവിടെ ഉണ്ടെന്ന് ഒരിക്കലെങ്കിലും ചിന്തിച്ചോ?  
 നിങ്ങളുടെ മുഷിഞ്ഞ തുണി അലക്കാനും രാത്രി കുടിച്ച് വന്ന് ഛർദിക്കുമ്പോൾ കോരിക്കളയാനും വേണ്ടി ഒരാള്. ഇങ്ങോട്ട് പണ്ടവും പണവും തന്ന് വേലക്കാരിയുടെ ജോലി ഏറ്റെടുക്കാൻ വിധിക്കപ്പെട്ട കുറെ പെണ്ണുങ്ങളിൽ ഒരുവൾ. 
    അല്ലാതെ എന്താണ് ഞാൻ നിങ്ങൾക്ക്.? 
കുറച്ചെങ്കിലും സ്നേഹം കാണിക്കുന്നത് അമ്മയും ഏട്ടനും ആയിരുന്നു. അവിടെയും നിങ്ങളുടെ പുഴുത്ത കണ്ണുകൊണ്ടുള്ള സംശയം. 

  അതേ, ഇയാൾ എന്റെ റൂമിൽ കേറി വന്നത് ഞാൻ പറഞ്ഞിട്ടാ.. ഏട്ടനല്ലായിരുന്നു, എനിക്കാനയിരുന്നു പ്രശ്നം. നിങ്ങളെ കൊണ്ട് ഒന്നിനും കൊള്ളില്ലല്ലോ. എല്ലാം തികഞ്ഞിട്ടും ഒന്നിനും കൊള്ളാത്തവനെക്കാൾ നല്ലത് കുറവുകൾ ഉണ്ടെങ്കിലും ആ കുറവുകളെ ജയിക്കാൻ കഴിയുന്ന ഇയാൾ ആണെന്ന് എനിക്ക് തോന്നി. 

 ഇപ്പോൾ സന്തോഷമായല്ലോ?  നിങ്ങളുടെ സംശയം തീർന്നില്ലേ....? "

ഹേമയുടെ വാക്കുകൾ തീപ്പൊരിപോലെ ചിതറുമ്പോൾ കേട്ടതൊന്നും വിശ്വസിക്കാൻ കഴിയാതെ നിൽക്കുകയായിരുന്നു അമ്മയും അച്ഛനും. 
    വന്ന് കേറിയവൾ ഇത്രയേറെ സങ്കടങ്ങൾ ഉള്ളിലൊതുക്കുന്നുണ്ടെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലായിരുന്നു അമ്മക്ക്.. ഇതുവരെ തന്നോട് പോലും മോളിത് പറഞ്ഞില്ലല്ലോ എന്നോർത്ത് വിഷമത്തോടെ നിൽക്കുമ്പോൾ  
ശങ്കരനെ രക്ഷിക്കാൻ സ്വയം എല്ലാം ഏറ്റെടുക്കുമ്പോലെ മുന്നിൽ നിന്ന് ഉറഞ്ഞുതുള്ളിയ ഹേമയെ കലിപൂണ്ട് നോക്കുകയായിരുന്നു സതീശൻ. 

   ഏട്ടനെ രക്ഷിക്കാൻ ഭർത്താവിനെ മറ്റുള്ളവർക്ക് മുന്നിൽ നാണം കെടുത്തുന്ന അവളുടെ വാക്കുകൾക്ക് മുന്നിൽ വിറച്ചുകൊണ്ട് നിൽകുമ്പോൾ  പൊള്ളിയ ഭാഗത്തെ നീറ്റലിൽ ഊതിക്കൊണ്ട് ശങ്കരൻ പറയുന്നുണ്ടായിരുന്നു 
 " ഞാൻ ഒന്നും ചെയ്തില്ല അമ്മേ.. ഹേമകുഞ്ഞിന് കാപ്പീണ്ടാക്കാൻ വന്നതാ ഞാൻ.. അതിനാ ന്നേ..... നിക്ക് വല്ലതെ നീറ്റുന്നു  " എന്ന്. 

   " സാരമില്ല മോനെ " എന്നും പറഞ്ഞുകൊണ്ട് അവനെയും എഴുന്നേൽപ്പിച്ചു പുറത്തേക്ക് നടക്കുമ്പോൾ ശാരദ ഭര്ത്താവിനെ ഒന്ന് രൂക്ഷമായി നോക്കികൊണ്ട് " നിങ്ങളൊരു ആണല്ലേ.. ഇവിടെ ഇത്രയും കോലാഹലങ്ങൾ കണ്ടിട്ട് എന്തെങ്കിലും...  അല്ലേലും നിങ്ങൾക്ക് അവൻ ചെയ്യുന്നതൊക്കെ ശരിയാണല്ലോ.. ആയിക്കോ. പക്ഷേ, എല്ലാം അറിയുന്നദിവസം വരും. അന്ന്  നിങ്ങൾ പൊട്ടനെന്നു കളിയാക്കുന്നവന്റെ വില നിങ്ങൾ അറിയും,  നോക്കിക്കോ " എന്നും പറഞ്ഞ് അടുക്കളയിൽ നിന്നും പുറത്തേക്ക് ഇറങ്ങുമ്പോൾ ദിവാകരൻ ഒന്നും മിണ്ടാതെ വയ്യാത്ത കാലും വലിച്ചു പതിയെ പുറത്തേക്ക് നടന്നിരുന്നു. 
കൂടെ സതീശനെ ഒന്ന്  പുച്ഛത്തോടെ നോക്കികൊണ്ട് ഹേമയും. 

   എല്ലാവരും അടുക്കളയിൽ നിന്നും പോയിക്കഴിഞ്ഞിട്ടും സതീശൻ മാത്രം കുറച്ച് നേരം അതേ നിൽപ്പ് തുടർന്നു. 
   പൊട്ടനെ തല്ലിയപ്പോൾ അവൾക്ക് ഇത്ര നോവണമെങ്കിൽ അവൾ പറഞ്ഞ പോലെ പൊട്ടനും അവളും തമ്മിൽ വല്ലതും ഉണ്ടോ എന്നൊക്കെ ആയിരുന്നു അവന്റെ മനസ്സിൽ.   

എല്ലാവർക്കും മുന്നിൽ വെച്ച് അവളുടെ വാക്കുകൾ ഏല്പിച്ച അപമാനക്ഷതത്തിൽ  ഉരുകുമ്പോൾ ചവിട്ടിത്തുള്ളി പുറത്തേക്ക് ഇറങ്ങിപ്പോയ അവന്റെ മനസ്സിൽ പ്രതികാരദാഹിയായ ഒരു സത്വം ഉടലെടുക്കാൻ തുടങ്ങിയിരുന്നു. 

    -------------------------------------------------

"മോനെ... വേദനിച്ചോ നിനക്ക് " എന്നും ചോദിച്ച് നിറകണ്ണുകളോടെ അവന്റെ പൊള്ളിയ ഇടങ്ങളിൽ തേൻ തൂവൽ കൊണ്ട് പുരട്ടുമ്പോൾ ചിരിയോടെ അവൻ പറയുന്നുണ്ടായിരുന്നു 
"  നല്ലോണം വേദനിച്ചമ്മേ.. അതോണ്ട് വയ്യാത്ത ഹേമകുഞ്ഞിന് കാപ്പി കൊടുക്കാൻ പറ്റീല.. പാവം.. വയ്യാണ്ട കെടകാർന്നൂ....  " എന്ന്. 

സ്വന്തം വേദനയിലും മറ്റുള്ളവരുടെ വേദനയെ തിരിച്ചറിയാൻ കഴിയുന്ന അവന്റെ മനസ്സ് കണ്ട് ശാരദ അവന്റെ നെറുകയിൽ ചുണ്ടുകൾ ചേർത്തു വിതുമ്പുമ്പോൾ അവൻ കൊഞ്ചലോടെ പറയുന്നുണ്ടായിരുന്നു
 " ഇനി കുഞ്ഞാവ വരാൻ ആണോ ഹേമകുഞ്ഞു തലകകറങ്ങിവീണത് " എന്ന്. 
  അപ്രത്തെ വീട്ടിലെ മുത്തശ്ശി പറഞ്ഞിട്ടുണ്ടല്ലോ കല്യാണം കഴിഞ്ഞ പെണ്ണ് തല്കറങ്ങിവീണാൽ കുഞ്ഞാവ ഉണ്ടാകാൻ ആണെന്ന്. അപ്പോ ഹേമകുഞ്ഞിനും കുഞ്ഞാവ ഉണ്ടാകാൻ ആകുമല്ലേ.... അപ്പൊ ഇക്ക് വല്യച്ഛൻ ആവാലോ... പിന്നെ അനിയൻകുട്ടന് ന്നേ തല്ലാൻ പറ്റില്ല.. ഞാൻ കുട്ടീടെ വല്യച്ഛൻ ആവില്ലേ " എന്നും പറഞ്ഞ് ചിരിക്കുന്ന അവന്റെ നിഷ്ക്കളങ്കതയിൽ അമ്മ പുഞ്ചിരിക്കുമ്പോൾ ഹേമ കുറച്ച് മുന്നേ പറഞ്ഞ വാക്കുകൾ ആയിരുന്നു അവരുടെ മനസ്സിലൂടെ കടന്നു പോയത്. 
 
   " താലി കെട്ടിയത് കൊണ്ട് മാത്രം ഭർത്താവെന്ന പേര് കൊണ്ട് നടക്കുന്ന ഒരാള് ആണ് നിങ്ങൾ "എന്ന്. അതിനർത്ഥം.... ഇതുവരെ അവർ തമ്മിൽ......... 

  ഒരു പെണ്ണിനേയും അവളുടെ മനസ്സിനെയും മനസ്സിലാക്കാൻ കഴിയുന്ന ആ അമ്മ കണ്ണും മൂക്കും മുണ്ടിന്റെ കോന്തലയിൽ തുടക്കുമ്പോൾ 
എല്ലാം കേട്ട്  കൊണ്ട് പുറത്ത് നിറകണ്ണുകളുമായി നിൽപ്പുണ്ടായിരുന്നു ഹേമ, അമ്മ എന്ന വാക്കിനെ പാഴ്കിനാവുകളുടെ ചവറ്റുകൂട്ടയിലേക്ക് എറിഞ്ഞുകൊണ്ട്. 

                -------------------------------------------
   

 ബാറിന്റ ഇരുണ്ട മൂലയിൽ മദ്യം നിറച്ചഗ്ലാസ് ചുണ്ടിലേക്ക് ചേർക്കുമ്പോൾ സതീശന്റെ മനസ്സ് മുഴുവൻ ഭർത്താവിന്റെ മുഖത്തു നോക്കി ഭാര്യ വിളിച്ച് പറഞ്ഞ വാക്കുകൾ ആയിരുന്നു. 
        അവൾ പറഞ്ഞതിലെ ശരികളെ തിരയാതെ മുന്നിൽ ഒരു ചോദ്യചിന്ഹം കണക്ക് നിൽക്കുന്ന അവളുടെ ചോദ്യങ്ങളിലെ തെറ്റുകളെ ചികഞ്ഞെടുക്കുമ്പോൾ അവൻ മുന്നിലെ മദ്യം വെള്ളം ചേർക്കാതെ തന്നെ വായിലേക്ക് കമിഴ്ത്തി.  
   അപ്പൊ അവന്റെ മനസ്സിൽ മുഴുവൻ ശങ്കരന്റെ മുഖം ആയിരുന്നു. 

   " അവൻ കാരണമാണ് എനിക്ക് ആ വീട്ടിൽ ഒരു വിലയും ഇല്ലാത്തത്.  പൊട്ടനാണെന്ന സിമ്പതി. 
    പൊട്ടനായാലും അവന് സ്നേഹിക്കാൻ അറിയുമത്രെ... 
ബന്ധങ്ങൾ തിരിച്ചറിയുമത്രെ.. 
  തുഫ്........ 
ആ തെണ്ടി കാരണം ആണ് ഇപ്പോൾ ഒന്നിനും കൊള്ളാത്തവനായി തല കുനിക്കേണ്ടി വന്നത്. 
ഭാര്യ പോലും തനിക്കെതിരെ വിരൽ ചൂണ്ടിയത്. 
    അങ്ങനെ ഇനി അവന്റെ പേരും പറഞ്ഞ് ആരും എന്നെ കളിയാക്കരുത്. 
എനിക്ക് നേരെ നീളുന്ന വിരൽ വെട്ടിമാറ്റണമെങ്കിൽ ആദ്യം പൊട്ടനായ പടുവൃക്ഷം ഇല്ലാതാകണം. 
   ശങ്കരനെന്ന് വിളിക്കാൻ ഇനി അവൻ വേണ്ട ആ വീട്ടിൽ. 

പൊട്ടൻ ചാവണം.. എന്നാലേ ആ വീട്ടിൽ എന്റെ വാക്കിന് വില ഉണ്ടാകൂ "

എന്നും ചിന്തിച്ചുകൊണ്ട് അടുത്ത ഗ്ലാസ്സിലെ മദ്യം കൂടി വായിലേക്ക് ഒഴിക്കുമ്പോൾ പിന്നെയും പിന്നെയും വൈരാഗ്യബുദ്ധിയോടെ ആ ചുണ്ടുകൾ മന്ത്രിക്കുന്നുണ്ടായിരുന്നു 

    "  പൊട്ടൻ ചാവണം.... പൊട്ടൻ ചാവണം... "
#പൊട്ടൻ     :    3
------------------

പൊട്ടൻ ചാവണം.. എന്നാലേ ആ വീട്ടിൽ എന്റെ വാക്കിന് വില ഉണ്ടാകൂ "

എന്നും ചിന്തിച്ചുകൊണ്ട് അടുത്ത ഗ്ലാസ്സിലെ മദ്യം കൂടി വായിലേക്ക് ഒഴിക്കുമ്പോൾ പിന്നെയും പിന്നെയും വൈരാഗ്യബുദ്ധിയോടെ ആ ചുണ്ടുകൾ മന്ത്രിക്കുന്നുണ്ടായിരുന്നു 

    "  പൊട്ടൻ ചാവണം.... പൊട്ടൻ ചാവണം... "

    മദ്യലഹരിയിൽ ബാറിൽ നിന്നും പുറത്തേക്കിറങ്ങി ഒരു ഓട്ടോ പിടിച്ചു വീടിന്റ മുന്നിൽ ഇറങ്ങുമ്പോൾ വീട്ടിൽ ലൈറ്റുകളെല്ലാം അണഞ്ഞിരുന്നു. 
   " അല്ലെങ്കിലും എന്നെ ആര് കാത്തിരിക്കാൻ പെറ്റ തള്ളക്ക് പൊട്ടനെ മതി.. കൂടെ കിടക്കുന്ന പെണ്ണിനും " എന്നും ചിന്തിച്ചുകൊണ്ട് ആടിയാടി ഉമ്മറത്ത് എത്തുമ്പോൾ  അവന്റെ ശ്രദ്ധ മുഴുവൻ ശങ്കരൻ കിടക്കുന്ന മുറിയിലേക്ക് ആയിരുന്നു. 
     ഒരു അവസരം കിട്ടിയാൽ തീർക്കണം പൊട്ടനെ എന്നും ചിന്തിച്ച് ഉമ്മറത്തെ വാതിലിൽ തട്ടാൻ തുടങ്ങുമ്പോൾ ആയിരുന്നു  എന്തിനെന്ന ചിന്ത അവന്റെ കയ്യിനെ പിന്നോട്ട്  തന്നെ വലിച്ചത്. 

   " തന്നെ വേണ്ടാത്ത ഒരുവളുടെ കൂടെ കിടക്കുന്നതും ഇവിടെ ഈ തിണ്ണയിൽ കിടക്കുന്നതും ഒരുപോലെ ആണ്. പിന്നെന്തിന് വാതിൽ തുറക്കാൻ ഇവറ്റകളുടെ കാല് പിടിക്കണം " എന്നും ചിന്തിച്ച് മുന്നിലെ തിണ്ണയിലേക്ക് കിടക്കുമ്പോൾ എവിടെയോ ഒരു കാലൻകോഴി നിർത്താതെ കൂവുന്നുണ്ടായിരുന്നു. 

              ----------------------------------------

" അപ്പോട്ടേ....  ഒരിലോ പഞ്ചാര. പിന്നെ കൊർച് ചായപ്പൊടീം.. വേം താട്ടോ.. ന്നിട്ട് വേണം റേഷൻകടേൽ പോയി അരീം ഗോതമ്പും വാങ്ങാൻ " എന്നും പറഞ്ഞ് മുന്നിലിരുന്ന മിട്ടായിഭരണിയിൽ കയ്യിട്ട് രണ്ട് തേൻമിട്ടായി എടുത്തു വായിലിടുമ്പോൾ മറ്റൊരാൾക്ക് സാധനങ്ങൾ എടുത്ത് കൊടുക്കുന്നതിനിടയിൽ അപ്പുവേട്ടൻ ചോദിക്കുന്നുണ്ടായിരുന്നു " ന്താടാ ശങ്കരാ.. നിനക്കിന്ന് പണിക്കൊന്നും പോണ്ടേ " എന്ന്. 

    അത്‌ കേട്ട്  തെല്ല് സങ്കടത്തോടെ ശങ്കരൻ കയ്യിലെ പൊള്ളലുകളിലേക്ക് നോക്കി പറയുന്നുണ്ടായിരുന്നു 
  " പണീണ്ട്. പക്ഷേ, പോവാൻ മേലാ അപ്പോട്ടാ.. 
ഇത് കണ്ടില്ലേ.. മേലൊക്കെ പൊള്ളീർക്യാ. ശോ.. നീറീട്ട് വയ്യാന്നെ... ആ ചെക്കൻ  കാണിച്ച പണ്യ.. "

  അവന്റെ സങ്കടം കണ്ടപ്പോൾ തന്നെ അപ്പുവേട്ടന് മനസ്സിലായിരുന്നു സതീശൻ തല്ലിയിട്ടുണ്ടാകും എന്ന്. കുടിച്ച് കഴിഞ്ഞാൽ എന്താണ് പറയുന്നതെന്നോ ആരോടാണ് പറയുന്നതെന്നോ എന്താണ് ചെയ്യുന്നതെന്നോ ബോധമില്ലാത്തവൻ ആണ് സതീശൻ. അത്‌ അറിയാവുന്നത് കോണ്ട്  ശങ്കരനെ വാത്സല്യത്തോടെ ഒന്ന് നോക്കികൊണ്ട് അപ്പുവേട്ടൻ പറഞ്ഞത് 
   " അവൻ നിന്റെ അനിയനല്ലേ ശങ്കരാ.. അവനെക്കാൾ ആരോഗ്യവും നിനക്ക് ഉണ്ടല്ലോ.. അപ്പൊ നിന്നെ തല്ലാൻ വരുമ്പോൾ നീ ഒന്ന് തിരിച്ചുകൊടുത്താൽ തീരും അവന്റെ ധിക്കാരം. നീ ഇങ്ങനെ പൊട്ടനാവല്ലേടാ ശങ്കരാ " എന്ന്. 

        അത്‌ കേട്ടപ്പോൾ അവന്റെ സങ്കടം ഒന്നുകൂടി ഇരട്ടിച്ചു. 
    പുറത്ത് തൂക്കിയിട്ട കുലയിൽ നിന്നും ഒരു പഴം ഇരിഞ്ഞു വായിലേക്ക് വെക്കുമ്പോൾ അപ്പുവേട്ടൻ പറഞ്ഞ വാക്ക് കേട്ട് അവൻ പാതി കടിച്ച പഴം പതിയെ അവിടുത്തെ വെസ്റ്റ്പാത്രത്തിലേക്ക് ഇട്ട് നിറഞ്ഞ കണ്ണുകൾ ഒന്ന് തുടച്ചു. 
പിന്നെ മുഖത്തൊരു ചിരി വരുത്താൻ ശ്രമിച്ചുകൊണ്ട് പറയുന്നുണ്ടായിരുന്നു 
   "   അതേ അപ്പോട്ടാ.. ഞാൻ പൊട്ടനാ...  പൊട്ടനായത് കൊണ്ട് എല്ലാവർക്കും കളിയാക്കാൻ ഒരാൾ ആയില്ലേ.  
    ഓർമ്മ വെച്ചത് മുതൽ അച്ഛൻ പറയും  ഇങ്ങനെ ഒരു പൊട്ടൻ ഉണ്ടായത് കൊണ്ട് ഈ വീട് ഗുണം പിടിക്കാതായെന്ന്. കളിക്കാൻ പോകുമ്പൊ 
 അമ്മ പറയും മോനെ അവർടെ കൂടൊന്നും കളിക്കാൻ പോവല്ലേ.. നിനക്ക് വയ്യാത്തതല്ലേ എന്ന്. ന്നിട്ടും വാശി പിടിച്ചു കളിക്കാൻ പോയാ കൂട്ടാരും പിന്നെ അനിയനും പറയും നീയൊന്നും കൂടണ്ട,  ഇത് പൊട്ടന്മാർക്കുള്ള കളിയല്ല എന്ന്.
   പിന്നെ എല്ലാരും കൂടി വിളിക്കാനും തൊടങ്ങി. പൊട്ടൻ ശങ്കരാന്ന്... നല്ല പേര് ല്ലേ അപ്പോട്ടാ...
അല്ലേലും പൊട്ടനെ പിന്നെ വേറെന്ത് വിളിക്കാനാ.. പൊട്ടാന്ന് അല്ലാതെ. ല്ലേ.... . " അതും പറഞ്ഞ് ചിരിച്ചുകൊണ്ട് ഒഴുകിയിറങ്ങുന്ന കണ്ണുകൾ തുടക്കുമ്പോൾ എന്തോ വല്ലാത്തൊരു വിഷമം തോന്നി അപ്പുവേട്ടനും. 

        അവനോട്  അങ്ങനെ പറയണ്ടായിരുന്നു എന്ന് തോന്നി അയാൾക്ക്. അത്‌ പറഞ്ഞത് കൊണ്ടാണല്ലോ ശങ്കരന്റെ സങ്കടം കാണേണ്ടി വന്നതും പുറമെ ചിരിക്കാൻ ശ്രമിക്കുമ്പോൾ ഉള്ളിൽ പൊട്ടിക്കരയുകയാണ്  അവനെന്ന് അറിയാവുന്നത് കൊണ്ട് തന്നെ ഒരു ആശ്വാസവാക്ക് എന്നപോലെ അപ്പുവേട്ടൻ അവനെ നോക്കി ചിരിച്ചുകൊണ്ട് പറയുന്നുണ്ടായിരുന്നു
 " നീ ഇങ്ങനെ വിഷമിക്കല്ലേ ശങ്കര..  നിന്നെ പൊട്ടാ എന്ന് വിളിക്കുന്നവന്മാരാ ശരിക്കും പൊട്ടന്മാർ. അത്‌ എല്ലാവരും അറിയുന്ന ഒരു ദിവസം വരും മോനെ. മറ്റുള്ളവർ എന്തും പറഞ്ഞോട്ടെ. നീ നീയായാൽ മതി. നിന്റെ മനസ്സിന്റെ നന്മ അറിയാത്തവരെ നിന്നെ കളിയാകൂ . " എന്ന്. 

