പെണ്ണ്

പെണ്ണ്

"ഷാജിയേട്ടാ ഇതു ഏതു വഴിക്കാ ചേട്ടൻ പോണേ? ഒരു പാട് വളഞ്ഞു പോകണ്ടേ ഈ വഴിയിൽ കൂടി? "

ഓട്ടോറിക്ഷയുടെ മുരൾച്ചയെയും ഭേദിച്ചുക്കൊണ്ട് രേഷ്മയുടെ അമ്പരപ്പാർന്ന ചോദ്യം കേട്ടതും, ഷാജി പുഞ്ചിരിയോടെ തിരിഞ്ഞു നോക്കി അവളെ.

"ഇതിലേ പോയാൽ നമ്മൾക്ക് പച്ചക്കറി മാർക്കറ്റിലേക്ക് ഒന്നു കയറാം.. ഓണമല്ലേ കുറച്ച് പച്ചക്കറി വാങ്ങിയിട്ട്  വീട്ടിൽ പോകാം"

ഷാജി പറഞ്ഞപ്പോൾ അവൾ പതിയെ,തലയാട്ടി പുറത്തേക്ക് നോക്കിയിരുന്നു.

ആർത്തലച്ചു പെയ്യുന്ന മഴയും, കണ്ണിൽ കുത്തിയ ഇരുട്ടും കൂടി അന്തരീക്ഷത്തെ വല്ലാതെ ഭയാനകമാക്കിയിരിക്കുന്നു '

ഇടയ്ക്കിടെ വീശിയടിക്കുന്ന കാറ്റിൽ പറന്നു വരുന്ന മഴത്തുള്ളികൾ അവളെ നനച്ചു കൊണ്ടിരുന്നു.

അന്തരീക്ഷത്തിൽ പാറിയെത്തുന്ന മിനൽപ്പിണരുകളും, ഇടി മുഴക്കവും, തുലാവർഷത്തിൻ്റെ വരവറിയിക്കുന്നുണ്ടു.

"മോളെന്താ ഇത്രയും നേരം വൈകിയത്?"

പിന്നിലേക്ക് നോക്കി കൊണ്ട് ഷാജിയത് ചോദിക്കുമ്പോൾ, അവൻ്റെ നോട്ടം തൻ്റെ മഴ നനഞ്ഞ മാറിലേക്കാണ് എന്നു തോന്നിയതും, അവൾ പതിയെ
ഷാൾ വലിച്ചിട്ടു.

ഉള്ളിലൂറിയ അമ്പരപ്പോടെ അവൾ ഷാജിയെ തുറിച്ചു നോക്കിയപ്പോൾ അവൻ പൊടുന്നനെ നോട്ടം പിൻവലിച്ചു.

പാറിയെത്തിയ മിന്നൽ വെളിച്ചത്തിൽ, പ്രായത്തിൻ്റെ അടയാളം രേഖപ്പെടുത്തി അയാളുടെ കഷണ്ടിതല തിളങ്ങി.

ഷാജിയേട്ടനെ ഒരുപാട് കാലമായി കാണുന്നതാണ് ..

ഇത് വരെ ആരും അയാളെ ഒരു കാര്യത്തിനും കുറ്റം പറയുന്നത് കേട്ടിട്ടില്ല.

തൻ്റെ മാറിലേക്ക് നോക്കിയതാണെന്ന് തനിക്ക് തോന്നിയതായിരിക്കുമെന്ന് അവൾ ചിന്തിച്ചു.

നാട്ടിൽ നടക്കുന്ന ന്യൂസുകളൊക്കെ വായിച്ച് ഇപ്പോൾ എല്ലാ ആണുങ്ങളെയും സംശയദൃഷ്ടിയോടെയാണോ താൻ നോക്കുന്നത്?

