മംഗല്യം

മാംഗല്യം..
**********

രാധിക  ഇടയ്ക്കിടെ   ജനാലയിലൂടെ  പുറത്തേക്കു നോക്കി.. അടുക്കളയില്‍   അമ്മയുടെ സംസാരം കേള്‍ക്കുന്നുണ്ട്.  സിറ്റുട്ടില്‍  അച്ഛന്‍ വകയിലുള്ള ഒരു അമ്മാവനുമായി സംസാരിക്കുന്നുണ്ട്.. അവള്‍ ഒന്നു കൂടി കണ്ണാടിയില്‍  നോക്കി സ്വയം തൃപ്തി പെടുത്തി..
  
  '' ഇത് എത്രമത്തെയാണെന്നു  വല്ല ചിന്തയുമുണ്ടോ   സുലു..  ഒന്നും ഇല്ലെങ്കിലും  നമുക്കും ഇല്ലേ കുറവുകള്‍.. അതറിഞ്ഞു വേണ്ടേ മുന്നോട്ടു പോകാന്‍ .. അല്ലെങ്കില്‍   വരുന്ന ആലോചനകള്‍ എല്ലാം   മുടങ്ങി കൊണ്ടിരിക്കും.. ഇന്നത്തെ കാലത്ത് പെണ്ണിന് ജോലിയുണ്ടെന്നു  പറയുന്നത്  വല്യ  കാര്യം ഒന്നും അല്ല... ''

രാധിക   കണ്ണാടിയില്‍  നോക്കി അവസാന മിനുക്കുപണി നടത്തുന്നതിനിടയിലാണ്  അടുക്കളയില്‍  നിന്നും  അമ്മാവിയുടെ  വാക്കുകള്‍ ചിതറി  തെറിച്ചു വന്നത്..

   മേക്കപ്പിട്ടു മിനുക്കിയ മുഖം  ദേഷ്യത്താല്‍ ചുവന്നൂ..

'' എന്തു പറയാനാ ചേച്ചീ.. അവളുടെ വാശിയല്ലേ.. ഒന്നോര്‍ത്താല്‍ അവളെയും തെറ്റു പറയാന്‍ പറ്റില്ലല്ലോ... അവള്‍  പറയുന്നത് ശരിയല്ലേ..  തെറ്റ് ഒന്നും ചെയ്യാത്ത അവള്‍ എന്തിനാ  അവളുടെ ജീവിതം  നശിപ്പിക്കുന്നത്..എല്ലാം വരുന്നത് പോലെ വരട്ടെ... ഇനിയെല്ലാം  അവളുടെ ഇഷ്ടത്തിന്  നടക്കട്ടെ.. ''

  അമ്മയുടെ മറുപടിയില്‍  നിറഞ്ഞു നിന്നത്   നഷ്ടബോധമോ അതോ ദുഃഖമോ..  എന്തായാലും   ആരൊക്കെ എന്തൊക്കെ  പറഞ്ഞാലും തന്റെ  തീരുമാനത്തില്‍ മാറ്റമില്ല...

  ഒരിക്കല്‍  എല്ലാവര്‍ക്കും തട്ടികളിക്കാന്‍  വിട്ടു  കൊടുത്തതാണ്  തന്റെ  ജീവിതം.. അവസാനം ഒരു ആയുസിലേക്കുള്ള  സങ്കടവും   പേരുദോഷവുമായി ആണ് മടക്കി കിട്ടിയത്.. ഇനി ആര്‍ക്കും  തന്റെ  ജീവിതത്തിലെ തീരുമാനം  എടുക്കാനുള്ള അവസരം  കൊടുക്കില്ല..

