അലീന ഫുൾ പാർട്ട്

ഇല്ലമ്മേ .. അയാളെ പോലെ ഒരുത്തൻ്റെ കൂടെ ജീവിക്കുന്നതിലും ഭേദം ,ആത്മഹത്യ ചെയ്യുന്നതാ, ഒരു പാട് പണമുള്ള കുടുംബത്തിലെ ചെക്കനാന്ന് പറഞ്ഞിട്ട് എന്താ കാര്യം, ഒരു പെണ്ണിന് ദാമ്പത്യ ജീവിതത്തിൽ പണത്തെക്കാളാവശ്യം മനസ്സമാധാനമാണ് ,ദയവ് ചെയ്ത് ഈ കല്യാണത്തിന്
അമ്മ എന്നെ നിർബന്ധിക്കരുത്

അങ്ങനെ പറയരുത് മോളേ ... എല്ലാം തികഞ്ഞ ഒരു ചെറുക്കനെ തന്നെ കല്യാണം കഴിക്കണമെന്ന് പറഞ്ഞ് വാശി പിടിച്ചിരിക്കാൻ, നമ്മളെ പോലെ പാവപ്പെട്ടവർക്ക് കഴിയില്ല , അതൊക്കെ നമുക്ക് സ്വപ്നം കാണാനേ കഴിയൂ
മോളൊന്ന് മനസ്സ് വച്ച് ഈ കല്യാണം നടന്ന് കിട്ടിയാൽ, നിൻ്റെ താഴെയുള്ളവരുടെ കാര്യത്തിലും  ഒരു തീരുമാനമുണ്ടാകും

ഞാനപ്പോൾ എൻ്റെ ജീവിതം കുരുതി കൊടുക്കണമെന്നാണോ 
അമ്മ പറയുന്നത്?

ഇല്ല മോളേ.. അമ്മ ഒരിക്കലും നിന്നെ നിർബന്ധിക്കില്ല, ഈ നരകിച്ച ജീവിതത്തിൽ നിന്നും നീയും നിൻ്റെ രണ്ടനുജത്തിമാരും രക്ഷപ്പെടുമല്ലോ എന്നോർത്ത് അമ്മ പറഞ്ഞതാ ,തീരെ നിവൃത്തിയില്ലാതെ വരുമ്പോൾ തളർന്ന് കിടക്കുന്ന അച്ഛന് വിഷം കൊടുത്തിട്ട് ,നമ്മള് നാല് സ്ത്രീകൾക്കും കൂടി ആത്മഹത്യ ചെയ്യാം

അമ്മേ... വേണ്ടമ്മേ.. അങ്ങനെയൊന്നും പറയരുത്
ഞാനൊരാള് ബലിയാടായാൽ എൻ്റെ കുടുംബം രക്ഷപെടുമെങ്കിൽ ഈ കല്യാണത്തിന് എനിക്ക് സമ്മതമാണമ്മേ

മകളുടെ ഉറപ്പ് കിട്ടിയപ്പോൾ കുറച്ച് വിഷമത്തോടെയാണെങ്കിലും അന്നാമ്മ ബ്രോക്കറോട് സമ്മതമറിയിച്ചു.

ആ നാട്ടിലെ പരമ്പരാഗത കുടുംബമായ മാളിയേക്കലെ സ്കറിയാ മാഷിൻ്റെ നാല് മക്കളിൽ ഏറ്റവും ഇളയവനായ സിബിച്ചന് വേണ്ടിയാണ്, അന്നാമ്മയുടെ മൂത്ത മകൾ അലീനയെ ആലോചിച്ചത്.

സ്കറിയാ മാഷിൻ്റെ മൂത്ത രണ്ടാൺ മക്കളും മൂന്നാമത്തെ മകളും നന്നായി പഠിച്ച് സർക്കാരുദ്യോഗസ്ഥരായപ്പോൾ, ഇളയവനായ സിബിച്ചൻ മാത്രം പത്താം ക്ളാസ്സ് തോറ്റ് കൂട്ടുകാരുമായി സിനിമ കണ്ടും ക്രിക്കറ്റ് കളിച്ചും തല്ലുണ്ടാക്കിയും സമൂഹത്തിൽ നന്മകൾ ചെയ്ത് പേരെടുത്ത, സ്കറിയാമാഷിന് എന്നും ഒരു തലവേദനയായി മാറി.

പാരമ്പര്യമായി കിട്ടിയ ഭൂസ്വത്തുക്കളും ,ഷോപ്പിങ്ങ് കോംപ്ളസുകളും അതിൽ നിന്ന് ലഭിച്ച കണക്കില്ലാത്ത ബാങ്ക് ബാലൻസുമുള്ള സ്കറിയാ മാഷിൻ്റെ സമ്പത്ത് ധൂർത്തടിക്കലായിരുന്നു, സിബിച്ചൻ്റെ പ്രധാന ഹോബി.

സ്വന്തം തെങ്ങിൻ തോപ്പിലെ ചെത്ത്കള്ള് എടുത്ത്, പറമ്പിലിരുന്ന് തന്നെ പരസ്യമായി കൂട്ടുകാരുമായി കള്ള് കുടിക്കുകയും, കാശ് വച്ച്ചീട്ടുകളിക്കുകയും ചെയ്യുന്ന സിബിച്ചനെ നാട്ടുകാർക്ക് വെറുപ്പായിരുന്നു.

കറിയാ മാഷിന് ഇങ്ങനെ തലതെറിച്ച ഒരുത്തൻ എങ്ങനുണ്ടായി, എന്ന് ആ നാട്ടിലുള്ളവർ അതിശയത്തോടെ പരസ്പരം ചോദിക്കുമായിരുന്നു .

ചെറുക്കനെ കൊണ്ടൊരു പെണ്ണ് കെട്ടിച്ചാൽ അവൻ്റെയീ വഴിപിഴച്ച പോക്ക് നിർത്താനാകുമെന്ന് കറിയാ മാഷിനെ എല്ലാവരും ചേർന്ന് ഉപദേശിച്ചപ്പോഴാണ് കല്യാണ ബ്രോക്കറോട് മാഷ് ആലോചന കൊണ്ട് വരാൻ പറഞ്ഞത് ,മാത്രമല്ല മകൻ്റെ സ്വഭാവമറിയുന്ന നാട്ടിൽ തന്നെയുള്ള പെൺകുട്ടിയുടെ പരിപൂർണ്ണ സമ്മതത്തോട് കൂടി വേണം ,മോന് പെണ്ണ് ചോദിക്കാനെന്നും, അതെത്ര പാവപ്പെട്ടവരാണെങ്കിലും കുഴപ്പമില്ലെന്നും മാഷ് ഡിമാൻറ് വച്ചിരുന്നു. 

എല്ലാം മറച്ച് വച്ചിട്ട് അവസാനം കറിയാമാഷ് ഒരു പെണ്ണിൻ്റെ ജീവിതം തുലച്ചെന്ന് ആരും പറയാൻ പാടില്ലെന്ന നിർബന്ധം മാഷിനുണ്ടായിരുന്നു.

നാട്ടിലെ മറ്റ്പ്രമാണി കുടുംബങ്ങളിലുള്ളവർ ഈ ആലോചനയോട് മുഖം തിരിച്ചപ്പോഴാണ് ,സെമിത്തേരിക്കടുത്ത് പള്ളിയുടെ പുറംപോക്കിൽ താമസിക്കുന്ന നിർദ്ധന കുടുംബമായ അന്നാമ്മയുടെ വീട്ടിലേക്ക് ബ്രോക്കർ ആലോചനയുമായി ചെന്നത്.

അന്നാമ്മയുടെ മറുപടി കിട്ടിയപ്പോൾ ബ്രോക്കറത് കറിയാ മാഷിനെ അറിയിച്ചു.

പിറ്റേന്ന് വീടിന് മുന്നിലെ ഗ്രാവലിട്ട റോഡിൽ പൊടിപറത്തി വന്ന് നിന്ന രണ്ട് കാറുകളിൽ നിന്ന് കറിയാ മാഷും കുടുംബവും വന്നിറങ്ങിയപ്പോൾ ,ടെൻഷൻ കൊണ്ട്അന്നാമ്മയുടെ കൈകാലുകൾ വിറച്ചു.

ചെറുക്കൻ വീട്ടുകാര് കാണാൻ വരുന്നുണ്ടെന്ന് ബ്രോക്കറ് മുൻകൂട്ടി അറിയിച്ചത് പ്രകാരം അടുത്ത വീടുകളിൽ നിന്നും പ്ളാസ്റ്റിക് കസേരകളും ചായയും പലഹാരവും വിളമ്പാനുള്ള, കുപ്പി ഗ്ളാസ്സുകളും ചില്ല് പ്ളേറ്റുകളും നേരത്തെ വാങ്ങി വച്ചിരുന്നു.

കറിയാ മാഷ് ഒഴിച്ചുള്ള മറ്റുള്ളവരുടെ മുഖത്ത് കണ്ട പുച്ഛഭാവം ,ഇത്രയും ദാരിദ്ര്യം പിടിച്ച ഒരു കുടുംബത്തിൽ പെണ്ണെടുക്കുന്നതിൻ്റെ അതൃപ്തി യാണെന്ന് അന്നാമ്മയ്ക്ക് മനസ്സിലായി.

ഒടുവിൽ ,അലീനയെ കണ്ട് ഇഷ്ടപ്പെട്ട കറിയാ മാഷ് അത് തുറന്ന് പറഞ്ഞു ,

പെണ്ണിനെ ഞങ്ങൾക്കിഷ്ടമായി ,സിബിച്ചന് നേരത്തെ അറിയാവുന്ന കുട്ടിയായത് കൊണ്ട് അവൻ കാണാൻ വരുന്നില്ലെന്ന് പറഞ്ഞത് കൊണ്ടാണ് ഞങ്ങള് മാത്രം വന്നത് പിന്നെ നിങ്ങളിൽ നിന്നും ഞങ്ങൾ പെണ്ണിനെ മാത്രമേ ആവശ്യപ്പെടുന്നുള്ളു ,കല്യാണത്തിന് അവൾക്കാവശ്യമുള്ള സ്വർണ്ണാഭരണങ്ങളും പുതുവസ്ത്രങ്ങളുമൊക്കെയായി അടുത്തയാഴ്ച ഞാനും മറിയാമ്മയും കൂടി വരാം ,തീയതി ഞാൻ വികാരിയച്ഛനെ കൂടി കണ്ട് സംസാരിച്ചിട്ട് അറിയിക്കാം എന്നാൽ പിന്നെ ഞങ്ങളിറങ്ങട്ടെ  

യാത്ര പറഞ്ഞ് വന്ന് കയറിയവർ പോയപ്പോൾ ,വെള്ളം ചേർക്കാതെ തിളപ്പിച്ച ചായ, ആരും കുടിക്കാതെ പാട കെട്ടിയിരുന്നതും ,എരുവുള്ള
മിസ്ചറും, കവറ് പൊട്ടിച്ചിട്ട ബിസ്ക്കറ്റും തണുത്ത് പോയതും അന്നാമ്മയുടെ മനസ്സിൽ ഒരു നൊമ്പരമായി കിടന്നു.

പിറ്റേ ഞായറാഴ്ച കുർബാനയ്ക്ക് അലീനയും അനുജത്തിമാരും പള്ളിയുടെ പടവുകളിറങ്ങി വരുമ്പോൾ ,റോഡരികിൽ ബൈക്കുമായി നില്ക്കുന്ന സിബിച്ചനെ കണ്ട് അവളൊന്ന് പതറി.

ആഹാ മണവാട്ടി ഇന്ന് കൂടുതൽ സുന്ദരിയായിട്ടുണ്ടല്ലോ ? ഞാൻ നിന്നെയും കാത്ത് നില്ക്കുകയായിരുന്നു ,അനുജത്തിമാര് നടന്ന് പോയി കൊള്ളും നീ എൻ്റെ വണ്ടിയുടെ പുറകിലേക്ക് കയറ് ഞാൻ നിന്നെ ഡ്രോപ്പ് ചെയ്യാം

അതിന് നിങ്ങളെൻ്റെ കഴുത്തിലിത് വരെ മിന്ന് കെട്ടിയില്ലല്ലോ? ആദ്യം അത് കഴിയട്ടെ, എന്നിട്ടാലോചിക്കാം പുറകിൽ കയറണോ വേണ്ടയോ എന്ന്

അപ്രതീക്ഷിതമായി മുഖത്ത് കിട്ടിയൊരു പ്രഹരമായിരുന്നു സിബിച്ചന് അവളുടെ മറുപടി

തൻ്റെ നേരെ നിന്ന് ഇത് വരെ ഒരു പെണ്ണും നാവുയർത്തി സംസാരിച്ചിട്ടില്ല ആദ്യമായി ഒരുത്തി തന്നെ എതിർത്തിട്ട് ഒരു കൂസലുമില്ലാതെ നടന്ന് പോകുന്നത് കണ്ടപ്പോൾ സിബിച്ചന് ദേഷ്യം സഹിക്കാനായില്ല 

ഉം പൊയ്ക്കോടി കുറച്ച് ദിവസം കൂടി കഴിയുമ്പോൾ നീ എൻ്റെ കാൽചുവട്ടിൽ തന്നെ വരുമല്ലോ അന്ന് ഞാനിതിനുള്ള മറുപടി തന്നോളാം

അയാൾ പല്ല് ഞരിച്ച് കൊണ്ട് പറഞ്ഞു.
 
ഈ സമയം അനുജത്തിമാർ ചേച്ചിയെ കുറ്റപ്പെടുത്തുകയായിരുന്നു.

ചേച്ചി എന്തിനാ അങ്ങനെ പറയാൻ പോയത് ,ഇതിൻ്റെ പ്രതികാരം കല്യാണം കഴിയുമ്പോൾ അയാൾ തീർക്കില്ലേ?

എന്തായാലും കല്യാണം കഴിയുമ്പോൾ ഞാനയാളുടെ സ്ഥിരം വേട്ടമൃഗമായിരിക്കും അന്ന് ചിലപ്പോൾ എൻ്റെ കുടുംബത്തിന് വേണ്ടി എല്ലാം സഹിക്കാൻ ഇറങ്ങി പുറപ്പെട്ടത് കൊണ്ട് അയാളുടെ ആട്ടും തുപ്പും കേട്ട് പ്രതികരണ ശേഷി നഷ്ടപ്പെട്ട് നില്ക്കേണ്ടി വരും, അത് കൊണ്ടാണ് മിന്ന് കെട്ടെന്ന ചങ്ങല പൂട്ടിൽ ബന്ധനസ്ഥയാകുന്നതിന് മുമ്പ് ,ഞാനൊന്ന് പ്രതികരിച്ചത് 

പിറ്റേ ദിവസം കല്യാണത്തിനും തലേ ദിവസത്തേക്കുമുള്ള സാരിയും മറ്റ് വസ്ത്രങ്ങളും നൂറ് പവനോളം വരുന്ന ആഭരണങ്ങളും കറിയാ മാഷും ഭാര്യ മറിയാമ്മയും ചേർന്ന് അന്നാമ്മയെ കൊണ്ട് ഏല്പിച്ചു.

അടുത്ത ഞായറാഴ്ച വലിയപള്ളിയിൽ വച്ച് മിന്ന് കെട്ട് നടത്താമെന്ന് വികാരിയച്ഛൻ പറഞ്ഞു, തലേ ദിവസത്തെ ചടങ്ങുകളൊക്കെ എൻ്റെ വീട്ട് മുറ്റത്ത് വച്ച് നമ്മൾ ബന്ധുക്കൾ മാത്രമുള്ളൊരു ചെറിയ പരിപാടിയായിട്ട് നടത്തിയാൽ മതി
അവറാച്ചന് വരാൻ കഴിയില്ലല്ലോ
ഞാൻ ശനിയാഴ്ച വൈകിട്ട് കാറയക്കാം നിങ്ങള് അമ്മയും മക്കളും കൂടി അങ്ങോട്ട് വന്നാൽ മതി ,പിന്നെ പിറ്റെ ദിവസം കല്യാണത്തിന് നിങ്ങളുടെ എല്ലാ ബന്ധുക്കളോടും പള്ളിയിലെത്താൻ പറയണം, ദിവസങ്ങൾ വളരെ കുറച്ചേ ഉള്ളു എന്നറിയാം എന്നാലും ഇപ്പോൾ വെക്കേഷനായത് കൊണ്ട് പുറത്തുള്ള ഞങ്ങടെ സ്വന്തക്കാർക്ക് കൂടി പങ്കെടുക്കാനുള്ള സൗകര്യത്തിനാ അടുത്ത ഞായറാഴ്ച തന്നെ മിന്ന് കെട്ട് നടത്താൻ തീരുമാനിച്ചത് നിങ്ങൾക്ക് അസൗകര്യമൊന്നുമില്ലല്ലോ അല്ലേ?

ഹേയ് ഇല്ല മൊതലാളി, ഞങ്ങൾക്കങ്ങനെ ക്ഷണിക്കാൻ മാത്രമുള്ള ബന്ധു ജനങ്ങളൊന്നും അധികമില്ല

കട്ടിലിൽ കിടന്ന് കൊണ്ട് അവറാച്ചൻ 'ഭവ്യതയോടെ പറഞ്ഞു.

ങ്ഹാ പിന്നേ, നീയെന്നെ പണ്ടത്തെ പോലെ മുതലാളി എന്നൊന്നും ഇനി വിളിക്കേണ്ട, പേര് വിളിക്കാൻ മടിയാണെങ്കിൽ എല്ലാവരെയും പോലെ കറിയാമാഷെന്ന് വിളിച്ചോ?

ഒരു ചിരിയോടെ അത് പറഞ്ഞിട്ട് കറിയാ മാഷും മറിയാമ്മയും അവിടെ നിന്ന് യാത്ര പറഞ്ഞിറങ്ങി

കല്യാണത്തലേന്ന് കറിയാ മാഷ് അയച്ച് കൊടുത്ത കാറിലെത്തിയ അന്നാമ്മയും മക്കളും കൊട്ടാരസദൃശ്യമായ വീടും വർണ്ണബൾബുകൾ കൊണ്ട് അലങ്കരിച്ച പുൽത്തകിടിയുള്ള വിശാലമായ മുറ്റവും വിവിധ തരം ഭക്ഷണ പദാർത്ഥങ്ങളും കണ്ട് കണ്ണ് മിഴിച്ചു

സ്വന്തക്കാര് മാത്രമേ ഉള്ളു എന്ന് പറഞ്ഞിരുന്നെങ്കിലും അവിടെ നൂറിലധികം പേരുണ്ടെന്ന് അന്നാമ്മയ്ക്ക് മനസ്സിലായി

യൂണിഫോമണിഞ്ഞ ഇവൻ്റ് മാനേജ്മെൻറിലെ ചെറുപ്പക്കാർ ഭക്ഷണത്തോടൊപ്പം ആവശ്യക്കാർക്ക് സ്കോച്ചും വിതരണം ചെയ്യുന്നുണ്ട്

ങ്ഹാ വന്ന കാലിൽ തന്നെ നില്ക്കുവാണോ എല്ലാവരും ഇങ്ങ് അകത്ത് കയറി വാ ,ആദ്യം നമുക്കൊരുമിച്ച് അകത്ത് ചെന്നിരുന്ന് എല്ലാവരെയും ഒന്ന് പരിചയപ്പെടാം, എന്നിട്ട് ബാക്കി ചടങ്ങുകളിലേക്ക് കടക്കാം

കണ്ണ് ചിമ്മുന്ന കാഴ്ചകളൊക്കെ കണ്ട് അന്തം വിട്ട് നിന്ന അന്നാമ്മയെയും മകളെയും സ്കറിയാ മാഷ് അകത്തേക്ക് ക്ഷണിച്ചു.

ഈ സമയം ബാൽക്കണിയിലേക്ക് നോക്കിയ അലീന കയ്യിലിരുന്ന മദ്യ ഗ്ളാസ്സ് വായിലേക്ക് കമിഴ്ത്തിയിട്ട് തന്നെ സൂക്ഷിച്ച് നോക്കുന്ന സിബിച്ചനെ കണ്ട് പെട്ടെന്ന് മുഖം വെട്ടിച്ചു .

ഈയൊരു ദിവസമെങ്കിലും അയാൾക്ക് കുടിക്കാതിരുന്ന് കൂടെ

അവൾ വെറുപ്പോടെ മനസ്സിലോർത്തു.

അകത്തെ വിശാലമായ ഹാളിൽ കൊണ്ടിരുത്തിയിട്ട് സ്കറിയാ മാഷ് അലീനയെയും വീട്ടുകാരെയും ബന്ധുക്കൾക്ക് ഓരോരുത്തർക്കായി പരിചയപ്പെടുത്തി

ങ്ഹാ, കറിയാച്ചൻ കാരണം നാട്ടിലൊരു തെണ്ടി കുടുംബം രക്ഷപെടാൻ പോകുന്നു, അതിൻ്റെ നന്ദിയും കടപ്പാടും നിനക്കെന്നുമീ കുടുംബത്തോടുണ്ടാവണം കെട്ടോടി കൊച്ചേ...

സ്കറിയാ മാഷിൻ്റെ രണ്ടാമത്തെ മരുമകളുടെ അപ്പൻ ,തോമാച്ചൻ പുശ്ചത്തോടെപറഞ്ഞത് കേട്ട് അവിടെ കൂടിയിരുന്നവരെല്ലാം ഉറക്കെ ചിരിച്ചു.

അലീനയ്ക്ക് അത് കേട്ട് തൊലിയുരിയുന്നത് പോലെ തോന്നി

ആരാടോ തെണ്ടികള് ,
താനെന്നാടോ കാശ് കാരനായത് ,തൻ്റെ പുത്തൻപണത്തിൻ്റെ നെഗളിപ്പ് നാളെ‌ എൻ്റെ ഭാര്യാ വീട്ടുകാരാകാൻ പോകുന്നവരോട് വേണ്ട ,സിബിച്ചനെ തനിക്കറിയാമ ല്ലോ ,ഇടഞ്ഞാൽ ഞാൻ മഹാചെറ്റയാ 

പെട്ടെന്നാണ് സ്റ്റെയർകെയ്സിറങ്ങി താഴേക്ക് വന്ന സിബിച്ചൻ, ആരും പ്രതീക്ഷിക്കാതെയുള്ള മറുപടി കൊടുത്ത് തോമാച്ചൻ്റെ വായടപ്പിച്ചത്

കുറച്ച് നേരം അവിടെയുള്ളവർ നിശബ്ദരായി പോയി ,അവനോട് പ്രതികരിച്ചാൽ ഇന്നത്തെ ചടങ്ങ് അലങ്കോലമാകുമെന്ന് കരുതി ആരും ഒന്നും മിണ്ടിയില്ല

താഴെ ഫ്രിഡ്ജിൽ നിന്നും തണുത്ത വെള്ളവുമെടുത്ത് സിബിച്ചൻ തിരിച്ച് സ്റ്റെപ്പ് കയറി മുകളിലേക്ക് പോയപ്പോൾ സ്കറിയാ മാഷ് തോമച്ചനോട്, മകന് വേണ്ടി ക്ഷമ ചോദിച്ചു.

ഈ സമയം തൻ്റെയും കുടുംബത്തിൻ്റെയും മാനം കാക്കാനെത്തിയ സിബിച്ചനോട് അത് വരെയുണ്ടായിരുന്ന , വെറുപ്പ് അലീനയുടെ മനസ്സിൽ നിന്നും മഞ്ഞുരുകുന്നത് പോലെ അലിഞ്ഞ് തുടങ്ങിയിരുന്നു.


 രണ്ട്

കല്യാണ റിസപ്ഷനൊക്കെ കഴിഞ്ഞ് സ്കറിയാമാഷിൻ്റെ വീട്ടിൽ നിന്നും അന്നാമ്മയും മക്കളും തിരിച്ചു സ്വന്തം വീട്ടിൽ എത്തിയപ്പോൾ നേരം ,ഒരുപാട് വൈകിയിരുന്നു.

എങ്ങനെയുണ്ടായിരുന്നെടീ സിബിച്ചൻ്റെ വീടും പരിസരവുമൊക്കെ? നിങ്ങൾക്കെല്ലാവർക്കും അവിടെയൊക്കെ കണ്ടിട്ട് ഇഷ്ടമായോ?
ഭാര്യയും മക്കളും തിരിച്ചു വരുന്നതും നോക്കി, ഉറങ്ങാതെ കാത്തിരുന്ന, അവറാച്ചൻ അവരോട് ചോദിച്ചു.

എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടപ്പാ..  അതൊരു വീടല്ല, വലിയ ഒരു കൊട്ടാരമാണ്, അലീനേച്ചിയുടെ ഒരു ഭാഗ്യം

ഏറ്റവും ഇളയവളായ ആമിയാണത് പറഞ്ഞത്.

നിൻ്റെ മുഖമെന്താ മോളേ.. വാടിയിരിക്കുന്നത്, അവിടെ ചെന്നപ്പോൾ, അവരൊക്കെ നിന്നോട് സ്നേഹത്തോടെയല്ലേ പെരുമാറിയത്?

അലീനയുടെ മുഖത്തെ മ്ളാനത കണ്ട്, അവറാച്ചൻ ചോദിച്ചു.

അതവള്, ഇത്രയും നേരം ആൾക്കാരുടെ മുന്നിലും, ക്യാമറയുടെ മുന്നിലുമൊക്കെ ഒരുങ്ങിക്കെട്ടി പാതിരാത്രിവരെ നിന്നതിൻ്റെ ക്ഷീണമാ 

അവിടെ നടന്ന അനിഷ്ട സംഭവങ്ങളെക്കുറിച്ച് ,അച്ഛനോട് പറഞ്ഞ് അങ്ങേരെ കൂടി വിഷമിപ്പിക്കേണ്ടെന്ന്, അന്നാമ്മ മക്കളോട് ചട്ടം കെട്ടിയിരുന്നു.

ങ്ഹാ ,എന്നാൽ മക്കള് പോയി കിടന്നുറങ്ങ് ,രാവിലെ എഴുന്നേല്ക്കണ്ടതല്ലേ?

അവറാച്ചൻ മക്കളോട് വാത്സല്യപൂർവ്വം പറഞ്ഞു.

നിങ്ങൾക്ക് കഴിക്കാനുള്ള ആഹാരം ,സ്കറിയാ മാഷ് നിർബന്ധിച്ച് ഞങ്ങളുടെ കൈയ്യിൽ തന്ന് വിട്ടിട്ടുണ്ട്, എത്ര നാളായി, നിങ്ങൾക്ക് ഞാനിത്തിരി പോർക്കും, ബീഫുമൊക്കെ കൂട്ടി ആഹാരം തന്നിട്ട്, ആയ കാലത്ത് നിങ്ങൾ ,ഞങ്ങളെ കൊണ്ട് ഒരു പാട് തീറ്റിച്ചതല്ലേ?ഞാനെല്ലാം കുറേശ്ശെ വായിൽ വച്ച് തരാം ,എന്നിട്ട് ഗുളിക കഴിക്കേണ്ടതല്ലേ?

അന്നാമ്മ ഭർത്താവിൻ്റെ നെറുകയിൽ അരുമയായി തഴുകി.

പിറ്റേന്ന് അതിരാവിലെ, സ്കറിയാ മാഷ് ഏർപ്പാടാക്കിയ, ബ്യൂട്ടീഷനും സഹായിയുമെത്തി, അലീനയെ അണിയിച്ചൊരുക്കി.

എൻ്റെ മോള് ഇപ്പോൾ ഒരു മാലാഖയെപ്പോലുണ്ട് ,നിന്നെ അവിടെ എല്ലാവർക്കും ഇഷ്ടമാവും ,മോൾക്കറിയാമല്ലോ? ഒത്തിരി അംഗങ്ങളുള്ള ഒരു വലിയ തറവാടാണത്, എല്ലാവരോടും നല്ല ബഹുമാനത്തോട് കൂടിവേണം, പെരുമാറാൻ, ചെറിയ ചെറിയ അനിഷ്ടങ്ങളൊക്കെ, മറ്റുള്ളവർ പ്രകടിപ്പിച്ചാലും, മോള് അതൊക്കെയങ്ങ് കണ്ണടച്ചേക്കണം, എടുത്ത് ചാടി ഒരു തീരുമാനവും എടുക്കരുത്, മോൾക്കവിടെ എന്തെങ്കിലുമൊക്കെ ബുദ്ധിമുട്ട് തോന്നുമ്പോൾ, അപ്പനേയും അമ്മയേയും അനുജത്തിമാരേയുമൊക്കെ ഓർക്കുക, അപ്പോൾ മോൾക്ക് അതെല്ലാം സഹിക്കാനുള്ള മനോബലം, കർത്താവ് തരും, മോൾക്ക് നല്ലതേ വരു 

അപ്പൻ്റെ അനുഗ്രഹം വാങ്ങാനെത്തിയ, അലീനയെ അവറാച്ചൻ ഉപദേശിച്ചതിന് ശേഷം ആശീർവദിച്ചു.

ഒൻപത് മണിയായപ്പോൾ, അന്നാമ്മയ്ക്കും മക്കൾക്കും കയറാനുള്ള ,ഇന്നോവ കാറ് കൂടാതെ ,ഒരു വലിയ ടൂറിസ്റ്റ് ബസ്സ് കൂടി ,സ്കറിയാ മാഷ് പറഞ്ഞ് വിട്ടിരുന്നു.

ബന്ധുക്കളും അയൽക്കാരും കയറി കഴിഞ്ഞിട്ടും, ബസ്സിലെ പാതി സീറ്റുകളും കാലിയായിരുന്നു.

വലിയ പള്ളിയുടെ മുറ്റത്ത് കണ്ട പുരുഷാരം, ഇതിന് മുമ്പ് പള്ളിപ്പെരുന്നാളിന് മാത്രമേ അവർ കണ്ടിട്ടുള്ളു.

നിരവധി ആഡംബരക്കാറുകൾ, പള്ളിമുറ്റത്ത് സ്ഥലമില്ലാത്തതിനാൽ, റോഡരികിൽ തന്നെ തലങ്ങും വിലങ്ങുമൊക്കെയായി പാർക്ക് ചെയ്തിരിക്കുന്നു.

ഒരു മണിക്കൂറോളം നീണ്ട ചടങ്ങുകൾക്കൊടുവിൽ ,
സിബിച്ചൻ്റെയും അലീനയുടെയും വിവാഹം ആർഭാടമായി കഴിഞ്ഞു.

പിന്നെയും മണിക്കൂറുകൾ കഴിഞ്ഞാണ്, പള്ളിമുറ്റത്ത് നിന്ന് എല്ലാവരും വീട്ടിലേക്ക് തിരിച്ചത്.

അന്നാമ്മയും മക്കളും സ്വന്തം വീട്ടിലേക്കും, സിബിച്ചനും അലീനയും ബന്ധുക്കളോടൊപ്പം മാളിയേക്കൽ തറവാട്ടിലേക്കും പോയി.

ബന്ധുക്കളുടെ ചോദ്യം ചെയ്യലും, പരിചയപ്പെടലുമൊക്കെ കഴിഞ്ഞ് അവർ പിരിഞ്ഞ് പോയപ്പോഴേക്കും, അലീന നന്നേ ക്ഷീണിച്ചിരുന്നു.