    അത്‌ കേട്ട് ചിരിയോടെ വീണ്ടും മിട്ടായിഭരണിയിൽ കയ്യിട്ട് രണ്ട് കോലുമിട്ടായി എടുത്തു ശങ്കരൻ.
   " ഹേമകുഞ്ഞിനാ അപ്പോട്ടാ ഇത്.. കുഞ്ഞിന് ഇതൊക്കെ വല്യ ഇഷ്ട്ട.. " എന്ന്. 

അതും പറഞ്ഞ് കോലുമിട്ടായി പോക്കറ്റിലേക്ക് ഇടുമ്പോൾ അവൻ പറഞ്ഞ സാധനങ്ങൾ പൊതിഞ്ഞെടുത്തിരുന്നു അയാൾ. 

സാധനങ്ങൾ  സഞ്ചിയിലേക്ക് വെക്കുമ്പോൾ കുറച്ചു മടിയോടെ ശങ്കരൻ അയാളെ നോക്കി 
 അപ്പോട്ടാ.. എല്ലാം കൂടി അടുത്ത വട്ടം തരാട്ടോ.. പണിക്ക് പോവാൻ പറ്റാത്തോണ്ട് ന്റെൽ കാശൊന്നും ഇല്ല. ഞാൻ വേം പണിക്ക് പോയി തന്നോളം.. പോക്കറ്റിൽ റേഷൻ വാങ്ങാൻള്ള കാശെള്ളൂ.. അതുകൂടി കൊണ്ടോയില്ലേൽ ചിലപ്പോൾ... ഞങ്ങള്ക്ക് ശീലായി. പച്ചേങ്കി ഹേമകുഞ്ഞ് ഉണ്ടല്ലോ.. ആ കുഞ്ഞിനെ പട്നിക്കിടാൻ പാടില്ലല്ലോ.. പാവല്ലേ ആ കുഞ്ഞ്. " എന്ന് ദൈന്യനായ നോട്ടത്തോടെ പറയുന്ന അവന്റെ വിഷമത്തെ മനസ്സിലാകുന്നുണ്ടെങ്കിലും സ്വന്തം അവസ്ഥയെ കൂടി ഓർത്തിക്കൊണ്ട് അപ്പുവേട്ടൻ ശങ്കരനെ ഒന്ന് വാത്സല്യത്തോടെ നോക്കികൊണ്ട്‌ പറഞ്ഞു 
"  ശങ്കരാ.. നിനക്ക് അറിയാലോ അപ്പൂട്ടന്റേം അവസ്ഥ. ഇതുകൊണ്ട് ജീവിക്കുന്ന ആറു പേരുണ്ട് വീട്ടിൽ.  എനിക്കറിയാം നിന്റെ അവസ്ഥ. നീ തരുമെന്നും.. ന്നാലും ഇപ്പോൾ തന്നെ കുറച്ച് കൂടുതൽ ആയി തരാൻ. ഇനിയും.... 
  അതോണ്ട് ഇനീം നീ ഇങ്ങനെ പറഞ്ഞ് ന്നെകൊണ്ട്  മറുത്തൊരു വാക്ക് പറയിക്കരുത്ട്ടോ... അപ്പൂട്ടന്റേം അവസ്ഥ മോൻ മനസ്സിലാക്കണം. ഇപ്പോൾ ഇത് നീ കോണ്ടയ്ക്കോ. ഇനി വരുമ്പോൾ കുറച്ചെങ്കിലും കാശ് കൊണ്ടോരണം.  അവസാനം അപ്പൊട്ടൻ മുഷിഞ്ഞുന്ന് മോന് തോന്നാനൊരു ഇട വരിത്തരുത്. കേട്ടല്ലോ. " എന്ന് കുറച്ച് നീരസത്തോടെ തന്നെ പറയുന്ന അയാളെ നോക്കി തലയാട്ടികൊണ്ട് സഞ്ചിയുമായി അവിടെ നിന്നും ഇറങ്ങുമ്പോൾ  പോക്കറ്റിൽ കയ്യിട്ട് ബാക്കിയുള്ള അൻപത് രൂപയിലേക്ക് നോക്കി തിരികെ പോക്കറ്റിലേക്ക് വെക്കുമ്പോൾ അൻപതിന്റെ കൂടെ പോക്കറ്റിൽ കിടന്നിരുന്ന കുറച്ച് ചില്ലറത്തുട്ടുകൾ അവനെ കളിയാക്കുമ്പോലെ കലപില ശബ്ദം ഉണ്ടാക്കുന്നുണ്ടായിരുന്നു. 

      ആ ചില്ലറത്തുട്ടുകൾ ഒരു കൈ കൊണ്ട് പൊത്തിപ്പിടിച്ചുകൊണ്ട് അവൻ കാലുകൾ വലിച്ചുവെച്ചു നടന്നു റേഷൻകട ലക്ഷ്യമാക്കി. !

              -------------------------------------------

    " ഈ പൊട്ടനിത് പോയിട്ട് മണിക്കൂർ രണ്ടായല്ലോ.. അതെങ്ങനാ... പൊട്ടൻ വല്ല കുട്ടികളെയും കണ്ടപ്പോൾ കളിച്ചു നിന്നിട്ടുണ്ടാകും. ഇപ്പഴും അതിനുള്ള ബുദ്ധിയല്ലേ ദൈവം കൊടുത്തിട്ടുള്ളൂ..   
  ഹോ... ഏത് സമയത്താണാവോ..... " 
എന്നും പറഞ്ഞ് തലയിൽ കൈ വെച്ചു പ്രാകുന്ന ഭർത്താവിനെ രൂക്ഷമായി നോക്കികൊണ്ടായിരുന്നു ശാരദ ഉമ്മറത്തേക്ക്  വന്നത്. 
  " നിങ്ങൾ അവനെ പ്രാകുന്നതിനു പകരം എന്നെങ്കിലും ഒരു നല്ല വാക്ക് പറഞ്ഞൂടെ.. നാഴികക്ക് നാല്പതു വട്ടം പൊട്ടാന്ന് വിളിക്കും, ന്നിട്ട് അവൻ കൊണ്ട് വരുന്നത് തന്നെ വെട്ടിവിഴുങ്ങേമ് ചെയ്യും. " 

ഭാര്യയുടെ ആ  വാക്ക് വല്ലത്ത ഒരു അപഹർഷാദാബോധം അയാളെ പിടികൂടി. 
  മകന്റെ ചിലവിൽ കഴിയുന്നതിന്റ പേരിൽ അല്ലെ ഇവൾ പോലും ഇത്രക്ക് പറയാൻ തുടങ്ങിയത് എന്നോർത്തപ്പോൾ അയാൾ ഇരുന്നിടത്തു നിന്നും കാല് വലിച്ച് എഴുനേറ്റ് ഭാര്യക്ക് നേരെ പോരുകാളയെ പോലെ നിന്നു, 

  " ഞാൻ ഉണ്ടാക്കിയതല്ലെടി അവനെ.  പൊട്ടനാണെന്ന് അറിഞ്ഞിട്ടും ഇത്രയൊക്കെ തീറ്റിപോറ്റിയില്ലേ. അപ്പോൾ പിന്നെ സ്വന്തം തന്തയെ നോക്കുന്നതിൽ എന്താടി ഇത്ര കണക്ക് പറയാനുള്ളത്.. പറ.. നീയും നിന്റെ പൊട്ടനും കൂടി തിന്നുന്നതിന്റേം തൂറുന്നതിന്റേം കണക്ക് ഒക്കെ എഴുതിവെക്കുന്നുണ്ടെന്ന് ഞാൻ അറിഞ്ഞില്ല... വന്നിരിക്കുന്നു ഒരു തള്ളയും മോനും . നശൂലം "
 
എന്നും പറഞ്ഞ് ശാരദക്ക് നേരെ കയർക്കുമ്പോൾ മകനെ പുച്ഛിക്കാൻ മാത്രം നാക്ക് വളക്കുന്ന അയാൾക്ക് മുന്നിൽ തോറ്റുകൊടുക്കാൻ ശാരദയും തയാറല്ലായിരുന്നു. 

   "   നിങ്ങൾ എന്ത് നോക്കിയെന്നാ.. ആവുന്ന കാലത്ത് കിട്ടുന്ന കാശിനു കുടിച്ച് നടന്ന്. അന്നൊക്കെ പൊട്ടനെന്നും പറഞ്ഞ് തല്ലാൻ അല്ലാതെ നിങ്ങൾ എന്നെങ്കിലും എന്റെ കുട്ടിയെ ഒന്ന് സ്നേഹത്തോടെ തലോടിയിട്ടുണ്ടോ. അന്നൊക്കെ ഞാൻ പുറത്തുപോയി എല്ലു മുറിയെ പണിയെടുത്ത് കൊണ്ട്  ഇവിടെ പട്ടിണി കുറഞ്ഞു.  അന്ന് ആവുന്ന കാലം മുതൽ തുടങ്ങിയതാ ന്റെ കുട്ടി ഈൗ വീടിനു വേണ്ടി കഷ്ടപ്പെടാൻ. 
   അന്ന് നിങ്ങൾ എങ്ങനെ ആയിരുന്നോ അതേ അച്ചിൽ വാർത്ത പോലെ തന്നെ ഉണ്ട് ഇളയ സന്താനം.. അതെങ്ങനാ.. നിങ്ങളോ നേരെ ആയില്ല. എന്നാൽ പിന്നെ ആ ചെക്കനെ എങ്കിലും നാല് പറഞ്ഞിരുന്നെങ്കിൽ. അതും ഇല്ല. ആ സമയം വീടിന് വേണ്ടി കഷ്ട്ടപ്പെടുന്നവനെ പൊട്ടാന് വിളിക്കാനും അവനെ കണ്ടൂടായ്ക പറയാനും അല്ലെ അറിയൂ.. 

 പിന്നെ ന്റെ കുട്ടി മാത്രം അല്ല ഇവിടെ മകനായിട്ട്. നിങ്ങൾ താങ്ങി നടക്കുന്ന ഒരുത്തൻ കൂടി ഉണ്ടല്ലോ...  അവനോടും പറ ഈ വീട്ടിലേക്ക് എന്തെങ്കിലും കൊണ്ട് വരാൻ.. ഒന്നുല്ലെങ്കിൽ അവൻ താലി കെട്ടിയ പെണ്ണുണ്ട് ഈ വീട്ടിൽ എന്ന ഒരു വിചാരം എങ്കിലും വേണ്ടേ.  അതും ഇല്ല..  
പെണ്ണ് കെട്ടിയാൽ നന്നാവും എന്ന് പറഞ്ഞിട്ട് ഒരു പെണ്ണിനെ കെട്ടിക്കൊണ്ട് നിർതിയിട്ട് അതിനെ കൂടി ഈ വീട്ടിലിട്ട് കഷ്ട്ടപ്പെടുത്താ ഇപ്പോൾ.. നാല്  വയറുകൾ നിറയാൻ ഓടിയിരുന്ന എന്റെ മോനിപ്പോൾ അഞ്ചു വയറുകൾ നിറയ്ക്കാൻ ഓടേണ്ടി അവസ്ഥ ആയി. 
       ഇതിലും ഭേദം ന്റെ കുട്ടിക്കൊരു പെണ്ണിനെ കണ്ട് പിടിച്ചാൽ മതിയായിരുന്നു . എല്ലാം തികഞ്ഞിട്ടും വീടിനു കൊള്ളാത്തവനെക്കാൾ എത്രയോ ഭേദം ആണ് സ്നേഹിക്കാൻ മാത്രം അറിയുന്ന ന്റെ കുട്ടി "

അത്‌ പറയുമ്പോൾ അമ്മയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. അത്‌ സാരിയുടെ കോന്തലയിൽ തുടച്ചുകൊണ്ട് അയാളെ ഒന്ന് കൂടി രൂക്ഷമായി നോക്കി അകത്തേക്ക് പോകുമ്പോൾ ഒന്നും പറയാൻ ഇല്ലാത്തവനെ പോലെ അയാൾ മേലെ തോർത്തിൽ മുഖം തുടച്ചുകൊണ്ട് കസേരയിലേക്ക് ഇരുന്നു. 

       അതെ സമയം ഇതെല്ലാം കേട്ട് അടുക്കളയിൽ  
   എന്തിലോ തെരുപ്പിടിച്ചുകൊണ്ട് ഹേമ നിൽപ്പുണ്ടായിരുന്നു. 
    ഇങ്ങനെ ഒരു ജീവിതം അല്ലായിരുന്നു കൊതിച്ചത്. പക്ഷേ, വിധിച്ചത് ഇതായിരുന്നെന്ന് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ... 

വെറുതെ ആണെങ്കിൽ കൂടി അങ്ങനെ ഒരു ചിന്ത മനസ്സിലൂടെ ഓടിമറയുമ്പോൾ അവൾ കാണാതിരിക്കാൻ കണ്ണുകൾ തുടച്ചു പുഞ്ചിരിയോടെ അമ്മ അടുക്കളയിലേക്ക് വരുമ്പോൾ പറയുന്നുണ്ടായിരുന്നു " മോളെ ചോറിനു വെള്ളം വെക്കാൻ മറക്കല്ലേ.. മണി പതിനൊന്ന് ആയില്ലേ. ശങ്കരൻ ഇപ്പോൾ വരും " എന്ന്. 

      ---------------------------------------------------

 
  റേഷൻ കടയിൽ നിന്നും അരിയും ഗോതമ്പും വാങ്ങി പുറത്തേക്കിറങ്ങുമ്പോൾ ആയിരുന്നു അരികിൽ ഒരു ഐസ് വണ്ടി വന്നു നിന്നത്.  
അത്‌ കണ്ടപ്പോൾ ആഗ്രഹം കൊണ്ട് പോക്കറ്റിൽ തപ്പി ബാക്കിയുള്ള ചില്ലറയിൽ നിന്ന് അഞ്ചു രൂപ കൊണ്ട് ഒരു ഐസ് വാങ്ങി വായിൽ വെച്ച് മുന്നോട്ട് നടക്കുമ്പോൾ കൂടെ ഒരു മൂളിപ്പാട്ടും അവന്റെ സന്തോഷത്തിൽ പങ്കുചേർന്നിരുന്നു. 

      പാതി കോലിൽ പിടിച്ചു ഐസ് ഇടക്കിടെ വായിൽ വെച്ചു കടിച്ചു തണുപ്പിനൊപ്പം മുഖം കോട്ടി അതിന്റ രുചിയിൽ അലിഞ്ഞുചേർന്ന വേഗം വീടെത്താൻ വലിഞ്ഞു നടക്കുമ്പോൾ  ആയിരുന്നു പിന്നിൽ നിന്നും ഒരു ചവിട്ടേറ്റ് ശങ്കരൻ മുന്നോട്ട്‌ നില തെറ്റി മറിഞ്ഞു വീണത്. 

  ബൈക്കിൽ വന്ന രണ്ട് പേർ അവനെ ചവിട്ടിവീഴ്ത്തി മുന്നോട്ട് പൊകുമ്പോൾ റോഡിൽ തെറിച്ചു വീണ അവന്റെ നെറ്റിയിൽ പൊട്ടി ചോരയൊഴുകാൻ തുടങ്ങിയിരുന്നു. 
 അവന്റെ വീഴ്ച കണ്ട് ഓടിക്കൂടിയവർ അവനെ എഴുന്നേൽപ്പിക്കുമ്പോൾ  ഹോസ്പിറ്റലിൽ പോവാമെന്ന് പറഞ്ഞവരോട് വേണ്ടെന്ന് പറഞ്ഞ് നെറ്റിയിൽ നിന്നും കിനിഞ്ഞിറങ്ങുന്ന ചോര കുപ്പായത്തിൽ തുടച്ചിലുകൊണ്ട് അവൻ നാലുപാടും തിരഞ്ഞത് കയ്യിലുണ്ടായിരുന്ന അരിസഞ്ചി ആയിരുന്നു. 
അപ്പുറത്തു ചിന്നിച്ചിതറി കിടക്കുന്ന അരിയിൽ ചവിട്ടിയാണ് നാട്ടുകാർ തന്നെ എഴുനേൽപ്പികാൻ അരികിൽ എത്തിയത് എന്ന് മനസിലായപ്പോൾ ശങ്കരന്റെ നെഞ്ച് പിടക്കാൻ തുടങ്ങി. 

      അവൻ കൂടിയ ആളുകളെ വകഞ്ഞുമാറ്റി അരിയ്ക്കരികിൽ എത്തുമ്പോൾ ചിതറിയ അരിമണികൾ ചവിട്ടേറ്റ്  മണ്ണ് പറ്റിയിരുന്നു. അതിൽ നിന്നും നല്ലതെന്ന് തോന്നുന്ന ഭാഗം വാരിയെടുത്തു സഞ്ചിയിലേക്ക് ഇടുമ്പോൾ മനസ്സിൽ തന്നെ കാത്തിരിക്കുന്ന മുഖങ്ങൾ അവന്റ കണ്ണുകളെ ഈറനണിയിച്ചു.
 വാരിയെടുത്ത അരിയും അപ്പുറത്ത് കിടക്കുന്ന ഗോതമ്പ് പാക്കറ്റും അതികം കേട് സംഭവിക്കാതെ കിടക്കുന്ന പഞ്ചസാരയും ചായപൊടിയും വാരി സഞ്ചിയിൽ ആക്കി വേദനയോടെ എഴുന്നേൽക്കുമ്പോൾ  തലക്ക് പുറമെ കൈമുട്ടും  പൊട്ടി ചോര ഒലിക്കുന്നുണ്ടായിരുന്നു. 

കണ്ട് നിൽക്കുന്നവരോട് ചിരിച്ചുകൊണ്ട് അതൊന്നും സാരമില്ലെന്നും പറഞ്ഞ് നടക്കാൻ തുടങ്ങുമ്പോൾ അവൻ പോക്കറ്റിൽ ഒന്നുകൂടി തപ്പി കോലുമിട്ടായി ഉണ്ടെന്ന് ഉറപ്പ് വരുത്തി. അപ്പോൾ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു. 
  
  കിട്ടിയതെല്ലാം വാരികെട്ടി  ശങ്കരൻ ശരീരം നുറുങ്ങുന്ന വേദനയോടെ മുന്നോട്ട്  നടക്കാൻ  ഒരുങ്ങുമ്പോൾ തട്ടി വീഴ്ത്തി മുന്നോട്ട് പോയ ബൈക്ക് നിർത്തി  തന്നെ മാത്രം ശ്രദ്ധിച്ചുകൊണ്ട് രണ്ട് പേർ നിൽക്കുന്നത് ശങ്കരൻ കണ്ടു. 
 അതിൽ ഒരു മുഖം സതീശന്റെ ആയിരുന്നു

#പൊട്ടൻ  : 4 

കിട്ടിയതെല്ലാം വാരികെട്ടി  ശങ്കരൻ ശരീരം നുറുങ്ങുന്ന വേദനയോടെ മുന്നോട്ട്  നടക്കാൻ  ഒരുങ്ങുമ്പോൾ തട്ടി വീഴ്ത്തി മുന്നോട്ട് പോയ ബൈക്ക് നിർത്തി  തന്നെ മാത്രം ശ്രദ്ധിച്ചുകൊണ്ട് രണ്ട് പേർ നിൽക്കുന്നത് ശങ്കരൻ കണ്ടു. 
   അതിൽ ഒരു മുഖം സതീശന്റെ ആയിരുന്നു. 

ദൂരെ നിന്ന് രംഗം വീക്ഷിക്കുന്ന സതീശന്റെ മുഖം വെക്തമായി കണ്ണുകൾക്ക് മുന്നിൽ തെളിയുമ്പോൾ  ഒഴുകുന്ന ചോരയേക്കാൾ വേഗത്തിൽ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങിയിരുന്നു ശങ്കരന്റെ. 
   
  പിന്നെയും ഇടക്കൊന്ന് തിരിഞ്ഞു നോക്കി തന്നെ മാത്രം നോക്കി നിൽക്കുന്ന ആളുകൾക്ക് ഒരു ചിരി സമ്മാനിച്ചുകൊണ്ട് വീട്ടിലേക്ക് നടക്കുമ്പോൾ മണ്ണ് പറ്റിയ അരി സഞ്ചി ഇനിയും കയ്യിൽ നിന്ന് വീണു പോവാതിരിക്കാൻ നെഞ്ചോടു ചേർത്തു പിടിച്ചു അവൻ. 

           വേദനിക്കുന്ന കാലും വലിച്ച് വീട്ടിലെത്തുമ്പോൾ അവന് കാത്തിരിക്കുന്ന കണ്ണുകൾ അവന്റെ ആ വരവ് കണ്ട് വിടർന്നിരുന്നു. 
പക്ഷേ അടുത്തേക്ക് വരുംതോറും അവന്റെ ഞൊണ്ടൽ കണ്ണുകൾക്ക് വ്യക്തമാകാൻ തുടങ്ങിയപ്പോൾ ആണ് ശാരദ ഞെട്ടലോടെ
 " എന്ത് പറ്റി ന്റെ കുട്ടിക്ക്  "  എന്നും ചോദിച്ചുകൊണ്ട് അവനരികിലേക്ക് ഓടിവന്നത് . 
അവന്റെ കയ്യിലേയും കാലിലെയും പൊട്ടലും അതിൽ നിന്നും ഒഴുകുന്ന ചോരയും കണ്ട് അന്താളിച്ചു നിൽക്കുന്ന അമ്മയുടെ കയ്യിലേക്ക് സഞ്ചി നല്കുകൊണ്ട്  ശങ്കരൻ ഉള്ളിലെ വേദന പുറത്ത് കാണിക്കാതെ ചിരി വരുത്തിക്കൊണ്ട് പറയുന്നുണ്ടായിരുന്നു 
  " ഒന്നും പറ്റീല അമ്മേ.. റേഷൻ വാങ്ങി വരണ വഴിക്ക്  വഴീല് ഒന്ന് വീണതാ..നിക്ക് ഒന്നും പറ്റില.. പക്ഷേ, കയ്യിലെ അരി മണ്ണ് പറ്റിപ്പോയി അമ്മേ.... കൊർച് നെലത്തു പോവേം ചെയ്തു.  എല്ലാരും കണ്ടോണ്ട് കൊഴപ്പണ്ടായില്ല.. ആസ്പത്രീല് പോവാന്ന് പറഞ്ഞതാ എല്ലാരും. പക്ഷേ, നിക്ക് അറിയാം ഇവിടെ എല്ലാരും കാത്തിരിക്കാവുന്ന്. അതോണ്ട് ആസ്പത്രി പിന്നെ ഇപ്പോൾ ചോറ് വെക്ക് അമ്മേ... വെശക്കാന് തുടങ്ങി.  വീണപ്പോൾ ഞാൻ നല്ലോണം പേടിച്ച്. മുട്ട് പൊട്ടിയതിൽ അല്ല, അരി ഇല്ലെങ്കിൽ എല്ലാരും വിശന്നിരിക്കണ്ടേ എന്ന്. "

അത്‌ പറയുമ്പോഴെല്ലാം അവന്റെ മനസ്സിൽ സതീശന്റെ മുഖം ആയിരുന്നു. 
   അവനാണ് തള്ളിയിട്ടതെന്ന് നാവിൽ നിന്നും വീഴാതിരിക്കാൻ ശ്രമിക്കുമ്പോൾ അവന്റെ മനസ്സ് പറയുന്നുണ്ടായിരുന്നു " അനിയനല്ലേ... സാരല്യ.. അറിയണ്ട പറ്റിതാവും " എന്ന്.