          താന്‍ രണ്ടാം കെട്ടുകാരിയായത് തന്റെ തെറ്റ് കൊണ്ടല്ല.. പിന്നെന്തിന്     ഒരു രണ്ടാം കെട്ടുകാരന് വേണ്ടി  തന്റെ ജീവിതം കളയണം.. വിവാഹം  കഴിഞ്ഞു അന്നു തന്നെ ഡിവോഴ്സ്   ചെയ്താലും പെണ്ണിന്‍റെ  പേര്  രണ്ടാംകെട്ടുകാരി  എന്നാണ്..    അവള്‍ക്ക് പിന്നെ  ഭാര്യ മരിച്ചതോ  ,ഉപേക്ഷിച്ചതോ  ആയ  മക്കളുള്ള  പുരുഷനെ മാത്രമേ കിട്ടു..  എന്നാല്‍  പുരുഷന്‍മാര്‍ക്ക്  നല്ല പെണ്‍കുട്ടികളെ  വേണം  താനും..     അതുകൊണ്ട്  ആണ്  തനിക്കു  രണ്ടാം കെട്ടുകാരെ വേണ്ടാ എന്ന കര്‍ശന നിര്‍ദേശം   അച്ഛന്  നല്‍കിയത്.. ഒരിക്കല്‍  തന്റെ  ജീവിതത്തില്‍  തീരുമാനം  എടുത്തു കൈ പൊള്ളിയ അച്ഛന്  എതിര്‍ക്കാന്‍  ന്യായങ്ങള്‍ ഒന്നും ഇല്ലാത്തതിനാല്‍   തന്റെ  തീരുമാനത്തില്‍  പൂര്‍ണ്ണ സമ്മതമായിരുന്നു.. പക്ഷേ വരുന്നവരെല്ലാം  തന്നെ രണ്ടാം കെട്ട് എന്ന  കണ്ണോടെയാണ് കാണുന്നത്.. ചിലര്‍ക്ക്  അതൊന്നും  വിഷയമല്ലെങ്കില്‍    സ്ത്രീധനം കൂടുതല്‍ വേണം ..  രണ്ടാം കെട്ട്  എന്ന നഷ്ടത്തിനുള്ള പരിഹാരം..അത്തരക്കാരോട് അപ്പോള്‍  തന്നെ നടക്കില്ലെന്നൂ പറയുന്നതിനാല്‍  കല്യാണം   ഒന്നും ശരിയാകുന്നുമില്ല...

കഴിഞ്ഞ  ആഴ്ച  പെണ്ണു കാണാന്‍  വന്ന  ചെറുക്കന്‍ ഒരു വാക്കു  പറഞ്ഞു  '' സെക്കന്‍റ് ഹാന്‍ഡ്  സാധനങ്ങള്‍ക്കെ  വില കുറവാണെങ്കിലും  രണ്ടാമത് കെട്ടൂന്ന പെണ്ണിന് സ്ത്രീധനം  കൂടുതലാണെന്ന്..''   മുഖത്തു നോക്കി  ആട്ടിതന്നെയാ  വിട്ടത്.. അതോടു കൂടി   തല്‍ക്കാലം   ആലോചനകള്‍    വേണ്ടന്നു  അച്ഛനോട് പറഞ്ഞിരുന്നതാണ്.

      എല്ലാം  അറിയുന്ന ,മനസ്സിലാക്കുന്ന  ഒരാളെ കിട്ടും എന്ന പ്രതീക്ഷ  അസ്തമിച്ചിരുന്നു.. മറ്റുള്ളവര്‍ പറയുന്നത് പോലെ  കിട്ടുന്ന  ഒരാളെ കെട്ടാന്‍  പഴയ അനുഭവങ്ങള്‍   അനുവദിക്കുന്നതുമില്ല..

    ഡിഗ്രി  ഫൈനല്‍  ഇയറിന് പഠിക്കുമ്പോഴാണ്     രാജീവിന്‍റെ ആലോചന   വരുന്നത്.. കാണാന്‍ സുന്ദരനും  നല്ല ജോലിയും ഉള്ള  രാജീവിനെ അച്ഛന്  വളരെ ഇഷ്ടപെട്ടു.. ഒറ്റമോളായതിനാല്‍ വളരെയധികം   ലാളിച്ചാണ്  അച്ഛനും അമ്മയും  തന്നെ വളര്‍ത്തിയത്. അതുകൊണ്ട്  തന്നെ  അവരുടെ  ഇഷ്ടമായിരുന്നു  തനിക്ക് വലുത്.. എങ്കിലും  പഠിച്ചു സ്വന്തം കാലില്‍ നില്‍ക്കാന്‍  ആഗ്രഹം ഉണ്ടായിരുന്നെങ്കിലും  അച്ഛന്‍റെയും അമ്മയുടെയും  മോഹങ്ങള്‍ക്ക് മുന്നില്‍  അത് മറന്നു..

