ബാലഭദ്ര

ബാലഭദ്ര

"മീശയും താടിയും ഒക്കെ ഉണ്ട്....
കാണാനും കൊള്ളാം.....
ജോലിയും ഉണ്ട്, വയസ്സ് പത്തിരുപത്താറ് ആയി...
എന്നിട്ടും സ്വന്തം എന്ന് പറയാൻ ഇതുവരെ ഒരു പെണ്ണ് ഇല്ല.....
Yes I exist....."

കണ്ണാടി നോട്ടം നിർത്തി ഞാൻ ഒരുങ്ങി പുറത്തേക്ക്  ഇറങ്ങി. എറണാകുളത്തു ഒരു interview ന് വിളിച്ചിട്ടുണ്ട്. നല്ല പോസ്റ്റ് ആണ്. ഇപ്പോഴത്തെകാളും നല്ല സാലറി കിട്ടും.  ഇത് കിട്ടിയാൽ ഞാനൊരു കലക്ക് കലക്കുമെന്റെ കറവേട്ടാ....

ഏത് മോഡലിൽ ഉള്ള പെണ്കുട്ടികളും ഉള്ള കേരളത്തിലെ ഒരേയൊരു ജില്ല എറണാകുളം ആണെന്ന് അനുഭവസ്ഥർ പലരും പറഞ്ഞു കേട്ടിട്ടുണ്ട്...... കൊച്ചി കണ്ടവന് അച്ചി വേണ്ട എന്നാണല്ലോ......

"ടാ നീ എന്താ ആലോചിക്കുന്നെ, വേഗം പോകാൻ നോക്ക്"
അമ്മയാണ്.....

"അല്ല അമ്മേ, എറണാകുളത്തു ഏത് മോഡലിൽ ഉള്ള കാറുകളും കിട്ടും, ഈ ജോലി ശരിയായാൽ എനിക്ക് ഇഷ്ടപ്പെട്ട കാറുമായി ഞാൻ ഇങ്ങുവരും. അമ്മയുടെ കയ്യിൽ ഏൽപ്പിക്കും. പൊന്നുപോലെ നോക്കണം കെട്ടോ...."

'അമ്മ തലയാട്ടി, എന്നെ അനുഗ്രഹിച്ചു.

"ടാ , ഒന്നുനിന്നേ..."
അച്ഛനാണ്...

"മോനെ , എറണാകുളത്തു ഇഷ്ടംപോലെ സെക്കന്റ്ഹാൻഡ് കാറുകളുടെ ഷോപ്പ് ഉണ്ട്, റെന്റ് എ കാർ ഉണ്ട്, കാർ ലീസിനും എടുക്കാം, അതൊന്നും പോയി വാങ്ങിയെക്കരുത്. ഇഷ്ടപ്പെട്ട കാർ കണ്ടാൽ അത് നിനക്കൂടെ വാങ്ങിക്കാൻ ഉള്ള സാമ്പത്തികചുറ്റുപാട് ഉണ്ടെങ്കിൽ അമ്മയും അച്ഛനും ഒക്കെ വന്ന് കണ്ട് ഇഷ്ടപ്പെട്ട് കൊണ്ടുവരുന്നതല്ലേ നല്ലത്.... "

ഞാൻ തലയാട്ടി. കൂടെ ഒരു വളിച്ച ചിരിയും കൊടുത്തു.

"ആദ്യം മോൻപോയി interview പാസ്സ് ആക്‌....."

"ശരി, അച്ഛാ....."

രാവിലെ നന്നായൊന്ന് ചമ്മിയെങ്കിലും നല്ല തൊലിക്കട്ടിഉള്ളത് കൊണ്ട് എനിക്കത്തൊന്നും പ്രശ്നമല്ല.....

ബസ് നോക്കി കുറെ നിന്നു.
അവസാനം നമ്മുടെ KURTC ഓറഞ്ച് എസി bus വന്നു.

ഏതൊരു ചെറുപ്പക്കാരനെ പോലെ ഞാനും ആഗ്രഹിച്ചു ഞാൻ ഇരിക്കുന്ന സീറ്റ്ന്റെ ഓപ്പോസിറ്റിൽ ഒരു സുന്ദരികൊച്ചു വരണം എന്ന്.....

അങ്ങനെ എന്റെ കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് ആരോ വന്നിരുന്നു. മൊബൈലിൽ കുത്തി ഇരുന്ന ഞാൻ ആദ്യം സാരിയാണ് കണ്ടത്, പിന്നെ കൈകൾ കണ്ടു. നിറയെ കുപ്പിവളകൾ... പതിയെ മുഖത്തേയ്ക്ക് നോക്കി......