പുറത്തെ സംസാരം കേട്ട് വന്ന ഹേമയും ആ കാഴ്ച കണ്ട് ഒരു നിമിഷം വിറങ്ങലിച്ചു നിന്നു. 
പിന്നെ ദൃതിയോടെ അവനരികിൽ ഓടിയെത്തുമ്പോൾ അവളുടെ  ഞെട്ടൽ മാറാത്ത മുഖത്തിന് നേരെ പോക്കറ്റിൽ കരുതിയ കോലുമിട്ടായി  നീട്ടികൊണ്ട്
 " ഇത് ഹേമകുഞ്ഞിനാട്ടോ.  വീണാലും ത് മാത്രം പോക്കറ്റിന് പോയില്ല " എന്ന് പറയുന്ന ആ നിഷ്ക്കളങ്കതയ്ക്ക് മുന്നിൽ എന്ത് പറയണമെന്ന് അറിയാതെ അവന്റെ ദേഹത്തെ ചോരപ്പാടുകളിലേക്ക് നോക്കി മിഴിച്ചു നിന്നു അവൾ. 

  കാര്യം എന്താണെന്ന് മനസ്സിലായില്ലെങ്കിലും അവൾ അവൻ നീട്ടിയ കോലുമിട്ടായി കയ്യിൽ വാങ്ങുമ്പോൾ സങ്കടത്തോടെ അവന്റെ അവസ്ഥയെ നോക്കികൊണ്ട് പറയുന്നുണ്ടായിരുന്നു 
" ശങ്കരേട്ടൻ വാ... ആ മുറിവൊക്കെ കഴുകി മരുന്ന് വെക്കാം.. ഞാൻ ചൂടുവെള്ളം ഉണ്ടാക്കാ " എന്ന്. 

അതും പറഞ്ഞ് അടുക്കളയിലേക്ക് ഓടുന്ന അവളെ നോക്കികൊണ്ട് അമ്മ അവന്റെ കൈ പിടിച്ചു മെല്ലെ അകത്തേക്ക് നടത്തി. 

ഉമ്മറത്തേക്ക് കയറുമ്പോൾ കസേരയിൽ കിടന്നിരുന്ന ദിവാകരൻ ശങ്കരന്റെ മുഖം കണ്ടപ്പോഴേ ചിറി കൂട്ടിക്കൊണ്ട് പുച്ഛഭാവത്തോടെ ഒന്ന് നോക്കി, 
 "ആഹാ.. വന്നല്ലോ അമ്മേടെ സീമന്തപുത്രൻ. എവിടെ പോയി കിടക്കയിരുന്നെടാ നീ... രാവിലെ ഒരുങ്ങിക്കെട്ടി പോയതാണല്ലോ. നീ അരി ഉണ്ടാക്കിയിട്ടാണോ കൊണ്ട് വരുന്നത്. നേരം നോക്കാതെ കേറി വന്നിരിക്കുന്നു മുടിക്കാൻ ഉണ്ടായവൻ " 

  കസേരയിൽ കിടന്ന് കൊണ്ട് തന്നെ പുച്ഛത്തോടെ സംസാരിക്കുന്ന ഭർത്താവിനെ ശാരദ ദേഷ്യത്തോടെ നോക്കുമ്പോൾ പുറത്ത് വന്ന വാക്കുകൾ അത്രയും സങ്കടത്തിൽ കുതിർന്നതായിരുന്നു. 

   " നിങ്ങൾക്ക് ഇത് എന്തിന്റെ കേടാണ്. ന്റെ കുട്ടി വീണ് കാലൊക്കെ മുറിഞ്ഞു വയ്യാതെ കേറി വരുമ്പോഴെങ്കിലും ഇങ്ങനെ കുറ്റം പറഞ്ഞ് പ്രാകാത്തിരുന്നൂടെ. എന്തൊരു ജന്മ നിങ്ങടെ " 
 എന്നും പറഞ്ഞ് തലയിൽ കൈ വെക്കുമ്പോൾ  കസേരയിൽ നിന്ന് എഴുനേൽക്കാൻ ശ്രമിച്ചുകൊണ്ട് ദിവാകരൻ പുച്ഛം കലർന്ന ഭാഷയിൽ രണ്ട് പേരെയും നോക്കി ഇരുത്തി മൂളികൊണ്ട് പറഞ്ഞു 
   " എന്റെ അല്ലേടി,  നിന്റെ മോനോട് ചോദിക്ക് എന്തൊരു ജന്മമാ നീയെന്ന്. കണ്ടിടത് കിടന്ന് നിരങ്ങി വീണ് കേറി വന്നിരിക്കുന്നു. കയ്യിലുണ്ടായിരുന്ന അരിയും കളഞ്ഞിട്ടുണ്ടാകും മുടിക്കാൻ ഉണ്ടായവൻ 
.. ഒരാഴ്ക്കുള്ള അരി നശിപ്പിച്ചപ്പോൾ തൃപ്തി ആയില്ലേടാ പൊട്ടാ നിനക്ക്. എന്തൊരു ജന്മമ ഇത്.  ഒന്നിനും കൊള്ളാത്ത ഒരു കടിഞ്ഞൂൽപൊട്ടൻ.. ത്ഫൂ... " എന്ന് നീട്ടി തുപ്പൂകക്കൂടി ചെയ്യുമ്പോൾ ശങ്കരൻ അച്ഛനെ നോക്കി സങ്കടത്തോടെ പറയുന്നുണ്ടായിരുന്നു 

  " ന്തിനാ അച്ഛാ ന്നേ ങ്ങനെ വിളിക്കുന്നെ.. ഞാനും അച്ഛന്റെ മോൻ അല്ലെ...   
        അല്ലെങ്കിൽ അച്ഛൻ വിളിച്ചോ.... അച്ഛൻ പൊട്ടാ എന്ന് വിളിക്കാണേലും ന്നേ ഒന്ന് നോക്കുമ്പോൾ സന്തോഷാ.. അങ്ങനേലും  ന്നേ ഒന്ന് നോക്കൂലോ. പൊട്ടാന് വിളിക്കാൻ ആണേലും ന്നോട് ഒന്ന് സംസാരിക്കൂലോ..  ഞാൻ പൊട്ടനല്ലേ.. കടിഞ്ഞൂൽപൊട്ടൻ... " അതും പറഞ്ഞ്  നിറഞ്ഞ കണ്ണുകലും ഒലിച്ചിറങ്ങിയ മൂക്കും തുടച്ചു അകത്തേക്ക് നടക്കുമ്പോൾ  
അവൻ ചിരിയോടെ അമ്മയോട് ചോദിക്കുന്നുണ്ടായിരുന്നു   " കഞ്ഞിവെള്ളം ഉണ്ടോ അമ്മേ... വല്ലാതെ വിശക്കുന്നു. " എന്ന്. 

          ---------------------------------------------

ദിവസങ്ങള്  എത്ര പെട്ടന്നാണ് ഓടിമറയുന്നത്. 
   ഹേമ വന്നതിൽ പിന്നെ വീട്ടിൽ ഒരുപാട് മാറ്റങ്ങൾ വന്ന് തുടങ്ങിയിരുന്നു. 
വീട്ടിലെ ഒരു വിളക്ക് പോലെ അവൾ കത്താൻ തുടങ്ങിയപ്പോൾ സ്വയം ഇരുട്ടത്താണ് അവളും അവളുടെ മനസ്സുമെന്ന് മനസ്സിലാക്കിയത് അമ്മ മാത്രമായിരുന്നു.
 
   വയസ്സ് ശരീരത്തെ തളർത്തിത്തുടങ്ങിയ അമ്മക്ക് വലിയ ഒരു ആശ്വാസമായി അവൾ മാറുമ്പോൾ അതുപോലെ വലിയ ഒരു ദുഃഖവുമായിരുന്നു ഹേമ. 
   അവളുടെ ആ  അവസ്ഥ ഓർത്തു ദുഃഖിക്കുമ്പോൾ ഇടക്കൊക്കെ  അമ്മ വേദനയോടെ പറയാറുണ്ട് 
"  മോള് രക്ഷപ്പെട്ടോ ഈ നരകത്തിൽ നിന്ന്. 
ഇതുവരെ ഭാര്യയായി ജീവിക്കാൻ കഴിയാത്ത നീ ഇവിടെ ങ്ങനെ ഒരു വേലക്കാരിയെ പോലെ കഷ്ട്ടപ്പെടാതെ പൊക്കോ. 
തെറ്റ് ചെയ്തത് ഞങ്ങളാ...  പെണ്ണ് കെട്ടിയാൽ അവൻ മാറുമെന്ന് അതിയാൻ പറഞ്ഞപ്പോൾ അമ്മയും വിശ്വസിച്ചുപോയി. പക്ഷേ....  
       എല്ലാം തികഞ്ഞവൻ ആണെന്ന് പറയുമ്പോഴും സ്നേഹിക്കാനും മനുഷ്യനെ മനസ്സിലാക്കാനും ഉള്ള കഴിവ് മാത്രം ദൈവം അവന് കൊടുത്തില്ല.. 
  ആ കഴിവെല്ലാം  ദൈവം കൊടുത്തത് ശങ്കരനാ.. പക്ഷേ പറഞ്ഞിട്ടെന്താ... "
എന്നും പറഞ്ഞ് നെടുവീർപ്പിടുന്ന അമ്മയെ സമാധാനിപ്പിക്കാനെന്നോണം ആ കൈ പിടിച്ചുകൊണ്ട് ഹേമ അരികിൽ ഇരിന്നു. 

  " എനിക്ക് ഒരു വിഷമോം ഇല്ല അമ്മേ... എനിക്ക് സ്വന്തമെന്ന് പറയാൻ ആകെ ഉള്ളത് അച്ഛൻ മാത്രമാണ്. ഒരു ഏട്ടൻ  ഉണ്ടായിരുന്നത് ചെറുപ്പത്തിൽ എങ്ങോട്ടോ പോയതാ. പിന്നെ ഒരിക്കലും തിരികെ വന്നിട്ടില്ല. 
   പലരോടും കടം വാങ്ങിയും ഉള്ളതെല്ലാം വിറ്റുപെറുക്കിയുമാണ് അച്ഛൻ ഈ കല്യാണം നടത്തിയത്. മകളെങ്കിലും രക്ഷപ്പെട്ടുകാണാൻ. ആ ഞാൻ എല്ലാം ഇട്ടെറിഞ്ഞു വീണ്ടും അങ്ങോട്ട് ചെന്നാൽ.... 
    വേണ്ട അമ്മേ... അച്ഛനെങ്കിലും സമാധാനത്തോടെ ഉറങ്ങിക്കോട്ടെ മകൾക്ക് സുഖം ആണെന്ന് കരുതി. 
     എനിക്ക് വിശ്വാസം ഉണ്ട് സതീശേട്ടൻ മാറും. ഇന്നല്ലെങ്കിൽ നാളെ... അതൊരു വിശ്വാസമാ.. ഈ താലിയോടുള്ള വിശ്വാസം.. ഭർത്താവിനോടൊത്തു നല്ലൊരു ജീവിതം സ്വപ്നം കണ്ട് ഇറങ്ങിത്തിരിച്ച ഒരു പെണ്ണിന്റ വിശ്വാസം.. 
     ഒരു സങ്കടം തരുമ്പോൾ അതുപോലെ ഒരു സന്തോഷവും ദൈവം ഈ ജീവിതത്തിൽ കണ്ടുവെച്ചിട്ടുണ്ടാകും എന്ന വിശ്വാസം.. ! "

അത് പറയുമ്പോൾ അവളുടെ കണ്ണുകളിൽ വല്ലാത്തൊരു തിളക്കമുണ്ടായിരുന്നു. 
     ജീവിതത്തിൽ എത്രയൊക്കെ തോറ്റാലും ജയിക്കുന്ന ഒരു ദിവസം ഉണ്ടെന്ന് ഉറച്ചു വിശ്വസിക്കുന്ന ഒരുവളിലെ ദൃഢതയുണ്ടായിരുന്നു വാക്കുകളിൽ. !

    അവളുടെ വാക്കുകളിൽ തുടിക്കുന്ന ആത്മവിശ്വാസത്തെ വല്ലാത്തൊരു അത്ഭുതത്തോടെ ആയിരുന്നു ആ അമ്മ നോക്കിക്കണ്ടത്.  
  " എല്ലാം ശരിയാകാൻ പ്രാർത്ഥിക്കാം മോളെ " എന്നും പറഞ്ഞ് നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് അവളുടെ മുഖത്തേക്ക് നോക്കി ചിരിക്കുമ്പോൾ അമ്മ ഓർമ്മിപ്പിക്കുംപോലെ  പറയുന്നുണ്ടായിരുന്നു 
 " മോളെ ചോറിന് കൊണ്ടോവാൻ എന്തേലും വേഗം ഉണ്ടാക്ക്. ശങ്കരന് പണിക് പോവേണ്ടതല്ലേ " എന്ന്. 

  അമ്മയുടെ വാക്കുകൾക്ക് മുന്നിൽ തലയാട്ടികൊണ്ട് അവൾ വേഗം അടുക്കളപ്പണിയിൽ മുഴുകുമ്പോൾ  ബെഡ്‌റൂമിൽ  ഇന്നലെ അടിച്ചതിന്റെ ഹാങ്ങോവർ മാറാൻ കയ്യിൽ കരുതിയ കുപ്പിയിൽ നിന്ന് വെള്ളം പോലും ചേർക്കാതെ വായിലേക്ക് കമിഴ്ത്തുകയായിരുന്നു സതീശൻ . 

     രാവിലെ ടേബിളിൽ കൊണ്ട് വെച്ചിരിക്കുന്ന കട്ടന്ചായയിലേക്ക് ഒന്ന് പുച്ഛത്തോടെ നോക്കി കയ്യിൽ കരുതിയ റം വായിലേക്ക് കമിഴ്ത്തി ബാത്‌റൂമിൽ കേറി കുളിയും കഴിഞ്ഞ് ഒരുങ്ങി പുറത്തേക്ക്  ഇറങ്ങുമ്പോൾ  ഇടവഴിയിൽ താഴെ ഇരുന്ന് കഞ്ഞി കുടിക്കുന്ന ശങ്കരന്റെ കണ്ട് പല്ലിറുണ്ണി  സതീശൻ. 
   " രാവിലെ എവിടെക്കേലും ഒന്നിറങ്ങുമ്പോൾ പൊട്ടനെ ആണല്ലോ കണി. ഇങ്ങനെ തിന്നാനായിട്ട് ഇരിക്കാതെ ഒന്ന് എണീറ്റ് പൊക്കൂടെ. ശവം. "
    എന്ന് ഈർഷ്യത്തോടെ പറഞ്ഞുകൊണ്ട്  അകത്തേക്ക് നോക്കി ഹേമയെ വിളിച്ചു. 
  " രാവിലെ വല്ലോം തിന്നാൻ ഉണ്ടേൽ എടുക്ക്. " ശങ്കരനോടുള്ള ദേഷ്യം വാക്കുകളിൽ പുറത്തേക് വരുമ്പോൾ അത്‌ കേട്ട് കൊണ്ട് പുറത്തേക്ക് വന്ന ഹേമ " കഞ്ഞി എടുക്കട്ടേ " എന്ന് ചോദിക്കുമ്പോൾ സതീശൻ അവളെ ഒന്ന് ഈർഷ്യത്തോടെ നോക്കികൊണ്ട് പറയുന്നുണ്ടായിരുന്നു, 

  "   എ ഒണക്ക കഞ്ഞി ദേ, ഇവടെ കൊടുക്ക്.. എത്ര കിട്ടിയാലും മതിയാവാത്ത പൊട്ടനെ ഈ ഒണക്കകഞ്ഞിയൊക്കെ പറ്റൂ. കണ്ടില്ലേ വെട്ടിവിഴുങ്ങുന്നത് " എന്നും പറഞ്ഞ് രൂക്ഷമായൊന്നു ശങ്കരനെ നോക്കികൊണ്ട് സതീശന് പുറത്തേക്ക് പോകുമ്പോൾ ശങ്കരന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. 

 ആ നിറഞ്ഞ കണ്ണുകൾ കുപ്പായത്തിൽ തുടച്ചുകൊണ്ട് പാതി കുടിച്ച കഞ്ഞി ബാക്കി വെച്ച് എഴുന്നേൽക്കുമ്പോൾ എല്ലാം കണ്ട് കൊണ്ട് നിൽക്കുന്ന ഹേമ അവനരികിലിരുന്നു. 

  " സാരമില്ല ശങ്കരേട്ടാ.. ഏട്ടൻ കഴിക്കൂ... സതീശേട്ടൻ പറഞ്ഞത് ന്റെ ശങ്കരേട്ടൻ കേൾക്കണ്ട..  ഏട്ടൻ വയറു നിറച്ചു കഴിച്ചാൽ മാത്രം നിറയുന്ന ഒരു വയറുണ്ട് ഇവിടെ.. അമ്മയുടെ. 
   ഇതറിഞ്ഞാൽ വിഷമിക്കുന്നത് ആ അമ്മയാ...   അതുകൊണ്ട് ഏട്ടൻ കഴിക്ക്. അപ്പഴേക്കും ഞാൻ കൊണ്ടുപോകാൻ ഉള്ളത് എടുത്ത്വെക്കാം. " എന്നും പറഞ്ഞ് ഒരു ചിരി സമ്മാനിച്ചുകൊണ്ട് എഴുന്നേൽക്കുമ്പോൾ  എന്തോ മറന്നത് എടുക്കാൻ തിരികെ കേറി വന്ന സതീശൻ അതെല്ലാം കണ്ടുകൊണ്ട് പുച്ഛത്തോടെ അവളെ നോക്കി പറയുന്നുണ്ടായിരുന്നു 
  " എന്തിനാടി സമാധാനിപ്പിക്കാൻ മാത്രം നിൽക്കുന്നെ? 
 അടുത്തിരുത്തി വാരി ഊട്ട്. 
    പൊട്ടന് നിറയട്ടെ പള്ള." എന്നും പറഞ്ഞ് റൂമിലേക്ക് കേറി എന്തോ എടുത്തുകൊണ്ടു പുറത്തേക്ക് ഇറങ്ങുമ്പോൾ  മുഴുവനാക്കാതെ ഇരിക്കുന്ന കഞ്ഞിപാത്രത്തിനു മുന്നിൽ ശങ്കരൻ ഇല്ലായിരുന്നു. 
           " പൊട്ടൻ എണീറ്റ് പോയോ മതിയാക്കി  " എന്നും ചിന്തിച്ചുകൊണ്ട്  അനാഥമായിരിക്കുന്ന പാതി കഞ്ഞി നിറഞ്ഞ പ്ളേറ്റിലേക്ക് നോക്കുമ്പോൾ സതീശന്റെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു.. 
     അതോടൊപ്പം  കയ്യിലിരിക്കുന്ന കുപ്പിയിൽ നിന്നും രണ്ട് തുളളി ആ കഞ്ഞിയിലേക്ക് ഇറ്റിച്ച് കുപ്പി വേഗം അരയിലേക്ക് തിരുകി അവൻ. 

   പിന്നെ നാലുപാടും നോക്കി ആരും കണ്ടില്ലെന്ന് ഉറപ്പ് വരുത്തുമ്പോൾ നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് മുഖം കഴുകി വരുന്ന ശങ്കരനെ അവിടെ പിടിച്ചുനിർത്തി  സതീശൻ ഗൗരവത്തോടെ അവന്റ മുഖത്തേക്ക് നോക്കി.    

പിന്നെ അമർഷത്തോടെ  "  തനിക്ക് വേണ്ടെങ്കിൽ എന്തിനാ ഇത്രേം കഞ്ഞി എടുത്ത് വെസ്റ്റ് ആക്കുന്നത്. വേണ്ടത് എടുത്താൽ പോരെ. പൊട്ടന് കണ്ണിനാ വിശപ്പ്.  വെറുതെ കയ്യിട്ട് വാരിയിട്ട് പിന്നെ നിന്റെ മറ്റവൾ വന്ന് കഴിക്കോ ഇത്?  ഇനി പൊട്ടൻ അത്‌ മുഴുവൻ കഴിച്ചിട്ട് പോയാൽ മതി. ഇരുന്ന് കഴിക്ക് അത്‌ മുഴുവൻ " എന്നും  പറഞ്ഞ് ബാക്കി വന്ന കഞ്ഞിക്കു മുന്നിൽ പിടിച്ചിരിത്തുമ്പോൾ   " നിക്ക് മതിയായിട്ടാ അനിയൻകുട്ടാ " എന്ന് നിറകണ്ണുകളോടെ കൊഞ്ചി കെഞ്ചി  പറയുന്നുണ്ടായിരുന്നു ശങ്കരൻ. 

   പക്ഷേ അതൊന്നും ചെവികൊള്ളാതെ  അത്‌ കഴിക്കാൻ വേണ്ടി വാശിപിടിക്കുന്ന സതീശന് മുന്നിൽ പേടിയോടെ  കണ്ണുനീർ തുള്ളികൾ വീണ് പിടയുന്ന ആ കഞ്ഞിയിലേക്ക്  മനസ്സില്ലാമനസ്സോടെ വീണ്ടും കയ്യിട്ടു ശങ്കരൻ. 
  
  അത്‌ കണ്ട് കൊണ്ട് ഹാളിലേക്ക് നടക്കുന്ന സതീശന്റെ  ചുണ്ടുകളിൽ അപ്പോൾ ഗൂഢമായ ഒരു പുഞ്ചിരി ഉണ്ടായിരുന്നു. 

    
     #പൊട്ടൻ  :   5
 -----------------

പക്ഷേ അതൊന്നും ചെവികൊള്ളാതെ  അത്‌ കഴിക്കാൻ വേണ്ടി വാശിപിടിക്കുന്ന സതീശന് മുന്നിൽ പേടിയോടെ  കണ്ണുനീർ തുള്ളികൾ വീണ് പിടയുന്ന ആ കഞ്ഞിയിലേക്ക്  മനസ്സില്ലാമനസ്സോടെ വീണ്ടും കയ്യിട്ടു ശങ്കരൻ. 
  