           അച്ഛനും അമ്മയും സഹോദരിയും അടങ്ങുന്നതായിരുന്നു രാജീവേട്ടന്‍റെ കുടുംബം ..  വിവാഹം   കഴിഞ്ഞു രാജീവേട്ടന് തന്നോടുള്ള സമീപനത്തില്‍ ഒരു  അകല്‍ച്ച  ഫീല് ചെയ്തിരുന്നു.. തന്റെ അടുത്തു  വരുകയോ അധികം  സംസാരിക്കുകയോ ഇല്ലായിരുന്നു .. വളരെ പതിഞ്ഞ ശബ്ദത്തില്‍  ആയിരുന്നു   സംസാരം..  വളരെ ചുരുക്കം വാക്കുകളില്‍  ഒതുങ്ങുന്നതായിരുന്നു  തന്നോടുള്ള സംസാരം.. രാത്രിയില്‍   താന്‍ റൂമില്‍  വരുമ്പോഴേക്കും  കട്ടിലിന്‍റെ   ഒരു അറ്റത്ത് ഉറക്കം പിടിച്ചിരിക്കും..

      ആരോടും ഇതൊന്നും പങ്കുവെയ്ക്കുവാന്‍  കഴിയാതെ  താന്‍ ഒരുപാട്  വിഷമിച്ചു.. രാജീവേട്ടന്  വേറേ അഫയര്‍  കാണുമായിരിന്നിരിക്കും.. അത് മറക്കുവാന്‍   സമയം വേണമായിരിക്കും  എന്നൊക്കെ  വെറുതെ ആശ്വസിച്ചു..  ഇതൊക്കെ  തുറന്നു പറഞ്ഞാല്‍ മറ്റുള്ളവര്‍  തന്നെ  എങ്ങനെ കാണും എന്ന  ഭയം എല്ലാം മനസ്സിലടക്കാന്‍  പ്രേരിപ്പിച്ചു..

     എന്നാല്‍  ദിവസം കഴിയും തോറും അകല്‍ച്ച കൂടീ വന്നതേയുള്ളൂ.. ശരിക്കും ഒരു നാണം കുണുങ്ങിയായിരുന്നു രാജീവേട്ടന്‍.. ആ  നാലു ചുവരുകള്‍ക്കുള്ളില്‍   ആരോടും ഒന്നും പറയാനാകാതെ കഴിഞ്ഞ നാളുകള്‍ ഓര്‍ക്കുമ്പോള്‍  ഇപ്പോഴും ശ്വാസം മുട്ടും..

   അവിചാരിതമായാണ് ഒരു ദിവസം   മുറിയിലേക്ക്   കയറി  ചെല്ലുമ്പോള്‍   തന്റെ  ഡ്രസുകള്‍ എടുത്തു സ്വന്തം  ശരീരത്ത്    വെച്ചു   ഭംഗി   നോക്കുന്ന രാജീവേട്ടനെ കാണുന്നത്...  തന്നെ  കണ്ടതും പെട്ടെന്ന്  ഡ്രസ് കട്ടിലിലേക്ക്  ഇട്ടു ധൃതിയില്‍ പുള്ളി  വെളിയിലേക്ക്  പോയി..

       അതൊരു തുടക്കമായിരുന്നു... പിന്നീട്  പലപ്പോഴും  കണ്ടു.. സ്ത്രീകളുടെ  വസ്ത്രം ശരീരത്തില്‍  വെച്ചു നോക്കി സംതൃപ്തി   അടയുന്ന തന്റെ ഭര്‍ത്താവിനെ.. രാജീവേട്ടന്‍റെ പെങ്ങള്‍ രാഖിയുടെ  ചുരിദാര്‍   എടുത്തത് പറഞ്ഞു വഴക്കു  കൂടിയ അന്ന്  രാജീവേട്ടന്‍റെ  അമ്മ കുമ്പസാരം പോലെ  ആ സത്യം പറഞ്ഞു..
 