"ഓണത്തിൻ്റെ തിരക്കാവും അല്ലേ തുണിക്കടയിൽ.. അതോണ്ട് ആകും നേരം വൈകിയത് "

രേഷ്മയിൽ നിന്ന് ഉത്തരമില്ലെന്ന് കണ്ട ഷാജി സ്വയം പറഞ്ഞ് അവളെ തിരിഞ്ഞു നോക്കിയപ്പോൾ, ഓർമ്മയിൽ നിന്നുണർന്ന അവൾ അതേയെന്ന് തലയാട്ടി.

" എന്തൊരു മുടിഞ്ഞ തിരക്കാ ചേട്ടാ., ഒന്ന് ഇരിക്കാൻ പോലും സമയം കിട്ടീല"

ആ വിഷമം മറക്കാനെന്നവണ്ണം അവൾ മടിയിൽ വെച്ചിരുന്ന കവറിൽ പതിയെ തലോടി.

അച്ഛനും, അനിയനുമുള്ള ഷർട്ടും മുണ്ടും...

അനിയത്തിക്ക് ചുരിദാർ..

അമ്മയ്ക്ക് ഇളം നിറത്തിലുള്ള ഒരു സാരി...

എത്രയും പെട്ടെന്ന് വീടെത്തി, ഡ്രസ് അവർക്കു കൊടുക്കാനും, ആ സന്തോഷം കാണാനും മനസ്സ് വല്ലാതെ തുടിക്കുന്നുണ്ട്....

ആകാംക്ഷ നിറഞ്ഞ മനസ്സോടെ പുറത്തെ മഴയിലേക്ക് നോക്കിയിരുന്നു അവൾ.

ഇടയ്ക്കിടെ വല്ലപ്പോഴും കടന്നു വരുന്ന വണ്ടികളുടെ നിറം മങ്ങിയ പ്രകാശമല്ലാതെ, ആ കൂരിരുട്ടിൽ ഒരു മിന്നാമിനുങ്ങ് പോലും പറക്കുന്നില്ല.

പൊടുന്നനെ ഒരു ബുള്ളറ്റിൻ്റെ ശബ്ദം കേട്ടതും, അവൾ പൊടുന്നനെ തല പുറത്തേക്കിട്ട് പിന്നിലേക്ക് നോക്കിയതും, ഒരു ഞെട്ടലോടെ പെട്ടെന്ന് അകത്തേക്ക് ഉൾവലിഞ്ഞു.

"ചേട്ടാ ഒന്നു വേഗം പോയേ "

രേഷ്മ അയാളുടെ പുറത്ത് തട്ടി പറയുമ്പോഴും വിറയ്ക്കുന്നുണ്ടായിരുന്നു.

റെജിയുടെ വണ്ടിയുടെ ശബ്ദമല്ലേ കേൾക്കുന്നതെന്നും പറഞ്ഞ് അയാൾ തല പുറത്തേക്കിട്ടു നോക്കി യതും, അയാളുടെ കഷണ്ടിതലയിൽ ബുള്ളറ്റിൻ്റെ ഹെഡ് ലൈറ്റിൽ നിന്നുള്ള പ്രകാശം വീണിരുന്നു....

ടാറിളകിയ റോഡിലൂടെ അയാൾ ഓട്ടോ, വേഗതയിലോടിച്ചു.

"വണ്ടി കേടായാലും വേണ്ടില... അവൻ്റെ കണ്ണിൽ പെടാതെ മോൾ രക്ഷപ്പെട്ടാൽ മതി"

ഷാജിയുടെ സംസാരം കേട്ടപ്പോൾ, രേഷ്മയുടെ ഉള്ളിൽ സംശയം ചിറകടിച്ചു.

പ്രണയമെന്നും പറഞ്ഞ് റെജി ശല്യപ്പെടുത്തുന്നത് ഷാജിയേട്ടൻ അറിഞ്ഞിട്ടുണ്ടാവുമോ?

അങ്ങിനെയെങ്കിൽ പെട്ടെന്നു തന്നെ അച്ഛനും, അനിയനും അറിയും'..