ഒരുതരം രണ്ടുതരം മൂന്നുതരം
ഇത് ഉറപ്പിച്ചു.....

ഞാൻ മൊബൈൽ വേഗം പോക്കറ്റിൽ ഇട്ടു. എന്റെ പണിയായുധങ്ങൾ എടുത്തു പണിതുടങ്ങി. 
കണ്ണുകളാണ് എന്റെ പണിയായുധം.
സ്കാനിങ് ആണെന്റെ പണി.

സ്പർശനേ പാപം ദർശനേ പുണ്യം എന്നാണല്ലോ.......

മോഡേണ്‌ ആയ അച്ഛന് നാടൻ ആയ അമ്മയിൽ ഉണ്ടായത് ആയിരിക്കും. രണ്ടിന്റെയും ഒരു സങ്കരരൂപം.....

അലസമായി പാറിപ്പറക്കുന്ന മുടികളും  shape ചെയ്ത പുരികങ്ങളും ഛായം തേച്ച ചുണ്ടുകളും പിന്നെ സാരി ഉടുത്തിരിക്കുന്ന ആ ഭൂമിശാസ്ത്രവും നോക്കിയാൽ ആള് മോഡേണ് ആണ്. മൂക്കിലെ മൂക്കുത്തിയും നെറ്റിയിലെ പൊട്ടും ഭസ്മവും കാതിൽ ആടിക്കളിക്കുന്ന ജിമിക്കികമ്മലും നോക്കിയാൽ ആള് നാട്ടിൻപുറത്തുകാരി......

ഒരു പെണ്ണിന്റെ മുഖം ഇഷ്ടമായാൽ പിന്നെ ഞാൻ നോക്കുന്നത് അവളുടെ പാദങ്ങൾ ആണ്. അതായത് കാലുകൾ. സാരി ഉടുത്തുകാരണം ഒരു രക്ഷയുമില്ല കാല് കാണാൻ.

കയ്യിൽ ഉണ്ടായിരുന്ന ഒരു രൂപ നാണയം അറിയാതെ താഴെ വീണു. കറക്ടായി അവളുടെ സാരിയുടെ അടിയിൽ പോയിക്കിടന്നു. ഒന്നും മനപ്പൂർവമല്ല കെട്ടോ. എല്ലാം യാദൃശ്ചികമായി സംഭവിച്ചതാണ്.... തികച്ചും യാദൃച്ഛികം....

അവൾ വേഗം സാരി കുറച്ചുപൊക്കി. നല്ല ചെരുപ്പ്. അതിൽ നല്ല വൃത്തിയുള്ള പാദങ്ങൾ. നഖങ്ങൾ വളർത്തിയിട്ടില്ല. പക്ഷെ വെട്ടി നല്ല ഭംഗിയായി നൈൽപോളിഷ് ഇട്ടിട്ടുണ്ട്. ഒരാളുടെ കാലിന്റെ വൃത്തികണ്ടാൽ അറിയാം ആള് എങ്ങനെ എന്ന്.

ഈശ്വരാ, എല്ലാം ഒത്തിണങ്ങിയ പെണ്ണ്. ഇത് പ്രൈവറ്റ് പ്രോപ്പർട്ടി ആണോ അതോ പബ്ലിക്ക് പ്രോപ്പർട്ടി ആണോ, എങ്ങനെയാ ഒന്ന് അറിയുക. ഒരു ലക്ഷണവും കാണുന്നില്ലല്ലോ.....

ഇങ്ങനെ ആലോജിച്ചുഇരിക്കെ അവൾ എണീറ്റുമാറി, കൊച്ചുമായിവന്ന ഒരു ചേച്ചി അവിടെ സ്ഥാനംപിടിച്ചു.

നിൽക്കുന്നത് കണ്ടിട്ട് സഹിക്കുന്നില്ല. ഞാൻ വീണ്ടും സ്കാനിംഗ് തുടങ്ങി. ഒരു 163, 164 cm കാണും പൊക്കം. സാരിയിൽ അനാവശ്യമായി ഒരു പിൻ പോലും കുത്തിയിട്ടില്ല, എന്നിട്ടും ഒരു സംഭവവും കാണാനില്ല. സമ്മതിച്ചു മോളേ.....