എങ്കിൽ മോള് മുറിയിൽ പോയി ഒന്ന് റെസ്റ്റെടുക്ക് ,സിബിച്ചൻ ഇനി കുട്ടുകാരെയൊക്കെ സർക്കരിച്ചിട്ട് വരുമ്പോൾ രാത്രിയാകും

അലീനയുടെ ക്ഷീണിച്ച മുഖം കണ്ട് അലിവ് തോന്നിയ മറിയാമ്മ, മരുമകളോട് പറഞ്ഞു.

ദാഹിച്ച് വലഞ്ഞിരുന്നപ്പോൾ, കുറച്ച് തണുത്ത വെള്ളം കിട്ടിയ ആശ്വാസമായിരുന്നു, അവൾക്കപ്പോൾ തോന്നിയത്.

മറിയാമ്മ കാണിച്ച് കൊടുത്ത അലങ്കരിച്ച മുറിയിലേക്ക്, അലീന കയറിച്ചെന്നു.

കരിവീട്ടിയിൽ തീർത്ത കൊത്ത് പണികളുള്ള വലിയ കട്ടിലിൻ്റെ മുകളിലെ, പതുപതുത്ത പട്ട്മെത്ത കണ്ടപ്പോൾ, വാടിയ വാഴത്തണ്ട് പോലെ അവളതിലേക്ക് വീണ് പോയി ,ശരീരത്തിൻ്റെ ക്ഷീണവും  മനസ്സിലെ പറഞ്ഞറിയിക്കാനാവാത്ത വിഷമങ്ങളും കൊണ്ട്, കിടന്നപാടെ  അവളുടെ കണ്ണുകൾ  മെല്ലെയടഞ്ഞു .

ആഹാ രാജകുമാരി പള്ളിയുറക്കമായോ?

ഒരു സ്ത്രീ ശബ്ദം കേട്ടാണ്, അലീന മയക്കത്തിൽ നിന്ന് ഞെട്ടിയുണർന്നത് .

ഇല്ല, ഞാനറിയാതെ ക്ഷീണം കൊണ്ട്...

മുന്നിൽ നില്ക്കുന്നത്, സിബിച്ചൻ്റെ നേരെ മൂത്ത ചേട്ടനായ ബിനോയിയുടെ ഭാര്യ റെയ്ച്ചലാണെന്ന് മനസ്സിലാക്കിയ അലീന, ക്ഷമാപണത്തോടെ പറഞ്ഞു.

ഉം, എങ്കിലീ സാരിയും സ്വർണ്ണാഭരണങ്ങളുമൊക്കെ അഴിച്ച് വച്ചിട്ട്, അടുക്കളയിലോട്ടൊന്ന് എഴുന്നള്ളിയാട്ടേ, വൈകിട്ടത്തേയ്ക്ക് എന്തെങ്കിലും വച്ചുണ്ടാക്കണം, ബാക്കിയുള്ളോര് രണ്ട് ദിവസമായി ഈ വീട്ടിൽ കിടന്ന് കഷ്ടപ്പെടുവാ, ഞങ്ങൾക്കുമുണ്ട് ക്ഷീണമൊക്കെ

അയ്യോ.. ഞാൻ ഇപ്പോൾ വരാം ചേച്ചി..

ഭവ്യതയോടെ അലീന പറഞ്ഞു.

അന്ന് സിബിച്ചൻ, റെയ്ച്ചലിൻ്റെ അപ്പനോട് കയർത്ത് സംസാരിച്ചതിൻ്റെ വൈരാഗ്യം, തന്നോടവർക്കുണ്ടാവുമെന്ന് അലീനയ്ക്കറിയാമായിരുന്നു.

മോളെന്തിനാ ഇപ്പോഴിങ്ങോട്ട് വന്നത്, റസ്റ്റൈടുത്തോളാൻ മേലാരുന്നോ?

മറിയാമ്മ പുഞ്ചിരിച്ചോണ്ട് ചോദിച്ചു.

അത് സാരമില്ലമ്മച്ചി, ഇനി മുതൽ ഞാനും ഈ അടുക്കളയിൽ ഉണ്ടാവേണ്ടതല്ലേ ?

ഞാനും, എന്ന് എടുത്ത് പറയേണ്ട കാര്യമില്ല
റെയ്ച്ചലിനും , എനിക്കും നാളെ മുതൽ ഓഫീസിൽ പോകാനുള്ളതാണ് , ഇനി മുതൽ നീ തന്നെയാണ് അടുക്കള കാര്യങ്ങളെല്ലാം നോക്കേണ്ടത്

സിബിച്ചൻ്റെ മൂത്ത ജ്യേഷ്ടൻ ഡേവിസിൻ്റെ ഭാര്യ സൂസിയത് പറഞ്ഞപ്പോൾ, തനിക്കീ വീട്ടിൽ ഒന്നിലധികം ശത്രുക്കളെയാണ് ദിവസേന അഭിമുഖീകരിക്കേണ്ടി വരിക എന്ന തിരിച്ചറിവ്, അലീനയുടെ മനസ്സിൽ ആശങ്ക പരത്തി.

സൂസിചേച്ചി പറഞ്ഞത് നേരാ,
പിന്നെ അമ്മേ .. ആ കല്യാണി ഇനി മുതൽ പുറം പണികളൊക്കെ ചെയ്താൽ മതിയെന്ന് പറ ,അവൾക്ക് തീരെ വൃത്തിയും വെടിപ്പുമില്ലാത്തവളാ ,ഇനിയിപ്പോൾ ഇവിടുത്തെ കാര്യങ്ങള്ളൊക്കെ അലീന നോക്കിക്കോളും ,അമ്മ കുട്ടികളെയും കളിപ്പിച്ച് ഒരിടത്ത് ഇരുന്നാൽ മതി

മൂത്തമരുമക്കളുടെ സംസാരം കേട്ട് തല കുലുക്കി സമ്മതമറിയിച്ചതല്ലാതെ, അമ്മായിയമ്മ തനിക്ക് വേണ്ടി ഒരക്ഷരവും പറഞ്ഞില്ലല്ലോ, എന്നോർത്ത് അവൾക്ക് നിരാശ തോന്നി, കഥയില്ലാത്തൊരു സത്രീയാണതെന്നും, മരുമക്കളുടെ മുന്നിൽ അവരുടെ വോയിസ് ഉയരില്ലെന്നും, അലീന മനസ്സിലാക്കി.

ഈ വീട്ടിൽ തന്നെ സപ്പോർട്ട് ചെയ്യാൻ പെണ്ണുങ്ങളാരുമുണ്ടാവില്ലെന്ന് അലീനയ്ക്ക് ബോധ്യമായി.

അടുക്കള ജോലികൾ ഓരോന്നായി തീർക്കുമ്പോഴും, സിബിച്ചൻ വന്നോ എന്ന് ഇടയ്ക്കിടെ പുറത്തേയ്ക്കവൾ എത്തി നോക്കുന്നുണ്ടായിരുന്നു.

ഇന്നലെ, തന്നെയും കുടുംബത്തെയും സപ്പോർട്ട് ചെയ്ത് സംസാരിച്ചത് കൊണ്ട് മാത്രമല്ല, ഇന്ന് തന്നെ മിന്ന് കെട്ടുന്ന സമയത്തും, ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോഴുമൊക്കെ, അദ്ദേഹത്തിന് മദ്യപിച്ചതിൻ്റെ യാതൊരു ലക്ഷണവുമില്ലാതിരുന്നത്, അവൾക്ക് ഒരു പാട് ആശ്വാസം നല്കിയിരുന്നു.

മാത്രമല്ല തന്നോട് സംസാരിച്ചതൊക്കെ എത്ര മാന്യമായിട്ടാണ് ,അതോടെ തൻ്റെ മനസ്സിൽ സിബിച്ചനോട് എന്തോ അടുപ്പം തോന്നിത്തുടങ്ങിയിട്ടുണ്ടെന്ന് അവൾക്ക് മനസ്സിലായി.

അന്ന് വഴിയിൽ വച്ച് കണ്ടപ്പോൾ, താൻ അദ്ദേഹത്തോട് മോശമായി പെരുമാറിയതിന് ,സിബിച്ചനോട് മാപ്പ് പറയണമെന്ന് അവൾ തീരുമാനമെടുത്തിരിക്കുകയാണ്.

അത് കൊണ്ട് കൂടിയാണ്, സിബിച്ചനൊന്ന് വന്നിരുന്നെങ്കിലെന്ന് ,അലീന അതിയായി ആഗ്രഹിക്കുന്നത്.

നീയും അവിടിരുന്ന് കഴിക്ക് മോളേ..

രാത്രിയിൽ എല്ലാവർക്കും അത്താഴം വിളമ്പുന്നതിനിടയിൽ, സ്കറിയാ മാഷ് അലീനയോട് പറഞ്ഞു.

വേണ്ടപ്പാ.. ഞാൻ പിന്നെ കഴിച്ചോളാം

അപ്പനോ? അത് നിൻ്റെ വീട്ടിൽ, ഇവിടെയെല്ലാവരും, അപ്പനെ ഡാഡിയെന്നാ വിളിക്കുന്നത്, അതാണ് അന്തസ്സ്, നീയും ഇനി മുതൽ അങ്ങനെ വിളിച്ചാൽ മതി

റെയ്ച്ചൽ അലീനയോട് ആജ്ഞാപിച്ചു.

എല്ലാവരും വയറ് നിറച്ച് കൈ കഴുകി പോയപ്പോൾ ,അലീനയ്ക്ക്
കുന്ന്കൂടിയ എച്ചില് പാത്രങ്ങൾക്കൂടി കഴുകി വൃത്തിയാക്കി വയ്ക്കേണ്ടി വന്നു.

സ്വന്തം മുറിയിൽ തിരിച്ച് വന്ന്, മേല് കഴുകി മുഷിഞ്ഞ വസ്ത്രങ്ങൾ മാറ്റി സ്യൂട്കെയ്സിൽ നിന്നും കല്യാണ വസ്ത്രങ്ങളോടൊപ്പം വാങ്ങി വച്ചിരുന്ന, ഒരു ചുരിദാറെടുത്തണിഞ്ഞിട്ട്, അലീന
ബാൽക്കണിയിലേക്കിറങ്ങി നിന്ന് മുൻവശത്തെ റോഡിലേക്ക് കണ്ണും നട്ട് നിന്നു.

സമയം വൈകുന്തോറും, അവൾക്ക് ഉള്ളിലെ ആധികൂടി കൊണ്ടിരുന്നു.

വിശപ്പ് കലശലായപ്പോൾ സിബിച്ചൻ വന്നിട്ട് ഒരുമിച്ചിരുന്ന് കഴിക്കാമെന്ന് തോന്നിയത് അബദ്ധമായിപ്പോയെന്ന് അവൾക്ക് മനസ്സിലായി.

താൻ കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്നിട്ട്, അവസാനം
കൂട്ടുകാരോടൊപ്പം അദ്ദേഹം കുടിച്ച് ലക്കില്ലാതെ ആയിരിക്കുമോ വരുന്നത്.

നീയിത് ആരെ നോക്കി നിക്കുവാ?

പിന്നിൽ നിന്നൊരു ശബ്ദം കേട്ട് അലീന ഞെട്ടിത്തിരിഞ്ഞ് നോക്കി. 

സിബിച്ചനെയാണെങ്കിൽ, അതിന് വച്ച വെള്ളമങ്ങ് വാങ്ങി വച്ചേര് ,അവൻ വന്നാൽ വന്നൂന്ന് പറയാം, രാത്രിയിൽ വീട്ടിൽ കിടന്നുറങ്ങുന്ന ശീലമൊന്നും അവന് പണ്ടേയില്ല ,കുടിച്ച് ലക്ക് കെട്ട് പറമ്പിലെ ഏതെങ്കിലും തെങ്ങിൻ ചുവട്ടിൽ കാണും, 
നാളെ രാവിലെ ചെന്ന് നോക്കുന്നതാണ് ഉത്തമം,
പിന്നെ ,മദ്യം മാത്രമല്ല ,പെണ്ണും അവനൊരു ദൗർബല്യമാണെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്, അത് ശരിയാണോന്ന് ചോദിച്ചാൽ, എൻ്റെ കയ്യിൽ തെളിവൊന്നുമില്ല കെട്ടോ ,അങ്ങനൊന്നുമില്ലെങ്കിൽ നിൻ്റെ ഭാഗ്യം

എരിതീയിൽ എണ്ണയൊഴിച്ചിട്ട് റെയ്ച്ചൽ നടന്ന് അവരുടെ മുറിയിലേക്ക് പോയപ്പോൾ, അലീനയുടെ മനസ്സിലെ ആശങ്ക വർദ്ധിച്ചു .


ഭാഗം-3

പാതിമയക്കത്തിൽ കതകിലാരോ തട്ടുന്ന ശബ്ദം കേട്ട് അലീന ഞെട്ടിയുണർന്നു .

കണ്ണ് തുറന്ന് നോക്കിയ അവൾ , മുറിയിലെ വെളിച്ചം കണ്ടപ്പോഴാണ്, താൻ ലൈറ്റ് ഓഫ് ചെയ്യാതെയാണ് കിടന്നതെന്ന് മനസ്സിലായത്.

അല്ലെങ്കിലും ഉറങ്ങാൻ കിടന്നതല്ലല്ലോ ? ഓരോന്നാലോചിച്ച് കിടന്നപ്പോൾ ക്ഷീണം കൊണ്ട് മയങ്ങിപ്പോയതല്ലേ?

വീണ്ടും,റെയ്ച്ചൽ പറഞ്ഞ കാര്യം അവളുടെ മനസ്സിലേക്ക് , തികട്ടി വന്നപ്പോൾ ഉള്ളിൽ നിന്നൊരാന്തലുണ്ടായി.

പിന്നെയും കതകിൽ തുരുതുരെ മുട്ട് കേട്ടു.

അത് സിബിച്ചനായിരിക്കുമെന്നും, 
കുടിച്ച് കൂത്താടിയുള്ള വരവാണെന്നും ചിന്തിച്ച അവൾക്ക് അവനോട് വല്ലാത്ത വെറുപ്പ് തോന്നി.

സിബിച്ചനോടുള്ള ദേഷ്യം കടിച്ചമർത്തികൊണ്ട് ,അവൾ കതക് തുറന്നു.

കാത്തിരുന്ന് മുഷിഞ്ഞ് കാണുമല്ലേ?

ചിരിച്ചോണ്ടുള്ള  സിബിച്ചൻ്റെ ചോദ്യത്തെ അവഗണിച്ച് , അയാളുടെ മുഖത്ത് നോക്കാതെ അവൾ ഒതുങ്ങി മാറി നിന്നു.

താനിവിടെ തനിച്ചാണെന്ന് അറിയാഞ്ഞിട്ടല്ല, കൂട്ടുകാരെയൊന്ന് തൃപ്തിപ്പെടുത്താനായി എനിക്കവരോടൊപ്പം ഇത്രയും നേരം നില്ക്കേണ്ടി വന്നു ,അല്ലെങ്കിൽ അവൻമാര് പറയില്ലേ? കല്യാണം കഴിഞ്ഞതേയുള്ളു, അപ്പോഴേക്കും അവൻ പെൺകോന്തനായെന്ന്

ഇന്നെന്താ കുറച്ചേ കുടിച്ചുള്ളോ ?
നാക്കൊട്ടും കുഴയുന്നില്ല, അത് കൊണ്ട് ചോദിച്ചതാ?

ഉള്ളിലെ വെറുപ്പ് പുറത്ത് കാട്ടാതെ
അലീന ചോദിച്ചു.

ഹേയ്.. ഇന്ന് ഞാൻ തൊട്ടിട്ടേയില്ല,
അവരൊക്കെ ഒരു പാട് നിർബന്ധിച്ചു, പക്ഷേ ഞാൻ പറഞ്ഞു, ഇന്നെൻ്റെ ആദ്യ രാത്രിയാന്നെന്നും ,എന്നെ കാത്തിരിക്കുന്ന എൻ്റെ ഭാര്യയോട്
എനിക്ക് സ്വബോധത്തോടെ തന്നെ സംസാരിക്കണമെന്നും

ഓഹോ, അപ്പോൾ ഇന്നൊരു ദിവസത്തേക്ക് മാത്രമാണ് കുടിക്കാതിരുന്നത് ,എന്ന് വച്ചാൽ നാളെ മുതൽ വീണ്ടും തുടങ്ങുമെന്ന്, അല്ലേ?

അവൾ ഈർഷ്യയോടെ ചോദിച്ചു.

അയ്യോ അങ്ങനല്ല, എൻ്റെ കൊച്ചേ .. പൂർണ്ണമായിട്ട് കുടി നിർത്തുക എന്ന് പറയുന്നത് നടക്കുന്ന കാര്യമല്ല ,നിനക്കറിയാമോ? ഇന്ന് രാവിലെ മുതൽ ,ഒരു തുള്ളി കഴിക്കാതെ ഇത്രയും നേരം  പിടിച്ച് നില്ക്കാൻ ഞാൻ പെട്ട പാട് ,നാളെ നേരം വെളുത്താലുടനെ എനിക്ക് ഒരു അരയെങ്കിലും കഴിക്കണം, ഇല്ലെങ്കിലെനിക്ക് ഭ്രാന്ത് പിടിക്കും

തൻ്റെ ഭർത്താവിനെ മദ്യപാനത്തിൽ നിന്ന് ,പൂർണ്ണമായി മോചിപ്പിക്കെടുക്കുന്നത് പ്രയാസമാണെന്ന്, അലീനയ്ക്ക് മനസ്സിലായി.

എന്നാലും സാരമില്ല, താനത് സഹിക്കാൻ തയ്യാറാണ്, പക്ഷേ റെയ്ച്ചൽ പറഞ്ഞത് പോലെ, 
സിബിച്ചന് വഴിവിട്ട ബന്ധമുണ്ടെങ്കിൽ, അതൊരിക്കലും തനിക്ക് അംഗീകരിക്കാനാവില്ല.

പക്ഷേ, അങ്ങനെയൊരു ദുശ്ശീലമുണ്ടെന്ന്, എങ്ങനെയാണ് ഒന്ന് മനസ്സിലാക്കുന്നത്, തല്ക്കാലം ,റെയ്ച്ചൽ പറഞ്ഞതും
അതിന് മുമ്പ് തനിക്ക് സൂസിയിൽ നിന്നും റെയ്ച്ചലിൽ നിന്നും നേരിടേണ്ടി വന്ന, അവഗണനയെക്കുറിച്ചും
സിബിച്ചനോട് പറയാതിരിക്കുന്നതാണ് നല്ലതെന്ന് അവൾക്ക് തോന്നി 

അല്ലെങ്കിൽ വന്ന് കേറിയപ്പോൾ തന്നെ, താൻ കുടുംബ കലഹമുണ്ടാക്കാൻ ശ്രമിച്ചെന്ന് മറ്റുള്ളവർ കരുതുമെന്നും ,അതോടെ ബാക്കിയുള്ളവർക്ക് കൂടി 
തന്നോട് നീരസമുണ്ടാകുമെന്നുമവൾ ചിന്തിച്ചു .

സിബിച്ചനോടുള്ള അനിഷ്ടം പുറത്ത് കാട്ടാതെ സ്നേഹത്തോടെ പെരുമാറാനും, അയാളിൽ നിന്ന് തന്നെ ആ രഹസ്യം ചോർത്തിയെടുക്കാനും , അത് വരെ സിബിച്ചനിൽ നിന്നും ഒരു ശാരീരിക അകലം പാലിക്കാനും അവൾ തീരുമാനിച്ചു.

അല്ല ഇങ്ങനെ നിന്നാൽ മതിയോ നമുക്ക് കിടക്കണ്ടേ?

അയാളൊരു ശൃംഗാരച്ചിരിയോടെ അവളോട് ചോദിച്ചു.

ഉം കിടക്കാം, പക്ഷേ കുറച്ച് ദിവസം സിബിച്ചൻ കട്ടിലിലും ഞാൻ താഴെയുമായിരിക്കും കിടക്കുക

അയ്യോ അതെന്നാത്തിന്നാ ,എനിക്ക് വല്ല അസുഖവുമുണ്ടോ?

ഹേയ്, അസുഖമെനിക്കാ, എനിക്ക് കുറച്ച് മുമ്പ് പിരീഡ്സായി, രണ്ട് മൂന്ന് ദിവസത്തേക്ക് നല്ല ബ്ളീഡിങ്ങുണ്ടാവും, ഇപ്പോൾ തന്നെ നല്ല വയറ് വേദനയുണ്ട് ഞാൻ കൂടെ കിടന്നാൽ 
സിബിച്ചൻ്റെ ഉറക്കം കൂടി പോകും

കർത്താവേ.. ഇതൊരുമാതിരി ചതിയായിപ്പോയല്ലോ? ആദ്യരാത്രി കുളമാകരുതെന്ന് കരുതിയാ ഞാനിത്രയും നേരം കുടിക്കാതെ പിടിച്ച് നിന്നത്  ,ഇനിയിപ്പോഴെന്തോ ചെയ്യും

അപ്പോൾ ആദ്യരാത്രിയെന്ന് പറയുന്നത് ,എന്തെങ്കിലും ചെയ്യാൻ മാത്രമുള്ളതാണോ ,ആദ്യമായി ജീവിതം തുടങ്ങുന്നവർ തമ്മിൽ, എന്തെല്ലാം കാര്യങ്ങൾ പരസ്പരം സംസാരിക്കാനുണ്ടാവും

അല്ലാ ... അത് ശരിയാ, പക്ഷേ ....

ഒരു പക്ഷേയുമില്ല സിബിച്ചൻ അങ്ങോട്ട് കയറി കിടന്നേ, ഞാൻ ദേ ..തൊട്ടടുത്ത് താഴെ തന്നെയുണ്ട്, നമുക്ക് നേരം പുലരും വരെ സംസാരിച്ച് കൊണ്ട് കിടക്കാം ,ആദ്യം ഞാൻ എൻ്റെ പഴയ കഥകളൊക്കെ പറയാം

ഉം ശരി ,എന്നാൽ നീ പറ ,നിനക്കീ കല്യാണത്തിന് സമ്മതമായിരുന്നോ? അല്ലായിരുന്ന് എന്ന് എനിക്കറിയാം, അത് കൊണ്ടല്ലേ? അന്ന് കുർബാന കഴിഞ്ഞിറങ്ങിയ നിന്നെ ഞാൻ, വീട്ടിൽ കൊണ്ട് വിടാമെന്ന് പറഞ്ഞപ്പോൾ, നീയെന്നോട് കയർത്ത് സംസാരിച്ചത്, ആ സമയത്ത് നിന്നോടെനിക്ക് വല്ലാത്ത ദേഷ്യം തോന്നിയെങ്കിലും പിന്നീട് ഞാൻ നിൻ്റെ ഭാഗത്ത് നിന്ന് ചിന്തിച്ചപ്പോൾ നീ പറഞ്ഞത് ശരിയാണെന്നെനിക്ക് തോന്നി അല്ലെങ്കിലും കുടുംബത്ത് പിറന്ന പെണ്ണുങ്ങളാരെങ്കിലും എന്നെപ്പോലൊരു താന്തോന്നിയോടൊപ്പം ബൈക്കിൻ്റെ പിന്നിൽ കയറുമോ? നീ പറഞ്ഞത് പോലെ നിൻ്റെ മേൽ അധികാരം സ്ഥാപിക്കാൻ ഞാൻ നിൻ്റെ കഴുത്തിലന്ന് മിന്ന് കെട്ടിയിട്ടൊന്നുമില്ലായിരുന്നല്ലോ?

അത് കേട്ടപ്പോൾ അലീനയ്ക്കും നേരിയ വിഷമം തോന്നി ,താനുദ്ദേശിച്ചത് പോലെ ആളത്ര ക്രൂരനൊന്നുമല്ല 
നന്മയുടെ ചെറുകണിക ഉള്ളിലെവിടെയോ ഉണ്ടെന്ന് അവൾക്ക് മനസ്സിലായി.

നീയെന്താ ഒന്നും മിണ്ടാത്തത് നിനക്ക് മറ്റാരോടെങ്കിലും ഇഷ്ടമുണ്ടായിരുന്നോ

ആ ചോദ്യം അവളിൽ ഞെട്ടലിന് പകരം ചെറിയ പ്രതീക്ഷയാണുണ്ടാക്കിയത് ഇനി തനിക്ക് തിരിച്ചും അങ്ങോട്ട് ആ ചോദ്യം ചോദിക്കാമെന്ന് അവൾ കണക്ക് കൂട്ടി

എനിക്കൊരാളെ ഇഷ്ടമുണ്ടായിരുന്നു അത് മറ്റാരുമല്ല എൻ്റെ അമ്മയുടെ മൂത്ത ആങ്ങളയുടെ മകൻ സെബാനെ ,ഞങ്ങൾ ചെറുപ്പം മുതലേ കളിക്കൂട്ടുകാരായിരുന്നു അത് കൊണ്ട് തന്നെ എല്ലാവരും പറയുമായിരുന്നു അലീന സെബാൻ്റെ പെണ്ണാണെന്ന് പക്ഷേ എനിക്ക് വയസ്സറിയിക്കുന്നതിന് മുമ്പ് തന്നെ ഒരാക്സിഡൻ്റിൽ സെബാൻ ഞങ്ങളെ വിട്ട് പോയി പിന്നീടിത് വരെ മറ്റൊരാളോടും എനിക്കിഷ്ടം തോന്നിയിട്ടില്ല, അതിരിക്കട്ടെ സിബിച്ചന് ,ഏതെങ്കിലും പെണ്ണുങ്ങളോട് അടുപ്പമുണ്ടായിരുന്നോ ?

ചോദ്യത്തോടൊപ്പം, അയാളുടെ മുഖത്ത് ഭാവമാറ്റമുണ്ടാകുന്നുണ്ടോ എന്നവൾ പ്രത്യേകം ശ്രദ്ധിച്ചു.

ഹ ഹ ഹ ,എൻ്റെ ജീവിതത്തിൽ ആദ്യവും അവസാനവുമായി ഒരു പെണ്ണിനോട് മാത്രമേ എനിക്കിഷ്ടം തോന്നിയിട്ടുള്ളു ,പത്തിൽ ഞാൻ പഠിക്കുമ്പോൾ എൻ്റെ ക്ളാസ്സിൽ മുൻ ബഞ്ചിലിരുന്ന് നന്നായി പഠിക്കുന്ന മേഴ്സിക്കുട്ടിയോട്, അവൾക്കറിയില്ലായിരുന്നു ഞാനവളെ ഇഷ്ടപ്പെടുന്ന കാര്യം എൻ്റെ മനസ്സിലിരുന്ന് അവളോടുള്ള ഇഷ്ടം വീർപ്പ് മുട്ടിയപ്പോൾ ഒടുവിൽ ഞാനത് തുറന്ന് പറയാൻ തീരുമാനിച്ചു
പല പ്രാവശ്യം ഞാനതിന് തുനിഞ്ഞെങ്കിലും എപ്പോഴും അവളുടെ കൂടെ ഒരു കൂട്ടുകാരിയുണ്ടായിരുന്നത് കൊണ്ട് എൻ്റെ ശ്രമങ്ങളെല്ലാം വിഫലമായി, അങ്ങനെയിരിക്കെ ഒരു ദിവസം ക്ളാസ്സ് നടന്ന് കൊണ്ടിരിക്കുമ്പോൾ അവൾ ടീച്ചറോട് ടൊയ്ലറ്റിൽ പോകണമെന്ന് ആംഗ്യത്തിലൂടെ പറയുന്നതും അവൾ ഒറ്റയ്ക്ക് പുറത്തേക്ക് പോകുന്നതും ഞാൻ കണ്ടു, ഇത് തന്നെയാണ് പറ്റിയ അവസരം എന്ന് മനസ്സിലാക്കിയ ഞാൻ ചാടിയെഴുന്നേറ്റ് എനിക്കും ഒന്നിന് പോകണമെന്ന് ടീച്ചറോട് പറഞ്ഞിട്ട് ഞാനും ക്ളാസ്സിൽ നിന്നിറങ്ങി അവള് പോയ പുറകെ ചെന്നു.