ഒന്നും ചിന്തിക്കാതെ തന്നെ ഒരു കുപ്പി മദ്യത്തിൻ്റെ ലഹരിയിൽ കണക്കു ചോദിക്കാനിറങ്ങും....

മുന്നും, പിന്നും നോക്കാത്തവൻ്റെ മുന്നിലേക്ക് പകരം ചോദിക്കാൻ പോകല്ലേയെന്ന് പറഞ്ഞ് അവരുടെ കാല്  പിടിച്ചാൽ, ആ കാൽ കൊണ്ടു തന്നെ അവർ തൊഴിക്കും...

ആ വഴക്ക് ആരെങ്കിലും ഒരാൾ കത്തിമുനയിൽ തീരുന്നതിൽ കലാശിക്കും'

ഓർത്തപ്പോൾ പെരും വിരലിൽ നിന്ന് ഒരു തരിപ്പ്, ശരീരമാസകലം പടരുന്നത് അവളറിഞ്ഞു.

പൊടുന്നനെ റെജിയുടെ ബുള്ളറ്റ്, ഓട്ടോറിക്ഷയെ കടന്നു പോകുന്നത് കണ്ടപ്പോൾ അവളൊന്നു ദീർഘനിശ്വാസമുതിർത്തു.

" റെജി, മോളെ ശല്യപ്പെടുത്തുന്നുണ്ട് അല്ലേ?"

ഷാജിയുടെ ചോദ്യം കേട്ടതും അവൾ അമ്പരപ്പോടെ അയാളെ നോക്കി.

"ഓട്ടോസ്റ്റാൻഡിൽ എല്ലാവരും പറഞ്ഞു നടക്കുന്നുണ്ട്. നിങ്ങൾ തമ്മിൽ പ്രേമമാണെന്ന് പോലും ചിലർ പറയുന്നുണ്ട് "

ആ വാക്ക് കേട്ടതും രേഷ്മയുടെ കണ്ണുനിറഞ്ഞു.

മൂന്നാല് മാസമായി റെജി പ്രണയവും പറഞ്ഞ് തൻ്റെ പിന്നാലെ നടക്കുന്നു ....

ഇതുവരെ അവനെ ചീത്ത പറയുകയല്ലാതെ, ഒരു പുഞ്ചിരി പോലും കൊടുത്തിട്ടില്ല... :

എന്നിട്ടും.....

ഒരു പെൺക്കുട്ടിയെ പറ്റി അപവാദം പറയാൻ എന്ത് ഉത്സാഹമാണ് നാട്ടുക്കാർക്കെന്ന് അവൾ അറപ്പോടെ ചിന്തിച്ചു.

"മോൾക്ക് കല്യാണപ്രായം കഴിഞ്ഞെന്ന് വെച്ച് ഓടി ചെന്ന് ആ ചൂണ്ടയിൽ കൊത്തരുത് ട്ടാ.... രണ്ടാനച്ഛനെ കുത്തികൊന്ന് ജയിലിൽ പോയോനാ ... അതും കൂടാതെ എപ്പോഴും കള്ളിലും കഞ്ചാവിലുമാണ് അവൻ "

ഷാജിയുടെ സംസാരം കേട്ടതും ഉള്ളിൽ തികട്ടി വന്ന കലി അവൾ കടിച്ചമർത്തി പതിയെ ചോദിച്ചു

"കല്യാണം കഴിക്കാതെ ജീവിക്കാൻ പറ്റില്ലേ ഈ ലോകത്ത് ?"

രേഷ്മയുടെ ചോദ്യം കേട്ടതും, ചോദിച്ചത് അബദ്ധമായെന്ന മട്ടിൽ അയാൾ പതിയെ പറഞ്ഞു.

"അതല്ല മോളെ.... "

അയാൾ പറഞ്ഞു തുടങ്ങുമ്പോഴെക്കും അവൾ ഇടയിൽ കയറി.