എന്റെ സ്കാനിംഗ് നു ഭംഗം വരുത്തിക്കൊണ്ട് ഒരു അരസികൻ അവളെ തൊട്ടുരുമ്മിപോയി. അയാളെ കണ്ടാൽ എന്താ പറയാ,  കീരിക്കാടൻ ജോസ് ഇതിലും നല്ലതാ. അമ്മാതിരി ഒരു സാധനം....

ചെയ്തിരുന്ന പ്രവർത്തിയിൽ ഭംഗം നേരിട്ടപ്പോളാണ് അക്കാര്യം അറിഞ്ഞത്. എനിക്ക് വല്ലാത്തൊരു മൂത്രശങ്ക......

കയറിയപ്പോൾ മുതൽ ഉള്ളതാണ്.....

എങ്കിലും സാരമില്ല, കുറച്ചുനേരംകൂടി പിടിച്ചുനിൽക്കാൻ പറ്റും....

ഞാൻ അവളെ വീണ്ടും കണ്ണുകളാൽ പീഡിപ്പിക്കാൻ തുടങ്ങി. അവൾ വളരെ അസ്വസ്ഥത കാണിക്കുന്നുണ്ടല്ലോ. അടുത്തുനിൽകുന്ന കീരിക്കാടന്റെ പണിയാണ്... പലരും ഇത് കാണുന്നുണ്ട്. പക്ഷേ ആരും ഒന്നും മിണ്ടുന്നില്ലല്ലോ. എനിക്ക് പണിയാകും എന്ന് തോന്നുന്നു. പക്ഷേ കൈപ്രയോഗം വല്ലതും നടന്നാൽ മൂത്രം കൊണ്ട് അഭിഷേകം ആകും....
അവളെ എങ്ങനെയാ ഒന്ന് രക്ഷിക്കാ..?

ഇങ്ങനെ ആലോചിച്ചിരിക്കെ "ഠപ്പേ" എന്നൊരു അടിശബ്ദം കേട്ടു.

ആറ് ആറര ഉള്ള ആ മനുഷ്യന്റെ കരണകുറ്റി നോക്കി അവൾ ഒന്ന് പൊട്ടിച്ചു.

അയാൾ കുടിച്ചിട്ടുണ്ട്. അതിന്റെ ലഹരിയിൽ ആണെന്ന് തോന്നുന്നു അവളുടെ നേരെ തട്ടിക്കയറി. ബസ്സിൽ ഉള്ളവരുടെ പ്രതികരണശേഷി അയാളുടെ ശരീരം കണ്ടപ്പോൾ ഇല്ലാതായി, എനിക്കും ധൈര്യം ഇത്തിരി ചോർന്നോ എന്നൊരു സംശയം, ചെറുതായി ഒരു നനവ് അനുഭവപ്പെടുന്നുണ്ട്.......

പെട്ടെന്നായിരുന്നു അയാൾ അവളെ തല്ലാൻ കയ്യോങ്ങിയത്. നട്ടെല്ലുള്ള ഒരച്ഛന്റെ മോനായത് കൊണ്ടാവാം ഞാൻ അറിയാതെ തന്നെ അയാളുടെ കയ്യിൽ കയറിപിടിച്ചു. എന്റെ സർവശക്തിയും വേണ്ടിവന്നു ആ കൈയൊന്നുപിടിക്കാൻ. രംഗം വഷളായി. ആളുകൾ പരസ്പരം എന്തൊക്കയോ പറയുന്നതല്ലാതെ ഒന്നിനും ഒരനക്കവും ഇല്ല.

അയാൾ പിന്നെ എന്റെ നേരെയായി. എന്നെ പിടിച്ചുതള്ളി. ഞാൻ ഡോറിന്റെ അടുത്തുവരെ ചെന്നുവീണു. 
" ഒരാളിറങ്ങാനുണ്ട് " എന്ന് പറഞ്ഞു മുങ്ങിയാലോ എന്നു ആലോചിച്ചിരിക്കെ നോക്കിയപ്പോൾ കണ്ട കാഴ്ച.......

രാംലീലയിൽ രണ് വീർ സിങ് ന്റെ നേരെ തോക്കും ചൂണ്ടി നിൽക്കുന്ന ദീപികയെ പോലെ , കീരിക്കാടന്റെ നേരെ തോക്കുചൂണ്ടിനിൽക്കുന്നു അവൾ.

"വണ്ടി ഒതുക്കഡോ" അതൊരു അലറിച്ചയായിരുന്നു. ഇതിരിപോന്ന ഒരു പെണ്ണിന്റെ ഒച്ചതന്നെ ആണോ ഇത് എന്ന് എനിക്ക് സംശയം തോന്നി.