        അവരുടെ  മോന്‍ സ്ത്രീകളെ പോലെയാണത്രേ...  പുരുഷന്‍മാരോടാണ്  ഇഷ്ടം.. അതില്‍  നിന്നും മാറ്റം വരുമോന്നറിയാനാണ് കല്യാണം  നടത്തിയത്..  അമ്മ കരഞ്ഞു പറഞ്ഞിട്ടാണ്  കല്യാണത്തിന്  സമ്മതിച്ചത്.. കല്യാണം  കഴിഞ്ഞു ഇത്ര നാളായിട്ടും താന്‍  പരാതി ഒന്നും പറയാത്തതിനാല്‍    എല്ലാം  ശരിയായെന്നു കരുതി സമാധാനപെട്ടിരിക്കുകയായിരുന്നെന്നു പറഞ്ഞപ്പോള്‍   അവരുടെ വാക്കുകളില്‍ കുറ്റബോധത്തിന്റെ  നനവ്...  പുറത്താരോടും പറയല്ലേ  എന്ന അപേക്ഷയില്‍  അവരുടെ  മകളുടെ  ഭാവി  തെളിഞ്ഞിരുന്നു.....

                                  അച്ഛനോടും അമ്മയോടും ഒന്നും പറയാനുള്ള  ശക്തിയില്ലായിരുന്നു.. ഒരേ ഒരൂ  മകളുടെ ജീവിതം    സ്വസ്ഥമായി എന്ന്  സമാധാനിച്ചിരിക്കുന്ന അവരോട്   എന്ത് പറയാന്‍.. ഒരു  മുറിയില്‍  അന്യരെ പോലെ   പിന്നെയും ദിവസങ്ങള്‍ ....   കൗണ്‍സിലിംഗിന് പോയാല്‍ ശരിയാകും എന്ന ധാരണയില്‍ അതിനും ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം...

      തിടുക്കത്തില്‍  തന്നെ  രാഖിയുടെ കല്യാണം  ഉറപ്പിച്ചു.. രാജീവേട്ടന്‍റെ  അവസ്ഥ ആരെങ്കിലും  അറിഞ്ഞാല്‍ ഉണ്ടാകുന്ന നാണക്കേട് ഓര്‍ത്താണ് അങ്ങനെ ഒരു തീരുമാനം  എടുത്തത്.. അപ്പോഴും തനിക്ക്  ചുറ്റും വിശേഷം ഒന്നും ആയില്ലേന്ന ചോദ്യങ്ങള്‍  പല തവണ ഉയര്‍ന്നിരുന്നൂ... ആരോടും  ഒന്നൂം പറയാതെ  പുഞ്ചിരിയില്‍  എല്ലാം  ഒതുക്കി..  രാഖിയുടെ   കല്യാണം  കഴിഞ്ഞതിന്‍റെ അടുത്ത ദിവസം  താന്‍ അവിടെ നിന്നും ഇറങ്ങി.. തടയാന്‍ രാജീവേട്ടനോ അച്ഛനോ അമ്മയോ  ശ്രമിച്ചില്ല.. ഒരു പ്രതീക്ഷയുമില്ലാതെ എങ്ങനെ  തടയും..

       സുഖമായും സന്തോഷമായും    ജീവിക്കുന്നു എന്നു കരുതിയ മോള്  ഒരു സുപ്രഭാതത്തില്‍ ഭര്‍ത്താവിനെ ഉപേക്ഷിച്ചു  വന്നത് കണ്ടു അച്ഛനും അമ്മയും തകര്‍ന്നു പോയി.. കാര്യങ്ങള്‍  അവരെ പറഞ്ഞു മനസ്സിലാക്കാന്‍ പാടുപെട്ടു.. ഒടുവില്‍   എന്‍റെ തീരുമാനം  ശരിയാണെന്നു അംഗീകരിച്ചു...