"എൻ്റെ അവസ്ഥ എനിക്ക് നന്നായി അറിയാം ഷാജിയേട്ടാ... നല്ലൊരുത്തൻ ആ വീട്ടിലേക്ക് പെണ്ണു ചോദിച്ചു വരില്ലായെന്നും... എന്ന് വെച്ച് ഞാൻ....... "

പറഞ്ഞു വന്നത് അവൾ അനിഷ്ടത്തോടെ കടിച്ചമർത്തി  അയാളെ നോക്കി.

കൂരിരുട്ടിനെ കീറി മുറിച്ചു കൊണ്ട് ,ഓട്ടോയുടെ ഹെഡ് ലൈറ്റിൽ നിന്നു വീഴുന്ന പ്രകാശം  ടാറിട്ട നിരത്തിൽ ചിത്രം വരയ്ക്കുന്നതും നോക്കി അയാൾ നിശബ്ദനായി ഇരുന്നു.

കുറച്ചു ദൂരം ഓടി പച്ചക്കറി മാർക്കറ്റിലേക്ക് ഓട്ടോ കടന്നതും അവൾ ചുറ്റും നോക്കി.....

പച്ചക്കറികൾ വാങ്ങാൻ പരക്കം പായുന്നവരുടെ തിരക്ക് നോക്കി നിന്നപ്പോൾ അവളുടെ കണ്ണുനിറഞ്ഞു.

ഓർമ്മ വെച്ചതിൽ പിന്നെ ഒരു ആഘോഷത്തിലും മനസ്സറിഞ്ഞ് ഉല്ലസിച്ചിട്ടില്ല

ഏതൊരു ആഘോഷമായാലും, കള്ള് കുടിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കുന്ന അച്ഛനും, അനിയനും....

എല്ലാം കണ്ട് നെഞ്ച് പൊട്ടി,കണ്ണുനീർ വാർത്ത് രണ്ട് പെൺമക്കളെയും മാറോട് ചേർത്ത് വീടിൻ്റെ ഒരൊഴിഞ്ഞ കോണിലിരുന്നു വിധിയെ ശപിക്കുന്ന അമ്മ.....

തീരമെത്തുന്നതിനു മുൻപ് മുങ്ങി പോകുമെന്നറിയാവുന്നതോണിയുടെ നിയന്ത്രണം ഏറ്റെടുത്തത് പത്താം ക്ലാസിൽ വെച്ച് പഠിപ്പ് നിർത്തിയിട്ടാണ്.....

നെഞ്ചുരുകിയാണ് രേഷ്മ സ്ക്കൂളിൽ നിന്ന് പടിയിറങ്ങിയതെങ്കിലും, സന്തോഷത്തോടെയാണ് വീടിൻ്റെ ചുമതല ഏറ്റെടുത്തത്.....

തുണിക്കടയിൽ നിന്നു കിട്ടുന്ന ശംബളവും, ആടിനെയും കോഴിയെയും വളർത്തി കിട്ടുന്നതിൽ നിന്നുള്ള വരുമാനവും കൂടി, അല്ലലില്ലാതെ പോകുന്ന വീട്ടിൽ, ഇടയ്ക്ക് നിരാശയുയർത്തുന്നത് അവളുടെ അച്ഛനും, അനിയനും കള്ളുകുടിച്ചിട്ട് വന്ന് ഉണ്ടാക്കുന്ന പ്രശ്നങ്ങളാണ്.

" ഇതാ മോൾ പിടിച്ചോ? "

ഷാജിയുടെ ശബ്ദം കേട്ട് രേഷ്മ ഓർമ്മകളിൽ നിന്നുണർന്നപ്പോൾ കണ്ടത് തനിക്കു നേരെ നീട്ടിയ പച്ചക്കറി കിറ്റാണ്.