പെൺകുട്ടികളുടെ ടൊയ്ലറ്റുകളിലൊന്നിൽ അവൾ കയറുന്നത് കണ്ട് ,തുറന്ന് കിടന്നിരുന്ന ,തൊട്ടടുത്തുള്ള മറ്റൊരു ടൊയ്ലറ്റിലേക്ക്, ചുറ്റിനും ആരുമില്ലെന്ന് ഉറപ്പാക്കിയിട്ട്, ഞാനും ഓടിക്കയറി

അവിടെ നിന്ന് കൊണ്ട് , എനിക്ക് നിന്നെ ഒരു പാട് ഇഷ്ടമാണ് മേഴ്സി.. അത് പറയാനാണ്  ടീച്ചറോട് കളവ് പറഞ്ഞ് നിന്നോടൊപ്പം ഈ ടൊയ്ലറ്റിൽ കയറിയതെന്ന് അവൾ കേൾക്കാൻ പാകത്തിൽ ഞാൻ മേഴ്സിക്കുട്ടിയോട് വിളിച്ച് പറഞ്ഞു, എൻ്റെ കഷ്ടകാലത്തിന് തൊട്ടപ്പുറത്തെ ടൊയ്ലറ്റിൽ ഞങ്ങളുടെ ക്ളാസ്സ് ടീച്ചറുണ്ടായിരുന്നു ,അവർ ഞങ്ങളെ കയ്യോടെ പിടിച്ചു ,സ്കൂളിലാകെ അതൊരു വലിയ വാർത്തയായി ,നാണക്കേട് കാരണം മേഴ്സിക്കുട്ടി അതോടെ ക്ളാസ്സിൽ വരാതെയായി സ്ത്രീകളുടെ ടൊയ്ലറ്റിൽ ഞാൻ ഒളിച്ചിരുന്നെന്ന പരാതിയുമായി ഹെഡ്മിസ്ട്രസ് എൻ്റെ ഡാഡിയെ സ്കൂളിൽ വിളിച്ച് വരുത്തി, ഡാഡിയുടെ കയ്യിൽ ,എൻ്റെ ടി സി കൊടുത്തിട്ട്, മോനെ മറ്റേതെങ്കിലും സ്കൂളിൽ ചേർത്ത് കൊള്ളാൻ പറഞ്ഞ് വിട്ടു, പക്ഷേ ഡാഡിക്കത് വലിയ അപമാനമായി തോന്നി ,അന്നെന്നെ ഡാഡി ഒരു പാട് തല്ലി, നീയിനി പഠിക്കാൻ പോകേണ്ടന്നും, നിനക്കതിനുള്ള യോഗ്യതയില്ലെന്നും പറഞ്ഞ് ,അതോടെ ഡാഡി എൻ്റെ പഠിപ്പവസാനിപ്പിച്ചു ,എൻ്റെ പഠനം മുടങ്ങിയതിലല്ല, ഞാൻ കാരണം പാവം ഒരു പെൺകുട്ടിയുടെ ഭാവി കൂടി നശിഞ്ഞ് പോയല്ലോ എന്നോർത്ത്, എനിക്കൊരു പാട് കുറ്റബോധം തോന്നി ,ഞാൻ വരുത്തി വച്ച കളങ്കം എന്നെ വിടാതെ പിന്തുടർന്നു, അന്ന് മുതൽ ഡാഡിയും മമ്മിയുമുൾപ്പെടെ, എല്ലാവരുമെന്നെ തൊട്ടതിനും പിടിച്ചതിനുമൊക്കെ കുറ്റം പറയാൻ തുടങ്ങി ,പതിയെ പതിയെ ,എന്നെ ഇഷ്ടമില്ലാത്ത എൻ്റെ വീട്ടുകാരിൽ നിന്നും, ഞാൻ അകലാൻ തുടങ്ങി ,പിന്നെ എനിക്ക് എൻ്റെ ഇപ്പോഴുള്ള കൂട്ടുകാരായിരുന്നു എല്ലാം, ഒറ്റപ്പെടല് ഒരു വേദനയായി തോന്നി തുടങ്ങിയപ്പോഴാണ്, കൂട്ടുകാരുടെ നിർബന്ധ പ്രകാരം ഞാൻ ചെറുതായി മദ്യപാനം തുടങ്ങിയത്,
പിന്നെ പിന്നെ, എന്നെയൊരു കുറ്റവാളിയെപ്പോലെ കാണുന്ന എൻ്റെ വീട്ടുകാരോടുള്ള വാശിക്ക്, ഞാനതൊരു ശീലമാക്കി ,തലതെറിച്ചവൻ ,
താന്തോന്നി എന്നൊക്കെ നാട്ടുകാര് പറഞ്ഞ് തുടങ്ങിയ പോൾ ,എനിക്കത് കേൾക്കുന്നത് ഹരമായി തുടങ്ങി ,എല്ലാത്തിനും കാരണം, ഒരു പെണ്ണാണെന്ന തോന്നലാണ് ,പിന്നീടിത് വരെ ഒരൊറ്റ പെണ്ണിൻ്റെയും മുഖത്ത് പോലും നോക്കാൻ എനിക്ക് ധൈര്യമില്ലാതെ പോയത് ,നിന്നെ പെണ്ണ് കാണാൻ പോകണമന്ന് ഡാഡി എന്നോട് ആവശ്യപ്പെട്ടപ്പോൾ, ഞാൻ നിന്നെ മുമ്പ് കണ്ടിട്ടുള്ളതാണെന്ന്  കള്ളം പറഞ്ഞതായിരുന്നു, എന്ത് കൊണ്ടാണെന്നോ? ഒരു പെണ്ണിൻ്റെയും മുഖത്ത് നോക്കാനുള്ള ധൈര്യമെനിക്കില്ലാതിരുന്നത് കൊണ്ട് , സത്യത്തിൽ നിന്നെ ഞാൻ ആദ്യം കാണുന്നത് ,അന്ന് നീ കുർബാന കഴിഞ്ഞിറങ്ങി വരുമ്പോൾ, എൻ്റെ കൂട്ടുകാരൻ നിന്നെ ചൂണ്ടി കൊണ്ട്, എടാ അതാ നീ കെട്ടാൻ പോകുന്ന പെൺകുട്ടി എന്ന് പറഞ്ഞ് തന്നപ്പോഴാണ്,അന്ന് നിന്നെ കണ്ടപ്പോൾ, നിൻ്റെ സൗന്ദര്യത്തിന് മുന്നിൽ, ഞാൻ പണ്ട് പ്രേമിച്ച മേഴ്സിക്കുട്ടി ഒന്നുമല്ലെന്ന് എനിക്ക് മനസ്സിലായി ,അപ്പോൾ, പക്കാ ഫ്രോഡായ എന്നെ ഇഷ്ടപ്പെടാനും ഈ നാട്ടിൽ, സുന്ദരികളായ പെൺകുട്ടികളുണ്ടെന്ന തിരിച്ചറിവ്, എൻ്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു ,ആ ഒരു തോന്നല് ഒന്നുറപ്പിക്കാനാണ്, ഞാനന്ന് നിൻ്റെ മുന്നിൽ ഹീറോ കളിച്ചത്,
സത്യത്തിൽ നിൻ്റെ മുന്നിൽ ജാള്യത മറയ്ക്കാനാണ്, ഞാനന്ന് നിന്നെ വെല്ലുവിളിച്ചത് ,ഇനി ഞാനൊരു സത്യം പറയട്ടെ, എൻ്റെ ജീവിതത്തിൽ ആദ്യമായിട്ടാണ്, ഒരു പെണ്ണിനോട്  ഇത്രയധികം സംസാരിക്കുന്നത് ,അത് മറ്റൊന്നുമല്ല ,ഇത് വരെ മറ്റാരും എന്നെ കേൾക്കാൻ ക്ഷമ കാണിച്ചിട്ടില്ല ,അത് കൊണ്ട് തന്നെ എൻ്റെ ഉള്ളിലെ നീറ്റലുകൾ ഞാനാരോടും തുറന്ന് പറഞ്ഞിട്ടില്ല ,ഇപ്പോൾ എനിക്കതിനുള്ള ധൈര്യമുണ്ടായത്, നീയെങ്കിലും എന്നെ മനസ്സിലാക്കുമെന്ന് കരുതിയാണ് ,മറ്റുള്ളവരെപോലെ ഞാനും ഒരു കൊള്ളരുതാത്തവനാണെന്നായിരിക്കും നീ വിചാരിച്ചിരിക്കുന്നത് ,പക്ഷേ എന്നോടിത്തിരി സ്നേഹം കാണിച്ചിരുന്നെങ്കിൽ, എന്നെ മനസ്സിലാക്കാൻ എൻ്റെ വീട്ടിൽ ഒരാളെങ്കിലും ശ്രമിച്ചിരുന്നെങ്കിൽ ,
ഞാനൊരിക്കലും ഇങ്ങനെയൊന്നുമാകില്ലായിരുന്നു, ഇപ്പോൾ നീയെൻ്റെ ജീവിതത്തിലേക്ക് കടന്ന് വന്നപ്പോൾ, എനിക്കും നന്നാവണമെന്നൊരു തോന്നൽ അത് കൊണ്ട് ,ഇവിടെ നിനക്ക് എന്ത് ബുദ്ധിമുട്ടുണ്ടായാലും
ദയവ് ചെയ്ത് നീയെന്നെ ഉപേക്ഷിച്ച് പോകരുത് ,അത്രയ്ക്ക് ഇഷ്ടമാണ് എനിക്ക് നിന്നെ

എല്ലാം കേട്ട് കൊണ്ട് താഴെ കിടക്കുകയായിരുന്ന അലീനയുടെ കണ്ണുകൾ സങ്കടം കൊണ്ട് നിറഞ്ഞൊഴുകി.


ഭാഗം - 4

സിബിച്ചൻ്റെ ഏറ്റ് പറച്ചിൽ അലീനയുടെ ഹൃദയത്തെ ആഴത്തിൽ സ്പർശിച്ചു.

കണ്ടും കേട്ടും , പണ്ട് മുതലേ സിബിച്ചനെ താനൊരു നികൃഷ്ടജീവിയായിട്ടാണ്  കണ്ടിട്ടുള്ളതെന്ന് കുറ്റബോധത്തോടെ അവളോർത്തു.

വർഷങ്ങളായി, ആരോടും പറയാതെ ഉള്ളിൽ കിടന്ന് വീർപ്പ് മുട്ടിയ വേദനകളൊക്കെയും തൻ്റെ മുന്നിലിറക്കി വയ്ക്കുമ്പോൾ തന്നിൽ നിന്നൊരു ആശ്വാസവാക്ക് കേൾക്കാനും തൻ്റെ സ്നേഹപൂർവ്വമായ ഒരു തലോടലിനുമായി,  അദ്ദേഹമാഗ്രഹിക്കുന്നുണ്ടാവുമെന്ന് അവൾക്കറിയാമായിരുന്നു.

സിബിച്ചനെ, ഒന്ന് ചേർത്ത് പിടിക്കാനും ഇനി മുതൽ അദ്ദേഹത്തോടൊപ്പം ഒരു നിഴലായി താനെന്നുമുണ്ടാവുമെന്ന് പറയാനും അവളുടെ മനസ്സ് വെമ്പി.

പക്ഷേ, തനിക്ക് സുഖമില്ലെന്നും രണ്ട് മൂന്ന് ദിവസത്തേയ്ക്ക് കൂടെക്കിടക്കില്ലെന്നും താൻ കളവ് പറഞ്ഞ് പോയത് കൊണ്ട്, പെട്ടെന്നെങ്ങനെ തിരുത്തും.

തത്കാലം കൂടെ കിടക്കേണ്ട ,പക്ഷേ തനിക്ക് അദ്ദേഹമിപ്പോൾ ഏറ്റവും പ്രിയപ്പെട്ടവനാണെന്ന് ,അയാളോട് ഉറക്കെ വിളിച്ച് പറയണമെന്നവൾക്ക് തോന്നി.

നീയുറങ്ങിയോ?

കുറച്ച് നേരമായി അലീനയുടെ പ്രതികരണം കേൾക്കാതിരുന്നത് കൊണ്ട്, സിബിച്ചൻ താഴേക്ക് നോക്കി ചോദിച്ചു.

ഇല്ല ,ഇന്നിനി എനിക്ക് ഉറങ്ങാൻ കഴിയില്ല ,നേരം വെളുക്കുന്നത് വരെ സിബിച്ചനോട് സംസാരിച്ച് കൊണ്ട് ,എനിക്ക് ഉണർന്നിരിക്കണം,
ഞാൻ കോളേജിൽ പഠിക്കുന്ന കാലം മുതൽ ,നിങ്ങളെ ഞാൻ കാണാൻ തുടങ്ങിയതാണ് ,
വൈകുന്നേരങ്ങളിൽ, കോളേജ് വിട്ട് വരുമ്പോൾ, ഇടവഴിയിലൂടെ ചോരക്കണ്ണുകളുമായി ആടിയാടി വരുന്ന നിങ്ങളെ ,എനിക്കും കൂട്ടുകാരികൾക്കും, പേടിയെക്കാൾ കൂടുതൽ, വെറുപ്പായിരുന്നു, എൻ്റെ അയൽ വീട്ടിലുള്ള ചെറിയ കുട്ടികളെ, ഭക്ഷണം കഴിപ്പിക്കാനായി, അവരുടെ അമ്മമാർ മക്കളോട് പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്, ചോറ് കഴിച്ചില്ലെങ്കിൽ സിബിച്ചനെ വിളിക്കുമെന്ന്, പാവം കുട്ടികൾ, അത് കേട്ട് പേടിച്ച് ഭക്ഷണംകഴിക്കുമ്പോൾ ,
നിങ്ങളൊരു ഭീകരജീവിയാണെന്ന് കുട്ടികളോടൊപ്പം, അന്ന് ഞാനും കരുതിയിട്ടുണ്ട് ,അന്ന് മുതലുള്ള നിങ്ങളോടുള്ള വെറുപ്പ്, കുറച്ച് മുമ്പ് വരെ എൻ്റെ മനസ്സിലുണ്ടായിരുന്നു, 
പക്ഷേ വർഷങ്ങളായി എന്നിലുണ്ടായിരുന്ന ,വെറുപ്പിൻ്റെ പതിന്മടങ്ങ് സ്നേഹം, ഇപ്പോഴെനിക്ക് നിങ്ങളോട് തോന്നുന്നു, നിങ്ങൾ പറഞ്ഞതൊക്കെ സത്യമാണെങ്കിൽ ,നിങ്ങളെന്നെ ഇഷ്ടപ്പെടുന്നുണ്ടെങ്കിൽ, പകരം ആ കാല്ച്ചുവട്ടിൽ ഞാനെൻ്റെ ജീവിതം തന്നെ സമർപ്പിച്ചിരിക്കും ,
ഈ വീട്ടിൽ എനിക്ക് മിണ്ടാനും പറയാനും പരിഭവിക്കാനുമൊക്കെ നിങ്ങൾ മാത്രമേയുള്ളു ,അത് കൊണ്ട് ,ഇനി നിങ്ങൾ പഴയ ജീവിതത്തിലേക്ക് പോകരുത് ,നിങ്ങൾ പറഞ്ഞത് പോലെ, പെട്ടെന്നൊരു ദിവസം മദ്യം ഉപേക്ഷിക്കാൻ നിങ്ങൾക്ക് കഴിയില്ലെന്ന് എനിക്കറിയാം, പക്ഷേ ,കഴിവതും കൂട്ടുകാരുമായിട്ടുള്ള പരസ്യമായ മദ്യപാനം ഒഴിവാക്കണം ,കുടിക്കണമെന്ന് തോന്നുമ്പോൾ മാത്രം, ഈ മുറിയിൽ വച്ച് ആരുമറിയാതെ നിങ്ങൾ കുടിച്ചോളു ,അതും വളരെ കുറച്ച് ,അങ്ങനെ പതിയെ പതിയെ നിങ്ങൾക്ക് ഈ ദു:ശ്ശീലം പൂർണ്ണമായിട്ട് മാറ്റാൻ കഴിയും,
സിബിച്ചൻ കൊള്ളരുതാത്തവനാണെന്ന് പറഞ്ഞ നാട്ടുകാരെക്കൊണ്ടും ,
വീട്ടുകാരെ കൊണ്ടും തിരിച്ച് പറയിപ്പിക്കുന്ന ഒരു സുദിനമുണ്ടാകണം സിബിച്ചാ...
അതിന് വേണ്ടി എന്ത് ത്യാഗം സഹിക്കാനും ഞാൻ തയ്യാറാണ്

അത്രയും പറഞ്ഞ് അലീന പ്രതീക്ഷയോടെ സിബിച്ചൻ്റെ കണ്ണുകളിലേക്ക് നോക്കി.

നമ്മൾ കുറച്ച് നേരത്തെ ഒന്നാ കേണ്ടതായിരുന്നു അല്ലേ പെണ്ണേ ..?

അതെന്താ സിബിച്ചന് അങ്ങനെ തോന്നിയത്?

അല്ല, നമ്മളൊക്കെ ഇനി എത്ര നാളുണ്ടാവാനാ, പെട്ടെന്നൊരു ദിവസം എനിക്കെന്തെങ്കിലും സംഭവിച്ചാൽ ഒപ്പം ഞാനില്ലാതെ നീ തനിച്ചാവില്ലേ?

പെട്ടെന്നവൾ അവൻ്റെ വായ പൊത്തിപ്പിടിച്ചു.

നല്ലൊരു ദിവസമായിട്ട് വേണ്ടാത്ത വർത്തമാനമെന്നും പറയണ്ടാ ,ഈ ലോകത്തിനി സിബിച്ചൻ
ഉണ്ടെങ്കിലേ അലീനയുമുള്ളു, അലീനയുടെ ഹൃദയം തുടിക്കുന്നത്, സിബിച്ചന് വേണ്ടി മാത്രമാണ് 

തൻ്റെ ചുണ്ടുകൾ ചേർത്ത് പിടിച്ചിരിക്കുന്ന മൃദുലമായ അലീനയുടെ കൈയ്യിലയാൾ തെരുതെരെ ചുംബിച്ചപ്പോൾ അവൾ ,നാണത്താൽ പൂത്തുലഞ്ഞു.

പരസ്പരം ഹൃദയങ്ങൾ പങ്കുവച്ചവർ, രാവിൻ്റെ ഏതോ യാമത്തിൽ, സുഖസുഷുപ്തിയിലാണ്ടു.

പിറ്റേന്ന് കതകിലാരോ തുരുതുരെ മുട്ടുന്ന ശബ്ദം കേട്ടാണ് അലീന ഉണർന്നത്.

അപ്പോൾ, താഴെ കിടന്നിരുന്ന തൻ്റെ ഇടത് കൈയ്യിൽ സിബിച്ചൻ്റെ വലത് കൈ 
കോർത്ത് പിടിച്ചിരിക്കുന്നത് കണ്ട അലീനയ്ക്ക് , തൻ്റെ ജീവിതം ഇനി മുതൽ ഈ കൈകളിൽ സുരക്ഷിതമായിരിക്കുമെന്നവൾ വിശ്വസിച്ചു.

അവൻ്റെ കൈ വിടർത്തി മാറ്റാൻ ശ്രമിച്ചപ്പോൾ അയാളുണർന്നു.

അപ്പോൾ വീണ്ടും കതകിൽ മുട്ടുന്നത് കേട്ടു.

അലീന പെട്ടെന്ന് ചാടിയെഴുന്നേറ്റ് താഴെ കിടന്ന ബെഡ്ഷീറ്റ് കട്ടിലിലേക്ക് എടുത്തിട്ടിട്ട് ,ചെന്ന് വാതില് തുറന്നു.

നേരം വെളുത്തതൊന്നും ,രാജകുമാരി
അറിഞ്ഞില്ലേ? ഇന്നലേ പറഞ്ഞതല്ലേ? ഞങ്ങൾക്കെല്ലാം ജോലിക്ക് പോകേണ്ടതാണ്, അടുക്കളക്കാര്യങ്ങൾ നീയാണ് നോക്കേണ്ടതെന്ന്?

മുന്നിൽ റെയ്ച്ചൽ ക്ഷോഭിച്ച് നില്ക്കുന്നത് കണ്ട് ,അലീനയ്ക്ക് തെല്ല് ഭീതി തോന്നി.

സോറി ചേച്ചീ .. ഉറങ്ങിപ്പോയി, ഞാനൊന്ന് ഫ്രഷായിട്ട് ഇപ്പോൾ തന്നെ വരാം

നീയെവിടെയും പോകുന്നില്ല,
നീ ഈ വീട്ടിൽ എന്ത് ചെയ്യണം എന്ത് ചെയ്യണ്ടാ എന്ന് തീരുമാനിക്കുന്നത് ഞാനാണ്, അല്ലാതെ കണ്ടവരല്ല

പെട്ടെന്ന് സിബിച്ചൻ ക്ഷോഭത്തോടെ പറഞ്ഞു.

ഓഹോ ,തൊലി വെളുപ്പുള്ള ഒരുത്തി വന്ന് കയറിയപ്പോൾ നിനക്ക് ഞങ്ങളൊക്കെ കണ്ടവരായല്ലേ? അവളിവിടെ നിന്നെയും സഹിച്ച് എത്ര നാളുണ്ടാവാനാ ,ഏറിയാൽ മൂന്ന് മാസം ,അപ്പോഴേക്കും ഒരു വെളിവുമില്ലാതെ ജീവിക്കുന്ന നിന്നെയവൾക്ക് മടുക്കും, വീണ്ടും നാണമില്ലാതെ നീ ഞങ്ങളുടെ കാൽക്കീഴിൽ വരും

ഇല്ല, അങ്ങനെയൊരു ദുരവസ്ഥ ഞാൻ ജീവനോടെയുള്ളപ്പോൾ എൻ്റെ ഭർത്താവിനുണ്ടാവില്ല, അതിന് ഞാൻ സമ്മതിക്കില്ല, ചേച്ചി പോയി ഒരുങ്ങിക്കോ സമയത്ത് ഓഫീസിൽ ചെല്ലേണ്ടതല്ലേ? അടുക്കള കാര്യം ഞാൻ നോക്കിക്കൊള്ളാം

തൻ്റെ ഭർത്താവിനെ കുറിച്ച് മറ്റൊരാൾ മോശമായി പറയുന്നത് അലീനയ്ക്ക് സഹിക്കാനാവില്ലായിരുന്നു

സിബിച്ചൻ കുറച്ച് കൂടി കിടന്നുറങ്ങിക്കോ, ബ്രേക്ക് ഫാസ്റ്റ് റെഡിയാക്കി എലാവരും ജോലിക്ക് പോയി കഴിയുമ്പോൾ ഞാൻ വന്ന് വിളിക്കാം ,എന്നിട്ട് 
നമുക്കൊരുമിച്ചിരുന്ന് കഴിക്കാം

റെയ്ച്ചല് പോയിക്കഴിഞ്ഞപ്പോൾ ക്ഷുഭിതനായിരുന്ന സിബിച്ചനെ, അലീന മയപെടുത്തി.

പ്രാതല് കഴിച്ചിട്ട് എച്ചിൽ പാത്രങ്ങളുമായി അടുക്കളയിലേക്ക് പോയ അലീനയുടെ പുറകെ സിബിച്ചനും ചെന്നു.

ഉം ഇത് പെണ്ണുങ്ങളുടെ ഏരിയയാ ഇവിടെന്താ ആണുങ്ങൾക്ക് കാര്യം

അല്ലാ.. ഞാനീ വീട്ടിൽ അധികം കടന്ന് വരാത്ത ഒരു സ്ഥലമാണ് ഈ അടുക്കള ,എനിക്ക് ഓർമ്മയുള്ള കാലം തൊട്ട് കല്യാണിയാണ് ഇവിടെ എപ്പോഴുമുണ്ടാകുന്നത് ,പിന്നെ ചേട്ടത്തിമാർ വന്നപ്പോൾ ഇതവരുടെ സാമ്രാജ്യമായി, അപ്പാഴൊന്നും എനിക്ക് ഈ അടുക്കളയോട് ഇഷ്ടം തോന്നിയിട്ടില്ല, പക്ഷേ എൻ്റെ ഭാര്യയുടെ ഗന്ധം നിറഞ്ഞ് നില്ക്കുന്ന ഈ കിച്ചനോട് എനിക്കിപ്പോൾ ഒരു തരം പ്രണയം തോന്നുന്നു

ഉം ആള് കൊള്ളാമല്ലോ? ഇത്രയും നാളും പെണ്ണുങ്ങളുടെയൊന്നും മുഖത്ത് നോക്കാതിരുന്നത് കൊണ്ട്, ഉള്ളിലെ റൊമാൻസൊക്കെ പുറത്തേക്കൊഴുകുവാണല്ലോ?

അയാളെ കളിയാക്കി അവൾ ചിരിച്ചപ്പോൾ, സിബിച്ചനവളെ പിന്നിൽ നിന്ന് വരിഞ്ഞ് പിടിച്ചു.

അയ്യേ.. വിടു സിബിച്ചാ .. അമ്മയെങ്ങാനും ഇങ്ങോട്ട് വരും

ലജ്ജ കൊണ്ട് അവളുടെ കപോലങ്ങളിൽ  നുണക്കുഴികൾ
തെളിഞ്ഞു.

അമ്മ വന്നോട്ടെ നമ്മുടെ സ്നേഹം കാണുമ്പോൾ അമ്മ വന്നത് പോലെ തിരികെ പൊയ്ക്കൊള്ളും

പിന്നേ.. എനിക്ക് നാണമാ, ഞാൻ പിന്നെ അമ്മയുടെ മുഖത്ത് എങ്ങിനെ നോക്കും, സിബിച്ചനിപ്പോൾ അപ്പുറത്തെങ്ങാനും പോയിരിക്ക് രാത്രിയിൽ നമുക്ക് പ്രണയിക്കാൻ ഒരു പാട് സമയമുണ്ടല്ലോ

പക്ഷേ നിനക്ക് സുഖമില്ലെന്നല്ലേ പറഞ്ഞത്

അയ്യോ സിബിച്ചാ... എന്നോട് പൊറുക്കണേ, ഞാൻ സിബിച്ചനോടൊരു തെറ്റ് ചെയ്തു ,ഞാനിന്നലെ നിങ്ങളോടുള്ള നീരസം കൊണ്ടാണ്, ആദ്യമങ്ങനെ പറഞ്ഞത്, പക്ഷേ നമ്മൾ പരസ്പരം എല്ലാം തുറന്ന് പറഞ്ഞ് കഴിഞ്ഞപ്പോൾ, എനിക്ക് നിങ്ങളോടൊപ്പം കട്ടിലിൽ കിടക്കണമെന്ന് തോന്നി, ഇനിയും ഞാനിത് തുറന്ന് പറഞ്ഞില്ലെങ്കിൽ
വീണ്ടും ഞാൻ തറയിലും സിബിച്ചൻ കട്ടിലിലുമായി അകന്ന് കഴിയേണ്ടി വരില്ലേ? അത് കൊണ്ടാ ഞാനിപ്പോൾ സത്യം പറഞ്ഞത്, ഒരു നിമിഷം പോലും അകന്നിരിക്കാൻ ഇനി എനിക്ക് കഴിയില്ല സിബിച്ചാ...

അലീനയുടെ മിഴികളിൽ ആർദ്രത നിഴലിക്കുന്നതും, അവളുടെ മുഖം കുങ്കുമം പോലെ ചുവക്കുന്നതും അനുഭൂതിയോടെ അയാൾ നോക്കി നിന്നു.

ദിവസങ്ങൾ കടന്ന് പോയി ,
സിബിച്ചനിൽ വന്ന മാറ്റങ്ങൾ എല്ലാവരും അത്ഭുതത്തോടെയാണ് വീക്ഷിച്ചത്

പരസ്യമായി മദ്യപാനമില്ലാതിരുന്നത് കൊണ്ട് പെണ്ണ് കെട്ടിയപ്പോൾ ,സിബിച്ചൻ കുടി നിർത്തിയെന്നും, സ്കറിയാ മാഷിൻ്റെ പരീക്ഷണം ഫലം കണ്ട് തുടങ്ങിയെന്നും നാട്ട്കാർ പരസ്പരം പറഞ്ഞു ചിരിച്ചു.

പക്ഷേ, സിബിച്ചൻ അസ്വസ്ഥത പ്രകടിപ്പിക്കുമ്പോഴൊക്കെ, മറ്റാരുമറിയാതെ മുറിയിലിരുന്ന് അല്പം കഴിച്ചോളാൻ അലീന അയാളെ അനുവദിച്ചു.

ഒരു ദിവസം പാതിരാത്രിയായപ്പോൾ ,സിബിച്ചൻ്റെ ഞരക്കവും മൂളലും കേട്ടാണ് അലീന ഉണർന്നത്.

അവള്ളെഴുന്നേറ്റ് ലൈറ്റ് ഓൺ ചെയ്തിട്ട് അയാളെ തട്ടി വിളിച്ചു .

സിബിച്ചാ.. എന്ത് പറ്റി? ചോദ്യത്തോടൊപ്പം അയാളുടെ ശരീര ഊഷ്മാവിൽ സംശയം തോന്നിയ അവൾ നെറ്റിയിൽ കൈവച്ച് നോക്കി.

കർത്താവേ.. പൊള്ളുന്ന ചൂടാണല്ലോ? സിബിച്ചാ ... എഴുന്നേല്ക്ക് ,നമുക്ക് ഹോസ്പിറ്റലിൽ പോകണം, നല്ല പനിയുണ്ട്

എനിക്ക് വയ്യ പെണ്ണേ ,ഞാൻ മരിച്ച് പോകും

അയാൾ വയറ് പൊത്തിപ്പിടിച്ച് കൊണ്ട് ,അസഹനീയതയോടെ പറഞ്ഞു.

അയ്യോ എനിക്ക് പേടിയാകുന്നു സിബിച്ചാ.. ഞാൻ പോയി ഡാഡിയെ വിളിച്ചോണ്ട് വരാം

പേടിച്ചരണ്ട അലീന താഴേക്കോടി.

അലീനയോടൊപ്പം സിബിച്ചനെ ഹോസ്പിറ്റലിലെത്തിക്കാൻ
സ്കറിയാ മാഷും ഡേവിസുമുണ്ടായിരുന്നു.

ഹോസ്പിറ്റലിലെത്തുമ്പോഴേക്കും
സിബിച്ചൻ അലീനയുടെ മടിയിൽ കിടന്ന് രണ്ട് തവണ രക്തം ഛർദ്ദിച്ചു .

അത് കണ്ട് ഭയന്ന് പോയ അലീന സകല ദൈവങ്ങളോടും മനസ്സുരുകി പ്രാർത്ഥിച്ചു.

എൻ്റെ കർത്താവേ..  നീയെനിക്കൊരു നല്ല ജീവിതം സമ്മാനിച്ചിട്ട് ,ഞാനത് അനുഭവിക്കുന്നതിന് മുമ്പേ നീയെന്നിൽ നിന്നത് തട്ടിപ്പറിച്ചെടുക്കരുതേ? നീയെന്നെ കണ്ണീരിലാഴ്ത്തല്ലേ ,എന്നും മുട്ടിപ്പായി പ്രാർത്ഥിക്കുന്ന എന്നെ നീ കൈവിടല്ലേ?


ഭാഗം - 5

കാഷ്വാലിറ്റിയിലെ പരിശോധനയ്ക്കുശേഷം ,
സിബിച്ചനെ ഐസിയുവിലേക്ക് മാറ്റി വാതിലടച്ചപ്പോൾ, പാതി ജീവനുമായി അലീന, നിശബ്ദമായ ഇടനാഴിയിലെ  തണുത്തുമരവിച്ച ചാര് ബെഞ്ചിൽ,  പ്രാർത്ഥനയോടെ കാത്തിരുന്നു.

കുടിച്ച് കുടിച്ച് ലിവർ അടിച്ചു പോയിട്ടുണ്ടാവും, അല്ലാതെ ഇങ്ങനെ രക്തം ചർദ്ദിക്കാൻ വഴിയില്ല

അടുത്ത ചെയറിൽ ഇരുന്ന, സിബിച്ചൻ്റെ ചേട്ടൻ ഡേവിസത് പറഞ്ഞപ്പോൾ,  അലീനയുടെ ഉള്ളിലൂടെയൊരു കൊള്ളിയാൻ പാഞ്ഞു പോയി.

സ്വന്തം കൂടപ്പിറപ്പിനെ കുറിച്ച്  എത്ര ലാഘവത്തോടെയാണ് അയാൾ സംസാരിക്കുന്നതെന്ന് അലീന ,
അവജ്ഞയോടെയോർത്തു.

ഐസിയുവിൽ നിന്ന് അകത്തേക്കും പുറത്തേക്കുമായി ,
നിരവധി തവണ ഡോക്ടേഴ്സും നേഴ്സുമൊക്കെ തൻ്റെ മുന്നിലൂടെ കടന്ന് പോകുമ്പോൾ, ഒരു ശുഭവാർത്ത കേൾക്കാനായി ആകാംക്ഷയോടെ ,അവൾ അവരുടെ മുഖത്തേയ്ക്ക് ഉറ്റ് നോക്കും.

പക്ഷേ, ഒന്നുമുരിയാടാതെ അവരൊക്കെ തന്നെ കടന്ന് പോയപ്പോൾ, അക്ഷമയോടവൾ ഒരു ജൂനിയർ ഡോക്ടറെ തടഞ്ഞ് നിർത്തി ,സിബിച്ചൻ്റെ വിവരങ്ങൾ തിരക്കി.

ഒന്നും പറയാറായിട്ടില്ല ,പനി അല്പം കുറഞ്ഞിട്ടുണ്ട് ,പിന്നെ യൂറിനും ബ്ളഡ്ഡുമൊക്കെ ലാബിലേക്കയച്ചിട്ടുണ്ട് ,അതിൻ്റെ റിസൾട്ട് കൂടി വന്നാലേ എന്തെങ്കിലും പറയാൻ കഴിയു

സർ, പിന്നീടദ്ദേഹം ഛർദ്ദിച്ചായിരുന്നൊ?

അലീന ഉത്ക്കണ്ഠയോടെ ചോദിച്ചു.