    വലിയ  ഒച്ചപാടില്ലാതെ   കുറ്റങ്ങളും കുറവുകളും വിളിച്ചു പറയാതെ ഡിവോഴ്സ്   വാങ്ങി വീട്ടിലെത്തുമ്പോള്‍ ജീവിക്കാനുള്ള വാശിയായിരുന്നു ..  ആരോടും പരാതിയും പരിഭവവും ഇല്ലാതെ  പഠിച്ചു  ജോലി വാങ്ങി സ്വന്തം  കാലില്‍  നിന്നപ്പോള്‍   അച്ഛന്‍ വീണ്ടും വിവാഹം  ആലോചിക്കാന്‍  തുടങ്ങി.. രണ്ടാം കെട്ടല്ലാത്ത  ആലോചന മതിയെന്നും  താന്‍ ബോധ്യപെടുന്ന ചെറുക്കന്‍ മതിയെന്നുമുള്ള തന്റെ   ഡിമാന്‍റുകള്‍ അച്ഛന്‍  അംഗീകരിക്കുമ്പോള്‍ ഒരിക്കല്‍ പറ്റിയ തെറ്റുകളുടെ കുറ്റബോധം  കണ്ണുകളില്‍ ഉണ്ടായിരുന്നു...
  

                         ഇപ്പോള്‍ വന്ന ആലോചന  ഇങ്ങോട്ടു   വന്നതാണെന്നാണ് അച്ഛന്‍  പറഞ്ഞത്..സാധാരണ  ബ്രോക്കര്‍   വഴിയാണ് ആലോചനകള്‍  വരുന്നത്... ഡീറ്റയില്‍സ്  ഒന്നും  അറിഞ്ഞില്ല..രണ്ടാംകെട്ടാണോ  എന്തോ...   ജനാലയിലുടെ  ഒന്നു കൂടി  പുറത്തേക്ക്  നോക്കി...അപ്പോഴാണ്  മുറ്റത്തേക്ക്   ഒരു കാറ് വരുന്നത് കാണുന്നത്... ജനാലയുടെ  സൈഡിലേക്ക്  നീങ്ങി നോക്കാന്‍ തുടങ്ങുമ്പോഴാണ്   അടുക്കളയില്‍   നിന്നും  അമ്മയുടെ  വിളി  വരുന്നത്.. 

       ''മോളെ ഇങ്ങോട്ടു  ഒന്നു  വന്നേ..''

  ജനാലയിലൂടെ  ഒന്നു കൂടി  എത്തി വലിഞ്ഞു നോക്കിയെങ്കിലും ആരെയും കാണാന്‍ സാധിച്ചില്ല... മനസ്സില്ലാമനസ്സോടെ  തിരിച്ചു അടുക്കളയിലേക്ക് നടക്കുമ്പോള്‍  വരാന്തയില്‍  അച്ഛന്‍   അവരെ അകത്തേക്ക് ക്ഷണിക്കുന്നത് കേള്‍ക്കുന്നുണ്ടായിരുന്നു..

    അടുക്കളയില്‍   ചെന്നു    അമ്മ എടുത്തു വെച്ച ചായയും പലഹാരങ്ങളുമായി  അവരുടെ മുന്നിലേക്ക് ചെല്ലുമ്പോള്‍  ഒട്ടും പ്രതീക്ഷയില്ലെന്നു എന്‍റെ ഓരോ ചലനങ്ങളും  വിളിച്ചു പറയുന്നുണ്ടായിരുന്നു.....

   ചായ കൊടുത്തിട്ടാണ് മുഖത്തേക്ക്  നോക്കിയത്‌.. ഓര്‍മ്മകളില്‍  ഒരു ഓട്ടപ്രദക്ഷിണം നടത്തി നോക്കി.. എവിടെയും കണ്ടതായി ഓര്‍ക്കുന്നില്ല..    