" അധികം പൈസ വേണ്ടി വന്നില്ല. അതു കൊണ്ട് രണ്ട് കിറ്റ് വാങ്ങി "

വേണ്ടായെന്ന് അവളുടെ മനസ്സ് മന്ത്രിച്ചെങ്കിലും, അയാൾക്ക് ഒന്നും തോന്നണ്ടായെന്ന് വെച്ച് അവൾ വാങ്ങി വെച്ചു.

പച്ചക്കറി മാർക്കറ്റിൻ്റെ വെളിച്ചത്തിൽ നിന്നും വീണ്ടും പുറത്തെ ഇരുട്ടിലേക്ക് ഓട്ടോറിക്ഷ ഓടി തുടങ്ങിയപ്പോൾ മഴക്ക് വീണ്ടും കനം വെച്ചു തുടങ്ങിയിരുന്നു.

ശക്തിയേറിയ കാറ്റിൽ മഴ തുള്ളികൾ മുഴുവൻ ഓട്ടോയിലേക്ക് അടിച്ചു കയറുന്നുണ്ടായിരുന്നു....

കുറച്ചു ദൂരം ഓടിയതും, ഓട്ടോയുടെ എഞ്ചിൻ ഓഫായി....

കിക്കർ എടുത്ത് അടിച്ചിട്ടും സ്റ്റാർട്ട് ആകുന്നില്ലെന്നത് കണ്ട ഷാജി, നിരാശയോടെ രേഷ്മയെ തിരിഞ്ഞു നോക്കിയതും, മിന്നലിൻ്റെ വെളിച്ചത്തിൽ മഴയിൽ നനഞ്ഞൊട്ടിയ ആ രൂപം കണ്ട് അവൻ പൊടുന്നനെ നോട്ടം പിൻവലിച്ചു.

അയാളുടെ ആ ഭാവമാറ്റം കണ്ടതും ഒരു ചമ്മിയ ചിരി യോടെ രേഷ്മ ഷാൾ നേരെ ഇട്ടു.

പൊടുന്നനെ ഷാജി മൊബൈൽ എടുത്ത് ആർക്കോ വിളിക്കുന്നത് കണ്ട രേഷ്മ അയാളെ പ്രതീക്ഷയോടെ നോക്കി. 

" മെക്കാനിക്കിനെയാണ്.. അര മണിക്കൂറിനുള്ളിൽ എത്താമെന്നു പറഞ്ഞിട്ടുണ്ട് "

അതും പറഞ്ഞ് അയാൾ ഒരു ബീഡിക്ക് തീകൊളുത്തി ചുണ്ടത്ത് വെച്ചപ്പോഴാണ് അകലെ നിന്നു ഒരു വണ്ടി വരുന്നത് കണ്ടത്.

" പോലീസ് വണ്ടി ആണെന്നു തോന്നുന്നു വരുന്നത്.. നമ്മളെ ഇങ്ങിനെ കണ്ടാൽ വേണ്ടാത്ത ചോദ്യങ്ങൾ ചോദിക്കും... അതു കൊണ്ടു മോൾ, ആ വീട്ടിലേക്ക് കയറിയിരുന്നോ?"

അയാൾ കൈചൂണ്ടിയിടത്തേക്ക് നോക്കിയ അവൾ കണ്ടത്, വെളിച്ചമില്ലാതെ ഒരു നിഴൽ പോലെ തോന്നിക്കുന്ന, ആൾ താമസമില്ലാത്ത വീട്.

മനസ്സിലെ അതൃപ്തിയോടെ അവൾ ആ വീട്ടിലേക്ക് നടന്നു.

വസ്ത്രങ്ങളടങ്ങിയ കവറും മാറോട് ചേർത്തു, വീട്ടിൽ തന്നെ കാണാതെ പേടിച്ചിരിക്കുന്ന അമ്മയുടെയും അനിയത്തിയുടെയും പറ്റി വിഷമിച്ച് അവൾ 
അരപ്ലേസിലിരുന്നു.