ഇല്ല, ഇവിടെ വന്നതിന് ശേഷം ഛർദ്ദിയൊന്നുമുണ്ടായിട്ടില്ല
ഓകെ ,നിങ്ങൾ സമാധാനമായിട്ടിരിക്കു, ബാക്കിയെല്ലാം, രാവിലെ റിസൾട്ട് കണ്ടതിന് ശേഷം, ഷേണായി സാർ നിങ്ങളോട് സംസാരിക്കും

താങ്ക് യു ഡോക്ടർ

ഡോക്ടർക്ക് നന്ദി പറഞ്ഞിട്ട് വീണ്ടും ബഞ്ചിലേക്കമരുമ്പോൾ, എത്രയും വേഗമൊന്ന് നേരം പുലർന്നിരുന്നങ്കിലെന്ന് അവളാഗ്രഹിച്ചു.

മോളെത്ര നേരമായി, ഇങ്ങനെ ഒരേ ഇരിപ്പിരിക്കുന്നു, എഴുന്നേറ്റ് വാ മോളേ.. ഡാഡിക്കും മോൾക്കും ക്യാൻറീനിൽ പോയി, ഓരോ കാപ്പി കുടിച്ചിട്ട് വരാം 

മരുമകളുടെ കരഞ്ഞ് വീർത്ത മുഖം കണ്ട്, അലിവ് തോന്നിയ സ്കറിയാ മാഷ് അവളോട് പറഞ്ഞു.

വേണ്ട ഡാഡീ.. എനിക്കിപ്പോൾ വിശപ്പും ദാഹവുമൊന്നുമില്ല, എങ്ങനെയെങ്കിലും റിസൾട്ട് വന്നിട്ട് സിബിച്ചന് ഒന്നുമില്ലെന്നറിഞ്ഞാലേ എനിക്ക് സമാധാനമാകു

അവനൊന്നും വരില്ല മോളേ... കർത്താവ് നിന്നെ കൈവിടില്ല

അയാൾ മരുമകളെ സമാധാനിപ്പിച്ചു.

നിമിഷങ്ങളെണ്ണിയെണ്ണി ,അലീന ഒടുവിൽ നേരം വെളുപ്പിച്ചു.

ചായ കുടിച്ചിട്ട് വരാമെന്ന് പറഞ്ഞ് പോയ, സ്കറിയാ മാഷ് ഇത് വരെ തിരിച്ചെത്തിയിട്ടില്ല.

തൊട്ടപ്പുറത്തിരുന്ന, ഡേവിസിൻ്റെ ആരോഹണ അവരോഹണ ക്രമത്തിലുള്ള കൂർക്കം വലി ,അവൾക്ക് അരോചകമായി തോന്നി.

സിബിസ്കറിയയുടെ ബന്ധുക്കളുണ്ടോ?

ഒരു നഴ്സ് വന്ന് ചോദിച്ചപ്പോൾ അലീന ചാടിയെഴുന്നേറ്റു.

നിങ്ങളെ , ഷേണായി സാർ അന്വേഷിക്കുന്നുണ്ട് ,ഇവിടുന്ന് ഇടത്തോട്ട് ചെല്ലുമ്പോൾ മൂന്നാമത്തെ മുറിയിലാണ് ഡോക്ടറുള്ളത്

ജിജ്ഞാസയോടെ അലീന ഡോക്ടർ ഷേണായി എന്ന ബോർഡ് വച്ച ,റൂമിലേക്ക്, 
നോക്ക് ചെയ്തിട്ട്, കടന്ന് ചെന്നു.

ഇരിക്കു, നിങ്ങൾ സിബിസ്കറിയയുടെ വൈഫാണോ?

അതെ ഡോക്ടർ

റിസൾട്ട് വന്നിട്ടുണ്ട് ,പേടിക്കാനൊന്നുമില്ല,
അയാൾക്ക് കരളിൽ ,
SGOT യുടെ അളവ്
കുറച്ച് കൂടുതലാണ്,അതിൻ്റെയാണ് വയറ് വേദനയും ഛർദ്ദിയുമൊക്കെ ഉണ്ടായത് ,ഫീവർ കുറഞ്ഞിട്ടുണ്ട്,
നോർമലായി കഴിഞ്ഞാൽ ,വൈകിട്ടോടെ വാർഡിലേക്ക് മാറ്റും

അല്ല ഡോക്ടർ, അദ്ദേഹം ഇന്നലെ കൊണ്ട് വരുന്ന വഴി രക്തം ഛർദ്ദിച്ചിരുന്നു, അതെന്ത് കൊണ്ടാവും?

അലീന, ഉത്ക്കണ്ഠയോടെ ചോദിച്ചു.

ഹേയ്, അതോർത്ത് നിങ്ങൾ വറീഡാവണ്ട, LFT യും RFT യുമൊക്കെ നോർമലാണ്, പിന്നെ ഛർദ്ദിച്ചത് മുഴുവൻ രക്തമല്ല , ഛർദ്ദിയോടൊപ്പം  ഇൻഫക്ഷനുണ്ടായിരുന്ന തൊണ്ടയിലെ, തൊലി പൊളിഞ്ഞ് വന്നത് കൂടി ,അതിൽ കലർന്നിട്ടുണ്ടാവാം, പക്ഷേ നഗറ്റീവായിട്ടുള്ള മറ്റൊരു കാര്യം ഞാൻ പറയാം, ബ്ളഡ്ഡിൽ ആൾക്കഹോളിൻ്റെ അതിപ്രസരമുണ്ടായിരുന്നു, അതിനർത്ഥം, അയാൾ സ്ഥിരമായി മദ്യപിക്കാറുണ്ടെന്നല്ലേ? അങ്ങനെയെങ്കിൽ ,ഇനി മുതൽ അത് നിർത്തുന്നതാണുത്തമമെന്ന് അയാളോടൊന്ന് പറഞ്ഞോളു ,നിങ്ങളൊക്കെ ചെറുപ്പമല്ലേ ?ജീവിതമങ്ങ് നീണ്ട് കിടക്കുവാ, അത് മറക്കണ്ടാ

ഞാൻ ശ്രദ്ധിച്ചോളാം ഡോക്ടർ, താങ്ക് യു ഡോക്ടർ, താങ്ക് യുസോ മച്ച്

തൻ്റെ പ്രാണൻ തിരിച്ച് കിട്ടിയ സന്തോഷത്തിൽ, അലീന ഡോക്ടറോട് നന്ദി പറഞ്ഞ് മുറിയിൽ നിന്നും പുറത്തേയ്ക്കിറങ്ങി.

വൈകുന്നേരത്തോട് കൂടി 
സിബിച്ചനെ ഐ സി യു വിൽ നിന്നും പുറത്തിറക്കുമെന്നറിഞ്ഞപ്പോൾ,
മാളിയേക്കൽ തറവാട്ടിലുള്ളവരെ കൂടാതെ, അന്നാമ്മയും, അലീനയുടെ നേരെ ഇളയ അനുജത്തി, ആൻസിയും അയാളെ കാണാൻ വന്നിട്ടുണ്ടായിരുന്നു.

സിബിച്ചൻ്റെ വീട്ടുകാരുടെയൊപ്പം നില്ക്കാനുള്ള മടി കൊണ്ടാവാം, അമ്മയും അനുജത്തിയും ഒഴിഞ്ഞ് മാറി നില്ക്കുന്നതെന്ന്, അലീനയ്ക്ക് മനസ്സിലായി.

കല്യാണത്തിന് ശേഷം, മോളെ കാണാൻ വരുന്ന കാര്യം അലീനയോട്, അന്നാമ്മ രണ്ട് മൂന്ന് പ്രാവശ്യം പറഞ്ഞെങ്കിലും ,
ചേട്ടത്തിമാരുടെ കുത്ത് വാക്കുകൾ, ഭയന്ന് , അമ്മയോടവൾ തത്ക്കാലം സിബിച്ചൻ്റെ വീട്ടിലേക്ക് വരേണ്ടെന്നും, തങ്ങൾ അങ്ങോട്ട് വന്നോളാമെന്നും പറഞ്ഞിരുന്നു.

ദൂരെ മാറി നിന്ന് തന്നെ വാത്സല്യത്തോടെ വീക്ഷിക്കുന്ന അമ്മയുടെ മുന്നിലേക്ക്, അലീന ഉത്സാഹത്തോടെ ഓടിച്ചെന്നു.

സിബിച്ചനിപ്പോൾ എങ്ങനെയുണ്ട് മോളേ..?

കുഴപ്പമില്ലമ്മേ .. ടെസ്റ്റ് റിസൾട്ടൊക്കെ നോർമലാണ്, പേടിക്കാനൊന്നുമില്ലെന്ന് ഡോക്ടർ പറഞ്ഞു

ഓഹ്, എൻ്റെ പ്രാർത്ഥന കർത്താവ് കേട്ടു, കുരിശ് പള്ളിയിലേക്ക്, ഒരു കൂട്
മെഴുക്തിരി ഞാൻ നേർന്നിട്ടുണ്ട് 

എനിക്കും ഒരു പാട് നേർച്ചകളുണ്ടമ്മേ... അതിരിക്കട്ടെ അപ്പനെങ്ങനുണ്ട്?

കുഴപ്പമില്ല മോളേ ..പഴയത് പോലൊക്കെ തന്നെ ..., ങ്ഹാ മോളേ... നീയാകെ ക്ഷീണിച്ചല്ലോ?
അവിടെ നിനക്ക് ബുദ്ധിമുട്ട് വല്ലതുമുണ്ടോ ?

അന്നാമ്മ മകളോട് ജിജ്ഞാസയോടെ ചോദിച്ചു.

ഇല്ലമ്മേ.. സിബിച്ചനും വീട്ടുകാർക്കുമൊക്കെ എന്നെ വലിയ കാര്യമാ ,പിന്നെ അമ്മേ സിബിച്ചനിപ്പോൾ പഴയ ആളല്ല, മൊത്തത്തിൽ മാറിയിട്ടുണ്ട്, മദ്യപാനം വല്ലപ്പോഴും മാത്രമേയുള്ളു, പിന്നെ ഇന്ന് രാവിലത്തെ കുർബ്ബാന കൂടാൻ, നമുക്കൊന്നിച്ച് പള്ളിയിൽ പോകാമെന്ന് പറഞ്ഞതായിരുന്നു, അപ്പോഴാ രാത്രിയിൽ സുഖമില്ലാതായത്, ഞാൻ വല്ലാതെ ഭയന്ന് പോയമ്മേ...അത് കൊണ്ടാണ് ,ഞാൻ ക്ഷീണിച്ചെന്ന് അമ്മയ്ക്ക് തോന്നുന്നത്

അമ്മയെ കണ്ട സന്തോഷത്തിൽ അലീന വല്ലാതെ ചൈൾഡിഷായി.

എങ്കിലും മോള് ആരോഗ്യം നോക്കണം, നമ്മുടെ വീട് പോലെയല്ലല്ലോ ,കറിയാമാഷിൻ്റെ വീട്ടിൽ തിന്നാനും കുടിക്കാനുമൊക്കെ എമ്പാടുമുണ്ടാവുമല്ലോ? മിക്ക ദിവസങ്ങളിലും, കറിയാ മാഷിൻ്റെ വീട്ടിലേക്ക് പോർക്കും ബീഫുമൊക്കെ വാങ്ങിച്ചോണ്ട് പോകാറുണ്ടെന്നാ ഇറച്ചിവെട്ടുകാരൻ അന്തോണിയുടെ പെണ്ണുമ്പിള്ള എന്നോട് പറഞ്ഞത്, നീയതൊക്കെ നന്നായി കഴിക്കണം കെട്ടോ?

ഞാൻ കഴിച്ചോളാമമ്മേ ..

ങ്ഹാ ചേച്ചീ ... സിബിച്ചനുമായി നമ്മുടെ വീട്ടിലേക്ക് വരുമ്പോൾ കുറച്ച് ബീഫും പോർക്കുമൊക്കെ ഫ്റൈ ചെയ്ത് കൊണ്ട് വരണേ...
അന്ന് ചേച്ചീടെ കല്യാണത്തിനാണ് ,ഞങ്ങള് അവസാനമായി അതൊക്കെ കഴിച്ചത്

ആൻസി കൊതിയോടെ പറഞ്ഞപ്പോൾ, അലീനയ്ക്ക് സങ്കടം തോന്നി.

ഒന്ന് ചുമ്മാതിരിക്ക് കൊച്ചേ ..
ആരെങ്കിലും കേട്ടാൽ നാണക്കേടാ

അന്നാമ്മ അവളെ ശാസിച്ചു.

സാരമില്ലമ്മേ.. അവളെന്നോടല്ലേ പറഞ്ഞത് ,ചേച്ചി കൊണ്ട് വരാം മോളേ ... പിന്നെ നിൻ്റെ കോഴ്സിനി കണ്ടിന്യൂ ചെയ്യാൻ നോക്കണം കെട്ടോ ,ഞാൻ സിബിച്ചനോട് ,നീ നന്നായി പഠിക്കുന്ന കാര്യം പറഞ്ഞപ്പോൾ ,നിന്നെ വീണ്ടും പഠിക്കാൻ വിടണമെന്ന് സിബിച്ചനാ പറഞ്ഞത്

മോളേ ... ആമികുട്ടിക്ക് നിന്നോടൊപ്പം കുറച്ച് ദിവസം വന്ന് നില്ക്കണമെന്ന്, അവൾ പറഞ്ഞോണ്ടിരിക്കുവാ, ഞാൻ പറഞ്ഞു ,കോളേജടയ്ക്കുമ്പോൾ നോക്കാമെന്ന് ,അതാകുമ്പോൾ കുറച്ചധിക ദിവസം അവൾക്ക് നില്ക്കാൻ പറ്റുമല്ലോ ?

അത് കേട്ടപ്പോൾ, എന്ത് മറുപടി പറയുമെന്നറിയാതെ അലീന കുഴങ്ങി.

അതിനെന്താണമ്മേ ... വെക്കേഷനാവട്ടെ, അപ്പോൾ ഞാനങ്ങോട്ട് വന്ന് അവളെ കൂട്ടിക്കോളാം ,അമ്മ തത്ക്കാലം ചെന്ന് ഡാഡിയോട് സംസാരിച്ചിരിക്ക്, ഞാൻ സിബിച്ചനോടൊന്ന്, മിണ്ടിയേച്ച് വരട്ടെ ,ഇന്നലെ രാത്രി മുതൽ ഈ നേരം വരെ ,പരസ്പരം കാണാതെയും മിണ്ടാതെയുമിരുന്നിട്ട് എന്തോ പോലെ

കുറച്ച് നേരത്തേക്കാണെങ്കിലും വിരഹമൊരു വേദനയാനെന്നവൾക്ക്, കഴിഞ്ഞ കുറേ മണിക്കൂറുകൾ കൊണ്ട് ബോധ്യമായിരുന്നു.

ആ ഹോസ്പിറ്റലിലെ മുന്തിയ റൂമ് തന്നെ സ്കറിയാമാഷ് മകന് വേണ്ടി ബുക്ക് ചെയ്തിരുന്നു

അലീന ചെല്ലുമ്പോൾ, വിശാലമായ റൂമിൽ മാളിയേക്കൽ തറവാട്ടിലെ എല്ലാവരുമുണ്ടായിരുന്നു.

നീയിതെവിടെപോയതായിരുന്നു? ഞാൻ റൂമിലെത്തുമ്പോൾ, ആദ്യം നീയിവിടെയുണ്ടാവുമെന്നാണ് ഞാൻ പ്രതീക്ഷിച്ചത്,

സിബിച്ചൻ പരിഭവത്തോടെ അലീനയോട് ചോദിച്ചു.

അത് പിന്നെ... അമ്മയെ കണ്ടപ്പോൾ, ഞാനൊന്ന് സംസാരിച്ചവിടെ നിന്ന് പോയി ,അതാണ് താമസിച്ചത്

ആഹാ. അമ്മ വന്നിട്ടുണ്ടോ? എങ്കിൽ ഇങ്ങോട്ട് വിളിക്ക്

എന്തിനാ വെറുതെ ?,എടാ ചെറുക്കാ ...സന്ദർശകരെ അധികം അനുവദിക്കേണ്ടന്നാ ഡോക്ടർ പറഞ്ഞത് ,മാത്രമല്ല പുറത്ത് നിന്ന് വരുന്നവർക്കൊക്കെ, എന്തെങ്കിലും അസുഖമുണ്ടെങ്കിൽ അത് നിനക്ക് വേഗം പകരും, ഇപ്പോൾ നിനക്ക് പ്രതിരോധശേഷി കുറഞ്ഞിരിക്കുന്ന സമയമാണ്

റെയ്ച്ചല് വേഗം ചാടിക്കയറി തടസ്സം പറഞ്ഞു.

ങ്ഹേ, അപ്പോൾ നിങ്ങള് പുറത്ത് നിന്ന് വന്നവരല്ലേ അസുഖങ്ങൾ നിങ്ങൾക്കുമുണ്ടാവില്ലേ?

സിബിച്ചൻ തിരിച്ച് ചോദിച്ചു.

ഓഹ് നിന്നെ ഉപദേശിക്കാൻ വന്ന എന്നെ വേണം പറയാൻ ,വരൂ ചേച്ചീ... നമുക്ക് പോകാം ,ഇനി അവൻ്റെ ഭാര്യ വീട്ടുകാര് വന്ന് നിക്കട്ടെ

റെയ്ച്ചൽ മുഖം വീർപ്പിച്ച് കൊണ്ട് പുറത്തേയ്ക്കിറങ്ങിയപ്പോൾ കൂടെ ഡേവിസും, ബിനോയിയും ഒപ്പം ചെന്നു.

അവര് പോകാൻ പറ, നീയിവിടെ എൻ്റെയടുത്ത് വന്നിരിക്ക്

സിബിച്ചനവളെ അടുത്തേക്ക് വിളിച്ചു.

കട്ടിലിൽ തലയിണ വച്ച് ചാരിയിരിക്കുന്ന ,സിബിച്ചൻ്റെയരികിൽ ചെന്ന് അലീന, അവൻ്റെ കണ്ണുകളിലേക്ക് പ്രണയാതുരമായി നോക്കി.

നീയെന്നെ ഇങ്ങനെ നോക്കല്ലേ?
എനിക്ക് നിന്നെ കടിച്ച് തിന്നാൻ തോന്നും

സിബിച്ചൻ കാതരമായി അവളോട് മൊഴിഞ്ഞു.

എങ്കിൽ നിന്നെ ഞാൻ കൊല്ലും എന്നിട്ട് നിൻ്റെ രക്തം ഞാൻ ഊറ്റിക്കുടിക്കും

നീയെന്താ കള്ളിയങ്കാട്ട് നീലിയാണോ? എൻ്റെ രക്തം കുടിക്കാൻ

ദേ അപ്പോഴേക്കുമെന്നെ യക്ഷിയാക്കിയല്ലേ?

അവൾ കൊഞ്ചലോടെ അവനെ മൃദുവായി നുള്ളി ,ആ തക്കത്തിന് സിബിച്ചൻ അവളെ വലിച്ച് തൻ്റെ നെഞ്ചിലേക്കിട്ടു.

ഈ സമയം റൂമിലേക്ക് മരുന്നുമായി വന്ന ഡ്യൂട്ടിനഴ്സ്,
ആ കാഴ്ച കണ്ട് ജാള്യതയോടെ ,തുറന്ന് കിടന്ന ഡോറ് ,മെല്ലെ വലിച്ചടച്ചിട്ട്, സ്റ്റാഫ് റൂമിലേക്ക് തിരിച്ച് പോയി.


ഭാഗം - 6

രണ്ട് ദിവസം കഴിഞ്ഞ് സിബിച്ചനെ, ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തപ്പോൾ,അലീനയെയും 
സിബിച്ചനെയും വീട്ടിലേക്ക് കൂട്ടികൊണ്ട് പോകാൻ, സ്കറിയാ മാഷാണ് കാറുമായി വന്നത്.

ഈ പ്രൈവറ്റ് ഹോസ്പിറ്റല്കാര് എന്നാ കഴുത്തറുപ്പാടാ ഉവ്വേ ? രണ്ട് ദിവസത്തെ ബില്ല് ഒൻപതിനായിരം രൂപാ, ഇങ്ങനെയാണെങ്കിൽ ഇവൻമാര് കുറെയുണ്ടാക്കുമല്ലോ ? ഡാ സിബിച്ചാ... നമ്മളന്നാ, തീയറ്ററ് വാങ്ങിയ സമയത്ത്, ഒരു ഹോസ്പിറ്റല് പണിതാൽ മതിയായിരുന്നല്ലേടാ?

കാറിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ ,സ്കറിയാ മാഷ് പുറകിലിരുന്ന സിബിച്ചനോട് തമാശയായി ചോദിച്ചു.

ഓഹ് എന്തിനാ ഡാഡി, നമ്മള് മറ്റുള്ളവരെപ്പോലെയാവുന്നത്,
എത്ര സമ്പാദിച്ച് കൂട്ടിയാലും, ഒരസുഖം വന്നാൽ എല്ലാം കഴിഞ്ഞില്ലേ?

സിബിച്ചൻ തത്വം പറയുന്നത് കേട്ട്, സ്കറിയാ മാഷിന് ആശ്ചര്യം തോന്നി, ഒപ്പം സന്തോഷവും ,കുറച്ച് നാള് മുമ്പ് വരെ, സഹികെട്ട് താൻ ശപിച്ച് കൊണ്ടിരുന്ന തൻ്റെ മകൻ്റെ ,പുനർജന്മമാണിതെന്ന് അയാൾക്ക് തോന്നി.

ഓഹ്, ഞാനൊരു തമാശ പറഞ്ഞതല്ലേടാ ഉവ്വേ.. അല്ലെങ്കിലും, നമുക്കെന്തിനാടാ ഒരു പാട് പണം, പത്ത് തലമുറയ്ക്ക് തിന്ന് മുടിക്കാനുള്ളതൊക്കെ, അപ്പനപ്പൂപ്പൻമാരായിട്ട് ഉണ്ടാക്കി വച്ചിട്ടുണ്ട്, എൻ്റെ കാലം കഴിഞ്ഞാൽ, അത് നിങ്ങള് നാല് മക്കൾക്കും കൂടിയുള്ളതാ

സിബിച്ചനോട് , ഇത്ര കാര്യ ഗൗരവമായി ഡാഡി സംസാരിക്കുന്നത്, ഇതാദ്യമായാണ് അലീന കേൾക്കുന്നത് ,അതിലവൾക്ക് ചാരിതാർത്ഥ്യം തോന്നി, അത് ,സിബിച്ചനെ പഴയ സ്വഭാവത്തിൽ നിന്നും ,പരമാവധി മാറ്റിയെടുക്കാൻ തനിക്ക് കഴിഞ്ഞത് കൊണ്ടാണെന്ന് അവൾക്ക് മനസ്സിലായി.

അഭിമാനത്തോടെയവൾ സിബിച്ചൻ്റെ മുഖത്തേയ്ക്ക് നോക്കിയപ്പോൾ, അയാൾ പുറത്തെ കാഴ്ചകളിലേക്ക് കണ്ണ് നട്ടിരിക്കുകയായിരുന്നു.

മെയിൻ റോഡിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ്, ഇരുവശവും ബോഗൺവില്ലകൾ ഇടതൂർന്ന് നില്ക്കുന്ന പ്രൈവറ്റ് റോഡിലേക്ക് കയറിയ മെഴ്സിഡസ് ബെൻസ് കാറ്, മാളിയേക്കൽ തറവാടിൻ്റെ വിശാലമായ പോർച്ചിലെത്തി ബ്രേക്കിട്ട് നിന്നു.

സിബിച്ചൻ മുറിയിലേക്ക് പോയി റസ്റ്റെടുത്തോ ,ഞാൻ കിച്ചണിൽ പോയി കുടിക്കാനെന്തെങ്കിലും എടുത്ത് കൊണ്ട് വരാം

അത് പറഞ്ഞിട്ട് അലീന ,ഡിക്കിയിലിരുന്ന ബാഗുകളെടുത്ത് പുറത്ത് വച്ചു., 

ഞാൻ സഹായിക്കാം മോളേ...

സ്കറിയാ മാഷ് അവളുടെയടുത്തേയ്ക്ക് വന്നു.

വേണ്ട ഡാഡീ .. ഇതെനിക്ക് എടുക്കാവുന്നതേയുള്ളു, വിരോധമില്ലെങ്കിൽ, ഡാഡിയോട് ഞാനൊരു കാര്യം പറഞ്ഞോട്ടെ?

ചുറ്റിനും നോക്കി ആരുമില്ലെന്ന് ഉറപ്പിച്ചിട്ട്, അവൾ ചോദിച്ചു.

എന്താ മോളേ? എന്താണെങ്കിലും ചോദിച്ചോളു..

നമ്മുടെ കുടുംബത്തിൽ എല്ലാവരും ജോലിയുള്ളവരും വരുമാനമുള്ളവരുമാണ് ,പക്ഷേ സിബിച്ചന്, ഇത് രണ്ടുമില്ലല്ലോ? എനിക്കോ, സിബിച്ചനോ എന്തെങ്കിലും ആവശ്യം വന്നാൽ, എപ്പോഴും ഡാഡിയെ ആശ്രയിക്കണ്ടേ? അത് കൊണ്ട് ഡാഡിയുടെ ഏതെങ്കിലും സ്ഥാപനത്തിൽ, ശബ്ബളത്തോട് കൂടി, സിബിച്ചനൊരു ജോലി കൊടുത്താൽ, മറ്റുള്ളവരുടെ മുന്നിൽ ഞങ്ങൾക്കും അന്തസ്സായി ജീവിക്കാമായിരുന്നു, സിബിച്ചനിപ്പോൾ പഴയത് പോലെയല്ല, നല്ല മാറ്റമുണ്ട് ഡാഡി..

അലീനയുടെ ആ ചോദ്യം, സ്കറിയാ മാഷ് ഒട്ടും പ്രതീക്ഷിക്കാത്തതായിരുന്നു.

മോളേ... എൻ്റെ കാശെന്ന് പറഞ്ഞാൽ, അവനും കൂടിയുള്ളതാ, പിന്നെ മോള് പറഞ്ഞത് പോലെ സ്വന്തം ഭർത്താവ് അദ്ധ്വാനിച്ച് കൊണ്ട് വരുന്ന കാശ് മാത്രമേ, അവകാശത്തോടെ ഏതൊരു ഭാര്യയ്ക്കും കൈകാര്യം ചെയ്യാൻ തോന്നുകയുള്ളു, മോള് പറയാതെ തന്നെ, ഞാനത് അറിഞ്ഞ് ചെയ്യേണ്ടതായിരുന്നു ,സാരമില്ല, ഇനി മുതൽ നമ്മുടെ ബിസിനസ്സൊക്കെ, അവൻ നോക്കി നടത്തട്ടെ, ഡാഡിക്കിപ്പോൾ, പഴയത് പോലൊന്നും ഓടിനടക്കാൻ വയ്യ ,സിബിച്ചൻ ഉത്തരവാദിത്വമില്ലാത്തവനായത് കൊണ്ട്, ഡേവിസിനോടും, ബിനോയിയോടും ഞാനാകുന്നത് പറഞ്ഞതാ, ജോലി രാജി വച്ചിട്ട് ഇതൊക്കെയൊന്ന് നോക്കാൻ, അപ്പോൾ അവർക്ക് രണ്ട് പേർക്കും ജോലി കളയാൻ മടി ,ങ്ഹാ, ചിലപ്പോൾ കർത്താവ് നിശ്ചയിച്ചത് സിബിച്ചനെയായിരിക്കും, എന്തായാലും ഞാനവനോട് കാര്യങ്ങൾ പറഞ്ഞ് ,നാളെ തന്നെ എല്ലാം ഏല്പിച്ച് കൊടുക്കാം

ശരി ഡാഡീ... പിന്നെ, ഞാനാണ് ഇത് പറഞ്ഞതെന്ന് സിബിച്ചനറിയണ്ടാ

ഇല്ല മോളേ... അതൊക്കെ ഡാഡി കൈകാര്യം ചെയ്തോളാം

സന്തോഷത്തോടെ അലീന അകത്തേയ്ക്ക് കയറി പോയപ്പോൾ ,വാത്സല്യത്തോടെ സ്കറിയാ മാഷ് അവളെ നോക്കി നിന്നു.

###########||||##########

നിനക്കെന്താടീ.. ഇന്ന് പതിവില്ലാത്ത ഒരു ധൃതി, ഞങ്ങൾക്കിന്ന് അവധിയാണെന്നും ഓഫീസിൽ പോകേണ്ടെന്നുമറിയില്ലേ?

അടുക്കളയിൽ ഓടിനടന്ന് eബ്രക്ക് ഫാസ്റ്റ് തയ്യാറാക്കുന്ന അലീനയോട് സൂസി ചോദിച്ചു.

അത് ചേച്ചീ ... സിബിച്ചനോട് രാവിലെ മില്ലിലേക്ക് പോകണമെന്ന് ഡാഡി പറഞ്ഞിട്ടുണ്ട്, കൂപ്പിൽ നിന്നും ലോഡുമായി ലോറികൾ വരുന്നുണ്ടത്രേ, അപ്പോൾ ഉത്തരവാദിത്വപ്പെട്ടവർ ആരെങ്കിലും അവിടെയുണ്ടാവണമെന്നും അവർക്ക് കാശ് കൊടുക്കണമെന്നും പറയുന്നത് കേട്ടു, സിബിച്ചനൊരുങ്ങുവാ, പോകുന്നതിന് മുമ്പ് രാവിലെ കഴിക്കാനുള്ളത് കൊടുത്തില്ലങ്കിൽ പുറത്ത് നിന്ന് വല്ലതുമൊക്കെ വാങ്ങിക്കഴിച്ച് വയറ് കേടായാലോ?അതാ ഞാനീ വെപ്രാളം പിടിക്കുന്നത്, ചേച്ചി ഫ്രീയാണെങ്കിൽ, ആ തേങ്ങയൊന്ന് തിരുമ്മി താ

അലീന പറഞ്ഞത് കേട്ട് സൂസിയും ,അപ്പോൾ അങ്ങോട്ട് കടന്ന് വന്ന റെയ്ച്ചലും, ഒരുപോലെ ഞെട്ടി.

ഇതാ ചേച്ചീ.. തേങ്ങ

അലീന, സൂസിയുടെ നേരെ ഒരുമുറി തേങ്ങ നീട്ടി.

പിന്നേ... നിനക്ക് തേങ്ങാ തിരുമ്മിത്തരാനല്ലേ, ഞാനിവിടെ നില്ക്കുന്നത് ,എനിക്ക് വേറെ ജോലിയുണ്ട്

ഫ്ളാസ്കിൽ നിന്നും ചൂട് ചായ പകർത്തിയെടുത്ത് കൊണ്ട്, സൂസി പുറത്തേക്ക് പോയി.

അല്ലാ... ഡാഡിക്കിതെന്ത് പറ്റി ?മുടിയനായ പുത്രനെയാണോ ഇത്രയും പ്രധാനപ്പെട്ടൊരു 
കാര്യമേല്പിച്ചത്?

പുശ്ചത്തോടെ റെയ്ച്ചൽ ചോദിച്ചു.

ഡേവിച്ചായനും, ബിനോച്ചായനും ബിസ്നസ്സ് നോക്കാനുള്ള കഴിവില്ലെന്ന് ചിലപ്പോൾ ഡാഡിക്ക് തോന്നിക്കാണും, അതായിരിക്കും ചുറുചുറുക്കുള്ള സിബിച്ചായനെ ഏല്പിച്ചത്

തൻ്റെ ഭർത്താവിനെ തരം താഴ്ത്തിയത് ഇഷ്ടപ്പെടാതിരുന്ന അലീന, റെയ്ച്ചലിന് ചുട്ട മറുപടി കൊടുത്തു.