'' ഇത് അനന്തകൃഷ്ണന്‍ ... എസ്. ഐ  ആണ്...  വീട്ടില്‍ അമ്മ മാത്രമേയുള്ളൂ ..ഞാന്‍ അവന്‍റെ  അമ്മാവനാണ്.. ''

  കൂടെ  വന്ന ആള് പരിചയപെടുത്തിയപ്പോള്‍ അവള്‍ അയാളെ ഒന്നു  കൂടി നോക്കി.. ഒരു പോലീസുകാരന്‍റെ  ഗൗരവം ഒന്നും ആ മുഖത്ത് കണ്ടില്ല.. കാണാന്‍ നല്ല  അഴകുള്ള ,ഭംഗിയുള്ള  ചിരിയും കട്ടി മീശയും ഉള്ള ഒരു സുന്ദരന്‍....

     '' അവര്‍ക്ക്  വല്ലതും സംസാരിക്കാന്‍ ഉണ്ടെങ്കില്‍   സംസാരിക്കട്ടെ..'' 

  അമ്മാവന്‍  അങ്ങനെ പറയുമ്പോള്‍   എന്തു പറയണം എങ്ങനെ പറയണം എന്നു ആലോചിച്ചു  വിഷമിച്ചു..    മുറ്റത്തിന്‍റെ  ഒരു   ഭാഗത്തേക്കു മാറി  നിന്നു   സംസാരിക്കാന്‍ തുടങ്ങുമ്പോള്‍  എല്ലാം അറിഞ്ഞിട്ടാണോ   വിവാഹം  ആലോചിച്ചത്  എന്ന ആശങ്ക ഉണ്ടായിരുന്നു..

''  എനിക്കു രാധികയെ ഇഷ്ടമായി.. എന്‍റെ  വീട്ടില്‍  അമ്മ മാത്രമേയുള്ളൂ .. രാധികയുടെ ഡിമാന്‍റ് പോലെ  എന്‍റെ ആദ്യവിവാഹം ആണ്.. വേറേ  തടസ്സങ്ങള്‍ ഒന്നുമില്ലെങ്കില്‍  നമുക്ക്  ഇത് പ്രോസീഡ് ചെയ്താലോ...''

  '' അത്  എന്നെ  പറ്റി  ഒന്നും അറിയാതെ  എങ്ങനെയാ കല്യാണം   തീരുമാനിക്കുന്നത്..''

രൂപത്തിലില്ലാത്ത ഗൗരവം  നിറഞ്ഞ  അനന്തകൃഷ്ണന്‍റെ വാക്കുകള്‍ക്ക് മറുപടി  നല്‍കുമ്പോള്‍   രാധികയുടെ  സ്വരം തണുത്തിരുന്നു..

   '' എനിക്കു  രാധികയെ  പറ്റി എല്ലാം  അറിയാം.. എനിക്കു താല്‍പര്യകുറവില്ല.. രാധിക  എന്തു പറയുന്നൂ..''

       ഇത്തവണ  വാക്കുകളിലെ  ഗൗരവം എവിടെയോ പോയിരുന്നു.... ചെറിയ പുഞ്ചിരിയായിരുന്നു  അവളുടെ മറുപടി...

    അധികം   വൈകാതെ  തന്നെ  വിവാഹം  നടത്തി.. വിവാഹം   കഴിഞ്ഞു   അനന്തകൃഷ്ണനോടൊപ്പം  അയാളുടെ വീട്ടിലേക്ക്   പോകുമ്പോഴും    തന്നെ    എങ്ങനെ അറിയാമായിരുന്നു  എന്ന  സംശയം ബാക്കിയാണ്.... ആകാംക്ഷ  തീരെ സഹിക്കാന്‍  വയ്യാതെ  വന്നപ്പോള്‍  അവള്‍ അത്  അയാളോട് പങ്കുവെച്ചു...

  അതിന് മറുപടിയായി  അനന്തകൃഷ്ണന്‍  ഒന്നു  ചിരിച്ചു.. ശേഷം  ഫോണെടുത്ത്  ഒരു മെസേജ്   കാട്ടികൊടുത്തു.. രാജീവ്  അയച്ച  വിവാഹമംഗളാശംസകളായിരുന്നു  അത്...