ആർത്തു പെയ്യുന്ന മഴയിലൂടെ,എവിടെയോ ഒരു ബുള്ളറ്റിൻ്റെ ശബ്ദം കേട്ടതും ഭയത്തിൻ്റെ ഒരു നേരിയ തണുപ്പ് പൊടുന്നനെ അവളുടെ ശരീരത്തിലൂടെ പടർന്നെങ്കിലും, തൊട്ടടുത്ത് പുകവലിച്ചു നിൽക്കുന്ന ഷാജിയെ കണ്ടതും ആ_ഭയം അവളിൽ നിന്നും ഓടിയകന്നു.

ആൾ താമസം ഇല്ലാത്ത ആ വീടിനെ പറ്റി ചിന്തിച്ചിരിക്കുമ്പോഴാണ്, ആരോ തൻ്റെ പിന്നിൻ വന്നു നിൽക്കുന്നതു പോലെ അവൾക്കു തോന്നിയത്.

രണ്ടു കൈകൾ തൻ്റെ ശരീരത്തെ പിടിമുറുക്കുന്നതറിഞ്ഞ അവൾ ഒരു ഞെട്ടലോടെ തിരിഞ്ഞപ്പോൾ കണ്ടത് കാമം കത്തുന്ന കണ്ണുകളുമായി നിൽക്കുന്ന ഷാജിയെയാണ്!

" വണ്ടി ഞാൻ ഓഫാക്കിയതാണ്. അല്ലാതെ മഴയിൽ ഓഫ് ആയതല്ല "

അവൻ്റെ ചുണ്ടുകൾ പതിയെ അവളുടെ കാതോരം ചേർന്നു.

"ഈ ഒരു നിമിഷത്തിന് വേണ്ടി എത്ര നാളായി ഞാൻ കൊതിക്കുന്നു"

അവൾ ചിരിച്ചു കൊണ്ട് അവനെ നോക്കി.

"എനിക്കറിയാമായിരുന്നു ഷാജിയേട്ടാ....കാള വാല് പൊക്കിയത് എന്തിനാണെന്ന് "

അതും പറഞ്ഞ് ഷാജിയെ രേഷ്മ ആലിംഗനം ചെയ്തപ്പോൾ, അവൻ അമ്പരന്നു.

" ഒന്നു തൊട്ടാൽ നീ പൊട്ടിത്തെറിക്കുമെന്നറിയാമായിരുന്നു രേഷ്മേ? കാരണം നീ ഇതുവരെ പുരുഷൻ്റെ ചൂടറിഞ്ഞിട്ടില്ല:

ഷാജിയുടെ വാക്ക് കേട്ടതും അവൾ ഒന്നു  തേങ്ങി, അവൻ്റെ മാറിലേക്ക് പറ്റി ചേർന്നു.

" ഉള്ളിൽ ആഗ്രഹമുണ്ടായിരുന്നെങ്കിലും,
അച്ഛൻ്റെ സ്നേഹിതനായ, ഞാൻ ചേട്ടനെന്നു വിളിക്കുന്ന ഒരാളോട് എൻ്റെ പ്രണയം പറയാൻ ഒരു ലജ്ജ "

പറഞ്ഞു തീർന്നതും, അവൾ ഷാജിയുടെ തോളിലൂടെ കൈയിട്ട്, അവനെ കാമാതുരയായി നോക്കി.

ഷാജി നാലുപാടും ഒന്നു നോക്കി, അവളെ ആ പഴയ വീടിൻ്റെ അകത്തേക്ക് കൊണ്ടു പോകുമ്പോൾ, ഭൂമിയെ തണുപ്പിക്കാനെന്നവണ്ണം മഴ ആർത്തലച്ചു പെയ്യുന്നുണ്ടായിരുന്നു ....