ഡീ.. നീയധികം നെഗളിക്കണ്ടാ..
ചതുപ്പിൽ കിടന്ന നിൻ്റെ മഹിമ കണ്ടിട്ടൊന്നുമല്ല, നിന്നെയിങ്ങോട്ട് കെട്ടിയെടുത്തത് ,സിബിച്ചൻ്റെ സ്വഭാവം വച്ച്, അവന് നല്ല കുടുംബത്തിൽ നിന്ന് പെണ്ണ് കിട്ടാത്തത് കൊണ്ട് മാത്രമാ

അത് ശരിയാ ചേട്ടത്തി പറഞ്ഞത് ,
എൻ്റെ ഡാഡിയും മമ്മിയും പോയി പെണ്ണ് ചോദിച്ചിട്ട്, അവളെയിങ്ങോട്ട് ,അന്തസ്സായിട്ട് കെട്ടിക്കൊണ്ട് വന്നതാ, പക്ഷേ ചേട്ടത്തിയോ? എൻ്റെ ബിനോച്ചായനെ കണ്ണും കയ്യും കാണിച്ച് കറക്കിയെടുത്തതല്ലേ?

അവരുടെ സംസാരം കേട്ട് കൊണ്ട് അങ്ങോട്ട് വന്ന ,സിബിച്ചനാണ് റെയ്ച്ചലിന് മറുപടി കൊടുത്തത്.

ഡാഡി ഒരു ജോലി ഏല്പിച്ചെന്ന് പറഞ്ഞ് നീ അഹങ്കരിക്കണ്ടാ,, ഇന്നല്ലെങ്കിൽ നാളെയിത് ,വേണ്ടാത്ത പണിയായിപോയെന്ന് 
ഡാഡിക്ക് തന്നെ തോന്നിക്കോളും,

അലീനയുടെ മുന്നിൽ വച്ച് തന്നെ ഇൻസൾട്ട് ചെയ്ത ദേഷ്യത്തിന്, റെയ്ച്ചൽ ചാടിത്തുള്ളി പുറത്തേയ്ക്ക് പോയി.

###################

ഒരു മാസം കഴിഞ്ഞപ്പോൾ സ്കറിയാ മാഷ്, സിബിച്ചനെ തൻ്റെ മുറിയിലേക്ക് വിളിച്ചു.

ദാ ,നീ ഇത് കയ്യിൽ വച്ചോ, നിനക്കും അവൾക്കും ഒരുപാട് ചിലവുകളുള്ളതല്ലേ?

സിബിച്ചൻ്റെ കയ്യിൽ ഒരു കെട്ട് നോട്ട് വച്ച് കൊടുത്തിട്ട്, സ്കറിയാ മാഷ് പറഞ്ഞു..

ഇതെന്തിനാ ഡാഡീ.. എനിക്കിത്രയും പണം?

ഇരിക്കട്ടെടാ...നിൻ്റെ ചേട്ടൻമാരെപ്പോലെ നിനക്കും ഇപ്പോഴൊരു ജോലിയുണ്ട് ,ഇത് അതിനുള്ള ശബ്ബളമായി കരുതിയാൽ മതി, ങ്ഹാ പിന്നെ, നിനക്കവളെയും കൂട്ടി എങ്ങോട്ടെങ്കിലും ഒരു ട്രിപ്പ് പൊയ്ക്കൂടെ?അവൾക്കും കാണില്ലേ ?അത്തരം ആഗ്രഹങ്ങളൊക്കെ?

അപ്പോഴാണ് സിബിച്ചന് ബോധോദയമുണ്ടായത് ,
ശരിയാണ് ഡാഡി പറഞ്ഞത്, കല്യാണം കഴിഞ്ഞ് ഇത് വരെ താനവളെയും കൊണ്ട് എങ്ങോട്ടും പോയിട്ടില്ല ,ദിവസവും രാവിലെ മുതൽ വൈകുന്നേരം വരെ, തനിക്കും ഈ കുടുംബത്തിലെ മറ്റുള്ളവർക്കും വേണ്ടി, പരാതിയില്ലാതെ കഷ്ടപ്പെട്ടിട്ടും, ഒരിക്കലും ഒരു സിനിമയ്ക്ക് പോലും കൊണ്ട് പോയിട്ടില്ലെന്ന്, അവൾ തന്നോട് പരിഭവം പറഞ്ഞിട്ടില്ല.

സിബിച്ചന് കുറ്റബോധം തോന്നി.

രാത്രിയിൽ ജോലിയൊക്കെ ഒതുക്കി, ബെഡ് റൂമിലെത്തിയ അലീനയോട്, ഹണിമൂണിനായി എവിടെ പോകണമെന്ന്, സിബിച്ചൻ അവളോട് തിരക്കി.

സിബിച്ചൻ ഇങ്ങനെ കട്ട സപ്പോർട്ടുമായി എൻ്റെ കൂടെയുണ്ടെങ്കിൽ ,എനിക്കെവിടെ ഹണിമൂൺ ആഘോഷിച്ചാലും ഒരു പോലെയാ

എന്നാലും നിനക്കേറ്റവും പ്രിയപ്പെട്ട ഒരു സ്ഥലം പറ, അവിടെ ഞാൻ കൊണ്ട് പോകാം

അങ്ങനെയെങ്കിൽ നമുക്ക് എൻ്റെ വീട്ടിലേക്ക് പോകാം, എനിക്ക് അതിലും പ്രിയപ്പെട്ട മറ്റൊരു സ്ഥലമില്ല, കല്യാണം കഴിഞ്ഞിട്ട് നമ്മളിത് വരെ അങ്ങോട്ട് പോയിട്ടില്ലല്ലോ?

അത് ശരിയാണല്ലോ? എന്നിട്ടെന്താ നീയിത് വരെ എന്നോടത് ആവശ്യപ്പെടാതിരുന്നത്

സത്യം പറയാല്ലോ, ഞാൻ സിബിച്ചൻ്റെ പെണ്ണായി കഴിഞ്ഞപ്പോൾ ,എൻ്റെ 
വീട്ട്കാരെക്കൂടി ഞാൻ മറന്ന് പോയി

ലജ്ജയോടെയത് പറഞ്ഞപ്പോൾ,
അവളുടെ കപോലങ്ങൾ തുടുക്കുന്നത്, കൊതിയോടെ അയാൾ നോക്കി നിന്നു.


ഭാഗം-7

മകളും മരുമകനും വരുന്നുണ്ടെന്നറിഞ്ഞ അന്നാമ്മ ,രാവിലെ തന്നെ അയൽവക്കത്തെ ത്രേസ്യയുടെ കൈയ്യിൽ നിന്നും ഒരു പൂവൻ താറാവിനെ വാങ്ങിച്ച് കറി വച്ചു.

ഡീ പിള്ളേരെ നിങ്ങള് പൗലോച്ചായൻ്റെ വീട്ടിൽ ചെന്നിട്ട് ആ ടേബിളും, കസേരകളും, ഒന്ന് കൂടി തരാൻ പറ, ആ കൊച്ചൻ വന്നാൽ, നമ്മുടെയീ പഴന്തുറാവ് ബെഞ്ചിലും ഡെസ്കിലും ആഹാരം വച്ച് കൊടുക്കാൻ പറ്റില്ലല്ലോ?

തിളച്ച് മറിഞ്ഞ ചോറും കലവുമെടുത്ത് വാർത്തിട്ടതിന് ശേഷം  , പപ്പടം കാച്ചാനുള്ള ചീനച്ചട്ടി സ്റ്റൗവ്വിന് മുകളിൽ വച്ച് കൊണ്ട് അന്നാമ്മ മക്കളോട് പറഞ്ഞു.

ഡീ അന്നാമ്മോ... ചോറായെങ്കിൽ ലേശമിങ്ങെടുത്തോ, വല്ലാത്ത വിശപ്പ്

അകത്തെ മുറിയിൽ നിന്നും അവറാച്ചൻ വിളിച്ച് ചോദിച്ചു.

ഓഹ് ഇറച്ചിക്കറിയുടെ മണം അവിടെ വരെയെത്തിയല്ലേ?
അതാ പതിവില്ലാതെ ഇന്ന് നേരത്തെ വിശന്നത് ,അവരൊന്ന് വന്ന് കഴിച്ചോട്ടെ മനുഷ്യാ.. ഒന്നടങ്ങ്

ഭാര്യയുടെ മറുപടി കേട്ടപ്പോൾ വായിൽ നിറഞ്ഞ ഉമിനീരയാൾ തൊണ്ടയിലേക്കിറക്കി.

എന്താ അമ്മേ.. അവരെ ഇത് വരെ കണ്ടില്ലല്ലോ?

ആൻസി അക്ഷമയോടെ റോഡിലേക്ക് നോക്കി ചോദിച്ചു.

അലീനേച്ചി, അവൾക്ക് പോർക്ക് ഫ്രൈ കൊണ്ട് വരുമെന്നും പറഞ്ഞാണമ്മേ.. ഈ വെപ്രാളം

ഇളയവൾ ആമി, കളിയാക്കി പറഞ്ഞു.

ഓഹ് ,ഈ പിള്ളേരുടെയൊരു കാര്യം ,നിങ്ങടെയീ ആക്രാന്തമൊന്നും ആ കൊച്ചൻ്റെ മുന്നിൽ കാണിക്കല്ലേ? രണ്ട് പേരും നല്ല അച്ചടക്കത്തോടെ വേണം അവരോട് പെരുമാറാൻ

എനിക്കെന്തുവായിരിക്കുമമ്മേ ചേച്ചി കൊണ്ട് വരുന്നത് ,ഞാനും എന്തേലും വിളിച്ച് പറയേണ്ടതായിരുന്നു

ആമി, നിരാശയോടെ പറഞ്ഞു.

അവളെല്ലാവർക്കുമുള്ളത് മറക്കാതെ കൊണ്ട് വന്നോളും കല്യാണം കഴിഞ്ഞ് 
ആദ്യമായിവിടെ വരുവല്ലേ? പുത്തനുടുപ്പുകളും മധുര പലഹാരങ്ങളുമൊക്കെയുണ്ടാവും

അന്നാമ്മ സന്തോഷത്തോടെ പറഞ്ഞു.

####################

ഈ സമയം മാളിയേക്കൽ തറവാട്ടിലെ കിച്ചണിൽ പോർക്ക് ഫ്രൈ ചെയ്യുന്ന തിരക്കിലായിരുന്നു അലീന.

ഇതാർക്കാടീ..പൊരിക്കുകയും കരിക്കുകയുമൊക്കെ ചെയ്യുന്നത്, ഞങ്ങള് പുറത്തുന്ന് കഴിച്ചോളാം ഇപ്പോൾ തന്നെ ഒരു പാട് വൈകി, ഇനിയും താമസിച്ചാൽ അവിടെത്തുമ്പോൾ രാത്രിയാകും

റെയ്ച്ചൽ മേയ്ക്കപ്പ് ഒക്കെ ചെയ്ത് അടുക്കളയിൽ വന്ന് ചോദിച്ചപ്പോൾ ,അലീന അമ്പരന്നു.

അതിന് നിങ്ങളെവിടെ പോകുന്നു?

അപ്പോൾ, വേളാങ്കണ്ണിയിൽ പോകുന്ന കാര്യം സൂസി ചേച്ചി നിന്നോട് പറഞ്ഞില്ലേ?

എന്നോടാരുമൊന്നും പറഞ്ഞില്ല, അല്ലെങ്കിലും ഞങ്ങളില്ല എങ്ങോട്ടും, ഞാനും സിബിച്ചനുമായി എൻ്റെ വീട്ടിൽ പോകാനൊരുങ്ങുവാ

അതിന് നിന്നെ ആര് ക്ഷണിച്ചു, ഞങ്ങള് എല്ലാ വർഷവും മുടങ്ങാതെ മാതാവിൻ്റെ പെരുന്നാളിന് പോകാറുള്ളതാണ് നാളെ കൊടിയിറങ്ങും ,ഇന്ന് വൈകിട്ടത്തെ വിശുദ്ധ കുർബാനയും നെവേനയുമൊക്കെ കഴിഞ്ഞ് നാളെ വൈകിട്ടേ തിരിച്ച് വരു 

അപ്പോൾ ഡാഡിയും മമ്മിയും വരുന്നുണ്ടോ?

ഡാഡി രാവിലെ എസ്‌റ്റേറ്റിൽ പോയിരിക്കുവാ, മമ്മിക്ക് അത്രയും ദൂരം യാത്ര ചെയ്യാൻ കഴിയില്ല, ഇപ്രാവശ്യം നീയിവിടെയുള്ള ഉറപ്പിലാ ഞങ്ങള് പോകുന്നത്, ആരെങ്കിലും സമയത്ത് ആഹാരം കൊടുത്തില്ലെങ്കിൽ മമ്മി ആഹാരം കഴിക്കില്ല ,മമ്മിക്ക് ഷുഗറുള്ള കാര്യം നിനക്കറിയാമല്ലോ ? സമയത്ത് ഇൻസുലിൻ കുത്തിവയ്ക്കണം, മറക്കരുത്

ഞങ്ങളിന്ന് ചെല്ലുമെന്ന് അമ്മച്ചിയോട് വിളിച്ച് പറഞ്ഞിരുന്നു, അവരവിടെ കാത്തിരിക്കും

അലീന സങ്കടത്തോടെ പറഞ്ഞു.

അതിന് നീ അമ്മച്ചിയെ ഹോസ്പിറ്റലിൽ വച്ച് കണ്ടതല്ലേ ?ഇനിയിപ്പോൾ കുറച്ച് ദിവസം കഴിഞ്ഞ് കണ്ടാലും കുഴപ്പമൊന്നുമില്ല, ഞങ്ങളിറങ്ങുന്നു പറഞ്ഞതൊന്നും മറക്കണ്ടാ

റെയ്ച്ചലും സൂസിയും കുടുംബത്തോടെ കാറിൽ കയറിപ്പോകുന്നത് നിറഞ്ഞ കണ്ണുകളോടെ അലീന നോക്കി നിന്നു.

രാവിലെ റെയ്ഞ്ചോഫീസറെ കാണാൻ പോയിരുന്ന സിബിച്ചൻ മടങ്ങി വന്നപ്പോൾ അലീന കട്ടിലിൽ കമിഴ്ന്ന് കിടക്കുന്നതാണ് കണ്ടത്

എന്ത് പറ്റി നിനക്ക് സുഖമില്ലേ ?

സിബിച്ചൻ്റെ ശബ്ദം കേട്ടവൾ കട്ടിലിൽ എഴുന്നേറ്റിരുന്നു

നീയെന്താ കരയുവായിരുന്നോ?

സിബിച്ചാ.., ഞാനൊരു പാവപ്പെട്ട വീട്ടിലെ പെണ്ണായത് കൊണ്ടാണോ എന്നെ ആർക്കുമിവിടെ കണ്ടു കൂടാത്തത്?

അതിനിപ്പോൾ എന്തുണ്ടായി നീ പറ

നടന്ന സംഭവങ്ങൾ, അലീന അവനോട് പറഞ്ഞു.

എല്ലാവർഷവും അവർ 
വേളാങ്കണ്ണി മാതാവിൻറെ അടുത്ത് പോകുമെന്ന് പറഞ്ഞത് സത്യമാണ് ,പക്ഷേ ,ഇന്ന് തന്നെ പോയത് ,നമ്മൾ നിൻറെ വീട്ടിൽ പോകുമെന്നറിഞ്ഞപ്പോഴുണ്ടായ കുശുമ്പ് കൊണ്ടാണ്, സാരമില്ല എടീ... നിനക്ക് നിൻറെ വീട്ടുകാരെ കാണണമെന്നല്ലേയുള്ളൂ ,അതിന് നമ്മളവിടെ പോകണമെന്നില്ലല്ലോ ?അവരെ ഇങ്ങോട്ടു കൊണ്ടു വന്നാലും മതിയല്ലോ?

അത് കേട്ടവൾ ,അത്ഭുതത്തോടെ അവൻ്റെ മുഖത്തേക്ക് നോക്കി.

എന്താ സിബിച്ചൻ ഉദ്ദേശിച്ചത്

നിൻ്റെ അപ്പച്ചന് ,അരയ്ക്ക് കീഴയല്ലേ, സ്വാധീന കുറവുള്ളു , അവരെയെല്ലാവരെയും ഞാൻ ഒരു മണിക്കൂറിനുള്ളിൽ നിൻ്റെ മുന്നിലെത്തിച്ച് തരും, രണ്ട് ദിവസം അവരിവിടെ നിൽക്കട്ടെ, നിന്നോടൊപ്പം ഇവിടെ നില്ക്കാനുള്ള കൊതിയൊക്കെ അവർക്കുമുണ്ടാവില്ലേ ?
നീ അമ്മച്ചിയെ വിളിച്ച് വേഗം റെഡിയാവാൻ പറ

അവിശ്വസനീയതയോടെ നില്ക്കുന്ന, അലീനയുടെ തോളിൽ തട്ടി സമാധാനിപ്പിച്ചിട്ട് സിബിച്ചൻ പുറത്തേയ്ക്ക് പോയി.

മമ്മിക്ക് ഇൻസുലിൻ ഇഞ്ചക്ഷൻ എടുത്തു കൊണ്ടിരിക്കുമ്പോൾ പുറത്ത് കാറിൻ്റെ ഹോണടി കേട്ട് ആഹ്ലാദത്തോടെ അലീന ഓടി പുറത്തേയ്ക്ക് ചെന്നു.

അമ്മച്ചിയും അനുജത്തിമാരും, കാറിൽ നിന്നിറങ്ങിയപ്പോൾ മുൻവശത്തെ ഇടത് സീറ്റിൽ ചാരിയിരിക്കുന്ന അപ്പൻ്റെയടുത്തേക്ക് അവൾ ചെന്നു

സിബിച്ചൻ അപ്പച്ചനെ ,ഒറ്റയ്ക്ക് പൊക്കിയെടുത്ത് കൊണ്ടിരുത്തിയതാ മോളേ...

അന്നാമ്മ അത്ഭുതത്തോടെയും സന്തോഷത്തോടെയും പറഞ്ഞു

എങ്ങനെയുണ്ടായിരുന്നപ്പാ കാറിൽ യാത്ര ചെയ്തിട്ട് ബുദ്ധിമുട്ട് വല്ലതുമുണ്ടായിരുന്നോ?

അലീന ആകാംക്ഷയോടെ ചോദിച്ചു.

ഒന്നുമറിഞ്ഞില്ല മോളേ... ഇത് ഒത്തിരി വില കൂടിയ കാറല്ലേ? അത് കൊണ്ടാവും ,എത്ര നാളായി അപ്പച്ചൻ പുറം ലോകമൊന്ന് കണ്ടിട്ട് ,നമ്മുടെ വീട്ടിലെ തെക്കേമുറിയിൽ നിന്നും, സെമിത്തേരിയിലേക്കേ ഇനിയൊരു യാത്രയുള്ളു, എന്ന് കരുതിയിരുന്ന എനിക്ക് , 
ഈ ചെറിയ ദൂരം സഞ്ചരിച്ചപ്പോൾ കണ്ട കാഴ്ചകളാണ് മോളേ.. ഞാനെൻ്റെ ജീവിതത്തിൽ കണ്ട ഏറ്റവും മനോഹരമായ സീൻ

സന്തോഷം കൊണ്ടാണ് അപ്പച്ചൻ്റെ കണ്ണുകൾ നിറഞ്ഞതെന്ന്, അലീനയ്ക്ക് മനസ്സിലായി.

ഇതെന്താണമ്മേ കയ്യിൽ?

അമ്മച്ചിയുടെ കയ്യിൽ ,ഒരു സ്റ്റീലിൻ്റെ പാത്രം കണ്ട് അവൾ ചോദിച്ചു.

അത് മോളേ... സിബിച്ചന് വേണ്ടി താറാവ് കറി വച്ച് ഞങ്ങൾ കാത്തിരിക്കുവായിരുന്നെന്ന് മോൻ വന്നപ്പോൾ ഞാൻ പറഞ്ഞായിരുന്നു അപ്പോൾ എന്നോട് പറഞ്ഞു ,അമ്മച്ചിയുണ്ടാക്കിയതല്ലേ? അതും കൂടിയെടുത്തോ ഞാൻ വീട്ടിൽ ചെന്നിട്ട് കഴിച്ചോളാമെന്ന്

അത് കേട്ട് അലീന, നന്ദിയോടെ സിബിച്ചനെ നോക്കിയപ്പോൾ അയാൾ കാറിൻ്റെ ഡിക്കി തുറന്ന് ഒരു വീൽചെയർ പുറത്തേയ്ക്കെടുക്കുന്നത് അവൾ ആശ്ചര്യത്തോടെ നോക്കി.

ഇതെവിടുന്നാണമ്മേ ..?

അത് വരുന്ന വഴി ഒരു കടയിൽ കയറി സിബിച്ചൻ വാങ്ങിയതാ

അപ്പച്ചനെ നമ്മുടെ വീട്ടിൽ കൊണ്ട് വന്നിട്ട് ചുമ്മാതങ്ങ് കിടത്താൻ പറ്റുമോ? രണ്ട് ദിവസം നമുക്ക് അപ്പച്ചനെ ഇതിലിരുത്തി, ഈ പരിസരമെല്ലാം കൊണ്ട് നടന്ന് കാണിക്കണം, അപ്പച്ചനും നമ്മളെപ്പോലെ എൻജോയ് ചെയ്യട്ടെന്ന്

ഒരു ചിരിയോടെ സിബിച്ചനത് പറഞ്ഞപ്പോൾ, ആ അളവറ്റ സ്നേഹം അനുഭവിക്കാൻ മാത്രം എന്ത് പുണ്യമാണ് താൻ ചെയ്തിട്ടുള്ളതെന്ന് അലീനയോർത്തു.

പന്ത്രണ്ട് സീറ്റുകളുള്ള വലിയ ഡൈനിങ്ങ് ടേബിളിന് ചുറ്റിനും അലീനയുടെ കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കാൻ സിബിച്ചനുമിരുന്നു.

ആ വലിയ ഗ്ളാസ്സ് ടേബിളിൽ നിറഞ്ഞിരിക്കുന്ന വിവിധ തരം ആഹാരപദാർത്ഥങ്ങൾ കണ്ട് അന്നാമ്മയുടെയും മക്കളുടെയും കണ്ണ് തളളി

അതിൽ പലതും അവർ ജീവിതത്തിലാദ്യമായി കാണുന്നവയായിരുന്നു
അലീന വെച്ചുണ്ടാക്കിയത് കൂടാതെ സിബിച്ചൻ പലതരം നോൺ വെജ്ജുകളും, അറേബ്യൻ ഡിഷുകളും, ഓർഡർ ചെയ്ത് വരുത്തിയിരുന്നു

ആൻസീ.. ഇത് നിനക്ക് വേണ്ടി ചേച്ചി തയ്യാറാക്കിയ പോർക്ക് ഫ്രൈയാ, കഴിച്ച് നോക്ക്

ഉം .. സൂപ്പർ ചേച്ചീ..ഒരു രക്ഷയുമില്ല

ഭക്ഷണം കഴിഞ്ഞവർ ,മുകളിലെ അലീനയുടെ ബെഡ് റൂമിലേക്ക് വന്നു.

എന്ത് വലിയ മുറിയാ ചേച്ചി... ഇത്, ഈ മുറിക്ക് മാത്രം നമ്മുടെ വീടിൻ്റെ വലിപ്പമുണ്ട്, എല്ലാ മുറിയിലും ടി വി യുണ്ടോ ചേച്ചീ?
ഹായ്, ഈ ബെഡ്ഡിൽ കിടന്ന് ടിവി കാണാൻ എന്ത് രസമാ

അലീനയുടെ ബെഡ് റൂമിലെത്തിയ ആമിക്ക്, കൗതുകം അടക്കാനായില്ല.

ആൻസിക്കും, ആമിക്കും തങ്ങൾ ഒരു അത്ഭുത ലോകത്ത് എത്തിയ പ്രതീതിയാണ് തോന്നിയത്,

ചേച്ചിയുടെയൊരു ഭാഗ്യം, ദരിദ്രനായ അവറാച്ചൻ്റെ മോളായി പിറന്നാലെന്താ, കോടീശ്വരനായ സിബിച്ചൻ്റെ ഭാര്യയായി രാജകുമാരിയെ പോലെ ജീവിക്കാൻ ഭാഗ്യമുണ്ടായല്ലോ?

ഉം .. പെണ്ണിൻ്റെയൊരു കുശുമ്പ് കണ്ടില്ലേ?

അലീന ചിരിച്ചുകൊണ്ട് അനുജത്തിയുടെ തലക്കിട്ടൊരു കൊട്ട് കൊടുത്തു.

എന്നാലും എനിക്കതല്ല വിഷമം എത്രയോ തവണ ഞാൻ കോളേജ് ജംഗ്ഷനിലും മറ്റും വച്ച് സിബിച്ചായനെ കണ്ടിട്ടുള്ളതാണ് , എന്നിട്ട് ഒരിക്കൽ പോലും അങ്ങേരോട്, ഐ ലവ് യുന്ന് പറയാൻ എനിക്ക് തോന്നിയില്ലല്ലോ ,എൻ്റെ കർത്താവേ?

പിന്നേ.. നീയങ്ങോട്ട് ചെന്നാലും മതി ,സിബിച്ചൻ ഉടനെ തന്നെ നിന്നെ കേറിയങ്ങ് പ്രേമിക്കും

അനുജത്തിയെ ശുണ്ഠികേറ്റാനായി അലീന പറഞ്ഞു.

എന്താ പ്രേമിച്ചാല് , എന്തായാലും ചേച്ചിയെക്കാളും സുന്ദരിയാണ് ഞാനെന്ന്, സിബിച്ചായൻ പറഞ്ഞല്ലോ, അതിനർത്ഥം അങ്ങേർക്കെന്നെ ഇഷ്ടമാണെന്നല്ലേ?
ചേച്ചി ,എൻ്റെ ഇളയതായാൽ മതിയായിരുന്നു, അപ്പോൾ ഈ ഭാഗ്യം എനിക്ക് കിട്ടിയേനെ

ആൻസി നിരാശയോടെ പറഞ്ഞപ്പോൾ, ഉള്ളിൽ എന്തോ കൊളുത്തി വലിക്കുന്നത് പോലെ അലീനയ്ക്ക് തോന്നി, സിബിച്ചൻ ആൻസിയോട് തന്നെക്കാൾ സുന്ദരിയാണ് അവളെന്ന് 
പറഞ്ഞ്കാണുമോ?ഈശോയെ ,അങ്ങനെയെങ്കിൽആൻസിയും സിബിച്ചനും കൂടി തന്നെ ചതിക്കുമോ?

അത് വരെയില്ലാതിരുന്ന അധമചിന്തകൾ അലീനയുടെ മനസ്സിനെ മഥിക്കാൻ തുടങ്ങി.


ഭാഗം - 8

ചേച്ചി ഇത്ര പാവമായി പോയല്ലോ ?എൻ്റെ ചേച്ചീ... സിബിച്ചൻ അങ്ങനെ പറയുമെന്ന് ചേച്ചിക്ക് തോന്നുന്നുണ്ടോ? ഞാൻ ചേച്ചിയെ ഒന്ന് ചൊടിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ലേ?

അലീനയുടെ മുഖം പെട്ടെന്ന് വാടിയത് കണ്ട്, ആൻസിയവളെ സമാധാനിപ്പിച്ചു.

അല്ലേലും എനിക്കറിയാം, സിബിച്ചായന് എന്നെ ജീവനാണെന്ന്

ജാള്യതയൊളിപ്പിക്കാൻ അലീന ,അനുജത്തിയുടെ മുന്നിൽ പ്ളയിറ്റ് മറിച്ചു.

###################

ഇന്ന് അവർക്ക് രണ്ട് പേർക്കും എൻ്റെയൊപ്പം കിടക്കണമെന്ന്

അത്താഴം കഴിഞ്ഞ്, മരമില്ലിലെ കണക്ക് ബുക്ക് പരിശോധിച്ച് കൊണ്ടിരിക്കുമ്പോൾ,സിബിച്ചനോട്, അലീന നിരാശയോടെ പറഞ്ഞു

അനുജത്തിമാരുടെ ആഗ്രഹമല്ലേ? നീയതങ്ങ് സാധിച്ച് കൊടുത്തേക്ക്

കണ്ടോ സിബിച്ചനപ്പോൾ, ഞാൻ കൂടെയുണ്ടാവണമെന്ന് നിർബന്ധമില്ലല്ലേ?

അവൾ പരിഭവിച്ചു.

ഓഹ് എൻ്റെ കൊച്ചേ ... ഒരു രാത്രിയല്ലേ അവരാവശ്യപ്പെടുന്നുള്ളു ,
അത്രയും നേരം നമ്മുടെ രണ്ട് പേരുടെയും ശരീരങ്ങൾ മാത്രമേ ഒരു ചുമരിൻ്റെ രണ്ട് വശത്താകുന്നുള്ളു ,ഹൃദയങ്ങൾ ഒരിക്കലും അകലുന്നില്ലല്ലോ?

ഓഹ് എന്നാലും ഈ നെഞ്ചിലെ ചൂടില്ലാതെ, എനിക്ക് ഉറക്കം വരില്ല

അതെനിക്കുമുണ്ടാവില്ല, കാരണം കല്യാണത്തിന് ശേഷം നമ്മളാദ്യമല്ലേ ഇങ്ങനെ രണ്ട് മുറിയിൽ കിടക്കുന്നത് ,ഇതിപ്പോൾ മറ്റാർക്കും വേണ്ടിയല്ലല്ലോ സ്വന്തം കൂടപ്പിറപ്പുകൾക്ക് വേണ്ടിയല്ലേ?

ഉം എന്നാൽ ശരി

മനസ്സില്ലാ മനസ്സോടെയവൾ തിരിഞ്ഞ് നടന്നപ്പോൾ, സിബിച്ചൻ അവളുടെ കയ്യിൽ കടന്ന് പിടിച്ചു.

ഒരു ഉമ്മയെങ്കിലും തന്നിട്ട് പോടോ,
അതിൻ്റെ ത്രില്ലിൽ എനിക്ക് കിടക്കാമല്ലോ

അയ്യടാ അങ്ങനിപ്പോൾ സുഖിക്കണ്ടാ ,ഞാനൊരു ചുംബനം തരാനായി രാത്രിയിലെ ഏതെങ്കിലുമൊരു യാമത്തിലിവിടെ വരും ,അത് വരെ എന്നെ പ്രതീക്ഷിച്ച് ഉറക്കമിളച്ച് നിങ്ങളിവിടെ കാത്തിരിക്കുന്നുണ്ടോ? എന്ന് എനിക്കൊന്നറിയണം

എടീ ദുഷ്ടേ... അത്രയ്ക്ക് വേണമായിരുന്നോ ?

ഞാൻ ചുമ്മാ പറഞ്ഞതല്ലേ എൻ്റെ കെട്ടിയോനേ ...

അതും പറഞ്ഞവൾ ,സിബിച്ചൻ്റെ കവിളത്തൊരുമ്മ കൊടുത്തിട്ട്,അനുജത്തിമാര് കിടക്കുന്ന മുറിയിലേക്ക് പോയി.