അവൾ ഫോൺ എടുത്തു ആരെയോ വിളിച്ചു. രണ്ടുവണ്ടി പോലീസ് ജീപ്പ് പറന്നുവന്നു. ഗുണ്ടകൾ ആണോ പോലീസ് ആണോ എന്ന് തിരിച്ചറിയാൻ പറ്റുന്നില്ല. എങ്കിലും വേഷംകൊണ്ടു പോലീസ് ആണ്.  ബസ്സിനുള്ളിലേക് അവർ ഇരച്ചുകയറി. ബസ് ചവിട്ടിപ്പൊളിച്ചുകൊണ്ടു ഒരു സല്യൂട്ട്, അവൾക്കു കൊടുത്തു.....
എന്നിട്ട് കീരിക്കാടനെ പിടിച്ചോണ്ട് പോയി.

"ഈശ്വരാ, ഈ പെണ്ണ്  ആരുവാ...."
അറിയാതെ ഞാൻ ചോദിച്ചുപോയി.

ഡ്രൈവർ ചേട്ടൻ പറഞ്ഞു , " മോനെ ഇതാണ് SI ബാല, കേട്ടിട്ടില്ലേ" 
"കേട്ടിട്ടുണ്ട്, അത് SI ബാലൻ എന്നല്ലേ, ആണല്ലേ......" 
"അല്ല മോനെ,  SI ബാല, ബാലഭദ്ര..... അതാണ് അവരുടെ മുഴുവൻ പേര്, വണ്ടിയിൽ കയറിയപ്പോൾ മുതൽ ആലോജികുന്നതാ, എവിടെയോ കണ്ട് നല്ല പരിചയം ഉള്ളപ്പോലെ, ഇന്ന് അവന് പൂരമാണ്. ഇങ്ങനെ ഉള്ളവന്മാരെ പൊക്കാൻവേണ്ടി അവർ തന്നെ ഉണ്ടാക്കിയ സ്‌പെഷ്യൽ ടീം ആണ് ആ നിൽക്കുന്നത്. കണ്ടില്ലേ ഗുണ്ടകളെപോലെ. ഇവിടെ അടുത്താണ് സ്റ്റേഷൻ."

ഈശ്വരാ, ഇവരെയാണോ ഞാൻ ഇത്രയുംനേരം......

മൂത്രം നിറുകയിൽ കയറിയോ എന്ന് തോന്നി.....

സ്റ്റേഷൻ വരെ പോയാൽ urine pass ചെയ്യാം, പിന്നെ സ്റ്റേഷനിൽ നടക്കുന്നത് കാണാം. ഞാൻ രണ്ടുംകല്പിച്ചു സ്റ്റേഷനിൽ പോയി.

അവൾ എന്നെ കണ്ടു, അല്ല madam എന്നെ കണ്ടു.

"എന്താ ഇവിടെ?  കണ്ടപെണ്ണുങ്ങളെയൊക്കെ വായ്‌നോക്കി നടക്കലാണോ നിന്റെ പണി, അടിവയറ്റിൽ ഒരെണ്ണം തന്നാലുണ്ടല്ലോ...."

"Madam, urine pass ചെയ്യണം...., ടോയ്ലറ്റ് എവിടെ"

"അപ്പുറത്തേക്ക് ചെല്ല്"

ആഹാ, എന്തൊരു സമാധാനം, ഇതിനുമുൻപ് ഒരുപാടുത്തവണ മൂത്രമൊഴിച്ചിട്ടുണ്ടെങ്കിലും  അതൊരു അനുഭവമായി തോന്നിയത് ഇത് ആദ്യമായാണ്.....

എല്ലാം കഴിഞ്ഞു ഞാൻ വന്നപ്പോൾ ഒരു കാർ വന്നുനിന്നു. ഒരു ചെറുപ്പക്കാരൻ ഇറങ്ങി, സ്റ്റേഷനിലേക്ക് ഓടിക്കയറി. ഞാനും പുറകെ കയറി.....

"എന്താ പറ്റിയത് ബാലാ, രാവിലെ ആ കൃത്യസമയത്ത് തന്നെ കാറും കേടായി. നിനക്ക് എന്തേലും...."
"എന്റെ പൊന്ന് സണ്ണിച്ച എനിക്ക് ഒന്നും ഇല്ല. ബാ നമുക്ക് പോകാം. സമയം കളയണ്ട...."