  അത്‌ കണ്ട് കൊണ്ട് ഹാളിലേക്ക് നടക്കുന്ന സതീശന്റെ  ചുണ്ടുകളിൽ അപ്പോൾ ഗൂഢമായ ഒരു പുഞ്ചിരി ഉണ്ടായിരുന്നു. 

       കഞ്ഞിയിൽ  കൈ പരതികൊണ്ടിരിക്കവേ വേണ്ടെന്ന് വ്യക്തമാക്കുന്ന മുഖഭാവത്തോടെ സതീശൻ പോയ വഴിക്ക് ഇടക്കിടെ നോക്കുമ്പോൾ ഇനിയും ചീത്ത പറയുമോ അവൻ എന്ന ഭയം ശങ്കരനെ വല്ലാതെ വീർപ്പുമുട്ടിക്കുന്നുണ്ടായിരുന്നു. 
    അതുകൊണ്ട് തന്നെ വിശപ്പ് കെട്ട വയറിലേക്ക് കൈ മുക്കിയ കഞ്ഞിയിൽ നിന്നും പരതിയെടുത്ത വറ്റ് ആർക്കോ വേണ്ടിയെന്ന പോലെ കഴിക്കാൻ തുടങ്ങുമ്പോൾ ആയിരുന്നു തൊടിയിലേക്ക് പോയ അമ്മ കയ്യും മുഖവും തുടച്ചുകൊണ്ട് അകത്തേക്ക് കയറിയത്. 

    " മോളെ ശങ്കരൻ പോയോ "എന്നും ചോദിച്ച് അകത്തേക്ക് വരുമ്പോൾ കഞ്ഞിക്കു മുന്നിൽ കരഞ്ഞിരിക്കുന്ന ശങ്കരനെയാണ് കണ്ടത്. 
 അത്‌ കണ്ട പാടെ " നീ എന്താ ഇതുവരെ പോയില്ലേ " എന്ന് ചോദിച്ചുകൊണ്ട്  വല്ലായ്മയോടെ അവനരികിലേക്ക് ഓടിയെത്തുമ്പോൾ കഞ്ഞിയിൽ നിന്നും കിട്ടിയ വറ്റ് വായിലേക്ക് വെക്കാൻ തുടങ്ങുകയായിരുന്നു ശങ്കരൻ. 

    " ന്ത്‌ പറ്റി മോനെ.. ന്തിനാ നീ ഇങ്ങനെ ഇരിക്കുന്നെ..  കഞ്ഞിക്കു മുന്നിൽ ഇരുന്ന് കരയരുതെന്ന് പറയാറില്ലേ അമ്മ " എന്ന് ചോദ്യം കേട്ട് തല ഉയർത്തുമ്പോൾ അവന്റെ കരഞ്ഞുകലങ്ങിയ കണ്ണുകളിൽ വല്ലാത്തൊരു തിളക്കമുണ്ടായിരുന്നു. 
  അത്ര നേരം ഉണ്ടായിരുന്ന സങ്കടത്തിൽ നിന്നും കരകയറാൻ ഒരു പിടിവള്ളി കിട്ടിയ പോലെ അവൻ വായിലേക്ക് കൊണ്ടുപോയ വറ്റ്  കഞ്ഞിയിലേക്ക് തന്ന് ഇട്ട് അമ്മയെ ദയനീയമായി നോക്കുമ്പോൾ  വിക്കി വിക്കി പറയുന്നുണ്ടായിരുന്നു " നിക്ക് വയർ നല്ലോണം നെറഞ്ഞതാ അമ്മേ.. ന്നിട്ടും ന്നേ പിന്നേം പിടിച്ചിരിത്യേക്യാ അവൻ.. നിക്ക് വേണ്ടാന്ന് പറഞ്ഞിട്ടും... 
സത്യായിട്ടും നിക്ക് വേണ്ടാത്തോണ്ടാ അമ്മേ.. ഇനീം കഴിച്ചാ ന്റെ വയർ പൊട്ടിപോവും... 
     അതോണ്ട് അമ്മ ഒന്ന് പറയോ അനിയൻകുട്ടനോട് നിക്ക് വേണ്ടാത്തൊണ്ടാന്ന്. 
     ഹേമകുഞ്ഞ് കുട്ടന് കൊട്ത്ത കഞ്ഞി കൂടി ന്റെ പിഞ്ഞാണത്തിൽ ഇട്ട് ന്നോട്  കഴിച്ചോളാൻ പറഞ്ഞത് സ്നേഹം കൊണ്ടാവും ല്ലേ അമ്മേ. 
 ന്നേ ന്തോരം തല്ലീതാ ചെക്കൻ. 
   പക്ഷേ, സ്നേഹോണ്ട്. അതോണ്ടല്ലേ ന്നേ കുറെ വഴക്ക് പറഞ്ഞാലും കുട്ടൻ കഴിക്കണ കഞ്ഞി നിക്ക് തന്ന് നിർബന്ധിക്കണെ കൈക്കാൻ. 
   
ന്നാലും നിക്ക് വേണ്ട അമ്മേ.  സത്യായിട്ടും വയർ നിറഞ്ഞിരിക്കാ " എന്നും പറഞ്ഞ് ഷർട്ട് പൊക്ക വയർ  കാണിക്കുമ്പോൾ  അമ്മ അവന്റെ കഞ്ഞിപ്പാത്രം മുന്നിൽ നിന്നും മാറ്റിക്കൊണ്ട് പറയുന്നുണ്ടായിരുന്നു " വേണ്ടെങ്കിൽ ന്റെ കുട്ടി കഴിക്കണ്ട.. ഇനീം ഇതിന്റെ മുന്നിൽ ഇരുന്ന് കരയാതെ എണീറ്റു കൈ കഴുകി പണിക്ക് പോകാൻ നോക്ക്.. അല്ലെങ്കിൽ ഇനി മുതലാളിയുടെ വഴക്ക് കൂടി കേൾക്കേണ്ടി വരും കുട്ടിക്ക്. 
   ഈ കഞ്ഞി അമ്മ കുടിച്ചോളാ. മക്കള് എണീറ്റോ" എന്ന്. 
    അതും പറഞ്ഞ് മുന്നിലെ കഞ്ഞി മാറ്റി ശങ്കരനെ എഴുനേൽപ്പിക്കുമ്പോൾ ശങ്കരൻ കഞ്ഞി കുടിക്കാൻ തുടങ്ങുന്നതും നോക്കി ഹാളിൽ  പ്രതീക്ഷയോടെ നിന്നിരുന്ന സതീശൻ അമ്മയുടെ കടന്നുവരവും അമ്മ പറഞ്ഞ വാക്കുകളും കേട്ട് ഞെട്ടി. 

   "   ഇനി ആ കഞ്ഞി തള്ള കുടിച്ചാൽ തള്ള തട്ടിപോകുമല്ലോ " എന്ന് മനസ്സിൽ ചിന്തിച്ചുകൊണ്ട് വേഗം അവർക്കരികിലേക്ക് നടക്കുമ്പോൾ ഉള്ളിൽ നുരഞ്ഞുപൊന്തുന്ന ദേഷ്യം      അവന്റെ മുഖത്തു നിന്ന് വായിച്ചെടുക്കാമായിരുന്നു. 

   " നിങ്ങൾക്കിത് എന്തിന്റെ കേടാണ്. അവന് കുടിക്കാൻ കൊടുത്ത കഞ്ഞി കുടിച്ചാലേ നിങ്ങൾക്ക് ഇറങ്ങത്തുള്ളോ? 
   പൊട്ടൻ കയ്യിട്ടളിമ്പിയ കഞ്ഞി തന്നെ വേണം അല്ലെ. അല്ലാതെ അടുക്കളയിൽ നല്ല കഞ്ഞി ഇല്ലാഞ്ഞിട്ടല്ല. " എന്നും പറഞ്ഞ് ദേഷ്യത്തോടെ നിൽക്കുന്ന സതീശനെ ഒന്ന് പുച്ഛത്തോടെ നോക്കി അമ്മ ആ കഞ്ഞിപ്പാത്രം കയ്യിലെടുത്തുകൊണ്ട് പറയുന്നുണ്ടായിരുന്നു " ഇവൻ കുടിച്ച പാത്രത്തിൽ നിന്ന് കുടിക്കാതിരിക്കാൻ മാത്രം ഇവന് കുഷ്ടം ഒന്നുമില്ലല്ലോ. അതൊക്കെ ഉള്ളത് നിന്റെയൊക്കെ മനസ്സിലാ. ഇവൻ കയ്യിട്ട് വാരിത്തന്ന കഞ്ഞി കുറെ നീയും കുടിച്ചിട്ടുണ്ട് ഒരു കാലത്ത്. അന്ന് അവൻ പോലും കഴിക്കാതെ അനിയൻകുട്ടൻ കഴിക്കട്ടെ എന്നും പറഞ്ഞ് വാരിത്തന്നത് കൊണ്ടാണ് ഇന്നിപ്പോൾ അവനെ ഉപദ്രവിക്കാനും മാത്രം നീ വളർന്നത്. 
  അതുകൊണ്ട് ന്റെ മോൻ കയ്യിട്ടളിമ്പിയ കഞ്ഞിയെ  പുച്ഛത്തോടെ കാണാതെ വേണേൽ പോയി കുടിച്ചോ.. കുടിക്കുമ്പോൾ ഒന്നോർക്കണം,  അതും ഇവൻ കഷ്ടപ്പെട്ട് കൊണ്ടുവന്ന അരികൊണ്ട് ഉണ്ടാക്കിയതാണെന്ന്.  എനിക്കിപ്പോ ന്റെ കുട്ടി കയ്യിട്ട കഞ്ഞി ആയാലും മതി. " എന്നും പറഞ്ഞ് അവന് നേരെ പുച്ഛത്തോടെ ഒന്ന് ചിരിച്ചുകൊണ്ട് ആ പിഞ്ഞാണം മുഖത്തേക്ക് അടുപ്പിക്കുമ്പോൾ സതീശനിൽ ഒരു ഉള്ളിടിവെട്ടി. 

  ആ കഞ്ഞി അകത്തു ചെന്നാൽ എന്താണ് സംഭവിക്കുക എന്ന് അറിയാവുന്നത് കൊണ്ട് തന്നെ അവൻ ഈർഷ്യത്തോടെ ആ കഞ്ഞി അമ്മയിൽ നിന്നും തട്ടിത്തെറിപ്പിച്ചുകൊണ്ട് എല്ലാം  കണ്ട് നടുങ്ങി നിൽക്കുന്ന ശങ്കരനെ ഒന്ന് തറപ്പിച്ചു നോക്കി വേഗം പുറത്തേക്ക് നടക്കുമ്പോൾ ദേഹത്തും നിലത്തുമായി വീണ കഞ്ഞി തൂത്തു കൊണ്ട് അമ്മ തലയിൽ കൈ വെച്ചു പറയുന്നുണ്ടായിരുന്നു 
  "ഈശ്വരാ.. ഇങ്ങനെ ഒരു അസുരവിത്ത്‌ എന്റെ വയറ്റിൽ തന്നെ വന്ന് പിറന്നല്ലോ " എന്ന്. 

       അതേ സമയം സതീശന്റെ ആ പ്രകടനത്തിന്റെ നടുക്കം വിട്ടുമാറിയ ശങ്കരൻ വേഗം ഉടുത്ത മുണ്ട് കൊണ്ട് അമ്മയുടെ ദേഹത്തു വീണ കഞ്ഞിവെള്ളം തുടക്കാൻ സഹായിക്കുമ്പോൾ " അമ്മക്ക് നൊന്തോ " എന്ന് ചോദിക്കുന്ന അവന്റ മുടിയിലൂടെ ഒന്ന് തലോടി അമ്മ. 

   "  സാരമില്ല മോനെ... മക്കള് വേഗം പണിക്ക് പോവാൻ നോക്ക്. ഇതൊക്കെ അമ്മ തുടച്ചോളാ എന്ന് പറയുമ്പോൾ പുറത്ത് പ്ളേറ്റ് നിലത്തേക്ക് വീഴുന്ന ശബ്ദം കേട്ടായിരുന്നു അടുക്കളയിൽ നിന്നും ഹേമ പുറത്തേക്ക് വന്നത്. കൂടെ ശങ്കരന് കൊണ്ടുപോകാനുള്ള ചോറ് പൊതിയും കയ്യിൽ കരുതിയിരുന്നു. 

   നിലത്തും അമ്മയുടെ ദേഹത്തും വീണ് കിടക്കുന്ന കഞ്ഞിവെള്ളവും വറ്റും കണ്ടപ്പോൾ തന്നെ അവിടെ അരുതാത്തതെന്തോ സംഭവിച്ചിട്ടുണ്ടെന്ന് മനസ്സിലായി ഹേമക്ക്. അതുകൊണ്ട് തന്നെ വേഗം അമ്മക്ക് അരികിലെത്തി ചോറുപൊതി മേശപ്പുറത്തു വെച്ച് " ഇതെന്താ പറ്റിയെ അമ്മേ " എന്നും ചോദിച്ചുകൊണ്ട് അമ്മയുടെ ദേഹത്തു പറ്റിയ വറ്റ് തട്ടിക്കളയാൻ തുടങ്ങി അവളും.

    " ഏയ്യ്. പെറ്റ വയറിനു സന്തോഷം സന്തോഷം നൽകി പോയതാ ന്റെ മോൻ. " എന്നും പറഞ്ഞ് ചിരിക്കാൻ ശ്രമിക്കുമ്പോൾ ചിരിയോടൊപ്പം ഒഴുകിയത് കണ്ണുകളായിരുന്നു. 
  പെട്ടന്ന് തന്നെ  കണ്ണുകൾ തുടച്ചുകൊണ്ട്  " നീ വേം പൊക്കോ " എന്നും പറഞ്ഞ് മേശപ്പുറത്തിരിക്കുന്ന ചോറുപൊതി ശങ്കരന് നേരെ നീട്ടുമ്പോൾ അത്‌ വാങ്ങുന്ന ശങ്കരന് വിഷമത്തോടെ പറയുന്നുണ്ടായിരുന്നു " അമ്മ ങ്ങനെ കരഞ്ഞാൽ ങ്ങനാ ശങ്കരൻ പോവാ " എന്ന്. 

   " അതോണ്ട് അമ്മ ചിരിച്ചാലേ ഞാൻ പോവൂ " എന്നും പറഞ്ഞ് ശാട്യം പിടിക്കുന്ന അവന്റെ കവിളിൽ ഒന്ന് തൊട്ടു തഴുകിക്കൊണ്ട് അമ്മ അവന്റെ മുഖത്തേക്ക് നോക്കി ചിരിയോടെ പറഞ്ഞു  " അമ്മ ഇനി കരയില്ല.. മോൻ പൊക്കോ... " എന്ന്. 

അത്‌ കണ്ട് സന്തോഷത്തോടെ കവറും കയ്യിൽ പിടിച്ച് ചാടിക്കളിച്ചുകൊണ്ട് പുറത്തേക്ക് പോകുമ്പോൾ  ഒന്ന് തിരിഞ്ഞുനോക്കി അവൻ. 
എന്നിട്ട് പൊട്ടിചിരിച്ചുകൊണ്ട് "വൈകീട്ട് വരുമ്പോൾ ഹേമകുഞ്ഞിനു ഞാൻ ഒരൂട്ടം കൊണ്ടൊരാട്ടോ " എന്നും പറഞ്ഞു പുറത്തേക്ക് ഓടുമ്പോൾ  എന്താണെന്ന് അറിയാതെ  ആശ്ചര്യത്തോടെ പരസ്പ്പരം നോക്കി ഹേമയും അമ്മയും. 

  കൊണ്ടുവരാൻ പോകുന്നത് എന്തായാലും ആ നിഷ്ക്കളങ്കമായ സ്നേഹത്തിനു മുന്നിൽ അവൾ മനസ്സ് നിറഞ്ഞ് നിൽകുമ്പോൾ  ഇതുവരെ ഒന്നും വേണോ എന്ന് പോലും ചോദിക്കാത്ത സതീശന്റെ മുഖം കൂടി അവളുടെ മനസ്സിലൂടെ ഓടിനടന്നു. 

   അപ്പോഴെല്ലാം അവളുടെ മനസ്സിൽചോദ്യം ഒന്നുമാത്രമായിരുന്നു. 
   " ശരിക്കും ആർക്കാണ് ബുദ്ധിക്കുറവുള്ളത്. ! ആരാണ് ശരിക്കും പൊട്ടൻ ! 

  എല്ലാം കണ്ടറിഞ്ഞു ചെയ്യുന്ന,  സ്വയം ജീവനേക്കാൾ ഏറെ മറ്റുള്ളവരെ സ്നേഹിക്കാൻ മനസ്സ് കാട്ടുന്ന ശങ്കരേട്ടനോ അതോ 
സ്വന്തം ജീവിതം സ്വയം നശിപ്പിക്കുന്ന സതീശേട്ടനോ " എന്ന്. 

       ----------------------------------------------

   ശങ്കരനെ ഇല്ലാതാക്കൻ പല വഴികളും തിരഞ്ഞെടുക്കുമ്പോൾ അതെല്ലാം പൊലിഞ്ഞുപോകുന്നതിന്റെ  ഈർഷ്യ അവനെ വല്ലാതെ പിടിമുറുക്കിയിരുന്നു. 
 എങ്ങനെയെങ്കിലും ആ ശല്യം ഒഴിവാക്കണം എന്ന ചിന്തയോടെ ഓരോ രാവും പകലും തള്ളി നീക്കുമ്പോൾ അവന്റെ ദേഷ്യം മുഴുവൻ വാക്കുകൾ കൊണ്ട് തീർത്തതും ശങ്കരനിൽ തന്നെ ആയിരുന്നു. എല്ലാം കേട്ട് ഒന്നും മിണ്ടാതെ നിൽക്കുമ്പോഴും ഇടക്കൊക്കെ വിഷമത്തോടെ അവൻ പറയാറുണ്ട് " അനിയൻകുട്ടാ.. ഏട്ടനല്ലേടാ ഞാൻ " എന്ന്. 
  അത്‌ കേൾക്കുമ്പോൾ തന്നെ പുച്ഛത്തോടെ ഒന്ന് നീട്ടിതുപ്പും സതീശൻ " ഒരു ഏട്ടൻ വന്നിരിക്കുന്നു. പൊട്ടൻ " എന്നും പറഞ്ഞ്. 

     അന്ന് ഡ്രസ്സ്‌ മാറി പുറത്തേക്കിറങ്ങാൻ തുടങ്ങുന്ന സതീശൻ ഹാളിലെത്തുമ്പോൾ ദിവാകരന് അരികിൽ നിൽക്കുന്ന ശാരദ  സതീശൻ വരുന്നത് കണ്ട് ഭർത്താവിനെ ഒന്ന് തോണ്ടിക്കൊണ്ട് " ചോദിക്കു " എന്ന അർത്ഥത്തിൽ കണ്ണുകൾ കൊണ്ട് കാണിക്കുന്നുണ്ടായിരുന്നു. 

    അത്‌ മനസിലായെന്ന പോലെ സതീശൻ അടുത്തെതെത്തിയപ്പോൾ ഒന്ന് മുരടനക്കി അയാൾ. പിന്നെ പതിയെ കസേരയിൽ നിന്നും എഴുനേൽക്കാൻ ശ്രമിച്ചുകൊണ്ട് പറയുന്നുണ്ടായിരുന്നു " സതീശാ.. എനിക്ക് നിന്നോട് കുറച്ച് സംസാരിക്കാൻ ഉണ്ടെന്ന് "

അത്‌ കേട്ട് താല്പര്യമില്ലാത്ത മട്ടിൽ അവൻ അച്ഛനെ ഒന്ന് നോക്കുമ്പോൾ അയാൾ ശാരദയെ ഒന്ന് നോക്കികൊണ്ട് അവനോടായി പറയുന്നുണ്ടായിരുന്നു, 

  " പറയാനുള്ളത് വേറൊന്നും അല്ല. നിന്റെ ഈ പൊക്ക് ശരിയല്ല സതീശാ.. വീട്ടിലേക്ക് നീ ഒന്നും ചെയ്യണ്ട. അത്‌ ആ പൊട്ടൻ എവിടുന്നേലും തെണ്ടി കൊണ്ടന്നോളും. പക്ഷേ, നിന്നെ വിശ്വസിച്ചു ഇറങ്ങി വന്ന ഒരു പെണ്ണുണ്ട് ഇവിടെ. 
  അവളുടെ കാര്യങ്ങൾക്കെങ്കിലും നീ കുറച്ച് ശ്രദ്ധ കൊടുക്കണം. 
   ഒന്നുല്ലെങ്കിൽ നിന്റെ ഭാര്യ അല്ലെ അവൾ. അതെങ്കിലും നീ ചിന്തിക്കണ്ടേ. 
പെണ്ണ് കെട്ടിയാൽ നന്നാകും എന്ന് കരുതിയ നിന്നെ കെട്ടിച്ചത്. പക്ഷേ...... 
 പെണ്ണ് കെട്ടിയാൽ പോറ്റാൻ കഴിയണം.  അല്ലെങ്കിൽ കെട്ടാൻ നിൽക്കരുതായിരുന്നു. " 

 പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയ സതീശൻ അച്ഛന്റെ വാക്കുകൾ കേട്ട്  തിരിയുമ്പോൾ  അവന്റ മുഖത്തൊരു പുച്ഛഭാവം ഉണ്ടായിരുന്നു. 
    അച്ഛന്റെ ഉപദേശം ഈഷ്ടപ്പെടാത്ത പോലെ അവൻ ആ വാക്കുകളെ പുച്ഛിച്ചു തള്ളുമ്പോൾ അയാൾക് മുന്നിൽ മുണ്ട് മടക്കുകുത്തികൊണ്ട് പറയുന്നുണ്ടായിരുന്നു 
  " എന്തോ.... എങ്ങനെ..... 
   പെണ്ണ് കെട്ടി പോറ്റിയ ഒരു തന്ത. നിങ്ങൾ ഈ തള്ളയെ കെട്ടി എന്നല്ലാതെ എന്ത് പോറ്റി എന്നാ ഈ പറഞ്ഞ് വരുന്നേ?  
  ഇവർ നിങ്ങളെ പോറ്റി എന്ന് പറ.
എന്നിട്ടാണിപ്പോ എന്നെ ഉപദേശിക്കാൻ വരുന്നത്. 