###################

എന്നാൽ ഞങ്ങളിറങ്ങട്ടെ മോളേ... രണ്ട് ദിവസം പോയതറിഞ്ഞില്ല

തിരിച്ച് സ്വന്തം വീട്ടിലേക്ക് പോകാൻ കാറിൽ കയറുന്നതിന് മുമ്പ് അന്നാമ്മ മോളോട് യാത്ര ചോദിച്ചു.

പോയിട്ട് വാ അമ്മേ ഞങ്ങളിടയ്ക്ക് അങ്ങോട്ടിറങ്ങാം

അലീന സങ്കടത്തോടെ അവരെ യാത്രയാക്കി.

ദിവസങ്ങൾ പിന്നെയും കടന്ന് പോയിക്കൊണ്ടിരുന്നു ,പഴയ വാർഷിക കലണ്ടറിന് പകരം പുതിയകലണ്ടർ ചുമരിൽ സ്ഥാനം പിടിച്ചു.

സിബിച്ചാ... നാളെയെന്താ ദിവസമെന്ന് ഓർമ്മയുണ്ടോ?

രാത്രിയിൽ ,ബെഡ്ഷീറ്റ് മാറ്റി വിരിക്കുമ്പോൾ അലീന ചോദിച്ചു.

എന്താടീ നിൻ്റെ അപ്പാപ്പൻ്റെ ഓർമ്മദിനമാണോ

ഒന്ന് പോ സിബിച്ചാ ... നാളെ നമ്മുടെ വെഡ്ഡിങ്ങ് ആനിവേഴ്സറിയാ

ങ്ഹേ സത്യമാണോ?എന്നാൽ നമുക്കതൊന്ന് ആഘോഷിക്കണമല്ലോ

അത് വേണോ സിബിച്ചാ...?

അതെന്താടോ, നമ്മുടെ വിവാഹ വാർഷികം നമ്മളല്ലാതെ പിന്നെയാ രാ ആഘോഷിക്കുന്നത് ?

അതല്ല സിബിച്ചാ.. നാളെയിവിടെ വരുന്നവരെല്ലാം ആദ്യം ചോദിക്കുന്നത് എന്തായിരിക്കുമെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?

അത് പിന്നെ, ആണുങ്ങളൊക്കെ സ്കോച്ചും, പെണ്ണുങ്ങൾ ബിയറുമായിരിക്കും

ഓഹ് ഒരളിഞ്ഞ കോമഡി ,എൻ്റെ സിബിച്ചാ... ഞാൻ സീരിയസ്സായിട്ടാണ് പറഞ്ഞത് ,കല്യാണം കഴിഞ്ഞ് വർഷമൊന്നായിട്ടും, നിനക്ക് വിശേഷമൊന്നുമായില്ലേന്ന് വന്ന് കയറുന്ന പെണ്ണുങ്ങളെല്ലാം ചോദിക്കും

അത് കേട്ടപ്പോൾ സിബിച്ചൻ്റെ മുഖത്ത് മ്ളാനത പരന്നു.

ഉം അത് ശരിയാ നീ പറഞ്ഞത്, അeപ്പാൾ നമുക്ക് തല്ക്കാലം ആഘോഷമൊഴിവാക്കാം, നാളെ നമ്മളൊരു കേക്ക് വാങ്ങിച്ചിട്ട്, ഈ മുറിയിൽ വച്ച് നമ്മൾ രണ്ട് പേരും ചേർന്ന് മുറിക്കുന്നു, അത് പോരെ?

അതല്ല സിബിച്ചാ.. നമുക്ക് നാളെയൊന്ന് ഗൈനക് ഡോക്ടറെ കാണാൻ പോകണം

അത് വേണോ? കുറച്ച് നാള് കൂടി കഴിഞ്ഞു ഡോക്ടറെ കണ്ടാൽ പോരെ?

പോര സിബിച്ചാ... നമുക്ക് നാളെ തന്നെ പോകാം

ഓകെ നാളെ എങ്കിൽ നാളെ, നീയാ ലൈറ്റ് ഓഫ് ചെയ്തിട്ട് വാ കിടക്കണ്ടേ?

പിറ്റേന്ന് ഉച്ചയൂണ് കഴിഞ്ഞയുടനെ, സിബിച്ചൻ അലീനയെയും കൂട്ടി ,
ഡോക്ടറെ കാണാൻ പോയി ,വൈകുന്നേരമാകുമ്പോൾ ചേട്ടത്തിമാരൊക്കെ ജോലി കഴിഞ്ഞ് വരുമെന്നും അതിന് മുമ്പേ പോയി വരാമെന്നും കരുതിയാണ് അവർ നേരത്തെയിറങ്ങിയത്, ഇല്ലെങ്കിൽ അതിനും കൂടി, അവരുടെ കുത്ത് വാക്കുകൾ കേൾക്കേണ്ടി വരുമെന്ന്, അലീനയ്ക്കറിയാമായിരുന്നു.

ഡോക്ടർ രണ്ട് പേരെയും പരിശോധിച്ച് ഗുളികകൾ കൊടുത്തതിനൊപ്പം ചില ടെസ്റ്റുകളും പുറത്ത് നിന്ന് ചെയ്യാനായി എഴുതി കൊടുത്തു.

മൂന്ന് മാസം ഗുളിക കഴിച്ചതിന് ശേഷം, വ്യത്യാസമൊന്നും കാണുന്നില്ലെങ്കിൽ ,ടെസ്റ്റ് ചെയ്ത റിസൾട്ടുമായി വന്നാൽ മതിയെന്ന് ഡോക്ടർ അവരോട് നിർദ്ദേശിച്ചു.

തിരിച്ച് മാളിയേക്കലേക്ക് വരുന്ന വഴി, വലിയ പള്ളിയുടെ മുന്നിൽ കാറ് നിർത്താൻ അലീന സിബിച്ചനോട് പറഞ്ഞു.

പള്ളിയുടെ പ്രധാന കവാടത്തിൽ  സ്ഥാപിച്ചിരുന്ന,രൂപക്കൂടിന് മുന്നിൽ, അലീന മെഴുകുതിരി കത്തിച്ച് വച്ചിട്ട് മനസ്സുരുകി പ്രാർത്ഥിച്ചു.

വിശുദ്ധനായ പുണ്യാളാ.. ഞങ്ങൾക്ക് രണ്ട് പേർക്കും തകരാറുകളൊന്നും കാണരുതേ?

പിന്നീടുള്ള മൂന്ന് മാസം മൂന്ന് വർഷം പോലെയാണ് അവർക്ക് തോന്നിയത് ,ഡോക്ടർ കൊടുത്ത ടാബ്ലറ്റുകൾ തീർന്ന ദിവസം തന്നെ, അവർ, ടെസ്റ്റുകൾക്കായി ലാബിൽ പോയി.

റിസൾട്ട് കിട്ടാൻ പിന്നെയും രണ്ട് ദിവസം താമസിക്കുമെന്ന് പറഞ്ഞപ്പോൾ വീണ്ടുമവർ അക്ഷമരായി.

രണ്ട് ദിവസം കഴിഞ്ഞ് ലാബിൽ നിന്ന് ലഭിച്ച റിസൾട്ടുമായവർ ഡോക്ടറുടെ ക്യാബിനിലേക്ക് കയറി

ഡോക്ടർ വിശദമായി റിസൾട്ട് പരിശോധിക്കുമ്പോൾ, അലീന തൻ്റെ നെറ്റിയിൽ പൊടിഞ്ഞ വിയർപ്പ് കണം ,കർച്ചീഫ് കൊണ്ട് തുടച്ചു.

അലീന ഈസ് പെർഫെക്ട്ലി ഓൾ റൈറ്റ്, യൂട്രസ്സ് നോർമലാണ്,അണ്ഡോല്പാദനത്തിന് തടസ്സം നില്ക്കുന്ന സിസ്റ്റുകളൊന്നും ഓവറിയിൽ കാണുന്നുമില്ല, ഇനി എനിക്ക് ചോദിക്കാനുള്ളത് സിബിസ്കറിയയോടാണ്

എന്താണ് ഡോക്ടർ ചോദിച്ചോളു

സിബി മദ്യപിക്കാറുണ്ടോ ?

അത് പിന്നെ ഡോക്ടർ ... ഞാൻ .. മുമ്പ്, നല്ലൊരു മദ്യപാനിയായിരുന്നു പക്ഷേ ,ഇപ്പോഴത് വല്ലപ്പോഴുമേയുള്ളു ,എന്താ ഡോക്ടർ

അങ്ങനെയെങ്കിൽ ഒരു പക്ഷേ അത് തന്നെയാവാം നിങ്ങളുടെ ഇപ്പോഴത്തെ ഈ അവസ്ഥയ്ക്ക് കാരണം ,ലാബിൽ നിന്ന് വന്ന റിസൾട്ടിൽ ,സിബിയുടെ സ്പേംകൗണ്ട് വെരി ലോയാണ്,
സിബിക്ക് കൗണ്ട് തീരെ കുറവാണെന്നുള്ളത്, അലീനയുടെ ഗർഭധാരണത്തിന് വലിയ വെല്ല് വിളിയാണ്, എന്ന് വച്ച് ഭാവിയിൽ എന്തെങ്കിലും അത്ഭുതത്തിനുള്ള സാധ്യത തള്ളിക്കളയാനുമാവില്ല, അത് കൊണ്ട് പ്രത്യാശ കൈവിടാതെ ചികിത്സ തുടരണമെന്നാണ് എനിക്ക് പറയാനുള്ളത്

ഡോക്ടറുടെ മറുപടി ,അവരെ അക്ഷരാർത്ഥത്തിൽ തകർത്ത് കളഞ്ഞു.

ഞാൻ പറഞ്ഞത് കേട്ട് നിങ്ങൾ, തീരെ നിരാശരാവേണ്ട കാര്യമില്ല ,ചികിത്സ ഫലം കാണാതെവന്നാൽ ,അഡോപ്ഷൻ പോലെയുള്ള മറ്റ് മാർഗ്ഗങ്ങൾ നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്നതാണ്, അതിലൂടെ അനാഥനായ ഒരു കുഞ്ഞിന് കൂടി, മെച്ചപ്പെട്ടൊരു ജീവിതം ലഭിക്കും

ഡോക്ടർ അവരെ സമാധാനിപ്പിച്ച് പറഞ്ഞയച്ചു .

തിരിച്ച് കാറിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ ,മൂകനായിരുന്ന് ഡ്രൈവ് ചെയ്യുന്ന ,സിബിച്ചൻ്റെ തോളിലേക്ക് അലീന, ചാഞ്ഞ് കിടന്നു.

സിബിച്ചനെന്തിനാ വിഷമിക്കുന്നത് നമുക്ക് താലോലിക്കാൻ നമ്മൾ തന്നെ ധാരാളമല്ലേ?

അതല്ലെടീ എന്നെങ്കിലുമൊരിക്കൽ മറ്റുള്ളവർ ചോദിക്കുമ്പോൾ നമ്മളെന്ത് മറുപടി പറയും

അതിന് എൻ്റെ തകരാറ് കൊണ്ടാണെന്ന് പറഞ്ഞാൽ മതി
ഇല്ലെങ്കിൽ സിബിച്ചനെ എല്ലാവരും വീണ്ടും കുറ്റപ്പെടുത്താൻ തുടങ്ങും നിങ്ങളുടെ അമിത മദ്യപാനം മൂലം ദൈവം നിങ്ങൾക്ക് തന്ന ശിക്ഷയാണെന്ന് പോലും അവർ പറയും അത് വേണ്ട അതെനിക്ക് സഹിക്കില്ല ആ കുറവ് കൂടി എൻ്റെ പേരിൽ കിടക്കട്ടെ ,എനിക്കെന്തായാലും ഈ ജീവിതം സ്കറിയാമാഷിൻ്റെയും സിബിച്ചൻ്റെയും ഔദാര്യത്തിൽ കിട്ടിയതാണ്, ഞാനതിൽ പൂർണ്ണ സംതൃപ്തയുമാണ്, അത് കൊണ്ട് മറ്റുള്ളവർ എന്നെ പുശ്ചിക്കുന്നതും കുത്ത് വാക്ക് പറയുന്നതും എനിക്ക് ശീലമായി കഴിഞ്ഞു

കുറവുകളൊന്നുമില്ലാത്ത നിൻ്റെ വ്യകതിത്വത്തെ ,മറ്റുള്ളവർക്ക് അടിയറ വച്ചിട്ട് ,എനിക്ക് വേണ്ടി സഹിക്കുന്ന ഈ ത്യാഗത്തിന് പകരം, ഞാനെന്താണ് നിനക്ക് തരേണ്ടത്?

എനിക്ക് നിന്നെ മാത്രം മതി സിബിച്ചാ... നിൻ്റെ കറയറ്റ സ്നേഹമാണ് മറ്റെന്തിനെക്കാളും എനിക്ക് വിലപ്പെട്ടത്

അലീനയുടെ ആ പിന്തുണ സിബിച്ചന് വലിയ ആശ്വാസമായിരുന്നു.


ഭാഗം-9

ഇന്നെന്താ കുടിക്കുന്നില്ലേ?

പതിവ് കോട്ടക്കുള്ള സമയം കഴിഞ്ഞിട്ടും ,കണക്ക് ബുക്കിൽ കുത്തിക്കുറിച്ച് കൊണ്ടിരിക്കുന്ന സിബിച്ചനോട്, അലീന ചോദിച്ചു.

ഇല്ലഡീ... ഡോക്ടർ പറഞ്ഞത് നീയും കേട്ടതല്ലേ? എൻ്റെ മദ്യപാനം കൊണ്ടാണ്, എനിക്കീ അവസ്ഥയുണ്ടായതെന്ന്, അത് കൊണ്ട് ,മദ്യപാനം പൂർണ്ണമായും ഒഴിവാക്കാൻ ഞാൻ തീരുമാനിച്ചു

ങ്ഹേ..സത്യമാണോ സിബിച്ചാ പറയുന്നത് ?

അത്ഭുതത്തോടും, അതിലേറെ സന്തോഷത്തോടും അവൾ ചോദിച്ചു.

അതെ സത്യമാണ് ,എനിക്കും ഒരച്ഛനാകണം ,അതിന് വേണ്ടി മറ്റെന്തും ത്യജിക്കാൻ ഞാൻ തയ്യാറാണ്, ഡോക്ടർ പറഞ്ഞത് പോലെ ,നമുക്ക് ചികിത്സ തുടരാം ഒരച്ഛനാകുക എന്നതിലുപരി, എനിക്ക് വേണ്ടി നീ, മറ്റുള്ളവരുടെ പഴി കേൾക്കാനിടയാകരുത്, അതാണ് എൻ്റെ ഏറ്റവും വലിയാഗ്രഹം

ഹോ, എനിക്കിത് കേട്ടാൽ മതി, ഞാൻ നിർബന്ധിക്കാതെ തന്നെ കുടി നിർത്തണമെന്ന്, നിങ്ങൾക്ക് സ്വയം തോന്നിയല്ലോ ,ഈശോ എൻ്റെ പ്രാർത്ഥന കേട്ടു 

ഉം അതിരിക്കട്ടെ, നീ വീട്ടിലേക്ക് വിളിച്ചോ? അവിടെ എന്തൊക്കെയുണ്ട് വിശേഷം, നമ്മൾ ഡോക്ടറെ കണ്ട കാര്യം നീ പറഞ്ഞോ?

ഉം അത് പറയാനാ ഞാനിങ്ങോട്ട് വന്നത് ,ഡോക്ടറെ കണ്ട കാര്യമൊക്കെ ഞാൻ പറഞ്ഞു, പക്ഷേ അവിടെയും ഞാൻ, എൻ്റെ കുറവിനെ കുറിച്ച് തന്നെയാ പറഞ്ഞത് ,എൻ്റെ വീട്ടുകാരാണെങ്കിലും, 
സിബിച്ചനെയവർ വില കുറച്ച് കാണുന്നത് എനിക്ക് സഹിക്കില്ല

നീയെന്നെ സ്നേഹിച്ച്,തോല്പിക്കുകയാണല്ലോ പെണ്ണേ ,നീയിങ്ങോട്ടിരിക്ക്

സിബിച്ചൻ, താനിരുന്ന ചെയറിൻ്റെ കൈപിടിയിൽ, അലീനയെ പിടിച്ചിരുത്തി.

പിന്നെ ,സിബിച്ചാ... അമ്മച്ചി മറ്റൊരു പ്രധാനപ്പെട്ട കാര്യം പറഞ്ഞിരുന്നു

എന്താടീ.. നീ പറ?

നമ്മുടെ ആൻസിക്ക് ഒരാലോചന വന്നിട്ടുണ്ടെന്ന് ,ചെറുക്കൻ താലൂക്കിലെ ലാസ്റ്റ് ഗ്രേഡ് സർവ്വൻ്റാ, ആൻസിയെ പള്ളിയിൽ വച്ചെങ്ങാണ്ട് കണ്ടിട്ട്, ഇഷ്ടപ്പെട്ട് വന്ന് പെണ്ണ് ചോദിച്ചതാ, നല്ല കുടുംബക്കാരാണെന്നാ അമ്മച്ചി പറഞ്ഞത്

അതെങ്ങനാടീ.. അവള് പഠിക്കുവല്ലേ?

കല്യാണം കഴിഞ്ഞാലും ,അവര് പഠിപ്പിച്ചോളാമെന്ന് പറഞ്ഞു

ആങ്ഹാ.. എങ്കിൽ ആലോചിക്കാൻ പറയെടീ... നമുക്കത് നടത്താം

പക്ഷേ ,എങ്ങനാ സിബിച്ചാ..
സർക്കാരുദ്യോഗസ്ഥനെന്ന് പറയുമ്പോൾ ,അവരൊന്നും ചോദിച്ചില്ലെങ്കിലും, തെറ്റില്ലാത്തൊരു സ്ത്രീധനം നമ്മളറിഞ്ഞ് കൊടുക്കണ്ടേ?
അമ്മച്ചി പറയുന്നത്, നമ്മുടെ കൊക്കിലൊതുങ്ങുന്ന വല്ല കൂലിപ്പണിക്കാരനും വരട്ടേന്നാ

അത് കൊള്ളാമല്ലോ, ഇത്രയും പഠിപ്പുള്ളൊരു കൊച്ചിനെ, ഒരു കൂലിപ്പണിക്കാരന് കൊടുക്കാനോ?
അത് വേണ്ട കൊച്ചേ ... ആൻസിയും ആമിയും മാളിയേക്കലെ സിബിച്ചൻ്റെ അനുജത്തിമാരാ ,അവർക്ക് മെച്ചപ്പെട്ട ജീവിതമുണ്ടാക്കി കൊടുക്കേണ്ടത്, എൻ്റെ കടമയാ
നീ അമ്മച്ചിയെ വിളിച്ച് പറ ,
അത് തന്നെ ഉറപ്പിച്ചോളാൻ,സത്രീധന മെത്രയായാലും ,സിബിച്ചൻ കൊടുക്കുമെന്നും ,അമ്മച്ചി അതോർത്ത് വിഷമിക്കണ്ടെന്നും പറ

ഓഹ് എൻ്റെ സിബിച്ചാ.. നിങ്ങളെൻ്റെ മാത്രമല്ല, എൻ്റെ കുടുംബത്തിൻ്റെയും കൂടി രക്ഷകനാ ,ഈ നല്ല മനസ്സുള്ളയാൾക്ക് വേണ്ടി, മറ്റുള്ളവരുടെ എത്ര പഴി കേൾക്കുന്നതിലും എനിക്കഭിമാനമേയുള്ളു

ഉത്തരവ് തമ്പുരാട്ടീ .. ,അങ്ങ് പോയി ഭോജനമെടുത്ത് വയ്ക്കു, നോമിന് വിശപ്പ് കലശലാവുണുണ്ട് ട്ടോ, പ്രിയതമേ ...

സിബിച്ചൻ അവളെ കളിയാക്കി കൊണ്ട് പറഞ്ഞു.

ഉവ്വ് പ്രഭോ ,അവിടുത്തെ ഇംഗിതം പോലെയാവട്ടെ

ചിരിച്ച് കൊണ്ടവന് മറുപടി കൊടുത്തിട്ട് ,അലീന താഴേക്ക് പോയി.

#############$#$######

ങ്ഹാ ഡാഡീ.. അലീനയുടെ അനുജത്തി, ആൻസിക്കൊരു ആലോചന വന്നിട്ടുണ്ട്, ചെറുക്കൻ സർക്കാരുദ്യോഗസ്ഥനാ, എല്ലാവർക്കും ഇഷ്ടപ്പെട്ടത് കൊണ്ട്, അതങ്ങ് ഉറപ്പിച്ചേക്കാമെന്നാണ് തീരുമാനിച്ചിരിക്കുന്നത് ,
അതിനായ്, അടുത്ത ഞായറാഴ്‌ച ചെറുക്കൻ്റെ വീട്ടുകാര് ,അലീനയുടെ വീട്ടിൽ വരും, ആ ചടങ്ങിൽ ഡാഡി ഉറപ്പായിട്ടും ഉണ്ടാവണമെന്ന്,അലീനയുടെ അപ്പനും അമ്മയ്ക്കും ഒരേ നിർബന്ധം

ഞായറാഴ്ച ദിവസം, എല്ലാവരും ചേർന്ന് ഉച്ചഭക്ഷണം കഴിക്കുന്നതിനിടയിൽ, സിബിച്ചൻ സ്കറിയാ മാഷിനോട് പറഞ്ഞു.

അടുത്ത ഞായറാഴ്ച, ബിഷപ്പ് ഹൗസിൽ വച്ച്, ഇടവകയുമായി ബന്ധപ്പെട്ടൊരു മീറ്റിംങ്ങുണ്ടല്ലോ മോനേ.. പ്രസിസിഡൻ്റായത് കൊണ്ട് ഡാഡിക്ക് ഒഴിഞ്ഞ് നില്ക്കാനും പറ്റില്ല ,അത് സാരമില്ലഡാ , നീയുണ്ടല്ലോ ?,അവറാച്ചനോട് പറഞ്ഞാൽ മതി, ഡാഡിക്ക് അർജൻറ് മീറ്റിംഗുള്ള കാര്യം, ഇതിപ്പോൾ ഉറപ്പിക്കുന്ന ചടങ്ങ് മാത്രമല്ലേയുള്ളു?

അയ്യോ ഡാഡീ... അങ്ങനെ പറയല്ലേ ?ഇവിടെ ചിലരൊക്കെ അനുജത്തിക്ക്, സർക്കാർ ജോലിക്കാരനെ തന്നെ ആലോചിച്ചത്, മാളിയേക്കലെ സ്വത്ത് കണ്ടിട്ടാ ,ഡാഡി പോയില്ലെങ്കിൽ, ചെറുക്കന് കൊടുക്കാനുള്ള സ്ത്രീധനകാശിൻ്റെ കണക്ക്, അവരെങ്ങനെ പറയും ,ഡാഡിയല്ലേ അത് കൊടുക്കേണ്ടത്

പരിഹാസത്തോടെ റെയ്ച്ചൽ പറഞ്ഞത് കേട്ട് ,അലീനയുടെ മുഖം താഴ്ന്നു.

അതിന് മറ്റുള്ളർക്കെന്താ ... തോട്ടുവാക്കലെ തോമാച്ചൻ സ്പിരിറ്റ് വിറ്റുണ്ടാക്കിയ കാശെടുത്തല്ല, ഞാനെൻ്റെ അനുജത്തിക്ക് കൊടുക്കുന്നത്, എൻ്റെ അപ്പച്ചൻ മാളിയേക്കലെ സ്കറിയാ മാഷിൻ്റെ കാശാ, അതിനിവിടെ ആർക്കും നോവണ്ട കാര്യമില്ല

റെയ്ച്ചലിന് ,സിബിച്ചൻ മറുപടി കൊടുത്തു.

ഹാ നീയതെന്ത് വർത്തമാനമാണ് പറയുന്നത് സിബിച്ചാ.. മാളിയേക്കലെ സ്കറിയാ മാഷിന് നീയൊരുത്തൻ മാത്രമല്ല മകനായിട്ടുള്ളത് ,വേറെ മൂന്ന് മക്കള് കൂയുണ്ട്, മാളിയേക്കലെ സ്വത്തിന് ,ഞങ്ങളും കൂടി അവകാശികളാ, അപ്പോൾ അതിൽ നിന്നൊരു ചില്ലിക്കാശ് എടുക്കണമെങ്കിൽ, ഞങ്ങളുടെ കൂടെ അനുവാദം വേണം

ഭാര്യയ്ക്ക് സപ്പോർട്ടുമായി ബിനോയി ഇടയ്ക്കിടപെട്ടു.

നിർത്തെടാ... നിൻ്റെയൊക്കെ കണക്ക് പറച്ചിൽ, എൻ്റെ സ്വത്തിന് നിങ്ങൾ നാല് മക്കളും തുല്യ അവകാശികളാ ,എന്ന് വച്ച് അത് ഞാൻ ആരുടെ പേരിലും എഴുതി വച്ചിട്ടൊന്നുമില്ല, സമയമാകുമ്പോൾ എല്ലാവർക്കും അവകാശപ്പെട്ടത് തരും ,പിന്നെ , സിബിച്ചൻ കാശ് ചിലവാക്കാൻ പോകുന്നത്, ഒരു പാവപ്പെട്ട പെണ്ണിൻ്റെ വിവാഹത്തിന് വേണ്ടിയാ, മുൻപും മാളിയേക്കലുള്ളവർ, സമൂഹ വിവാഹം നടത്തി ഒരു പാട് പെൺകുട്ടികൾക്ക് ജീവിതമുണ്ടാക്കി കൊടുത്തിട്ടില്ലെ?
ഇതും അങ്ങനെ കണ്ടാൽ മതി ,അലീനയുടെ അനുജത്തിക്ക് സത്രീധനമായി കുറച്ച് കാശ് കൊടുത്തെന്ന് വച്ച്, മാളിയേക്കൽ തറവാടിൻ്റെ കണക്കില്ലാത്ത സ്വത്ത് വകകൾക്ക്, യാതൊരു കോട്ടവും വരാൻ പോകുന്നില്ല, 
നാം കൊയ്തെടുക്കുന്നതൊന്നും കളപ്പുരയിൽ നിറച്ച് വയ്ക്കുമ്പോഴല്ല, അത് അർഹതപ്പെട്ടവൻ്റെ കൈയ്യിൽ എത്തിക്കുമ്പോഴാണ്, തറവാടിന് അന്തസ്സും യശസ്സുമൊക്കെയുണ്ടാവുന്നത്, എൻ്റെ പൂർവ്വികർ സമ്പാദിച്ചതിലധികവും ദാനം ചെയ്തിട്ട് തന്നെയാണ് ,മാളിയേക്കൽ തറവാടിന് ഈ കാണുന്ന പേരും പ്രശസ്തിയുമൊക്കെയുണ്ടായത് ,ആ പാരമ്പര്യം എനിക്ക് പിന്തുടർന്നേ പറ്റു ,കൊടുക്കുന്തോറും നമ്മുടെ പത്തായം നിറഞ്ഞ് കൊണ്ടിരിയ്ക്കത്തേയുള്ളു ,
തീർന്ന് പോകുമെന്ന് കരുതി, കൂട്ടി വച്ച ലുബ്ധൻ്റെ മുതല് തുരുമ്പെടുത്ത കഥ നിങ്ങൾക്കറിയാമല്ലോ? 
അത് കൊണ്ട് ,എൻ്റെ മക്കൾ ഭക്ഷണത്തിന് മുന്നിൽ കിടന്ന് കണക്ക് പറയാതെ, മിണ്ടാതിരുന്ന് കഴിച്ചിട്ട് എഴുന്നേറ്റ് പോകാൻ നോക്ക്

സ്കറിയാ മാഷിൻ്റെ ദൃഡമായ തീരുമാനത്തിൽ പിന്നെയാരും ഒന്നും ശബ്ദിച്ചില്ല.

ഡാഡിയുടെ പിന്തുണ കൂടി കിട്ടിയപ്പോൾ സിബിച്ചന് ഉത്സാഹം കൂടി.

പിന്നീട് കാര്യങ്ങളൊക്കെ വളരെ സ്പീഡിലാണ് മുന്നോട്ട് പോയത്,
സ്കറിയാ മാഷിൻ്റെയും സിബിച്ചൻ്റെയും മേൽനോട്ടത്തിൽ ആൻസിയുടെയും പ്രിൻസിൻ്റെയും വിവാഹം ഭംഗിയായ് നടന്നു.

കല്യാണപ്പിറ്റേന്ന് ,അനുജത്തിയെ കാണാൻ അലീനയും സിബിച്ചനും കൂടി ആൻസിയുടെ വീട്ടിലേക്ക് ചെന്നു.

പ്രിൻസും വീട്ടുകാരും ഹാർദ്ദവമായി അവരെ സ്വീകരിച്ചിരുത്തി.

മാളിയേക്കല് കാരെക്കുറിച്ച് ഞങ്ങള് ഒത്തിരി കേട്ടിട്ടുണ്ട് ,നിങ്ങടെ ബന്ധുക്കളാകാൻ കഴിഞ്ഞതിൽ ഞങ്ങൾക്കഭിമാനവുമുണ്ട്

പ്രിൻസിൻ്റെ അപ്പൻ സിബിച്ചനോട്
സന്തോഷം പങ്ക് വച്ചു.

ശരിയാ സിബിച്ചാ... ഞാൻ പണ്ട് സ്കൂളിൽ പോയിട്ട് വരുമ്പോൾ നിങ്ങടെ ബംഗ്ളാവിൻ്റെ വലിയ ഗേറ്റിൻ്റെ വിടവിലൂടെ അകത്തേയ്ക്ക് നോക്കുമായിരുന്നു, ഈ നാട്ടിലെ ഏറ്റവും വലിയ തറവാട്, ഞാനന്ന് അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട് ,പക്ഷേ ഒരിക്കൽ പോലും അതിനകമൊന്ന് കാണാൻ കഴിയുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല ഇനിയിപ്പോൾ ഞങ്ങൾക്കവിടെ,വിരുന്ന്കാരായിവരാമല്ലോ? അതോർത്ത് എനിക്കിപ്പോൾ സന്തോഷം തോന്നുന്നു

പ്രിൻസ് ചിരിയോടെ പറഞ്ഞു.

അതിനെന്താ നിങ്ങൾക്കെപ്പോൾ വേണമെങ്കിലും വരാമല്ലോ?
ഇനി നമ്മളൊക്കെ ബന്ധുക്കളല്ലേ?

സിബിച്ചനത് പറഞ്ഞ് ചിരിച്ചപ്പോൾ മറ്റുള്ളവരും ആ ചിരിയിൽ പങ്ക് ചേർന്നു.

ഈ സമയം അലീന ,അകത്തെ മുറിയിലിരുന്ന് , അനുജത്തിയോട് വിശേഷങ്ങൾ ചോദിച്ചറിയുകയായിരുന്നു.

ഇവിടെ എല്ലാവർക്കും എന്നോട് വലിയ കാര്യമാണ് ,പിന്നെ നമ്മള് കൊടുത്ത സത്രീധനപ്പൈസ കൊണ്ടാണ് ,പ്രിൻസിൻ്റെ അളിയൻ്റെ ബാധ്യത തീർത്തത്,
അത് കൊണ്ട് അമ്മായി അമ്മയ്ക്കും എന്നോട് നല്ല സ്നേഹമാ

ആൻസി പറഞ്ഞു .