അവിടെനിന്ന പൊലീസുകാരനോട് ഞാൻ ചോദിച്ചു , "അതാരാ"

"സർ ന്റെ ഭർത്താവ്"

ഓഹോ  അങ്ങനെയാണല്ലേ, കാര്യങ്ങൾക്കൊക്കെ ഒരു തീരുമാനമായി.....
ബാലയും സണ്ണിയും, പഴംപൊരിയും ബീഫ് ഫ്രൈയും പോലെ ഉണ്ടല്ലോ....
ഒരു കോമ്പിനേഷൻ ഇല്ലാത്തപോലെ...

"നിങ്ങൾക്ക് എങ്ങോട്ടേക്ക്‌ പോണം, എറണാകുളം ആണോ?"
ബാലയാണ് ചോദിച്ചത്.
ഞാൻ തലയാട്ടി.
കാറിൽ കയറിക്കോളാൻ പറഞ്ഞു. അതിനിടയിൽ ഭർത്താവിനോട് അവൾ എന്തോ എന്നെകുറച്ചു പറഞ്ഞെന്ന് തോന്നുന്നു. അയാൾ നോക്കുന്നുണ്ട്.

കാറിൽ കയറി ഞങ്ങൾ യാത്രയായി. സണ്ണിയും ബാലയും ഭയങ്കര വർത്തമാനമാണ്. കളിയും ചിരിയും. അവരുടെ സംസാരത്തിൽനിന്ന് രണ്ട് കുട്ടികൾ ഉണ്ടെന്ന് മനസ്സിലായി. പഴംപൊരിയും ബീഫ് ഫ്രൈയും പറയുമ്പോളുള്ള വൈരുദ്ധ്യമുള്ളൂ. പക്ഷെ നല്ല best കോമ്പിനേഷനാണ്....

എനിക്കിറങ്ങേണ്ട സ്ഥലമായി. അവർ കാർ ഒതുക്കിത്തന്നു. ഞാൻ ഇറങ്ങി. സണ്ണി കൂടെ ഇറങ്ങി.

"എന്താ പേര്?"
"പ്രകാശ്"
"ഇവിടെ എന്തിന് വന്നതാ?"
"ഒരു ഇന്റർവ്യൂ ഉണ്ട്. ആ കാണുന്ന ഓഫീസിൽ"
അയാൾ ആ ഓഫീസ് നോക്കി. പിന്നെ ഫോൺ എടുത്തു വിളിച്ചു. എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. 
" പ്രകാശ്, എപ്പോളാ ചിലവ് ചെയ്യുന്നേ"
"എന്തിന്"
"ജോലി കിട്ടിയതിന്റെ"
"അതിന് ഇന്റർവ്യൂ ന് പോകുന്നതെ ഉള്ളു"
"അതെന്റെ ഓഫീസ് ആണ് പ്രകാശ്. നീ വേഗംചെന്നു ജോയിൻചെയ്യാനുള്ള കാര്യങ്ങൾ നോക്കു."

ചിരിക്കണോ കരയണോ എന്നറിയാതെ ഞാനിങ്ങനെ നിന്നു....

"എനിക്ക് ഇങ്ങനെയൊരു സഹായം......"
"സഹായമോ, എന്ത് സഹായം..... നിന്നോടല്ലേ ഞാൻ നന്ദി പറയേണ്ടത്. ബാലയുടെ ജോബ് ടൈപ്പ് അങ്ങനെയാണ്. എപ്പോളാണ് എന്താണ് സംഭവികുന്നേ എന്നൊരു നിശ്ചയമില്ല. ചിലപ്പോൾ ഞാൻ ചെയുന്ന ചെറിയ ചെറിയ നന്മകളാവാം പല വിഷമംപിടിച്ച നേരത്തും എന്റെ കുടുംബത്തെ തുണയ്ക്കുന്നത്....., അപ്പോൾ നമുക്ക് ഇനി വീണ്ടും കാണാം...."

അയാൾ വണ്ടിയിൽ കയറി. 
കാറിന്റെ ചില്ല് താഴ്ത്തി ബാല എന്നെ നോക്കി
"എടോ, ഒരു മിതമായ നിരക്കിലൊക്കെ സ്കാൻ ചെയ്യ് കെട്ടോ."

അവളൊന്നു ചിരിച്ചു. ഞാനും.

ചിലയിടങ്ങളിൽ പെണ്ണൊരു അത്ഭുതമാകുമ്പോൾ , ആണൊരു അതിശയമാകുന്നു.....

അനു ജയേഷ്

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്