പിന്നെ ഞാൻ നിങ്ങളോട് എന്നെ പെണ്ണ് കെട്ടിക്കാൻ നിർബന്ധിച്ചിട്ടൊന്നും അല്ലല്ലോ നിങ്ങൾ കച്ചേ മുറുക്കി ഇറങ്ങിയത് പെണ്ണിനെ തിരയാൻ. ഞാൻ പറഞ്ഞോ നിങ്ങളോട് പെണ്ണ് കെട്ടിച്ചു തന്നാൽ ഞാൻ നന്നായിക്കോളാമെന്ന്?  
  അങ്ങനെ ഒരു വാലിൻതുമ്പിൽ കെട്ടിയിടാമെന്ന് കരുതിയെങ്കിൽ അതിന് സതീശനെ കിട്ടില്ല. കേട്ടല്ലോ " 
 എന്ന് അയാള്ക്ക് നേരെ ചീറിക്കൊണ്ട് പറയുന്ന അവന് നേരെ ദിവാകരൻ ദേഷ്യത്തോടെ തല്ലാൻ കൈ ഉയർത്തുമ്പോൾ ആ കയ്യിൽ കയറിപ്പിടിച്ചു അച്ഛനെ  പിന്നിലേക്ക് തള്ളി സതീശൻ. 
   " ദേ, വെറുതെ തന്തയാണെന്നും പറഞ്ഞ് കയ്യാങ്കളിക്ക് നിൽക്കല്ലേ.
ഉണ്ടാക്കിയാൽ പോരാ,  വളർത്താനും കഴിയണം. അപ്പഴേ തന്തയെ ഒക്കെ മക്കൾക്ക് വിലയുണ്ടാകൂ. ഇങ്ങനെ ഒക്കെ തന്നെ ഇത്ര കാലം നടന്ന് ഇപ്പോൾ വയ്യാണ്ടായപ്പോൾ വീട്ടിൽ കേറി ആ പൊട്ടൻ കൊണ്ടുവരുന്നതും നൽകിയിരുന്ന് എന്നെ ഉപദേശിക്കാൻ വന്നാലുണ്ടല്ലോ.  " എന്നും പറഞ്ഞ്  വാശിയോടെ നിൽക്കുന്ന അവനെ പേടിയോടെ ആണ് ശാരദ നോക്കിയത്. 

" നീ ഇത് എന്താടാ കാണിക്കുന്നത്,  ഒന്നുല്ലെങ്കിൽ നിന്നെ ജനിപ്പിച്ച ആളല്ലേ?  ഇങ്ങനെ കുരുത്തക്കേട് വാങ്ങിക്കൂട്ടി എന്തിനാടാ ഇങ്ങനെ ആർക്കും വേണ്ടാതെ ജീവിക്കുന്നത്.  "  എന്ന് ഭയത്തോടെ ആണെങ്കിലും  വാക്കുകളിൽ ധൈര്യം വരുത്തി ചോദിക്കുമ്പോൾ  അമ്മയെ ഒന്ന് രൂക്ഷമായി നോക്കി അവൻ. 

   "  ആ ജനിപ്പിച്ചതിന്റെ അധികാരം കാണിക്കൽ ആണ് ഇതെങ്കിൽ അത്‌ അത്‌ ഞാൻ നിർത്തിക്കാണിച്ചു തരാം ഇപ്പോൾ"  എന്നും പറഞ്ഞ് വർധിച്ചു ദേഷ്യത്തോടെ കസേരയിലേക്ക് വീണ അച്ഛന് നേരെ പാഞ്ഞടുക്കുമ്പോൾ  അപ്രതീക്ഷിതമായി  പിന്നിൽ നിന്നും കിട്ടിയ അടിയേറ്റ് സതീശൻ  മുന്നോട്ട് മറിഞ്ഞുവീണു. 

പെട്ടന്നുള്ള അടിയായത് കൊണ്ട് ബാലൻസ് തെററി വീഴുമ്പോൾ കസേരയിൽ ഇടിച്ച ചുണ്ടിൽ നിന്നും ചോര കിനിഞ്ഞു തുടങ്ങിയിരുന്നു. 
  
   അത്‌ കൂടി കണ്ടതോടെ നിലത്തു നിന്ന് വർദ്ധിച്ച ദേഷ്യത്തോടെ തന്നെ പിന്നിൽ നിന്നും വീഴ്ത്തിയവനെ തല്ലാനായി ചാടിയെഴുനേൽക്കുമ്പോൾ  അവന് മുന്നിൽ മുഖാമുഖം നിൽക്കുന്ന ആളെ കണ്ട് ഞെട്ടി സതീശൻ. 
  ആ ഞെട്ടലിൽ നിന്നും മാറും മുന്നേ മുഖമടച്ചു കിട്ടിയ അടുത്ത അടിയിൽ ലോകം തന്നെ കറങ്ങുന്നത് പോലെ തോന്നി സതീശന്. 
     അടിയുടെ ആഘാതത്തിൽ നിലത്തുറക്കാതെ ആടുന്ന കാലിൽ നിന്നും വഴുതി നിലത്തേക്ക് പാതിബോധം നിലച്ചു വീഴുമ്പോൾ അവന്റെ കണ്ണുകളിൽ ഭീതി പോലെ മുന്നിൽ നിൽക്കുന്ന മുഖം പാതി കരഞ്ഞുചിരിച്ചു നിൽപ്പുണ്ടായിരുന്നു. 
  
      അതേ സമയം മുന്നിൽ നടക്കുന്നത് എന്തെന്ന് വിശ്വസിക്കാൻ കഴിയാതെ അതേ ഞെട്ടലിൽ തന്നെ ആയിരുന്നു അപ്പോൾ ദിവാകരനും ശാരദയും. 
         
    #പൊട്ടൻ  :     6
------------------

അടിയുടെ ആഘാതത്തിൽ നിലത്തുറക്കാതെ ആടുന്ന കാലിൽ നിന്നും വഴുതി നിലത്തേക്ക് പാതിബോധം നിലച്ചു വീഴുമ്പോൾ അവന്റെ കണ്ണുകളിൽ ഭീതി പോലെ മുന്നിൽ നിൽക്കുന്ന മുഖം പാതി കരഞ്ഞുചിരിച്ചു നിൽപ്പുണ്ടായിരുന്നു. 
  
      അതേ സമയം മുന്നിൽ നടക്കുന്നത് എന്തെന്ന് വിശ്വസിക്കാൻ കഴിയാതെ അതേ ഞെട്ടലിൽ തന്നെ ആയിരുന്നു അപ്പോൾ ദിവാകരനും ശാരദയും. 
         
  ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു കാഴ്ച കണ്മുന്നിൽ കണ്ട പോലെ അവർ ആശ്ചര്യത്തോടെയും ഞെട്ടലോടെയും  നോകുമ്പോൾ  അപ്പുറത്തു വീണ് കിടക്കുന്ന സതീശൻ പതിയെ എഴുനേൽക്കാൻ ശ്രമിക്കുകയായിരുന്നു. 
  അതോടൊപ്പം മുന്നിൽ എന്തെന്ന് വെക്തമാകാത്ത പോലെ തരിപ്പ് കയറിയ തല കുടയുമ്പോൾ അവന്റെ കണ്ണുകൾക്ക് മുന്നിൽ അവ്യക്തചിത്രം പോലെ ആ മുഖം നിൽപ്പുണ്ടായിരുന്നു !

    " ശങ്കരൻ  ! "

    തലക്ക് വല്ലാത്തൊരു മരവിപ്പ്. 
തലയിൽ കൈ വെക്കുമ്പോൾ  മുഴുവൻ ബോധത്തിലേക്ക് എത്താതെ മനസ്സ് പറയുന്നിടത്തു ശരീരം അനുസരിക്കാൻ  മടിക്കവേ ആകമാനം കറങ്ങുന്ന പോലെ തോന്നി സതീശന്. 
    മുന്നിൽ ഉള്ളതെല്ലാം രണ്ടായിത്തോന്നുംപോലെ
 കണ്ണുകൾ കബളിപ്പിക്കുമ്പോൾ അവൻ ഒന്ന് രണ്ട് വട്ടം തല കുടഞ്ഞുകൊണ്ട് പിന്നെയും എഴുനേൽക്കാൻ ശ്രമിച്ചു. 
       
      ഇതുവരെ ഇങ്ങനെ ഒരു അടി ജീവിതത്തിൽ കിട്ടിയിട്ടില്ല,  എന്തൊരു അടിയായിരുന്നു പൊട്ടൻ അടിച്ചത് എന്നോർക്കുമ്പോൾ അതുവരെ തോന്നാത്ത ഒരു ഭയം അവന്റെ മനസ്സിനെ പിടികൂടിയിരുന്നു. 
   മുന്നേ ആരോ പറഞ്ഞിട്ടുണ്ട്  "  ഇങ്ങനെ ഉള്ള പൊട്ടമാർക്ക് ദൈവം അറിഞ്ഞു നൽകിയിട്ടുള്ളത് ആരോഗ്യം ആയിരിക്കുമെന്ന്. 
   പൊട്ടന്മാർക്കൊക്കെ ഒടുക്കത്തെ ശക്തി ആയിരിക്കും. പക്ഷേ, അത്‌ ഉപയോഗിക്കാൻ മാത്രം അവർക്ക് അറിയില്ലെന്ന്. 
  പക്ഷേ, അവരുടെ ശക്തി അവർക്ക് അറിയാനുള്ള അവസരം ഉണ്ടാക്കികൊടുത്താൽ  പിന്നെ പിടിച്ചാൽ കിട്ടില്ലെന്നും. "

 അന്ന് പറഞ്ഞപോലെ ഈ പൊട്ടന് ഇപ്പോൾ അവസരം ഉണ്ടാക്കികൊടുത്തത് താൻ തന്നെ ആണെന്ന് ഓർക്കുമ്പോൾ വല്ലാത്തൊരു ഭയം സതീശനെ പൊതിഞ്ഞുതുടങ്ങിയിരുന്നു. 

   പക്ഷേ, തോറ്റുകൊടുത്താൽ പിന്നെ ഈ വീട്ടിലെ സ്ഥാനം വെറും വട്ടപ്പൂജ്യം ആകുമെന്ന് അറിയാവുന്നത്കൊണ്ട് തന്നെ മനസ്സിലെ ദേഷ്യം മറച്ചുപിടിക്കാൻ പുറമെ ധൈര്യം സംഭരിച്ചു അവൻ. 
  അതോടൊപ്പം പൊട്ടന്റെ മുന്നിൽ തോൽക്കുമോ എന്നുള്ള അപകർഷതാബോധത്തിൽ അവന്റെ മനസ്സ് നിന്ന് കത്താൻ തുടങ്ങി. 

  അതേ സമയം ദിവാകരനും ശാരദയും ആശ്ചര്യത്തോടെ മകനെ നോക്കി. 
    ഒരിക്കലും പ്രതീക്ഷിക്കാത്ത സംഭവം കണ്മുന്നിൽ കണ്ട പോലെ നോക്കുന്ന ദിവാകരനിൽ നിന്നും ആ നിമിഷം ഒരു ദീഘനിശ്വാസം പുറത്തേക്ക് വന്നു. 
പിന്നെ സതീശന്റെ കൈ തട്ടി വേദനിച്ച നെഞ്ചിൽ കൈ വെച്ച് കസേരയിലേക്ക് ചാഞ്ഞിരിക്കുമ്പോൾ അത്‌ കണ്ട ശങ്കരൻ ഓടി അച്ഛനരികിൽ എത്തി കൈകൾ കൂട്ടിത്തിരുമ്മിക്കൊണ്ട് അമ്മയെ ഒന്ന് ദയനീയമായി നോക്കി, 
   
  ശേഷം  " ന്ത്‌ പറ്റി അച്ഛാ... "എന്നും ചോദിച്ച് വിഷമത്തോടെ അച്ഛനരികിൽ ഇരുന്ന് നെഞ്ച് ഉഴിഞ്ഞുകൊടുക്കുമ്പോൾ അവൻ വേവലാതിയോടെ പറയുന്നുണ്ടായിരുന്നു 
" സാരല്ലാട്ടോ.. അച്ഛന് ഞാൻ ഉഴിഞ്ഞെരാം " എന്ന്. 

     ആ കാഴ്ച കണ്ട് നിറയുന്ന കണ്ണുകൾ തുടക്കുന്ന അമ്മയെ നോക്കി ഒന്ന് ഉറക്കെ ചിരിച്ചു ശങ്കരൻ. 
 " ന്തിനാ ന്റെ അമ്മ കരയണെ.. അച്ഛന് ഒന്നൂല്ലാന്നേ.. ദേ, ശങ്കരൻ ഉഴിഞ്ഞുകൊടുത്തല്ലോ.. നി വേം മാറും. " എന്നും പറഞ്ഞ് എഴുനേൽക്കാൻ ശ്രമിക്കുന്ന സതീശന് നേരെ തിരിഞ്ഞു ശങ്കരൻ. 

    " മ്മള് സ്കൂളിൽ പൊമ്പോ മാഷുംമാര് പറയാറില്ലേ അച്ഛൻ ദൈവാണെന്ന്.. അപ്പൊ ആ ദൈവത്തെ നമ്മള് ഒന്നും ചെയ്യാൻ പാടില്ലാട്ടോ അനിയൻകുട്ടാ. അത്‌ പാപാണ്.  അതുകൊണ്ടാ ഏട്ടൻ കുട്ടനെ അടിച്ചേ. പിന്നെ അച്ഛന്റെ സ്നേഹം കിട്ടുന്നൊണ്ട് നിനക്ക് അത്‌ വിലയില്ല. പക്ഷേ, ഇതുവരെ കിട്ടാതെ നിൽക്കുന്നോർക്കേ അതിന്റ ഒക്കെ വെഷമം അറിയൂ .അച്ഛന് ന്തോരം ഇഷ്ട്ടാന്നറിയോ കുട്ടനെ.!  
  അച്ഛൻ മ്മടെ ദൈവല്ലേടാ അനിയൻകുട്ടാ !
അതോണ്ടാട്ടോ അച്ഛനെ മോൻ ഉപദ്രവിക്കണ് കണ്ടപ്പോൾ....
  പാവല്ലേ അച്ഛൻ. !" 
   എന്നും പറഞ്ഞ് വ്യസനത്തോടെ അവനെ നോക്കുമ്പോൾ സതീശന്റെ മനസ്സിൽ " ഇതെന്തൊരു ജന്മ്മം " എന്ന ചിന്തയായിരുന്നു. 

   പക്ഷേ, ഇതെല്ലാം കേട്ട് നെഞ്ച് പിടക്കുന്ന ഒരാൾ  മനസ്സ് മരവിച്ചപോലെ കണ്ണുകൾ അടച്ച് കസേരയിൽ കിടപ്പുണ്ടായിരുന്നു. 
       ' എന്നും പൊട്ടനെന്ന് മാത്രമെ വിളിച്ചിട്ടുള്ളൂ. 
അവൻ കൊണ്ടുവരുന്ന അന്നം കഴിച്ചിട്ടും അവനെ  പുച്ഛിച്ചിട്ടേ ഉളളൂ. 
   ഒരിക്കൽ പോലും സ്നേഹത്തോടെ ഒരു വാക്കോ ഒരു നോട്ടമോ നൽകിയിട്ടില്ല. വാക്കുകൾ കൊണ്ട് എത്രയൊക്കെ ഉറദ്രവിക്കാൻ പറ്റുമോ അത്രയൊക്കെ ഉപദ്രവിച്ചു. കാർക്കിച്ചു തുപ്പി. വീടിന്റ ശകുനക്കേട് ആണെന്ന് പറഞ്ഞു. 
പക്ഷേ ഇപ്പോൾ..... '

   ആ ശകുനം കെട്ടവൻ തന്നെ വേണ്ടിവന്നു ഇപ്പോൾ രക്ഷകനാവാൻ എന്നോർക്കുമ്പോൾ ദിവാകരന്റെ നെഞ്ച് വിങ്ങിപൊട്ടാൻ തുടങ്ങിയിരുന്നു. 
 കണ്ണുകൾ നിറയുന്നത് ആരും കാണാതിരിക്കാൻ കണ്ണുകൾ അടച്ച് കിടക്കുമ്പോഴും കുറ്റബോധം വേട്ടയാടുന്ന മനസ്സിന്റെ പിടപ്പ്  അടഞ്ഞ കണ്ണുകളെ ബേധിച്ചുകൊണ്ട് കണ്ണുനീരായി ഒഴുകിയിറങ്ങുന്നുണ്ടായിരുന്നു.

      അതേ സമയം സതീശന്റെ മനസ്സിൽ അപ്പോൾ  ശങ്കരനോടുള്ള പകയുടെ കനൽ എരിയുകയായിരുന്നു. 
ഇത്ര കാലം വിരട്ടി പേടിപ്പിച്ചു നിർത്തിയവൻ തിരിഞ്ഞു കൊത്തുമ്പോൾ അത്‌ മറ്റുള്ളവർ കണ്ടതിന്റെ മാനക്കേട് അവന്റെ പകയേ കൂടുതൽ   ആളിപടർത്തുമ്പോൾ പക നിറഞ്ഞ മനസ്സുമായി എഴുനേറ്റ് അവൻ എല്ലാവരെയും നോക്കികൊണ്ട് പുറത്തേക്ക് നടന്നു. 
      
    " ഹോ.. ആ പെണ്ണിവിടെ ഇല്ലാത്തത് ഭാഗ്യം. അല്ലെങ്കിൽ ഇതെല്ലാം ആ പെണ്ണ് കൂടി കാണേണ്ടി വന്നേനെ. നന്നായി കുറച്ചു ദിവസം വീട്ടിലേക്ക് പോയത്. അതിനെങ്കിലും ഇച്ചിരി സമാധാനം കിട്ടുമല്ലോ " എന്നും മനസ്സിൽ പറഞ്ഞുകൊണ്ട് ശാരദ ഭർത്താവിനെ നോക്കുമ്പോൾ ഏറെ കാലങ്ങൾക്ക് ശേഷം ആ കണ്ണുകൾ നിറയുന്നത് അമ്പരപ്പോടെ ആണ് നോക്കിയത്. 
കൂടെ ആശ്വസിപ്പിയ്ക്കാനെന്നോണം ആ കയ്യിൽ പിടിക്കുമ്പോൾ  അടച്ചുപിടിച്ച കണ്ണുകൾ പതിയെ തുറന്നുകൊണ്ട് അയാൾ ശങ്കരനെ നോക്കി പറയുന്നുണ്ടായിരുന്നു 
  
   " മിന്നുന്നതൊന്നും പൊന്നല്ല ശാരദേ. അത്‌ മനസ്സിലാക്കാൻ ന്റെ മോൻ തന്നെ വേണ്ടിവന്നു. 
   എന്നും ന്റെ കുട്ടിക്ക് ന്റെ മനസ്സിൽ കുപ്പത്തൊട്ടിയിൽ ആയിരുന്നു സ്ഥാനം. പക്ഷേ, ആ കുപ്പയിലെ മാണിക്യമാണ് ഇവൻ. 
       ഇളയവനേ മാത്രം കണ്ണിൽ കാണുമ്പോൾ ഇവന് മുന്നിൽ കണ്ണുകൾ അടക്കാറായിരുന്നു പതിവ്. 
   പക്ഷേ, എത്രയൊക്കെ കണ്ണടച്ച് ഇരുട്ടാക്കുമ്പോഴും ചിലർജീവിതത്തിൽ  വെളിച്ചമായി അവശേഷിക്കും. ഇവനെ പോലെ. 

      ഇവനല്ല ശാരദേ ശരിക്കും പൊട്ടൻ.. ഞാനാ... ന്റെ മോനെ തിരിച്ചറിയാൻ കഴിയാത്ത ഞാനാ പൊട്ടൻ.. അര്ഹിക്കാത്തവനേ അംഗീകരിക്കുമ്പോൾ അർഹത ഉള്ളവനെ അടിച്ചമർത്താൻ നോക്കി തോറ്റുപോയ പൊട്ടൻ. 
       ഇവനെ നൂറാവർത്തി പൊട്ടാ എന്ന് വിളിക്കുമ്പോൾ അവന്റെ മനസ്സിൽ നമ്മളൊക്കെ ദൈവത്തിനു തുല്യമാണെന്ന് മനസിലാക്കാൻ പോലും കഴിയാത്ത പൊട്ടനായ അച്ഛനാണ് ഞാൻ. 
   ഇവനാണ് എന്റെ മോൻ എന്ന്  മനസ്സിലാക്കാൻ കഴിഞ്ഞതാണ് ഇപ്പോൾ എന്റെ ജീവിതത്തിൽ നഷ്ടപ്പെടാതെ പോയ വലിയ ഭാഗ്യം ! 

മോനെ അച്ഛനോട് ക്ഷമിക്കേടാ " എന്നും പറഞ്ഞത് മുന്നിൽ ഇരിക്കുന്ന ശങ്കരനെ നെഞ്ചിലേക്ക് ചേർത്തുപിടിക്കുമ്പോൾ അവന്റെ കണ്ണുകൾ സന്തോഷത്താൽ നിറയുന്നുണ്ടായിരുന്നു. 

" യ്യോ... അച്ഛൻ ന്തിനാ കരയണെ. ശങ്കരന് ഒരു സങ്കടോംല്ല്യ... നിക്ക് അറിയാലോ അച്ഛന് മനസ്സ് നെറയെ ശങ്കരനോടും സ്നേഹാന്ന്. അതോണ്ടല്ലേ കരയണേ. നോക്കമ്മേ... അച്ഛൻ കരയണൂ "
എന്നും പറഞ്ഞ് ശങ്കരൻ ഏങ്ങിയേങ്ങി ചിരിക്കുമ്പോൾ അതോടൊപ്പം കണ്ണുകളും നിറയുന്നുണ്ടായിരുന്നു. 
  
   ആ കാഴ്ച കണ്ട് കണ്ണുകൾ തുടക്കുന്ന അമ്മയെ നോക്കികൊണ്ട് അവൻ കരഞ്ഞും ചിരിച്ചും  പിന്നേം പിന്നേം ആവേശത്തോടെ കൊഞ്ചിപ്പറയുണ്ടായിരുന്നു 
  " നോക്കമ്മേ... അച്ഛൻ ന്നേ കെട്ടിപിടിക്കണൂ. യ്യോ....  " എന്ന്. പിന്നെ കുടുകുടാ ചിരിച്ചുകൊണ്ട് കൈ തിരുമി അച്ഛന്റെ നെഞ്ചിൽ കിടക്കുമ്പോൾ ഇതുവരെ കിട്ടാത്ത ഒരു സ്നേഹത്തിന്റെ ലോകത്ത് പറന്നുല്ലസിക്കുകയായിരുന്നു ശങ്കരന്റെ മനസ്സ്. 