എല്ലാം മാളിയേക്കലെ സ്കറിയാ മാഷിൻ്റെയും സിബിച്ചൻ്റെയും 
നല്ല മനസ്സ് കൊണ്ടാണ് ,അവരൊക്കെ അതറിഞ്ഞ് കാണുമല്ലേ?

അലീന, അനുജത്തിയോട് ചോദിച്ചു .

ഹേയ് അതാരുമറിഞ്ഞിട്ടില്ല, ഞാനാരോടും പറയാനും പോയില്ല, മറ്റുള്ളവരുടെ ഔദാര്യം കൊണ്ടാണ്, എനിക്കീ ജീവിതം കിട്ടിയതെന്നറിഞ്ഞാൽ ,ഈ വീട്ടിൽ
പിന്നെയെനിക്ക്, യാതൊരു വിലയുമുണ്ടാവില്ല, ആ പേരും പറഞ്ഞ് വേണമെങ്കിൽ, പ്രിൻസ് പോലും, ഭാവിയിൽ എന്നെ ഹരാസ് ചെയ്യും

അനുജത്തിയുടെ വായിൽ നിന്ന് വന്ന നന്ദികേട് കേട്ട്,അലീനയ്ക്ക് അവളോട് അവമതിപ്പുണ്ടായി.

ഉം കൊള്ളാം മോളെ.. നിനക്കെന്തായാലും നല്ലത് വരട്ടെ, നീയിവിടെയൊന്നുറിയിച്ചില്ലെങ്കിലും സിബിച്ചനോട്, നീ ഒരിക്കലും നന്ദികേട് കാണിക്കരുത്

അനുജത്തിയെ ഉപദേശിച്ച് അനുഗ്രഹിച്ച് കൊണ്ട് ,അലീന മുറി വിട്ട് പുറത്തിറങ്ങി.

അപ്പോഴും, പ്രിൻസിൻെറയും വീട്ടുകാരുടെയുമൊപ്പം ,കളിതമാശ പറഞ്ഞ് പൊട്ടിച്ചിരിക്കുന്ന സിബിച്ചൻ്റെ നിഷ്കളങ്ക ഭാവം കണ്ടപ്പോൾ, അലീനയുടെ ഉള്ളിലൊരു നൊമ്പരമുടലെടുത്തു.


ഭാഗം-10

മോളേ.. എന്തെങ്കിലും വിശേഷമായോടീ?

രാവിലെ തന്നെ ഫോണിലൂടെയുള്ള അമ്മയുടെ ചോദ്യം, അലീനയെ വെറി പിടിപ്പിച്ചു

എൻ്റമ്മേ.. എന്തെങ്കിലുമായാൽ ഞാനാദ്യം അമ്മയെയല്ലേ? അറിയിക്കൂ, പിന്നെന്തിനാ എല്ലാമാസവും ഇങ്ങനെ വിളിച്ച് എന്നെ വെറുതെ വിഷമിപ്പിക്കുന്നത്

അമ്മയ്ക്കൊരു സമാധാനോമില്ല മോളേ... ആൻസി ഇന്നലെ വിളിച്ചിരുന്നു, സ്കാനിങ്ങിൽ അവൾക്ക് ഇരട്ടക്കുട്ടികളാണെന്ന് പറഞ്ഞപ്പോൾ ,അമ്മയ്ക്ക് സന്തോഷത്തെക്കാളേറെ നിന്നെക്കുറിച്ചോർത്തുള്ള വേവലാതിയായിരുന്നു ,നിനക്കിത് വരെ കർത്താവ് ,ഒന്നിനെ പോലും തന്നില്ലല്ലോ എന്നോർത്ത് ,അത് കൊണ്ട് ചോദിച്ചതാ മോളേ ..
ഗതിയില്ലാത്ത വീട്ടിൽ നിന്ന് കല്യാണവും കഴിച്ചിട്ട് ,പെണ്ണ് മച്ചി കൂടിയാണെന്നറിയുമ്പോൾ, സിബിച്ചനും വീട്ടുകാർക്കും, നിന്നെ ബോധിക്കാതെ വരുമോന്നാ, എൻ്റെ ഇപ്പോഴത്തെ ആധി

അമ്മയുടെ മച്ചി എന്നുള്ള പ്രയോഗം ,അലീനയുടെ ഉള്ളിൽ കൊണ്ടു , എന്തോ പറയാൻ മനസ്സ് വെമ്പിയെങ്കിലും, സിബിച്ചനെയോർത്തവൾ, സംയമനം പാലിച്ചു.

സിബിച്ചൻ അങ്ങനൊന്നും ചിന്തിക്കില്ലമ്മേ ... ഞാനെന്ന് വച്ചാൽ അദ്ദേഹത്തിന് ജീവനാ, പിന്നെ വീട്ടുകാര്, അവരോട് പോകാൻ പറ, അതൊക്കെ ഞാൻ കൈകാര്യം ചെയ്തോളാം, അമ്മ ആൻസിയെ കാണാൻ പോയില്ലേ?

ഇല്ല മോളേ ... വെറും കൈയ്യോടെ അങ്ങോട്ട് പോകാൻ കഴിയില്ലല്ലോ ?അച്ഛൻ്റെ പെൻഷൻ വരട്ടെ, എന്നിട്ട് പോകാം

എങ്കിൽ സിബിച്ചനുമായി ഞാനൊന്ന് പോകാം ,വൈകുന്നേരമാകട്ടെ

ഉം ശരി മോളേ.. എന്നാൽ അമ്മച്ചി വയ്ക്കുവാ, പിന്നെ വിളിക്കാം

ശരിയമ്മേ..

ഫോൺ വച്ച് കഴിഞ്ഞപ്പോൾ ,അലീനയുടെ മനസ്സിലൊരു വല്ലാത്ത ഭാരം അനുഭവപ്പെട്ടു.

##############$#######

ഇരട്ടക്കുട്ടികളാണെങ്കിൽ, ഒന്നിനെ നമുക്ക് തരുവോന്ന് ചോദിച്ചാലോ? 

വൈകുന്നേരം ,ആൻസിയുടെ വീട്ടിലേക്കുള്ള യാത്രയിൽ, സിബിച്ചൻ അലീനയോട് ചോദിച്ചു.

അത് വേണോ സിബിച്ചാ... ചിലപ്പോൾ അവർക്കതിന് താല്പര്യമില്ലെങ്കിലോ ?

ഹേയ് അങ്ങനെ വരുമോ ?ആൻസിക്കും പ്രിൻസിനും നമ്മളോട് വലിയ കാര്യമല്ലേ?

കാര്യമൊക്കെ തന്നെ ,പക്ഷേ ,എനിക്ക് വിശ്വാസം പോരാ

നീ വിശ്വസിക്കണ്ടാ, പക്ഷേ ആൻസി പ്രസവിക്കുന്ന കുട്ടികളിൽ ഒന്നിനെ, നമുക്ക് തന്നാൽ, നിനക്കതിതിനെ പൊന്ന് പോലെ നോക്കാൻ കഴിയുമോ? എനിക്കതറിഞ്ഞാൽ മതി

അത് പിന്നെ ഞാൻ നോക്കാണ്ടിരിക്കുമോ ?

എങ്കിൽ നീ റെഡിയായിട്ടിരുന്നോളു,
കുറച്ച് മാസങ്ങൾ കൂടി കഴിഞ്ഞാൽ
ആൻസിയുടെ ഇരട്ടക്കുട്ടികളിൽ ഒരാൾ വളരുന്നത്, നമ്മുടെ മകനോ മകളോ ആയിട്ടായിരിക്കും

അത് പറയുമ്പോൾ സിബിച്ചൻ്റെ മുഖത്ത് കണ്ട ആത്മവിശ്വാസം അലീനയെ ആശങ്കപ്പെടുത്തി.

പ്രിൻസിൻ്റെ വീട്ടിലെത്തി കോളിങ്ങ് ബെല്ലടിച്ചപ്പോൾ അയാളുടെ അച്ഛനാണ് വന്ന് വാതിൽ തുറന്നത്

ങ്ഹാ ഇതാരാ വന്നിരിക്കുന്നത് കേറി വാ മക്കളെ,

പ്രിൻസിൻ്റെയച്ഛൻ അവരെ ഹാർദ്ദവമായി സ്വീകരിച്ചിരുത്തി.

പ്രിൻസേ ... ആൻസിയെയും കൂട്ടിയിങ്ങ് വന്നേ ..,ഇതാരാ വന്നിരിക്കുന്നതെന്ന് നോക്കിയേ?

അയാൾ അകത്തേയ്ക്ക് നോക്കി വിളിച്ചു.

കുറച്ച് കഴിഞ്ഞപ്പോൾ പ്രിൻസും പുറകെ ആൻസിയും ഇറങ്ങി വന്നു

രണ്ട് പേരും ,നല്ല ഉറക്കത്തിലായിരുന്നുന്ന് തോന്നുന്നു?

അവരുടെ മുഖത്തെ ഉറക്കച്ചടവ് കണ്ട് ,സിബിച്ചൻ ചോദിച്ചു.

അലീന ആൻസിയുടെ അടുത്തേക്ക് ചെന്ന്, അവളെ ചേർത്ത് പിടിച്ചു.

എങ്ങനുണ്ട് മോളേ .. ക്ഷീണം വല്ലതും തോന്നുന്നുണ്ടോ? ചേച്ചി നിനക്ക് ഫ്രൂട്ട്സും, ഹോർലിക്സും മുട്ടയുമൊക്കെ കൊണ്ട് വന്നിട്ടുണ്ട്, ഇനി മുതൽ ,അതൊക്കെ ധാരാളം കഴിക്കണം കേട്ടോ? എന്നാലേ പ്രസവിക്കുമ്പോൾ, കുട്ടികൾക്ക് നല്ല തൂക്കമുണ്ടാവു

ഈ പറച്ചില് കേട്ടാൽ തോന്നും ,ചേച്ചി ഇതിന് മുമ്പ്, ഗർഭം ധരിച്ചിട്ടുണ്ടെന്ന് ?

അനുജത്തി പറഞ്ഞത് തമാശയാണോ? അതോ കുത്ത് വാക്കാണോ എന്നറിയാതെ, അലീന തരിച്ച് നിന്ന് പോയി.

അയ്യോ ചേച്ചീ... ഞാനൊരു തമാശ പറഞ്ഞതല്ലേ? അപ്പോഴേക്കും മുഖം വാടിയോ?

ആൻസി, അലീനയുടെ കവിളിൽ ഒരു നുള്ള് കൊടുത്തു.

ഞാൻ പോയി ചായ എടുത്തോണ്ട് വരാം ,ചേച്ചി അങ്ങോട്ടിരിക്ക്

അതമ്മ കൊണ്ട് വരും മോളേ.. 
നീ അവരോടൊപ്പം ഇരിക്ക്, 
അവരിവിടം വരെ വന്നത്, നിന്നെക്കാണാനല്ലേ?

പ്രിൻസിൻ്റെയച്ഛൻ പറഞ്ഞത് കേട്ട്, ആൻസി അലീനയോടൊപ്പം സോഫയിലിരുന്നു.

പിന്നെ എന്തൊക്കെയുണ്ട് സിബിച്ചായാ.. വിശേഷങ്ങള്?

പ്രിൻസ് ,സിബിച്ചനോട്, കുശലാന്വേഷണം നടത്തി.

വിശേഷങ്ങൾ നിങ്ങൾക്കല്ലേ? അപ്പോൾ ചിലവ് ചെയ്യണമെന്ന് പറയാനാ ഞങ്ങള് വന്നത്

ഹ ഹ ഹ അത് സത്യമാ സിബിച്ചൻ പറഞ്ഞത്, ഒന്നിന് പകരം രണ്ട് കിട്ടിയപ്പോൾ ,ഞങ്ങളുടെ ചിലവുകൾ ഇനി കൂടാൻ കിടക്കുന്നതേയുള്ളു

പ്രിൻസ് തമാശ രൂപത്തിൽ പറഞ്ഞു.

ആ ചിലവോർത്ത്, പ്രിൻസ് വിഷമിക്കേണ്ട ,രണ്ടിലൊന്നിനെ ഞങ്ങൾക്ക് തന്നേക്ക്  ,അപ്പോൾ നിങ്ങള് ,ബാക്കി ഒന്നിൻ്റെ ചിലവ്
നോക്കിയാൽ മതിയല്ലോ?

തമാശയെന്നോണം സിബിച്ചനും തൻ്റെ ആഗ്രഹം തുറന്ന് പറഞ്ഞു.

അതിനെന്താ സിബിച്ചാ.. നിങ്ങൾക്ക്, എൻ്റെ ഒരു കുഞ്ഞിനെ തരുന്നതിൽ സന്തോഷമേയുള്ളു

പ്രിൻസ് മുഖത്തെ ചിരി മായാതെ മറുപടി പറഞ്ഞു.

എൻ്റെ കുഞ്ഞോ ?അപ്പോൾ, ഒൻപത് മാസം ഗർഭം ധരിച്ച് നൊന്ത് പ്രസവിക്കാൻ പോകുന്ന അമ്മയായ എനിക്ക് അവകാശമൊന്നുമില്ലേ?

പെട്ടെന്നാണ് ആൻസി, ഇടയ്ക്ക് ചാടി വീണത്

പിന്നേ ... അതില്ലാണ്ടിരിക്കുമോ ?സ്വന്തം ചേച്ചിക്ക് വളർത്താനായി ഒരു കുഞ്ഞിനെ കൊടുക്കുന്നതിൽ ആൻസിക്ക് എതിർപ്പൊന്നുമില്ലെന്ന് ഞങ്ങൾക്കറിയാം, അല്ലേ പ്രിൻസേ...

സിബിച്ചനാണത് പറഞ്ഞത്.

എന്നാര് പറഞ്ഞു ?എൻ്റെ സിബിച്ചാ... ഇരട്ട പ്രസവിച്ച ഏതെങ്കിലും അമ്മമാർ ,ചിലവ് കൂടുമെന്ന് പറഞ്ഞ് ,ഒരാളെ മറ്റൊരാൾക്ക് വളർത്താൻ കൊടുക്കുമോ? ഒന്നുമില്ലെങ്കിലും, എൻ്റെ ഭർത്താവൊരു സർക്കാരുദ്യോഗസ്ഥനല്ലേ? രണ്ട് കുട്ടികളുടെ ചിലവ് നോക്കാനുള്ള മാർഗ്ഗമൊക്കെ പ്രിൻസിനുണ്ട് ,പുള്ളിക്കാരൻ 
സിബിച്ചായനോടൊരു തമാശ പറഞ്ഞതല്ലേ?

ആൻസിക്ക് ,തൻ്റെ കുഞ്ഞിനെ വിട്ട് തരാൻ താത്പര്യമില്ലെന്ന്, അവൾ പറയാതെ പറഞ്ഞത് സിബിച്ചനും ,അലീനയ്ക്കും മനസ്സിലായി.

സിബിച്ചൻ്റെ മുഖം വാടിയത് അലീന വേദനയോടെ കണ്ടു.

പ്രിൻസിൻ്റെ അമ്മ കൊണ്ട് വച്ച ,ചായയും പലഹാരങ്ങളും കഴിച്ചിട്ട് ,സിബിച്ചനും അലീനയും വൈകാതെ അവിടെ നിന്നിറങ്ങി.

ഞാനപ്പോഴെ സിബിച്ചനോട് പറഞ്ഞതല്ലേ ?അവർക്ക് താല്പര്യമുണ്ടാവില്ലെന്ന്, ഇപ്പോൾ അത് കൊണ്ട് വിഷമിക്കേണ്ടി വന്നില്ലേ?

തിരിച്ച് പോകുമ്പോൾ ,കാറിൽ വച്ച് അലീന സിബിച്ചനെ കുറ്റപ്പെടുത്തി സംസാരിച്ചു.

സാരമില്ലെടീ .. ഞാൻ ആൻസിയുടെ ഭാഗത്ത് നിന്ന് ചിന്തിച്ചില്ല ,അവൾ പറഞ്ഞത് ശരിയാ..,നൊന്ത് പ്രസവിക്കുന്ന അമ്മമാരൊന്നും ,ഗതികേട് കൊണ്ടല്ലാതെ, മക്കളെ മറ്റൊരാൾക്കും വിട്ട് കൊടുക്കില്ല, അത് കൂടെപ്പിറപ്പിനാണെങ്കിൽ പോലും

കണ്ഠമിടറിക്കൊണ്ടയാൾ പറഞ്ഞപ്പോൾ ,അലീനയ്ക്കും വിഷമമായി

ഇങ്ങനെ നിരാശപ്പെടല്ലേ?
സിബിച്ചാ... ഇന്നല്ലെങ്കിൽ നാളെ, ദൈവം നമുക്കും തരും, തങ്കക്കുടം പോലൊരു കുഞ്ഞിനെ

അതിന് മറുപടി പറയാതെ വെറുതെ തലയാട്ടിക്കൊണ്ട്, സിബിച്ചൻ ഡ്രൈവിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.

രണ്ടാഴ്ച കടന്ന് പോയി.

പതിവിന് വിപരീതമായി, അന്നാമ്മ അന്ന് പാതിരാത്രിയായപ്പോഴാണ് അലീനയെ വിളിച്ചത്.

സുഖമില്ലാതെ കിടക്കുന്ന അപ്പനെന്തെങ്കിലും സംഭവിച്ചിട്ടുണ്ടാവുമോ ?എന്ന വെപ്രാളത്തിൽ അലീന വേഗം ഫോൺ അറ്റൻ്റ് ചെയ്തു.

ഹലോ അമ്മേ .. എന്താ ഈ രാത്രിയിൽ?

മോളേ... ആൻസിയുടെ ഗർഭം അലസിപ്പോയെന്ന്

ങ്ഹേ... എന്താ അമ്മേ ഈ പറയുന്നത്, അതെങ്ങനെ സംഭവിച്ചു ,അവൾക്ക് വല്ല അപകടവും പറ്റിയോ?

ഉത്ക്കണ്ഠയോടെ അലീന ചോദിച്ചു.

ഇല്ല മോളേ.. അവര് നന്നായി സൂക്ഷിച്ചിരുന്നതാ ,പിന്നെന്ത് പറ്റിയെന്നറിയില്ല ,പ്രിൻസ് മോനാ വിളിച്ച് പറഞ്ഞത് ,അവരിപ്പോൾ ഹോസ്പിറ്റലിലാ ,ഈ രാത്രിയിൽ വയ്യാത്ത അപ്പച്ഛനെയും ഇട്ടേച്ച് അമ്മച്ചി എങ്ങനെ പോകും

അമ്മ വിഷമിക്കേണ്ട ,ഞാൻ സിബിച്ചനെയും കൂട്ടി പൊയ്ക്കൊള്ളാം, അവിടെ ചെന്നിട്ട് വിവരങ്ങളറിഞ്ഞിട്ട് ഞാനമ്മയെ വിളിക്കാം

എന്നാൽ ശരിമോളെ അവിടെ ചെന്നാലുടനെ വിളിക്കണേ

തേങ്ങലോടെ അമ്മ ഫോൺ വച്ചപ്പോൾ അലീനയുടെ കണ്ണുകളും ഈറനായിരുന്നു.

സിബിച്ചനും അലീനയും, ആശുപത്രിയിലെത്തുമ്പോൾ പ്രിൻസും വീട്ടുകാരും ലേബർ റൂമിൻ്റെ മുന്നിൽ തന്നെയുണ്ടായിരുന്നു

എന്ത് പറ്റിയതാ പ്രിൻസേ?

സിബിച്ചനും അലീനയും ഒരുപോലെ ചോദിച്ചു.

അറിയില്ല സിബിച്ചായാ, ഞാൻ ഓഫീസിൽ നിന്ന് വരുമ്പോൾ ചെറിയ വയറ് വേദനയുണ്ടെന്ന് പറഞ്ഞിരുന്നു ,സന്ധ്യ കഴിഞ്ഞപ്പോൾ അത് കലശലായപ്പോഴാണ് ഇങ്ങോട്ട് കൊണ്ട് വന്നത് ,വരുന്ന വഴി തന്നെ ബ്ളീഡിങ്ങുണ്ടായിരുന്നു ,ഇവിടെ വന്ന് തീയറ്ററിൽ കയറ്റി കുറച്ച് കഴിഞ്ഞപ്പോൾ ഒരു നഴ്സ് വന്ന് പറഞ്ഞു. ,അബോർഷനായെന്ന്

അവസാന വാചകം പറഞ്ഞപ്പോൾ പ്രിൻസിന് കരച്ചിലടക്കാൻ കഴിഞ്ഞിരുന്നില്ല ,ഒരാശ്വാസത്തിനായി അയാൾ സിബിച്ചൻ്റെ തോളിൽ മുഖം പൂഴ്ത്തി ഏങ്ങലടിച്ചു.

സാരമില്ല പ്രിൻസേ .. ഇതാദ്യമല്ലേ? അവളിനിയും ഗർഭം ധരിക്കും നിങ്ങൾക്ക് ഒരു പാട് കുട്ടികളെ ദൈവം ഇനിയും തരും സമാധാനിക്ക്

സിബിച്ചൻ പ്രിൻസിൻ്റെ തോളിൽ തട്ടി ആശ്വസിപ്പിച്ചു.


ഭാഗം -11

ആൻസിയുടെ ഭർത്താവ് വന്നിട്ടുണ്ടോ ?

ഒരാഴ്ച മുമ്പ് ലേബർ റൂമിൽ നിന്നും ,വാർഡിലേക്ക് മാറ്റിയ ആൻസിയുടെ ബെഡ്ഡിനരികിൽ വന്ന്, ഡ്യൂട്ടി നഴ്സ് ചോദിച്ചു.

ഉണ്ട് സിസ്റ്ററേ .. ഞാനാണ്

പ്രിൻസ് അവരുടെയടുത്തേക്ക് നടന്ന് ചെന്നു.

നിങ്ങളെ ഡോക്ടർ അന്വേഷിക്കുന്നുണ്ട് ,ദാ അവിടുന്ന് ഇടത്തേയ്ക്ക് തിരിയുമ്പോൾ, റൈറ്റ് സൈഡിൽ കാണുന്ന, ഫസ്റ്റ്റൂമിലേക്ക് ചെന്നാൽ മതി

ഞങ്ങളും കൂടി വരാം, പ്രിൻസേ..

അവിടെയുണ്ടായിരുന്ന സിബിച്ചനും അലീനയും, പ്രിൻസിനെ അനുഗമിച്ചു.

നിങ്ങളൊക്കെ ആരാ ?

മൂന്ന് പേരും കൂടി റൂമിലേക്ക് കടന്ന് ചെന്നപ്പോൾ, ഡോക്ടർ അനിഷ്ടത്തോടെ ചോദിച്ചു.

ഞാൻ ആൻസിയുടെ ഭർത്താവ് പ്രിൻസ് ,ഇത് അവളുടെ ചേച്ചിയും ഹസ്ബൻ്റുമാ

എല്ലാവരും കൂടി വരാൻ ഞാൻ പറഞ്ഞില്ലല്ലോ ,പേഷ്യൻ്റിൻ്റെ
ഭർത്താവിൻ്റെയൊപ്പം, ചേച്ചി വേണമെങ്കിൽ നിന്നോട്ടെ ,നിങ്ങൾ പുറത്തിരിക്കു

ഡോക്ടറത് പറഞ്ഞപ്പോൾ ,ജാള്യതയോടെ സിബിച്ചൻ പുറത്തേയ്ക്കിറങ്ങി.

സീ  മിസ്റ്റർ പ്രിൻസ്, നിങ്ങളോടെനിക്ക് വളരെ ഗൗരവമായൊരു കാര്യമാണ് പറയാനുള്ളത് ,ഒരു പക്ഷേ നിങ്ങളൊരിക്കലും പ്രതീക്ഷിക്കാത്ത ഒന്നായിരിക്കുമത്, താങ്കളത് കേട്ട് അപ്സറ്റാവരുത്, എന്തും നേരിടാനുള്ള മനക്കരുത്ത് നിങ്ങൾക്കുണ്ടാവണം, കാരണം നിങ്ങൾ സംയമനം പാലിച്ചാലേ, ആൻസിയെ കാര്യങ്ങൾ പറഞ്ഞ് ബോധിപ്പിക്കാനാവു

ഡോക്ടറുടെ സംസാരത്തിൽ എന്തോ പന്തികേട് തോന്നിയ, പ്രിൻസിനും അലീനയ്ക്കും ആധികൂടി വന്നു.

എന്താ ഡോക്ടർ ,എന്താണെങ്കിലും പറയു ,ആൻസിക്കെന്തെങ്കിലും കുഴപ്പമുണ്ടോ?

ഉം അതിനെക്കുറിച്ചാണ് ഞാൻ പറഞ്ഞ് വരുന്നത് , ആൻസിയുടെ ഇരട്ട കുട്ടികൾക്കൊപ്പം ,അവളുടെ
ഗർഭാശയ ഭിത്തിയിൽ, ഒരു മുഴ കൂടി വളർന്ന് തുടങ്ങിയിരുന്നു ,
ഒരു പക്ഷേ
ആദ്യസ്കാനിങ്ങിലത് ,കണ്ട് കാണുമെങ്കിലും ,
സാധാരണയായി കണ്ട് വരാറുള്ള, നിരുപദ്രവകാരിയായ ഫൈബ്റോയിഡാണെന്ന് കരുതി, അവരത് അവഗണിച്ചിട്ടുണ്ടാവാം ,
പക്ഷേ അൺഫോർച്ച്നേറ്റ്ലി, അതൊരു സാധാരണ മുഴയായിരുന്നില്ല, ഭ്രൂണം വളരുന്നതിനെക്കാൾ ഇരട്ടി വേഗതയിൽ വളർന്ന് കൊണ്ടിരുന്ന, ഒരു ട്യൂമറായിരുന്നത്

ഡോക്ടർ എന്തൊക്കെയാണീ പറയുന്നത്, എനിക്കൊന്നും മനസ്സിലാകുന്നില്ല

പ്രിൻസ് ഞെട്ടലോടെ ചോദിച്ചു .

നിങ്ങൾ ഡെസ്പാകല്ലേ? ഞാൻ മുഴുവൻ പറഞ്ഞോട്ടെ?

ഒന്ന് വേഗം പറയു ഡോക്ടർ

പറയാം ,അന്ന്  ആൻസിയെ ഇവിടെ കൊണ്ട് വന്നപ്പോൾ, അവൾക്ക് അബോർഷനുണ്ടാകാനും മാത്രം
ശരീരമിളകുകയോ, ഗർഭമലസാൻ സാധ്യതയുള്ള ഭക്ഷണമൊന്നും കഴിക്കുകയോ ചെയ്തിട്ടില്ലെന്ന് നിങ്ങൾ പറഞ്ഞപ്പോൾ ,പിന്നെ എന്ത് കൊണ്ടാണ് അത് സംഭവിച്ചതെന്നറിയാൻ, ആൻസിയെ ഞങ്ങൾ, അൾട്രസ്കാനിങ്ങും, തുടർന്ന്MRI സ്കാനും ചെയ്തു ,അപ്പോഴാണ് മേൽപ്പറഞ്ഞ മുഴ കാണുത് ,
ആദ്യ സ്കാനിങ്ങിൽ അതിനെക്കുറിച്ചുള്ള പരാമർശമില്ലാതിരുന്നത് കൊണ്ട്, യൂട്രസ്സിൽ നിന്നും റിമൂവ് ചെയ്തെടുത്ത മുഴയുടെ ഭാഗം ,ഒരു സംശയത്തിൻ്റെ പേരിൽ, ബയോപ്സിക്ക് അന്ന് തന്നെ അയച്ച് കൊടുത്തിരുന്നു, അതിൻ്റെ റിസൾട്ട് ഇന്ന് വന്നപ്പോഴാണ്, അതൊരു ട്യൂമറായിരുന്നെന്ന് ഞങ്ങളുമറിയുന്നത് ,ഒരു വിധത്തിൽ പറഞ്ഞാൽ ,ദൈവം നിങ്ങളെ പൂർണ്ണമായി കൈയ്യൊഴിഞ്ഞിട്ടില്ല ,കാരണം, ഇപ്പോഴെങ്കിലും ഇതറിഞ്ഞത് കൊണ്ട് ,ആൻസിയുടെ ജീവൻ നമുക്ക് രക്ഷിക്കാനാവും, പക്ഷേ..

എന്താ ഡോക്ടർ ?എന്താ അങ്ങനെ പറഞ്ഞത്?

ജിജ്ഞാസ സഹിക്കാൻ കഴിയാതെ, പ്രിൻസും അലീനയും ഒരേ പോലെ ചോദിച്ചു.

ആൻസിയുടെ ജീവൻ രക്ഷിക്കണമെങ്കിൽ ,അവളുടെ യൂട്രസ് പൂർണ്ണമായും റിമൂവ് ചെയ്യണം

എൻ്റെ ഈശോയെ ...

അലീന മുകളിലേക്ക് നോക്കി കൈകൂപ്പിയപ്പോൾ, പ്രിൻസ് എല്ലാം തകർന്നവനെപ്പോലെ തല കുമ്പിട്ടിരുന്നു.

കൂൾ ഡൗൺ ,പ്രിൻസ്, നിങ്ങളുടെ നിരാശ എനിക്ക് മനസ്സിലാകുന്നുണ്ട്, പക്ഷേ നമുക്കിപ്പോൾ ആൻസിയുടെ ജീവൻ രക്ഷിക്കുക ,എന്നതാണ് പ്രധാനപ്പെട്ട കാര്യം 

അപ്പോൾ ഇനി ഞങ്ങൾക്ക് കുട്ടികളെ താലോലിക്കാനുള്ള ഭാഗ്യമില്ല, അല്ലേ ഡോക്ടർ?

കടുത്ത നിരാശയോടെ ,പ്രിൻസ് ചോദിച്ചു.

അസാധ്യമായി ഒന്നുമില്ലെന്നല്ലെ, പ്രിൻസ് നമ്മൾ പഠിച്ചിട്ടുള്ളത്, അത് പോലെ നിങ്ങൾക്കും, നിങ്ങടെ സ്വന്തം കുഞ്ഞിനെ വളർത്താനും, താലോലിക്കാനുമൊക്കെ കഴിയും ,നമ്മുടെ ശാസ്ത്രം അത്രത്തോളം വളർന്നു,പക്ഷേ അതിന് നിങ്ങൾ ഒരു വാടക ഗർഭപാത്രത്തെ ആശ്രയിക്കേണ്ടി വരുമെന്ന് മാത്രം,

ഡോക്ടറുടെ ആശ്വാസവാക്കുകൾ കേട്ട് കൊണ്ട്, ആൻസിയുടെ സർജറിക്കുള്ള സമ്മതപത്രം പ്രിൻസ് ഒപ്പിട്ട് കൊടുത്തു.

####################

ദിവസങ്ങൾ പിന്നെയും കടന്ന് പോയി ,മാസങ്ങളും പുറകെ പോയി .

ഒരു ദിവസം, മുഷിഞ്ഞ തുണികൾ
വാഷിങ്ങ് മെഷീനിലേക്ക് അലക്കാനിടുമ്പോഴാണ്, അലീനയോട് സൂസി ആ കാര്യം ചോദിക്കുന്നത്.

