Kissakal

എന്റെ ഉമ്മയുടെ വിവാഹം നടന്നത് ഉമ്മ പത്താം ക്ലാസ്സ് കഴിഞ്ഞ ഉടനെ ആയിരുന്നു. അവിടുന്ന് ഒരു വർഷം കഴിഞ്ഞപ്പോഴാണ് ഉമ്മയുടെ മകളായി ഞാൻ ഈ ഭൂമിയിൽ പിറവിയെടുക്കുന്നത്. പിന്നീട് എനിക്ക് അനിയന്മാരോ അനിയത്തിമാരോ ഉണ്ടായില്ല. അന്നൊന്നും അതിലെനിക്ക് പ്രത്യേകിച്ച് സങ്കടമൊന്നും ഉണ്ടായിരുന്നില്ല. കാരണം വാപ്പയുടെയും ഉമ്മയുടെയും പുന്നാര മകളായി ഞാൻ വളർന്നു. നാട്ടിൽ അവധിക്ക് വരുന്ന വാപ്പയുടെ കയ്യിലെ കളിപ്പാട്ടങ്ങൾ എല്ലാം എനിക്ക് മാത്രം ആയിരുന്നു സ്വന്തം.

പക്ഷെ സ്കൂളിൽ പഠിക്കുന്ന കാലത്ത് കൂട്ടുകാർ അവരുടെ സഹോദരങ്ങളുടെ കഥകൾ പറയുമ്പോൾ ആഗ്രഹം തോന്നാറുണ്ട്. എനിക്കും അത് പോലെ ആരെങ്കിലുമൊക്കെ ഉണ്ടായിരുന്നെങ്കിലെന്ന്. പലപ്പോഴും അത് ഉമ്മയോട് പറഞ്ഞിരുന്നെങ്കിലും "പടച്ചവൻ  എന്റെ മോൾക്ക് അങ്ങിനെ ഒരു വിധി തന്നില്ല" എന്നായിരുന്നു അപ്പോഴൊക്കെ ഉമ്മയുടെ മറുപടി. സ്കൂൾ വെക്കേഷൻ സമയത്ത് കളിക്കാൻ കൂട്ടില്ലാതെ ഒറ്റക്കിരിക്കുമ്പോൾ ശരിക്കും ആഗ്രഹിച്ചിട്ടുണ്ട് ഒരു അനിയനോ അനിയത്തിയോ ഉണ്ടായിരുന്നെങ്കിലെന്ന്. പക്ഷെ എന്തുകൊണ്ടോ പടച്ചവൻ എനിക്ക് ആ ഭാഗ്യം തന്നില്ല.

കൂട്ടിനാരുമില്ലാതെ ഒറ്റയ്ക്ക് ഞാൻ വളർന്നു. എനിക്കൊരു കൂട്ട് കിട്ടാൻ എന്റെ വിവാഹം നടക്കേണ്ടി വന്നു.
എനിക്ക് 18 വയസ്സ് കഴിഞ്ഞപ്പോൾ വാപ്പയുടെയും ഉമ്മയുടെയും ആഗ്രഹം പോലെ എന്റെ വിവാഹം കഴിഞ്ഞു. അത്രയും കാലം ഒറ്റക്ക് കഴിഞ്ഞ എനിക്ക് കിട്ടിയ കൂട്ട് എപ്പോഴും എന്റെ കൂടെ നിൽക്കുന്ന ഇക്കയെ ആയിരുന്നു. എല്ലാം പങ്കുവെക്കാനും തല്ല് കൂടാനും ഇണങ്ങാനും പിണങ്ങാനും എന്റെ കൂടെ നിൽക്കുന്ന എന്റെ സ്വന്തം ഇക്ക. എനിക്ക് കോളേജിൽ പോകാനും തുടർന്ന് പഠിക്കാനും ഇക്ക എന്നെ അനുവദിച്ചിരുന്നു.

എന്റെ കല്യാണം കഴിഞ്ഞതോടെ വാപ്പ ഗൾഫ് മതിയാക്കി നാട്ടിൽ സെറ്റിലായി. വീടിനടുത്ത് ചെറിയൊരു കട തുടങ്ങി. കല്യാണം കഴിഞ്ഞ് കുറച്ചു നാൾ കഴിഞ്ഞപ്പോൾ എന്റെയും ഇക്കയുടെയും വീട്ടിൽ സന്തോഷത്തിന്റെ പൂത്തിരികൾ തെളിയിച്ചു കൊണ്ട് ഞാൻ ഗർഭിണിയായ വാർത്ത എല്ലാവരും അറിഞ്ഞു . വാപ്പയും ഉമ്മയും എനിക്ക് ശേഷം വീട്ടിൽ ഒരു കുഞ്ഞിക്കാല് ഓടി കളിക്കാൻ വരുന്നെന്ന സന്തോഷത്തിൽ ആയിരുന്നു.