         -----------------------------------------------

  ബാറിൽ കൂട്ടുകാരോടൊത്തു ഇരിക്കുമ്പോഴും വല്ലാത്തൊരു പിരിമുറുക്കത്തിൽ ആയിരുന്നു സതീശൻ. 
   ഒരിക്കൽ പോലും ശങ്കരന്റെ ഭാഗത്തു നിന്ന് അങ്ങനെ ഒരു പ്രതികരണം പ്രതീകത്തിച്ചതല്ല. എന്നും അവനെ തല്ലിയും ഭീക്ഷണിപ്പെടുത്തിയും ഒരു അടിമയെ പോലെ നിർത്തിയതായിരുന്നു. പക്ഷേ,  ഇപ്പോൾ... ഇനി അവനു മുന്നിൽ തനിക്ക് ജയിക്കാൻ കഴിയില്ലെന്ന് ഓർക്കുമ്പോൾ അവൻ വെരുകിനെ പോലെ ഉഴറുകയായിരുന്നു. 

  " ടാ.. നിനക്ക് നിന്റെ ചേട്ടനെ തീർക്കാൻ പല വഴികളും ഞങ്ങൾ പറഞ്ഞു തന്നു. ആ പൊട്ടന്റെ ഭാഗ്യം കൊണ്ട് അതൊക്കെ അടിപൊളിയായി പൊളിഞ്ഞു.  കാലന്റെ കണക്ക് പുസ്തകത്തിൽ നിന്റെ ഏട്ടൻപൊട്ടന് കേറാനുള്ള സമയം  ആയിട്ടുണ്ടാകില്ല. 
   പക്ഷേ, ഇപ്പോൾ നീ തോറ്റു നിൽക്കുകയാ..  അവന്റെ ഒരു അടിയിൽ നിന്റെ പാതിബോധം പോയെങ്കിൽ ഇനി നീ ഉടക്കാൻ നിന്നാൽ ചിലപ്പോൾ മണപ്പുറത്തെ കാക്കയ്ക്ക് ഒരു നേരത്തെ ഭക്ഷണം ആവുന്ന അവസ്ഥ ആകും. 
 അതുകൊണ്ട് ഇപ്പോൾ റിലാക്സ്. എന്നിട്ട് സാവധാനം അടുത്ത പണി ആലോചിക്ക് ഇനി കൊടുക്കുമ്പോൾ തലക്കിട്ടു തന്നെ കൊടുക്കണം. പന്നിയെ കൊല്ലുന്ന പോലെ. കേട്ടല്ലോ " 

   മുന്നിലിരിക്കുന്ന മദ്യം മോന്തുന്നതിനിടയിൽ കൂട്ടുകാരന്റെ ഉപദേശം കൂടി ആയപ്പോൾ ഒന്ന് ഒതുങ്ങാൻ തന്നെ തീരുമാനിച്ചു സതീശൻ. പക്ഷേ  അത്‌ പിന്മാറാൻ അല്ല, ഇനി കൊടുക്കുന്ന പണിയിൽ തീരണം പൊട്ടൻ " എന്ന് മനസ്സിൽ കരുതിക്കൊണ്ട് തന്നെ. 

     ബാറിൽ നിന്നും ഇറങ്ങുമ്പോൾ നേരം ഒരുപാട് വൈകിയിരുന്നു. കൂടെ ഉണ്ടായിരുന്നവരെല്ലാം പല വഴിക്ക് പിരിഞ്ഞപ്പോൾ ഇനി എങ്ങനെ പൊട്ടനെ തീർക്കാം എന്ന ചിന്തയോടെ ആയിരുന്നു മുന്നോട്ട് നടന്നത്. 
    കൂട്ടുകാർ ഓതിത്തന്ന വഴികളിൽ പലതും മനസ്സിലൂടെ ഓടുമ്പോൾ അതിലൊന്ന് ശങ്കരന് നേരെ പ്രായോഗിക്കാൻ മനസ്സിൽ കരുതി ആടുന്ന കാൽ  മുന്നോട്ട് വെക്കുബോൾ  മുന്നിൽ നിന്നുംഎതിരെ വരുന്ന വാഹനത്തിന്റ ലൈറ്റിൽ കണ്ണുകൾ അടയുമ്പോൾ  ഒരു നിമിഷത്തെ ശാന്തതക്ക് അപ്പുറം ഒരു ആർത്തനാദം അന്തരീക്ഷത്തെ പ്രകമ്പനം കൊള്ളിച്ചു. 

              ---------------------------------------

ലൈറ്റ് എല്ലാം ഓഫ്‌ ചെയ്ത് ഉറങ്ങാൻ കിടന്നപ്പോൾ ആയിരുന്നു ഉമ്മറത്തെ വാതിലിൽ മുട്ട് കേട്ടത്. 
  കേട്ടപ്പോൾ തന്നെ അത്‌ സതീശനാകുമെന്ന് അറിയാവുന്നത് കൊണ്ട് " ഹോ. വന്നോ " എന്നും മനസ്സിൽ പറഞ്ഞുകൊണ്ട് ഹാളിലെയും പുറത്തെയും ലൈറ്റ് ഇട്ട് വാതിൽ തുറക്കുമ്പോൾ  പുറത്ത് സതീശന്റെ കൂട്ടുകാരൻ ആയിരുന്നു. 
 
 അവനെ കണ്ടപ്പോൾ തന്നെ " ഇന്ന് സതീശന് നടക്കാൻ വയ്യെന്ന് "  മനസ്സിലായപ്പോലെ " ന്താ ശിവ, നിങ്ങടെ കൂട്ടുകാരനെ വീടെത്തിക്കാൻ വന്നതാണോ?  ന്നാ ആ തിണ്ണയിൽ കിടത്തിപ്പോക്കോ. ബോധം വരുമ്പോൾ കേറി കിടന്നോളും "  എന്നും പറഞ്ഞ്  തിരികെ നടക്കാൻ  ഒരുങ്ങുമ്പോൾ വിയർപ്പ് തിങ്ങിയ മുഖം കൈകൊണ്ടു തുടച്ചുകൊണ്ട് വേവലാതിയോടെ അമ്മയെ നോക്കി വിക്കി വിക്കി പറയുന്നുണ്ടായിരുന്നു 
 " അതല്ല അമ്മേ... ഞാൻ.....  ഞാൻ വന്നത്.... 
നമ്മുടെ സതീശൻ...... "

       അവൻ പറഞ്ഞുവന്ന വാക്കുകൾ മുഴുവനാകും മുന്നേ ഞെട്ടിത്തരിച്ചു ശില കണക്കെ വിറങ്ങലിച്ചു നിൽക്കുന്ന നിൽക്കുന്ന അമ്മയുടെ തൊണ്ടക്കുഴിയിൽ തട്ടി നിൽക്കുന്നുണ്ടായിരുന്നു  " മോനെ " എന്ന അമ്മമനസിന്റെ ഒരു നിലവിളി. 

#പൊട്ടൻ  :  7
------------------

" അതല്ല അമ്മേ... ഞാൻ.....  ഞാൻ വന്നത്.... 
നമ്മുടെ സതീശൻ...... "

       അവൻ പറഞ്ഞുവന്ന വാക്കുകൾ മുഴുവനാകും മുന്നേ ഞെട്ടിത്തരിച്ചു ശില കണക്കെ വിറങ്ങലിച്ചു നിൽക്കുന്ന നിൽക്കുന്ന അമ്മയുടെ തൊണ്ടക്കുഴിയിൽ തട്ടി നിൽക്കുന്നുണ്ടായിരുന്നു  " മോനെ " എന്ന അമ്മമനസിന്റെ ഒരു നിലവിളി. 

    വാക്കുകൾ മുഴുവനാക്കാൻ കഴിയാതെ പരിഭ്രമിച്ചു നിൽക്കുന്ന ശിവനു മുന്നിൽ സ്തംഭിച്ചു നിൽക്കുകയായിരുന്നു ശാരദ. 

    " ന്താ ശിവാ അവന് പറ്റിയത്. എന്താണെങ്കിലും നീയൊന്ന് തെളിച്ചു പറ മനുഷ്യനെ ആധി പിടിപ്പിക്കാതെ.  ഈ രാത്രി നീ ഇങ്ങനെ ഓടിക്കിതച്ചു വരണമെങ്കിൽ അരുതാത്തതായി എന്തോ നടന്നിട്ടുണ്ട്.. പറ മോനെ.. ന്താ സതീശന് പറ്റിയത്....  "

       അമ്മയുടെ ആധി കലർന്ന ചോദ്യത്തിന് മുന്നിൽ എന്ത് പറയണമെന്ന് അറിയാതെശിവൻ മുഖത്തെ വിയർപ്പുകണങ്ങൾ തുടച്ചുകൊണ്ട് നിൽക്കുമ്പോൾ  അവന്റെ ഭാവം കണ്ട് കാര്യം പറയാനുള്ള മടി മനസിലായപ്പോലെ അമ്മ ഒരു ദീർഘനിശ്വാസത്തോടെ നിസാരമട്ടിൽ പറയുന്നുണ്ടായിരുന്നു 
  " ഓഹ്.. പറയാനുള്ള നിന്റെ മടി കാണുമ്പോഴേ മനസ്സിലാകുന്നുണ്ട് അവന്റെ കയ്യിലിരിപ്പ് കൊണ്ട് എന്തേലും പറ്റിയിട്ടുണ്ടാകും എന്ന്. കുടിച്ച് കൂത്താടി എവിടേലും വീണ് തല പൊട്ടിയിട്ടുണ്ടാകും അല്ലെ? പൊട്ടട്ടെ. അങ്ങനെ എങ്കിലും കുറച്ചു ദിവസം വീട്ടിൽ അടങ്ങിക്കിടക്കുമല്ലോ.   
   നീയൊക്കെ അല്ലെ കൂടെ കൂടി കുടിക്കാൻ കൂടുന്നത്. അപ്പോൾ ബോധമില്ലാതെ വീണ് തല വല്ലതും പോയിട്ടുണ്ടെങ്കിൽ നീയൊക്കെ തന്നെ കൊണ്ടുപോയി ചികിത്സയ്ക്ക്. 
    അല്ലാതെ കള്ളും കുടിച്ച് തോന്നിവാസം കാണിക്കുന്നവന്റെ പിന്നാലെ ചൂട്ടും പിടിച്ച് നടക്കാൻ ഇവിടെ ആളില്ല. കേട്ടലോ.. "
 
    അതും പറഞ്ഞ് അഴിഞ്ഞ മുടിയൊന്ന് വാരികെട്ടി " നീ ചെല്ല് ശിവ " എന്നും പറഞ്ഞ് വാതിലടക്കാൻ തുടങ്ങുമ്പോൾ അത്‌ തടഞ്ഞുകൊണ്ട് വിറയാർന്ന ശബ്ദത്തിൽ അവൻ കാര്യം അമ്മക്ക് മുന്നിൽ അവതരിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു, 

   " അമ്മേ.... കുടിച്ച് എന്നത് ശരിയാ.. പക്ഷേ....
   വീണതല്ല അമ്മേ.. ഏതോ വണ്ടി ഇടിച്ചതാണെന്നാ പറഞ്ഞത്. ഇടിച്ച വണ്ടി നിർത്താതെ പോയി. രാത്രി ആയത് കൊണ്ടും  അധികം ആരും കാണാത്തത് കൊണ്ട് കുറെ ചോര പോയി. ബാറിൽ നിന്നും ഇറങ്ങിയ അവനെ അറിയുന്ന ഒരാൾ ആണ് ഹോസ്പിറ്റലിൽ എത്തിച്ചതും ഞങ്ങളെ വിളിച്ച് അറിയിച്ചതും. "

അത്‌ കേട്ട് അമ്മ ഞെട്ടലോടെ തിരിയുമ്പോൾ  " ഈശ്വരാ " എന്ന് ഉറക്കെ വിളിക്കുന്നുണ്ടായിരുന്നു. 
അതോടൊപ്പം പെറ്റ വയറിന്റ വേദന കണ്ണുകളിലൂടെ ധാരധാരയായി ഒഴുകാൻ തുടങ്ങി. 
   
      ----------------------------------------------------

ഹോസ്പിറ്റലിലെ  ഓപ്പറേഷൻ തിയേറ്ററിനു  മുന്നിൽ നിൽക്കുമ്പോൾ  കാലുകൾ വല്ലാതെ വിറക്കുന്നുണ്ടായിരുന്നു ഹേമയുടെ. 
      " ഒന്നും സംഭവിക്കരുതേ " എന്ന് മനമുരുകി പ്രാർത്ഥിക്കുമ്പോൾ സതീശൻ കഴുത്തിലണിയിച്ച താലിയിൽ മുറുക്കെ പിടിച്ചിരുന്നു അവൾ. 
       
     ഇതുവരെ സ്നേഹത്തോടെ ഒന്ന് നോക്കുകപോലും ചെയ്തിട്ടില്ല സതീശൻ. പക്ഷേ, എങ്ങനെയൊക്കെ പെരുമറിയാലും എത്രയൊക്കെ ആയാലും ഉള്ളിൽ കിടക്കുന്നത് തന്റെ ഭർത്താവാണ് .
     ഇരിപ്പുറക്കാതെ അവൾ ഇടക്കിടെ അടഞ്ഞ വാതിൽക്കലേക്ക് എത്തിനോക്കുമ്പോൾ ഒന്നും മിണ്ടാനോ അവളെ അടുത്തു പിടിച്ചിരുത്തി ഒന്ന് സമാധാനിപ്പിക്കാനോ കഴിയാതെ കസേരയിൽ കണ്ണുകൾ അടച്ചിരിപ്പുണ്ടായിരുന്നു ശാരദ. 

         അതേ അവസ്ഥയിൽ ആയിരുന്നു ശങ്കരനും.     തിയേറ്ററിന് മുന്നിലെ വരാന്തയിലൂടെ കൈ പിന്നിൽ കെട്ടിക്കൊണ്ട് അങ്ങോട്ടുമിങ്ങോട്ടും ഒരേ നടപ്പ് നടക്കുമ്പോൾ ഇടക്കിടെ അവനും ആ വാതിൽക്കലേക്ക് എത്തിനോക്കുന്നുണ്ടായിരുന്നു. പിന്നെ  ദേഷ്യവും സങ്കടവുമെല്ലാം കലർന്ന മുഖഭാവത്തോടെ ആരോടും ഒന്നും പറയാതെ തല താഴ്ത്തി അതേ നടപ്പ് തുടരും. 

    " സതീശന്റെ ബന്ധുക്കൾ ആരാ ഉള്ളത്?  "

 ഒരു നഴ്സ് വാതിൽ തുറന്ന് ചോദിക്കുമ്പോൾ ഹേമ വേഗം വാതിൽക്കലേക്ക് ചെന്നു. 
   പിന്നെ തുറന്ന് വാതിലിന്റ ചെറിയ വിടവിലൂടെ ഒരു പ്രതീക്ഷയെന്നോണം അകത്തേക്ക് നോക്കാൻ ശ്രമിക്കുമ്പോൾ വിളിച്ച നേഴ്സ് അവളെ നോക്കികൊണ്ട്‌ ഒരു ബിൽ നീട്ടി പറയുന്നുണ്ടായിരുന്നു 
  "  ഇത്രേം സാധനങ്ങൾ വാങ്ങണം. എന്നിട്ട് ഇവിടെ വന്ന് വിളിച്ചാൽ മതി " എന്ന്.. 

അതും പറഞ്ഞ് വലിയ ഒരു ലിസ്റ്റ് അവളുടെ കയ്യിലേക്ക് കൊടുത്ത് നേഴ്സ് അകത്തേക്ക് പോകുമ്പോൾ അവളുടെ പ്രതീക്ഷക്ക് മുന്നിൽ aa വാതിൽ സാവധാനം അടഞ്ഞു. 

   അതും കയ്യിൽ പിടിച്ച് നിൽക്കുമ്പോൾ അവൾക്കറിയില്ലായിരുന്നു എന്ത് ചെയ്യണമെന്ന്. 
 അത്രേം സാധനങ്ങൾ ഓപ്പറേഷന് വേണ്ടി ഉപയോഗിച്ചതാണെന്നും അത്‌ വാങ്ങി അവിടെ കൊടുക്കണമെന്നും അവൾക്ക് അറിയാമായിരുന്നു. പക്ഷേ, ഇതിന് ഇപ്പോൾ എത്ര ആകും എന്ന് പോലും നിശ്ചയമില്ല. കയ്യിൽ ഉള്ളത് കൊണ്ട് ഇത്രയും വാങ്ങാൻ കഴിയില്ലെന്ന് അവൾക്ക് ഓർക്കുമ്പോൾ...  

   " ന്താ ഹേമകുഞ്ഞെ.. ആ ചേച്ചി പറഞ്ഞേ...  അനിയൻകുട്ടൻ എണീറ്റോ....  ന്നിട്ട് നമ്മളോട് കണ്ടോളാൻ പറഞ്ഞോ " എന്നൊക്കെ ആകാംഷയോടെ ചോദിക്കുന്ന ശങ്കരന് മുന്നിലേക്ക് ആ ബില്ല് നീട്ടികൊണ്ട് അവൾ കണ്ണുകൾ ഒന്ന് അമർത്തിതുടച്ചു പിന്നെ സങ്കടത്തോടൊപ്പം പുറത്തേക്ക് വരാൻ മടിക്കുന്ന വാക്കുകളിൽ അവൾ പറഞ്ഞൊപ്പിക്കുന്നുണ്ടായിരുന്നു 
  " ഇത്രേം മരുന്ന് വാങ്ങണത്രെ നമ്മളിനി എന്ത് ചെയ്യും ശങ്കരേട്ടാ " എന്ന്. 
 
    അത്രേം ആളുകൾക്കിടയിൽ അവൾ കരയുന്നത് കണ്ടപ്പോൾ അവൻ വിഷമത്തോടെ അവളുടെ കയ്യിൽ നിന്നും അത്‌ വാങ്ങി, 
  
  " അയ്യേ.. ന്തിനാ ഹേമകുഞ്ഞു കരയണേ. ഇതൊന്നും സാരല്യാന്നേ..കുട്ടന് വേം മാറുംട്ടോ..
  ഇത് ഞാൻ പോയി വാങ്ങി വരാട്ടോ.  " എന്നും പറഞ്ഞ് പോക്കറ്റിൽ ഒന്ന് പരതികൊണ്ട്  മുഖത്തു തെളിച്ചമില്ലാത്ത ചിരിയാൽ അവളെ സമാധാനിപ്പിക്കാൻ ശ്രമിക്കുമ്പോൾ 
"ഹേമകുഞ്ഞു കരയാതെ ഇവടെ ഇരി... അപ്പഴേക്കും ഞാൻ പോയി സൂർ ന്ന് വരാം. അതിനിടക്ക് കുട്ടൻ വിളിച്ചാൽ ഞാൻ ഇവിടെ ഉണ്ടെന്ന് പറയണേ.. അല്ലെങ്കിൽ അവന് പിന്നേം ന്നോട് ദേഷ്യയാലോ.. 
  ചോയ്ച്ചാൽ പറയണം  ഏട്ടൻ ഇപ്പം  വരൂന്ന്.. കേട്ടല്ലൊ. " എന്നും പറഞ്ഞ് നിറഞ്ഞ കണ്ണുകൾ തുടച്ചു കുടുകുടെ ചിരിക്കാൻ ശ്രമം നടത്തുന്ന അവനെ നോക്കി എല്ലാത്തിനും " ശരി " എന്ന് തലയാട്ടി സമ്മതിക്കുമ്പോൾ അവൻ തലകുലുക്കി സമ്മതം പറഞ്ഞ് തിരിഞ്ഞു നടന്നു. 

    അവൻ പോകാൻ തിരിയുമ്പോൾ അവൾക്ക് അറിയാമായിരുന്നു ശങ്കരേട്ടൻ കരുതുംപോലെ ചെറിയ ഒരു തുകയല്ല ആ ബില്ലിൽ ഉള്ളതെന്ന്.  
 എന്നിട്ടും.. അത്രയും കാശ് ഇതുവരെ കണ്ടിട്ട് പോലും ഉണ്ടാകില്ലെന്ന്. 
   " പാവം, അനിയന് വേണ്ടി ഓടാനും ഇപ്പോൾ എല്ലാവരും കളിയാക്കി വിളിക്കുന്ന പൊട്ടൻ മാത്രം " എന്ന് മനസ്സിൽ കരുതുമ്പോൾ അവൾക് ആ വെക്തിയോടെ കൂടുതൽ ബഹുമാനം തോന്നുന്നുണ്ടായിരുന്നു. 

    " ശങ്കരേട്ടാ... "

 അവൻ പോകുന്ന വഴിയേ നോക്കി പിറകിൽ നിന്നും വിളിക്കുമ്പോൾ തിരിഞ്ഞു നിൽക്കുന്ന അവന് കഴുത്തിലെ താലിമാല  അഴിച്ചവൾ ആ  കൈ പിടിച്ച് അതിലേക്ക് വെച്ച് കൊടുക്കുമ്പോൾ  അവൾ പുഞ്ചിരിക്കാൻ ശ്രമിച്ചുകൊണ്ട് പറയുന്നുണ്ടായിരുന്നു " ശങ്കരേട്ടൻ ഇത് കൊണ്ടോയി വിറ്റോ. ന്നിട്ട് ഈ മരുന്നൊക്കെ വാങ്ങി വന്നാൽ മതി. വരുമ്പോൾ ഒരു ചരട് കൂടി കൊണ്ടുവരണംട്ടോ.. ഈ താലിക്ക് ഒരു ഉറപ്പ് വേണം. " എന്ന്. 

  അത്‌ പറയുമ്പോൾ അറിയാതെ അവളുടെ കണ്ണിൽ നിന്നും രണ്ട് തുളളി കണ്ണുനീർ  ആ താലിയിലേക്ക് അടര്ന്നു വീണ് പിടയുന്നുണ്ടായിരുന്നു. 

    അത്‌ കൂടി കണ്ടപ്പോൾ ശങ്കരൻ മുഖം ഒന്ന് അമർത്തി തുടച്ചുകൊണ്ട് അവൾക്ക് നേരെ തന്നെ ആ മാല നീട്ടി
 " വേണ്ട ഹേമകുഞ്ഞെ.  ഈ മാലയൊന്നും അങ്ങനെകളയാൻ പാടില്ല. ഇതിനൊക്കെ ഒരുപാട് സത്യണ്ടെന്ന് അമ്മ പറയാറുണ്ടല്ലോ.  ഇതെന്താ ഹേമകുഞ്ഞ്  ങ്ങനെ..ഇങ്ങനച്ചാ ഞാൻ ഇനി അപ്രത്ത്‌ മാറി നില്കും. ഇങ്ങട് വരൂടി ല്ല്യ...  " 

  അവൻ നീട്ടിയ മാലയോടൊപ്പം അവന്റെ പരിഭവംപറച്ചിൽ കൂടി കേൾക്കുമ്പോൾ അവൾ കയ്യിൽ മുറുക്കെ ചേർത്തു പിടിച്ച താലി  അവനു കാണിച്ചുകൊണ്ട് പറഞ്ഞു 
   " ശങ്കരേട്ടൻ വിഷമിക്കണ്ട.. അനിയൻ കെട്ടിയ രണ്ട് പവന്റെ മാലയെക്കാൾ  വില ഈ കാൽ പവന്റെ താലിക്കാണ്. അത്‌ ഞാൻ കളയാതെ സൂക്ഷിച്ചോളാ.. താലി ഒരു വാഗ്‌ദാനമാണ്. ജീവിതകാലം ചേർത്തുപിടിച്ചു ജീവിക്കാമെന്നുള്ള വാഗ്ദാനം. " 
അത്‌ പറയുമ്പോൾ അവളുടെ വാക്കുകൾ ഇന്ന് ഇടറി. 
   