നിങ്ങളെന്താ കുട്ടികൾ വേണ്ടെന്ന് തീരുമാനിച്ചോ ? അല്ല, കല്യാണം കഴിഞ്ഞിട്ട് വർഷം രണ്ട് കഴിഞ്ഞു, ഇത് വരെ നിങ്ങൾ തത്ക്കാലത്തേക്ക് വേണ്ടെന്ന് വച്ചിരിക്കുവാണെന്ന് കരുതിയാ, ഞങ്ങളാരും ഒന്നും ചോദിക്കാതിരുന്നത്, അതോ സിബിച്ചനോ നിനക്കോ,
ഇനി വല്ല കുഴപ്പവുമുണ്ടോ?

ഉണ്ടാവും ചേച്ചീ .. കുഴപ്പം സിബിച്ചന് തന്നെയായിരിക്കും കുറെ നാള് ആൾക്കഹോളിന് അഡിക്റ്റായി നടക്കുവല്ലാരുന്നോ ?

അല്ല, സിബിച്ചനൊരു കുഴപ്പോമില്ല,
എനിക്ക് ചെറിയ പ്രോബ്ളമുണ്ട്, അത് പക്ഷേ, ട്രീറ്റ്മെൻ്റ് കൊണ്ട് മാറുമെന്ന് ഡോക്ടർ പറഞ്ഞിട്ടുമുണ്ട്, ഞാനതിന് മരുന്ന് കഴിക്കുന്നുണ്ട്, അധികം താമസിയാതെ ,ഗർഭിണിയായ എന്നെ നിങ്ങൾക്ക് കാണാൻ കഴിയും

ചേട്ടത്തിമാർക്ക് അലീന വ്യക്തമായ മറുപടി കൊടുത്തു .

ഉം അങ്ങനായാൽ നിനക്ക് കൊള്ളാം, ഇല്ലെങ്കിൽ ചിലപ്പോൾ, താമസിയാതെ നിൻ്റെ സ്ഥാനം, മാളിയേക്കൽ തറവാടിന് പുറത്താകും ,സിബിച്ചനിപ്പോൾ ഡീസൻറായത് കൊണ്ട് ,നല്ലൊരു കുടുംബത്തിൽ നിന്ന്, അവന് വേറെ പെണ്ണ് കിട്ടാൻ തടസ്സമൊന്നുമില്ല

റെയ്ച്ചലിൻ്റെ മൂർച്ചയേറിയ വാക്കുകൾ, തൻ്റെ ഹൃദയം കീറി മുറിക്കുന്നതായി, അലീനയ്ക്ക് തോന്നി.

ആൻറീ... ആൻ്റിയുടെ മൊബൈൽ കുറെ നേരമായി അവിടെ കിടന്ന് റിങ്ങ് ചെയ്യുന്നു

സൂസി ചേച്ചിയുടെ മോള് വന്ന് പറയുമ്പോഴാ ,സിബിച്ചൻ രാവിലെ പോയിട്ട് ഇത് വരെ വിളിച്ചില്ലല്ലോ എന്ന് ഓർമ്മ വന്നത്

ഉള്ളിലുയർന്ന് പൊങ്ങിയ അശുഭ ചിന്തകൾക്ക് കടിഞ്ഞാണിട്ട് കൊണ്ട്, അലീന ഓടിച്ചെന്ന് ഫോണെടുത്തു.

ആൻസിയുടെ കോളാണെന്നറിഞ്ഞപ്പോൾ 
സിബിച്ചൻ്റെ ശബ്ദം കേൾക്കാനായി, കൊതിയോടെ ഓടി വന്ന അലീനയ്ക്ക് ,നിരാശ തോന്നി.

എന്താ ചേച്ചി.. ഉറക്കമായിരുന്നോ?ശബ്ദത്തിനൊരു തളർച്ച പോലെ

ഹേയ്, ഒന്നുമില്ലടീ, ഞാൻ വാഷ് ചെയ്യാൻ തുടങ്ങുവായിരുന്നു, നീ പറ, എന്തൊക്കെയുണ്ട് നിൻ്റെ വിശേഷങ്ങൾ, എത്ര ദിവസമായി നീയൊന്ന് വിളിച്ചിട്ട്

അവൾ അനുജത്തിയോട് പരിഭവിച്ചു.

ഓഹ്, എനിക്കിനി എന്ത് വിശേഷമാണ് ചേച്ചി ,അതൊക്കെ അടഞ്ഞ അദ്ധ്യായമല്ലേ?

അത് കേട്ടപ്പോൾ, താനങ്ങനെ ചോദിക്കേണ്ടിയിരുന്നില്ലെന്ന്, അലീനയ്ക്ക് തോന്നി.

സോറി മോളേ.. ചേച്ചി അങ്ങനെയൊന്നും ചിന്തിച്ചില്ല, നീയത് വിട്, പ്രിൻസ് ജോലിക്ക് പോയോ?

ഇല്ല ചേച്ചീ.. ഇന്ന് ഞങ്ങള് ഡോക്ടറെ കാണാൻ പോയിരുന്നു

ആണോ എന്നിട്ട് ?

അന്ന് ഡോക്ടർ, പറഞ്ഞിരുന്നില്ലേ?വാടക ഗർഭപാത്രത്തെക്കുറിച്ച് ,അതിനെക്കുറിച്ച് ചോദിച്ചറിയാനാ, ഞങ്ങള് പോയത്

എന്നിട്ട് ഡോക്ടർ എന്ത് പറഞ്ഞ് മോളേ..?

അലീന ,ആകാംക്ഷയോടെ ചോദിച്ചു.

ഡോക്ടർ പറഞ്ഞത് ,
നിങ്ങളുടെ അറിവിൽ, വാടകയ്ക്ക് ഗർഭപാത്രം നല്കാൻ താത്പര്യമുള്ളവരുണ്ടെങ്കിൽ, 
ആ വഴിക്ക് ആലോചിക്കുന്നതാണ് നല്ലതെന്നാണ്,
കാരണമത്, വലിയ സാമ്പത്തിക ചിലവില്ലാതെ കുഞ്ഞിനെ കിട്ടുമെന്നുള്ളത് കൊണ്ടും ,ഭാവിയിൽ നിയമ പ്രശ്നങ്ങളൊന്നുമുണ്ടാകാതെ നിങ്ങളുടെ ജീവിതം സുരക്ഷിതമായുകയും ചെയ്യുന്നത് കൊണ്ടുമാണെന്നാണ് 

അത് ശരിയാ, ഡോക്ടർ പറഞ്ഞത്, പക്ഷേ നമുക്കറിയാവുന്ന ആരാ അതിന് തയ്യാറാകുന്നത്?

അലീന ആലോചനയോടെ ചോദിച്ചു.

ഡോക്ടറുടെയടുത്ത് നിന്ന് തിരിച്ച് വരുമ്പോൾ ഇത് തന്നെ, ഞാൻ പ്രിൻസിനോടും ചോദിച്ചു ,അപ്പോൾ പ്രിൻസ് എന്നോട് പറയുവാ, പുറത്ത് കസ്തൂരി ചുമന്ന് നടന്നിട്ട് ,നമ്മളതിൻ്റെ ഗന്ധം അന്വേഷിച്ച് നടക്കുന്ന മാനിനെ പോലെയാണെന്ന്

ങ്ഹേ? പ്രിൻസ് എന്താ അങ്ങനെ പറഞ്ഞത് ?

അലീന ആകാംക്ഷയോടെ ചോദിച്ചു.

അല്ല ഞാൻ പറയുമ്പോൾ ചേച്ചിക്കൊന്നും തോന്നരുത്,പ്രിൻസ് ഉദ്ദേശിച്ചത് ചേച്ചിയുടെ കാര്യമാ ,അതിനെക്കുറിച്ച് ചോദിക്കാനാ, ഞാൻ ചേച്ചിയെ വിളിച്ചത് ,ചേച്ചിയുടെ യൂട്രസ്സിന്
തകരാറൊന്നുമില്ലെങ്കിൽ, ഞങ്ങളുടെ കുഞ്ഞിനെ പത്ത് മാസം ചുമന്ന് പ്രസവിക്കാൻ, ചേച്ചി തയ്യാറാകുമോ എന്ന് ചോദിക്കാനാ

അനുജത്തിയുടെ, അപ്രതീക്ഷിതമായ ചോദ്യം, അലീനയെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച് കളഞ്ഞു.

സന്തോഷമാണോ, സങ്കടമാണോ തന്നെ മഥിക്കുന്നതെന്നറിയാതെ,
അലീന പ്രതിസന്ധിയിലായി.

ഞാൻ തനിച്ചെങ്ങനാ മോളേ.. വ്യക്തമായി ഒരു മറുപടി പറയുന്നത് ,സിബിച്ചനൊന്ന് വരട്ടെ
അദ്ദേഹത്തോട് ചോദിക്കാതെ എനിക്ക് തനിച്ചൊരു തീരുമാനമെടുക്കാനാവില്ല

ശരി ചേച്ചീ ... സിബിച്ചായൻ എതിരൊന്നും പറയില്ലെന്നാ ,ഞങ്ങടെ വിശ്വാസം അപ്പോൾ ചേച്ചിയുടെ വായിൽ നിന്നും അനുകൂലമായൊരു മറുപടിക്കായി ഞങ്ങൾ കാത്തിരിക്കും, എന്നാൽ വയ്ക്കട്ടെ ചേച്ചീ ..

ആൻസി ഫോൺ വച്ചെങ്കിലും, ഞെട്ടലിൽ നിന്നും അലീന മോചിതയായിരുന്നില്ല ,അവൾക്ക് തൻ്റെ തല കറങ്ങുന്നതായും കണ്ണിലിരുട്ട് കയറുന്നത് പോലെയും തോന്നി ,വീണ് പോകാതിരിക്കാൻ അവൾ പരമാവധി ശ്രമിച്ചെങ്കിലും, എങ്ങുംപിടുത്തം കിട്ടാതെ താൻ കുഴഞ്ഞ് വീണ്പോകുന്നതും, റെയ്ച്ചലും സൂസിയും തൻ്റെയടുത്തേക്ക് ഓടി വരുന്നതും കണ്ട് കൊണ്ട്, അലീനയുടെ ബോധം പോയി.

സ്കറിയാ മാഷും, മറ്റുള്ളവരും ചേർന്ന് ,അവളെ വേഗം ഹോസ്പിറ്റലിൽ എത്തിച്ചു. വരുന്ന വഴി സിബിച്ചനെ വിവരമറിയിച്ചിരുന്നത് കൊണ്ട്, താമസിയാതെ അയാളും അവിടെയെത്തിയിരുന്നു, 
മിനി OT യിലേക്ക് പ്രവേശിപ്പിച്ച, അലീനയുടെ വിവരമറിയാനായി,
ഏവരും ആകാംക്ഷയോടെ പുറത്ത് കാത്ത് നിന്നു, കുറച്ച് കഴിഞ്ഞപ്പോൾ, സ്റ്റെതസ്കോപ്പ് തോളിലിട്ട് കൊണ്ട്, ഒരു ലേഡി ഡോക്ടർ പുറത്തേയ്ക്ക് വന്നു.

പേടിക്കാനൊന്നുമില്ല, അലീന, ഗർഭിണിയാണ്


ഭാഗം -12

കേട്ടോ മറിയാമ്മച്ചീ ...
ലക്ഷണം കണ്ടിട്ട്, ഇത് ആൺ കുട്ടിയാണെന്നാണ് എനിക്ക് തോന്നുന്നത് ,എൻ്റെ മൂത്ത മോൾക്കും ,അലീനക്കുഞ്ഞിൻ്റെ പോലത്തെ ചെറിയ വയറായിരുന്നു

എന്നാലും കല്യാണി ,അലീനയ്ക്കിത് ഏഴാം മാസമല്ലേ? വയറിന് വലിപ്പമില്ലാത്തത് കൊണ്ട് കൊച്ചിന് തൂക്കക്കുറവ് വല്ലതുമുണ്ടാകുമോന്നാ
എൻ്റെ പേടി

അങ്ങനൊന്നുമുണ്ടാവില്ല ,
മറിയാമ്മച്ചി ധൈര്യമായിട്ടിരിക്ക്,
മാളിയേക്കലെ സിബിച്ചൻ്റെ ആരോഗ്യവും, അലീനക്കുഞ്ഞിൻ്റെ സൗന്ദര്യവുമുള്ള ഒരു രാജകുമാരനായിരിക്കും വരാൻ പോകുന്നത് ,നോക്കിക്കോ?

മറിയാമ്മയുടെ കാലിൽ 
കുഴമ്പ് തേച്ച് തടവികൊടുക്കുന്നതിനിടയിൽ
കല്യാണി ഉറപ്പിച്ച് പറഞ്ഞു.

അലീന ഗർഭിണിയാണെന്നറിഞ്ഞപ്പോൾ മുതൽ സിബിച്ചൻ അവളെ കൂടുതൽ കെയർ ചെയ്യുന്നതിൻ്റെ ഭാഗമായി, അവൾക്ക് പൂർണ്ണ വിശ്രമം കൊടുത്തത് കൊണ്ട് ,അടുക്കള ജോലിക്ക് വീണ്ടും കല്യാണിയെ നിയമിച്ചു

അലീനയുടെ പിന്മാറ്റം 
ചേട്ടത്തിമാരിൽ മുറുമുറുപ്പ് ഉണ്ടാക്കിയെങ്കിലും, സ്കറിയാ മാഷിൻ്റെയും മറിയാമ്മയുടെയും പിന്തുണ കൂടി അവൾക്കുണ്ടെന്നറിഞ്ഞപ്പോൾ റെയ്ച്ചലും സൂസിയും ,
തത്ക്കാലം പത്തി മടക്കിയെങ്കിലും ,അലീന റെസ്റ്റ് എടുത്ത് തുടങ്ങിയതോടെ ചേട്ടത്തിമാരുടെ ജോലി ഭാരം വർദ്ധിച്ചു. 

അവളെ കല്യാണം കഴിച്ച് കൊണ്ട് വന്നതിന് ശേഷം അടുക്കള ജോലി കൂടാതെ കുട്ടികളുടെ കാര്യങ്ങളും കൂടി അവള് നോക്കിയിരുന്നത് കൊണ്ട്
സൂസിക്കും, റെയ്ച്ചയിലും ബുദ്ധിമുട്ടില്ലാതെ കൃത്യസമയത്ത് തന്നെ ഓഫീസിൽ പോകാൻ കഴിയുമായിരുന്നു

ഇപ്പോഴാണ് അലീനയുടെ കുറവ് അവർക്ക് ശരിക്കും മനസ്സിലായത് ഒരു പോം വഴിക്കായ് അവർ സ്കറിയാ മാഷിനെ സമീപിച്ചു.

ഡാഡീ .. ഡാഡിക്കറിയാമല്ലോ ഞങ്ങളും ഗർഭിണിയായിട്ട് ആദ്യത്തെ മൂന്നാല് മാസങ്ങൾ മാത്രമാണ് റെസ്റ്റെടുത്തത് ,അത് കഴിഞ്ഞ് ഞങ്ങൾ സാധാരണ പോലെ അടുക്കള ജോലിയുൾപ്പെടെ മറ്റെല്ലാ ജോലികളും ചെയ്യുമായിരുന്നു
ഇപ്പോൾ അലീനയ്ക്ക് ആറ് മാസം കഴിഞ്ഞില്ലേ?ഇനി ശരീരമിളകി എന്തെങ്കിലും ജോലി ചെയ്യാതിരുന്നാൽ പ്രസവ സമയത്ത് വലിയ ബുദ്ധിമുട്ടായിരിക്കും സിബിച്ച നോടിക്കാര്യം നേരിട്ട് പറഞ്ഞാൽ ഞങ്ങളോടവൻ തട്ടിക്കയറും അത് കൊണ്ട് ഡാഡി അവനോട് കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കണം

ഹ ഹ ഹ ,കാള വാല് പൊക്കുന്നത് മൂത്രമൊഴിക്കാനാണെന്ന് എല്ലാവർക്കുമറിയാം ,അലീന,
റെസ്റ്റെടുക്കാൻ തുടങ്ങിയപ്പോൾ നിങ്ങൾക്കിപ്പോൾ ജോലി ഭാരം കൂടിയല്ലേ? അതല്ലേ നിങ്ങളിങ്ങനെ കറങ്ങി മൂക്കിൽ തൊടാൻ നോക്കുന്നത്

അതല്ല ഡാഡി ,അലീനയുടെ സഹായം കൂടിയുണ്ടെങ്കിൽ ഞങ്ങൾക്ക് സമയത്ത് ഓഫീസിൽ പോകാമായിരുന്നു ,വേറൊന്നും വേണ്ട കുട്ടികളുടെ കാര്യങ്ങളെങ്കിലും നോക്കി അവരെ സ്കൂളിലേക്ക് ഒരുക്കി വിട്ടാൽ മതിയായിരുന്നു ,അവൾക്ക് ഞങ്ങളെപ്പോലെ പ്രത്യേകിച്ച് ജോലിയൊന്നുമില്ലല്ലോ?

അപ്പോൾ അതാണ് കാര്യം
എങ്കിൽ ഞാനവളെ വിളിച്ച് ഇപ്പോൾ തന്നെ പറയാം മോളേ അലീനേ... ഇങ്ങോട്ടൊന്ന് വന്നേ ..

എന്താ ഡാഡി?

മോളെ, ദേ ഇവര് പറയുന്നത് ,നിനക്ക് ജോലിയൊന്നുമില്ലാത്തത് കൊണ്ട് ഇനി മുതൽ നീ ഇവരുടെ കുട്ടികളുടെ കാര്യമെങ്കിലും നോക്കണമെന്നാണ് , എന്നാലേ ജോലിയുള്ള അവർക്ക് രണ്ട് പേർക്കും കൃത്യസമയത്ത് ജോലിക്ക് പോകാൻ കഴിയൂന്ന്, മോളെന്ത് പറയുന്നു

അവര് പറയുന്നത് ഇത് വരെയുള്ള കാര്യമല്ലേ ഡാഡി, പക്ഷേ നാളെ മുതൽ ഞാനും ഇവരെ പോലെ ഓഫീസിൽ പോകാൻ തുടങ്ങുവല്ലേ?

ങ്ഹാ ... അങ്ങനെ പറഞ്ഞ് കൊടുക്ക് മോളേ ..., കേട്ടോ സൂസീ ,റെയ്ച്ചലേ ..? രണ്ട് പേരും കേൾക്കാൻ വേണ്ടി പറയുവാ , കുറച്ച് മുമ്പ് അലീനയുടെ വീട്ടിൽ നിന്നൊരു ഫോൺ കോൾ വന്നിരുന്നു ,അവൾക്ക് റവന്യൂ ഡിപ്പാർട്ട്മെൻറിൽ എൽ ഡി ക്ളർക്കായി ജോയിൻ ചെയ്യാനുള്ള അപ്പായിൻ്റ്മെൻറ് ഓർഡർ വന്നിട്ടുണ്ടെന്ന്, കല്യാണത്തിന് മുമ്പെങ്ങാണ്ട് എഴുതിയ ടെസ്റ്റാണ് ,അതിൻ്റെ നിയമനങ്ങൾ തുടങ്ങിയത് ഇപ്പോഴാണെന്ന് മാത്രം ,പിന്നെ ,ഈയവസ്ഥയിൽ അവളെ ജോലിക്ക് വിടുന്നതിനോട് ആദ്യം എനിക്ക് വലിയ താത്പര്യമില്ലായിരുന്നു, പിന്നീട് ഞാനോർത്തു ,അവളൊരുപാട് കഷ്ടപ്പെട്ട് എഴുതി കിട്ടിയൊരു ജോലിയല്ലേ? സ്വന്തമായി ഒരു വരുമാനമുണ്ടാകുക എന്ന് പറയുന്നത്, ഏതാരു സ്ത്രീക്കും സ്വന്തം കാലിൽ നില്ക്കാനുള്ള കരുത്ത് നല്കും, മറ്റുള്ളവരുടെ മുന്നിൽ ഒന്നിനും വേണ്ടി തല കുനിക്കേണ്ടി വരില്ല, ആരും ഒരിക്കലുമവളെ അടുക്കളക്കാരിയായി തരംതാഴ്ത്തുകയുമില്ല, അത് കൊണ്ട് ഞാൻ പറഞ്ഞു മോളെന്തായാലും നാളെ തന്നെ പോയി ജോയിൻ ചെയ്തോളാൻ
ഇപ്പോൾ നിങ്ങൾക്ക് സമാധാനമായില്ലേ, നാളെ മുതൽ കുറച്ച് നേരത്തെ എഴുന്നേറ്റ് ശീലിച്ചാൽ മക്കളുടെ കാര്യവും നോക്കി സമയത്ത് ഓഫീസിൽ പോകാൻ പറ്റും ,ഇനിയിപ്പോൾ അതേ ഉള്ളു ഒരു മാർഗ്ഗം

അല്ല ഡാഡീ... ഇനി അവളുടെ പ്രസവത്തിന് മൂന്ന് മാസം തികച്ചില്ല ഈ സാഹചര്യത്തിൽ അവളെങ്ങനെ ജോലിക്ക് പോകും

അതിനെന്താ നാളെപോയി ജോയിൻ ചെയ്താൽ , രണ്ട് മാസം അവൾക്കെന്തായാലും ജോലിക്ക് പോകാൻ പറ്റും ,അത് കഴിഞ്ഞിട്ട് ആറ് മാസം പ്രസവാവധിയുണ്ടല്ലോ ,ബാക്കി കാര്യങ്ങൾ നമുക്ക് അന്നേരം ആലോചിക്കാം ,ഇപ്പോൾ എല്ലാവരുടെയും പരാതി തീർന്നല്ലോ ?ഇനി എല്ലാവരും പോയി അവരവരുടെ ജോലി നോക്കിക്കോ ചെല്ല്

മരുമക്കളുടെ പരാതികൾക്ക് സ്കറിയാ മാഷ് ,വളരെ ലാഘവത്തോടെയാണ് പരിഹാരം കണ്ടത് .

###############$$$$$$###

അങ്ങനെ ഇനിമുതൽ എനിക്കും എല്ലാ മാസവും ശബ്ബളം കിട്ടും അല്ലേ സിബിച്ചാ...

രാത്രിയിൽ അവനെ പറ്റിച്ചേർന്ന് കിടക്കുമ്പോൾ, അലീന സന്തോഷത്തോടെ പറഞ്ഞു.

ഉം എല്ലാം നമ്മുടെ മോൻ്റെ ഭാഗ്യം

ങ്ഹേ? അപ്പോഴേക്കും മോൻ തന്നെയാണെന്നങ്ങ് ഉറപ്പിച്ചോ?

ആയിരിക്കുമെന്ന് എൻ്റെ മനസ്സ് പറയുന്നു അങ്ങനെയാണെങ്കിൽ,
സ്കറിയാ മാഷിൻ്റെ ചെറുമക്കളിൽ ആദ്യത്തെ ആൺതരിയായിരിക്കുമത്, അവനിവിടെ രാജകുമാരനെ പോലെ വാഴും

ഉം ശരിയാ അല്ലേ സിബിച്ചാ... ഞാനത് ഇപ്പോഴാ ചിന്തിച്ചത്

അതിരിക്കട്ടെ ശബ്ബളം കിട്ടിയാൽ നീയത് എന്ത് ചെയ്യാനാ പ്ളാൻ?

ഞാനെന്ത് ചെയ്യാനാ ,കിട്ടുന്നതെത്രയാണെങ്കിലും അത് മുഴുവൻ സിബിച്ചൻ്റെ കയ്യിലേക്ക് തരും

അത് വേണ്ട അലീന .. നിന്നെ കഷ്ടപ്പെട്ട് വളർത്തി ഇത്രയൊക്കെ പഠിപ്പിച്ച നിൻ്റെ മാതാപിതാക്കളാണ് ശരിക്കും അതിന് അർഹതപ്പെട്ടവർ ,മാളിയേക്കൽ സിബിച്ചന് ദൈവം അനുഗ്രഹിച്ച് ഇഷ്ടം പോലെ വരുമാനമുണ്ട്, അത് കൊണ്ട് നിനക്ക് കിട്ടുന്ന ശബ്ബളം മുഴുവനായി നീ അമ്മയെ ഏല്പിക്കണമെന്നാണ് എൻ്റെ അഭിപ്രായം,നിനക്കാവശ്യമുള്ളതൊക്കെ വാങ്ങിത്തരാൻ ഞാനുണ്ടല്ലോ? പക്ഷേ നിൻ്റെ വീട്ടിൽ അച്ഛൻ്റെ പെൻഷൻ കൊണ്ട് മാത്രം ഒന്നുമാവില്ല

ഒഹ് എൻ്റെ സിബിച്ചാ ... ഇത് ഞാൻ അങ്ങോട്ട് ചോദിക്കാനിരിക്കുകയായിരുന്നു

ഉം നിൻ്റെ മനസ്സ് എനിക്കറിയാം പെണ്ണേ ..

അയാൾ അവളെ ആശ്ളേഷിച്ചു.

ദിവസങ്ങൾ കടന്ന് പോയി ,അലീനയ്ക്ക് ഡോക്ടർ പറഞ്ഞത് പ്രകാരം പിറ്റേന്നാണ് ഹോസ്പിറ്റലിൽ അഡ്മിറ്റാകേണ്ടത്, പക്ഷേ രാത്രിയായപ്പോൾ അവൾക്ക് പെയിൻ തുടങ്ങി

വേദന കലശലായപ്പോൾ, സിബിച്ചൻ വേഗം കാറിറക്കി

സ്കറിയാ മാഷിനെ കൂടാതെ ഹോസ്പിറ്റലിലേക്ക് പോകാൻ റെയ്ച്ചലും സൂസിയുമുണ്ടായിരുന്നു.

അവിടെ ചെന്നയുടനെ അലീനയെ ലേബർ റൂമിലേക്ക് കയറ്റി

മണിക്കൂറുകൾക്ക് ശേഷം ലേബർ റൂമിനുള്ളിൽ നിന്നും ആ സന്തോഷ വാർത്ത പുറത്ത് വന്നു.

അലീനയ്ക്ക് ആൺകുട്ടിയാണ് 

വെള്ളത്തുണിയിൽ പൊതിഞ്ഞ് നഴ്സ് കൊണ്ട് വന്ന പഞ്ഞിക്കെട്ട് പോലെയിരിക്കുന്ന ചോരക്കുഞ്ഞിനെയെടുക്കാൻ എല്ലാവരും മത്സരിച്ച് മുന്നോട്ട് വന്നു ,മാളിയേക്കൽ തറവാട്ടിലെ ആദ്യ ആൺതരിയെ അവിടെ കൂടിയവരെല്ലാം കൗതുകത്തോടെ നോക്കി നിന്നു.

എൻ്റെയും, എൻ്റെ ആൺമക്കളുടെയുമൊക്കെ കാലം കഴിയുമ്പോൾ, മാളിയേക്കൽ തറവാടിൻ്റെ പാരമ്പര്യം നിലനിർത്താൻ, 
ഇനി  എൻ്റെ സിബിച്ചൻ്റെ, രാജകുമാരനുണ്ടാവും, ഇവനെ ഞാൻ സിയോണെന്ന് പേരിട്ട് വിളിക്കുവാ

സ്കറിയാമാഷ് അഭിമാനത്തോടെയും ഏറെ സന്തോഷത്തോടെയും പറഞ്ഞു.

ആശുപത്രിവാസം കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയ, സിയോണിൻ്റെ ചുറ്റിനും, ഡേവിസിൻ്റെയും ,ബിനോയിയുടെയും പെൺമക്കളായ അഞ്ച് രാജകുമാരികൾ വട്ടമിട്ട് പറന്നു.

എല്ലാം കണ്ടും കേട്ടും സിയോൺ വളർന്നു

അവന് മൂന്ന് വയസ്സായപ്പോഴും പതിവ് പോലെ, ആർഭാടമായിത്തന്നെയാണ് ബർത്ത് ഡേ ആഘോഷിച്ചത്

ആഘോഷങ്ങളൊക്കെ കഴിഞ്ഞ് കുഞ്ഞ് സിയോൺ ഉറക്കമായപ്പോൾ സിബിച്ചൻ അലീനയെ ചുറ്റിപ്പിടിച്ചു.

എന്തിനുള്ള പുറപ്പാടാ ,മോൻ ഇന്നലത്തെ പോലെ ഇടയ്ക്ക് ചിലപ്പോൾ ഉണരും

ഹേയ്, ഇന്നവന് നല്ല ക്ഷീണമുണ്ട് ഇനിയവൻ രാവിലെയെ ഉണരാൻ സാധ്യതയുള്ളു ,പിന്നെ, അവന് വയസ്സ് മൂന്നായി കെട്ടോ ഇനി നമുക്കൊരു മോളെ കുറിച്ച് ആലോചിച്ച് കൂടെ

ഒരു കള്ളച്ചിരിയോടെ സിബിച്ചൻ ചോദിച്ചു.

ഇല്ല സിബിച്ചാ.. ഒരു കടം കൂടി എനിക്ക് ബാക്കിയുണ്ട് ,അത് കൂടി തീർത്താലേ എനിക്കിനി സമാധാനമുള്ളു, അതിന് സിബിച്ചൻ്റെ സമ്മതം എനിക്ക് വേണം

എന്താ നീ ഉദ്ദേശിക്കുന്നത്?

നമുക്ക് ദൈവം എല്ലാ സൗഭാഗ്യങ്ങളുo തന്നില്ലേ 
സിബിച്ചാ... പക്ഷേ നാലഞ്ച് വർഷങ്ങളായി എൻ്റെ സമ്മതം കിട്ടാൻ കൊതിയോടെ കാത്തിരിക്കുന്ന ഒരാളുണ്ട് എൻ്റെ ആൻസി, സ്വന്തം ചോരയിൽ പിറക്കുന്ന കുഞ്ഞിനെ വളർത്താൻ വാടകയ്ക്ക് ചേച്ചിയുടെ ഗർഭപാത്രത്തിന് വേണ്ടി വർഷങ്ങളായി തപസ്സിരിക്കുന്ന അവളെ ഇനിയും സങ്കടപ്പെടുത്താൻ എനിക്ക് കഴിയില്ല സിബിച്ചാ.. എന്നെ ഒന്നനുവദിക്കു ,

നീ ധൈര്യമായി പറഞ്ഞോ 
അലീനേ .. നിനക്ക് സമ്മതമാണെന്ന് ,ദൈവം നമുക്ക് തന്ന സൗകര്യങ്ങൾ 
മറ്റുള്ളവർക്ക് കൂടി പ്രയോജനപ്പെടുത്തണമെന്നാണ് ,ഡാഡി ഞങ്ങളെ പഠിപ്പിച്ചിരിക്കുന്നത് ,നമുക്ക് മകള് കുറച്ച് കഴിഞ്ഞിട്ടായാലും മതി, ആദ്യംആൻസിയുടെ കാര്യം നടക്കട്ടെ

അങ്ങനെ, ഒരു പാട് പേർക്ക് താങ്ങും തണലുമേകുന്ന, 
നന്മ മരങ്ങളായി,അലീനയും സിബിച്ചനും ,നാടാകെ പടർന്ന് പന്തലിച്ചു.

കഥ ഇവിടെ പൂർണ്ണമാകുന്നു.

 സജി തൈപ്പറമ്പ്.

Comments

Post a Comment

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്