'' രാജീവേട്ടനെ  എങ്ങനെയറിയാം...'' സംശയത്തോടു കൂടി   അവള്‍  അവനെ  നോക്കി...

''രാജീവ്  എന്‍റെ  കളികൂട്ടുകാരനാണ്.. അച്ഛന് സ്ഥലം മാറ്റം വന്നപ്പോള്‍  ഞങ്ങള്‍ ദൂരേസ്ഥലത്തേക്ക് പോയതിന്  ശേഷം ഈ അടുത്ത കാലത്താണ് രാജീവിനെ വീണ്ടും കണ്ടത്..  അവന്‍  എന്നോട്  എല്ലാം  പറഞ്ഞൂ..രാധികയെപറ്റിയും.... 

     അവന്  അവന്‍റെ ശാരീരികാവസ്ഥയെ  പറ്റി  മുന്‍പെ തന്നെ  നല്ല ബോധ്യം ഉണ്ടായിരുന്നതാണ്‌.. വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ്  തന്നെ കല്യാണം കഴിച്ചത്.. അതില്‍  കുറ്റബോധവും ഉണ്ട്.. ഇപ്പോള്‍  അവന്‍ സര്‍ജറിയിലൂടെ സ്ത്രീയായി മാറാന്‍    തയാറാകുന്നു  എന്നാണ് പറഞ്ഞത്..

  അവന്‍ ഇപ്പോഴും രാധികയുടെ  കാര്യം അന്വേഷിക്കുന്നുണ്ട്.. അങ്ങനെയാണ്  രാധികയുടെ   ഡിമാന്‍റും  കല്യാണം  മുടങ്ങുന്നതിനെ പറ്റിയും അറിയുന്നത്.. അതൊക്കെ അവന്‍  എന്നോട്  പറഞ്ഞു.. രാഖിയുടെ കല്യാണം  നടക്കാന്‍ വേണ്ടി രാധിക   നിശബ്ദയായതും ഒടുവില്‍  പഴിയൊന്നും  ചാരാതെ ഒത്തു പോകാനാവില്ലെന്നു പറഞ്ഞു ഡിവോഴ്സ്  വാങ്ങീതും എല്ലാം..

        അവനില്‍  നിന്നും  തന്നെ പറ്റി അറിഞ്ഞപ്പോള്‍   , ഇന്നത്തെ  കാലത്ത് പെണ്‍കുട്ടികള്‍ക്ക്  ഉണ്ടാകാന്‍ സാധ്യതയില്ലാത്ത  ചില കാര്യങ്ങള്‍  തന്നിലുണ്ടെന്നെനിക്കു  തോന്നി... ചെറിയ അഭിപ്രായവ്യത്യാസങ്ങള്‍ക്ക്  പോലും  ഇല്ലാകഥകള്‍ മെനഞ്ഞു പരസ്പരം  ചെളി വാരിയെറിഞ്ഞു സ്വന്തം ഭാഗം ജയിക്കാന്‍  ശ്രമിക്കുന്നവര്‍ക്കിടയില്‍  , ഒരാളുടെ   പോരായ്മയെ പോലും മറച്ചു വെച്ച  നിന്റെ  നല്ല മനസ്സ്  കണ്ടപ്പോള്‍   എനിക്കും അമ്മയ്ക്കും കൂട്ടായി  കൂടെ  കൂട്ടണമെന്നു  ആഗ്രഹം തോന്നി...

  എല്ലാം  കേട്ട്  തുളുമ്പി   തുടങ്ങിയ  കണ്ണുകള്‍ തുടച്ചു കൊണ്ട്  രാധിക  അവന്‍റെ   തോളിലേയ്ക്ക്  ചാഞ്ഞു...  ഒരു  ജന്മത്തിലേക്കുള്ള  തണലിനായി....

ദീപ്തി

Comments

Popular posts from this blog

🍁നീ മാത്രം🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്