" പിന്നെ ഈ മാലക്ക് ഇപ്പോൾ ഒരു ജീവന്റെ കൂടി വിലയുണ്ട്. അത്‌ എന്റെ കഴുത്തിൽ കിടന്നാൽ ചിലപ്പോൾ നാളെ കഴിക്കുന്ന ഭക്ഷണം പോലും ഇറങ്ങില്ല ചിലപ്പോൾ.. ഈ സ്വർണ്ണകൊളുത്തിന്റെ അറ്റത്തിപ്പോൾ ഏട്ടന്റെ അനിയൻകുട്ടന്റെ ശ്വാസമുണ്ട്. 
  അതുകൊണ്ട് ഇപ്പോൾ ശങ്കരേട്ടൻ ഇത് കൊണ്ടുപോയി കൊടുക്കൂ.. ഇത് വിറ്റ് കിട്ടുന്ന കാശ് പോലും മതിയാവില്ല ഇവിടെ നിന്ന് ഇറങ്ങാൻ.  " എന്നും പറഞ്ഞ് ആ മാല അവന്റ കയ്യിൽ തന്നെ പിടിപ്പിക്കുമ്പോൾ  ആ മാല കയ്യിൽ വാങ്ങുന്നതിന്റ എല്ലാ വിഷമവും ശങ്കരന്റെ മുഖത്തുനിന്ന് വായിച്ചെടുക്കാമായിരുന്നു. 

     --------------------------------------------------

, "  മൊതലാളി ഇക്ക് കൊർച് കാശേരോ. ആസ്പത്രീല് കൊടുക്കാനാ "  

  ശങ്കരൻ അവന്റെ മുതലാളിയായ തോമസ്സിന്റ അരികിൽ കെഞ്ചലോടെ നിൽകുമ്പോൾ  " നീ എന്താടാ ശങ്കരാ ലീവും എടുത്ത് നടന്നിട്ട് കാശ് ചോദിച്ചാൽ ഞാൻ എവിടുന്ന് തരാനാടാ,  അല്ലെങ്കിൽ തന്നെ നിനക്ക് ഇപ്പോൾ എന്തിനാ ഇത്രേം പണം " എന്ന് അന്വോഷിക്കുന്ന തോമസിനോട് കെഞ്ചി കെഞ്ചി പറയുന്നുണ്ടായിരുന്നു അവൻ " ന്റെ കുട്ടൻ ആസ്പത്രീലാ മൊതലാളി. അവനെ നോക്കാൻ ആസ്പത്രീല് കൊറേ കാശ് കൊടുക്കണം. നിക്ക് എവിടുന്ന് കിട്ടാനാ.. 
       മൊതലാളി കൊറേ കാശ് തരോ നിക്ക്. ന്റെ അനിയൻകുട്ടനെ ആസ്പത്രിക്കാര് തരണേൽ കൊറേ കാശ് വേണംന്നും പറഞ്ഞ് ഹേമ കുഞ്ഞ് കരയണ് കാണുമ്പോൾ സൈക്കണില്ല മൊതലാളി.  ന്ത്‌ പണി വേണേലും ഞാൻ ചെയ്‌തോളാ...  " എന്ന്.  

  " നിന്റെ അനിയൻ അല്ലെ.. ആ താന്തോന്നി. അവനെ ഒക്കെ രക്ഷിച്ചിട്ട് എന്തിനാടാ പിന്നേം ഭൂമിക്ക് ഭാരം കൂട്ടുന്നത്?  
  വീടിനും നാടിനും ഗുണമില്ലാത്ത ഒരുത്തൻ. ചത്തു പോയാൽ നിങ്ങൾ രക്ഷപ്പെട്ടെന്ന് കരുതിയാൽ മതി. വെറുതെ കുറെ കാശ് ചിലവാക്കി പാമ്പിനെ എടുത്തു വീണ്ടും തോളിൽ വെക്കുന്ന പോലെ ആണ് ഇതിപ്പോ "

   തോമസ്സ് സതീശന്റെ കാര്യം പറഞ്ഞപ്പോഴേ പുച്ഛത്തോടെയും തീരെ താല്പര്യം ഇല്ലാത്തപോലെയും ശങ്കരനെ നിരുത്സാഹപ്പെടുത്തി സംസാരിക്കുമ്പോൾ ശങ്കരൻ വിഷമത്തോടെ പറയുന്നുണ്ടായിരുന്നു 
  " അങ്ങനെ  പറയല്ലേ മൊതലാളി..  ന്റെ കുട്ടൻ പാവല്ലേ. ന്നേ തല്ലാൻ ആണേലും നിക്ക് അവനെ കാണാലോ.. 
അവൻ ഇല്ലേൽ ഒരു സുഗോംണ്ടാവില്ല. നിക്ക് അത്രയ്ക്ക് ഇഷ്ട്ടാ ന്റെ കുട്ടനെ. 
ഞാൻ കാല് പിടിക്കാ.. നിക്ക് കാശ് തരോ. ഞാൻ  മൊതലാളി എന്ത് പണി പറഞ്ഞാലും ചെയ്യാ.. രാത്രീമ് പകലും.. 
   അങ്ങനെ തന്ന് വീട്ടിക്കോളാ ഞാൻ.. നിക്ക് കാശ് തരോ "

     അവൻ കെഞ്ചിക്കൊണ്ട് ആ കാൽക്കൽ ഇരിക്കുമ്പോൾ  തോമസ്സ് കാല് വലിച്ചുകൊണ്ട് സങ്കരനോട് എഴുനേൽക്കാൻ ആവശ്യപ്പെട്ടു. 
 
  " നീ ഇത്രേം വലിയ തുക ചോദിക്കുമ്പോൾ നിന്നെ കൊണ്ട് ഇത് വീട്ടാൻ പറ്റില്ലെന്ന് എനിക്ക് അറിയാം. ഇത്രേം കാലം ഇവിടെ പണിയെടുത്തിട്ടും വീട്ടിലെ ദാരിദ്ര്യം തീർക്കാൻ പറ്റിയിട്ടില്ല. അപ്പഴാ ഇനി ഇത്രയും വലിയ തുക വീട്ടുന്നത്. 
  എന്തായാലും നീ ഒരു കാര്യം ചെയ്യ്. ഇപ്പോൾ പൊ.. ഞാൻ ഒന്ന് ആലോചിക്കട്ടെ. പണമല്ലേ.. വെറുതെ വലിച്ചെറിഞ്ഞാൽ തിരിച്ചു വരുന്ന ഒന്നല്ല അത്‌.   അതും നിന്റെ ആ തലതെറിച്ച അനിയന് വേണ്ടി കൂടി ആകുമ്പോൾ...
   

   നീ ചെല്ല്.... "

അതും പറഞ്ഞ് അയാൾ കാറുമെടുത്തു പുറത്തേക്ക് പോകുമ്പോൾ ഇനി എന്ത് ചെയ്യുമെന്ന് അറിയാതെ മുന്നോട്ട് നടന്നു ശങ്കരൻ. 
 നിറഞ്ഞ് തൂവുന്ന കണ്ണുകൾ തുടച്ചുകൊണ്ട്. 
    അപ്പോഴെല്ലാം അവന്റ കണ്ണുകളിൽ ഭർത്താവിന് വേണ്ടി  താലി മുറുക്കെ പിടിച്ച് നെഞ്ചുരുകി പ്രാർത്ഥിക്കുന്ന ഹേമയുടെ മുഖം ആയിരുന്നു. 
 
#പൊട്ടൻ   :  8     ( അവസാന ഭാഗം ) 
-----------------

    " നീ ചെല്ല്.... "

അതും പറഞ്ഞ് അയാൾ കാറുമെടുത്തു പുറത്തേക്ക് പോകുമ്പോൾ ഇനി എന്ത് ചെയ്യുമെന്ന് അറിയാതെ മുന്നോട്ട് നടന്നു ശങ്കരൻ. 
 നിറഞ്ഞ് തൂവുന്ന കണ്ണുകൾ തുടച്ചുകൊണ്ട്. 
    അപ്പോഴെല്ലാം അവന്റ കണ്ണുകളിൽ ഭർത്താവിന് വേണ്ടി  താലി മുറുക്കെ പിടിച്ച് നെഞ്ചുരുകി പ്രാർത്ഥിക്കുന്ന ഹേമയുടെ മുഖം ആയിരുന്നു. 
 
     പലയിടത്തും അലഞ്ഞ് പലരോടും വാങ്ങിയ കാശുമായി ഹോസ്പിറ്റലിൽ എത്തുമ്പോൾ അവനെയും പ്രതീക്ഷിച്ചു പുറത്ത് തന്നേ വേവലാതിയോടെ കാത്തുനിൽപ്പുണ്ടായിരുന്നു ഹേമ. 
  ദൂരെ അവന്റെ മുഖം വെക്തമായപ്പോൾ അതുവരെ ഉണ്ടായിരുന്ന വെപ്രാളത്തിൽ നിന്നും തെല്ല് ആശ്വാസം കിട്ടിയപോലെ അവൾ ഒന്ന്  ശ്വാസം വലിച്ചുവിട്ടു. 
   അതുവരെ ഭയം തീണ്ടിയ മനസ്സിൽ ഒരു പ്രതീക്ഷയുടെ തിരിവെട്ടം തെളിയുമ്പോൾ അവൾ സാരിത്തലപ്പ് കൊണ്ട് മുഖം തുടച്ച് അരികിലേക്ക് പ്രാഞ്ചി പ്രാഞ്ചി വരുന്ന ശങ്കരനെ നോക്കി ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു. 

   " എവിടെ ആയിരുന്നു ശങ്കരേട്ടാ.... ഇത്രേം നേരായപ്പോൾ ഞാൻ പേടിച്ചുട്ടോ. അവർ ഇടക്കിടെ മരുന്ന് എത്തിയോ എന്ന് ചോദിക്കുമ്പോൾ ചങ്കിടിക്കുകയായിരുന്നു. 
    ആള് ഇപ്പോൾ വരും എന്ന് പറഞ്ഞ് ഒരു വിധത്തിൽ സമ്മതിപ്പിച്ചിട്ടും ഇടക്ക് റൂമിലേക്കു വന്ന് ഓർമ്മിപ്പിക്കും അവർ.  അതൊക്കെ കണ്ട് മനസ്സ് മരവിച്ചുതുടങ്ങിയപ്പോൾ ആണ് ഞാൻ പുറത്തേക്കിറങ്ങിയത് ശങ്കരേട്ടനേം പ്രതീക്ഷിച്ച്. 
   ഇവിടെ നിൽക്കാൻ കുറെ നേരം ആയി. ദേ ഈ നിമിഷം വരെ ഇങ്ങനെ നിന്നു എന്നല്ലാതെ കാല് നിലത്തുറക്കുന്നില്ലായിരുന്നു. 
    ശങ്കരേട്ടനെ കണ്ടപ്പൊഴാ ഒന്ന് സമാധാനം ആയത്. 
     കാശ്.... കാശ് കിട്ടിയോ ശങ്കരേട്ടാ....  "

  അവളുടെ വാക്കിൽ തന്നെ ഉണ്ടായിരുന്നു അതുവരെ അവളിലുണ്ടായ വേവലാതിയും വെപ്രാളവുമെല്ലാം. 
      
      അവളുടെ വാക്കുകൾ കേട്ട് ഇടക്കൊന്ന് ആഹ്ളാദത്തോടെ അവളുടെ മുഖത്തേക്ക് നോക്കി. പിന്നെ മുഖമൊന്ന് ആട്ടിചിരിച്ചുകൊണ്ട്  ശങ്കരൻ ചോദിക്കുന്നുണ്ടായിരുന്നു, 

   " അയ്യോ.. ന്റെ കുട്ടനെ ഓപ്പ്റേഷൻ കഴിഞ്ഞ് റൂമിലേക്ക് കൊണ്ടന്നോ..?  ഹോ.. ആ ഓപ്പ്റേഷൻ  ചെയ്യണ വാതിൽ കണ്ടാൽ തന്നെ ഇക്ക് പേട്യവും. 
     ഞാൻ അവിടെ നിക്കുമ്പോ ന്തോരം പിടിച്ചെന്ന് അറിയോ ഹേമകുഞ്ഞിന്.   പക്ഷേ, ഞാൻ പുറത്ത് കാണിച്ചില്ലാട്ടോ.. ഞാനും കൂടി പേടിച്ചാ പിന്നെ അമ്മേനേം ഹേമകുഞ്ഞിനേം ആര് സന്തോഷിപ്പിക്കും.  
     ങ്ങളൊക്കെ വിഷമിക്കുമ്പോ ശങ്കരന് വല്ലാത്ത സങ്കടാ.. 
ന്തായാലും കുട്ടനെ അവിടെന്ന് മാറ്റിലോ.. വാ.. നിക്ക് കുട്ടനെ കാണാൻ തോന്നാ... വാ ഹേമകുഞ്ഞെ " 
എന്നും പറഞ്ഞ് അവൻ അവളുടെ കയ്യും പിടിച്ചുവലിച്ചു മുന്നോട്ട് നടക്കുമ്പോൾ  അവൾ പറയുന്നുണ്ടായിരുന്നു 
  " ശങ്കരേട്ടാ... ആ കാശ് കൊടുത്താലേ കുട്ടേട്ടന് ഇനീം അവരു മരുന്ന് കൊടുക്കൂ " എന്ന്. 

   അത്‌ കേട്ടപ്പോൾ ദൃതിയിൽ അവളേം വലിച്ച് മുന്നോട്ട് ഓടുന്ന അവൻ സഡൻ ബ്രേക്ക് ഇട്ട പോലെ നിന്നു. പിന്നെ വേം പോക്കറ്റിൽ നിന്നും പലരിൽ നിന്നും വാങ്ങിയ കാശ് വാരിക്കൂട്ടി അവളുടെ കയ്യിൽ കൊടുത്തുകൊണ്ട് അവൻ വിഷമത്തോടെ പറയുന്നുണ്ടായിരുന്നു 
  " വേം ഈ കാശ് കൊടുക്ക് ഹേമകുഞ്ഞെ. അല്ലേൽ അവരു കുട്ടന് മരുന്ന് കൊടുത്തില്ലേൽ  ഇനീം വയ്യായ കൂടും. പാവല്ലേ അവൻ.. മരുന്ന് കിട്ടാതെ കുട്ടൻ വേദനിച്ചാൽ നിക്ക് ന്റെ ഇവടെ  വേദനിക്കും. അവൻ കുറെ കിടന്നിട്ടുള്ളതല്ലേ ഇവടെ " എന്നും പറഞ്ഞ് ശങ്കരൻ നെഞ്ചിൽ കൈ വെക്കുമ്പോൾ   അവൾ അവനെ കണ്ണിമ ചിമ്മാതെ നോക്കിനിന്നു. നിഷ്ക്കളങ്കമായ വാക്കുകളിൽ ഈ മനുഷ്യൻ എത്രത്തോളം സ്നേഹമാണ് ഒളിപ്പിച്ചുവെക്കുന്നത് എന്ന് ഓർത്തുകൊണ്ട്. 
 
        പിന്നെ അവൾ അവനെ അവിടെ നിർത്തി അതുവരെ ഉള്ള ബില്ല് അടച്ച് തിരികെ വരുമ്പോൾ ചെറിയ വിഷമത്തോടൊപ്പം ഒരു ദീർഘനിശ്വാസം എടുത്തുകൊണ്ട് ആരോടോ എന്നപോലെ പറയുന്നുണ്ടായിരുന്നു 
    " ഈശ്വരാ...   ഈ ബില്ല് അടക്കാൻ തന്നെ ആ പാവം എന്തോരം ഓട്ടം ഓടിയിട്ടുണ്ടാകും . അപ്പൊ ഇനി ഇവിടെ നിന്നെ ഒന്ന് ഇറങ്ങണമെങ്കിൽ... ആലോചിച്ചിട്ട് ഒരു പിടിയും ഇല്ലല്ലോ ദൈവമേ " എന്ന്. 
അതോടൊപ്പം ഉള്ളുരുകി പ്രാര്ത്ഥിക്കുമ്പോൾ അടുത്തു നിൽക്കുന്ന ശങ്കരൻ ചോദിക്കുന്നുണ്ടായിരുന്നു.  " ന്താ ഹേമകുഞ്ഞെ.. ഒറ്റയ്ക്ക് നിന്ന് സംസാരിക്കണെ?  വാ.. നിക്ക് കുട്ടനേ കാണണ്ടേ.. വേം വാ... " എന്ന്. അതും പറഞ്ഞ് അവൻ റൂം തേടി മുന്നിൽ നടക്കുമ്പോൾ റൂം അറിയാമായിരുന്നിട്ടും അതൊന്ന് പറഞ്ഞുകൊടുക്കാൻ അവന്റെ നടത്തത്തിനൊപ്പം എത്താൻ ഓടുകയായിരുന്നു അവൾ. 

    അവനെയും കൂട്ടി റൂമിലെത്തുമ്പോൾ മയക്കത്തിലായിരുന്നു സതീശൻ. അടുത്തു തന്നെ അവനെയും നോക്കി അമ്മയും ഇരിപ്പുണ്ട്. 
       ശങ്കരൻ നോക്കുമ്പോൾ സതീശന്റെ ഇടത് കാലിലും വലതു കയ്യിലും പ്ലാസ്റ്റർ ഉണ്ടായിരുന്നു. അതോടൊപ്പം തലയിൽ വലിയ ഒരു കെട്ടും ... 
 അത് കണ്ട് സങ്കടത്തോടെ അവൻ മാറി ചുവരോട് ചേർന്ന് നിൽകുമ്പോൾ സതീശന്റെ മുടിയിലൂടെ ഒന്ന് തലോടി ഹേമ. 

  "  നീ എന്താടാ ങ്ങനെ മാറി നിൽക്കുന്നത്. ഇവിടെ വന്നിരിക്ക് മോനെ " 

  എല്ലാം നോക്കികൊണ്ട് അപ്പുറത്ത് മാറിനിൽക്കുന്ന ശങ്കരനെ അമ്മ അടുത്തെക്ക് വിളിക്കുമ്പോൾ ശങ്കരൻ ഒന്നുടെ ഭിത്തിയോട് ചേർന്ന് നിന്ന് പറയുന്നുണ്ടായിരുന്നു 
 " വേണ്ടമ്മേ.. കുട്ടന് വയ്യാത്തതല്ലേ.. ഇപ്പോൾ പാവം ഒറങ്ങാ. അതിനിടക്ക്  എഴുനേൽക്കുമ്പോൾ ന്നേ കണ്ടാൽ ദേഷ്യം വന്നാലോ.. അപ്പൊ കുട്ടന് പിന്നേം വേദന കൂടും. പാവം ഒരുപാട് വേദനിക്കുന്നുണ്ടാവും.  അപ്പോൾ ന്നേ കണ്ട് പിന്നേം വേദന കൂടണ്ടാലോ. അതോണ്ട് ഞാൻ ഇവിടെ നിന്നോളാ.. നിക്ക് കാണാലോ കുട്ടനെ " എന്ന്. 

   അത്‌ കേട്ട് ഹേമയുടെയും ശാരദയുടെയും മുഖം ഒന്ന് മങ്ങി.   ഇപ്പഴും അനിയന്റെ സന്തോഷത്തിനു വേണ്ടി മാറി നിൽക്കുന്ന അവനെ അവർ അത്ഭുതത്തോടെ നോക്കുമ്പോൾ  ഇതെല്ലാം കേട്ട് കണ്ണുകൾ അടച്ച് കിടക്കുകയായിരുന്നു സതീശൻ. ശരീരത്തിന്റെ വേദനയേക്കാൾ വേദനിപ്പിക്കുന്ന ഏട്ടന്റെ സ്നേഹത്തിൽ ചാലിച്ച വാക്കുകളിൽ പൊള്ളിപ്പിടഞ്ഞ്. 

             ------------------------------------------

  വേദനിച്ചും കരഞ്ഞും സതീശന്റെ ഉറക്കമില്ലാത്ത രാത്രികൾക്ക് കൂട്ടായി ഹേമയും ശങ്കരനും ഉറക്കം നഷ്ടപ്പെടുത്തി കൂട്ടിരിക്കാൻ തുടങ്ങിയിട്ട് ആഴ്ച ഒന്ന് കഴിഞ്ഞു. 
  ഇടക്കൊന്ന് മയക്കത്തിലേക്ക് വഴുതി വീഴുമ്പോൾ  പാതിയുറക്കത്തിൽ ഞെരങ്ങിയും മൂളിയും വേദന കൊണ്ട് പുളയുന്ന സതീശന്റെ ഞെരക്കം കേട്ട് ഞെട്ടി ഉണരാറുണ്ട് ശങ്കരൻ പലപ്പോഴും. 
  
  താഴെ വിരി വെച്ച് കിടക്കുന്ന ഹേമയെ ഉണര്ത്താതെ ഞെരങ്ങുന്ന സതീശന്റെ തലയിലൂടെ വിരലൊടിച്ചും കേട് പറ്റാത്ത കാലിൽ ഉഴിഞ്ഞുകൊടുത്തും നേരം വെളുപ്പിക്കുന്ന ദിവസങ്ങൾ ആയിരുന്നു കൂടുതൽ. 

     ഇടക്ക് വെള്ളം ചോദിക്കുന്ന അവന്റെ ചുണ്ടിലേക്ക് വെള്ളം ഇറ്റിച്ചു നൽകുമ്പോൾശങ്കരന്റെ മുഖത്തേക്ക് നോക്കാറുണ്ട് സതീശൻ. അപ്പോഴൊക്കെ മനസ്സിൽ കല്ല് കൊണ്ട് പണിത ഉറവ പൊട്ടും പോലെ ഒരു തേങ്ങൽ തള്ളിക്കേറുമ്പോൾ അത്‌ അടക്കിപിടിക്കാൻ പാടുപെടാറുണ്ട് അവൻ. 