എനിക്കൊരു കൂട്ടിന് വേണ്ടി ആഗ്രഹിച്ച കാലത്ത് അനുഗ്രഹിക്കാതിരുന്ന പടച്ചവൻ, എന്റെ അന്നത്തെ പ്രാർത്ഥന കേട്ടത് ഞാൻ ഒരു കുഞ്ഞിനെ വയറ്റിൽ ചുമക്കാൻ തുടങ്ങിയ ശേഷം ആയിരുന്നു. എന്റെ ഉമ്മയും ഞാൻ ഗർഭിണിയായ അതേ സമയത്ത് തന്നെ ഗർഭിണിയായി. എന്റെ വീട്ടിൽ ഇരട്ടി സന്തോഷം ആയി.

പക്ഷെ എന്തോ എനിക്കത് അംഗീകരിക്കാൻ കഴിഞ്ഞില്ല. ഈ പ്രായത്തിലെ ഗർഭധാരണം എന്തോ നാണക്കേട് പോലെ ആയി. "ഇത് നിങ്ങൾക്ക് നേരത്തെ ആകാമായിരുന്നില്ലേ" എന്ന ചോദ്യത്തിന് "പടച്ചവൻ ഇപ്പോഴല്ലേ മോളെ അനുഗ്രഹിച്ചത്" എന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള അവരുടെ മറുപടി. എന്തൊക്കെ ആണെങ്കിലും പ്രസവിക്കാൻ ഉള്ള അവരുടെ തീരുമാനത്തെ ഞാൻ അംഗീകരിച്ചില്ല. "കല്യാണം കഴിഞ്ഞ ഈ പ്രായത്തിൽ നിനക്ക് പുതിയ കൂട്ട് വരുന്നുണ്ടല്ലോ" എന്ന കൂട്ടുകാരുടെയും, "മോൾക്ക് മോൾ ആകാറായി അപ്പോഴാണ് ഉമ്മാക്ക് പുതിയ കുഞ്ഞുണ്ടാകാൻ പോകുന്നത്" എന്ന ബന്ധുക്കളുടെയും കളിയാക്കലുകളും, എന്റെ ഉപ്പയുടെയും ഉമ്മയുടെയും തീരുമാനത്തോടുള്ള എതിർപ്പിന് ശക്തി കൂടാൻ കാരണം ആയി.

പക്ഷെ എന്റെ ഉമ്മയും വാപ്പയും വലിയ സന്തോഷത്തിൽ ആയിരുന്നു. അവർക്ക് പുതിയൊരു മകനെയോ മകളെയോ ലഭിക്കുന്നതിൽ അവർ അതിയായി സന്തോഷിച്ചു. കൂട്ടത്തിൽ എന്റെ ഭർത്താവും ഉണ്ടായിരുന്നു, അദ്ദേഹത്തിന് ഒരനിയനെയോ അനിയത്തിയെയോ കിട്ടുന്നതിൽ അവർക്കൊപ്പം സന്തോഷിക്കാൻ.

ഈ ഒരു കാരണം കൊണ്ട് ഞാൻ എന്റെ വീട്ടിലേക്കുള്ള യാത്രകൾ ഒഴിവാക്കി. അവരുടെ സന്തോഷങ്ങളെ കണ്ടില്ലെന്ന് നടിച്ചു. ഈ ഒരു പേരിൽ എന്റെ വാപ്പയെയും ഉമ്മയെയും ഞാൻ തിരിഞ്ഞ് പോലും നോക്കാതെയായി. അവരോട് പരമാവധി അകലം പാലിച്ചു. ഫോണിൽ പോലും സംസാരിക്കാതെയായി.

അങ്ങിനെ മാസങ്ങൾ കഴിഞ്ഞുപോയി.  മാസങ്ങൾ കഴിയുന്തോറും എന്റെ ആരോഗ്യം മോശമായി തുടങ്ങി. അമിതമായ പ്രഷർ, കിതപ്പ്, മാനസികമായ പ്രശ്നങ്ങൾ അങ്ങിനെ പലവിധ കാരണങ്ങൾ മൂലം എട്ടാമത്തെ മാസം മുതൽ ഞാൻ ആശുപത്രിവാസിയായി മാറി.

എന്റെയും ഉമ്മയുടെയും പ്രസവദിനം അടുത്തു വന്നു. എന്റെയും ഉമ്മയുടെയും പ്രസവം ഒരേ ദിവസം ആയിരുന്നു ഡോക്ടർമാർ പറഞ്ഞിരുന്നത്. പക്ഷെ എന്തുകൊണ്ടോ ഉമ്മയുടെ പ്രസവം മൂന്ന് ദിവസം നേരത്തെ ആയി. ഞങ്ങൾ രണ്ടാളും അടുത്ത മുറികളിൽ ആയിരുന്നു ആശുപത്രിയിൽ കിടന്നിരുന്നത്. പ്രസവം കഴിഞ്ഞ് ഉമ്മയെയും കുഞ്ഞിനെയും മുറിയിലേക്ക് കൊണ്ടു വന്നപ്പോൾ ഞാൻ കാണാൻ ചെന്നിരുന്നു. എനിക്കൊരു അനിയത്തിയാണ് പിറന്നിരിക്കുന്നത്. നല്ലൊരു സുന്ദരി വാവ ആയിരുന്നു അത്.