അടച്ചിട്ട വാതിലിനുള്ളിൽ പ്രണയത്തിൻ്റെ അക്ഷരമാലകൾ പറഞ്ഞു പഠിപ്പിക്കുന്നുണ്ടായിരുന്നു രേഷ്മ....

വസ്ത്രങ്ങളുടെ കവറിലേക്ക് മഴ തുള്ളികൾ ചിതറി വീണു കൊണ്ടിരുന്നു.

അഞ്ച് മിനിറ്റിനുള്ളിൽ, മുളകീറുന്ന പോലെ ഒരു ശബ്ദത്തോടൊപ്പം ആ വാതിൽ പതിയെ തുറന്നു
വസ്ത്രങ്ങളുടെ കവറുമെടുത്ത് രേഷ്മ വീടിൻ്റെ പടിയിറങ്ങി, 

കുറച്ചടി നടന്നതും മുന്നിൽ ചോദ്യഭാവത്തോടെ നിൽക്കുന്ന റെജിനെ കണ്ടപ്പോൾ, ഭയപ്പാടില്ലാതെ അവനെ നോക്കി അവൾ പതിയെ ചിരിച്ചു.

" പെഴയ്ക്കാൻ പോയതാ "

ഒരു നിമിഷം അവളെ നോക്കി നിന്ന് ഒന്നും പറയാതെ, അവളുടെ അനുവാദം ചോദിക്കാതെ അവളെ മാറോടു ചേർത്തു റെജി.

"നിനക്ക് വല്ലതും പറ്റിയോ?" 

ചോദിച്ചതും അവളുടെ കൈയും പിടിച്ച് അവൻ ആ വീട്ടിലേക്ക് ഓടി കയറി.

നിറഞ്ഞ ഇരുട്ടിൽ ഏറു കൊണ്ട പട്ടിയെ പോലെ മോങ്ങുന്ന ശബ്ദം കേട്ട്. റെജി തൻ്റെ മൊബൈൽ ടോർച്ച് ഓൺ ചെയ്‌തതും അവൻ ഒരു ഞെട്ടലോടെ പിന്നോക്കം മാറി.

രക്തത്തിൽ കുതിർന്ന, ഷാജിയുടെ ശൂന്യമായ മുൻഭാഗം കണ്ടതും, റെജി അവളെ ചേർത്തു പിടിച്ചു ആ കണ്ണുകളിലേക്ക് നോക്കി.

"കായികമായി തോൽക്കുമെന്നറിഞ്ഞപ്പോൾ
ചതിയിലൂടെ ജയിച്ചു കയറിയതാ ...

ശബ്ദമിടറാതെ രേഷ്മ അതു പറയുമ്പോൾ, അവളുടെ കൈയ്യിൽ പതിയെ പിടിച്ചു റെജി.

ഭയം നിഴലിക്കാത്ത രേഷ്മയുടെ കണ്ണുകളിലേക്ക് ആരാധനയോടെ ഒരു നിമിഷം നോക്കി നിന്ന ശേഷം അവളെയും കൊണ്ട് പടിയിറങ്ങുമ്പോൾ, അവൻ  ചുണ്ടുകൾ ആ കാതോരം ചേർത്ത് പതിയെ പറഞ്ഞു.

" ഇതു കൊണ്ട് ഒക്കെ തന്നയാടീ എത്ര ആട്ടിപ്പായിച്ചിട്ടും വീണ്ടും നിൻ്റെ പിന്നാലെ വരുന്നത് 

മഴയിലൂടെ പതിയെ പോകുന്ന ബുള്ളറ്റിൽ, അവനെയും ചേർത്ത് പിടിച്ച് അവൻ്റെ തോളിലേക്ക് തലയും ചായ്ചിരിക്കുമ്പോൾ, യഥാർത്ഥ സ്നേഹവും, സംരക്ഷണവും എന്താണെന്ന് അവൾ തിരിച്ചറിയുകയായിരുന്നു!

സന്തോഷ് അപ്പുക്കുട്ടൻ 

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്