      അന്ന് ചെക്കപ്പിന് ശേഷം " വലിയ പ്രശ്നം തോന്നുന്നില്ലെങ്കിൽ ഇന്ന് തന്നെ ഡിസ്ചാർജ് ചെയ്യാം " എന്ന് ഡോക്ടർ പറയുമ്പോൾ  മനസ്സിൽ ഒരു വെള്ളിടി വെട്ടി ഹേമയുടെ. 
   ഡിസ്ചാർജ് ചെയ്യാമെന്ന് പറയുന്നത് വലിയ സന്തോഷം തരുന്നതാണെങ്കിലും ഡിസ്ചാർജ് ബില്ല് അടക്കാൻ മാത്രമുള്ള പണം കയ്യിൽ ഇല്ലെന്ന് ഓർക്കുമ്പോൾ  അവൾ ഒരു ആശ്വാസത്തിനെന്നോണം നോക്കിയത് ശങ്കരന്റെ മുഖത്തേക്ക് ആയിരുന്നു. 
    അത്‌ കേട്ടിട്ടും യാതൊരു ഭാവവുമില്ലാതെ നിൽക്കുന്ന ശങ്കരനെ നോക്കുമ്പോൾ ഇനിയും എങ്ങിനെ ആണ് ആ മനുഷ്യനെ ബുദ്ധിമുട്ടിക്കുക എന്നോർത്ത് അവളുടെ ഉള്ള് നീറുന്നുണ്ടായിരുന്നു. 
 പക്ഷേ, അവനോടല്ലാതെ പറയാൻ ആരുമില്ലെന്നത് അവളെ അവനടുത്തേക്ക് നടത്തി. 

  " ശങ്കരേട്ടാ...  ഇന്ന് ഇവിടെ നിന്ന് പോവാമെന്നാ പറഞ്ഞെ ഡോക്ടർ " എന്ന് പറയുമ്പോൾ അവൻ സന്തോഷത്താൽ ചിരിക്കുകയായിരുന്നു. 
    അത്‌ കാണുമ്പോൾ അവളുടെ മനസ്സ് പറയുന്നുണ്ടായിരുന്നു " ഇനി വേണ്ട പണത്തെ കുറിച്ച് പറഞ്ഞാൽ ഇപ്പോൾ ആ  മുഖത്തു കാണുന്ന ചിരി നിലക്കും " എന്ന്. 

പക്ഷേ, പറയാതിരുന്നിട്ടോ... 

അങ്ങനെ ചിന്തിച്ചുകൊണ്ട് അവന് മുന്നിൽ കാര്യം അവതരിപ്പിക്കുമ്പോൾ ഹേമ കരുതിയ പോലെ തന്നെ അവന്റെ മുഖത്തു കണ്ട ചിരി പതിയെ മങ്ങിത്തുടങ്ങിയിരുന്നു. 
   പക്ഷേ, അപ്പോഴും അവന്റെ വാക്കുകളിൽ കാണുന്ന ധൈര്യം അവളെ വല്ലാതെ അത്ഭുതപ്പെടുത്തി. 

   " അതിനെന്തിനാ ഹേമകുഞ്ഞു വിഷമിക്കണെ?  കുട്ടന് വീട്ടിൽ പോവാൻ കാശ് കൊടുക്കണോന്ന് പറഞ്ഞാൽ ഞാൻ കൊടുക്കും കാശ്.. ന്നാലെങ്കിലും ഇവര് കുട്ടനെ വിടൂലോ ഇവടന്ന് . " എന്നും പറഞ്ഞ് മയങ്ങുന്ന കുട്ടനേ വാത്സല്യത്തോടെ ഒന്ന് നോക്കിക്കൊണ്ട് അവൻ പുറത്തേക്ക് നടക്കുമ്പോൾ പോക്കറ്റിൽ വെറുതെ തപ്പി. കയ്യില് തടഞ്ഞ മുഷിഞ്ഞ നൂറിന്റെ നോട്ടും കൂടെ ഒരു കടലാസ്പൊതിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ.  
 ഒന്ന് നോക്കികൊണ്ട്‌ അവനത്  തിരികെ പോക്കറ്റിൽ തന്നെ വെച്ച് വേഗം മുന്നോട്ട് നടക്കുമ്പോൾ അവനെ പ്രതീക്ഷിച്ച പോലെ ഒരാള് പുറത്ത് അവരുടെ റൂം അന്വോഷിച്ചു നിൽപ്പുണ്ടായിരുന്നു. 

    ശങ്കരൻ പുറത്തേക്കിറങ്ങുന്നത് കണ്ട് വേഗം അവനരുകിലേക്ക് വന്ന് ശങ്കരാ എന്ന് വിളിക്കുമ്പോൾ ആയിരുന്നു അവനും അയാളെ ശ്രദ്ധിച്ചത് !

" അയ്യോ മൊതലാളിയോ.. ന്താ മൊതലാളീ ഇവടെ...  " എന്ന് ചോദിക്കുന്ന ശങ്കരന്റെ തോളിൽ കയ്യിട്ട് പുറത്തേക്ക് നടക്കുമ്പോൾ തോമസ്സ് പറയുന്നുണ്ടായിരുന്നു 
  "  നിനക്ക് അറിയാലോ ശങ്കരാ.. നിന്റെ അനിയനോട് എനിക്ക് ഒട്ടും താല്പര്യം ഇല്ല. അവൻ ചത്താൽ പോലും. പക്ഷേ, ഇത്രയൊക്കെ നിന്നെ ഉപദ്രവിച്ചിട്ടും അവന് വേണ്ടി നീ പിന്നേം കഷ്ടപ്പെടുന്നത് കാണുമ്പോൾ..... 
      എല്ലാവരും നിന്റെ മനസ്സിന്റെ മുന്നിൽ ചെറുതാണ് ശങ്കരാ.. അതിന്റ അസൂയ കൊണ്ട് വിളിക്കുന്നതാ അവരൊക്കെ നിന്നെ പൊട്ടാ എന്ന്. 

   ഇപ്പോൾ ഞാൻ വന്നത് നീ അന്ന് ചോദിച്ച കാശ് തരാനാ. നിന്റെ അനിയനെ ഓർത്തല്ല. നിന്നെ ഓർത്ത്.. നിന്റെ മനസ്സിനെ ഓർത്ത്..  
  എനിക്കറിയാം.. നീ തരുമെന്ന് പറഞ്ഞാൽ നിന്റെ ജീവൻ തന്നും നീ ആ കടം വീട്ടുമെന്ന്. അത്ര നല്ലവൻ ആണെടാ നീ. അതുകൊണ്ട് നീ ഈ കാശ് വെക്ക്. " എന്നും പറഞ്ഞ് ഒരു പൊത്തി തോമസ്സ് മുതലാളി അവന്റെ കയ്യിൽ വെച്ച് കൊടുക്കുമ്പോൾ  അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. 

  " മൊതലാളി...  എന്ത് പണി തന്നാലും ഞാൻ ചെയ്യാട്ടോ... നിക്ക് ഇത് വിശ്വസിക്കാൻ കഴിയണില്ല മൊതലാളി. ഞാൻ.. ഞാനിതെങ്ങനാ ന്റെ സന്തോഷം പറയാ..... നിക്ക് അറിയില്ല മൊതലാളി.... " എന്നും പറഞ്ഞ് അയാൾക്ക് മുന്നിൽ അവനൻ തൊഴുകൈയ്യോടെ നിൽകുമ്പോൾ അയാൾ അവന്റെ കയ്യിൽ പിടിച്ചു ഒരു ആശ്വാസമെന്നോണം. 

         " മൊതലാളി,  ഞാൻ ഈ സന്തോഷം ഹേമകുഞ്ഞിനോട് പറഞ്ഞിട്ട് വരാവേ. പാവം. സങ്കടപ്പെട്ടിരിക്കാ.. ഞാൻ പോയിട്ട് കാശ് കാണിച്ചു സന്തോഷിപ്പിച്ചിട്ട് വരാവേ " എന്നും പറഞ്ഞ് അവൻ റൂമിലേക്ക് ഓടുമ്പോൾ അതെല്ലാം നോക്കികൊണ്ട് സന്തോഷനിമിഷത്തിലെന്നപോലെ അയാൾ ചിരിച്ചുകൊണ്ട് പറയുന്നുണ്ടായിരുന്നു  " പൊട്ടൻ " എന്ന്. 

            ------------------------------------------------

ദിവസങ്ങൾ മുന്നോട്ട് പോയിക്കൊണ്ടിരുന്നു. സതീശന് എല്ലാത്തിനും കൂടെ ഒരാൾ വേണമെന്ന അവസ്ഥയിൽ ഒപ്പം  ശങ്കരൻ ഉണ്ടാകുമായിരുന്നു. 
  എല്ലാം കിടന്ന കിടപ്പിൽ സാധിക്കേണ്ട  ആദ്യനാളിലെ അവസ്ഥയിൽ  ഒരു ഇഷ്ടക്കേടും കാണിക്കാതെ എല്ലാം വൃത്തിയായി ശങ്കരൻ ചെയ്യുമ്പോൾ  ആദ്യമായി  സതീശന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. 
 അന്ന് ശങ്കരൻ മുറിവിട്ടിറങ്ങുമ്പോൾ പിന്നിൽ നിന്നുള്ള വിളി കേട്ട് അവൻ ഒന്ന് തരിച്ചുനിന്നു. പിന്നെ സന്തോഷത്തോടെ സതീശന് നേരെ തിരിയുമ്പോൾ ആ വിളി പിന്നെയും പിന്നെയും ശങ്കരന്റെ കാതുകളിൽ മുഴങ്ങുന്നുണ്ടായിരുന്നു. 
   " ഏട്ടാ... !" എന്ന്.

  കുറെ കാലങ്ങൾക്ക് ശേഷം ആയിരുന്നു സതീശനിൽ നിന്നും അങ്ങനെ ഒരു വിളി ശങ്കരൻ കേൾക്കുന്നത്.  എന്നും പൊട്ടൻ എന്ന് മാത്രം വിളിച്ചവൻ ഇന്ന് ഏട്ടാ ഇന്ന് വിളിക്കുമ്പോൾ ഒരു സ്വർഗ്ഗം കിട്ടിയ സന്തോഷം ആയിരുന്നു ശങ്കരനിൽ. 

ആ സന്തോഷത്തിൽ അവൻ പുറത്തേക്ക് ഓടുമ്പോൾ മുന്നിൽ വന്ന് പെട്ട അമ്മയെ ചുറ്റിപിടിച്ചുകൊണ്ട് പറയുന്നുണ്ടായിരുന്നു " അമ്മേ കുട്ടൻ ന്നേ ഏട്ടാന്ന് വിളിച്ച് " എന്ന്. 
അത്‌ അതേ വേഗത്തിൽ അച്ഛനോടും ഹേമയോടും പറയുമ്പോൾ അവൻ പിന്നെയും പിന്നെയും പൊട്ടിച്ചിരിക്കുകയായിരുന്നു. 

          ആ സന്തോഷം കണ്ട് കൊണ്ട് സതീശനുള്ള കഞ്ഞിയുമായി ഹേമ റൂമിലേക്ക് പോകുമ്പോൾ അവൻ എന്തോ ചിന്തയിലെന്നോണം ഇരിക്കുകയായിരുന്നു. 
 " ഏട്ടാ " എന്നും വിളിച്ച് കഞ്ഞിയുമായി അവനരികിൽ  ഇരിക്കുമ്പോൾ അവളുടെ വിളി കേട്ടായിരുന്നു അവൻ ചിന്തയിൽ നിന്നും ഉണർന്നത്. 
 അവൾ സ്നേഹത്തോടെ കോരിക്കൊടുക്കുന്ന കഞ്ഞി കുടിക്കുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. പതിയെ അവൾ നീട്ടിയ കഞ്ഞി തടഞ്ഞുകൊണ്ട് ആ കയ്യിൽ പിടിച്ചു സതീശൻ. പിന്നെ ആ കൈ കാവിലേക്ക് ചേർത്തു പിടിച്ച് പറയുന്നുണ്ടായിരുന്നു " ഹേമേ.. മാപ്പ് " എന്ന്. 

   അത്‌ കേട്ട് ഒരു പൊട്ടിക്കരച്ചിലിന്റെ വക്കോളം എത്തിയ അവൾ ആ വാ പൊത്തുമ്പോൾ  അവൾ പറയുന്നുണ്ടായിരുന്നു.  "  ഈ വിളി ഒന്ന് കേൾക്കാൻ ഒത്തിരി കാത്തിരുന്നെങ്കിലും നിക്ക് അറിയാം ന്നേ കൈവിടില്ല ദൈവം എന്ന്. ന്നോട് മാപ്പ് പറയല്ലേ ഏട്ടാ.. എനിക്ക് ഒരു സങ്കടോംല്ല്യ. " എന്ന്. 
     അത്‌ കേട്ട്  ഒരു കൈ കൊണ്ട് അവളെ നെഞ്ചിലേക്ക് ചേർത്തു പിടിക്കുമ്പോൾ ആദ്യാമായി അവൾ ആ സ്നേഹം അനുഭവിക്കുകയായിരുന്നു. 
   കൊതിച്ച ജീവിതത്തിന്റ തുടക്കമെന്നോണം. 

                 ---------------------------------------

പതിയെ പതിയെ സതീശൻ നടന്ന് തുടങ്ങുമ്പോൾ താങ്ങായി ശങ്കരൻ തോൾ ബലം .ഉണ്ടായിരുന്നു. 
  അത്‌ തന്നെ ആണിപ്പോൾ സതീശന്റെ വിശ്വാസവും. 
      
   അന്ന് നടന്ന് തളർന്ന് ഇരിക്കുമ്പോൾ അടുത്തിരിക്കുന്ന ശാരദയെ ഒന്ന് നോക്കികൊണ്ട് സതീശൻ കൊഞ്ചലോടെ ചോദിക്കുന്നുണ്ടായിരുന്നു " ഞാൻ ഈ മടിയിൽ ഒന്ന് കിടന്നോട്ടെ അമ്മേ " എന്ന്. 
 അത്‌ കേട്ട് സന്തോഷത്തോടെ അവനെ കൈ നീട്ടി ക്ഷമിക്കുമ്പോൾ മകന്റ മാറ്റം കണ്ട് ആ അമ്മയുടെ കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞൊഴുകി. 
 സതീശൻ പതിയെ മടിയിലേക്ക് തല വെക്കുമ്പോൾ അത്‌ കണ്ട് നിൽക്കുന്ന ശങ്കരൻ പൊട്ടിക്കിചിരിച്ചുകൊണ്ട് " ഞാനും " എന്നും പറഞ്ഞ് അപ്പുറത്ത് വന്ന് കിടക്കുമ്പോൾ രണ്ട് പേരുടെയും മുടിയിൽ പതിയെ തലോടി അമ്മ. 
  
  ആ സമയം അവർക്കരികിലേക്ക് വന്ന ഹേമ ആ കാഴ്ച കണ്ട് നിൽക്കുമ്പോൾ അവളെയും അരികിലേക്ക് വിളിച്ചു ശാരദ. 

പിന്നെ സതീശന്റെ മുടിയിൽ തടവിക്കൊണ്ട് പറയുന്നുണ്ടായിരുന്നു " മോനെ.. ജീവിതം ഒന്നേ ഉളളൂ. ആ ജീവിതത്തിൽ നമുക്ക് മുന്നിൽ ചെയ്ത് തീർക്കാൻ ഒരുപാട് ഉണ്ട്. 
    നിന്റെ കെട്ടിയ താലി ആണ് ഇവളുടെ കഴുത്തിൽ. അത്‌ പൊട്ടിച്ചെറിയാൻ എളുപ്പമാണ്. പക്ഷേ, അത്‌ ചേർത്തു പിടിച്ച് നിലനിർത്താൻ ആണ് പാട്. ഒരു ജീവിതമെ ഉളളൂ. ആ ജീവിതത്തിൽ  നമ്മൾ പരസ്പരം അറിഞ്ഞും സ്നേഹിച്ചും തീർക്കേണ്ട ഒന്നാണ് ദാമ്പത്യം. 
അതുകൊണ്ട് അമ്മ പറയുവാ. ഇനി ഈ പെണ്ണിന്റ കണ്ണ് നിറയരുത്. നിനക്ക് വേണ്ടി ഒരുപാട് കരഞ്ഞുകഴിഞ്ഞു ഇവൾ. 
  ഇപ്പോൾ നിനക്ക് നല്ല ഒരു മകനാവാൻ കഴിയുന്നുണ്ടെങ്കിൽ അതെ പോലെ നല്ല ഒരു ഭർത്താവാകാനും കഴിയും " എന്ന്. 

അത്‌ കേട്ട് അമ്മയുടെ മടിയിൽ നിന്നും സതീശൻ എഴുന്നേൽക്കുമ്പോൾഅവന്റെ മനസ്സിൽ  വാക്കുകളിലും  കുറ്റബോധം നിറഞ്ഞുനിന്നിരുന്നു. 

   "  ഇല്ലമ്മേ.. ഇനി ഇവളുടെ കണ്ണുനീർ ഈ വീട്ടിൽ വീഴില്ല അമ്മേ.. ഒരുപാട് അഹങ്കരിച്ചു,  പക്ഷേ വീണപ്പോൾ ആണ് മനസ്സിലായത് അഹങ്കാരം കൊണ്ട് ജയിക്കുന്നതിനേക്കാൾ നൂറിരട്ടി മധുരം ആണ് സ്നേഹം കൊണ്ട് ജയിക്കുമ്പോൾ. അത്‌ മനസ്സിലാക്കാൻ ആയിരിക്കും ദൈവം എന്നെ ഇങ്ങനെ ഒന്ന് കിടത്തിയത്  "എന്ന്. 

അത്‌ കേട്ട് അവർക്കിടയിൽ  നിന്നും സന്തോഷത്തോടെ  പൊട്ടിച്ചിരിച്ചുകൊണ്ട് ശങ്കരൻ ഉള്ളിലേക്കു ഓടുമ്പോൾ എന്തിനാണ് ഓടിയതെന്ന് അറിയാനുള്ള ആകാംഷ ഉണ്ടായിരുന്നു എല്ലാവരുടെയും മുഖത്ത്‌.    
   അകത്തേക്ക് ഓടിയ അതേ സ്പീഡിൽ പുറത്തേക്ക് ഓടുന്ന ശങ്കരനെ കണ്ട് കസേരയിൽ നിന്നും എഴുനേറ്റ് ദിവാകരനും കൂടെ പുറത്തേക്ക് നടക്കുമ്പോൾ ശങ്കരൻ സതീശനും ഹേമക്കും  മുന്നിൽ കിതച്ചുകൊണ്ട് നിൽക്കുകയായിരുന്നു. 

" ഇനി കുട്ടനും ഹേമകുഞ്ഞും ഒന്ന് കണ്ണടച്ചേ. ഏട്ടൻ ഒരു സൂത്രം കണിചേരാം " എന്നും പറഞ്ഞ് അവരുടെ കണ്ണുകൾ അടപ്പിക്കുമ്പോൾ അവൻ പോക്കറ്റിൽ നിന്നും ഒരു പൊതി എടുത്തു തുറന്ന് സതീശന്റെ കയ്യിൽ വെച്ച് കൊടുത്തു. 
  " ഇനി കണ്ണ് തൊറന്നോ " എന്ന് പറഞ്ഞ് പൊട്ടിച്ചിരിക്കുമ്പോൾ കണ്ണുകൾ തുറന്ന സതീശന്റെയും ഹേമയുടെയും മുഖത്തു വല്ലാത്തൊരു അത്ഭുതം ആയിരുന്നു. 

    ഹേമ സതീശന്റെ കയ്യിലേക്ക് ഒന്ന് നോക്കികൊണ്ട് പിന്നെ ശങ്കരനെ നോക്കുമ്പോൾ ആ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു. 

   " അയ്യേ.. ന്തിനാ ഹേമകുഞ്ഞ് കരയണേ. ന്ന് സന്തോഷം ഉള്ളദിവസം അല്ലെ " എന്ന് പറയുമ്പോൾ അന്ന് വിൽക്കാനായി ഹേമ ഊരിക്കൊടുത്ത മാല സതീശന്റെ കൈകളിൽ കിടന്ന് തിളങ്ങുന്നുണ്ടായിരുന്നു. 

  " ഇനി അത്‌ ഹേമകുഞ്ഞിന് കെട്ടികൊടുക്ക് കുട്ടാ " എന്ന് പറഞ്ഞ് എല്ലാവരെയും  നോക്കുന്ന ശങ്കരനെ നോക്കിക്കൊണ്ട് സതീശൻ അത്‌ ഹേമയെ അണിയിക്കുമ്പോൾ  എല്ലാവരുടെയും മുഖത്ത്‌ വല്ലാത്ത ഒരു സന്തോഷം ഉണ്ടായിരുന്നു. 

     മാല ഹേമയുടെ കഴുത്തിലിട്ട ശേഷം " ഏട്ടാ " എന്നും വിളിച്ച് അവന് മുന്നിൽ സതീശൻ കൈ ചേർത്തുപിടിച്ച് കരയുമ്പോൾ ചിരിച്ചുകൊണ്ട് ശങ്കരൻ പറയുന്നുണ്ടായിരുന്നു 
  " കേട്ടില്ലേ അമ്മേ.. ചെക്കൻ ന്നേ പിന്നെം ഏട്ടാന്ന് വിളിക്കണേ.  നിക്ക് ന്തൊരു സന്തോഷം ആന്നോ " എന്ന്. 
അതും  പറഞ്ഞ് സതീശനെ കെട്ടിപിടിക്കുമ്പോൾ അവൻ കൊഞ്ചലോടെ പറയുന്നുണ്ടായിരുന്നു 
  " ഇങ്ങനെ ഒരു പൊട്ടൻ ചെക്കൻ " എന്ന്. 

 അത്‌ കേട്ട് എല്ലാവരും അവന്റെ ചിരിയിൽ പങ്ക് ചേരുമ്പോൾ സതീശൻ ഒന്നുകൂടി അവന്റെ കരവലയത്തിലേക്ക് പറ്റിച്ചേർന്നു  
  " ഏട്ടന്റെ സംരക്ഷണവലയത്തിൽ " എന്ന പോലെ !

✍️ ദേവൻ
                                       ( ശുഭം )  

          
ഈ കഥക്ക് നിങ്ങൾ തന്ന മനസ്സ് നിറഞ്ഞ സപ്പോര്ട്ടിന് ഒത്തിരി നന്ദി. കഥ എത്രത്തോളം പൂർണ്ണമായി എന്ന് എനിക്ക് അറിയില്ല. 
    നിങ്ങളുടെ ഒരു വാക്ക് അത്‌ നല്ലതായാലും വിമർശ്ശനം ആയാലും എനിക്ക് അടുത്ത എഴുത്തിലേക്കുള്ള പ്രചോദനം ആണ്. 

അതുകൊണ്ട് എനിക്കായി ഒരു വാക്ക് കുറിക്കുമെന്ന  പ്രതീക്ഷയോടെ.... 
കൂടെ ഉണ്ടാകും എന്ന വിശ്വാസത്തോടെ........ ♥️     

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്