അവളെ കണ്ടപ്പോൾ എന്ത് കൊണ്ടോ അതുവരെ അവരോടുള്ള എന്റെ ദേഷ്യം എല്ലാം മാറിപ്പോയി. ഞാൻ എന്റെ വാപ്പയെയും ഉമ്മയെയും കെട്ടിപ്പിടിച്ച് വേദനിപ്പിച്ചതിന് മാപ്പ് പറഞ്ഞു കരഞ്ഞു. എന്റെ ഉള്ളിൽ ഇരുന്ന് ആരോ അങ്ങിനെ ചെയ്യാൻ പറഞ്ഞിരുന്നു. തുടർന്ന് എല്ലാ ദിവസവും ഞാൻ അവരെ പോയി കണ്ടിരുന്നു.

ഒരു ദിവസം രാവിലെ എനിക്ക് പെട്ടെന്ന് വയറുവേദനിക്കാൻ തുടങ്ങി. സിസ്റ്റർമാർ എന്നെ സ്ട്രെച്ചറിൽ കിടത്തി ഓപ്പറേഷൻ തിയ്യറ്ററിലേക്ക് കൊണ്ടു പോയി. അങ്ങോട്ട് കയറുന്നതിന് മുന്നേ എന്റെ ഉമ്മയെ കാണണം എന്നാഗ്രഹം ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞില്ല. തിയറ്ററിന്റെ വാതിൽക്കൽ വരെ എന്റെ ഉപ്പയും ഇക്കയും കൂടെ വന്നിരുന്നു. തിയ്യറ്ററിന്റെ വാതിൽ അടക്കുമ്പോൾ ഞാൻ കണ്ടു, "എനിക്ക് ഒന്നും വരുത്തല്ലേ" എന്ന പ്രാർത്ഥനാനിർഭരമായ ചുണ്ടുകളോടെ നിൽക്കുന്ന എന്റെ വാപ്പയെയും ഇക്കയെയും.

മയക്കത്തിനിടയിൽ ആരോ പറയുന്നത് കേട്ടു എനിക്ക് പിറന്നതും പെൺകുഞ്ഞാണെന്ന്. മയക്കത്തിൽ ആയിരുന്ന എന്നെ ആരോ വിളിച്ചുണർത്തി എന്റെ മോളെ കാണിച്ചു തന്നു. അവളുടെ മുഖം ഇപ്പോഴും എന്റെ മനസ്സിൽ ഉണ്ട്. അവളെ കണ്ടു കഴിഞ്ഞതോടെ ഞാൻ വീണ്ടും മയക്കത്തിലേക്ക് പോയി.

പിന്നീട് ഞാൻ ഈ ഏഴാമാകാശത്ത് നിന്ന് കാണുന്നത്, എന്റെ ഉമ്മയുടെ അരികിൽ കിടക്കുന്ന രണ്ട് ഓമന മക്കളെയാണ്. എന്റെ മകളും എന്റെ അനിയത്തിയും. ഓപ്പറേഷൻ തിയറ്ററിൽ വെച്ച് പ്രഷർ കൂടി തലയിലെ ഞരമ്പ് പൊട്ടിയാണത്രേ ഞാൻ മരിച്ചത്.

ഒരേ സമയം മകൾക്കും പേരമകൾക്കും മുലയൂട്ടാൻ ഭാഗ്യം ലഭിച്ച അപൂർവ സ്ത്രീ ആണ് എന്റെ ഉമ്മ. ഇനി എന്റെ മകളും എന്റെ അനിയത്തിയും ഒരു കൂട്ടില്ലാതെ വളരേണ്ടി വരില്ല. അവർ രണ്ടാളും എന്നും പരസ്പരം തണലായിരിക്കും. എന്റെ ഉമ്മ അവർക്ക് രണ്ടാൾക്കും ഉമ്മയായിരിക്കും.

എന്റെ മകൾ മുലപ്പാൽ കിട്ടാതെ വളരരുത് എന്ന പടച്ചവന്റെ തീരുമാനം ആയിരിക്കാം ഒരേ സമയം തന്നെ ഞാനും ഉമ്മയും പ്രസവിക്കാൻ കാരണം. അതറിയാതെ അവരെ വേദനിപ്പിച്ച ഞാനാണ് ഏറ്റവും വലിയ വിവരദോഷി. ഒന്നും അറിയാതെ നിങ്ങളെ വേദനിപ്പിച്ച ഈ പാപിയായ മകളോട് ഉമ്മയും ഉപ്പയും ക്ഷമിക്കുക എന്നെ എനിക്കിപ്പോൾ പറയാൻ കഴിയൂ.

എന്റെ മകളും അനിയത്തിയും പരസ്പര സ്നേഹത്തോടെ വളരട്ടെ എന്ന പ്രാർത്ഥനയോടെ നിർത്തുന്നു...

#മുറു...

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്